മഹാബാബിലോനെ വധിക്കുന്നു
അധ്യായം 35
മഹാബാബിലോനെ വധിക്കുന്നു
1. ദൂതൻ കടുഞ്ചുവപ്പുളള കാട്ടുമൃഗത്തെ വർണിക്കുന്നതെങ്ങനെ, വെളിപാടിലെ പ്രതീകങ്ങൾ ഗ്രഹിക്കുന്നതിന് ഏതുതരം ജ്ഞാനം ആവശ്യമാണ്?
വെളിപ്പാടു 17:3-ലെ കടുഞ്ചുവപ്പുളള കാട്ടുമൃഗത്തെ കൂടുതലായി വർണിക്കുകയിൽ ദൂതൻ യോഹന്നാനോടു പറയുന്നു: “ഇവിടെ ജ്ഞാനബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കൻമാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മററവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.” (വെളിപ്പാടു 17:9, 10) ദൂതൻ ഇവിടെ ഉയരത്തിൽനിന്നുളള ജ്ഞാനം പകരുകയാണ്, വെളിപാടിലെ പ്രതീകങ്ങളുടെ ഗ്രാഹ്യം നൽകാൻ കഴിയുന്ന ഏകജ്ഞാനം ആണത്. (യാക്കോബ് 3:17) ഈ ജ്ഞാനം യോഹന്നാൻവർഗത്തെയും അതിന്റെ കൂട്ടാളികളെയും നാം ജീവിക്കുന്ന കാലത്തിന്റെ ഗൗരവം സംബന്ധിച്ചു പ്രബുദ്ധരാക്കുന്നു. അത് അർപ്പണബോധമുളള ഹൃദയങ്ങളിൽ, ഇപ്പോൾ നിർവഹിക്കാൻ പോകുന്ന യഹോവയുടെ ന്യായവിധികളോടുളള വിലമതിപ്പു പരിപുഷ്ടിപ്പെടുത്തുകയും യഹോവയോടുളള ആരോഗ്യകരമായ ഒരു ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. സദൃശവാക്യങ്ങൾ 9:10 പ്രസ്താവിക്കുന്നതുപോലെ: “യഹോവാഭക്തി [ഭയം, NW] ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുളള പരിജ്ഞാനം വിവേകവും ആകുന്നു.” ദിവ്യജ്ഞാനം കാട്ടുമൃഗത്തെക്കുറിച്ചു നമുക്ക് എന്താണു വെളിപ്പെടുത്തിത്തരുന്നത്?
2. കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെ ഏഴുതലകളുടെ അർഥം എന്താണ്, “അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു” എന്നത് എങ്ങനെ?
2 ആ നിഷ്ഠൂരമൃഗത്തിന്റെ ഏഴുതലകൾ ഏഴു ‘മലകളെ’, അഥവാ ഏഴു ‘രാജാക്കൻമാരെ’ പ്രതിനിധാനം ചെയ്യുന്നു. രണ്ടു പദങ്ങളും ഭരണാധികാരങ്ങളെ പരാമർശിക്കാൻ തിരുവെഴുത്തുപരമായി ഉപയോഗിച്ചിരിക്കുന്നു. (യിരെമ്യാവു 51:24, 25; ദാനീയേൽ 2:34, 35, 44, 45) ബൈബിളിൽ, ദൈവജനത്തിന്റെ കാര്യാദികളുടെമേൽ ഒരു സ്വാധീനമുണ്ടായിരുന്ന ആറു ലോകശക്തികളെ പരാമർശിച്ചിരിക്കുന്നു: ഈജിപ്ത്, അസീറിയ, ബാബിലോൻ, മേദോ-പേർഷ്യ, ഗ്രീസ്, റോം എന്നിവതന്നെ. ഇവയിൽ അഞ്ചെണ്ണം യോഹന്നാനു വെളിപാട് ലഭിച്ച സമയമായപ്പോഴേക്കും വന്നു പോയിക്കഴിഞ്ഞിരുന്നു, അതേസമയം റോം അപ്പോഴും ഒരു ലോകശക്തിതന്നെ ആയിരുന്നു. “അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു” എന്ന വാക്കുകളോട് ഇതു നന്നായി യോജിക്കുന്നു. എന്നാൽ വരാനിരിക്കുന്ന ‘മററവനെ’ക്കുറിച്ചെന്ത്?
3. (എ) റോമാസാമ്രാജ്യം വിഭജിക്കപ്പെടാൻ ഇടയായതെങ്ങനെ? (ബി) പാശ്ചാത്യരാജ്യത്ത് എന്തു വികാസങ്ങൾ ഉണ്ടായി? (സി) വിശുദ്ധ റോമാസാമ്രാജ്യം വീക്ഷിക്കപ്പെടേണ്ടതെങ്ങനെ?
3 റോമാസാമ്രാജ്യം യോഹന്നാന്റെ നാളിനുശേഷം നൂറുകണക്കിനു വർഷങ്ങളിൽ നിലനിൽക്കുകയും വികസിക്കുകപോലും ചെയ്തു. പൊ.യു. 330-ൽ കോൺസ്ററന്റൈൻ ചക്രവർത്തി റോമിൽനിന്നു ബൈസാൻറിയത്തിലേക്കു തന്റെ തലസ്ഥാനം മാററി, അതിനെ കോൺസ്ററാൻറിനോപ്പിൾ എന്നു പുനർനാമകരണം ചെയ്തു. പൊ.യു. 395-ൽ റോമാസാമ്രാജ്യം പൗരസ്ത്യ പാശ്ചാത്യ ഭാഗങ്ങളായി വിഘടിച്ചു. പൊ.യു. 410-ൽ റോംതന്നെ വിസിഗോഥ്സുകളുടെ (“ക്രിസ്ത്യാനിത്വ”ത്തിന്റെ ആറിയൂസ് വിഭാഗത്തിലേക്കു പരിവർത്തനം ചെയ്ത ഒരു ജർമൻ ഗോത്രം) രാജാവായ അലാറിക്കിനു കീഴടങ്ങി. ജർമൻ ഗോത്രങ്ങൾ (അവരും “ക്രിസ്ത്യാനികൾ”) സ്പെയിനും ഉത്തരാഫ്രിക്കയിലെ റോമൻ പ്രവിശ്യയിലധികവും കീഴടക്കി. യൂറോപ്പിൽ നൂററാണ്ടുകളോളം വിപ്ലവവും അരാജകത്വവും പുനഃക്രമീകരണവും നടന്നു. ലിയോ III-ാമൻ പാപ്പായുമായി 9-ാം നൂററാണ്ടിൽ ഒരു സന്ധിയുണ്ടാക്കിയ കാറൽമാനെയും 13-ാം നൂററാണ്ടിൽ വാഴ്ച നടത്തിയ ഫ്രെഡറിക് II-ാമനെയും പോലുളള ഗണനീയരായ ചക്രവർത്തിമാർ പശ്ചിമരാജ്യത്ത് എഴുന്നേററു. എന്നാൽ, വിശുദ്ധ റോമാസാമ്രാജ്യമെന്നു നാമകരണം ചെയ്തിരുന്നെങ്കിലും അവരുടെ രാജ്യം ആദിമറോമാസാമ്രാജ്യത്തിന്റെ ഔന്നിത്യത്തിൽ ഉണ്ടായിരുന്നതിനെക്കാൾ വളരെ ചെറുതായിരുന്നു. അത് ഒരു പുതിയ സാമ്രാജ്യമായിരിക്കാതെ ഏറെയും ഈ പുരാതന ശക്തിയുടെ ഒരു പുനഃസ്ഥാപനമോ തുടർച്ചയോ ആയിരുന്നു.
