മധുരവും കയ്പുമുളള ഒരു സന്ദേശം
അധ്യായം 24
മധുരവും കയ്പുമുളള ഒരു സന്ദേശം
ദർശനം 6—വെളിപ്പാടു 10:1—11:19
വിഷയം: ചെറിയ ചുരുളിന്റെ ദർശനം; ആലയ അനുഭവങ്ങൾ; ഏഴാം കാഹളത്തിന്റെ മുഴക്കൽ
നിവൃത്തിയുടെ കാലം: യേശുവിന്റെ 1914-ലെ സിംഹാസനാരോഹണംമുതൽ മഹോപദ്രവംവരെ
1, 2. (എ) രണ്ടാം കഷ്ടം എന്തിൽ കലാശിച്ചു, ഈ കഷ്ടം തീർന്നതായി എപ്പോൾ പ്രഖ്യാപിക്കും? (ബി) ഇപ്പോൾ സ്വർഗത്തിൽനിന്ന് ആർ ഇറങ്ങുന്നതായി യോഹന്നാൻ കാണുന്നു?
രണ്ടാമത്തെ കഷ്ടം വിനാശകരമായിരിക്കുന്നു. അതു ക്രൈസ്തവലോകത്തെയും അവളുടെ നായകൻമാരെയും, “മനുഷ്യരിൽ മൂന്നിലൊന്നിനെ” ബാധിച്ചിരിക്കുന്നു, അവർ അങ്ങനെ ആത്മീയമായി മരിച്ചവരായി തുറന്നുകാട്ടപ്പെടുന്നു. (വെളിപ്പാടു 9:15) അതിനുശേഷം മൂന്നാമത്തെ കഷ്ടം എന്തു കൈവരുത്താൻ സാധ്യതയുണ്ടെന്ന് അറിയാൻ യോഹന്നാൻ ആഗ്രഹിച്ചിരിക്കണം. എന്നാൽ നിൽക്കൂ! രണ്ടാമത്തെ കഷ്ടം പൂർത്തിയായിട്ടില്ല—വെളിപ്പാടു 11:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനത്ത് നാം എത്തുന്നതുവരെ. അതിനുമുമ്പ് യോഹന്നാൻ സംഭവങ്ങളുടെ ഒരു വഴിത്തിരിവിനു സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു, അതിൽ അവൻതന്നെ ഒരു സജീവ പങ്കുവഹിക്കുന്നു. ഭയോദ്ദീപകമായ ഒരു കാഴ്ചയോടെ അതു തുടങ്ങുന്നു:
2 “ബലവാനായ മറെറാരു ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നത ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉളളവൻ.”—വെളിപ്പാടു 10:1.
3. (എ) ‘ബലവാനായ ദൂതൻ’ ആരാണ്? (ബി) അവന്റെ തലയിലെ മഴവില്ലിന്റെ പ്രാധാന്യം എന്താണ്?
3 ഈ ‘ബലവാനായ ദൂതൻ’ ആരാണ്? അതു മറെറാരു ധർമം നിറവേററുന്ന മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവാണെന്നു സ്പഷ്ടമാണ്. അവൻ അദൃശ്യതയുടെ ഒരു മേഘം ഉടുത്തിരിക്കുന്നു, യേശുവിനെ സംബന്ധിച്ച യോഹന്നാന്റെ മുൻ വാക്കുകൾ അതു നമ്മെ അനുസ്മരിപ്പിക്കുന്നു: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.” (വെളിപ്പാടു 1:7; താരതമ്യം ചെയ്യുക: മത്തായി 17:2-5.) അവന്റെ തലയിലുളള മഴവില്ല് യോഹന്നാൻ മുമ്പു കണ്ട “മരതകത്തോടു സദൃശമായോരു പച്ചവില്ലു” സഹിതമുളള യഹോവയുടെ സിംഹാസനത്തിന്റെ ദർശനം നമ്മെ അനുസ്മരിപ്പിക്കുന്നു. (വെളിപ്പാടു 4:3; താരതമ്യം ചെയ്യുക: യെഹെസ്കേൽ 1:28.) ആ മഴവില്ല് ദൈവസിംഹാസനത്തിനു ചുററുമുളള പ്രശാന്തതയെയും സമാധാനത്തെയും സൂചിപ്പിച്ചു. അതേ വിധത്തിൽ ഈ ദൂതന്റെ തലയിലെ മഴവില്ല് അവനെ ഒരു പ്രത്യേക സമാധാനദൂതനായി, മുൻകൂട്ടിപ്പറയപ്പെട്ട യഹോവയുടെ “സമാധാനപ്രഭു” ആയി തിരിച്ചറിയിക്കുമായിരുന്നു.—യെശയ്യാവു 9:6, 7.
