വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടു സാക്ഷികളെ പുനരുജ്ജീവിപ്പിക്കുന്നു

രണ്ടു സാക്ഷികളെ പുനരുജ്ജീവിപ്പിക്കുന്നു

അധ്യായം 25

രണ്ടു സാക്ഷി​കളെ പുനരു​ജ്ജീ​വി​പ്പി​ക്കു​ന്നു

1. ബലവാ​നായ ദൂതൻ എന്തു​ചെ​യ്യാൻ യോഹ​ന്നാ​നെ ക്ഷണിക്കു​ന്നു?

 രണ്ടാമത്തെ കഷ്ടം തീരു​ന്ന​തി​നു​മു​മ്പു മറെറാ​രു പ്രാവ​ച​നിക പ്രദർശ​ന​ത്തിൽ പങ്കെടു​ക്കാൻ ബലവാ​നായ ദൂതൻ യോഹ​ന്നാ​നെ ക്ഷണിക്കു​ന്നു, ഇത്‌ ആലയ​ത്തോ​ടു ബന്ധമു​ള​ള​താണ്‌. (വെളി​പ്പാ​ടു 9:12; 10:1) യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നത്‌ ഇതാണ്‌: “പിന്നെ ദണ്ഡു​പോ​ലെ​യു​ളള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്‌പന ലഭിച്ചതു: നീ എഴു​ന്നേ​ററു ദൈവ​ത്തി​ന്റെ ആലയ​ത്തെ​യും യാഗപീ​ഠ​ത്തെ​യും അതിൽ നമസ്‌ക​രി​ക്കു​ന്ന​വ​രെ​യും അളക്കുക.”—വെളി​പ്പാ​ടു 11:1.

ആലയമ​ന്ദി​രം

2. (എ) ഏത്‌ ആലയമ​ന്ദി​രം നമ്മുടെ നാൾവരെ നിലനിൽക്കും? (ബി) ആലയമ​ന്ദി​ര​ത്തി​ലെ മഹാപു​രോ​ഹി​തൻ ആരാണ്‌, അതിന്റെ അതിവി​ശു​ദ്ധം എന്താണ്‌?

2 ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന ആലയം യെരു​ശ​ലേ​മി​ലെ ഏതെങ്കി​ലും അക്ഷരാർഥ ആലയമാ​യി​രി​ക്കാൻ കഴിയില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ഇവയിൽ അവസാ​ന​ത്തേതു പൊ.യു. 70-ൽ റോമാ​ക്കാ​രാൽ നശിപ്പി​ക്ക​പ്പെട്ടു. എന്നുവ​രി​കി​ലും, ആ നാശത്തി​നു​മു​മ്പു​പോ​ലും നമ്മുടെ നാൾവരെ നിലനിൽക്കുന്ന മറെറാ​രു ആലയമ​ന്ദി​രം പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രകട​മാ​ക്കി. ഇതു സമാഗ​മ​ന​കൂ​ടാ​ര​വും പിന്നീട്‌ യെരു​ശ​ലേ​മി​ലെ ആലയങ്ങ​ളും നൽകിയ പ്രാവ​ച​നിക മാതൃ​കകൾ നിറ​വേ​റ​റിയ വലിയ ആത്മീയ ആലയം ആയിരു​ന്നു. അത്‌ “മനുഷ്യ​നല്ല, കർത്താവു സ്ഥാപിച്ച സത്യകൂ​ടാ​രം” ആണ്‌, അതിലെ മഹാപു​രോ​ഹി​തൻ യേശു​വാണ്‌, അവൻ ‘സ്വർഗ്ഗ​ത്തിൽ മഹിമാ​സ​ന​ത്തി​ന്റെ വലത്തു​ഭാ​ഗത്ത്‌ ഇരുന്നു’ എന്നു പൗലോസ്‌ വർണി​ക്കു​ന്നു. അതിന്റെ അതിവി​ശു​ദ്ധം സ്വർഗ​ത്തിൽത്ത​ന്നെ​യു​ളള യഹോ​വ​യു​ടെ സാന്നി​ധ്യ​സ്ഥാ​ന​മാണ്‌.—എബ്രായർ 8:1, 2; 9:11, 24.

3. സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ പിൻവ​രു​ന്നവ എന്തിനെ ചിത്രീ​ക​രി​ച്ചു, (എ) വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും തമ്മിൽ വേർതി​രി​ക്കുന്ന തിരശ്ശീല? (ബി) മൃഗബ​ലി​കൾ? (സി) യാഗപീ​ഠം?

3 അതിവി​ശു​ദ്ധ​വും വിശു​ദ്ധ​സ്ഥ​ല​വും തമ്മിൽ വേർതി​രി​ക്കുന്ന സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ തിരശ്ശീല യേശു​വി​ന്റെ ജഡത്തെ ചിത്രീ​ക​രി​ക്കു​ന്നു​വെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. യേശു തന്റെ ജീവൻ ബലി​കൊ​ടു​ത്ത​പ്പോൾ, സ്വർഗ​ത്തിൽ യഹോ​വ​യു​ടെ സന്നിധി​യി​ലേ​ക്കു​ളള പ്രവേ​ശ​ന​ത്തിന്‌ അവന്റെ ജഡം മേലാൽ ഒരു പ്രതി​ബ​ന്ധ​മ​ല്ലെന്ന്‌ പ്രകട​മാ​ക്കി​ക്കൊണ്ട്‌ ഈ തിരശ്ശീല രണ്ടായി കീറി​പ്പോ​യി. യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ, വിശ്വ​സ്‌ത​ത​യിൽ മരിച്ച അവന്റെ അഭിഷിക്ത ഉപപു​രോ​ഹി​തൻമാ​രും തക്കസമ​യത്ത്‌ സ്വർഗ​ങ്ങ​ളി​ലേക്കു പ്രവേ​ശി​ക്കും. (മത്തായി 27:50, 51; എബ്രായർ 9:3; 10:19, 20) കൂടാതെ, സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ തുടർച്ച​യായ മൃഗബ​ലി​കൾ യേശു​വി​ന്റെ പൂർണ​മ​നു​ഷ്യ​ജീ​വന്റെ ഏകബലി​യി​ലേക്കു വിരൽചൂ​ണ്ടി​യെ​ന്നും പൗലോസ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. പ്രാകാ​ര​ത്തി​ലെ യാഗപീ​ഠം തന്റെ ഇഷ്ടപ്ര​കാ​രം യേശു​വി​ന്റെ ബലി സ്വീക​രി​ക്കു​ന്ന​തി​നു​ളള യഹോ​വ​യു​ടെ കരുത​ലി​നെ പ്രതി​നി​ധാ​നം ചെയ്‌തു, “തങ്ങളുടെ രക്ഷക്കു​വേണ്ടി അവനി​ലേക്ക്‌ ആകാം​ക്ഷ​യോ​ടെ നോക്കുന്ന”—അഭിഷി​ക്ത​രും പിൽക്കാ​ലത്ത്‌ വേറെ​യാ​ടു​ക​ളും ഉൾപ്പെ​ടുന്ന—“അനേകർ”ക്കുവേണ്ടി ആയിരു​ന്നു ആ ബലി.—എബ്രായർ 9:28, NW; 10:9, 10; യോഹ​ന്നാൻ 10:16.

4. (എ) വിശു​ദ്ധ​സ്ഥലം, (ബി) അകത്തെ പ്രാകാ​രം, എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി?

4 ഈ ദിവ്യ​നി​ശ്വസ്‌ത വിവര​ങ്ങ​ളിൽനിന്ന്‌, സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ വിശു​ദ്ധ​സ്ഥലം ആദ്യം ക്രിസ്‌തു​വും പിന്നെ അവന്റെ രാജകീയ പുരോ​ഹി​ത​വർഗ​ത്തി​ലെ അഭിഷിക്ത അംഗങ്ങ​ളായ 1,44,000-വും “തിരശ്ശീല”യിലൂടെ പ്രവേ​ശി​ക്കു​ന്ന​തി​നു മുമ്പ്‌ ഇവിടെ ഭൂമി​യി​ലാ​യി​രി​ക്കു​മ്പോൾ ആസ്വദിച്ച ഒരു വിശുദ്ധ അവസ്ഥയെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു​വെന്നു നമുക്കു നിഗമനം ചെയ്യാൻ കഴിയും. (എബ്രായർ 6:19, 20; 1 പത്രൊസ്‌ 2:9) പൊ.യു. 29-ൽ യോർദാ​നി​ലെ യേശു​വി​ന്റെ സ്‌നാ​പ​നത്തെ തുടർന്നു ദൈവം അവനെ തന്റെ പുത്ര​നാ​യി അംഗീ​ക​രി​ച്ച​തു​പോ​ലെ​തന്നെ, അവർ ദൈവ​ത്തി​ന്റെ ആത്മീയ​പു​ത്രൻമാ​രാ​യി ദത്തെടു​ക്ക​പ്പെട്ട അവസ്ഥയെ അതു നന്നായി പ്രതി​നി​ധാ​നം ചെയ്യുന്നു. (ലൂക്കൊസ്‌ 3:22; റോമർ 8:15) പുരോ​ഹി​ത​ര​ല്ലാത്ത ഇസ്രാ​യേ​ല്യർക്കു ദൃശ്യ​മാ​യി​രുന്ന സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ ഏകഭാ​ഗ​വും യാഗങ്ങൾ നടത്ത​പ്പെ​ട്ടി​രുന്ന സ്ഥലവും ആയ അകത്തെ പ്രാകാ​രത്തെ സംബന്ധി​ച്ചെന്ത്‌? ഇത്‌ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി തന്റെ ജീവൻ ബലി​കൊ​ടു​ക്കാൻ മനുഷ്യ​നായ യേശു​വി​നെ യോഗ്യ​നാ​ക്കിയ അവന്റെ നീതി​യു​ളള നിലയെ ചിത്രീ​ക​രി​ക്കു​ന്നു. അതു ഭൂമി​യി​ലാ​യി​രി​ക്കു​മ്പോൾ അവന്റെ അഭിഷിക്ത അനുഗാ​മി​കൾ ആസ്വദി​ക്കു​ന്ന​തും യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ചുമത്ത​പ്പെ​ടു​ന്ന​തു​മായ, വിശു​ദ്ധൻമാ​രെ​ന്ന​നി​ല​യി​ലു​ളള നീതി​യു​ളള നില​യെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു.—റോമർ 1:7; 5:1. a

ആലയമ​ന്ദി​രം അളക്കൽ

5. എബ്രാ​യ​തി​രു​വെ​ഴു​ത്തി​ലെ പ്രവച​ന​ങ്ങ​ളിൽ (എ) യെരു​ശ​ലേ​മി​ന്റെ അളക്കൽ, (ബി) എസെക്കി​യേ​ലി​ന്റെ ദാർശ​നിക ആലയത്തി​ന്റെ അളക്കൽ, എന്തിനെ സൂചി​പ്പി​ച്ചു?

