വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിപാടും നിങ്ങളും

വെളിപാടും നിങ്ങളും

അധ്യായം 44

വെളി​പാ​ടും നിങ്ങളും

1. (എ) വെളി​പാ​ടി​ലെ അത്ഭുത​ക​ര​മായ എല്ലാ വാഗ്‌ദ​ത്ത​ങ്ങ​ളെ​യും സംബന്ധി​ച്ചു ദൂതൻ യോഹ​ന്നാന്‌ വീണ്ടും എന്തുറപ്പു നൽകുന്നു? (ബി) “ഞാൻ വേഗത്തിൽ വരുന്നു” എന്നു പറയു​ന്നത്‌ ആരാണ്‌, ഈ ‘വരവ്‌’ എപ്പോ​ഴാണ്‌?

 പുതിയ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു​ളള മനോ​ഹ​ര​മായ വർണന വായി​ക്കു​മ്പോൾ നിങ്ങൾ ഇപ്രകാ​രം ചോദി​ക്കാൻ പ്രചോ​ദി​ത​രാ​യേ​ക്കാം: ‘ഇത്ര അത്ഭുത​ക​ര​മായ എന്തെങ്കി​ലും യഥാർഥ​ത്തിൽ സംഭവി​ക്കാൻ ഇടയു​ണ്ടോ?’ ദൂതന്റെ അടുത്ത വാക്കുകൾ റിപ്പോർട്ടു​ചെ​യ്‌തു​കൊണ്ട്‌ യോഹ​ന്നാൻ ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു: “പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു; പ്രവാ​ച​കൻമാ​രു​ടെ ആത്മാക്ക​ളു​ടെ ദൈവ​മായ കർത്താവു വേഗത്തിൽ സംഭവി​ക്കേ​ണ്ടു​ന്നതു തന്റെ ദാസൻമാർക്കു കാണി​ച്ചു​കൊ​ടു​പ്പാൻ തന്റെ ദൂതനെ അയച്ചു. ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്‌ത​ക​ത്തി​ലെ പ്രവചനം പ്രമാ​ണി​ക്കു​ന്നവൻ ഭാഗ്യ​വാൻ എന്നു പറഞ്ഞു.” (വെളി​പ്പാ​ടു 22:6, 7) വെളി​പാ​ടി​ലെ അത്ഭുത​ക​ര​മായ എല്ലാ വാഗ്‌ദ​ത്ത​ങ്ങ​ളും യഥാർഥ​ത്തിൽ നിറ​വേ​റും! യേശു​വി​ന്റെ നാമത്തിൽ സംസാ​രി​ച്ചു​കൊണ്ട്‌, യേശു ഉടൻതന്നെ, “വേഗത്തിൽ” വരുന്ന​താ​യി ദൂതൻ പ്രഖ്യാ​പി​ക്കു​ന്നു. ഇത്‌ യഹോ​വ​യു​ടെ ശത്രു​ക്കളെ നശിപ്പി​ക്കു​ന്ന​തി​നും വെളി​പാ​ടി​ന്റെ മഹത്തും സന്തുഷ്ടി​ക​ര​വു​മായ പാരമ്യം ആനയി​ക്കു​ന്ന​തി​നും “കളള​നെ​പ്പോ​ലെ”യുളള യേശു​വി​ന്റെ വരവാ​യി​രി​ക്കണം. (വെളി​പ്പാ​ടു 16:15, 16) അതു​കൊണ്ട്‌ ആ സമയത്ത്‌ സന്തുഷ്ട​രെന്നു പ്രഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തി​നു നാം “ഈ പുസ്‌ത​ക​ത്തി​ലെ”, വെളി​പാ​ടി​ലെ വചനങ്ങ​ളോ​ടു നമ്മുടെ ജീവി​തത്തെ അനുരൂ​പ​മാ​ക്കണം.

2. (എ) വെളി​പാ​ടി​ന്റെ സമ്പന്നത​യോട്‌ യോഹ​ന്നാൻ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു, ദൂതൻ അവനോട്‌ എന്തു പറയുന്നു? (ബി) “ശ്രദ്ധയു​ള​ള​വ​നാ​യി​രി​ക്കുക”, “ദൈവത്തെ നമസ്‌ക​രിക്ക” എന്ന ദൂതന്റെ വാക്കു​ക​ളിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു?

