തീയിൽ ശുദ്ധിചെയ്ത സ്വർണം വിലയ്ക്കുവാങ്ങുക
അധ്യായം 13
തീയിൽ ശുദ്ധിചെയ്ത സ്വർണം വിലയ്ക്കുവാങ്ങുക
ലവോദിക്യ
1, 2. മഹത്ത്വീകരിക്കപ്പെട്ട യേശുവിൽനിന്ന് ഒരു സന്ദേശം സ്വീകരിക്കുന്ന ഏഴു സഭകളിൽ അവസാനത്തേതിന്റെ സ്ഥാനം ഏതാണ്, ആ നഗരത്തിന്റെ ചില സവിശേഷതകൾ ഏവ?
പുനരുത്ഥാനം പ്രാപിച്ച യേശുവിൽ നിന്ന് ഒരു സന്ദേശം സ്വീകരിക്കുന്ന ഏഴു സഭകളിൽ അവസാനത്തേതു ലവോദിക്യയാണ്. കണ്ണുതുറപ്പിക്കുന്ന, ഉത്തേജകമായ എന്തെന്തു വിവരങ്ങൾ അതു പകർന്നുതരുന്നു!
2 ഇന്ന്, അലസഹീറിൽനിന്ന് ഏകദേശം 88 കിലോമീററർ തെക്കുകിഴക്കായി ഡെനിസ്ലിക്കടുത്ത് ലവോദിക്യയുടെ നാശാവശിഷ്ടങ്ങൾ നിങ്ങൾ കണ്ടെത്തും. ഒന്നാം നൂററാണ്ടിൽ ലവോദിക്യ ഒരു സമ്പന്ന നഗരമായിരുന്നു. ഒരു പ്രധാനപാതയുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്തിരുന്ന ആ നഗരം ഒരു മുഖ്യ ബാങ്കിങ്-വാണിജ്യ കേന്ദ്രമായിരുന്നു. പ്രസിദ്ധമായ ഒരു നേത്രലേപനത്തിന്റെ വിൽപ്പന അതിന്റെ സമ്പത്തു വർധിപ്പിച്ചു. നല്ല കറുത്ത കമ്പിളിരോമത്തിൽ നിന്നു പ്രാദേശികമായി ഉത്പാദിപ്പിച്ചിരുന്ന മേത്തരം വസ്ത്രങ്ങൾക്കും അതു പ്രശസ്തമായിരുന്നു. നഗരത്തിന്റെ ഒരു പ്രധാന പ്രശ്നമായ ജലക്ഷാമം, കുറച്ചകലെ ചൂടുറവുകളിൽനിന്നു വെളളം തിരിച്ചുവിട്ടുകൊണ്ടു പരിഹരിച്ചിരുന്നു. അങ്ങനെ വെളളം നഗരത്തിലെത്തുമ്പോഴേക്കും ശീതോഷ്ണസ്ഥിതിയിൽ ആകുമായിരുന്നു.
3. ലവോദിക്യയിലെ സഭയ്ക്കുളള സന്ദേശം യേശു ആരംഭിക്കുന്നത് എങ്ങനെ?
3 ലവോദിക്യ കൊലോസ്യക്കു സമീപമായിരുന്നു. കൊലോസ്യർക്ക് എഴുതുമ്പോൾ അപ്പോസ്തലനായ പൗലോസ് ലവോദിക്യർക്കു താൻ അയച്ചിരുന്ന ഒരു ലേഖനത്തെ പരാമർശിക്കുന്നു. (കൊലൊസ്സ്യർ 4:15, 16) പൗലോസ് ആ ലേഖനത്തിൽ എന്തെഴുതിയെന്നു നമുക്കറിയില്ല. എന്നാൽ യേശു ഇപ്പോൾ ലവോദിക്യർക്ക് അയക്കുന്ന സന്ദേശം, അവർ ദുഃഖകരമായ ഒരു ആത്മീയ അവസ്ഥയിലേക്കു വീണുപോയിരിക്കുന്നുവെന്നു പ്രകടമാക്കുന്നു. എന്നുവരികിലും, പതിവുപോലെ യേശു ആദ്യം തന്റെ യോഗ്യതയുടെ തെളിവുകൾ അവതരിപ്പിച്ചുകൊണ്ടു പറയുന്നു: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുട ആരംഭമായ ആമേൻ എന്നുളളവൻ അരുളിച്ചെയ്യുന്നതു”.—വെളിപ്പാടു 3:14.
4. യേശു എങ്ങനെയാണ് “ആമേൻ” ആയിരിക്കുന്നത്?
4 യേശു തന്നേത്തന്നെ “ആമേൻ” എന്നു വിളിക്കുന്നതെന്തുകൊണ്ട്? ഈ സ്ഥാനപ്പേര് അവന്റെ സന്ദേശത്തിന് ആധികാരികത കൂട്ടുന്നു. “ആമേൻ” എന്നതു “തീർച്ചയായും”, “അപ്രകാരമായിരിക്കട്ടെ” എന്നർഥമുളള ഒരു എബ്രായപദത്തിന്റെ ലിപ്യന്തരണമാണ്, പ്രാർഥനകളിൽ അവതരിപ്പിക്കുന്ന ആശയങ്ങളെ ശരിവെക്കുന്നതിന് അതിന്റെ അവസാനം ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 14:16) യേശു “ആമേൻ” ആകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ കുററമററ നിർമലതയും ബലിമരണവും യഹോവയുടെ വിലപ്പെട്ട എല്ലാ വാഗ്ദത്തങ്ങളുടെയും നിവൃത്തി ഉറപ്പാക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 1:20) ആ സമയംമുതൽ എല്ലാ പ്രാർഥനകളും ഉചിതമായി യേശു മുഖാന്തരം യഹോവയെ സംബോധന ചെയ്യുന്നു.—യോഹന്നാൻ 15:16; 16:23, 24.
5. യേശു “വിശ്വസ്തനും സത്യവാനുമായ സാക്ഷി” ആയിരിക്കുന്നത് ഏതു വിധത്തിൽ?
5 യേശു “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യും ആണ്. പ്രവചനത്തിൽ അവൻ മിക്കപ്പോഴും വിശ്വസ്തതയോടും സത്യത്തോടും നീതിയോടും ബന്ധപ്പെട്ടിരിക്കുന്നു, കാരണം യഹോവയാം ദൈവത്തിന്റെ ഒരു ദാസനെന്ന നിലയിൽ അവൻ പൂർണമായും ആശ്രയയോഗ്യനാണ്. (സങ്കീർത്തനം 45:4; യെശയ്യാവു 11:4, 5; വെളിപ്പാടു 1:5; 19:11) അവൻ യഹോവയുടെ ഏററവും മഹാനായ സാക്ഷിയാണ്. വാസ്തവത്തിൽ ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്ന നിലയിൽ യേശു തുടക്കംമുതൽ തന്നെ ദൈവത്തിന്റെ മഹത്ത്വം ഘോഷിച്ചിട്ടുണ്ട്. (സദൃശവാക്യങ്ങൾ 8:22-30) ഭൂമിയിൽ ഒരു മനുഷ്യനെന്ന നിലയിൽ അവൻ സത്യത്തിനു സാക്ഷ്യം വഹിച്ചു. (യോഹന്നാൻ 18:36, 37; 1 തിമൊഥെയൊസ് 6:13) പുനരുത്ഥാനത്തിനുശേഷം യേശു തന്റെ ശിഷ്യൻമാർക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും ഇങ്ങനെ പറയുകയും ചെയ്തു: “നിങ്ങൾ . . . യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” പൊ.യു. 33-ലെ പെന്തക്കോസ്തു മുതൽ “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിക്കുന്നതിൽ ഈ അഭിഷിക്ത ക്രിസ്ത്യാനികളെ യേശു നയിച്ചു. (പ്രവൃത്തികൾ 1:6-8; കൊലൊസ്സ്യർ 1:23) വിശ്വസ്തനും സത്യവാനുമായ സാക്ഷിയെന്നു വിളിക്കപ്പെടുവാൻ യേശു സത്യമായും യോഗ്യനാണ്. അവന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിനാൽ ലവോദിക്യയിലെ അഭിഷിക്ത ക്രിസ്ത്യാനികൾ പ്രയോജനം അനുഭവിക്കുമായിരുന്നു.
