ക്രൈസ്തവലോകത്തിൻമേൽ യഹോവയുടെ ബാധകൾ
അധ്യായം 21
ക്രൈസ്തവലോകത്തിൻമേൽ യഹോവയുടെ ബാധകൾ
ദർശനം 5—വെളിപ്പാടു 8:1–9:21
വിഷയം: ഏഴു കാഹളങ്ങളിൽ ആറെണ്ണത്തിന്റെ മുഴക്കൽ
നിവൃത്തിയുടെ കാലം: 1914-ൽ ക്രിസ്തുയേശുവിന്റെ സിംഹാസനാരോഹണം മുതൽ മഹോപദ്രവം വരെ
1. കുഞ്ഞാട് ഏഴാം മുദ്ര തുറക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ആത്മീയ ഇസ്രായേലിലെ 1,44,000 പേർ മുദ്രയിടപ്പെടുകയും മഹാപുരുഷാരം അതിജീവനത്തിനുവേണ്ടി അംഗീകരിക്കപ്പെടുകയും ചെയ്യുന്നതുവരെ ‘നാലു കാററുകൾ’ പിടിച്ചു നിർത്തപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 7:1-4, 9) എന്നുവരികിലും, ആ കൊടുങ്കാററു ഭൂമിയുടെമേൽ ആഞ്ഞടിക്കുന്നതിനുമുമ്പു സാത്താന്റെ ലോകത്തിനെതിരായ യഹോവയുടെ പ്രതികൂല ന്യായവിധികൾ പ്രസിദ്ധമാക്കപ്പെടുകയും വേണം! കുഞ്ഞാട് ഏഴാമത്തേതും ഒടുവിലത്തേതും ആയ മുദ്ര തുറന്നു തുടങ്ങുമ്പോൾ എന്തായിരിക്കും വെളിവാക്കപ്പെടുന്നതെന്നു കാണാൻ യോഹന്നാൻ ശ്രദ്ധാപൂർവം നോക്കുകയായിരിക്കണം. ഇപ്പോൾ അവൻ നമുക്കു തന്റെ അനുഭവം പങ്കിടുന്നു: “അവൻ [കുഞ്ഞാട്] ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ അരമണിക്കൂറോളം മൌനതയുണ്ടായി. അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതൻമാർ നിൽക്കുന്നതു ഞാൻ കണ്ടു, അവർക്കു ഏഴു കാഹളം ലഭിച്ചു.”—വെളിപ്പാടു 8:1, 2.
തീവ്രമായ പ്രാർഥനക്കുളള ഒരു സമയം
2. സ്വർഗത്തിലെ അരമണിക്കൂർ നേരത്തെ പ്രതീകാത്മക നിശബ്ദതയിൽ എന്തു സംഭവിക്കുന്നു?
2 ഇത് അർഥവത്തായ ഒരു നിശബ്ദത തന്നെ! എന്തെങ്കിലും സംഭവിക്കാനായി കാത്തിരിക്കുമ്പോൾ അരമണിക്കൂർ ഒരു നീണ്ട സമയമായി തോന്നാം. ഇപ്പോൾ നിരന്തരമായ സ്വർഗീയ സ്തുതിഗീതംപോലും കേൾപ്പാനില്ല. (വെളിപ്പാടു 4:8) എന്തുകൊണ്ട്? യോഹന്നാൻ അതിന്റെ കാരണം ദർശനത്തിൽ കാണുന്നു: “മറെറാരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുളള സ്വർണ്ണപീഠത്തിൻമേൽ സകലവിശുദ്ധൻമാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു. ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധൻമാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.”—വെളിപ്പാടു 8:3, 4.
3. (എ) ധൂപം കത്തിക്കുന്നതു നമ്മെ എന്ത് അനുസ്മരിപ്പിക്കുന്നു? (ബി) സ്വർഗത്തിൽ അരമണിക്കൂർ നിശബ്ദതയുടെ ഉദ്ദേശ്യം എന്താണ്?
3 യഹൂദവ്യവസ്ഥിതിയിൽ അനുദിനം സമാഗമന കൂടാരത്തിലും പിൽക്കാലത്ത് യെരുശലേമിലെ ആലയത്തിലും ധൂപം കത്തിച്ചിരുന്നുവെന്ന് ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു. (പുറപ്പാടു 30:1-8) അങ്ങനെ ധൂപം കത്തിക്കുന്ന സമയത്തു പുരോഹിതരല്ലാത്ത ഇസ്രായേല്യർ ആരുടെയടുക്കലേക്കു ധൂപം ഉയരുന്നോ അവനോട് നിസ്സംശയമായും തങ്ങളുടെ ഹൃദയങ്ങളിൽ നിശബ്ദമായി പ്രാർഥിച്ചുകൊണ്ടു വിശുദ്ധസ്ഥലത്തിനു വെളിയിൽ കാത്തുനിന്നിരുന്നു. (ലൂക്കൊസ് 1:10) അതിനു സമാനമായ ചിലതു സ്വർഗത്തിൽ സംഭവിക്കുന്നതായി യോഹന്നാൻ ഇപ്പോൾ കാണുന്നു. ദൂതൻ അർപ്പിച്ച ധൂപം “വിശുദ്ധൻമാരുടെ പ്രാർത്ഥനയോടു” ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, ഒരു ആദിമ ദർശനത്തിൽ ധൂപം അത്തരം പ്രാർഥനകളെ പ്രതിനിധാനം ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു. (വെളിപ്പാടു 5:8; സങ്കീർത്തനം 141:1, 2) പ്രത്യക്ഷത്തിൽ സ്വർഗത്തിലെ പ്രതീകാത്മക നിശബ്ദത അപ്പോൾ ഭൂമിയിലെ വിശുദ്ധൻമാരുടെ പ്രാർഥനകൾ കേൾക്കുന്നതിനു വേണ്ടിയാണ്.
4, 5. പ്രതീകാത്മക അരമണിക്കൂർ നിശബ്ദതക്കു സമാനമായ കാലഘട്ടം ഏതെന്നു നിശ്ചയിക്കാൻ ചരിത്രപരമായ ഏതു വികാസങ്ങൾ നമ്മെ സഹായിക്കുന്നു?
4 ഇത് എപ്പോൾ സംഭവിച്ചുവെന്നു നമുക്കു നിശ്ചയിക്കാൻ കഴിയുമോ? ഉവ്വ്, കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിലെ ചരിത്രപരമായ വികാസങ്ങളോടൊപ്പം ആ സന്ദർഭം പരിശോധിക്കുന്നതിനാൽ നമുക്കതിനു കഴിയും. (വെളിപ്പാടു 1:10) വെളിപ്പാടു 8:1-4-ൽ വർണിച്ചിരിക്കുന്ന രംഗത്തോട് 1918-ലും 1919-ലും ഭൂമിയിൽ നടന്ന സംഭവങ്ങൾ ശ്രദ്ധേയമാംവിധം യോജിച്ചു. ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെ അറിയപ്പെട്ടിരുന്നു—1914-നു 40 വർഷം മുമ്പുമുതൽ ആ വർഷത്തിൽ വിജാതീയരുടെ കാലങ്ങൾ അവസാനിക്കുമെന്നു ധൈര്യപൂർവം ഘോഷിച്ചുകൊണ്ടിരുന്നു. അവരുടെ ഭാഗം ശരിയായിരുന്നുവെന്ന് 1914-ലെ ക്ലേശകരമായ സംഭവങ്ങൾ തെളിയിച്ചു. (ലൂക്കോസ് 21:24, കിങ് ജയിംസ് വേർഷൻ; മത്തായി 24:3, 7, 8) എന്നാൽ 1914-ൽ അവർ ഈ ഭൂമിയിൽനിന്നു തങ്ങളുടെ സ്വർഗീയ അവകാശത്തിലേക്ക് എടുക്കപ്പെടുമെന്നും അവരിൽ അനേകർ വിശ്വസിച്ചു. അതു സംഭവിച്ചില്ല. പകരം ഒന്നാം ലോകമഹായുദ്ധകാലത്ത് അവർ കഠിനമായ ഒരു പീഡനകാലം സഹിച്ചുനിന്നു. വാച്ച് ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറായ ചാൾസ് ററി. റസ്സൽ 1916 ഒക്ടോബർ 31-ന് അന്തരിച്ചു. പിന്നീട് 1918 ജൂലൈ 4-ന്, പുതിയ പ്രസിഡൻറായ ജോസഫ് എഫ്. റതർഫോർഡും സൊസൈററിയുടെ മററ് ഏഴു പ്രതിനിധികളും അനുചിതമായി ദീർഘകാല തടവിനു ശിക്ഷിക്കപ്പെട്ട് അററ്ലാൻറാ, ജോർജിയാ ജയിലിലേക്കു മാററപ്പെട്ടു.
5 യോഹന്നാൻവർഗത്തിലെ ആത്മാർഥരായ ക്രിസ്ത്യാനികൾ അന്ധാളിച്ചുപോയി. അടുത്തതായി അവർ എന്തു ചെയ്യാനാണു ദൈവം ആഗ്രഹിച്ചത്? അവർ എപ്പോൾ സ്വർഗത്തിലേക്ക് എടുക്കപ്പെടും? ദ വാച്ച് ടവറിന്റെ 1919 മേയ് 1 ലക്കത്തിൽ “കൊയ്ത്ത് അവസാനിച്ചിരിക്കുന്നു—അടുത്തതായി എന്ത്?” എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. അത് ഈ അനിശ്ചിതത്വത്തിന്റെ അവസ്ഥയെ പ്രതിഫലിപ്പിക്കുകയും ഇപ്രകാരം കൂട്ടിച്ചേർത്തുകൊണ്ടു സഹിഷ്ണുതയിൽ തുടരാൻ വിശ്വസ്തരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു: “രാജ്യവർഗത്തിന്റെ കൊയ്ത്ത് പൂർത്തിയായ ഒരു വസ്തുതയാണ്, അത്തരക്കാരെല്ലാം യഥോചിതം മുദ്രയിടപ്പെട്ടിരിക്കുന്നു, വാതിൽ അടയ്ക്കപ്പെട്ടിരിക്കുന്നു, എന്നത് ഒരു സത്യമായ മൊഴിയാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” ഈ പ്രയാസംനിറഞ്ഞ കാലഘട്ടത്തിൽ യോഹന്നാൻവർഗത്തിന്റെ തീക്ഷ്ണമായ പ്രാർഥനകൾ ധൂപവർഗത്തിന്റെ വളരെയേറെ പുകയോടുകൂടെ എന്നപോലെ ഉയർന്നുകൊണ്ടിരുന്നു. അവരുടെ പ്രാർഥനകൾ കേൾക്കപ്പെട്ടുകൊണ്ടുമിരുന്നു!
ഭൂമിയിലേക്കു തീ എറിയുന്നു
6. സ്വർഗത്തിലെ നിശബ്ദതക്കുശേഷം എന്തു സംഭവിക്കുന്നു, ഇത് എന്തിനോടുളള പ്രതികരണത്തിൽ ആണ്?
6 യോഹന്നാൻ നമ്മോടു പറയുന്നു: “ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.” (വെളിപ്പാടു 8:5) നിശബ്ദതക്കുശേഷം പെട്ടെന്നു നാടകീയമായ പ്രവർത്തനം ഉണ്ടായി! ഇത് പ്രത്യക്ഷത്തിൽ വിശുദ്ധൻമാരുടെ പ്രാർഥനയുടെ പ്രതികരണമായിട്ടാണ്, യാഗപീഠത്തിൽ നിന്നെടുത്ത തീ അതിനു തിരികൊളുത്തിയതുകൊണ്ടുതന്നെ. പണ്ടു പൊ.യു.മു. 1513-ൽ സീനായ് പർവതത്തിങ്കൽ ഇടിമുഴക്കവും മിന്നലും ഒരു ഉറച്ച നാദവും തീയും പർവതത്തിന്റെ കുലുക്കവും, യഹോവ തന്റെ ജനത്തിലേക്കു ശ്രദ്ധതിരിച്ചുവെന്ന് അറിവുകൊടുത്തു. (പുറപ്പാടു 19:16-20) യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്ന സമാനമായ പ്രകടനങ്ങൾ അതുപോലെതന്നെ ഭൂമിയിലുളള തന്റെ ദാസൻമാർക്ക് യഹോവ ശ്രദ്ധ നൽകുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ യോഹന്നാൻ കാണുന്നത് അടയാളങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു. (വെളിപ്പാടു 1:1) അതുകൊണ്ടു പ്രതീകാത്മക തീയും ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഇന്നു വ്യാഖ്യാനിക്കേണ്ടത് എങ്ങനെയാണ്?