2 അത്തരം സമ്പന്നമായ ഒരു വെളി​പാ​ടി​നു​ശേഷം യോഹ​ന്നാന്‌ ആശ്ചര്യാ​തി​രേകം തോന്നി​യതു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌: “ഇതു കേൾക്ക​യും കാണു​ക​യും ചെയ്‌തതു യോഹ​ന്നാൻ എന്ന ഞാൻ തന്നേ. കേൾക്ക​യും കാൺക​യും ചെയ്‌ത​ശേഷം അതു എനിക്കു കാണി​ച്ചു​തന്ന ദൂതന്റെ കാല്‌ക്കൽ ഞാൻ വീണു നമസ്‌ക​രി​ച്ചു. എന്നാൽ അവൻ എന്നോടു: [ശ്രദ്ധയു​ള​ള​വ​നാ​യി​രി​ക്കുക!, NW] അതരുതു; ഞാൻ നിന്റെ​യും നിന്റെ സഹോ​ദ​രൻമാ​രായ പ്രവാ​ച​കൻമാ​രു​ടെ​യും ഈ പുസ്‌ത​ക​ത്തി​ലെ വചനം പ്രമാ​ണി​ക്കു​ന്ന​വ​രു​ടെ​യും സഹഭൃ​ത്യ​ന​ത്രേ; ദൈവത്തെ നമസ്‌ക​രിക്ക എന്നു പറഞ്ഞു.” (വെളി​പ്പാ​ടു 22:8, 9; താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 19:10.) ദൂതൻമാ​രെ ആരാധി​ക്ക​രു​തെന്നു രണ്ടു തവണ പ്രസ്‌താ​വി​ക്ക​പ്പെട്ട ഈ മുന്നറി​യിപ്പ്‌ യോഹ​ന്നാ​ന്റെ നാളിൽ സമയോ​ചി​ത​മാ​യി​രു​ന്നു, കാരണം ചിലർ പ്രത്യ​ക്ഷ​ത്തിൽ അത്തരം ആരാധന നടത്തു​ക​യോ ദൂതൻമാ​രിൽനി​ന്നു പ്രത്യേക വെളി​പാ​ടു​കൾ ഉളളതാ​യി അവകാ​ശ​പ്പെ​ടു​ക​യോ ചെയ്‌തി​രുന്ന ഒരു സമയമാ​യി​രു​ന്നു അത്‌. (1 കൊരി​ന്ത്യർ 13:1; ഗലാത്യർ 1:8; കൊ​ലൊ​സ്സ്യർ 2:18) ഇന്നു നാം ദൈവത്തെ മാത്രമേ ആരാധി​ക്കാ​വൂ എന്ന വസ്‌തു​തയെ അത്‌ ഉയർത്തി​ക്കാ​ട്ടു​ന്നു. (മത്തായി 4:10) നാം മററ്‌ ആരെ​യെ​ങ്കി​ലു​മോ എന്തി​നെ​യെ​ങ്കി​ലു​മോ ആരാധി​ച്ചു​കൊ​ണ്ടു നിർമ​ലാ​രാ​ധ​നയെ ദുഷി​പ്പി​ക്ക​രുത്‌.—യെശയ്യാ​വു 42:5, 8.

3, 4. ദൂതൻ യോഹ​ന്നാ​നോട്‌ എന്തു തുടർന്നു പറയുന്നു, അഭിഷിക്ത ശേഷിപ്പ്‌ അവന്റെ വചനങ്ങൾ അനുസ​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

3 യോഹ​ന്നാൻ തുടരു​ന്നു: “അവൻ പിന്നെ​യും എന്നോടു പറഞ്ഞതു: സമയം അടുത്തി​രി​ക്ക​യാൽ ഈ പുസ്‌ത​ക​ത്തി​ലെ പ്രവചനം മുദ്ര​യി​ട​രു​തു. അനീതി ചെയ്യു​ന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കു​ള​ളവൻ ഇനിയും അഴുക്കാ​ടട്ടെ; നീതി​മാൻ ഇനിയും നീതി​ചെ​യ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശു​ദ്ധീ​ക​രി​ക്കട്ടെ.”—വെളി​പ്പാ​ടു 22:10, 11.

4 ഇന്ന്‌ അഭിഷിക്ത ശേഷിപ്പ്‌ ദൂതന്റെ വാക്കുകൾ അനുസ​രി​ച്ചി​രി​ക്കു​ന്നു. അവർ പ്രവച​ന​ത്തി​ലെ വചനങ്ങൾ മുദ്ര​യി​ട്ടി​ട്ടില്ല. എന്തിന്‌, സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും ക്രിസ്‌തു​സാ​ന്നി​ദ്ധ്യ ഘോഷ​ക​നും അതിന്റെ ആദ്യല​ക്ക​ത്തിൽത്തന്നെ (1879 ജൂലൈ) വെളി​പാ​ടി​ലെ നിരവധി വാക്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള അഭി​പ്രാ​യങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു. നാം നമ്മുടെ ആദ്യ അധ്യാ​യ​ത്തിൽ കുറി​ക്കൊ​ണ്ട​തു​പോ​ലെ വാച്ച്‌ ടവർ സൊ​സൈ​ററി കഴിഞ്ഞ വർഷങ്ങ​ളിൽ വെളി​പാട്‌ സംബന്ധി​ച്ചു പ്രകാ​ശനം നൽകുന്ന മററു പുസ്‌ത​കങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ നാം വീണ്ടും വെളി​പാ​ടി​ലെ ശക്തമായ പ്രവച​ന​ങ്ങ​ളി​ലേ​ക്കും അവയുടെ നിവൃ​ത്തി​യി​ലേ​ക്കും എല്ലാ സത്യ സ്‌നേ​ഹി​ക​ളു​ടെ​യും ശ്രദ്ധ ആകർഷി​ക്കു​ന്നു.

