വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും

ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും

അധ്യായം 42

ഒരു പുതിയ ആകാശ​വും ഒരു പുതിയ ഭൂമി​യും

1. ദൂതൻ യോഹ​ന്നാ​നെ ആയിര​മാ​ണ്ടു വാഴ്‌ച​യു​ടെ തുടക്ക​ത്തി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​പോ​കു​മ്പോൾ അവൻ എന്തു വർണി​ക്കു​ന്നു?

 ദൂതൻ യോഹ​ന്നാ​നെ ആയിര​മാ​ണ്ടു വാഴ്‌ച​യു​ടെ തുടക്ക​ത്തി​ലേക്ക്‌ തിരി​ച്ചു​കൊ​ണ്ടു​പോ​കു​മ്പോൾ ഈ മഹത്തായ ദർശനം തുടർന്നു ചുരു​ള​ഴി​യു​ന്നു. അവൻ എന്തു വർണി​ക്കു​ന്നു? “ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു; ഒന്നാമത്തെ ആകാശ​വും ഒന്നാമത്തെ ഭൂമി​യും ഒഴിഞ്ഞു​പോ​യി; സമു​ദ്ര​വും ഇനി ഇല്ല.” (വെളി​പ്പാ​ടു 21:1) വശ്യസു​ന്ദ​ര​മായ ഒരു ദൃശ്യം ദൃഷ്ടി​പ​ഥ​ത്തിൽ!

2. (എ) പുതിയ ആകാശ​വും പുതിയ ഭൂമി​യും സംബന്ധിച്ച യെശയ്യാ​വി​ന്റെ പ്രവചനം പൊ.യു.മു. 537-ൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട യഹൂദൻമാ​രു​ടെ​യി​ട​യിൽ നിവൃ​ത്തി​യേ​റി​യ​തെ​ങ്ങനെ? (ബി) യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​നു കൂടു​ത​ലായ ഒരു നിവൃത്തി ഉണ്ടെന്നു നാം എങ്ങനെ അറിയു​ന്നു, ഈ വാഗ്‌ദത്തം എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു?

2 യോഹ​ന്നാ​ന്റെ നാളിനു നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു​മുമ്പ്‌ യഹോവ യെശയ്യാ​വി​നോട്‌ ഇപ്രകാ​രം പറഞ്ഞി​രു​ന്നു: “ഇതാ, ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്നു; മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല.” (യെശയ്യാ​വു 65:17; 66:22) ബാബി​ലോ​നിൽ 70 വർഷത്തെ പ്രവാ​സ​ത്തി​നു​ശേഷം പൊ.യു.മു. 537-ൽ വിശ്വ​സ്‌ത​രായ യഹൂദൻമാർ യെരു​ശ​ലേ​മിൽ തിരി​ച്ചു​വ​ന്ന​പ്പോൾ ഈ പ്രവചനം പ്രാഥ​മി​ക​മാ​യി നിവൃ​ത്തി​യേറി. അവർ ആ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തിൽ, ഒരു പുതിയ ഭരണവ്യ​വ​സ്ഥി​തി​യാ​കുന്ന “പുതിയ ആകാശ”ത്തിൻകീ​ഴിൽ ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു സമുദാ​യ​മാ​കുന്ന “പുതിയ ഭൂമി” ആയിത്തീർന്നു. എന്നിരു​ന്നാ​ലും അപ്പോ​സ്‌ത​ല​നായ പത്രോസ്‌ കൂടു​ത​ലായ ഒരു പ്രയു​ക്തി​യി​ലേക്കു വിരൽചൂ​ണ്ടി, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “എന്നാൽ നാം അവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​ന്നും പുതിയ ഭൂമി​ക്കു​മാ​യി​ട്ടു കാത്തി​രി​ക്കു​ന്നു.” (2 പത്രൊസ്‌ 3:13) കർത്താ​വി​ന്റെ ദിവസ​ത്തിൽ ഈ വാഗ്‌ദത്തം നിവൃ​ത്തി​യേ​റു​ന്ന​താ​യി യോഹ​ന്നാൻ ഇപ്പോൾ പ്രകട​മാ​ക്കു​ന്നു. “ഒന്നാമത്തെ ആകാശ​വും ഒന്നാമത്തെ ഭൂമി​യും,” സാത്താന്റെ സംഘടിത വ്യവസ്ഥി​തി, സാത്താ​നും അവന്റെ ഭൂതങ്ങ​ളും പ്രചോ​ദനം നൽകിയ അതിന്റെ ഭരണപ​ര​മായ ചട്ടക്കൂ​ടു​സ​ഹി​തം നീങ്ങി​പ്പോ​കും. മത്സരി​ക​ളായ ദുഷ്ട മനുഷ്യ​വർഗ​ത്തി​ന്റെ പ്രക്ഷു​ബ്ധ​മായ “സമുദ്രം” ഇല്ലാതാ​കും. അതിന്റെ സ്ഥാനത്ത്‌ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും വരും—ദൈവ​രാ​ജ്യ​മാ​കുന്ന ഒരു പുതിയ ഗവൺമെൻറിൻകീ​ഴിൽ ഒരു പുതിയ ഭൗമി​ക​സ​മു​ദാ​യം തന്നെ.—താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 20:11.