7. (എ) യേശു തന്റെ ശുശ്രൂഷയുടെ കാലത്തു ഭൂമിയിൽ ഏതു പ്രതീകാത്മക തീ കത്തിച്ചു? (ബി) യേശുവിന്റെ ആത്മീയ സഹോദരൻമാർ ക്രൈസ്തവലോകത്തിൽ ഒരു തീ കത്തിച്ചുവിട്ടതെങ്ങനെ?
7 ഒരു സന്ദർഭത്തിൽ യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “ഭൂമിയിൽ തീയിടുവാൻ ഞാൻ വന്നിരിക്കുന്നു.” (ലൂക്കൊസ് 12:49) സത്യമായും, അവൻ ഒരു തീ കത്തിച്ചു. തന്റെ തീക്ഷ്ണമായ പ്രസംഗത്താൽ യേശു യഹൂദജനത്തിൻ മുമ്പാകെ ദൈവരാജ്യത്തെ പരമപ്രധാനമായ ഒരു വിഷയമാക്കി, അത് ആ ജനതയിലുടനീളം ചൂടുപിടിച്ച വിവാദത്തിനു തീ കൊളുത്തി. (മത്തായി 4:17, 25; 10:5-7, 17, 18) ഒന്നാം ലോകമഹായുദ്ധകാലത്തെ പരിശോധനാനാളുകളെ അതിജീവിച്ച അഭിഷിക്ത ക്രിസ്ത്യാനികളുടെ ചെറിയ സംഘമായ, യേശുവിന്റെ ഭൂമിയിലെ ആത്മീയ സഹോദരൻമാർ 1919-ൽ ക്രൈസ്തവലോകത്തിൽ സമാനമായ ഒരു തീ കത്തിച്ചുവിട്ടു. ആ വർഷം സെപ്ററംബറിൽ, യു.എസ്.എ.യിലുളള ഒഹായോയിലെ സീഡാർ പോയിൻറിൽ അടുത്തും അകലെയുമുളള ദൈവത്തിന്റെ വിശ്വസ്തസാക്ഷികൾ സമ്മേളിച്ചപ്പോൾ യഹോവയുടെ ആത്മാവ് ശ്രദ്ധേയമായ അളവിൽ പ്രത്യക്ഷമായിരുന്നു. താമസിയാതെ പൂർണമായും കുററവിമുക്തനാക്കപ്പെടേണ്ടിയിരുന്ന, ആയിടക്ക് ജയിലിൽനിന്നു മോചിതനായ ജോസഫ് എഫ്. റതർഫോർഡ് ധൈര്യപൂർവം ആ കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നമ്മുടെ യജമാനന്റെ കൽപ്പന അനുസരിച്ചുകൊണ്ടും, ദീർഘകാലം ജനങ്ങളെ അടിമത്തത്തിൽ നിർത്തിയ അബദ്ധത്തിന്റെ കോട്ടകൾക്കെതിരെ പോരാടാനുളള നമ്മുടെ പദവിയും കർത്തവ്യവും തിരിച്ചറിഞ്ഞുകൊണ്ടും, നമ്മുടെ ജോലി ആഗതമായിക്കൊണ്ടിരിക്കുന്ന മിശിഹായുടെ മഹത്തായ രാജ്യം ഘോഷിക്കുകയെന്നതായിരുന്നു, ഇപ്പോഴും അങ്ങനെയാണ്.” അതാണ് പ്രഥമ വാദവിഷയം—ദൈവരാജ്യം!
8, 9. (എ) പ്രയാസംനിറഞ്ഞ യുദ്ധവർഷങ്ങളിൽ ദൈവജനത്തിന്റെ മനോഭാവവും ആഗ്രഹവും സൊസൈററിയുടെ പ്രസിഡൻറ് വർണിച്ചതെങ്ങനെ? (ബി) ഭൂമിയിലേക്കു തീ എറിയപ്പെട്ടത് എങ്ങനെ? (സി) ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും സംഭവിച്ചിരിക്കുന്നതെങ്ങനെ?
8 ദൈവജനത്തിന് ആയിടെയുണ്ടായ കഠിന അനുഭവങ്ങളെ പരാമർശിച്ചുകൊണ്ട് പ്രസംഗകൻ പറഞ്ഞു: “ശത്രുവിന്റെ കടന്നാക്രമണം നിർദയമായിരുന്നതിനാൽ കർത്താവിന്റെ പ്രിയപ്പെട്ട ആട്ടിൻകൂട്ടത്തിൽ അനേകർ ഞെട്ടി വിസ്മയിച്ചുപോവുകയും കർത്താവ് തന്റെ ഇഷ്ടം വെളിപ്പെടുത്താൻ പ്രാർഥനയോടെ കാത്തിരുന്നുകൊണ്ട് സ്തബ്ധരായി നിൽക്കുകയും ചെയ്തു. . . . എന്നാൽ താത്കാലികമായ നിരുത്സാഹം ഉണ്ടായിരുന്നിട്ടും രാജ്യദൂതു പ്രഘോഷിക്കാനുളള ഒരു ജ്വലിക്കുന്ന ആഗ്രഹം സ്ഥിതിചെയ്തിരുന്നു.”—ദ വാച്ച് ടവർ 1919 സെപ്ററംബർ 15 ലക്കത്തിൽ 280-ാം പേജ് കാണുക.
9 ആ ആഗ്രഹം 1919-ൽ സഫലമായി. ക്രിസ്ത്യാനികളുടെ ഈ ചെറിയ സജീവസംഘം ലോകവ്യാപകമായി ഒരു പ്രസംഗപ്രസ്ഥാനം തുടങ്ങുന്നതിന്, ആത്മീയമായി പറഞ്ഞാൽ, തീ കൊളുത്തി. (താരതമ്യം ചെയ്യുക: 1 തെസ്സലൊനീക്യർ 5:19.) ദൈവരാജ്യം ജ്വലിക്കുന്ന ഒരു വാദവിഷയമാക്കപ്പെട്ടു എന്ന അർഥത്തിൽ ഭൂമിയിലേക്കു തീ എറിയപ്പെട്ടു, അത് അങ്ങനെതന്നെ തുടരുകയും ചെയ്യുന്നു! നിശബ്ദതയുടെ സ്ഥാനത്തു ശക്തമായ നാദങ്ങൾ വന്നു, വ്യക്തതയോടെ രാജ്യദൂതു ഘോഷിച്ചുകൊണ്ടുതന്നെ. ബൈബിളിൽനിന്ന് ഇടിമുഴക്കത്തോടുകൂടിയ കൊടുങ്കാററുസമാന മുന്നറിയിപ്പുകൾ മുഴങ്ങി. മിന്നൽവെളിച്ചംപോലെ യഹോവയുടെ പ്രവാചക വചനത്തിൽനിന്നു സത്യത്തിന്റെ ഉജ്ജ്വല കിരണങ്ങൾ പ്രകാശിച്ചു. ശക്തമായ ഒരു ഭൂകമ്പത്താലെന്നപോലെ മതമണ്ഡലത്തിന്റെ അടിസ്ഥാനങ്ങൾ വരെ ഇളക്കപ്പെട്ടു. വേല ചെയ്യപ്പെടാനുണ്ടെന്ന് യോഹന്നാൻവർഗം മനസ്സിലാക്കി. ഇന്നോളം ആ വേല മുഴുനിവസിത ഭൂമിയിലും മഹത്തായ വിധത്തിൽ വ്യാപിച്ചുകൊണ്ടുമിരിക്കുന്നു!—റോമർ 10:18.
കാഹളം ഊതുവാൻ ഒരുങ്ങുന്നു
10. ഏഴു ദൂതൻമാർ എന്തു ചെയ്യാൻ ഒരുങ്ങുന്നു, എന്തുകൊണ്ട്?
10 യോഹന്നാൻ തുടർന്നു പറയുന്നു: “ഏഴു കാഹളമുളള ദൂതൻമാർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.” (വെളിപ്പാടു 8:6) ആ കാഹളങ്ങളുടെ മുഴക്കൽ എന്തർഥമാക്കുന്നു? ഇസ്രായേലിന്റെ നാളുകളിൽ കാഹളം മുഴക്കൽ പ്രധാനദിനങ്ങളെയോ ശ്രദ്ധേയസംഭവങ്ങളെയോ അറിയിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 23:24; 2 രാജാക്കൻമാർ 11:14) അതുപോലെതന്നെ, യോഹന്നാൻ കേൾക്കാൻ പോകുന്ന കാഹളനാദങ്ങൾ ജീവൻമരണ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കും.
11. യോഹന്നാൻവർഗം 1919 മുതൽ 1922 വരെ ഭൂമിയിൽ ഏത് ഒരുക്കവേല നടത്തി?
11 ദൂതൻമാർ ആ കാഹളങ്ങൾ ഊതാൻ ഒരുങ്ങിയപ്പോൾ, അവർ ഭൂമിയിൽ ഒരു ഒരുക്കവേലയ്ക്കു ശ്രദ്ധ നൽകുകകൂടെയായിരുന്നു എന്നതിനു സംശയമില്ല. പുനർജീവിപ്പിക്കപ്പെട്ട യോഹന്നാൻവർഗം 1919 മുതൽ 1922 വരെ പരസ്യശുശ്രൂഷ പുനഃസംഘടിപ്പിക്കാനും പ്രസിദ്ധീകരണ സൗകര്യങ്ങൾ നിർമിക്കാനും ഉളള തിരക്കിലായിരുന്നു. ഇന്ന് ഉണരുക! എന്നറിയപ്പെടുന്ന സുവർണയുഗം എന്ന മാസിക “വസ്തുതയുടെയും പ്രത്യാശയുടെയും തികഞ്ഞ ബോധ്യത്തിന്റെയും ഒരു പ്രസിദ്ധീകരണം” എന്നനിലയിൽ 1919-ൽ ആനയിക്കപ്പെട്ടു—വ്യാജമതത്തിന്റെ രാഷ്ട്രീയ ഉൾപ്പെടൽ തുറന്നുകാട്ടുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന ഒരു കാഹളസമാന ഉപകരണംതന്നെ.
12. ഓരോ കാഹളം മുഴക്കലിനാലും എന്തു വിളമ്പരം ചെയ്യപ്പെട്ടു, മോശയുടെ നാളിലെ എന്തു നമ്മെ അനുസ്മരിപ്പിച്ചുകൊണ്ടുതന്നെ?
12 നാം ഇപ്പോൾ കാണാൻപോകുന്ന പ്രകാരം, ഓരോ കാഹളമുഴക്കവും ഒരു നാടകീയ രംഗം വിളമ്പരം ചെയ്യുന്നു, അതിൽ ഭീകര ബാധകൾ ഭൂഭാഗങ്ങളെ ബാധിക്കുന്നു. ഇവയിൽ ചിലതു മോശയുടെ നാളിൽ ഈജിപ്തുകാരെ ശിക്ഷിക്കാൻ യഹോവ അയച്ച ബാധകളെക്കുറിച്ചു നമ്മെ അനുസ്മരിപ്പിക്കുന്നു. (പുറപ്പാടു 7:19–12:32) ഇവ ആ ജനതയുടെമേലുളള യഹോവയുടെ ന്യായവിധിയുടെ പ്രകടനങ്ങൾ ആയിരുന്നു, അവ ദൈവജനങ്ങൾക്ക് അടിമത്തത്തിൽനിന്നു രക്ഷപ്പെടാൻ വഴി തുറന്നുകൊടുക്കുകയും ചെയ്തു. യോഹന്നാൻ കണ്ട ബാധകൾ സമാനമായ ചിലതു സാധിക്കുന്നു. എന്നുവരികിലും, അവ അക്ഷരാർഥ ബാധകൾ അല്ല. അവ യഹോവയുടെ നീതിയുളള ന്യായവിധികളെ പ്രതീകപ്പെടുത്തുന്ന അടയാളങ്ങൾ ആണ്.—വെളിപ്പാടു 1:1.