6. (എ) ലവോദിക്യ സഭയുടെ ആത്മീയാവസ്ഥയെ യേശു എങ്ങനെ വർണിക്കുന്നു? (ബി) യേശുവിന്റെ ഏതു നല്ല ദൃഷ്ടാന്തം പിൻപററുന്നതിൽ ലവോദിക്യയിലെ ക്രിസ്ത്യാനികൾ പരാജയപ്പെടുകയുണ്ടായി?
6 ലവോദിക്യർക്കു വേണ്ടി യേശുവിന് എന്തു സന്ദേശമാണുളളത്? അവന് അഭിനന്ദനവചനം ഒന്നുമില്ല. അവൻ അവരോടു തുറന്നു പറയുന്നു: “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊളളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.” (വെളിപ്പാടു 3:15, 16) കർത്താവായ യേശുക്രിസ്തുവിൽ നിന്നുളള അത്തരം ഒരു സന്ദേശത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ ഉണരുകയും നിങ്ങളെത്തന്നെ പരിശോധിക്കുകയുമില്ലേ? പ്രത്യക്ഷത്തിൽ കാര്യങ്ങൾ വളരെ ലാഘവത്തോടെ എടുത്തുകൊണ്ട് ആത്മീയമായി അലസരായിത്തീർന്നിരുന്നതിനാൽ ആ ലവോദിക്യക്കാർ തീർച്ചയായും തങ്ങളെത്തന്നെ ഉണർത്തേണ്ട ആവശ്യമുണ്ട്. (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 6:1.) ക്രിസ്ത്യാനികളെന്ന നിലയിൽ അവർ അനുകരിക്കേണ്ടിയിരുന്ന യേശു, യഹോവക്കും അവന്റെ സേവനത്തിനും വേണ്ടി എപ്പോഴും ഒരു എരിയുന്ന തീക്ഷ്ണത പ്രദർശിപ്പിക്കുന്നു. (യോഹന്നാൻ 2:17) കൂടുതലായി, അസഹനീയമായ ചൂടുളള ഒരു പകൽസമയത്ത് ഒരു കപ്പ് ശീതജലംപോലെ ഉൻമേഷം പകരുന്നവനായി, വിനയവും താഴ്മയുമുളളവനായി സൗമ്യതയുളളവർ യേശുവിനെ കണ്ടിരിക്കുന്നു. (മത്തായി 11:28, 29) എങ്കിലും ലവോദിക്യയിലെ ക്രിസ്ത്യാനികൾ ഉഷ്ണവാൻമാരോ ശീതവാൻമാരോ അല്ല. അവരുടെ നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ജലംപോലെ അവർ ശീതോഷ്ണവാൻമാർ ആയിത്തീർന്നിരുന്നു. അവർ യേശുവിനാൽ പൂർണമായി ത്യജിക്കപ്പെടുന്നതിന്, ‘അവന്റെ വായിൽനിന്നു ഉമിണ്ണുകളയ’പ്പെടുന്നതിന് അർഹരാണ്! യേശു ചെയ്തതുപോലെ മററുളളവർക്ക് ആത്മീയ ഉൻമേഷം പകരുന്നതിനു നമ്മുടെ ഭാഗത്തു നമുക്ക് ഉത്സാഹപൂർവം പ്രയത്നിക്കാം.—മത്തായി 9:35-38.
‘“ഞാൻ ധനവാൻ” എന്നു നീ പറയുന്നു’
7. (എ) ലവോദിക്യയിലെ ക്രിസ്ത്യാനികളുടെ പ്രശ്നത്തിന്റെ മൂലകാരണം യേശു തിരിച്ചറിയിക്കുന്നത് എങ്ങനെ? (ബി) ലവോദിക്യയിലെ ക്രിസ്ത്യാനികൾ ‘കുരുടരും നഗ്നരും’ ആണെന്ന് യേശു പറയുന്നതെന്തുകൊണ്ട്?
7 ലവോദിക്യരുടെ പ്രശ്നത്തിന്റെ മൂലകാരണം യഥാർഥത്തിൽ എന്താണ്? യേശുവിന്റെ അടുത്ത വാക്കുകളിൽനിന്ന് ഒരു നല്ല ആശയം നമുക്കു ലഭിക്കുന്നു: “ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ.” (വെളിപ്പാടു 3:17; താരതമ്യം ചെയ്യുക: ലൂക്കൊസ് 12:16-21.) ഒരു സമ്പന്നനഗരത്തിൽ ജീവിക്കുന്നതുകൊണ്ട് അവരുടെ സമ്പത്തു നിമിത്തം അവർക്ക് ആത്മവിശ്വാസം തോന്നുന്നു. സാധ്യതയനുസരിച്ച്, കളിക്കളങ്ങളും നാടകശാലകളും കായികാഭ്യാസക്കളരികളും അവരുടെ ജീവിതരീതിയെ ബാധിച്ചിരിക്കുന്നു, തന്നിമിത്തം അവർ “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”ത്തീർന്നിരിക്കുന്നു. a (2 തിമൊഥെയൊസ് 3:4) എന്നാൽ ഭൗതികമായി സമ്പന്നരായ ലവോദിക്യർ ആത്മീയമായി ദരിദ്രരാണ്. ‘സ്വർഗ്ഗത്തിൽ സ്വരൂപിച്ച നിക്ഷേപം’ അവർക്കുണ്ടായിരുന്നെങ്കിൽത്തന്നെ അല്പമേ ഉണ്ടായിരുന്നുളളൂ. (മത്തായി 6:19-21) തങ്ങളുടെ ജീവിതത്തിൽ ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് അവർ തങ്ങളുടെ കണ്ണുകൾ ലളിതമായി സൂക്ഷിച്ചില്ല. അവർ യഥാർഥത്തിൽ അന്ധകാരത്തിലാണ്, ആത്മീയ ദർശനമൊന്നുമില്ലാതെ അന്ധരാണ്. (മത്തായി 6:22, 23, 33) അതിനുപുറമേ, അവരുടെ ഭൗതിക സമ്പത്തുകൊണ്ടു വാങ്ങിച്ചിരിക്കാവുന്ന മേത്തരം അങ്കികൾ ഉണ്ടായിരുന്നിട്ടും യേശുവിന്റെ ദൃഷ്ടിയിൽ അവർ നഗ്നരാണ്. ക്രിസ്ത്യാനികളെന്നു തങ്ങളെ തിരിച്ചറിയിക്കുന്നതിന് അവർക്ക് ആത്മീയ അങ്കികൾ ഇല്ല.—താരതമ്യം ചെയ്യുക: വെളിപ്പാടു 16:15.
8. (എ) ലവോദിക്യയിലേതുപോലുളള ഒരവസ്ഥ ഇന്നും സ്ഥിതിചെയ്യുന്നത് ഏതു വിധത്തിൽ? (ബി) അത്യാഗ്രഹം നിറഞ്ഞ ഈ ലോകത്തിൽ ചില ക്രിസ്ത്യാനികൾ തങ്ങളെത്തന്നെ വഞ്ചിച്ചിരിക്കുന്നത് എങ്ങനെ?
