പ്രോത്സാഹനവുമായി യേശു വരുന്നു
അധ്യായം 4
പ്രോത്സാഹനവുമായി യേശു വരുന്നു
1. യോഹന്നാൻ ഇപ്പോൾ ആർക്കെഴുതുന്നു, അദ്ദേഹത്തിന്റെ സന്ദേശം ഇന്ന് ആർ അതീവ താത്പര്യമുളളതായി കണ്ടെത്തണം?
അടുത്ത ഭാഗം ഇന്നു ദൈവജനത്തിന്റെ സഭകളോടു സഹവസിക്കുന്ന ഏതൊരുവനും അതീവതാത്പര്യമുളളതായിരിക്കേണ്ടതാണ്. ഇവിടെ സന്ദേശങ്ങളുടെ ഒരു പരമ്പരതന്നെയുണ്ട്. “നിയമിതസമയം” അടുത്തുവരുമ്പോൾ അവയ്ക്കു പ്രത്യേകപ്രയുക്തിയുണ്ട്. (വെളിപ്പാടു 1:3) നാം ആ പ്രഖ്യാപനങ്ങൾക്കു ചെവികൊടുക്കുന്നതു നമ്മുടെ നിത്യപ്രയോജനത്തിനുവേണ്ടിയാണ്. രേഖ ഇപ്രകാരം വായിക്കുന്നു: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിൻമുമ്പിലുളള ഏഴു ആത്മാക്കളുടെ പക്കൽനിന്നും . . . യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.”—വെളിപ്പാടു 1:4, 5ബി.
2. (എ) ‘ഏഴ്’ എന്ന സംഖ്യ എന്തിനെ സൂചിപ്പിക്കുന്നു? (ബി) കർത്താവിന്റെ ദിവസത്തിൽ “ഏഴു സഭകൾ”ക്കുളള സന്ദേശങ്ങൾ ആർക്കു ബാധകമാകുന്നു?
2 ഇവിടെ യോഹന്നാൻ ‘ഏഴു സഭകളെ’ സംബോധന ചെയ്യുന്നു, പ്രവചനത്തിൽ പിന്നീട് അവയുടെ പേരുകൾ പറഞ്ഞിട്ടുമുണ്ട്. ‘ഏഴ്’ എന്ന ആ സംഖ്യ വെളിപാടിൽ കൂടെക്കൂടെ ആവർത്തിക്കപ്പെടുന്നു. അതു വിശേഷിച്ചും ദൈവത്തിന്റെ കാര്യങ്ങളോടും അവന്റെ അഭിഷിക്ത സഭയോടുമുളള ബന്ധത്തിൽ തികവിനെ അർഥമാക്കുന്നു. കർത്താവിന്റെ ദിവസത്തിൽ ദൈവജനത്തിന്റെ സഭകളുടെ എണ്ണം ലോകവ്യാപകമായി പതിനായിരങ്ങളായി വളർന്നിരിക്കെ, ഒന്നാമതായി അഭിഷിക്തരുടെ ‘ഏഴു സഭകളോടു’ പറഞ്ഞത് ഇന്നു മുഴു ദൈവജനത്തിനും ബാധകമാകുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (വെളിപ്പാടു 1:10) അതെ, ഈ ഭൂമുഖത്തെമ്പാടുമുളള യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകൾക്കും അവയോടു സഹവസിക്കുന്ന എല്ലാവർക്കുംവേണ്ടി യോഹന്നാന് ഒരു ജീവൽപ്രധാന സന്ദേശമാണുളളത്.
3. (എ) യോഹന്നാന്റെ ആശംസയിൽ “കൃപയും സമാധാനവും” എവിടെ നിന്നു വരുന്നു? (ബി) അപ്പോസ്തലനായ പൗലോസിന്റെ ഏതു വാക്കുകൾ യോഹന്നാന്റെ ആശംസയോടു സമാനമാണ്?
