വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിസ്‌മയാവഹമായ ഒരു മർമം വിശദമാക്കപ്പെടുന്നു

വിസ്‌മയാവഹമായ ഒരു മർമം വിശദമാക്കപ്പെടുന്നു

അധ്യായം 34

വിസ്‌മ​യാ​വ​ഹ​മായ ഒരു മർമം വിശദ​മാ​ക്ക​പ്പെ​ടു​ന്നു

1. (എ) മഹാ​വേ​ശ്യ​യെ​യും അവളുടെ ഭയാന​ക​മായ മൃഗവാ​ഹ​ന​ത്തെ​യും കാണു​മ്പോൾ യോഹ​ന്നാൻ പ്രതി​ക​രി​ക്കു​ന്ന​തെ​ങ്ങനെ, എന്തു​കൊണ്ട്‌? (ബി) പ്രവാചക ദർശന​ത്തി​ന്റെ നിവൃ​ത്തി​യിൽ സംഭവങ്ങൾ ചുരു​ള​ഴി​യു​മ്പോൾ ഇന്ന്‌ യോഹ​ന്നാൻവർഗം പ്രതി​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

 മഹാ​വേ​ശ്യ​യെ​യും അവളുടെ ഭയാന​ക​മായ മൃഗവാ​ഹ​ന​ത്തെ​യും കാണു​മ്പോൾ യോഹ​ന്നാ​ന്റെ പ്രതി​ക​രണം എന്താണ്‌? അവൻതന്നെ ഉത്തരം നൽകുന്നു: അവളെ കണ്ടിട്ടു  [ഞാൻ] അത്യന്തം ആശ്ചര്യ​പ്പെട്ടു.” (വെളി​പ്പാ​ടു 17:6ബി) കേവലം മനുഷ്യ​ഭാ​വ​നക്ക്‌ ഒരിക്ക​ലും അത്തരം ഒരു ദൃശ്യം സങ്കൽപ്പി​ക്കാൻ കഴിയു​ക​യില്ല. എങ്കിലും, അവിടെ—അങ്ങു മരുഭൂ​മി​യിൽ—ഒരു ദുഷിച്ച വേശ്യ ബീഭൽസ​മായ കടുഞ്ചു​വ​പ്പു​നി​റ​മു​ളള ഒരു കാട്ടു​മൃ​ഗ​ത്തിൻമേൽ ഇരിക്കു​ന്നു! (വെളി​പ്പാ​ടു 17:3) ഇന്ന്‌ യോഹ​ന്നാൻവർഗ​വും പ്രവാചക ദർശന​ത്തി​ന്റെ നിവൃ​ത്തി​യിൽ സംഭവങ്ങൾ ചുരു​ള​ഴി​യു​മ്പോൾ വലിയ അത്ഭുത​ത്തോ​ടെ ആശ്ചര്യ​പ്പെ​ടു​ന്നു. ലോക​ത്തി​ലെ ആളുകൾക്ക്‌ അതു കാണാൻ കഴിഞ്ഞാൽ അവർ പറയും, ‘അവിശ്വ​സ​നീ​യം!’ ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​കൾ ഏററു​പ​റ​യും, ‘അചിന്ത​നീ​യം!’ എന്നാൽ ദർശനം ഇരുപ​താം നൂററാ​ണ്ടി​ലെ ഒരു ഞെട്ടി​ക്കുന്ന യാഥാർഥ്യ​മാ​യി​ത്തീ​രു​ന്നു. ദൈവ​ജ​ന​ത്തിന്‌ ഇപ്പോൾതന്നെ ദർശന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഗണ്യമായ ഒരു പങ്കു ലഭിച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു, പ്രവചനം അതിന്റെ അതിശ​യി​പ്പി​ക്കുന്ന പാരമ്യ​ത്തി​ലേക്കു നീങ്ങു​ന്ന​തിൽ തുടരു​മെന്ന്‌ ഇത്‌ അവർക്കു​റപ്പു നൽകുന്നു.

2. (എ) യോഹ​ന്നാ​ന്റെ വിസ്‌മ​യ​ത്തോ​ടു​ളള പ്രതി​ക​ര​ണ​ത്തിൽ ദൂതൻ അവനോട്‌ എന്തു പറയുന്നു? (ബി) യോഹ​ന്നാൻവർഗ​ത്തിന്‌ എന്തു വെളി​പ്പെ​ട്ടു​കി​ട്ടി​യി​രി​ക്കു​ന്നു, ഇത്‌ എങ്ങനെ സംഭവി​ച്ചി​രി​ക്കു​ന്നു?

2 ദൂതൻ യോഹ​ന്നാ​ന്റെ ആശ്ചര്യം കുറി​ക്കൊ​ള​ളു​ന്നു. യോഹ​ന്നാൻ തുടരു​ന്നു, “ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യ​പ്പെ​ടു​ന്നതു എന്തു? ഈ സ്‌ത്രീ​യു​ടെ​യും ഏഴു തലയും പത്തു കൊമ്പും ഉളളതാ​യി അവളെ ചുമക്കുന്ന മൃഗത്തി​ന്റെ​യും മർമ്മം ഞാൻ പറഞ്ഞു​ത​രാം.” (വെളി​പ്പാ​ടു 17:7) ഹാ, ദൂതൻ ഇപ്പോൾ ആ മർമത്തി​ന്റെ ചുരു​ള​ഴി​ക്കും! അവൻ കണ്ണുമി​ഴി​ച്ചി​രി​ക്കുന്ന യോഹ​ന്നാ​നു ദർശന​ത്തി​ന്റെ വിവി​ധ​വ​ശ​ങ്ങ​ളും വെളി​പ്പെ​ടാൻ പോകുന്ന നാടകീയ സംഭവ​ങ്ങ​ളും വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു. അതു​പോ​ലെ​തന്നെ, ഇന്നു ജാഗ്ര​ത​യോ​ടി​രി​ക്കുന്ന യോഹ​ന്നാൻവർഗം ദൂതന​ട​ത്തി​പ്പിൻകീ​ഴിൽ സേവന​മ​നു​ഷ്‌ഠി​ക്കു​മ്പോൾ അതിനു പ്രവച​ന​ത്തി​ന്റെ ഗ്രാഹ്യം വെളി​പ്പെ​ട്ടു​കി​ട്ടി​യി​രി​ക്കു​ന്നു. “സ്വപ്‌ന​വ്യാ​ഖ്യാ​നം ദൈവ​ത്തി​ന്നു​ള​ള​ത​ല്ല​യോ?” വിശ്വ​സ്‌ത​നായ യോ​സേ​ഫി​നെ​പ്പോ​ലെ നാമും അങ്ങനെ​തന്നെ വിശ്വ​സി​ക്കു​ന്നു. (ഉല്‌പത്തി 40:8; താരത​മ്യം ചെയ്യുക: ദാനീ​യേൽ 2:29, 30.) ദർശന​ത്തി​ന്റെ അർഥവും ദൈവ​ജ​ന​ങ്ങ​ളു​ടെ ജീവി​ത​ത്തി​ലു​ളള അതിന്റെ ഫലവും യഹോവ അവർക്കു വ്യാഖ്യാ​നി​ച്ചു കൊടു​ക്കു​മ്പോൾ അവർ ശ്രദ്ധാ​കേ​ന്ദ്ര​മാ​ക്ക​പ്പെ​ടു​ന്നു. (സങ്കീർത്തനം 25:14) കൃത്യ​സ​മ​യത്ത്‌, അവൻ സ്‌ത്രീ​യു​ടെ​യും കാട്ടു​മൃ​ഗ​ത്തി​ന്റെ​യും മർമം അവരുടെ ഗ്രാഹ്യ​ത്തി​നാ​യി തുറന്നു​കൊ​ടു​ത്തി​രി​ക്കു​ന്നു.—സങ്കീർത്തനം 32:8.