‘മൂന്നിലൊന്നിനെ’ തിരിച്ചറിയൽ
13. ആദ്യത്തെ നാലു കാഹളങ്ങൾ മുഴക്കുമ്പോൾ എന്തു സംഭവിക്കുന്നു, ഇത് ഏതു ചോദ്യം ഉന്നയിക്കുന്നു?
13 നാം കാണാൻപോകുന്ന പ്രകാരം ആദ്യത്തെ നാലു കാഹളങ്ങൾ മുഴക്കപ്പെടുമ്പോൾ ബാധകൾ ഭൂമിയുടെയും, സമുദ്രത്തിന്റെയും, നദികളുടെയും നീരുറവുകളുടെയും, ഭൂമിയുടെ പ്രകാശ ഉറവുകളുടെയും ‘മൂന്നിലൊന്നിനെ’ ബാധിക്കുന്നു. (വെളിപ്പാടു 8:7-12) ‘മൂന്നിലൊന്നു’ എന്തിന്റെയെങ്കിലും ഒരു ഗണ്യമായ ഭാഗമാണ്, മുഴുവനുമല്ല. (താരതമ്യം ചെയ്യുക: യെശയ്യാവു 19:24; യെഹെസ്കേൽ 5:2; സെഖര്യാവു 13:8, 9.) അതുകൊണ്ട് ഈ ബാധകൾ ഏററവുമധികം അർഹിക്കുന്ന “മൂന്നിലൊന്നു” ഏതായിരിക്കും? മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷവും സാത്താനാലും അവന്റെ സന്തതിയാലും അന്ധരാക്കപ്പെട്ടു ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു. (ഉല്പത്തി 3:15; 2 കൊരിന്ത്യർ 4:4) ഈ അവസ്ഥ ദാവീദ് വർണിച്ചതുപോലെയാണ്: “എല്ലാവരും വഴിതെററി ഒരുപോലെ കൊളളരുതാത്തവരായിത്തീർന്നു; നൻമ ചെയ്യുന്നവനില്ല; ഒരുത്തൻപോലുമില്ല.” (സങ്കീർത്തനം 14:3) അതെ, മനുഷ്യവർഗം മുഴുവനും ഒരു പ്രതികൂല ന്യായവിധി സ്വീകരിക്കേണ്ട അപകടത്തിലാണ്. എന്നാൽ അതിലൊരു ഭാഗം പ്രത്യേകിച്ചും കുററമുളളതാണ്. ഒരു ഭാഗം—“മൂന്നിലൊന്നു”—നന്നായറിഞ്ഞിരിക്കേണ്ടതായിരുന്നു! ആ “മൂന്നിലൊന്നു” എന്താണ്?
14. യഹോവയിൽ നിന്നുളള ബാധാസന്ദേശങ്ങൾ സ്വീകരിക്കുന്ന പ്രതീകാത്മക മൂന്നിലൊന്ന് എന്താണ്?
14 അതു ക്രൈസ്തവലോകമാണ്! അവളുടെ മണ്ഡലം 1920-കളിൽ മനുഷ്യവർഗത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ ഉൾക്കൊണ്ടിരുന്നു. അവളുടെ മതം സത്യക്രിസ്ത്യാനിത്വത്തിൽ നിന്നുളള ഒരു വലിയ വിശ്വാസത്യാഗത്തിന്റെ ഫലമാണ്—യേശുവും അവന്റെ ശിഷ്യൻമാരും മുൻകൂട്ടി പറഞ്ഞ വിശ്വാസത്യാഗം തന്നെ. (മത്തായി 13:24-30; പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:3; 2 പത്രൊസ് 2:1-3) ക്രൈസ്തവലോകത്തിലെ വൈദികർ ദൈവത്തിന്റെ ആലയത്തിൽ ആണെന്ന് അവകാശപ്പെടുകയും ക്രിസ്ത്യാനിത്വത്തിന്റെ ഉപദേഷ്ടാക്കളായി സ്വയം ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അവരുടെ ഉപദേശങ്ങൾ ബൈബിൾ സത്യത്തിൽനിന്നു വളരെ വിദൂരതയിലാണ്, അവർ തുടർച്ചയായി ദൈവനാമത്തിന് നിന്ദ വരുത്തുകയും ചെയ്യുന്നു. ഉചിതമായും പ്രതീകാത്മക മൂന്നിലൊന്നിനാൽ പ്രതിനിധാനം ചെയ്യപ്പെട്ടുകൊണ്ടു ക്രൈസ്തവലോകത്തിന് യഹോവയിൽനിന്ന് ഊററമായ ബാധാസന്ദേശങ്ങൾ ലഭിക്കുന്നു. മനുഷ്യവർഗത്തിലെ ആ മൂന്നിലൊന്ന് ഏതായാലും യാതൊരു ദിവ്യപ്രീതിയും അർഹിക്കുന്നില്ല!
15. (എ) ഓരോ കാഹളം മുഴക്കലും ഒരു പ്രത്യേക വർഷത്തിലേക്കു മാത്രമാണോ? വിശദീകരിക്കുക. (ബി) യഹോവയുടെ ന്യായവിധികൾ ഘോഷിക്കുന്നതിൽ ആരുടെ ശബ്ദം യോഹന്നാൻവർഗത്തിന്റേതിനോടു ചേർക്കപ്പെട്ടിരിക്കുന്നു?
15 കാഹളം മുഴക്കലിന് ഒരു ക്രമം ഉണ്ടായിരിക്കുന്നതിനോടുളള ചേർച്ചയിൽ 1922 മുതൽ 1928 വരെ നടന്ന ഏഴു കൺവെൻഷനുകളിൽ പ്രത്യേക പ്രമേയങ്ങൾ വിശേഷവത്കരിക്കപ്പെട്ടു. എന്നാൽ കാഹളം മുഴക്കൽ ആ വർഷങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കർത്താവിന്റെ ദിവസം തുടരവേ ക്രൈസ്തവലോകത്തിന്റെ ദുഷ്ട വഴികളുടെ ശക്തമായ തുറന്നുകാട്ടൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. സാർവദേശീയ വിദ്വേഷവും പീഡനങ്ങളും ഗണ്യമാക്കാതെ യഹോവയുടെ ന്യായവിധികൾ സാർവത്രികമായി എല്ലാ ജനതകളോടും ഘോഷിക്കപ്പെടണം. അപ്പോൾ മാത്രമേ സാത്താന്റെ വ്യവസ്ഥിതിയുടെ അവസാനം വരുന്നുളളു. (മർക്കൊസ് 13:10, 13) ലോകവ്യാപകമായി പ്രാധാന്യമുളള ആ ഊററമായ പ്രഖ്യാപനങ്ങൾ മുഴക്കുന്നതിൽ ഇപ്പോൾ മഹാപുരുഷാരം അതിന്റെ ശബ്ദം യോഹന്നാൻവർഗത്തിന്റേതിനോടു ചേർത്തിരിക്കുന്നുവെന്നതു സന്തോഷകരം തന്നെ.
ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി
16. ഒന്നാമത്തെ ദൂതൻ തന്റെ കാഹളം ഊതുമ്പോൾ എന്തു സംഭവിക്കുന്നു?
16 ദൂതൻമാരെ സംബന്ധിച്ചു റിപ്പോർട്ടു ചെയ്തുകൊണ്ട് യോഹന്നാൻ എഴുതുന്നു: “ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.” (വെളിപ്പാടു 8:7) ഇത് ഈജിപ്തിലെ ഏഴാം ബാധക്കു സമാനമാണ്, എന്നാൽ നമ്മുടെ 20-ാം നൂററാണ്ടിലേക്ക് അത് എന്തർഥമാക്കുന്നു?—പുറപ്പാടു 9:24.
17. (എ) വെളിപ്പാടു 8:7-ലെ “ഭൂമി” എന്ന പദം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) ക്രൈസ്തവലോകത്തിലെ മൂന്നിലൊന്നു വെന്തുപോകുന്നത് എങ്ങനെ?
17 ബൈബിളിൽ “ഭൂമി” എന്ന പദം മിക്കപ്പോഴും മനുഷ്യവർഗത്തെ പരാമർശിക്കുന്നു. (ഉല്പത്തി 11:1; സങ്കീർത്തനം 96:1) രണ്ടാമത്തെ ബാധ സമുദ്രത്തിൽ ആയതുകൊണ്ട്, അതും മനുഷ്യവർഗത്തോടു ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്, “ഭൂമി” സാത്താൻ പണിതുയർത്തിയിട്ടുളളതും നശിപ്പിക്കപ്പെടാനിരിക്കുന്നതുമായ മനുഷ്യസമുദായത്തിലെ ഉറപ്പുളളതായി തോന്നുന്ന ഭാഗത്തെ ആയിരിക്കണം പരാമർശിക്കുന്നത്. (2 പത്രൊസ് 3:7; വെളിപ്പാടു 21:1) യഹോവയുടെ അപ്രീതിയാകുന്ന പൊളളിക്കുന്ന ചൂട് ഭൂമിയുടെ മൂന്നിലൊന്നായ ക്രൈസ്തവലോകത്തെ കരിക്കുന്നതായി ബാധയുടെ രംഗം വെളിപ്പെടുത്തുന്നു. യഹോവയുടെ പ്രതികൂല ന്യായവിധിയുടെ ഘോഷണത്താൽ അവളുടെ പ്രധാനികൾ—അവളുടെ മധ്യേ വൃക്ഷങ്ങളെപ്പോലെ നിവർന്നു നിൽക്കുന്നവർ—വെന്തുപോകുന്നു. അവളുടെ കോടിക്കണക്കിനു സഭാംഗങ്ങൾ, അവർ ക്രൈസ്തവലോകമതത്തെ തുടർന്നു പിന്താങ്ങുന്നെങ്കിൽ കരിഞ്ഞ പുല്ലുപോലെ ദൈവദൃഷ്ടിയിൽ ആത്മീയമായി ക്ഷയിച്ചവരായിത്തീരുന്നു.—താരതമ്യം ചെയ്യുക: സങ്കീർത്തനം 37:1, 2. a
18. യഹോവയുടെ ന്യായവിധിദൂത് 1922-ലെ സീഡാർ പോയിൻറ് കൺവെൻഷനിൽ ഘോഷിക്കപ്പെട്ടതെങ്ങനെ?
18 ഈ ന്യായവിധിദൂതു നല്കപ്പെടുന്നതെങ്ങനെയാണ്? പൊതുവേ, ലോകത്തിലെ വാർത്താമാധ്യമങ്ങൾ വഴിയല്ല; അതു ലോകത്തിന്റെ ഭാഗമാണ്, ദൈവത്തിന്റെ ‘അടിമയെ’ പലപ്പോഴും നിന്ദിക്കുന്നതുമാണ്. (മത്തായി 24:45) ഇത് 1922 സെപ്ററംബർ 10-ന് ഒഹായോയിലെ സീഡാർ പോയിൻറിൽ വെച്ചു നടന്ന ദൈവജനത്തിന്റെ രണ്ടാമത്തെ ചരിത്രപ്രധാന സമ്മേളനത്തിൽ ശ്രദ്ധേയമായ ഒരു വിധത്തിൽ ഘോഷിക്കപ്പെട്ടു. ഇവർ “ലോകനേതാക്കൾക്ക് ഒരു വെല്ലുവിളി” എന്ന തലക്കെട്ടിൽ ഒരു പ്രമേയം ഉത്സാഹപൂർവം ഏകകണ്ഠമായി അംഗീകരിച്ചു. അത് ആധുനിക നാളിലെ പ്രതീകാത്മക ഭൂമിക്കു പിൻവരുന്നപ്രകാരം വെട്ടിത്തുറന്നു മുന്നറിയിപ്പു നൽകി: “ഞങ്ങൾ അതുകൊണ്ട്, ഭൂമിയിലെ ജനതകളെയും, അവരുടെ ഭരണാധികാരികളെയും നായകൻമാരെയും, ഭൂമിയിലെ എല്ലാ സഭാവിഭാഗങ്ങളിലെയും വൈദികരെയും അവരുടെ അനുഗാമികളെയും സഖ്യകക്ഷികളെയും വലിയ വ്യവസായികളെയും രാജ്യതന്ത്രജ്ഞരെയും, ഭൂമിയിൽ സമാധാനവും ഐശ്വര്യവും സ്ഥാപിക്കാനും ജനത്തിനു സന്തുഷ്ടി കൈവരുത്താനും തങ്ങൾക്കു കഴിയുമെന്നുളള അവരുടെ നിലപാടിനെ ന്യായീകരിക്കാൻ തെളിവു ഹാജരാക്കുന്നതിനു ക്ഷണിക്കുന്നു. അവർ ഇതിൽ പരാജയപ്പെടുന്നെങ്കിൽ കർത്താവിന്റെ സാക്ഷികളെന്ന നിലയിൽ ഞങ്ങൾ നൽകുന്ന സാക്ഷ്യത്തിനു ചെവി കൊടുക്കാനും ഞങ്ങളുടെ സാക്ഷ്യം സത്യമാണോ അല്ലയോ എന്നു പറയാനും ഞങ്ങൾ അവരെ ക്ഷണിക്കുന്നു.”