8 എന്തൊരു ഞെട്ടിക്കുന്ന അവസ്ഥ! എന്നാൽ സമാനമായ ഒരവസ്ഥ ഇക്കാലത്തു നാം പലപ്പോഴും കാണാറില്ലേ? മൂലകാരണം എന്താണ്? അതു ഭൗതിക സ്വത്തുക്കളിലും മാനുഷിക പ്രാപ്തികളിലുമുളള ആശ്രയത്വത്തിൽനിന്ന് ഉത്ഭവിക്കുന്ന ആത്മവിശ്വാസത്തിന്റെ ഒരു മനോഭാവമാണ്. ക്രൈസ്തവലോകത്തിലെ പളളിയിൽപോക്കുകാരെപ്പോലെ, വല്ലപ്പോഴും യോഗങ്ങൾക്കു സംബന്ധിച്ചുകൊണ്ടു തങ്ങൾക്കു ദൈവത്തെ പ്രസാദിപ്പിക്കാനാകുമെന്നു ചിന്തിച്ച്, യഹോവയുടെ ജനത്തിൽ ചിലർ തങ്ങളെത്തന്നെ വഞ്ചിച്ചിരിക്കുന്നു. അവർ പേരിനു മാത്രം ‘വചനം ചെയ്യുന്നവർ’ ആയി കഴിഞ്ഞുകൂടാൻ ശ്രമിക്കുന്നു. (യാക്കോബ് 1:22) യോഹന്നാൻവർഗത്തിൽ നിന്ന് ആവർത്തിച്ചുളള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും അവർ മോടിയുളള വസ്ത്രങ്ങളിലും കാറുകളിലും വീടുകളിലും, വിനോദത്തിലും ഉല്ലാസത്തിലും കേന്ദ്രീകരിച്ച ഒരു ജീവിതത്തിലും തങ്ങളുടെ ഹൃദയം പതിപ്പിക്കുന്നു. (1 തിമൊഥെയൊസ് 6:9, 10; 1 യോഹന്നാൻ 2:15-17) ഇതെല്ലാം ആത്മീയ ഗ്രാഹ്യത്തിന്റെ ഒരു മങ്ങലിൽ കലാശിക്കുന്നു. (എബ്രായർ 5:11, 12) അശ്രദ്ധയോടെ ശീതോഷ്ണാവസ്ഥയിൽ ആയിരിക്കുന്നതിനുപകരം അവർ ‘ആത്മാവിന്റെ തീ’ പുനർജ്വലിപ്പിക്കുകയും “വചനം പ്രസംഗി”ക്കുന്നതിൽ ഉൻമേഷപ്രദമായുളള തീക്ഷ്ണത പ്രകടമാക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.—1 തെസ്സലൊനീക്യർ 5:19, NW; 2 തിമൊഥെയൊസ് 4:2, 5.
9. (എ) ശീതോഷ്ണവാൻമാരായ ക്രിസ്ത്യാനികളെ യേശുവിന്റെ ഏതു വാക്കുകൾ പിടിച്ചു കുലുക്കണം, എന്തുകൊണ്ട്? (ബി) തെററിയുഴലുന്ന ‘ആടുകളെ’ സഭയ്ക്ക് എങ്ങനെ സഹായിക്കാം?
9 യേശു ശീതോഷ്ണാവസ്ഥയിലുളള ക്രിസ്ത്യാനികളെ എങ്ങനെ കണക്കാക്കുന്നു? ‘നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയുന്നില്ല’ എന്ന അവന്റെ സത്യസന്ധമായ വാക്കുകൾ അവരെ പിടിച്ചുകുലുക്കണമായിരുന്നു. അവർ തങ്ങളുടെ ഞെട്ടിക്കുന്ന അവസ്ഥ തിരിച്ചറിയാതിരിക്കുന്ന അളവോളംപോലും അവരുടെ മനസ്സാക്ഷി മരവിച്ചുപോയിരിക്കുന്നു. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 16:2; 21:2.) സഭയിലെ ഈ ഗുരുതരമായ അവസ്ഥ നിസ്സാരമായി തൂത്തുകളയാൻ പററുന്നതല്ല. തീക്ഷ്ണതയുടെ ഒരു ഉത്തമ ദൃഷ്ടാന്തം വെച്ചുകൊണ്ടും സ്നേഹപൂർവം മേയിച്ചുകൊണ്ടും മൂപ്പൻമാർക്കും അവരാൽ നിയമിക്കപ്പെടുന്ന മററുളളവർക്കും ഈ തെററിയുഴലുന്ന ‘ആടുകളെ’ തങ്ങളുടെ മുഴുഹൃദയസേവനത്തിന്റെ മുൻസന്തോഷത്തിലേക്ക് ഉണർത്താൻ കഴിഞ്ഞേക്കാം.—ലൂക്കൊസ് 15:3-7.
‘ധനവാൻ ആയിത്തീരുന്നതിനു’ ബുദ്ധ്യുപദേശം
10. തന്നിൽനിന്നു വിലക്കുവാങ്ങാൻ ലവോദിക്യയിലെ ക്രിസ്ത്യാനികളോട് യേശു പറഞ്ഞ “പൊന്നു” എന്താണ്?
10 ലവോദിക്യയിലെ ദുഃഖകരമായ അവസ്ഥക്ക് ഒരു പരിഹാരമുണ്ടോ? ഉണ്ട്, “നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും . . . എന്നോടു വിലെക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു” എന്ന യേശുവിന്റെ ബുദ്ധ്യുപദേശം ആ ക്രിസ്ത്യാനികൾ അനുസരിക്കുകയാണെങ്കിൽ. (വെളിപ്പാടു 3:18) തീയിൽ ശുദ്ധീകരിച്ചതും മുഴുകിട്ടവും നീക്കംചെയ്തതുമായ യഥാർഥ ക്രിസ്തീയ “പൊന്നു” അവരെ “ദൈവവിഷയമായി സമ്പന്ന”രാക്കും. (ലൂക്കൊസ് 12:21) അത്തരം പൊന്ന് അവർക്ക് എവിടെ വാങ്ങാൻ കഴിയും? സ്ഥലത്തെ പണമിടപാടുകാരിൽ നിന്നല്ല, പിന്നെയോ യേശുവിൽ നിന്ന്! സമ്പന്നരായ ക്രിസ്ത്യാനികളോടു “നൻമ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുളളവരുമായി സാക്ഷാലുളള ജീവനെ പിടിച്ചുകൊളേളണ്ടതിന്നു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും” ആജ്ഞാപിക്കാൻ തിമോത്തിയോടു പറഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസ് ആ പൊന്ന് എന്താണെന്നു വിശദീകരിച്ചു. ഈ വിധത്തിൽ തങ്ങളെത്തന്നെ ചെലവിടുന്നതിനാൽ മാത്രമേ അവർക്കു ‘സാക്ഷാലുളള ജീവനെ പിടിച്ചുകൊളളാൻ’ കഴിയുമായിരുന്നുളളൂ. (1 തിമൊഥെയൊസ് 6:17-19) ഭൗതികമായി സമ്പന്നരായിരുന്ന ലവോദിക്യർ പൗലോസിന്റെ ഉപദേശം പിൻപററുകയും അങ്ങനെ ആത്മീയമായി സമ്പന്നരായിത്തീരുകയും ചെയ്യേണ്ടിയിരുന്നു.—ഇതുകൂടെ കാണുക: സദൃശവാക്യങ്ങൾ 3:13-18.