4. (എ) ബലവാനായ ദൂതന്റെ മുഖം “സൂര്യനെപ്പോലെ” ആയിരിക്കുന്നതിനാൽ എന്തു സൂചിപ്പിക്കുന്നു? (ബി) ദൂതന്റെ കാൽ “തീത്തൂണുപോലെ” ആയിരിക്കുന്നതിനാൽ എന്തു സൂചിപ്പിക്കുന്നു?
4 ബലവാനായ ദൂതന്റെ മുഖം “സൂര്യനെപ്പോലെ” ആയിരുന്നു. നേരത്തെ, ദിവ്യ ആലയത്തിൽ യേശുവിനെ ദർശനത്തിൽ കണ്ടപ്പോൾ അവന്റെ മുഖം “സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ” ആയിരുന്നതായി യോഹന്നാൻ കുറിക്കൊണ്ടിരുന്നു. (വെളിപ്പാടു 1:16) യേശു “നീതിസൂര്യൻ” എന്നനിലയിൽ യഹോവയുടെ നാമത്തെ ഭയപ്പെടുന്നവരുടെ പ്രയോജനത്തിനായി തന്റെ ചിറകുകളിൽ രോഗോപശാന്തിയോടെ ഉദിക്കുന്നു. (മലാഖി 4:2) ഈ ദൂതന്റെ മുഖം മാത്രമല്ല പാദങ്ങളും “തീത്തൂണുപോലെ” മഹത്ത്വമുളളതായിരുന്നു. അവന്റെ ഉറച്ച നിലപാട് യഹോവ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” നൽകിയിരിക്കുന്നവന്റേതുപോലെ ആണ്.—മത്തായി 28:18; വെളിപ്പാടു 1:14, 15.
5. ബലവാനായ ദൂതന്റെ കയ്യിൽ യോഹന്നാൻ എന്തു കാണുന്നു?
5 യോഹന്നാൻ വീണ്ടും കാണുന്നു: “അവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം [ചുരുൾ, NW] ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിൻമേലും ഇടങ്കാൽ ഭൂമിമേലും വെച്ചു.” (വെളിപ്പാടു 10:2) മറെറാരു ചുരുളോ? അതെ, എന്നാൽ ഇപ്പോൾ അതു മുദ്ര വെച്ചതല്ല. യോഹന്നാനോടുകൂടെ വേഗത്തിൽ പുളകപ്രദമായ വെളിപ്പെടലുകൾ കാണാൻ നമുക്കു പ്രതീക്ഷിക്കാൻ കഴിയും. എങ്കിലും വരാൻപോകുന്നതിന്റെ ഒരു രംഗസംവിധാനം ആദ്യം നമുക്കു നൽകിയിരിക്കുന്നു.
6. (എ) യേശുവിന്റെ പാദങ്ങൾ ഭൂമിയിലും സമുദ്രത്തിലും ആയിരിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) സങ്കീർത്തനം 8:5-8 എപ്പോൾ പൂർണമായി നിറവേറി?
6 നമുക്ക് യേശുവിനെക്കുറിച്ചുളള വർണനയിലേക്കു തിരിച്ചുവരാം. അവന്റെ ജ്വലിക്കുന്ന പാദങ്ങൾ ഭൂമിയിലും സമുദ്രത്തിലും ആയിരുന്നു, അവയുടെമേൽ അവൻ ഇപ്പോൾ പൂർണ അധികാരം പ്രയോഗിക്കുന്നു. അതു പ്രാവചനിക സങ്കീർത്തനത്തിൽ പ്രസ്താവിച്ചിരുന്നതുപോലെ തന്നെയാണ്: “നീ [യഹോവ] അവനെ [യേശു] ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴെയാക്കിയിരിക്കുന്നു; ആടുകളെയും കാളകളെയും എല്ലാം, കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.” (സങ്കീർത്തനം 8:5-8; ഇതുകൂടെ കാണുക: എബ്രായർ 2:5-9.) ഈ സങ്കീർത്തനം 1914-ൽ, യേശു ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെടുകയും അന്ത്യകാലം ആരംഭിക്കുകയും ചെയ്തപ്പോൾ പൂർണമായി നിറവേറി. അങ്ങനെ, യോഹന്നാൻ ഇവിടെ ദർശനത്തിൽ കാണുന്നത് ആ വർഷം മുതൽ ബാധകമാകുന്നു.—സങ്കീർത്തനം 110:1-6; പ്രവൃത്തികൾ 2:34-36; ദാനീയേൽ 12:4.
ഏഴ് ഇടിനാദങ്ങൾ
7. ബലവാനായ ദൂതൻ ഏതു വിധത്തിൽ വിളിച്ചുപറയുന്നു, അവന്റെ ഗർജനത്തിന്റെ പ്രാധാന്യം എന്താണ്?