4. പൗരസ്ത്യസാമ്രാജ്യത്തിന് എന്തു വിജയം ഉണ്ടായി, എന്നാൽ ഉത്തരാഫ്രിക്കയിലും സ്പെയിനിലും സിറിയയിലുമുളള പുരാതന റോമിന്റെ പ്രവിശ്യയിൽ അധികഭാഗത്തിനും എന്തു സംഭവിച്ചു?
4 കോൺസ്ററാൻറിനോപ്പിൾ കേന്ദ്രീകരിച്ചുളള റോമിന്റെ പൗരസ്ത്യസാമ്രാജ്യം പാശ്ചാത്യ സാമ്രാജ്യത്തോട് അത്ര സുഖകരമല്ലാത്ത ബന്ധം പുലർത്തി നിലനിന്നു. ആറാം നൂററാണ്ടിൽ ജസ്ററീനിയൻ I-ാമൻ എന്ന പൗരസ്ത്യ ചക്രവർത്തിക്ക് ഉത്തരാഫ്രിക്കയിൽ അധികഭാഗവും വീണ്ടും ജയിച്ചടക്കാൻ കഴിഞ്ഞു, അയാൾ സ്പെയിനിലും ഇററലിയിലും കൂടെ പ്രവേശിച്ചു. ഏഴാം നൂററാണ്ടിൽ ജസ്ററീനിയൻ II-ാമൻ സ്ലാവ് ഗോത്രവർഗക്കാർ പിടിച്ചടക്കിയിരുന്ന മക്കദോന്യ പ്രദേശങ്ങൾ സാമ്രാജ്യത്തിലേക്കു വീണ്ടെടുത്തു. എന്നിരുന്നാലും എട്ടാം നൂററാണ്ടായപ്പോഴേക്കും ഉത്തരാഫ്രിക്കയിലെ പുരാതന റോമിന്റെ മുൻപ്രവിശ്യകളിലധികവും സ്പെയിനും സിറിയയും പുതിയ ഇസ്ലാം സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നിരുന്നു, അങ്ങനെ കോൺസ്ററാൻറിനോപ്പിളിന്റെയും റോമിന്റെയും നിയന്ത്രണത്തിൽനിന്നു വിട്ടുപോയി.
5. റോമാനഗരം പൊ.യു. 410-ൽ വീണുപോയെങ്കിലും രാഷ്ട്രീയ റോമാസാമ്രാജ്യത്തിന്റെ സകല കണികയും ലോകരംഗത്തുനിന്നു നീങ്ങിപ്പോകാൻ അനേകം നൂററാണ്ടുകൾകൂടെ എടുത്തതെങ്ങനെ?
5 കോൺസ്ററാൻറിനോപ്പിൾ നഗരംതന്നെ കുറച്ചുകാലം കൂടെ പിടിച്ചുനിന്നു. അതു പേർഷ്യക്കാരിൽനിന്നും അറബികളിൽനിന്നും ബൾഗേറിയക്കാരിൽനിന്നും റഷ്യക്കാരിൽനിന്നുമുളള കൂടെക്കൂടെയുളള ആക്രമണങ്ങളെ അതിജീവിച്ചു, ഒടുവിൽ മുസ്ലീമുകൾക്കല്ല പിന്നെയോ പടിഞ്ഞാറുനിന്നുളള കുരിശുയുദ്ധക്കാരുടെ മുമ്പിൽ അത് 1203-ൽ പരാജയപ്പെട്ടു. എങ്കിലും, അത് 1453-ൽ മുസ്ലീം ഓട്ടോമൻ ഭരണാധികാരിയായ മെഹ്മദ് II-ാമന്റെ അധികാരത്തിൻകീഴിൽ വരുകയും പെട്ടെന്നുതന്നെ ടർക്കിയുടെ അഥവാ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീരുകയും ചെയ്തു. അങ്ങനെ, റോമാനഗരം പൊ.യു. 410-ൽ വീണുപോയെങ്കിലും രാഷ്ട്രീയ റോമാസാമ്രാജ്യത്തിന്റെ സകല കണികയും ലോകരംഗത്തുനിന്നു നീങ്ങിപ്പോകാൻ അനേകം നൂററാണ്ടുകൾ കൂടെ എടുത്തു. അപ്പോൾപോലും റോമിലെ പാപ്പാധിപത്യത്തിലും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലും അടിസ്ഥാനപ്പെട്ട മതസാമ്രാജ്യങ്ങളിൽ അതിന്റെ സ്വാധീനം അപ്പോഴും ദൃശ്യമായിരുന്നു.
6. ഏതു പുതുപുത്തൻ സാമ്രാജ്യങ്ങൾ വികാസം പ്രാപിച്ചു, അതിൽ ഏററവും വിജയിച്ചത് ഏത്?
6 എന്നിരുന്നാലും 15-ാം നൂററാണ്ടായപ്പോഴേക്കും ചില രാജ്യങ്ങൾ പുതുപുത്തൻ സാമ്രാജ്യങ്ങൾ പടുത്തുയർത്തുകയായിരുന്നു. ഈ പുതിയ സാമ്രാജ്യശക്തികളിൽ ചിലതു റോമിന്റെ മുൻകോളനിപ്രദേശത്താണു കാണപ്പെട്ടതെങ്കിലും അവരുടെ സാമ്രാജ്യങ്ങൾ റോമാസാമ്രാജ്യത്തിന്റെ വെറും തുടർച്ചയല്ലായിരുന്നു. പോർച്ചുഗലും സ്പെയിനും ഫ്രാൻസും ഹോളണ്ടും എല്ലാം വിദൂരസ്ഥിത സാമ്രാജ്യങ്ങളുടെ ആസ്ഥാനങ്ങളായിത്തീർന്നു. എന്നാൽ ഏററവും വിജയിച്ചതു ബ്രിട്ടനായിരുന്നു, അത് ‘സൂര്യൻ അസ്തമിക്കാത്ത’ ഒരു ബൃഹത്തായ സാമ്രാജ്യത്തിന്റെമേൽ ആധിപത്യം നടത്തുന്നതായിത്തീർന്നു. ഈ സാമ്രാജ്യം വിവിധകാലങ്ങളിൽ വടക്കേ അമേരിക്കയുടെ അധികഭാഗത്തേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും ദക്ഷിണ പസഫിക്ക് പ്രദേശത്തേക്കും വ്യാപിച്ചു.