3 “കൃപയും സമാധാനവും”—വിശേഷിച്ചും അവയുടെ ഉറവിടത്തെ നാം വിലമതിക്കുമ്പോൾ അവ എത്ര അഭികാമ്യമാണ്! അവ ഒഴുകുന്നത് ആരിൽനിന്നാണോ ആ ‘ഒരുവൻ’ ‘നിത്യതയുടെ രാജാവും’ “അനിശ്ചിതകാലംമുതൽ അനിശ്ചിതകാലംവരെ” ജീവിക്കുന്നവനുമായ പരമാധികാരിയാം കർത്താവായ യഹോവതന്നെയാണ്. (1 തിമോത്തി 1:17; സങ്കീർത്തനം 90:2, NW) ഇവിടെ ‘ഏഴു ആത്മാക്കൾ’ കൂടെ ഉൾപ്പെട്ടിരിക്കുന്നു, ആ പദപ്രയോഗം ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയുടെ അഥവാ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തികവിനെ സൂചിപ്പിക്കുന്നു, പ്രവചനത്തിനു ശ്രദ്ധനൽകുന്ന എല്ലാവർക്കും അതു ഗ്രാഹ്യവും അനുഗ്രഹവും കൈവരുത്തുമ്പോൾത്തന്നെ. കൂടാതെ ഒരു പ്രധാന പങ്കുവഹിക്കുന്നതു “യേശുക്രിസ്തു”വാണ്, യേശുവിനെക്കുറിച്ച് യോഹന്നാൻ പിന്നീട് “കൃപയും സത്യവും നിറഞ്ഞവൻ” എന്നെഴുതി. (യോഹന്നാൻ 1:14) അങ്ങനെ യോഹന്നാന്റെ ആശംസയിൽ, അപ്പോസ്തലനായ പൗലോസ് കൊരിന്ത്യസഭക്കുളള തന്റെ രണ്ടാം ലേഖനം ഉപസംഹരിക്കുമ്പോൾ പരാമർശിച്ച അതേ ഘടകങ്ങൾ ഉണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.” (2 കൊരിന്ത്യർ 13:14) ഇന്നു സത്യത്തെ സ്നേഹിക്കുന്ന നമ്മിലേവർക്കും ആ വാക്കുകൾ ബാധകമാകട്ടെ!—സങ്കീർത്തനം 119:97.
“വിശ്വസ്തസാക്ഷി”
4. യേശുക്രിസ്തുവിനെ യോഹന്നാൻ കൂടുതലായി എങ്ങനെ വർണിക്കുന്നു, ഈ വർണനാപദങ്ങൾ എന്തുകൊണ്ടു വളരെ അനുയോജ്യമായിരിക്കുന്നു?
4 “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കൻമാർക്കു അധിപതിയും” എന്ന് യേശുവിനെ വർണിക്കുകയിൽ യോഹന്നാൻ തിരിച്ചറിയുന്നപ്രകാരംതന്നെ, യഹോവ കഴിഞ്ഞാൽ അഖിലാണ്ഡത്തിൽ ഏററവും മഹത്ത്വമുളള വ്യക്തി യേശുവാണ്. (വെളിപ്പാടു 1:5എ) ആകാശത്തിൽ ചന്ദ്രൻ എന്നപോലെ അവൻ യഹോവയുടെ ദൈവത്വത്തിന് ഏററവും വലിയ സാക്ഷിയെന്ന നിലയിൽ ഉറപ്പായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 89:37) ഒരു ബലിമരണത്തോളം നിർമലത പാലിച്ചശേഷം അവൻ മനുഷ്യവർഗത്തിൽനിന്ന് അമർത്ത്യ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടേണ്ടവരിൽ ആദ്യൻ ആയിത്തീർന്നു. (കൊലൊസ്സ്യർ 1:18) അവൻ ഇപ്പോൾ യഹോവയുടെ സന്നിധിയിൽ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” ഏൽപ്പിക്കപ്പെട്ടവനായി എല്ലാ ഭൗമികരാജാക്കൻമാർക്കും മീതെ ഉയർത്തപ്പെട്ടിരിക്കുന്നു. (മത്തായി 28:18; സങ്കീർത്തനം 89:27; 1 തിമൊഥെയൊസ് 6:15) ഭൗമികജനതകളുടെയിടയിൽ ഭരിക്കുന്നതിന് അവൻ 1914-ൽ രാജാവായി അവരോധിക്കപ്പെട്ടു.—സങ്കീർത്തനം 2:6-9; മത്തായി 25:31-33.
5. (എ) കർത്താവായ യേശുക്രിസ്തുവിനോടുളള വിലമതിപ്പു പ്രകടമാക്കുന്നതിൽ യോഹന്നാൻ തുടരുന്നതെങ്ങനെ? (ബി) യേശുവിന്റെ പൂർണമാനുഷജീവനാകുന്ന ദാനത്തിൽനിന്നും ആർ പ്രയോജനമനുഭവിക്കുന്നു, അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു പ്രത്യേക അനുഗ്രഹത്തിൽ പങ്കാളികളായിരിക്കുന്നതെങ്ങനെ?
