വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാലു കുതിരക്കാർ സവാരിചെയ്യുന്നു!

നാലു കുതിരക്കാർ സവാരിചെയ്യുന്നു!

അധ്യായം 16

നാലു കുതി​ര​ക്കാർ സവാരി​ചെ​യ്യു​ന്നു!

ദർശനം 3—വെളി​പ്പാ​ടു 6:1-17

വിഷയം: നാലു കുതി​ര​ക്കാ​രു​ടെ സവാരി, കൊല്ല​പ്പെട്ട സാക്ഷികൾ യാഗപീ​ഠ​ത്തിൻ കീഴിൽ, വലിയ കോപ​ദി​വ​സം

നിവൃത്തിയുടെ കാലം: 1914 മുതൽ ഈ വ്യവസ്ഥി​തി​യു​ടെ നാശം വരെ

1. യേശു തുറക്കുന്ന കൗതു​ക​ക​ര​മായ ചുരു​ളി​ന്റെ ഉളളടക്കം യഹോവ യോഹ​ന്നാ​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്നത്‌ എങ്ങനെ?

 പ്രതി​സ​ന്ധി​യു​ടെ ഈ നാളിൽ നാം “വേഗത്തിൽ സംഭവി​പ്പാ​നു​ളള” കാര്യ​ങ്ങ​ളിൽ അതീവ താത്‌പ​ര്യ​മു​ള​ള​വ​രല്ലേ? തീർച്ച​യാ​യും, എന്തു​കൊ​ണ്ടെ​ന്നാൽ നാംതന്നെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു! അതു​കൊണ്ട്‌, യേശു കൗതു​ക​ക​ര​മായ ആ ചുരുൾ തുറക്കാൻ തുടങ്ങവേ നമുക്കി​പ്പോൾ യോഹ​ന്നാ​നെ അനുഗ​മി​ക്കാം. യോഹ​ന്നാൻ അതു വായി​ക്കേ​ണ്ട​തില്ല എന്നതു ശ്രദ്ധേ​യം​തന്നെ. എന്തു​കൊ​ണ്ടില്ല? എന്തു​കൊ​ണ്ടെ​ന്നാൽ അതിന്റെ ഉളളടക്കം “അടയാ​ള​ങ്ങ​ളിൽ”, ചലനാ​ത്മ​ക​വും അഭിനയം നിറഞ്ഞ​തു​മായ രംഗങ്ങ​ളു​ടെ ഒരു പരമ്പര​യി​ലൂ​ടെ അവനെ അറിയി​ച്ചു​കൊ​ടു​ക്കു​ന്നു.—വെളി​പാട്‌ 1:1, 10, NW.

2. (എ) യോഹ​ന്നാൻ എന്തു കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്നു, കെരൂ​ബി​ന്റെ ആകൃതി എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) ആദ്യ കെരൂ​ബി​ന്റെ ആജ്ഞ ആരെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ള​ള​താണ്‌, നിങ്ങൾ അങ്ങനെ ഉത്തരം നൽകു​ന്ന​തെ​ന്തു​കൊണ്ട്‌?

2 യേശു ചുരു​ളി​ന്റെ ആദ്യമു​ദ്ര തുറക്കു​മ്പോൾ യോഹ​ന്നാ​നെ ശ്രദ്ധി​ക്കുക: “കുഞ്ഞാടു മുദ്ര​ക​ളിൽ ഒന്നു പൊട്ടി​ച്ച​പ്പോൾ: നീ വരിക എന്നു നാലു ജീവി​ക​ളിൽ ഒന്നു ഇടിമു​ഴ​ക്കം​പോ​ലെ പറയു​ന്നതു ഞാൻ കേട്ടു.” (വെളി​പ്പാ​ടു 6:1) ഇത്‌ ആദ്യ കെരൂ​ബി​ന്റെ ശബ്ദമാണ്‌. അതിന്റെ സിംഹ​സ​ദൃ​ശ​മായ ആകൃതി, യഹോ​വ​യു​ടെ സ്ഥാപനം അവന്റെ നീതി​യു​ളള ന്യായ​ത്തീർപ്പു​കൾ നടപ്പാ​ക്കു​മ്പോൾ ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കു​മെന്ന്‌ യോഹ​ന്നാ​നു സൂചന നൽകും. ആ ആജ്ഞ ആരെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ള​ള​താണ്‌? അത്‌ യോഹ​ന്നാ​നോട്‌ ആയിരി​ക്കാൻ ഇടയില്ല, എന്തെന്നാൽ ഈ പ്രവാചക രംഗങ്ങ​ളിൽ പങ്കെടു​ക്കാൻ യോഹ​ന്നാൻ അതിനകം ക്ഷണിക്ക​പ്പെ​ട്ടി​രു​ന്നു. (വെളി​പ്പാ​ടു 4:1) ആവേശ​ക​ര​മായ നാലു രംഗങ്ങ​ളു​ടെ ഒരു പരമ്പര​യിൽ ആദ്യ​ത്തേ​തി​ലെ മററു പങ്കാളി​കളെ “ഇടിമു​ഴ​ക്കം​പോ​ലെ”യുളള ആ ശബ്ദം ക്ഷണിക്കു​ക​യാണ്‌.

വെളള​ക്കു​തി​ര​യും അതിന്റെ വിശ്രു​ത​നായ സവാരി​ക്കാ​ര​നും

3. (എ) യോഹ​ന്നാൻ ഇപ്പോൾ എന്തു വർണി​ക്കു​ന്നു? (ബി) ബൈബിൾ പ്രതീ​ക​ത്തോ​ടു ചേർച്ച​യിൽ വെളള​ക്കു​തിര എന്തി​നെ​യാ​യി​രി​ക്കണം ചിത്രീ​ക​രി​ക്കു​ന്നത്‌?

3 യോഹ​ന്നാ​നും അദ്ദേഹ​ത്തോ​ടൊത്ത്‌ ഇന്നത്തെ ഉത്സാഹി​ക​ളായ യോഹ​ന്നാൻവർഗ​ത്തി​നും കൂട്ടാ​ളി​കൾക്കും ത്വരി​ത​ഗ​തി​യി​ലു​ളള ഒരു നാടകം കാണാ​നു​ളള പദവി ലഭിച്ചി​രി​ക്കു​ന്നു! യോഹ​ന്നാൻ പറയുന്നു: “അപ്പോൾ ഞാൻ ഒരു വെളള​ക്കു​തി​രയെ കണ്ടു; അതിൻമേൽ ഇരിക്കു​ന്ന​വന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീ​ട​വും ലഭിച്ചു; അവൻ ജയിക്കു​ന്ന​വ​നാ​യും ജയിപ്പാ​നാ​യും [ജയിച്ച​ടക്കൽ പൂർത്തീകരിപ്പാനും, NW] പുറ​പ്പെട്ടു.” (വെളി​പ്പാ​ടു 6:2) ഇടിമു​ഴ​ക്കം​പോ​ലു​ളള ‘വരിക!’ എന്നതിന്‌ ഉത്തരമാ​യി ഒരു വെളള​ക്കു​തിര മുന്നോ​ട്ടു വരുന്നു. ബൈബി​ളിൽ കുതിര മിക്ക​പ്പോ​ഴും യുദ്ധത്തെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. (സങ്കീർത്തനം 20:7; സദൃശ​വാ​ക്യ​ങ്ങൾ 21:31; യെശയ്യാ​വു 31:1) ഈ കുതിര, സാധ്യ​ത​യ​നു​സ​രി​ച്ചു സുന്ദര​നായ ഒരു വിത്തു​കു​തിര, കളങ്കമി​ല്ലാത്ത വിശു​ദ്ധി​യെ സൂചി​പ്പി​ക്കുന്ന വെൺമ സ്‌ഫു​രി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 1:14; 4:4; 7:9; 20:11.) അത്‌ യഹോ​വ​യു​ടെ വിശുദ്ധ ദൃഷ്ടി​ക​ളിൽ ശുദ്ധവും നീതി​യു​ക്ത​വു​മായ യുദ്ധത്തെ ചിത്രീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇത്‌ എത്ര ഉചിത​മാണ്‌!—ഇതുകൂ​ടെ കാണുക: വെളി​പ്പാ​ടു 19:11, 14.

4. വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ ആരാണ്‌, വിശദീ​ക​രി​ക്കുക?

4 ഈ കുതി​ര​യു​ടെ സവാരി​ക്കാ​രൻ ആരാണ്‌? അയാൾക്ക്‌ ഒരു വില്ലുണ്ട്‌, ആക്രമ​ണ​ത്തി​നു​ളള ഒരു യുദ്ധാ​യു​ധം തന്നെ, എന്നാൽ അയാൾക്ക്‌ ഒരു കിരീ​ട​വും നൽക​പ്പെ​ടു​ന്നു. കർത്താ​വി​ന്റെ ദിവസ​ത്തിൽ കിരീ​ടങ്ങൾ ധരിച്ച​വ​രാ​യി കാണ​പ്പെ​ടുന്ന നീതി​മാൻമാർ യേശു​വും 24 മൂപ്പൻമാ​രാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന വർഗവും മാത്ര​മാണ്‌. (ദാനീ​യേൽ 7:13, 14, 27; ലൂക്കൊസ്‌ 1:31-33; വെളി​പ്പാ​ടു 4:4, 10; 14:14) a തന്റെ സ്വന്തം യോഗ്യ​ത​പ്ര​കാ​രം 24 മൂപ്പൻമാ​രിൽ ഒരാൾ ഒരു കിരീടം പ്രാപി​ക്കു​ന്ന​താ​യി ചിത്രീ​ക​രി​ക്കാൻ സാധ്യ​ത​യില്ല. അതു​കൊണ്ട്‌ ഈ ഒററക്കാ​ര​നായ കുതി​ര​ക്കാ​രൻ യേശു​ക്രി​സ്‌തു ആയിരി​ക്കണം, മററാ​രു​മല്ല. “ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു” എന്നു യഹോവ പ്രഖ്യാ​പി​ക്കുന്ന 1914-ലെ ചരി​ത്ര​പ്ര​ധാന നിമി​ഷ​ത്തിൽ യോഹ​ന്നാൻ യേശു​വി​നെ സ്വർഗ​ത്തിൽ കാണുന്നു, ഇത്‌ ‘ഞാൻ നിനക്കു ജാതി​കളെ അവകാ​ശ​മാ​യി’ തരേണ്ട​തി​നാ​ണെ​ന്നും അവനോ​ടു പറയുന്നു. (സങ്കീർത്തനം 2:6-8) b അങ്ങനെ ഒന്നാം മുദ്ര തുറക്കു​ക​യിൽ, പുതു​താ​യി കിരീ​ട​ധാ​രി​യായ രാജാ​വെ​ന്ന​നി​ല​യിൽ ദൈവ​ത്തി​ന്റെ നിയമിത സമയത്തു താൻതന്നെ യുദ്ധം ചെയ്യാൻ മുന്നേ​റു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ യേശു വെളി​പ്പെ​ടു​ത്തു​ന്നു.

5. വെളി​പ്പാ​ടു 6:2-നു സമാന​മായ ഒരു വിധത്തിൽ സങ്കീർത്ത​ന​ക്കാ​രൻ സവാരി​ക്കാ​രനെ വർണി​ക്കു​ന്നത്‌ എങ്ങനെ?

5 യഹോവ സിംഹാ​സ​നാ​രൂ​ഢ​നാ​ക്കിയ രാജാ​വി​നെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ളള സങ്കീർത്തനം 45:4-7-നോട്‌ ഈ രംഗം മനോ​ഹ​ര​മാ​യി യോജി​ക്കു​ന്നു: “സത്യവും സൌമ്യ​ത​യും നീതി​യും പാലി​ക്കേ​ണ്ട​തി​ന്നു നീ മഹിമ​യോ​ടെ കൃതാർത്ഥ​നാ​യി വാഹന​മേറി എഴു​ന്നെ​ള​ളുക; നിന്റെ വലങ്കൈ ഭയങ്കര​കാ​ര്യ​ങ്ങളെ നിനക്കു​പ​ദേ​ശി​ച്ചു​ത​രു​മാ​റാ​കട്ടെ. നിന്റെ അസ്‌ത്രങ്ങൾ മൂർച്ച​യു​ള​ള​വ​യാ​കു​ന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാ​വി​ന്റെ ശത്രു​ക്ക​ളു​ടെ നെഞ്ചത്തു അവ തറെക്കു​ന്നു. ദൈവമേ, നിന്റെ സിംഹാ​സനം എന്നും എന്നേക്കും ഉളളതാ​കു​ന്നു; നിന്റെ രാജത്വ​ത്തി​ന്റെ ചെങ്കോൽ നീതി​യു​ളള ചെങ്കോ​ലാ​കു​ന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷി​ക്കു​ന്നു; അതു​കൊ​ണ്ടു ദൈവം, നിന്റെ ദൈവം​തന്നെ, നിന്റെ കൂട്ടു​കാ​രിൽ പരമായി നിന്നെ ആനന്ദ​തൈ​ലം​കൊ​ണ്ടു അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നു.” ആ പ്രവാചക വർണന പരിചി​ത​മാ​യി​രു​ന്ന​തി​നാൽ അതു രാജാ​വെന്ന നിലയിൽ യേശു​വി​ന്റെ പ്രവർത്ത​ന​ത്തി​നു ബാധക​മാ​കു​ന്നു​വെ​ന്നതു യോഹ​ന്നാൻ വിലമ​തി​ക്കു​മാ​യി​രു​ന്നു.—താരത​മ്യം ചെയ്യുക: എബ്രായർ 1:1, 2, 8, 9.