3, 4. (എ) സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറ്‌ 1942-ൽ ഏതു പരസ്യ​പ്ര​സം​ഗം നടത്തി, അതു കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗത്തെ തിരി​ച്ച​റി​യി​ച്ച​തെ​ങ്ങനെ? (ബി) ദൂതൻ യോഹ​ന്നാ​നോ​ടു സംസാ​രിച്ച ഏതു വാക്കുകൾ പ്രസി​ഡൻറ്‌ നോർ ചർച്ച​ചെ​യ്‌തു?

3 രണ്ടാം ലോക​മ​ഹാ​യു​ദ്ധം കൊടു​മ്പി​രി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ, 1942 സെപ്‌റ​റം​ബർ 18 മുതൽ 20 വരെ ഐക്യ​നാ​ടു​ക​ളി​ലെ യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ പുതി​യ​ലോക ദിവ്യാ​ധി​പത്യ സമ്മേളനം നടത്തി. പ്രധാന നഗരമായ ഒഹാ​യോ​വി​ലെ ക്ലീവ്‌ല​ണ്ടും 50-ലധികം മററു കൺ​വെൻ​ഷൻ നഗരങ്ങ​ളു​മാ​യി ടെല​ഫോൺബന്ധം സ്ഥാപിച്ചു, 1,29,699 എന്ന അത്യുച്ച ഹാജരി​നാ​യി​ത്തന്നെ. യുദ്ധകാ​ലാ​വ​സ്ഥകൾ അനുവ​ദി​ച്ചി​ടത്തു ലോക​മെ​മ്പാ​ടും മററു കൺ​വെൻ​ഷ​നു​ക​ളിൽ കാര്യ​പ​രി​പാ​ടി ആവർത്തി​ച്ചു. യുദ്ധം ദൈവ​ത്തി​ന്റെ അർമ​ഗെ​ദോൻ യുദ്ധമാ​യി പരിണ​മി​ക്കു​മെന്ന്‌ അക്കാലത്ത്‌ യഹോ​വ​യു​ടെ ജനത്തിൽ അനേക​രും പ്രതീ​ക്ഷി​ച്ചു; അതു​കൊണ്ട്‌ “സമാധാ​നം—അതിനു നിലനിൽക്കാൻ കഴിയു​മോ?” എന്ന പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ വിഷയം വളരെ ജിജ്ഞാസ ഉണർത്തു​ക​യു​ണ്ടാ​യി. വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പുതിയ പ്രസി​ഡൻറായ എൻ. എച്ച്‌. നോറിന്‌ സമാധാ​ന​ത്തെ​ക്കു​റിച്ച്‌ എങ്ങനെ പ്രസം​ഗി​ക്കാൻ കഴിഞ്ഞു, വിശേ​ഷി​ച്ചും അതിന്റെ നേരേ വിപരീ​ത​മാ​യതു ജനതകൾക്കു സംഭവി​ക്കാൻ പോകു​ന്നു​വെന്നു തോന്നി​യ​പ്പോൾ? a യോഹ​ന്നാൻവർഗം ദൈവ​ത്തി​ന്റെ പ്രവാ​ച​ക​വ​ച​ന​ത്തി​നു “സാധാ​ര​ണ​യിൽ കവിഞ്ഞ ശ്രദ്ധ” നൽകി​ക്കൊ​ണ്ടി​രു​ന്നു എന്നതാ​യി​രു​ന്നു അതിന്റെ കാരണം.—എബ്രായർ 2:1, NW; 2 പത്രൊസ്‌ 1:19.

4 “സമാധാ​നം—അതിനു നിലനിൽക്കാൻ കഴിയു​മോ?” എന്ന പ്രസംഗം പ്രവച​ന​ത്തിൻമേൽ എന്തു വെളിച്ചം വീശി? വെളി​പാട്‌ 17:3-ലെ കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗം സർവരാ​ജ്യ​സ​ഖ്യ​മാ​ണെന്നു വ്യക്തമാ​യി തിരി​ച്ച​റി​യി​ച്ചു​കൊ​ണ്ടു പ്രസി​ഡൻറ്‌ നോർ യോഹ​ന്നാ​നോ​ടു​ളള ദൂതന്റെ അടുത്ത വാക്കു​കളെ അടിസ്ഥാ​ന​മാ​ക്കി അതിന്റെ പ്രക്ഷു​ബ്ധ​മായ ഗതി തുടർന്നു ചർച്ച​ചെ​യ്‌തു: “നീ കണ്ട മൃഗമോ ഉണ്ടായി​രു​ന്ന​തും ഇപ്പോൾ ഇല്ലാത്ത​തും ഇനി അഗാധ​ത്തിൽനി​ന്നു കയറി നാശത്തി​ലേക്കു പോകു​വാൻ ഇരിക്കു​ന്ന​തും ആകുന്നു”.—വെളി​പ്പാ​ടു 17:8എ.

5. (എ) കാട്ടു​മൃ​ഗം “ഉണ്ടായി​രു​ന്ന​തും” അതിനു​ശേഷം “ഇല്ലാത്ത​തും” ആയിരു​ന്ന​തെ​ങ്ങനെ? (ബി) “സഖ്യം കുഴി​യിൽത്തന്നെ കിടക്കു​മോ?” എന്ന ചോദ്യ​ത്തി​നു പ്രസി​ഡൻറ്‌ നോർ ഉത്തരം നൽകി​യ​തെ​ങ്ങനെ?

5 ‘കാട്ടു​മൃ​ഗം ഉണ്ടായി​രു​ന്നു.’ അതെ, അത്‌ 1920 ജനുവരി 10 മുതൽ സർവരാ​ജ്യ​സ​ഖ്യം എന്നനി​ല​യിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു, ഒരിക്കൽ അല്ലെങ്കിൽ മറെറാ​രി​ക്കൽ 63 രാഷ്‌ട്രങ്ങൾ അതിൽ പങ്കെടു​ത്തി​രു​ന്നു. എന്നാൽ, ക്രമത്തിൽ ജപ്പാനും ജർമനി​യും ഇററലി​യും പിൻമാ​റി, സോവി​യ​ററ്‌ യൂണിയൻ സഖ്യത്തിൽനി​ന്നു തളള​പ്പെട്ടു. ജർമനി​യി​ലെ നാസി സ്വേച്ഛാ​ധി​കാ​രി 1939 സെപ്‌റ​റം​ബ​റിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം തുടങ്ങി​വെച്ചു. b ലോക​ത്തിൽ സമാധാ​നം നിലനിർത്താൻ പരാജ​യ​പ്പെ​ട്ട​തു​കൊ​ണ്ടു സർവരാ​ജ്യ​സ​ഖ്യം ഫലത്തിൽ നിഷ്‌ക്രി​യ​ത്വ​ത്തി​ന്റെ അഗാധ​ത്തി​ലേക്ക്‌ ആണ്ടു​പോ​യി. അത്‌ 1942 ആയപ്പോ​ഴേ​ക്കും ഉണ്ടായി​രുന്ന ഒന്ന്‌ ആയിത്തീർന്നി​രു​ന്നു. ഇതിനു​മു​മ്പോ പിന്നീ​ടൊ​രു തീയതി​യി​ലോ ആയിരു​ന്നില്ല—പിന്നെ​യോ ആ നിർണാ​യക സമയത്തു​തന്നെ—യഹോവ തന്റെ ജനത്തിനു ദർശന​ത്തി​ന്റെ അർഥം മുഴു ആഴത്തി​ലും വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തു! പുതി​യ​ലോക ദിവ്യാ​ധി​പത്യ സമ്മേള​ന​ത്തിൽ, പ്രവച​ന​ത്തോ​ടു ചേർച്ച​യിൽ ‘കാട്ടു​മൃ​ഗം ഇപ്പോൾ ഇല്ല’ എന്നു പ്രസി​ഡൻറ്‌ നോറി​നു പ്രഖ്യാ​പി​ക്കാൻ കഴിഞ്ഞു. “സഖ്യം കുഴി​യിൽത്തന്നെ കിടക്കു​മോ?” എന്ന ചോദ്യം അദ്ദേഹം അടുത്ത​താ​യി ചോദി​ച്ചു. വെളി​പ്പാ​ടു 17:8 ഉദ്ധരി​ച്ചു​കൊണ്ട്‌ അദ്ദേഹം ഉത്തരം നൽകി: “ലൗകിക ജനതക​ളു​ടെ സംഘടന വീണ്ടും ഉയിർത്തെ​ഴു​ന്നേൽക്കും.” അത്‌ അങ്ങനെ​തന്നെ എന്നാണ്‌ തെളി​ഞ്ഞത്‌—യഹോ​വ​യു​ടെ പ്രവാചക വചനത്തി​ന്റെ സംസ്ഥാ​പ​ന​മാ​യി​ട്ടു​തന്നെ!

അഗാധ​ത്തിൽനി​ന്നു കയറി​വ​രു​ന്നു

6. (എ) കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗം അഗാധ​ത്തിൽനി​ന്നു കയറി​യത്‌ എപ്പോൾ, എന്തു പുതിയ പേരിൽ? (ബി) ഐക്യ​രാ​ഷ്‌ട്രങ്ങൾ യഥാർഥ​ത്തിൽ കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ഒരു പുനരു​ജ്ജീ​വനം ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

6 കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗം വാസ്‌ത​വ​ത്തിൽ അഗാധ​ത്തിൽനി​ന്നു കയറി​വ​രി​ക​തന്നെ ചെയ്‌തു. യു.എസ്‌.എ.യിലെ സാൻഫ്രാൻസി​സ്‌കോ​യിൽ 1945 ജൂൺ 26-ന്‌ 50 രാഷ്‌ട്രങ്ങൾ കൊട്ടും കുരവ​യു​മാ​യി ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ പ്രമാണം അംഗീ​ക​രി​ച്ചു​കൊ​ണ്ടു വോട്ടു​ചെ​യ്‌തു. ഈ സംഘം “സാർവ​ദേ​ശീയ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും നിലനിർത്തു​ന്നതി”നുളള​താ​യി​രു​ന്നു. സഖ്യവും യുഎൻ-ഉം തമ്മിൽ അനേകം സാമ്യങ്ങൾ ഉണ്ടായി​രു​ന്നു. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇപ്രകാ​രം കുറി​ക്കൊ​ള​ളു​ന്നു: “ചില വിധങ്ങ​ളിൽ യുഎൻ ഒന്നാം ലോക​യു​ദ്ധാ​ന​ന്തരം സംഘടി​പ്പി​ക്ക​പ്പെട്ട സർവരാ​ജ്യ​സ​ഖ്യ​ത്തെ​പ്പോ​ലി​രി​ക്കു​ന്നു . . . യുഎൻ സ്ഥാപിച്ച മിക്ക രാഷ്‌ട്ര​ങ്ങ​ളും​ത​ന്നെ​യാ​ണു സഖ്യവും സ്ഥാപി​ച്ചത്‌. സഖ്യ​ത്തെ​പ്പോ​ലെ രാഷ്‌ട്രങ്ങൾ തമ്മിൽ സമാധാ​നം പാലി​ക്കാൻ സഹായി​ക്കു​ന്ന​തി​നാ​യി​രു​ന്നു യുഎൻ സ്ഥാപി​ക്ക​പ്പെ​ട്ടത്‌. യുഎൻ-ന്റെ പ്രധാന പോഷ​ക​സം​ഘ​ട​നകൾ മിക്കവാ​റും സഖ്യത്തി​ന്റേ​തു​പോ​ലെ​യാണ്‌.” അപ്പോൾ യുഎൻ യഥാർഥ​ത്തിൽ കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ഒരു പുനരു​ജ്ജീ​വ​ന​മാണ്‌. നൂറെ​റ​ഴു​പ​ത്ത​ഞ്ചി​ല​ധി​കം രാഷ്‌ട്രങ്ങൾ വരുന്ന അതിന്റെ അംഗത്വം 63 ആയിരുന്ന സഖ്യത്തി​ന്റേ​തി​നെ​ക്കാൾ വളരെ കൂടു​ത​ലാണ്‌; അത്‌ അതിന്റെ മുൻഗാ​മി​യെ​ക്കാൾ കൂടിയ ഉത്തരവാ​ദി​ത്വ​ങ്ങൾ കയ്യേൽക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

7. (എ) പുനരു​ജ്ജീ​വിച്ച കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗത്തെ കണ്ട്‌ ഭൂവാ​സി​കൾ പ്രശം​സാ​പൂർവം അതിശ​യി​ച്ച​തെ​ങ്ങനെ? (ബി) ഏതു ലാക്ക്‌ യുഎൻ-നെ ഒഴിഞ്ഞു​മാ​റി​യി​രി​ക്കു​ന്നു, ഈ ബന്ധത്തിൽ അതിന്റെ സെക്ര​ട്ടറി ജനറൽ എന്തു പറഞ്ഞു?