7. ഒരുതരം ദ്വിലോകശക്തി അസ്തിത്വത്തിൽ വന്നതെങ്ങനെ, ഏഴാമത്തെ ‘തല’ അഥവാ ലോകശക്തി എത്ര കാലം തുടരുമെന്ന് യോഹന്നാൻ പറഞ്ഞു?
7 വടക്കേ അമേരിക്കയിലെ ചില കോളനികൾ 19-ാം നൂററാണ്ടായപ്പോഴേക്കും സ്വതന്ത്ര അമേരിക്കൻ ഐക്യനാടുകൾ സ്ഥാപിക്കാൻ ബ്രിട്ടനിൽനിന്നു പിരിഞ്ഞുപോയിരുന്നു. രാഷ്ട്രീയമായി പുതിയ ജനതയും മാതൃരാജ്യവും തമ്മിൽ കുറെ സംഘർഷം തുടർന്നു. എന്നുവരികിലും, ഒന്നാം ലോകമഹായുദ്ധം അവരുടെ പൊതുതാത്പര്യങ്ങൾ തിരിച്ചറിയാനും അവർ തമ്മിൽ ഒരു പ്രത്യേകബന്ധം അരക്കിട്ടുറപ്പിക്കാനും ഇരു രാജ്യങ്ങളെയും നിർബന്ധിതരാക്കി. അങ്ങനെ, ഇപ്പോൾ ലോകത്തിലെ ഏററവും സമ്പന്നശക്തിയായ അമേരിക്കൻ ഐക്യനാടുകളും ലോകത്തിലെ ഏററവും വിസ്തൃതമായ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഗ്രേററ് ബ്രിട്ടനും കൂടിച്ചേർന്ന് ഒരു ദ്വിലോകശക്തി അസ്തിത്വത്തിൽ വന്നു. അപ്പോൾ, യഹോവയുടെ ആധുനികകാല സാക്ഷികൾ ആദ്യം പ്രവർത്തിച്ചുതുടങ്ങിയ പ്രദേശങ്ങളിലും അന്ത്യകാലം വരെയും തുടരുന്ന ലോകശക്തി അഥവാ ഏഴാമത്തെ ‘തല’ ഇതാണ്. ആറാമത്തെ തലയുടെ ദീർഘവാഴ്ചയോടു താരതമ്യപ്പെടുത്തുമ്പോൾ ഏഴാമത്തേതു ദൈവരാജ്യം എല്ലാ ദേശീയ അസ്തിത്വങ്ങളെയും നശിപ്പിക്കുന്നതുവരെ “കുറഞ്ഞോന്നു” നിൽക്കുന്നു.
എട്ടാമത്തെ രാജാവ് എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
8, 9. കടുഞ്ചുവപ്പുളള പ്രതീകാത്മക കാട്ടുമൃഗത്തെ ദൂതൻ എന്തു വിളിക്കുന്നു, അത് എഴുവരിൽനിന്ന് ഉത്ഭവിക്കുന്നത് ഏതു വിധത്തിൽ?
8 ദൂതൻ തുടർന്നു യോഹന്നാനു വിശദീകരിച്ചുകൊടുക്കുന്നു: “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം, അതുതന്നെ എട്ടാമത്തെ ഒരു രാജാവും ആകുന്നു, എന്നാൽ എഴുവരിൽനിന്ന് ഉത്ഭവിക്കുന്നു, അതു നാശത്തിലേക്കു പോകുകയും ചെയ്യുന്നു.” (വെളിപാട് 17:11, NW) കടുഞ്ചുവപ്പുളള പ്രതീകാത്മക കാട്ടുമൃഗം ഏഴുതലകളിൽനിന്ന് “ഉത്ഭവിക്കുന്നു”; അതായതു കടുഞ്ചുവപ്പുളള കാട്ടുമൃഗം എന്തിന്റെ ഒരു പ്രതിമയായിരിക്കുന്നുവോ ആ ‘സമുദ്രത്തിൽനിന്നുളള’ ആദിമ ‘കാട്ടുമൃഗ’ത്തിന്റെ തലകളോട് അതിന്റെ അസ്തിത്വത്തിന് അതു കടപ്പെട്ടിരിക്കുന്നു അഥവാ അതിൽനിന്നു ജനിക്കുന്നു. ഏതു വിധത്തിൽ? കൊളളാം, 1919-ൽ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയായിരുന്നു ഉയർന്നുനിന്ന തല. ആറു മുൻതലകൾ വീണുപോയിരുന്നു, പ്രബലമായ ലോകശക്തിയുടെ സ്ഥാനം ഈ ഇരട്ടത്തലക്കു കൈമാറുകയും ഇപ്പോൾ അതിൽ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ലോകശക്തികളുടെ പരമ്പരയിൽ നിലവിലുളള പ്രതിനിധിയായ ഈ ഏഴാമത്തെ തല സർവരാജ്യസഖ്യം സ്ഥാപിക്കുന്നതിൽ പ്രേരകശക്തിയായിരുന്നു, അത് ഇപ്പോഴും ഐക്യരാഷ്ട്രങ്ങളുടെ പ്രമുഖ രക്ഷാധികാരിയും സാമ്പത്തിക താങ്ങും ആണ്. അങ്ങനെ, പ്രതിരൂപത്തിൽ, കടുഞ്ചുവപ്പുളള കാട്ടുമൃഗം—എട്ടാമത്തെ രാജാവ്—ഏഴ് ആദിമ തലകളിൽനിന്ന് “ഉത്ഭവിക്കുന്നു.” ഈ വിധത്തിൽ വീക്ഷിക്കുമ്പോൾ, അത് എഴുവരിൽനിന്ന് ഉത്ഭവിച്ചുവെന്ന പ്രസ്താവന മുൻ വെളിപാടിനോട്, ഒരു കുഞ്ഞാടിനുളളതുപോലെ രണ്ടുകൊമ്പുളള കാട്ടുമൃഗം (ആദിമ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായ ആംഗ്ലോ-അമേരിക്കൻ ലോകശക്തി) പ്രതിമയുടെ നിർമാണത്തിനു പ്രേരിപ്പിക്കുകയും അതിനു ജീവൻ നൽകുകയും ചെയ്തു എന്നതിനോട്, നന്നായി യോജിക്കുന്നു.—വെളിപ്പാടു 13:1, 11, 14, 15.
9 അതിനുപുറമേ, സർവരാജ്യസഖ്യത്തിന്റെ ആദിമ അംഗങ്ങളിൽ ഗ്രേററ് ബ്രിട്ടനോടൊപ്പം, ചില മുൻതലകളുടെ ആസ്ഥാനങ്ങളിൽ ഭരണം നടത്തിയ ഗവൺമെൻറുകൾ, അതായത് ഗ്രീസും ഇറാനും (പേർഷ്യ) ഇററലിയും (റോം) ഉൾപ്പെട്ടു. ഒടുവിൽ, ആറു മുൻ ലോകശക്തികൾ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിൽ ഭരിക്കുന്ന ഗവൺമെൻറുകൾ കാട്ടുമൃഗത്തിന്റെ പ്രതിമയെ പിന്തുണക്കുന്ന അംഗങ്ങൾ ആയിത്തീർന്നു. ഈ അർഥത്തിലും ഈ കടുഞ്ചുവപ്പുളള കാട്ടുമൃഗം ഏഴു ലോകശക്തികളിൽനിന്ന് ഉത്ഭവിച്ചുവെന്നു പറയാൻ കഴിയും.
