ബൈബിളിന്റെ മഹത്തായ പ്രതിപാദ്യവിഷയം
അധ്യായം 2
ബൈബിളിന്റെ മഹത്തായ പ്രതിപാദ്യവിഷയം
തിരുവെഴുത്തുകൾ വ്യാഖ്യാനിക്കൽ വെളിപാട് പുസ്തകത്തിൽ അടച്ചുവെച്ചിരുന്ന മർമങ്ങൾ ആത്മാർഥരായ ബൈബിൾവിദ്യാർഥികളെ വളരെക്കാലം അമ്പരപ്പിക്കുകയുണ്ടായി. ദൈവത്തിന്റെ തക്കസമയത്ത് ആ രഹസ്യങ്ങൾ വെളിപ്പെടുത്തേണ്ടിയിരുന്നു, എന്നാൽ എങ്ങനെ, എപ്പോൾ, ആർക്ക്? നിയമിത സമയം അടുത്തെത്തിയപ്പോൾ ദൈവാത്മാവിനു മാത്രമേ അർഥം അറിയിക്കാൻ കഴിയുമായിരുന്നുളളൂ. (വെളിപ്പാടു 1:3) ദൈവത്തിന്റെ ന്യായവിധികൾ അറിയിക്കാൻ അവന്റെ തീക്ഷ്ണതയുളള അടിമകൾക്കു ശക്തിപകരേണ്ടതിന് ആ പാവനരഹസ്യങ്ങൾ അവർക്കു വെളിപ്പെടുത്തിക്കൊടുക്കുമായിരുന്നു. (താരതമ്യം ചെയ്യുക: മത്തായി 13:10, 11.) ഈ പുസ്തകത്തിലുളള വിശദീകരണങ്ങൾ അപ്രമാദിത്വമുളളതാണെന്ന് അവകാശപ്പെടുന്നില്ല. പുരാതനകാലത്തെ യോസേഫിനെപ്പോലെ, “വ്യാഖ്യാനം ദൈവത്തിനുളളതല്ലയോ?” എന്നു ഞങ്ങൾ പറയുന്നു. (ഉല്പത്തി 40:8) എന്നുവരികിലും, അതേസമയത്തുതന്നെ നമ്മുടെ വിനാശകരമായ നാളുകളിലെ ലോകസംഭവങ്ങളിൽ ദിവ്യപ്രവചനം എത്ര ശ്രദ്ധേയമായി നിറവേറിയിരിക്കുന്നുവെന്നു പ്രകടമാക്കിക്കൊണ്ട് ഇവിടെ നൽകപ്പെട്ടിരിക്കുന്ന വിശദീകരണങ്ങൾ മൊത്തത്തിൽ ബൈബിളിനോടു യോജിക്കുന്നുവെന്നു ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു.
1. യഹോവയുടെ മഹത്തായ ഉദ്ദേശ്യമെന്താണ്?
ഒരു ബൈബിൾ സുഭാഷിതം പറയുന്നു: “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു.” (സഭാപ്രസംഗി 7:8) വെളിപാട് പുസ്തകത്തിലാണ് സകല സൃഷ്ടികൾക്കും മുമ്പാകെ തന്റെ നാമം വിശുദ്ധീകരിക്കുന്നതിനുളള യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തിന്റെ ഉജ്ജ്വലമായ പരിസമാപ്തിയെക്കുറിച്ചു നാം വായിക്കുന്നത്. യഹോവ തന്റെ പുരാതന പ്രവാചകൻമാരിൽ ഒരുവൻ മുഖാന്തരം വീണ്ടും വീണ്ടും പ്രഖ്യാപിച്ചതുപോലെ: “ഞാൻ യഹോവ എന്നു അവർ അറിയും.”—യെഹെസ്കേൽ 25:17; 38:23.
2. ബൈബിളിലെ മുൻപുസ്തകങ്ങളോടൊപ്പം വെളിപാട് ഏതു സംതൃപ്തികരമായ അറിവു നേടാൻ നമ്മെ സഹായിക്കുന്നു?
2 കാര്യങ്ങളുടെ വിജയകരമായ അന്ത്യത്തെക്കുറിച്ചു വെളിപാട് പ്രസ്താവിച്ചിരിക്കുന്നതുപോലെതന്നെ അവയുടെ തുടക്കം നമുക്കുവേണ്ടി ബൈബിളിന്റെ ആദിമപുസ്തകങ്ങളിൽ വർണിച്ചിരിക്കുന്നു. ഈ രേഖ പരിശോധിക്കുന്നതിനാൽ ഉൾപ്പെട്ടിരിക്കുന്ന വാദവിഷയങ്ങൾ മനസ്സിലാക്കുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുളള ഒരു ആകമാനവീക്ഷണം നേടുന്നതിനും നാം പ്രാപ്തരായിത്തീരുന്നു. ഇത് എത്ര സംതൃപ്തിദായകമാണ്! കൂടാതെ ഇതു മനുഷ്യവർഗത്തിനു കൈവരാനിരിക്കുന്ന വിസ്മയാവഹമായ ഭാവിയിൽ പങ്കുകൊളേളണ്ടതിനു നമ്മെ കർമോത്സുകരാക്കേണ്ടതാണ്. (സങ്കീർത്തനം 145:16, 20) ഈ ഘട്ടത്തിൽ, ഇന്നു സകല മനുഷ്യവർഗത്തെയും അഭിമുഖീകരിക്കുന്ന പരമപ്രധാനമായ വാദവിഷയവും അതിനു തീരുമാനമുണ്ടാക്കുകയെന്ന വ്യക്തമായി പ്രസ്താവിച്ചിരിക്കുന്ന ദൈവോദ്ദേശ്യവും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ടതിനു മുഴുബൈബിളിന്റെയും പശ്ചാത്തലവും പ്രതിപാദ്യവിഷയവും ചർച്ചചെയ്യുന്നത് ഉചിതമാണെന്നു തോന്നുന്നു.
3. ഉൽപ്പത്തി പുസ്തകത്തിലെ ഏതു പ്രവചനം വെളിപാടുൾപ്പെടെ മുഴുബൈബിളിന്റെയും പ്രതിപാദ്യവിഷയം സ്ഥാപിക്കുന്നു?