5 യോഹന്നാൻ ഈ ഉജ്ജ്വലവാക്കുകളിൽ കർത്താവായ യേശുക്രിസ്തുവിനോടുളള വിലമതിപ്പു പ്രകടമാക്കുന്നതിൽ തുടരുന്നു: “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതൻമാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.” (വെളിപ്പാടു 1:6) മനുഷ്യവർഗലോകത്തിൽനിന്ന് തന്നിൽ വിശ്വാസമർപ്പിക്കുന്നവരെ പൂർണതയുളള ജീവനിലേക്കു പുനഃസ്ഥാപിക്കേണ്ടതിനു യേശു തന്റെ പൂർണ മനുഷ്യജീവൻ നൽകി. പ്രിയ വായനക്കാരാ, നിങ്ങൾക്കും ഇതിൽ ഉൾപ്പെടാൻ കഴിയും! (യോഹന്നാൻ 3:16) എന്നാൽ യോഹന്നാനെപ്പോലെ അഭിഷിക്ത ക്രിസ്ത്യാനികൾ ആയിത്തീരുന്നവർക്കു യേശുവിന്റെ ബലിമരണം ഒരു പ്രത്യേക അനുഗ്രഹത്തിനുളള വഴി തുറന്നുകൊടുത്തു. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ഇവർ നീതിമാൻമാർ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. യേശു ചെയ്തതുപോലെ ഭൗമികജീവന്റെ പ്രതീക്ഷകളെല്ലാം ത്യജിച്ച്, ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർ യേശുവിനോടൊത്ത് അവന്റെ രാജ്യത്തിൽ രാജാക്കൻമാരും പുരോഹിതൻമാരുമെന്നനിലയിൽ സേവിക്കുന്നതിനു പുനരുത്ഥാനം പ്രാപിക്കുന്നതിന്റെ പ്രതീക്ഷയോടെ ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെട്ടിരിക്കുന്നു. (ലൂക്കൊസ് 12:32, റോമർ 8:18; 1 പത്രൊസ് 2:5; വെളിപ്പാടു 20:6) എന്തൊരു മഹത്തായ പദവി! മഹത്ത്വവും ശക്തിയും യേശുവിനുളളത് എന്ന് യോഹന്നാൻ അത്ര ഉറപ്പോടെ ഘോഷിച്ചത് അതിശയമല്ല!
“മേഘങ്ങളോടെ വരുന്നു”
6. (എ) യേശു “മേഘങ്ങളോടെ വരുന്ന”തിനെക്കുറിച്ചു യോഹന്നാൻ എന്തു വിളിച്ചു പറയുന്നു, യേശുവിന്റെ ഏതു പ്രവചനം യോഹന്നാൻ ഓർമിച്ചിരിക്കണം? (ബി) യേശു എങ്ങനെയാണു ‘വരുന്നത്’, ഭൂമിയിൽ ആർ വലിയ ദുഃഖം അനുഭവിക്കും?
6 അടുത്തതായി യോഹന്നാൻ ആഹ്ലാദത്തോടെ പ്രഖ്യാപിക്കുന്നു: “ഇതാ, അവൻ മേഘാരൂഢനായി [മേഘങ്ങളോടെ, NW] വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളിപ്പാടു 1:7) വ്യവസ്ഥിതിയുടെ സമാപനത്തെ സംബന്ധിച്ച യേശുവിന്റെ മുൻപ്രവചനം ഇവിടെ യോഹന്നാനെ ഓർമപ്പെടുത്തിയെന്നതിനു സംശയമില്ല. യേശു അവിടെ ഇപ്രകാരം പ്രസ്താവിച്ചു: “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻമേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.” (മത്തായി 24:3, 30) അങ്ങനെ, ജനതകളുടെമേൽ യഹോവയുടെ ന്യായവിധികൾ നടപ്പാക്കുന്നതിന് തന്റെ ശ്രദ്ധതിരിക്കുന്നതിനാൽ യേശു ‘വരുന്നു.’ ഇതു ഭൂമിയിൽ സുപ്രധാന മാററങ്ങളിൽ കലാശിക്കും, കൂടാതെ, “ഭൂമിയിലെ സകല ഗോത്രങ്ങളും” യേശുവിന്റെ രാജത്വത്തിന്റെ യാഥാർഥ്യം അവഗണിച്ചതുകൊണ്ട് അവർ തീർച്ചയായും ‘സർവ്വശക്തിയുളള ദൈവത്തിന്റെ കോപവും ക്രോധവും’ അനുഭവിക്കും.—വെളിപ്പാടു 19:11-21; സങ്കീർത്തനം 2:2, 3, 8, 9.
