ജീവന്റെ പുസ്തകത്തിൽ നിങ്ങളുടെ പേരുണ്ടോ?
അധ്യായം 11
ജീവന്റെ പുസ്തകത്തിൽ നിങ്ങളുടെ പേരുണ്ടോ?
സർദിസ്
1. സർദിസിലെ സഭയുടെ ആത്മീയ അവസ്ഥ എന്താണ്, യേശു തന്റെ സന്ദേശം എങ്ങനെ തുടങ്ങുന്നു?
ആധുനിക ആഖിസാറിന് (തുയഥൈര) ഏതാണ്ട് 30 മൈൽ തെക്കാണ് മഹത്ത്വീകരിക്കപ്പെട്ട യേശുവിൽ നിന്നും സന്ദേശം ലഭിക്കേണ്ട അടുത്ത സഭയുടെ, സർദിസിന്റെ സ്ഥാനം. നമ്മുടെ പൊതുയുഗത്തിനു മുമ്പ് ആറാം നൂററാണ്ടിൽ ഈ നഗരം പുരാതന ലിഡിയ രാജ്യത്തിന്റെ പ്രശസ്തമായ തലസ്ഥാനവും വളരെ സമ്പന്നനായിരുന്ന ക്രോയിസസ് രാജാവിന്റെ ആസ്ഥാനവുമായിരുന്നു. യോഹന്നാന്റെ നാളായപ്പോഴേക്ക് അതു കഷ്ടകാലങ്ങളിൽ അകപ്പെട്ടിരിക്കയാണ്. ക്രോയിസസിന്റെ കീഴിലെ അതിന്റെ മുൻപ്രതാപം വെറും ചരിത്രമാണ്. അതുപോലെതന്നെ അവിടത്തെ ക്രിസ്തീയ സഭ ആത്മീയമായി ദരിദ്രമായിത്തീർന്നിരിക്കുന്നു. ഇതാദ്യമായി യേശു തന്റെ സന്ദേശം ഒരു അഭിനന്ദനവാക്കോടെ തുടങ്ങുന്നില്ല. പകരം അവൻ പറയുന്നു: “സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉളളവൻ അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുളളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.”—വെളിപ്പാടു 3:1.
2. (എ) യേശുവിന് ‘ഏഴാത്മാവ്’ ഉണ്ടെന്നുളളതു സർദിസിലെ ക്രിസ്ത്യാനികൾക്ക് എന്തു പ്രാധാന്യമുളളതാണ്? (ബി) സർദിസ് സഭയ്ക്ക് എന്തു ഖ്യാതിയുണ്ടായിരുന്നു, എന്നാൽ വസ്തുതകൾ എന്തായിരുന്നു?
2 ‘ഏഴ് ആത്മാവുളളവൻ’ എന്ന് യേശു സ്വയം തിരിച്ചറിയിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ ഏഴാത്മാവ് യഹോവയുടെ പരിശുദ്ധാത്മാവ് അതിന്റെ തികവിൽ ഒഴുകുന്നതിനെ പ്രതീകപ്പെടുത്തുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് യേശുവിനു നൽകുന്ന കൂർമതയുളള കാഴ്ചശക്തിയെ സൂചിപ്പിച്ചുകൊണ്ട് യോഹന്നാൻ “ഏഴു കണ്ണു” എന്നനിലയിലും അവയെ പിന്നീടു വർണിക്കുന്നു. (വെളിപ്പാടു 5:6) അങ്ങനെ, സ്ഥിതിചെയ്യുന്ന ഏത് അവസ്ഥയുടെയും മറ നീക്കുന്നതിനും അതു കൈകാര്യം ചെയ്യുന്നതിനും അവൻ പ്രാപ്തനാണ്. (മത്തായി 10:26; 1 കൊരിന്ത്യർ 4:5) ജീവനുളള, കർമനിരതമായ എന്ന ഖ്യാതി സർദിസ് സഭയ്ക്കുണ്ടായിരുന്നു. എങ്കിലും അത് ആത്മീയമായി മരിച്ചതാണെന്ന് യേശുവിനു കാണാൻ കഴിയുന്നു. പ്രത്യക്ഷത്തിൽ, അതിലെ മിക്ക അംഗങ്ങളും അവർ ക്രിസ്ത്യാനികളായിത്തീരുന്നതിനു മുമ്പത്തെ അവസ്ഥക്കു സമാനമായ ഒരു ഉദാസീനതയിലേക്കു വഴുതിവീണിരിക്കുന്നു.—താരതമ്യം ചെയ്യുക: എഫെസ്യർ 2:1-3; എബ്രായർ 5:11-14.