7 ഈ ബലവാനായ ദൂതനെക്കുറിച്ചുളള യോഹന്നാന്റെ ചിന്തയെ ദൂതൻതന്നെ തടസ്സപ്പെടുത്തുന്നു: “[ദൂതൻ] സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി.” (വെളിപ്പാടു 10:3) അത്തരം ശക്തമായ ഒരു അലർച്ച യോഹന്നാന്റെ ശ്രദ്ധ പിടിച്ചെടുക്കുമായിരുന്നു, യേശു യഥാർഥത്തിൽ “യെഹൂദാഗോത്രത്തിലെ സിംഹ”മാണെന്നു സ്ഥിരീകരിച്ചുകൊണ്ടുതന്നെ. (വെളിപ്പാടു 5:5) യഹോവയും ചിലപ്പോൾ “ഗർജ്ജി”ക്കുന്നതായി പറയുന്നുണ്ടെന്ന് യോഹന്നാന് അറിയാമായിരിക്കും. യഹോവയുടെ അലർച്ച പ്രാവചനികമായി ആത്മീയ ഇസ്രായേലിന്റെ പുനഃശേഖരണത്തെയും വിനാശകരമായ “യഹോവയുടെ ദിവസ”ത്തിന്റെ വരവിനെയും വിളിച്ചറിയിക്കുന്നു. (ഹോശേയ 11:10; യോവേൽ 3:14, 16; ആമോസ് 1:2; 3:7, 8) അപ്പോൾ വ്യക്തമായും, ഈ ബലവാനായ ദൂതന്റെ സിംഹസമാന ഗർജനം ഭൂമിക്കും സമുദ്രത്തിനും സമാനമായ മഹാസംഭവങ്ങളെ മുന്നറിയിക്കുന്നു. അത് ഏഴ് ഇടിനാദങ്ങളെ സംസാരിക്കാൻ ക്ഷണിക്കുന്നു.
8. ‘ഏഴ് ഇടിനാദങ്ങൾ’ എന്താണ്?
8 യോഹന്നാൻ മുമ്പ് യഹോവയുടെ സിംഹാസനത്തിൽനിന്ന് ഇടിമുഴക്കം വരുന്നതു കേട്ടിരുന്നു. (വെളിപ്പാടു 4:5) ദാവീദിന്റെ നാളിൽ അക്ഷരാർഥ ഇടിനാദങ്ങൾ ചില സമയങ്ങളിൽ “യഹോവയുടെ ശബ്ദം” ആയി പറയപ്പെട്ടിരുന്നു. (സങ്കീർത്തനം 29:3) യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ നാളിൽ യഹോവ തന്റെ സ്വന്തം നാമത്തെ മഹത്ത്വീകരിക്കാനുളള ഉദ്ദേശ്യം കേൾക്കത്തക്കവണ്ണം പ്രഖ്യാപിച്ചപ്പോൾ അനേകർക്ക് അത് ഇടിമുഴക്കംപോലെ തോന്നി. (യോഹന്നാൻ 12:28, 29) അതുകൊണ്ട്, ‘ഏഴ് ഇടിനാദങ്ങൾ’ തന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച യഹോവയുടെതന്നെ വാക്കുകളാണെന്നു ന്യായമായും നിഗമനം ചെയ്യാൻ കഴിയും. “ഏഴ്” ഇടിനാദങ്ങൾ ഉണ്ടായിരുന്നു എന്ന വസ്തുത യോഹന്നാൻ കേട്ടതിന്റെ പൂർണതയെ സൂചിപ്പിക്കുന്നു.
9. സ്വർഗത്തിൽനിന്നുളള ഒരു ശബ്ദം എന്ത് ആജ്ഞാപിക്കുന്നു?
9 എന്നാൽ ശ്രദ്ധിക്കൂ! മറെറാരു ശബ്ദം പുറപ്പെടുന്നു. അത് യോഹന്നാനു വിചിത്രമായി തോന്നുന്ന ഒരു കൽപ്പന കൊടുക്കുന്നു: “ഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം കേട്ടു.” (വെളിപ്പാടു 10:4) മേഘഗർജനം പോലുളള ആ സന്ദേശങ്ങൾ കേൾക്കാനും രേഖപ്പെടുത്താനും യോഹന്നാൻ ആകാംക്ഷയുളളവൻ ആയിരുന്നിരിക്കണം, പ്രസിദ്ധീകരണത്തിനായി യഹോവ തന്റെ ദിവ്യ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താൻ യോഹന്നാൻവർഗം ഇന്ന് ആകാംക്ഷാപൂർവം കാത്തിരുന്നിട്ടുളളതുപോലെതന്നെ. അത്തരം വെളിപാടുകൾ യഹോവയുടെ നിയമിത സമയത്തു മാത്രമേ ലഭിക്കുകയുളളൂ.—ലൂക്കൊസ് 12:42; ഇതുകൂടെ കാണുക: ദാനീയേൽ 12:8, 9.