7. അനുസരണംകെട്ടവർ ഉൾപ്പെടെ “ഏതു കണ്ണും” യേശുവിനെ “കാണു”ന്നത് എങ്ങനെ?
7 തന്റെ ശിഷ്യൻമാരോടൊത്തു ചെലവഴിച്ച അവസാന സന്ധ്യാസമയത്ത് യേശു അവരോട് ഇപ്രകാരം പറഞ്ഞു: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം [മേലാൽ, NW] എന്നെ കാണുകയില്ല.” (യോഹന്നാൻ 14:19) അപ്പോൾ ‘ഏതു കണ്ണും അവനെ കാണു’ന്നത് എങ്ങനെയാണ്? യേശുവിന്റെ ശത്രുക്കൾ യേശുവിനെ ഭൗതികനേത്രങ്ങൾകൊണ്ട് കാണുമെന്നു നാം പ്രതീക്ഷിക്കരുത്, എന്തെന്നാൽ യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം അവൻ ഇപ്പോൾ ‘അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നു’വെന്നും അവനെ ‘മനുഷ്യരാരും കണ്ടിട്ടില്ല, അല്ലെങ്കിൽ, കാണാൻ കഴിയില്ല’ എന്നും അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (1 തിമൊഥെയൊസ് 6:16) ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ അവന്റെ സൃഷ്ടികൾ മുഖാന്തരം നമുക്കു കാണാൻ അഥവാ വിവേചിക്കാൻ കഴിയുന്നതുപോലെ, “കാണുക” എന്നതിനു “വിവേചിക്കുക” എന്ന അർഥമാണ് യോഹന്നാൻ ഉദ്ദേശിച്ചത്. (റോമർ 1:20) മേഘങ്ങൾക്കു പിന്നിലായിരിക്കുമ്പോൾ സൂര്യൻ എന്നപോലെ യേശു നഗ്നനേത്രങ്ങൾക്ക് അദൃശ്യനായിരിക്കുമെന്നതിനാൽ അവൻ “മേഘങ്ങളോടെ വരുന്നു.” പകൽസമയത്തു സൂര്യൻ മേഘങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുമ്പോഴും അതവിടെയുണ്ടെന്നു നമുക്കു ചുററുമുളള പകൽവെളിച്ചത്തിൽനിന്നു നാം അറിയുന്നു. അതുപോലെതന്നെ, കർത്താവായ യേശു അദൃശ്യനാണെങ്കിലും ‘തന്നേക്കുറിച്ചുളള സുവാർത്ത അനുസരിക്കാത്തവരുടെമേൽ പ്രതികാരം നടത്തുമ്പോൾ അഗ്നിജ്വാല’ പോലെ അവൻ വെളിപ്പെടും. ഇവരും “അവനെ കാണു”വാൻ നിർബന്ധിതരായിത്തീരും.—2 തെസലോനിക്യർ 1:6-8, NW; 2:8.
8. (എ) പൊ.യു. 33-ൽ ‘അവനെ കുത്തിത്തുളെച്ചവർ’ ആരായിരുന്നു, ഇന്ന് അങ്ങനെയുളളവർ ആരാണ്? (ബി) യേശു മേലാൽ ഭൂമിയിലല്ലാത്തതുകൊണ്ട് മനുഷ്യർക്ക് ‘അവനെ കുത്തിത്തുളക്കാൻ’ എങ്ങനെ കഴിയും?
8 “അവനെ കുത്തിത്തുളെച്ചവരും” യേശുവിനെ ‘കാണും’. ഇവർ ആരായിരിക്കും? പൊ.യു. 33-ൽ യേശു വധിക്കപ്പെട്ടപ്പോൾ റോമൻ പടയാളികൾ അക്ഷരാർഥത്തിൽതന്നെ അവനെ കുത്തിത്തുളച്ചു. ആ കൊലപാതകത്തിന്റെ കുററത്തിൽ യഹൂദൻമാർക്കും പങ്കുണ്ടായിരുന്നു, എന്തെന്നാൽ പത്രോസ് പെന്തക്കോസ്തിൽ അവരിൽ ചിലരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” (പ്രവൃത്തികൾ 2:5-11, 36; താരതമ്യം ചെയ്യുക: സെഖര്യാവു 12:10; യോഹന്നാൻ 19:37.) ആ റോമാക്കാരും യഹൂദൻമാരും ഇപ്പോൾ ഏതാണ്ട് 2,000 വർഷമായി മരിച്ചുകിടക്കുന്നു. അതുകൊണ്ട് ഇന്ന് അവനെ ‘കുത്തിത്തുളക്കുന്ന’വർ യേശു വധിക്കപ്പെട്ടപ്പോൾ പ്രദർശിപ്പിച്ച അതേ വിദ്വേഷപൂർവകമായ മനോഭാവം പ്രകടമാക്കുന്ന ജനതകളെയും ജനങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടതാണ്. യേശു മേലാൽ ഇവിടെ ഭൂമിയിലില്ല. എന്നാൽ എതിരാളികൾ യേശുവിനു സാക്ഷ്യംവഹിക്കുന്ന യഹോവയുടെ സാക്ഷികളെ നേരിട്ടു പീഡിപ്പിക്കുകയോ അത്തരം പെരുമാററത്തിനു മൗനമായി സമ്മതംമൂളുകയോ ചെയ്യുമ്പോൾ അത് അത്തരം എതിരാളികൾ യേശുവിനെത്തന്നെ ‘കുത്തിത്തുളക്കു’ന്നതുപോലെയാണ്.—മത്തായി 25:33, 41-46.