3. (എ) യേശുവിന് ‘ഏഴു നക്ഷത്രം’ ഉണ്ടെന്നുളള വസ്തുത “സർദ്ദിസിലെ സഭയുടെ ദൂത”ൻ പ്രത്യേകം കുറിക്കൊളേളണ്ടത് എന്തുകൊണ്ട്? (ബി) സർദിസിലെ സഭയ്ക്ക് യേശു എന്തു ശക്തമായ ബുദ്ധ്യുപദേശം കൊടുക്കുന്നു?
3 “സർദ്ദിസിലെ സഭയുടെ ദൂത”നെ താൻ ‘ഏഴു നക്ഷത്രം’ ഉളളവനാണെന്നും യേശു ഓർമപ്പെടുത്തുന്നു. മേയിക്കൽ വേലയിൽ സഭാമൂപ്പൻമാരെ നയിക്കാൻ അധികാരം ഉളളവനായിരുന്നുകൊണ്ട് യേശു അവരെ തന്റെ വലങ്കയ്യിൽ പിടിച്ചിരിക്കുന്നു. അവർ ‘വസ്തുനിഷ്ഠമായി ആടുകളുടെ അവസ്ഥ അറിയുന്നതിന്’ തങ്ങളുടെ ഹൃദയങ്ങൾ പതിപ്പിക്കണമായിരുന്നു. (സദൃശവാക്യങ്ങൾ 27:23) അതിനാൽ അവർ യേശുവിന്റെ അടുത്ത വാക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്നത് കൊളളാം: “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുളളതായി കണ്ടില്ല. ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കളളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.”—വെളിപ്പാടു 3:2, 3.
4. “ശേഷിപ്പുകളെ ശക്തീകരി”ക്കുന്നതിന് പത്രോസിന്റെ വാക്കുകൾ സർദിസ് സഭയെ സഹായിക്കുമായിരുന്നത് എങ്ങനെ?
4 സത്യം പഠിച്ചപ്പോൾ തങ്ങൾക്കാദ്യം ഉണ്ടായ സന്തോഷവും അപ്പോൾ ലഭിച്ച അനുഗ്രഹങ്ങളും സർദിസിലെ മൂപ്പൻമാർ ഓർമിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ആത്മീയപ്രവർത്തനം സംബന്ധിച്ച് അവർ മരിച്ചവരാകുന്നു. വിശ്വാസത്തിന്റെ പ്രവൃത്തികളുടെ അഭാവം നിമിത്തം അവരുടെ സഭാവിളക്ക് മിന്നിമിന്നിക്കത്തുകയാണ്. യോഹന്നാന്റെ ദർശനത്തിൽ ഏഴാത്മാക്കളാൽ പ്രതിനിധാനം ചെയ്യപ്പെട്ട “സ്വർഗ്ഗത്തിൽനിന്നു അയച്ച പരിശുദ്ധാത്മാവിനാൽ” ഘോഷിക്കപ്പെട്ടതും ക്രിസ്ത്യാനികൾ സ്വീകരിച്ചതുമായ മഹത്തായ സുവാർത്തയോടു വിലമതിപ്പു കെട്ടുപണിചെയ്യാൻ അപ്പോസ്തലനായ പത്രോസ് വർഷങ്ങൾക്കുമുമ്പ് ഏഷ്യയിലെ (സാധ്യതയനുസരിച്ച് സർദിസുൾപ്പെടെ) സഭകൾക്ക് എഴുതി. അവർ ‘അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു അവരെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയിലും രാജകീയ പുരോഹിതവർഗ്ഗത്തിലും വിശുദ്ധവംശത്തിലും സ്വന്തജനത്തിലും’ ഉൾപ്പെട്ടവരാണെന്നു പത്രോസ് ആസ്യയിലെ ആ ക്രിസ്ത്യാനികളെ ഓർമപ്പെടുത്തുകയുമുണ്ടായി. (1 പത്രൊസ് 1:12, 25; 2:9) അത്തരം ആത്മീയ സത്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതു പശ്ചാത്തപിക്കുന്നതിനും “ശേഷിപ്പുകളെ ശക്തീകരി”ക്കുന്നതിനും സർദിസ് സഭയെ സഹായിക്കും.—താരതമ്യം ചെയ്യുക: 2 പത്രൊസ് 3:9.
5. (എ) സർദിസിലെ ക്രിസ്ത്യാനികളുടെ വിലമതിപ്പിന് എന്തു സംഭവിച്ചു? (ബി) സർദിസിലെ ക്രിസ്ത്യാനികൾ യേശുവിന്റെ ബുദ്ധ്യുപദേശത്തോടു പ്രതികരിക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കും?
5 ഇപ്പോൾ സത്യത്തോടുളള അവരുടെ വിലമതിപ്പും സ്നേഹവും മിക്കവാറും അണഞ്ഞുപോയ തീപോലെയാണ്. ഏതാനും ചില കനലുകൾ മാത്രം തുടർന്നു ജ്വലിക്കുന്നു. തീപ്പൊരി ജ്വലിപ്പിക്കാനും തീ ഇളക്കിക്കത്തിക്കാനും അവരുടെ അവഗണന എന്തിലേക്കു നയിച്ചോ ആ പാപങ്ങൾ സംബന്ധിച്ചു പശ്ചാത്തപിക്കാനും ഒരിക്കൽക്കൂടെ ആത്മീയമായി ജീവനുളള ഒരു സഭയായിത്തീരാനും യേശു അവരെ പ്രോത്സാഹിപ്പിക്കുന്നു. (താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 1:6, 7.) അല്ലാത്തപക്ഷം, ന്യായവിധിനടത്താൻ യേശു ‘ഒരു കളളനെപ്പോലെ’ അപ്രതീക്ഷിതമായി വരുമ്പോൾ സർദിസ് സഭ ഒരുക്കമില്ലാത്തതായിരിക്കും.—മത്തായി 24:43, 44.
“കളളനെപ്പോലെ” വരുന്നു
6. യേശു 1918-ൽ “കളളനെപ്പോലെ” വന്നതെങ്ങനെ, തന്റെ അനുഗാമികളെന്ന് അവകാശപ്പെട്ടിരുന്നവരുടെയിടയിൽ അവൻ എന്തവസ്ഥ കണ്ടെത്തി?