19. ദൈവരാജ്യത്തെ സംബന്ധിച്ചു ദൈവജനം ക്രൈസ്തവലോകത്തിന് എന്തു സാക്ഷ്യം നൽകി?
19 ഈ ക്രിസ്ത്യാനികൾ എന്തു സാക്ഷ്യമാണു നൽകിയത്? ഇതു തന്നെ: “മനുഷ്യവർഗത്തിന്റെ എല്ലാ രോഗങ്ങൾക്കുമുളള പൂർണമായ സിദ്ധൗഷധം മിശിഹൈക രാജ്യമാണെന്നു ഞങ്ങൾ കരുതുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു, അതു സകല ജനതകളുടെയും അഭിലാഷമായ ഭൂമിയിൽ സമാധാനവും മനുഷ്യർക്കു സൻമനസ്സും കൈവരുത്തും; ഇപ്പോൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന അവന്റെ നീതിയുളള വാഴ്ചക്കു മനസ്സോടെ വഴങ്ങുന്നവർ നിത്യസമാധാനവും ജീവനും സ്വാതന്ത്ര്യവും അനന്ത സന്തുഷ്ടിയും കൊണ്ട് അനുഗ്രഹിക്കപ്പെടും.” ഈ ദുഷിച്ച കാലങ്ങളിൽ, ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാനുഷിക ഗവൺമെൻറുകൾ, വിശേഷിച്ചും ക്രൈസ്തവലോകത്തിലേത്, തീർത്തും പരാജയമടയുമ്പോൾ ആ കാഹള വെല്ലുവിളി 1922-ലെക്കാൾ കൂടുതൽ ശക്തിയോടെ മുഴങ്ങുന്നു. അവന്റെ ജയിച്ചടക്കുന്ന ക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യമാണു മനുഷ്യവർഗത്തിന്റെ ഒരേയൊരു പ്രത്യാശ എന്നുളളത് എത്ര സത്യം!
20. (എ) അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ 1922-ലും അതിനുശേഷവും ന്യായവിധി ദൂതുകൾ മുഴക്കിയിരിക്കുന്നത് ഏതു മുഖാന്തരത്താൽ? (ബി) ക്രൈസ്തവലോകത്തിൽ ആദ്യത്തെ കാഹളം മുഴക്കലിൽനിന്ന് എന്തു ഫലമുണ്ടായി?
20 പ്രമേയങ്ങൾ, ലഘുലേഖകൾ, ചെറുപുസ്തകങ്ങൾ, മാസികകൾ, പ്രസംഗങ്ങൾ എന്നിവയിലൂടെ ഇതും പിന്നീടുളള പ്രഖ്യാപനങ്ങളും അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ മുഖാന്തരം മുഴക്കപ്പെട്ടു. ആദ്യത്തെ കാഹളം മുഴക്കൽ ആലിപ്പഴംകൊണ്ടുളള കല്മഴയാൽ എന്നപോലെ ക്രൈസ്തവലോകത്തെ പ്രഹരിക്കുന്നതിൽ കലാശിച്ചു. ഇരുപതാം നൂററാണ്ടിലെ യുദ്ധങ്ങളിൽ പങ്കെടുത്തതു നിമിത്തമുളള അവളുടെ രക്തപാതകം തുറന്നുകാട്ടപ്പെട്ടു, അവൾ യഹോവയുടെ ക്രോധത്തിന്റെ ഉഗ്രമായ പ്രകടനം അർഹിക്കുന്നതായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. നാശയോഗ്യയെന്ന നിലയിൽ ക്രൈസ്തവലോകത്തെ സംബന്ധിച്ചുളള യഹോവയുടെ വീക്ഷണത്തിലേക്കു ശ്രദ്ധയാകർഷിച്ചുകൊണ്ട് യോഹന്നാൻവർഗം പിൽക്കാലത്തു മഹാപുരുഷാരത്തിന്റെ പിന്തുണയോടെ ഒന്നാമത്തെ കാഹളം പ്രതിധ്വനിപ്പിക്കുന്നതിൽ തുടർന്നിരിക്കുന്നു.—വെളിപ്പാടു 7:9, 15.
കത്തുന്ന ഒരു പർവതംപോലെ
21. രണ്ടാമത്തെ ദൂതൻ തന്റെ കാഹളം ഊതുമ്പോൾ എന്തു സംഭവിക്കുന്നു?
21 “രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു [പർവതം, NW] സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ പ്രാണനുളള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.” (വെളിപ്പാടു 8:8, 9) ഈ ഭീതിപ്പെടുത്തുന്ന രംഗം എന്തിനെ ചിത്രീകരിക്കുന്നു?
22, 23. (എ) രണ്ടാം കാഹളം മുഴക്കലിന്റെ ഫലമായി നിസ്സംശയമായും ഏതു പ്രമേയം വന്നു? (ബി) ‘സമുദ്രത്തിൽ മൂന്നിലൊന്നു’ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
22 യു.എസ്.എ.യിലുളള കാലിഫോർണിയായിലെ ലോസ് ആഞ്ചലസിൽ 1923 ആഗസ്ററ് 18 മുതൽ 26 വരെ നടത്തപ്പെട്ട യഹോവയുടെ ജനത്തിന്റെ കൺവെൻഷൻ പശ്ചാത്തലത്തിൽ നമുക്കതു മെച്ചമായി മനസ്സിലാക്കാവുന്നതാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞു വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറ് നടത്തിയ പ്രത്യേക പ്രസംഗത്തിന്റെ വിഷയം “ചെമ്മരിയാടുകളും കോലാടുകളും” എന്നതായിരുന്നു. ദൈവരാജ്യത്തിന്റെ ഭൗമിക മണ്ഡലം അവകാശമാക്കുന്ന നീതിപ്രകൃതമുളള ആളുകളാണു “ചെമ്മരിയാടുകൾ” എന്നു വ്യക്തമായി തിരിച്ചറിയിക്കപ്പെട്ടു. തുടർന്നു വന്ന ഒരു പ്രമേയം “വിശ്വാസത്യാഗം ഭവിച്ച വൈദികരുടെയും ശക്തമായ സാമ്പത്തിക രാഷ്ട്രീയ സ്വാധീനമുളള ലൗകികമനുഷ്യരായ ‘അവരുടെ ആടുകളിലെ പ്രമുഖരുടെയും’” കപടഭക്തിയിലേക്കു ശ്രദ്ധയാകർഷിച്ചു. അത്, “കർത്താവ് ‘ബാബിലോൻ’ ആയി തിരിച്ചറിയിച്ച നീതികെട്ട സഭാവ്യവസ്ഥിതികളിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്താൻ . . . സമാധാനത്തെയും സൽക്രമത്തെയും സ്നേഹിക്കുന്നവരായ സഭാവിഭാഗങ്ങളിലെ പുരുഷാരത്തെ” ആഹ്വാനം ചെയ്തു. “ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ” തങ്ങളെത്തന്നെ ഒരുക്കുന്നതിനും ആഹ്വാനം ചെയ്തു.
23 നിസ്സംശയമായും രണ്ടാം കാഹളം മുഴക്കലിന്റെ ഫലമായിട്ടാണ് ഈ പ്രമേയം വന്നത്. തക്കസമയത്ത് ആ സന്ദേശത്തോടു പ്രതികരിക്കുന്നവർ യെശയ്യാവ് പിൻവരുന്ന വാക്കുകളിൽ വർണിക്കുന്നതരം കോലാടുതുല്യ സമൂഹത്തിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്തും: “ദുഷ്ടൻമാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെളളം ചേറും ചെളിയും മേലോട്ടു തളളുന്നു.” (യെശയ്യാവു 57:20; 17:12, 13) അങ്ങനെ ‘സമുദ്രം’ വിശ്രമമില്ലാത്ത, അടങ്ങിയിരിക്കാത്ത, അസ്വസ്ഥതയും വിപ്ലവവും ഇളക്കിവിടുന്ന മത്സരികളായ മനുഷ്യവർഗത്തെ നന്നായി ചിത്രീകരിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 13:1.) മേലാൽ ആ ‘സമുദ്രം’ ഇല്ലാത്ത കാലം വരും. (വെളിപ്പാടു 21:1) ഇതിനിടയിൽ, രണ്ടാമത്തെ കാഹളം മുഴക്കലോടെ അതിൽ മൂന്നിലൊന്നിനെതിരെ യഹോവ ന്യായവിധി പ്രഖ്യാപിക്കുന്നു—ക്രൈസ്തവലോകമണ്ഡലത്തിലെ പ്രക്ഷുബ്ധമായ ഭാഗത്തിനെതിരെ തന്നെ.
24. സമുദ്രത്തിലേക്ക് എറിയപ്പെട്ട കത്തുന്ന പർവതസമാന പിണ്ഡം എന്തിനെ ചിത്രീകരിക്കുന്നു?
24 തീ കത്തുന്ന മഹാപർവതംപോലെ ഒരു പിണ്ഡം “സമുദ്രത്തിലേക്കു” എറിയപ്പെടുന്നു. ബൈബിളിൽ പർവതങ്ങൾ പലപ്പോഴും ഗവൺമെൻറുകളെ പ്രതീകപ്പെടുത്തുന്നു. ഉദാഹരണത്തിന്, ദൈവരാജ്യം ഒരു പർവതമായി ചിത്രീകരിക്കപ്പെടുന്നു. (ദാനീയേൽ 2:35, 44) നാശോൻമുഖമായ ബാബിലോൻ, ഒരു “ദഹനപർവ്വതം” ആയിത്തീർന്നു. (യിരെമ്യാവു 51:25) എന്നാൽ യോഹന്നാൻ കാണുന്ന പർവതപിണ്ഡം ഇപ്പോഴും കത്തുകയാണ്. അത് സമുദ്രത്തിലേക്ക് എറിയപ്പെടുന്നത്, ഒന്നാം ലോകമഹായുദ്ധകാലത്തും അതിനു ശേഷവും ഭരണകൂടം സംബന്ധിച്ച പ്രശ്നം മനുഷ്യവർഗത്തിൽ, വിശേഷാൽ ക്രൈസ്തവലോക രാജ്യങ്ങളിൽ എരിയുന്ന ഒരു വിവാദവിഷയം ആയിത്തീർന്നതെങ്ങനെയെന്നു നന്നായി ചിത്രീകരിക്കുന്നു. ഇററലിയിൽ മുസോളനി ഫാസിസം അവതരിപ്പിച്ചു. ജർമനി ഹിററ്ലറുടെ നാസിസം സ്വീകരിച്ചു, അതേസമയം മററു രാജ്യങ്ങൾ വ്യത്യസ്തതരം സോഷ്യലിസം പരീക്ഷിച്ചു. റഷ്യയിൽ ഒരു സമൂലമാററം നടന്നു, അവിടെ ബോൾഷെവിക് വിപ്ലവം ആദ്യത്തെ കമ്മ്യുണിസ്ററ് സംസ്ഥാനം രൂപീകരിച്ചു, തത്ഫലമായി മുമ്പു തങ്ങളുടെ ശക്തികേന്ദ്രം ആയിരുന്നിടത്തു ക്രൈസ്തവലോകത്തിലെ മതനേതാക്കൾക്ക് അവരുടെ അധികാരവും സ്വാധീനവും നഷ്ടപ്പെട്ടു.