3. (എ) യോഹ​ന്നാൻ എന്തു വർണി​ക്കു​ന്നു, പുതിയ യെരു​ശ​ലേം എന്താണ്‌? (ബി) പുതിയ യെരു​ശ​ലേം ‘സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​രു​ന്നത്‌’ എങ്ങനെ?

3 യോഹ​ന്നാൻ തുടരു​ന്നു: “പുതിയ യെരൂ​ശ​ലേം എന്ന വിശു​ദ്ധ​ന​ഗരം ഭർത്താ​വി​ന്നാ​യി അലങ്കരി​ച്ചി​ട്ടു​ളള മണവാ​ട്ടി​യെ​പ്പോ​ലെ ഒരുങ്ങി സ്വർഗ്ഗ​ത്തിൽനി​ന്നു, ദൈവ​സ​ന്നി​ധി​യിൽനി​ന്നു​തന്നേ, ഇറങ്ങു​ന്ന​തും ഞാൻ കണ്ടു.” (വെളി​പ്പാ​ടു 21:2) മരണ​ത്തോ​ളം വിശ്വ​സ്‌ത​രാ​യി തുടരു​ന്ന​വ​രും മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നോ​ടു​കൂ​ടെ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രും ആയിത്തീ​രാൻ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​മായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ചേർന്നു​ളള ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യാ​ണു പുതിയ യെരു​ശ​ലേം. (വെളി​പ്പാ​ടു 3:12; 20:6) ഭൗമിക യെരു​ശ​ലേം പുരാതന ഇസ്രാ​യേ​ലിൽ ഭരണത്തി​ന്റെ ആസ്ഥാനം ആയിത്തീർന്ന​തു​പോ​ലെ​തന്നെ ഉജ്ജ്വല​മായ പുതിയ യെരു​ശ​ലേ​മും അവളുടെ മണവാ​ള​നും പുതിയ വ്യവസ്ഥി​തി​യു​ടെ ഭരണകൂ​ട​മാ​യി​ത്തീ​രു​ന്നു. ഇതാണു പുതിയ ആകാശം. ‘മണവാട്ടി സ്വർഗ്ഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്നത്‌’ അക്ഷരീ​യ​മാ​യി​ട്ടല്ല, ഭൂമി​യി​ലേക്കു ശ്രദ്ധതി​രി​ക്കു​ന്നു എന്ന അർഥത്തി​ലാണ്‌. കുഞ്ഞാ​ടി​ന്റെ മണവാട്ടി, മുഴു മനുഷ്യ​വർഗ​ത്തിൻമേ​ലും ഒരു നീതി​യു​ളള ഗവൺമെൻറ്‌ പ്രാബ​ല്യ​ത്തി​ലാ​ക്കു​ന്ന​തിൽ അവന്റെ വിശ്വസ്‌ത പങ്കാളി ആയിരി​ക്കേ​ണ്ട​താണ്‌. വാസ്‌ത​വ​ത്തിൽ പുതിയ ഭൂമിക്ക്‌ ഒരു അനു​ഗ്ര​ഹം​തന്നെ!

4. ദൈവം പുതു​താ​യി രൂപവൽക്ക​രിച്ച ഇസ്രാ​യേൽ ജനത​യോ​ടു ചെയ്‌ത​തി​നു സമാന​മായ ഏതു വാഗ്‌ദത്തം നൽകുന്നു?