3 ബൈബിളിന്റെ ആദ്യപുസ്തകമായ ഉൽപ്പത്തി ‘ആരംഭ’ത്തെക്കുറിച്ചു പറയുകയും തന്റെ മകുടംചാർത്തുന്ന ഭൗമികസൃഷ്ടിയായ മനുഷ്യനുൾപ്പെടെ ദൈവത്തിന്റെ സൃഷ്ടിക്രിയകളെക്കുറിച്ചു വിവരിക്കുകയും ചെയ്യുന്നു. ഉൽപ്പത്തി ഏതാണ്ട് 6,000 വർഷംമുമ്പ് ഏദെൻതോട്ടത്തിൽവെച്ചു ദൈവംതന്നെ ഉച്ചരിച്ച ആദ്യ ദിവ്യപ്രവചനവും പ്രതിപാദിക്കുന്നു. ആദ്യസ്ത്രീയായ ഹവ്വായെ വഞ്ചിക്കുന്നതിന് ഒരു സർപ്പത്തെ ഉപയോഗിച്ചുകഴിഞ്ഞതേയുണ്ടായിരുന്നുളളു, ക്രമത്തിൽ “നൻമതിൻമകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷ”ത്തിൽനിന്നു ഭക്ഷിച്ചുകൊണ്ട് യഹോവയുടെ നിയമം ലംഘിക്കുന്നതിൽ തന്നോടു ചേരാൻ അവൾ തന്റെ ഭർത്താവായ ആദാമിനെ വശീകരിച്ചുകഴിഞ്ഞിരുന്നു. പാപികളായ ദമ്പതികൾക്കു ന്യായവിധി ഉച്ചരിക്കുകയിൽ ദൈവം സർപ്പത്തോടു പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 1:1; 2:17; 3:1-6, 14, 15) ആ പ്രവചനം വെളിപാടുൾപ്പെടെ മുഴുബൈബിളിന്റെയും പ്രതിപാദ്യവിഷയം സ്ഥാപിക്കുന്നു.
4. (എ) ദൈവം ആദ്യപ്രവചനം ഉച്ചരിച്ചശേഷം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് എന്തു സംഭവിച്ചു? (ബി) ആദ്യപ്രവചനം സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു, നാം ഉത്തരങ്ങൾ അറിയേണ്ടത് എന്തുകൊണ്ട്?
4 ഈ പ്രവചനം ഉച്ചരിച്ചയുടനെ ദൈവം ഏദെനിൽനിന്നു നമ്മുടെ ആദ്യമാതാപിതാക്കളെ പുറത്താക്കി. മേലാൽ അവർക്കു പറുദീസയിൽ നിത്യജീവൻ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല; പുറത്തെ ഒരുക്കപ്പെടാത്ത ഭൂമിയിൽ അവർ തങ്ങളുടെ ജീവിതം തളളിനീക്കേണ്ടിയിരുന്നു. മരണവിധിയിൻകീഴിൽ അവർ പാപപൂർണരായ കുട്ടികളെ ഉത്പാദിപ്പിക്കുമായിരുന്നു. (ഉല്പത്തി 3:23–4:1; റോമർ 5:12) എന്നിരുന്നാലും ഏദെനികപ്രവചനം എന്തർഥമാക്കുന്നു? ആരെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്? അതു വെളിപാടുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? ഇന്നു നമുക്കുവേണ്ടി അതിന് എന്തു സന്ദേശമാണുളളത്? യഹോവ ആ പ്രവചനം ഉച്ചരിക്കുന്നതിലേക്കു നയിച്ച പരിതാപകരമായ സംഭവത്തിന്റെ ഫലങ്ങളിൽനിന്നു വ്യക്തിപരമായി വിടുതൽ നേടുന്നതിന് ഈ ചോദ്യങ്ങൾക്കുളള ഉത്തരം നാമറിയുന്നതു മർമപ്രധാനമാണ്.
നാടകത്തിലെ പ്രധാനികൾ
5. സർപ്പം ഹവ്വായെ വഞ്ചിച്ചപ്പോൾ ദൈവത്തിന്റെ പരമാധികാരവും അവന്റെ നാമവും സംബന്ധിച്ച് എന്തു വികാസംപ്രാപിച്ചു, വിവാദത്തിന് എങ്ങനെ തീരുമാനമുണ്ടാക്കും?
5 ഉല്പത്തി 3:15-ലെ പ്രവചനം അനുസരണക്കേടിനാൽ ഹവ്വാ മരിക്കുകയില്ലെന്നും മറിച്ച് അവൾ സ്വതന്ത്ര, ഒരു ദേവത, ആയിത്തീരുമെന്നും സൂചിപ്പിച്ചുകൊണ്ട് അവളോടു നുണപറഞ്ഞ സർപ്പത്തെയാണ് സംബോധന ചെയ്തത്. അങ്ങനെ സർപ്പം യഹോവയെ ഒരു നുണയനാക്കുകയും അവന്റെ പരമോന്നതഭരണത്തെ തളളിക്കളഞ്ഞുകൊണ്ട് മനുഷ്യർക്കു തങ്ങളുടെ ഭാഗധേയം മെച്ചപ്പെടുത്താൻ കഴിയുമെന്നുളള ആശയം തന്ത്രപൂർവം അവതരിപ്പിക്കുകയും ചെയ്തു. (ഉല്പത്തി 3:1-5) യഹോവയുടെ പരമാധികാരം വെല്ലുവിളിക്കപ്പെടുകയും അവന്റെ നല്ലനാമം കളങ്കപ്പെടുത്തപ്പെടുകയും ചെയ്തു. തന്റെ നാമത്തിൽനിന്നു സകല നിന്ദയും നീക്കുന്നതിനും തന്റെ പരമാധികാരം സംസ്ഥാപിക്കുന്നതിനും നീതിയുളള ന്യായാധിപനായ യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രാജ്യഭരണത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നു വെളിപാടുപുസ്തകം വർണിക്കുന്നു.—വെളിപ്പാടു 12:10; 14:7.
6. ഒരു പാമ്പിലൂടെ ഹവ്വായോടു സംസാരിച്ചവനെ വെളിപാട് എങ്ങനെ തിരിച്ചറിയിക്കുന്നു?
6 “സർപ്പം” എന്ന പദത്തെ സംബന്ധിച്ചാണെങ്കിൽ, അത് ഒരു അക്ഷരീയ പാമ്പിനു മാത്രമേ ബാധകമാകുന്നുളേളാ? ഒരിക്കലുമല്ല! ആ സർപ്പത്തിലൂടെ സംസാരിച്ച കുപ്രസിദ്ധ ആത്മജീവിയെ വെളിപാട് നമുക്കായി തിരിച്ചറിയിക്കുന്നു. അത് “ഹവ്വയെ ഉപായത്താൽ ചതിച്ച”, ‘ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്’ ആയിരുന്നു.—വെളിപ്പാടു 12:9; 2 കൊരിന്ത്യർ 11:3.
7. ഉല്പത്തി 3:15-ലെ സ്ത്രീ ആത്മമണ്ഡലത്തിൽ പെട്ടതാണെന്ന് എന്തു സൂചിപ്പിക്കുന്നു?