11. “തീയിൽ ഊതിക്കഴിച്ച പൊന്നു” വിലയ്ക്കുവാങ്ങിയവരുടെ ഏത് ആധുനികകാല ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
11 “തീയിൽ ഊതിക്കഴിച്ച പൊന്നു” വിലയ്ക്കു വാങ്ങുന്നവരുടെ ആധുനികകാല ദൃഷ്ടാന്തങ്ങളുണ്ടോ? ഉണ്ട്! കർത്താവിന്റെ ദിവസം സമീപിച്ചുകൊണ്ടിരുന്നപ്പോൾ പോലും ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയ കൂട്ടം ത്രിത്വം, ദേഹിയുടെ അമർത്ത്യത, അഗ്നിനരകദണ്ഡനം, ശിശുസ്നാപനം, പ്രതിമാരാധന (കുരിശും മറിയയുടെ പ്രതിമകളും ഉൾപ്പെടെ) എന്നിങ്ങനെയുളള ക്രൈസ്തവലോകത്തിലെ പല ബാബിലോന്യ ഉപദേശങ്ങളുടെയും തെററുസംബന്ധിച്ച് ഉണരുകയായിരുന്നു. ബൈബിൾ സത്യം പരിരക്ഷിക്കുന്നതിൽ, ഈ ക്രിസ്ത്യാനികൾ മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശയായി യഹോവയുടെ രാജ്യത്തെയും രക്ഷക്കുളള അടിസ്ഥാനമായി യേശുവിന്റെ മറുവിലയാഗത്തെയും ഘോഷിക്കുകയുണ്ടായി. ഏതാണ്ട് 40 വർഷം മുൻപുതന്നെ വിജാതീയരുടെ കാലങ്ങളുടെ അവസാനമെന്ന നിലയിൽ ബൈബിൾപ്രവചനത്തിൽ അടയാളപ്പെടുത്തിയിരുന്ന വർഷമായി അവർ, ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമായിരുന്ന 1914-ലേക്കു വിരൽചൂണ്ടി.—വെളിപ്പാടു 1:10.
12. ഉണരുന്ന ക്രിസ്ത്യാനികളുടെയിടയിൽ നേതൃത്വമെടുത്ത ഒരാൾ ആരായിരുന്നു, സ്വർഗത്തിൽ നിക്ഷേപങ്ങൾ സംഭരിക്കുന്നതിൽ അദ്ദേഹം ഒരു മുന്തിയ ദൃഷ്ടാന്തം വെച്ചത് എങ്ങനെ?
12 ഉണരുന്ന ഈ ക്രിസ്ത്യാനികളുടെ ഇടയിൽ നേതൃത്വമെടുത്തിരുന്നത് ചാൾസ് റെറയ്സ് റസ്സൽ ആയിരുന്നു, അദ്ദേഹം 1870-കളുടെ ആരംഭത്തിൽ യു. എസ്. എ.യിലുളള പെൻസിൽവേനിയായിലെ (ഇപ്പോൾ പിററ്സ്ബർഗിന്റെ ഭാഗമായിരിക്കുന്ന) അല്ലഗെനിയിൽ ഒരു ബൈബിൾ പഠന ക്ലാസ്സ് രൂപീകരിച്ചു. സത്യത്തിനു വേണ്ടിയുളള അന്വേഷണം ആരംഭിച്ചപ്പോൾ റസ്സൽ തന്റെ പിതാവിന്റെ വ്യാപാരപങ്കാളിയായിരുന്നു, ഒരു ലക്ഷാധിപതിയാകാനുളള പാതയിലും ആയിരുന്നു. എന്നാൽ അദ്ദേഹം തന്റെ ശൃംഖലാ വ്യാപാര സ്ഥാപനങ്ങൾ വിൽക്കുകയും മുഴുഭൂമിയിലും ദൈവരാജ്യം പ്രസിദ്ധമാക്കുന്നതിനു ധനപരമായ സഹായം ചെയ്യാൻ തന്റെ പണം ഉപയോഗിക്കുകയും ചെയ്തു. റസ്സൽ 1884-ൽ ഇപ്പോൾ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയ എന്നറിയപ്പെടുന്ന കോർപ്പറേഷന്റെ ആദ്യത്തെ പ്രസിഡൻറായിത്തീർന്നു. അദ്ദേഹം 1916-ൽ പടിഞ്ഞാറൻ ഐക്യനാടുകളിലെ തന്റെ അന്തിമ പ്രസംഗപര്യടനത്താൽ തളർന്ന്, ന്യൂയോർക്കിലേക്കുളള യാത്രാമധ്യേ ടെക്സാസിലെ പാംപാക്കടുത്ത് ഒരു ട്രെയിനിൽവെച്ചു മൃതിയടഞ്ഞു. സ്വർഗത്തിൽ ആത്മീയ നിക്ഷേപങ്ങൾ സംഭരിക്കുന്നതിൽ അദ്ദേഹം ഒരു മുന്തിയ ദൃഷ്ടാന്തം വെച്ചു, ആത്മത്യാഗികളായ ലക്ഷക്കണക്കിനു പയനിയർ ശുശ്രൂഷകർ 1900-ങ്ങളുടെ ഈ അന്തിമഘട്ടത്തിലും പിൻപററുന്ന ഒരു മാതൃകതന്നെ.—എബ്രായർ 13:7; ലൂക്കൊസ് 12:33, 34; താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 9:16; 11:1.
ആത്മീയ നേത്രലേപനം പ്രയോഗിക്കൽ
13. (എ) ആത്മീയ നേത്രലേപനം എങ്ങനെ ലവോദിക്യരുടെ അവസ്ഥ മെച്ചപ്പെടുത്തും? (ബി) ഏതുതരം വസ്ത്രങ്ങൾ യേശു ശുപാർശ ചെയ്യുന്നു, എന്തുകൊണ്ട്?
13 ആ ലവോദിക്യരെ യേശു ഇപ്രകാരവും ശക്തമായി ഉപദേശിക്കുന്നു: “നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെളളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.” (വെളിപ്പാടു 3:18ബി) അവർ പ്രാദേശിക വൈദ്യൻമാരുടേതല്ല പിന്നെയോ യേശുവിനുമാത്രം നൽകാൻ കഴിയുന്നതരം ചികിത്സാപരമായ നേത്രലേപനം വിലയ്ക്കുവാങ്ങി തങ്ങളുടെ ആത്മീയ അന്ധതക്കു സൗഖ്യം തേടണം. അവരുടെ ശോഭനമായ കണ്ണുകൾ ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകരിച്ച്, “നീതിമാൻമാരുടെ പാത”യിൽ നടക്കാൻ അവരെ സഹായിച്ചുകൊണ്ട് ആത്മീയ വിവേകം നേടാൻ ഇതവരെ സഹായിക്കുമായിരുന്നു. (സദൃശവാക്യങ്ങൾ 4:18, 25-27) അങ്ങനെ, ലവോദിക്യയിൽ പ്രാദേശികമായി നിർമിച്ചിരുന്ന വിലകൂടിയ കറുത്ത കമ്പിളിവസ്ത്രമല്ല, പിന്നെയോ യേശുക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ അവരുടെ വിശേഷതയേറിയ വ്യതിരിക്ത വ്യക്തിത്വം വിളിച്ചറിയിക്കുന്ന മേത്തരം “വെളളയുടുപ്പു”കൾ അവർക്കു ധരിക്കാവുന്നതാണ്.—താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 2:9, 10; 1 പത്രൊസ് 3:3-5.
14. (എ) ഏത് ആത്മീയ നേത്രലേപനം 1879 മുതൽ ലഭ്യമായിരുന്നിട്ടുണ്ട്? (ബി) യഹോവയുടെ സാക്ഷികളുടെ സാമ്പത്തിക പിൻബലത്തിന്റെ ആത്യന്തിക ഉറവ് എന്തായിരുന്നിട്ടുണ്ട്? (സി) സംഭാവനകളുടെ ഉപയോഗത്തിൽ യഹോവയുടെ സാക്ഷികൾ എങ്ങനെ മററുളളവരിൽ നിന്നു വ്യത്യസ്തരായിരിക്കുന്നു?