4 യോഹ​ന്നാൻ തുടർന്നു നമ്മോടു പറയുന്നു: “സിംഹാ​സ​ന​ത്തിൽനി​ന്നു ഒരു മഹാശബ്ദം പറയു​ന്ന​താ​യി ഞാൻ കേട്ടതു: ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും.” (വെളി​പ്പാ​ടു 21:3) യഹോവ അന്നു പുതി​യ​താ​യി​രുന്ന ഇസ്രാ​യേൽ ജനതയു​മാ​യി ന്യായ​പ്ര​മാണ ഉടമ്പടി ചെയ്‌ത​പ്പോൾ ഇപ്രകാ​രം വാഗ്‌ദത്തം ചെയ്‌തു: “ഞാൻ എന്റെ നിവാസം നിങ്ങളു​ടെ ഇടയിൽ ആക്കും; എന്റെ ഉളളം നിങ്ങളെ വെറു​ക്ക​യില്ല. ഞാൻ നിങ്ങളു​ടെ ഇടയിൽ സഞ്ചരി​ച്ചു​കൊ​ണ്ടി​രി​ക്കും; ഞാൻ നിങ്ങൾക്കു ദൈവ​വും നിങ്ങൾ എനിക്കു ജനവും ആയിരി​ക്കും.” (ലേവ്യ​പു​സ്‌തകം 26:11, 12) ഇപ്പോൾ യഹോവ സമാന​മായ ഒരു വാഗ്‌ദത്തം വിശ്വ​സ്‌ത​മ​നു​ഷ്യർക്കു നൽകു​ക​യാണ്‌. സഹസ്രാബ്ദ ന്യായ​വി​ധി​ദി​വ​സ​ത്തിൽ അവർ അവന്‌ വളരെ വിശേ​ഷ​പ്പെട്ട ഒരു ജനമാ​യി​ത്തീ​രും.

5. (എ) സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്തു ദൈവം എങ്ങനെ മനുഷ്യ​വർഗ​ത്തോ​ടു​കൂ​ടെ വസിക്കും? (ബി) ആയിര​മാ​ണ്ടു വാഴ്‌ച​ക്കു​ശേഷം ദൈവം എങ്ങനെ മനുഷ്യ​വർഗ​ത്തോ​ടു​കൂ​ടെ വസിക്കും?

5 സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌, യഹോവ തന്റെ രാജപു​ത്ര​നായ യേശു​ക്രി​സ്‌തു തന്നെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തായ ഒരു താത്‌കാ​ലിക ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ മനുഷ്യ​വർഗ​ത്തി​ന്റെ ഇടയിൽ “വസിക്കും”. എന്നിരു​ന്നാ​ലും, ആയിര​മാ​ണ്ടു വാഴ്‌ച​യു​ടെ ഒടുവിൽ യേശു രാജ്യം പിതാ​വി​നെ തിരി​ച്ചേൽപ്പി​ക്കു​മ്പോൾ ഒരു രാജകീയ പ്രതി​നി​ധി​യോ ഇടനി​ല​ക്കാ​ര​നോ ആവശ്യ​മു​ണ്ടാ​യി​രി​ക്കു​ക​യില്ല. നിലനിൽക്കു​ന്ന​തും നേരി​ട്ടു​ള​ള​തു​മായ ഒരു വിധത്തിൽ യഹോവ ആത്മീയ​മാ​യി ‘തന്റെ ജനത്തോ​ടു’കൂടെ വസിക്കും. (താരത​മ്യം ചെയ്യുക: യോഹ​ന്നാൻ 4:23, 24.) പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട മനുഷ്യ​സ​മു​ദാ​യ​ത്തിന്‌ എത്ര ഉന്നതമായ ഒരു പദവി!

6, 7. (എ) ഏതു മഹത്തായ വാഗ്‌ദ​ത്തങ്ങൾ യോഹ​ന്നാൻ വെളി​പ്പെ​ടു​ത്തു​ന്നു, അനു​ഗ്ര​ഹങ്ങൾ ആർ ആസ്വദി​ക്കും? (ബി) ആത്മീയ​വും ഭൗതി​ക​വു​മായ ഒരു പറുദീ​സയെ യെശയ്യാവ്‌ വർണി​ക്കു​ന്ന​തെ​ങ്ങനെ?