6 താൻ “കളളനെപ്പോലെ” വരുമെന്ന യേശുവിന്റെ മുന്നറിയിപ്പു നമ്മുടെ ആധുനികകാലംവരെ എത്തുന്നു. കർത്താവിന്റെ ദിവസത്തിലേക്ക് അതിജീവിച്ച ക്രിസ്ത്യാനികൾക്ക് ഇതിനൊരു പ്രത്യേക പ്രയുക്തിയുണ്ട്. മലാഖിയുടെ പ്രവചനത്തിന് 1914 കഴിഞ്ഞ ഉടനെ ഒരു നിവൃത്തിയുണ്ടായി: “നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാഖി 3:1; വെളിപ്പാടു 1:10) ‘നിയമദൂതൻ’ എന്നനിലയിൽ യേശു തന്റെ അനുഗാമികളെന്ന് അവകാശപ്പെട്ടവരെ പരിശോധിക്കുന്നതിനും വിധിക്കുന്നതിനുമായി വന്നു. (1 പത്രൊസ് 4:17) ആ സമയത്ത്, 1918-ൽ ക്രൈസ്തവലോകം ഒന്നാം ലോകമഹായുദ്ധത്തിലെ രക്തച്ചൊരിച്ചിലിൽ പങ്കെടുക്കുകയായിരുന്നു, ആത്മീയമായിപ്പറഞ്ഞാൽ പൂർണമായി മരിച്ച അവസ്ഥയിലുമായിരുന്നു. യുദ്ധത്തിനു മുമ്പു വളരെ തീക്ഷ്ണതയോടെ പ്രസംഗിച്ചിരുന്ന സത്യക്രിസ്ത്യാനികൾ പോലും ആത്മീയ മയക്കത്തിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. അവരിൽ ചില പ്രമുഖ മൂപ്പൻമാർ ജയിലിലടയ്ക്കപ്പെടുകയും പ്രസംഗപ്രവർത്തനം മിക്കവാറും നിന്നുപോവുകയും ചെയ്തു. അടുത്തവർഷം യഹോവയുടെ ആത്മാവ് ഈ ക്രിസ്ത്യാനികളെ ഉണർത്തിയപ്പോൾ എല്ലാവരും ഒരുക്കമുളളവർ അല്ലായിരുന്നു. യേശുവിന്റെ ഉപമയിലെ ബുദ്ധിയില്ലാത്ത കന്യകമാരെപ്പോലെ ചിലർ യഹോവയെ സേവിക്കുന്ന പദവിക്കുവേണ്ടി ആത്മീയമായി സജ്ജരല്ലായിരുന്നു. എങ്കിലും സന്തോഷകരമെന്നു പറയട്ടെ, ബുദ്ധിയുളള കന്യകമാരെപ്പോലെ, “നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ” എന്ന യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിച്ച അനേകർ ഉണ്ടായിരുന്നു.—മത്തായി 25:1-13.
7. ക്രിസ്ത്യാനികൾ ഇന്ന് ഉണർന്നിരിക്കേണ്ട ആവശ്യമുളളത് എന്തുകൊണ്ട്?
7 ഒരു ക്രിസ്ത്യാനി ജാഗ്രതയുളളവനായിരിക്കേണ്ടതിന്റെ ആവശ്യം കർത്താവിന്റെ ദിവസത്തിന്റെ ആദ്യഘട്ടത്തിൽ അവസാനിച്ചില്ല. “അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം” സംബന്ധിച്ചുളള തന്റെ വലിയ പ്രവചനത്തിൽ യേശു ഒരു ശക്തമായ മുന്നറിയിപ്പു നൽകി: “ആ നാളും നാഴികയും സംബന്ധിച്ചോ . . . ആരും . . . അറിയുന്നില്ല. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ [ഉണർന്നിരിപ്പിൻ, NW]; ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.” (മർക്കൊസ് 13:4, 32, 33, 37) അതെ, ഈ നാഴികവരെ, അഭിഷിക്തരിൽപെട്ടവരായാലും മഹാപുരുഷാരത്തിൽപെട്ടവരായാലും നാം ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ടതിന്റെയും ആത്മീയ ഉറക്കത്തിലേക്കു വഴുതിവീഴുന്നതിനെതിരെ പോരാടേണ്ടതിന്റെയും ആവശ്യമുണ്ട്. യഹോവയുടെ ദിവസം ‘രാത്രിയിൽ ഒരു കളളനെന്നപോലെ’ വരുമ്പോൾ ഒരു അനുകൂലവിധി ലഭിക്കുന്നതിനു നാം നന്നായി ഉണർന്നിരിക്കുന്നതായി കണ്ടെത്താൻ ഇടയാകട്ടെ.—1 തെസ്സലൊനീക്യർ 5:2, 3; ലൂക്കൊസ് 21:34-36; വെളിപ്പാടു 7:9.