5 “ദൈവ​ത്തി​ന്റെ ആലയ​ത്തെ​യും യാഗപീ​ഠ​ത്തെ​യും അതിൽ നമസ്‌ക​രി​ക്കു​ന്ന​വ​രെ​യും അളക്കു”വാൻ യോഹ​ന്നാ​നോ​ടു പറയ​പ്പെ​ടു​ന്നു. ഇത്‌ എന്തു സൂചി​പ്പി​ക്കു​ന്നു? എബ്രാ​യ​തി​രു​വെ​ഴു​ത്തി​ലെ പ്രവച​ന​ങ്ങ​ളിൽ അത്തരം അളക്കൽ, യഹോ​വ​യു​ടെ പൂർണ​ത​യു​ളള പ്രമാ​ണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ കരുണ​യാൽ മയപ്പെ​ടു​ത്തിയ നീതി നിർവ​ഹി​ക്ക​പ്പെ​ടു​മെ​ന്നു​ളള ഉറപ്പു നൽകി. ദുഷ്ടനായ മനശ്ശെ രാജാ​വി​ന്റെ നാളിൽ യെരു​ശ​ലേ​മി​ന്റെ പ്രവച​ന​പ​ര​മായ അളക്കൽ ആ നഗരത്തി​ന്റെ നാശമാ​കുന്ന മാററ​മി​ല്ലാത്ത ഒരു ന്യായ​വി​ധി​യെ സാക്ഷ്യ​പ്പെ​ടു​ത്തി. (2 രാജാ​ക്കൻമാർ 21:13; വിലാ​പങ്ങൾ 2:8) എന്നിരു​ന്നാ​ലും, പിന്നീട്‌ യെരു​ശ​ലേം അളക്കു​ന്നതു യിരെ​മ്യാ കണ്ടപ്പോൾ നഗരം പുനർനിർമി​ക്ക​പ്പെ​ടു​മെന്ന്‌ അതു സ്ഥിരീ​ക​രി​ച്ചു. (യിരെ​മ്യാ​വു 31:39; ഇതുകൂ​ടെ കാണുക: സെഖര്യാ​വു 2:2-8.) അതു​പോ​ലെ​തന്നെ, എസെക്കി​യേൽ കണ്ട ദാർശ​നിക ആലയത്തി​ന്റെ വിപു​ല​വും വിശദ​വു​മായ അളക്കൽ ബാബി​ലോ​നി​ലെ യഹൂദ​പ്ര​വാ​സി​കൾക്കു തങ്ങളുടെ സ്വദേ​ശത്തു സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നു​ള​ള​തി​ന്റെ ഒരു ഉറപ്പാ​യി​രു​ന്നു. അതു തങ്ങളുടെ തെററു​ക​ളു​ടെ വീക്ഷണ​ത്തിൽ ഇസ്രാ​യേൽ അന്നുമു​തൽ ദൈവ​ത്തി​ന്റെ വിശു​ദ്ധ​നി​ല​വാ​ര​ങ്ങ​ളിൽ എത്തി​ച്ചേ​ര​ണ​മെന്ന ഒരു ഓർമ​പ്പെ​ടു​ത്ത​ലും ആയിരു​ന്നു.—യെഹെ​സ്‌കേൽ 40:3, 4; 43:10.

6. ആലയമ​ന്ദി​ര​ത്തെ​യും അതിൽ ആരാധന നടത്തുന്ന പുരോ​ഹി​തൻമാ​രെ​യും അളക്കാൻ യോഹ​ന്നാ​നോ​ടു പറയ​പ്പെ​ട്ടത്‌ എന്തിന്റെ ഒരു അടയാ​ള​മാ​യി​രു​ന്നു? വിശദീ​ക​രി​ക്കുക.

6 അതു​കൊണ്ട്‌ ആലയമ​ന്ദി​ര​ത്തെ​യും അതിൽ ആരാധന നടത്തുന്ന പുരോ​ഹി​തൻമാ​രെ​യും അളക്കാൻ യോഹ​ന്നാ​നോട്‌ ആജ്ഞാപി​ക്കു​മ്പോൾ, ആലയ​ക്ര​മീ​ക​ര​ണ​ത്തെ​യും അതി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ നിവൃ​ത്തി​യെ യാതൊ​ന്നി​നും തടയാൻ കഴിയു​ക​യില്ല എന്നതി​ന്റെ​യും ആ ഉദ്ദേശ്യ​ങ്ങൾ അതിന്റെ പാരമ്യ​ത്തി​ലേക്കു നീങ്ങു​ക​യാ​ണെ​ന്നു​ള​ള​തി​ന്റെ​യും ലക്ഷണമാ​ണത്‌. ഇപ്പോൾ സകല കാര്യ​ങ്ങ​ളും യഹോ​വ​യു​ടെ ബലവാ​നായ ദൂതന്റെ കാൽക്കീ​ഴി​ലാ​യി​രി​ക്കുന്ന സ്ഥിതിക്ക്‌ “യഹോ​വ​യു​ടെ ആലയമു​ളള പർവ്വതം പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപിത”മായി​ത്തീ​രാ​നു​ളള സമയമാ​ണിത്‌. (യെശയ്യാ​വു 2:2-4) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ നൂററാ​ണ്ടു​ക​ളോ​ള​മു​ളള വിശ്വാ​സ​ത്യാ​ഗ​ത്തി​നു​ശേഷം യഹോ​വ​യു​ടെ സത്യാ​രാ​ധന ഉയർത്ത​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. ഇത്‌ യേശു​വി​ന്റെ മരിച്ചു​പോയ വിശ്വ​സ്‌ത​സ​ഹോ​ദ​രൻമാർ “അതിപ​രി​ശുദ്ധ”മായതി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടാ​നു​ളള സമയവു​മാണ്‌. (ദാനീ​യേൽ 9:24; 1 തെസ്സ​ലൊ​നീ​ക്യർ 4:14-16; വെളി​പ്പാ​ടു 6:11; 14:4) “നമ്മുടെ ദൈവ​ത്തി​ന്റെ ദാസൻമാ​രു​ടെ” ഭൂമി​യി​ലു​ളള മുദ്ര​യേററ അവസാ​നത്തെ അംഗങ്ങ​ളും ആത്മജനനം പ്രാപിച്ച ദൈവ​പു​ത്രൻമാ​രെന്ന നിലയിൽ ആലയ​ക്ര​മീ​ക​ര​ണ​ത്തിൽ അവരുടെ സ്ഥിരമായ സ്ഥാനത്തി​നാ​യി യോഗ്യ​രാ​കു​ന്ന​തി​നു ദിവ്യ​പ്ര​മാ​ണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അളക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. യോഹ​ന്നാൻവർഗം ഇന്ന്‌ ആ വിശു​ദ്ധ​നി​ല​വാ​രങ്ങൾ പൂർണ​മാ​യി അറിയു​ന്ന​വ​രും അവയിൽ എത്താൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്ന​വ​രും ആണ്‌.—വെളി​പ്പാ​ടു 7:1-3; മത്തായി 13:41, 42; എഫെസ്യർ 1:13, 14; താരത​മ്യം ചെയ്യുക: റോമർ 11:20.

പ്രാകാ​ര​ത്തി​ന്റെ ചവിട്ടി​മെ​തി​ക്കൽ

7. (എ) പ്രാകാ​രം അളക്കരു​തെന്ന്‌ യോഹ​ന്നാ​നോ​ടു പറയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) വിശു​ദ്ധ​ന​ഗരം 42 മാസ​ത്തേക്കു ചവിട്ടി​മെ​തി​ക്ക​പ്പെ​ട്ടത്‌ എപ്പോ​ഴാ​യി​രു​ന്നു? (സി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ 42 മാസ​ത്തേക്ക്‌ യഹോ​വ​യു​ടെ നീതി​യു​ളള നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കാൻ പരാജ​യ​പ്പെ​ട്ട​തെ​ങ്ങനെ?

7 പ്രാകാ​രം അളക്കു​ന്ന​തിന്‌ യോഹ​ന്നാ​നെ വിലക്കി​യ​തെ​ന്തു​കൊണ്ട്‌? അവൻ ഈ വാക്കു​ക​ളിൽ നമ്മോടു പറയുന്നു: “ആലയത്തി​ന്നു പുറത്തു​ളള പ്രാകാ​രം അളക്കാതെ വിട്ടേക്ക; അതു ജാതി​കൾക്കു കൊടു​ത്തി​രി​ക്കു​ന്നു; അവർ വിശുദ്ധ നഗരത്തെ നാല്‌പ​ത്തു​രണ്ടു മാസം ചവിട്ടും.” (വെളി​പ്പാ​ടു 11:2) അകത്തെ പ്രാകാ​രം ആത്മജനനം പ്രാപിച്ച ക്രിസ്‌ത്യാ​നി​ക​ളു​ടെ ഭൂമി​യി​ലെ നീതി​യു​ളള നിലയെ ചിത്രീ​ക​രി​ക്കു​ന്ന​താ​യി നാം കുറി​ക്കൊ​ള​ളു​ക​യു​ണ്ടാ​യി. നാം കാണാൻ പോകു​ന്ന​പ്ര​കാ​രം ഇവിടത്തെ പരാമർശം 1914 ഡിസംബർ മുതൽ 1918 വരെ നീളുന്ന അക്ഷരാർഥ​ത്തി​ലു​ളള 42 മാസങ്ങ​ളെ​യാണ്‌, അന്നു ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രെ​ല്ലാം ഒരു കഠിന​പ​രി​ശോ​ധ​നക്കു വിധേ​യ​മാ​യി. ആ യുദ്ധവർഷ​ങ്ങ​ളിൽ അവർ യഹോ​വ​യു​ടെ നീതി​യു​ളള പ്രമാ​ണങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​മാ​യി​രു​ന്നു​വോ? അധിക​പ​ങ്കും ഇല്ല. മൊത്ത​ത്തിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ ദിവ്യ​നി​യ​മ​ത്തോ​ടു​ളള അനുസ​ര​ണ​ത്തി​നു മീതെ ദേശീ​യ​തയെ പ്രതി​ഷ്‌ഠി​ച്ചു. മുഖ്യ​മാ​യും ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ നടത്തപ്പെട്ട യുദ്ധത്തിൽ ഇരുപ​ക്ഷ​ത്തും വൈദി​കർ യുവാ​ക്കളെ കിടങ്ങു​ക​ളി​ലേക്കു പ്രസം​ഗി​ച്ച​യച്ചു. ലക്ഷങ്ങൾ കൊല്ല​പ്പെട്ടു. ആ ന്യായ​വി​ധി 1918-ൽ ദൈവ​ഭ​വ​ന​ത്തിൽ ആരംഭി​ച്ച​പ്പോ​ഴേ​ക്കും ഐക്യ​നാ​ടു​ക​ളും ആ രക്തച്ചൊ​രി​ച്ചി​ലിൽ പ്രവേ​ശി​ച്ചി​രു​ന്നു, ഇപ്പോ​ഴും ദിവ്യ​പ്ര​തി​കാ​ര​ത്തി​നാ​യി നിലവി​ളി​ക്കുന്ന രക്തപാ​ത​ക​ത്തിന്‌ മുഴു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ​യും വൈദി​കർ പാത്രീ​ഭൂ​ത​രാ​യി. (1 പത്രൊസ്‌ 4:17) അവരുടെ ഭ്രഷ്ട്‌ സ്ഥിരമാ​യത്‌, മാററ​മി​ല്ലാ​ത്തത്‌ ആയിത്തീർന്നി​രി​ക്കു​ന്നു.—യെശയ്യാ​വു 59:1-3, 7, 8; യിരെ​മ്യാ​വു 19:3, 4.

8. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ബൈബിൾ വിദ്യാർഥി​ക​ളിൽ അനേക​രും എന്തു തിരി​ച്ച​റി​ഞ്ഞു, എന്നാൽ അവർ എന്തു പൂർണ​മാ​യി വിലമ​തി​ച്ചില്ല?

8 എന്നാൽ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ചെറിയ സംഘത്തെ സംബന്ധി​ച്ചെന്ത്‌? ദിവ്യ​പ്ര​മാ​ണ​ങ്ങ​ളോ​ടു​ളള അവരുടെ പററി​നി​ല്‌പി​നാൽ അവർ 1914-ൽ ഉടൻ അളക്ക​പ്പെ​ട​ണ​മാ​യി​രു​ന്നോ? ഇല്ല. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ നാമധേയ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ അവരും പരി​ശോ​ധി​ക്ക​പ്പെ​ടണം. അവർ കഠിന​മാ​യി പരി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​തി​നും പീഡി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു​മാ​യി ‘ജനതകൾക്കു വിട്ടു​കൊ​ടു​ക്ക​പ്പെട്ടു.’ തങ്ങൾ പോയി സഹമനു​ഷ്യ​രെ കൊല്ല​രു​തെന്ന്‌ അവരിൽ പലരും തിരി​ച്ച​റി​ഞ്ഞു, എന്നാൽ അപ്പോ​ഴും അവർ ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​തയെ പൂർണ​മാ​യി വിലമ​തി​ച്ചി​രു​ന്നില്ല. (മീഖാ 4:3; യോഹ​ന്നാൻ 17:14, 16; 1 യോഹ​ന്നാൻ 3:15) ജനതക​ളു​ടെ സമ്മർദ​ഫ​ല​മാ​യി ചിലർ വിട്ടു​വീഴ്‌ച ചെയ്‌തു.