6 യോഹ​ന്നാൻ തുടർന്നു പറയുന്നു: “അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി”. (വെളി​പ്പാ​ടു 21:4, 5എ) ഒരിക്കൽക്കൂ​ടെ, മുൻ നിശ്വസ്‌ത വാഗ്‌ദ​ത്തങ്ങൾ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. മേലാൽ മരണവും വിലാ​പ​വും ഉണ്ടായി​രി​ക്കു​ക​യി​ല്ലാ​ത്ത​തും ദുഃഖം നീങ്ങി തൽസ്ഥാ​നത്ത്‌ ആനന്ദം കളിയാ​ടു​ന്ന​തു​മായ ഒരു കാല​ത്തേക്ക്‌ യെശയ്യാ​വും മുന്നോ​ട്ടു​നോ​ക്കി. (യെശയ്യാ​വു 25:8; 35:10; 51:11; 65:19) ആയിരം​വർഷ ന്യായ​വി​ധി​ദി​വ​സ​ത്തിൽ ഈ വാഗ്‌ദ​ത്ത​ങ്ങൾക്ക്‌ അത്ഭുത​ക​ര​മായ ഒരു നിവൃ​ത്തി​യു​ണ്ടാ​കു​മെന്ന്‌ യോഹ​ന്നാൻ ഇപ്പോൾ സ്ഥിരീ​ക​രി​ക്കു​ന്നു. ആദ്യം മഹാപു​രു​ഷാ​രം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കും. “സിംഹാ​സ​ന​ത്തി​ന്റെ മദ്ധ്യേ ഉളള കുഞ്ഞാടു” അവരെ തുടർന്നു മേയിച്ച്‌ “ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നടത്തു​ക​യും ദൈവം താൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​ക​യും ചെയ്യും.” (വെളി​പ്പാ​ടു 7:9, 17) എന്നാൽ ഒടുവിൽ പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രും യഹോ​വ​യു​ടെ കരുത​ലു​ക​ളിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വ​രു​മായ എല്ലാവ​രും ആത്മീയ​വും ഭൗതി​ക​വു​മായ ഒരു പറുദീസ ആസ്വദി​ച്ചു​കൊണ്ട്‌ അവിടെ അവരോ​ടൊ​ത്തു​ണ്ടാ​യി​രി​ക്കും.

7 “അന്നു കുരു​ടൻമാ​രു​ടെ കണ്ണു തുറന്നു​വ​രും; ചെകി​ടൻമാ​രു​ടെ ചെവി അടഞ്ഞി​രി​ക്ക​യു​മില്ല”, എന്നു യെശയ്യാവ്‌ പറയുന്നു. അതെ, “അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും”. (യെശയ്യാ​വു 35:5, 6) കൂടാതെ, അക്കാലത്ത്‌ “അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും. അവർ പണിക, മറെറാ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറെറാ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തി​ന്റെ ആയുസ്സു​പോ​ലെ ആകും; എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും.” (യെശയ്യാ​വു 65:21, 22) അതു​കൊണ്ട്‌ അവർ ഭൂമി​യിൽനി​ന്നു പിഴു​തു​നീ​ക്ക​പ്പെ​ടു​ക​യില്ല.

8. ഈ മഹത്തായ വാഗ്‌ദ​ത്ത​ങ്ങ​ളു​ടെ വിശ്വാ​സ്യത സംബന്ധിച്ച്‌ യഹോ​വ​തന്നെ എന്തു പറയുന്നു?

8 നാം ഈ വാഗ്‌ദ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​മ്പോൾ എത്ര ശോഭ​ന​മായ പൂർവ​ദർശ​ന​ങ്ങ​ളാ​ണു നമ്മുടെ മനസ്സു​കളെ നിറക്കു​ന്നത്‌! സ്വർഗ​ത്തി​ലെ സ്‌നേ​ഹ​നിർഭ​ര​മായ ഗവൺമെൻറിൻ കീഴിൽ അത്ഭുത​ക​ര​മായ കരുത​ലു​കൾ വിശ്വ​സ്‌ത​രായ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി കരുതി​യി​രി​ക്കു​ന്നു. ആ വാഗ്‌ദ​ത്തങ്ങൾ സത്യമാ​യി​ത്തീ​രാൻ കഴിയാ​ത്ത​വ​യാ​ണോ? അവ പത്‌മോസ്‌ ദ്വീപിൽ പ്രവാ​സ​ത്തി​ലാ​യി​രുന്ന ഒരു വയസ്സന്റെ സ്വപ്‌നങ്ങൾ മാത്ര​മാ​ണോ? യഹോ​വ​തന്നെ ഉത്തരം നൽകുന്നു: “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ: ഇതാ, ഞാൻ സകലവും പുതു​താ​ക്കു​ന്നു എന്നു അരുളി​ച്ചെ​യ്‌തു. എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു എന്നും അവൻ കല്‌പി​ച്ചു. പിന്നെ​യും അവൻ എന്നോടു അരുളി​ച്ചെ​യ്‌തതു: സംഭവി​ച്ചു​തീർന്നു; ഞാൻ അല്‌ഫ​യും ഒമേഗ​യും ആദിയും അന്തവും ആകുന്നു”.—വെളി​പ്പാ​ടു 21:5ബി, 6എ.

