വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സ്വർഗീയ സിംഹാസനത്തിന്റെ ശോഭ

യഹോവയുടെ സ്വർഗീയ സിംഹാസനത്തിന്റെ ശോഭ

അധ്യായം 14

യഹോ​വ​യു​ടെ സ്വർഗീയ സിംഹാ​സ​ന​ത്തി​ന്റെ ശോഭ

ദർശനം 2—വെളി​പ്പാ​ടു 4:1–5:14

വിഷയം: ദൈവ​ത്തി​ന്റെ ന്യായാ​സ​ന​ത്തിൻ മുമ്പാകെ ഭയോ​ദ്ദീ​പ​ക​മായ സംഭവങ്ങൾ

നിവൃത്തിയുടെ കാലം: ഈ ദർശനം 1914 മുതൽ ആയിരം വർഷത്തി​ന്റെ അവസാ​നം​വ​രെ​യും അതിന​പ്പു​റ​ത്തും, സ്വർഗ​ത്തി​ലും ഭൂമി​യി​ലു​മു​ളള സകല സൃഷ്ടി​യും യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തു​വരെ നടക്കുന്ന സംഭവ​ങ്ങളെ വിശേ​ഷ​വൽക്ക​രി​ക്കു​ന്നു.—വെളി​പ്പാ​ടു 5:13

1. നമുക്കു യോഹ​ന്നാൻ പങ്കു​വെ​ക്കുന്ന ദർശന​ങ്ങ​ളിൽ നാം അതീവ തത്‌പ​ര​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

 യോഹ​ന്നാൻ ഹൃദ​യോ​ദ്ദീ​പ​ക​മായ കൂടുതൽ ദർശനങ്ങൾ നമുക്കു പങ്കു​വെ​ക്കാൻ തുടങ്ങു​ന്നു. നിശ്വ​സ്‌ത​ത​യിൽ അവൻ ഇപ്പോ​ഴും കർത്താ​വി​ന്റെ ദിവസ​ത്തി​ലാണ്‌. അതു​കൊണ്ട്‌ അവൻ വർണി​ക്കുന്ന കാര്യ​ങ്ങൾക്ക്‌ യഥാർഥ​ത്തിൽ ആ ദിവസ​ത്തിൽ ജീവി​ക്കുന്ന നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം ആഴമേ​റിയ അർഥമുണ്ട്‌. ഈ ദർശനങ്ങൾ മുഖാ​ന്തരം യഹോവ സ്വർഗീയ യാഥാർഥ്യ​ങ്ങ​ളു​ടെ​മേ​ലു​ളള അദൃശ്യ​ത​യു​ടെ മറനീ​ക്കു​ക​യും ഭൂമി​യിൽ നിർവ​ഹി​ക്ക​പ്പെ​ടേണ്ട ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചു​ളള തന്റെ സ്വന്തം വീക്ഷണം നമുക്കു നൽകു​ക​യും ചെയ്യുന്നു. കൂടു​ത​ലാ​യി, നമുക്കു​ള​ളതു സ്വർഗീയ പ്രത്യാ​ശ​യാ​ണെ​ങ്കി​ലും ഭൗമിക പ്രത്യാ​ശ​യാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ നമ്മുടെ സ്ഥാനം മനസ്സി​ലാ​ക്കാൻ ഈ വെളി​പ്പെ​ടു​ത്ത​ലു​കൾ നമ്മെ സഹായി​ക്കു​ന്നു. അതു​കൊണ്ട്‌ യോഹ​ന്നാ​ന്റെ ഈ വാക്കു​ക​ളിൽ നാമെ​ല്ലാം തുടർന്നും അതിയാ​യി താത്‌പ​ര്യ​മു​ള​ള​വ​രാ​യി​രി​ക്കണം: “ഈ പ്രവച​ന​ത്തി​ന്റെ വാക്കു​കളെ വായിച്ചു കേൾപ്പി​ക്കു​ന്ന​വ​നും കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കു​ന്നതു പ്രമാ​ണി​ക്കു​ന്ന​വ​രും ഭാഗ്യ​വാൻമാർ.”—വെളി​പ്പാ​ടു 1:3.

2. യോഹ​ന്നാന്‌ ഇപ്പോൾ എന്തനു​ഭവം ഉണ്ടാകു​ന്നു?

2 യോഹ​ന്നാൻ അടുത്ത​താ​യി കാണു​ന്നത്‌, വീഡി​യോ​യി​ലൂ​ടെ ഇരുപ​താം നൂററാ​ണ്ടി​ലെ മനുഷ്യ​നെ കാണി​ക്കുന്ന എന്തി​നേ​യും വെല്ലു​ന്ന​താണ്‌! അദ്ദേഹം എഴുതു​ന്നു: “അനന്തരം സ്വർഗ്ഗ​ത്തിൽ ഒരു വാതിൽ തുറന്നി​രി​ക്കു​ന്നതു ഞാൻ കണ്ടു: കാഹള​നാ​ദം​പോ​ലെ എന്നോടു സംസാ​രി​ച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറി​വ​രിക; മേലാൽ സംഭവി​പ്പാ​നു​ള​ളതു ഞാൻ നിനക്കു കാണി​ച്ചു​ത​രാം എന്നു കല്‌പി​ച്ചു.” (വെളി​പ്പാ​ടു 4:1) ദർശന​ത്തിൽ യോഹ​ന്നാൻ ആധുനിക ശൂന്യാ​കാ​ശ​സ​ഞ്ചാ​രി​കൾ പര്യ​വേ​ക്ഷണം നടത്തി​യി​ട്ടു​ളള ഭൗതിക ബഹിരാ​കാ​ശ​ത്തെ​ക്കാൾ, ഭൗതിക പ്രപഞ്ച​ത്തി​ലെ താരാ​പം​ക്തി​ക​ളെ​ക്കാൾപോ​ലും വളരെ ഉയർന്നി​രി​ക്കുന്ന യഹോ​വ​യു​ടെ സാന്നി​ധ്യ​മു​ളള അദൃശ്യ സ്വർഗ​ങ്ങ​ളു​ടെ ഉളളി​ലേക്കു കടന്നു​ചെ​ല്ലു​ന്നു. ഒരു തുറന്ന വാതി​ലി​ലൂ​ടെ പ്രവേ​ശി​ച്ചാ​ലെ​ന്ന​പോ​ലെ, യഹോ​വ​തന്നെ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന ആത്യന്തിക ആത്മസ്വർഗ​ങ്ങ​ളു​ടെ ഞെട്ടി​ക്കുന്ന വിശാ​ല​ദൃ​ശ്യം​കൊ​ണ്ടു തന്റെ കണ്ണുകളെ വിരു​ന്നൂ​ട്ടാൻ യോഹ​ന്നാൻ ക്ഷണിക്ക​പ്പെ​ടു​ന്നു. (സങ്കീർത്തനം 11:4; യെശയ്യാ​വു 66:1) എന്തോരു പദവി!

3. “കാഹള​നാ​ദം​പോ​ലെ”യുളള ശബ്ദം ഓർമ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌, നിസ്സം​ശ​യ​മാ​യും ആരാണ്‌ അതിന്റെ ഉറവ്‌?

3 ഈ “ആദ്യത്തെ ശബ്ദ”ത്തെ ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നില്ല. മുമ്പു കേട്ട യേശു​വി​ന്റെ ശക്തമായ ശബ്ദം​പോ​ലെ ഇതിന്‌ ഒരു കാഹള​സ​മാന ആജ്ഞാധ്വ​നി​യുണ്ട്‌. (വെളി​പ്പാ​ടു 1:10, 11) ഇതു സീനാ​യ്‌മ​ല​യിൽ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തെ വിളി​ച്ച​റി​യിച്ച തുളച്ചു​ക​യ​റുന്ന കാഹള​ധ്വ​നി​യെ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു. (പുറപ്പാ​ടു 19:18-20) നിസ്സം​ശ​യ​മാ​യും, വരാനു​ളള ഉത്തരവു​ക​ളു​ടെ തേജോ​മ​യ​മായ ഉറവിടം യഹോ​വ​യാണ്‌. (വെളി​പ്പാ​ടു 1:1) യഹോ​വ​യു​ടെ വിശാ​ല​മായ മുഴു പരമാ​ധി​കാ​ര​മ​ണ്ഡ​ല​ത്തി​ലെ​യും അതിവി​ശുദ്ധ സ്ഥാന​ത്തേക്ക്‌ യോഹ​ന്നാ​നു ദർശന​ത്തിൽ പ്രവേ​ശി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവൻ വാതിൽ തുറന്നു​കൊ​ടു​ത്തി​രി​ക്കു​ന്നു.

യഹോ​വ​യു​ടെ തേജോ​മ​യ​മായ സന്നിധാ​നം

4. യോഹ​ന്നാ​ന്റെ ദർശന​ത്തിന്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തർഥ​മുണ്ട്‌? (ബി) ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശി​ക്കു​ന്ന​വർക്ക്‌ ഈ ദർശന​ത്തിന്‌ എന്തർഥ​മുണ്ട്‌?