7 ഉല്പത്തി 3:15 അടുത്തതായി “സ്ത്രീ”യെക്കുറിച്ചു പറയുന്നു. ഇതു ഹവ്വായായിരുന്നോ? ഒരുപക്ഷേ അവൾ അങ്ങനെ വിചാരിച്ചിരിക്കാം. (താരതമ്യം ചെയ്യുക: ഉല്പത്തി 4:1.) പക്ഷേ 5,000-ത്തിലധികം വർഷംമുമ്പ് ഹവ്വാ മരിച്ചപ്പോൾ ഹവ്വായുടെയും സാത്താന്റെയും ഇടയിൽ നീണ്ടുനിൽക്കുന്ന ഒരു ശത്രുത അസാധ്യമായിത്തീർന്നു. കൂടാതെ യഹോവ സംബോധനചെയ്ത സർപ്പം ഒരു അദൃശ്യ ആത്മാവായതിനാൽ സ്ത്രീയും ആത്മമണ്ഡലത്തിൽ പെട്ടതാണെന്നു നാം പ്രതീക്ഷിക്കണം. ഈ ആലങ്കാരിക സ്ത്രീ ആത്മജീവികൾ ഉൾപ്പെടുന്ന യഹോവയുടെ സ്വർഗീയസ്ഥാപനമാണെന്നു കാണിച്ചുകൊണ്ട് വെളിപ്പാടു 12:1, 2 ഇതു സ്ഥിരീകരിക്കുന്നു.—ഇവകൂടെ കാണുക: യെശയ്യാവു 54:1, 5, 13.
രണ്ടു സന്തതികൾ എതിർപ്പിൽ
8. രണ്ടു സന്തതികളെക്കുറിച്ച് ഇപ്പോൾ പറയപ്പെട്ടിരിക്കുന്നതിൽ നാം അഗാധമായി തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
8 ഉല്പത്തി 3:15-ൽ അടുത്തതായി രണ്ടു സന്തതികൾ പ്രത്യക്ഷപ്പെടുന്നു. നാം ഇവരിൽ ആഴമായി തത്പരരായിരിക്കണം, എന്തുകൊണ്ടെന്നാൽ ഭൂമിമേലുളള അർഹമായ പരമാധികാരത്തിന്റെ വലിയ വാദവിഷയത്തോട് ഇവർ ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പക്കാരായാലും പ്രായമുളളവരായാലും ഇതു നമ്മെ ഓരോരുത്തരെയും ഉൾപ്പെടുത്തുന്നു. നിങ്ങൾ ഈ സന്തതികളിൽ ഏതിനെ അനുകൂലിക്കുന്നു?
9. സർപ്പത്തിന്റെ സന്തതിയിൽ തീർച്ചയായും എന്തുൾപ്പെടുന്നു?
9 ഒന്നാമതായി സർപ്പത്തിന്റെ സന്തതിയുണ്ട്. ഇത് എന്താണ്? തീർച്ചയായും മത്സരത്തിൽ സാത്താനോടു ചേരുകയും അവസാനം ഭൂമണ്ഡലത്തിലേക്ക് ‘അവനോടുകൂടെ തളളപ്പെടുകയും’ ചെയ്ത മററ് ആത്മജീവികൾ ഇതിൽ ഉൾപ്പെടുന്നു. (വെളിപ്പാടു 12:9) സാത്താൻ അഥവാ ബെയെൽസെബൂൽ ‘ഭൂതങ്ങളുടെ തലവൻ’ ആയതിനാൽ അവർ അവന്റെ അദൃശ്യസ്ഥാപനമായിത്തീരുന്നുവെന്നതു സ്പഷ്ടം.—മർക്കൊസ് 3:22; എഫെസ്യർ 6:12.
10. സാത്താന്റെ സന്തതിയുടെ ഭാഗമെന്ന നിലയിൽ മററുളളവരെ ബൈബിൾ എങ്ങനെ തിരിച്ചറിയിക്കുന്നു?
10 കൂടാതെ, യേശു തന്റെ നാളിലെ യഹൂദമതനേതാക്കളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു.” (യോഹന്നാൻ 8:44) ദൈവപുത്രനായ യേശുക്രിസ്തുവിനോടുളള തങ്ങളുടെ എതിർപ്പിനാൽ ആ മതനേതാക്കൻമാർ തങ്ങളും സാത്താന്റെ സന്തതിയാണെന്നു പ്രകടമാക്കി. അവർ തങ്ങളുടെ ആലങ്കാരിക പിതാവെന്നനിലയിൽ സാത്താനെ സേവിച്ചുകൊണ്ട് അവന്റെ സന്തതിയുടെ ഭാഗമായിരുന്നു. ചരിത്രത്തിലുടനീളം മററനേകം ആളുകളും സാത്താന്റെ ഇഷ്ടം ചെയ്തുകൊണ്ട്, പ്രത്യേകിച്ച് യേശുവിന്റെ ശിഷ്യൻമാരെ എതിർത്തുകൊണ്ടും അവരെ പീഡിപ്പിച്ചുകൊണ്ടും തങ്ങളെത്തന്നെ സമാനമായി തിരിച്ചറിയിച്ചിട്ടുണ്ട്. ഒരു കൂട്ടമെന്നനിലയിൽ ഈ മനുഷ്യർ ഭൂമിയിലെ സാത്താന്റെ ദൃശ്യസ്ഥാപനം ആയിത്തീരുന്നതായി പറയാവുന്നതാണ്.—കാണുക: യോഹന്നാൻ 15:20; 16:33; 17:15.
സ്ത്രീയുടെ സന്തതി തിരിച്ചറിയിക്കപ്പെട്ടു
11. നൂററാണ്ടുകളിൽ സ്ത്രീയുടെ സന്തതിയെ സംബന്ധിച്ച് ദൈവം എന്തു വെളിപ്പെടുത്തി?
11 ഉല്പത്തി 3:15-ലെ പ്രവചനം അവസാനമായി സ്ത്രീയുടെ സന്തതിയെ പരാമർശിക്കുന്നു. സാത്താൻ തന്റെ സന്തതിയെ വികസിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യഹോവ ഒരു സന്തതിയെ ഉളവാക്കുന്നതിനു തന്റെ “സ്ത്രീ”യെ അഥവാ ഭാര്യാസമാന സ്വർഗീയസ്ഥാപനത്തെ ഒരുക്കുകയായിരുന്നു. ഏതാണ്ട് 4,000 വർഷങ്ങളോളം യഹോവ സന്തതിയുടെ വരവിനെക്കുറിച്ചുളള വിശദാംശങ്ങൾ അനുസരണവും ദൈവഭയവുമുളള മനുഷ്യർക്കു ക്രമാനുഗതമായി വെളിപ്പെടുത്തിക്കൊടുത്തു. (യെശയ്യാവു 46:9, 10) അങ്ങനെ അബ്രഹാമിനും യിസ്ഹാക്കിനും യാക്കോബിനും മററുളളവർക്കും സന്തതി തങ്ങളുടെ വംശാവലിയിൽ വരുമെന്നുളള വാഗ്ദത്തത്തിൽ വിശ്വാസം വളർത്താൻ കഴിഞ്ഞു. (ഉല്പത്തി 22:15-18; 26:4; 28:14) യഹോവയുടെ ഈ ദാസൻമാരെ അവരുടെ അചഞ്ചലമായ വിശ്വാസം നിമിത്തം സാത്താനും അവന്റെ കയ്യാളൻമാരും മിക്കപ്പോഴും പീഡിപ്പിക്കുകയുണ്ടായി.—എബ്രായർ 11:1, 2, 32-38.
