മഹാനഗരം ശൂന്യമാക്കപ്പെടുന്നു
അധ്യായം 36
മഹാനഗരം ശൂന്യമാക്കപ്പെടുന്നു
ദർശനം 12—വെളിപ്പാടു 18:1–19:10
വിഷയം: മഹാബാബിലോന്റെ വീഴ്ചയും നാശവും; കുഞ്ഞാടിന്റെ വിവാഹം പ്രഖ്യാപിക്കപ്പെടുന്നു
നിവൃത്തിയുടെ കാലം: 1919 മുതൽ മഹോപദ്രവം കഴിയുന്നതുവരെ
1. മഹോപദ്രവത്തിന്റെ തുടക്കം കുറിക്കുന്നത് എന്തായിരിക്കും?
പെട്ടെന്നുളള, ഞെട്ടിക്കുന്ന, ശൂന്യമാക്കൽ—മഹാബാബിലോന്റെ ചരമം അങ്ങനെയായിരിക്കും! അതു മുഴുചരിത്രത്തിലെയും അത്യന്തം വിപത്കരമായ സംഭവങ്ങളിൽ ഒന്നായിരിക്കും, അതു “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ മഹോപദ്രവ”ത്തിന്റെ തുടക്കം കുറിക്കുന്നതായിരിക്കും.—മത്തായി 24:21, NW.
2. രാഷ്ട്രീയ സാമ്രാജ്യങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഏതുതരം സാമ്രാജ്യം നിലനിന്നിരിക്കുന്നു?
2 വ്യാജമതം ദീർഘനാളായി നിലവിലുണ്ട്. യഹോവയെ എതിർക്കുകയും ബാബേൽഗോപുരം പണിയാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്ത രക്തദാഹിയായ നിമ്രോദിന്റെ നാളുകൾ മുതൽ അത് ഇടമുറിയാതെ സ്ഥിതിചെയ്തിരിക്കുന്നു. യഹോവ ആ മത്സരികളുടെ ഭാഷ കലക്കുകയും അവരെ ഭൂമിയിൽ ചിതറിക്കുകയും ചെയ്തപ്പോൾ ബാബിലോന്റെ വ്യാജമതം അവരോടുകൂടെ പോയി. (ഉല്പത്തി 10:8-10; 11:4-9) അന്നുമുതൽ രാഷ്ട്രീയ സാമ്രാജ്യങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ ബാബിലോന്യമതം നിലനിന്നിരിക്കുന്നു. വ്യാജമതത്തിന്റെ ഒരു ലോകസാമ്രാജ്യം, പ്രവചിക്കപ്പെട്ട മഹാബാബിലോൻ ആയിത്തീർന്നുകൊണ്ട് അതു പല രൂപഭാവങ്ങൾ കൈക്കൊണ്ടിരിക്കുന്നു. ആദിമ ബാബിലോന്യ ഉപദേശങ്ങളും വിശ്വാസത്യാഗം ഭവിച്ച “ക്രിസ്തീയ” ഉപദേശവും തമ്മിലുളള സംയോജനത്തിൽനിന്നു വളർന്നുവന്ന ക്രൈസ്തവലോകമാണ് അതിന്റെ ഏററവും പ്രമുഖമായ ഭാഗം. മഹാബാബിലോന്റെ സുദീർഘമായ ചരിത്രം നിമിത്തം അത് എന്നെങ്കിലും നശിപ്പിക്കപ്പെടുമെന്നു വിശ്വസിക്കുന്നതു പ്രയാസമാണെന്ന് അനേകമാളുകൾ കണ്ടെത്തുന്നു.
3. വെളിപാട് വ്യാജമതത്തിന്റെ അന്തം സ്ഥിരീകരിക്കുന്നതെങ്ങനെ?
3 അതുകൊണ്ട് അവളുടെ വീഴ്ചയുടെയും അവളുടെ സമ്പൂർണനാശത്തിലേക്കു നയിക്കുന്ന അനന്തരസംഭവങ്ങളുടെയും വിശദമായ രണ്ടു വർണനകൾ നമുക്കു നൽകിക്കൊണ്ട്, വെളിപാട് വ്യാജമതത്തിന്റെ അന്തം സ്ഥിരീകരിക്കുന്നത് ഉചിതമാണ്. രാഷ്ട്രീയമണ്ഡലത്തിലെ മുൻകാമുകൻമാരാൽ ഒടുവിൽ ശൂന്യമാക്കപ്പെടുന്ന “മഹാവേശ്യ”യെന്ന നിലയിൽ അവളെ നാം കണ്ടുകഴിഞ്ഞിരിക്കുന്നു. (വെളിപ്പാടു 17:1, 15, 16) ഇപ്പോൾ, വീണ്ടും മറെറാരു ദർശനത്തിൽ നാം അവളെ ഒരു നഗരമായി, പുരാതന ബാബിലോന്റെ മതപ്രതിരൂപമായി വീക്ഷിക്കാൻ പോകയാണ്.
മഹാബാബിലോന് ഒരു വീഴ്ച ഭവിക്കുന്നു
4. (എ) യോഹന്നാൻ അടുത്തതായി ഏതു ദർശനം കാണുന്നു? (ബി) നമുക്കു ദൂതനെ എങ്ങനെ തിരിച്ചറിയാവുന്നതാണ്, അവൻ മഹാബാബിലോന്റെ വീഴ്ച പ്രഖ്യാപിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
4 നമ്മോട് ഇപ്രകാരം പറഞ്ഞുകൊണ്ട് യോഹന്നാൻ വിവരണം തുടരുന്നു: “അനന്തരം ഞാൻ വലിയ അധികാരമുളള മറെറാരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി”. (വെളിപ്പാടു 18:1, 2എ) യോഹന്നാൻ ആ ദൂതപ്രഖ്യാപനം കേൾക്കുന്നത് ഇതു രണ്ടാം തവണയാണ്. (കാണുക: വെളിപ്പാടു 14:8.) എന്നിരുന്നാലും, ഇത്തവണ സ്വർഗീയ ദൂതന്റെ ശോഭയാൽ അതിന്റെ പ്രാധാന്യം ദൃഢീകരിക്കപ്പെടുന്നു, എന്തെന്നാൽ അവന്റെ തേജസ്സ് മുഴുഭൂമിയെയും പ്രകാശിപ്പിക്കുന്നു! അവൻ ആരായിരുന്നേക്കാം? നൂററാണ്ടുകൾക്കുമുമ്പു പ്രവാചകനായ എസെക്കിയേൽ ഒരു സ്വർഗീയ ദർശനത്തെക്കുറിച്ചു റിപ്പോർട്ടുചെയ്തുകൊണ്ട്, “ഭൂമി അവന്റെ [യഹോവയുടെ] തേജസ്സുകൊണ്ടു പ്രകാശിച്ചു” എന്നു പ്രസ്താവിക്കുകയുണ്ടായി. (യെഹെസ്കേൽ 43:2) യഹോവയുടേതിനോടു താരതമ്യം ചെയ്യാവുന്ന തേജസ്സുകൊണ്ടു തിളങ്ങുന്ന ഏക ദൂതൻ കർത്താവായ യേശു ആയിരിക്കും, അവൻ “[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും” ആണ്. (എബ്രായർ 1:3) ‘മനുഷ്യപുത്രൻ’ 1914-ൽ ‘തന്റെ തേജസ്സോടെ വന്നു,’ ആ സമയം മുതൽ സ്വർഗങ്ങളിലെ “തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ” അവരോധിക്കപ്പെട്ട യേശു യഹോവയുടെ സഹരാജാവും ന്യായാധിപനും എന്നനിലയിൽ ഭൂമിയുടെമേൽ അധികാരം പ്രയോഗിച്ചുകൊണ്ടാണിരിക്കുന്നത്. അപ്പോൾ അവൻ മഹാബാബിലോന്റെ വീഴ്ച പ്രഖ്യാപിക്കുന്നത് ഉചിതമാണ്.—മത്തായി 25:31, 32.
5. (എ) മഹാബാബിലോന്റെ വീഴ്ച വിളംബരംചെയ്യാൻ ദൂതൻ ആരെ ഉപയോഗിക്കുന്നു? (ബി) ‘ദൈവഗൃഹം’ എന്ന് അവകാശപ്പെട്ടിരുന്നവരുടെമേൽ ന്യായവിധി തുടങ്ങിയപ്പോൾ ക്രൈസ്തവലോകത്തിന്റെ നില എന്തായിരുന്നു?