7 ആദ്യ​മൊ​ക്കെ യുഎന്നിൽ വലിയ പ്രതീ​ക്ഷകൾ അർപ്പി​ക്ക​പ്പെട്ടു. ഇതു ദൂതന്റെ വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി​ട്ടാ​യി​രു​ന്നു: “ഉണ്ടായി​രു​ന്ന​തും ഇല്ലാത്ത​തും വരുവാ​നു​ള​ള​തു​മായ മൃഗത്തെ ലോക​സ്ഥാ​പ​നം​മു​തൽ ജീവപു​സ്‌ത​ക​ത്തിൽ പേർ എഴുതാ​തി​രി​ക്കുന്ന ഭൂവാ​സി​കൾ കണ്ടു അതിശ​യി​ക്കും.” (വെളി​പ്പാ​ടു 17:8ബി) ന്യൂ​യോർക്കി​ലെ ഈസ്‌ററ്‌ റിവറി​ലു​ളള അതിന്റെ ഗംഭീ​ര​മായ കേന്ദ്ര​കാ​ര്യാ​ല​യ​ത്തിൽനി​ന്നു പ്രവർത്തി​ക്കുന്ന ഈ പുതിയ ബൃഹത്‌സ്ഥാ​പ​നത്തെ ഭൂവാ​സി​കൾ പ്രകീർത്തി​ച്ചി​രി​ക്കു​ന്നു. എന്നാൽ യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും യുഎൻ-നെ ഒഴിഞ്ഞു മാറി​യി​രി​ക്കു​ന്നു. ഈ പൈശാ​ചി​ക​മായ ആണവയു​ഗ​ത്തിൽ “സുനി​ശ്ചി​ത​മായ പരസ്‌പര നാശ”ത്തിന്റെ—ചുരു​ക്കെ​ഴു​ത്തിൽ മാഡ്‌ [MAD]—ഭീഷണിയാൽ മാത്ര​മാ​ണു ലോക​സ​മാ​ധാ​നം നിലനിർത്ത​പ്പെ​ട്ടി​രി​ക്കു​ന്നത്‌, ആയുധ​പ​ന്തയം കണക്കററു കുതി​ച്ചു​യ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഐക്യ​രാ​ഷ്‌ട്രങ്ങൾ നാല്‌പ​തു​വർഷ​ക്കാ​ലം ശ്രമം നടത്തി​യ​ശേഷം അതിന്റെ സെക്ര​ട്ടറി ജനറലായ ഹവിയർ പെറെസ്സ്‌ ഡിക്വ​യ്യാർ 1985-ൽ ഇപ്രകാ​രം വിലപി​ച്ചു: “നാം ഭ്രാന്തൻമാ​രു​ടെ മറെറാ​രു യുഗത്തി​ലാ​ണു ജീവി​ക്കു​ന്നത്‌, അതു സംബന്ധിച്ച്‌ എന്തു ചെയ്യണ​മെന്നു നമുക്ക​റി​യില്ല.”

8, 9. (എ) യുഎൻ-ന്‌ ലോക​പ്ര​ശ്‌ന​ങ്ങൾക്കു പരിഹാ​ര​മാർഗ​ങ്ങ​ളി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌, ദൈവ​ത്തി​ന്റെ കൽപ്പന​പ്ര​കാ​രം അതിന്‌ ഉടൻതന്നെ എന്തു സംഭവി​ക്കും? (ബി) യുഎൻ-ന്റെ സ്ഥാപക​രു​ടെ​യും സ്‌തു​തി​പാ​ഠ​ക​രു​ടെ​യും പേരുകൾ ദൈവ​ത്തി​ന്റെ “ജീവപു​സ്‌ത​ക​ത്തിൽ” എഴുതു​ന്നി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (സി) യഹോ​വ​യു​ടെ രാജ്യം വിജയ​ക​ര​മാ​യി എന്തു സാധി​ക്കും?

8 യുഎൻ-നു പരിഹാ​ര​മാർഗങ്ങൾ ഇല്ല. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ മുഴു​മ​നു​ഷ്യ​വർഗ​ത്തി​നും ജീവൻ നൽകിയ ആളല്ല യുഎൻ-ന്റെ ജീവദാ​താവ്‌. അതിന്റെ ആയുസ്സു ഹ്രസ്വ​മാ​യി​രി​ക്കും, എന്തെന്നാൽ ദൈവ​ത്തി​ന്റെ കൽപ്പന​പ്ര​കാ​രം ‘അതു നാശത്തി​ലേക്കു പോകു​വാൻ ഇരിക്കു​ന്നു.’ യുഎൻ-ന്റെ സ്ഥാപക​രു​ടെ​യും സ്‌തു​തി​പാ​ഠ​ക​രു​ടെ​യും പേരുകൾ ദൈവ​ത്തി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ എഴുതു​ന്നില്ല. മനുഷ്യ​മാർഗ​ങ്ങ​ളാ​ലല്ല, പിന്നെ​യോ തന്റെ ക്രിസ്‌തു​വി​ന്റെ രാജത്വം മുഖാ​ന്തരം താൻ സാധി​ക്കാൻപോ​ക​യാ​ണെന്ന്‌ യഹോ​വ​യാം ദൈവം പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നത്‌, ദൈവ​നാ​മത്തെ പരിഹ​സി​ക്കുന്ന പലരും അടങ്ങിയ പാപി​ക​ളും മർത്ത്യ​രു​മായ മനുഷ്യർക്ക്‌ യുഎന്നി​ലൂ​ടെ എങ്ങനെ നേടാൻ കഴിയും?—ദാനീ​യേൽ 7:27; വെളി​പ്പാ​ടു 11:15.

