ദൈവകോപം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു
അധ്യായം 32
ദൈവകോപം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു
1. ഏഴു കലശങ്ങൾ മുഴുവനായും ഒഴിച്ചുകഴിയുമ്പോൾ എന്തു സംഭവിച്ചിരിക്കും, കലശങ്ങളെക്കുറിച്ച് ഇപ്പോൾ ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
ഏഴു കലശങ്ങൾ ഒഴിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന ദൂതൻമാരെ യോഹന്നാൻ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. “ഇവർ അവസാനത്തവരാണ്, എന്തുകൊണ്ടെന്നാൽ ഇവർ മുഖാന്തരം ദൈവകോപം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു” എന്ന് അവൻ നമ്മോടു പറയുന്നു. (വെളിപാട് 15:1, NW; 16:1) ഭൂമിയിൽ ദുഷ്ടതക്കുളള യഹോവയുടെ ശിക്ഷകൾ വെളിപ്പെടുത്തുന്ന ഈ ബാധകൾ മുഴുവനായും ഒഴിക്കപ്പെടണം. അവ ഒഴിച്ചുകഴിയുമ്പോൾ ദൈവത്തിന്റെ ന്യായവിധികൾ നടപ്പിലാക്കപ്പെട്ടിരിക്കും. സാത്താന്റെ ലോകം മേലാൽ ഉണ്ടായിരിക്കുകയില്ല! ഈ ബാധകൾ മനുഷ്യവർഗത്തിനും ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ ഭരണാധികാരികൾക്കും എന്ത് അശുഭസൂചനയാണു നൽകുന്നത്? നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന ഈ ലോകത്തോടൊപ്പം ബാധയേൽക്കുന്നത് ഒഴിവാക്കാൻ ക്രിസ്ത്യാനികൾക്ക് എങ്ങനെ കഴിയും? ഇവ ജീവത്പ്രധാനമായ ചോദ്യങ്ങളാണ്, ഇപ്പോൾ അവയ്ക്ക് ഉത്തരം ലഭിക്കേണ്ടിയുമിരിക്കുന്നു. നീതിയുടെ വിജയത്തിനായി നോക്കിപ്പാർത്തിരിക്കുന്ന ഏവർക്കും യോഹന്നാൻ അടുത്തതായി കാണുന്നതിൽ അതീവതാത്പര്യം ഉണ്ടായിരിക്കും.
“ഭൂമി”ക്കെതിരായ യഹോവയുടെ ക്രോധം
2. ഒന്നാമത്തെ ദൂതൻ ഭൂമിയിലേക്കു തന്റെ കലശം ഒഴിക്കുന്നതിൽനിന്ന് എന്തു ഫലമുണ്ടാകുന്നു, “ഭൂമി”യാൽ പ്രതീകവത്കരിക്കപ്പെടുന്നതെന്ത്?
2 ഒന്നാമത്തെ ദൂതൻ പ്രവർത്തനത്തിലേക്കു പ്രവേശിക്കുന്നു! “ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുളളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.” (വെളിപ്പാടു 16:2) ഒന്നാമത്തെ കാഹളം മുഴക്കലിന്റെ കാര്യത്തിലെന്നപോലെ, ഇവിടെ “ഭൂമി” ഉറപ്പുളളതായി തോന്നിക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിയെ പ്രതീകപ്പെടുത്തുന്നു, 4,000-ത്തിലധികം വർഷം മുമ്പു നിമ്രോദിന്റെ കാലത്തു സാത്താൻ ഇവിടെ ഭൂമിയിൽ പടുത്തുയർത്താൻ തുടങ്ങിയതാണത്.—വെളിപ്പാടു 8:7.
3. (എ) പല ഗവൺമെൻറുകളും അവയുടെ പ്രജകളിൽനിന്ന് ആരാധനക്കു തുല്യമായത് ആവശ്യപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) ദൈവരാജ്യത്തിനു പകരമായി ജനതകൾ എന്ത് ഉളവാക്കിയിരിക്കുന്നു, അതിനെ ആരാധിക്കുന്നവരുടെ മേലുളള ഫലം എന്താണ്?
3 ഈ അന്ത്യനാളുകളിൽ, അനേകം ഗവൺമെൻറുകൾ ദൈവത്തിനോ മറേറതു ഭക്തിക്കോ മീതെ സംസ്ഥാനത്തെ ഉയർത്തണമെന്നു നിഷ്കർഷിച്ചുകൊണ്ട് അവയുടെ പ്രജകളിൽനിന്ന് ആരാധനക്കു തുല്യമായത് ആവശ്യപ്പെട്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:1; താരതമ്യം ചെയ്യുക: ലൂക്കൊസ് 20:25; യോഹന്നാൻ 19:15.) തങ്ങളുടെ യുവജനങ്ങളെ യുദ്ധം ചെയ്യാനോ യുദ്ധത്തിനായി ഒരുങ്ങാനോ നിർബന്ധിച്ചു പട്ടാളത്തിൽ ചേർക്കുകയെന്നതു ജനതകളുടെയിടയിൽ 1914 മുതൽ സാധാരണമായിത്തീർന്നിരിക്കുന്നു, ആധുനിക ചരിത്രത്തിന്റെ താളുകളെ വളരെയധികം രക്തപങ്കിലമാക്കിയ സമഗ്രയുദ്ധത്തിനുതന്നെ. കർത്താവിന്റെ ദിവസത്തിൽ, ദൈവരാജ്യത്തിനു പകരമായി കാട്ടുമൃഗത്തിന്റെ പ്രതിമയെയും—സർവരാജ്യസഖ്യത്തെയും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്ര സംഘടനയെയും—ജനതകൾ ഉളവാക്കിയിരിക്കുന്നു. ഈയിടെയുളള പാപ്പാമാർ ചെയ്തതുപോലെ, സമാധാനത്തിനായുളള ജനതയുടെ ഏകപ്രത്യാശയാണ് ഈ മനുഷ്യനിർമിതസ്ഥാപനം എന്നു പ്രഖ്യാപിക്കുന്നത് എന്തൊരു ദൈവദൂഷണമാണ്! അതു ദൈവരാജ്യത്തെ ശക്തമായി എതിർക്കുന്നു. അതിനെ ആരാധിക്കുന്നവർ ആത്മീയമായി അശുദ്ധരും വ്രണബാധിതരും ആയിത്തീരുന്നു, മോശയുടെ നാളിൽ യഹോവയെ എതിർത്ത ഈജിപ്തുകാർ അക്ഷരാർഥ പരുക്കളാലും വ്രണങ്ങളാലും ബാധിക്കപ്പെട്ടതുപോലെ തന്നെ.—പുറപ്പാടു 9:10, 11.
4. (എ) ദൈവകോപത്തിന്റെ ഒന്നാം കലശത്തിന്റെ ഉളളടക്കം എന്തിനു ശക്തമായ ഊന്നൽ നൽകുന്നു? (ബി) കാട്ടുമൃഗത്തിന്റെ മുദ്ര സ്വീകരിക്കുന്നവരെ യഹോവ എങ്ങനെ കണക്കാക്കുന്നു?
4 ഈ കലശത്തിലെ ഉളളടക്കം മനുഷ്യരുടെ മുമ്പാകെ സ്ഥിതിചെയ്യുന്ന തിരഞ്ഞെടുപ്പിന് ശക്തമായ ഊന്നൽ നൽകുന്നു. അവർ ഒന്നുകിൽ ലോകത്തിന്റെ നിന്ദ അല്ലെങ്കിൽ യഹോവയുടെ ക്രോധം അനുഭവിക്കണം. “മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുളളവനല്ലാതെ വാങ്ങുകയോ വിൽക്കുകയോ ചെയ്വാൻ വഹിയാതെ” ആക്കുക എന്ന ലക്ഷ്യത്തിൽ കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കാൻ മനുഷ്യവർഗം നിർബന്ധിതരാക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 13:16, 17) എന്നാൽ ഇതിന് ഒരു വില ഒടുക്കേണ്ടതുണ്ട്! മുദ്ര സ്വീകരിക്കുന്നവരെ “വല്ലാത്ത ദുർവ്രണം” ബാധിച്ചവരായി യഹോവ കണക്കാക്കുന്നു. അവർ ജീവനുളള ദൈവത്തെ തളളിക്കളഞ്ഞിരിക്കുന്നതായി 1922 മുതൽ പരസ്യമായി മുദ്രയിട്ടിരിക്കുന്നു. അവരുടെ രാഷ്ട്രീയ പദ്ധതികൾക്കു വിജയം ഇല്ല, അവർ അതിവേദന അനുഭവിക്കുകയും ചെയ്യുന്നു. ആത്മീയമായി അവർ അശുദ്ധരാണ്. അവർ അനുതപിക്കുന്നില്ലെങ്കിൽ ഈ “വല്ലാത്ത” രോഗം മരണത്തിലേക്കു നയിക്കും, എന്തെന്നാൽ ഇപ്പോൾ യഹോവയുടെ ന്യായവിധിദിവസമാണ്. ലോകവ്യവസ്ഥിതിയുടെ ഒരു ഭാഗമായിരിക്കുന്നതിനും ക്രിസ്തുവിന്റെ പക്ഷത്തുനിന്ന് യഹോവയെ സേവിക്കുന്നതിനും ഇടയിൽ ഒരു നിഷ്പക്ഷസ്ഥാനം ഇല്ല.—ലൂക്കൊസ് 11:23; താരതമ്യം ചെയ്യുക: യാക്കോബ് 4:4.
സമുദ്രം രക്തമായിത്തീരുന്നു
5. (എ) രണ്ടാം കലശം ഒഴിക്കുമ്പോൾ എന്തു സംഭവിക്കുന്നു? (ബി) പ്രതീകാത്മക സമുദ്രത്തിൽ വസിക്കുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
5 ദൈവകോപത്തിന്റെ രണ്ടാമത്തെ കലശം ഇപ്പോൾ ഒഴിക്കേണ്ടതുണ്ട്. അതു മനുഷ്യവർഗത്തെ സംബന്ധിച്ച് എന്തർഥമാക്കും? യോഹന്നാൻ നമ്മോടു പറയുന്നു: “രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.” (വെളിപ്പാടു 16:3) രണ്ടാമത്തെ കാഹളം മുഴക്കൽപോലെ ഈ കലശം “സമുദ്ര”ത്തിന്—യഹോവയിൽനിന്ന് അന്യപ്പെട്ട പ്രക്ഷുബ്ധവും അനുസരണമില്ലാത്തതും ആയ മനുഷ്യവർഗസമൂഹത്തിന്—എതിരാണ്. (യെശയ്യാവു 57:20, 21; വെളിപ്പാടു 8:8, 9) യഹോവയുടെ ദൃഷ്ടിയിൽ, ഈ ‘സമുദ്രം’ രക്തം പോലെയാണ്, ജീവികൾക്കു വാസയോഗ്യമല്ലാത്തതുതന്നെ. ക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമായിരിക്കരുതാത്തത് അതുകൊണ്ടാണ്. (യോഹന്നാൻ 17:14) ദൈവകോപത്തിന്റെ രണ്ടാം കലശത്തിന്റെ ഒഴിക്കൽ, ഈ സമുദ്രത്തിൽ വസിക്കുന്ന മുഴുമനുഷ്യവർഗവും യഹോവയുടെ ദൃഷ്ടിയിൽ മരിച്ചവരാണെന്നു വെളിപ്പെടുത്തുന്നു. സാമുദായിക ഉത്തരവാദിത്വം നിമിത്തം മനുഷ്യവർഗം വൻതോതിൽ നിർദോഷരക്തം ചൊരിഞ്ഞതിന് അപരാധിയാണ്. യഹോവയുടെ കോപദിവസം വരുമ്പോൾ അവർ അവന്റെ വധനിർവാഹക ശക്തികളുടെ കരങ്ങളാൽ അക്ഷരാർഥത്തിൽ മരിക്കും.—വെളിപ്പാടു 19:17, 18; താരതമ്യം ചെയ്യുക: എഫെസ്യർ 2:1; കൊലൊസ്സ്യർ 2:13.
അവർക്കു രക്തം കുടിപ്പാൻ കൊടുക്കുന്നു
6. മൂന്നാം കലശം ഒഴിക്കുമ്പോൾ എന്തു സംഭവിക്കുന്നു, ഒരു ദൂതനിൽനിന്നും യാഗപീഠത്തിൽനിന്നും ഏതു വാക്കുകൾ കേൾക്കുന്നു?
6 മൂന്നാം കാഹളം മുഴക്കൽപോലെ, ദൈവകോപത്തിന്റെ മൂന്നാമത്തെ കലശത്തിനും ശുദ്ധജല ഉറവുകളുടെമേൽ ഒരു ഫലമുണ്ട്. “മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുളേളാവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. വിശുദ്ധൻമാരുടെയും പ്രവാചകൻമാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ. അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുളള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുളളവ എന്നു പറയുന്നതു ഞാൻ കേട്ടു.”—വെളിപ്പാടു 16:4-7.
7. ‘നദികളാലും നീരുറവുകളാലും’ എന്തു ചിത്രീകരിക്കപ്പെടുന്നു?