9. ഈ ഭാവി അനു​ഗ്ര​ഹങ്ങൾ തികച്ചും സുനി​ശ്ചി​ത​മാ​യി സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​മെന്നു കരുതാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

9 അത്‌ യഹോ​വ​തന്നെ വിശ്വസ്‌ത മനുഷ്യ​വർഗ​ത്തിന്‌ ഈ ഭാവി അനു​ഗ്ര​ഹങ്ങൾ സംബന്ധിച്ച്‌ ഒരു ജാമ്യം അഥവാ ഒരു ആധാരം ഒപ്പിട്ടു കൊടു​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അത്തരം ഒരു ജാമ്യ​ക്കാ​രനെ ചോദ്യം ചെയ്യാൻ ആർ ധൈര്യ​പ്പെ​ടും? എന്തിന്‌, അവ നിവൃ​ത്തി​യേറി കഴിഞ്ഞ​തു​പോ​ലെ അവൻ സംസാ​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ഈ വാഗ്‌ദ​ത്തങ്ങൾ അത്ര സുനി​ശ്ചി​ത​മാണ്‌: “സംഭവി​ച്ചു​തീർന്നു”! യഹോവ, ‘അല്‌ഫ​യും ഒമേഗ​യും ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നും വരുന്ന​വ​നു​മായ സർവ്വശക്തൻ’ അല്ലേ? (വെളി​പ്പാ​ടു 1:8) അതെ, തീർച്ച​യാ​യും! അവൻതന്നെ പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാ​തെ ഒരു ദൈവ​വു​മില്ല.” (യെശയ്യാ​വു 44:6) ആ നിലയിൽ, അവന്‌ പ്രവച​ന​ത്തി​നു നിശ്വ​സ്‌തത നൽകാ​നും എല്ലാ വിശദാം​ശ​ങ്ങ​ളി​ലും അവ നിവർത്തി​ക്കാ​നും കഴിയും. വിശ്വാ​സ​ത്തിന്‌ എത്ര ബലദാ​യകം! അതു​കൊണ്ട്‌ അവൻ വാഗ്‌ദത്തം ചെയ്യുന്നു: “ഇതാ ഞാൻ സകലവും പുതു​താ​ക്കു​ന്നു”! ഈ അത്ഭുതങ്ങൾ യഥാർഥ​ത്തിൽ സംഭവി​ക്കു​മോ​യെന്നു ചോദ്യം ചെയ്യു​ന്ന​തി​നു​പ​കരം നാം ചോദി​ക്കേ​ണ്ടത്‌ ഇതാണ്‌: ‘അത്തരം അനു​ഗ്ര​ഹങ്ങൾ അവകാ​ശ​മാ​ക്കാൻ ഞാൻ വ്യക്തി​പ​ര​മാ​യി എന്തു ചെയ്യണം?’

ദാഹി​ക്കു​ന്ന​വർക്കു ‘ജലം’

10. എന്തു ‘ജലം’ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു, അത്‌ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