9. ജനതകൾ ചവിട്ടി​മെ​തിച്ച വിശു​ദ്ധ​ന​ഗരം എന്താണ്‌, ഭൂമി​യിൽ ഈ നഗരത്തെ ആർ പ്രതി​നി​ധാ​നം ചെയ്യുന്നു?

9 എങ്കിലും വിശു​ദ്ധ​ന​ഗരം ആ ജനതക​ളാൽ ചവിട്ടി​മെ​തി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യാ​യി​രു​ന്നു? വ്യക്തമാ​യും, ഇത്‌ വെളി​പാട്‌ എഴുതു​ന്ന​തിന്‌ 25 വർഷം മുമ്പു നശിപ്പി​ക്ക​പ്പെട്ട യെരു​ശ​ലേ​മി​നെ പരാമർശി​ക്കു​ന്നില്ല. പിന്നെ​യോ വിശു​ദ്ധ​ന​ഗരം, പിന്നീട്‌ വെളി​പാ​ടിൽ വർണി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പുതിയ യെരു​ശ​ലേം ആണ്‌, ആലയത്തി​ന്റെ അകത്തെ പ്രാകാ​ര​ത്തി​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ശേഷി​പ്പി​നാൽ അത്‌ ഇപ്പോൾ ഭൂമി​യിൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ അവരെ ചവിട്ടി​മെ​തി​ക്കു​ന്നതു നഗര​ത്തെ​ത്തന്നെ ചവിട്ടി​മെ​തി​ക്കു​ന്ന​തി​നു സമമാണ്‌.—വെളി​പ്പാ​ടു 21:2, 9-21.

രണ്ടു സാക്ഷികൾ

10. ചവിട്ടി​മെ​തി​ക്ക​പ്പെ​ടു​മ്പോൾ യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​കൾ എന്തു ചെയ്യേ​ണ്ട​താണ്‌?

10 ചവിട്ടി​മെ​തി​ക്ക​പ്പെ​ടു​മ്പോൾപോ​ലും ഈ വിശ്വ​സ്‌തർ യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​കൾ അല്ലാതാ​യി​ത്തീ​രു​ന്നില്ല. അതു​കൊണ്ട്‌ പ്രവചനം തുടരു​ന്നു: “അന്നു ഞാൻ എന്റെ രണ്ടു സാക്ഷി​കൾക്കും വരം നല്‌കും; അവർ രട്ടു ഉടുത്തും​കൊ​ണ്ടു ആയിര​ത്തി​രു​നൂ​റ​റ​റു​പതു ദിവസം പ്രവചി​ക്കും. അവർ ഭൂമി​യു​ടെ കർത്താ​വി​ന്റെ സന്നിധി​യിൽ നില്‌ക്കുന്ന രണ്ടു ഒലീവ്‌വൃ​ക്ഷ​വും രണ്ടു നിലവി​ള​ക്കും ആകുന്നു.”—വെളി​പ്പാ​ടു 11:3, 4.

11. വിശ്വ​സ്‌ത​രായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ “രട്ടു ഉടുത്തു” പ്രവചി​ക്കു​ന്നത്‌ എന്തിനെ അർഥമാ​ക്കി?

11 വിശ്വ​സ്‌ത​രായ ഈ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു സഹിഷ്‌ണു​താ​ഗു​ണം ആവശ്യ​മാ​യി​രു​ന്നു, കാരണം അവർ “രട്ടു ഉടുത്തു” പ്രവചി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇത്‌ എന്തർഥ​മാ​ക്കി? ബൈബിൾക്കാ​ല​ങ്ങ​ളിൽ രട്ടു മിക്ക​പ്പോ​ഴും വിലാ​പത്തെ പ്രതീ​ക​പ്പെ​ടു​ത്തി. അതു ധരിക്കു​ന്നതു വ്യക്തി ദുഃഖ​ത്തിൽ അഥവാ ക്ലേശത്തിൽ ആഴ്‌ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന​തി​ന്റെ ഒരു അടയാ​ള​മാ​യി​രു​ന്നു. (ഉല്‌പത്തി 37:34; ഇയ്യോബ്‌ 16:15, 16; യെഹെ​സ്‌കേൽ 27:31) രട്ടു ദൈവ​ത്തി​ന്റെ പ്രവാ​ച​കൻമാർ ഘോഷി​ക്കേ​ണ്ടി​യി​രുന്ന നാശത്തി​ന്റെ​യോ ദുഃഖ​ത്തി​ന്റെ​യോ വിലാ​പ​സ​ന്ദേ​ശ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു. (യെശയ്യാ​വു 3:8, 24-26; യിരെ​മ്യാ​വു 48:37; 49:3) രട്ടുടു​ക്കു​ന്നതു ദിവ്യ​മു​ന്ന​റി​യി​പ്പി​ന്റെ വീക്ഷണ​ത്തിൽ താഴ്‌മയെ അല്ലെങ്കിൽ അനുതാ​പത്തെ സൂചി​പ്പി​ച്ചേ​ക്കാം. (യോനാ 3:5) രണ്ടു സാക്ഷികൾ ധരിച്ചി​രുന്ന രട്ട്‌ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കു​ന്ന​തിൽ അവരുടെ വിനീ​ത​മായ സഹിഷ്‌ണു​തയെ സൂചി​പ്പി​ക്കു​ന്നു​വെന്നു തോന്നു​ന്നു. അവർ ജനതകൾക്കു​കൂ​ടെ ദുഃഖം വരുത്തുന്ന അവന്റെ പ്രതി​കാ​ര​ദി​വസം ഘോഷി​ക്കുന്ന സാക്ഷി​ക​ളാ​യി​രു​ന്നു.—ആവർത്ത​ന​പു​സ്‌തകം 32:41-43.

12. വിശു​ദ്ധ​ന​ഗരം ചവിട്ടി​മെ​തി​ക്ക​പ്പെ​ടുന്ന കാലഘട്ടം അക്ഷരീ​യ​മാ​ണെന്നു തോന്നു​ന്ന​തെ​ന്തു​കൊണ്ട്‌?

12 കൃത്യ​മാ​യി പ്രസ്‌താ​വി​ച്ചി​രുന്ന ഒരു കാല​ത്തേക്ക്‌ യോഹ​ന്നാൻവർഗം ഈ ദൂതു പ്രസം​ഗി​ക്കേ​ണ്ടി​യി​രു​ന്നു: 1,260 ദിവസം, അഥവാ 42 മാസം, വിശു​ദ്ധ​ന​ഗരം ചവിട്ടി​മെ​തി​ക്ക​പ്പെ​ടേ​ണ്ടി​യി​രുന്ന അതേ കാലഘ​ട്ടം​തന്നെ. ഈ കാലഘട്ടം അക്ഷരീ​യ​മാ​ണെന്നു തോന്നു​ന്നു, കാരണം ആദ്യം മാസങ്ങ​ളാ​യും പിന്നെ ദിവസ​ങ്ങ​ളാ​യും രണ്ടു വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളിൽ അതു പറഞ്ഞി​രി​ക്കു​ന്നു. കൂടാതെ, കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽ ദൈവ​ജ​ന​ങ്ങ​ളു​ടെ കഠോ​ര​മായ അനുഭ​വങ്ങൾ ഇവിടെ പ്രവചി​ച്ചി​രുന്ന സംഭവ​ങ്ങ​ളോട്‌ ഒത്തുവന്ന മൂന്നര​വർഷ​ത്തി​ന്റെ ഒരു പ്രത്യേക കാലഘട്ടം ഉണ്ടായി​രു​ന്നു—1914 ഡിസം​ബ​റിൽ തുടങ്ങി 1918 ജൂൺ വരെ തുടരു​ന്ന​തു​തന്നെ. (വെളി​പ്പാ​ടു 1:10) ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തെ​യും ലോക​ത്തെ​യും യഹോവ ന്യായം വിധി​ക്കു​ന്നതു സംബന്ധിച്ച ഒരു “രട്ടു”സന്ദേശം അവർ പ്രസം​ഗി​ച്ചു.

13. (എ) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ രണ്ടു സാക്ഷി​ക​ളാൽ പ്രതീ​ക​വ​ത്‌ക​രി​ക്ക​പ്പെട്ടു എന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) രണ്ടു സാക്ഷി​കളെ “രണ്ടു ഒലീവ്‌വൃ​ക്ഷ​വും രണ്ടു നിലവി​ള​ക്കും” എന്ന്‌ യോഹ​ന്നാൻ വിളി​ക്കു​ന്ന​തി​നാൽ സെഖര്യാ​വി​ന്റെ ഏതു പ്രവചനം മനസ്സി​ലേക്കു വരുത്ത​പ്പെ​ടു​ന്നു?

13 അവർ രണ്ടു സാക്ഷി​ക​ളാൽ പ്രതീ​ക​വ​ത്‌ക​രി​ക്ക​പ്പെ​ട്ടു​വെന്ന വസ്‌തുത അവരുടെ സന്ദേശം കൃത്യ​വും സുസ്ഥാ​പി​ത​വും ആണെന്നു നമുക്ക്‌ ഉറപ്പു​നൽകു​ന്നു. (താരത​മ്യം ചെയ്യുക: ആവർത്ത​ന​പു​സ്‌തകം 17:6; യോഹ​ന്നാൻ 8:17, 18.) അവർ “ഭൂമി​യു​ടെ കർത്താ​വി​ന്റെ സന്നിധി​യിൽ നില്‌ക്കു”ന്നു എന്നു പറഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ അവരെ “രണ്ടു ഒലീവ്‌വൃ​ക്ഷ​വും രണ്ടു നിലവി​ള​ക്കും” എന്നു വിളി​ക്കു​ന്നു. ഇതു സ്‌പഷ്ട​മാ​യും ഏഴു തണ്ടുക​ളു​ളള ഒരു നിലവി​ള​ക്കും രണ്ട്‌ ഒലീവ്‌വൃ​ക്ഷ​ങ്ങ​ളും കണ്ട സെഖര്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ ഒരു വ്യക്തമായ പരാമർശ​ന​മാണ്‌. ഒലീവ്‌വൃ​ക്ഷങ്ങൾ ‘രണ്ട്‌ അഭിഷി​ക്തരെ’ ചിത്രീ​ക​രി​ക്കു​ന്ന​താ​യി പറയ​പ്പെട്ടു, അതായത്‌, “സർവ്വഭൂ​മി​യു​ടെ​യും കർത്താ​വി​ന്റെ സന്നിധി​യിൽ നിൽക്കുന്ന” ഗവർണ​റായ സെരൂ​ബാ​ബേ​ലി​നെ​യും മഹാപു​രോ​ഹി​ത​നായ യോശു​വ​യെ​യും.—സെഖര്യാ​വു 4:1-3, 14.

14. (എ) രണ്ട്‌ ഒലീവ്‌വൃ​ക്ഷങ്ങൾ സംബന്ധിച്ച സെഖര്യാ​വി​ന്റെ ദർശനം എന്തിനെ സൂചി​പ്പി​ച്ചു? വിളക്കു​തണ്ടു സംബന്ധി​ച്ചു​ള​ള​തും? (ബി) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ എന്ത്‌ അനുഭ​വി​ക്കു​മാ​യി​രു​ന്നു?