25. രണ്ടാം ലോകമഹായുദ്ധാനന്തരം ഭരണം ഒരു എരിയുന്ന വാദവിഷയമായി തുടർന്നിരിക്കുന്നതെങ്ങനെ?
25 രണ്ടാം ലോകമഹായുദ്ധത്തോടെ ഫാസിസ്ററ്, നാസി പരീക്ഷണങ്ങൾക്ക അറുതിവരുത്തപ്പെട്ടു; എന്നാൽ ഭരണം ഒരു എരിയുന്ന വാദവിഷയമായി തുടർന്നു. മനുഷ്യസമുദ്രം പുതിയ വിപ്ലവഗവൺമെൻറുകളെ നുരച്ചു തളളിക്കൊണ്ടിരുന്നു. ചൈന, വിയററ്നാം, ക്യൂബ, നിക്കരാഗ്വ എന്നിവപോലെ അനേകം സ്ഥലങ്ങളിൽ 1945-നു ശേഷമുളള പതിററാണ്ടുകളിൽ അവ സ്ഥാപിക്കപ്പെട്ടു. ഗ്രീസ്സിൽ സൈനിക സ്വേച്ഛാധിപത്യത്തിന്റെ ഒരു പരീക്ഷണം പരാജയപ്പെട്ടു. കമ്പൂച്ചിയായിൽ (കംബോഡിയ) മൗലിക കമ്മ്യുണിസത്തിന്റെ ഒരു കയ്യേററം റിപ്പോർട്ടു ചെയ്യപ്പെട്ട ഇരുപതുലക്ഷവും അതിലധികവും മരണങ്ങളിൽ കലാശിച്ചു.
26. ‘കത്തുന്ന പർവതം’ മനുഷ്യവർഗ സാഗരത്തിൽ അലകളുയർത്തിയിരിക്കുന്നതെങ്ങനെ?
26 ‘തീ കത്തുന്ന പർവതം’ മനുഷ്യവർഗ സാഗരത്തിൽ അലകൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കയിലും അമേരിക്കകളിലും ഏഷ്യയിലും പസഫിക്കു ദ്വീപുകളിലും ഭരണം സംബന്ധിച്ചു വിപ്ലവങ്ങൾ നടക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഈ പോരാട്ടങ്ങളിലധികവും ക്രൈസ്തവലോക രാജ്യങ്ങളിലോ ക്രൈസ്തവലോകത്തിലെ മിഷനറിമാർ വിപ്ലവനേതാക്കൻമാർ ആയിത്തീർന്നിട്ടുളള ദേശങ്ങളിലോ ആണു നടക്കുന്നത്. റോമൻ കത്തോലിക്കാ പുരോഹിതൻമാർ കമ്മ്യുണിസ്ററ് ഗറില്ലാ സംഘങ്ങളിൽ ചേർന്ന് അതിലെ അംഗങ്ങളെന്ന നിലയിൽ പോരാടുകപോലും ചെയ്തിരിക്കുന്നു. അതേസമയം പ്രൊട്ടസ്ററൻറ് ഇവാൻജലിക്കൽ സമൂഹങ്ങൾ മധ്യ അമേരിക്കയിൽ അവർ കമ്മ്യുണിസ്ററുകാരുടെ “നീചവും നിർദയവുമായ അധികാരക്കൊതി” എന്നു വിളിക്കുന്നതിനെ നിർവീര്യമാക്കാൻ പ്രവർത്തിച്ചിരിക്കുന്നു. എന്നാൽ മനുഷ്യവർഗസമുദ്രത്തിലെ ഈ ക്ഷോഭങ്ങൾക്കൊന്നിനും സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയില്ല.—താരതമ്യം ചെയ്യുക: യെശയ്യാവു 25:10-12; 1 തെസ്സലൊനീക്യർ 5:3.
27. (എ) “കടലിൽ മൂന്നിലൊന്നു” രക്തംപോലെ ആയിത്തീർന്നിരിക്കുന്നതെങ്ങനെ? (ബി) ‘സമുദ്രത്തിലെ ജീവികളിൽ മൂന്നിലൊന്നു’ ചത്തുപോയതെങ്ങനെ, “കപ്പലുകളിൽ മൂന്നിലൊന്നി”ന് എന്തു സംഭവിക്കേണ്ടതാണ്?
27 ദൈവരാജ്യത്തിനു കീഴ്പെടുന്നതിനു പകരം മനുഷ്യവർഗത്തിൽ ഭരണം സംബന്ധിച്ച വിപ്ലവ പോരാട്ടങ്ങളിൽ ഏർപ്പെട്ടവർ രക്തപാതകമുളളവരാണെന്നു രണ്ടാമത്തെ കാഹളം മുഴക്കൽ വെളിപ്പെടുത്തുന്നു. വിശേഷിച്ചു ക്രൈസ്തവലോകത്തിലെ “കടലിൽ മൂന്നിലൊന്നു” രക്തംപോലെ ആയിത്തീർന്നിരിക്കുന്നു. അവിടെയുളള എല്ലാ ജീവികളും ദൈവദൃഷ്ടിയിൽ ചത്തതാണ്. കടലിന്റെ ആ മൂന്നിലൊന്നിൽ കപ്പലുകൾ പോലെ പൊങ്ങിക്കിടക്കുന്ന മൗലിക സ്ഥാപനങ്ങളിൽ ഒന്നിനും അന്തിമമായ കപ്പൽച്ചേതം ഒഴിവാക്കാൻ കഴിയില്ല. ഇപ്പോഴും ഇടുങ്ങിയ ദേശീയവാദത്തിൽ മുഴുകിയിരിക്കുന്നവരിൽ നിന്നും സമുദ്രത്തിലെ രക്തപാതകത്തിൽ നിന്നും വേർപെടാനുളള കാഹളസമാന ക്ഷണം ലക്ഷക്കണക്കിനു ചെമ്മരിയാടുതുല്യർ ഇപ്പോൾ ചെവിക്കൊണ്ടിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്!
ഒരു നക്ഷത്രം ആകാശത്തുനിന്നു വീഴുന്നു
28. മൂന്നാമത്തെ ദൂതൻ തന്റെ കാഹളം ഊതുമ്പോൾ എന്തു സംഭവിക്കുന്നു?
28 “മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിൻമേലും നീരുറവുകളിൻമേലും ആയിരുന്നു വീണതു. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെളളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെളളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.” (വെളിപ്പാടു 8:10, 11) ബൈബിളിന്റെ മററു ഭാഗങ്ങൾ ഒരിക്കൽക്കൂടെ ഈ തിരുവെഴുത്തു കർത്താവിന്റെ ദിവസത്തിൽ ബാധകമാകുന്നതെങ്ങനെയെന്നു കാണാൻ നമ്മെ സഹായിക്കുന്നു.
29. “ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്ര”ത്തിന്റെ പ്രതീകത്തെ എന്തു നിറവേററുന്നു, എന്തുകൊണ്ട്?
29 ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശങ്ങളിൽ നാം ഒരു നക്ഷത്രത്തിന്റെ പ്രതീകം കാണുകയുണ്ടായി, അവിടെ ഏഴു നക്ഷത്രങ്ങൾ സഭകളിലെ മൂപ്പൻമാരെ പ്രതീകപ്പെടുത്തുന്നു. b (വെളിപ്പാടു 1:20) അഭിഷിക്ത ‘നക്ഷത്രങ്ങൾ’ മറെറല്ലാ അഭിഷിക്തരുമൊത്ത് അവരുടെ സ്വർഗീയ അവകാശത്തിന്റെ അച്ചാരമായി പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ട സമയം മുതൽ ഒരു ആത്മീയ അർഥത്തിൽ സ്വർഗീയ സ്ഥലങ്ങളിൽ വസിക്കുന്നു. (എഫെസ്യർ 2:6, 7) എന്നുവരികിലും, അത്തരം നക്ഷത്രതുല്യരുടെ ഇടയിൽനിന്ന് ആട്ടിൻകൂട്ടത്തെ വഴിതെററിക്കുന്ന വിശ്വാസത്യാഗികളും വിഭാഗീയ ചിന്താഗതിക്കാരും വരുമെന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:29, 30) അത്തരം അവിശ്വസ്തത വലിയൊരു വിശ്വാസത്യാഗത്തിൽ കലാശിക്കുമായിരുന്നു, ഈ വീഴ്ച ഭവിച്ച മൂപ്പൻമാർ മനുഷ്യവർഗത്തിൽ ഒരു ദൈവതുല്യസ്ഥാനത്തേക്കു തന്നേത്തന്നെ ഉയർത്തുന്ന ഒരു സംയുക്ത അധർമമനുഷ്യൻ ആയിത്തീരുമായിരുന്നു. (2 തെസ്സലൊനീക്യർ 2:3, 4) ക്രൈസ്തവലോകത്തിലെ വൈദികർ ലോകരംഗത്തു പ്രത്യക്ഷപ്പെട്ടപ്പോൾ പൗലോസിന്റെ മുന്നറിയിപ്പുകൾ നിവൃത്തിയേറി. “ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്ര”ത്തിന്റെ പ്രതീകം ഈ കൂട്ടത്തെ നന്നായി പ്രതിനിധാനം ചെയ്യുന്നു.
30. (എ) ബാബിലോൻ രാജാവ് ആകാശത്തുനിന്നു വീണതായി പറഞ്ഞപ്പോൾ എന്തർഥമാക്കി? (ബി) ആകാശത്തു നിന്നുളള ഒരു വീഴ്ചക്ക് എന്തിനെ പരാമർശിക്കാൻ കഴിയും?
30 ഈ പ്രത്യേക നക്ഷത്രം ആകാശത്തുനിന്നു വീഴുന്നതായി യോഹന്നാൻ കാണുന്നു. എങ്ങനെ? അതു മനസ്സിലാക്കാൻ ഒരു പുരാതന രാജാവിന്റെ അനുഭവങ്ങൾ നമ്മെ സഹായിക്കുന്നു. ബാബിലോൻ രാജാവിനോടു സംസാരിച്ചുകൊണ്ട് യെശയ്യാവ് പറഞ്ഞു: “അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേററു നിലത്തു വീണു!” (യെശയ്യാവു 14:12) സൈറസിന്റെ [കോരേശ്] സൈന്യത്താൽ ബാബിലോൻ മറിച്ചിടപ്പെടുകയും അതിന്റെ രാജാവ് ലോകഭരണാധിപത്യത്തിൽനിന്നു ലജ്ജാകരമായ പരാജയത്തിലേക്കു പെട്ടെന്ന് ഇറങ്ങുകയും ചെയ്തപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. അങ്ങനെ, ആകാശത്തിൽ നിന്നുളള ഒരു വീഴ്ചക്ക് ഒരു ഉയർന്ന സ്ഥാനം നഷ്ടമാകുന്നതിനെയും മാനഭംഗം വരുന്നതിനെയും പരാമർശിക്കാൻ കഴിയും.
31. (എ) ക്രൈസ്തവലോകത്തിലെ വൈദികർ ഒരു ‘സ്വർഗ്ഗീയ’ സ്ഥാനത്തുനിന്നു വീണത് എപ്പോൾ? (ബി) വൈദികർ പകർന്നുകൊടുത്തിരുന്ന വെളളം “കാഞ്ഞിരം” ആയതെങ്ങനെ, അനേകർക്ക് എന്തു ഫലത്തോടെ?
31 ക്രൈസ്തവലോകത്തിലെ വൈദികർക്കു സത്യക്രിസ്ത്യാനിത്വത്തിൽനിന്നു വിശ്വാസത്യാഗം ഭവിച്ചപ്പോൾ അവർ പൗലോസ് എഫെസ്യർ 2:6, 7-ൽ വർണിച്ച ഉയർന്ന ‘സ്വർഗ്ഗീയ’ സ്ഥാനത്തുനിന്നു വീണു. സത്യത്തിന്റെ ശുദ്ധജലം നൽകുന്നതിനു പകരം അവർ “കാഞ്ഞിരം” കുടിക്കാൻ കൊടുത്തു, അഗ്നിനരകം, ശുദ്ധീകരണസ്ഥലം, ത്രിത്വം, വിധിവിശ്വാസം എന്നിങ്ങനെ കയ്പേറിയ നുണകൾതന്നെ. ദൈവത്തിന്റെ ധാർമിക ദാസൻമാരെന്ന നിലയിൽ ജനതകളെ കെട്ടുപണി ചെയ്യാൻ പരാജയപ്പെട്ടുകൊണ്ട് അവർ അവരെ യുദ്ധത്തിലേക്കു നയിക്കുകയും ചെയ്തു. ഫലമോ? ആ നുണകൾ വിശ്വസിച്ചവരുടെ ആത്മീയ വിഷബാധ തന്നെ. അവരുടെ സംഗതി യിരെമ്യാവിന്റെ നാളിലെ അവിശ്വസ്ത ഇസ്രായേല്യരുടേതിനു സമാനമായിരുന്നു, അവരോട് യഹോവ ഇപ്രകാരം പറഞ്ഞു: “ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെളളം കുടിപ്പിക്കും. യെരൂശലേമിലെ പ്രവാചകൻമാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.”—യിരെമ്യാവു 9:15; 23:15.