7 ഈ ‘നദികളും നീരുറവുകളും’ മമനുഷ്യന്റെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും നയിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാമൂഹികവും മതപരവുമായ തത്ത്വജ്ഞാനങ്ങൾ പോലെ ഈ ലോകം അംഗീകരിച്ചിരിക്കുന്ന മാർഗനിർദേശത്തിന്റെയും ജ്ഞാനത്തിന്റെയും ശുദ്ധമായ ഉറവുകൾ എന്നു വിളിക്കപ്പെടുന്നവയെ ചിത്രീകരിക്കുന്നു. ജീവദായകമായ സത്യത്തിനായി ജീവന്റെ ഉറവായ യഹോവയിലേക്കു നോക്കുന്നതിനുപകരം മനുഷ്യർ ‘പൊട്ടക്കിണറുകളെ കുഴിക്കുകയും’ ‘ദൈവമുമ്പാകെ ഭോഷത്വമായ ഈ ലോകത്തിന്റെ ജ്ഞാനത്തിൽനിന്ന്’ ആഴത്തിൽ കുടിക്കുകയും ചെയ്തിരിക്കുന്നു.—യിരെമ്യാവു 2:13; 1 കൊരിന്ത്യർ 1:19; 2:6; 3:19; സങ്കീർത്തനം 36:9.
8. മനുഷ്യവർഗം രക്തക്കുററം വരുത്തിക്കൂട്ടിയിരിക്കുന്നത് ഏതു വിധങ്ങളിൽ?
8 അത്തരം മലിന ‘വെളളം’ രക്തക്കുററമുളളവർ ആയിത്തീരുന്നതിലേക്കു മനുഷ്യരെ നയിച്ചിരിക്കുന്നു, ദൃഷ്ടാന്തത്തിന്, പത്തുകോടിയിലധികം ജീവൻ അപഹരിച്ചിരിക്കുന്ന ഈ നൂററാണ്ടിലെ യുദ്ധങ്ങളിൽ ഗംഭീരമായ അളവിൽ രക്തം ചിന്താൻ അവരെ പ്രോത്സാഹിപ്പിച്ചതിനാൽ തന്നെ. രണ്ടു ലോകമഹായുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ട ക്രൈസ്തവലോകത്തിൽ വിശേഷിച്ചും മനുഷ്യർ ‘കുററമില്ലാത്ത സാധുക്കളുടെ രക്തം ചിന്നുവാനുളള ബദ്ധപ്പാടിൽ’ ആയിരുന്നു, ഇതിൽ ദൈവത്തിന്റെ സ്വന്തം സാക്ഷികളുടെ രക്തവും ഉൾപ്പെട്ടിരുന്നു. (യെശയ്യാവു 59:7; യിരെമ്യാവു 2:34) യഹോവയുടെ നീതിയുളള നിയമങ്ങൾ ലംഘിച്ച്, മനുഷ്യവർഗം രക്തപ്പകർച്ചകൾക്കായി വൻതോതിൽ രക്തം ദുരുപയോഗപ്പെടുത്തിക്കൊണ്ടും സ്വയം രക്തക്കുററം വരുത്തിയിരിക്കുന്നു. (ഉല്പത്തി 9:3-5; ലേവ്യപുസ്തകം 17:14; പ്രവൃത്തികൾ 15:28, 29) ഇക്കാരണത്താൽ, അവർ ഇപ്പോൾതന്നെ രക്തപ്പകർച്ചകളിലൂടെ എയ്ഡ്സിന്റെയും കരൾവീക്കത്തിന്റെയും മററുരോഗങ്ങളുടെയും വർധനവു നിമിത്തം ദുഃഖം കൊയ്തിരിക്കുന്നു. “ദൈവകോപത്തിന്റെ വലിയ ചക്കിൽ” മെതിക്കപ്പെട്ട് കുററവാളികൾ ഏററവും വലിയ ശിക്ഷയനുഭവിക്കുമ്പോൾ ഉടൻതന്നെ സകല രക്തപാതകത്തിനുമുളള പൂർണപ്രതികാരം വരും.—വെളിപ്പാടു 14:19, 20.
9. മൂന്നാം കലശത്തിന്റെ ഒഴിക്കലിൽ എന്തുൾപ്പെടുന്നു?
9 മോശയുടെ നാളിൽ നൈൽനദി രക്തമായിത്തീർന്നപ്പോൾ മററു ജലഉറവുകൾ തേടി ഈജിപ്തുകാർക്കു ജീവിച്ചിരിക്കാൻ കഴിഞ്ഞു. (പുറപ്പാടു 7:24) എങ്കിലും ഇന്ന്, ആത്മീയബാധയുടെ സമയത്തു സാത്താന്റെ ലോകത്തിൽ ഒരിടത്തും ആളുകൾക്കു ജീവദായകമായ വെളളം കണ്ടെത്താൻ കഴിയില്ല. ഈ മൂന്നാമത്തെ കലശത്തിന്റെ ഒഴിക്കലിൽ ലോകത്തിലെ ‘നദികളും നീരുറവുകളും’ അവയിൽനിന്നു വലിച്ചുകുടിക്കുന്ന എല്ലാവർക്കും ആത്മീയമരണം കൈവരുത്തുന്ന രക്തം പോലെയാണെന്നു ഘോഷിക്കുന്നത് ഉൾപ്പെടുന്നു. ആളുകൾ യഹോവയിലേക്കു തിരിയുന്നില്ലെങ്കിൽ അവർ അവന്റെ പ്രതികൂല ന്യായവിധി കൊയ്യുന്നു.—താരതമ്യം ചെയ്യുക: യെഹെസ്കേൽ 33:11.
10. “ജലാധിപതിയായ ദൂതൻ” എന്തറിയിക്കുന്നു, ‘യാഗപീഠം’ എന്തു സാക്ഷ്യം കൂട്ടുന്നു?
10 “ജലാധിപതിയായ ദൂതൻ,” അതായത് ഈ കലശം വെളളത്തിലേക്ക് ഒഴിക്കുന്ന ദൂതൻ യഹോവയെ സാർവത്രിക ന്യായാധിപതിയായി മഹത്ത്വീകരിക്കുന്നു, അവന്റെ നീതിയുളള വിധികൾ പരിപൂർണമാണ്. അതുകൊണ്ട് ഈ ന്യായവിധിയെക്കുറിച്ച് അവൻ പറയുന്നു: “അതിന്നു അവർ യോഗ്യർ.” നിസ്സംശയമായും, ആയിരക്കണക്കിനു വർഷങ്ങളിൽ ഈ ദുഷ്ടലോകത്തിന്റെ വ്യാജ ഉപദേശങ്ങളാലും തത്ത്വശാസ്ത്രങ്ങളാലും വളർത്തിയ ക്രൂരതയുടെയും രക്തച്ചൊരിച്ചിലിന്റെയും അധികപങ്കും ദൂതൻ വ്യക്തിപരമായി നിരീക്ഷിച്ചിരുന്നു. അതുകൊണ്ട് യഹോവയുടെ ന്യായത്തീർപ്പു നീതിയുളളതാണെന്ന് അവനറിയാം. ദൈവത്തിന്റെ ‘യാഗപീഠം’ പോലും സംസാരിക്കുന്നു. വെളിപ്പാടു 6:9, 10-ൽ രക്തസാക്ഷിമരണം വരിച്ചവരുടെ ദേഹികൾ യാഗപീഠത്തിന്റെ കീഴിൽ ആയിരിക്കുന്നതായി പറയുന്നു. അതുകൊണ്ട്, ‘യാഗപീഠം’ യഹോവയുടെ വിധികളുടെ ന്യായവും നീതിയും സംബന്ധിച്ചു ശക്തമായ സാക്ഷ്യം കൂട്ടുന്നു. a തീർച്ചയായും, വളരെയധികം രക്തം ചിന്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തവർ യഹോവ അവരെ മരണവിധിക്ക് ഏല്പിക്കുന്നതിന്റെ പ്രതീകമായി രക്തം കുടിക്കാൻ നിർബന്ധിതരാക്കപ്പെടുന്നത് ഉചിതമാണ്.
മനുഷ്യരെ തീകൊണ്ടു പൊളളിക്കുന്നു
11. ദൈവകോപത്തിന്റെ നാലാം കലശത്തിന്റെ ലക്ഷ്യം എന്താണ്, അത് ഒഴിക്കപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു?
11 ദൈവകോപത്തിന്റെ നാലാം കലശത്തിന് അതിന്റെ ലക്ഷ്യമായി സൂര്യൻ ഉണ്ട്. യോഹന്നാൻ നമ്മോടു പറയുന്നു: “നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ [പൊളളിക്കുവാൻ, NW] തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുളള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.”—വെളിപ്പാടു 16:8, 9.
12. ഈ ലോകത്തിന്റെ ‘സൂര്യൻ’ എന്താണ്, ഈ പ്രതീകാത്മക സൂര്യന് എന്ത് അനുവദിക്കപ്പെടുന്നു?
12 ഇന്ന്, വ്യവസ്ഥിതിയുടെ സമാപനത്തിൽ, യേശുവിന്റെ ആത്മീയ സഹോദരൻമാർ “തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശി”ക്കുന്നു. (മത്തായി 13:40, 43) യേശുതന്നെ “നീതിസൂര്യൻ” ആണ്. (മലാഖി 4:2) എങ്കിലും മനുഷ്യവർഗത്തിന് അതിന്റെ സ്വന്തം “സൂര്യൻ” ഉണ്ട്, ദൈവരാജ്യത്തോടുളള എതിർപ്പിൽ ശോഭിക്കാൻ ശ്രമിക്കുന്ന അതിന്റെ സ്വന്തം ഭരണാധികാരികളാണവർ. ക്രൈസ്തവലോകത്തിന്റെ ആകാശത്തിലുളള ‘സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും’ യഥാർഥത്തിൽ വെളിച്ചമല്ല, അന്ധകാരത്തിന്റെ ഉറവിടങ്ങളാണെന്നു നാലാം കാഹളം പ്രഖ്യാപിച്ചു. (വെളിപ്പാടു 8:12) ദൈവകോപത്തിന്റെ നാലാം കലശം ഇപ്പോൾ ലോകത്തിന്റെ ‘സൂര്യൻ’ അസഹനീയമായി ചൂടാകുമെന്നു പ്രകടമാക്കുന്നു. സൂര്യനെപ്പോലുളള നേതാക്കൻമാരായി വീക്ഷിക്കപ്പെടുന്നവർ മനുഷ്യവർഗത്തെ ‘പൊളളിക്കും.’ ഇതിന് പ്രതീകാത്മക സൂര്യനെ അനുവദിക്കും. മററു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യവർഗത്തിൻമേലുളള തന്റെ അഗ്നിമയ ന്യായവിധിയുടെ ഭാഗമെന്നനിലയിൽ യഹോവ ഇതിന് അനുവദിക്കും. ഏതു വിധത്തിലാണ് ഈ പൊളളിക്കൽ സംഭവിച്ചിരിക്കുന്നത്?
13. ഈ ലോകത്തിലെ സൂര്യതുല്യ ഭരണാധികാരികൾ മനുഷ്യവർഗത്തെ ‘പൊളളിച്ചി’രിക്കുന്നത് ഏതു വിധത്തിൽ?
13 ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഈ ലോകത്തിന്റെ ഭരണാധികാരികൾ ലോകസുരക്ഷിതത്വത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനുളള ശ്രമത്തിൽ സർവരാജ്യസഖ്യം രൂപീകരിച്ചു, എന്നാൽ ഇതു പരാജയപ്പെട്ടു. അതുകൊണ്ടു ഫാസിസവും നാസിസവും പോലുളള മററു പരീക്ഷണ ഭരണവിധങ്ങൾ പരിശോധിക്കപ്പെട്ടു. കമ്മ്യൂണിസം വികാസം പ്രാപിച്ചുകൊണ്ടിരുന്നു. മനുഷ്യവർഗത്തിന്റെ ഭാഗധേയം മെച്ചപ്പെടുത്തുന്നതിനു പകരം ഈ വ്യവസ്ഥിതിയിലെ സൂര്യതുല്യ ഭരണാധികാരികൾ ‘അത്യുഷ്ണത്താൽ മനുഷ്യവർഗത്തെ പൊളളിക്കാൻ’ തുടങ്ങി. സ്പെയിനിലെയും എത്യോപ്യയിലെയും മഞ്ചൂറിയയിലെയും പ്രാദേശികയുദ്ധങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിലേക്കു നയിച്ചു. നേരിട്ടോ പരോക്ഷമായോ തങ്ങളുടെ ദേശക്കാർ ഉൾപ്പെടെ കോടിക്കണക്കിന് ആളുകളുടെ മരണത്തിനു സ്വേച്ഛാധിപതികളായിരുന്ന മുസ്സോളിനിയും ഹിററ്ലറും സ്ററാലിനും ഉത്തരവാദികളായിത്തീർന്നുവെന്ന് ആധുനികചരിത്രം രേഖപ്പെടുത്തുന്നു. കുറേക്കൂടെ അടുത്ത കാലത്ത്, സാർവദേശീയമോ ആഭ്യന്തരമോ ആയ സംഘട്ടനങ്ങൾ വിയററ്നാമും കമ്പൂച്ചിയായും ഇറാനും ലബനോനും അയർലണ്ടും പോലുളള രാജ്യങ്ങളിലെയും ലാററിൻ അമേരിക്കൻ രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും ആളുകളെ ‘പൊളളിക്കു’കയുണ്ടായി. തങ്ങളുടെ ബൃഹത്തായ അണുവായുധശേഖരത്താൽ മനുഷ്യവർഗത്തെ കത്തിച്ചു ചാമ്പലാക്കാൻ കഴിയുന്ന വൻശക്തികൾ തമ്മിൽ നടക്കുന്ന പോരാട്ടം ഇതിനോടു കൂട്ടുക. ഈ അന്ത്യനാളുകളിൽ മനുഷ്യവർഗം തീർച്ചയായും ഒരു പൊളളിക്കുന്ന ‘സൂര്യന്’, അതിന്റെ നീതികെട്ട ഭരണാധികാരികൾക്കു വിധേയരാക്കപ്പെട്ടിരിക്കുന്നു. ദൈവകോപത്തിന്റെ നാലാം കലശത്തിന്റെ ഒഴിക്കൽ ഈ ചരിത്രവസ്തുതകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നു, ദൈവത്തിന്റെ ജനം അവ മുഴുഭൂമിയിലും ഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
14. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങളുടെ ഏക പരിഹാരമെന്നനിലയിൽ യഹോവയുടെ സാക്ഷികൾ സ്ഥിരമായി എന്തു പഠിപ്പിച്ചിട്ടുണ്ട്, മൊത്തത്തിൽ മനുഷ്യവർഗത്തിൽനിന്ന് എന്തു പ്രതികരണത്തോടെ?