5 മനുഷ്യവർഗത്തോടു വിസ്മയകരമായ അത്തരം വാർത്തകൾ വിളംബരം ചെയ്യാൻ വലിയ അധികാരമുളള ദൂതൻ ഉപയോഗിക്കുന്നത് ആരെയാണ്? എന്തിന്, അത് ആ വീഴ്ചയുടെ ഫലമായി വിമോചിതരാകുന്ന ജനത്തെ, ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്തരെ, യോഹന്നാൻവർഗത്തെത്തന്നെയാണ്. ഇവർ 1914 മുതൽ 1918 വരെ മഹാബാബിലോന്റെ കരങ്ങളാൽ വളരെയധികം കഷ്ടപ്പെട്ടു, എന്നാൽ 1918-ൽ കർത്താവായ യഹോവയും അവന്റെ “[അബ്രഹാമ്യ] നിയമ ദൂതൻ” ആയ യേശുക്രിസ്തുവും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരായ “ദൈവഗൃഹത്തിൽ” ന്യായവിധി തുടങ്ങി. അങ്ങനെ വിശ്വാസത്യാഗിയായ ക്രൈസ്തവലോകം വിചാരണ ചെയ്യപ്പെട്ടു. (മലാഖി 3:1; 1 പത്രൊസ് 4:17) ഒന്നാം ലോകമഹായുദ്ധത്തിൽ വരുത്തിക്കൂട്ടിയ വമ്പിച്ച രക്തപാതകവും യഹോവയുടെ വിശ്വസ്ത സാക്ഷികളെ പീഡിപ്പിച്ചതിലുളള അവളുടെ പങ്കും ബാബിലോന്യ വിശ്വാസപ്രമാണങ്ങളും വിധിസമയത്ത് അവളെ സഹായിച്ചില്ല; മഹാബാബിലോന്റെ മറെറാരു ഭാഗവും ദൈവത്തിന്റെ അംഗീകാരത്തിന് അർഹത നേടിയില്ല.—താരതമ്യം ചെയ്യുക: യെശയ്യാവു 13:1-9.
6. മഹാബാബിലോൻ 1919 ആയപ്പോഴേക്കും വീണുവെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
6 അതുകൊണ്ട് 1919 ആയതോടെ ദൈവത്തിന്റെ ജനം വിമോചിപ്പിക്കപ്പെടുന്നതിനും ഒററ ദിവസംകൊണ്ടെന്നപോലെ അവരുടെ ആത്മീയ സമൃദ്ധിയുടെ ദേശത്തു പുനഃസ്ഥാപിക്കപ്പെടുന്നതിനും വഴി തുറന്നുകൊണ്ടു മഹാബാബിലോൻ വീണിരുന്നു. (യെശയ്യാവു 66:8) ആ വർഷമായതോടെ വലിയ ദാര്യാവേശും വലിയ സൈറസും ആയ യഹോവയാം ദൈവവും യേശുക്രിസ്തുവും വ്യാജമതത്തിനു മേലാൽ യഹോവയുടെ ജനത്തിൻമേൽ ഒരു പിടി ഉണ്ടായിരിക്കാൻ കഴിയാതവണ്ണം കാര്യാദികൾ കൈകാര്യം ചെയ്തിരുന്നു. യഹോവയെ സേവിക്കുന്നതിൽനിന്നും, വേശ്യാതുല്യ മഹാബാബിലോൻ നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നതായും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം ആസന്നമായിരിക്കുന്നതായും കേൾക്കാൻ ചായ്വുകാണിക്കുന്ന എല്ലാവരെയും അറിയിക്കുന്നതിൽനിന്നും അവരെ തടഞ്ഞുനിർത്താൻ അതിനു മേലാൽ കഴിയുകയില്ല!—യെശയ്യാവു 45:1-4; ദാനീയേൽ 5:30, 31.
7. (എ) മഹാബാബിലോൻ 1919-ൽ നശിപ്പിക്കപ്പെട്ടില്ലെങ്കിലും യഹോവ അവളെ എങ്ങനെ വീക്ഷിച്ചു? (ബി) മഹാബാബിലോൻ 1919-ൽ വീണപ്പോൾ യഹോവയുടെ ജനത്തിന് എന്തു സംഭവിച്ചു?
7 മഹാബാബിലോൻ 1919-ൽ നശിപ്പിക്കപ്പെട്ടില്ലെന്നുളളത് സത്യംതന്നെ—പുരാതന ബാബിലോൻനഗരം പൊ.യു.മു. 539-ൽ പേർഷ്യനായ സൈറസിന്റെ സൈന്യങ്ങൾക്കു കീഴടങ്ങിയപ്പോൾ അതു നശിപ്പിക്കപ്പെടാതിരുന്നതുപോലെതന്നെ. എന്നാൽ യഹോവയുടെ വീക്ഷണത്തിൽ ആ സ്ഥാപനം വീണുകഴിഞ്ഞിരുന്നു. ഭാവിയിലെ വധനിർവഹണത്തിനായി അവൾ നീതിന്യായപരമായി കുററം വിധിക്കപ്പെട്ടു; അതുകൊണ്ട് യഹോവയുടെ ജനത്തെ അടിമത്തത്തിൽ പിടിച്ചുനിർത്താൻ വ്യാജമതത്തിനു മേലാൽ കഴിഞ്ഞില്ല. (താരതമ്യം ചെയ്യുക: ലൂക്കൊസ് 9:59, 60.) തക്കസമയത്തെ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നതിന് യജമാനന്റെ വിശ്വസ്തനും വിവേകിയുമായ അടിമയായി സേവിക്കാൻ അവർ വിമോചിതരാക്കപ്പെട്ടു. അവർക്ക് “നന്നായി ചെയ്തിരിക്കുന്നു” എന്ന ഒരു വിധി ലഭിച്ചു, അവർ യഹോവയുടെ വേലയിൽ വീണ്ടും തിരക്കോടെ ഏർപ്പെടാൻ നിയോഗിക്കപ്പെടുകയും ചെയ്തു.—മത്തായി 24:45-47; 25:21, 23, NW; പ്രവൃത്തികൾ 1:8.
8. യെശയ്യാവ് 21:8, 9-ലെ കാവൽക്കാരൻ ഏതു സംഭവം ഘോഷിക്കുന്നു, ആ കാവൽക്കാരൻ ഇന്ന് ആരെ മുൻനിഴലാക്കുന്നു?
8 യുഗപ്പിറവിയെ കുറിക്കുന്ന ഈ സംഭവം മുൻകൂട്ടിപ്പറയാൻ സഹസ്രാബ്ദങ്ങൾക്കുമുമ്പ് യഹോവ മററു പ്രവാചകൻമാരെ ഉപയോഗിച്ചു. “ഒരു സിംഹംപോലെ” വിളിച്ചുപറയാൻ തുടങ്ങിയ ഒരു കാവൽക്കാരനെക്കുറിച്ച് യെശയ്യാവു സംസാരിച്ചു: “കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.” സിംഹസമാന ധീരതയോടെ ആ കാവൽക്കാരൻ തിരിച്ചറിയുകയും ഘോഷിക്കുകയും ചെയ്യുന്നത് ഏതു സംഭവമാണ്? ഇതുതന്നെ: “അവൾ വീണിരിക്കുന്നു! ബാബിലോൻ വീണിരിക്കുന്നു, അവളുടെ ദേവൻമാരുടെ കൊത്തിയുണ്ടാക്കിയ പ്രതിമകളെല്ലാം അവൻ [യഹോവ] തകർത്തു നിലത്തിട്ടിരിക്കുന്നു!” (യെശയ്യാവ് 21:8, 9, NW) ഈ കാവൽക്കാരൻ ഇന്നു തികച്ചും ഉണർന്നിരിക്കുന്ന യോഹന്നാൻവർഗത്തെ നന്നായി മുൻനിഴലാക്കുന്നു, അതു ബാബിലോൻ വീണിരിക്കുന്നു എന്ന വാർത്ത വിസ്തൃതമായി വിളംബരംചെയ്യാൻ വീക്ഷാഗോപുരം മാസികയും മററു ദിവ്യാധിപത്യ പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നു.
മഹാബാബിലോന്റെ അധഃപതനം
9, 10. (എ) ഒന്നാം ലോകമഹായുദ്ധം മുതൽ ബാബിലോന്യമതത്തിന്റെ സ്വാധീനത്തിന് ഏത് അധോഗതി ഉണ്ടായി? (ബി) ശക്തനായ ദൂതൻ മഹാബാബിലോന്റെ വീഴ്ചഭവിച്ച അവസ്ഥയെ വർണിക്കുന്നതെങ്ങനെ?
9 പുരാതന ബാബിലോന്റെ പൊ.യു.മു. 539-ലെ വീഴ്ച അവളുടെ ശൂന്യമാക്കലിൽ ചെന്നവസാനിച്ച സുദീർഘമായ ഒരു അധോഗതിയുടെ തുടക്കമായിരുന്നു. അതുപോലെതന്നെ, ഒന്നാം ലോകമഹായുദ്ധാനന്തരം ബാബിലോന്യ മതത്തിന്റെ സ്വാധീനം ആഗോളമായ ഒരളവിൽ ഗണ്യമായി ക്ഷയിക്കുകയുണ്ടായി. ജപ്പാനിൽ, രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നു ഷിന്റോ ചക്രവർത്തിയാരാധന നിഷിധമാക്കപ്പെട്ടു. ചൈനയിൽ, കമ്മ്യുണിസ്ററു ഭരണകൂടം മതപരമായ എല്ലാ നിയമനങ്ങളെയും പ്രവർത്തനത്തെയും നിയന്ത്രിക്കുന്നു. പ്രൊട്ടസ്ററൻറ് ആധിപത്യമുളള ഉത്തര യൂറോപ്പിൽ മിക്കയാളുകളും മതവിരക്തരായിത്തീർന്നിരിക്കുന്നു. കൂടാതെ റോമൻ കത്തോലിക്കാസഭ ഈയിടെ ഭിന്നിപ്പുകളാലും ആന്തരിക വിയോജിപ്പിനാലും അതിന്റെ ആഗോള ആധിപത്യത്തിൽ ക്ഷയിച്ചുപോയിരിക്കുന്നു.—താരതമ്യം ചെയ്യുക: മർക്കൊസ് 3:24-26.