“അൽഫയും ഓമേഗയും”
9. (എ) ഇപ്പോൾ ആർ സംസാരിക്കുന്നു, വെളിപാടിൽ അവനിങ്ങനെ എത്രപ്രാവശ്യം ചെയ്യുന്നു? (ബി) യഹോവ സ്വയം “അൽഫയും ഓമേഗയും” എന്നും “സർവ്വശക്തൻ” എന്നും വിളിക്കുമ്പോൾ ഇതെന്തർഥമാക്കുന്നു?
9 ഇപ്പോൾ മഹാത്ഭുതം! പരമാധികാരിയാം കർത്താവായ യഹോവതന്നെ സംസാരിക്കുന്നു. അവൻ നമ്മുടെ മഹാനായ ഉപദേഷ്ടാവും വെളിപാടിന്റെ ആത്യന്തികമായ ഉറവിടവും ആയതിനാൽ ചുരുളഴിയാൻപോകുന്ന ദർശനങ്ങളുടെ ആമുഖമെന്ന നിലയിൽ ഇത് എത്ര ഉചിതമാണ്! (യെശയ്യാവു 30:20) നമ്മുടെ ദൈവം പ്രഖ്യാപിക്കുന്നു: “ഞാൻ അൽഫയും ഓമേഗയും ആകുന്നു, . . . ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തൻ.” (വെളിപ്പാടു 1:8) യഹോവതന്നെ സ്വർഗത്തിൽനിന്നു സംസാരിക്കുന്ന വെളിപാടിലെ മൂന്നു സന്ദർഭങ്ങളിൽ ആദ്യത്തേതാണിത്. (ഇവകൂടെ കാണുക: വെളിപ്പാടു 21:5-8; 22:12-15.) അൽഫയും ഓമേഗയും ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണെന്ന് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ പെട്ടെന്നു തിരിച്ചറിഞ്ഞിരിക്കാനിടയുണ്ട്. ആ രണ്ട് അക്ഷരങ്ങളാൽ യഹോവ തന്നേത്തന്നെ വിളിക്കുന്നത്, തനിക്കുമുമ്പു സർവശക്തനായ ഒരു ദൈവം ഇല്ലായിരുന്നുവെന്നതിനും തനിക്കുശേഷം മറെറാരാൾ ഉണ്ടായിരിക്കുകയില്ല എന്നതിനും ഊന്നൽ കൊടുക്കുന്നു. ദൈവത്വം സംബന്ധിച്ച വിവാദവിഷയം അവൻ എന്നേക്കുമായി വിജയകരമായ ഒരു പരിസമാപ്തിയിലേക്കു കൊണ്ടുവരും. ഒരേയൊരു സർവശക്തനാം ദൈവമായ അവൻ തന്റെ സകല സൃഷ്ടിയുടെയുംമേൽ പരമോന്നത പരമാധികാരി എന്നനിലയിൽ എന്നേക്കുമായി സംസ്ഥാപിക്കപ്പെടും.—താരതമ്യം ചെയ്യുക: യെശയ്യാവു 46:10; 55:10, 11.
10. (എ) അടുത്തതായി, യോഹന്നാൻ തന്നേക്കുറിച്ചുതന്നെ എങ്ങനെ വർണിക്കുന്നു, അദ്ദേഹം എവിടെ തടവിലായിരുന്നു? (ബി) യോഹന്നാൻ എഴുതിയ ചുരുൾ ആരുടെ സഹകരണത്തോടെ സഭകൾക്കെത്തിച്ചിരിക്കണം? (സി) ഇന്ന് ആത്മീയാഹാരം മിക്കപ്പോഴും എങ്ങനെ ലഭ്യമാക്കപ്പെടുന്നു?