9 യുഎൻ വാസ്‌ത​വ​ത്തിൽ ആരുടെ രാജകീ​യ​ഭ​ര​ണ​ത്തിന്‌ അവസാനം ഇല്ലാതി​രി​ക്കു​ന്നു​വോ ആ സമാധാ​ന​പ്ര​ഭു​വായ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള ദൈവ​ത്തി​ന്റെ മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ ദൈവ​ദൂ​ഷ​ണ​പ​ര​മായ ഒരു കൃത്രി​മ​രൂ​പ​മാണ്‌. (യെശയ്യാ​വു 9:6, 7) യുഎൻ എന്തെങ്കി​ലും താത്‌കാ​ലിക സമാധാ​നം തട്ടിക്കൂ​ട്ടി​യെ​ടു​ത്താൽപ്പോ​ലും പെട്ടെ​ന്നു​തന്നെ യുദ്ധങ്ങൾ വീണ്ടും പൊട്ടി​പ്പു​റ​പ്പെ​ടും. ഇതു പാപി​ക​ളായ മനുഷ്യ​രു​ടെ പ്രകൃ​ത​മാണ്‌. ‘അവരുടെ പേരുകൾ ലോക​സ്ഥാ​പ​നം​മു​തൽ ജീവപു​സ്‌ത​ക​ത്തിൽ എഴുത​പ്പെ​ട്ടി​ട്ടില്ല.’ ക്രിസ്‌തു​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ രാജ്യം ഭൂമി​യിൽ നിത്യ​സ​മാ​ധാ​നം സ്ഥാപി​ക്കു​മെന്നു മാത്രമല്ല, യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള നീതി​മാൻമാ​രും നീതി​കെ​ട്ട​വ​രു​മായ മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ചെയ്യും. (യോഹ​ന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15) ഇതിൽ സാത്താ​ന്റെ​യും അവന്റെ സന്തതി​യു​ടെ​യും ആക്രമ​ണങ്ങൾ ഗണ്യമാ​ക്കാ​തെ ഉറച്ചു​നി​ന്നി​ട്ടു​ളള എല്ലാവ​രും ഇനിയും അനുസ​ര​ണ​മു​ള​ള​വ​രെന്നു തെളി​യി​ക്കാ​നി​രി​ക്കുന്ന മററു​ള​ള​വ​രും ഉൾപ്പെ​ടു​ന്നു. സ്‌പഷ്ട​മാ​യും, ദൈവ​ത്തി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ മഹാബാ​ബി​ലോ​നി​ലെ മുശടൻമാ​രായ അംഗങ്ങ​ളു​ടെ​യോ കാട്ടു​മൃ​ഗത്തെ തുടർന്ന്‌ ആരാധി​ച്ചു​കൊ​ണ്ടി​രുന്ന ആരു​ടെ​യെ​ങ്കി​ലു​മോ പേരുകൾ ഒരിക്ക​ലും ഉൾപ്പെ​ടു​ക​യില്ല.—പുറപ്പാ​ടു 32:33; സങ്കീർത്തനം 86:8-10; യോഹ​ന്നാൻ 17:3; വെളി​പ്പാ​ടു 16:2; 17:5.

സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—ഒരു വ്യർഥ പ്രത്യാശ

10, 11. (എ) യുഎൻ 1986-ൽ എന്തു പ്രഖ്യാ​പി​ച്ചു, പ്രതി​ക​രണം എന്തായി​രു​ന്നു? (ബി) സമാധാ​ന​ത്തി​നാ​യി പ്രാർഥി​ക്കാൻ ഇററലി​യി​ലെ അസ്സീസി​യിൽ എത്ര “മതകു​ടും​ബങ്ങൾ” കൂടി​വന്നു, ദൈവം അത്തരം പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകു​ന്നു​വോ? വിശദീ​ക​രി​ക്കുക.

10 മനുഷ്യ​വർഗ​ത്തി​ന്റെ പ്രതീ​ക്ഷ​കളെ താങ്ങി​നിർത്താ​നു​ളള ഒരു ശ്രമത്തിൽ ഐക്യ​രാ​ഷ്‌ട്രങ്ങൾ, “സമാധാ​ന​വും മാനവ​രാ​ശി​യു​ടെ ഭാവി​യും കാത്തു​സൂ​ക്ഷി​ക്കുക” എന്ന വിഷയ​ത്തോ​ടെ 1986-നെ ഒരു “സാർവ​ദേ​ശീയ സമാധാ​ന​വർഷം” ആയി പ്രഖ്യാ​പി​ച്ചു. യുദ്ധത്തി​ലേർപ്പെ​ട്ടി​രുന്ന രാഷ്‌ട്ര​ങ്ങ​ളോട്‌ ഒരു വർഷ​ത്തേ​ക്കെ​ങ്കി​ലും അവരുടെ ആയുധങ്ങൾ താഴെ​വെ​ക്കാൻ ആവശ്യ​പ്പെട്ടു. അവരുടെ പ്രതി​ക​രണം എന്തായി​രു​ന്നു? ഇൻറർനാ​ഷണൽ പീസ്‌ റിസേർച്ച്‌ ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ന്റെ ഒരു റിപ്പോർട്ടു പറയുന്ന പ്രകാരം 1986-ൽ മാത്രം പോരാ​ട്ട​ത്തിൽ 50 ലക്ഷത്തി​ല​ധി​കം ആളുകൾ കൊല്ല​പ്പെട്ടു! ചില പ്രത്യേക നാണയ​ങ്ങ​ളും സ്‌മാരക സ്‌ററാ​മ്പു​ക​ളും പുറത്തി​റ​ക്കി​യെ​ങ്കി​ലും ആ വർഷം സമാധാ​ന​ത്തി​ന്റെ ആദർശം അന്വേ​ഷി​ക്കു​ന്നതു സംബന്ധി​ച്ചു മിക്ക ജനതക​ളും ഒന്നും​തന്നെ ചെയ്‌തില്ല. എന്നുവ​രി​കി​ലും, എപ്പോ​ഴും യുഎൻ-നുമായി ഒരു നല്ല ബന്ധം കാംക്ഷി​ക്കുന്ന ലോക​ത്തി​ലെ മതങ്ങൾ വിവി​ധ​വി​ധ​ങ്ങ​ളിൽ ആ വർഷത്തെ പ്രസി​ദ്ധ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ജോൺ പോൾ II-ാമൻ പാപ്പ 1986 ജനുവരി 1-ന്‌ യുഎൻ-ന്റെ വേലയെ പുകഴ്‌ത്തു​ക​യും നവവത്സ​രത്തെ സമാധാ​ന​ത്തി​നാ​യി സമർപ്പി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം ഒക്‌ടോ​ബർ 27-ന്‌ ലോക​ത്തി​ലെ മിക്ക മതങ്ങളു​ടെ​യും നായകൻമാ​രെ ഇററലി​യി​ലെ അസ്സീസി​യിൽ സമാധാ​ന​ത്തി​നാ​യി പ്രാർഥി​ക്കു​ന്ന​തിന്‌ വിളി​ച്ചു​കൂ​ട്ടി.