8. ആത്മീയമായി ജീവനുളളവരായിരിക്കാൻ യോഹന്നാൻവർഗം ഇന്നു ദൈവജനത്തെ ഉത്തേജിപ്പിച്ചിരിക്കുന്നതെങ്ങനെ?
8 ആത്മീയമായി ജീവനുളളവരായിരിക്കാൻ ദൈവത്തിന്റെ ജനത്തെ ഉത്തേജിപ്പിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ഇന്നു യോഹന്നാൻവർഗംതന്നെ ഉണർന്നിരിക്കുകയാണ്. ഈ ലക്ഷ്യത്തിൽ മുഴുഭൂമിയിലും വർഷത്തിൽ പലപ്രാവശ്യം പ്രത്യേക കൂട്ടങ്ങൾ ക്രമീകരിക്കപ്പെടുന്നു. ഈയിടെ ഒരു വർഷത്തിൽ 1,513 ഡിസ്ട്രിക്ററ് കൺവെൻഷനുകളിലെ ഹാജർ മൊത്തം 74,88,266 ആയിരുന്നു, 1,31,870 പുതിയ വിശ്വാസികൾ സ്നാപനമേൽക്കുകയും ചെയ്തു. നൂറിൽപ്പരം വർഷങ്ങളായി യഹോവയുടെ നാമവും ഉദ്ദേശ്യവും പ്രസിദ്ധമാക്കാൻ യോഹന്നാൻവർഗം വീക്ഷാഗോപുരം മാസിക ഉപയോഗിച്ചിരിക്കുന്നു. രണ്ടു ലോകമഹായുദ്ധങ്ങളിലെ ഘോരമായ പീഡനങ്ങളോടുളള പ്രതികരണമായി “നിർഭയർ അനുഗൃഹീതരാകുന്നു” (1919), “പ്രവർത്തനത്തിനുളള ഒരു ആഹ്വാനം” (1925), “പീഡനത്തിന്റെ പരാജയം” (1942) എന്നിങ്ങനെയുളള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടു വീക്ഷാഗോപുരം (ഇംഗ്ലീഷ്) യഹോവയുടെ സാക്ഷികളെ ഒരു പുതുക്കിയ തീക്ഷ്ണതയിലേക്ക് ഉണർത്തി.
9. (എ) എല്ലാ ക്രിസ്ത്യാനികളും തങ്ങളോടുതന്നെ എന്തു ചോദിച്ചുകൊണ്ടിരിക്കണം? (ബി) വീക്ഷാഗോപുരം എന്തു പ്രോത്സാഹനം നൽകിയിട്ടുണ്ട്?