4 യോഹ​ന്നാൻ എന്തു കാണുന്നു? അവൻ തന്റെ മഹത്തായ അനുഭവം നമുക്കു പങ്കു​വെ​ക്കു​മ്പോൾ ശ്രദ്ധി​ക്കുക: “ഉടനെ ഞാൻ ആത്മവി​വ​ശ​നാ​യി സ്വർഗ്ഗ​ത്തിൽ ഒരു സിംഹാ​സനം വെച്ചി​രി​ക്കു​ന്ന​തും സിംഹാ​സ​ന​ത്തിൽ ഒരുവൻ ഇരിക്കു​ന്ന​തും കണ്ടു.” (വെളി​പ്പാ​ടു 4:2) ക്ഷണത്തിൽ, ദൈവ​ത്തി​ന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയാൽ യോഹ​ന്നാൻ ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​ങ്ക​ലേക്ക്‌ ആത്മീയ​മാ​യി മാററ​പ്പെ​ടു​ന്നു. യോഹ​ന്നാന്‌ എത്ര പുളക​പ്രദം! ഇവിടെ ആ സ്വർഗ​ങ്ങ​ളു​ടെ ഉജ്ജ്വല​മായ ഒരു പൂർവ​വീ​ക്ഷണം അദ്ദേഹ​ത്തി​നു നൽക​പ്പെ​ടു​ന്നു, അവിടെ അവനും മററ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കും വേണ്ടി ‘ക്ഷയം, മാലി​ന്യം, വാട്ടം, എന്നിവ ഇല്ലാത്ത​തു​മായ അവകാശം’ കരുതി​വെ​ച്ചി​ട്ടുണ്ട്‌. (1 പത്രൊസ്‌ 1:3-5; ഫിലി​പ്പി​യർ 3:20) ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശി​ക്കു​ന്ന​വർക്കും യോഹ​ന്നാ​ന്റെ ദർശന​ത്തിന്‌ അഗാധ​മായ അർഥമുണ്ട്‌. യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ മഹത്ത്വ​വും ജനതകളെ ന്യായം​വി​ധി​ക്കു​ന്ന​തി​നും പിന്നീടു ഭൂമി​യി​ലെ മനുഷ്യ​രെ ഭരിക്കു​ന്ന​തി​നും യഹോവ ഉപയോ​ഗി​ക്കുന്ന സ്വർഗീയ ഭരണസം​വി​ധാ​ന​വും ഗ്രഹി​ക്കാൻ അത്‌ അവരെ സഹായി​ക്കു​ന്നു. യഹോവ വാസ്‌ത​വ​ത്തിൽ അത്യുൽകൃ​ഷ്ട​മായ സംഘാ​ട​ന​ത്തി​ന്റെ ദൈവ​മാ​കു​ന്നു!

5. നിയമ​പെ​ട്ട​ക​ത്തി​ന്റെ മൂടി​യാൽ പ്രതീ​ക​വൽക്ക​രി​ക്ക​പ്പെട്ട ഏതു യാഥാർഥ്യം യോഹ​ന്നാൻ കാണുന്നു?

5 യോഹ​ന്നാൻ അവിടെ സ്വർഗ​ത്തിൽ നിരീ​ക്ഷി​ക്കു​ന്ന​തി​ല​ധി​ക​വും മരുഭൂ​മി​യി​ലെ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളോ​ടു സദൃശ​മാണ്‌. ഏതാണ്ട്‌ 1,600 വർഷം മുമ്പ്‌ ഇസ്രാ​യേ​ല്യർക്കു​വേണ്ടി സത്യാ​രാ​ധ​ന​യു​ടെ ഒരു മന്ദിര​മാ​യി അതു നിർമി​ക്ക​പ്പെട്ടു. ആ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ അതിവി​ശു​ദ്ധ​ത്തി​ലാ​യി​രു​ന്നു നിയമ​പെ​ട്ടകം, ആ പെട്ടക​ത്തി​ന്റെ കട്ടിയു​ളള സ്വർണ​മൂ​ടി​ക്കു മുകളിൽ നിന്നാ​യി​രു​ന്നു യഹോവ സംസാ​രി​ച്ചത്‌. (പുറപ്പാ​ടു 25:17-22; എബ്രായർ 9:5) അതു​കൊണ്ട്‌, പെട്ടക​ത്തി​ന്റെ മൂടി യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ന്റെ ഒരു പ്രതീ​ക​മാ​യി സേവിച്ചു. യോഹ​ന്നാൻ ഇപ്പോൾ ആ പ്രതീ​കാ​ത്മക പ്രതി​നി​ധാ​ന​ത്തി​ന്റെ യാഥാർഥ്യം കാണുന്നു: പരമാ​ധി​കാര കർത്താ​വായ യഹോ​വ​തന്നെ തന്റെ ഉയർന്ന സ്വർഗീയ സിംഹാ​സ​ന​ത്തിൽ പരമമായ പ്രതാ​പ​ത്തോ​ടെ ഇരിക്കു​ന്ന​തു​തന്നെ!

6. യഹോ​വ​യെ​ക്കു​റിച്ച്‌ ഏതു ധാരണ യോഹ​ന്നാൻ നമുക്കു നൽകുന്നു, ഇത്‌ അനു​യോ​ജ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ന്റെ ദർശനങ്ങൾ ലഭിച്ച മുൻകാല പ്രവാ​ച​കൻമാ​രിൽ നിന്നു വിഭി​ന്ന​മാ​യി, യോഹ​ന്നാൻ അതിലി​രി​ക്കുന്ന പരിശു​ദ്ധനെ വിശദ​മാ​യി വർണി​ക്കു​ന്നില്ല. (യെഹെ​സ്‌കേൽ 1:26, 27; ദാനീ​യേൽ 7:9, 10) എങ്കിലും യോഹ​ന്നാൻ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നെ​ക്കു​റി​ച്ചു​ളള തന്റെ ധാരണ ഈ വാക്കു​ക​ളിൽ നമുക്കു നൽകുന്നു: “ഇരിക്കു​ന്നവൻ കാഴ്‌ചെക്കു സൂര്യ​കാ​ന്ത​ത്തോ​ടും പത്മരാ​ഗ​ത്തോ​ടും സദൃശൻ; സിംഹാ​സ​ന​ത്തി​ന്റെ ചുററും കാഴ്‌ചെക്കു മരതക​ത്തോ​ടു സദൃശ​മാ​യോ​രു പച്ചവില്ലു”. (വെളി​പ്പാ​ടു 4:3) അനുപ​മ​മായ എന്തൊരു ശോഭ! തിളങ്ങി പ്രകാശം സ്‌ഫു​രി​ക്കുന്ന രത്‌ന​ക്ക​ല്ലു​കൾപോ​ലെ തെളിഞ്ഞ, പ്രഭപ​ര​ത്തുന്ന ഒരു മനോ​ഹാ​രിത യോഹ​ന്നാൻ കാണുന്നു. യഹോ​വയെ സംബന്ധി​ച്ചു ‘വെളി​ച്ച​ങ്ങ​ളു​ടെ പിതാവ്‌’ എന്നുളള ശിഷ്യ​നായ യാക്കോ​ബി​ന്റെ വർണന​യോട്‌ ഇത്‌ എത്ര നന്നായി യോജി​ക്കു​ന്നു! (യാക്കോബ്‌ 1:17) വെളി​പാട്‌ എഴുതി​യ​തി​നു തൊട്ടു​പി​ന്നാ​ലെ യോഹ​ന്നാൻതന്നെ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല.” (1 യോഹ​ന്നാൻ 1:5) യഹോവ യഥാർഥ​ത്തിൽ എത്ര മഹനീ​യ​നായ ഒരു വ്യക്തി​യാണ്‌!

7. യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചുററും ഒരു മഴവി​ല്ലു​ണ്ടെന്ന വസ്‌തു​ത​യിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

7 സിംഹാ​സ​ന​ത്തി​നു ചുററും യോഹ​ന്നാൻ മരതകപ്പച്ച നിറത്തി​ലു​ളള ഒരു മഴവില്ലു കാണു​ന്നു​വെ​ന്നതു ഗൗനി​ക്കുക. മഴവില്ല്‌ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം (ഐറിസ്‌) പൂർണ​മായ ഒരു വൃത്താ​കൃ​തി​യെ സൂചി​പ്പി​ക്കു​ന്നു. നോഹ​യു​ടെ നാളി​നോ​ടു​ളള ബന്ധത്തി​ലാ​ണു ബൈബി​ളിൽ മഴവി​ല്ലി​നെ​ക്കു​റിച്ച്‌ ആദ്യം പറഞ്ഞി​രി​ക്കു​ന്നത്‌. പ്രളയ​ജലം ഇറങ്ങി​യ​തി​നു ശേഷം മേഘത്തിൽ ഒരു മഴവില്ലു പ്രത്യ​ക്ഷ​പ്പെ​ടാൻ യഹോവ ഇടയാക്കി. അത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി​യെന്ന്‌ അവൻ ഈ വാക്കു​ക​ളിൽ വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു: “ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമി​യും തമ്മിലു​ളള നിയമ​ത്തി​ന്നു അടയാ​ള​മാ​യി​രി​ക്കും. അപ്പോൾ ഞാനും നിങ്ങളും സർവ്വജ​ഡ​വു​മായ സകലജീ​വ​ജ​ന്തു​ക്ക​ളും തമ്മിലു​ളള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെ​യും നശിപ്പി​പ്പാൻ വെളളം ഒരു പ്രളയ​മാ​യി തീരു​ക​യു​മില്ല.” (ഉല്‌പത്തി 9:13, 15) അപ്പോൾ സ്വർഗീയ ദർശനം യോഹ​ന്നാ​ന്റെ മനസ്സി​ലേക്ക്‌ എന്തു കൊണ്ടു​വ​രും? അവൻ കണ്ട മഴവില്ല്‌, യോഹ​ന്നാൻവർഗം ഇന്ന്‌ ആസ്വദി​ക്കുന്ന തരത്തിൽ യഹോ​വ​യു​മാ​യി ഒരു സമാധാ​ന​ബ​ന്ധ​ത്തി​ന്റെ ആവശ്യം അവനെ അനുസ്‌മ​രി​പ്പി​ച്ചി​ട്ടു​ണ്ടാ​കണം. അത്‌ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ പ്രശാ​ന്ത​ത​യും സമാധാ​ന​വും അവന്റെ മനസ്സിൽ പതിപ്പി​ച്ചി​രി​ക്കും, പുതി​യ​ഭൂ​മി സമുദാ​യ​ത്തിൽ മനുഷ്യ​വർഗ​ത്തിൻമേൽ യഹോവ തന്റെ കൂടാരം വിരി​ക്കു​മ്പോൾ അനുസ​ര​ണ​മു​ളള എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ക്കുന്ന ഒരു പ്രശാന്തത തന്നെ.—സങ്കീർത്തനം 119:165; ഫിലി​പ്പി​യർ 4:7; വെളി​പ്പാ​ടു 21:1-4.

ഇരുപ​ത്തി​നാ​ലു മൂപ്പൻമാ​രെ തിരി​ച്ച​റി​യൽ

8. സിംഹാ​സ​ന​ത്തി​നു ചുററു​പാ​ടു​മാ​യി യോഹ​ന്നാൻ ആരെ കാണുന്നു, ഇവർ ആരെ പ്രതി​നി​ധാ​നം ചെയ്യുന്നു?

8 പുരാതന സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ സേവി​ക്കാൻ പുരോ​ഹി​തൻമാ​രെ നിയമി​ച്ചി​രു​ന്ന​താ​യി യോഹ​ന്നാൻ അറിഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ താൻ അടുത്ത​താ​യി വർണി​ക്കു​ന്നതു കണ്ടപ്പോൾ അവൻ അതിശ​യി​ച്ചി​രി​ക്കാം: “സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും ഇരുപ​ത്തു​നാ​ലു സിംഹാ​സനം; വെളള​യു​ടു​പ്പു ധരിച്ചും​കൊ​ണ്ടു സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന ഇരുപ​ത്തു​നാ​ലു മൂപ്പൻമാർ; അവരുടെ തലയിൽ പൊൻകി​രീ​ടം”. (വെളി​പ്പാ​ടു 4:4) അതെ, പുരോ​ഹി​തൻമാർക്കു പകരം രാജാ​ക്കൻമാ​രെ​പ്പോ​ലെ കിരീ​ടം​ധ​രി​ച്ചു സിംഹാ​സ​ന​സ്ഥ​രായ ഇരുപ​ത്തി​നാ​ലു മൂപ്പൻമാ​രുണ്ട്‌. ഈ മൂപ്പൻമാർ ആരാണ്‌? അവർ പുനരു​ത്ഥാ​നം​പ്രാ​പി​ക്കു​ക​യും യഹോവ അവർക്കു വാഗ്‌ദത്തം ചെയ്‌തി​രുന്ന സ്വർഗീ​യ​സ്ഥാ​നത്ത്‌ ഇരിക്കു​ക​യും ചെയ്‌ത ക്രിസ്‌തീയ സഭയിലെ അഭിഷി​ക്ത​ര​ല്ലാ​തെ മററാ​രു​മല്ല. നാം അതെങ്ങനെ അറിയു​ന്നു?

9, 10. ഈ 24 മൂപ്പൻമാർ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട സ്വർഗീയ സ്ഥാനത്തു​ളള അഭിഷിക്ത ക്രിസ്‌തീയ സഭയെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു നാം എങ്ങനെ അറിയു​ന്നു?

9 ഒന്നാമ​താ​യി, അവർ കിരീടം ധരിച്ചി​രി​ക്കു​ന്നു. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒരു ‘വാടാത്ത കിരീടം’ പ്രാപി​ക്കു​ന്ന​താ​യും അനന്ത ജീവൻ—അമർത്ത്യത— നേടു​ന്ന​താ​യും ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 9:25; 15:53, 54) എന്നാൽ ഈ 24 മൂപ്പൻമാർ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കു​ന്ന​തി​നാൽ ഈ സന്ദർഭ​ത്തിൽ പൊൻകി​രീ​ടങ്ങൾ രാജകീയ അധികാ​രത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 6:2; 14:14.) ഇത്‌, 24 മൂപ്പൻമാർ തങ്ങളുടെ സ്വർഗീയ സ്ഥാനത്തി​രി​ക്കുന്ന യേശു​വി​ന്റെ അഭിഷിക്ത പാദാ​നു​ഗാ​മി​കളെ ചിത്രീ​ക​രി​ക്കു​ന്നു എന്ന നിഗമ​നത്തെ പിന്താ​ങ്ങു​ന്നു, എന്തെന്നാൽ തന്റെ രാജ്യ​ത്തിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കാൻ യേശു അവരോട്‌ ഒരു ഉടമ്പടി ചെയ്‌തു. (ലൂക്കൊസ്‌ 22:28-30) യേശു​വും ഈ 24 മൂപ്പൻമാ​രും മാത്രം—ദൂതൻമാർ പോലു​മില്ല—സ്വർഗ​ത്തിൽ യഹോ​വ​യു​ടെ സന്നിധി​യിൽ ഭരിക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

10 ഇത്‌ യേശു ലവോ​ദി​ക്യ സഭയ്‌ക്കു നൽകിയ വാഗ്‌ദ​ത്ത​ത്തോ​ടു ചേർച്ച​യി​ലാണ്‌: “ജയിക്കു​ന്ന​വന്നു ഞാൻ എന്നോ​ടു​കൂ​ടെ എന്റെ സിംഹാ​സ​ന​ത്തിൽ ഇരിപ്പാൻ വരം നല്‌കും.” (വെളി​പ്പാ​ടു 3:21) എന്നാൽ 24 മൂപ്പൻമാ​രു​ടെ സ്വർഗീയ നിയമനം ഭരണകാ​ര്യ​ത്തിൽ പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നില്ല. വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ ആമുഖ​ത്തിൽ യോഹ​ന്നാൻ യേശു​വി​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു: “[അവൻ] തന്റെ പിതാ​വായ ദൈവ​ത്തി​ന്നു നമ്മെ രാജ്യ​വും പുരോ​ഹി​തൻമാ​രും ആക്കി”. (വെളി​പ്പാ​ടു 1:5, 6) ഇവർ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മാണ്‌. “അവർ ദൈവ​ത്തി​ന്നും ക്രിസ്‌തു​വി​ന്നും പുരോ​ഹി​തൻമാ​രാ​യി ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ആയിരം ആണ്ടു വാഴും.”—വെളി​പ്പാ​ടു 20:6.

11. മൂപ്പൻമാ​രു​ടെ എണ്ണം 24 ആയിരി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, ആ സംഖ്യ എന്തിനെ അർഥമാ​ക്കു​ന്നു?