14 മനുഷ്യവർഗത്തിന്റെ കുഴക്കുന്ന പ്രശ്നങ്ങളുടെ ഏകപരിഹാരം, യഹോവ എന്തിലൂടെ തന്റെ നാമം വിശുദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നുവോ ആ ദൈവരാജ്യമാണെന്ന് യഹോവയുടെ സാക്ഷികൾ സ്ഥിരമായി പഠിപ്പിച്ചിട്ടുണ്ട്. (സങ്കീർത്തനം 83:4, 17, 18; മത്തായി 6:9, 10) എന്നിരുന്നാലും മനുഷ്യവർഗം മൊത്തത്തിൽ ഈ പരിഹാരമാർഗത്തിനു ചെവിയടച്ചുകളഞ്ഞിരിക്കുന്നു. ഫറവോൻ യഹോവയുടെ പരമാധികാരം അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ ചെയ്തതുപോലെ, രാജ്യത്തെ തളളിക്കളയുന്ന അനേകർ ദൈവനാമത്തെയും ദുഷിക്കുന്നു. (പുറപ്പാടു 1:8-10; 5:2) മിശിഹൈകരാജ്യത്തിൽ യാതൊരു താത്പര്യവുമില്ലാതെ, ഈ എതിരാളികൾ തങ്ങളുടെ സ്വന്തം മർദക മനുഷ്യഭരണാധിപത്യമാകുന്ന ‘സൂര്യനു’ കീഴിൽ കഷ്ടപ്പെടുന്നതിനെ തിരഞ്ഞെടുത്തിരിക്കുന്നു.
കാട്ടുമൃഗത്തിന്റെ സിംഹാസനം
15. (എ) അഞ്ചാമത്തെ കലശം എന്തിൻമേൽ ഒഴിക്കപ്പെടുന്നു? (ബി) ‘കാട്ടുമൃഗത്തിന്റെ സിംഹാസനം’ എന്താണ്, അതിൻമേൽ കലശം ഒഴിക്കുന്നതിൽ എന്തുൾപ്പെടുന്നു?
15 അടുത്ത ദൂതൻ തന്റെ കലശം ഒഴിക്കുന്നത് എന്തിൻമേലാണ്? “അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിൻമേൽ ഒഴിച്ചു”. (വെളിപ്പാടു 16:10എ) ‘മൃഗം’ സാത്താന്റെ ഭരണ വ്യവസ്ഥിതിയാണ്. കാട്ടുമൃഗംതന്നെ അക്ഷരീയമല്ലാത്തതുകൊണ്ട് അതിന് ഒരു അക്ഷരീയ സിംഹാസനമില്ല. എന്നിരുന്നാലും ഒരു സിംഹാസനത്തിന്റെ പരാമർശം കാട്ടുമൃഗം മനുഷ്യവർഗത്തിൻമേൽ രാജകീയ അധികാരം പ്രയോഗിച്ചിരിക്കുന്നതായി പ്രകടമാക്കുന്നു; ഇതു മൃഗത്തിന്റെ തലകളിൽ ഓരോന്നും ഒരു രാജമുടി ധരിച്ചിരുന്നുവെന്ന വസ്തുതയോടു ചേർച്ചയിലാണ്. വാസ്തവത്തിൽ ‘മൃഗത്തിന്റെ സിംഹാസനം’ ആ അധികാരത്തിന്റെ അടിസ്ഥാനം അഥവാ ഉറവിടമാണ്. b “അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു” എന്നു പറയുമ്പോൾ കാട്ടുമൃഗത്തിന്റെ രാജകീയ അധികാരത്തിന്റെ യഥാർഥ അവസ്ഥ ബൈബിൾ വെളിപ്പെടുത്തുന്നു. (വെളിപ്പാടു 13:1, 2; 1 യോഹന്നാൻ 5:19) അങ്ങനെ, കാട്ടുമൃഗത്തിന്റെ സിംഹാസനത്തിൻമേലുളള കലശത്തിന്റെ ഒഴിക്കലിൽ കാട്ടുമൃഗത്തെ പിന്താങ്ങുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സാത്താൻ വഹിച്ചിട്ടുളളതും ഇപ്പോഴും വഹിക്കുന്നതുമായ യഥാർഥ പങ്കു വെളിപ്പെടുത്തുന്ന ഒരു ഘോഷണം ഉൾപ്പെടുന്നു.
16. (എ) അറിഞ്ഞായാലും അല്ലെങ്കിലും ജനതകൾ ആരെ സേവിക്കുന്നു? വിശദീകരിക്കുക. (ബി) ലോകം സാത്താന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതെങ്ങനെ? (സി) കാട്ടുമൃഗത്തിന്റെ സിംഹാസനം എപ്പോൾ മറിച്ചിടപ്പെടും?
16 സാത്താനും ഈ ജനതകളും തമ്മിലുളള ബന്ധം നിലനിർത്തപ്പെടുന്നത് എങ്ങനെ? യേശുവിനെ പരീക്ഷിച്ചപ്പോൾ സാത്താൻ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഒരു ദർശനത്തിൽ അവനെ കാണിക്കുകയും “ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും” വാഗ്ദത്തം ചെയ്യുകയും ചെയ്തു. എന്നാൽ ഒരു വ്യവസ്ഥയുണ്ടായിരുന്നു—യേശു ആദ്യം സാത്താന്റെ മുമ്പാകെ ആരാധനയുടെ ഒരു ക്രിയ ചെയ്യണമായിരുന്നു. (ലൂക്കൊസ് 4:5-7) ലോകത്തിലെ ഗവൺമെൻറുകൾക്ക് അവയുടെ അധികാരം അതിലും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതായി നമുക്കു പ്രതീക്ഷിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. ബൈബിൾ പറയുന്നതനുസരിച്ചു സാത്താനാണ് ഈ വ്യവസ്ഥിതിയുടെ ദൈവം, അതുകൊണ്ടു ജനതകൾ അറിഞ്ഞായാലും അല്ലെങ്കിലും അവനെ സേവിക്കുന്നു. (2 കൊരിന്ത്യർ 4:3, 4) c ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയുടെ ഘടനയിൽ ഈ അവസ്ഥ വെളിപ്പെടുത്തപ്പെടുന്നു, അത് ഇടുങ്ങിയ ദേശീയതയുടെയും വിദ്വേഷത്തിന്റെയും സ്വാർഥതാത്പര്യത്തിന്റെയും മീതെ പണിയപ്പെട്ടിരിക്കുന്നു. സാത്താൻ ആഗ്രഹിക്കുന്ന വിധത്തിൽ അതു സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു—മനുഷ്യവർഗത്തെ അവന്റെ നിയന്ത്രണത്തിൽ നിർത്തുന്നതിനുതന്നെ. ഭരണകൂടത്തിലെ അഴിമതി, അധികാരമോഹം, വഞ്ചനാപരമായ നയതന്ത്രം, ആയുധമത്സരം—ഇവ സാത്താന്റെ അധഃപതിച്ച വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. ലോകം സാത്താന്റെ നീതികെട്ട നിലവാരങ്ങളെ പിന്തുണക്കുന്നു, അങ്ങനെ അവനെ അതിന്റെ ദൈവമാക്കുന്നു. ആ മൃഗം നശിക്കുകയും ദൈവത്തിന്റെ സ്ത്രീയുടെ സന്തതി ഒടുവിൽ സാത്താനെ അഗാധത്തിൽ അടയ്ക്കുകയും ചെയ്യുമ്പോൾ കാട്ടുമൃഗത്തിന്റെ സിംഹാസനം മറിച്ചിടപ്പെടും.—ഉല്പത്തി 3:15; വെളിപ്പാടു 19:20, 21; 20:1-3.
അന്ധകാരവും കഠിനവേദനയും
17. (എ) കാട്ടുമൃഗത്തിന്റെ രാജ്യത്തെ എപ്പോഴും മൂടിയിരുന്ന ആത്മീയ അന്ധകാരത്തോട് അഞ്ചാം കലശത്തിന്റെ ഒഴിക്കൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) ദൈവകോപത്തിന്റെ അഞ്ചാം കലശം ഒഴിക്കുന്നതിനോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നു?
17 ഈ കാട്ടുമൃഗത്തിന്റെ രാജ്യം അതു തുടങ്ങിയതുമുതൽ ആത്മീയ അന്ധകാരത്തിൽ ആണ്. (താരതമ്യം ചെയ്യുക: മത്തായി 8:12; എഫെസ്യർ 6:11, 12.) അഞ്ചാം കലശം ഈ അന്ധകാരത്തിന്റെ തീവ്രമായ പരസ്യപ്രഖ്യാപനം കൈവരുത്തുന്നു. ദൈവകോപത്തിന്റെ ഈ കലശം പ്രതീകാത്മക കാട്ടുമൃഗത്തിന്റെ സിംഹാസനത്തിൻമേൽ തന്നെ ഒഴിക്കുന്നതായി അതു ചിത്രീകരിക്കുകപോലും ചെയ്യുന്നു. “അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.”—വെളിപ്പാടു 16:10ബി, 11.
18. അഞ്ചാമത്തെ കാഹളവും ദൈവകോപത്തിന്റെ അഞ്ചാം കലശമൊഴിക്കലും തമ്മിൽ എന്തു യോജിപ്പുണ്ട്?
18 അഞ്ചാമത്തെ കാഹളം മുഴക്കലും ദൈവകോപത്തിന്റെ അഞ്ചാമത്തെ കലശവും തികച്ചും ഒന്നുതന്നെയല്ല, എന്തുകൊണ്ടെന്നാൽ ആ കാഹളനാദം ഒരു വെട്ടുക്കിളിബാധയെ പ്രസിദ്ധമാക്കി. എന്നാൽ ആ വെട്ടുക്കിളിബാധ അഴിച്ചുവിട്ടപ്പോൾ സൂര്യന്റെയും വായുവിന്റെയും ഒരു ഇരുട്ടാക്കൽ ഉണ്ടായി എന്നതു കുറിക്കൊളളുക. (വെളിപ്പാടു 9:2-5) പുറപ്പാടു 10:14, 15-ൽ യഹോവ ഈജിപ്തിൽ ബാധ വരുത്താൻ ഉപയോഗിച്ച വെട്ടുക്കിളികളെക്കുറിച്ചു നാം വായിക്കുന്നു: “അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി.” അതെ, അന്ധകാരം! അഞ്ചാം കാഹളം മുഴക്കലിന്റെയും ദൈവകോപത്തിന്റെ അഞ്ചാം കലശം ഒഴിക്കലിന്റെയും ഫലമായി ലോകത്തിന്റെ ആത്മീയ അന്ധകാരം ഇന്ന് അങ്ങേയററം സ്പഷ്ടമായിരിക്കുന്നു. ആധുനിക വെട്ടുക്കിളിസമൂഹം ഘോഷിക്കുന്ന കുത്തുന്ന ദൂതു “വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹി”ക്കുന്ന ആ ദുഷ്ടൻമാർക്കു വേദനയും ദണ്ഡനവും കൈവരുത്തുന്നു.—യോഹന്നാൻ 3:19.
19. വെളിപ്പാടു 16:10, 11-നു ചേർച്ചയിൽ, സാത്താനെ ഈ വ്യവസ്ഥിതിയുടെ ദൈവമായി പരസ്യമായി തുറന്നുകാട്ടുന്നത് എന്തിനിടയാക്കുന്നു?