പാവനരഹസ്യത്തിന്റെ പൂർത്തീകരണം
10. ബലവാനായ ദൂതൻ ആരെച്ചൊല്ലി ആണയിടുന്നു, ഏതു പ്രഖ്യാപനത്തോടെ?
10 ഇതിനിടെ യഹോവക്ക് യോഹന്നാനുവേണ്ടി മറെറാരു നിയോഗം ഉണ്ട്. ഏഴ് ഇടിനാദം മുഴങ്ങിയശേഷം ബലവാനായ ദൂതൻ വീണ്ടും സംസാരിക്കുന്നു: “സമുദ്രത്തിൻമേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലങ്കൈ ആകാശത്തേക്കു ഉയർത്തി: ഇനി കാലം [താമസം, NW] ഉണ്ടാകയില്ല; . . . ആകാശവും അതിലുളളതും ഭൂമിയും അതിലുളളതും സമുദ്രവും അതിലുളളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.” (വെളിപ്പാടു 10:5-7) ബലവാനായ ദൂതൻ ആരെച്ചൊല്ലി ആണയിടുന്നു? മഹത്ത്വീകരിക്കപ്പെട്ട യേശു, തന്നെച്ചൊല്ലിയല്ല, പിന്നെയോ ആകാശത്തിന്റെയും ഭൂമിയുടെയും അമർത്ത്യ സ്രഷ്ടാവായ, അത്യുന്നത അധികാരിയായ യഹോവയെച്ചൊല്ലി ആണയിടുന്നു. (യെശയ്യാവു 45:12, 18) ഈ ആണയാൽ ദൈവത്തിന്റെ ഭാഗത്ത് ഇനിയും താമസമുണ്ടായിരിക്കയില്ലെന്നു ദൂതൻ യോഹന്നാന് ഉറപ്പു നൽകുന്നു.
11, 12. (എ) “ഇനി താമസം ഉണ്ടാകയില്ല” എന്നതിനാൽ എന്തർഥമാക്കുന്നു? (ബി) ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നതെന്താണ്?
11 “താമസം” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുവാക്ക് ക്രോനോസ് ആണ്, അക്ഷരാർഥത്തിൽ അതു “കാലം” എന്ന് അർഥമാക്കുന്നു. അങ്ങനെ ദൂതന്റെ ഈ പ്രഖ്യാപനം ഇപ്രകാരം വിവർത്തനം ചെയ്യണമെന്നു ചിലർ കരുതിയിരിക്കുന്നു: “ഇനി കാലം ഉണ്ടാകയില്ല,” നാം അറിയുന്ന പ്രകാരമുളള കാലം അവസാനിക്കുമെന്നപോലെ. എന്നാൽ ക്രോനോസ് എന്ന പദം ഇവിടെ ഉപയോഗിക്കുന്നത് ഒരു നിശ്ചയോപപദം കൂടാതെയാണ്. അതുകൊണ്ട് അതു പൊതുവായ കാലത്തെ അർഥമാക്കുന്നില്ല, പിന്നെയോ അത് “ഒരു കാലത്തെ” അഥവാ “ഒരു കാലഘട്ടത്തെ” അർഥമാക്കുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ കൂടുതലായ ഒരു കാലഘട്ടം (അല്ലെങ്കിൽ താമസം) യഹോവയുടെ ഭാഗത്ത് ഉണ്ടായിരിക്കുകയില്ല. ക്രോനോസിൽനിന്ന് ഉത്ഭവിച്ച ഒരു ഗ്രീക്ക് ക്രിയാപദം എബ്രായർ 10:37-ലും ഉപയോഗിച്ചിരിക്കുന്നു, അവിടെ പൗലോസ് ഹബക്കൂക്ക് 2:3, 4-ൽനിന്ന് ഉദ്ധരിച്ചു “വരുവാനുളളവൻ . . . താമസിക്കുകയുമില്ല” എന്ന് എഴുതുന്നു.