14 ആത്മീയ നേത്രലേപനം ആധുനികകാലത്തു ലഭ്യമാണോ? തീർച്ചയായും ലഭ്യമാണ്! പാസ്ററർ റസ്സൽ—അങ്ങനെയാണ് അദ്ദേഹത്തെ വാത്സല്യപൂർവം വിളിച്ചിരുന്നത്—1879-ൽ സത്യത്തിനുവേണ്ടി വാദിച്ചുകൊണ്ട് വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന് ലോകവ്യാപകമായി ഇന്നറിയപ്പെടുന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതിന്റെ രണ്ടാം ലക്കത്തിൽ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “[ഈ മാസികക്ക്] യഹോവ അതിന്റെ പിന്തുണക്കാരനായുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു, വാസ്തവം ഇതാകയാൽ സഹായത്തിനുവേണ്ടി അത് ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല. ‘പർവതങ്ങളിലെ സ്വർണവും വെളളിയും എല്ലാം എന്റേതാകുന്നു’ എന്നു പറയുന്നവൻ ആവശ്യത്തിനുളള പണം നൽകാൻ പരാജയപ്പെടുമ്പോൾ പ്രസിദ്ധീകരണം നിർത്താനുളള സമയമായി എന്നു ഞങ്ങൾ മനസ്സിലാക്കും.” ഇരുപതാം നൂററാണ്ടിലെ ചില ടെലിവിഷൻ സുവിശേഷകർ വളരെ സമ്പത്തു വാരിക്കൂട്ടുകയും ലജ്ജാകരമായ (ചിലപ്പോൾ അധാർമികവുമായ) ആഡംബരത്തിൽ ജീവിക്കുകയും ചെയ്തിരിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 18:3.) ഇതിൽനിന്നു വ്യത്യസ്തമായി ഇന്ന് യഹോവയുടെ സാക്ഷികളെന്നറിയപ്പെടുന്ന ബൈബിൾ വിദ്യാർഥികൾ ലഭിച്ച സ്വമേധയാസംഭാവനകൾ മുഴുവൻ വരാൻപോകുന്ന യഹോവയുടെ രാജ്യത്തിന്റെ ലോകവ്യാപകമായ പ്രസംഗം സംഘടിപ്പിക്കാനും ഉന്നമിപ്പിക്കാനും ഉപയോഗിച്ചിരിക്കുന്നു. ഈ ദിവസംവരെ യോഹന്നാൻവർഗം വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ പ്രസിദ്ധീകരണത്തെ നയിച്ചുകൊണ്ടിരിക്കുന്നു, ആ മാസികകൾക്ക് 1993-ൽ 2 കോടി 90 ലക്ഷത്തിലധികത്തിന്റെ ഒരു സംയുക്തവിതരണമുണ്ടായിരുന്നു. വീക്ഷാഗോപുരം 115-ലധികം ഭാഷകളിൽ ലഭ്യമാണ്. വ്യാജമതം സംബന്ധിച്ചും സകല ജനതകളിലും സുവാർത്ത പ്രസംഗിക്കുന്നതിന്റെ അടിയന്തിരത സംബന്ധിച്ചും തങ്ങളുടെ കണ്ണുകൾ തുറന്നുകിട്ടുന്നതിന് അത്തരം ആത്മീയ നേത്രലേപനം ഉപയോഗിച്ചിട്ടുളള നാൽപ്പതുലക്ഷത്തിലധികം ക്രിസ്ത്യാനികളടങ്ങുന്ന ഒരു സഭയുടെ ഔദ്യോഗിക മാസികയാണത്.—മർക്കൊസ് 13:10.
ശാസനയിൽനിന്നും ശിക്ഷണത്തിൽനിന്നും പ്രയോജനമനുഭവിക്കൽ
15. ലവോദിക്യയിലെ ക്രിസ്ത്യാനികൾക്ക് യേശു ശക്തമായ ബുദ്ധ്യുപദേശം കൊടുക്കുന്നത് എന്തുകൊണ്ട്, അതിനോടു സഭ എങ്ങനെ പ്രതികരിക്കണമായിരുന്നു?
15 നമുക്കു ലവോദിക്യരിലേക്കു തിരികെപ്പോകാം. യേശുവിൽ നിന്നുളള നിശിതമായ ബുദ്ധ്യുപദേശത്തോട് അവർ എങ്ങനെ പ്രതികരിക്കും? അവർ അധൈര്യപ്പെടുകയും മേലാൽ തന്റെ അനുഗാമികളായിരിക്കാൻ യേശു ആഗ്രഹിക്കുന്നില്ലെന്നു വിചാരിക്കുകയും ചെയ്യണമോ? വേണ്ട, വാസ്തവം അങ്ങനെയല്ല. സന്ദേശം തുടർന്നു പറയുന്നു: “എനിക്കു പ്രിയമുളളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുളളവനായിരിക്ക; മാനസാന്തരപ്പെടുക.” (വെളിപ്പാടു 3:19) യഹോവയിൽ നിന്നുളള ശിക്ഷണം പോലെ, യേശുവിന്റെ ശിക്ഷണം അവന്റെ സ്നേഹത്തിന്റെ ഒരടയാളമാണ്. (എബ്രായർ 12:4-7) അവന്റെ വാത്സല്യനിർഭരമായ താത്പര്യം ലവോദിക്യ സഭ പ്രയോജനപ്പെടുത്തുകയും ബുദ്ധ്യുപദേശം ബാധകമാക്കുകയും ചെയ്യണമായിരുന്നു. തങ്ങളുടെ ശീതോഷ്ണസ്ഥിതി പാപം തന്നെയാണെന്നു തിരിച്ചറിഞ്ഞ് അവർ അനുതപിക്കണമായിരുന്നു. (എബ്രായർ 3:12, 13; യാക്കോബ് 4:17) അവരുടെ മൂപ്പൻമാർ ഭൗതികത്വ വഴികൾ പിമ്പിൽ വിട്ടുകളയുകയും അവർക്കു ദൈവത്തിൽനിന്നു ലഭിച്ച വരം ‘ജ്വലിപ്പിക്കുകയും’ ചെയ്യട്ടെ. ആത്മീയ നേത്രലേപനം ഫലപ്രദമാക്കിക്കൊണ്ട് സഭയിലുളള സകലരും തണുത്ത ഉറവുവെളളത്തിൽനിന്നുളള കുളിർമപോലെ ഉൻമേഷം കണ്ടെത്തട്ടെ.—2 തിമൊഥെയൊസ് 1:6; സദൃശവാക്യങ്ങൾ 3:5-8; ലൂക്കൊസ് 21:34.
16. (എ) യേശുവിന്റെ സ്നേഹവും വാൽസല്യവും ഇന്നു പ്രകടമാക്കപ്പെടുന്നത് എങ്ങനെ? (ബി) നമുക്കു ശക്തമായ ബുദ്ധ്യുപദേശം ലഭിക്കുന്നെങ്കിൽ നാം എങ്ങനെ പ്രതികരിക്കണം?
16 ഇന്നു നമ്മെ സംബന്ധിച്ചെന്ത്? യേശു ‘ലോകത്തിൽ തനിക്കുളളവരെ സ്നേഹിക്കുന്നതിൽ’ തുടരുന്നു. ഇത് അവൻ “ലോകാവസാനത്തോളം എല്ലാനാളും” ചെയ്യും. (യോഹന്നാൻ 13:1; മത്തായി 28:20) അവന്റെ സ്നേഹവും വാത്സല്യവും ആധുനികനാളിലെ യോഹന്നാൻവർഗത്തിലൂടെയും ക്രിസ്തീയ സഭയിലെ നക്ഷത്രങ്ങളിലൂടെയും അഥവാ മൂപ്പൻമാരിലൂടെയും പ്രദർശിപ്പിക്കപ്പെടുന്നു. (വെളിപ്പാടു 1:20) വളരെ വിഷമംപിടിച്ച ഈ കാലത്ത്, സ്വാതന്ത്ര്യത്തെയും ഭൗതിക അത്യാർത്തിയെയും ലോകത്തിലെ അധാർമിക ദുഷിപ്പിനെയും ചെറുത്തുകൊണ്ട് ദിവ്യാധിപത്യ വേലിക്കെട്ടുകൾക്കുളളിൽ നിൽക്കാൻ നമ്മെയെല്ലാം, പ്രായമായവരെയും ചെറുപ്പക്കാരെയും സഹായിക്കുന്നതിൽ മൂപ്പൻമാർ അഗാധതാത്പര്യം ഉളളവരാണ്. നമുക്കു ചിലപ്പോഴൊക്കെ ശക്തമായ ബുദ്ധ്യുപദേശമോ ശിക്ഷണമോ കിട്ടുന്നെങ്കിൽ “പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു” എന്ന് ഓർക്കുക. (സദൃശവാക്യങ്ങൾ 6:23) നാമെല്ലാം അപൂർണരാണ്, അതിനാൽ നാം പുനഃക്രമീകരിക്കപ്പെടുന്നതിനും ദൈവസ്നേഹത്തിൽ നിലനിൽക്കുന്നതിനും വേണ്ടി ആവശ്യമായി വരുമ്പോൾ പശ്ചാത്തപിക്കാൻ ഉത്സാഹമുളളവരും ആയിരിക്കണം.—2 കൊരിന്ത്യർ 13:11.