19 ലോകഭരണാധികാരിയെന്ന നിലയിൽ സാത്താൻ വളരെ അസന്തുഷ്ടിയും കഷ്ടപ്പാടും കൈവരുത്തിയിരിക്കുന്നു. ക്ഷാമം, യുദ്ധം, അക്രമം, മയക്കുമരുന്നു ദുരുപയോഗം, ദുർമാർഗം, ലൈംഗികമായി പകരുന്ന വ്യാധികൾ, സത്യസന്ധതയില്ലായ്മ, മതപരമായ കാപട്യം—ഇവയും മററുളളവയും സാത്താന്റെ വ്യവസ്ഥിതിയുടെ മുഖമുദ്രയാണ്. (താരതമ്യം ചെയ്യുക: ഗലാത്യർ 5:19-21.) അതുപോലെതന്നെ, സാത്താനെ ഈ വ്യവസ്ഥിതിയുടെ ദൈവമെന്നനിലയിൽ പരസ്യമായി തുറന്നുകാട്ടിയത് അവന്റെ പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നവർക്കു വേദനയും ലജ്ജയും കൈവരുത്തി. “അവർ കഷ്ടതനിമിത്തം നാവു കടിച്ചു”തുടങ്ങി, വിശേഷിച്ചും ക്രൈസ്തവലോകത്തിൽ. സത്യം അവരുടെ ജീവിതരീതി തുറന്നുകാട്ടുന്നതുകൊണ്ട് അനേകർ നീരസപ്പെടുന്നു. അതു ഭീഷണിയായി ചിലർ കാണുന്നു, അതു പ്രസിദ്ധമാക്കുന്നവരെ അവർ പീഡിപ്പിക്കുകയും ചെയ്യുന്നു. അവർ ദൈവരാജ്യത്തെ തളളിക്കളയുകയും യഹോവയുടെ വിശുദ്ധനാമത്തെ ദുഷിക്കുകയും ചെയ്യുന്നു. അവരുടെ മതപരമായി അധഃപതിച്ച വ്രണാവസ്ഥ തുറന്നുകാട്ടുന്നതുകൊണ്ട് അവർ സ്വർഗത്തിലെ ദൈവത്തെ ദുഷിക്കുന്നു. ഇല്ല, അവർ തങ്ങളുടെ പ്രവൃത്തികൾ സംബന്ധിച്ചു “മാനസാന്തരപ്പെ”ടുന്നില്ല. അതുകൊണ്ട് ഈ വ്യവസ്ഥിതിയുടെ അവസാനത്തിനുമുമ്പു കൂട്ടത്തോടെയുളള ഒരു പരിവർത്തനം നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ല.—യെശയ്യാവു 32:6.
യൂഫ്രട്ടീസ് നദി വററിപ്പോയി
20. ആറാമത്തെ കാഹളനാദവും ആറാമത്തെ കലശമൊഴിക്കലും യൂഫ്രട്ടീസ് നദിയെ ഉൾപ്പെടുത്തുന്നതെങ്ങനെ?
20 ആറാം കാഹളനാദം “യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതൻമാരു”ടെ അഴിച്ചുവിടൽ പ്രഖ്യാപിച്ചു. (വെളിപ്പാടു 9:14) ചരിത്രപരമായി യൂഫ്രട്ടീസ് നദീതീരത്ത് സ്ഥിതിചെയ്തിരുന്ന മഹാനഗരം ബാബിലോൻ ആയിരുന്നു. മഹാബാബിലോന്റെ സുപ്രധാന വീഴ്ചയെത്തുടർന്ന് 1919-ൽ നാലു പ്രതീകാത്മക ദൂതൻമാരുടെ അഴിച്ചുവിടലുണ്ടായി. (വെളിപ്പാടു 14:8) അപ്പോൾ, ദൈവകോപത്തിന്റെ ആറാം കലശത്തിലും യൂഫ്രട്ടീസ് നദി ഉൾപ്പെടുന്നുവെന്നതു ശ്രദ്ധാർഹമാണ്: “ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കുനിന്നു വരുന്ന രാജാക്കൻമാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെളളം വററിപ്പോയി.” (വെളിപ്പാടു 16:12) ഇതും മഹാബാബിലോനു ദുർവാർത്തയാണ്!
21, 22. (എ) ബാബിലോന്റെ സംഗതിയിൽ പൊ.യു.മു. 539-ൽ യൂഫ്രട്ടീസ് നദിയിലെ സംരക്ഷണാത്മക വെളളം വററിപ്പോയതെങ്ങനെ? (ബി) മഹാബാബിലോൻ ഇരിക്കുന്ന ‘വെളളം’ എന്താണ്, ഈ പ്രതീകാത്മക വെളളം ഇപ്പോൾതന്നെ വററിക്കൊണ്ടിരിക്കുന്നത് എങ്ങനെയാണ്?
21 പുരാതന ബാബിലോന്റെ പ്രതാപനാളിൽ, യൂഫ്രട്ടീസിലെ ജലസമൃദ്ധി അവളുടെ പ്രതിരോധ സംവിധാനത്തിൽ ഒരു പ്രമുഖ ഘടകമായിരുന്നു. പൊ.യു.മു. 539-ൽ പേർഷ്യൻ നായകനായ സൈറസ് അതിന്റെ ഗതി തിരിച്ചുവിട്ടപ്പോൾ ആ വെളളം വററിപ്പോയി. അങ്ങനെ, “കിഴക്കുനിന്നു വരുന്ന” രാജാക്കൻമാരായ പേർഷ്യനായ സൈറസിനും മേദ്യനായ ദാര്യാവേശിനും ബാബിലോനിൽ പ്രവേശിക്കാനും അതിനെ കീഴടക്കാനും വഴി തുറക്കപ്പെട്ടു. പ്രതിസന്ധിയുടെ നാഴികയിൽ, ആ മഹാനഗരത്തെ പ്രതിരോധിച്ചു നിർത്തുന്നതിൽ യൂഫ്രട്ടീസ് നദി പരാജയമടഞ്ഞു. (യെശയ്യാവു 44:27–45:7; യിരെമ്യാവു 51:36) വ്യാജമതത്തിന്റെ ലോകവ്യവസ്ഥിതിയാകുന്ന ആധുനിക ബാബിലോനും സമാനമായ ചിലതു സംഭവിക്കാനിരിക്കുന്നു.
22 മഹാബാബിലോൻ “പെരുവെളളത്തിൻമീതെ ഇരിക്കു”ന്നു. വെളിപ്പാടു 17:1, 15 അനുസരിച്ച് ഇവ ‘വംശങ്ങളെയും പുരുഷാരങ്ങളെയും ജാതികളെയും ഭാഷകളെയും’ പ്രതീകപ്പെടുത്തുന്നു—അവൾ ഒരു സംരക്ഷണമായി കണക്കാക്കിയിരിക്കുന്ന അനുയായികളുടെ കൂട്ടംതന്നെ. എന്നാൽ “വെളളം” വററുകയാണ്! മുമ്പ് അവൾക്കു വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമയൂറോപ്പിൽ പത്തുകോടി ആളുകൾ മതത്തെ പരസ്യമായി തളളിപ്പറഞ്ഞിട്ടുണ്ട്. മററു ചില ദേശങ്ങളിൽ മതത്തിന്റെ സ്വാധീനം നശിപ്പിക്കുന്നതിനു ശ്രമിക്കുന്ന ഒരു പ്രഖ്യാപിത നയംതന്നെയുണ്ട്. ആ ദേശങ്ങളിലെ പൊതുജനങ്ങൾ അവൾക്കുവേണ്ടി നിലകൊണ്ടിട്ടില്ല. അതുപോലെതന്നെ, മഹാബാബിലോൻ നശിപ്പിക്കപ്പെടാനുളള സമയം ആഗതമാകുമ്പോൾ അവളുടെ അനുയായികളുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സംഖ്യ ഒട്ടുംതന്നെ സംരക്ഷണമല്ലെന്നു തെളിയും. (വെളിപ്പാടു 17:16) ശതകോടികളുടെ അംഗബലമുണ്ടെന്ന് അവൾ അവകാശപ്പെടുന്നുണ്ടെങ്കിലും മഹാബാബിലോൻ “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർ”ക്കെതിരെ പ്രതിരോധമററവളായി സ്വയം കണ്ടെത്തും.
23. (എ) പൊ.യു.മു. 539-ൽ “കിഴക്കുനിന്നു വരുന്ന” രാജാക്കൻമാർ ആരായിരുന്നു? (ബി) കർത്താവിന്റെ ദിവസത്തിൽ ‘കിഴക്കുനിന്നു വരുന്ന രാജാക്കൻമാർ’ ആരാണ്, അവർ മഹാബാബിലോനെ നശിപ്പിക്കുന്നതെങ്ങനെ?
23 ഈ രാജാക്കൻമാർ ആരാണ്? പൊ.യു.മു. 539-ൽ അവർ പുരാതന ബാബിലോൻ നഗരത്തെ ജയിച്ചടക്കാൻ യഹോവയാൽ ഉപയോഗിക്കപ്പെട്ടവരായ മേദ്യനായ ദാര്യാവേശും പേർഷ്യനായ സൈറസും ആയിരുന്നു. കർത്താവിന്റെ ഈ ദിവസത്തിൽ മഹാബാബിലോനാകുന്ന വ്യാജമതവ്യവസ്ഥിതിയും മനുഷ്യഭരണകർത്താക്കളാൽ നശിപ്പിക്കപ്പെടും. എന്നിരുന്നാലും, വീണ്ടും ഇതൊരു ദിവ്യന്യായവിധിയായിരിക്കും. മഹാബാബിലോനെതിരെ തിരിയാനും അവളെ തീർത്തും നശിപ്പിക്കാനുമുളള “ആശയം” ‘കിഴക്കുനിന്നു വരുന്ന രാജാക്കൻമാരായ’ യഹോവയാം ദൈവവും യേശുക്രിസ്തുവും മാനുഷഭരണാധികാരികളുടെ ഹൃദയങ്ങളിൽ നിവേശിപ്പിച്ചിരിക്കും. (വെളിപാട് 17:16, 17, NW) ഈ ന്യായവിധി നടപ്പാക്കാറായിരിക്കുകയാണെന്ന് ആറാം കലശത്തിന്റെ ഒഴിക്കൽ പരസ്യമായി പ്രഖ്യാപിക്കുന്നു!
24. (എ) യഹോവയുടെ കോപത്തിന്റെ ആദ്യത്തെ ആറു കലശങ്ങളുടെ ഉളളടക്കം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെങ്ങനെ, എന്തു ഫലത്തോടെ? (ബി) ദൈവകോപത്തിന്റെ ശേഷിക്കുന്ന കലശത്തെക്കുറിച്ചു നമ്മോടു പറയുന്നതിനുമുമ്പ് വെളിപാട് എന്തു വെളിപ്പെടുത്തുന്നു?
24 യഹോവയുടെ കോപത്തിന്റെ ഈ ആദ്യത്തെ ആറു കലശങ്ങൾ ഗൗരവമുളള ഒരു സന്ദേശം വഹിക്കുന്നു. ദൈവത്തിന്റെ ഭൗമിക ദാസൻമാർ ദൂതൻമാരുടെ പിന്തുണയോടെ അവയുടെ ഉളളടക്കം ഭൂവ്യാപകമായ ഒരളവിൽ പ്രസിദ്ധപ്പെടുത്തുന്നതിൽ തിരക്കുളളവരായിരുന്നിട്ടുണ്ട്. ഈ വിധത്തിൽ, സാത്താന്റെ ലോകവ്യവസ്ഥിതിയുടെ എല്ലാ ഘടകങ്ങൾക്കും വേണ്ടത്ര മുന്നറിയിപ്പു നൽകപ്പെട്ടിരിക്കുന്നു, വ്യക്തികൾക്കു നീതിയിലേക്കു തിരിയുന്നതിനും ജീവിച്ചിരിക്കുന്നതിനും യഹോവ ഒരവസരം നൽകുകയും ചെയ്തിരിക്കുന്നു. (യെഹെസ്കേൽ 33:14-16) ഇനിയും ദൈവകോപത്തിന്റെ ഒരു കലശംകൂടെ ശേഷിക്കുന്നു. എന്നാൽ അതേക്കുറിച്ച് നമ്മോടു പറയുന്നതിനുമുമ്പ്, സാത്താനും അവന്റെ ഭൗമിക ഏജൻറൻമാരും യഹോവയുടെ ന്യായവിധികളുടെ പ്രസിദ്ധമാക്കൽ നിർവീര്യമാക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്നു വെളിപാട് വെളിപ്പെടുത്തുന്നു.
അർമഗെദോനിലേക്കുളള കൂട്ടിച്ചേർക്കൽ
25. (എ) അശുദ്ധമായ തവളസമാന “നിശ്വസ്തമൊഴിക”ളെക്കുറിച്ച് യോഹന്നാൻ നമ്മോട് എന്തു പറയുന്നു? (ബി) കർത്താവിന്റെ ദിവസത്തിൽ ‘അശുദ്ധ നിശ്വസ്തമൊഴികളുടെ’ മ്ലേച്ഛമായ തവളസമാന പീഡ ഉണ്ടായതെങ്ങനെ, എന്തു ഫലത്തോടെ?