10 ഈ പ്രവണതകളെല്ലാം നിസ്സംശയമായും മഹാബാബിലോന്റെ നേർക്കു വരാൻ പോകുന്ന സൈനിക ആക്രമണത്തിനുളള തയ്യാറെടുപ്പിൽ ‘യൂഫ്രട്ടീസ് നദിയുടെ വററിപ്പോകലിന്റെ’ ഭാഗമാണ്. ഭാരിച്ച കമ്മി നിമിത്തം സഭ “വീണ്ടും ഭിക്ഷാംദേഹി ആയിത്തീരേണ്ടി”യിരിക്കുന്നു എന്ന 1986 ഒക്ടോബറിലെ പാപ്പായുടെ പ്രഖ്യാപനത്തിലും ഈ ‘വററിപ്പോകൽ’ പ്രതിഫലിക്കുന്നു. (വെളിപ്പാടു 16:12) വിശേഷിച്ച് 1919 മുതൽ, ശക്തനായ ദൂതൻ ഇവിടെ പ്രഖ്യാപിക്കുന്നതുപോലെ മഹാബാബിലോൻ ഒരു ആത്മീയ പാഴ്നിലമെന്ന നിലയിൽ പൊതുദൃഷ്ടിയിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു: “[അവൾ] ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുളള സകല പക്ഷികളുടെയും തടവുമായിത്തീർന്നു.” (വെളിപ്പാടു 18:2ബി) ഇരുപതാം നൂററാണ്ടിലെ ഇറാക്കിലുളള ബാബിലോന്റെ ശൂന്യശിഷ്ടങ്ങൾപോലെ പെട്ടെന്നുതന്നെ അവൾ അക്ഷരാർഥത്തിൽ അത്തരമൊരു പാഴ്നിലം ആയിത്തീരും.—ഇതുകൂടെ കാണുക: യിരെമ്യാവു 50:25-28.
11. മഹാബാബിലോൻ ‘ഭൂതങ്ങളുടെ പാർപ്പിടവും’ ‘അശുദ്ധാത്മാക്കളുടെയും അറെപ്പുളള പക്ഷികളുടെയും തടവും’ ആയിത്തീർന്നിരിക്കുന്നത് ഏതർഥത്തിൽ?
11 ഇവിടെ ‘ഭൂതങ്ങൾ’ എന്ന പദം സാധ്യതയനുസരിച്ചു വീണുപോയ ബാബിലോനെക്കുറിച്ചുളള യെശയ്യാവിന്റെ പിൻവരുന്ന വർണനയിൽ കാണുന്ന “കോലാടുരൂപത്തിലുളള ഭൂതങ്ങൾ” (സെയ്രിം) എന്ന പദത്തിന്റെ ഒരു പരാവർത്തനമായിരിക്കാൻ ഇടയുണ്ട്: “മരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും; ഭൂതങ്ങൾ [കോലാടുരൂപത്തിലുളള ഭൂതങ്ങൾ, NW] അവിടെ നൃത്തം ചെയ്യും.” (യെശയ്യാവു 13:21) അത് അക്ഷരാർഥ ഭൂതങ്ങളെ പരാമർശിക്കണമെന്നില്ല, പകരം നിരീക്ഷകർ ഭൂതങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഇടയാകുന്നതരം ആകൃതിയുളള രോമാവൃതമായ മരുമൃഗങ്ങളെ പരാമർശിക്കുന്നു. മഹാബാബിലോന്റെ ശൂന്യശിഷ്ടങ്ങളിൽ അത്തരം മൃഗങ്ങളുടെയും കെട്ടിനിൽക്കുന്ന വിഷവായുവിന്റെയും (“അശുദ്ധ നിശ്വാസങ്ങളുടെയും”) അറപ്പുളള പക്ഷികളുടെയും ആലങ്കാരിക അസ്തിത്വം അവളുടെ ആത്മീയ മൃതാവസ്ഥയെ അർഥമാക്കുന്നു. അവൾ മനുഷ്യവർഗത്തിനായി ഒരുതരത്തിലുളള ജീവിതപ്രത്യാശയും വെച്ചുനീട്ടുന്നില്ല.—താരതമ്യം ചെയ്യുക: എഫെസ്യർ 2:1, 2.
12. മഹാബാബിലോന്റെ അവസ്ഥ അമ്പതാം അധ്യായത്തിലെ യിരെമ്യാവിന്റെ പ്രവചനത്തോട് ഒക്കുന്നതെങ്ങനെ?
12 അവളുടെ അവസ്ഥ യിരെമ്യാവിന്റെ പ്രവചനത്തോടും ഒക്കുന്നു: “കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കൻമാരുടെ മേലും ജ്ഞാനികളുടെ മേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു. . . . അതിലെ വെളളം വററിപ്പോകത്തക്കവണ്ണം ഞാൻ അതിൻമേൽ വറുതി വരുത്തും. അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തൻമാരായിരിക്കുന്നു. ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.” ദൈവം സോദോമിനെയും ഗൊമോറയെയും മറിച്ചിട്ടതിനു സദൃശമായ ഒരു പ്രതികാരത്തിൽനിന്ന്, വിഗ്രഹാരാധനക്കോ ആവർത്തിച്ചുളള പ്രാർഥനാജപങ്ങൾക്കോ മഹാബാബിലോനെ രക്ഷിക്കാൻ കഴിയുകയില്ല.—യിരെമ്യാവു 50:35-40.
കാമം ഇളക്കിവിടുന്ന വീഞ്ഞ്
13. (എ) മഹാബാബിലോന്റെ വേശ്യാവൃത്തിയുടെ വ്യാപ്തിയിലേക്കു ശക്തനായ ദൂതൻ ശ്രദ്ധക്ഷണിക്കുന്നതെങ്ങനെ? (ബി) പുരാതന ബാബിലോനിൽ പ്രചാരത്തിലിരുന്ന ഏത് അധാർമികത മഹാബാബിലോനിലും കാണപ്പെടുന്നു?
13 ശക്തനായ ദൂതൻ അടുത്തതായി മഹാബാബിലോന്റെ വേശ്യാവൃത്തിയുടെ വ്യാപ്തിയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ട്: “അവളുടെ വേശ്യാവൃത്തിയുടെ a ക്രോധമദ്യം [കാമം ഇളക്കിവിടുന്ന വീഞ്ഞ്, NW] സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കൻമാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ [സഞ്ചാര, NW] വ്യാപാരികൾ അവളുടെ പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു.” (വെളിപ്പാടു 18:3) അവൾ തന്റെ അശുദ്ധ മതമാർഗങ്ങളിൽ മനുഷ്യവർഗത്തിലെ എല്ലാ ജനതകൾക്കും പ്രബോധനം നൽകിയിരിക്കുന്നു. ഗ്രീക്കു ചരിത്രകാരനായ ഹെറൊഡോട്ടസ് പറയുന്നതനുസരിച്ചു പുരാതന ബാബിലോനിൽ ഓരോ കന്യകയും അവളുടെ കന്യകാത്വം ആലയ ആരാധനയിൽ വേശ്യാവൃത്തിക്കു വിധേയമാക്കണമായിരുന്നു. കമ്പൂച്ചിയായിലെ അങ്കോർ വാട്ടിൽ യുദ്ധത്തിൽ നാശനഷ്ടംവന്ന ശില്പങ്ങളിലും മ്ലേച്ഛമായ ശൃംഗാരരംഗങ്ങളാൽ വലയം ചെയ്യപ്പെട്ട ഹിന്ദുദേവനായ വിഷ്ണുവിനെ പ്രദർശിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഖജറാവുവിലുളള ക്ഷേത്രങ്ങളിലും ഇന്നുവരെ അരോചകമായ ലൈംഗിക വൈകൃതം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഐക്യനാടുകളിൽ, 1987-ലും വീണ്ടും 1988-ലും ലോകത്തെ പിടിച്ചുകുലുക്കിയ ടിവി സുവിശേഷകരുടെ ദുർമാർഗത്തിന്റെ വെളിപ്പെടലും മതശുശ്രൂഷകരുടെ ഭാഗത്തെ വ്യാപകമായ സ്വവർഗരതി ശീലത്തിന്റെ വെളിപ്പെടലും ക്രൈസ്തവലോകംപോലും ഞെട്ടിക്കുന്ന അളവിൽ അക്ഷരാർഥ ദുർവൃത്തി അനുവദിക്കുന്നതായി വ്യക്തമാക്കുന്നു. എങ്കിലും സകലജനതകളും ഈ ഇരുപതാം നൂററാണ്ടിൽ അതിലും ഗുരുതരമായ ഒരുതരം ദുർവൃത്തിയുടെ ഇരകളായിത്തീർന്നിരിക്കുന്നു.