12 “ഇനി താമസം ഉണ്ടാകയില്ല”—പ്രായം ചെന്നുകൊണ്ടിരിക്കുന്ന യോഹന്നാൻവർഗത്തിന് ഇന്ന് ആ വാക്കുകൾ എത്ര ആകർഷകമാണ്! താമസമില്ലാത്തത് ഏതു വിധത്തിലാണ്? യോഹന്നാൻ നമുക്ക് അറിവു നൽകുന്നു: “ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസൻമാരായ പ്രവാചകൻമാർക്കു അറിയിച്ചുകൊടുത്തതുപോലെ നിവൃത്തിയാകുമെന്നു”. (വെളിപ്പാടു 10:6ബി) തന്റെ പാവനരഹസ്യം മഹത്തായ വിജയത്തോടെ അതിന്റെ സന്തോഷകരമായ പാരമ്യത്തിലേക്കു വരുത്താനുളള യഹോവയുടെ സമയം വന്നെത്തിയിരിക്കുന്നു!
13. ദൈവത്തിന്റെ പാവനരഹസ്യം എന്താണ്?
13 ഈ പാവനരഹസ്യം എന്താണ്? അതിൽ ആദ്യമായി ഏദെനിൽ വാഗ്ദത്തം ചെയ്ത സന്തതി ഉൾപ്പെടുന്നു, അതു മുഖ്യമായും യേശുക്രിസ്തുവാണെന്നു തെളിഞ്ഞു. (ഉല്പത്തി 3:15; 1 തിമൊഥെയൊസ് 3:16) അതു സന്തതി ആരിൽനിന്നു വരുന്നോ ആ സ്ത്രീയുടെ താദാത്മ്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു. (യെശയ്യാവു 54:1; ഗലാത്യർ 4:26-28) കൂടാതെ, അതു സന്തതിവർഗത്തിന്റെ ഉപ അംഗങ്ങളെയും സന്തതി വാഴുന്ന രാജ്യത്തെയും ഉൾക്കൊളളുന്നു. (ലൂക്കൊസ് 8:10; എഫെസ്യർ 3:3-9; കൊലൊസ്സ്യർ 1:26, 27; 2:2; വെളിപ്പാടു 1:5, 6) ഈ അതുല്യമായ സ്വർഗീയ രാജ്യത്തെക്കുറിച്ചുളള സുവാർത്ത അന്ത്യകാലത്തു മുഴുഭൂമിയിലും പ്രസംഗിക്കപ്പെടണം.—മത്തായി 24:14.
14. മൂന്നാമത്തെ കഷ്ടം ദൈവരാജ്യത്തോടു ബന്ധപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
14 തീർച്ചയായും, ഇതാണ് ഏററവും നല്ല വാർത്ത. എങ്കിലും വെളിപ്പാടു 11:14, 15-ൽ മൂന്നാം കഷ്ടത്തെ രാജ്യത്തോടു ബന്ധപ്പെടുത്തുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, സാത്താന്റെ വ്യവസ്ഥിതിയെ ഇഷ്ടപ്പെടുന്ന മനുഷ്യവർഗത്തിനു ദൈവത്തിന്റെ പാവനരഹസ്യം പൂർത്തിയാവുന്നു—അതായത്, ദൈവത്തിന്റെ മിശിഹൈകരാജ്യം വന്നിരിക്കുന്നു—എന്ന സുവാർത്തയുടെ കാഹളം മുഴക്കൽ ദുർവാർത്തയാണ്. (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 2:16.) അവർ വളരെയധികം ഇഷ്ടപ്പെടുന്ന ലോകക്രമീകരണം നശിപ്പിക്കപ്പെടാൻ അടുത്തിരിക്കുന്നുവെന്ന് അതർഥമാക്കുന്നു. യഹോവയുടെ വലിയ പ്രതികാരദിവസം സമീപിച്ചുവരുന്നതോടെ അത്തരം അശുഭകരമായ മുന്നറിയിപ്പുകൾ അടങ്ങുന്ന ഏഴ് ഇടിനാദം കൂടുതൽ വ്യക്തവും ഉച്ചവും ആയിത്തീരുന്നു.—സെഫന്യാവു 1:14-18.
തുറന്ന ചുരുൾ
15. സ്വർഗത്തിൽനിന്നുളള ശബ്ദവും ബലവാനായ ദൂതനും യോഹന്നാനോട് എന്തു പറയുന്നു, യോഹന്നാനിൽ ഉണ്ടായ ഫലമെന്ത്?
15 ഏഴാം കാഹളം മുഴങ്ങുന്നതിനും ദൈവത്തിന്റെ പാവനരഹസ്യം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നതിനും വേണ്ടി യോഹന്നാൻ കാത്തിരിക്കുമ്പോൾ അവനു കൂടുതലായ ഒരു നിയമനം നൽകപ്പെടുന്നു: “ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിൻമേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിൽ തുറന്നിരിക്കുന്ന പുസ്തകം [ചുരുൾ, NW] വാങ്ങുക എന്നു കല്പിച്ചു. ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയററിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കയ്യിൽനിന്നു ചെറുപുസ്തകം വാങ്ങി തിന്നു; അതു എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നുകഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി. അവൻ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കൻമാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.”—വെളിപ്പാടു 10:8-11.