11 സിംഹാ​സ​ന​ത്തി​നു ചുററും 24 മൂപ്പൻമാ​രെ യോഹ​ന്നാൻ കാണു​ന്ന​തിൽ 24 എന്ന സംഖ്യ​യു​ടെ പ്രാധാ​ന്യം എന്താണ്‌? പല കാര്യ​ത്തി​ലും ഇവർ പുരാതന ഇസ്രാ​യേ​ലി​ലെ വിശ്വസ്‌ത പുരോ​ഹി​തൻമാ​രാൽ മുൻനി​ഴ​ലാ​ക്ക​പ്പെ​ട്ടി​രു​ന്നു. അപ്പോ​സ്‌ത​ല​നായ പത്രോസ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇപ്രകാ​രം എഴുതി: “നിങ്ങളോ . . . തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ​വും വിശു​ദ്ധ​വം​ശ​വും സ്വന്തജ​ന​വും ആകുന്നു.” (1 പത്രൊസ്‌ 2:9) രസകര​മെ​ന്നു​പ​റ​യട്ടെ, ആ പുരാതന യഹൂദ പുരോ​ഹി​ത​വർഗം 24 ഭാഗങ്ങ​ളാ​യി വിഭജി​ക്ക​പ്പെ​ട്ടി​രു​ന്നു. വിശു​ദ്ധ​സേ​വനം മുടക്കം​കൂ​ടാ​തെ അർപ്പി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ യഹോ​വ​യു​ടെ മുമ്പാകെ സേവി​ക്കാൻ ഓരോ വിഭാ​ഗ​ത്തി​നും വർഷത്തിൽ അതി​ന്റേ​തായ വാരങ്ങൾ നിയമി​ക്ക​പ്പെ​ട്ടി​രു​ന്നു. (1 ദിനവൃ​ത്താ​ന്തം 24:5-19) അപ്പോൾ യോഹ​ന്നാ​നു​ണ്ടായ സ്വർഗീയ പുരോ​ഹി​ത​വർഗ​ത്തി​ന്റെ ദർശന​ത്തിൽ 24 മൂപ്പൻമാർ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ ഉചിത​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ഈ പുരോ​ഹി​ത​വർഗം മുടക്കം​കൂ​ടാ​തെ തുടർച്ച​യാ​യി യഹോ​വയെ സേവി​ക്കു​ന്നു. സ്വർഗീയ സീയോൻപർവ​ത​ത്തിൽ കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ നിൽക്കാൻ 1,44,000 (24 X 6,000) പേരെ “മനുഷ്യ​രു​ടെ ഇടയിൽനി​ന്നു വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു” എന്നു വെളി​പ്പാ​ടു 14:1-4 നമ്മോടു പറയു​ന്ന​തി​നാൽ, പൂർത്തീ​ക​രി​ക്ക​പ്പെ​ടു​മ്പോൾ ഓരോ​ന്നി​ലും 6,000 ജേതാക്കൾ വീതമു​ളള 24 ഭാഗങ്ങൾ ഉണ്ടായി​രി​ക്കും. പന്ത്രണ്ട്‌ എന്ന സംഖ്യ ഒരു ദിവ്യ​സ​ന്തു​ലിത സ്ഥാപനത്തെ അർഥമാ​ക്കു​ന്ന​തു​കൊണ്ട്‌, 24 അത്തരം ഒരു ക്രമീ​ക​ര​ണത്തെ ഇരട്ടി​പ്പി​ക്കു​ന്നു അഥവാ ബലിഷ്‌ഠ​മാ​ക്കു​ന്നു.

മിന്നലു​ക​ളും നാദങ്ങ​ളും ഇടിമു​ഴ​ക്ക​ങ്ങ​ളും

12. യോഹ​ന്നാൻ അടുത്ത​താ​യി എന്തു കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്നു, “മിന്നലും നാദവും ഇടിമു​ഴ​ക്ക​വും” എന്തനു​സ്‌മ​രി​പ്പി​ക്കു​ന്നു?

12 യോഹ​ന്നാൻ അടുത്ത​താ​യി എന്തു കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്നു? “സിംഹാ​സ​ന​ത്തിൽനി​ന്നു മിന്നലും നാദവും ഇടിമു​ഴ​ക്ക​വും പുറ​പ്പെ​ടു​ന്നു”. (വെളി​പ്പാ​ടു 4:5എ) യഹോ​വ​യു​ടെ സ്വർഗീ​യ​ശ​ക്തി​യു​ടെ മററു ഭയങ്കര​മായ പ്രത്യ​ക്ഷ​ത​കളെ എത്രയ​ധി​കം അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌! ഉദാഹ​ര​ണ​ത്തിന്‌, യഹോവ സീനായ്‌ പർവത​ത്തിൽ ‘ഇറങ്ങി​വ​ന്ന​പ്പോൾ’ മോശ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മൂന്നാം ദിവസം നേരം വെളു​ത്ത​പ്പോൾ ഇടിമു​ഴ​ക്ക​വും മിന്നലും പർവ്വത​ത്തിൽ കാർമേ​ഘ​വും മഹാഗം​ഭീ​ര​മായ കാഹള​ധ്വ​നി​യും ഉണ്ടായി; . . . കാഹള​ധ്വ​നി ദീർഘ​മാ​യി ഉറച്ചു​റ​ച്ചു​വ​ന്ന​പ്പോൾ മോശെ സംസാ​രി​ച്ചു; ദൈവം ഉച്ചത്തിൽ അവനോ​ടു ഉത്തരം അരുളി.”—പുറപ്പാ​ടു 19:16-19.

13. യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽനി​ന്നു പുറ​പ്പെ​ടുന്ന മിന്നലു​കൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

13 കർത്താ​വി​ന്റെ ദിവസ​ത്തിൽ യഹോവ തന്റെ ശക്തിയും സാന്നി​ധ്യ​വും ശ്രേഷ്‌ഠ​മായ ഒരു വിധത്തിൽ പ്രകട​മാ​ക്കു​ന്നു. അല്ല, അക്ഷരീയ മിന്നൽ മുഖേ​നയല്ല, കാരണം യോഹ​ന്നാൻ കാണു​ന്നത്‌ അടയാ​ള​ങ്ങ​ളാണ്‌. അപ്പോൾ മിന്നലു​കൾ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? കൊള​ളാം, മിന്നൽപ്പി​ണ​രു​കൾക്ക്‌ പ്രകാശം വർഷി​ക്കാൻ കഴിയും, എന്നാൽ അവയ്‌ക്ക്‌ ഒരുവനെ കൊന്നി​ടാ​നും കഴിയും. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽനി​ന്നു പുറ​പ്പെ​ടുന്ന ഈ മിന്നലു​കൾ തന്റെ ജനത്തിനു തുടർച്ച​യാ​യി നൽകി​യി​ട്ടു​ളള പ്രകാ​ശ​ന​ത്തി​ന്റെ സ്‌ഫു​ര​ണ​ങ്ങളെ, അതിലും പ്രധാ​ന​മാ​യി, അവന്റെ പൊള​ളുന്ന ന്യായ​വി​ധി ദൂതു​കളെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു.—താരത​മ്യം ചെയ്യുക: സങ്കീർത്തനം 18:14; 144:5, 6; മത്തായി 4:14-17; 24:27.

14. നാദങ്ങൾ ഇന്ന്‌ എങ്ങനെ മുഴങ്ങി​യി​രി​ക്കു​ന്നു?

14 നാദങ്ങൾ സംബന്ധി​ച്ചെന്ത്‌? യഹോവ സീനായ്‌ പർവത​ത്തിൽ ഇറങ്ങിയ സമയത്ത്‌ ഒരു ശബ്ദം മോശ​യോ​ടു സംസാ​രി​ച്ചു. (പുറപ്പാ​ടു 19:19) സ്വർഗ​ത്തിൽനി​ന്നു​ളള നാദങ്ങൾ വെളി​പാ​ടു പുസ്‌ത​ക​ത്തി​ലു​ളള പല ആജ്ഞകളും വിളം​ബ​ര​ങ്ങ​ളും പുറ​പ്പെ​ടു​വി​ച്ചു. (വെളി​പ്പാ​ടു 4:1; 10:4, 8; 11:12; 12:10; 14:13; 16:1, 17; 18:4; 19:5; 21:3) ബൈബിൾ പ്രവച​ന​ങ്ങ​ളും തത്ത്വങ്ങ​ളും സംബന്ധിച്ച അവരുടെ ഗ്രാഹ്യ​ത്തെ പ്രകാ​ശി​പ്പി​ച്ചു​കൊണ്ട്‌ യഹോവ ഇന്നും തന്റെ ജനത്തിന്‌ ആജ്ഞകളും വിളം​ബ​ര​ങ്ങ​ളും പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നു. പ്രകാ​ശനം നൽകുന്ന വിവരങ്ങൾ മിക്ക​പ്പോ​ഴും സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​ക​ളിൽ വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടുണ്ട്‌, അത്തരം ബൈബിൾസ​ത്യ​ങ്ങൾ തുടർന്നു ലോക​വ്യാ​പ​ക​മാ​യി പ്രഘോ​ഷി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. സുവാർത്ത​യു​ടെ വിശ്വസ്‌ത പ്രസം​ഗ​കരെ സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “‘അവരുടെ നാദം സർവ്വഭൂ​മി​യി​ലും അവരുടെ വചനം ഭൂതല​ത്തി​ന്റെ അററ​ത്തോ​ള​വും പരന്നു.’”—റോമർ 10:18.

15. കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ഈ ഭാഗത്തു സിംഹാ​സ​ന​ത്തിൽനിന്ന്‌ ഏത്‌ ഇടിമു​ഴ​ക്കങ്ങൾ പുറ​പ്പെ​ട്ടി​ട്ടുണ്ട്‌?

15 സാധാരണ മിന്നലി​നെ തുടർന്ന്‌ ഇടിമു​ഴക്കം ഉണ്ടാകു​ന്നു. അക്ഷരാർഥ ഇടിമു​ഴ​ക്കത്തെ “യഹോ​വ​യു​ടെ ശബ്ദം” എന്നു ദാവീദ്‌ പരാമർശി​ച്ചു. (സങ്കീർത്തനം 29:3, 4) യഹോവ ദാവീ​ദി​നു​വേണ്ടി അദ്ദേഹ​ത്തി​ന്റെ ശത്രു​ക്കൾക്കെ​തി​രെ പോരാ​ടി​യ​പ്പോൾ യഹോ​വ​യിൽനിന്ന്‌ ഇടിമു​ഴക്കം വന്നതായി പറയ​പ്പെട്ടു. (2 ശമൂവേൽ 22:14; സങ്കീർത്തനം 18:13) യഹോവ “നമുക്കു ഗ്രഹി​ച്ചു​കൂ​ടാത്ത മഹാകാ​ര്യ​ങ്ങളെ” ചെയ്യു​മ്പോൾ അവന്റെ ശബ്ദം ഇടിമു​ഴക്കം പോലെ മുഴങ്ങി​യെന്ന്‌ എലീഹു ഇയ്യോ​ബി​നോ​ടു പറഞ്ഞു. (ഇയ്യോബ്‌ 37:4, 5) കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ഈ ഭാഗത്ത്‌, തന്റെ ശത്രു​ക്കൾക്കെ​തി​രെ താൻ ചെയ്യാ​നി​രി​ക്കുന്ന മഹാ​പ്ര​വൃ​ത്തി​കൾ സംബന്ധിച്ച്‌ യഹോവ മുന്നറി​യി​പ്പു ‘മുഴക്കി’യിരി​ക്കു​ന്നു. ഈ പ്രതീ​കാ​ത്മക ഇടിമു​ഴ​ക്കങ്ങൾ ഭൂമി​യി​ലു​ട​നീ​ളം പ്രതി​ധ്വ​നി​ക്കു​ക​യും വീണ്ടും മാറെ​റാ​ലി​ക്കൊ​ള​ളു​ക​യും ചെയ്‌തി​രി​ക്കു​ന്നു. മേഘഗർജ​നം​പോ​ലു​ളള ഈ വിളമ്പ​ര​ങ്ങൾക്കു നിങ്ങൾ ശ്രദ്ധ കൊടു​ക്കു​ക​യും അവയുടെ ശബ്ദം കൂട്ടാൻ നിങ്ങളു​ടെ നാവിനെ ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ സന്തുഷ്ട​രാ​കു​ന്നു!—യെശയ്യാ​വു 50:4, 5; 61:1, 2.

ദീപങ്ങ​ളും ഒരു കണ്ണാടി​ക്ക​ട​ലും

16. “ഏഴു ദീപങ്ങൾ” എന്തിനെ അർഥമാ​ക്കു​ന്നു?

16 യോഹ​ന്നാൻ കൂടു​ത​ലാ​യി എന്തു കാണുന്നു? ഇതുതന്നെ: ദൈവ​ത്തി​ന്റെ ഏഴു ആത്മാക്ക​ളായ ഏഴു ദീപങ്ങൾ സിംഹാ​സ​ന​ത്തി​ന്റെ മുമ്പിൽ ജ്വലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു; സിംഹാ​സ​ന​ത്തി​ന്റെ മുമ്പിൽ പളുങ്കി​ന്നൊത്ത കണ്ണാടി​ക്കടൽ.” (വെളി​പ്പാ​ടു 4:5ബി, 6എ) ഏഴു ദീപങ്ങ​ളു​ടെ പൊരുൾ യോഹ​ന്നാൻതന്നെ നമ്മോടു പറയുന്നു, ഇവ “ദൈവ​ത്തി​ന്റെ ഏഴു ആത്മാക്ക”ളെ അർഥമാ​ക്കു​ന്നു. ഏഴ്‌ എന്ന സംഖ്യ ദിവ്യ​പൂർണ​തയെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു; അതു​കൊണ്ട്‌ ഏഴു ദീപങ്ങൾ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രകാ​ശ​ന​ശ​ക്തി​യു​ടെ തികവി​നെ പ്രതി​നി​ധാ​നം ചെയ്യേ​ണ്ട​താണ്‌. ഈ പ്രകാ​ശ​ന​വും ഭൂമി​യിൽ ആത്മീയ​വി​ശ​പ്പു​ളള ജനങ്ങൾക്ക്‌ അതു പകർന്നു​കൊ​ടു​ക്കാ​നു​ളള ഉത്തരവാ​ദി​ത്വ​വും തങ്ങളെ ഭരമേൽപ്പി​ച്ച​തിൽ യോഹ​ന്നാൻവർഗം ഇന്ന്‌ എത്ര നന്ദിയു​ള​ള​വ​രാണ്‌! നൂറി​ല​ധി​കം ഭാഷക​ളി​ലാ​യി ഓരോ വർഷവും വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ 38 കോടി​യി​ല​ധി​കം പ്രതികൾ ഈ പ്രകാശം പരത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തിൽ നാം എത്ര സന്തോ​ഷ​മു​ള​ള​വ​രാണ്‌!—സങ്കീർത്തനം 43:3.

17. “പളുങ്കി​ന്നൊത്ത കണ്ണാടി​ക്കടൽ” എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

17 യോഹ​ന്നാൻ ഒരു ‘പളുങ്കി​ന്നൊത്ത കണ്ണാടി​ക്ക​ട​ലും’ കാണുന്നു. യഹോ​വ​യു​ടെ സ്വർഗീയ സദസ്സി​ലേക്കു ക്ഷണിക്ക​പ്പെ​ട്ട​വ​രോ​ടു​ളള ബന്ധത്തിൽ ഇത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തും? യേശു സഭയെ വിശു​ദ്ധീ​ക​രിച്ച വിധ​ത്തെ​ക്കു​റിച്ച്‌, “വചന​ത്തോ​ടു​കൂ​ടിയ ജലസ്‌നാ​ന​ത്താൽ വെടി​പ്പാ​ക്കി”യതി​നെ​ക്കു​റി​ച്ചു പൗലോസ്‌ സംസാ​രി​ച്ചു. (എഫെസ്യർ 5:26) യേശു തന്റെ മരണത്തി​നു മുമ്പു തന്റെ ശിഷ്യൻമാ​രോ​ടു പറഞ്ഞു: “ഞാൻ നിങ്ങ​ളോ​ടു സംസാ​രിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധി​യു​ള​ള​വ​രാ​കു​ന്നു.” (യോഹ​ന്നാൻ 15:3) അതു​കൊണ്ട്‌, പളുങ്കു​പോ​ലു​ളള ഈ കണ്ണാടി​ക്കടൽ ശുദ്ധി​വ​രു​ത്തുന്ന, ലിഖിത ദൈവ​വ​ച​നത്തെ പ്രതി​നി​ധാ​നം ചെയ്യേ​ണ്ട​താണ്‌. യഹോ​വ​യു​ടെ സന്നിധി​യിൽ വരുന്ന രാജകീയ പുരോ​ഹി​ത​വർഗ​ത്തിൽപെ​ട്ടവർ അവന്റെ വചനത്താൽ പൂർണ​മാ​യി വെടി​പ്പാ​ക്ക​പ്പെ​ട്ടവർ ആയിരി​ക്കണം.

നോക്കൂ—“നാലു ജീവികൾ”!

18. സിംഹാ​സ​ന​ത്തി​ന്റെ നടുവി​ലും ചുററി​ലും യോഹ​ന്നാൻ എന്തു കാണുന്നു?

18 യോഹ​ന്നാൻ ഇപ്പോൾ മറെറാ​രു സവി​ശേഷത നിരീ​ക്ഷി​ക്കു​ന്നു. അവൻ എഴുതു​ന്നു: സിംഹാ​സ​ന​ത്തി​ന്റെ നടുവി​ലും സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും നാലു ജീവികൾ; അവെക്കു മുമ്പു​റ​വും പിമ്പു​റ​വും കണ്ണു നിറഞ്ഞി​രി​ക്കു​ന്നു.”—വെളി​പ്പാ​ടു 4:6ബി.

19. നാലു ജീവികൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു, ഇതു നാം എങ്ങനെ അറിയു​ന്നു?