10. (എ) കടുഞ്ചുവപ്പുളള കാട്ടുമൃഗം ‘അതുതന്നെ എട്ടാമത്തെ ഒരു രാജാവാണ്’ എന്നു പറയാൻ കഴിയുന്നത് എങ്ങനെ? (ബി) ഒരു സോവിയററ് നേതാവ് ഐക്യരാഷ്ട്രങ്ങൾക്കുളള പിന്തുണ പ്രകടമാക്കിയതെങ്ങനെ?
10 കടുഞ്ചുവപ്പുളള കാട്ടുമൃഗം “അതുതന്നെ എട്ടാമത്തെ ഒരു രാജാവും ആകുന്നു” എന്നതു കുറിക്കൊളളുക. അങ്ങനെ ഇന്ന് ഐക്യരാഷ്ട്രങ്ങൾ ഒരു ലോകഗവൺമെൻറിനെപ്പോലെ തോന്നത്തക്കവണ്ണം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. കൊറിയയിലും സീനായ് ഉപദ്വീപിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ലബനനിലും പോലെ അന്തർദേശീയ തർക്കങ്ങൾ പരിഹരിക്കുന്നതിനു പോർക്കളത്തിലേക്കു സേനകളെ അയച്ചുകൊണ്ടു ചിലപ്പോൾ അത് അങ്ങനെയൊന്നുപോലെ പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അത് ഒരു രാജാവിന്റെ പ്രതിമ മാത്രമാണ്. ഒരു മതപ്രതിമയെപ്പോലെ, അതിനെ അസ്തിത്വത്തിലേക്കു കൊണ്ടുവന്നവരും അതിനെ ആരാധിക്കുന്നവരും അണിയിച്ചിട്ടല്ലാതെ അതിന് യഥാർഥ ശക്തിയോ സ്വാധീനമോ ഇല്ല. ചില സന്ദർഭങ്ങളിൽ ഈ പ്രതീകാത്മക കാട്ടുമൃഗം ദുർബലമായി കാണപ്പെടുന്നു; എന്നാൽ സർവരാജ്യസഖ്യത്തെ അഗാധത്തിലേക്കു ചുഴററിയെറിഞ്ഞ സ്വേച്ഛാധികാര-മനസ്ഥിതിക്കാരായ അംഗങ്ങളുടേതുപോലുളള സമ്പൂർണ പരിത്യജനം അത് ഒരിക്കലും അനുഭവിച്ചിട്ടില്ല. (വെളിപ്പാടു 17:8) മററു മണ്ഡലങ്ങളിൽ അടിസ്ഥാനപരമായി ഭിന്ന ആശയഗതികൾ വെച്ചുപുലർത്തുന്നെങ്കിലും 1987-ൽ ഒരു പ്രമുഖ സോവിയററ് നേതാവ് യുഎൻ-നു പിന്തുണ പ്രഖ്യാപിക്കുന്നതിൽ റോമിലെ പാപ്പാമാരോടു പങ്കുചേർന്നു. അദ്ദേഹം യുഎൻ അടിസ്ഥാനമാക്കിയുളള “സാർവദേശീയ സുരക്ഷിതത്വത്തിന്റെ ഒരു സമഗ്ര പദ്ധതി”ക്കുവേണ്ടി അഭ്യർഥിക്കുകപോലും ചെയ്തു. യോഹന്നാൻ പെട്ടെന്നുതന്നെ മനസ്സിലാക്കുന്നതുപോലെ ഗണ്യമായ അധികാരത്തോടെ യുഎൻ പ്രവർത്തിക്കുന്ന കാലം വരും. അതിനുശേഷം അത്, അതിന്റെ ക്രമത്തിൽ “നാശത്തിലേക്കു പോകുകയും ചെയ്യുന്നു.”
പത്തു രാജാക്കൻമാർ ഒരു നാഴിക നേരത്തേക്ക്
11. കടുഞ്ചുവപ്പുളള പ്രതീകാത്മക കാട്ടുമൃഗത്തിന്റെ പത്തുകൊമ്പുകളെക്കുറിച്ച് യഹോവയുടെ ദൂതൻ എന്തു പറയുന്നു?
11 വെളിപാടിന്റെ മുൻ അധ്യായത്തിൽ ആറാമത്തെയും ഏഴാമത്തെയും ദൂതൻമാർ ദൈവകോപത്തിന്റെ കലശങ്ങൾ ഒഴിച്ചു. അങ്ങനെ, ഭൂമിയിലെ രാജാക്കൻമാർ അർമഗെദോനിലെ ദൈവത്തിന്റെ യുദ്ധത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നതായും ‘മഹാബാബിലോൻ ദൈവസന്നിധിയിൽ ഓർക്കപ്പെടുന്നതായും’ നമ്മെ അറിയിക്കുകയുണ്ടായി. (വെളിപ്പാടു 16:1, 14, 19) ഇവയുടെ മേലുളള ദൈവത്തിന്റെ ന്യായവിധികൾ എങ്ങനെ നടപ്പാക്കപ്പെടുമെന്ന് ഇപ്പോൾ നാം കൂടുതൽ വിശദമായി മനസ്സിലാക്കും. യഹോവയുടെ ദൂതൻ യോഹന്നാനോടു സംസാരിക്കുമ്പോൾ വീണ്ടും ശ്രദ്ധിക്കുക: “നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കൻമാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കൻമാരെപ്പോലെ അധികാരം പ്രാപിക്കുംതാനും. ഇവർ ഒരേ അഭിപ്രായമുളളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു ഏല്പിച്ചുകൊടുക്കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുളള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.”—വെളിപ്പാടു 17:12-14.
12. (എ) പത്തുകൊമ്പുകൾ എന്തിനെ ചിത്രീകരിക്കുന്നു? (ബി) പ്രതീകാത്മക പത്തുകൊമ്പുകൾ ‘ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്തത്’ എങ്ങനെ? (സി) പ്രതീകാത്മക പത്തുകൊമ്പുകൾക്ക് ഇപ്പോൾ “രാജത്വം” ഉളളതെങ്ങനെ, അത് എത്ര കാലത്തേക്ക്?