16. (എ) പ്രവാചകനായ എസെക്കിയേലിന് യോഹന്നാന്റേതിനു സമാനമായ ഒരു അനുഭവം ഉണ്ടായതെങ്ങനെ? (ബി) ചെറിയ ചുരുൾ യോഹന്നാനു മധുരമായിരുന്നതെന്തുകൊണ്ട്, അതു ദഹിക്കാൻ കൈപ്പുളളതായിരുന്നതെന്തുകൊണ്ട്?
16 യോഹന്നാന്റെ അനുഭവം ബാബിലോൻ രാജ്യത്തു പ്രവാസത്തിലായിരുന്ന എസെക്കിയേൽ പ്രവാചകന്റേതിനോട് ഏതാണ്ടു സമാനമായിരുന്നു. അവനോടും വായിൽ മധുരിച്ച ഒരു ചുരുൾ തിന്നാൻ ആവശ്യപ്പെട്ടു. എന്നാൽ അത് വയററിൽ നിറഞ്ഞപ്പോൾ മത്സരികളായ ഇസ്രായേൽ ഗൃഹത്തോടു കയ്പേറിയ കാര്യങ്ങൾ മുൻകൂട്ടിപ്പറയാൻ അത് അവനെ ഉത്തരവാദിയാക്കി. (യെഹെസ്കേൽ 2:8–3:15) മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു യോഹന്നാനു നൽകുന്ന തുറന്ന ചുരുൾ അതുപോലെതന്നെ ഒരു ദിവ്യസന്ദേശമാണ്. യോഹന്നാൻ “വംശങ്ങളെയും ജാതികളെയും ഭാഷകളെയും അനേകം രാജാക്കൻമാരെയും” സംബന്ധിച്ച് പ്രവചിക്കണമായിരുന്നു. ഈ ചുരുളിന്റെ തീററി അവനു മധുരമാണ്, എന്തെന്നാൽ അത് ഒരു ദിവ്യ ഉറവിൽനിന്നുളളതാണ്. (താരതമ്യം ചെയ്യുക: സങ്കീർത്തനം 119:103; യിരെമ്യാവു 15:15, 16.) എന്നാൽ അതു ദഹിക്കാൻ കയ്പുളളതായി അവൻ കണ്ടെത്തുന്നു, എന്തെന്നാൽ—മുമ്പ് എസെക്കിയേലിന്റെ കാര്യത്തിലെന്നപോലെ—അതു മത്സരികളായ മനുഷ്യർക്കു രുചികരമല്ലാത്ത കാര്യങ്ങൾ മുൻകൂട്ടിപ്പറയുന്നു.—സങ്കീർത്തനം 145:20.
17. (എ) “ഇനിയും” പ്രവചിക്കാൻ യോഹന്നാനോടു പറഞ്ഞത് ആരായിരുന്നു, ഇത് എന്തർഥമാക്കുന്നു? (ബി) യോഹന്നാൻ കണ്ട നാടകീയ ചിത്രീകരണം എപ്പോൾ നിവൃത്തിയേറേണ്ടിയിരുന്നു?
17 വീണ്ടും പ്രവചിക്കാൻ യോഹന്നാനോടു പറയുന്നവർ നിസ്സംശയമായും യഹോവയാം ദൈവവും യേശുക്രിസ്തുവും ആണ്. പത്മോസ് ദ്വീപിൽ പ്രവാസത്തിലായിരുന്നെങ്കിലും യോഹന്നാൻ ജനങ്ങളെയും ജനതകളെയും ഭാഷക്കാരെയും രാജാക്കൻമാരെയും സംബന്ധിച്ച് വെളിപാടു പുസ്തകത്തിൽ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളിലൂടെ ഇപ്പോൾതന്നെ പ്രവചിച്ചിരിക്കുന്നു. “ഇനിയും” എന്ന പദം വെളിപാടു പുസ്തകത്തിൽ രേഖപ്പെടുത്തിയ ശേഷിച്ച വിവരംകൂടെ അവൻ എഴുതുകയും അറിയിക്കുകയും ചെയ്യണമെന്ന് അർഥമാക്കുന്നു. എന്നാൽ യോഹന്നാൻ ഇവിടെ യഥാർഥത്തിൽ പ്രാവചനിക ദർശനത്തിൽ പങ്കെടുക്കുകയായിരുന്നു എന്ന് ഓർക്കുക. അവൻ രേഖപ്പെടുത്തുന്നതു വാസ്തവത്തിൽ 1914-നു ശേഷം ബലവാനായ ദൂതൻ ഭൂമിയിലും സമുദ്രത്തിലും കാൽ കവച്ചുനിൽക്കുമ്പോൾ നിവൃത്തിയേറേണ്ട ഒരു പ്രവചനമാണ്. അപ്പോൾ ഈ നാടകീയമായ ചിത്രീകരണം ഇന്നു യോഹന്നാൻവർഗത്തെ സംബന്ധിച്ച് എന്തർഥമാക്കുന്നു?