19 ഈ ജീവികൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു? മറെറാ​രു പ്രവാ​ച​ക​നായ എസെക്കി​യേൽ റിപ്പോർട്ടു ചെയ്‌ത ഒരു ദർശനം ഉത്തരം കണ്ടുപി​ടി​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. യഹോവ ഒരു സ്വർഗീ​യ​ര​ഥ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്നത്‌ എസെക്കി​യേൽ കണ്ടു, യോഹ​ന്നാൻ വർണി​ക്കു​ന്ന​തി​നു സമാന​മായ ശാരീ​രിക വിശേ​ഷ​ത​ക​ളു​ളള ജീവികൾ അതിനെ അനുഗ​മി​ച്ചി​രു​ന്നു. (യെഹെ​സ്‌കേൽ 1:5-11, 22-28) പിന്നീട്‌, ജീവി​ക​ളാൽ അനുഗ​മി​ക്ക​പ്പെട്ട ആ രഥസിം​ഹാ​സനം എസെക്കി​യേൽ വീണ്ടും കണ്ടു. ഏതായാ​ലും, ഇത്തവണ അവൻ ജീവി​കളെ കെരൂ​ബു​കൾ എന്നു പരാമർശി​ച്ചു. (യെഹെ​സ്‌കേൽ 10:9-15) യോഹ​ന്നാൻ കാണുന്ന നാലു ജീവികൾ ദൈവ​ത്തി​ന്റെ അനേകം കെരൂ​ബു​കളെ പ്രതി​നി​ധാ​നം ചെയ്‌തി​രി​ക്കണം—അവന്റെ ആത്മസ്ഥാ​പ​ന​ത്തിൽ ഉന്നത സ്ഥാനമു​ളള ജീവി​കൾതന്നെ. പുരാതന സമാഗമന കൂടാ​ര​ക്ര​മീ​ക​ര​ണ​ത്തിൽ യഹോ​വ​യു​ടെ സിംഹാ​സ​നത്തെ പ്രതി​നി​ധാ​നം ചെയ്‌ത നിയമ​പെ​ട്ട​ക​ത്തി​ന്റെ മൂടി​യിൽ സ്വർണം​കൊ​ണ്ടു​ളള രണ്ടു കെരൂ​ബു​കളെ പ്രദർശി​പ്പി​ച്ചി​രു​ന്ന​തു​കൊണ്ട്‌ യഹോ​വ​യാം വ്യക്തി​യു​ടെ വളരെ​യ​ടു​ത്തു കെരൂ​ബു​കൾ നിൽക്കു​ന്ന​താ​യി കാണു​ന്നത്‌ യോഹ​ന്നാന്‌ അസാധാ​ര​ണ​മാ​യി തോന്നി​യി​രി​ക്കു​ക​യില്ല. ഈ കെരൂ​ബു​കൾക്കി​ട​യിൽ നിന്ന്‌ യഹോ​വ​യു​ടെ ശബ്ദം ജനതക്കു കല്‌പ​നകൾ നൽകി.—പുറപ്പാ​ടു 25:22; സങ്കീർത്തനം 80:1.

20. നാലു ജീവികൾ “സിംഹാ​സ​ന​ത്തി​ന്റെ നടുവി​ലും സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും” ആണെന്ന്‌ ഏതുരീ​തി​യിൽ പറയാൻ കഴിയും?

20 ഈ നാലു ജീവികൾ “സിംഹാ​സ​ന​ത്തി​ന്റെ നടുവി​ലും സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും” ആണ്‌. കൃത്യ​മാ​യി ഇത്‌ എന്തർഥ​മാ​ക്കു​ന്നു? അതിന്‌, ഓരോ​ന്നും സിംഹാ​സ​ന​ത്തി​ന്റെ ഓരോ വശത്തി​ന്റെ​യും നടുവിൽ വരത്തക്ക​വി​ധം അവരെ അതിനു ചുററും നിർത്തി​യി​രു​ന്ന​താ​യി അർഥമാ​ക്കാൻ കഴിയും. അങ്ങനെ ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷന്റെ പരിഭാ​ഷകർ മൂല എബ്രായ പ്രയോ​ഗത്തെ ഇങ്ങനെ പരാവർത്തനം ചെയ്‌തു: “സിംഹാ​സ​ന​ത്തി​നു ചുററും അതിന്റെ ഓരോ വശത്തി​ലും.” മറെറാ​രു​വി​ധ​ത്തിൽ പറഞ്ഞാൽ, നാലു ജീവികൾ സ്വർഗ​ത്തിൽ സിംഹാ​സനം സ്ഥിതി​ചെ​യ്യുന്ന കേന്ദ്ര​ഭാ​ഗ​ത്താ​ണെന്ന്‌ ഈ പദപ്ര​യോ​ഗം അർഥമാ​ക്കി​യേ​ക്കാം. ഒരുപക്ഷേ അതു​കൊ​ണ്ടാ​യി​രി​ക്കാം ജറുസ​ലേം ബൈബിൾ ആ പ്രയോ​ഗത്തെ ഇങ്ങനെ വിവർത്തനം ചെയ്യു​ന്നത്‌: “കേന്ദ്ര​ത്തിൽ, സിംഹാ​സ​ന​ത്തി​ന്റെ തന്നെ ചുററി​ലു​മാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” യഹോ​വ​യു​ടെ സ്ഥാപന​ര​ഥ​ത്തി​ന്റെ ഓരോ മൂലയി​ലും എസെക്കി​യേൽ കെരൂ​ബു​കളെ കാണു​ന്ന​തി​നോ​ടു​ളള താരത​മ്യ​ത്തിൽ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തോ​ടു​ളള കെരൂ​ബു​ക​ളു​ടെ അടുപ്പ​മാ​ണു പ്രധാ​ന​പ്പെട്ട സംഗതി. (യെഹെ​സ്‌കേൽ 1:15-22) ഇതെല്ലാം സങ്കീർത്തനം 99:1-ലെ വാക്കു​ക​ളോ​ടു ചേർച്ച​യി​ലാണ്‌: “യഹോവ വാഴുന്നു; . . . അവൻ കെരൂ​ബു​ക​ളു​ടെ മീതെ വസിക്കു​ന്നു”.

21, 22. (എ) യോഹ​ന്നാൻ നാലു ജീവി​കളെ എങ്ങനെ വർണി​ക്കു​ന്നു? (ബി) നാലു ജീവി​ക​ളിൽ ഓരോ​ന്നി​ന്റെ​യും ആകാരം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

21 യോഹ​ന്നാൻ തുടരു​ന്നു: ഒന്നാം ജീവി സിംഹ​ത്തി​ന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം; മൂന്നാം ജീവി മനുഷ്യ​നെ​പ്പോ​ലെ മുഖമു​ള​ളതു; നാലാം ജീവി പറക്കുന്ന കഴുകി​ന്നു സദൃശം.” (വെളി​പ്പാ​ടു 4:7) ഈ നാലു ജീവികൾ ഒന്നിൽനിന്ന്‌ ഒന്നു വ്യത്യ​സ്‌ത​മാ​യി കാണ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഈ വ്യത്യസ്‌ത ജീവികൾ പ്രത്യ​ക്ഷ​ത്തിൽ പ്രത്യേക ദൈവി​ക​ഗു​ണ​ങ്ങളെ പ്രദീ​പ്‌ത​മാ​ക്കു​ന്നു. ഒന്നാമതു സിംഹ​മാ​ണു​ള​ളത്‌. ബൈബി​ളിൽ സിംഹം ധീരത​യു​ടെ ഒരു പ്രതീ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു, വിശേ​ഷി​ച്ചു നീതി​യു​ടെ​യും ന്യായ​ത്തി​ന്റെ​യും അന്വേ​ഷ​ണ​ത്തിൽ. (2 ശമൂവേൽ 17:10; സദൃശ​വാ​ക്യ​ങ്ങൾ 28:1) അങ്ങനെ, സിംഹം ധീരമായ നീതി ആകുന്ന ദൈവി​ക​ഗു​ണത്തെ നന്നായി പ്രതി​നി​ധാ​നം ചെയ്യുന്നു. (ആവർത്ത​ന​പു​സ്‌തകം 32:4; സങ്കീർത്തനം 89:14) രണ്ടാം ജീവി ഒരു കാളമൂ​രി​ക്കു സദൃശ​മാണ്‌. ഒരു കാള നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ആനയി​ക്കു​ന്നത്‌ ഏതു ഗുണമാണ്‌? കാള അതിന്റെ ശക്തി നിമിത്തം ഇസ്രാ​യേ​ല്യർക്കു വളരെ വിലപ്പെട്ട ഒരു സ്വത്താ​യി​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:4; ഇതുകൂ​ടെ കാണുക: ഇയ്യോബ്‌ 39:9-11.) അപ്പോൾ കാള ശക്തിയെ, യഹോവ നൽകുന്ന ചലനാത്മക ഊർജത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു.—സങ്കീർത്തനം 62:11; യെശയ്യാ​വു 40:26.