14 സെഖര്യാവ്‌ ഒരു പുനർനിർമാ​ണ​ത്തി​ന്റെ കാലത്തു ജീവി​ച്ചി​രു​ന്നു, രണ്ട്‌ ഒലീവ്‌വൃ​ക്ഷങ്ങൾ സംബന്ധിച്ച അവന്റെ ദർശനം, വേലക്കു ജനത്തെ ശക്തീക​രി​ക്കു​ന്ന​തി​നു സെരൂ​ബാ​ബേ​ലും യോശു​വ​യും യഹോ​വ​യു​ടെ ആത്മാവി​നാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെന്ന്‌ അർഥമാ​ക്കി. നിലവി​ള​ക്കി​ന്റെ ദർശനം ‘അല്‌പ​കാ​ര്യ​ങ്ങ​ളു​ടെ ദിവസത്തെ തുച്ഛീ​കരി’ക്കാതി​രി​ക്കാൻ സെഖര്യാ​വി​നെ ഓർമി​പ്പി​ച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വ​യു​ടെ ഉദ്ദേശ്യം നിറ​വേ​റ​റ​പ്പെ​ടു​ക​തന്നെ ചെയ്യും—“സൈന്യ​ത്താ​ലല്ല, ശക്തിയാ​ലു​മല്ല, എന്റെ ആത്മാവി​നാ​ല​ത്രേ എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (സെഖര്യാ​വു 4:6, 10; 8:9) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു മനുഷ്യ​വർഗ​ത്തി​നു സത്യത്തി​ന്റെ വെളിച്ചം നിർബ​ന്ധ​പൂർവം എത്തിച്ചു​കൊ​ടു​ത്തി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ ചെറിയ സംഘം അതു​പോ​ലെ​തന്നെ ഒരു പുനർനിർമാ​ണ​വേ​ല​യിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അവരും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാ​യി​രി​ക്കു​മാ​യി​രു​ന്നു, അവർ കുറച്ചു​പേ​രെ​ങ്കി​ലും ചെറിയ തുടക്ക​ത്തി​ന്റെ ദിവസത്തെ തുച്ഛീ​ക​രി​ക്കാ​തെ യഹോ​വ​യു​ടെ ശക്തിയിൽ ആശ്രയി​ക്കാൻ പഠിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

15. (എ) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ രണ്ടു സാക്ഷി​ക​ളാ​യി വർണി​ക്ക​പ്പെ​ട്ടു​വെന്ന വസ്‌തുത നമ്മെ എന്തുകൂ​ടെ അനുസ്‌മ​രി​പ്പി​ക്കു​ന്നു? വിശദീ​ക​രി​ക്കുക. (ബി) രണ്ടു സാക്ഷികൾ ഏതുതരം അടയാ​ളങ്ങൾ കാണി​ക്കാൻ അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു?

15 അവർ രണ്ടു സാക്ഷി​ക​ളാ​യി വർണി​ക്ക​പ്പെ​ടു​ന്നു​വെന്ന വസ്‌തുത മറുരൂ​പ​രം​ഗ​വും നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ആ ദർശന​ത്തിൽ യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രിൽ മൂന്നു​പേർ മോശ​യോ​ടും ഏലിയാ​വി​നോ​ടും കൂടെ അവനെ രാജ്യ​മ​ഹ​ത്ത്വ​ത്തിൽ കണ്ടു. ആ രണ്ടു പ്രവാ​ച​കൻമാർ മുൻസൂ​ചന നൽകിയ ഒരു വേല നിർവ​ഹി​ക്കാൻ യേശു 1914-ൽ തന്റെ മഹത്ത്വ​മു​ളള സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​തി​നെ ഇതു മുൻനി​ഴ​ലാ​ക്കി. (മത്തായി 17:1-3; 25:31) അനു​യോ​ജ്യ​മാ​യി ഇപ്പോൾ രണ്ടു സാക്ഷികൾ മോശ​യു​ടെ​യും ഏലിയാ​വി​ന്റെ​യും അടയാ​ള​ങ്ങളെ അനുസ്‌മ​രി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ യോഹ​ന്നാൻ അവരെ​ക്കു​റി​ച്ചു പറയുന്നു: “ആരെങ്കി​ലും അവർക്കു ദോഷം ചെയ്‌വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനി​ന്നു തീ പുറ​പ്പെട്ടു അവരുടെ ശത്രു​ക്കളെ ദഹിപ്പി​ച്ചു​ക​ള​യും; അവർക്കു ദോഷം വരുത്തു​വാൻ ഇച്ഛിക്കു​ന്നവൻ ഇങ്ങനെ മരി​ക്കേ​ണ്ടി​വ​രും. അവരുടെ പ്രവച​ന​കാ​ലത്തു മഴപെ​യ്യാ​ത​വണ്ണം ആകാശം അടെച്ചു​ക​ള​വാൻ അവർക്കു അധികാ​രം ഉണ്ടു.”—വെളി​പ്പാ​ടു 11:5, 6എ.

16. (എ) തീ ഉൾപ്പെ​ടുന്ന അടയാളം ഇസ്രാ​യേ​ലിൽ മോശ​യു​ടെ അധികാ​രം വെല്ലു​വി​ളി​ക്ക​പ്പെട്ട സമയം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ ബൈബിൾ വിദ്യാർഥി​കളെ നിന്ദി​ക്കു​ക​യും ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അവർക്ക്‌ ഉപദ്രവം ഇളക്കി​വി​ടു​ക​യും ചെയ്‌ത​തെ​ങ്ങനെ, ഇവർ എങ്ങനെ പോരാ​ടി​നി​ന്നു?

16 ഇത്‌ ഇസ്രാ​യേ​ലിൽ മോശ​യു​ടെ അധികാ​രം വെല്ലു​വി​ളി​ക്ക​പ്പെട്ട സമയം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ആ പ്രവാ​ചകൻ ന്യായ​വി​ധി​യു​ടെ ഉജ്ജ്വല വചനങ്ങൾ പ്രസ്‌താ​വി​ച്ചു, ആകാശ​ത്തു​നി​ന്നു​ളള അക്ഷരാർഥ തീയാൽ അവരിൽ 250 പേരെ ദഹിപ്പി​ച്ചു​കൊണ്ട്‌ യഹോവ മത്സരി​കളെ നശിപ്പി​ക്കു​ക​യും ചെയ്‌തു. (സംഖ്യാ​പു​സ്‌തകം 16:1-7, 28-35) അതു​പോ​ലെ​തന്നെ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ നായകൻമാർ ബൈബിൾ വിദ്യാർഥി​കൾ ദൈവ​ശാ​സ്‌ത്ര​കോ​ളെ​ജു​ക​ളിൽനി​ന്നു ബിരു​ദ​മെ​ടു​ത്തി​ട്ടി​ല്ലെന്നു പറഞ്ഞു​കൊണ്ട്‌ അവരെ നിന്ദിച്ചു. എന്നാൽ ദൈവ​ത്തി​ന്റെ സാക്ഷി​കൾക്കു ശുശ്രൂ​ഷ​ക​രെന്ന നിലയിൽ ഉയർന്ന സാക്ഷ്യ​പ​ത്രങ്ങൾ ഉണ്ടായി​രു​ന്നു: അവരുടെ തിരു​വെ​ഴു​ത്തു​സ​ന്ദേശം കൈ​ക്കൊണ്ട സൗമ്യ​ത​യു​ളള വ്യക്തി​കൾതന്നെ. (2 കൊരി​ന്ത്യർ 3:2, 3) ബൈബിൾ വിദ്യാർഥി​കൾ 1917-ൽ വെളി​പാ​ടി​ന്റെ​യും എസെക്കി​യേ​ലി​ന്റെ​യും ശക്തമായ ഒരു വ്യാഖ്യാ​ന​മായ പൂർത്തി​യായ മർമ്മം (ഇംഗ്ലീഷ്‌) പ്രസി​ദ്ധീ​ക​രി​ച്ചു. ഇതേത്തു​ടർന്ന്‌ “മഹാബാ​ബി​ലോ​ന്റെ വീഴ്‌ച—ക്രൈ​സ്‌ത​വ​ലോ​കം ഇപ്പോൾ അനുഭ​വി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌—അന്തിമ​ഫലം” എന്ന വിശേഷ ലേഖന​ത്തോ​ടെ നാലു​പേ​ജു​ളള ദ ബൈബിൾ സ്‌ററു​ഡൻറ്‌സ്‌ മന്ത്‌ലി എന്ന ലഘു​ലേ​ഖ​യു​ടെ 1,00,00,000 പ്രതികൾ വിതരണം നടത്തി. ഐക്യ​നാ​ടു​ക​ളിൽ രോഷാ​കു​ല​രായ വൈദി​കർ ആ പുസ്‌തകം നിരോ​ധി​ക്കു​ന്ന​തി​നു​ളള ഒരു ഒഴിക​ഴി​വാ​യി യുദ്ധ​ഭ്രാ​ന്തി​നെ പ്രയോ​ജ​ന​പ്പെ​ടു​ത്തി. മററു രാജ്യ​ങ്ങ​ളിൽ ആ പുസ്‌തകം സെൻസർ ചെയ്യ​പ്പെട്ടു. എന്നുവ​രി​കി​ലും, ദൈവ​ത്തി​ന്റെ ദാസൻമാർ രാജ്യ​വാർത്ത എന്ന പേരിൽ നാലു​പേ​ജു​ളള ലഘു​ലേ​ഖ​യു​ടെ ഉജ്ജ്വല​മായ ലക്കങ്ങൾകൊ​ണ്ടു തിരി​ച്ചടി നൽകി​ക്കൊ​ണ്ടി​രു​ന്നു. കർത്താ​വി​ന്റെ ദിവസം മുന്നേ​റു​മ്പോൾ മററു പ്രസി​ദ്ധീ​ക​ര​ണങ്ങൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആത്മീയ​മാ​യി മരിച്ച അവസ്ഥ വ്യക്തമാ​ക്കു​മാ​യി​രു​ന്നു.—താരത​മ്യം ചെയ്യുക: യിരെ​മ്യാ​വു 5:14.

17. (എ) ഏലിയാ​വി​ന്റെ നാളിലെ ഏതു സംഭവ​ങ്ങ​ളിൽ ഒരു വരൾച്ച​യും അഗ്നിയും ഉൾപ്പെട്ടു? (ബി) രണ്ടു സാക്ഷി​ക​ളു​ടെ വായിൽനി​ന്നു തീ പുറ​പ്പെ​ട്ട​തെ​ങ്ങനെ, ഏതു വരൾച്ച ഉൾപ്പെ​ട്ടി​രു​ന്നു?