12. (എ) എപ്പോൾ, ഏതു സംഭവത്തോടെ സ്ത്രീയുടെ സന്തതിയുടെ മുഖ്യഭാഗമായവൻ ആഗതനായി? (ബി) യേശു എന്തുദ്ദേശ്യത്തിൽ അഭിഷേകം ചെയ്യപ്പെട്ടു?
12 അവസാനം നമ്മുടെ പൊതുയുഗത്തിന്റെ 29-ാം വർഷത്തിൽ പൂർണമനുഷ്യനായ യേശു യോർദാൻ നദിയിൽ തന്നെത്തന്നെ അർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യഹോവ അവിടെവെച്ച് യേശുവിനെ പരിശുദ്ധാത്മാവുകൊണ്ട് ജനിപ്പിച്ചു. (മത്തായി 3:17) യേശു അവിടെവെച്ചു ദൈവത്തിന്റെ സ്വർഗത്തിലുളള ആത്മീയസ്ഥാപനത്തിൽനിന്ന് അയക്കപ്പെട്ടതായി തിരിച്ചറിയിക്കപ്പെട്ടു. ഭൂമിയുടെമേൽ യഹോവയുടെ നാമത്തിലുളള ഭരണം പുനഃസ്ഥാപിക്കുന്ന, അങ്ങനെ ഭരണം അഥവാ പരമാധികാരം ഉൾപ്പെടുന്ന വിവാദവിഷയം എന്നേക്കുമായി ഒരിക്കൽ പരിഹരിക്കുന്ന സ്വർഗീയ രാജ്യത്തിലെ നിയുക്ത രാജാവെന്നനിലയിൽ അവൻ അഭിഷേകം ചെയ്യപ്പെട്ടു. (വെളിപ്പാടു 11:15) ആ സ്ഥിതിക്കു സ്ത്രീയുടെ സന്തതിയിലെ മുഖ്യൻ, മുൻകൂട്ടിപ്പറയപ്പെട്ട മിശിഹാ, യേശുവാണ്.—താരതമ്യം ചെയ്യുക: ഗലാത്യർ 3:16; ദാനീയേൽ 9:25.
13, 14. (എ) സ്ത്രീയുടെ സന്തതി കേവലം ഒരു പ്രമുഖവ്യക്തി ആയിരിക്കില്ലെന്നു മനസ്സിലാക്കുമ്പോൾ അതു നമ്മെ അതിശയിപ്പിക്കരുതാത്തതെന്തുകൊണ്ട്? (ബി) സന്തതിയുടെ രണ്ടാം ഭാഗമായിരിക്കുന്നതിനു മനുഷ്യവർഗത്തിൽനിന്നും ദൈവം എത്രപേരെ തിരഞ്ഞെടുത്തിരിക്കുന്നു, അവർ ഏതുതരം സ്ഥാപനം ആയിത്തീരുന്നു? (സി) സന്തതിയോടൊപ്പം ആരുംകൂടെ ഐക്യത്തിൽ സേവിക്കുന്നു?
13 സ്ത്രീയുടെ സന്തതി കേവലം ഒരു പ്രമുഖവ്യക്തി ആയിരിക്കുമോ? ശരി, സാത്താന്റെ സന്തതിയെ സംബന്ധിച്ചെന്ത്? സാത്താന്റെ സന്തതിയിൽ ദുഷ്ടദൂതൻമാരുടെയും ദൈവത്തെ അനാദരിക്കുന്ന മനുഷ്യരുടെയും ഒരു കൂട്ടം ഉൾപ്പെടുന്നതായി ബൈബിൾ തിരിച്ചറിയിക്കുന്നു. അപ്പോൾ മിശിഹൈക സന്തതിയായ യേശുക്രിസ്തുവിനോടൊപ്പം പുരോഹിത സഹഭരണാധികാരികളാകാൻ മനുഷ്യവർഗത്തിൽനിന്നും നിർമലതാപാലകരായ 1,44,000 പേരെ തിരഞ്ഞെടുക്കാനുളള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയുമ്പോൾ അതു നമ്മെ വിസ്മയിപ്പിക്കരുത്. പിശാച്, ദൈവത്തിന്റെ സ്ത്രീസമാന സ്ഥാപനത്തോടുളള തന്റെ ശത്രുതയിൽ “അവളുടെ സന്തതിയിൽ ശേഷിപ്പുളളവരോടു യുദ്ധംചെയ്വാൻ പുറപ്പെട്ടു” എന്നു പറയുമ്പോൾ വെളിപാട് ഇവരെ പരാമർശിക്കുന്നു.—വെളിപ്പാടു 12:17; 14:1-4.
14 ബൈബിളിൽ അഭിഷിക്ത ക്രിസ്ത്യാനികൾ യേശുവിന്റെ സഹോദരൻമാർ എന്നു വിളിക്കപ്പെടുന്നു, അവന്റെ സഹോദരൻമാർ എന്നനിലയിൽ അവർക്ക് ഒരേ മാതാവും ഒരേ പിതാവും ആണുളളത്. (എബ്രായർ 2:11) അവരുടെ പിതാവ് യഹോവയാം ദൈവമാണ്. അതുകൊണ്ട്, അവരുടെ അമ്മ “സ്ത്രീ” ആയിരിക്കണം, അതായത് ദൈവത്തിന്റെ ഭാര്യാതുല്യ സ്വർഗീയസ്ഥാപനം. ക്രിസ്തുയേശു പ്രഥമ ഭാഗമായിരിക്കെ അവർ സന്തതിയുടെ രണ്ടാം ഭാഗം ആയിത്തീരുന്നു. ഭൂമിയിലുളള ഈ ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളുടെ സഭ സ്വർഗത്തിലെ ദൈവത്തിന്റെ സ്ത്രീസമാന സ്ഥാപനത്തിൻ കീഴിൽ സേവിക്കുന്ന അവന്റെ ദൃശ്യസ്ഥാപനമായിത്തീരുന്നു, അവർ തങ്ങളുടെ പുനരുത്ഥാനത്തിൽ സ്വർഗത്തിൽ യേശുക്രിസ്തുവിനോടു ചേർക്കപ്പെടും. (റോമർ 8:14-17; ഗലാത്യർ 3:16, 29) സന്തതിയുടെ ഭാഗമല്ലെങ്കിലും ഭൂമിയിലെ ദൈവസ്ഥാപനത്തോടൊത്തു സേവിക്കാൻ എല്ലാ ജനതകളിൽനിന്നുമുളള ലക്ഷക്കണക്കിനു വേറെ ആടുകൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ ഈ വേറെ ആടുകളിൽ ഒരാളാണോ? എങ്കിൽ നിങ്ങളുടെ സന്തുഷ്ട പ്രത്യാശ ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ ആണ്.—യോഹന്നാൻ 10:16; 17:1-3.