25 യോഹന്നാൻ നമ്മോടു പറയുന്നു: “മഹാസർപ്പത്തിന്റെ വായിൽനിന്നും മൃഗത്തിന്റെ വായിൽനിന്നും കളളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ [അശുദ്ധ നിശ്വസ്തമൊഴികൾ, NW] പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വഭൂതലത്തിലും ഉളള രാജാക്കൻമാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.” (വെളിപ്പാടു 16:13, 14) മോശയുടെ നാളിൽ, ഫറവോന്റെ ഈജിപ്തിൻമേൽ യഹോവ തവളകളുടെ ഒരു അറയ്ക്കത്തക്ക ബാധ വരുത്തി, തന്നിമിത്തം ‘ദേശം നാറാൻ തുടങ്ങി.’ (പുറപ്പാടു 8:5-15) ഒരു വ്യത്യസ്തമായ ഉറവിൽനിന്നായിരുന്നെങ്കിലും കർത്താവിന്റെ ദിവസത്തിലും മ്ലേച്ഛമായ ഒരു തവളസമാന പീഡ ഉണ്ടായി. അതിൽ സാത്താന്റെ “അശുദ്ധ നിശ്വസ്തമൊഴികൾ” ഉൾപ്പെടുന്നു, വ്യക്തമായും എല്ലാ മനുഷ്യഭരണാധികാരികളെയും, അതായതു “രാജാക്കൻമാരെ” വശീകരിച്ച് യഹോവയാം ദൈവത്തിന് എതിരാക്കിനിർത്തുന്നതിനു മെനഞ്ഞെടുത്തിട്ടുളള പ്രചാരണത്തെ വ്യക്തമായി പ്രതീകപ്പെടുത്തുന്നതുതന്നെ. ദൈവകോപത്തിന്റെ കലശങ്ങളുടെ ഒഴിക്കലിനാൽ അവർ വ്യതിചലിക്കുന്നില്ലെന്നും ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ തുടങ്ങുമ്പോൾ സാത്താന്റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നും സാത്താൻ അങ്ങനെ ഉറപ്പുവരുത്തുന്നു.
26. (എ) സാത്താന്യ പ്രചാരണം ഏതു മൂന്ന് ഉറവുകളിൽനിന്നു വരുന്നു? (ബി) ‘കളളപ്രവാചകൻ’ എന്താണ്, നാം എങ്ങനെ അറിയുന്നു?
26 പ്രചാരണം “മഹാസർപ്പ”ത്തിൽനിന്നും (സാത്താൻ) “മൃഗ”ത്തിൽനിന്നും (സാത്താന്റെ ഭൗമിക രാഷ്ട്രീയ സംവിധാനം) വരുന്നു, വെളിപാടിൽ നാം ഇതിനകം കണ്ടുകഴിഞ്ഞ ജീവികൾ തന്നെ. എന്നാൽ ‘കളളപ്രവാചകൻ’ എന്താണ്? പേരിൽ മാത്രം ഇതൊരു നവാഗതനാണ്. മുമ്പ്, ഏഴുതലയുളള കാട്ടുമൃഗത്തിൻമുമ്പാകെ വലിയ അടയാളങ്ങൾ കാണിച്ച കുഞ്ഞാടിനുളളതുപോലെ രണ്ടുകൊമ്പുളള ഒരു കാട്ടുമൃഗത്തെ നമുക്കു കാണിച്ചുതന്നു. ഈ വഞ്ചകജീവി ആ കാട്ടുമൃഗത്തിന്റെ ഒരു പ്രവാചകനെപ്പോലെ പ്രവർത്തിച്ചു. അതു കാട്ടുമൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കിച്ചുകൊണ്ടുപോലും അതിന്റെ ആരാധനയെ പ്രോത്സാഹിപ്പിച്ചു. (വെളിപ്പാടു 13:11-14) ഒരു കുഞ്ഞാടിനുളളതുപോലെ രണ്ടുകൊമ്പുളള ഈ കാട്ടുമൃഗം തന്നെയായിരിക്കണം ഇവിടെ പരാമർശിച്ചിരിക്കുന്ന ‘കളളപ്രവാചകൻ.’ ഇതു സ്ഥിരീകരിച്ചുകൊണ്ട്, രണ്ടുകൊമ്പുളള പ്രതീകാത്മക കാട്ടുമൃഗത്തെപ്പോലെ കളളപ്രവാചകൻ “[ഏഴുതലയുളള കാട്ടുമൃഗത്തിൻ] മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത”തായി നാം പിന്നീടു വായിക്കുന്നു.—വെളിപ്പാടു 19:20.
27. (എ) ഏതു കാലോചിത മുന്നറിയിപ്പ് യേശുക്രിസ്തുതന്നെ നൽകുന്നു? (ബി) ഭൂമിയിലായിരുന്നപ്പോൾ യേശു ഏതു മുന്നറിയിപ്പു നൽകി? (സി) അപ്പോസ്തലനായ പൗലോസ് യേശുവിന്റെ മുന്നറിയിപ്പു പ്രതിധ്വനിപ്പിച്ചതെങ്ങനെ?
27 ഇത്രയധികം സാത്താന്യ പ്രചാരണം ചുററുമുണ്ടായിരിക്കെ, യോഹന്നാൻ രേഖപ്പെടുത്തുന്ന അടുത്ത വാക്കുകൾ തീർച്ചയായും കാലോചിതമാണ്: “ഞാൻ കളളനെപ്പോലെ വരും; തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു [മേലങ്കികൾ, NW] സൂക്ഷിച്ചും ജാഗരിച്ചും കൊളളുന്നവൻ ഭാഗ്യവാൻ.” (വെളിപ്പാടു 16:15) “കളളനെപ്പോലെ” വരുന്നത് ആരാണ്? യഹോവയുടെ വധാധികൃതനായി അപ്രഖ്യാപിത സമയത്തു വരുന്ന യേശുതന്നെ. (വെളിപ്പാടു 3:3; 2 പത്രൊസ് 3:10) ഭൂമിയിലായിരുന്നപ്പോൾ യേശുവും തന്റെ വരവിനെ ഒരു കളളന്റേതിനോട് ഉപമിച്ചു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (മത്തായി 24:42, 44; ലൂക്കൊസ് 12:37, 40) ഈ മുന്നറിയിപ്പ് പ്രതിധ്വനിപ്പിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “കളളൻ രാത്രിയിൽ വരുമ്പോലെതന്നെ യഹോവയുടെ ദിവസം വരുന്നു. അവർ ‘സമാധാനവും സുരക്ഷിതത്വവും!’ എന്നു പറയുന്നതെപ്പോഴോ അപ്പോൾ പെട്ടെന്നുളള നാശം അവരുടെമേൽ ക്ഷണത്തിൽ വരുന്നു.” “സമാധാനവും സുരക്ഷിതത്വവും” എന്ന ആ വ്യാജപ്രഖ്യാപനം നടത്തുന്നതിലേക്കു സാത്താൻ ഇപ്പോൾപോലും ജനതകളെ വശീകരിച്ചുകൊണ്ടിരിക്കുകയാണ്.—1 തെസലോനിക്യർ 5:2, 3, NW.
28. ലൗകിക സമ്മർദങ്ങൾ ചെറുത്തുനിൽക്കുന്നതു സംബന്ധിച്ച് യേശു എന്തു മുന്നറിയിപ്പു നൽകി, ക്രിസ്ത്യാനികൾ ഒരു “കെണിപോലെ” തങ്ങളുടെമേൽ വന്നുഭവിക്കാൻ ആഗ്രഹിക്കാത്ത “ആ ദിവസം” എന്താണ്?
28 പ്രചാരണപൂരിതമായ ഈ ലോകം ക്രിസ്ത്യാനികളുടെമേൽ വരുത്തിയേക്കാവുന്ന സമ്മർദങ്ങളെക്കുറിച്ചും യേശു മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ [കെണിപോലെ, NW] വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. . . . ആകയാൽ ഈ സംഭവിപ്പാനുളള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊസ് 21:34-36) “ആ ദിവസം” ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസം’ ആണ്. (വെളിപ്പാടു 16:14) യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിനുളള “ആ ദിവസം” സമീപിക്കവേ, ജീവതോത്കണ്ഠകളെ തരണം ചെയ്യുന്നത് പൂർവാധികം പ്രയാസകരമായിത്തീരുന്നു. ആ ദിവസം വരുന്നതുവരെ ഉണർന്നിരുന്നുകൊണ്ട്, ക്രിസ്ത്യാനികൾ ജാഗ്രതയും ശ്രദ്ധയുമുളളവരായിരിക്കേണ്ട ആവശ്യമുണ്ട്.
29, 30. (എ) ഉറങ്ങുന്നവരായി കണ്ടെത്തപ്പെടുന്നവർ അവരുടെ “മേലങ്കി”കളുടെ നഷ്ടത്താൽ ലജ്ജിതരാക്കപ്പെടുമെന്നുളള യേശുവിന്റെ മുന്നറിയിപ്പിനാൽ എന്ത് അർഥമാക്കപ്പെടുന്നു? (ബി) മേലങ്കികൾ ധരിക്കുന്നയാളെ എന്തായി തിരിച്ചറിയിക്കുന്നു? (സി) ഒരു വ്യക്തിക്ക് അയാളുടെ പ്രതീകാത്മക മേലങ്കികൾ എങ്ങനെ നഷ്ടപ്പെട്ടേക്കാം, എന്തു ഫലത്തോടെ?
29 ഉറങ്ങുന്നവരായി കണ്ടെത്തപ്പെടുന്നവർ അവരുടെ “മേലങ്കി”കളുടെ നഷ്ടത്താൽ ലജ്ജിതരായിത്തീരുമെന്നുളള മുന്നറിയിപ്പിനാൽ എന്തർഥമാക്കപ്പെടുന്നു? പുരാതന ഇസ്രായേലിൽ, ആലയത്തിൽ കാവൽ ചുമതലയുളള ഏതു പുരോഹിതനും അല്ലെങ്കിൽ ലേവ്യനും ഒരു ഭാരിച്ച ഉത്തരവാദിത്വമുണ്ടായിരുന്നു. ആ കർത്തവ്യത്തിനിടയിൽ ആരെങ്കിലും ഉറങ്ങുന്നവനായി പിടിക്കപ്പെട്ടാൽ അയാളുടെ അങ്കികൾ ഉരിഞ്ഞു കത്തിച്ചുകളഞ്ഞിരുന്നതായി യഹൂദ ഭാഷ്യകാരൻമാർ നമ്മോടു പറയുന്നു, അങ്ങനെ അയാളെ പരസ്യമായി ലജ്ജിപ്പിച്ചിരുന്നു.
30 സമാനമായ ഒന്ന് ഇന്നു സംഭവിച്ചേക്കാമെന്ന് യേശു ഇവിടെ മുന്നറിയിപ്പു നൽകുന്നു. പുരോഹിതരും ലേവ്യരും യേശുവിന്റെ അഭിഷിക്ത സഹോദരൻമാരെ മുൻനിഴലാക്കി. (1 പത്രൊസ് 2:9) എന്നാൽ യേശുവിന്റെ മുന്നറിയിപ്പു വിശാലതയിൽ മഹാപുരുഷാരത്തിനും ബാധകമാകുന്നു. ഇവിടെ പരാമർശിക്കുന്ന മേലങ്കികൾ അതു ധരിക്കുന്നയാളിനെ യഹോവയുടെ ഒരു ക്രിസ്തീയസാക്ഷിയായി തിരിച്ചറിയിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 3:18; 7:14.) തന്നെ താരാട്ടിയുറക്കുന്നതിന് അഥവാ നിഷ്ക്രിയനാക്കുന്നതിനു സാത്താന്റെ ലോകത്തിന്റെ സമ്മർദങ്ങളെ ആരെങ്കിലും അനുവദിക്കുന്നെങ്കിൽ അവർക്ക് ഈ മേലങ്കികൾ നഷ്ടപ്പെടാൻ ഇടയുണ്ട്—മററു വാക്കുകളിൽ പറഞ്ഞാൽ അവർക്കു ക്രിസ്ത്യാനികളെന്ന നിലയിലുളള ശുദ്ധമായ വ്യക്തിത്വം നഷ്ടമാകും. അത്തരം ഒരവസ്ഥ ലജ്ജാകരമായിരിക്കും. അത് ഒരുവനെ പൂർണനഷ്ടം ഭവിക്കുന്നതിന്റെ അപകടത്തിലാക്കും.
31. (എ) വെളിപ്പാടു 16:16 ക്രിസ്ത്യാനികൾ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നതെങ്ങനെ? (ബി) ചില മതനേതാക്കൾ അർമഗെദോനെ സംബന്ധിച്ച് ഏത് ഊഹാപോഹം നടത്തിയിരിക്കുന്നു?