ജയിച്ച​ട​ക്കി​ക്കൊ​ണ്ടു മുന്നേ​റു​ന്നു

6. (എ) സവാരി​ക്കാ​രൻ ജയിച്ച​ടക്കി മുന്നേ​റേ​ണ്ട​തു​ള​ളത്‌ എന്തു​കൊണ്ട്‌? (ബി) ഏതു വർഷങ്ങ​ളിൽ ജയിച്ച​ടക്കൽ സവാരി തുടരു​ന്നു?

6 എങ്കിലും പുതു​താ​യി കിരീ​ട​ധാ​രി​യായ രാജാവ്‌ യുദ്ധത്തി​നു പുറ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വ​യു​ടെ മുഖ്യ പ്രതി​യോ​ഗി​യായ പിശാ​ചായ സാത്താ​ന്റെ​യും ഭൂമി​യിൽ അറിഞ്ഞോ അറിയാ​തെ​യോ സാത്താന്റെ ഉദ്ദേശ്യ​ങ്ങൾക്കു സേവ ചെയ്യു​ന്ന​വ​രു​ടെ​യും കഠിന​മായ എതിർപ്പിൻ മധ്യേ​യാണ്‌ അവന്റെ രാജത്വം സ്ഥാപി​ക്ക​പ്പെ​ട്ടത്‌. രാജ്യ​ത്തി​ന്റെ ജനനം​തന്നെ സ്വർഗ​ത്തിൽ ഒരു വലിയ യുദ്ധം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. മീഖാ​യേൽ (“ദൈവ​ത്തെ​പ്പോ​ലെ ആരുളളൂ?” എന്നർഥം) എന്നപേ​രിൽ പോരാ​ടി​ക്കൊണ്ട്‌ യേശു സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും ജയിച്ച​ട​ക്കു​ക​യും അവരെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യു​ക​യും ചെയ്യുന്നു. (വെളി​പ്പാ​ടു 12:7-12) യേശു​വി​ന്റെ ജയിച്ച​ട​ക്കൽസ​വാ​രി കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആദ്യദ​ശ​ക​ങ്ങ​ളിൽ തുടരു​ന്നു, അപ്പോൾ ഭൂമി​യി​ലെ ജനങ്ങളും ജനതക​ളും ന്യായം​വി​ധി​ക്ക​പ്പെ​ടു​ക​യും ചെമ്മരി​യാ​ടു​തു​ല്യ​രായ മനുഷ്യർ രക്ഷക്കായി കർത്താ​വി​ന്റെ പക്ഷത്തേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. മുഴു​ലോ​ക​വും ഇപ്പോ​ഴും “ദുഷ്ടന്റെ അധീന​ത​യിൽ” കിടക്കു​ക​യാ​ണെ​ങ്കി​ലും യേശു സ്‌നേ​ഹ​പൂർവം തന്റെ അഭിഷിക്ത സഹോ​ദ​ര​ങ്ങ​ളെ​യും അവരുടെ കൂട്ടാ​ളി​ക​ളെ​യും തുടർന്നും മേയി​ക്കു​ന്നു, വിശ്വാ​സ​ത്തി​ന്റെ ജയിച്ച​ടക്കൽ പ്രാപി​ക്കാൻ ഓരോ​രു​ത്ത​രെ​യും സഹായി​ച്ചു​കൊ​ണ്ടു​തന്നെ.—1 യോഹ​ന്നാൻ 5:19; മത്തായി 25:31-33.

7. കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആദ്യദ​ശ​ക​ങ്ങ​ളിൽ യേശു ഭൂമി​യിൽ ഏതു ജയിച്ച​ട​ക്ക​ലു​കൾ നടത്തി​യി​രി​ക്കു​ന്നു, നമ്മുടെ നിശ്ചയം എന്തായി​രി​ക്കണം?

7 കർത്താ​വി​ന്റെ ദിവസ​ത്തി​ലെ കഴിഞ്ഞ 70-ലധികം വർഷങ്ങ​ളിൽ യേശു മറേറതു ജയിച്ച​ട​ക്ക​ലു​കൾ നടത്തി​യി​രി​ക്കു​ന്നു? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ ശുശ്രൂ​ഷ​യു​ടെ തെളിവു നൽകു​ക​യിൽ വർണി​ക്കു​ന്ന​തി​നു സമാന​മായ അനേകം പ്രതി​സ​ന്ധി​ക​ളും സമ്മർദ​ങ്ങ​ളും പീഡന​ങ്ങ​ളും യഹോ​വ​യു​ടെ സാക്ഷികൾ വ്യക്തി​പ​ര​മാ​യും സഭാപ​ര​മാ​യും ഗോള​മെ​മ്പാ​ടും അനുഭ​വി​ക്കു​ക​യു​ണ്ടാ​യി. (2 കൊരി​ന്ത്യർ 11:23-28) വിശേ​ഷി​ച്ചും യുദ്ധത്തി​ന്റെ​യും അക്രമ​ത്തി​ന്റെ​യും രംഗത്തു സഹിച്ചു​നിൽക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു “സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി” ആവശ്യ​മാ​യി​രു​ന്നി​ട്ടുണ്ട്‌. (2 കൊരി​ന്ത്യർ 4:7, NW) എന്നാൽ അത്യന്തം വിഷമം​പി​ടിച്ച സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും വിശ്വസ്‌ത സാക്ഷി​കൾക്കു പൗലോ​സി​നെ​പ്പോ​ലെ പറയാൻ കഴിഞ്ഞു: “കർത്താ​വോ എനിക്കു തുണനി​ന്നു പ്രസംഗം എന്നെ​ക്കൊ​ണ്ടു നിവർത്തി​പ്പാ​നും . . . എന്നെ ശക്തീക​രി​ച്ചു.” (2 തിമൊ​ഥെ​യൊസ്‌ 4:17) അതെ, യേശു അവർക്കു​വേണ്ടി ജയിച്ച​ടക്കി. നമ്മുടെ വിശ്വാ​സ​ത്തി​ന്റെ ജയിച്ച​ടക്കൽ പൂർത്തീ​ക​രി​ക്കാൻ നാം ഉറച്ചി​രി​ക്കുന്ന കാല​ത്തോ​ളം അവൻ നമുക്കു​വേണ്ടി ജയിച്ച​ടക്കൽ തുടർന്നു​കൊ​ണ്ടി​രി​ക്കും.—1 യോഹ​ന്നാൻ 5:4.

8, 9. (എ) ഏതു ജയിച്ച​ട​ക്ക​ലു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആഗോള സഭ പങ്കെടു​ത്തി​രി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വളർച്ച സത്യമാ​യും എവിടെ മുന്തിയ വിധത്തി​ലാ​യി​രു​ന്നി​ട്ടുണ്ട്‌?

8 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആഗോള സഭ അതിന്റെ ജയിച്ച​ട​ക്കുന്ന രാജാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ പല ജയിച്ച​ട​ക്ക​ലു​ക​ളിൽ പങ്കുപ​റ​റി​യി​ട്ടുണ്ട്‌. അവൻ 1918-ൽ ഈ ബൈബിൾ വിദ്യാർഥി​കളെ സമൂല​നാ​ശ​ത്തിൽനിന്ന്‌ അതിശ​യ​ക​ര​മാ​യി സംരക്ഷി​ച്ചു, അന്ന്‌ അവർതന്നെ താത്‌കാ​ലി​ക​മാ​യി സാത്താന്റെ രാഷ്‌ട്രീയ സ്ഥാപന​ത്താൽ ‘ജയിച്ച​ട​ക്ക​പ്പെട്ടു’. എന്നുവ​രി​കി​ലും, 1919-ൽ അവൻ അവരെ മോചി​പ്പി​ക്കു​ന്ന​തി​നു ജയില​ഴി​കളെ തകർത്തു, തുടർന്ന്‌ “ഭൂമി​യു​ടെ അററ​ത്തോ​ള​വും” സുവാർത്ത ഘോഷി​ക്കു​ന്ന​തിന്‌ അവരെ പുനരു​ജ്ജീ​വി​പ്പി​ക്കു​ക​യും ചെയ്‌തു.—വെളി​പ്പാ​ടു 13:7; പ്രവൃ​ത്തി​കൾ 1:8.

9 രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്തും അതിനു​മു​മ്പും സ്വേച്ഛാ​ധി​കാ​രി​ക​ളാ​യി​രുന്ന അച്ചുത​ണ്ടു​ശ​ക്തി​കൾ പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​കളെ തുടച്ചു​നീ​ക്കാൻ ശ്രമിച്ചു, അവിടെ മതനേ​താ​ക്കൾ, പ്രത്യേ​കി​ച്ചും റോമൻ കത്തോ​ലി​ക്കാ​പു​രോ​ഹി​താ​ധി​പ​ത്യം പീഡക​രായ സ്വേച്ഛാ​ധി​കാ​രി​കൾക്കു പരസ്യ​മാ​യോ രഹസ്യ​മാ​യോ പിന്തുണ നൽകി. പതിനാ​യി​ര​ത്തി​ല​ധി​കം പേർ ദീർഘ​കാ​ലം ജയിലു​ക​ളി​ലും തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും കഴിയു​ക​യും മററ്‌ ആയിരങ്ങൾ കൊല്ല​പ്പെ​ടു​ക​യും ചെയ്‌തെ​ങ്കി​ലും യുദ്ധം തുടങ്ങിയ 1939-ൽ പ്രസം​ഗ​വേല ചെയ്‌തു​കൊ​ണ്ടി​രുന്ന 71,509 സാക്ഷികൾ 1945-ൽ അത്‌ അവസാ​നി​ച്ച​പ്പോ​ഴേ​ക്കും 1,41,606 ആയിത്തീർന്നു. ഭൂവ്യാ​പ​ക​മാ​യി സജീവ​സാ​ക്ഷി​ക​ളു​ടെ എണ്ണം ഇന്ന്‌ 40 ലക്ഷത്തി​ല​ധി​ക​മാ​യി വർധി​ച്ചി​രി​ക്കു​ന്നു. കത്തോ​ലി​ക്കാ രാജ്യ​ങ്ങ​ളി​ലും പീഡനം അതിക​ഠി​ന​മാ​യി​രുന്ന, ജർമനി, ഇററലി, ജപ്പാൻ എന്നിവ​പോ​ലു​ളള ദേശങ്ങ​ളി​ലും വളർച്ച മുന്തി​യ​താ​യി​രു​ന്നു, ആ ഓരോ രാജ്യ​ത്തും 1,00,000-ത്തിലധി​കം സജീവ വയൽ ശുശ്രൂ​ഷകർ ഇപ്പോൾ റിപ്പോർട്ടു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു.—യെശയ്യാ​വു 54:17; യിരെ​മ്യാ​വു 1:17-19.

10. “സുവാർത്ത​യു​ടെ പ്രതി​വാ​ദ​ത്തി​ലും നിയമ​പ​ര​മായ സ്ഥിരീ​ക​ര​ണ​ത്തി​ലും” ഏതു വിജയ​ങ്ങ​ളോ​ടെ ജയിച്ച​ട​ക്കുന്ന രാജാവ്‌ തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു?

10 നിയമ കോട​തി​ക​ളി​ലും ഭരണാ​ധി​കാ​രി​ക​ളു​ടെ മുമ്പി​ലും “സുവാർത്ത​യു​ടെ പ്രതി​വാ​ദ​ത്തി​ലും നിയമ​പ​ര​മായ സ്ഥിരീ​ക​ര​ണ​ത്തി​ലും” അനേകം വിജയ​ങ്ങ​ളി​ലേക്കു നയിച്ചു​കൊ​ണ്ടും ജയിച്ച​ട​ക്കുന്ന നമ്മുടെ രാജാവ്‌ ഉത്സാഹി​ക​ളായ തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. (ഫിലി​പ്യർ 1:7, NW; മത്തായി 10:18; 24:9) ഇത്‌ ഒരു സാർവ​ദേ​ശീയ അളവിൽ ആയിരു​ന്നി​ട്ടുണ്ട്‌—ഓസ്‌​ട്രേ​ലി​യാ​യി​ലും അർജൻറീ​ന​യി​ലും കാനഡ​യി​ലും ഗ്രീസി​ലും ഇന്ത്യയി​ലും സ്വാസീ​ലാൻഡി​ലും സ്വിറ​റ്‌സർലൻഡി​ലും ടർക്കി​യി​ലും മററ്‌ രാജ്യ​ങ്ങ​ളി​ലും തന്നെ. ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം​കോ​ട​തി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ നേടിയ 23 നിയമ​വി​ജ​യ​ങ്ങ​ളിൽ “പരസ്യ​മാ​യും വീടു​തോ​റും” സുവാർത്ത പ്രസം​ഗി​ക്കാ​നും വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ ദേശഭ​ക്തി​ച​ട​ങ്ങു​ക​ളിൽ നിന്ന്‌ വിട്ടു​നിൽക്കാ​നു​മു​ളള അവകാശ  ഉറപ്പു​വ​രു​ത്തു​ന്നവ ഉൾപ്പെ​ട്ടി​രു​ന്നു. (പ്രവൃ​ത്തി​കൾ 5:42; 20:20; 1 കൊരി​ന്ത്യർ 10:14) അങ്ങനെ വർധി​ച്ചു​വ​രുന്ന ഒരു ആഗോള സാക്ഷ്യ​ത്തി​നു വഴിതു​റ​ന്നി​രി​ക്കു​ന്നു.