12 പത്തുകൊമ്പുകൾ ലോകത്ത് ഇപ്പോൾ ഭരിക്കുന്നതും കാട്ടുമൃഗത്തിന്റെ പ്രതിമയെ പിന്താങ്ങുന്നതുമായ എല്ലാ രാഷ്ട്രീയ ശക്തികളെയും ചിത്രീകരിക്കുന്നു. ഇന്നു സ്ഥിതിചെയ്യുന്ന അപൂർവം രാജ്യങ്ങളെ യോഹന്നാന്റെ നാളിൽ അറിയപ്പെട്ടിരുന്നുളളൂ. ഈജിപ്തും പേർഷ്യയും (ഇറാൻ) പോലെ അന്നുണ്ടായിരുന്നവയ്ക്ക്, ഇന്നു തികച്ചും വിഭിന്നമായ ഒരു രാഷ്ട്രീയ സംവിധാനമാണുളളത്. അതുകൊണ്ട്, ഒന്നാം നൂററാണ്ടിൽ ‘പത്തുകൊമ്പുകൾ ഇതുവരെ രാജത്വം പ്രാപിച്ചിരുന്നില്ല.’ എന്നാൽ ഇന്നു കർത്താവിന്റെ ദിവസത്തിൽ അവയ്ക്കു “രാജത്വം” അഥവാ രാഷ്ട്രീയ അധികാരം ഉണ്ട്. വിശേഷിച്ചും രണ്ടാം ലോകമഹായുദ്ധാനന്തരം വലിയ അധിനിവേശ സാമ്രാജ്യങ്ങൾ തകർന്നതോടെ അനേകം പുതിയ ജനതകൾ ജനിച്ചിരിക്കുന്നു. ഇവയും ദീർഘകാലമായി ഉറച്ചുനിൽക്കുന്ന ശക്തികളും ഒരു ചുരുങ്ങിയ കാലത്തേക്ക്—“ഒരു നാഴിക നേരത്തേക്കു” മാത്രം—അർമഗെദോനിൽ യഹോവ ലോകത്തിലെ സകല രാഷ്ട്രീയ അധികാരത്തിനും ഒരു അന്തം കൈവരുത്തുന്നതിനു മുമ്പു മൃഗത്തോടൊന്നിച്ചു ഭരണം നടത്തേണ്ടിയിരിക്കുന്നു.
13. പത്തുകൊമ്പുകൾക്ക് ‘ഒരേ അഭിപ്രായം’ ഉളളത് ഏതു വിധത്തിൽ, കുഞ്ഞാടിനോടുളള ഏതു മനോഭാവത്തിന് ഇത് ഉറപ്പുവരുത്തുന്നു?
13 ഇന്ന് ഈ പത്തുകൊമ്പുകളെ പ്രേരിപ്പിക്കുന്ന ശക്തമായ സ്വാധീനശക്തികളിൽ ഒന്നു ദേശീയത്വമാണ്. ദൈവരാജ്യത്തെ സ്വീകരിക്കുന്നതിനു പകരം തങ്ങളുടെ ദേശീയ പരമാധികാരം കാത്തുസൂക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നതിൽ അവർക്ക് ‘ഒരേ അഭിപ്രായം’ ആണുളളത്. സർവരാജ്യസഖ്യത്തെയും ഐക്യരാഷ്ട്ര സംഘടനയെയും പിന്താങ്ങുന്നതിലുളള അവരുടെ ഒന്നാമത്തെ ഉദ്ദേശ്യം ഇതായിരുന്നു—ലോകസമാധാനം കാത്തുസൂക്ഷിക്കുകയും അങ്ങനെ തങ്ങളുടെ സ്വന്തം അസ്തിത്വം നിലനിർത്തുകയും ചെയ്യുക. “കർത്താധികർത്താവും രാജാധിരാജാവും” ആയ കുഞ്ഞാടിനെ കൊമ്പുകൾ എതിർക്കുമെന്ന് അത്തരം ഒരു മനോഭാവം ഉറപ്പുനൽകുന്നു, എന്തുകൊണ്ടെന്നാൽ യേശുക്രിസ്തുവിന്റെ കീഴിലുളള തന്റെ രാജത്വം ഈ രാജത്വങ്ങളെ ഒക്കെയും നീക്കം ചെയ്തു തൽസ്ഥാനത്തു വരാൻ യഹോവ ഉദ്ദേശിച്ചിരിക്കുന്നു.—ദാനീയേൽ 7:13, 14; മത്തായി 24:30; 25:31-33, 46.
14. ലോകത്തിലെ ഭരണാധികാരികൾക്കു കുഞ്ഞാടിനോടു പോരാടാൻ കഴിയുന്നതെങ്ങനെ, അനന്തരഫലം എന്തായിരിക്കും?
14 ഈ ലോകത്തിലെ ഭരണാധികാരികൾക്ക് യേശുവിനെതിരായി ഒന്നുംതന്നെ ചെയ്യാൻ കഴിയുകയില്ലെന്നുളളതു വാസ്തവമാണ്. അവൻ അവരുടെ എത്തുപാടിൽനിന്നു വളരെ അകലെ സ്വർഗത്തിലാണ്. എന്നാൽ സ്ത്രീയുടെ സന്തതിയിൽ ശേഷിക്കുന്നവരായ യേശുവിന്റെ സഹോദരൻമാർ ഇപ്പോഴും ഭൂമിയിലുണ്ട്, പ്രത്യക്ഷത്തിൽ ആക്രമിക്കപ്പെടാവുന്നവരുമാണ്. (വെളിപ്പാടു 12:17) പല കൊമ്പുകളും അവർക്കെതിരെ രൂക്ഷമായ ശത്രുത ഇതിനകംതന്നെ പ്രകടമാക്കിയിട്ടുണ്ട്, ഈ വിധത്തിൽ അവർ കുഞ്ഞാടിനെതിരെ പോരാടിയിരിക്കുന്നു. (മത്തായി 25:40, 45) എങ്കിലും, ദൈവരാജ്യം “ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പി”ക്കാനുളള സമയം വേഗം വരും. (ദാനീയേൽ 2:44) അപ്പോൾ, നാം പെട്ടെന്നുതന്നെ കാണാൻ പോകുന്നതുപോലെ, ഭൂമിയിലെ രാജാക്കൻമാർ അവസാനത്തോളം കുഞ്ഞാടിനോടുളള ഒരു പോരാട്ടത്തിൽ ഉൾപ്പെടും. (വെളിപ്പാടു 19:11-21) എന്നാൽ ജനതകൾ വിജയിക്കുകയില്ലെന്നു തിരിച്ചറിയാൻ വേണ്ടുവോളം കാര്യങ്ങൾ നാം ഇവിടെ പഠിക്കുന്നു. അവർക്കും കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിനും അവരുടെ ‘ഒരേ അഭിപ്രായം’ ഉണ്ടെങ്കിലും അവർക്കു വലിയ ‘കർത്താധികർത്താവിനെയും രാജാധിരാജാവിനെയും’ പരാജയപ്പെടുത്താൻ കഴിയില്ല, ഇപ്പോഴും ഭൂമിയിലുളള അവന്റെ അഭിഷിക്ത അനുഗാമികൾ ഉൾപ്പെടുന്ന “തന്നോടുകൂടെയുളള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായ”വരെയും അവർക്കു പരാജയപ്പെടുത്താൻ കഴിയില്ല. സാത്താന്റെ ഹീനമായ ആരോപണങ്ങൾക്കുളള ഉത്തരമായി നിർമലത പാലിച്ചുകൊണ്ട് ഇവരും വിജയം വരിച്ചിരിക്കും.—റോമർ 8:37-39; വെളിപ്പാടു 12:10, 11.