10 യഹോവ തന്നെയാണ്‌ ഇപ്രകാ​രം പ്രഖ്യാ​പി​ക്കു​ന്നത്‌: “ദാഹി​ക്കുന്ന ഏതൊ​രു​വ​നും ഞാൻ ജീവജ​ല​ത്തി​ന്റെ ഉറവിൽനി​ന്നു സൗജന്യ​മാ​യി കൊടു​ക്കും.” (വെളി​പാട്‌ 21:6ബി, NW) ആ ദാഹം ശമിപ്പി​ക്കു​ന്ന​തിന്‌ ഒരു വ്യക്തി തന്റെ ആത്മീയാ​വ​ശ്യം സംബന്ധി​ച്ചു ബോധ​വാ​നാ​യി​രി​ക്കു​ക​യും യഹോവ പ്രദാ​നം​ചെ​യ്യുന്ന ‘ജലം’ സ്വീക​രി​ക്കാൻ മനസ്സൊ​രു​ക്ക​മു​ള​ള​വ​നാ​യി​രി​ക്കു​ക​യും വേണം. (യെശയ്യാ​വു 55:1; മത്തായി 5:3) എന്തു ‘ജലം’? ശമര്യ​യി​ലെ ഒരു കിണറ​റ​രി​കിൽവെച്ച്‌ ഒരു സ്‌ത്രീ​യോ​ടു സാക്ഷീ​ക​രി​ച്ച​പ്പോൾ യേശു​തന്നെ ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകി. അവൻ അവളോ​ടു പറഞ്ഞു: “ഞാൻ കൊടു​ക്കുന്ന വെളളം കുടി​ക്കു​ന്ന​വ​ന്നോ ഒരുനാ​ളും ദാഹി​ക്ക​യില്ല; ഞാൻ കൊടു​ക്കുന്ന വെളളം അവനിൽ നിത്യ​ജീ​വ​ങ്ക​ലേക്കു പൊങ്ങി​വ​രുന്ന നീരു​റ​വ​യാ​യി​ത്തീ​രും”. ആ ‘ജീവജ​ല​ത്തി​ന്റെ ഉറവ്‌’ ദൈവ​ത്തിൽനിന്ന്‌, ജീവന്റെ പൂർണ​ത​യിൽ മനുഷ്യ​വർഗത്തെ പുനഃ​സ്ഥി​തീ​ക​രി​ക്കാ​നു​ളള അവന്റെ കരുത​ലെന്ന നിലയിൽ ക്രിസ്‌തു മുഖാ​ന്തരം ഒഴുകു​ന്നു. ശമര്യാ​ക്കാ​രി സ്‌ത്രീ​യെ​പ്പോ​ലെ ആ ഉറവിൽനി​ന്നു ധാരാ​ള​മാ​യി കുടി​ക്കു​വാൻ നാം എത്ര ആകാം​ക്ഷ​യു​ള​ള​വ​രാ​യി​രി​ക്കണം! ആ സ്‌ത്രീ​യെ​പ്പോ​ലെ, സുവാർത്ത മററു​ള​ള​വ​രോ​ടു പറയു​ന്ന​തി​നു​വേണ്ടി ലൗകിക താത്‌പ​ര്യ​ങ്ങൾ വിട്ടു​ക​ള​യാൻ നാം എത്ര ഒരുക്ക​മു​ള​ള​വ​രാ​യി​രി​ക്കണം!—യോഹ​ന്നാൻ 4:14, 15, 28, 29.

ജയിക്കു​ന്ന​വർ

11. യഹോവ എന്തു വാഗ്‌ദത്തം നൽകുന്നു, ആ വാക്കുകൾ ഒന്നാമ​താ​യി ആർക്കു ബാധക​മാ​കു​ന്നു?

11 യഹോവ തുടർന്നു പറയു​ന്ന​തു​പോ​ലെ, ആ ഉൻമേ​ഷ​ദാ​യ​ക​മായ ‘ജലം’ കുടി​ക്കു​ന്ന​വ​രും ജയിച്ച​ട​ക്കേ​ണ്ട​തുണ്ട്‌: “ജയിക്കു​ന്ന​വന്നു ഇതു അവകാ​ശ​മാ​യി ലഭിക്കും; ഞാൻ അവന്നു ദൈവ​വും അവൻ എനിക്കു മകനു​മാ​യി​രി​ക്കും.” (വെളി​പ്പാ​ടു 21:7) ഈ വാഗ്‌ദത്തം ഏഴു സഭകൾക്കു​ളള സന്ദേശ​ങ്ങ​ളിൽ കാണുന്ന വാഗ്‌ദ​ത്ത​ങ്ങ​ളോ​ടു സമാന​മാണ്‌; അതു​കൊണ്ട്‌ ഈ വാക്കുകൾ ഒന്നാമത്‌ അഭിഷിക്ത ശിഷ്യൻമാർക്കു ബാധക​മാ​കണം. (വെളി​പ്പാ​ടു 2:7, 11, 17, 26-28; 3:5, 12, 21) ക്രിസ്‌തു​വി​ന്റെ ആത്മീയ സഹോ​ദ​രൻമാർ കഴിഞ്ഞ യുഗങ്ങ​ളി​ലു​ട​നീ​ളം പുതിയ യെരു​ശ​ലേ​മി​ന്റെ ഭാഗമാ​യി​രി​ക്കുന്ന പദവി​ക്കു​വേണ്ടി ആകാം​ക്ഷാ​പൂർവം കാത്തി​രു​ന്നി​ട്ടുണ്ട്‌. യേശു വിജയി​ച്ച​തു​പോ​ലെ അവർ വിജയി​ക്കു​ന്നെ​ങ്കിൽ അവരുടെ പ്രത്യാശ സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടും.—യോഹ​ന്നാൻ 16:33.