31 വെളിപാടിലെ അടുത്ത വാക്യം നിവൃത്തിയോടു കൂടുതൽ അടുക്കുമ്പോൾ ക്രിസ്ത്യാനികൾ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം കൂടുതൽ അടിയന്തിരമാക്കിത്തീർക്കുന്നു: “അവ [ഭൂതനിശ്വസ്തമൊഴികൾ] അവരെ [ഭൗമിക രാജാക്കൻമാർ അഥവാ ഭരണാധികാരികൾ] എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുളള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.” (വെളിപ്പാടു 16:16) ഏറെ സാധാരണമായി അർമഗെദോൻ എന്നു വിവർത്തനം ചെയ്യപ്പെടുന്ന ഈ പേര്, ബൈബിളിൽ ഒരിക്കൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുളളൂ. എന്നാൽ അതു മനുഷ്യവർഗത്തിന്റെ ഭാവനയെ ആളിക്കത്തിച്ചിരിക്കുന്നു. ലോകനേതാക്കൻമാർ ഒരു ന്യൂക്ലിയർ അർമഗെദോന്റെ സാധ്യത സംബന്ധിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബൈബിൾ കാലങ്ങളിൽ അനേകം നിർണായക യുദ്ധങ്ങളുടെ സ്ഥാനമായിരുന്ന പുരാതന മെഗിദോ നഗരത്തോടും അർമഗെദോനെ ബന്ധപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട്, ചില മതനേതാക്കൻമാർ ഭൂമിയിലെ അന്തിമയുദ്ധം ആ പരിമിതമായ സ്ഥലത്തു നടക്കുമെന്ന് ഊഹാപോഹം നടത്തിയിരിക്കുന്നു. ഇതിൽ അവരുടെ പക്ഷത്ത് ഒട്ടും സത്യമില്ല.
32, 33. ഒരു അക്ഷരാർഥ സ്ഥലമായിരിക്കുന്നതിനുപകരം ഹർമഗെദോൻ അഥവാ അർമഗെദോൻ എന്ന പേര് എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) മറേറതു ബൈബിൾ പദങ്ങൾ ‘അർമഗെദോനു’ സമാനമാണ്, അല്ലെങ്കിൽ അതിനോടു ബന്ധമുളളതാണ്? (സി) ഏഴാമത്തെ ദൂതൻ ദൈവകോപത്തിന്റെ അന്തിമ കലശം ഒഴിക്കുന്നതിനുളള സമയം ഏതായിരിക്കും?
32 ഹർമഗെദോൻ എന്ന പേരിന്റെ അർഥം “മെഗിദോ പർവതം” എന്നാണ്. എന്നാൽ ഒരു അക്ഷരാർഥ സ്ഥലമായിരിക്കുന്നതിനു പകരം, അത് എല്ലാ ജനതകളും യഹോവക്കെതിരെ എവിടെ കൂട്ടിച്ചേർക്കപ്പെടുകയും ഒടുവിൽ എവിടെവെച്ച് അവൻ അവരെ നശിപ്പിക്കുകയും ചെയ്യുമോ ആ ലോക സാഹചര്യത്തെ പ്രതിനിധാനം ചെയ്യുന്നു. വ്യാപ്തിയിൽ ഇത് ആഗോളമാണ്. (യിരെമ്യാവു 25:31-33; ദാനീയേൽ 2:44) അതു “ദൈവകോപത്തിന്റെ വലിയ ചക്കി”നും യഹോവയാലുളള വധനിർവഹണത്തിനായി ജനതകൾ കൂട്ടിച്ചേർക്കപ്പെടുന്ന “വിധിയുടെ താഴ്വര”ക്കും അഥവാ “യഹോശാഫാത്ത് താഴ്വര”ക്കും സമാനമാണ്. (വെളിപ്പാടു 14:19; യോവേൽ 3:12, 14) കൂടാതെ, അതു മാഗോഗിലെ ഗോഗിന്റെ സാത്താന്യ സൈന്യത്തെ നശിപ്പിക്കുന്ന സ്ഥലമായ ‘ഇസ്രായേൽ മണ്ണിനോടും’ വടക്കേ ദേശത്തെ രാജാവു മഹാപ്രഭുവായ മീഖായേലിന്റെ കരങ്ങളാൽ “അന്തരിക്കു”ന്നതിനു വരുന്ന “സമുദ്രത്തിന്നും മഹത്വമുളള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ”യുളള സ്ഥാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു.—എസെക്കിയേൽ 38:16-18, 22, 23, NW; ദാനീയേൽ 11:45–12:1.
33 സാത്താനിൽനിന്നും അവന്റെ ഭൗമിക ഏജൻറൻമാരിൽനിന്നും ഉത്ഭവിക്കുന്ന തവളക്കരച്ചിൽ പ്രചാരണത്താൽ ജനതകൾ ഈ സാഹചര്യത്തിലേക്കു വശീകരിക്കപ്പെട്ടു കഴിയുമ്പോൾ, അത് ഏഴാമത്തെ ദൂതനു ദൈവകോപത്തിന്റെ അന്തിമ കലശം ഒഴിക്കുന്നതിനുളള സമയമായിരിക്കും.
“സംഭവിച്ചു തീർന്നു”
34. ഏഴാമത്തെ ദൂതൻ തന്റെ കലശം എന്തിൽ ഒഴിക്കുന്നു, “ദൈവാലയത്തിലെ സിംഹാസനത്തിൽനിന്നു” ഏതു പ്രഖ്യാപനം പുറപ്പെടുന്നു?
34 “ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ [വായുവിൽ, NW] ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്നു വന്നു.”—വെളിപ്പാടു 16:17.
35. (എ) വെളിപ്പാടു 16:17-ലെ “വായു” എന്താണ്? (ബി) തന്റെ കലശം വായുവിൽ ഒഴിക്കുന്നതിനാൽ ഏഴാമത്തെ ദൂതൻ എന്തു പ്രകടമാക്കുന്നു?
35 ബാധ ഏൽക്കേണ്ട ജീവൻ നിലനിർത്തുന്ന അന്തിമ മാധ്യമം “വായു” ആണ്. എന്നാൽ ഇത് അക്ഷരാർഥ വായുവല്ല. അക്ഷരാർഥ ഭൂമിയോ സമുദ്രമോ ശുദ്ധജല ഉറവുകളോ സൂര്യനോ യഹോവയുടെ കയ്യാൽ ന്യായവിധി അനുഭവിക്കേണ്ടതില്ലാത്തതുപോലെ അക്ഷരാർഥ വായുവിനെ സംബന്ധിച്ചും യഹോവയുടെ പ്രതികൂല ന്യായവിധികൾ അർഹിക്കത്തക്കതായി യാതൊന്നും ഇല്ല. പകരം, ഇതു പൗലോസ് സാത്താനെ ‘വായുവിൻ അധികാരത്തിന്റെ ഭരണാധികാരി’ എന്നു വിളിച്ചപ്പോൾ അവൻ ചർച്ചചെയ്ത “വായു” ആണ്. (എഫേസ്യർ 2:2, NW) അത് ഇന്നു ലോകം ശ്വസിക്കുന്ന സാത്താന്യ “വായു,” അവന്റെ മുഴുദുഷ്ടവ്യവസ്ഥിതിയുടെയും വിശേഷലക്ഷണമായ ആത്മാവ് അഥവാ പൊതു മാനസിക ചായ്വ്, യഹോവയുടെ സ്ഥാപനത്തിനു വെളിയിലുളള ഓരോ ജീവിതവശത്തും വ്യാപിച്ചുകിടക്കുന്ന സാത്താന്യ ചിന്താഗതി ആണ്. അതുകൊണ്ട്, തന്റെ കലശം വായുവിലേക്ക് ഒഴിക്കുന്നതിനാൽ, ഏഴാമത്തെ ദൂതൻ സാത്താനും അവന്റെ സ്ഥാപനത്തിനും യഹോവയുടെ പരമാധികാരത്തെ നിന്ദിക്കുന്നതിൽ സാത്താനെ പിന്തുണക്കാൻ മനുഷ്യവർഗത്തെ പ്രചോദിപ്പിക്കുന്ന സകലതിനും എതിരെയുളള യഹോവയുടെ ക്രോധം പ്രകടമാക്കുന്നു.
36. (എ) ഏഴു ബാധകൾ എന്താണ്? (ബി) “സംഭവിച്ചുതീർന്നു” എന്ന യഹോവയുടെ പ്രഖ്യാപനത്താൽ എന്തു സൂചിപ്പിക്കപ്പെടുന്നു?
36 ഇതും ആറ് മുൻബാധകളും സാത്താനും അവന്റെ വ്യവസ്ഥിതിക്കും എതിരെയുളള യഹോവയുടെ ന്യായവിധികളുടെ ആകെത്തുകയെ കാണിക്കുന്നു. അവ സാത്താനും അവന്റെ സന്തതിക്കും നാശത്തിന്റെ പ്രഖ്യാപനമാണ്. ഈ അന്തിമ കലശം ഒഴിക്കുമ്പോൾ യഹോവതന്നെ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “സംഭവിച്ചുതീർന്നു”. മറെറാന്നും പറയാനില്ല. ദൈവകോപത്തിന്റെ കലശങ്ങളുടെ ഉളളടക്കം യഹോവക്കു തൃപ്തിയാകുവോളം പ്രസിദ്ധം ചെയ്തു കഴിയുമ്പോൾ ഈ സന്ദേശങ്ങൾ പ്രഖ്യാപനം ചെയ്ത ന്യായവിധികൾ നടപ്പാക്കുന്നതിന് അവന്റെ ഭാഗത്ത് യാതൊരു താമസവുമുണ്ടായിരിക്കുകയില്ല.
37. ദൈവകോപത്തിന്റെ ഏഴാമത്തെ കലശം ഒഴിച്ചശേഷം സംഭവിക്കുന്നതിനെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ?
37 യോഹന്നാൻ തുടരുന്നു: “മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുളള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു. സകലദ്വീപും ഓടിപ്പോയി; മലകൾ കാൺമാനില്ലാതെയായി. താലന്തോളം ഘനമുളള കല്ലായി വലിയ കൻമഴ ആകാശത്തുനിന്നു മനുഷ്യരുടെ മേൽ പെയ്തു; കൻമഴയുടെ ബാധ ഏററവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.”—വെളിപ്പാടു 16:18-21.
38. പിൻവരുന്നവയാൽ എന്തു പ്രതീകവത്കരിക്കപ്പെടുന്നു (എ) ‘വലിയ ഭൂകമ്പം’? (ബി) മഹാബാബിലോനാകുന്ന “മഹാനഗരം മൂന്നംശമായി” പിളർന്നുപോയി എന്ന വസ്തുത? (സി) “സകല ദ്വീപും ഓടിപ്പോയി; മലകൾ കാൺമാനില്ലാതെയായി” എന്ന വസ്തുത? (ഡി) “കൻമഴയുടെ ബാധ”?
38 ഒരിക്കൽക്കൂടെ യഹോവ വ്യക്തമായി മനുഷ്യവർഗത്തിനുനേരെ നടപടി സ്വീകരിക്കുന്നു, ഇതു “മിന്നലും നാദവും ഇടിമുഴക്കവും” മുഖാന്തരം അറിയിക്കപ്പെടുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 4:5; 8:5.) വിനാശകരമായ ഒരു ഭൂകമ്പത്താലെന്നപോലെ മുമ്പു സംഭവിച്ചിട്ടില്ലാത്ത ഒരു വിധത്തിൽ മനുഷ്യവർഗം ഉലയ്ക്കപ്പെടും. (താരതമ്യം ചെയ്യുക: യെശയ്യാവു 13:13; യോവേൽ 3:16.) ബോംബിട്ടാലെന്നപോലുളള ഈ കുലുക്കം മഹാബാബിലോനാകുന്ന മഹാനഗരത്തെ തകർത്തുകളയും, തന്നിമിത്തം അതു “മൂന്നംശമായി” പിരിയുന്നു—പുനരുദ്ധരിക്കാൻ കഴിയാത്ത നാശത്തിലേക്കുളള അതിന്റെ തകർച്ചയുടെ പ്രതീകംതന്നെ. കൂടാതെ, “ജാതികളുടെ പട്ടണങ്ങളും” വീഴും. “സകലദ്വീപും” ‘മലകളും’—ഈ വ്യവസ്ഥിതിയിൽ വളരെ സ്ഥിരതയുളളതായി തോന്നുന്ന സ്ഥാപനങ്ങളും സംഘടനകളും—നീങ്ങിപ്പോകും. ഏഴാം ബാധയുടെ സമയത്ത് ഈജിപ്തിനെ ബാധിച്ചതിനെക്കാൾ വളരെ വലുതായ ഒരു “കൻമഴ” മനുഷ്യവർഗത്തെ വേദനാകരമായി ദണ്ഡിപ്പിക്കും, ഓരോ കല്ലും ഏതാണ്ട് ഒരു താലന്തു തൂക്കം വരുന്നതുതന്നെ. d (പുറപ്പാടു 9:22-26) ഘനരൂപത്തിലുളള വെളളത്തിന്റെ ഈ ശിക്ഷിക്കുന്ന പെയ്ത്ത്, സാധ്യതയനുസരിച്ച്, ഒടുവിൽ ഈ വ്യവസ്ഥിതിയുടെ അന്ത്യം വന്നെത്തിയെന്ന് അറിയിക്കുന്ന യഹോവയുടെ ന്യായവിധികളുടെ അസാധാരണമാംവിധം ഭാരിച്ച വാക്കുകളെ ചിത്രീകരിക്കുന്നു! യഹോവക്കു നശീകരണവേലയിൽ അക്ഷരാർഥ കൻമഴയെയും നന്നായി ഉപയോഗിക്കാൻ കഴിയും.—ഇയ്യോബ് 38:22, 23.