ചെറിയ ചുരുൾ ഇന്ന്
18. കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിൽ യോഹന്നാൻവർഗം വെളിപാടു പുസ്തകത്തിൽ എന്തു താത്പര്യം പ്രകടമാക്കി?
18 യോഹന്നാൻ കാണുന്നതു കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിലുളള യോഹന്നാൻവർഗത്തിന്റെ അനുഭവത്തെ വിശേഷാൽ മുൻനിഴലാക്കുന്നു. ഏഴ് ഇടിമുഴക്കത്തിന്റെ അർഥം ഉൾപ്പെടെ യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച അവരുടെ ഗ്രാഹ്യം അപ്പോൾ അപൂർണമായിരുന്നു. എന്നുവരികിലും അവർക്ക് വെളിപാടിൽ അഗാധമായ താത്പര്യം ഉണ്ടായിരുന്നു. ചാൾസ് റെറയ്സ് റസ്സൽ തന്റെ ജീവിതകാലത്ത് അതിന്റെ പല ഭാഗങ്ങളെക്കുറിച്ചും അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു. 1916-ലെ മരണശേഷം അദ്ദേഹത്തിന്റെ പല കുറിപ്പുകളും സമാഹരിച്ചു പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്) എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. എങ്കിലും, കാലക്രമത്തിൽ ഈ പുസ്തകം വെളിപാടിന്റെ ഒരു വിശദീകരണമെന്ന നിലയിൽ തൃപ്തികരമല്ലെന്നു തെളിഞ്ഞു. ആ നിശ്വസ്തരേഖയുടെ കൃത്യമായ ഗ്രാഹ്യത്തിനായി ദർശനങ്ങൾ നിറവേറിത്തുടങ്ങുന്നതുവരെ ക്രിസ്തുവിന്റെ സഹോദരൻമാരുടെ ശേഷിപ്പ് അല്പകാലംകൂടെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു.
19. (എ) ഏഴ് ഇടിനാദങ്ങൾ പൂർണമായി പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പുപോലും യഹോവ യോഹന്നാൻവർഗത്തെ ഉപയോഗിച്ചതെങ്ങനെ? (ബി) യോഹന്നാൻവർഗത്തിനു തുറന്ന ചെറിയ ചുരുൾ നൽകിയതെപ്പോൾ, ഇത് അവരെ സംബന്ധിച്ച് എന്തർഥമാക്കി?
19 എന്നിരുന്നാലും, ഏഴ് ഇടിനാദങ്ങൾ പൂർണമായി പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പുപോലും യോഹന്നാനെപ്പോലെ അവർ യഹോവയാൽ ഉപയോഗിക്കപ്പെട്ടു. അവർ 1914-നു മുമ്പുളള 40 വർഷങ്ങളിൽ ഉത്സാഹപൂർവം പ്രസംഗിച്ചിരുന്നു, ഒന്നാം ലോകമഹായുദ്ധകാലത്ത് അവർ പ്രവർത്തനനിരതരായിരിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്തിരുന്നു. യജമാനൻ വന്നപ്പോൾ വീട്ടുകാർക്കു തൽസമയത്തെ ആഹാരം നൽകുന്നതായി കണ്ടെത്തപ്പെട്ടവർ അവരാണെന്നു തെളിഞ്ഞു. (മത്തായി 24:45-47) അങ്ങനെ 1919-ൽ തുറന്ന ചെറിയ ചുരുൾ—അതായതു മനുഷ്യവർഗത്തോടു പ്രസംഗിക്കാനുളള ഒരു തുറന്ന സന്ദേശം—നൽകപ്പെട്ടവർ അവരായിരുന്നു. ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെട്ടവരും എന്നാൽ വാസ്തവത്തിൽ അങ്ങനെ അല്ലാഞ്ഞവരുമായ ഒരു അവിശ്വസ്തസ്ഥാപനത്തിനുവേണ്ടി—ക്രൈസ്തവലോകത്തിനുവേണ്ടി—അവർക്ക് എസെക്കിയേലിനെപ്പോലെ ഒരു സന്ദേശം ഉണ്ടായിരുന്നു. യോഹന്നാനെപ്പോലെ, അവർ “വംശങ്ങളെയും ജാതികളെയും ഭാഷകളെയും അനേകം രാജാക്കൻമാരെയും” സംബന്ധിച്ച് കുറച്ചുകൂടെ പ്രസംഗിക്കേണ്ടിയിരുന്നു.