ശത്രുത വികാസംപ്രാപിച്ച വിധം
15. (എ) സാത്താന്റെ മനുഷ്യസന്തതിയുടെയും ദൂതസന്തതിയുടെയും വികാസം വർണിക്കുക. (ബി) നോഹയുടെ നാളിലെ ജലപ്രളയത്തിൽ സാത്താന്റെ സന്തതിക്ക് എന്തു സംഭവിച്ചു?
15 മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ വളരെ നേരത്തെതന്നെ സാത്താന്റെ മാനുഷസന്തതി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ദൃഷ്ടാന്തത്തിന്, “ദുഷ്ടനിൽനിന്നുളളവനായി സഹോദരനെ കൊന്ന” ആദ്യ മനുഷ്യജാതനായ കയീൻ ഉണ്ടായിരുന്നു. (1 യോഹന്നാൻ 3:12) പിന്നീട്, “എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവർത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധൻമാരോടുകൂടെ” യഹോവ വരുന്നതായി ഹാനോക്ക് പറഞ്ഞു. (യൂദാ 14, 15) അതിലുപരി, മത്സരികളായ ദൂതൻമാർ സാത്താനോടു ചേരുകയും അവന്റെ സന്തതിയുടെ ഭാഗമായിത്തീരുകയും ചെയ്തു. ഇവർ ഭൗമികശരീരം ധരിക്കുന്നതിനും മനുഷ്യപുത്രിമാരെ വിവാഹം ചെയ്യുന്നതിനും വേണ്ടി സ്വർഗങ്ങളിലെ “തങ്ങളുടെ . . . സ്വന്ത വാസസ്ഥലം വിട്ടു”കളഞ്ഞു. അവർ കലഹപ്രിയരായ ഒരു അമാനുഷ സങ്കരസന്തതിയെ ഉത്പാദിപ്പിച്ചു. ആ ലോകം അക്രമവും വഷളത്തവുംകൊണ്ടു നിറഞ്ഞതിനാൽ ദൈവം അതിനെ ജലപ്രളയത്തിൽ നശിപ്പിച്ചു, അതിജീവിച്ച മനുഷ്യജഡം വിശ്വസ്തനായ നോഹയും അവന്റെ കുടുംബവും മാത്രമായിരുന്നു. ഇപ്പോൾ സാത്താന്റെ നിയന്ത്രണത്തിലുളള ഭൂതങ്ങൾ ആയിരിക്കുന്ന, അനുസരണംകെട്ട ദൂതൻമാർ നാശത്തിനു വിധിക്കപ്പെട്ട അവരുടെ ഭാര്യമാരെയും സങ്കരസന്തതികളെയും ഉപേക്ഷിക്കാൻ നിർബന്ധിതരായി. അവർ ആത്മമണ്ഡലത്തിലേക്കു തിരിച്ചുപോയിക്കൊണ്ട് ഭൗതികശരീരം വിലയിപ്പിച്ചുകളഞ്ഞു, അവിടെ അവർ സാത്താന്റെയും അവന്റെ സന്തതിയുടെയും മേലുളള ദൈവത്തിന്റെ ആസന്നമായ ന്യായവിധിനിർവഹണത്തിനായി കാത്തിരിക്കുന്നു.—യൂദാ 6; ഉല്പത്തി 6:4-12; 7:21-23; 2 പത്രൊസ് 2:4, 5.
16. (എ) പ്രളയത്തിനുശേഷം ഏതു സ്വേച്ഛാധിപതി പ്രത്യക്ഷപ്പെട്ടു, അയാൾ സാത്താന്റെ സന്തതിയുടെ ഭാഗമാണെന്ന് എങ്ങനെ പ്രകടമാക്കി? (ബി) ബാബേൽഗോപുരത്തിന്റെ നിർമാതാക്കൾ ആകുമായിരുന്നവരെ ദൈവം എങ്ങനെ തടഞ്ഞു?
16 മഹാപ്രളയത്തിനുശേഷം അധികം താമസിയാതെ ഭൂമിയിൽ നിമ്രോദ് എന്നു പേരുളള ഒരു സ്വേച്ഛാധിപതി പ്രത്യക്ഷപ്പെട്ടു. ബൈബിൾ അയാളെ ‘യഹോവയുടെ മുമ്പാകെ നായാട്ടുവീരൻ’ എന്നു വിളിക്കുന്നു—സത്യത്തിൽ സർപ്പത്തിന്റെ സന്തതിയുടെ ഭാഗംതന്നെ. സാത്താനെപ്പോലെ അയാൾ മത്സരത്തിന്റെ ഒരു ആത്മാവു പ്രകടമാക്കുകയും ഭൂമിയെ നിറക്കാൻ മനുഷ്യവർഗം വ്യാപിക്കണമെന്നുളള യഹോവയുടെ ഉദ്ദേശ്യത്തോടു മത്സരിച്ച് ബാബേൽ അഥവാ ബാബിലോൻ നഗരം പണിയുകയും ചെയ്തു. ബാബിലോന്റെ കേന്ദ്രഭാഗം “ആകാശത്തോളം എത്തുന്ന” ഒരു ഗോപുരം ആയിരിക്കേണ്ടിയിരുന്നു. ആ ഗോപുരത്തിന്റെ നിർമാതാക്കളായിത്തീരാനിരുന്നവരെ ദൈവം തടഞ്ഞു. അവൻ അവരുടെ ഭാഷ കലക്കുകയും “അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നി”ക്കുകയും ചെയ്തു, എന്നാൽ ബാബിലോൻ നിലനിൽക്കാൻ അനുവദിച്ചു.—ഉല്പത്തി 9:1; 10:8-12; 11:1-9.
രാഷ്ട്രീയ ശക്തികൾ പ്രത്യക്ഷപ്പെടുന്നു
17. മനുഷ്യവർഗം പെരുകിയപ്പോൾ മനുഷ്യസമുദായത്തിന്റെ ഏതു ദുഷിച്ച ഘടകം മുൻപന്തിയിലേക്കു വന്നു, തത്ഫലമായി ഏതു വലിയ സാമ്രാജ്യങ്ങൾ ഉയർന്നുവന്നു?
17 യഹോവയുടെ പരമാധികാരം ധിക്കരിച്ചുകൊണ്ടു വികാസംപ്രാപിച്ച മനുഷ്യസമുദായത്തിന്റെ ഘടകങ്ങൾ ബാബിലോനിൽ പ്രത്യക്ഷപ്പെട്ടു. ഇവയിൽ ഒന്ന് രാഷ്ട്രീയമായിരുന്നു. മനുഷ്യവർഗം പെരുകിയപ്പോൾ അതിമോഹികളായ മററു മനുഷ്യർ അധികാരം പിടിച്ചെടുക്കുന്നതിൽ നിമ്രോദിന്റെ ദൃഷ്ടാന്തം പിൻപററി. മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദ്രോഹത്തിനായി ആധിപത്യം നടത്താൻ തുടങ്ങി. (സഭാപ്രസംഗി 8:9) ഉദാഹരണത്തിന്, അബ്രഹാമിന്റെ നാളുകളിൽ സോദോമും ഗൊമോറയും സമീപനഗരങ്ങളും ശീനാറിലെയും മററു വിദൂരദേശങ്ങളിലെയും രാജാക്കൻമാരുടെ നിയന്ത്രണത്തിൻകീഴിൽ വന്നു. (ഉല്പത്തി 14:1-4) ഒടുവിൽ സൈന്യത്തിലെയും സംഘാടനത്തിലെയും പ്രതിഭകൾ തങ്ങളുടെ സ്വന്തം സമ്പൽസമൃദ്ധിക്കും കീർത്തിക്കും വേണ്ടി വലിയ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു. ഈജിപ്ത്, അസീറിയ, ബാബിലോൻ, മേദോപേർഷ്യ, ഗ്രീസ്, റോം എന്നിവയുൾപ്പെടെ അവയിൽ ചിലതിനെ ബൈബിൾ പരാമർശിക്കുന്നു.