10 കാര്യങ്ങളുടെ അനന്തരഫലത്തെ യഹോവ നയിക്കുമെന്ന ആത്മവിശ്വാസത്തോടെ യോഹന്നാൻ തന്റെ സഹ അടിമകളോടു പറയുന്നു: “നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.” (വെളിപ്പാടു 1:9) തന്റെ സഹോദരങ്ങളോടൊപ്പം കഷ്ടതകൾ സഹിച്ച്, വരാനുളള രാജ്യത്തിൽ ഒരു പങ്കുലഭിക്കുമെന്നുളള ദൃഢമായ പ്രത്യാശയോടെ, സുവാർത്തക്കുവേണ്ടി പത്മോസിലെ ഒരു തടവുകാരനായ വൃദ്ധനാം യോഹന്നാൻ ഇപ്പോൾ വെളിപാടിലെ ദർശനങ്ങളിൽ ആദ്യത്തേതു കാണുന്നു. ഈ ദർശനങ്ങളാൽ അവൻ അതിയായി പ്രോത്സാഹിതനായി എന്നതിനു സംശയമില്ല, അവയുടെ നിവൃത്തി കാണുമ്പോൾ ഇന്നു യോഹന്നാൻവർഗം ഉത്തേജിതരാകുന്നതുപോലെതന്നെ. ആ സമയത്ത് യോഹന്നാൻ തടവിലായിരുന്നതുകൊണ്ട് വെളിപാടിന്റെ ചുരുളുകൾ അദ്ദേഹം സഭകൾക്കെങ്ങനെ എത്തിച്ചുകൊടുത്തു എന്നു നമുക്കറിയില്ല. (വെളിപ്പാടു 1:11; 22:18, 19) ഇതു സാധിക്കുന്നതിൽ യഹോവയുടെ ദൂതൻമാർ തീർച്ചയായും സഹകരിച്ചിട്ടുണ്ടാകണം, സത്യത്തിനുവേണ്ടി വിശക്കുന്ന തങ്ങളുടെ സഹോദരൻമാർക്കു സമയോചിതമായ ആത്മീയാഹാരം കൊടുക്കുന്നതിനു പ്രാപ്തരാക്കിത്തീർത്തുകൊണ്ട്, ഇന്ന് നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും കീഴിൽ സേവിക്കുന്ന യഹോവയുടെ വിശ്വസ്തസാക്ഷികളെ അവർ പലപ്പോഴും സംരക്ഷിച്ചിട്ടുളളതുപോലെതന്നെ.—സങ്കീർത്തനം 34:6, 7.
11. യോഹന്നാൻ വിലമതിച്ചതുപോലെതന്നെ, ഇന്ന് യോഹന്നാൻവർഗം ഏതു പദവിയെ അമൂല്യമായി കരുതുന്നു?
11 സഭകളോടുളള തന്റെ ആശയവിനിമയ സരണിയായി യഹോവയാൽ ഉപയോഗിക്കപ്പെടുന്ന പദവിയെ യോഹന്നാൻ എത്ര അഗാധമായി വിലമതിച്ചിരിക്കണം! സമാനമായി, ഇന്നത്തെ യോഹന്നാൻവർഗം ദൈവത്തിന്റെ വീട്ടുകാർക്ക് “തൽസമയത്തു” ആത്മീയ “ഭക്ഷണം” കൊടുക്കുന്നതിനുളള അവരുടെ പദവിയെ അമൂല്യമായി കരുതുന്നു. (മത്തായി 24:45) നിങ്ങൾ നിത്യജീവൻ എന്ന മഹത്തായ ലക്ഷ്യം പ്രാപിക്കാൻ ഈ ആത്മീയ കരുതലിനാൽ ശക്തീകരിക്കപ്പെടുന്ന ഒരാളായിരിക്കട്ടെ!—സദൃശവാക്യങ്ങൾ 3:13-18; യോഹന്നാൻ 17:3.