17 ഏലിയാ​വി​നെ സംബന്ധി​ച്ചെന്ത്‌? ഇസ്രാ​യേൽ രാജാ​ക്കൻമാ​രു​ടെ നാളു​ക​ളിൽ ഈ പ്രവാ​ചകൻ ബാൽ ആരാധ​ക​രായ ഇസ്രാ​യേ​ല്യ​രു​ടെ​മേൽ യഹോ​വ​യു​ടെ ക്രോ​ധ​പ്ര​ക​ട​ന​മെ​ന്ന​നി​ല​യിൽ ഒരു വരൾച്ച പ്രഖ്യാ​പി​ച്ചു. അതു മൂന്നര വർഷം നീണ്ടു​നി​ന്നു. (1 രാജാ​ക്കൻമാർ 17:1; 18:41-45; ലൂക്കൊസ്‌ 4:25; യാക്കോബ്‌ 5:17) പിന്നീട്‌, അവിശ്വ​സ്‌ത​രാ​ജാ​വായ അഹസ്യാവ്‌ തന്റെ രാജകീയ സന്നിധി​യി​ലേക്ക്‌ ഏലിയാ​വി​നെ ബലമായി കൊണ്ടു​വ​രു​ന്ന​തി​നു പടയാ​ളി​കളെ അയച്ച​പ്പോൾ അവരെ ദഹിപ്പി​ക്കു​ന്ന​തി​നു പ്രവാ​ചകൻ ആകാശ​ത്തു​നി​ന്നു തീ ഇറങ്ങു​മാ​റാ​ക്കി. പ്രവാ​ച​ക​നെന്ന നിലയി​ലു​ളള തന്റെ സ്ഥാനത്തിന്‌ ഒരു സൈന്യാ​ധി​പൻ ഉചിത​മായ ആദരവു പ്രകടി​പ്പി​ച്ച​പ്പോൾ മാത്രമേ അയാ​ളോ​ടു​കൂ​ടെ രാജാ​വി​ന്റെ​യ​ടു​ത്തു പോകാൻ ഏലിയാവ്‌ സമ്മതി​ച്ചു​ളളൂ. (2 രാജാ​ക്കൻമാർ 1:5-16) അതു​പോ​ലെ 1914-നും 1918-നും ഇടയ്‌ക്ക്‌ അഭിഷിക്ത ശേഷിപ്പ്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആത്മീയ വരൾച്ച​യി​ലേക്കു ധൈര്യ​പൂർവം ശ്രദ്ധ ക്ഷണിക്കു​ക​യും “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ നാൾ വരു”മ്പോഴു​ളള അഗ്നിസ​മാ​ന​മായ ന്യായ​വി​ധി​യെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു.—മലാഖി 4:1, 5; ആമോസ്‌ 8:11.

18. (എ) രണ്ടു സാക്ഷി​കൾക്ക്‌ ഏത്‌ അധികാ​രം നൽക​പ്പെ​ടു​ന്നു, ഇതു മോശക്കു നൽകി​യ​തി​നു സമാന​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) രണ്ടു സാക്ഷികൾ ക്രൈ​സ്‌ത​വ​ലോ​കത്തെ തുറന്നു​കാ​ണി​ച്ച​തെ​ങ്ങനെ?

18 രണ്ടു സാക്ഷി​ക​ളെ​ക്കു​റിച്ച്‌ യോഹ​ന്നാൻ തുടർന്നു പറയുന്നു: “വെളളത്തെ രക്തമാ​ക്കു​വാ​നും ഇച്ഛിക്കു​മ്പോ​ഴൊ​ക്കെ​യും സകലബാ​ധ​കൊ​ണ്ടും ഭൂമിയെ ദണ്ഡിപ്പി​പ്പാ​നും അധികാ​രം ഉണ്ട്‌.” (വെളി​പ്പാ​ടു 11:6ബി) ഇസ്രാ​യേ​ല്യ​രെ സ്വത​ന്ത്ര​രാ​ക്കു​ന്ന​തി​നു ഫറവോ​നെ പ്രേരി​പ്പി​ക്കു​ന്ന​തി​നാ​യി മർദക ഈജി​പ്‌തിൽ വെളളം രക്തമാ​ക്കു​ന്ന​തുൾപ്പെടെ ബാധകൾ വരുത്താൻ യഹോവ മോശയെ ഉപയോ​ഗി​ച്ചു. പിന്നീട്‌ നൂററാ​ണ്ടു​കൾക്കു​ശേഷം ഇസ്രാ​യേ​ല്യ​രു​ടെ ഫെലി​സ്‌ത്യ​ശ​ത്രു​ക്കൾ ഈജി​പ്‌തി​നെ​തി​രെ​യു​ളള യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ നന്നായി ഓർമി​ച്ചു, ഇപ്രകാ​രം വിലപി​ക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌: “ശക്തിയു​ളള ഈ ദൈവ​ത്തി​ന്റെ കയ്യിൽനി​ന്നു നമ്മെ ആർ രക്ഷിക്കും? മിസ്ര​യീ​മ്യ​രെ മരുഭൂ​മി​യിൽ സകലവിധ ബാധക​ളാ​ലും ബാധിച്ച ദൈവം ഇതു തന്നേ.” (1 ശമൂവേൽ 4:8; സങ്കീർത്തനം 105:29) മോശ, തന്റെ നാളിലെ മതനേ​താ​ക്ക​ളോ​ടു ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കാൻ അധികാ​ര​മു​ണ്ടാ​യി​രുന്ന യേശു​വി​നെ മുൻനി​ഴ​ലാ​ക്കി. (മത്തായി 23:13; 28:18; പ്രവൃ​ത്തി​കൾ 3:22) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ക്രിസ്‌തു​വി​ന്റെ സഹോ​ദ​രൻമാ​രായ രണ്ടു സാക്ഷികൾ ക്രൈ​സ്‌ത​വ​ലോ​കം അവളുടെ ആടുകൾക്കു നൽകി​ക്കൊ​ണ്ടി​രുന്ന “വെളള”ത്തിന്റെ മാരക​സ്വ​ഭാ​വം തുറന്നു​കാ​ണി​ച്ചു.

രണ്ടു സാക്ഷികൾ കൊല്ല​പ്പെ​ടു​ന്നു

19. രണ്ടു സാക്ഷികൾ അവരുടെ സാക്ഷ്യ​വേല പൂർത്തി​യാ​ക്കു​മ്പോൾ വെളി​പാ​ടു വിവര​ണ​മ​നു​സ​രിച്ച്‌ എന്തു സംഭവി​ക്കു​ന്നു?

19 രണ്ടു സാക്ഷികൾ രട്ടുടു​ത്തു 42 മാസം പ്രവചി​ച്ച​ശേഷം ക്രൈ​സ്‌ത​വ​ലോ​കം അവളുടെ ലോക​സ്വാ​ധീ​നം ഉപയോ​ഗിച്ച്‌ അവരെ ‘കൊല്ലി​ക്കു​വാൻ’ തക്കവണ്ണം ക്രൈ​സ്‌ത​വ​ലോ​ക​ത്തിൻമേൽ വന്ന ഈ ബാധ അത്ര കഠിന​മാ​യി​രു​ന്നു. യോഹ​ന്നാൻ എഴുതു​ന്നു: “അവർ തങ്ങളുടെ സാക്ഷ്യം തികെ​ച്ച​ശേഷം ആഴത്തിൽനി​ന്നു കയറി​വ​രുന്ന മൃഗം അവരോ​ടു പടവെട്ടി അവരെ ജയിച്ചു കൊന്നു​ക​ള​യും. അവരുടെ കർത്താവു ക്രൂശി​ക്ക​പ്പെ​ട്ട​തും ആത്മിക​മാ​യി സൊ​ദോം എന്നും മിസ്ര​യീം [ഈജിപ്‌ത്‌, NW] എന്നും പേരു​ള​ള​തു​മായ മഹാന​ഗ​ര​ത്തി​ന്റെ വീഥി​യിൽ അവരുടെ ശവം കിടക്കും. സകലവം​ശ​ക്കാ​രും ഗോ​ത്ര​ക്കാ​രും ഭാഷക്കാ​രും ജാതി​ക്കാ​രും അവരുടെ ശവം മൂന്നര ദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതി​ക്ക​യില്ല. ഈ പ്രവാ​ച​കൻമാർ ഇരുവ​രും ഭൂമി​യിൽ വസിക്കു​ന്ന​വരെ ദണ്ഡിപ്പി​ച്ച​തു​കൊ​ണ്ടു ഭൂവാ​സി​കൾ അവർനി​മി​ത്തം സന്തോ​ഷി​ച്ചു ആനന്ദി​ക്ക​യും അന്യോ​ന്യം സമ്മാനം കൊടു​ത്ത​യ​ക്ക​യും ചെയ്യും”.—വെളി​പ്പാ​ടു 11:7-10.

20. “ആഴത്തിൽനി​ന്നു കയറി​വ​രുന്ന മൃഗം” എന്താണ്‌?

20 ഇതു വെളി​പാ​ടി​ലെ കാട്ടു​മൃ​ഗ​ത്തി​ന്റെ 37 പരാമർശ​ന​ങ്ങ​ളിൽ ആദ്യ​ത്തേ​താണ്‌. തക്കസമ​യത്തു നാം ഇതി​നെ​യും മററു മൃഗങ്ങ​ളെ​യും വിശദ​മാ​യി പരി​ശോ​ധി​ക്കും. “ആഴത്തിൽനി​ന്നു കയറി​വ​രുന്ന മൃഗം” നിലവി​ലു​ളള രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യാ​കുന്ന സാത്താന്റെ പദ്ധതി​യാ​ണെന്നു പറയു​ന്നത്‌ ഇപ്പോൾ മതിയാ​കും. b—താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 13:1; ദാനീ​യേൽ 7:2, 3, 17.

21. (എ) രണ്ടു സാക്ഷി​ക​ളു​ടെ മതശ​ത്രു​ക്കൾ യുദ്ധാ​വ​സ്ഥയെ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്തി? (ബി) രണ്ടു സാക്ഷി​ക​ളു​ടെ മൃത​ദേ​ഹങ്ങൾ അടക്കാതെ ഉപേക്ഷി​ച്ചു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ച്ചു? (സി) മൂന്നര ദിവസ​ത്തി​ന്റെ കാലഘട്ടം എങ്ങനെ വീക്ഷി​ക്ക​പ്പെ​ടേ​ണ്ട​താണ്‌? (അടിക്കു​റി​പ്പു കാണുക.)

21 രാഷ്‌ട്രങ്ങൾ 1914 മുതൽ 1918 വരെ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ദേശീയ വികാ​രങ്ങൾ പ്രബല​പ്പെ​ടു​ക​യും 1918-ന്റെ ശരത്‌കാ​ലത്ത്‌ രണ്ടു സാക്ഷി​ക​ളു​ടെ മതശ​ത്രു​ക്കൾ സാഹച​ര്യം മുതലാ​ക്കു​ക​യും ചെയ്‌തു. വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളിൽ പ്രവർത്തി​ക്കുന്ന ശുശ്രൂ​ഷകർ വ്യാജ​മാ​യി രാജ്യ​ദ്രോ​ഹ​കു​ററം ആരോ​പി​ക്ക​പ്പെട്ടു ജയിലി​ല​ട​യ്‌ക്ക​പ്പെ​ടു​ന്ന​തിന്‌ അവർ ഐക്യ​നാ​ടു​ക​ളി​ലെ നിയമ​വ​കു​പ്പി​നെ സൂത്ര​ത്തിൽ ഉപയോ​ഗ​പ്പെ​ടു​ത്തി. വിശ്വ​സ്‌ത​രായ സഹപ്ര​വർത്തകർ സ്‌തബ്ധ​രാ​യി​പ്പോ​യി. രാജ്യ​പ്ര​വർത്തനം മിക്കവാ​റും നിന്നു​പോ​യി. അതു പ്രസം​ഗ​വേല മരിച്ച​തി​നു സമമാ​യി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ സ്‌മാ​ര​ക​ക​ല്ല​റ​ക​ളിൽ അടക്കാ​തി​രി​ക്കു​ന്നതു വലി​യൊ​രു നിന്ദയാ​യി​രു​ന്നു. (സങ്കീർത്തനം 79:1-3; 1 രാജാ​ക്കൻമാർ 13:21, 22) അതു​കൊ​ണ്ടു രണ്ടു സാക്ഷി​കളെ അടക്കാതെ ഉപേക്ഷി​ച്ച​തി​നോ​ടു വലിയ നിന്ദ ബന്ധപ്പെ​ട്ടി​രു​ന്നു. പാലസ്‌തീ​നി​ലെ ചൂടുളള കാലാ​വ​സ്ഥ​യിൽ പൊതു​നി​ര​ത്തിൽ കിടക്കുന്ന ഒരു മൃതശ​രീ​രം മൂന്നര അക്ഷരീയദിവസം c കഴിയു​മ്പോൾ നാററം വെച്ചു​തു​ട​ങ്ങു​മാ​യി​രു​ന്നു. (താരത​മ്യം ചെയ്യുക: യോഹ​ന്നാൻ 11:39.) അങ്ങനെ പ്രവച​ന​ത്തി​ലെ ഈ വിശദാം​ശം രണ്ടു സാക്ഷികൾ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന ലജ്ജയെ സൂചി​പ്പി​ക്കു​ന്നു. തടവി​ലാ​യി​രുന്ന മുകളിൽ പ്രസ്‌താ​വി​ച്ച​വ​രു​ടെ കേസു​കൾക്ക്‌ അപ്പീൽവാ​ദം നടക്കു​മ്പോൾ അവർക്കു ജാമ്യം പോലും നിഷേ​ധി​ക്ക​പ്പെട്ടു. “മഹാനഗര”ത്തിലെ നിവാ​സി​കൾക്ക്‌ ഒരു ദുർഗന്ധം ആയിത്തീ​ര​ത്ത​ക്ക​വണ്ണം അവർ പരസ്യ​മാ​യി വേണ്ടത്ര സമയം തുറന്നി​ട​പ്പെട്ടു. എന്നാൽ ഈ ‘മഹാന​ഗരം’ എന്തായി​രു​ന്നു?