18. (എ) രാഷ്ട്രീയ ഭരണാധികാരികളോട് ദൈവജനം ഏതു മനോഭാവം സ്വീകരിക്കുന്നു? (ബി) രാഷ്ട്രീയ അധികാരികൾ ചിലപ്പോൾ ദൈവത്തിന്റെ താത്പര്യങ്ങൾക്കു സേവചെയ്തിട്ടുളളതെങ്ങനെ? (സി) പല ഭരണാധികാരികളും തങ്ങളെത്തന്നെ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമാണെന്നു പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
18 ആ രാഷ്ട്രീയ ശക്തികൾ സ്ഥിതിചെയ്യാൻ യഹോവ അനുവദിച്ചു, അവന്റെ ജനം അവയുടെ നിയന്ത്രണത്തിലുളള ദേശങ്ങളിൽ ജീവിച്ചപ്പോൾ അവയ്ക്ക് ആപേക്ഷിക അനുസരണം നൽകുകയും ചെയ്തു. (റോമർ 13:1, 2) ചിലപ്പോൾ രാഷ്ട്രീയ അധികാരികൾ ദൈവോദ്ദേശ്യങ്ങളുടെ ഉന്നമനത്തിനുവേണ്ടിയോ അവന്റെ ജനത്തിന് ഒരു സംരക്ഷണമായോ സേവിക്കുകപോലും ചെയ്തു. (എസ്രാ 1:1-4; 7:12-26; പ്രവൃത്തികൾ 25:11, 12; വെളിപ്പാടു 12:15, 16) എന്നിരുന്നാലും അനേകം രാഷ്ട്രീയ ഭരണാധികാരികൾ തങ്ങളെത്തന്നെ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമെന്നു പ്രകടമാക്കിക്കൊണ്ട് സത്യാരാധനയെ ക്രൂരമായി എതിർത്തിട്ടുണ്ട്.—1 യോഹന്നാൻ 5:19.
19. ലോകശക്തികളെ വെളിപാടുപുസ്തകത്തിൽ വരച്ചുകാട്ടുന്നത് എങ്ങനെയാണ്?
19 പൊതുവേ, മനുഷ്യഭരണം മനുഷ്യരായ നമുക്കു സന്തുഷ്ടി കൈവരുത്തുന്നതിലും നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. എല്ലാവിധ ഭരണരീതികളും പരീക്ഷിച്ചുനോക്കാൻ ദൈവം മനുഷ്യവർഗത്തെ അനുവദിച്ചിട്ടുണ്ടെങ്കിലും അഴിമതിയെയോ ജനങ്ങളുടെമേൽ ദുർഭരണം നടത്തിയിരിക്കുന്ന വിധത്തെയോ അവൻ അംഗീകരിക്കുന്നില്ല. (സദൃശവാക്യങ്ങൾ 22:22, 23) മർദക ലോകശക്തികൾ ഗർവുളള ഒരു ബീഭത്സ കാട്ടുമൃഗം ആയിരിക്കുന്നതായി വെളിപാട് വരച്ചുകാട്ടുന്നു.—വെളിപ്പാടു 13:1, 2.
സ്വാർഥരായ വാണിജ്യ വ്യാപാരികൾ
20, 21. സാത്താന്റെ ദുഷ്ടസന്തതിയുടെ ഭാഗമെന്നനിലയിൽ ‘സൈന്യാധിപൻമാ’രോടും ‘ശക്തൻമാ’രോടും കൂടെ ഏതു രണ്ടാം കൂട്ടംകൂടെ ഉൾപ്പെടുത്തപ്പെടേണ്ടതാണ്, എന്തുകൊണ്ട്?
20 രാഷ്ട്രീയ നേതാക്കളോട് അടുത്ത സഖ്യത്തിൽ ഭൗതികവസ്തുക്കളുടെ അവിശ്വസ്ത വ്യാപാരികൾ രംഗത്തുവന്നു. സഹമനുഷ്യരുടെ ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്ന വ്യാപാരപ്രവർത്തനങ്ങൾ അന്നുതന്നെ വളരെയധികം നിലവിലുണ്ടായിരുന്നുവെന്നു പുരാതന ബാബിലോന്റെ ശൂന്യശിഷ്ടങ്ങളിൽനിന്നു കുഴിച്ചെടുത്ത രേഖകൾ പ്രകടമാക്കുന്നു. ലോകത്തിലെ വ്യാപാരികൾ ഇന്നോളം സ്വാർഥലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽ തുടർന്നിരിക്കുന്നു, ജനസംഖ്യയിൽ ഭൂരിപക്ഷവും ദാരിദ്ര്യത്തിൽ കിടന്നു വലയുമ്പോൾ നിരവധിരാജ്യങ്ങളിൽ ഏതാനുംപേർ വളരെ ധനികരായിത്തീർന്നിരിക്കുന്നു. ഈ 20-ാം നൂററാണ്ടിലെ വ്യവസായയുഗത്തിൽ, ഇപ്പോൾ മനുഷ്യവർഗത്തിനു വംശനാശം വരുത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അണുവായുധങ്ങളുൾപ്പെടെ നശീകരണത്തിനുളള പൈശാചികമായ സൈനിക ആയുധകൂമ്പാരങ്ങൾ രാഷ്ട്രീയ ശക്തികൾക്കു വിതരണം ചെയ്യുന്നതിലൂടെ വ്യാപാരികളും നിർമാതാക്കളും ഭീമമായ ലാഭം ഉണ്ടാക്കിയിരിക്കുന്നു. അത്യാഗ്രഹികളായ അത്തരം വ്യാപാര പ്രഭുക്കൻമാരും അവരെപ്പോലുളള മററുളളവരും സാത്താന്റെ ദുഷ്ടസന്തതിയിൽ ഉൾപ്പെടുന്നവരെന്നനിലയിൽ ‘സൈന്യാധിപൻമാ’രോടും ‘ശക്തൻമാ’രോടും കൂടെ ഉൾപ്പെടുത്തപ്പെടേണ്ടതാണ്. വധശിക്ഷ അർഹിക്കുന്നവരെന്നനിലയിൽ ദൈവവും ക്രിസ്തുവും ന്യായംവിധിക്കുന്ന ഭൗമികസ്ഥാപനത്തിന്റെ ഭാഗമാണ് അവരെല്ലാവരും.—വെളിപ്പാടു 19:18.