14-16. (എ) ആത്മീയമായി ഏത് അവിഹിത മത-രാഷ്ട്രീയ ബന്ധം ഫാസിസ്ററ് ഇററലിയിൽ വികാസം പ്രാപിച്ചു? (ബി) ഇററലി അബിസീനിയയെ ആക്രമിച്ചപ്പോൾ റോമൻ കത്തോലിക്കാസഭയിലെ ബിഷപ്പുമാർ ഏതു പ്രസ്താവനകൾ നടത്തി?
14 ഹിററ്ലറെ നാസി ജർമനിയിൽ അധികാരത്തിലേക്കുയർത്തിയ അവിഹിത മത-രാഷ്ട്രീയ ബന്ധം നാം ഇതിനകം പുനരവലോകനം നടത്തിക്കഴിഞ്ഞു. ലൗകിക കാര്യാദികളിലുളള മതത്തിന്റെ ഇടപെടൽ നിമിത്തം മററു ജനതകളും കഷ്ടമനുഭവിച്ചു. ഉദാഹരണത്തിന്, 1929 ഫെബ്രുവരി 11-നു വത്തിക്കാൻ നഗരത്തെ ഒരു പരമാധികാര രാഷ്ട്രമാക്കിക്കൊണ്ട് മുസ്സോളിനിയും കർദിനാൾ ഗസ്പാരിയും തമ്മിൽ ലാറററൻ ഉടമ്പടി ഒപ്പിട്ടു. താൻ “ഇററലിയെ ദൈവത്തിനും ദൈവത്തെ ഇററലിക്കും തിരിച്ചുകൊടുത്തതായി” പിയൂസ് XI-ാമൻ പാപ്പ അവകാശപ്പെട്ടു. സത്യം അതായിരുന്നോ? ആറു വർഷത്തിനുശേഷം എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. ഇററലി 1935 ഒക്ടോബർ 3-ന് അബിസീനിയയെ ആക്രമിച്ചു, അത് “അപ്പോഴും അടിമത്തം ആചരിക്കുന്ന ഒരു കിരാത രാജ്യം” ആയിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ആ നടപടി. യഥാർഥത്തിൽ, കിരാതർ ആരായിരുന്നു? കത്തോലിക്കാസഭ മുസ്സോളിനിയുടെ കിരാത നടപടിയെ കുററം വിധിച്ചോ? പാപ്പാ അവ്യക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചു എന്നിരിക്കെ, ബിഷപ്പുമാർ തങ്ങളുടെ ഇററാലിയൻ “പിതൃദേശത്തിന്റെ” സൈന്യങ്ങളെ അനുഗ്രഹിക്കുന്നതിൽ മുഴുകിയിരുന്നു. സ്വേച്ഛാധികാരികളുടെ യുഗത്തിൽ വത്തിക്കാൻ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ അന്തോണി റോഡസ് ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു:
15 “യൂഡിനിലെ [ഇററലി] ബിഷപ്പ് [1935] ഒക്ടോബർ 19-ലെ ഒരു ഇടയലേഖനത്തിൽ ഇപ്രകാരം എഴുതി: ‘നാം ഇപ്പോൾ സംഗതിയുടെ ശരിയും തെററും പ്രസ്താവിക്കുന്നതു സമയോചിതമല്ല, ഒട്ടും യോജിച്ചതുമല്ല. ഇററലിക്കാരെന്ന നിലയിലും അതിലുപരി ക്രിസ്ത്യാനികളെന്ന നിലയിലും നമ്മുടെ ധർമം നമ്മുടെ ആയുധങ്ങളുടെ വിജയത്തിനുവേണ്ടി സംഭാവന ചെയ്യുകയെന്നതാണ്.’ പാദുവായിലെ ബിഷപ്പ് ഒക്ടോബർ 21-ന് എഴുതി, ‘നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന വിഷമംപിടിച്ച ഈ നാഴികയിൽ നമ്മുടെ ഭരണതന്ത്രജ്ഞരിലും സൈന്യങ്ങളിലും വിശ്വസിക്കാൻ നാം നിങ്ങളോട് ആവശ്യപ്പെടുകയാണ്.’ ക്രെമോണയിലെ ബിഷപ്പ് ഒക്ടോബർ 24-നു നിരവധി സൈനിക പതാകകളെ പവിത്രീകരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: ‘ആഫ്രിക്കൻ മണ്ണിൽ ഇററാലിയൻ പ്രതിഭക്കും അങ്ങനെ അവരിലേക്കു റോമൻ-ക്രിസ്തീയ സംസ്കാരം എത്തിക്കുന്നതിനും വേണ്ടി പുതുതും ഫലഭൂയിഷ്ഠവുമായ ദേശങ്ങൾ പിടിച്ചടക്കാൻ ഈ പടയാളികളുടെമേൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ. ഇററലി ഒരിക്കൽക്കൂടെ മുഴുലോകത്തിനും ക്രിസ്തീയ ഉപദേഷ്ടാവായി നിലകൊളളട്ടെ.’”
16 അബിസീനിയ റോമൻ കത്തോലിക്കാ വൈദികവർഗത്തിന്റെ അനുഗ്രഹത്തോടെ ബലമായി പിടിച്ചടക്കപ്പെട്ടു. തങ്ങൾ “സകല മനുഷ്യരുടെയും രക്തത്തിൽനിന്നു ശുദ്ധി”യുളളവർ ആയിരിക്കുന്നതിൽ അപ്പോസ്തലനായ പൗലോസിനെപ്പോലെ ആയിരുന്നുവെന്ന് ഏതെങ്കിലും അർഥത്തിൽ ഇവർക്ക് ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോ?—പ്രവൃത്തികൾ 20:26, NW.
17. പുരോഹിതവർഗം ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാൻ’ പരാജയപ്പെട്ടതുകൊണ്ടു സ്പെയിൻ കഷ്ടതയനുഭവിച്ചതെങ്ങനെ?
17 മഹാബാബിലോന്റെ പരസംഗത്തിന് ഇരയായിത്തീർന്ന മറെറാരു രാഷ്ട്രത്തെ—സ്പെയിനിനെ—ജർമനിയോടും ഇററലിയോടും അബിസീനിയയോടും കൂടെക്കൂട്ടുക. ആ രാജ്യത്ത് 1936-39 വരെ നടന്ന ആഭ്യന്തരയുദ്ധത്തിനു ഭാഗികമായി തിരികൊളുത്തിയതു റോമൻ കത്തോലിക്കാസഭയുടെ വലിയ അധികാരങ്ങൾ വെട്ടിക്കുറക്കാൻ ജനാധിപത്യഗവൺമെൻറ് എടുത്ത നടപടികളായിരുന്നു. യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ വിപ്ലവസേനകളുടെ കത്തോലിക്കാ ഫാസിസ്ററ് നേതാവായ ഫ്രാങ്കോ തന്നെത്തന്നെ “വിശുദ്ധ കുരിശുയുദ്ധത്തിന്റെ ക്രിസ്തീയ സർവസൈന്യാധിപൻ” എന്നു വിളിച്ചു, അയാൾ പിൽക്കാലത്ത് ആ സ്ഥാനപ്പേർ ഉപേക്ഷിച്ചു. അനേകലക്ഷം സ്പെയിൻകാർ പോരാട്ടത്തിൽ മരിച്ചു. ഇതിനുപുറമേ, ഒരു യാഥാസ്ഥിതിക കണക്കനുസരിച്ചു ഫ്രാങ്കോയുടെ ദേശീയവാദികൾ 40,000 ജനകീയ മുന്നണി അംഗങ്ങളെ വധിക്കുകയുണ്ടായി, അതേസമയം അവർ സന്ന്യാസിമാരും പുരോഹിതൻമാരും കന്യാസ്ത്രീകളും പുതുവിദ്യാർഥികളും അടങ്ങിയ വൈദിക വിഭാഗത്തിൽപ്പെട്ട 8,000 പേരെയും വധിക്കുകയുണ്ടായി. ആഭ്യന്തരയുദ്ധത്തിന്റെ കൊടുംഭീതിയും ദുരന്തവും അത്തരത്തിലുളളതാണ്, “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്ന യേശുവിന്റെ വാക്കുകൾ അനുസരിക്കുന്നതിന്റെ ജ്ഞാനത്തെ തെളിയിക്കുന്നതുതന്നെ. (മത്തായി 26:52) അത്ര വൻതോതിലുളള രക്തച്ചൊരിച്ചിലിൽ ക്രൈസ്തവലോകം ഉൾപ്പെടുന്നത് എത്ര മ്ലേച്ഛമാണ്! അവളുടെ വൈദികർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കു’ന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുന്നു!—യെശയ്യാവു 2:4.
സഞ്ചാരവ്യാപാരികൾ
18. “ഭൂമിയിലെ സഞ്ചാരവ്യാപാരികൾ” ആരാണ്?