വേശ്യയെ ശൂന്യമാക്കുന്നു
15. വേശ്യയെക്കുറിച്ചും അവളോടുളള പത്തുകൊമ്പുകളുടെയും കാട്ടുമൃഗത്തിന്റെയും മനോഭാവവും പെരുമാററവും സംബന്ധിച്ചും ദൂതൻ എന്തു പറയുന്നു?
15 പത്തുകൊമ്പുകളുടെ ശത്രുതാലക്ഷ്യങ്ങൾ ദൈവജനം മാത്രമല്ല. ദൂതൻ ഇപ്പോൾ യോഹന്നാന്റെ ശ്രദ്ധ വീണ്ടും വേശ്യയിലേക്കു തിരിക്കുന്നു: “പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെളളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കുകയും ചെയ്യും.”—വെളിപ്പാടു 17:15, 16.
16. രാഷ്ട്രീയ ഗവൺമെൻറുകൾ മഹാബാബിലോനെതിരെ തിരിയുമ്പോൾ സംരക്ഷണാത്മക പിന്തുണക്കായി അവളുടെ വെളളങ്ങളിൽ ആശ്രയിക്കാൻ അവൾക്കു കഴിയില്ലാത്തതെന്തുകൊണ്ട്?
16 പുരാതന ബാബിലോൻ അവളുടെ ജലപ്രതിരോധത്തിൽ ആശ്രയിച്ചതുപോലെ, ഇന്നു മഹാബാബിലോൻ “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” ആകുന്ന അവളുടെ വമ്പിച്ച അംഗസംഖ്യയിൽ ആശ്രയിക്കുന്നു. ഈ ഭൂമിയിലെ രാഷ്ട്രീയ ഗവൺമെൻറുകൾ മഹാബാബിലോനെതിരെ അക്രമാസക്തമായി തിരിയും എന്ന ഞെട്ടിക്കുന്ന ഒരു വികാസത്തെക്കുറിച്ചു പറയുന്നതിനു മുമ്പു ദൂതൻ ഉചിതമായും ഇവരിലേക്കു നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. അപ്പോൾ ആ “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” എല്ലാം എന്തു ചെയ്യും? യൂഫ്രട്ടീസ് നദിയിലെ വെളളം വററിപ്പോകുമെന്നു ദൈവജനം മഹാബാബിലോന് ഇപ്പോൾതന്നെ മുന്നറിയിപ്പു കൊടുത്തുകൊണ്ടിരിക്കുകയാണ്. (വെളിപ്പാടു 16:12) ആ വെളളങ്ങൾ ഒടുവിൽ പൂർണമായി ഒഴുകിപ്പോകും. പഴയ മ്ലേച്ഛവേശ്യക്ക് അവളുടെ ഏററവും വലിയ അവശ്യഘട്ടത്തിൽ ഫലകരമായ എന്തെങ്കിലും പിന്തുണ നൽകാൻ അവർക്കു കഴിയുകയില്ല.—യെശയ്യാവു 44:27; യിരെമ്യാവു 50:38; 51:36, 37.
17. (എ) മഹാബാബിലോന്റെ സമ്പത്ത് അവളെ രക്ഷിക്കുകയില്ലാത്തതെന്തുകൊണ്ട്? (ബി) മഹാബാബിലോന്റെ അവസാനം ഒട്ടും അന്തസ്സില്ലാത്തതായിരിക്കുന്നത് എങ്ങനെ? (സി) പത്തുകൊമ്പുകൾ അഥവാ ഒററയൊററയായ ജനതകൾക്കു പുറമേ മഹാബാബിലോനെതിരെയുളള ക്രോധപ്രകടനത്തിൽ മറെറന്തും പങ്കുചേരുന്നു?
17 തീർച്ചയായും മഹാബാബിലോന്റെ കണക്കില്ലാത്ത സമ്പത്ത് അവളെ രക്ഷിക്കുകയില്ല. അത് അവളുടെ നാശത്തെ ത്വരിതപ്പെടുത്തുകപോലും ചെയ്തേക്കാം, എന്തെന്നാൽ കാട്ടുമൃഗവും പത്തുകൊമ്പുകളും അവളുടെമേൽ അവരുടെ വിദ്വേഷം ചൊരിയുമ്പോൾ അവർ അവളുടെ രാജകീയ അങ്കികളും അവളുടെ ആഭരണങ്ങളും ഉരിഞ്ഞുകളയുമെന്നു ദർശനം പ്രകടമാക്കുന്നു. അവർ അവളുടെ സമ്പത്തു കൊളളയടിക്കും. അവർ അവളുടെ യഥാർഥ സ്വഭാവം ലജ്ജാകരമായി തുറന്നുകാട്ടിക്കൊണ്ടു ‘അവളെ നഗ്നയാക്കുന്നു.’ എന്തൊരു ശൂന്യമാക്കൽ! അവളുടെ അവസാനവും ഒട്ടുംതന്നെ അന്തസ്സുളളതല്ല. അവർ അവളെ നശിപ്പിക്കുന്നു, അവളെ ഒരു നിർജീവ അസ്ഥിപഞ്ജരമാക്കിക്കൊണ്ട് ‘അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുന്നു.’ ഒടുവിൽ, അവർ “അവളെ തീകൊണ്ടു ദഹിപ്പിക്കുകയും” ചെയ്യുന്നു. മാന്യമായ ഒരു ശവസംസ്കാരം പോലും കൊടുക്കാതെ ഒരു പകർച്ചവ്യാധിയുടെ വാഹകയെപ്പോലെ അവൾ ദഹിപ്പിക്കപ്പെടുന്നു! മഹാവേശ്യയെ നശിപ്പിക്കുന്നതു പത്തുകൊമ്പുകളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ജനതകൾ ഒററക്കല്ല, പിന്നെയോ കാട്ടുമൃഗമാകുന്ന യുഎൻ തന്നെയും ഈ ക്രോധാവേശത്തിൽ അവരോടു പങ്കുചേരുന്നു. വ്യാജമതത്തിന്റെ നാശത്തിന് അത് അനുമതി നൽകും. യുഎന്നിലെ 175-ലധികം അംഗരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും അവരുടെ വോട്ടിങ് രീതിയാൽ മതത്തോടുളള, വിശേഷിച്ചു ക്രൈസ്തവലോകത്തോടുളള അവരുടെ ശത്രുത ഇപ്പോൾതന്നെ പ്രകടമാക്കിയിട്ടുണ്ട്.