12. വെളി​പ്പാ​ടു 21:7-ലെ യഹോ​വ​യു​ടെ വാഗ്‌ദത്തം മഹാപു​രു​ഷാ​ര​ത്തി​ന്റെ സംഗതി​യിൽ എങ്ങനെ നിവൃ​ത്തി​യേ​റും?

12 എല്ലാ ജനതക​ളിൽനി​ന്നു​ളള മഹാപു​രു​ഷാ​ര​വും ഈ വാഗ്‌ദ​ത്ത​ത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കു​ന്നു. മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു പുറത്തു​വ​രു​ന്ന​തു​വരെ വിശ്വ​സ്‌ത​മാ​യി ദൈവത്തെ സേവി​ച്ചു​കൊണ്ട്‌ അവരും ജയിച്ച​ട​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അപ്പോൾ അവർ അവരുടെ ഭൗമിക അവകാ​ശ​ത്തി​ലേക്ക്‌, ‘ലോക​സ്ഥാ​പനം മുതൽ അവർക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യ​ത്തി​ലേക്കു’ പ്രവേ​ശി​ക്കും. (മത്തായി 25:34) ഇവരും ആയിരം വർഷത്തി​ന്റെ ഒടുവിൽ പരി​ശോ​ധ​ന​യിൽ വിജയി​ക്കുന്ന കർത്താ​വി​ന്റെ ഭൗമിക ചെമ്മരി​യാ​ടു​ക​ളിൽപ്പെട്ട മററു​ള​ള​വ​രും “വിശു​ദ്ധൻമാർ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 20:9) അവർ തങ്ങളുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തോട്‌ അവന്റെ സാർവ​ത്രിക സ്ഥാപന​ത്തി​ലെ അംഗങ്ങ​ളെന്ന നിലയിൽ വിശു​ദ്ധ​വും പുത്രാ​നു​രൂ​പ​വു​മായ ഒരു ബന്ധം ആസ്വദി​ക്കും.—യെശയ്യാ​വു 66:22; യോഹ​ന്നാൻ 20:31; റോമർ 8:21.

13, 14. ദൈവ​ത്തി​ന്റെ മഹത്തായ വാഗ്‌ദ​ത്തങ്ങൾ അവകാ​ശ​മാ​ക്കു​ന്ന​തിന്‌ ഏതു നടപടി​കൾ നാം നിശ്ചയ​ദാർഢ്യ​ത്തോ​ടെ ഒഴിവാ​ക്കണം, എന്തു​കൊണ്ട്‌?

13 ഈ മഹത്തായ പ്രതീ​ക്ഷ​യു​ടെ വീക്ഷണ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾ സാത്താന്റെ ലോക​ത്തി​ലെ കളങ്ക​പ്പെ​ടു​ത്തുന്ന കാര്യാ​ദി​കളെ വിട്ടു ശുദ്ധി​യു​ള​ള​വ​രാ​യി നിൽക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! യഹോ​വ​തന്നെ ഇവിടെ വർണി​ക്കുന്ന കൂട്ടത്തി​ലേക്കു സാത്താൻ നമ്മെ ഒരിക്ക​ലും വലിച്ചു​കൊ​ണ്ടു പോകാ​തി​രി​ക്കാൻ നാം ശക്തരും പ്രതി​ജ്ഞാ​ബ​ദ്ധ​രും ദൃഢനി​ശ്ച​യ​മെ​ടു​ത്ത​വ​രും ആയിരി​ക്കേണ്ട ആവശ്യ​മുണ്ട്‌: “എന്നാൽ ഭീരുക്കൾ, അവിശ്വാ​സി​കൾ, അറെക്ക​പ്പെ​ട്ടവർ, കുലപാ​ത​കൻമാർ, ദുർന്ന​ട​പ്പു​കാർ, ക്ഷുദ്ര​ക്കാർ, ബിംബാ​രാ​ധി​കൾ എന്നിവർക്കും ഭോഷ്‌കു​പ​റ​യുന്ന ഏവർക്കും ഉളള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്‌ക​യി​ല​ത്രേ; അതു രണ്ടാമത്തെ മരണം.” (വെളി​പ്പാ​ടു 21:8) അതെ, അവകാ​ശി​യാ​യി​ത്തീ​രേ​ണ്ടു​ന്നവൻ ഈ പഴയ വ്യവസ്ഥി​തി​യെ ദുഷി​പ്പി​ച്ചി​രി​ക്കുന്ന നടപടി​കൾ ഒഴിവാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എല്ലാ സമ്മർദ​ങ്ങ​ളും പ്രലോ​ഭ​ന​ങ്ങ​ളും അവഗണി​ച്ചു വിശ്വ​സ്‌ത​രാ​യി നിലനി​ന്നു​കൊണ്ട്‌ അയാൾ ജയിച്ച​ട​ക്കേ​ണ്ട​തുണ്ട്‌.—റോമർ 8:35-39.