11. (എ) സവാരി​ക്കാ​രൻ ‘തന്റെ ജയിച്ച​ടക്കൽ പൂർത്തി​യാ​ക്കു​ന്നത്‌’ എങ്ങനെ? (ബി) രണ്ടും മൂന്നും നാലും മുദ്ര​ക​ളു​ടെ തുറക്ക​ലി​നു നമ്മു​ടെ​മേൽ എന്തു ഫലം ഉണ്ടായി​രി​ക്കണം?

11 യേശു ‘തന്റെ ജയിച്ച​ടക്കൽ പൂർത്തി​യാ​ക്കുന്ന’തെങ്ങനെ? c നാം കാണാൻ പോകു​ന്ന​തു​പോ​ലെ, വ്യാജ​മ​തത്തെ നശിപ്പി​ച്ചു​കൊ​ണ്ടും തുടർന്നു സാത്താന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ന്റെ ശേഷി​ക്കുന്ന ഏതു ഘടക​ത്തെ​യും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​ന​ത്തി​നാ​യി നാശത്തി​ന്റെ ഒരു പ്രതീ​കാ​ത്മക ‘തീത്തടാ​ക​ത്തി​ലേക്ക്‌’ എറിഞ്ഞു​കൊ​ണ്ടും ആണ്‌ അവൻ ഇതു ചെയ്യു​ന്നത്‌. നമ്മുടെ ‘രാജാ​ധി​രാ​ജാവ്‌’ സാത്താന്റെ ഞെരു​ക്കുന്ന രാഷ്‌ട്രീയ സ്ഥാപന​ത്തിൻമേൽ അന്തിമ വിജയം നേടുന്ന ആ അർമ​ഗെ​ദോൻ നാളി​നാ​യി നാം ഇപ്പോൾ വിശ്വാ​സ​ത്തോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ന്നു! (വെളി​പ്പാ​ടു 16:16; 17:14; 19:2, 14-21; യെഹെ​സ്‌കേൽ 25:17) അതിനി​ടെ, യഹോവ സത്യസ​ന്ധ​രായ ആളുകളെ ഭൂമി​യി​ലെ തന്റെ നീതി​യു​ളള ജനതയി​ലേക്കു കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​മ്പോൾ വെളള​ക്കു​തി​ര​പ്പു​റത്തു സവാരി ചെയ്യുന്ന അജയ്യ ജേതാവ്‌ തുടർന്നും സവാരി നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. (യെശയ്യാ​വു 26:2; 60:22) സന്തോ​ഷ​ക​ര​മായ ആ രാജ്യ വികസ​ന​ത്തിൽ നിങ്ങൾ യോഹ​ന്നാൻവർഗ​ത്തോ​ടൊ​പ്പം പങ്കെടു​ക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, ഈ നാളി​ലേ​ക്കു​ളള യഹോ​വ​യു​ടെ വേലയിൽ കൂടു​ത​ലായ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ അടുത്ത മൂന്നു മുദ്രകൾ തുറക്കു​മ്പോൾ യോഹ​ന്നാൻ കാണുന്ന കാര്യങ്ങൾ നിങ്ങളെ തീർച്ച​യാ​യും ഉത്തേജി​പ്പി​ക്കും.

അതാ, തീ നിറമു​ളള കുതിര!

12. രാജാ​വെന്ന നിലയി​ലു​ളള തന്റെ അദൃശ്യ​സാ​ന്നി​ധ്യ​ത്തെ എന്ത്‌ അടയാ​ള​പ്പെ​ടു​ത്തു​മെന്ന്‌ യേശു പറഞ്ഞു?

12 യേശു​വി​ന്റെ ഭൂമി​യി​ലെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​ത്തോ​ട​ടുത്ത്‌ ശിഷ്യൻമാർ അവനോ​ടു സ്വകാ​ര്യ​മാ​യി ചോദി​ച്ചു: ‘നിന്റെ വരവി​ന്നും ലോകാ​വ​സാ​ന​ത്തി​ന്നും അടയാളം എന്തായി​രി​ക്കും?’ മറുപ​ടി​യാ​യി ‘ഈററു​നോ​വി​ന്റെ ആരംഭം’ ആയിരി​ക്കുന്ന വിപത്തു​കൾ അവൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. യേശു പറഞ്ഞു: “ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും; വലിയ ഭൂകമ്പ​വും ക്ഷാമവും മഹാവ്യാ​ധി​ക​ളും അവിട​വി​ടെ ഉണ്ടാകും; ഭയങ്കര​കാ​ഴ്‌ച​ക​ളും ആകാശ​ത്തിൽ മഹാല​ക്ഷ്യ​ങ്ങ​ളും ഉണ്ടാകും.” (മത്തായി 24:3, 7, 8; ലൂക്കൊസ്‌ 21:10, 11) ചുരു​ളി​ന്റെ ശേഷി​ക്കുന്ന മുദ്രകൾ തുറക്കു​മ്പോൾ യോഹ​ന്നാൻ കാണുന്ന കാര്യങ്ങൾ ആ പ്രവച​ന​ത്തി​നു ശ്രദ്ധേ​യ​മായ ഒരു സമാന്തരം പ്രദാനം ചെയ്യുന്നു. ഇപ്പോൾ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു രണ്ടാം മുദ്ര തുറക്കു​മ്പോൾ കാണുക!

13. ഏതു വൈരു​ദ്ധ്യം യോഹ​ന്നാ​നു പ്രത്യ​ക്ഷ​മാ​യി​ത്തീ​രാൻ പോക​യാണ്‌?

13 “അവൻ രണ്ടാം മുദ്ര പൊട്ടി​ച്ച​പ്പോൾ: വരിക എന്നു രണ്ടാം ജീവി പറയു​ന്നതു ഞാൻ കേട്ടു.” (വെളി​പ്പാ​ടു 6:3) ആജ്ഞ പുറ​പ്പെ​ടു​വി​ക്കു​ന്നതു കാളയു​ടെ ആകൃതി​യു​ളള രണ്ടാമത്തെ കെരൂ​ബാണ്‌. ഇവിടെ പ്രതീ​ക​വൽക്ക​രി​ച്ചി​രി​ക്കുന്ന ഗുണം ശക്തിയാണ്‌, എന്നാൽ നീതി​യു​ക്ത​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ശക്തി. എങ്കിലും അതിനു വിരു​ദ്ധ​മാ​യി യോഹ​ന്നാൻ ഇപ്പോൾ ഘോര​മായ, മാരക​മായ ശക്തിയു​ടെ ഒരു പ്രകടനം കാണേ​ണ്ടി​വ​രു​ന്നു.

14. യോഹ​ന്നാൻ അടുത്ത​താ​യി ഏതു കുതി​ര​യെ​യും സവാരി​ക്കാ​ര​നെ​യും കാണുന്നു, ഈ ദർശനം എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

14 അപ്പോൾ, ‘വരിക!’ എന്ന ഈ രണ്ടാം ക്ഷണത്തിന്‌ ഉത്തരം ലഭിക്കു​ന്നത്‌ എങ്ങനെ? ഈ വിധത്തി​ലാണ്‌: “അപ്പോൾ ചുവന്ന​തായ മറെറാ​രു കുതിര പുറ​പ്പെട്ടു; അതിന്റെ പുറത്തു ഇരിക്കു​ന്ന​വന്നു മനുഷ്യർ അന്യോ​ന്യം കൊല്ലു​വാൻ തക്കവണ്ണം ഭൂമി​യിൽനി​ന്നു സമാധാ​നം എടുത്തു​ക​ള​യേ​ണ്ട​തി​ന്നു അധികാ​രം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.” (വെളി​പ്പാ​ടു 6:4) വാസ്‌ത​വ​ത്തിൽ ഒരു ഘോര​മായ ദർശനം! അത്‌ എന്തു ചിത്രീ​ക​രി​ക്കു​ന്നു​വെ​ന്നതു സംബന്ധിച്ച്‌ ഒരു സംശയ​വു​മില്ല: യുദ്ധം! യഹോ​വ​യു​ടെ ജയിച്ച​ട​ക്കുന്ന രാജാ​വി​ന്റെ നീതി​യു​ക്ത​വും വിജയ​പ്ര​ദ​വു​മായ യുദ്ധമല്ല, പിന്നെ​യോ അനാവ​ശ്യ​മായ വേദന​യും രക്തച്ചൊ​രി​ച്ചി​ലും സഹിതം ക്രൂര​മായ മനുഷ്യ​നിർമിത സാർവ​ദേ​ശീയ യുദ്ധം തന്നെ. ഈ സഞ്ചാരി തീയുടെ ചുവപ്പു​ളള ഒരു കുതി​ര​യു​ടെ പുറത്ത്‌ ഇരിക്കു​ന്നത്‌ എത്ര ഉചിത​മാണ്‌!

15. രണ്ടാം കുതി​ര​ക്കാ​രന്റെ സവാരി​യിൽ പങ്കുണ്ടാ​യി​രി​ക്കാൻ നാം ആഗ്രഹി​ക്കാ​ത്ത​തെ​ന്തു​കൊണ്ട്‌?

15 തീർച്ച​യാ​യും, യോഹ​ന്നാൻ ഈ കുതി​ര​ക്കാ​ര​നോ​ടും അവന്റെ സാഹസിക സവാരി​യോ​ടും യാതൊ​രു പങ്കും ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യില്ല, എന്തെന്നാൽ ദൈവ​ജ​ന​ങ്ങളെ സംബന്ധിച്ച്‌ ഇപ്രകാ​രം പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.” (യെശയ്യാ​വു 2:4) ഇപ്പോ​ഴും “ലോക​ത്തിൽ” ആണെങ്കി​ലും യോഹ​ന്നാ​നും വ്യാപ​ക​മായ അർഥത്തിൽ യോഹ​ന്നാൻവർഗ​വും മഹാപു​രു​ഷാ​ര​വും ഇന്ന്‌ ഈ രക്തപങ്കില വ്യവസ്ഥി​തി​യു​ടെ ‘ഭാഗമല്ല’. നമ്മുടെ ആയുധങ്ങൾ ജഡിക ആയുധങ്ങൾ ആയിരി​ക്കാ​തെ ആത്മീയ​വും ‘ദൈവ​ത്താൽ ശക്തിയു​ള​ള​വ​യും’ ആകുന്നു, സജീവ​മാ​യി സത്യം ഘോഷി​ക്കു​ന്ന​തി​നു​ള​ള​തു​തന്നെ.—യോഹ​ന്നാൻ 17:11, 14; 2 കൊരി​ന്ത്യർ 10:3, 4, NW.

16. ചുവന്ന കുതി​ര​യു​ടെ സവാരി​ക്കാ​രന്‌ ‘ഒരു വലിയ വാൾ’ കൊടു​ക്ക​പ്പെ​ട്ടത്‌ എപ്പോൾ, എങ്ങനെ?

16 വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രനു കിരീടം ലഭിച്ച 1914-നു മുമ്പ്‌ അനേകം യുദ്ധങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ ഇപ്പോൾ ചുവന്ന കുതി​ര​യു​ടെ സവാരി​ക്കാ​രന്‌ ‘ഒരു വലിയ വാൾ’ നൽക​പ്പെ​ടു​ന്നു. ഇത്‌ എന്തു സൂചി​പ്പി​ക്കു​ന്നു? ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ മനുഷ്യ​യു​ദ്ധം മുമ്പെ​ന്ന​ത്തെ​ക്കാൾ രക്തരൂ​ക്ഷി​ത​വും വിനാ​ശ​ക​ര​വും ആയിത്തീ​രു​ന്നു. ആയിര​ത്തി​ത്തൊ​ള​ളാ​യി​ര​ത്തി​പ​തി​നാ​ലു മുതൽ പതി​നെട്ടു വരെ നടന്ന രക്തച്ചൊ​രി​ച്ചി​ലിൽ ടാങ്കു​ക​ളും വിഷവാ​ത​ക​വും വിമാ​ന​ങ്ങ​ളും മുങ്ങി​ക്ക​പ്പ​ലു​ക​ളും വലിയ പീരങ്കി​ക​ളും ഓട്ടോ​മാ​റ​റിക്‌ ആയുധ​ങ്ങ​ളും ഒന്നുകിൽ ആദ്യമാ​യി അല്ലെങ്കിൽ മുമ്പി​ല്ലാത്ത അളവിൽ ഉപയോ​ഗി​ക്ക​പ്പെട്ടു. ഏതാണ്ട്‌ 28 രാഷ്‌ട്ര​ങ്ങ​ളിൽ പടയാ​ളി​കൾ മാത്രമല്ല, മുഴു​ജ​ന​ത​യും യുദ്ധത്തിൽ ഭാഗഭാ​ക്കാ​യി. യുദ്ധമ​ര​ണങ്ങൾ ഞെട്ടി​ക്കു​ന്ന​താ​യി​രു​ന്നു. തൊണ്ണൂ​റു​ല​ക്ഷ​ത്തി​ല​ധി​കം പടയാ​ളി​കൾ കൊല്ല​പ്പെട്ടു, പൗരജ​ന​മ​ര​ണ​ങ്ങൾക്കു കണക്കില്ല. യുദ്ധം അവസാ​നി​ച്ചെ​ങ്കിൽപ്പോ​ലും ഭൂമി യഥാർഥ​മാ​യി സമാധാ​ന​ത്തി​ലേക്കു തിരി​ച്ചു​വ​ന്നില്ല. ആ യുദ്ധാ​ന​ന്തരം, 50-ലധികം വർഷം കഴിഞ്ഞ്‌ ജർമൻ രാജ്യ​ത​ന്ത്ര​ജ്ഞ​നായ കോൺറാഡ്‌ അഡനോ​വർ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “1914-നു ശേഷം ശാന്തി​യും സുരക്ഷി​ത​ത്വ​വും മനുഷ്യ​രു​ടെ ജീവി​ത​ത്തിൽനിന്ന്‌ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.” വാസ്‌ത​വ​ത്തിൽ, ഭൂമി​യിൽനി​ന്നു സമാധാ​നം എടുത്തു​ക​ള​യാൻ തീ നിറമു​ളള കുതി​ര​യു​ടെ സവാരി​ക്കാ​രന്‌ അധികാ​രം നൽക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌!