39. ഏഴു ബാധകളുടെ ഒഴിക്കൽ ഗണ്യമാക്കാതെ മനുഷ്യവർഗത്തിൽ ഭൂരിപക്ഷവും ഏതു പ്രവർത്തനഗതി സ്വീകരിക്കും?
39 അങ്ങനെ സാത്താന്റെ ലോകം യഹോവയുടെ നീതിയുളള ന്യായവിധിയെ നേരിടും. അവസാനംവരെ, മനുഷ്യവർഗത്തിൽ അധികപങ്കും ദൈവത്തെ നിന്ദിക്കുന്നതിലും ദുഷിക്കുന്നതിലും തുടരും. പുരാതനകാലത്തെ ഫറവോമാരെപ്പോലെ അവരുടെ ഹൃദയങ്ങൾ ആവർത്തിച്ചുളള ബാധകളാലോ ആ ബാധകളുടെ മാരകമായ അന്തിമ പാരമ്യത്താലോ മയപ്പെടുകയില്ല. (പുറപ്പാടു 11:9, 10) അവസാനനിമിഷത്തിൽ വലിയ അളവിലുളള ഒരു ഹൃദയമാററം ഉണ്ടാവുകയില്ല. അന്ത്യശ്വാസം വലിക്കുമ്പോഴും അവർ, ‘ഞാൻ യഹോവ എന്നു അവർ അറിയും’ എന്നു പ്രഖ്യാപിക്കുന്ന ദൈവത്തിനെതിരെ തട്ടിക്കയറും. (യെഹെസ്കേൽ 38:23) എന്നുവരികിലും സർവശക്തനായ യഹോവയാം ദൈവത്തിന്റെ പരമാധികാരം സംസ്ഥാപിക്കപ്പെട്ടിരിക്കും.
[അടിക്കുറിപ്പുകൾ]
a നിർജീവ വസ്തുക്കൾ ഒരു സാക്ഷ്യമായി സേവിക്കുന്നതിന്റെ അഥവാ സാക്ഷ്യം നൽകുന്നതിന്റെ ദൃഷ്ടാന്തങ്ങൾക്ക് താരതമ്യം ചെയ്യുക: ഉല്പത്തി 4:10; 31:44-53; എബ്രായർ 12:24.
b പ്രാവചനികമായി യേശുവിനെ സംബോധനചെയ്തുകൊണ്ടുളള ഈ വാക്കുകളിൽ “സിംഹാസന”ത്തിന്റെ സമാനമായ ഒരു ഉപയോഗം കാണുന്നു: “ദൈവം അനിശ്ചിതകാലത്തോളം, എന്നേക്കുംതന്നെ നിന്റെ സിംഹാസനമാകുന്നു.” (സങ്കീർത്തനം 45:6, NW) യേശുവിന്റെ രാജകീയ അധികാരത്തിന്റെ അടിസ്ഥാനം അഥവാ ഉറവിടം യഹോവയാകുന്നു.
c ഇവകൂടെ കാണുക: ഇയ്യോബ് 1:6, 12; 2:1, 2; മത്തായി 4:8-10; 13:19; ലൂക്കൊസ് 8:12; യോഹന്നാൻ 8:44; 12:31; 14:30; എബ്രായർ 2:14; 1 പത്രൊസ് 5:8.
d യോഹന്നാന് ഗ്രീക്കു താലന്താണു മനസ്സിൽ ഉണ്ടായിരുന്നതെങ്കിൽ ഓരോ കല്ലിനും 20 കിലോ തൂക്കം വരും. അതു വിനാശകരമായ ഒരു കൻമഴയായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
[221-ാം പേജിലെ ചതുരം]
“ഭൂമിയിൽ”
യോഹന്നാൻവർഗം പിൻവരുന്നവപോലുളള പ്രസ്താവനകളാൽ “ഭൂമി”ക്കെതിരെയുളള യഹോവയുടെ ക്രോധം പ്രസിദ്ധമാക്കിയിരിക്കുന്നു:
“നൂററാണ്ടുകളിലെ പരിശ്രമത്തിനുശേഷം രാഷ്ട്രീയ പാർട്ടികൾ നിലവിലുളള അവസ്ഥകളെ നേരിടാനും സങ്കടകരമായ പ്രശ്നങ്ങൾ പരിഹരിക്കാനുമുളള അവയുടെ അപ്രാപ്തി തെളിയിച്ചിരിക്കുന്നു. പ്രശ്നം ഉത്സാഹപൂർവം പഠിക്കുന്ന സാമ്പത്തികവിദഗ്ധരും രാജ്യതന്ത്രജ്ഞരും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നു കണ്ടെത്തുന്നു.”—ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല, (ഇംഗ്ലീഷ്) 1920, പേജ് 61.
“ലോകത്തിൽ ഒരു ന്യായമായ പങ്കിനെ തൃപ്തിപ്പെടുത്തുന്ന ഒരു ഗവൺമെൻറും ഇന്നു ഭൂമിയിൽ ഇല്ല. പല ജനതകളും സ്വേച്ഛാധികാരികളാൽ ഭരിക്കപ്പെടുന്നു. മുഴുലോകവും അനുഭവത്തിൽ പാപ്പരാണ്.”—ഒരു അഭികാമ്യമായ ഗവൺമെൻറ്, (ഇംഗ്ലീഷ്) 1924, പേജ് 5.
“ഈ വ്യവസ്ഥിതിക്ക് ഒരു അന്തം വരുത്തുകയാണ് . . . ഭൂമിയെ തിൻമയിൽനിന്നു വിമുക്തമാക്കുന്നതിനും സമാധാനവും നീതിയും പരിലസിക്കാനിടയാക്കുന്നതിനുമുളള ഏകമാർഗ്ഗം.”—“രാജ്യത്തിന്റെ ഈ സുവാർത്ത,” 1954, പേജ് 25.
“നിലവിലുളള ലോക ക്രമം വർധിച്ച പാപത്താലും അനീതിയാലും ദൈവത്തിനും അവന്റെ ഇഷ്ടത്തിനും എതിരെയുളള മത്സരത്താലും അതിനെത്തന്നെ തിരിച്ചറിയിച്ചിരിക്കുന്നു. . . . അതു പുനരുദ്ധരിക്കാനാകാത്തതാണ്. അതുകൊണ്ട് അതു പോയേ തീരൂ!”—ദ വാച്ച്ടവർ, നവംബർ 15, 1981, പേജ് 6.
[223-ാം പേജിലെ ചതുരം]
“സമുദ്രത്തിൽ”
പിൻവരുന്നവ യഹോവയിൽനിന്ന് അന്യപ്പെട്ട അഭക്ത മനുഷ്യവർഗമാകുന്ന അസ്വസ്ഥവും മത്സരാത്മകവുമായ “സമുദ്ര”ത്തിനെതിരെ ദൈവക്രോധം ഘോഷിക്കുന്ന യോഹന്നാൻവർഗം കഴിഞ്ഞ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പ്രസ്താവനകളിൽ ഏതാനും ചിലതുമാത്രമാണ്:
“ഓരോ ജനതയുടെയും ചരിത്രം അതു വർഗങ്ങൾ തമ്മിലുളള ഒരു പോരാട്ടമായിരുന്നുവെന്നു പ്രകടമാക്കുന്നു. അതു ഭൂരിപക്ഷത്തിനെതിരെ ഒരു ന്യൂനപക്ഷം ആയിരുന്നിട്ടുണ്ട്. . . . ഈ പോരാട്ടങ്ങൾ പല വിപ്ലവങ്ങളിലും വലിയ ദുരിതത്തിലും വളരെ രക്തച്ചൊരിച്ചിലിലും കലാശിച്ചിരിക്കുന്നു.”—ഗവൺമെൻറ്, (ഇംഗ്ലീഷ്) 1928, പേജ് 244.
പുതിയ ലോകത്തിൽ, “പിശാചിന്റെ ഉപയോഗത്തിനായി ദീർഘകാലം മുമ്പു കാട്ടുമൃഗം കയറിവന്ന അസ്വസ്ഥവും മത്സരാത്മകവുമായ അഭക്ത ജനത്തിന്റെ പ്രതീകാത്മക ‘സമുദ്രം’ പൊയ്പോയിരിക്കും.”—ദ വാച്ച്ടവർ, സെപ്ററംബർ 15, 1967, പേജ് 567.
“ഏതൽക്കാല മനുഷ്യസമുദായം ആത്മീയമായി രോഗവും സുഖക്കേടും ബാധിച്ചതാണ്. നമ്മിലാർക്കുംതന്നെ അതിനെ രക്ഷിക്കാൻ കഴിയുകയില്ല, എന്തുകൊണ്ടെന്നാൽ അതിന്റെ രോഗം അതിനെ മരണത്തിലേക്കു നയിക്കുകയാണെന്നു ദൈവവചനം പ്രകടമാക്കുന്നു.”—യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത് ഉറവിൽനിന്ന്?, 1973, പേജ് 149.
[224-ാം പേജിലെ ചതുരം]
“നദികളിലും നീരുറവുകളിലും”
മൂന്നാമത്തെ ബാധ പിൻവരുന്നവപോലുളള പ്രസ്താവനകളാൽ ‘നദികളെയും നീരുറവുകളെയും’ തുറന്നുകാട്ടിയിരിക്കുന്നു:
“വൈദികർ [ക്രിസ്തുവിന്റെ] ഉപദേശങ്ങളുടെ ഉപദേഷ്ടാക്കളെന്ന് അവകാശപ്പെടുന്നവർതന്നെ, യുദ്ധത്തെ പവിത്രീകരിക്കുകയും അതിനെ ഒരു വിശുദ്ധകാര്യമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. അവർ തങ്ങളുടെ ഛായാപടങ്ങളും പ്രതിമകളും ക്രൂരരായ യോദ്ധാക്കളുടേതിനോടൊപ്പം പ്രദർശിപ്പിക്കുന്നതിൽ പ്രമോദിച്ചിട്ടുണ്ട്.”—ദ വാച്ച് ടവർ, സെപ്ററംബർ 15, 1924, പേജ് 275.
“ആത്മവിദ്യ ഒരു വലിയ അസത്യത്തിൽ, മരണാനന്തര അതിജീവനത്തിന്റെയും മനുഷ്യദേഹിയുടെ അമർത്ത്യതയുടെയും ഭോഷ്കിൽ അടിസ്ഥാനപ്പെട്ടതാണ്.”—“മരണാനന്തര അതിജീവന”ത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു?, (ഇംഗ്ലീഷ്) 1955, പേജ് 51.
“മനുഷ്യ തത്ത്വശാസ്ത്രങ്ങൾ, രാഷ്ട്രീയ സൈദ്ധാന്തികർ, സാമൂഹിക സംഘാടകർ, സാമ്പത്തിക ഉപദേഷ്ടാക്കൾ എന്നിവരും മതപാരമ്പര്യങ്ങളുടെ വക്താക്കളും ജീവദായകമായ യാതൊരു ആശ്വാസത്തിലും കലാശിച്ചിട്ടില്ല . . . അത്തരം വെളളം കുടിക്കുന്നവരെ അതു രക്തത്തിന്റെ പവിത്രത സംബന്ധിച്ച സ്രഷ്ടാവിന്റെ നിയമം ലംഘിക്കുന്നതിലേക്കും മതപീഡനങ്ങളിൽ ഏർപ്പെടുന്നതിലേക്കും നയിക്കുകപോലും ചെയ്തിരിക്കുന്നു.”—“നിത്യസുവാർത്ത” സാർവദേശീയ കൺവെൻഷനിൽ 1963-ൽ അംഗീകരിച്ച പ്രമേയം.
“ശാസ്ത്രീയ രക്ഷയല്ല, പിന്നെയോ മാനവരാശിയുടെ നാശമാണു മനുഷ്യനിൽനിന്നു പ്രതീക്ഷിക്കേണ്ടത്. . . . മനുഷ്യവർഗത്തിന്റെ ചിന്താഗതി മാററാൻ നമുക്കു ലോകത്തിലെ എല്ലാ മനഃശാസ്ത്രജ്ഞരിലേക്കും മനോരോഗ വിദഗ്ധരിലേക്കും നോക്കാൻ കഴികയില്ല . . . ഈ ഭൂമിയെ താമസിക്കാനുളള ഒരു സുരക്ഷിത സ്ഥാനമാക്കിത്തീർക്കുന്നതിനു രൂപീകരിക്കപ്പെടാനിരിക്കുന്ന ഏതെങ്കിലും സാർവദേശീയ പൊലീസ് സേനയെ നമുക്ക് ആശ്രയിക്കാൻ കഴിയില്ല.”—മനുഷ്യവർഗത്തെ രക്ഷിക്കൽ—രാജ്യ മാർഗത്തിൽ, (ഇംഗ്ലീഷ്) 1970, പേജ് 5.