[അധ്യയന ചോദ്യങ്ങൾ]
[21-ാം പേജിലെ ചതുരം]
പ്രയാസമേറിയ സമയങ്ങളിൽ ആത്മീയാഹാരം ലഭിക്കുന്നു
യഹോവയുടെ സാക്ഷികൾ വളരെയധികം പീഡനവും ഞെരുക്കവും സഹിച്ചിട്ടുളള ഈ അന്ത്യനാളുകളിൽ വിശ്വാസത്തിലുറച്ചു നിൽക്കുന്നതിന് അവർക്ക് ആത്മീയാഹാരം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. മിക്ക സന്ദർഭങ്ങളിലും ആവശ്യത്തിനുളള പോഷണം നൽകപ്പെട്ടിട്ടുണ്ട്, പലപ്പോഴും യഹോവയുടെ ശക്തിയുടെ ചില ശ്രദ്ധേയമായ പ്രകടനങ്ങളാൽ തന്നെ.
ഉദാഹരണത്തിന്, ജർമനിയിൽ ഹിററ്ലറുടെ കീഴിൽ സാക്ഷികൾ കല്ലച്ച് ഉപയോഗിച്ച് വീക്ഷാഗോപുരത്തിന്റെ പകർപ്പെടുക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇത് ക്രൂര നാസി അധികാരികളാൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്നതാണ്. ഹാംബർഗിൽ ഇങ്ങനെയുളള പകർപ്പെടുക്കൽ നടത്തിയിരുന്ന ഒരു വീട് രഹസ്യപ്പൊലീസ് റെയ്ഡു ചെയ്തു. വീടു ചെറുതായിരുന്നു, എന്തെങ്കിലും സുരക്ഷിതമായി ഒളിച്ചു വെക്കുന്നതിന് യാതൊരു സ്ഥലവുമില്ലായിരുന്നു. ടൈപ്പ്റൈററർ ഒരലമാരയിൽ വെച്ചിരുന്നു. ഒതുക്കാനാവാത്ത കല്ലച്ച് ഉരുളക്കിഴങ്ങിടുന്ന ഒരു പെട്ടിയിൽ തറയിൽ വെച്ചിരുന്നു. അതുമല്ല, പെട്ടിയുടെ പിന്നിൽ നിറയെ മാസികകളോടുകൂടിയ ഒരു സ്യൂട്ട്കേസ് ഉണ്ടായിരുന്നു! കണ്ടെത്തൽ ഒഴിവാക്കാൻ പററാത്തതാണെന്നു തോന്നി. പക്ഷേ എന്തു സംഭവിച്ചു? അലമാര തുറന്ന ഉദ്യോഗസ്ഥൻ ടൈപ്പ്റൈററർ കാണാൻ കഴിയാഞ്ഞ രീതിയിലാണ് അതു തുറന്നത്. തറയെ സംബന്ധിച്ച് വീട്ടുകാരൻ റിപ്പോർട്ടു ചെയ്യുന്നു: “ആ മൂന്ന് ഉദ്യോഗസ്ഥർ മുറിയുടെ നടുവിൽ നിന്നു, കണ്ടോ, നിറയെ വീക്ഷാഗോപുരവുമായി സ്യൂട്ട്കേസും അതിന്റെ മുൻപിലായി പെട്ടിയും ഇരുന്നിടത്തുതന്നെ. പക്ഷേ അവരിലാരും അതു ശ്രദ്ധിക്കുന്നതായി തോന്നിയില്ല, അവർക്ക് അന്ധത ബാധിച്ചതുപോലെയായിരുന്നു.” ഈ ശ്രദ്ധേയമായ ദിവ്യസംരക്ഷണം മൂലം ആ വീട്ടുകാർക്ക് പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ സമയങ്ങളിൽ ആത്മീയാഹാരം വിതരണം ചെയ്യുന്നതിൽ തുടരാൻ കഴിഞ്ഞു.