17. സമ്പത്ത് നമുക്ക് ആത്മീയമായി അപകടകരമായിരിക്കാവുന്നത് എങ്ങനെ?
17 നമ്മെ ശീതോഷ്ണസ്ഥിതിയിലാക്കാൻ നാം ഭൗതികത്വത്തെയോ ധനത്തെയോ ധനമില്ലായ്മയെയോ അനുവദിക്കാൻ പാടില്ല. സമ്പത്തിനു പുതിയ സേവനസാധ്യതകൾ തുറക്കുന്നതിൽ സഹായിക്കാൻ കഴിയും, എന്നാൽ അതിന് അപകടകാരിയായിരിക്കാനും കഴിയും. (മത്തായി 19:24) കാലാകാലങ്ങളിൽ ഗണ്യമായ സംഭാവനകൾ കൊടുക്കുന്നപക്ഷം, താൻ പ്രസംഗവേലയിൽ മററുളളവരെപ്പോലെ ഉത്സാഹമുളളവനായിരിക്കേണ്ടതില്ലെന്ന് ഒരു സമ്പന്നനായ വ്യക്തിക്കു തോന്നിയേക്കാം. അല്ലെങ്കിൽ ധനവാനായിരിക്കുന്നതുകൊണ്ട് താൻ ആനുകൂല്യങ്ങൾക്ക് അർഹനാണെന്ന് അയാൾക്കു തോന്നിയേക്കാം. കൂടാതെ മററുളളവർക്കു വഹിക്കാൻ കഴിയാത്ത അനേകം ഉല്ലാസങ്ങളും നേരമ്പോക്കുകളും ഒരു ധനികനുവേണ്ടി തുറന്നുകിടപ്പുണ്ട്. എന്നാൽ ആ വിനോദങ്ങൾ സമയം കവർന്നെടുക്കുകയും ജാഗ്രതയില്ലാത്തവനെ ക്രിസ്തീയ ശുശ്രൂഷയിൽനിന്നു വ്യതിചലിപ്പിക്കുകയും ചെയ്തേക്കാം, അങ്ങനെ അവിവേകിയെ ശീതോഷ്ണസ്ഥിതിയിലാക്കുന്നു. നാം അത്തരം കെണികളെല്ലാം ഒഴിവാക്കി നിത്യജീവന്റെ വീക്ഷണത്തിൽ മുഴുഹൃദയത്തോടെ ‘അദ്ധ്വാനിക്കുന്നതിലും പോരാടുന്നതിലും’ തുടരട്ടെ.—1 തിമൊഥെയൊസ് 4:8-10; 6:9-12.
‘അത്താഴം കഴിക്കൽ’
18. ലവോദിക്യയിലെ ക്രിസ്ത്യാനികളുടെ മുമ്പാകെ യേശു എന്തവസരം വെക്കുന്നു?
18 യേശു തുടർന്നു പറയുന്നു: “ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളിപ്പാടു 3:20) ലവോദിക്യയിലെ ക്രിസ്ത്യാനികൾ യേശുവിനെ തങ്ങളുടെ സഭയിലേക്കു സ്വാഗതം ചെയ്താൽ മാത്രമേ അവൻ അവരുടെ ശീതോഷ്ണാവസ്ഥ തരണംചെയ്യാൻ അവരെ സഹായിക്കുകയുളളു!—മത്തായി 18:20.
19. ലവോദിക്യ സഭയോടൊത്ത് അത്താഴം കഴിക്കാമെന്നു വാഗ്ദാനം ചെയ്യുമ്പോൾ യേശു എന്തർഥമാക്കുന്നു?
19 അത്താഴത്തെക്കുറിച്ചുളള യേശുവിന്റെ പരാമർശം അവൻ തന്റെ ശിഷ്യൻമാരോടൊത്ത് ആഹാരംകഴിച്ച സമയങ്ങൾ ലവോദിക്യരെ നിസ്സംശയമായും അനുസ്മരിപ്പിക്കുന്നു. (യോഹന്നാൻ 12:1-8) അത്തരം അവസരങ്ങൾ എല്ലായ്പോഴും സന്നിഹിതരായിരുന്നവർക്ക് ആത്മീയ അനുഗ്രഹങ്ങൾ കൈവരുത്തുകയുണ്ടായി. അതുപോലെതന്നെ യേശുവിന്റെ പുനരുത്ഥാനശേഷം അവൻ തന്റെ ശിഷ്യൻമാരോടൊപ്പം ഭക്ഷണത്തിനുണ്ടായിരുന്ന ശ്രദ്ധേയമായ സന്ദർഭങ്ങളുണ്ട്, ആ അവസരങ്ങൾ അവരെ വളരെയധികം ബലപ്പെടുത്തുകയുണ്ടായി. (ലൂക്കൊസ് 24:28-32; യോഹന്നാൻ 21:9-19) അതുകൊണ്ട്, ലവോദിക്യ സഭയിലേക്കു വന്ന് അവരോടൊത്ത് അത്താഴം കഴിക്കാമെന്നുളള അവന്റെ വാഗ്ദാനം അവർ തന്നെ സ്വീകരിക്കുമെങ്കിൽ മാത്രം അവർക്കു സമൃദ്ധമായ ആത്മീയ പ്രയോജനങ്ങൾ കൈവരുത്താമെന്നുളള ഒരു വാഗ്ദാനമാണ്.
20. (എ) കർത്താവിന്റെ ദിവസത്തിന്റെ ആരംഭത്തിങ്കൽ ക്രൈസ്തവലോകത്തിന്റെ ശീതോഷ്ണാവസ്ഥയിൽനിന്ന് എന്തു ഫലമുണ്ടായി? (ബി) യേശുവിന്റെ ന്യായവിധി ക്രൈസ്തവലോകത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു?