21 അഴിമതിനിറഞ്ഞ രാഷ്ട്രീയത്തോടും അത്യാഗ്രഹം നിറഞ്ഞ വാണിജ്യത്തോടും ദൈവത്തിന്റെ പ്രതികൂലന്യായവിധി അർഹിക്കുന്ന മനുഷ്യസമുദായത്തിലെ ഒരു മൂന്നാം ഘടകം കൂട്ടിച്ചേർക്കപ്പെടേണ്ടതുണ്ട്. അതെന്താണ്? ഈ വിഖ്യാതമായ ആഗോളസംഘടനയെക്കുറിച്ചു വെളിപാട് പറയുന്ന കാര്യങ്ങൾ നിങ്ങളെ വിസ്മയിപ്പിച്ചേക്കാം.
മഹാബാബിലോൻ
22. പുരാതന ബാബിലോനിൽ ഏതുതരം മതം വികാസം പ്രാപിച്ചു?
22 ആദിമ ബാബിലോന്റെ നിർമാണം ഒരു രാഷ്ട്രീയസംരംഭത്തെക്കാൾ കവിഞ്ഞതായിരുന്നു. ആ നഗരം യഹോവയുടെ പരമാധികാരത്തോടുളള എതിർപ്പിൽ സ്ഥാപിക്കപ്പെട്ടതിനാൽ മതം ഉൾപ്പെട്ടിരുന്നു. വാസ്തവത്തിൽ പുരാതന ബാബിലോൻ മതപരമായ വിഗ്രഹാരാധനയുടെ ഒരു ഉറവായിത്തീർന്നു. അതിലെ പുരോഹിതൻമാർ മനുഷ്യദേഹിയുടെ മരണാനന്തര അതിജീവനവും അനന്തരലോകം ഭൂതങ്ങളുടെ ഭരണത്തിലുളള നിത്യഭീതിയുടെയും ദണ്ഡനത്തിന്റെയും ഒരു സ്ഥലമാണെന്നുളളതുംപോലെ ദൈവനിന്ദകമായ ഉപദേശങ്ങൾ പഠിപ്പിച്ചു. അവർ സൃഷ്ടികളുടെയും അനവധി ദേവൻമാരുടെയും ദേവതകളുടെയും ആരാധനയെ പരിപോഷിപ്പിച്ചു. അവർ ഭൂമിയുടെയും അതിലെ മനുഷ്യന്റെയും ഉത്ഭവം വിശദീകരിക്കാൻ കെട്ടുകഥകൾ നെയ്തെടുത്തു. അവർ സന്താനോത്പാദനത്തിലും കൃഷിയിലും ഫലപുഷ്ടിയും യുദ്ധത്തിൽ വിജയവും ഉറപ്പുവരുത്താമെന്ന സങ്കൽപ്പത്തിൽ അധഃപതിച്ച കർമങ്ങളും ബലികളും നടത്തി.
23. (എ) ബാബിലോനിൽനിന്നു പുറത്തേക്കു വ്യാപിച്ചപ്പോൾ ആളുകൾ അവരോടൊപ്പം എന്തു കൊണ്ടുപോയി, എന്തു ഫലത്തോടെ? (ബി) ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വ്യാജമതസാമ്രാജ്യത്തെ വെളിപാട് ഏതു പേരിനാൽ പരാമർശിക്കുന്നു? (സി) വ്യാജമതം എല്ലായ്പോഴും എന്തിനെതിരെ പോരാടിയിട്ടുണ്ട്?
23 ബാബിലോനിൽനിന്നു വ്യത്യസ്ത ഭാഷാക്കൂട്ടങ്ങൾ ഭൂമിയിലെങ്ങും വ്യാപിച്ചപ്പോൾ അവർ തങ്ങളോടൊപ്പം ബാബിലോന്യമതവും കൊണ്ടുപോയി. അങ്ങനെ പുരാതന ബാബിലോനിലേതിനു സമാനമായ വിശ്വാസങ്ങളും കർമങ്ങളും യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കകളിലെയും വിദൂരപൂർവദേശത്തെയും ദക്ഷിണസമുദ്രങ്ങളിലെയും ആദിവാസികളുടെയിടയിൽ തഴച്ചുവളർന്നു. ഈ വിശ്വാസങ്ങളിൽ പലതും ഇന്നുവരെ നിലനിൽക്കുന്നു. അപ്പോൾ ഉചിതമായി വെളിപാട് ലോകംമുഴുവൻ വ്യാപിച്ചുകിടക്കുന്ന വ്യാജമതസാമ്രാജ്യത്തെ മഹാബാബിലോൻ എന്ന ഒരു നഗരമായി പരാമർശിക്കുന്നു. (വെളിപ്പാടു, അധ്യായങ്ങൾ 17, 18) വ്യാജമതം വിതച്ചിടത്തൊക്കെ അതു മർദകപൗരോഹിത്യങ്ങളും അന്ധവിശ്വാസവും അജ്ഞതയും അധാർമികതയും മുളപ്പിച്ചിരിക്കുന്നു. അതു സാത്താന്റെ കയ്യിലെ ശക്തമായ ഒരു ആയുധമായിരുന്നിട്ടുണ്ട്. മഹാബാബിലോൻ പരമാധികാരിയാം കർത്താവായ യഹോവയുടെ സത്യാരാധനക്കെതിരെ എന്നും ഉഗ്രമായി പോരാടിയിട്ടുണ്ട്.
24. (എ) സ്ത്രീയുടെ സന്തതിയുടെ “കുതികാൽ” തകർക്കാൻ സർപ്പത്തിന് എങ്ങനെ സാധിച്ചു? (ബി) സ്ത്രീയുടെ സന്തതിയുടെ തകർക്കൽ ഒരു കുതികാൽമുറിവു മാത്രമായി വർണിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
24 സർപ്പത്തിന്റെ സന്തതിയുടെ ഏററവും നിന്ദ്യമായ ഭാഗമെന്നനിലയിൽ ഒന്നാം നൂററാണ്ടിലെ യഹൂദമതത്തിൽപ്പെട്ട ശാസ്ത്രിമാരും പരീശൻമാരും സ്ത്രീയുടെ സന്തതിയുടെ മുഖ്യപ്രതിനിധിയെ പീഡിപ്പിക്കുന്നതിലും അവസാനം കൊലചെയ്യുന്നതിലും നേതൃത്വമെടുത്തു. അങ്ങനെ സർപ്പത്തിന് “അവന്റെ [“സന്തതി”യുടെ] കുതികാൽ തകർക്കു”വാൻ കഴിഞ്ഞു. (ഉല്പത്തി 3:15; യോഹന്നാൻ 8:39-44; പ്രവൃത്തികൾ 3:12, 15) ഇതൊരു കുതികാൽമുറിവു മാത്രമായി വർണിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ മുറിപ്പെടുത്തൽ ഇവിടെ ഭൂമിയിൽവെച്ച് സ്ത്രീയുടെ സന്തതിയെ ചുരുങ്ങിയസമയത്തേക്കു മാത്രമേ ബാധിച്ചുളളൂ എന്നതാണ് അതിന്റെ കാരണം. അതു സ്ഥിരമായിരുന്നില്ല, കാരണം യഹോവ യേശുവിനെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും ആത്മജീവനിലേക്ക് ഉയർത്തുകയും ചെയ്തു.—പ്രവൃത്തികൾ 2:32, 33; 1 പത്രൊസ് 3:18.