9 സർദിസിലെപ്പോലെ, ഇന്നത്തെ സഭകളിലും തുടർച്ചയായ ആത്മപരിശോധന എല്ലാ ക്രിസ്ത്യാനികൾക്കും ജീവൽപ്രധാനമാണ്. നാമെല്ലാം നമ്മോടുതന്നെ ഇപ്രകാരം ചോദിച്ചുകൊണ്ടിരിക്കണം: ദൈവമുമ്പാകെ നമ്മുടെ ‘പ്രവൃത്തി പൂർണ്ണതയുളളത്’ ആണോ? മററുളളവരെ വിധിക്കാതെ നാം വ്യക്തിപരമായി ആത്മത്യാഗത്തിന്റെ ആത്മാവു നട്ടുവളർത്തുകയും ദൈവത്തിനു മുഴുദേഹിയോടുകൂടിയ സേവനം അർപ്പിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നുണ്ടോ? ഈ ബന്ധത്തിൽ, “നിങ്ങൾ ആത്മസുഖാസക്തനാണോ അതോ ആത്മത്യാഗിയാണോ?” “തീവ്രമായി പ്രയത്നിക്കുക” a എന്നിങ്ങനെയുളള വിഷയങ്ങൾ ചർച്ചചെയ്തുകൊണ്ടു വീക്ഷാഗോപുരം മാസിക പ്രോത്സാഹനം നൽകിയിട്ടുണ്ട്. തിരുവെഴുത്തുപരമായ അത്തരം സഹായമുളളതിനാൽ, യഹോവയുടെ മുമ്പാകെ നിർമലതയിൽ നടക്കാൻ വിനീതമായും പ്രാർഥനാപൂർവകവും ശ്രമിക്കവേ നമുക്കു നമ്മുടെ ആന്തരികവ്യക്തിത്വങ്ങളെ ശോധനചെയ്യാം.—സങ്കീർത്തനം 26:1-3; 139:23, 24.
“കുറെ പേർ”
10. സർദിസിലെ സഭയിൽ ഏതു പ്രോത്സാഹജനകമായ ഘടകം യേശു ശ്രദ്ധിച്ചു, ഇതു നമ്മെ എങ്ങനെ ബാധിക്കണം?
10 സർദിസ് സഭയ്ക്കുളള യേശുവിന്റെ അടുത്ത വാക്കുകൾ അത്യന്തം പ്രോത്സാഹജനകമാണ്. അവൻ പറയുന്നു: “എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ടു. അവർ യോഗ്യൻമാരാകയാൽ വെളള ധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെളളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതൻമാരുടെ മുമ്പിലും അവന്റെ പേർ ഏററുപറയും.” (വെളിപ്പാടു 3:4, 5) ഈ വചനങ്ങൾ നമ്മെ ഉണർത്തുകയും വിശ്വസ്തരായിരിക്കാനുളള നമ്മുടെ തീരുമാനത്തെ ശക്തീകരിക്കുകയും ചെയ്യുന്നില്ലേ? മൂപ്പൻമാരുടെ ഒരു സംഘത്തിന്റെ ഭാഗത്തെ അവഗണനമൂലം ഒരു സഭ മൊത്തത്തിൽ ഗാഢമായ ആത്മീയ ഉറക്കത്തിലേക്കു വീണുപോയേക്കാം. എന്നുവരികിലും, അതിലെ ചില വ്യക്തികൾ തങ്ങളുടെ ക്രിസ്തീയ വ്യക്തിത്വം ശുദ്ധമായും കളങ്കരഹിതമായും സൂക്ഷിക്കാൻ ധീരമായി പ്രയത്നിച്ചേക്കാം, അങ്ങനെ യഹോവയുടെ മുമ്പാകെ ഒരു നല്ല നാമം ഉണ്ടായിരിക്കുന്നതിൽ തുടർന്നുകൊണ്ടുതന്നെ.—സദൃശവാക്യങ്ങൾ 22:1.
11, 12. (എ) വലിയ വിശ്വാസത്യാഗത്തിന്റെ കാലത്തുപോലും സർദിസിലെ വിശ്വസ്തരായ ‘കുറെ പേരെ’ പോലെ ചിലർ എങ്ങനെയുളളവർ ആയിരുന്നിരിക്കണം? (ബി) കർത്താവിന്റെ ദിവസത്തിൽ ഗോതമ്പുസമാന ക്രിസ്ത്യാനികൾക്ക് എന്തു വിടുതൽ കൈവന്നു?