32. ആത്മീയ ആകാശങ്ങളിൽ നിന്നുളള ക്രൈസ്തവലോകത്തിന്റെ പതനം എപ്പോൾ പ്രത്യക്ഷമായി, അതു നാടകീയമായി എങ്ങനെ പ്രകടമാക്കപ്പെട്ടു?
32 ആത്മീയ ആകാശങ്ങളിൽ നിന്നുളള ഈ വീഴ്ച 1919-ൽ പ്രത്യക്ഷമായി, അന്നാണ് ക്രൈസ്തവലോകത്തിലെ വൈദികർക്കു പകരം അഭിഷിക്ത ക്രിസ്ത്യാനികളുടെ ചെറിയ ശേഷിപ്പിനെ രാജ്യതാത്പര്യങ്ങളുടെമേൽ നിയമിച്ചത്. (മത്തായി 24:45-47) ക്രിസ്ത്യാനികളുടെ ഈ സംഘം 1922 മുതൽ ക്രൈസ്തവലോകത്തിലെ വൈദികരുടെ പരാജയങ്ങൾ പച്ചയായി തുറന്നുകാട്ടുന്ന അവരുടെ പ്രസ്ഥാനം പുതുക്കിയപ്പോൾ ആ വീഴ്ച നാടകീയമായി പ്രകടമാക്കപ്പെട്ടു.
33. യു.എസ്.എ.യിലുളള ഒഹായോയിലെ കൊളംബസിൽ 1924-ൽ നടന്ന കൺവെൻഷനിൽ ക്രൈസ്തവലോകത്തിലെ വൈദികരുടെ ഏതു തുറന്നുകാട്ടൽ നടന്നു?
33 “കഴിഞ്ഞ യുഗങ്ങളിൽ നടത്തപ്പെട്ട ബൈബിൾ വിദ്യാർഥികളുടെ ഏററവും മഹത്തായ കൺവെൻഷൻ” എന്നു സുവർണയുഗം മാസികയിൽ വർണിക്കപ്പെട്ട പ്രഖ്യാപനം ഈ ബന്ധത്തിൽ മുന്തിയതായിരുന്നു. ഈ കൺവെൻഷൻ 1924 ജൂലൈ 20-27 തീയതികളിൽ ഒഹായോയിലെ കൊളംബസിൽ സമ്മേളിച്ചു. നിസ്സംശയമായും മൂന്നാമത്തെ കാഹളം മുഴക്കിയ ദൂതന്റെ മാർഗനിർദേശത്തിൻ കീഴിൽ അവിടെ ഒരു ശക്തമായ പ്രമേയം അംഗീകരിക്കപ്പെട്ടു. പിന്നീട് 5 കോടി പ്രതികൾ ഒരു ലഘുലേഖയായി വിതരണം ചെയ്യപ്പെട്ടു. പുരോഹിതൻമാർ കുററം ചുമത്തപ്പെട്ടിരിക്കുന്നു എന്ന തലക്കെട്ടോടെ അതു പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു ഉപശീർഷകം വിവാദവിഷയത്തെ ഇപ്രകാരം അവതരിപ്പിച്ചു: “സർപ്പത്തിന്റെ സന്തതിക്കെതിരെ വാഗ്ദത്ത സന്തതി.” ഗാംഭീര്യദ്യോതിയായ മതസ്ഥാനപ്പേരുകൾ സ്വീകരിക്കുക, വ്യവസായ പ്രമുഖരെയും തനി രാഷ്ട്രീയക്കാരെയും ആടുകളിൽ പ്രധാനികൾ ആക്കുക, മനുഷ്യരുടെ മുമ്പാകെ തിളങ്ങിനിൽക്കാൻ ആഗ്രഹിക്കുക, ആളുകളോടു മിശിഹൈക രാജ്യസന്ദേശം പ്രസംഗിക്കാൻ വിസമ്മതിക്കുക, എന്നീ കാര്യങ്ങളിൽ കുററപത്രം ക്രൈസ്തവലോകത്തിലെ വൈദികരെ തുറന്നുകാട്ടി. ഓരോ സമർപ്പിത ക്രിസ്ത്യാനിയും “നമ്മുടെ ദൈവത്തിന്റെ പ്രതികാര ദിവസം” ഘോഷിക്കാനും “ദുഃഖിതൻമാരെയൊക്കെയും ആശ്വസിപ്പിപ്പാനും” ദൈവത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്നവനാണെന്ന് അത് ഊന്നിപ്പറഞ്ഞു.—യെശയ്യാവ് 61:2, KJ.
34, 35. (എ) മൂന്നാമത്തെ ദൂതൻ കാഹളം ഊതാൻ തുടങ്ങിയശേഷം വൈദികരുടെ അധികാരത്തിനും സ്വാധീനത്തിനും എന്തു സംഭവിച്ചിരിക്കുന്നു? (ബി) ക്രൈസ്തവലോകത്തിലെ വൈദികർക്കു ഭാവി എന്തു വെച്ചുനീട്ടുന്നു?
34 മൂന്നാമത്തെ ദൂതൻ കാഹളം ഊതിത്തുടങ്ങിയപ്പോൾ മുതൽ മനുഷ്യവർഗത്തിലെ വൈദികരുടെ പ്രമുഖസ്ഥാനം വഴുതിക്കൊണ്ടാണിരുന്നിട്ടുളളത്, ഇക്കാലത്ത് അവരിൽ വളരെ കുറച്ചുപേർ മാത്രമേ മുൻനൂററാണ്ടുകളിൽ അവർ ആസ്വദിച്ചിരുന്ന ദൈവതുല്യ അധികാരങ്ങൾ നിലനിർത്തുന്നുളളു. യഹോവയുടെ സാക്ഷികളുടെ പ്രസംഗത്താൽ, വൈദികർ പഠിപ്പിക്കുന്ന പല ഉപദേശങ്ങളും ആത്മീയ വിഷം—“കാഞ്ഞിരം”—ആണെന്ന് അനേകമാളുകളും തിരിച്ചറിയാനിടയായിരിക്കുന്നു. കൂടുതലായി, വൈദികരുടെ അധികാരം ഉത്തര യൂറോപ്പിൽ ഏതാണ്ടു ക്ഷയിച്ചിരിക്കുന്നു, മററു ചില ദേശങ്ങളിൽ അവരുടെ സ്വാധീനം ഗവൺമെൻറ് കർശനമായി വെട്ടിച്ചുരുക്കുന്നു. യൂറോപ്പിലെ കത്തോലിക്കാ പ്രദേശങ്ങളിലും, അമേരിക്കകളിലും, സാമ്പത്തികവും രാഷ്ട്രീയവും ധാർമികവുമായ കാര്യങ്ങളിലുളള വൈദികരുടെ ദുഷ്പെരുമാററം അവരുടെ കീർത്തിക്കു ഭംഗം വരുത്തിയിരിക്കുന്നു. തുടർന്നുളള സമയങ്ങളിലും, അവരുടെ സ്ഥാനം കൂടുതൽ വഷളാകാനേ കഴിയൂ, എന്തുകൊണ്ടെന്നാൽ മറെറല്ലാ വ്യാജമതസ്ഥരുടെയും ദുരവസ്ഥ അവരും പെട്ടെന്നുതന്നെ അനുഭവിക്കും.—വെളിപ്പാടു 18:21; 19:2.
35 ക്രൈസ്തവലോകത്തിൻമേലുളള യഹോവയുടെ ബാധ ഇതുവരെയും അവസാനിച്ചിട്ടില്ല. നാലാം കാഹളം മുഴക്കലിനുശേഷം എന്തു സംഭവിക്കുന്നുവെന്നു പരിചിന്തിക്കുക.
അന്ധകാരം!
36. നാലാമത്തെ ദൂതൻ കാഹളം ഊതിയശേഷം എന്തു സംഭവിക്കുന്നു?
36 “നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിന്നും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.” (വെളിപ്പാടു 8:12) ഈജിപ്തിൻമേലുളള ഒമ്പതാമത്തെ ബാധ അക്ഷരാർഥത്തിലുളള അന്ധകാരത്തിന്റെ ഒരു ബാധയായിരുന്നു. (പുറപ്പാടു 10:21-29) എന്നാൽ, നമ്മുടെ 20-ാം നൂററാണ്ടിൽ മനുഷ്യരെ ബാധിക്കാനിടയാകുന്ന ഈ പ്രതീകാത്മക അന്ധകാരം എന്താണ്?
37. ക്രിസ്തീയ സഭയ്ക്കു പുറത്തുളളവരുടെ ആത്മീയാവസ്ഥ അപ്പോസ്തലൻമാരായ പത്രോസും പൗലോസും വർണിച്ചതെങ്ങനെ?
37 അപ്പോസ്തലനായ പത്രോസ് തന്റെ സഹവിശ്വാസികൾ ക്രിസ്ത്യാനികളാകുന്നതിനു മുമ്പ് ആത്മീയമായി പറഞ്ഞാൽ അന്ധകാരത്തിലായിരുന്നുവെന്ന് അവരോടു പറഞ്ഞു. (1 പത്രൊസ് 2:9) ക്രിസ്തീയസഭയ്ക്കു പുറത്തുളളവരുടെ ആത്മീയാവസ്ഥ വർണിക്കുന്നതിനു പൗലോസും ‘അന്ധകാരം’ എന്ന വാക്ക് ഉപയോഗിച്ചു. (എഫെസ്യർ 5:8; 6:12; കൊലൊസ്സ്യർ 1:13; 1 തെസ്സലൊനീക്യർ 5:4, 5) എന്നാൽ, ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും, യേശുവിനെ തങ്ങളുടെ രക്ഷിതാവായി അംഗീകരിക്കുന്നുവെന്നും അവകാശപ്പെടുന്ന ക്രൈസ്തവലോകത്തിലുളളവരെ സംബന്ധിച്ചെന്ത്?
38. നാലാമത്തെ ദൂതൻ ക്രൈസ്തവലോകത്തിന്റെ ‘വെളിച്ചം’ സംബന്ധിച്ച് ഏതു വസ്തുത വിളിച്ചറിയിക്കുന്നു?
38 സത്യക്രിസ്ത്യാനികൾ തങ്ങളുടെ ഫലങ്ങളാൽ തിരിച്ചറിയപ്പെടുമെന്നും തന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന അനേകർ “അധർമ്മം പ്രവർത്തിക്കുന്ന”വരായിരിക്കുമെന്നും യേശു പറഞ്ഞു. (മത്തായി 7:15-23) ലോകത്തിന്റെ മൂന്നിലൊന്നു കയ്യടക്കിയിരിക്കുന്ന ക്രൈസ്തവലോകത്തിന്റെ ഫലങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ആർക്കുംതന്നെ അവൾ ഘോരമായ ആത്മീയാന്ധകാരത്തിൽ തപ്പിത്തടയുകയാണെന്നുളളതു നിഷേധിക്കാൻ കഴിയില്ല. (2 കൊരിന്ത്യർ 4:4) അവൾ അത്യന്തം ആക്ഷേപാർഹയാണ്, കാരണം, അവൾ ക്രിസ്തീയമെന്ന് അവകാശപ്പെടുന്നു. അതിനാൽ, ക്രൈസ്തവലോകത്തിന്റെ ‘വെളിച്ചം’ യഥാർഥത്തിൽ അന്ധകാരമാണെന്നും, അവളുടെ “വെളിച്ച”ത്തിന്റെ ഉറവുകൾ ബാബിലോന്യം—അക്രൈസ്തവം—ആണെന്നുമുളള വസ്തുത നാലാം ദൂതൻ മുഴക്കുന്നതു തികച്ചും ഉചിതമാണ്.—മർക്കൊസ് 13:22, 23; 2 തിമൊഥെയൊസ് 4:3, 4.