18 “ഭൂമിയിലെ സഞ്ചാരവ്യാപാരികൾ” ആരാണ്? നാം ഇന്ന് അവരെ വ്യാപാരികൾ, വൻ വ്യവസായികൾ, വൻ ബിസിനസ് വിദഗ്ധർ എന്നെല്ലാം വിളിച്ചേക്കാം. ഇതിന്റെ അർഥം നിയമാനുസൃത വ്യാപാരത്തിൽ ഏർപ്പെടുന്നതു തെററാണെന്നല്ല. സത്യസന്ധതയില്ലായ്മക്കും അത്യാഗ്രഹത്തിനും അതുപോലുളളവക്കും എതിരെ മുന്നറിയിപ്പു നൽകിക്കൊണ്ടു ബൈബിൾ വ്യാപാരികൾക്കു ജ്ഞാനപൂർവകമായ ഉപദേശം നൽകുന്നു. (സദൃശവാക്യങ്ങൾ 11:1; സെഖര്യാവു 7:9, 10; യാക്കോബ് 5:1-5) “സ്വയംപര്യാപ്തതയോടുകൂടിയ ദൈവികഭക്തി” ആണു കുറേക്കൂടെ വലിയ നേട്ടം. (1 തിമോത്തി 6:6, 17-19, NW) എന്നിരുന്നാലും സാത്താന്റെ ലോകം നീതിയുളള തത്ത്വങ്ങൾ പിൻപററുന്നില്ല. അഴിമതി പെരുകുന്നു. അതു മതത്തിലും രാഷ്ട്രീയത്തിലും വൻവ്യാപാരത്തിലും കാണുന്നു. ഇടയ്ക്കിടയ്ക്കു വാർത്താമാധ്യമങ്ങൾ ഉയർന്ന ഗവൺമെൻറ് ഉദ്യോഗസ്ഥർ നടത്തുന്ന അപഹരണവും നിയമവിരുദ്ധ ആയുധവ്യാപാരവും പോലുളള ആരോപണങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നു.
19. ഭൂമിയിലെ വ്യാപാരികൾ വെളിപാടിൽ പ്രതികൂലമായി പരാമർശിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാൻ ലോക സമ്പദ്ഘടന സംബന്ധിച്ച ഏതു വസ്തുത സഹായിക്കുന്നു?
19 കോടികൾക്ക് അവശ്യ ജീവിതസൗകര്യങ്ങൾ ലഭിക്കാതിരിക്കുമ്പോൾ സാർവദേശീയ ആയുധവ്യാപാരം ഓരോ വർഷവും 1,00,000,00,00,000 ഡോളറിലധികമായി കുതിച്ചുയരുകയാണ്. അതു വളരെ ഹീനമാണ്. എന്നാൽ ലോക സമ്പദ്ഘടനയുടെ അടിസ്ഥാന അവലംബം ആയുധങ്ങളാണെന്നു തോന്നുന്നു. ലണ്ടനിലെ സ്പെക്റേററററിൽ 1987 ഏപ്രിൽ 11-നു വന്ന ഒരു ലേഖനം ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “നേരിട്ടു ബന്ധപ്പെട്ട വ്യവസായങ്ങൾ മാത്രം എടുത്താൽ ഐക്യനാടുകളിൽ ഏതാണ്ട് 4,00,000 തൊഴിലവസരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, യൂറോപ്പിൽ 7,50,000-വും. എന്നാൽ ആയുധനിർമാണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പങ്കു വർധിച്ചപ്പോൾ ഉത്പാദകർക്കു സുരക്ഷയുണ്ടോയെന്ന യഥാർഥചോദ്യം പിന്തളളപ്പെട്ടിരിക്കുന്നു എന്നതു ജിജ്ഞാസ ഉണർത്തുന്നതാണ്.” ഭൂമിയിലുടനീളം, ശത്രുക്കളാകാൻ സാധ്യതയുളളവർക്കുപോലും ബോംബുകളും മററ് ആയുധങ്ങളും വില്പന നടത്തി വലിയ ആദായം ഉണ്ടാക്കുന്നു. എന്നെങ്കിലും ആ ബോംബുകൾ അവ വിററവരെത്തന്നെ നശിപ്പിക്കുന്നതിന് അഗ്നിമയമായ ഒരു കൂട്ടക്കൊലയുടെ രൂപത്തിൽ തിരിച്ചുവന്നേക്കാം. എന്തൊരു വിരോധാഭാസം! ആയുധ വ്യവസായത്തെ ചുററിപ്പററിയുളള അഴിമതി ഇതിനോടു കൂട്ടുക. സ്പെക്റേറററർ പറയുന്നതനുസരിച്ച്, ഐക്യനാടുകളിൽ മാത്രം “ഓരോ വർഷവും 90 കോടി ഡോളർ വിലയുളള ആയുധങ്ങളും ഉപകരണങ്ങളും പെൻറഗണ് ഗൂഢമായി നഷ്ടപ്പെടുന്നു.” ഭൂമിയിലെ വ്യാപാരികൾ വെളിപാടിൽ പ്രതികൂലമായി പരാമർശിക്കപ്പെട്ടിരിക്കുന്നത് ഒട്ടും അതിശയമല്ല!
20. ഏതു ദൃഷ്ടാന്തം ദുഷിച്ച വ്യാപാരനടപടികളിലെ മതത്തിന്റെ ഉൾപ്പെടൽ പ്രകടമാക്കുന്നു?
20 തേജോമയനായ ദൂതൻ മുൻകൂട്ടിപ്പറഞ്ഞപ്രകാരം മതം അത്തരം ദുഷിച്ച വ്യാപാര നടപടികളിൽ ആഴത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, 1982-ൽ ഇററലിയിലെ അംബ്രോസിയാനോ ബാങ്കിന്റെ തകർച്ചയിൽ വത്തിക്കാനു പങ്കുണ്ടായിരുന്നു. കേസ് 1980-കളിൽ നിരങ്ങിനീങ്ങി, പണം എവിടെപ്പോയി എന്നതായിരുന്നു ഉത്തരം ലഭിക്കാത്ത ചോദ്യം. മിലാൻ മജിസ്ട്രേററുമാർ 1987 ഫെബ്രുവരിയിൽ കൃത്രിമ പാപ്പരത്വത്തിന്റെ കൂട്ടുകുററവാളികളാണെന്ന് ആരോപിച്ച് ഒരു അമേരിക്കൻ ആർച്ചുബിഷപ്പുൾപ്പെടെ മൂന്നു വത്തിക്കാൻ വൈദികർക്കെതിരെ അറസ്ററു വാറണ്ട് പുറപ്പെടുവിച്ചു, എന്നാൽ വത്തിക്കാൻ അവരെ വിട്ടുകൊടുക്കാനുളള ഒരു അപേക്ഷ തളളിക്കളഞ്ഞു. ഒരു പ്രതിഷേധ കോലാഹലത്തിനിടയിൽ 1987 ജൂലൈയിൽ വത്തിക്കാനും ഇററാലിയൻ ഗവൺമെൻറും തമ്മിലുളള ഒരു പഴയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇററലിയിലെ ഏററവും ഉയർന്ന അപ്പീൽക്കോടതി വാറണ്ടുകൾ അസാധുവാക്കി.
21. യേശുവിനു തന്റെ നാളിലെ ചോദ്യം ചെയ്യാവുന്ന വ്യാപാരനടപടികളുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്നു നാം എങ്ങനെ അറിയുന്നു, എന്നാൽ ബാബിലോന്യമതത്തിൽ നാം ഇന്ന് എന്തു നിരീക്ഷിക്കുന്നു?
21 തന്റെ നാളിലെ ചോദ്യം ചെയ്യാവുന്ന വ്യാപാരനടപടികളുമായി യേശുവിന് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ? ഇല്ല. അവൻ ഒരു വസ്തു ഉടമപോലും ആയിരുന്നില്ല, എന്തെന്നാൽ അവനു ‘തല ചായിപ്പാൻ സ്ഥലമില്ലായിരുന്നു’. ധനികനായ ഒരു ഭരണാധികാരിയോട് യേശു ഉപദേശിച്ചു: “നിനക്കുളളതൊക്കെയും വിററു ദരിദ്രൻമാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.” അത് നല്ലൊരു ഉപദേശമായിരുന്നു, കാരണം അത് വ്യാപാരകാര്യങ്ങൾ സംബന്ധിച്ച അയാളുടെ സകല ഉത്കണ്ഠയും ഒഴിവാക്കുന്നതിൽ കലാശിക്കുമായിരുന്നു. (ലൂക്കൊസ് 9:58; 18:22) അതിനു വിരുദ്ധമായി, ബാബിലോന്യ മതത്തിനു മിക്കപ്പോഴും വൻവ്യാപാരവുമായി വൃത്തികെട്ട ബന്ധങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, 1987-ൽ യു.എസ്.എ.യിലെ ഫ്ളോറിഡയിലുളള മിയാമിയിലെ കത്തോലിക്കാ മഹായിടവകയുടെ സാമ്പത്തിക ഭരണാധികാരി, സഭയ്ക്ക് അണുവായുധങ്ങളും വൃത്തികെട്ട ചലച്ചിത്രങ്ങളും സിഗരററുകളും നിർമിക്കുന്ന കമ്പനികളിൽ ഓഹരികളുണ്ടെന്നു സമ്മതിച്ചതായി ആൽബനി ടൈംസ് യൂണിയൻ റിപ്പോർട്ടു ചെയ്തു.