22. (എ) മഹാന​ഗരം എന്താണ്‌? (ബി) രണ്ടു സാക്ഷി​കളെ നിശബ്ദ​രാ​ക്കി​യതു സംബന്ധിച്ച്‌ സന്തോ​ഷി​ക്കു​ന്ന​തിൽ പത്രങ്ങൾ വൈദി​ക​രോ​ടു ചേർന്ന​തെ​ങ്ങനെ? (ചതുരം കാണുക.)

22 യോഹ​ന്നാൻ നമുക്കു കുറെ സൂചനകൾ നൽകുന്നു. യേശു അവിടെ വധിക്ക​പ്പെ​ട്ടു​വെന്ന്‌ അവൻ പറയുന്നു. അതു​കൊണ്ട്‌ നാം ഉടനെ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നു. എന്നാൽ മഹാന​ഗരം സോ​ദോം എന്നും ഈജി​പ്‌ത്‌ എന്നും വിളി​ക്ക​പ്പെ​ടു​ന്ന​താ​യും അവൻ പറയുന്നു. കൊള​ളാം, അക്ഷരീയ യെരു​ശ​ലേം ഒരിക്കൽ അവളുടെ അശുദ്ധ പ്രവൃ​ത്തി​കൾ നിമിത്തം സോ​ദോം എന്നു വിളി​ക്ക​പ്പെട്ടു. (യെശയ്യാ​വു 1:8-10; താരത​മ്യം ചെയ്യുക: യെഹെ​സ്‌കേൽ 16:49, 53-58.) ഒന്നാം ലോക​ശ​ക്തി​യായ ഈജി​പ്‌ത്‌ ചില​പ്പോൾ ഈ ലോക​വ്യ​വ​സ്ഥി​തി​യു​ടെ ഒരു ചിത്ര​മാ​യി പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. (യെശയ്യാ​വു 19:1, 19; യോവേൽ 3:19) അതു​കൊണ്ട്‌, ഈ മഹാന​ഗരം ദൈവത്തെ ആരാധി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ക​യും എന്നാൽ സോ​ദോ​മി​നെ​പ്പോ​ലെ അശുദ്ധ​മാ​യി​ത്തീ​രു​ക​യും ഈജി​പ്‌തി​നെ​പ്പോ​ലെ ഈ സാത്താന്യ ലോക​വ്യ​വ​സ്ഥി​തി​യു​ടെ ഭാഗമാ​യി​ത്തീ​രു​ക​യും ചെയ്‌ത ഒരു അശുദ്ധ “യെരു​ശ​ലേ​മി​നെ” ചിത്രീ​ക​രി​ക്കു​ന്നു. അതു രണ്ടു സാക്ഷി​ക​ളു​ടെ ശല്യ​പ്പെ​ടു​ത്തുന്ന പ്രസം​ഗത്തെ നിശബ്ദ​മാ​ക്കി​യ​പ്പോൾ ഏതു സ്ഥാപന​ത്തി​ലെ അംഗങ്ങൾക്കു സന്തോ​ഷി​ക്കാൻ വേണ്ടത്ര ന്യായ​മു​ണ്ടാ​യി​രു​ന്നോ ആ അവിശ്വസ്‌ത യെരു​ശ​ലേ​മി​ന്റെ ആധുനിക പകർപ്പായ ക്രൈ​സ്‌ത​വ​ലോ​കത്തെ ചിത്രീ​ക​രി​ക്കു​ന്നു.

വീണ്ടും ഉയിർപ്പി​ക്ക​പ്പെട്ടു!

23. (എ) മൂന്നര ദിവസ​ത്തി​നു​ശേഷം രണ്ടു സാക്ഷി​കൾക്ക്‌ എന്തു സംഭവി​ക്കു​ന്നു, അവരുടെ ശത്രു​ക്ക​ളു​ടെ​മേൽ ഫലം എന്താണ്‌? (ബി) വെളി​പ്പാ​ടു 11:11, 12-നും ഉണങ്ങിയ അസ്ഥിക​ളു​ടെ താഴ്‌വ​ര​യിൽ യഹോവ ശ്വാസം പകരു​ന്നതു സംബന്ധിച്ച എസെക്കി​യേ​ലി​ന്റെ പ്രവച​ന​ത്തി​നും ഒരു ആധുനിക നിവൃത്തി ഉണ്ടായ​തെ​പ്പോൾ?

23 ദൈവ​ജ​നത്തെ അപകീർത്തി​പ്പെ​ടു​ത്തു​ന്ന​തിൽ പത്രങ്ങൾ വൈദി​ക​രോ​ടു ചേർന്നു. ഒരു പത്രം ഇപ്രകാ​രം പറഞ്ഞു: “പൂർത്തി​യായ മർമ്മത്തി​ന്റെ പൂർത്തി വരുത്തി​യി​രി​ക്കു​ന്നു.” എങ്കിലും അതിൽ ലവലേശം സത്യമി​ല്ലാ​യി​രു​ന്നു! രണ്ടു സാക്ഷികൾ അധിക​നാൾ മരിച്ചു​കി​ട​ന്നില്ല. നാം വായി​ക്കു​ന്നു: “മൂന്നര ദിവസം കഴിഞ്ഞ​ശേഷം ദൈവ​ത്തിൽനി​ന്നു ജീവശ്വാ​സം അവരിൽ വന്നു അവർ കാൽ ഊന്നി​നി​ന്നു—അവരെ കണ്ടവർ ഭയപര​വ​ശ​രാ​യി​ത്തീർന്നു—ഇവിടെ കയറി​വ​രു​വിൻ എന്നു സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു മഹാശബ്ദം പറയു​ന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗ​ത്തി​ലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കി​ക്കൊ​ണ്ടി​രു​ന്നു.” (വെളി​പ്പാ​ടു 11:11, 12) അങ്ങനെ അവർക്ക്‌ എസെക്കി​യേൽ ദർശന​ത്തിൽ സന്ദർശിച്ച താഴ്‌വ​ര​യി​ലെ ഉണങ്ങിയ അസ്ഥിക​ളു​ടേ​തി​നു സമാന​മായ ഒരു അനുഭവം ഉണ്ടായി. യഹോവ ആ ഉണങ്ങിയ അസ്ഥിക​ളിൽ ശ്വാസം ഊതി, 70 വർഷത്തെ ബാബി​ലോ​നി​ലെ പ്രവാ​സ​ത്തി​നു​ശേഷം നടന്ന ഇസ്രാ​യേൽ ജനതയു​ടെ പുനർജ​ന​ന​ത്തി​ന്റെ ഒരു ചിത്രം നൽകി​ക്കൊണ്ട്‌ അവ ജീവൻ പ്രാപി​ച്ചു. (യെഹെ​സ്‌കേൽ 37:1-14) യഹോവ ‘മരിച്ചു​പോയ’ തന്റെ സാക്ഷി​കളെ ജീവനി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ച്ച​പ്പോൾ, എസെക്കി​യേ​ലി​ലെ​യും വെളി​പാ​ടി​ലെ​യും ഈ രണ്ടു പ്രവച​ന​ങ്ങൾക്ക്‌ ആധുനിക നാളിൽ, 1919-ൽ ശ്രദ്ധേ​യ​മായ നിവൃ​ത്തി​യു​ണ്ടാ​യി.

24. രണ്ടു സാക്ഷികൾ ജീവൻ പ്രാപി​ച്ച​പ്പോൾ അവരുടെ മതപീ​ഡ​ക​രു​ടെ​മേൽ ഫലം എന്തായി​രു​ന്നു?

24 ആ പീഡകർക്ക്‌ എന്തൊരു ഞെട്ടൽ! രണ്ടു സാക്ഷി​ക​ളു​ടെ ജഡങ്ങൾ പെട്ടെ​ന്നു​തന്നെ ജീവൻ പ്രാപി​ച്ചു പ്രവർത്ത​ന​ക്ഷ​മ​മാ​യി. അത്‌ ആ വൈദി​കർക്കു വിഴു​ങ്ങേ​ണ്ടി​വന്ന കയ്‌പേ​റിയ ഒരു ഗുളി​ക​യാ​യി​രു​ന്നു, അവർ കൗശല​പൂർവം ജയിലി​ല​ട​പ്പിച്ച ക്രിസ്‌തീയ ശുശ്രൂ​ഷകർ വീണ്ടും സ്വത​ന്ത്ര​രാ​വു​ക​യും പൂർണ​മാ​യി കുററ​വി​മു​ക്ത​രാ​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ അധിക​മാ​യും അങ്ങനെ​തന്നെ. ബൈബിൾ വിദ്യാർഥി​കൾ 1919 സെപ്‌റ​റം​ബ​റിൽ യു.എസ്‌.എ.യിലുളള ഒഹാ​യോ​യി​ലെ സീഡാർ പോയിൻറിൽ ഒരു കൺ​വെൻ​ഷൻ നടത്തി​യ​പ്പോൾ ഞെട്ടൽ അതിലും അധിക​മാ​യി​രു​ന്നി​രി​ക്കണം. ആയിടെ വിമോ​ചി​ത​നായ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറായ ജെ. എഫ്‌. റതർഫോർഡ്‌ വെളി​പ്പാ​ടു 15:2-ഉം യെശയ്യാ​വു 52:7-ഉം അടിസ്ഥാ​ന​മാ​ക്കി “രാജ്യം ഘോഷി​ക്കൽ” എന്ന തന്റെ പ്രസം​ഗ​ത്തോ​ടെ സമ്മേളി​തരെ ഉത്തേജി​പ്പി​ച്ചു. യോഹ​ന്നാൻവർഗ​ത്തിൽ പെട്ടവർ ഒരിക്കൽക്കൂ​ടെ ‘പ്രവചി​ക്കാൻ’ അഥവാ പരസ്യ​മാ​യി പ്രസം​ഗി​ക്കാൻ തുടങ്ങി. നിർഭയം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ കപടഭക്തി തുറന്നു​കാ​ട്ടി​ക്കൊണ്ട്‌ അവർ അടിക്കടി ശക്തി​പ്രാ​പി​ച്ചു.

25. (എ) “ഇവിടെ കയറി​വ​രു​വിൻ” എന്നു രണ്ടു സാക്ഷി​ക​ളോ​ടു പറഞ്ഞ​തെ​പ്പോൾ, അതു സംഭവി​ച്ച​തെ​ങ്ങനെ? (ബി) രണ്ടു സാക്ഷി​ക​ളു​ടെ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​നു മഹാന​ഗ​ര​ത്തിൻമേൽ എന്തു ഞെട്ടി​ക്കുന്ന ഫലമു​ണ്ടാ​യി?