20. യോഹന്നാൻ ചുരുൾ തിന്നത് എന്തിനെ ചിത്രീകരിച്ചു?
20 യോഹന്നാൻ ചുരുൾ തിന്നത് ക്രിസ്തുവിന്റെ സഹോദരൻമാർ ഈ നിയമനം സ്വീകരിച്ചതിനെ ചിത്രീകരിച്ചു. ദൈവത്തിന്റെ നിശ്വസ്തവചനത്തിന്റെ ഈ ഭാഗത്തുനിന്നു പോഷണം സ്വീകരിച്ചുകൊണ്ട് ഇപ്പോൾ അതിനാൽ തിരിച്ചറിയപ്പെടുന്ന അളവോളം അത് അവരുടെ ഒരു ഭാഗമായിത്തീർന്നു. എന്നാൽ അവർ പ്രസംഗിക്കേണ്ടിയിരുന്നതിൽ മനുഷ്യവർഗത്തിൽ അനേകർക്കു ദഹിക്കാത്ത യഹോവയുടെ ന്യായവിധി പ്രകടനങ്ങൾ ഉൾപ്പെട്ടിരുന്നു. വാസ്തവത്തിൽ, അതിൽ വെളിപാട് 8-ാം അധ്യായത്തിൽ മുൻകൂട്ടിപ്പറഞ്ഞ ബാധകൾ ഉൾപ്പെട്ടു. എന്നിരുന്നാലും ആ ന്യായവിധികൾ അറിയുന്നതും അവ പ്രഘോഷിക്കുന്നതിന് യഹോവയാൽ വീണ്ടും ഉപയോഗിക്കപ്പെടുന്നു എന്നറിയുന്നതും ആത്മാർഥരായ ഈ ക്രിസ്ത്യാനികൾക്ക് മധുരമായിരുന്നു.—സങ്കീർത്തനം 19:9, 10.
21. (എ) ചെറിയ ചുരുളിന്റെ സന്ദേശം മഹാപുരുഷാരത്തിനും എങ്ങനെ മധുരമായിത്തീർന്നിരിക്കുന്നു? (ബി) സുവാർത്ത കോലാടുതുല്യർക്കു ദുർവാർത്തയാകുന്നതെന്തുകൊണ്ട്?
21 കാലക്രമത്തിൽ, ഈ ചുരുളിലെ സന്ദേശം, ക്രൈസ്തവലോകത്തിൽ നടക്കുന്ന മ്ലേച്ഛകാര്യങ്ങൾ നിമിത്തം നെടുവീർപ്പിടുന്നവരായി കണ്ടെത്തപ്പെട്ട “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുളള . . . മഹാപുരുഷാര”ത്തിനും മധുരമായിത്തീർന്നു. (വെളിപ്പാടു 7:9; യെഹെസ്കേൽ 9:4) ചെമ്മരിയാടുതുല്യരായ ക്രിസ്ത്യാനികൾക്കുവേണ്ടിയുളള യഹോവയുടെ അത്ഭുതകരമായ കരുതൽ വർണിക്കുന്നതിനു മധുരമുളള ഇമ്പമായ വാക്കുകൾ ഉപയോഗിച്ച് ഇവരും തീവ്രമായി സുവാർത്ത പ്രഘോഷിക്കുന്നു. (സങ്കീർത്തനം 37:11, 29; കൊലൊസ്സ്യർ 4:6) എന്നാൽ കോലാടുതുല്യർക്ക് ഇതു ദുർവാർത്തയാണ്. എന്തുകൊണ്ട്? അവർ ആശ്രയംവെക്കുന്ന വ്യവസ്ഥിതി—താത്കാലിക സംതൃപ്തി അവർക്കു കൈവരുത്തിയിട്ടുളളതുപോലും—നീങ്ങിപ്പോകണമെന്ന് അതർഥമാക്കുന്നു. സുവാർത്ത അവർക്കു നാശം ഉച്ചരിക്കുന്നു.—മത്തായി 25:31-34, 41, 46; താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 28:15; 2 കൊരിന്ത്യർ 2:15, 16.
[അധ്യയന ചോദ്യങ്ങൾ]
[160-ാം പേജിലെ ചിത്രങ്ങൾ]
യോഹന്നാൻവർഗവും അവരുടെ കൂട്ടാളികളും സകലമനുഷ്യവർഗത്തോടും മധുരിക്കുന്നതും കയ്ക്കുന്നതുമായ ഒരു ദൂതു ഘോഷിക്കുന്നു