‘എന്റെ ജനമായുളേളാരേ, അവളെ വിട്ടുപോരുവിൻ’
22. (എ) സ്വർഗത്തിൽനിന്നുളള ഒരു ശബ്ദം എന്തു പറയുന്നു? (ബി) പൊ.യു.മു. 537-ലും പൊ.യു. 1919-ലും ദൈവജനത്തിന്റെ ഭാഗത്തെ സന്തോഷിക്കലിലേക്കു നയിച്ചതെന്ത്?
22 പ്രവാചക മാതൃകയുടെ കൂടുതലായ ഒരു നിവൃത്തിയിലേക്ക് യോഹന്നാന്റെ അടുത്ത വാക്കുകൾ വിരൽചൂണ്ടുന്നു: “വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു: എന്റെ ജനമായുളേളാരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ”. (വെളിപ്പാടു 18:4) എബ്രായ തിരുവെഴുത്തുകളിൽ പുരാതന ബാബിലോന്റെ വീഴ്ചയെക്കുറിച്ചുളള പ്രവചനങ്ങളിലും, “ബാബേലിൽനിന്നു . . . വിട്ടുപോകുവിൻ” എന്ന തന്റെ ജനത്തോടുളള യഹോവയുടെ കൽപ്പന ഉൾപ്പെടുന്നു. (യിരെമ്യാവു 50:8, 13) അതുപോലെതന്നെ, മഹാബാബിലോന്റെ വരാൻപോകുന്ന ശൂന്യമാക്കലിന്റെ വീക്ഷണത്തിൽ ഇപ്പോൾ രക്ഷപെടാൻ ദൈവജനങ്ങളോട് ആവശ്യപ്പെടുന്നു. പൊ.യു.മു. 537-ൽ ബാബിലോനിൽനിന്നു രക്ഷപെടാനുളള അവസരം വിശ്വസ്ത ഇസ്രായേല്യരുടെ ഭാഗത്തു വലിയ സന്തോഷത്തിനിടവരുത്തി. അതേവിധത്തിൽ, 1919-ൽ ബാബിലോന്യ അടിമത്തത്തിൽനിന്നുളള ദൈവജനത്തിന്റെ വിടുതൽ അവരുടെ ഭാഗത്തു സന്തോഷിക്കലിലേക്കു നയിച്ചു. (വെളിപ്പാടു 11:11, 12) അന്നുമുതൽ ലക്ഷക്കണക്കിനു മററുളളവർ ഓടിപ്പോകാനുളള ആജ്ഞ അനുസരിച്ചിരിക്കുന്നു.—താരതമ്യം ചെയ്യുക: മത്തായി 24:15, 16.
23. സ്വർഗത്തിൽനിന്നുളള ശബ്ദം മഹാബാബിലോനിൽനിന്ന് പുറത്തുകടക്കുന്നതിന്റെ അടിയന്തിരതയെ ദൃഢീകരിക്കുന്നതെങ്ങനെ?
23 ലോകമതങ്ങളിൽനിന്ന് അംഗത്വം പിൻവലിച്ചുകൊണ്ടും പൂർണമായ ഒരു വേർപാടു സാധിച്ചുകൊണ്ടും മഹാബാബിലോനിൽനിന്നു പുറത്തുകടക്കുന്നത് യഥാർഥത്തിൽ വളരെ അടിയന്തിരമാണോ? അതെ, എന്തെന്നാൽ മഹാബാബിലോനാകുന്ന യുഗപ്പഴക്കമുളള ഈ ഘോര മതസത്ത്വത്തെക്കുറിച്ചു നാം ദൈവത്തിന്റെ വീക്ഷണം കൈക്കൊളേളണ്ട ആവശ്യമുണ്ട്. അവളെ മഹാവേശ്യയെന്നു വിളിച്ചപ്പോൾ അവൻ വാക്കുകളെ മയപ്പെടുത്തിയില്ല. അതുകൊണ്ട് ഇപ്പോൾ സ്വർഗത്തിൽനിന്നുളള ശബ്ദം ഈ വേശ്യയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ യോഹന്നാനെ അറിയിക്കുന്നു: “അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു. അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ; അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺങ്കയുമില്ല എന്നു അവൾ ഹൃദയംകൊണ്ടു പറയുന്നു. അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം, എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായംവിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ.”—വെളിപ്പാടു 18:5-8.
24. (എ) എന്തൊഴിവാക്കാൻ ദൈവജനം മഹാബാബിലോനിൽനിന്നു പുറത്തുപോരണം? (ബി) മഹാബാബിലോനിൽനിന്നു പുറത്തുപോരാൻ പരാജയപ്പെടുന്നവർ ഏതു പാപങ്ങളിൽ അവളോടുകൂടെ ഓഹരിക്കാരാകുന്നു?
24 അവ ശക്തമായ വാക്കുകളാണ്! അതുകൊണ്ട് നടപടി ആവശ്യമാണ്. യിരെമ്യാവ് ഇപ്രകാരം പറഞ്ഞുകൊണ്ടു തന്റെ നാളിലെ ഇസ്രായേല്യരെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചു: “ബാബേലിന്റെ നടുവിൽനിന്നു ഓടി . . . രക്ഷിച്ചുകൊൾവിൻ; . . . ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും; എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.” (യിരെമ്യാവു 51:6, 45) സമാനമായ ഒരു വിധത്തിൽ, മഹാബാബിലോനു നേരിടുന്ന ബാധകളുടെ ഓഹരി ലഭിക്കാതിരിക്കുന്നതിന് അവളിൽനിന്ന് ഓടിയകലാൻ സ്വർഗത്തിൽനിന്നുളള ശബ്ദം ഇന്നു ദൈവജനത്തിനു മുന്നറിയിപ്പു നൽകുന്നു. മഹാബാബിലോൻ ഉൾപ്പെടെ ഈ ലോകത്തിനെതിരെയുളള യഹോവയുടെ ബാധസമാന ന്യായവിധികൾ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (വെളിപ്പാടു 8:1–9:21; 16:1-21) ഈ ബാധകൾ അനുഭവിക്കാനും ഒടുവിൽ അവളോടുകൂടെ മരിക്കാനും ആഗ്രഹിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ ജനം വ്യാജമതത്തിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്തേണ്ടത് ആവശ്യമാണ്. തന്നെയുമല്ല, ആ സ്ഥാപനത്തിൽ തുടരുന്നത് അവളുടെ പാപങ്ങളിൽ അവരെ ഓഹരിക്കാരാക്കും. അവർ അവളെപ്പോലെതന്നെ ആത്മീയ വ്യഭിചാരത്തിന്റെയും “ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും” രക്തം ചൊരിഞ്ഞതിന്റെയും കുററമുളളവരായിരിക്കും.—വെളിപ്പാടു 18:24; താരതമ്യം ചെയ്യുക: എഫെസ്യർ 5:11; 1 തിമൊഥെയൊസ് 5:22.
25. ഏതു വിധങ്ങളിൽ ദൈവജനം പുരാതന ബാബിലോനിൽനിന്നു പുറത്തുവന്നു?
25 എങ്കിലും ദൈവത്തിന്റെ ജനം മഹാബാബിലോനിൽനിന്നു പുറത്തുവരുന്നതെങ്ങനെ? പുരാതന ബാബിലോന്റെ സംഗതിയിൽ, യഹൂദൻമാർ ബാബിലോൻ നഗരത്തിൽനിന്നു വാഗ്ദത്തദേശത്തേക്കുളള ആ ദൂരം മുഴുവനും തിരിച്ചു ശാരീരികമായി യാത്ര ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാൽ അതിലും അധികം ഉൾപ്പെട്ടിരുന്നു. യെശയ്യാവ് പ്രവചനപരമായി ഇസ്രായേല്യരോടു പറഞ്ഞു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ.” (യെശയ്യാവു 52:11) അതെ, അവർ യഹോവക്കുളള തങ്ങളുടെ ആരാധനയെ കളങ്കപ്പെടുത്തിയേക്കാവുന്ന ബാബിലോന്യ മതത്തിന്റെ എല്ലാ അശുദ്ധനടപടികളും ഉപേക്ഷിക്കണമായിരുന്നു.
26. ‘അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ, അശുദ്ധമായതു ഒന്നും തൊടരുത്’ എന്ന വാക്കുകൾ കൊരിന്ത്യക്രിസ്ത്യാനികൾ അനുസരിച്ചതെങ്ങനെ?