39. (എ) 1925-ലെ കൺവെൻഷനിൽ അംഗീകരിച്ച പ്രമേയം ക്രൈസ്തവലോകത്തിന്റെ വ്യാജവെളിച്ചത്തെ എങ്ങനെ വർണിച്ചു? (ബി) കൂടുതലായ ഏതു തുറന്നുകാട്ടൽ 1955-ൽ നടത്തി?
39 ആ സ്വർഗീയ പ്രഖ്യാപനത്തോടുളള ചേർച്ചയിൽ, 1925 ആഗസ്ററ് 29-ന് ദൈവജനത്തിന്റെ ഒരു വലിയ കൂട്ടം യു.എസ്.എ.യിലുളള ഇൻഡ്യാനയിലെ, ഇൻഡ്യാനാപൊലിസ് കൺവെൻഷനു കൂടി വന്നു, “പ്രത്യാശാ ദൂത്” എന്ന ശീർഷകമുളള ഒരു തുറന്ന പ്രമേയം പ്രസിദ്ധീകരണത്തിനായി അംഗീകരിക്കുകയും ചെയ്തു. വീണ്ടും അതിന്റെ ഏതാണ്ട് 5 കോടി പ്രതികൾ അനേകം ഭാഷകളിൽ വിതരണം ചെയ്യപ്പെട്ടു. “ജനങ്ങൾ അന്ധകാരത്തിലേക്കു വീഴാനിട”യാക്കിയിരിക്കുന്ന വ്യാവസായിക കൊളളലാഭക്കാരുടെയും രാഷ്ട്രീയ നേതാക്കൻമാരുടെയും മതവൈദികരുടെയും കൂട്ടുകെട്ടു വെച്ചുനീട്ടിയ വ്യാജപ്രകാശത്തെ അതു വർണിച്ചു. “സമാധാനവും ഐശ്വര്യവും ആരോഗ്യവും ജീവനും സ്വാതന്ത്ര്യവും നിത്യസന്തോഷവും ആകുന്ന അനുഗ്രഹങ്ങൾ” പ്രാപിക്കാനുളള യഥാർഥ പ്രത്യാശയെന്ന നിലയിൽ അതു ദൈവരാജ്യത്തിലേക്കു വിരൽ ചൂണ്ടി. ക്രൈസ്തവലോകമാകുന്ന ബൃഹത്തായ സ്ഥാപനത്തിനെതിരെ അത്തരം ദൂതുകൾ പ്രഖ്യാപിക്കാൻ അഭിഷിക്ത ക്രിസ്ത്യാനികളുടെ ആ ചെറിയ കൂട്ടത്തിനു ധൈര്യം ആവശ്യമായിരുന്നു. എന്നാൽ 1920-കളുടെ ആരംഭം മുതൽ ഇന്നുവരെയും, സ്ഥിരമായി അവർ അതുതന്നെ ചെയ്തിരിക്കുന്നു. കുറേക്കൂടെ അടുത്ത കാലത്ത്, 1955-ൽ ക്രൈസ്തവലോകമോ ക്രിസ്ത്യാനിത്വമോ—ഏതാണു “ലോകത്തിന്റെ വെളിച്ചം”? എന്ന ശീർഷകത്തോടുകൂടിയ ചെറുപുസ്തകം അനേകം ഭാഷകളിൽ ലോകവ്യാപകമായി വിതരണം നടത്തിയതു വൈദികവർഗത്തെ കൂടുതലായി തുറന്നുകാട്ടി. ലോകത്തിൽ അനേകർക്കും കണ്ടു മനസ്സിലാക്കത്തക്കവിധം ക്രൈസ്തവലോകത്തിന്റെ കപടഭക്തി ഇന്നു വളരെ സ്പഷ്ടമായിരിക്കുന്നു. എന്നാൽ യഹോവയുടെ ജനം, അവൾ ആയിരിക്കുന്നതിനെ, അന്ധകാരത്തിന്റെ ഒരു രാജ്യമായിരിക്കുന്നതിനെ, തുറന്നു കാട്ടുന്നതിൽനിന്നു വിരമിച്ചിട്ടില്ല.
ഒരു പറക്കുന്ന കഴുകൻ
40. നാലു കാഹളം മുഴക്കലുകൾ ക്രൈസ്തവലോകം എന്താണെന്നു പ്രകടമാക്കി?
40 ആദ്യത്തെ ഈ നാലു കാഹളം മുഴക്കലുകൾ സത്യമായും ക്രൈസ്തവലോകത്തിന്റെ ശൂന്യവും മാരകവുമായ അവസ്ഥ മറനീക്കി കാണിക്കുന്നതിൽ കലാശിച്ചു. “ഭൂമി”യാകുന്ന അവളുടെ ഭാഗം യഹോവയുടെ ന്യായവിധി അർഹിക്കുന്നതായി തുറന്നുകാട്ടപ്പെട്ടു. അവളുടെ ദേശങ്ങളിലും മററുളളിടങ്ങളിലും മുളച്ചു വരുന്ന വിപ്ലവ ഗവൺമെൻറുകൾ ആത്മീയ ജീവിതത്തിനു പ്രതികൂലമെന്നു പ്രകടമാക്കപ്പെട്ടു. അവളുടെ വൈദികരുടെ അധഃപതിച്ച അവസ്ഥ അനാവൃതമാക്കപ്പെട്ടു, അവളുടെ ആത്മീയാവസ്ഥയുടെ പൊതുവായ ഇരുട്ട് എല്ലാവരും കാണുന്നതിനു തുറന്നുകാണിക്കപ്പെട്ടു. ക്രൈസ്തവലോകം സത്യത്തിൽ സാത്താന്റെ വ്യവസ്ഥിതിയുടെ ഏററവും നിന്ദ്യമായ ഭാഗമാണ്.
41. കാഹളം മുഴക്കലിന്റെ പരമ്പരയിലെ ഒരു ഇടവേളയുടെ സമയത്ത് യോഹന്നാൻ എന്തു കാണുകയും കേൾക്കുകയും ചെയ്യുന്നു?
41 കൂടുതലായി എന്തു വെളിപ്പെടുത്താനുണ്ട്? ഈ ചോദ്യത്തിനുളള ഉത്തരം നാം കണ്ടെത്തുന്നതിനു മുമ്പ് കാഹളം മുഴക്കലുകളുടെ പരമ്പരയിൽ ഒരു ഹ്രസ്വമായ ഇടവേളയുണ്ട്. താൻ അടുത്തതായി കാണുന്നത് യോഹന്നാൻ വർണിക്കുന്നു: “അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുളള മൂന്നു ദൂതൻമാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.”—വെളിപ്പാടു 8:13.
42. പറക്കുന്ന കഴുകൻ എന്തിനെ അർഥമാക്കിയേക്കാം, അതിന്റെ സന്ദേശം എന്താണ്?
42 ഒരു കഴുകൻ ആകാശത്തിൽ ഉയർന്നു പറക്കുന്നു, അതുകൊണ്ട് വിസ്തൃതമായ ഒരു പ്രദേശത്തെ ആളുകൾക്ക് അതിനെ കാണാൻ കഴിയും. അതിന് അസാധാരണമാംവിധം സൂക്ഷ്മമായ കാഴ്ചശക്തിയുണ്ട്. വളരെ മുമ്പോട്ടു കാണുവാനും അതിനു കഴിയും. (ഇയ്യോബ് 39:29) ദൈവത്തിന്റെ സിംഹാസനത്തിനു ചുററുമുളള നാലു കെരൂബ്യ ജീവികളിൽ ഒന്ന് ഒരു പറക്കുന്ന കഴുകനായി ചിത്രീകരിക്കപ്പെട്ടു. (വെളിപ്പാടു 4:6, 7) ഈ കെരൂബായാലും മറേറതെങ്കിലും ദീർഘദൃഷ്ടിയുളള ദൈവദാസനായാലും അത് ഊർജസ്വലമായ ഒരു സന്ദേശം ഉച്ചത്തിൽ ഘോഷിക്കുന്നു: “കഷ്ടം, കഷ്ടം, കഷ്ടം”! ശേഷിക്കുന്ന മൂന്നു കാഹളങ്ങൾ കേൾക്കുമ്പോൾ ഈ മൂന്നു കഷ്ടങ്ങളിൽ ഒന്നിനോടു ബന്ധപ്പെട്ടിരിക്കുന്ന അവയിലോരോന്നും ഭൂവാസികൾ ശ്രദ്ധിക്കട്ടെ.
[അടിക്കുറിപ്പുകൾ]
a ഇതിനു വിപരീതമായി, മഹാപുരുഷാരം യഹോവയുടെ അപ്രീതിയാകുന്ന പൊളളിക്കുന്ന ചൂട് അനുഭവിക്കുന്നില്ലെന്നു വെളിപ്പാടു 7:16 പ്രകടമാക്കുന്നു.
b യേശുവിന്റെ വലങ്കൈയിലുളള ഏഴുനക്ഷത്രങ്ങൾ ക്രിസ്തീയ സഭയിലെ അഭിഷിക്ത മേൽവിചാരകൻമാരെ ചിത്രീകരിക്കുന്നുവെന്നിരിക്കെ ലോകത്തിലെ 73,000-ത്തിലധികം സഭകളിൽ മിക്കതിലും ഉളള ഇന്നത്തെ മൂപ്പൻമാർ മഹാപുരുഷാരത്തിൽ പെട്ടവരാണ്. (വെളിപ്പാടു 1:16; 7:9) അവരുടെ സ്ഥാനം എന്താണ്? അവർക്കു പരിശുദ്ധാത്മാവിനാൽ, വിശ്വസ്തനും വിവേകിയുമായ അഭിഷിക്ത അടിമയിലൂടെ അവരുടെ നിയമനം ലഭിക്കുന്നതുകൊണ്ട് ഇവർ യേശുവിന്റെ നിയന്ത്രണമാകുന്ന വലങ്കയ്യുടെ കീഴിലാണെന്നു പറയാൻ കഴിയും, എന്തെന്നാൽ അവരും അവന്റെ കീഴിടയൻമാരാണ്. (യെശയ്യാവു 61:5, 6; പ്രവൃത്തികൾ 20:28) യോഗ്യരായ അഭിഷിക്ത സഹോദരൻമാർ ലഭ്യമല്ലാത്തിടത്ത് സേവിക്കുന്നതിനാൽ അവർ “ഏഴു നക്ഷത്ര”ങ്ങളെ പിന്താങ്ങുന്നു.