22 മൂന്നാം ജീവിക്കു മനുഷ്യ​ന്റേ​തു​പോ​ലു​ളള ഒരു മുഖമുണ്ട്‌. ഭൂമി​യിൽ അതി​ശ്രേ​ഷ്‌ഠ​മായ സ്‌നേ​ഹ​ഗു​ണ​ത്തോ​ടെ ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യിൽ സൃഷ്ടി​ക്ക​പ്പെ​ട്ടതു മനുഷ്യൻ മാത്ര​മാ​ക​യാൽ ഇതു പ്രതി​നി​ധാ​നം ചെയ്യു​ന്നതു ദൈവ​സ​മാന സ്‌നേ​ഹ​ത്തെ​യാ​യി​രി​ക്കണം. (ഉല്‌പത്തി 1:26-28; മത്തായി 22:36-40; 1 യോഹ​ന്നാൻ 4:8, 16) യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചുററും സേവി​ക്കു​മ്പോൾ കെരൂ​ബു​കൾ നിസ്സം​ശ​യ​മാ​യും ഈ ഗുണം പ്രദർശി​പ്പി​ക്കു​ന്നു. ഇപ്പോൾ നാലാം ജീവിയെ സംബന്ധി​ച്ചെന്ത്‌? കാഴ്‌ചക്ക്‌ ഇതു പറക്കുന്ന ഒരു കഴുക​നെ​പ്പോ​ലെ​യാണ്‌. യഹോ​വ​തന്നെ കഴുകന്റെ വലിയ കാഴ്‌ച​ശ​ക്തി​യി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു. “അതിന്റെ കണ്ണു ദൂര​ത്തേക്കു കാണുന്നു.” (ഇയ്യോബ്‌ 39:29) അതു​കൊണ്ട്‌ കഴുകൻ ദീർഘ​ദൃ​ഷ്ടി​യോ​ടു​കൂ​ടിയ ജ്ഞാനത്തെ നന്നായി പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. യഹോ​വ​യാ​ണു ജ്ഞാനത്തി​ന്റെ ഉറവ്‌. അവന്റെ കെരൂ​ബു​കൾ അവന്റെ കല്‌പ​നകൾ അനുസ​രി​ക്കു​മ്പോൾ ദിവ്യ​ജ്ഞാ​നം പ്രയോ​ഗി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 2:6; യാക്കോബ്‌ 3:17.

യഹോ​വ​യു​ടെ സ്‌തു​തി​കൾ മുഴക്ക​പ്പെ​ടു​ന്നു

23. നാലു ജീവി​കൾക്കു “കണ്ണു നിറഞ്ഞി​രി​ക്കു​ന്നു” എന്ന വസ്‌തുത എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു, അവയ്‌ക്കു മൂന്നു ജോടി ചിറകു​കൾ ഉണ്ടെന്നു​ള​ളത്‌ എന്തിനെ ദൃഢീ​ക​രി​ക്കു​ന്നു?

23 യോഹ​ന്നാൻ തന്റെ വർണന തുടരു​ന്നു: നാലു ജീവി​ക​ളും ഓരോ​ന്നി​ന്നു ആറാറു ചിറകു​ള​ള​താ​യി ചുററി​ലും അകത്തും കണ്ണു നിറഞ്ഞി​രി​ക്കു​ന്നു. ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നും വരുന്ന​വ​നു​മാ​യി സർവ്വശ​ക്തി​യു​ളള കർത്താ​വായ ദൈവം പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 4:8) കണ്ണുക​ളു​ടെ ഈ നിറവ്‌, പൂർണ​വും ദീർഘ​ദൃ​ഷ്ടി​യു​ള​ള​തു​മായ കാഴ്‌ച​ശ​ക്തി​യെ സൂചി​പ്പി​ക്കു​ന്നു. ഈ നാലു ജീവി​കൾക്ക്‌ ഉറക്കത്തി​ന്റെ യാതൊ​രു ആവശ്യ​വും ഇല്ലാത​വണ്ണം അവർ ഇത്‌ ഇടമു​റി​യാ​തെ പ്രയോ​ഗി​ക്കു​ന്നു. “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്തൻമാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു” എന്ന്‌ ആരെപ്പ​ററി എഴുതി​യോ അവനെ അവർ അനുക​രി​ക്കു​ന്നു. (2 ദിനവൃ​ത്താ​ന്തം 16:9) അത്രയ​ധി​കം കണ്ണുക​ളു​ള​ള​തി​നാൽ കെരൂ​ബു​കൾക്ക്‌ എല്ലായി​ട​വും കാണാൻ കഴിയും. യാതൊ​ന്നും അവരുടെ ശ്രദ്ധയിൽ പെടാതെ പോകു​ന്നില്ല. അങ്ങനെ അവർ ന്യായം​വി​ധി​ക്കുന്ന തന്റെ വേലയിൽ ദൈവത്തെ സേവി​ക്കു​ന്ന​തി​നു സുസജ്ജ​രാണ്‌. അവനെ​ക്കു​റിച്ച്‌ ഇങ്ങനെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. “യഹോ​വ​യു​ടെ കണ്ണു എല്ലാട​വും ഉണ്ടു; ആകാത്ത​വ​രെ​യും നല്ലവ​രെ​യും നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 15:3) മൂന്നു ജോടി ചിറകു​കൾ ഉളളതു​കൊണ്ട്‌ കെരൂ​ബു​കൾക്കു യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ ഘോഷി​ക്കാ​നും അവ നടപ്പിൽ വരുത്താ​നും മിന്നൽ വേഗത്തിൽ സഞ്ചരി​ക്കാൻ കഴിയും—ബൈബി​ളിൽ മൂന്ന്‌ എന്ന സംഖ്യ ദൃഢത​ക്കു​വേണ്ടി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.

24. കെരൂ​ബു​കൾ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തെ​ങ്ങനെ, എന്തു പ്രാധാ​ന്യ​ത്തോ​ടെ?

24 ശ്രദ്ധിക്കൂ! കെരൂ​ബു​കൾ യഹോ​വ​ക്കർപ്പി​ക്കുന്ന സ്‌തു​തി​ഗീ​തം ശ്രുതി​മ​ധു​ര​വും ആത്മപ്ര​ചോ​ദ​ക​വു​മാണ്‌: “ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നും വരുന്ന​വ​നു​മാ​യി സർവ്വശ​ക്തി​യു​ളള കർത്താ​വായ [യഹോവയായ, NW] ദൈവം പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”. വീണ്ടും മൂന്ന്‌ തീവ്ര​തയെ കുറി​ക്കു​ന്നു. കെരൂ​ബു​കൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ പരിശു​ദ്ധി​യെ ശക്തമായി സ്ഥിരീ​ക​രി​ക്കു​ന്നു. അവനാണു പരിശു​ദ്ധി​യു​ടെ ഉറവും അതിന്റെ ആത്യന്തി​ക​മായ നിലവാ​ര​വും. അവൻ ‘നിത്യ​രാ​ജാ​വും’ എല്ലായ്‌പോ​ഴും “അല്‌ഫ​യും ഓമേ​ഗ​യും ഒന്നാമ​നും ഒടുക്ക​ത്ത​വ​നും ആദിയും അന്തവും” ആണ്‌. (1 തിമൊ​ഥെ​യൊസ്‌ 1:17; വെളി​പ്പാ​ടു 22:13) കെരൂ​ബു​കൾ യഹോ​വ​യു​ടെ അതുല്യ​മായ ഗുണങ്ങൾ സർവ സൃഷ്ടി​യു​ടെ​യും മുമ്പാകെ ഘോഷി​ക്കു​മ്പോൾ അവർ വിശ്ര​മി​ക്കു​ന്നില്ല.

25. യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ ജീവി​ക​ളും 24 മൂപ്പൻമാ​രും എങ്ങനെ ഒത്തു​ചേ​രു​ന്നു?

25 യഹോ​വ​ക്കു​ളള സ്‌തു​തി​കൾകൊ​ണ്ടു സ്വർഗാ​ധി​സ്വർഗങ്ങൾ മാറെ​റാ​ലി​ക്കൊ​ള​ളു​ന്നു! യോഹ​ന്നാ​ന്റെ വർണന തുടരു​ന്നു: “എന്നെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കു​ന്ന​വ​നാ​യി സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്നു ആ ജീവികൾ മഹത്വ​വും ബഹുമാ​ന​വും സ്‌തോ​ത്ര​വും കൊടു​ക്കു​മ്പോ​ഴൊ​ക്കെ​യും ഇരുപ​ത്തു​നാ​ലു മൂപ്പൻമാ​രും സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ മുമ്പിൽ വീണു, എന്നെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കു​ന്ന​വനെ നമസ്‌ക​രി​ച്ചു: കർത്താവേ, [യഹോവേ, NW] നീ സർവ്വവും സൃഷ്ടി​ച്ച​വ​നും എല്ലാം നിന്റെ ഇഷ്ടം ഹേതു​വാൽ ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും ആകയാൽ മഹത്വ​വും ബഹുമാ​ന​വും ശക്തിയും കൈ​ക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞും​കൊ​ണ്ടു തങ്ങളുടെ കിരീ​ട​ങ്ങളെ സിംഹാ​സ​ന​ത്തിൻമു​മ്പിൽ ഇടും.” (വെളി​പ്പാ​ടു 4:9-11) എല്ലാ തിരു​വെ​ഴു​ത്തു​ക​ളി​ലും​വെച്ചു നമ്മുടെ ദൈവ​വും പരമാ​ധി​കാര കർത്താ​വു​മായ യഹോ​വയെ ആദരി​ച്ചു​കൊ​ണ്ടു​ളള ഏററവും മഹത്തായ പ്രഖ്യാ​പ​ന​ങ്ങ​ളിൽ ഒന്നാണിത്‌!