20 ലവോദിക്യർക്കുളള യേശുവിന്റെ സ്നേഹപൂർവകമായ പ്രബോധനത്തിന് ഇന്നു ശേഷിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്കു വലിയ പ്രാധാന്യമുണ്ട്. കർത്താവിന്റെ ദിവസം ആരംഭിച്ചപ്പോൾ ക്രൈസ്തവലോകത്തിലെ മതഭക്തർ ഞെട്ടിക്കുന്ന അളവിൽ ശീതോഷ്ണവാൻമാരായിരുന്നെന്ന് ഇവരിൽ ചിലർ ഓർക്കുന്നു. അവളുടെ വൈദികർ 1914-ൽ നമ്മുടെ കർത്താവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നതിനു പകരം ഒന്നാം ലോകമഹായുദ്ധത്തിന്റെ കൂട്ടക്കുരുതിയിൽ കുരുങ്ങിക്കിടന്നു, പോരാട്ടത്തിലായിരുന്ന 28 രാജ്യങ്ങളിൽ 24-ഉം ക്രിസ്തീയമെന്ന് അവകാശപ്പെട്ടിരുന്നു. അവരുടെ രക്തപാതകം എത്ര വലുതായിരുന്നു! ഏറെയും ക്രൈസ്തവലോകത്തിൽ നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ വ്യാജമതത്തിന്റെ പാപങ്ങൾ വീണ്ടും ‘ആകാശത്തോളം കുന്നിച്ചു.’ (വെളിപ്പാടു 18:5) കൂടുതലായി, മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സർവരാജ്യസഖ്യത്തെയും ഐക്യരാഷ്ട്രങ്ങളെയും ദേശീയത്വ വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്താങ്ങിക്കൊണ്ട്, വൈദികർ യഹോവയുടെ ആഗതമായിക്കൊണ്ടിരിക്കുന്ന രാജ്യത്തിനു തങ്ങളുടെ പുറംതിരിച്ചു കളഞ്ഞിരിക്കുന്നു. ഒരു മുക്കുവൻ തന്റെ വലയിൽ പിടിച്ച കൊളളാത്ത മൽസ്യത്തെ ഒഴിവാക്കുന്നതുപോലെ യേശു വൈദികരെ ന്യായംവിധിച്ചുകൊണ്ടും അവരെ ദൂരെയെറിഞ്ഞുകൊണ്ടും വളരെമുമ്പേതന്നെ തളളിക്കളഞ്ഞിരിക്കുന്നു. ക്രൈസ്തവലോകത്തിലെ സഭകളുടെ ഇന്നത്തെ ദയനീയസ്ഥിതി അവളുടെ ആ ന്യായവിധിയെ സാക്ഷ്യപ്പെടുത്തുന്നു. അവളുടെ അന്തിമവിധി നമുക്ക് ഒരു മുന്നറിയിപ്പായി ഉതകട്ടെ!—മത്തായി 13:47-50.
21. ലവോദിക്യയിലെ ക്രിസ്ത്യാനികൾക്കുളള യേശുവിന്റെ വാക്കുകളോട് 1919 മുതൽ സത്യസഭയിലെ ക്രിസ്ത്യാനികൾ പ്രതികരിച്ചിരിക്കുന്നത് എങ്ങനെ?
21 ഉത്തേജകമാംവിധം ചൂടുളളതോ ഉൻമേഷദായകമാംവിധം തണുപ്പുളളതോ അല്ലാത്ത ഒരു പാനീയംപോലെ ശീതോഷ്ണസ്ഥിതിയിലുളള വ്യക്തികൾ സത്യസഭയ്ക്കുളളിൽപോലും ഉണ്ടായിരുന്നിട്ടുണ്ട്. എന്നിട്ടും യേശു അപ്പോഴും തന്റെ സഭയെ ഊഷ്മളമായി സ്നേഹിക്കുന്നു. ആതിഥ്യത്തോടെ പ്രതികരിക്കുന്ന ക്രിസ്ത്യാനികൾക്ക് അവൻ തന്നേത്തന്നെ ലഭ്യമാക്കുന്നു, ഒരു അത്താഴത്തിനെന്നപോലെ അനേകർ അവനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. തത്ഫലമായി 1919 മുതൽ ബൈബിൾ പ്രവചനങ്ങളുടെ അർഥത്തിലേക്ക് അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിരിക്കുന്നു. അവർ വലിയ പ്രകാശനത്തിന്റെ ഒരു കാലഘട്ടം ആസ്വദിച്ചിരിക്കുന്നു.—സങ്കീർത്തനം 97:11; 2 പത്രൊസ് 1:19.
22. ഭാവിയിലെ ഏത് അത്താഴം യേശുവിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം, അതിൽ ആർ പങ്കെടുക്കും?
22 ലവോദിക്യരെ സംബോധന ചെയ്യുമ്പോൾ യേശുവിനു മറെറാരു അത്താഴവും മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. പിന്നീടു വെളിപാടിൽ നാം വായിക്കുന്നു: “കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാൻമാർ.” യഹോവ വ്യാജമതത്തിൻമേൽ ന്യായവിധി നടപ്പാക്കിയശേഷം അവന്റെ സ്തുതിക്കായി നടത്തപ്പെടുന്ന ഗംഭീരമായ വിജയസദ്യയാണിത്—ക്രിസ്തുവും 1,44,000 വരുന്ന അവന്റെ സമ്പൂർണ മണവാട്ടിയും സ്വർഗത്തിൽ പങ്കെടുക്കുന്ന ഒരു സദ്യതന്നെ. (വെളിപ്പാടു 19:1-9) ആ പുരാതന ലവോദിക്യ സഭയിലെ പ്രതികരിച്ച അംഗങ്ങളും—യഥാർഥ അഭിഷിക്ത ക്രിസ്ത്യാനികളെന്നനിലയിൽ തിരിച്ചറിയിക്കുന്ന ശുദ്ധമായ ഉടുപ്പു ധരിക്കുന്ന ക്രിസ്തുയേശുവിന്റെ ഇന്നത്തെ വിശ്വസ്ത സഹോദരൻമാരും—അതെ, എല്ലാവരും അത്താഴത്തിൽ തങ്ങളുടെ മണവാളനോടൊപ്പം സദ്യയുണ്ണും. (മത്തായി 22:2-13) ഉത്സാഹമുളളവരായിരിക്കുന്നതിനും പശ്ചാത്തപിക്കുന്നതിനുമുളള എത്ര ശക്തമായ ഒരു പ്രേരകം!
ജയിക്കുന്നവർക്ക് ഒരു സിംഹാസനം
23, 24. (എ) കൂടുതലായ ഏതു പ്രതിഫലത്തെക്കുറിച്ച് യേശു സംസാരിക്കുന്നു? (ബി) യേശു തന്റെ മിശിഹൈക സിംഹാസനത്തിൽ ഇരുന്നത് എപ്പോൾ, ക്രിസ്ത്യാനികളെന്ന് അഭിമാനിച്ചിരുന്നവരുടെ ന്യായവിധി അവൻ എപ്പോൾ തുടങ്ങി? (സി) യേശു തന്റെ മരണത്തിന്റെ സ്മാരകം സ്ഥാപിച്ചപ്പോൾ തന്റെ ശിഷ്യൻമാർക്ക് ഏത് അത്ഭുതകരമായ വാഗ്ദാനം നൽകി?
23 ഇപ്രകാരം പറഞ്ഞുകൊണ്ടു കൂടുതലായ ഒരു പ്രതിഫലത്തെക്കുറിച്ച് യേശു സംസാരിക്കുന്നു: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളിപ്പാടു 3:21) സങ്കീർത്തനം 110:1, 2-ലെ ദാവീദിന്റെ വാക്കുകളുടെ നിവൃത്തിയായി നിർമലതാപാലകനായ യേശു ലോകത്തെ ജയിച്ചശേഷം പൊ.യു. 33-ൽ ഉയിർപ്പിക്കപ്പെടുകയും തന്റെ പിതാവിനോടുകൂടെ അവന്റെ സ്വർഗീയ സിംഹാസനത്തിലിരിക്കുന്നതിന് ഉയർത്തപ്പെടുകയും ചെയ്തു. (പ്രവൃത്തികൾ 2:32, 33) മറെറാരു നിർണായക വർഷമായ 1914-ൽ യേശു തന്റെതന്നെ മിശിഹൈക സിംഹാസനത്തിൽ രാജാവും ന്യായാധിപനുമായി ഇരിക്കാൻ ആഗതനായി. ന്യായവിധി 1918-ൽ ക്രിസ്ത്യാനികളെന്ന് അഭിമാനിച്ചിരുന്നവരിൽ തുടങ്ങി. ആ സമയത്തിനു മുമ്പു മരിച്ചുപോയ അഭിഷിക്ത ജയശാലികൾ അപ്പോൾ ഉയിർപ്പിക്കപ്പെടുകയും തന്റെ രാജ്യത്തിലായിരിക്കുന്ന യേശുവിനോടു ചേരുകയും ചെയ്യുമായിരുന്നു. (മത്തായി 25:31; 1 പത്രൊസ് 4:17) തന്റെ മരണത്തിന്റെ സ്മാരകം സ്ഥാപിക്കുമ്പോൾ അവൻ ഇത് അവരോട് വാഗ്ദാനം ചെയ്തിരുന്നു, തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞുകൊണ്ട്: “എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.”—ലൂക്കൊസ് 22:28-30.