[അധ്യയന ചോദ്യങ്ങൾ]
[139-ാം പേജിലെ ചാർട്ട്]
ക്രൈസ്തവലോകത്തിന്റെ വെളളം കാഞ്ഞിരമെന്നു വെളിപ്പെടുത്തപ്പെടുന്നു
ക്രൈസ്തവലോകത്തിന്റെ വെളളം കാഞ്ഞിരമെന്നു വെളിപ്പെടുത്തപ്പെടുന്നു
ക്രൈസ്തവലോകത്തിന്റെ ബൈബിൾ യഥാർഥത്തിൽ വിശ്വാസങ്ങളും മനോഭാവങ്ങളും പറയുന്നത്
ദൈവത്തിന്റെ വ്യക്തിപരമായ ദൈവനാമം വിശുദ്ധീകരിക്കപ്പെടണമെന്ന് നാമം അപ്രധാനമാണ്: “ക്രിസ്തീയ യേശു പ്രാർഥിച്ചു. പത്രോസ് സഭയുടെ സാർവലൗകിക പറഞ്ഞു: “യഹോവയുടെ നാമം വിശ്വാസത്തെ സംബന്ധിച്ചിടത്തോളം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷപ്രാപിക്കും.” ഏതെങ്കിലും പ്രത്യേക പേര് ഏക (പ്രവൃത്തികൾ 2:21, NW; യോവേൽ 2:32; ദൈവത്തിന് ഉപയോഗിക്കുന്നതു . . . മത്തായി 6:9; പുറപ്പാടു 6:3; തീർത്തും അനുചിതമാണ്.” വെളിപ്പാടു 4:11; 15:3; 19:6) (റിവൈസ്ഡ് സ്ററാൻഡേഡ് വേർഷന്റെ ആമുഖം)
ദൈവം ഒരു ത്രിത്വമാകുന്നു: യഹോവ യേശുവിനെക്കാൾ “പിതാവു ദൈവമാകുന്നു, പുത്രൻ വലിയവനാണെന്നും ക്രിസ്തുവിന്റെ ദൈവമാകുന്നു, പരിശുദ്ധാത്മാവു ദൈവവും തലയും ആണെന്നും ദൈവമാകുന്നു, എങ്കിലും മൂന്നു ബൈബിൾ പറയുന്നു. ദൈവങ്ങളില്ല, ഒരു ദൈവം മാത്രം.” (യോഹന്നാൻ 14:28; 20:17; (ദ കാത്തലിക് എൻസൈക്ലോപീഡിയ, 1 കൊരിന്ത്യർ 11:3) 1912-ലെ പതിപ്പ്) പരിശുദ്ധാത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്. (മത്തായി 3:11; ലൂക്കൊസ് 1:41; പ്രവൃത്തികൾ 2:4) മനുഷ്യദേഹി അമർത്ത്യമാണ്: മനുഷ്യൻ ഒരു ദേഹിയാകുന്നു “മനുഷ്യൻ മരിക്കുമ്പോൾ അവന്റെ മരണത്തിങ്കൽ ദേഹി ചിന്തിക്കാതാകുന്നു ദേഹിയും ദേഹവും തമ്മിൽ അഥവാ അനുഭവിക്കാതാകുന്നു, വേർപിരിയുന്നു. അവന്റെ ദേഹം . . . അതു നിർമിക്കപ്പെട്ട പൊടിയിലേക്കു ദ്രവിക്കുന്നു . . . എന്നിരുന്നാലും തിരിച്ചുപോകുകയും ചെയ്യുന്നു. മനുഷ്യദേഹി മരിക്കുന്നില്ല.” (ഉല്പത്തി 2:7; 3:19; സങ്കീർത്തനം 146:3, 4; (മരണാനന്തരം എന്തു സംഭവിക്കുന്നു സഭാപ്രസംഗി 3:19, 20; [ഇംഗ്ലീഷ്], ഒരു റോമൻ കത്തോലിക്കാ 9:5, 10; പ്രസിദ്ധീകരണം) യെഹെസ്കേൽ 18:4, 20)
ദുഷ്ടൻമാർ മരണാനന്തരം പാപത്തിന്റെ ശമ്പളം നരകത്തിൽ ശിക്ഷിക്കപ്പെടുന്നു: മരണമാകുന്നു, ദണ്ഡനത്തോടുകൂടിയ “പരമ്പരാഗത ക്രിസ്തീയ ജീവിതമല്ല. (റോമർ 6:23) വിശ്വാസമനുസരിച്ചു നരകം അനന്തമായ മരിച്ചവർ ഒരു പുനരുത്ഥാനത്തിനായി വേദനയുടെയും ദണ്ഡനത്തിന്റെയും കാത്തിരുന്നുകൊണ്ട് നരകത്തിൽ ഒരു സ്ഥലമാണ്.” (ദ വേൾഡ് ബുക്ക് (ഹേഡീസ്, ഷീയോൾ) എൻസൈക്ലോപീഡിയ, നിർബോധാവസ്ഥയിൽ വിശ്രമിക്കുന്നു. 1987-ലെ പതിപ്പ്) (സങ്കീർത്തനം 89:48; യോഹന്നാൻ 5:28, 29; 11:24, 25; വെളിപ്പാടു 20:13, 14)
“മധ്യസ്ഥ എന്ന സ്ഥാനപ്പേർ ദൈവത്തിനും മനുഷ്യർക്കും മാതാവിനു ബാധകമാകുന്നു.” ഇടയിലുളള ഏക മധ്യസ്ഥൻ (ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ, യേശുവാണ്. (യോഹന്നാൻ 14:6; 1967-ലെ പതിപ്പ്) 1 തിമൊഥെയൊസ് 2:5; എബ്രായർ 9:15; 12:24)
ശിശുക്കൾ സ്നാപനപ്പെടുത്തപ്പെടണം: സ്നാപനം യേശുവിന്റെ കൽപ്പനകൾ “സഭ ആരംഭം മുതൽ സ്നാപന അനുസരിക്കാൻ പഠിപ്പിക്കപ്പെട്ട് കൂദാശ ശിശുക്കൾക്കു നൽകിയിരിക്കുന്നു, ശിഷ്യരാക്കപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയുളളതാണ്. ഈ ആചാരം നിയമാനുസൃതമായി സ്നാപനത്തിനു യോഗ്യത പ്രാപിക്കുന്നതിന് കണക്കാക്കിയിരുന്നുവെന്നു മാത്രമല്ല, ഒരു വ്യക്തി ദൈവവചനം പിന്നെയോ ഇതു രക്ഷക്കു തികച്ചും മനസ്സിലാക്കുകയും വിശ്വാസം പ്രകടമാക്കുകയും ആവശ്യമാണെന്നും പഠിപ്പിക്കപ്പെട്ടു.” ചെയ്യണം. (മത്തായി 28:19, 20; (ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ, ലൂക്കൊസ് 3:21-23; 1967-ലെ പതിപ്പ്) പ്രവൃത്തികൾ 8:35, 36)
മിക്ക സഭകളും ഒരു അയ്മേനി ഒന്നാം നൂററാണ്ടിലെ വർഗവും അവർക്കു ശുശ്രൂഷ ക്രിസ്ത്യാനികളെല്ലാം ശുശ്രൂഷകരായിരുന്നു, ചെയ്യുന്ന ഒരു വൈദികവർഗവും സുവാർത്ത പ്രസംഗിക്കുന്നതിൽ ആയി വിഭജിക്കപ്പെടുന്നു. തങ്ങളുടെ പങ്കെടുക്കുകയും ചെയ്തു. ശുശ്രൂഷക്കു പ്രത്യുപകാരമായി (പ്രവൃത്തികൾ 2:17, 18; വൈദികർക്കു മിക്കപ്പോഴും ശമ്പളം റോമർ 10:10-13; 16:1) നൽകപ്പെടുന്നു, “റെവറണ്ട്” എന്നോ ഒരു ക്രിസ്ത്യാനി “സൗജന്യമായി “പിതാവ്” എന്നോ “തിരുമേനി” കൊടു”ക്കണം, ഒരു ശമ്പളത്തിനല്ല. എന്നോ ഉളള പദവിനാമങ്ങളാൽ (മത്തായി 10:7, 8) യേശു മതപരമായ അയ്മേനികൾക്കുമീതെ ഉയർത്തപ്പെടുകയും സ്ഥാനപ്പേരുകളുടെ ഉപയോഗം കർശനമായി ചെയ്യുന്നു. വിലക്കി. (മത്തായി 6:2; 23:2-12; 1 പത്രൊസ് 5:1-3)
പ്രതിമകളും വിഗ്രഹങ്ങളും ക്രിസ്ത്യാനികൾ ആപേക്ഷിക കുരിശുകളും ആരാധനയിൽ ആരാധന എന്നു വിളിക്കപ്പെടുന്നതുൾപ്പെടെ ഉപയോഗിക്കപ്പെടുന്നു: “ക്രിസ്തുവിന്റെയും എല്ലാത്തരം വിഗ്രഹാരാധനയിൽനിന്നും കന്യകയായ ദൈവമാതാവിന്റെയും ഓടിയകലണം. (പുറപ്പാടു 20:4, 5; മററു പുണ്യാളൻമാരുടെയും പ്രതിമകൾ 1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21) പളളികളിൽ വെക്കുകയും അർഹമായ അവർ കാഴ്ചയാലല്ല പിന്നെയോ ആദരവും ഭക്തിയും അവയ്ക്കു ആത്മാവോടും സത്യത്തോടും കൂടെ നൽകുകയും വേണം.” (ട്രെൻറ് ദൈവത്തെ ആരാധിക്കുന്നു. കൗൺസിലിന്റെ പ്രഖ്യാപനം (യോഹന്നാൻ 4:23, 24; [1545-63]) 2 കൊരിന്ത്യർ 5:7)
ദൈവോദ്ദേശ്യങ്ങൾ യേശു ദൈവരാജ്യം പ്രസംഗിച്ചു, രാഷ്ട്രീയത്തിലൂടെ മനുഷ്യവർഗത്തിന്റെ സാക്ഷാത്കരിക്കപ്പെടുമെന്നു പ്രത്യാശയെന്ന നിലയിൽ സഭാംഗങ്ങളെ പഠിപ്പിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ വ്യവസ്ഥിതിയല്ല. പരേതനായ കർദിനാൾ സ്പെൽമാൻ (മത്തായി 4:23; 6:9, 10) പ്രസ്താവിച്ചു: “സമാധാനത്തിലേക്ക് അവൻ രാഷ്ട്രീയത്തിൽ ഒരു വഴിയേയുളളു . . . , ഉൾപ്പെടാൻ വിസമ്മതിച്ചു. ജനാധിപത്യത്തിന്റെ ഉയർന്ന പാത.” (യോഹന്നാൻ 6:14, 15) അവന്റെ ലോകരാഷ്ട്രീയത്തിലെ (വിപ്ലവങ്ങളിൽ രാജ്യം ഈ ലോകത്തിന്റെ പോലും) മതത്തിന്റെ ഉൾപ്പെടലും ഭാഗമല്ലായിരുന്നു; അതുകൊണ്ട് “ശാന്തിയുടെയും സമാധാനത്തിന്റെയും അവന്റെ അനുഗാമികളും അന്തിമ പ്രത്യാശ” എന്ന നിലയിൽ ലോകത്തിന്റെ ഭാഗമായിരിക്കരുതായിരുന്നു. ഐക്യരാഷ്ട്രങ്ങൾക്കുളള അവളുടെ (യോഹന്നാൻ 18:36; 17:16) പിന്തുണയും വാർത്തകളിൽ ലോകത്തോടുളള സൗഹൃദത്തിനെതിരെ റിപ്പോർട്ടുചെയ്യുന്നു. യാക്കോബ് മുന്നറിയിപ്പു നൽകി. (യാക്കോബ് 4:4)
[132-ാം പേജിലെ ചിത്രം]
ഏഴു മുദ്രകളുടെ തുറക്കൽ ഏഴു കാഹളങ്ങൾ മുഴക്കുന്നതിലേക്കു നയിക്കുന്നു
[140-ാം പേജിലെ ചിത്രങ്ങൾ]
“ലോകനേതാക്കൾക്ക് ഒരു വെല്ലുവിളി.” (1922) “ഭൂമി”ക്കെതിരെയുളള യഹോവയുടെ ബാധ പ്രസിദ്ധമാക്കാൻ ഈ പ്രമേയം സഹായിച്ചു
“സകല ക്രിസ്ത്യാനികൾക്കും ഒരു മുന്നറിയിപ്പ്.” (1923) “സമുദ്രത്തിൽ മൂന്നിലൊന്നി”നെതിരെയുളള യഹോവയുടെ പ്രതികൂല ന്യായവിധി ഈ പ്രമേയത്താൽ വിസ്തൃതമായി ഘോഷിക്കപ്പെട്ടു
[141-ാം പേജിലെ ചിത്രങ്ങൾ]
“പുരോഹിതൻമാർ കുററം ചുമത്തപ്പെട്ടിരിക്കുന്നു.” (1924) ഈ ലഘുലേഖയുടെ വ്യാപകമായ വിതരണം ക്രൈസ്തവലോകത്തിലെ വൈദികരാകുന്ന “നക്ഷത്രം” വീണിരിക്കുന്നുവെന്നു കുറിക്കൊളളാൻ ആളുകളെ സഹായിച്ചു
“പ്രത്യാശാ ദൂത്” (1925) ക്രൈസ്തവലോകത്തിന്റെ വെളിച്ച സ്രോതസ്സുകളായി കരുതിയിരുന്നവ സത്യത്തിൽ അന്ധകാരത്തിന്റെ ഉറവുകളാണെന്ന് തുറന്നുകാട്ടാൻ ഈ സ്പഷ്ടമായ പ്രമേയം ഉപയോഗിക്കപ്പെട്ടു