26 അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്കുളള തന്റെ ലേഖനത്തിൽ യെശയ്യാവിന്റെ വചനങ്ങൾ ഉദ്ധരിച്ചു, ഇപ്രകാരം പറഞ്ഞുകൊണ്ട്: ‘നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? . . . അതുകൊണ്ടു “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു.”’ കൊരിന്ത്യക്രിസ്ത്യാനികൾ ആ കൽപ്പന അനുസരിക്കാൻ കൊരിന്തു വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു. എന്നിരുന്നാലും, അവർ വ്യാജമതത്തിന്റെ അശുദ്ധ ക്ഷേത്രങ്ങളെ ശാരീരികമായി ഒഴിവാക്കേണ്ട ആവശ്യമുണ്ടായിരുന്നു, അതുപോലെതന്നെ ആ വിഗ്രഹാരാധകരുടെ അശുദ്ധനടപടികളിൽനിന്ന് ആത്മീയമായി തങ്ങളെത്തന്നെ വേർപെടുത്തേണ്ടതുമുണ്ടായിരുന്നു. അവശേഷിക്കുന്ന ഏത് അശുദ്ധ ഉപദേശങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും തങ്ങളെത്തന്നെ ശുദ്ധരാക്കിക്കൊണ്ട്, 1919-ൽ ദൈവത്തിന്റെ ജനം ഈ വിധത്തിൽ മഹാബാബിലോനിൽനിന്ന് ഓടിപ്പോകാൻ തുടങ്ങി. അങ്ങനെ അവർക്ക് അവന്റെ ശുദ്ധീകരിക്കപ്പെട്ട ജനമെന്നനിലയിൽ അവനെ സേവിക്കാൻ കഴിഞ്ഞു.—2 കൊരിന്ത്യർ 6:14-17; 1 യോഹന്നാൻ 3:3.
27. പുരാതന ബാബിലോന്റെമേലും മഹാബാബിലോന്റെമേലുമുളള ന്യായവിധികൾ തമ്മിൽ എന്തു സമാന്തരങ്ങൾ ഉണ്ട്?
27 പുരാതന ബാബിലോന്റെ വീഴ്ചയും അന്തിമശൂന്യമാക്കലും അവളുടെ പാപങ്ങൾക്കുളള ഒരു ശിക്ഷയായിരുന്നു. “അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി.” (യിരെമ്യാവു 51:9) അതുപോലെതന്നെ, മഹാബാബിലോന്റെ പാപങ്ങൾ യഹോവയുടെതന്നെ ശ്രദ്ധയിൽ വരത്തക്കവണ്ണം “ആകാശത്തോളം കുന്നിച്ചിരിക്കുന്നു.” അവൾ അനീതിയുടെയും വിഗ്രഹാരാധനയുടെയും ദുർമാർഗത്തിന്റെയും പീഡനത്തിന്റെയും കവർച്ചയുടെയും കൊലപാതകത്തിന്റെയും കുററമുളളവളാണ്. പുരാതന ബാബിലോന്റെ വീഴ്ച ഭാഗികമായി അവൾ യഹോവയുടെ ആലയത്തോടും അവന്റെ സത്യാരാധകരോടും ചെയ്തതിനുളള പ്രതികാരം ആയിരുന്നു. (യിരെമ്യാവു 50:8, 14; 51:11, 35, 36) അതുപോലെതന്നെ മഹാബാബിലോന്റെ വീഴ്ചയും അവളുടെ അന്തിമനാശവും കഴിഞ്ഞ നൂററാണ്ടുകളിൽ അവൾ സത്യാരാധകരോടു ചെയ്തിരിക്കുന്നതിനുവേണ്ടിയുളള പ്രതികാരപ്രകടനങ്ങളാണ്. വാസ്തവത്തിൽ അവളുടെ അന്തിമനാശം ‘നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസത്തിന്റെ’ തുടക്കമാണ്.—യെശയ്യാവു 34:8-10; 61:2; യിരെമ്യാവു 50:28.
28. നീതിയുടെ ഏതു പ്രമാണം യഹോവ മഹാബാബിലോനു ബാധകമാക്കുന്നു, എന്തുകൊണ്ട്?
28 മോശൈക നിയമത്തിൻ കീഴിൽ ഒരു ഇസ്രായേല്യൻ തന്റെ സ്വദേശീയരിൽനിന്ന് മോഷ്ടിക്കുന്നെങ്കിൽ അയാൾ നഷ്ടപരിഹാരമായി ഇരട്ടിയെങ്കിലും തിരിച്ചുകൊടുക്കണമായിരുന്നു. (പുറപ്പാടു 22:1, 4, 7, 9) മഹാബാബിലോന്റെ വരാൻപോകുന്ന നാശത്തിൽ യഹോവ നീതിയുടെ ഒരു സമാനപ്രമാണം ബാധകമാക്കും. അവൾ കൊടുത്തതിന്റെ ഇരട്ടി അവൾക്കു ലഭിക്കേണ്ടതാണ്. ഈ നീതിയെ മയപ്പെടുത്താൻ ഒട്ടും കരുണയുണ്ടായിരിക്കുകയില്ല, എന്തുകൊണ്ടെന്നാൽ മഹാബാബിലോൻ അവളുടെ ഇരകളോട് ഒരു കരുണയും കാണിച്ചിട്ടില്ല. അവൾ തന്നെത്തന്നെ ‘പുളെപ്പിൽ’ നിലനിർത്തുന്നതിനു ഭൂമിയിലെ ആളുകളെ പിഴിഞ്ഞുകുടിച്ചു. ഇപ്പോൾ അവൾ കഷ്ടപ്പാടും വിലാപവും അനുഭവിക്കും. “ഞാൻ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല” എന്നു വീമ്പിളക്കിക്കൊണ്ട്, താൻ തീർത്തും സുരക്ഷിതമായ ഒരു സ്ഥാനത്താണെന്നു പുരാതനബാബിലോൻ വിചാരിച്ചിരുന്നു. (യെശയ്യാവു 47:8, 9, 11) മഹാബാബിലോനും സുരക്ഷിതത്വം തോന്നുന്നു. എന്നാൽ ‘ശക്തനായ’ യഹോവ വിധിച്ചിരിക്കുന്ന അവളുടെ നാശം “ഒരു ദിവസത്തിൽ” എന്നപോലെ പെട്ടെന്നു സംഭവിക്കും!
[അടിക്കുറിപ്പുകൾ]
a ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
[അധ്യയന ചോദ്യങ്ങൾ]
[263-ാം പേജിലെ ചതുരം]
‘രാജാക്കൻമാർ അവളോടു വേശ്യാസംഗം ചെയ്തു’
യൂറോപ്യൻ വ്യാപാരികൾ 1800-കളുടെ തുടക്കത്തിൽ ചൈനയിലേക്കു വലിയ അളവിൽ കറുപ്പ് ഒളിച്ചുകടത്തുകയായിരുന്നു. ബ്രിട്ടീഷ് വ്യാപാരികളിൽനിന്ന് 20,000 പെട്ടി മയക്കുമരുന്നു പിടിച്ചെടുത്തുകൊണ്ട് 1839 മാർച്ചിൽ ചൈനീസ് അധികാരികൾ ഈ മയക്കുമരുന്നു വ്യാപാരം അവസാനിപ്പിക്കുന്നതിനു ശ്രമിച്ചു. ഇത് ബ്രിട്ടനും ചൈനയും തമ്മിൽ സംഘർഷത്തിലേക്കു നയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധങ്ങൾ വഷളായപ്പോൾ പിൻവരുന്നവപോലുളള പ്രസ്താവനകളോടെ ചില പ്രൊട്ടസ്ററൻറ് മിഷനറിമാർ യുദ്ധം ചെയ്യാൻ ബ്രിട്ടനെ പ്രേരിപ്പിച്ചു:
“ഈ വിഷമസ്ഥിതികൾ എന്റെ ഹൃദയത്തെ എത്ര സന്തോഷിപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ ഇംഗ്ലീഷ് ഗവൺമെൻറ് കുപിതമാകുകയും ക്രിസ്തുവിന്റെ സുവിശേഷം ചൈനയിൽ പ്രവേശിക്കുന്നതു തടയുന്ന പ്രതിബന്ധങ്ങളെ ദൈവം തന്റെ ശക്തി ഉപയോഗിച്ചു തകർക്കുകയും ചെയ്തേക്കാമെന്നു ഞാൻ വിചാരിക്കുന്നു.”—ഹെൻറീററാ ഷൂക്, സതേൺ ബാപ്ററിസ്ററ് മിഷനറി.
ഒടുവിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു—ഇന്ന് കറുപ്പുയുദ്ധം എന്ന് അറിയപ്പെടുന്ന യുദ്ധംതന്നെ. പിൻവരുന്നവപോലുളള അഭിപ്രായപ്രകടനങ്ങളോടെ മിഷനറിമാർ ഹൃദയംഗമമായി ബ്രിട്ടനെ പ്രോത്സാഹിപ്പിച്ചു:
“ഇപ്പോഴത്തെ അവസ്ഥയെ കറുപ്പിന്റെയോ ഇംഗ്ലണ്ടിന്റെയോ കാര്യമായിട്ടല്ല, അതിലേറെ ചൈനയുടെ ബഹിഷ്കരണഭിത്തി തകർത്ത് അവളോടുളള അവന്റെ കരുണാപൂർവകമായ ഉദ്ദേശ്യങ്ങൾ മമനുഷ്യന്റെ ദുഷ്ടതകൊണ്ടു സാധിച്ചെടുക്കാനുളള ദൈവത്തിന്റെ വലിയ ക്രമീകരണമായിട്ടു കാണാൻ ഞാൻ നിർബന്ധിതനാകുന്നു.”—പീററർ പാർക്കർ, കോൺഗ്രിഗേഷനലിസ്ററ് മിഷനറി.