24 യേശുവിന്റെ പൂർണബലിയുടെ അടിസ്ഥാനത്തിൽ അനുസരണമുളള മനുഷ്യവർഗലോകത്തെ ഏദെനിക പൂർണതയിലേക്ക് ഉയർത്തുന്നതിൽ അവനോടുകൂടെ പങ്കെടുക്കാനും “പുനഃസൃഷ്ടിയുടെ” സമയത്തു വാഴുന്ന രാജാവിനോടുകൂടെ ഇരിക്കാനുമുളള എന്തൊരു അത്ഭുതകരമായ നിയമനം! (മത്തായി 19:28, NW; 20:28) യോഹന്നാൻ നമ്മെ അറിയിക്കുന്നതുപോലെ, യേശു വിജയിക്കുന്നവരെ “തന്റെ പിതാവായ ദൈവത്തിന്നു . . . രാജ്യവും പുരോഹിതൻമാരും” ആക്കിത്തീർക്കുന്നു, പ്രൗഢിയേറിയ യഹോവയുടെ സ്വന്തം സ്വർഗീയ സിംഹാസനത്തിനു ചുററും സിംഹാസനങ്ങളിൽ ഇരിക്കുവാൻതന്നെ. (വെളിപ്പാടു 1:6; 4:4) അഭിഷിക്തരിൽ പെടുന്നവരായാലും പറുദീസ പുനഃസ്ഥാപിക്കുന്നതിൽ പങ്കെടുക്കാൻ പ്രതീക്ഷിക്കുന്ന പുതിയഭൂമിസമുദായത്തിൽ പെടുന്നവരായാലും നമുക്കെല്ലാം ലവോദിക്യർക്കുളള യേശുവിന്റെ വാക്കുകൾ കാര്യമായി എടുക്കാം!—2 പത്രൊസ് 3:13; പ്രവൃത്തികൾ 3:19-21.
25. (എ) മുൻസന്ദേശങ്ങളുടെ കാര്യത്തിലെന്നപോലെ, ലവോദിക്യർക്കുളള തന്റെ സന്ദേശം യേശു എങ്ങനെ അവസാനിപ്പിക്കുന്നു? (ബി) ലവോദിക്യ സഭയ്ക്കുളള യേശുവിന്റെ വാക്കുകളോട് ഇന്നു വ്യക്തികളായ ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കണം?
25 മുൻസന്ദേശങ്ങൾ പോലെ യേശു ഇതും ഉദ്ബോധനത്തിന്റെ വാക്കുകളോടെ അവസാനിപ്പിക്കുന്നു. “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ.” (വെളിപ്പാടു 3:22) അന്ത്യകാലത്തിന്റെ പരമാന്ത്യത്തിലാണു നാം ജീവിക്കുന്നത്. സ്നേഹം സംബന്ധിച്ചു ക്രൈസ്തവലോകം തണുത്തുപോയിരിക്കുന്നു എന്നതിന്റെ തെളിവു നമുക്കു ചുററുമെല്ലാമുണ്ട്. വിപരീതമായി, സത്യക്രിസ്ത്യാനികളെന്ന നിലയിൽ നമുക്കു ലവോദിക്യ സഭയ്ക്കുളള യേശുവിന്റെ സന്ദേശത്തോട്, അതെ, സഭകൾക്കുളള നമ്മുടെ കർത്താവിന്റെ ഏഴു സന്ദേശങ്ങളോട് ആവേശത്തോടെ പ്രതികരിക്കാം. നമ്മുടെ നാളിലേക്കുളള യേശുവിന്റെ മഹത്തായ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു തീക്ഷ്ണമായ പങ്കുണ്ടായിരിക്കുന്നതിനാൽ നമുക്കിതു ചെയ്യാൻ കഴിയും: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:12-14.
26. യേശു യോഹന്നാനോട് നേരിട്ടു വീണ്ടും സംസാരിക്കുന്നത് എപ്പോൾ, എങ്കിലും അവൻ എന്തിൽ പങ്കുപററുന്നു?
26 ഏഴു സഭകൾക്കുളള യേശുവിന്റെ ബുദ്ധ്യുപദേശം അവസാനിച്ചിരിക്കുന്നു. വെളിപാടിൽ ഇനി അവസാന അധ്യായംവരെ അവൻ യോഹന്നാനോടു വീണ്ടും സംസാരിക്കുന്നില്ല; എങ്കിലും അവൻ പല ദർശനങ്ങളിലും പങ്കെടുക്കുന്നു, ഉദാഹരണത്തിന്, യഹോവയുടെ ന്യായവിധികൾ നടപ്പാക്കുന്നതിൽ. കർത്താവായ യേശുക്രിസ്തു വെളിപ്പെടുത്തിയ രണ്ടാമത്തെ ശ്രദ്ധേയമായ ദർശനം പരിശോധിക്കുന്നതിൽ നമുക്കിപ്പോൾ യോഹന്നാൻവർഗത്തോടു ചേരാം.
[അടിക്കുറിപ്പുകൾ]
a ലവോദിക്യയുടെ സ്ഥാനത്തു പുരാവസ്തുസംബന്ധമായ കുഴിക്കലിൽ ഈ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
[അധ്യയന ചോദ്യങ്ങൾ]
[73-ാം പേജിലെ ചതുരം]
ജ്ഞാനത്തിനെതിരെ ഭൗതികത്വം
അങ്ങ് 1956-ൽ ഒരു വാർത്താ കോളമെഴുത്തുകാരൻ ഇങ്ങനെയെഴുതി: “ഒരു നൂററാണ്ടുമുമ്പ് ഒരു സാധാരണ മനുഷ്യന് 72 ആഗ്രഹങ്ങളുണ്ടായിരുന്നു. ഇതിൽ 16 എണ്ണം ആവശ്യങ്ങളായി പരിഗണിച്ചിരുന്നു. ഇന്ന് ഒരു സാധാരണ മനുഷ്യന് 474 ആഗ്രഹങ്ങളുളളതായി കണക്കാക്കിയിരിക്കുന്നു. ഇതിൽ 94 എണ്ണം ആവശ്യങ്ങളായി പരിഗണിക്കപ്പെടുന്നു. ഒരു നൂററാണ്ട് മുമ്പ് 200 സാധനങ്ങൾ വാങ്ങാൻ ഒരു സാധാരണ മനുഷ്യനെ കച്ചവടക്കാരൻ പ്രേരിപ്പിച്ചിരുന്നു—എന്നാൽ ഇന്നു വില്പനയെ ചെറുത്തുനിൽക്കേണ്ട 32,000 സാധനങ്ങളുണ്ട്. മമനുഷ്യന്റെ ആവശ്യങ്ങൾ കുറവാണ്—അവന്റെ ആഗ്രഹങ്ങളോ, അനന്തം.” ഭൗതികധനവും സമ്പാദ്യങ്ങളുമാണു ജീവിതത്തിലെ പ്രധാനകാര്യമെന്ന ആശയം ഇന്ന് ആളുകളെ കുഴക്കുന്നു. അങ്ങനെ അനേകർ സഭാപ്രസംഗി 7:12-ലെ ജ്ഞാനപൂർവകമായ ഉപദേശം അവഗണിക്കാൻ ഇടയാകുന്നു: “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.”
[67-ാം പേജിലെ ചിത്രം]
ലവോദിക്യയിൽ എത്തിച്ചേർന്ന ജലം അരോചകമാംവിധം ശീതോഷ്ണമായിരുന്നു. ലവോദിക്യയിലെ ക്രിസ്ത്യാനികൾക്കു തൃപ്തികരമല്ലാത്ത ഒരു ശീതോഷ്ണ ആത്മാവുണ്ടായിരുന്നു