25. (എ) മഹത്ത്വീകരിക്കപ്പെട്ട യേശു സാത്താനും അവന്റെ ദൂതൻമാർക്കുമെതിരെ ഇതിനകം നടപടിയെടുത്തിരിക്കുന്നതെങ്ങനെ? (ബി) സാത്താന്റെ ഭൗമികസന്തതിയുടെ നീക്കംചെയ്യൽ എപ്പോൾ സംഭവിക്കും? (സി) ദൈവത്തിന്റെ സ്ത്രീയുടെ സന്തതി പാമ്പിന്റെ, സാത്താന്റെ, “തല” തകർക്കുമ്പോൾ അതെന്തർഥമാക്കും?
25 മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഇപ്പോൾ യഹോവയുടെ ശത്രുക്കളെ ന്യായംവിധിച്ചുകൊണ്ട് ദൈവത്തിന്റെ വലത്തുഭാഗത്ത് സേവിക്കുന്നു. സാത്താനെയും അവന്റെ ദൂതൻമാരെയും ഭൂമിയിലേക്കു വലിച്ചെറിഞ്ഞുകൊണ്ടും അവരുടെ പ്രവർത്തനം ഭൂമിയിൽമാത്രമായി ഒതുക്കിനിർത്തിക്കൊണ്ടും അവർക്കെതിരെ അവൻ ഇപ്പോൾതന്നെ നടപടിയെടുത്തിരിക്കുന്നു—ഈ 20-ാം നൂററാണ്ടിൽ കഷ്ടങ്ങൾ പെരുകുന്നതിന്റെ കാരണമതാണ്. (വെളിപ്പാടു 12:9, 12) എന്നാൽ മഹാബാബിലോന്റെയും ഭൂമിയിലെ സാത്താന്റെ സ്ഥാപനത്തിന്റെ മറെറല്ലാ ഭാഗങ്ങളുടെയുംമേൽ ദൈവം ന്യായവിധി നടപ്പാക്കുമ്പോൾ സാത്താന്റെ ഭൗമികസന്തതിയുടെ മുൻകൂട്ടിപ്പറയപ്പെട്ട നീക്കംചെയ്യൽ സംഭവിക്കും. ഒടുവിൽ, ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയായ യേശുക്രിസ്തു കൗശലക്കാരനായ ആ പഴയ പാമ്പിന്റെ, സാത്താന്റെ, “തല” തകർക്കും, അത് അവന്റെ സമ്പൂർണനാശത്തെയും മനുഷ്യവർഗത്തിന്റെ കാര്യാദികളിൽനിന്നുളള അവന്റെ പൂർണമായ നീക്കംചെയ്യലിനെയും അർഥമാക്കും.—റോമർ 16:20.
26. നാം വെളിപാടിലെ പ്രവചനം പരിശോധിക്കുന്നത് അതിപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
26 ഇതെല്ലാം എങ്ങനെ സംഭവിക്കും? അതാണ് വെളിപാട് എന്ന ബൈബിൾപുസ്തകത്തിൽ നമുക്കുവേണ്ടി അനാവരണം ചെയ്യുന്നത്. ആകർഷകമായ അടയാളങ്ങളാലും പ്രതീകങ്ങളാലും വിശേഷവൽക്കരിച്ചിരിക്കുന്ന ദർശനങ്ങളുടെ ഒരു പരമ്പരയിൽ അതു നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ആകാംക്ഷയോടെ നമുക്ക് ഈ ശക്തമായ പ്രവചനം പരിശോധിക്കാം. വെളിപാടിലെ വചനങ്ങൾ കേൾക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നെങ്കിൽ നാം യഥാർഥത്തിൽ സന്തുഷ്ടരാകുന്നു! അങ്ങനെ ചെയ്യുന്നതിനാൽ നാം പരമാധികാരിയാം കർത്താവായ യഹോവയുടെ നാമത്തിനു ബഹുമാനം കരേററുന്നതിൽ പങ്കെടുക്കുകയും അവന്റെ നിത്യാനുഗ്രഹങ്ങൾ അവകാശമാക്കുകയും ചെയ്യും. ദയവായി തുടർന്നു വായിക്കുകയും നിങ്ങൾ പഠിക്കുന്നത് ബുദ്ധിപൂർവം ബാധകമാക്കുകയും ചെയ്യുക. മനുഷ്യവർഗ ചരിത്രത്തിലെ ഈ പാരമ്യഘട്ടത്തിൽ അതു നിങ്ങളുടെ രക്ഷയെ അർഥമാക്കിയേക്കാം.
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചതുരം/ചിത്രം]
വ്യാപാര പ്രവർത്തനങ്ങളുടെ പുരാതന ക്യൂനിഫോം രേഖകൾ
ജയിംസ് ബി. പ്രിച്ചാർഡ് എഡിററുചെയ്ത ഏൻഷിയൻറ് നിയർ ഈസ്റേറൺ ടെക്സ്ററ്സ് എന്ന പുസ്തകം ബാബിലോന്യ കാലങ്ങളിൽ ഹമുറാബി ക്രോഡീകരിച്ച ഏതാണ്ട് 300 നിയമങ്ങൾ പട്ടികപ്പെടുത്തുന്നു. അക്കാലത്തു വ്യാപാരലോകത്തു പ്രത്യക്ഷത്തിൽ വ്യാപിച്ചിരുന്ന അതിദുഷ്ടമായ വഞ്ചനയെ നിന്ദിച്ചു തളേളണ്ടത് ആവശ്യമായിരുന്നുവെന്ന് ഇവ പ്രകടമാക്കുന്നു. ഒരു ദൃഷ്ടാന്തമെടുത്താൽ: “ഒരു ജൻമി വെളളിയോ സ്വർണമോ ഒരു ദാസനോ ദാസിയോ കാളയോ ആടോ കഴുതയോ അല്ലെങ്കിൽ മറെറന്തെങ്കിലുമോ ഒരു ജൻമിയുടെ പുത്രനിൽനിന്നോ ഒരു ജൻമിയുടെ ദാസനിൽനിന്നോ സാക്ഷികളോ കരാർരേഖയോ ഇല്ലാതെ വാങ്ങുകയോ സൂക്ഷിക്കാൻ സ്വീകരിക്കുകയോ ചെയ്താൽ ആ ജൻമി ഒരു കളളനായതുകൊണ്ട് അയാളെ കൊന്നുകളയണം.”