14 ക്രൈ​സ്‌ത​വ​ലോ​കം ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും യോഹ​ന്നാൻ ഇവിടെ വർണി​ക്കുന്ന മ്ലേച്ഛമായ നടപടി​കൾ അവളുടെ സ്വഭാ​വ​മാണ്‌. അതു​കൊണ്ട്‌ അവൾ മഹാബാ​ബി​ലോ​ന്റെ ശേഷിച്ച ഭാഗ​ത്തോ​ടൊ​പ്പം നിത്യ​നാ​ശ​ത്തി​ലേക്കു പോകു​ന്നു. (വെളി​പ്പാ​ടു 18:8, 21) അതു​പോ​ലെ​തന്നെ, അത്തരം ദുഷ്‌പ്ര​വൃ​ത്തി​യിൽ ഏർപ്പെ​ടു​ക​യോ അതിനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു തുടങ്ങു​ക​യോ ചെയ്യുന്ന അഭിഷി​ക്ത​രി​ലോ മഹാപു​രു​ഷാ​ര​ത്തി​ലോ ഉൾപ്പെട്ട ഏതൊ​രാ​ളും നിത്യ​നാ​ശത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു. ഈ നടപടി​ക​ളിൽ തുടരു​ന്നെ​ങ്കിൽ അവർ വാഗ്‌ദ​ത്തങ്ങൾ അവകാ​ശ​മാ​ക്കു​ക​യില്ല. പുതിയ ഭൂമി​യിൽ അത്തരം നടപടി​കൾ കൊണ്ടു​വ​രാൻ ശ്രമി​ക്കുന്ന ഏതൊ​രാ​ളും ഉടൻ നശിപ്പി​ക്ക​പ്പെ​ടും, പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യി​ല്ലാ​തെ രണ്ടാം മരണത്തി​ലേക്ക്‌ അവർ പോകും.—യെശയ്യാ​വു 65:20.

15. ജേതാ​ക്ക​ളെന്ന നിലയിൽ മികച്ചു​നിൽക്കു​ന്നവർ ആരാണ്‌, ഏതു ദർശന​ത്തോ​ടെ വെളി​പാട്‌ ഉദാത്ത​മായ ഒരു പാരമ്യ​ത്തി​ലേക്കു വരുത്ത​പ്പെ​ടു​ന്നു?

15 കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വും അവന്റെ മണവാ​ട്ടി​യായ 1,44,000 ആകുന്ന പുതിയ യെരു​ശ​ലേ​മും ജേതാ​ക്ക​ളെന്ന നിലയിൽ മികച്ചു​നിൽക്കു​ന്നു. അപ്പോൾ, പുതിയ യെരു​ശ​ലേ​മി​ന്റെ അന്തിമ​വും അതിശ​യി​പ്പി​ക്കു​ന്ന​തു​മായ ഒരു കാഴ്‌ച​യോ​ടെ വെളി​പാ​ടി​നെ ഉദാത്ത​മായ ഒരു പാരമ്യ​ത്തി​ലേക്കു വരുത്തു​ന്നത്‌ എത്ര ഉചിത​മാണ്‌! യോഹ​ന്നാൻ ഇപ്പോൾ ഒരു അന്തിമ ദർശനം വർണി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[302-ാം പേജിലെ ചിത്രം]

പുതിയഭൂമി സമുദാ​യ​ത്തിൽ എല്ലാവർക്കും സന്തോ​ഷ​ക​ര​മായ വേലയും കൂട്ടാ​യ്‌മ​യും ഉണ്ടായി​രി​ക്കും