18. (എ) ജനതകൾ ബാബിലോന്യ മതത്തിനെതിരെ തിരിയാനുളള ഏതു സാധ്യത ഇപ്പോൾതന്നെ കണ്ടുകഴിഞ്ഞിരിക്കുന്നു? (ബി) മഹാവേശ്യയുടെ നേർക്കു പൂർണശക്തിയോടെയുളള ഈ ആക്രമണത്തിന്റെ അടിസ്ഥാന കാരണം എന്തായിരിക്കും?
18 ജനതകൾ അവരുടെ മുൻ കാമുകിയോട് അത്ര ക്രോധപൂർവം പെരുമാറുന്നത് എന്തുകൊണ്ടായിരിക്കും? ഈയിടെയുളള ചരിത്രത്തിൽ ബാബിലോന്യമതത്തിന് എതിരായി അത്തരം ഒരു തിരിയലിനുളള സാധ്യത നാം കണ്ടിരിക്കുന്നു. ഗവൺമെൻറിന്റെ ഔദ്യോഗിക എതിർപ്പു മുൻ സോവിയററ് യൂണിയനും ചൈനയും പോലുളള രാജ്യങ്ങളിൽ മതത്തിന്റെ സ്വാധീനം വമ്പിച്ചയളവിൽ കുറച്ചിരിക്കുന്നു. യൂറോപ്പിലെ പ്രൊട്ടസ്ററൻറു മേഖലകളിൽ വ്യാപകമായ ഉദാസീനതയും സംശയവും പളളികളെ ശൂന്യമാക്കിയിരിക്കുന്നു, തന്നിമിത്തം മതം അനുഭവത്തിൽ മരിച്ച അവസ്ഥയിലാണ്. വിസ്തൃതമായ കത്തോലിക്കാ സാമ്രാജ്യം മത്സരത്താലും യോജിപ്പില്ലായ്മയാലും ഛിന്നഭിന്നമായിരിക്കുകയാണ്, ചുററി സഞ്ചരിക്കുന്ന പാപ്പാക്ക് അതു ശാന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, മഹാബാബിലോന്റെമേൽ പൂർണശക്തിയോടെയുളള ഈ അന്തിമ ആക്രമണം മഹാവേശ്യയുടെമേലുളള ദൈവത്തിന്റെ മാററമില്ലാത്ത ന്യായവിധിയുടെ പ്രകടനമെന്നനിലയിൽ വരുന്നു എന്ന വസ്തുത സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടു നാം നഷ്ടപ്പെടുത്തരുത്.
ദൈവത്തിന്റെ ചിന്ത നടപ്പാക്കുന്നു
19. (എ) മഹാവേശ്യക്കെതിരെയുളള യഹോവയുടെ ന്യായവിധിനിർവഹണം പൊ.യു.മു. 607-ൽ വിശ്വാസത്യാഗം ഭവിച്ച യെരുശലേമിൻമേലുളള അവന്റെ ന്യായവിധിയാൽ ദൃഷ്ടാന്തീകരിക്കാൻ കഴിയുന്നതെങ്ങനെ? (ബി) പൊ.യു.മു. 607-നു ശേഷമുളള യെരുശലേമിന്റെ ശൂന്യവും നിവാസികളില്ലാത്തതുമായ അവസ്ഥ നമ്മുടെ നാളിലേക്ക് എന്തു മുൻനിഴലാക്കി?
19 യഹോവ ഈ ന്യായവിധി നടപ്പാക്കുന്നത് എങ്ങനെ? വിശ്വാസത്യാഗം ഭവിച്ച പുരാതനകാലത്തെ തന്റെ ജനത്തിനെതിരെയുളള യഹോവയുടെ നടപടിയാൽ ഇതു ദൃഷ്ടാന്തീകരിക്കാവുന്നതാണ്. അവരെക്കുറിച്ച് അവൻ പറഞ്ഞു: “യെരൂശലേമിലെ പ്രവാചകൻമാരിലോ ഞാൻ അതിഭയങ്കരമായുളളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു.” (യിരെമ്യാവു 23:14) പൊ.യു.മു. 607-ൽ, ആത്മീയമായി വ്യഭിചാരസ്വഭാവമുളള ആ നഗരത്തിന്റെ ‘വസ്ത്രം ഉരിഞ്ഞ് മനോഹരവസ്തുക്കൾ എടുക്കുന്നതിനും നഗ്നയും അനാവൃതയും ആക്കിവിടുന്നതിനും’ യഹോവ നെബുഖദ്നേസറിനെ ഉപയോഗിച്ചു. (യെഹെസ്കേൽ 23:4, 26, 29) അക്കാലത്തെ യെരുശലേം ഇന്നത്തെ ക്രൈസ്തവലോകത്തിന്റെ ഒരു മാതൃകയായിരുന്നു, യോഹന്നാൻ മുൻ ദർശനങ്ങളിൽ കണ്ടതുപോലെ യഹോവ ക്രൈസ്തവലോകത്തിനും ശേഷിച്ച വ്യാജമതത്തിനും സമാനമായ ഒരു ശിക്ഷ നടപ്പാക്കും. പൊ.യു.മു. 607-നു ശേഷമുളള ശൂന്യവും നിവാസികളില്ലാത്തതുമായ യെരുശലേമിന്റെ അവസ്ഥ, ധനം ഉരിഞ്ഞുകളഞ്ഞു ലജ്ജാകരമായി അനാവൃതമാക്കിയശേഷം മത ക്രൈസ്തവലോകം എങ്ങനെയിരിക്കുമെന്നു പ്രകടമാക്കുന്നു. മഹാബാബിലോന്റെ ശേഷിച്ച ഭാഗവും അതിലും മെച്ചമായിരിക്കുകയില്ല.
20. (എ) ന്യായവിധി നടപ്പാക്കുന്നതിന് യഹോവ വീണ്ടും മാനുഷ്യ ഭരണാധികാരികളെ ഉപയോഗിക്കുമെന്ന് യോഹന്നാൻ എങ്ങനെ പ്രകടമാക്കുന്നു? (ബി) ദൈവത്തിന്റെ “ചിന്ത” എന്താണ്? (സി) ജനതകൾ അവരുടെ ‘ഒരേ അഭിപ്രായം’ ഏതു വിധത്തിൽ നടപ്പാക്കും, എന്നാൽ യഥാർഥത്തിൽ ആരുടെ ചിന്തയായിരിക്കും നടപ്പാക്കപ്പെടുക?