26. യഹോ​വ​യു​ടെ മുമ്പാകെ 24 മൂപ്പൻമാർ തങ്ങളുടെ കിരീ​ട​ങ്ങളെ താഴെ ഇടുന്നത്‌ എന്തു​കൊണ്ട്‌?

26 യഹോ​വക്കു മുമ്പാകെ തങ്ങളുടെ കിരീ​ട​ങ്ങളെ താഴെ ഇടുന്ന​തിൽപ്പോ​ലും 24 മൂപ്പൻമാർക്ക്‌ യേശു പ്രകട​മാ​ക്കുന്ന അതേ മാനസി​ക​ഭാ​വ​മാ​ണു​ള​ളത്‌. ദൈവ​ത്തി​ന്റെ സന്നിധി​യിൽ തങ്ങളേ​ത്തന്നെ ഉയർത്തുക എന്നത്‌ അവരുടെ മനസ്സി​ലെ​ങ്ങും ഇല്ല. അവരുടെ രാജത്വ​ത്തി​ന്റെ ഏക ഉദ്ദേശ്യം, യേശു എല്ലായ്‌പോ​ഴും ചെയ്യു​ന്ന​തു​പോ​ലെ യഹോ​വക്കു ബഹുമാ​ന​വും മഹത്ത്വ​വും കൈവ​രു​ത്തുക എന്നതാ​ണെന്ന്‌ അവർ താഴ്‌മ​യോ​ടെ തിരി​ച്ച​റി​യു​ന്നു. (ഫിലി​പ്പി​യർ 2:5, 6, 9-11) വിധേ​യ​ത്വ​ത്തോ​ടെ, അവർ തങ്ങളുടെ സ്വന്തം താഴ്‌ച തിരി​ച്ച​റി​യു​ക​യും തങ്ങളുടെ ഭരണം യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്ന​തെന്ന്‌ ഏററു​പ​റ​യു​ക​യും ചെയ്യുന്നു. അങ്ങനെ അവർ സർവവും സൃഷ്ടിച്ച ദൈവ​ത്തി​നു സ്‌തു​തി​യും മഹത്ത്വ​വും നൽകു​ന്ന​തിൽ കെരൂ​ബു​ക​ളോ​ടും ശേഷം വിശ്വസ്‌ത സൃഷ്ടി​ക​ളോ​ടും ഹൃദയ​പൂർവ​ക​മായ യോജി​പ്പി​ലാണ്‌.—സങ്കീർത്തനം 150:1-6.

27, 28. (എ) ഈ ദർശന​ത്തെ​ക്കു​റി​ച്ചു​ളള യോഹ​ന്നാ​ന്റെ വിവരണം നമ്മെ എങ്ങനെ ബാധി​ക്കണം? (ബി) യോഹ​ന്നാൻ അടുത്ത​താ​യി കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നതു സംബന്ധിച്ച്‌ ഏതു ചോദ്യ​ങ്ങൾ ഉദിക്കു​ന്നു?

27 ഈ ദർശന​ത്തെ​ക്കു​റി​ച്ചു​ളള യോഹ​ന്നാ​ന്റെ വിവരണം വായി​ക്കു​മ്പോൾ ആർക്ക്‌ ഉത്തേജി​ത​രാ​കാ​തി​രി​ക്കാൻ കഴിയും? അതു ഉജ്ജ്വല​മാണ്‌, മഹത്താണ്‌! എന്നാൽ യാഥാർഥ്യം എന്തായി​രി​ക്കണം? പ്രാർഥ​ന​യി​ലും പരസ്യ​മാ​യി അവന്റെ നാമം ഘോഷി​ച്ചു​കൊ​ണ്ടും അവനെ സ്‌തു​തി​ക്കു​ന്ന​തിൽ നാലു ജീവി​ക​ളോ​ടും 24 മൂപ്പൻമാ​രോ​ടും ചേരാൻ യഹോ​വ​യു​ടെ മാഹാ​ത്മ്യം വിലമ​തി​പ്പിൻ ഹൃദയ​മു​ളള ഏതൊ​രു​വ​നെ​യും ഉത്തേജി​പ്പി​ക്കേ​ണ്ട​താണ്‌. ഇന്ന്‌ ആർക്കു​വേണ്ടി സാക്ഷി​ക​ളാ​യി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു പദവി ലഭിച്ചി​രി​ക്കു​ന്നു​വോ ആ ദൈവം ഇതാണ്‌. (യെശയ്യാ​വു 43:10) യോഹ​ന്നാ​ന്റെ ദർശനം കർത്താ​വി​ന്റെ ദിവസ​ത്തി​നു ബാധക​മാ​കു​ന്നു​വെന്ന്‌ ഓർക്കുക, നാം ഇന്ന്‌ അവി​ടെ​യാണ്‌. നമ്മെ നയിക്കു​ന്ന​തി​നും ശക്തീക​രി​ക്കു​ന്ന​തി​നും ‘ഏഴു ആത്മാക്കൾ’ എല്ലായ്‌പോ​ഴും ലഭ്യമാണ്‌. (ഗലാത്യർ 5:16-18) ഒരു പരിശു​ദ്ധ​ദൈ​വത്തെ സേവി​ക്കു​ന്ന​തിൽ വിശു​ദ്ധ​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌ ഇന്നു ദൈവ​വ​ചനം ലഭ്യമാണ്‌. (1 പത്രൊസ്‌ 1:14-16) തീർച്ച​യാ​യും, ഈ പ്രവച​ന​ത്തി​ന്റെ വാക്കുകൾ ഉച്ചത്തിൽ വായി​ക്കാൻ നാം സന്തോ​ഷ​മു​ള​ള​വ​രാണ്‌. (വെളി​പ്പാ​ടു 1:3) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും സജീവ​മാ​യി അവന്റെ സ്‌തു​തി​കൾ പാടു​ന്ന​തിൽനി​ന്നു നമ്മെ വ്യതി​ച​ലി​പ്പി​ക്കാൻ ലോകത്തെ അനുവ​ദി​ക്കാ​തി​രി​ക്കാ​നും അവ എന്തൊരു പ്രേരണ നൽകുന്നു!—1 യോഹ​ന്നാൻ 2:15-17.

28 ഇതുവരെ, സ്വർഗ​ത്തി​ലെ തുറക്ക​പ്പെട്ട വാതി​ലി​ലൂ​ടെ സമീപി​ക്കാൻ ക്ഷണിക്ക​പ്പെ​ട്ട​പ്പോൾ താൻ കാണു​ന്നത്‌ യോഹ​ന്നാൻ വർണി​ച്ചി​രി​ക്കു​ന്നു. ഏററവും ശ്രദ്ധേ​യ​മാ​യി, യഹോവ തന്റെ മാഹാ​ത്മ്യ​ത്തി​ന്റെ​യും പ്രതാ​പ​ത്തി​ന്റെ​യും മുഴു​ശോ​ഭ​യോ​ടും​കൂ​ടെ തന്റെ സ്വർഗീയ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​താ​യി അവൻ റിപ്പോർട്ടു ചെയ്യുന്നു. സകല സ്ഥാപന​ങ്ങ​ളി​ലും വെച്ച്‌ ഏററവും ശക്തമാ​യതു യഹോ​വക്കു ചുററു​മുണ്ട്‌—പകിട്ടി​ലും വിശ്വ​സ്‌ത​ത​യി​ലും ഉജ്ജ്വലം​തന്നെ. ദിവ്യ ന്യായ​വി​സ്‌താ​രസഭ കൂടി​യി​രി​ക്ക​യാണ്‌. (ദാനീ​യേൽ 7:9, 10, 18) അസാധാ​ര​ണ​മായ എന്തോ സംഭവി​ക്കാൻ അരങ്ങ്‌ ഒരുങ്ങി​യി​രി​ക്കു​ക​യാണ്‌. അതെന്താണ്‌, അത്‌ ഇന്നു നമ്മെ എങ്ങനെ ബാധി​ക്കു​ന്നു? രംഗം തെളി​വാ​യി വരു​മ്പോൾ നമുക്കു വീക്ഷി​ക്കാം!

[അധ്യയന ചോദ്യ​ങ്ങൾ]

[75-ാം പേജിലെ ചിത്രം]

[78-ാം പേജിലെ ചിത്രം]