മറെറാരു കോൺഗ്രിഗേഷനലിസ്ററ് മിഷനറിയായ ശമൂവേൽ ഡബ്ലിയു. വില്യംസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “ശ്രദ്ധേയമായ ഒരു വിധത്തിൽ സംഭവിച്ചിട്ടുളള സകലത്തിലും ദൈവത്തിന്റെ കൈ പ്രത്യക്ഷമാണ്, താൻ ഭൂമിയിൽ വാൾ വരുത്താൻ വന്നു എന്നു പറഞ്ഞവൻ ഇവിടെ വന്നിരിക്കുന്നുവെന്നതിനെ നാം സംശയിക്കുന്നില്ല, അതും അവന്റെ ശത്രുക്കളുടെ പെട്ടെന്നുളള നാശത്തിനും അവന്റെ സ്വന്തം രാജ്യം സ്ഥാപിക്കുന്നതിനും തന്നെ. അവൻ സമാധാനപ്രഭുവിനെ അവരോധിക്കുന്നതുവരെ തകിടംമറിച്ചുകൊണ്ടേയിരിക്കും.”
ചൈനീസ് പൗരൻമാരുടെ ഭയങ്കരമായ സംഹാരത്തെക്കുറിച്ച്, മിഷനറിയായ ജെ. ലൂയിസ് ഷൂക് ഇപ്രകാരം എഴുതി: “അത്തരം രംഗങ്ങളെ . . . ദിവ്യസത്യത്തിന്റെ അഭിവൃദ്ധിയെ തടസ്സപ്പെടുത്തുന്ന എല്ലാ ചപ്പുചവറുകളും നീക്കംചെയ്യുന്നതിനുളള കർത്താവിന്റെ പ്രത്യക്ഷമായ ഉപകരണങ്ങൾ ആയി ഞാൻ കണക്കാക്കുന്നു.”
കോൺഗ്രിഗേഷനലിസ്ററ് മിഷനറിയായ എലീജാ സി. ബ്രിഡ്ജ്മാൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “തന്റെ രാജ്യത്തിനു വഴിയൊരുക്കുന്നതിന് ലൗകിക അധികാരിയുടെ ശക്തമായ ആയുധത്തെ ദൈവം മിക്കപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട് . . . ഇത്തരം വലിയ സന്ദർഭങ്ങളിൽ സരണി മനുഷ്യരാണ്; മാർഗനിർദേശക ശക്തി ദിവ്യവും. ചൈനയെ ശിക്ഷിക്കുന്നതിനും എളിമപ്പെടുത്തുന്നതിനും സകല ജനതകളുടെയും ഉയർന്ന ഭരണാധികാരി ഇംഗ്ലണ്ടിനെ ഉപയോഗിച്ചിരിക്കുന്നു.”—ഉദ്ധരണികൾ എടുത്തിരിക്കുന്നതു “ലക്ഷ്യങ്ങളും മാർഗങ്ങളും” 1974-ൽനിന്ന്, ദ മിഷനറി എൻറർപ്രൈസ് ഇൻ ചൈന ആൻഡ് അമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെട്ട സ്ററുവർട്ട് റെയ്ററൻ മില്ലറുടെ ഒരു ഉപന്യാസം (ജോൺ കെ. ഫെയർബാങ്ക് എഡിററുചെയ്ത ഒരു ഹാർവാർഡ് പഠനം).
[264-ാം പേജിലെ ചതുരം]
‘സഞ്ചാരവ്യാപാരികൾ സമ്പന്നരായി’
“1929-നും രണ്ടാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിനും ഇടയ്ക്ക് [ബെർനാഡിനൊ] നൊഗാറ [വത്തിക്കാൻ സാമ്പത്തിക ഭരണാധികാരി] ഇററലിയിലെ സമ്പദ്ഘടനയുടെ വിവിധമണ്ഡലങ്ങളിൽ വത്തിക്കാൻ മൂലധനവും വത്തിക്കാൻ ഏജൻറൻമാരും പ്രവർത്തിക്കാൻ നിയോഗം നൽകി—വിശേഷിച്ച് വൈദ്യുതി, ടെലഫോൺ ആശയവിനിമയം, കടവും ബാങ്കിടപാടും, ചെറിയ റെയിൽപ്പാതകൾ, കാർഷികോപകരണങ്ങളുടെ ഉത്പാദനം, സിമൻറ്, കൃത്രിമ നൂലുകൾ മുതലായവയിൽ. ഈ സംരംഭങ്ങളിൽ പലതിനും ലാഭം കിട്ടി.
“നൊഗാറ ലാ സൊസൈററ ഇററാലിയാന ഡെല്ല വിസ്കോസ, ലാ സൂപ്പർറെറസിലി, ലാ സൊസൈററ മെറിഡിയൊണെയിൽ ഇൻഡസ്ട്രി റെറസിലി, ലാ സിസറയോൺ എന്നിവ ഉൾപ്പെടെ നിരവധി കമ്പനികൾ ഒന്നിച്ചു വിഴുങ്ങി. ഇവ ഒററ കമ്പനിയായി ലയിപ്പിച്ചുകൊണ്ട് അയാൾ അതിന് സിസാ-വിസ്കോസ എന്നു പേരിടുകയും വളരെ വിശ്വസ്തനായ ഒരു വത്തിക്കാൻ പൗരനായ ബാറൺ ഫ്രാൻസെസ്കൊ മറിയാ ഒഡെസ്സൊയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അതിനുശേഷം ഇററലിയിലെ ഏററവും വലിയ നൂലുത്പാദകരായ സ്നിയ-വിസ്കോസ ഈ പുതിയ കമ്പനി ഏറെറടുക്കാൻ നൊഗാറ തന്ത്രപ്രയോഗം നടത്തി. ഒടുവിൽ സ്നിയ-വിസ്കോസയിലുളള വത്തിക്കാന്റെ താത്പര്യം വർധിച്ചു വർധിച്ച് വത്തിക്കാൻ അതിന്റെ നിയന്ത്രണം ഏറെറടുത്തു—ബാറൺ ഒഡാസ്സൊ അനന്തരം അതിന്റെ വൈസ്പ്രസിഡൻറ് ആയിത്തീർന്നു എന്ന വസ്തുതയാൽ സാക്ഷ്യപ്പെടുത്തപ്പെട്ടപ്രകാരം തന്നെ.
“അങ്ങനെ നൊഗാറ നൂൽ വ്യവസായത്തിലേക്കു നുഴഞ്ഞുകയറി. മററു വിധങ്ങളിൽ അയാൾ മററു വ്യവസായങ്ങളിലേക്കും നുഴഞ്ഞുകയറി, എന്തെന്നാൽ നൊഗാറയുടെ കൈവശം പല തന്ത്രങ്ങളുണ്ടായിരുന്നു. ഇററാലിയൻ സമ്പദ്ഘടനക്കു ജീവൻ പകരാൻ . . . ഇററലിയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരു വ്യവസായി ചെയ്തതിലുമധികം . . . നിസ്വാർഥനായ ഈ മനുഷ്യൻ ചെയ്തിരിക്കാനിടയുണ്ട് . . . ബെനിറെറാ മുസ്സോളനിക്ക് അയാൾ സ്വപ്നം കണ്ട ഒരു സാമ്രാജ്യം നേടിയെടുക്കാൻ ഒരിക്കലും കഴിഞ്ഞില്ല, എങ്കിലും അയാൾ വത്തിക്കാനെയും ബെർനാഡിനൊ നൊഗാറയെയും മറെറാരുതരം ആധിപത്യം സ്ഥാപിക്കാൻ പ്രാപ്തമാക്കി.”—ദ വത്തിക്കാൻ എംബയർ നിനൊ ലൊ ബെല്ലൊയാൽ വിരചിതം, പേജ് 71-3.
ഇതു ഭൂമിയിലെ വ്യാപാരികളും മഹാബാബിലോനും തമ്മിലുളള അടുത്ത സഹകരണത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ്. അവരുടെ വ്യാപാര പങ്കാളി ഇല്ലാതെയാകുമ്പോൾ ഈ വ്യാപാരികൾ വിലപിക്കുന്നത് അതിശയമല്ല!
[259-ാം പേജിലെ ചിത്രം]
മനുഷ്യർ മുഴുഭൂമിയിലും വ്യാപിച്ചപ്പോൾ അവർ ബാബിലോന്യമതം അവരോടുകൂടെ കൊണ്ടുപോയി
[261-ാം പേജിലെ ചിത്രം]
ഒരു കാവൽക്കാരനെപ്പോലെ യോഹന്നാൻവർഗം ബാബിലോൻ വീണിരിക്കുന്നതായി ഘോഷിക്കുന്നു
[266-ാം പേജിലെ ചിത്രം]
പുരാതന ബാബിലോന്റെ നാശശിഷ്ടങ്ങൾ മഹാബാബിലോന്റെ വരാൻപോകുന്ന നാശത്തെ സൂചിപ്പിക്കുന്നു