20 ന്യായവിധി നടപ്പാക്കുന്നതിന് യഹോവ വീണ്ടും മാനുഷ ഭരണാധികാരികളെ ഉപയോഗിക്കുന്നു. “ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം [ചിന്ത, NW] ചെയ്വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.” (വെളിപ്പാടു 17:17) ദൈവത്തിന്റെ “ചിന്ത” എന്താണ്? മഹാബാബിലോനെ പൂർണമായി നശിപ്പിക്കുന്നതിന് അതിന്റെ വധാധികൃതരെല്ലാം സംഘടിക്കുന്നതിനു ക്രമീകരിക്കുകയെന്നതാണ്. തീർച്ചയായും അവളെ ആക്രമിക്കുന്നതിലുളള ഭരണാധികാരികളുടെ ആന്തരം അവരുടെതന്നെ “ഒരേ അഭിപ്രായം” നടപ്പാക്കുകയെന്നതായിരിക്കും. മഹാവേശ്യക്കെതിരെ തിരിയുന്നത് അവരുടെ ദേശീയ താത്പര്യങ്ങൾക്കുവേണ്ടിയാണെന്ന് അവർ കരുതും. അവരുടെ അതിർത്തികൾക്കുളളിൽ സംഘടിതമതം നിലനിൽക്കുന്നതു തങ്ങളുടെ പരമാധികാരത്തിന് ഒരു ഭീഷണിയായി അവർ വീക്ഷിക്കാനിടയായേക്കാം. എന്നാൽ യഹോവ യഥാർഥത്തിൽ കാര്യാദികളെ സൂത്രത്തിൽ നയിക്കുകയായിരിക്കും; അവർ അവന്റെ യുഗപ്പഴക്കമുളള വേശ്യാശത്രുവിനെ ഒററയടിക്കു നശിപ്പിക്കുന്നതിനാൽ അവന്റെ ചിന്ത നടപ്പാക്കും!—താരതമ്യം ചെയ്യുക: യിരെമ്യാവു 7:8-11, 34.
21. മഹാബാബിലോനെ നശിപ്പിക്കുന്നതിനു കടുഞ്ചുവപ്പുളള കാട്ടുമൃഗം ഉപയോഗിക്കപ്പെടുമെന്നുളളതുകൊണ്ട് ഐക്യരാഷ്ട്രങ്ങളോടുളള ബന്ധത്തിൽ ജനതകൾ പ്രത്യക്ഷത്തിൽ എന്തു ചെയ്യും?
21 അതെ, മഹാബാബിലോനെ നശിപ്പിക്കുന്നതിനു ജനതകൾ കടുഞ്ചുവപ്പുളള കാട്ടുമൃഗത്തെ, ഐക്യരാഷ്ട്രങ്ങളെ ഉപയോഗിക്കും. അവർ സ്വന്തമായി മുൻകയ്യെടുത്ത് അതു ചെയ്യുന്നില്ല, എന്തെന്നാൽ ‘അവരുടെ ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും’ യഹോവ അവരുടെ ഹൃദയങ്ങളിൽ തോന്നിക്കുന്നു. സമയമാകുമ്പോൾ, ജനതകൾ പ്രത്യക്ഷത്തിൽ ഐക്യരാഷ്ട്രങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം കാണും. വ്യാജമതത്തിനെതിരെ തിരിയാനും “ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം” അവൾക്കെതിരെ വിജയകരമായി പോരാടാനും അതിനു കഴിയേണ്ടതിന് അവർക്കുളള ഏതു അധികാരവും ശക്തിയും അതിനു നൽകിക്കൊണ്ട്, ഒരു വിധത്തിൽ പറഞ്ഞാൽ, അവർ അതിനു പല്ലുകൾ നൽകും. അങ്ങനെ പുരാതന വേശ്യ അവളുടെ പൂർണമായ അന്ത്യത്തിലേക്കു വരും. അവളുടെ നാശം സന്തോഷപ്രദം തന്നെ!
22. (എ) വെളിപ്പാടു 17:18-ൽ ദൂതൻ തന്റെ സാക്ഷ്യം ഉപസംഹരിക്കുന്ന വിധത്താൽ എന്ത് അർഥമാക്കപ്പെടുന്നു? (ബി) മർമം വെളിപ്പെടുത്തിയതിനോട് യഹോവയുടെ സാക്ഷികൾ എങ്ങനെ പ്രതികരിക്കുന്നു?
22 വ്യാജമതത്തിന്റെ ലോകസാമ്രാജ്യത്തിൻമേലുളള യഹോവയുടെ ന്യായവിധി നിർവഹണത്തിന്റെ സുനിശ്ചിതത്വം ഊന്നിപ്പറയാനെന്നപോലെ ഇപ്രകാരം പറഞ്ഞുകൊണ്ടു ദൂതൻ തന്റെ സാക്ഷ്യം ഉപസംഹരിക്കുന്നു: “നീ കണ്ട സ്ത്രീയോ ഭൂരാജാക്കൻമാരുടെമേൽ രാജത്വമുളള മഹാനഗരം തന്നേ.” (വെളിപ്പാടു 17:18) ബേൽശസ്സറിന്റെ കാലത്തെ ബാബിലോനെപ്പോലെ മഹാബാബിലോൻ “തുലാസിൽ തൂക്കിനോക്കി കുറവുളളതായി കാണ”പ്പെട്ടിരിക്കുന്നു. (ദാനിയേൽ 5:27, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) അവളുടെ വധം ത്വരിതവും അന്തിമവും ആയിരിക്കും. മഹാവേശ്യയുടെയും കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെയും മർമം വെളിപ്പെടുത്തിയതിനോട് യഹോവയുടെ സാക്ഷികൾ എങ്ങനെ പ്രതികരിക്കുന്നു? ആത്മാർഥതയുളള സത്യാന്വേഷകർക്കു ‘കൃപയോടുകൂടെ’ ഉത്തരം നൽകുമ്പോൾതന്നെ അവർ യഹോവയുടെ ന്യായവിധിദിവസം പ്രഘോഷിക്കുന്നതിൽ തീക്ഷ്ണത പ്രകടമാക്കുന്നു. (കൊലൊസ്സ്യർ 4:5, 6; വെളിപ്പാടു 17:3, 7) നമ്മുടെ അടുത്ത അധ്യായം പ്രകടമാക്കുന്നതുപോലെ മഹാവേശ്യ വധിക്കപ്പെടുമ്പോൾ അതിജീവിക്കാൻ അഭിലഷിക്കുന്ന എല്ലാവരും നടപടി എടുക്കണം, ഉടൻ നടപടി എടുക്കണം!
[അധ്യയന ചോദ്യങ്ങൾ]
[252-ാം പേജിലെ ചിത്രങ്ങൾ]
ഏഴു ലോകശക്തികളുടെ പിൻതുടർച്ച
ഈജിപ്ത്
അസീറിയ
ബാബിലോൻ
മേദോ-പേർഷ്യ
ഗ്രീസ്
റോം
ആംഗ്ലോ-അമേരിക്ക
[254-ാം പേജിലെ ചിത്രങ്ങൾ]
“അതുതന്നെ എട്ടാമത്തെ ഒരു രാജാവും ആകുന്നു”
[255-ാം പേജിലെ ചിത്രങ്ങൾ]
കുഞ്ഞാടിനു പുറംതിരിഞ്ഞു നിന്നുകൊണ്ട്, അവർ “തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു”
[257-ാം പേജിലെ ചിത്രങ്ങൾ]
മഹാബാബിലോന്റെ പ്രധാനഭാഗമെന്ന നിലയിൽ ക്രൈസ്തവലോകം സമ്പൂർണ നാശത്തിൽ പുരാതന യെരുശലേമിനു സദൃശമാകും