11 സമാധാ​ന​ത്തി​നു​വേ​ണ്ടി​യു​ളള അത്തരം പ്രാർഥ​ന​കൾക്കു ദൈവം ഉത്തരം നൽകു​ന്നു​വോ? കൊള​ളാം, ആ മതനേ​താ​ക്കൻമാർ ഏതു ദൈവ​ത്തോ​ടാ​യി​രു​ന്നു പ്രാർഥി​ച്ചത്‌? നിങ്ങൾ അവരോ​ടു ചോദി​ച്ചാൽ ഓരോ കൂട്ടവും ഒരു വ്യത്യസ്‌ത ഉത്തരം നൽകും. വ്യത്യ​സ്‌ത​മായ പലവി​ധ​ങ്ങ​ളിൽ നടത്ത​പ്പെ​ടുന്ന അപേക്ഷകൾ കേൾക്കാ​നും ഉത്തരം നൽകാ​നും കഴിയുന്ന ദശലക്ഷ​ക്ക​ണ​ക്കി​നു ദൈവ​ങ്ങ​ളു​ടെ ഒരു ദേവഗണം ഉണ്ടോ? പങ്കുപ​റ​റി​യ​വ​രിൽ അനേക​രും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ത്രിത്വത്തെ c ആരാധി​ച്ചു. ബുദ്ധമ​ത​ക്കാ​രും ഹിന്ദു​ക്ക​ളും മററു​ള​ള​വ​രും എണ്ണമററ ദൈവ​ങ്ങൾക്ക്‌ അവരുടെ പ്രാർഥ​നകൾ അർപ്പിച്ചു. മൊത്തം 12 “മതകു​ടും​ബങ്ങൾ” കൂടി​വന്നു, കാൻറർബ​റി​യി​ലെ ആംഗ്ലിക്കൻ ആർച്ച്‌ ബിഷപ്പും ബുദ്ധമ​ത​ത്തി​ലെ ദലൈ​ലാ​മ​യും റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ മെത്ര​പ്പോ​ലി​ത്ത​യും ടോക്കി​യോ​യി​ലെ ഷിന്റോ ഷ്‌റൈൻ അസോ​സി​യേ​ഷന്റെ പ്രസി​ഡൻറും ആഫ്രിക്കൻ പ്രപഞ്ചാ​ത്മ​വാ​ദി​ക​ളും തൂവലു​കൾകൊ​ണ്ടു​ളള തലപ്പാവു ധരിച്ച രണ്ട്‌ അമേരി​ക്കൻ ഇന്ത്യാ​ക്കാ​രും പോലു​ളള പ്രമാ​ണി​മാർ പ്രതി​നി​ധി​ക​ളാ​യി ഉണ്ടായി​രു​ന്നു. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ അതു കൗതു​ക​ക​ര​മായ ഒരു ടിവി പരിപാ​ടി​ക്കു പററിയ നിറപ്പ​കി​ട്ടാർന്ന ഒരു കൂട്ടമാ​യി​രു​ന്നു. ഒരു സംഘം ഒരുസ​മ​യത്ത്‌ 12 മണിക്കൂർവരെ നിർത്താ​തെ പ്രാർഥി​ച്ചു. (താരത​മ്യം ചെയ്യുക: ലൂക്കൊസ്‌ 20:45-47.) എന്നാൽ ആ കൂട്ടത്തി​ന്റെ മീതെ ഉരുണ്ടു​കൂ​ടിയ കാർമേ​ഘ​ത്തിന്‌ അപ്പുറ​ത്തേക്ക്‌ ആ പ്രാർഥ​ന​ക​ളിൽ ഏതെങ്കി​ലും പ്രവേ​ശി​ച്ചോ? പിൻവ​രുന്ന കാരണ​ങ്ങ​ളാൽ, ഇല്ല:

12. ലോക​ത്തി​ലെ മതനേ​താ​ക്ക​ളു​ടെ സമാധാ​ന​ത്തി​നാ​യു​ളള പ്രാർഥ​ന​കൾക്കു ദൈവം ഏതു കാരണ​ങ്ങ​ളാൽ ഉത്തരം നൽകി​യില്ല?

12 ‘യഹോ​വ​യു​ടെ നാമത്തിൽ നടക്കുന്ന’വരിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ആ മതവി​ശ്വാ​സി​ക​ളിൽ ആരും ജീവനു​ളള ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നി​ല്ലാ​യി​രു​ന്നു, ബൈബി​ളി​ന്റെ മൂലപാ​ഠ​ത്തിൽ ആ പേര്‌ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു. (മീഖാ 4:5; യെശയ്യാ​വു 42:8, 12) d ഒരു സംഘം എന്നനി​ല​യിൽ അവർ യേശു​വി​ന്റെ നാമത്തിൽ ദൈവത്തെ സമീപി​ച്ചില്ല, ഭൂരി​പ​ക്ഷ​വും യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു​മില്ല. (യോഹ​ന്നാൻ 14:13; 15:16) യുഎൻ-നെയല്ല പിന്നെ​യോ ദൈവ​ത്തി​ന്റെ ആഗതമാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന രാജ്യത്തെ മനുഷ്യ​വർഗ​ത്തി​ന്റെ യഥാർഥ​പ്ര​ത്യാ​ശ​യെന്ന നിലയിൽ പ്രഖ്യാ​പി​ക്കു​ക​യെന്ന നമ്മുടെ നാളി​ലേ​ക്കു​ളള ദൈ​വേഷ്ടം അവർ ആരും ചെയ്യു​ന്നില്ല. (മത്തായി 7:21-23; 24:14; മർക്കൊസ്‌ 13:10) അവരുടെ മതസ്ഥാ​പ​നങ്ങൾ പൊതു​വേ, ഈ നൂററാ​ണ്ടി​ലെ രണ്ടു ലോക​യു​ദ്ധങ്ങൾ ഉൾപ്പെടെ ചരി​ത്ര​ത്തി​ലെ രക്തപങ്കി​ല​മായ യുദ്ധങ്ങ​ളിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. അത്തരക്കാ​രോട്‌ ദൈവം പറയുന്നു: “നിങ്ങൾ എത്ര തന്നേ പ്രാർത്ഥ​ന​ക​ഴി​ച്ചാ​ലും ഞാൻ കേൾക്ക​യില്ല; നിങ്ങളു​ടെ കൈ രക്തം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു.”—യെശയ്യാ​വു 1:15; 59:1-3.

13. (എ) ലോക​ത്തി​ലെ മതനേ​താ​ക്കൾ സമാധാ​ന​ത്തിന്‌ അഭ്യർഥി​ക്കാൻ യുഎൻ-നുമായി കൈ​കോർത്തു നിൽക്കു​ന്നതു സാർഥ​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) സമാധാ​ന​ത്തി​നാ​യു​ളള നിലവി​ളി ദൈവം മുൻകൂ​ട്ടി​പ്പറഞ്ഞ ഏതു പാരമ്യ​ത്തിൽ ചെന്നവ​സാ​നി​ക്കും?