17. ഒന്നാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം ‘വലിയ വാളിന്റെ’ ഉപയോ​ഗം തുടർന്നി​രി​ക്കു​ന്ന​തെ​ങ്ങനെ?

17 പിന്നീട്‌, തന്റെ രക്തദാ​ഹ​ത്താൽ പ്രേരി​ത​നാ​യി ചുവന്ന കുതി​ര​യു​ടെ സവാരി​ക്കാ​രൻ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ലേക്ക്‌ എടുത്തു​ചാ​ടി. കൊല​യാ​യു​ധങ്ങൾ എന്നത്തേ​തി​ലും പൈശാ​ചി​ക​മാ​യി, മരണങ്ങൾ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ നാലി​ര​ട്ടി​യോ​ളം കുതി​ച്ചു​യർന്നു. ജപ്പാനിൽ 1945-ൽ രണ്ട്‌ അണുവാ​യു​ധങ്ങൾ പൊട്ടി, ഓരോ​ന്നും ഒരു ഞൊടി​യി​ട​യിൽ പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ഇരകളെ നിർമൂ​ല​മാ​ക്കി​ക്കൊ​ണ്ടു​തന്നെ. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ചുവന്ന കുതി​ര​യു​ടെ സവാരി​ക്കാ​രൻ 550 ലക്ഷം ജീവന്റെ ഒരു വമ്പിച്ച വിള കൊയ്‌തെ​ടു​ത്തു, എന്നിട്ടു​പോ​ലും അവനു തൃപ്‌തി​യാ​യി​ട്ടില്ല. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ശേഷം 190 ലക്ഷം ദേഹി​ക​ളെ​ങ്കി​ലും ആ ‘വലിയ വാളാൽ’ വീണി​ട്ടു​ണ്ടെന്നു വിശ്വ​സ​നീ​യ​മാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു.

18, 19. (എ) രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്ത​ര​മു​ളള സംഹാരം സൈനിക സാങ്കേ​തി​ക​വി​ദ്യ​യു​ടെ വിജയ​മാ​യി​രി​ക്കു​ന്ന​തി​നു പകരം ഏതു വസ്‌തു​തക്ക്‌ ഒരു സാക്ഷ്യ​മാണ്‌? (ബി) ഏതു വിപത്ത്‌ മനുഷ്യ​വർഗത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു, അതു നീക്കു​ന്ന​തി​നു വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ എന്തു ചെയ്യും?

18 നമുക്കി​തി​നെ സൈനിക സാങ്കേ​തി​ക​വി​ദ്യ​യു​ടെ വിജയ​മെന്നു വിളി​ക്കാ​മോ? പകരം, അതു കരുണ​യി​ല്ലാത്ത ചുവന്ന കുതിര കുതി​ച്ചോ​ടു​ന്നു എന്നതിന്റെ സാക്ഷ്യ​മാണ്‌. ആ കുതി​ച്ചോ​ട്ടം എവിടെ അവസാ​നി​ക്കും? ആസൂ​ത്രി​ത​മായ ഒരു ന്യൂക്ലി​യർ സംഘട്ടനം ഉണ്ടാകാ​ത്ത​പക്ഷം ഒരു യാദൃ​ച്ഛിക ന്യൂക്ലി​യർ യുദ്ധം അടുത്ത 25 വർഷത്തി​നു​ള​ളിൽ സംഭവി​ക്കു​മെ​ന്നു​ള​ളതു തീർച്ച​യാണ്‌ എന്ന്‌ ചില ശാസ്‌ത്ര​ജ്ഞൻമാർ കണക്കു​കൂ​ട്ടി പ്രവചി​ക്കു​ന്നു! എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രന്‌ ഇതു സംബന്ധിച്ച്‌ മററു ചിന്തകൾ ഉണ്ട്‌.

19 സമുദാ​യം ദേശീ​യത്വ അഹന്തയി​ലും വിദ്വേ​ഷ​ത്തി​ലും അധിഷ്‌ഠി​ത​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം മനുഷ്യ​വർഗം ന്യൂക്ലി​യർ വിപത്തി​ന്റെ പ്രതീ​ക്ഷ​യിൽ തുടർന്നേ തീരൂ. ജനതകൾ നിരാ​ശ​യിൽ എല്ലാ ന്യൂക്ലി​യർ ആയുധ​ങ്ങ​ളും നീക്കം​ചെ​യ്‌താൽ പോലും അതുണ്ടാ​ക്കാ​നു​ളള അറിവ്‌ അവർ നിലനിർത്തും. കുറച്ചു നാളു​കൾകൊണ്ട്‌ അവർക്ക്‌ അവരുടെ മാരക​മായ ന്യൂക്ലി​യർ ആയുധങ്ങൾ വീണ്ടും ഉണ്ടാക്കാൻ കഴിയും, അതു​കൊണ്ട്‌ പരമ്പരാ​ഗത ആയുധങ്ങൾ ഉപയോ​ഗി​ച്ചു​ളള ഏതു യുദ്ധവും പെട്ടെ​ന്നു​തന്നെ ഒരു കൂട്ടസം​ഹാ​ര​മാ​യി പരിണ​മി​ച്ചേ​ക്കാം. വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ തീ നിറമു​ളള കുതി​ര​യു​ടെ ഭ്രാന്ത​മായ കുതി​ച്ചോ​ട്ടം അവസാ​നി​പ്പി​ക്കാ​ത്ത​പക്ഷം ഇന്നു ജനതകളെ ആവരണം ചെയ്യുന്ന അഹങ്കാ​ര​വും വിദ്വേ​ഷ​വും മനുഷ്യ​വർഗ​ത്തി​ന്റെ ആത്മഹൂ​തി​യി​ലേക്ക്‌ നയിച്ചേ തീരൂ. രാജാ​വായ ക്രിസ്‌തു സാത്താ​നാൽ നിയ​ന്ത്രി​ക്ക​പ്പെ​ടുന്ന ലോക​ത്തിൻമേൽ തന്റെ ജയിച്ച​ടക്കൽ പൂർത്തി​യാ​ക്കാ​നും ഭ്രാന്തു​പി​ടിച്ച നമ്മുടെ കാലത്തെ അസ്ഥിര​മായ ന്യൂക്ലി​യർ ആയുധ​ശേ​ഖ​ര​ത്തെ​ക്കാൾ വളരെ മേത്തര​മായ ഒരു സമാധാന ശക്തിയാ​കുന്ന സ്‌നേ​ഹ​ത്തിൽ—ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടു​മു​ളള സ്‌നേ​ഹ​ത്തിൽ—അധിഷ്‌ഠി​ത​മായ ഒരു പുതി​യ​ഭൂ​മി സമുദാ​യം സ്ഥാപി​ക്കാ​നും സവാരി ചെയ്യു​മെന്നു നമുക്ക്‌ ഉറച്ച വിശ്വാ​സ​മു​ള​ള​വ​രാ​യി​രി​ക്കാം.—സങ്കീർത്തനം 37:9-11; മർക്കൊസ്‌ 12:29-31; വെളി​പ്പാ​ടു 21:1-5.

ഒരു കറുത്ത കുതിര മുന്നോ​ട്ടു കുതി​ക്കു​ന്നു

20. വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ വിപൽക്ക​ര​മായ ഏതവസ്ഥ​യെ​യും തരണം ചെയ്യു​മെന്നു നമു​ക്കെ​ന്തു​റ​പ്പുണ്ട്‌?

20 യേശു ഇപ്പോൾ മൂന്നാം മുദ്ര തുറക്കു​ന്നു! യോഹ​ന്നാ​നേ, താങ്കൾ എന്താണു കാണു​ന്നത്‌? “മൂന്നാം മുദ്ര പൊട്ടി​ച്ച​പ്പോൾ: വരിക എന്നു മൂന്നാം ജീവി പറയു​ന്നതു ഞാൻ കേട്ടു.” (വെളി​പ്പാ​ടു 6:5എ) ഈ മൂന്നാ​മത്തെ കെരൂ​ബിന്‌ ഒരു “മനുഷ്യ​നെ​പ്പോ​ലെ മുഖമു​ള​ളതു” സന്തോ​ഷ​കരം തന്നെ, അതു സ്‌നേ​ഹ​മെന്ന ഗുണത്തെ സൂചി​പ്പി​ക്കു​ന്നു. തത്ത്വാ​ധി​ഷ്‌ഠിത സ്‌നേഹം ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ നിറഞ്ഞു​നിൽക്കും, ആ ശ്രേഷ്‌ഠ ഗുണം ഇന്ന്‌ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലെ​ല്ലാം വ്യാപി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ തന്നെ. (വെളി​പ്പാ​ടു 4:7; 1 യോഹ​ന്നാൻ 4:16) “ദൈവം സകല ശത്രു​ക്ക​ളെ​യും തന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ രാജാ​വാ​യി ഭരിക്കേണ്ട” വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ, അടുത്ത​താ​യി യോഹ​ന്നാ​ന്റെ ശ്രദ്ധയിൽപെ​ടു​ത്തുന്ന വിപത്‌ക​ര​മായ അവസ്ഥ സ്‌നേ​ഹ​പൂർവം നീക്കം ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും.—1 കൊരി​ന്ത്യർ 15:25, NW.

21. (എ) കറുത്ത കുതി​ര​യാ​ലും അതിന്റെ സവാരി​ക്കാ​ര​നാ​ലും എന്തു ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു? (ബി) കറുത്ത കുതിര ഇപ്പോ​ഴും കുതി​പ്പി​ലാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

21 അപ്പോൾ ‘വരിക!’ എന്ന മൂന്നാ​മത്തെ ക്ഷണത്തിന്‌ ഉത്തരം ലഭിച്ച​പ്പോൾ യോഹ​ന്നാൻ എന്തു കാണുന്നു? “അപ്പോൾ ഞാൻ ഒരു കറുത്ത കുതി​രയെ കണ്ടു; അതിൻമേൽ ഇരിക്കു​ന്നവൻ ഒരു തുലാസു കയ്യിൽ പിടി​ച്ചി​രു​ന്നു.” (വെളി​പ്പാ​ടു 6:5ബി) രൂക്ഷമായ ക്ഷാമം! ഈ പ്രാവ​ച​നിക രംഗത്തി​ന്റെ ദാരു​ണ​മായ സന്ദേശം അതാണ്‌. ഇതു കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആദ്യഘ​ട്ട​ത്തിൽ ആഹാരം തൂക്കി റേഷനാ​യി കൊടു​ക്കേ​ണ്ടി​യി​രി​ക്കുന്ന അവസ്ഥകൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ക്ഷാമം 1914 മുതൽ തുടർച്ച​യാ​യി ഒരു ആഗോ​ള​പ്ര​ശ്‌നം ആയിരു​ന്നി​ട്ടുണ്ട്‌. ആധുനി​ക​യു​ദ്ധം അതിന്റെ പിന്നാലെ ക്ഷാമം വരുത്തി​ക്കൂ​ട്ടു​ന്നു, കാരണം വിശക്കു​ന്ന​വരെ പോറ​റു​ന്ന​തിന്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന വിഭവങ്ങൾ പലപ്പോ​ഴും യുദ്ധാ​യു​ധങ്ങൾ നൽകു​വാൻ തിരി​ച്ചു​വി​ട​പ്പെ​ടു​ന്നു. കൃഷി​ജോ​ലി​ക്കാ​രെ നിർബ​ന്ധ​മാ​യി സൈന്യ​ത്തിൽ ചേർക്കു​ന്നു, കൂടാതെ യുദ്ധം നശിപ്പി​ക്കുന്ന വയലു​ക​ളും വിളവു​കൾ നശിപ്പി​ക്കുന്ന യുദ്ധത​ന്ത്ര​വും ഭക്ഷ്യോ​ത്‌പാ​ദനം കുറക്കു​ന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ലക്ഷങ്ങൾ പട്ടിണി കിടന്നു മരിച്ച​പ്പോൾ ഇത്‌ എത്ര സത്യമാ​യി​രു​ന്നു! അതിനു​പു​റമേ, പട്ടിണി​യു​ടെ കറുത്ത കുതി​ര​ക്കാ​രൻ യുദ്ധം അവസാ​നി​ച്ച​തോ​ടെ അടങ്ങി​യി​രു​ന്നില്ല. ഉക്രെ​യ്‌നിൽ 1930-കളിൽ ഉണ്ടായ ഒററ ക്ഷാമത്തിൽ 50 ലക്ഷം പേർ മരിച്ചു​പോ​യി. രണ്ടാം ലോക​മ​ഹാ​യു​ദ്ധം അതിന്റെ തുടക്ക​ത്തിൽ കൂടുതൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ദൗർല​ഭ്യ​ങ്ങ​ളും ആനയിച്ചു. കറുത്ത കുതിര അതിന്റെ കുതി​ച്ചോ​ട്ടം തുടർന്ന​പ്പോൾ 51 കോടി 20 ലക്ഷം മനുഷ്യർ പട്ടിണി​യി​ലാ​ണെ​ന്നും 40,000 കുട്ടികൾ ഓരോ ദിവസ​വും പട്ടിണി​യോ​ടു ബന്ധപ്പെട്ട കാരണ​ങ്ങ​ളാൽ മരിക്കു​ന്നു​വെ​ന്നും ലോക​ഭ​ക്ഷ്യ​സ​മി​തി 1987-ന്റെ മധ്യത്തിൽ റിപ്പോർട്ടു ചെയ്‌തു.