[225-ാം പേജിലെ ചതുരം]
“സൂര്യനിൽ”
മനുഷ്യഭരണാധിപത്യം ആകുന്ന ‘സൂര്യൻ’ കർത്താവിന്റെ ദിവസത്തിൽ മനുഷ്യവർഗത്തെ “പൊളളി”ച്ചിരിക്കെ, യോഹന്നാൻവർഗം പിൻവരുന്നവ പോലുളള പ്രസ്താവനകളാൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിലേക്കു ശ്രദ്ധ ആകർഷിച്ചിരിക്കുന്നു:
“ഇന്നു ഹിററ്ലറും മുസ്സോളിനിയും, തന്നിഷ്ടക്കാരായ സ്വേച്ഛാധികാരികൾ, മുഴുലോകത്തിന്റെയും സമാധാനത്തെ ഭീഷണിപ്പെടുത്തുന്നു, അവരുടെ സ്വാതന്ത്ര്യ ധ്വംസനത്തിൽ റോമൻ കത്തോലിക്കാ പുരോഹിതാധിപത്യം അവരെ പൂർണമായി പിന്താങ്ങുന്നു.”—ഫാസിസമോ സ്വാതന്ത്ര്യമോ, (ഇംഗ്ലീഷ്) 1939, പേജ് 12.
“ചരിത്രത്തിലുടനീളം മനുഷ്യ സ്വേച്ഛാധിപതികൾ പിൻപററിയ നയം ഭരിക്കുക അല്ലെങ്കിൽ മുടിക്കുക എന്നതായിരുന്നു! എന്നാൽ ദൈവത്തിന്റെ അവരോധിക്കപ്പെട്ട രാജാവായ യേശുക്രിസ്തുവിനാൽ മുഴുഭൂമിക്കും ഇപ്പോൾ ബാധകമാക്കാൻ പോകുന്ന വ്യവസ്ഥ ഭരിക്കപ്പെടുക അല്ലെങ്കിൽ നശിപ്പിക്കപ്പെടുക എന്നതാണ്.”—എല്ലാ ജനതകളും ദൈവരാജ്യത്തിൻ കീഴിൽ ഒന്നിക്കുമ്പോൾ, (ഇംഗ്ലീഷ്) 1961, പേജ് 23.
“ഗോളം എമ്പാടും നടത്തപ്പെട്ട ഏതാണ്ട് 150 യുദ്ധങ്ങളിലായി 1945-നു ശേഷം രണ്ടര കോടിയിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.”—ദ വാച്ച്ടവർ, ജനുവരി 15, 1980, പേജ് 6.
“ലോകമെമ്പാടുമുളള ജനതകൾ . . . സാർവദേശീയ കടമയെയോ പെരുമാററ ചട്ടങ്ങളെയോ സംബന്ധിച്ചു ഗൗനിക്കുന്നേയില്ല. കാര്യം സാധിക്കുന്നതിന് ആവശ്യമെന്ന് അവർക്കുതോന്നുന്ന ഏതു മാർഗവും—കൂട്ടക്കൊലയും രഹസ്യനിഗ്രഹവും തട്ടിക്കൊണ്ടുപോകലും ബോംബിടലും മററും ഉപയോഗിക്കുന്നതിൽ ചില ജനതകൾക്കു പൂർണമായ നീതീകരണം തോന്നുന്നു . . . ജനതകൾ അന്യോന്യം എത്രകാലം അത്തരം ബോധരഹിതവും നിരുത്തരവാദപരവും ആയ പെരുമാററം സഹിച്ചുനിൽക്കും?”—ദ വാച്ച്ടവർ, ഫെബ്രുവരി 15, 1985, പേജ് 4.
[227-ാം പേജിലെ ചതുരം]
“മൃഗത്തിന്റെ സിംഹാസനത്തിൻമേൽ”
യഹോവയുടെ സാക്ഷികൾ കാട്ടുമൃഗത്തിന്റെ സിംഹാസനത്തെ തുറന്നുകാട്ടുകയും പിൻവരുന്നവപോലുളള പ്രസ്താവനകളോടെ അതിൻമേലുളള യഹോവയുടെ കുററവിധി പ്രസിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്:
“ജനതകളുടെ ഭരണാധികാരികളും രാഷ്ട്രീയ വഴികാട്ടികളും ദുഷ്ട അമാനുഷശക്തികളാൽ സ്വാധീനിക്കപ്പെടുന്നു, അവ അർമഗെദോനിലെ നിർണായക ഏററുമുട്ടലിലേക്കുളള ഒരു ആത്മഹത്യാമാർച്ചിൽ അവരെ അപ്രതിരോധ്യമായി നയിച്ചുകൊണ്ടുപോകുന്നു.”—അർമഗെദോനുശേഷം—ദൈവത്തിന്റെ പുതിയ ലോകം, (ഇംഗ്ലീഷ്) 1953, പേജ് 8.
“‘കാട്ടുമൃഗ’ത്തിന്, ദിവ്യാധിപത്യപരമല്ലാത്ത മാനുഷഗവൺമെൻറിന് അതിന്റെ ശക്തിയും അധികാരവും സിംഹാസനവും സർപ്പത്തിൽനിന്നു ലഭിച്ചു. അതുകൊണ്ട് അതിനു കക്ഷിയുടെ ഇഷ്ടം, സർപ്പത്തിന്റെ ഇഷ്ടം നിറവേറേറണ്ടതുണ്ട്.”—അർമഗെദോനുശേഷം—ദൈവത്തിന്റെ പുതിയ ലോകം, 1953, പേജ് 15.
“പുറജാതി ജനതകൾക്ക് ദൈവത്തിന്റെ മുഖ്യഎതിരാളിയായ പിശാചായ സാത്താന്റെ പക്ഷത്തു മാത്രമേ നിലകൊളളാൻ കഴിയുകയുളളൂ.”—“ദിവ്യ വിജയ” സാർവദേശീയ കൺവെൻഷനിൽ 1973-ൽ അംഗീകരിച്ച പ്രമേയം.
[229-ാം പേജിലെ ചതുരം]
“അതിലെ വെളളം വററിപ്പോയി”
ഇപ്പോൾ പോലും, പല സ്ഥലങ്ങളിലും ബാബിലോന്യമതങ്ങളുടെ പിന്തുണ വററിപ്പോവുകയാണ്, “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർ” ആക്രമിക്കുമ്പോൾ എന്തു സംഭവിക്കുമെന്ന് അതു സൂചിപ്പിക്കുന്നു.
“ദേശവ്യാപകമായി നടത്തിയ ഒരു സർവേ, [തായ്ലണ്ടിലെ] മുൻസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 75 ശതമാനം പേരും പ്രസംഗം കേൾക്കുന്നതിനുപോലും ബുദ്ധദേവാലയങ്ങളിൽ പോകുന്നില്ലെന്നു കണ്ടെത്തി, അതേസമയം ഗ്രാമപ്രദേശത്തു ദേവാലയങ്ങളിൽ സന്ദർശിക്കുന്നവരുടെ എണ്ണം ഏതാണ്ട് അമ്പതു ശതമാനത്തിലേക്കു ക്രമേണ കുറയുകയാണ്.”—ബാങ്കോക്ക് പോസ്ററ്, സെപ്ററംബർ 7, 1987, പേജ് 4.
“രണ്ടു സഹസ്രാബ്ദം മുമ്പു താവോമതം സ്ഥാപിക്കപ്പെട്ട ദേശത്ത് [ചൈനയിൽ] അതിന്റെ ജാലവിദ്യ പൊയ്പോയിരിക്കുന്നു. . . . അവരും അവരുടെ മുൻഗാമികളും വലിയ ജനാവലിയെ ആകർഷിച്ചുനിർത്താൻ ഉപയോഗിച്ചിരുന്ന മാന്ത്രികവിദ്യകൾ പൊയ്പോയതോടെ പുരോഹിതവർഗത്തിലെ അംഗങ്ങൾക്കു പിൻഗാമികൾ ഇല്ലാതെയായി, ഫലത്തിൽ ചൈനയിലെ ഒരു സംഘടിതവിശ്വാസമെന്ന നിലയിൽ താവോമതം വംശനാശത്തെ അഭിമുഖീകരിക്കുന്നു.”—ദി അററ്ലാൻറാ ജേർണൽ ആൻഡ് കോൺസ്ററിററ്യൂഷൻ, സെപ്ററംബർ 12, 1982, പേജ് 36-A.
“ജപ്പാൻ ആയിരുന്നു ലോകത്തിൽ വിദേശമിഷനറിമാരുടെ കൂടിയ സാന്ദ്രതയുളള ഒരു ദേശം, 5,200-ഓളം പേർ, എങ്കിലും . . . ജനസംഖ്യയുടെ 1 ശതമാനത്തിൽ താഴെമാത്രമേ ക്രിസ്ത്യാനിയുളളൂ. . . . ‘ജപ്പാനിൽ വിദേശമിഷനറിയുടെ നാൾ അവസാനിച്ചതായി’ . . . 1950-കൾ മുതൽ ഇവിടെ പ്രവർത്തിക്കുന്ന ഒരു ഫ്രാൻസിസ്ക്കൻ പുരോഹിതൻ വിശ്വസിക്കുന്നു.”—ദ വോൾ സ്ട്രീററ് ജേർണൽ, ജൂലൈ 9, 1986, പേജ് 1.
ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്നു പതിററാണ്ടുകാലത്ത്, “16,000 ആംഗ്ലിക്കൻ പളളികളിൽ ഏതാണ്ട് 2,000 എണ്ണം ഉപയോഗമില്ലാത്തതിനാൽ അടച്ചുപൂട്ടുകയുണ്ടായി. പ്രഖ്യാപിത ക്രിസ്തീയ രാജ്യങ്ങളിൽ ഹാജർ ഏററവും താഴ്ന്ന നിലയിലേക്കു നിപതിച്ചു. . . . ‘ഇംഗ്ലണ്ട് ഇപ്പോൾ ഒരു ക്രിസ്തീയ രാജ്യമാണെന്നു പറയാനാവില്ല,’ എന്നു [ദർഹമിലെ ബിഷപ്പ്] പറഞ്ഞു.”—ദ ന്യൂയോർക്ക് ടൈംസ്, മേയ് 11, 1987, പേജ് A4.
“മണിക്കൂറുകൾ നീണ്ട ചൂടുപിടിച്ച വാദപ്രതിവാദത്തിനുശേഷം [ഗ്രീസ്സിലെ] പാർലമെൻറ്, ഗ്രീക്ക് ഓർത്തഡോക്സ് സഭ കൈവശം വെച്ചിരുന്ന വലിയ തോട്ടങ്ങൾ ദേശസാൽക്കരിക്കാൻ സോഷ്യലിസ്ററ് ഗവൺമെൻറിനെ അനുവദിക്കുന്ന നിയമം അംഗീകരിച്ചു . . . അതിനുപുറമേ, നിയമം സഭാസമിതികളുടെയും ഹോട്ടലുകളും മാർബിൾ മടകളും ഓഫീസ് കെട്ടിടങ്ങളും ഉൾപ്പെടെ വിലപിടിച്ച സഭാസ്വത്തുക്കളുടെ ഭരണസമിതികളുടെയും നിയന്ത്രണം പുരോഹിതരല്ലാത്തവർക്കു നൽകുന്നു.”—ദ ന്യൂയോർക്ക് ടൈംസ്, ഏപ്രിൽ 4, 1987, പേജ് 3.
[222-ാം പേജിലെ ചിത്രം]
ദൈവകോപത്തിന്റെ ആദ്യത്തെ നാലു കലശങ്ങൾ ആദ്യത്തെ നാലു കാഹളം മുഴക്കലിൽനിന്നുണ്ടായതിനു സമാനമായ ബാധകൾ കൈവരുത്തുന്നു
[226-ാം പേജിലെ ചിത്രം]
കാട്ടുമൃഗത്തിന്റെ സിംഹാസനം സാത്താൻ കാട്ടുമൃഗത്തിനു നൽകിയിരിക്കുന്ന അധികാരം ആയിരിക്കുന്നതായി അഞ്ചാമത്തെ കലശം തുറന്നുകാട്ടുന്നു
[231-ാം പേജിലെ ചിത്രം]
ഭൂതപ്രചാരണം ഭൂമിയിലെ ഭരണാധികാരികളെ യഹോവയുടെ ന്യായവിധികൾ അവരുടെമേൽ ഒഴിക്കപ്പെടുന്ന ഇടമായ കേന്ദ്ര സാഹചര്യത്തിലേക്ക്, ഹർമഗെദോനിലേക്കു കൂട്ടിവരുത്തുന്നു
[233-ാം പേജിലെ ചിത്രം]
സാത്താന്റെ മലീമസമായ “വായു”വിനാൽ പ്രചോദിതരായവർ യഹോവയുടെ നീതിയുളള ന്യായവിധികളുടെ നടപ്പാക്കൽ സഹിച്ചേ തീരൂ