11 അതെ, ആ “ഉടുപ്പ്” ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഒരു വ്യക്തിയുടെ നീതിയുളള വ്യതിരിക്ത വ്യക്തിത്വത്തെ പരാമർശിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 16:15; 19:8.) ബഹുഭൂരിപക്ഷത്തിന്റെയും ഉദാസീനത ഗണ്യമാക്കാതെ “കുറെ പേർ,” സർദിസിലെ ഏതാനും അഭിഷിക്ത ക്രിസ്ത്യാനികൾ, അപ്പോഴും ഈ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിരുന്നതായി കാണുന്നത് യേശുവിന് ഉൻമേഷദായകമായിരുന്നിരിക്കണം. അതുപോലെതന്നെ, വലിയ വിശ്വാസത്യാഗത്തിന്റെ നീണ്ട നൂററാണ്ടുകളിൽ നാമധേയക്രിസ്ത്യാനികൾ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിൽ ലയിച്ചപ്പോൾ വൈഷമ്യങ്ങൾ ഉണ്ടായിരുന്നിട്ടും യഹോവയുടെ ഇഷ്ടം ചെയ്യാൻ ശ്രമിച്ച ഏതാനും വ്യക്തികൾ എപ്പോഴും ഉണ്ടായിരുന്നിരിക്കണം. വിഭാഗീയകളകളുടെ ഒരു ബാഹുല്യത്തിനിടയിൽ മറഞ്ഞുകിടന്ന ഗോതമ്പുപോലെ ഇവർ നീതിയുളളവരായിരുന്നു.—വെളിപ്പാടു 17:3-6; മത്തായി 13:24-29.
12 ഈ ഗോതമ്പുസമാന ക്രിസ്ത്യാനികളോടുകൂടെ താൻ “ലോകാവസാനത്തോളം എല്ലാനാളും” ഉണ്ടായിരിക്കുമെന്ന് യേശു വാഗ്ദത്തം ചെയ്തു. അവർ ആരാണെന്നും തങ്ങൾക്കുതന്നെ അവർ ഏതു നല്ല പേർ സമ്പാദിച്ചുവെന്നും അവനറിയാം. (മത്തായി 28:20; സഭാപ്രസംഗി 7:1) കർത്താവിന്റെ ദിവസത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ആ ‘കുറച്ചു’ വിശ്വസ്തരുടെ സന്തോഷം ഒന്നു ഭാവനയിൽ കാണുക! അവർ ആത്മീയമായി മരിച്ച ക്രൈസ്തവലോകത്തിൽനിന്ന് ഒടുവിൽ വേർപെടുത്തപ്പെടുകയും സ്മിർണസഭയെപ്പോലെ നീതിയുളള ഒരു സഭയായി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.—മത്തായി 13:40-43.
13. തങ്ങളുടെ “ഉടുപ്പു മലിന”മാക്കാത്ത അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എന്തനുഗ്രഹങ്ങൾ കരുതിയിരിക്കുന്നു?
13 സർദിസിൽ അവസാനത്തോളം വിശ്വസ്തരായിരിക്കുകയും തങ്ങളുടെ ക്രിസ്തീയ വ്യക്തിത്വം കളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവർ ഒരു അത്ഭുതകരമായ പ്രത്യാശയുടെ സാക്ഷാത്കാരം നേടുന്നു. യേശുവിന്റെ മിശിഹൈകരാജ്യം 1914-ൽ സ്ഥാപിതമായതിനുശേഷം അവർ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും വിജയികളെന്ന നിലയിൽ അവരുടെ കുററമററതും കളങ്കമേൽക്കാത്തതുമായ നീതിയുടെ പ്രതീകമായി വെളളയുടുപ്പു ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിലൂടെ നടന്നിരിക്കുന്നതിനാൽ അവർ ഒരു നിത്യപ്രതിഫലം ആസ്വദിക്കും.—മത്തായി 7:14; ഇതുകൂടെ കാണുക: വെളിപാട് 6:9-11.
ജീവപുസ്തകത്തിൽ എന്നേക്കും!
14. “ജീവപുസ്തകം,” എന്താണ്, അതിൽ ആരുടെ പേരുകൾ രേഖപ്പെടുത്തുന്നു?