25 ക്രൈ​സ്‌ത​വ​ലോ​കം 1918-ലെ അവളുടെ ജയം ആവർത്തി​ക്കു​ന്ന​തി​നു വീണ്ടും വീണ്ടും ശ്രമിച്ചു. അവൾ ആൾക്കൂ​ട്ടത്തെ ഇളക്കി​വി​ടു​ന്ന​തി​ലേ​ക്കും നിയമ​സം​ബ​ന്ധ​മായ സൂത്ര​പ്ര​യോ​ഗ​ത്തി​ലേ​ക്കും തടവി​ലേ​ക്കും വധങ്ങളി​ലേ​ക്കു​പോ​ലും തിരിഞ്ഞു—പക്ഷേ എല്ലാം നിഷ്‌ഫലം! രണ്ടു സാക്ഷി​ക​ളു​ടെ ആത്മീയ​പ്ര​ദേശം 1919-നുശേഷം അവളുടെ എത്തുപാ​ടി​ല​ല്ലാ​യി​രു​ന്നു. ആ വർഷത്തിൽ യഹോവ അവരോട്‌, “ഇവിടെ കയറി​വ​രു​വിൻ” എന്നു പറഞ്ഞി​രു​ന്നു. അവർ ഉയർന്ന ഒരു ആത്മീയ സ്ഥിതി​യി​ലേക്കു കയറു​ക​യും ചെയ്‌തു, അവിടെ അവരുടെ ശത്രു​ക്കൾക്ക്‌ അവരെ കാണാൻ കഴിഞ്ഞു, എന്നാൽ തൊടു​വാൻ കഴിഞ്ഞില്ല. അവരുടെ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​നു മഹാന​ഗ​ര​ത്തിൻമേ​ലു​ളള ഞെട്ടി​ക്കുന്ന ഫലം യോഹ​ന്നാൻ വർണി​ക്കു​ന്നു: “ആ നാഴി​ക​യിൽ വലി​യോ​രു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തി​ലൊ​ന്നു ഇടിഞ്ഞു​വീ​ണു; ഭൂകമ്പ​ത്തിൽ ഏഴായി​രം​പേർ മരിച്ചു​പോ​യി; ശേഷി​ച്ചവർ ഭയപര​വ​ശ​രാ​യി സ്വർഗ്ഗ​ത്തി​ലെ ദൈവ​ത്തി​ന്നു മഹത്വം കൊടു​ത്തു.” (വെളി​പ്പാ​ടു 11:13) മതമണ്ഡ​ല​ത്തിൽ സത്യമാ​യും വലിയ ഇളക്കങ്ങൾ ഉണ്ടായി. പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട ഈ ക്രിസ്‌ത്യാ​നി​കൾ പ്രവർത്തി​ക്കാൻ തുടങ്ങി​യ​പ്പോൾ സുസ്ഥാ​പി​ത​സ​ഭ​ക​ളു​ടെ നേതാ​ക്കൻമാ​രു​ടെ കാൽക്കീ​ഴിൽനി​ന്നു നിലം മാറു​ന്ന​തു​പോ​ലെ തോന്നി. അവരുടെ നഗരത്തിൽ പത്തി​ലൊ​ന്നി​നെ, ആലങ്കാ​രി​ക​മാ​യി 7,000 വ്യക്തി​കളെ അത്യധി​കം ബാധി​ച്ച​തി​നാൽ അവർ കൊല്ല​പ്പെ​ട്ട​താ​യി പറയ​പ്പെട്ടു.

26. വെളി​പ്പാ​ടു 11:13-ലെ ‘നഗരത്തിൽ പത്തി​ലൊ​ന്നും’ ‘ഏഴായി​ര​വും’ ആരെ പ്രതി​നി​ധാ​നം ചെയ്യുന്നു? വിശദീ​ക​രി​ക്കുക.

26 “നഗരത്തിൽ പത്തി​ലൊ​ന്നു” എന്ന പ്രയോ​ഗം ഒരു വിശു​ദ്ധ​സ​ന്ത​തി​യെന്ന നിലയിൽ പത്തി​ലൊന്ന്‌ നഗരത്തി​ന്റെ നാശത്തെ അതിജീ​വി​ക്കു​മെന്നു പുരാതന യെരു​ശ​ലേ​മി​നെ​ക്കു​റിച്ച്‌ യെശയ്യാവ്‌ പ്രവചി​ച്ചതു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (യെശയ്യാ​വു 6:13) അതു​പോ​ലെ​തന്നെ, ഇസ്രാ​യേ​ലിൽ താൻ മാത്രമേ വിശ്വ​സ്‌ത​നു​ള​ളൂ​വെന്ന്‌ ഏലിയാ​വി​നു തോന്നി​യ​പ്പോൾ ബാലിനു മുട്ടു​മ​ട​ക്കാത്ത 7,000 പേരു​ണ്ടെന്ന്‌ യഹോവ അവനോ​ടു പറഞ്ഞതി​നെ​യും, 7,000 എന്ന സംഖ്യ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (1 രാജാ​ക്കൻമാർ 19:14, 18) ഒന്നാം നൂററാ​ണ്ടിൽ, ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത​യോ​ടു പ്രതി​ക​രിച്ച യഹൂദൻമാ​രു​ടെ ശേഷി​പ്പി​നെ ഈ 7,000 ചിത്രീ​ക​രി​ച്ച​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (റോമർ 11:1-5) വെളി​പ്പാ​ടു 11:13-ലെ ‘ഏഴായി​ര​വും’ ‘നഗരത്തിൽ പത്തി​ലൊ​ന്നും’ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട രണ്ടു സാക്ഷി​ക​ളോ​ടു പ്രതി​ക​രി​ച്ചു​കൊ​ണ്ടു പാപപൂർണ​മായ മഹാന​ഗ​രത്തെ ഉപേക്ഷി​ച്ച​വ​രാ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ തിരു​വെ​ഴു​ത്തു​കൾ നമ്മെ സഹായി​ക്കു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ കാര്യ​ത്തിൽ അവർ മരിക്കു​ന്നു. അവരുടെ പേരുകൾ അവളുടെ അംഗത്വ പട്ടിക​യിൽനി​ന്നു മാററ​പ്പെ​ടു​ന്നു. അവളെ സംബന്ധി​ച്ചി​ട​ത്തോ​ളം അവർ സ്ഥിതി​ചെ​യ്യു​ന്നില്ല. d

27, 28. (എ) ‘ശേഷി​ച്ചവർ സ്വർഗ്ഗ​ത്തി​ലെ ദൈവ​ത്തി​ന്നു മഹത്വം കൊടുത്ത’തെങ്ങനെ? (ബി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ എന്തു തിരി​ച്ച​റി​യാൻ നിർബ​ന്ധി​ത​രാ​യി?

27 എന്നാൽ ‘[ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ] ശേഷി​ച്ചവർ സ്വർഗ്ഗ​ത്തി​ലെ ദൈവ​ത്തി​ന്നു മഹത്വം കൊടുത്ത’തെങ്ങനെ? തീർച്ച​യാ​യും അവരുടെ വിശ്വാ​സ​ത്യാ​ഗം ഭവിച്ച മതത്തെ ഉപേക്ഷി​ച്ചു​കൊ​ണ്ടും ദൈവ​ത്തി​ന്റെ ദാസൻമാർ ആയിത്തീർന്നു​കൊ​ണ്ടു​മല്ല. മറിച്ച്‌, “സ്വർഗ്ഗ​ത്തി​ലെ ദൈവ​ത്തി​ന്നു മഹത്വം കൊടു​ത്തു” എന്ന പദപ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​ക​യിൽ വിൻസൻറി​ന്റെ വേർഡ്‌ സ്‌ററ​ഡീസ്‌ ഇൻ ദ ന്യൂ ടെസ്‌റ​റ​മെൻറ്‌ വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അവിടെ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു: “പദപ്ര​യോ​ഗം പരിവർത്ത​ന​ത്തെ​യോ പശ്ചാത്താ​പ​ത്തെ​യോ നന്ദിനൽക​ലി​നെ​യോ അല്ല, പിന്നെ​യോ തിരി​ച്ച​റി​യ​ലി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌, തിരു​വെ​ഴു​ത്തിൽ അതിന്റെ സാധാരണ അർഥം അതാണ്‌. യോശു. vii. 19 (സെപ്‌ററു.). യോഹ​ന്നാൻ ix. 24; പ്രവൃ​ത്തി​കൾ xii. 23; റോമ. iv. 20 താരത​മ്യം ചെയ്യുക.” ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു ശല്യ​മെ​ന്നോ​ണം, ബൈബിൾ വിദ്യാർഥി​ക​ളു​ടെ ദൈവം അവരെ ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ത്തിൽ പുനഃ​സ്ഥാ​പി​ച്ച​തിൽ ഒരു മഹാ​പ്ര​വൃ​ത്തി ചെയ്‌തി​രി​ക്കു​ന്ന​താ​യി അവൾ അംഗീ​ക​രി​ക്കേ​ണ്ടി​വന്നു.

28 വൈദി​കർ ഈ അംഗീ​കാ​രം മാനസി​ക​മാ​യി മാത്രം അഥവാ തങ്ങളിൽത്തന്നെ നൽകി​യ​താ​കാം. തീർച്ച​യാ​യും അവരിൽ ആരും പരസ്യ​മാ​യി രണ്ടു സാക്ഷി​ക​ളു​ടെ ദൈവത്തെ അംഗീ​ക​രി​ച്ച​തി​ന്റെ രേഖയില്ല. എന്നാൽ യോഹ​ന്നാ​നി​ലൂ​ടെ​യു​ളള യഹോ​വ​യു​ടെ പ്രവചനം അവരുടെ ഹൃദയ​ത്തി​ലു​ള​ളതു വിവേ​ചി​ച്ച​റി​യാ​നും 1919-ൽ അവർക്ക്‌ അനുഭ​വ​പ്പെട്ട അപമാ​ന​ക​ര​മായ ഞെട്ടൽ മനസ്സി​ലാ​ക്കാ​നും നമ്മെ സഹായി​ക്കു​ന്നു. ആ വർഷം മുതൽ അവളുടെ ആടുകളെ പിടി​ച്ചു​നിർത്താ​നു​ളള സുനി​ശ്ചി​ത​ശ്ര​മ​ങ്ങ​ളെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും ക്രൈ​സ്‌ത​വ​ലോ​കത്തെ, “ഏഴായി​രം” വിട്ടു​പോ​യ​പ്പോൾ യോഹ​ന്നാൻവർഗ​ത്തി​ന്റെ ദൈവം അവരുടെ ദൈവ​ത്തെ​ക്കാൾ ശക്തനാ​ണെന്ന്‌ അംഗീ​ക​രി​ക്കാൻ വൈദി​കർ നിർബ​ന്ധി​ത​രാ​യി. കർമേൽ പർവത​ത്തിൽ ബാൽ-മതഭക്ത​രു​ടെ​മേൽ ഏലിയാവ്‌ വിജയം നേടി​യ​പ്പോൾ “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” എന്ന ജനത്തിന്റെ വാക്കുകൾ പ്രതി​ധ്വ​നി​പ്പി​ച്ചു​കൊണ്ട്‌ അവരുടെ ആടുക​ളിൽ അനേകർകൂ​ടെ വിട്ടു​പോ​രു​മ്പോൾ അടുത്ത വർഷങ്ങ​ളിൽ അവർ കൂടുതൽ വ്യക്തമാ​യി ഇതു തിരി​ച്ച​റി​യും.—1 രാജാ​ക്കൻമാർ 18:39.

29. വേഗത്തിൽ എന്തു വരുന്ന​താ​യി യോഹ​ന്നാൻ പറയുന്നു, കൂടു​ത​ലായ ഏത്‌ ഇളക്കൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു വരാനി​രി​ക്കു​ന്നു?