നൈജീരിയയും അതിൽനിന്നു പിളർന്നുപോയ ബീയാഫ്രെ പ്രവിശ്യയും തമ്മിൽ 1960-കളിൽ ഒരു ആഭ്യന്തരയുദ്ധമുണ്ടായി. ബീയാഫ്രെ, നൈജീരിയൻ മേഖലയാൽ പൂർണമായും ചുററപ്പെട്ടിരുന്നതിനാൽ അതും പുറംലോകവുമായുളള ഏക ബന്ധം ഒരു വിമാനത്താവളം ആയിരുന്നു. ഇതിന്റെയർഥം ബീയാഫ്രെയിലുളള സാക്ഷികൾ തങ്ങൾക്കുളള ആത്മീയാഹാരത്തിന്റെ വിതരണത്തിൽ നിന്നു ഛേദിക്കപ്പെടുന്നതിന്റെ അപകടത്തിലായി എന്നാണ്. പിന്നീട് 1968-ന്റെ തുടക്കത്തിൽ ബീയാഫ്രെയിലെ അധികാരികൾ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ യൂറോപ്പിലെ ഒരു പ്രധാന ജോലിക്കു നിയമിക്കുകയും മറെറാരാളെ ബീയാഫ്രെയിലെ വിമാനത്താവളത്തിൽ നിയമിക്കുകയും ചെയ്തു. ഈ രണ്ടുപേരും യഹോവയുടെ സാക്ഷികളായിരിക്കാനിടയായി. ഇവർ ഇപ്പോൾ ബീയാഫ്രെയുടെ പുറംലോകവുമായുളള ഏക കണ്ണിയുടെ രണ്ടററത്തും സ്ഥിതിചെയ്തു. ഈ ക്രമീകരണം യഹോവയിൽ നിന്നായിരിക്കണമെന്നു രണ്ടുപേരും തിരിച്ചറിഞ്ഞു. അതിനാൽ അവർ ബീയാഫ്രെയിലേക്ക് ആത്മീയ ഭക്ഷണം എത്തിക്കുന്ന സൂക്ഷ്മ ശ്രദ്ധയോടെ ചെയ്യേണ്ടതും വിപൽക്കരവുമായ ജോലിക്കു സന്നദ്ധരായി. അവർക്ക് ഇത് യുദ്ധകാലമത്രയും ചെയ്യുന്നതിനു സാധിക്കുകയും ചെയ്തു. അവരിലൊരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ ക്രമീകരണം മനുഷ്യർക്ക് ആസൂത്രണം ചെയ്യാൻ കഴിയുന്നതിനതീതമായിരുന്നു.”
[19-ാം പേജിലെ ചാർട്ട്]
വെളിപാടിലെ പ്രതീകാത്മക സംഖ്യകൾ
സംഖ്യ പ്രതീകാത്മക അർഥം
2 ഒരു കാര്യത്തെ ഉറപ്പായി സ്ഥിരീകരിക്കുന്നതിനെ അർഥമാക്കുന്നു.
(വെളിപ്പാടു 11:3, 4; താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 17:6.)
3 ദൃഢീകരണത്തെ അർഥമാക്കുന്നു. കൂടാതെ തീവ്രതയെയും സൂചിപ്പിക്കുന്നു.
(വെളിപ്പാടു 4:8; 8:13; 16:13, 19)
4 സാർവത്രികതയെ അല്ലെങ്കിൽ സമതുലിതാവസ്ഥയെ സൂചിപ്പിക്കുന്നു.
(വെളിപ്പാടു 4:6; 7:1, 2; 9:14; 20:8; 21:16)
6 അപൂർണതയെ, സാധാരണമല്ലാത്തതിനെ, വികൃതമായതിനെ സൂചിപ്പിക്കുന്നു.
(വെളിപ്പാടു 13:18; താരതമ്യം ചെയ്യുക: 2 ശമൂവേൽ 21:20.)
7 യഹോവയുടെയോ സാത്താന്റെയോ ഉദ്ദേശ്യങ്ങളോടുളള ബന്ധത്തിൽ ദിവ്യമായി തീരുമാനിക്കപ്പെട്ട തികവിനെ അർഥമാക്കുന്നു.
(വെളിപ്പാടു 1:4, 13, 16; 4:5; 5:1, 6; 10:3, 4; 12:3)
10 ഭൂമിയിലെ കാര്യങ്ങൾ സംബന്ധിച്ച്, ഭൗതികമായ വിധത്തിലുളള സാകല്യത്തെ അഥവാ തികവിനെ അർഥമാക്കുന്നു.
(വെളിപ്പാടു 2:10; 12:3; 13:1; 17:3, 12, 16)
12 സ്വർഗത്തിലോ ഭൂമിയിലോ ദിവ്യമായി സ്ഥാപിക്കപ്പെട്ടിട്ടുളള സ്ഥാപനത്തെ
സൂചിപ്പിക്കുന്നു.
(വെളിപ്പാടു 7:5-8; 12:1; 21:12, 16; 22:2)
24 യഹോവയുടെ സമൃദ്ധമായ (ഇരട്ടിച്ച) സ്ഥാപനക്രമീകരണത്തെ അർഥമാക്കുന്നു.
വെളിപാടിൽ പറഞ്ഞിരിക്കുന്ന ചില സംഖ്യകൾ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടതാണ്. ഇതു നിശ്ചയിക്കുന്നതിന് മിക്കപ്പോഴും സന്ദർഭം സഹായിക്കുന്നു. (കാണുക: വെളിപ്പാടു 7:4, 9; 11:2, 3; 12:6, 14; 17:3, 9-11; 20:3-5.)