22. (എ) ഒരു ശബ്ദം എന്തു പറയുന്നു, എന്തിന്റെ ആവശ്യം പ്രകട​മാ​ക്കി​ക്കൊണ്ട്‌? (ബി) ഒരിട​ങ്ങഴി ഗോത​മ്പി​ന്റെ​യും മൂന്നി​ട​ങ്ങഴി യവത്തി​ന്റെ​യും വില എന്തിനെ സൂചി​പ്പി​ക്കു​ന്നു?

22 യോഹ​ന്നാ​നു നമ്മോടു കൂടുതൽ പറയാ​നുണ്ട്‌: “ഒരു പണത്തിന്നു ഒരിട​ങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നി​ട​ങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞി​ന്നും കേടു വരുത്ത​രു​തു എന്നു നാലു ജീവി​ക​ളു​ടെ​യും നടുവിൽനി​ന്നു ഒരു ശബ്ദം ഞാൻ കേട്ടു.” (വെളി​പ്പാ​ടു 6:6) ഭക്ഷ്യവി​ത​ര​ണ​ത്തി​നു സൂക്ഷ്‌മ​ശ്രദ്ധ നൽകേ​ണ്ട​തി​ന്റെ ആവശ്യം പ്രകട​മാ​ക്കു​ന്ന​തിൽ ഈ നാലു കെരൂ​ബു​ക​ളും ഒററ​ക്കെ​ട്ടാണ്‌—പൊ.യു.മു. 607-ലെ യെരു​ശ​ലേ​മി​ന്റെ നാശത്തി​നു മുമ്പ്‌, ജനം ‘തൂക്ക​പ്ര​കാ​ര​വും പേടി​യോ​ടെ​യും അപ്പം തിന്നേ’ണ്ടിയി​രു​ന്ന​തു​പോ​ലെ തന്നെ. (യെഹെ​സ്‌കേൽ 4:17) യോഹ​ന്നാ​ന്റെ കാലത്ത്‌ ഒരിട​ങ്ങഴി ഗോതമ്പ്‌ ഒരു യോദ്ധാ​വി​ന്റെ ഒരു ദിവസത്തെ റേഷനാ​യി കണക്കാ​ക്കി​യി​രു​ന്നു. അത്തര​മൊ​രു റേഷന്‌ എന്തു വിലവ​രു​മാ​യി​രു​ന്നു? ഒരു പണം—ഒരു മുഴു​ദിന വേതനം! (മത്തായി 20:2) d ഒരു മനുഷ്യന്‌ ഒരു കുടും​ബം ഉണ്ടായി​രു​ന്നെ​ങ്കിൽ എന്ത്‌? കൊള​ളാം, അയാൾക്കു മൂന്നി​ട​ങ്ങഴി സംസ്‌ക​രി​ക്കാത്ത യവം വാങ്ങാ​മാ​യി​രു​ന്നു. അതു​പോ​ലും ഒരു ചെറിയ കുടും​ബത്തെ മാത്രമേ പോറ​റു​മാ​യി​രു​ന്നു​ളളൂ. ഗോത​മ്പു​പോ​ലെ ഗുണ​മേൻമ​യു​ളള ഭക്ഷണമാ​യി യവം കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു​മില്ല.

23. “എണ്ണെക്കും വീഞ്ഞി​ന്നും കേടു വരുത്ത​രു​തു” എന്ന പ്രസ്‌താ​വ​ന​യാൽ അർഥമാ​ക്ക​പ്പെ​ടു​ന്ന​തെന്ത്‌?

23 “എണ്ണെക്കും വീഞ്ഞി​ന്നും കേടു വരുത്ത​രു​തു” എന്ന പ്രസ്‌താ​വ​ന​യാൽ അർഥമാ​ക്ക​പ്പെ​ടു​ന്ന​തെന്ത്‌? അനേക​രും ഭക്ഷണക്കു​റ​വി​ലോ പട്ടിണി​യിൽ പോലു​മോ കഴിയു​മ്പോൾ ധനിക​രു​ടെ സുഖ​ഭോ​ഗങ്ങൾ ഹനിക്ക​പ്പെ​ടു​ക​യി​ല്ലെന്ന്‌ ഇതർഥ​മാ​ക്കു​ന്ന​താ​യി ചിലർ വീക്ഷി​ച്ചി​ട്ടുണ്ട്‌. എന്നാൽ മധ്യപൂർവ​ദേ​ശത്ത്‌ എണ്ണയും വീഞ്ഞും യഥാർഥ​ത്തിൽ സുഖ​ഭോ​ഗ​വ​സ്‌തു​ക്കളല്ല. ബൈബിൾക്കാ​ല​ങ്ങ​ളിൽ അപ്പവും എണ്ണയും വീഞ്ഞും മുഖ്യ​ഭ​ക്ഷ്യ​വ​സ്‌തു​ക്ക​ളാ​യി കണക്കാ​ക്കി​യി​രു​ന്നു. (താരത​മ്യം ചെയ്യുക: ഉല്‌പത്തി 14:18; സങ്കീർത്തനം 104:14, 15.) ജലം എല്ലായ്‌പോ​ഴും നല്ലതാ​യി​രു​ന്നില്ല, അതിനാൽ കുടി​ക്കു​ന്ന​തി​നും ചില​പ്പോൾ മരുന്നി​ന്റെ ഉപയോ​ഗ​ത്തി​നും വീഞ്ഞ്‌ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:23) എണ്ണയെ സംബന്ധി​ച്ചി​ട​ത്തോ​ളം, ഏലിയാ​വി​ന്റെ കാലത്ത്‌, സാരെ​ഫാ​ത്തി​ലെ വിധവക്ക്‌ അവൾ ദരി​ദ്ര​യാ​യി​രു​ന്നി​ട്ടും ശേഷിച്ച മാവ്‌ പാചക​പ്പെ​ടു​ത്തു​ന്ന​തി​നു കുറേ എണ്ണ പിന്നെ​യും ബാക്കി​യു​ണ്ടാ​യി​രു​ന്നു. (1 രാജാ​ക്കൻമാർ 17:12) ആയതി​നാൽ, “എണ്ണെക്കും വീഞ്ഞി​ന്നും കേടു വരുത്ത​രു​തു” എന്ന ആജ്ഞ, ഈ അടിസ്ഥാന സാധനങ്ങൾ പെട്ടെന്ന്‌ ഉപയോ​ഗി​ച്ചു തീർക്കാ​തെ ലുബ്ധി​ച്ചു​പ​യോ​ഗി​ക്കു​ന്ന​തി​നു​ളള ഉപദേശം ആയിരി​ക്കു​ന്ന​താ​യി തോന്നു​ന്നു. അല്ലാത്ത​പക്ഷം, അവയ്‌ക്കു “കേടു” വരും, അതായത്‌ അവ ക്ഷാമം അവസാ​നി​ക്കു​ന്ന​തി​നു മുമ്പു തീർന്നു​പോ​കും.

24. കറുത്ത കുതിര തന്റെ കുതിപ്പ്‌ കൂടുതൽ കാലം തുടരു​ക​യി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

24 മുന്നോ​ട്ടു കുതി​ച്ചു​നീ​ങ്ങുന്ന ആ കറുത്ത കുതി​രയെ വെളള​ക്കു​തി​ര​ക്കാ​രൻ പെട്ടെ​ന്നു​തന്നെ കടിഞ്ഞാ​ണി​ട്ടു നിർത്തു​മെ​ന്ന​തിൽ നമുക്ക്‌ എത്ര സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും! എന്തെന്നാൽ പുതിയ ലോക​ത്തി​നാ​യു​ളള അവന്റെ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലി​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു: “അവന്റെ കാലത്തു നീതി​മാൻമാർ തഴെക്കട്ടെ; ചന്ദ്രനു​ളേ​ള​ട​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി ഉണ്ടാകട്ടെ. ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും”.—സങ്കീർത്തനം 72:7, 16; ഇതുകൂ​ടെ കാണുക: യെശയ്യാ​വു 25:6-8.

മഞ്ഞക്കു​തി​ര​യും അതിന്റെ സവാരി​ക്കാ​ര​നും

25. യേശു നാലാം മുദ്ര തുറക്കു​മ്പോൾ ആരുടെ ശബ്ദം യോഹ​ന്നാൻ കേൾക്കു​ന്നു, ഇത്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

25 കഥ ഇതുവരെ മുഴു​വ​നും പറഞ്ഞു​ക​ഴി​ഞ്ഞി​ട്ടില്ല. യേശു നാലാം മുദ്ര തുറക്കു​ന്നു, യോഹ​ന്നാൻ അതിന്റെ ഫലവും പറയുന്നു: “നാലാം മുദ്ര പൊട്ടി​ച്ച​പ്പോൾ: വരിക എന്നു നാലാം ജീവി പറയു​ന്നതു ഞാൻ കേട്ടു.” (വെളി​പ്പാ​ടു 6:7) ഇതു പറക്കുന്ന ഒരു കഴുക​നോ​ടു സാദൃ​ശ്യ​മു​ളള കെരൂ​ബി​ന്റെ ശബ്ദമാണ്‌. ദീർഘ​ദൃ​ഷ്ടി​യോ​ടെ​യു​ളള ജ്ഞാനം സൂചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, സത്യത്തിൽ, ഇവിടെ വർണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ യോഹ​ന്നാ​നും യോഹ​ന്നാൻവർഗ​വും ദൈവ​ത്തി​ന്റെ മറെറല്ലാ ഭൗമിക ദാസൻമാ​രും ഉൾക്കാ​ഴ്‌ച​യോ​ടെ നിരീ​ക്ഷി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. അങ്ങനെ ചെയ്യു​ന്ന​തി​നാൽ, ഇന്നത്തെ ഗർവി​ഷ്‌ഠ​വും അധാർമി​ക​വു​മായ തലമു​റ​യിൽ ലോക​പ്ര​കാ​രം ജ്ഞാനി​ക​ളാ​യ​വരെ ബാധി​ക്കുന്ന കഠോ​ര​യാ​ത​ന​ക​ളിൽനി​ന്നും ഒരള​വോ​ളം സംരക്ഷണം കണ്ടെത്താൻ നമുക്കു കഴി​ഞ്ഞേ​ക്കാം.—1 കൊരി​ന്ത്യർ 1:20, 21.

26. (എ) നാലാം കുതി​ര​ക്കാ​രൻ ആരാകു​ന്നു, അവന്റെ കുതി​ര​യു​ടെ നിറം ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) നാലാം കുതി​ര​ക്കാ​രനെ പിന്തു​ട​രു​ന്ന​താര്‌, അവന്റെ ഇരകൾക്ക്‌ എന്തു സംഭവി​ക്കു​ന്നു?

26 നാലാം കുതി​ര​ക്കാ​രൻ ക്ഷണത്തോ​ടു പ്രതി​ക​രി​ക്കു​മ്പോൾ പുതു​തായ ഏതു ഭീതി​ക​ളാണ്‌ അഴിച്ചു​വി​ട​പ്പെ​ടു​ന്നത്‌? യോഹ​ന്നാൻ നമ്മോടു പറയുന്നു: “അപ്പോൾ ഞാൻ മഞ്ഞനി​റ​മു​ളേ​ളാ​രു കുതി​രയെ കണ്ടു; അതിൻമേൽ ഇരിക്കു​ന്ന​വന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തു​ടർന്നു.” (വെളി​പ്പാ​ടു 6:8എ) അവസാ​നത്തെ കുതി​ര​ക്കാ​രന്‌ ഒരു പേരുണ്ട്‌: മരണം. അപ്പോ​ക്ക​ലി​പ്‌സി​ലെ നാലു കുതി​ര​ക്കാ​രിൽ അത്രയും സ്‌പഷ്ട​മാ​യി തന്റെ താദാ​ത്മ്യം വെളി​പ്പെ​ടു​ത്തുന്ന ഒരേ ഒരുവൻ അവൻ മാത്ര​മാണ്‌. ഉചിത​മാ​യി​ത്തന്നെ, മരണം ഒരു മഞ്ഞക്കു​തി​ര​പ്പു​റത്തു സവാരി ചെയ്യുന്നു, കാരണം, മഞ്ഞ എന്ന വാക്ക്‌ (ഗ്രീക്കിൽ, ക്ലോ​റൊസ്‌) ഗ്രീക്കു സാഹി​ത്യ​ത്തിൽ, അസുഖ​ത്താ​ലെ​ന്ന​പോ​ലെ വിളർച്ച ബാധിച്ച മുഖങ്ങളെ വർണി​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. വീണ്ടും ഉചിത​മാ​യി​ത്തന്നെ, വിവരി​ക്ക​പ്പെ​ടാത്ത ഏതോ രീതി​യിൽ ഹേഡീസ്‌ (ശവക്കുഴി) മരണത്തെ അടുത്തു പിന്തു​ട​രു​ന്നു, എന്തെന്നാൽ നാലാം കുതി​ര​ക്കാ​രന്റെ നാശഫ​ല​ങ്ങൾക്ക്‌ ഇരയാ​യി​ത്തീ​രു​ന്ന​വ​രു​ടെ ഒരു വലിയ സംഖ്യയെ ഹേഡീസ്‌ തന്നി​ലേ​ക്കു​തന്നെ സ്വീക​രി​ക്കു​ന്നു. സന്തോ​ഷ​ക​ര​മെ​ന്നു​പ​റ​യട്ടെ, ‘മരണവും ഹേഡീ​സും തങ്ങളി​ലു​ളള മരിച്ച​വരെ വിട്ടു​കൊ​ടു​ക്കു’മ്പോൾ ഇവർക്ക്‌ ഒരു പുനരു​ത്ഥാ​ന​മു​ണ്ടാ​യി​രി​ക്കും. (വെളി​പാട്‌ 20:13, NW) എന്നാൽ മരണം എങ്ങനെ​യാണ്‌ ആ ഇരകളെ പിടി​ച്ചെ​ടു​ക്കു​ന്നത്‌?