29 എന്നാൽ ശ്രദ്ധിക്കൂ! യോഹ​ന്നാൻ നമ്മോടു പറയുന്നു: “രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാ​മത്തെ കഷ്ടം വേഗം വരുന്നു.” (വെളി​പ്പാ​ടു 11:14) ഇതിനകം സംഭവിച്ച കാര്യങ്ങൾ ക്രൈ​സ്‌ത​വ​ലോ​കത്തെ ഇളക്കി​യെ​ങ്കിൽ മൂന്നാം കഷ്ടം പ്രഖ്യാ​പി​ക്കു​ക​യും ഏഴാമത്തെ ദൂതൻ തന്റെ കാഹളം ഊതു​ക​യും ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം ഒടുവിൽ പൂർത്തി​യാ​വു​ക​യും ചെയ്യു​മ്പോൾ അവൾ എന്തു​ചെ​യ്യും?—വെളി​പ്പാ​ടു 10:7.

[അടിക്കു​റി​പ്പു​കൾ]

a ഈ വലിയ ആത്മീയ ആലയ​ത്തെ​ക്കു​റി​ച്ചു​ളള ഒരു പൂർണ ചർച്ചക്ക്‌ 1972 ഡിസംബർ 1-ലെ വാച്ച്‌ടവർ ലക്കത്തിൽ “ആരാധി​ക്കാ​നു​ളള ഏക യഥാർഥ ആലയം” എന്ന ലേഖനം കാണുക.

b “ആഴം” (ഇംഗ്ലീഷ്‌ അബിസ്‌ ; ഗ്രീക്ക്‌, അബി​സോസ്‌ ; എബ്രായ, തെഹോം) പ്രതീ​കാ​ത്മ​ക​മാ​യി നിഷ്‌ക്രി​യ​ത്വ​ത്തി​ന്റെ ഒരു സ്ഥലത്തെ പരാമർശി​ക്കു​ന്നു. (കാണുക: വെളി​പ്പാ​ടു 9:2.) എന്നിരു​ന്നാ​ലും അക്ഷരാർഥ​ത്തിൽ അതിനു വിസ്‌തൃ​ത​മായ സമു​ദ്രത്തെ പരാമർശി​ക്കാ​നും കഴിയും. എബ്രാ​യ​പദം പലപ്പോ​ഴും “ആഴി” എന്നു വിവർത്തനം ചെയ്യ​പ്പെ​ടു​ന്നു. (സങ്കീർത്തനം 71:20; 106:9; യോനാ 2:5) അങ്ങനെ “ആഴത്തിൽനി​ന്നു കയറി​വ​രുന്ന മൃഗം” “സമു​ദ്ര​ത്തിൽ നിന്നു കയറി​വ​രുന്ന മൃഗമാ​യി” തിരി​ച്ച​റി​യാൻ കഴിയും.—വെളി​പ്പാ​ടു 11:7; 13:1.

c ഇക്കാലത്തെ ദൈവ​ജ​ന​ത്തി​ന്റെ അനുഭ​വങ്ങൾ പരി​ശോ​ധി​ക്കു​ക​യിൽ 42 മാസങ്ങൾ അക്ഷരാർഥ​ത്തിൽ മൂന്നര വർഷത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെ​ന്നി​രി​ക്കെ മൂന്നര ദിവസം അക്ഷരാർഥ​ത്തിൽ 84 മണിക്കൂ​റി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്നി​ല്ലെന്നു കുറി​ക്കൊ​ള​ളുക. മൂന്നര ദിവസം എന്ന നിശ്ചിത കാലഘട്ടം രണ്ടുവട്ടം പരാമർശി​ച്ചി​രി​ക്കു​ന്നത്‌ (9-ഉം 11-ഉം വാക്യ​ങ്ങ​ളിൽ) അതിനു​മു​മ്പു​ളള മൂന്നര വർഷത്തെ പ്രവർത്ത​ന​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അത്‌ ഒരു ചുരു​ങ്ങിയ കാലഘട്ടം മാത്ര​മാ​ണെന്നു പ്രദീ​പ്‌ത​മാ​ക്കാ​നാ​യി​രി​ക്കണം.

d റോമർ 6:2, 10, 11; 7:4, 6, 9; ഗലാത്യർ 2:19; കൊ​ലൊ​സ്സ്യർ 2:20; 3:3 എന്നിവ​പോ​ലു​ളള തിരു​വെ​ഴു​ത്തു​ക​ളിൽ “മരിച്ചവർ,” “മരിച്ചു,” “ജീവി​ക്കു​ന്നവർ,” എന്നീ പദങ്ങളു​ടെ ഉപയോ​ഗം താരത​മ്യം ചെയ്യുക.

[അധ്യയന ചോദ്യ​ങ്ങൾ]

[168-ാം പേജിലെ ചതുരം]

വെളിപ്പാടു 11:10-ലെ സന്തോ​ഷി​ക്കൽ

പ്രീ​ച്ചേ​ഴ്‌സ്‌ പ്രെസൻറ്‌ ആംസ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ, 1933-ൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടത്‌, റേ എച്ച്‌. അബ്രാംസ്‌ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പൂർത്തി​യായ മർമ്മം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തോ​ടു​ളള വൈദി​ക​രു​ടെ കടുത്ത എതിർപ്പി​നെ പരാമർശി​ച്ചു. അദ്ദേഹം ബൈബിൾ വിദ്യാർഥി​ക​ളെ​യും അവരുടെ “വിനാ​ശ​ക​മായ വിശ്വാസ”ത്തെയും ഒഴിവാ​ക്കാ​നു​ളള വൈദി​ക​രു​ടെ ശ്രമങ്ങളെ പരാമർശി​ക്കു​ന്നു. ഇത്‌ ജെ. എഫ്‌. റതർഫോർഡി​നെ​യും ഏഴു കൂട്ടാ​ളി​ക​ളെ​യും ദീർഘ​കാല തടവിനു വിധി​ക്കു​ന്ന​തിൽ കലാശിച്ച കോട​തി​ക്കേ​സി​ലേക്കു നയിച്ചു. ഡോ. അബ്രാംസ്‌ കൂട്ടി​ച്ചേർക്കു​ന്നു: “മുഴു കേസി​ന്റെ​യും വിശക​ലനം റസ്സലു​കാ​രെ തുടച്ചു​നീ​ക്കു​ന്ന​തി​നു​ളള പ്രസ്ഥാ​ന​ത്തി​നു പിന്നിൽ ഒന്നാമ​താ​യി സഭകളും വൈദി​ക​രും ആണുണ്ടാ​യി​രു​ന്നത്‌ എന്ന നിഗമ​ന​ത്തി​ലേക്കു നയിക്കു​ന്നു. കാനഡ​യിൽ 1918 ഫെബ്രു​വ​രി​യിൽ ശുശ്രൂ​ഷകർ അവർക്കും അവരുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കും, വിശേ​ഷി​ച്ചു പൂർത്തി​യായ മർമ്മത്തി​നും എതിരാ​യി ചിട്ട​യോ​ടു​കൂ​ടിയ ആക്രമണം തുടങ്ങി. വിന്നി​പ്പെഗ്‌ ട്രിബ്യൂൺ പറയു​ന്ന​ത​നു​സ​രിച്ച്‌, . . . അവരുടെ പുസ്‌ത​ക​ത്തി​ന്റെ അടിച്ച​മർത്തൽ ‘വൈദി​ക​രു​ടെ നിവേ​ദ​ന​ങ്ങ​ളിൻ’ പ്രകാ​ര​മാണ്‌ സംഭവി​ച്ച​തെന്നു കരുത​പ്പെട്ടു.”

ഡോ. അബ്രാംസ്‌ തുടരു​ന്നു: “ഇരുപതു വർഷ​ത്തേക്കു ശിക്ഷി​ച്ച​താ​യു​ളള വാർത്ത മതപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ എഡിറ​റർമാർക്കു ലഭിച്ച​പ്പോൾ ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം, ചെറു​തും വലുതും, അതേ​ച്ചൊ​ല്ലി സന്തോ​ഷി​ച്ചു. യാഥാ​സ്ഥി​തിക മതപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൊ​ന്നി​ലും അനുക​മ്പ​യു​ടെ ഒരു വാക്കും എനിക്കു കാണാൻ കഴിഞ്ഞില്ല. ‘അവർ “യാഥാ​സ്ഥി​തിക” മതവി​ഭാ​ഗ​ങ്ങ​ളു​ടെ വിദ്വേ​ഷം സമ്പാദി​ച്ചു എന്ന വസ്‌തുത നിമി​ത്ത​മാണ്‌ . . . പീഡനം ഉണ്ടായ​തെ​ന്നു​ള​ള​തി​നു തർക്കമില്ല’ എന്ന്‌ അപ്‌ടൺ സിൻക്ലയർ നിഗമനം ചെയ്യുന്നു. സഭകളു​ടെ സംയു​ക്ത​ശ്രമം പരാജ​യ​പ്പെ​ട്ടി​ടത്ത്‌ അവർക്കു​വേണ്ടി ഭരണകൂ​ടം അതു സാധി​ച്ച​താ​യി തോന്നു​ന്നു.” ഒട്ടനവധി മതപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ അവഹേ​ള​ന​പ​ര​മായ അഭി​പ്രാ​യങ്ങൾ ഉദ്ധരി​ച്ച​ശേഷം എഴുത്തു​കാ​രൻ അപ്പീൽ കോട​തി​യി​ലെ മറിച്ചു​ളള വിധിയെ പരാമർശി​ക്കു​ക​യും ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ക​യും ചെയ്‌തു: “ഈ വിധി സഭകളിൽ നിശബ്ദ​മാ​യി സ്വീക​രി​ക്ക​പ്പെട്ടു.”

[168-ാം പേജിലെ ചിത്രം]

യോഹന്നാൻ ആത്മീയ ആലയം അളക്കുന്നു—അഭിഷിക്ത പുരോ​ഹി​ത​വർഗം നിലവാ​ര​ങ്ങ​ളിൽ എത്തേണ്ടി​യി​രി​ക്കു​ന്നു

[165-ാം പേജിലെ ചിത്രങ്ങൾ]

യോശുവയുടെയും സെരൂ​ബാ​ബേ​ലി​ന്റെ​യും പുനർനിർമാ​ണ​വേല, കർത്താ​വി​ന്റെ ദിവസ​ത്തിൽ ചെറിയ തുടക്ക​ത്തെ​തു​ടർന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​യി​ട​യിൽ വലിയ വർധന​വു​ണ്ടാ​കു​മെന്നു സൂചി​പ്പി​ച്ചു. മുകളിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലു​ളള ബ്രുക്ക്‌ളി​നി​ലെ അച്ചടി​സൗ​ക​ര്യ​ങ്ങൾ അവരുടെ ആവശ്യം നിറ​വേ​റ​റു​ന്ന​തി​നു വളരെ​യ​ധി​കം വികസി​പ്പി​ക്കേ​ണ്ടി​യി​രു​ന്നു

[166-ാം പേജിലെ ചിത്രങ്ങൾ]

രണ്ടു സാക്ഷികൾ ഘോഷിച്ച ഉജ്ജ്വല ന്യായ​വി​ധി ദൂതുകൾ മോശ​യു​ടെ​യും ഏലിയാ​വി​ന്റെ​യും പ്രവാ​ച​ക​വേ​ല​യാൽ മുൻനി​ഴ​ലാ​ക്ക​പ്പെട്ടു

[169-ാം പേജിലെ ചിത്രങ്ങൾ]

എസെക്കിയേൽ 37-ാം അധ്യാ​യ​ത്തി​ലെ ഉണങ്ങിയ അസ്ഥിക​ളെ​പ്പോ​ലെ ആധുനി​ക​നാ​ളി​ലെ പ്രസം​ഗ​വേ​ല​ക്കാ​യി രണ്ടു സാക്ഷികൾ പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ടു​ന്നു