13 അതിനു​പു​റമേ, ഇപ്പോൾ സമാധാ​ന​ത്തി​നാ​യി മുറവി​ളി​കൂ​ട്ടു​ന്ന​തിൽ ലോക​ത്തി​ലെ മതനേ​താ​ക്കൾ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​മാ​യി കൈ​കോർത്തു നിൽക്കു​ന്നതു വളരെ സാർഥ​ക​മാണ്‌. വിശേ​ഷി​ച്ചും ഈ ആധുനി​ക​യു​ഗ​ത്തിൽ അവരുടെ ആളുക​ളിൽ വളരെ​യ​ധി​കം പേർ മതം ഉപേക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ തങ്ങളുടെ സ്വന്തം പ്രയോ​ജ​ന​ത്തി​നു​വേണ്ടി യുഎൻ-നെ സ്വാധീ​നി​ക്കാൻ അവർ ഇഷ്ടപ്പെ​ടും. പുരാതന ഇസ്രാ​യേ​ലി​ലെ അവിശ്വസ്‌ത നായക​രെ​പ്പോ​ലെ “സമാധാ​നം ഇല്ലാതി​രി​ക്കെ” അവർ വിളി​ച്ചു​പ​റ​യു​ന്നു, “സമാധാ​നം സമാധാ​നം.” (യിരെ​മ്യാ​വു 6:14) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രവചിച്ച പാരമ്യ​ത്തെ പിന്താങ്ങി, സമാധാ​ന​ത്തി​നാ​യു​ളള അവരുടെ നിലവി​ളി തുടർന്നും ഉയർന്നു​കൊ​ണ്ടി​രി​ക്കും എന്നുള​ള​തി​നു സംശയ​മില്ല: “കളളൻ രാത്രി​യിൽ വരു​മ്പോ​ലെ കർത്താ​വി​ന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയു​ന്നു​വ​ല്ലോ. അവർ സമാധാ​ന​മെ​ന്നും നിർഭ​യ​മെ​ന്നും [സുരക്ഷിതത്വം, NW] പറയു​മ്പോൾ ഗർഭി​ണി​ക്കു പ്രസവ​വേദന വരും​പോ​ലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററി​യൊ​ഴി​യാ​വ​തു​മല്ല.”—1 തെസ്സ​ലൊ​നീ​ക്യർ 5:2, 3.

14. ‘സമാധാ​ന​വും സുരക്ഷി​ത​ത്വ​വും!’ എന്ന നിലവി​ളി ഏതു രൂപം കൈ​ക്കൊ​ള​ളും, അതിനാൽ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ന്ന​തി​നെ ഒരുവന്‌ എങ്ങനെ ഒഴിവാ​ക്കാം?

14 സമാധാ​ന​വും സുരക്ഷി​ത​ത്വ​വും! എന്ന സാർഥ​ക​മായ ഈ മുറവി​ളി ഏതു രൂപം കൈ​ക്കൊ​ള​ളും? ആ നിലവി​ളി നടത്തു​ന്ന​വ​രു​ടെ പെട്ടെ​ന്നു​ളള നാശത്തി​നു തൊട്ടു​മുമ്പ്‌ അതു മുന്തിയ ഒരളവിൽ ആയിരി​ക്കു​മെന്ന്‌ ഇവിടെ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ ലോക​നേ​താ​ക്ക​ളു​ടെ മുൻപ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ക്കാൾ അതു കൂടുതൽ പ്രബല​മായ ഒന്നായി​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അതു ഭൂവ്യാ​പ​ക​മായ ഒരളവിൽ ആയിരി​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല. എങ്കിലും അത്‌ ഒരു കപടഭാ​വ​ത്തെ​ക്കാൾ കവിഞ്ഞ​താ​യി​രി​ക്കു​ക​യില്ല. ഉപരി​ത​ല​ത്തി​ന​ടി​യിൽ ഒന്നും യഥാർഥ​ത്തിൽ മാറി​യി​ട്ടു​ണ്ടാ​വു​ക​യില്ല. സ്വാർഥ​ത​യും വിദ്വേ​ഷ​വും കുററ​കൃ​ത്യ​വും കുടും​ബ​ത്ത​കർച്ച​യും ദുർമാർഗ​വും രോഗ​വും സങ്കടവും മരണവും അപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും. ബൈബിൾപ്ര​വ​ചനം സംബന്ധിച്ച്‌ ഉണർവി​ല്ലാ​ത്ത​വരെ വരാൻ പോകുന്ന മുറവി​ളി വഴി​തെ​റ​റി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. എന്നാൽ നിങ്ങൾ ലോക​സം​ഭ​വ​ങ്ങ​ളു​ടെ അർഥം സംബന്ധിച്ച്‌ ഉണർവു​ള​ള​വ​രാ​യി​രി​ക്കു​ക​യും ദൈവ​വ​ച​ന​ത്തി​ലെ പ്രവാചക മുന്നറി​യി​പ്പു​കൾ ചെവി​ക്കൊ​ള​ളു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അതു നിങ്ങളെ വഴി​തെ​റ​റി​ക്കേണ്ട ആവശ്യ​മില്ല.—മർക്കൊസ്‌ 13:32-37; ലൂക്കൊസ്‌ 21:34-36.

[അടിക്കു​റി​പ്പു​കൾ]

a ജെ. എഫ്‌. റതർഫോർഡ്‌ 1942 ജനുവരി 8-നു മരിക്കു​ക​യും അദ്ദേഹ​ത്തെ​ത്തു​ടർന്ന്‌ എൻ. എച്ച്‌. നോർ പ്രസി​ഡൻറാ​വു​ക​യും ചെയ്‌തു.

b ജർമനിയും ഇററലി​യും ജപ്പാനും ഹംഗറി​യും 1940 നവംബർ 20-ന്‌ ഒരു “പുതിയ സർവരാ​ജ്യ​സഖ്യ”ത്തിനു​വേണ്ടി ഉടമ്പടി ഒപ്പിട്ടു, തുടർന്നു നാലു ദിവസം കഴിഞ്ഞു മതപര​മായ ഒരു സമാധാ​ന​ത്തി​നും പുതി​യൊ​രു വ്യവസ്ഥാ​ക്ര​മ​ത്തി​നും​വേണ്ടി വത്തിക്കാ​ന്റെ ഒരു കുർബാ​ന​യും ഒരു പ്രാർഥ​ന​യും പ്രക്ഷേ​പണം ചെയ്യ​പ്പെട്ടു. ആ പുതിയ “സഖ്യം” ഒരിക്ക​ലും സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ട്ടില്ല.

c ത്രിത്വോപദേശം പുരാതന ബാബി​ലോ​നിൽനി​ന്നു മുളച്ചു​വന്നു, അവിടെ സൂര്യ​ദേ​വ​നായ ഷമാഷും ചന്ദ്ര​ദേ​വ​നായ സിനും നക്ഷത്ര​ദേ​വ​നായ ഇഷ്ടാറും ഒരു ത്രിത്വ​മാ​യി ആരാധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഓസി​റി​സി​നെ​യും ഐസി​സി​നെ​യും ഹോറ​സി​നെ​യും ആരാധി​ച്ചു​കൊണ്ട്‌ ഈജി​പ്‌ത്‌ അതേ മാതൃക പിൻപ​ററി. അസീറി​യ​യു​ടെ മുഖ്യ ദൈവ​മായ അഷൂർ മൂന്നു തലകളു​ള​ള​താ​യി ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. അതേ മാതൃക പിൻപ​ററി ദൈവ​ത്തി​നു മൂന്നു തലകളു​ള​ള​താ​യി ചിത്രീ​ക​രി​ക്കുന്ന പ്രതി​മകൾ കത്തോ​ലി​ക്കാ പളളി​ക​ളി​ലും കാണ​പ്പെ​ടു​ന്നു.