27. (എ) സവാരി​ക്കാ​ര​നായ മരണം തന്റെ ഇരകളെ പിടി​ക്കു​ന്ന​തെ​ങ്ങനെ? (ബി) മരണത്തിന്‌ അധികാ​ര​മു​ളള “ഭൂമി​യു​ടെ കാലംശം” എന്തിനെ അർഥമാ​ക്കു​ന്നു?

27 ചില വിധങ്ങൾ ദർശനം എണ്ണി​യെണ്ണി പറയുന്നു: “അവർക്കു വാളു​കൊ​ണ്ടും ക്ഷാമം​കൊ​ണ്ടും മഹാവ്യാ​ധി​കൊ​ണ്ടും ഭൂമി​യി​ലെ കാട്ടു​മൃ​ഗ​ങ്ങ​ളെ​ക്കൊ​ണ്ടും കൊന്നു​ക​ള​വാൻ ഭൂമി​യു​ടെ കാലം​ശ​ത്തിൻമേൽ അധികാ​രം ലഭിച്ചു.” (വെളി​പ്പാ​ടു 6:8ബി) ഈ സവാരി​യാൽ ബാധി​ക്ക​പ്പെ​ടു​ന്നത്‌ അവശ്യം ഭൂമി​യി​ലെ ജനസം​ഖ്യ​യു​ടെ അക്ഷരീയ കാലം​ശമല്ല, പിന്നെ​യോ തിങ്ങി​പ്പാർക്കു​ന്ന​തോ അല്ലാത്ത​തോ ആയ ഭൂമി​യു​ടെ ഒരു വലിയ ഭാഗമാണ്‌. രണ്ടാം കുതി​ര​ക്കാ​രന്റെ വലിയ വാളി​ന്റെ​യും മൂന്നാ​മ​ത്ത​വന്റെ പട്ടിണി​യു​ടെ​യും ഭക്ഷ്യക്ഷാ​മ​ത്തി​ന്റെ​യും ഇരകളെ ഈ കുതി​ര​ക്കാ​രൻ കൊയ്‌തെ​ടു​ക്കു​ന്നു. അയാൾ തന്റെ സ്വന്തം വിളവും കൊയ്‌തെ​ടു​ക്കു​ന്നു, ലൂക്കൊസ്‌ 21:10, 11 വിവരി​ക്കു​ന്ന​തു​പോ​ലെ മാരക​മായ വ്യാധി​യിൽനി​ന്നും ഭൂമി​കു​ലു​ക്ക​ങ്ങ​ളിൽ നിന്നു​മു​ളള ഒരു വിളവു​തന്നെ.

28. (എ) “മഹാവ്യാ​ധി”യെ സംബന്ധി​ച്ചു​ളള പ്രവച​ന​ത്തി​നു നിവൃത്തി വന്നിരി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ഇന്ന്‌, പല വ്യാധി​ക​ളിൽനി​ന്നും യഹോ​വ​യു​ടെ ജനം സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

28 ഇവിടെ ആനുകാ​ലിക പ്രാധാ​ന്യ​മു​ള​ളത്‌ “മഹാവ്യാ​ധി”ക്കാണ്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ നാശഫ​ല​ങ്ങ​ളു​ടെ തൊട്ടു പിന്നാലെ സ്‌പാ​നീഷ്‌ ഫ്‌ളൂ 1918-19-ലെ ഏതാനും ചില മാസങ്ങൾക്കു​ള​ളിൽത്തന്നെ 200 ലക്ഷത്തി​ലേറെ മനുഷ്യ​ജീ​വൻ കൊയ്‌തെ​ടു​ത്തു. ഭൂമി​യിൽ ഈ ബാധയിൽനിന്ന്‌ ഒഴിവായ ഒരേ ഒരു പ്രദേശം, സെൻറ്‌ ഹെലിനാ എന്ന ചെറിയ ദ്വീപു മാത്ര​മാണ്‌. വൻതോ​തി​ലു​ളള ആൾനാശം ഉണ്ടായ സ്ഥലങ്ങളിൽ ശവകൂ​മ്പാ​രങ്ങൾ ദഹിപ്പി​ക്കു​ന്ന​തിന്‌ ശവസം​സ്‌കാര ചിതകൾ കത്തിച്ചി​രു​ന്നു. ഇന്ന്‌ അധിക​മാ​യും പുകയില മാലി​ന്യ​ത്താൽ ഉണ്ടാകുന്ന ഹൃ​ദ്രോ​ഗ​ത്തി​ന്റെ​യും കാൻസ​റി​ന്റെ​യും ഞെട്ടി​ക്കുന്ന അനുഭ​വ​ങ്ങ​ളുണ്ട്‌. “വൃത്തി​കെട്ട പതിറ​റാ​ണ്ടാ”യി വർണി​ച്ചി​രി​ക്കുന്ന 1980-കളിൽ, ബൈബിൾ നിലവാ​ര​പ്ര​കാ​രം അധാർമി​ക​മായ ഒരു ജീവി​ത​രീ​തി, “മഹാവ്യാ​ധി”യോട്‌ എയ്‌ഡ്‌സ്‌ ബാധ​യെ​യും കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു. ഇതെഴു​തുന്ന സമയത്ത്‌ ഈ രോഗം ബാധി​ക്കു​ന്ന​വ​രെ​ല്ലാം മരിക്കു​ന്നു, വടക്കേ അമേരി​ക്ക​യിൽ മാത്രം 10 ലക്ഷംപേർ എയ്‌ഡ്‌സ്‌ വൈറസ്‌ ബാധി​ച്ച​വ​രാ​യു​ണ്ടെന്ന്‌ 1990-ൽ കണക്കാ​ക്ക​പ്പെട്ടു; ആഫ്രി​ക്ക​യിൽ ലക്ഷങ്ങൾ മരിക്കാൻ ഇടയുണ്ട്‌. ഇന്നു പല രോഗ​സം​ക്ര​മ​ണ​ത്തി​നും കാരണ​മായ ദുർന്ന​ട​ത്ത​യിൽനി​ന്നും രക്തത്തിന്റെ ദുരു​പ​യോ​ഗ​ത്തിൽനി​ന്നും ദൈവ​വ​ച​ന​ത്തി​ലെ ജ്ഞാനപൂർവ​ക​മായ ബുദ്ധ്യു​പ​ദേശം തങ്ങളെ അകററി​നിർത്തു​ന്ന​തിൽ യഹോ​വ​യു​ടെ ജനം എത്ര നന്ദിയു​ള​ള​വ​രാണ്‌!—പ്രവൃ​ത്തി​കൾ 15:28, 29; താരത​മ്യം ചെയ്യുക: 1 കൊരി​ന്ത്യർ 6:9-11.

29, 30. (എ) യെഹെ​സ്‌കേൽ 14:21-ലെ ‘അനർത്ഥ​ക​ര​മായ നാലു’ കാര്യ​ങ്ങൾക്ക്‌ ഇന്ന്‌ എന്തു പ്രയു​ക്തി​യുണ്ട്‌? (ബി) വെളി​പ്പാ​ടു 6:8-ലെ ‘കാട്ടു​മൃ​ഗങ്ങൾ’ എന്നതി​നാൽ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം? (സി) പ്രാവ​ച​നി​ക​രം​ഗ​ത്തി​ന്റെ മുഖ്യ​വി​ഷ​യ​മെന്നു തോന്നു​ന്ന​തെന്ത്‌?

29 യോഹ​ന്നാ​ന്റെ ദർശനം അകാല​മ​ര​ണ​ത്തി​നു​ളള നാലാ​മത്തെ കാരണ​മാ​യി വന്യമൃ​ഗ​ങ്ങളെ പരാമർശി​ക്കു​ന്നു. യഥാർഥ​ത്തിൽ നാലാം മുദ്ര​യു​ടെ തുറക്ക​ലി​നാൽ വിശേ​ഷി​പ്പി​ക്ക​പ്പെ​ടുന്ന നാലു കാര്യങ്ങൾ—യുദ്ധം, ക്ഷാമം, രോഗം, വന്യമൃ​ഗങ്ങൾ—പുരാതന കാലങ്ങ​ളിൽ അകാല​മ​ര​ണ​ത്തി​നു​ളള പ്രമുഖ കാരണ​ങ്ങ​ളാ​യി കരുത​പ്പെ​ട്ടി​രു​ന്നു. തന്നിമി​ത്തം ഇന്ന്‌ അകാല​മ​ര​ണ​ത്തി​നു​ളള എല്ലാ കാരണ​ങ്ങ​ളെ​യും അവ മുൻനി​ഴ​ലാ​ക്കു​ന്ന​താ​യി​രി​ക്കും. അത്‌ ഇസ്രാ​യേ​ലി​നു യഹോവ നൽകിയ മുന്നറി​യി​പ്പു​പോ​ലെ തന്നെയാണ്‌: “ഞാൻ യെരൂ​ശ​ലേ​മിൽനി​ന്നു മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും ഛേദി​ച്ചു​ക​ള​യേ​ണ്ട​തി​ന്നു വാൾ, ക്ഷാമം, ദുഷ്ടമൃ​ഗം, മഹാമാ​രി എന്നിങ്ങനെ അനർത്ഥ​ക​ര​മായ ന്യായ​വി​ധി​കൾ നാലും​കൂ​ടെ അയച്ചാ​ലോ?”—യെഹെ​സ്‌കേൽ 14:21.

30 ആധുനിക കാലത്ത്‌ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളിൽ 20-ാം നൂററാ​ണ്ടി​ലു​ട​നീ​ളം വന്യമൃ​ഗങ്ങൾ പലപ്പോ​ഴും ഇരകളെ ഒടുക്കി​ക്കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ള​തെ​ങ്കി​ലും, വന്യമൃ​ഗ​ങ്ങ​ളാ​ലു​ളള മരണം അപൂർവ​മാ​യി മാത്രമേ വാർത്ത​യാ​യി പ്രത്യ​ക്ഷ​പ്പെ​ടാ​റു​ളളൂ. ഭാവി​യിൽ കൂടുതൽ പ്രദേ​ശങ്ങൾ യുദ്ധത്താൽ ശൂന്യ​മാ​ക്ക​പ്പെ​ടു​ക​യോ ഇരതേ​ടുന്ന മൃഗങ്ങളെ ആട്ടി ഓടി​ക്കു​വാൻ കരുത്തി​ല്ലാ​ത്ത​വി​ധം ജനങ്ങൾ പട്ടിണി​യാൽ വളരെ ക്ഷീണി​ത​രാ​വു​ക​യോ ചെയ്‌താൽ അവ കൂടുതൽ പേരെ കൊ​ന്നൊ​ടു​ക്കി​യേ​ക്കാം. കൂടാതെ ഇന്ന്‌, യെശയ്യാ​വു 11:6-9-ൽ വിവരി​ച്ചി​രി​ക്കു​ന്ന​തി​നു വിപരീ​ത​മായ മൃഗീയ ചായ്‌വു​കൾ പ്രകട​മാ​ക്കുന്ന, വിവേ​ക​മി​ല്ലാത്ത മൃഗങ്ങ​ളെ​പ്പോ​ലു​ളള, ധാരാളം മനുഷ്യ​രുണ്ട്‌. ആധുനിക ലോക​ത്തി​ലെ ലൈം​ഗിക കുററ​കൃ​ത്യ​ങ്ങൾ, കൊല​പാ​തകം, ഭീകര​പ്ര​വർത്തനം, ബോം​ബു​വർഷങ്ങൾ, ഇവയു​ടെ​യെ​ല്ലാം ആഗോ​ള​വ്യാ​പ​ന​ത്തിന്‌ അധിക​പ​ങ്കും ഈ ആളുക​ളാണ്‌ ഉത്തരവാ​ദി​കൾ. (താരത​മ്യം ചെയ്യുക: യെഹെ​സ്‌കേൽ 21:31; റോമർ 1:28-31; 2 പത്രൊസ്‌ 2:12.) നാലാം കുതി​ര​ക്കാ​രൻ അവരുടെ ഇരക​ളെ​യും കൊയ്‌തെ​ടു​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, മഞ്ഞക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ പലവി​ധ​ത്തിൽ മനുഷ്യ​വർഗ​ത്തി​ന്റെ അകാല​മ​രണം കൊയ്‌തെ​ടു​ക്കു​ന്നു​വെ​ന്ന​താണ്‌ ഈ പ്രാവ​ച​നിക രംഗത്തി​ന്റെ മുഖ്യ​വി​ഷ​യ​മെന്നു തോന്നു​ന്നു.

31. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ എന്നീ കുതി​ര​ക​ളു​ടെ സവാരി​ക്കാർ വരുത്തുന്ന കെടു​തി​കൾ ഉണ്ടെങ്കി​ലും നമുക്കു പ്രോ​ത്സാ​ഹി​ത​രാ​കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

31 ആദ്യത്തെ നാലു മുദ്ര​ക​ളു​ടെ തുറക്കൽ വെളി​പ്പെ​ടു​ത്തുന്ന വിവരങ്ങൾ നമ്മെ സമാശ്വ​സി​പ്പി​ക്കു​ന്നു, എന്തെന്നാൽ, അതു യുദ്ധവും പട്ടിണി​യും രോഗ​വും ഇന്നു വളരെ​യ​ധി​കം പടർന്നു​പി​ടി​ച്ചി​രി​ക്കുന്ന മററ്‌ അകാല​മ​ര​ണ​ഹേ​തു​ക്ക​ളും നിമിത്തം നിരാ​ശ​രാ​യി​ത്തീ​രാ​തി​രി​ക്കാൻ നമ്മെ പഠിപ്പി​ക്കു​ന്നു. നിലവി​ലു​ളള പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിൽ മാനു​ഷ​നേ​താ​ക്കൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന കാരണ​ത്താൽ നാം ആശയറ​റ​വ​രാ​യി​ത്തീ​രേ​ണ്ട​തു​മില്ല. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ എന്നീ കുതി​ര​ക​ളു​ടെ സവാരി​ക്കാർ പരക്കെ വ്യാപി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ലോകാ​വ​സ്ഥകൾ പ്രകട​മാ​ക്കു​ന്നു​വെ​ങ്കിൽ, ആദ്യം സവാരി തുടങ്ങി​യവൻ വെളള​ക്കു​തി​ര​ക്കാ​ര​നാണ്‌ എന്നുള​ളതു മറക്കരുത്‌. യേശു രാജാ​വാ​യി​ത്തീർന്നി​രി​ക്കു​ന്നു, സ്വർഗ​ങ്ങ​ളിൽനി​ന്നു സാത്താനെ തളളി​ക്ക​ള​യുന്ന അളവോ​ളം അവൻ ഇതി​നോ​ടകം ജയിച്ച​ട​ക്കി​യി​രി​ക്കു​ന്നു. അവന്റെ കൂടു​ത​ലായ ജയിച്ച​ട​ക്ക​ലു​ക​ളിൽ ആത്മീയ ഇസ്രാ​യേ​ലി​ന്റെ പുത്രൻമാ​രിൽ ശേഷി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ അതിജീ​വി​ക്കു​വാൻവേണ്ടി ലക്ഷക്കണ​ക്കി​നു​വ​രുന്ന സാർവ​ദേ​ശീയ മഹാപു​രു​ഷാ​ര​ത്തി​ന്റെ​യും കൂട്ടി​ച്ചേർക്ക​ലും ഉൾപ്പെ​ടു​ന്നു. (വെളി​പ്പാ​ടു 7:4, 9, 14) തന്റെ ജയിച്ച​ടക്കൽ പൂർത്തീ​ക​രി​ക്കു​ന്ന​തു​വരെ അവൻ സവാരി തുട​രേ​ണ്ട​താണ്‌.

32. ആദ്യത്തെ നാലു മുദ്ര​ക​ളിൽ ഓരോ​ന്നി​ന്റെ​യും തുറക്ക​ലി​ന്റെ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളെന്ത്‌?

32 ആദ്യത്തെ നാലു മുദ്ര​ക​ളിൽ ഓരോ​ന്നി​ന്റെ​യും തുറക്ക​ലി​നെ​ത്തു​ടർന്നു ‘വരിക!’ എന്ന ക്ഷണങ്ങളുണ്ട്‌. ഓരോ പ്രാവ​ശ്യ​വും ഒരു കുതി​ര​യും അതിന്റെ സവാരി​ക്കാ​ര​നും മുന്നോ​ട്ടു കുതിച്ചു വന്നു. അഞ്ചാം മുദ്ര മുതൽ നാം മേലിൽ അത്തര​മൊ​രു ക്ഷണം കേൾക്കു​ന്നില്ല. എന്നിരു​ന്നാ​ലും ആ കുതി​ര​ക്കാർ ഇപ്പോ​ഴും സവാരി ചെയ്‌തു​കൊ​ണ്ടി​രി​ക്ക​യാണ്‌, വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ലു​ട​നീ​ളം അവർ സവാരി തുടരു​ക​യും ചെയ്യും. (താരത​മ്യം ചെയ്യുക: മത്തായി 28:20.) ശേഷിച്ച മൂന്നു മുദ്രകൾ തുറക്കു​മ്പോൾ യേശു അതി​പ്ര​ധാ​ന​മായ മറെറന്തു സംഭവങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു? ആ സംഭവ​ങ്ങ​ളിൽ ചിലതു മാനു​ഷ​നേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​മാണ്‌. മററു​ളളവ ദൃശ്യ​മെ​ങ്കി​ലും ഭാവി​യി​ലേ​ക്കു​ള​ള​വ​യാണ്‌. എന്നിരു​ന്നാൽത്ത​ന്നെ​യും അവയുടെ നിവൃത്തി സുനി​ശ്ചി​ത​മാണ്‌. അവ എന്തൊ​ക്കെ​യാ​ണെന്നു നമുക്കു നോക്കാം.

[അടിക്കു​റി​പ്പു​കൾ]

a എന്നിരുന്നാലും, വെളി​പ്പാ​ടു 12:1-ലെ “സ്‌ത്രീ”ക്ക്‌ “പന്ത്രണ്ടു നക്ഷത്രം​കൊ​ണ്ടു​ളള” ഒരു ആലങ്കാ​രിക “കിരീടം” ഉണ്ടെന്നു​ള​ളതു കുറി​ക്കൊ​ള​ളുക.

b യേശു 1914-ൽ രാജത്വം പ്രാപി​ച്ചു​വെ​ന്ന​തി​ന്റെ വിശദ​മായ തെളി​വി​നു വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ളള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌ത​ക​ത്തി​ന്റെ 14-ാം അധ്യാ​യ​വും അനുബ​ന്ധ​വും കാണുക.

c പല ഭാഷാ​ന്ത​ര​ങ്ങ​ളും ഈ പ്രയോ​ഗത്തെ “ജയിപ്പാൻ” എന്നോ (റി​വൈ​സ്‌ഡ്‌ സ്‌ററാൻഡേഡ്‌, ദി ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ, കിങ്‌ ജയിംസ്‌ വേർഷൻ) “ജയിച്ച​ടക്കൽ ചായ്‌വോ​ടെ” എന്നോ (ഫിലി​പ്‌സ്‌, ന്യൂ ഇൻറർനാ​ഷണൽ വേർഷൻ) വിവർത്തനം ചെയ്യു​ന്നു​വെ​ന്നി​രി​ക്കെ ഇവിടെ ആദിമ​ഗ്രീ​ക്കി​ലെ സന്ദിഗ്‌ദ്ധ ക്രിയ​യു​ടെ സാമാ​ന്യ​ഭൂ​ത​കാ​ല​രൂ​പം പൂർത്തീ​ക​ര​ണ​ത്തി​ന്റെ അഥവാ സമാപ്‌തി​യു​ടെ അർഥം നൽകുന്നു. അതു​കൊണ്ട്‌, റോബർട്ട്‌സന്റെ വേർഡ്‌ പിക്‌ചേ​ഴ്‌സ്‌ ഇൻ ദ ന്യൂ ടെസ്‌റ​റ​മെൻറ്‌ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഇവിടത്തെ സാമാന്യ ഭൂതകാ​ല​രൂ​പം അന്തിമ വിജയ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു.”

d ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റി​പ്പു കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[92-ാം പേജിലെ ചതുരം]

രാജാവു ജയശാ​ലി​യാ​യി സവാരി ചെയ്യുന്നു

1930-കളിലും 1940-കളിലും, കച്ചകെ​ട്ടി​യി​റ​ങ്ങിയ ശത്രുക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂഷ നിയമ​വി​രു​ദ്ധ​മോ കുററ​ക​ര​മോ വിധ്വം​സ​കം​പോ​ലു​മോ ആണെന്നു വരുത്തി​ത്തീർക്കാൻ ശ്രമിച്ചു. (സങ്കീർത്തനം 94:20) ഐക്യ​നാ​ടു​ക​ളിൽ 1936 എന്ന വർഷത്തിൽ മാത്രം 1,149 അറസ്‌റ​റു​കൾ രേഖ​പ്പെ​ടു​ത്തി. സാക്ഷികൾ ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം​കോ​ടതി വരെ അനേകം കേസുകൾ നടത്തി, പിൻവ​രു​ന്നവ അവരുടെ ചില മികച്ച വിജയ​ങ്ങ​ളാണ്‌.

മേയ്‌ 3, 1943-ൽ സുപ്രീം​കോ​ടതി മർഡൊ​ക്കും പെൻസിൽവേ​നി​യാ​യും തമ്മിലു​ളള കേസിൽ, പണം വാങ്ങി സാഹി​ത്യം സമർപ്പി​ക്കാൻ സാക്ഷി​കൾക്ക്‌ ലൈസൻസ്‌ ആവശ്യ​മി​ല്ലെന്ന്‌ വിധിച്ചു. അന്നേ ദിവസം​തന്നെ, മാർട്ടി​നും സിററി ഓഫ്‌ സ്‌ട്ര​തേ​ഴ്‌സും തമ്മിലു​ളള കേസിൽ വീടു​തോ​റും നോട്ടീ​സും മററു പരസ്യ​ങ്ങ​ളും വിതരണം നടത്തു​ന്ന​തിൽ പങ്കെടു​ക്കു​മ്പോൾ ഡോർബെൽ അടിക്കു​ന്നതു നിയമ​വി​രു​ദ്ധ​മ​ല്ലെന്നു വിധിച്ചു.

ജൂൺ 14, 1943-ൽ ടെയ്‌ല​റും മിസ്സി​സി​പ്പി​യും തമ്മിലു​ളള കേസിൽ സാക്ഷികൾ തങ്ങളുടെ പ്രസംഗ പ്രവർത്ത​ന​ത്താൽ ഗവൺമെൻറി​നോ​ടു​ളള അവിശ്വ​സ്‌ത​തയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെന്ന്‌ സുപ്രീം​കോ​ടതി വിധിച്ചു. അതേ ദിവസം​തന്നെ വെസ്‌ററ്‌ വെർജീ​നിയ സ്‌റേ​റ​ററ്‌ ബോർഡ്‌ ഓഫ്‌ എഡ്യു​ക്കേ​ഷ​നും ബാർന​റ​റും തമ്മിലു​ളള കേസിൽ പതാകയെ വന്ദിക്കാൻ വിസമ്മ​തിച്ച യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​കളെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കാൻ സ്‌കൂൾ ബോർഡിന്‌ അധികാ​ര​മി​ല്ലെന്നു കോടതി തീരു​മാ​നി​ച്ചു. തൊട്ട​ടുത്ത ദിവസം ഓസ്‌​ട്രേ​ലി​യാ​യി​ലെ ഹൈ​ക്കോ​ട​തി​യു​ടെ ഫുൾബഞ്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലുളള നിരോ​ധനം നീക്കി, അതു സ്വേച്ഛാ​പ​ര​വും ചപലവും മർദക​വും ആണെന്നു പ്രഖ്യാ​പി​ച്ചു​കൊ​ണ്ടു​തന്നെ.

[94-ാം പേജിലെ ചതുരം]

“ഭൂമി​യിൽനി​ന്നു സമാധാ​നം എടുത്തു​ക​ള​യേ​ണ്ട​തി​ന്നു അധികാ​രം ലഭിച്ചു”

സാങ്കേ​തി​ക​വി​ദ്യ എങ്ങോ​ട്ടാ​ണു നയിക്കു​ന്നത്‌? ഇൻറർനാ​ഷനൽ ഡെവല​പ്‌മെൻറ്‌ റിസേർച്ച്‌ സെൻറ​റി​ന്റെ പ്രസി​ഡൻറായ ഇവാൻ എൽ. ഹെഡിന്റെ ഒരു പ്രസം​ഗ​ത്തിൽ നിന്നു കാനഡ​യി​ലെ ടൊ​റൊ​ന്റോ​യിൽ 1987 ജനുവരി 22-ലെ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പിൻവ​രു​ന്നതു റിപ്പോർട്ടു ചെയ്‌തു:

“ഗവേഷ​ണ​ത്തി​ലും വികസ​ന​ത്തി​ലും ഏർപ്പെ​ട്ടി​രി​ക്കുന്ന ഓരോ നാലു ശാസ്‌ത്ര​ജ്ഞ​രി​ലും സാങ്കേ​തി​ക​വി​ദ​ഗ്‌ധ​രി​ലും ഒരാൾ വീതം ആയുധങ്ങൾ നിർമി​ക്കു​ക​യാ​ണെന്ന്‌ ആശ്രയ​യോ​ഗ്യ​മാ​യി കണക്കാ​ക്കി​യി​രി​ക്കു​ന്നു. . . . 1986-ലെ നിരക്കിൽ ചെലവ്‌ ഓരോ മിനി​റ​റി​ലും 15 ലക്ഷം ഡോള​റിൽ അധിക​മാണ്‌. . . . ഇത്തരം സാങ്കേ​തിക ഊന്നലി​ന്റെ ഫലമായി നാമെ​ല്ലാം കൂടുതൽ സുരക്ഷി​ത​രാ​ണോ? വൻ ശക്തിക​ളു​ടെ കയ്യിലു​ളള ന്യൂക്ലി​യർ ആയുധ​ങ്ങ​ളിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ മുഴു​കാ​ല​യ​ള​വി​ലും പങ്കെടുത്ത എല്ലാ രാജ്യ​ങ്ങ​ളും​കൂ​ടെ ചെലവ​ഴി​ച്ച​തി​ന്റെ 6,000 മടങ്ങു സ്‌ഫോ​ട​ക​ശേഷി ഉൾക്കൊ​ള​ളു​ന്നു. ആറായി​രം രണ്ടാം ലോക​മ​ഹാ​യു​ദ്ധങ്ങൾ. ആയിര​ത്തി​ത്തൊ​ള​ളാ​യി​രത്തി നാൽപ്പ​ത്ത​ഞ്ചി​നു​ശേഷം ലോക​ത്തിൽ സൈനി​ക​പ്ര​വർത്തനം ഇല്ലാതി​രുന്ന ഏഴ്‌ ആഴ്‌ച​ക​ളിൽ താഴെ മാത്രമേ ഉണ്ടായി​രു​ന്നു​ളളു. സാർവ​ദേ​ശീ​യ​മോ ആഭ്യന്ത​ര​സ്വ​ഭാ​വ​ത്തി​ലു​ള​ള​തോ ആയ 150-ലധികം യുദ്ധങ്ങൾ ഉണ്ടായി​ട്ടുണ്ട്‌, അതിൽ 193 ലക്ഷം ജീവൻ നശിച്ച​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു, അവയി​ല​ധി​ക​വും ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ ഈ യുഗത്തിൽ ഉരുത്തി​രി​ഞ്ഞു​വന്ന ഫലകര​മായ പുതിയ സാങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഫലം തന്നെ.”