14 “ജീവപുസ്തകം” എന്താണ്, കൂടാതെ അതിൽ ആരുടെ പേരുകൾ നിലനിർത്തപ്പെടും? ജീവന്റെ പുസ്തകം അഥവാ ചുരുൾ നിത്യജീവനാകുന്ന പ്രതിഫലം പ്രാപിക്കുന്നവരുടെ നിരയിൽ വരുന്ന യഹോവയുടെ ദാസൻമാരുടെ രേഖയെ പരാമർശിക്കുന്നു. (മലാഖി 3:16) ഇവിടെ വെളിപാടിൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ പേരുകൾ വിശേഷാൽ പരാമർശിക്കുന്നു. എന്നാൽ ഭൂമിയിലെ നിത്യജീവൻ പ്രാപിക്കാനുളളവരുടെ പേരുകളും അവിടെ രേഖപ്പെടുത്തപ്പെടുന്നു. അതിലുപരി, ആ പുസ്തകത്തിൽ നിന്നു പേരുകൾ ‘മായ്ച്ചുകളകയും’ ചെയ്യാം. (പുറപ്പാടു 32:32, 33) എന്നുവരികിലും, തങ്ങളുടെ മരണംവരെ ജീവപുസ്തകത്തിൽ പേർ നിലനിർത്തുന്ന യോഹന്നാൻവർഗത്തിൽ പെട്ടവർ സ്വർഗത്തിലെ അമർത്ത്യജീവൻ പ്രാപിക്കുന്നു. (വെളിപ്പാടു 2:10) യേശു തന്റെ പിതാവിന്റെയും അവന്റെ ദൂതൻമാരുടെയും മുമ്പാകെ വിശേഷാൽ അംഗീകരിച്ചു പറയുന്ന പേരുകൾ ഇവയാണ്. ആ പ്രതിഫലം എത്ര മഹനീയം!
15. മഹാപുരുഷാരത്തിലെ അംഗങ്ങൾക്ക് അവരുടെ പേരുകൾ ജീവപുസ്തകത്തിൽ മായാതെ എഴുതിക്കിട്ടുന്നതെങ്ങനെ?
15 ജീവപുസ്തകത്തിൽ ആരുടെ പേരുകൂടെ എഴുതപ്പെടുന്നുവോ ആ മഹാപുരുഷാരം മഹോപദ്രവത്തിൽ നിന്നു ജീവനോടെ പുറത്തു വരും. യേശുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്തുടനീളവും അതിനുശേഷമുളള നിർണായക പരിശോധനയിലും വിശ്വാസം പ്രകടമാക്കുന്നതിനാൽ ഇവർക്കു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രതിഫലം നൽകപ്പെടും. (ദാനീയേൽ 12:1; വെളിപ്പാടു 7:9, 14; 20:15; 21:4) അപ്പോൾ അവരുടെ പേരുകൾ ജീവപുസ്തകത്തിൽ മായാതെ എഴുതപ്പെട്ടിരിക്കും. പരിശുദ്ധാത്മാവു മുഖേന ഇവിടെ എന്തവതരിപ്പിച്ചിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കെ, “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ” എന്ന യേശുവിന്റെ ആവർത്തിച്ചുളള ഈ പ്രബോധനത്തോടു നിങ്ങൾ ഉത്സാഹത്തോടെ പ്രതികരിക്കുന്നില്ലേ?—വെളിപ്പാടു 3:6.
[അടിക്കുറിപ്പുകൾ]
a ആഗസ്ററ് 1, 1978-ലെയും ജനുവരി 15, 1986-ലെയും വീക്ഷാഗോപുരം (ഇംഗ്ലീഷ്) കാണുക.
[അധ്യയന ചോദ്യങ്ങൾ]
[57-ാം പേജിലെ ചിത്രം]
നിങ്ങളുടെ പേർ ജീവപുസ്തകത്തിൽ നിലനിൽക്കട്ടെ