d യഹോവയാം ദൈവത്തെ “അംഗീ​ക​രി​ക്ക​പ്പെ​ടുന്ന ഒരു പരമോ​ന്നത ദൈവ​വും യഹോ​വ​യു​ടെ സാക്ഷികൾ ആരാധി​ക്കുന്ന ഏക ദൈവ​വും” എന്ന്‌ 1981-ലെ വെബ്‌സ്‌റേ​റ​ഴ്‌സ്‌ തേർഡ്‌ ന്യൂ ഇൻറർനാ​ഷണൽ ഡിക്‌ഷ്‌നറി നിർവ​ചി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[250-ാം പേജിലെ ചതുരം]

“സമാധാന” വിരോ​ധാ​ഭാ​സം

യുഎൻ 1986-നെ സാർവ​ദേ​ശീയ സമാധാ​ന​വർഷ​മാ​യി പ്രഖ്യാ​പി​ച്ചെ​ങ്കി​ലും ആത്മഹത്യാ​പ​ര​മായ ആയുധ​പ​ന്തയം കുതി​ച്ചു​യർന്നു. വേൾഡ്‌ മിലി​റ​ററി ആൻഡ്‌ സോഷ്യൽ എക്‌സ്‌പെൻഡി​ച്ചേ​ഴ്‌സ്‌ 1986 പിൻവ​രുന്ന ഗൗരവാ​വ​ഹ​മായ വിശദാം​ശങ്ങൾ നൽകുന്നു:

ആഗോള സൈനി​ക​ച്ചെ​ലവ്‌ 1986-ൽ 900 ശതകോ​ടി ഡോള​റിൽ എത്തി.

ഒരു മണിക്കൂർ നേരത്തെ ആഗോള സൈനി​ക​ച്ചെ​ലവ്‌ ഓരോ വർഷവും തടയാ​വുന്ന പകർച്ച​വ്യാ​ധി​യാൽ മരിക്കുന്ന 35 ലക്ഷം പേരെ അണുവി​മു​ക്ത​രാ​ക്കാൻ മതിയാ​യ​താണ്‌.

ലോക​വ്യാ​പ​ക​മാ​യി അഞ്ചിൽ ഒരാൾ വീതം കാർന്നു തിന്നുന്ന ദാരി​ദ്ര്യ​ത്തിൽ ജീവി​ക്കു​ന്നു. ലോകം രണ്ടു ദിവസം യുദ്ധാ​യു​ധ​ങ്ങൾക്കു ചെലവ​ഴി​ക്കുന്ന തുക​കൊണ്ട്‌ ഈ പട്ടിണി​കി​ട​ക്കുന്ന എല്ലാവ​രെ​യും ഒരു വർഷം തീററി​പ്പോ​റ​റാൻ കഴിയും.

ലോക​ത്തി​ലെ അണുവാ​യുധ ശേഖര​ത്തി​ലു​ളള സ്‌ഫോ​ടക ഊർജം ചെർണോ​ബിൽ സ്‌ഫോ​ട​ന​ത്തി​ന്റെ 16,00,00,000 മടങ്ങിൽ അധിക​മാണ്‌.

ഇന്ന്‌ 1945-ൽ ഹിറോ​ഷി​മ​യിൽ ഇട്ട ബോം​ബി​ന്റെ 500 മടങ്ങി​ല​ധി​കം സ്‌ഫോ​ട​ക​ശേ​ഷി​യു​ളള ഒരു അണു​ബോംബ്‌ ഇടാൻ കഴിയും.

ഇന്നത്തെ ന്യൂക്ലി​യർ ആയുധ​പ്പു​ര​യിൽ പത്തു ലക്ഷത്തി​ല​ധി​കം ഹിറോ​ഷി​മാ ബോം​ബു​കൾക്കു തുല്യ​മാ​യത്‌ ഇരിപ്പുണ്ട്‌. അവ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ 3 കോടി 80 ലക്ഷം ആളുകളെ കൊന്ന​പ്പോൾ അഴിച്ചു​വിട്ട സ്‌ഫോ​ടക ഊർജ​ത്തി​ന്റെ 2,700 മടങ്ങിനെ പ്രതി​നി​ധാ​നം ചെയ്യുന്നു.

യുദ്ധങ്ങൾ കൂടുതൽ കൂടെ​ക്കൂ​ടെ നടക്കുന്നു, മാരക​വു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. മൊത്തം യുദ്ധമ​ര​ണങ്ങൾ 18-ാം നൂററാ​ണ്ടിൽ 44 ലക്ഷവും 19-ാം നൂററാ​ണ്ടിൽ 83 ലക്ഷവും 20-ാം നൂററാ​ണ്ടി​ലെ 86 വർഷങ്ങ​ളിൽ 9 കോടി 88 ലക്ഷവും ആയിരു​ന്നു. പതി​നെ​ട്ടാം നൂററാ​ണ്ടു​മു​തൽ യുദ്ധമ​ര​ണങ്ങൾ ലോക​ജ​ന​സം​ഖ്യ​യെ​ക്കാൾ ആറുമ​ട​ങ്ങി​ല​ധി​കം വേഗത്തിൽ വർധി​ച്ചി​രി​ക്കു​ന്നു. 20-ാം നൂററാ​ണ്ടിൽ ഓരോ യുദ്ധത്തി​ലും 19-ാം നൂററാ​ണ്ടി​ലേ​തി​നെ​ക്കാൾ പത്തുമ​ടങ്ങു മരണങ്ങൾ ഉണ്ടായി​ട്ടുണ്ട്‌.

[247-ാം പേജിലെ ചിത്രങ്ങൾ]

കടുഞ്ചുവപ്പുളള കാട്ടു​മൃ​ഗ​ത്തെ​ക്കു​റി​ച്ചു പ്രവചി​ച്ചി​രു​ന്ന​തു​പോ​ലെ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു സർവരാ​ജ്യ​സ​ഖ്യം അഗാധ​ത്തി​ലേക്കു പോകു​ക​യും ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളെന്ന നിലയിൽ പുനരു​ജ്ജീ​വി​ക്കു​ക​യും ചെയ്‌തു

[249-ാം പേജിലെ ചിത്രങ്ങൾ]

യുഎൻ-ന്റെ “സമാധാന വർഷ”ത്തെ പിന്താങ്ങി ലോക​ത്തി​ലെ മതങ്ങളു​ടെ പ്രതി​നി​ധി​കൾ ഇററലി​യി​ലെ അസ്സീസി​യിൽ ഒരു സമ്മി​ശ്ര​പ്രാർഥന അർപ്പിച്ചു, എന്നാൽ അവരിൽ ആരും​തന്നെ ജീവനു​ളള ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ച്ചി​ല്ല