[98, 99 പേജു​ക​ളി​ലെ ചതുരം]

വെളിപാട്‌ പുസ്‌ത​ക​ത്തി​ന്റെ ചട്ടക്കൂട്‌

വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ ചർച്ചയിൽ നാം ഇത്ര​ത്തോ​ളം മുന്നോ​ട്ടു വന്നിരി​ക്കെ പുസ്‌ത​ക​ത്തി​ന്റെ ചട്ടക്കൂട്‌ നാം കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ തുടങ്ങു​ന്നു. ഉത്തേജി​പ്പി​ക്കുന്ന ആമുഖ​ത്തി​നു​ശേഷം (വെളി​പ്പാ​ടു 1:1-9) വെളിപാട്‌ പിൻവ​രുന്ന 16 ദർശന​ങ്ങ​ളാ​യി വിഭജി​ച്ചി​രി​ക്കു​ന്ന​താ​യി വീക്ഷി​ക്കാൻ കഴിയും:

1-ാം ദർശനം (1:10–3:22): ഏഴു സഭകൾക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഊഷ്‌മ​ള​മായ സന്ദേശങ്ങൾ അയക്കുന്ന മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ യോഹ​ന്നാൻ നിശ്വ​സ്‌ത​ത​യിൽ കാണുന്നു.

2-ാം ദർശനം (4:1–5:14): യഹോ​വ​യാം ദൈവ​ത്തി​ന്റെ സ്വർഗീയ സിംഹാ​സ​ന​ത്തി​ന്റെ ഒരു ശോഭന വീക്ഷണം. ഈ ഒരുവൻ കുഞ്ഞാ​ടിന്‌ ഒരു ചുരുൾ കൈമാ​റു​ന്നു.

3-ാം ദർശനം (6:1-17): ചുരു​ളി​ന്റെ ആദ്യത്തെ ആറു മുദ്രകൾ തുറന്നു​കൊ​ണ്ടു കുഞ്ഞാട്‌ കർത്താ​വി​ന്റെ ദിവസ​ത്തിൽ സംഭവി​ക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളു​ടെ ഒരു സംയു​ക്ത​ദർശനം ക്രമാ​നു​ഗ​ത​മാ​യി വെളി​പ്പെ​ടു​ത്തു​ന്നു. അപ്പോ​ക്ക​ലി​പ്‌സി​ലെ നാലു കുതി​ര​ക്കാർ സവാരി നടത്തുന്നു, ദൈവ​ത്തി​ന്റെ രക്തസാ​ക്ഷി​ക​ളായ അടിമ​കൾക്കു വെളള അങ്കികൾ ലഭിക്കു​ന്നു, മഹാ​കോ​പ​ദി​വസം വർണി​ക്ക​പ്പെ​ടു​ന്നു.

4-ാം ദർശനം (7:1-17): ആത്മീയ ഇസ്രാ​യേ​ലാ​കുന്ന 1,44,000-ത്തെ മുദ്ര​യി​ട്ടു​ക​ഴി​യു​ന്ന​തു​വരെ ദൂതൻമാർ നാശത്തി​ന്റെ കാററു​കളെ പിടി​ച്ചു​നിർത്തു​ന്നു. സകല ജനതക​ളിൽനി​ന്നു​മു​ളള ഒരു മഹാപു​രു​ഷാ​രം രക്ഷ ദൈവ​ത്തിൽനി​ന്നും ക്രിസ്‌തു​വിൽനി​ന്നു​മാ​ണു വരുന്ന​തെന്നു സമ്മതി​ക്കു​ക​യും മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ അതിജീ​വ​ന​ത്തി​നാ​യി കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യും ചെയ്യുന്നു.

5-ാം ദർശനം (8:1–9:21): ഏഴാം മുദ്ര​യു​ടെ തുറക്ക​ലിൽ ഏഴു കാഹളം മുഴക്കൽ നടക്കുന്നു, അതിൽ ആദ്യത്തെ ആറെണ്ണം അഞ്ചാം ദർശന​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു. ഈ ആറു കാഹളങ്ങൾ മനുഷ്യ​വർഗ​ത്തിൻമേ​ലു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി പ്രകട​നങ്ങൾ പ്രസി​ദ്ധ​മാ​ക്കു​ന്നു. അഞ്ചും ആറും കാഹള​നാ​ദങ്ങൾ ഒന്നും രണ്ടും കഷ്ടങ്ങ​ളെ​യും അവതരി​പ്പി​ക്കു​ന്നു.

6-ാം ദർശനം (10:1–11:19): ശക്തനായ ഒരു ദൂതൻ യോഹ​ന്നാന്‌ ഒരു ചെറിയ ചുരുൾ നൽകുന്നു, ആലയം അളക്ക​പ്പെ​ടു​ന്നു, നാം രണ്ടു സാക്ഷി​ക​ളു​ടെ അനുഭ​വങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കു​ളള മൂന്നാ​മത്തെ കഷ്ടം വിളി​ച്ച​റി​യി​ക്കുന്ന ഏഴാം കാഹള​ത്തി​ന്റെ മുഴക്ക​ലോ​ടെ അതു പാരമ്യ​ത്തി​ലെ​ത്തു​ന്നു—യഹോ​വ​യു​ടെ​യും അവന്റെ ക്രിസ്‌തു​വി​ന്റെ​യും വരാൻപോ​കുന്ന രാജ്യം.

7-ാം ദർശനം (12:1-17): ഇതു രാജ്യ​ത്തി​ന്റെ ജനനത്തെ വർണി​ക്കു​ന്നു, മീഖാ​യേൽ സാത്താ​നായ സർപ്പത്തെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യു​ന്ന​തിൽ കലാശി​ക്കു​ന്ന​തു​തന്നെ.

8-ാം ദർശനം (13:1-18): ശക്തനായ കാട്ടു​മൃ​ഗം സമു​ദ്ര​ത്തിൽനി​ന്നു കയറി​വ​രു​ന്നു, അതിനെ ആരാധി​ക്കാൻ കുഞ്ഞാ​ടി​നെ​പ്പോ​ലെ രണ്ടു കൊമ്പു​ളള കാട്ടു​മൃ​ഗം മനുഷ്യ​വർഗത്തെ പ്രേരി​പ്പി​ക്കു​ന്നു.

9-ാം ദർശനം (14:1-20): സീയോൻ പർവത​ത്തിൽ 1,44,000-ത്തിന്റെ പകി​ട്ടേ​റിയ ഒരു പൂർവ​വീ​ക്ഷണം. ദൂതസ​ന്ദേ​ശങ്ങൾ ഭൂമി​യി​ലെ​മ്പാ​ടും കേൾക്കു​ന്നു, ഭൂമി​യി​ലെ മുന്തിരി കൊയ്‌തെ​ടു​ക്കു​ന്നു, ദൈവ​കോ​പ​ത്തി​ന്റെ മുന്തി​രി​ച്ചക്കു മെതി​ക്ക​പ്പെ​ടു​ന്നു.

10-ാം ദർശനം (15:1–16:21): സ്വർഗീയ സദസ്സിന്റെ മറെറാ​രു മിന്നാട്ടം, തുടർന്ന്‌ യഹോ​വ​യു​ടെ കോപ​ത്തി​ന്റെ ഏഴു കലശങ്ങൾ ഭൂമി​യി​ലേക്ക്‌ ഒഴിക്ക​പ്പെ​ടു​ന്നു. ഈ ഭാഗവും സാത്താന്റെ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തി​ന്റെ ഒരു പ്രാവ​ച​നിക വർണന​യോ​ടെ അവസാ​നി​ക്കു​ന്നു.

11-ാം ദർശനം (17:1-18): മഹാബാ​ബി​ലോൻ ആകുന്ന മഹാ​വേശ്യ, ചുരു​ങ്ങിയ സമയ​ത്തേക്ക്‌ അഗാധ​ത്തിൽ പോകു​ക​യും വീണ്ടും കയറി​വന്ന്‌ അവളെ നശിപ്പി​ക്കു​ക​യും ചെയ്യുന്ന കടും​ചു​വ​പ്പു​ളള ഒരു കാട്ടു​മൃ​ഗ​ത്തിൻമേൽ സവാരി​ചെ​യ്യു​ന്നു.

12-ാം ദർശനം (18:1–19:10): മഹാബാ​ബി​ലോ​ന്റെ വീഴ്‌ച​യും അന്തിമ നാശവും പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു, അവളുടെ വധത്തി​നു​ശേഷം ചിലർ വിലപി​ക്കു​ന്നു, മററു​ള​ളവർ യഹോ​വയെ സ്‌തു​തി​ക്കു​ന്നു; കുഞ്ഞാ​ടി​ന്റെ വിവാഹം പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്നു.

13-ാം ദർശനം (19:11-21): സാത്താന്റെ വ്യവസ്ഥി​തി​യു​ടെ​മേ​ലും അതിന്റെ സൈന്യ​ങ്ങ​ളു​ടെ​മേ​ലും അതിന്റെ പിന്തു​ണ​ക്കാ​രു​ടെ​മേ​ലും ദൈവ​ത്തി​ന്റെ ക്രോ​ധ​പൂർവ​ക​മായ ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തിന്‌ യേശു സ്വർഗ​ത്തി​ലെ സൈന്യ​ങ്ങളെ നയിക്കു​ന്നു; ശവംതീ​നി പക്ഷികൾ അവരുടെ മാംസം തിന്നുന്നു.

14-ാം ദർശനം (20:1-10): പിശാ​ചായ സാത്താന്റെ അഗാധ​ത്തി​ല​ട​യ്‌ക്കൽ, ക്രിസ്‌തു​വി​ന്റെ​യും സഹരാ​ജാ​ക്കൻമാ​രു​ടെ​യും ആയിരം​വർഷ​വാഴ്‌ച, മനുഷ്യ​വർഗ​ത്തി​ന്റെ അന്തിമ​പ​രി​ശോ​ധന, സാത്താ​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും നാശം.

15-ാം ദർശനം (20:11–21:8): പൊതു​പു​ന​രു​ത്ഥാ​ന​വും വലിയ ന്യായ​വി​ധി​ദി​വ​സ​വും; നീതി​യു​ളള മനുഷ്യ​വർഗ​ത്തി​നു നിത്യാ​നു​ഗ്ര​ഹ​ങ്ങ​ളോ​ടെ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു.

16-ാം ദർശനം (21:9–22:5): കുഞ്ഞാ​ടി​ന്റെ ഭാര്യ​യായ പുതിയ യെരു​ശ​ലേ​മി​ന്റെ മഹത്ത്വ​മാർന്ന ഒരു ദർശന​ത്തോ​ടെ വെളി​പാട്‌ പാരമ്യ​ത്തി​ലെ​ത്തു​ന്നു. മനുഷ്യ​വർഗ​ത്തി​നു ജീവനും സൗഖ്യ​ത്തി​നും വേണ്ടി​യു​ളള ദൈവ​ത്തി​ന്റെ കരുതൽ ആ നഗരത്തിൽനിന്ന്‌ ഒഴുകു​ന്നു.

വെളി​പാട്‌ യഹോ​വ​യിൽനി​ന്നും യേശു​വിൽനി​ന്നും ദൂതനിൽനി​ന്നും യോഹ​ന്നാ​നിൽനി​ന്നു​മു​ളള ആശംസ​യു​ടെ​യും ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ​യും ഊഷ്‌മ​ള​മായ വാക്കു​ക​ളോ​ടെ ഉപസം​ഹ​രി​ക്കു​ന്നു. സകലർക്കു​മു​ളള ക്ഷണം ‘വരിക!’ എന്നതാണ്‌.—വെളി​പ്പാ​ടു 22:6-21.