5. (എ) വെളി​പാ​ടി​ലെ ബുദ്ധ്യു​പ​ദേ​ശ​വും മുന്നറി​യി​പ്പു​ക​ളും അവഗണി​ക്കാൻ ആളുകൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ എന്ത്‌? (ബി) സൗമ്യ​ത​യും നീതി​യു​മു​ള​ള​വ​രു​ടെ പ്രതി​ക​രണം എന്തായി​രി​ക്കണം?

5 വെളി​പാ​ടി​ലെ ബുദ്ധ്യു​പ​ദേ​ശ​വും മുന്നറി​യി​പ്പു​ക​ളും അവഗണി​ക്കാൻ ആളുകൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ശരി, അവർ അങ്ങനെ ചെയ്യട്ടെ! “അനീതി ചെയ്യു​ന്നവൻ ഇനിയും അനീതി ചെയ്യട്ടെ”. അവർ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ അതാ​ണെ​ങ്കിൽ, ഈ കുത്തഴിഞ്ഞ യുഗത്തി​ന്റെ മാലി​ന്യ​ത്തിൽ കിടന്നു​രു​ളു​ന്ന​വർക്ക്‌ ആ മാലി​ന്യ​ത്തിൽ കിടന്നു മരിക്കാ​വു​ന്ന​താണ്‌. മഹാബാ​ബി​ലോ​ന്റെ നാശ​ത്തോ​ടെ തുടങ്ങി, അധികം താമസി​യാ​തെ, യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ പൂർണ​മാ​യി നടപ്പാ​ക്ക​പ്പെ​ടും. സൗമ്യ​ത​യു​ളള ആളുകൾ പ്രവാ​ച​കന്റെ ഈ വാക്കു​കൾക്കു ചെവി​കൊ​ടു​ക്കാൻ ഉത്സാഹം കാണി​ക്കട്ടെ: “അവനെ [യഹോ​വയെ] അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ; സൌമ്യത അന്വേ​ഷി​പ്പിൻ; പക്ഷെ നിങ്ങൾക്കു യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം.” (സെഫന്യാ​വു 2:3) ഇപ്പോൾതന്നെ യഹോ​വക്കു സമർപ്പി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ സംഗതി​യിൽ, “നീതി​മാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശു​ദ്ധീ​ക​രി​ക്കട്ടെ.” നീതി​യും വിശു​ദ്ധി​യും പിന്തു​ട​രു​ന്നവർ ആസ്വദി​ക്കാ​നി​രി​ക്കുന്ന നിലനിൽക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളോട്‌, പാപത്തിൽനി​ന്നു ലഭിക്കുന്ന യാതൊ​രു താത്‌കാ​ലിക നേട്ട​ത്തെ​യും തുലനം ചെയ്യാൻ കഴിയി​ല്ലെന്നു ജ്ഞാനമു​ള​ള​വർക്ക​റി​യാം. ബൈബിൾ പറയുന്നു: “നിങ്ങൾ വിശ്വാ​സ​ത്തിൽ ആണോ​യെന്നു പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​പ്പിൻ, നിങ്ങൾതന്നെ ആരാ​ണെന്നു തെളി​യി​ച്ചു​കൊ​ണ്ടി​രി​പ്പിൻ.” (2 കൊരി​ന്ത്യർ 13:5, NW) നിങ്ങൾ ഏതു ഗതി തിര​ഞ്ഞെ​ടു​ക്കു​ക​യും അതി​നോ​ടു പററി​നിൽക്കു​ക​യും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ നിങ്ങൾക്കു പ്രതി​ഫലം ലഭിക്കും.—സങ്കീർത്തനം 19:9-11; 58:10, 11.

6. പ്രവച​ന​ത്തിൽ അവസാ​ന​മാ​യി വെളി​പാ​ടി​ന്റെ വായന​ക്കാ​രെ സംബോ​ധന ചെയ്യു​മ്പോൾ യഹോവ എന്തു പറയുന്നു?

6 നിത്യ​ത​യു​ടെ രാജാ​വായ യഹോവ വെളി​പാ​ടി​ന്റെ വായന​ക്കാ​രെ പ്രവച​ന​ത്തിൽ അവസാ​ന​മാ​യി ഇപ്പോൾ സംബോ​ധന ചെയ്യുന്നു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “ഇതാ, ഞാൻ വേഗം വരുന്നു; ഓരോ​രു​ത്തന്നു അവനവന്റെ പ്രവൃ​ത്തി​ക്കു തക്കവണ്ണം കൊടു​പ്പാൻ പ്രതി​ഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്‌ഫ​യും ഓമേ​ഗ​യും ഒന്നാമ​നും ഒടുക്ക​ത്ത​വ​നും ആദിയും അന്തവും ആകുന്നു. ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാ​രം ഉണ്ടാ​കേ​ണ്ട​തി​ന്നും ഗോപു​ര​ങ്ങ​ളിൽകൂ​ടി നഗരത്തിൽ കടക്കേ​ണ്ട​തി​ന്നും തങ്ങളുടെ വസ്‌ത്രം അലക്കു​ന്നവർ ഭാഗ്യ​വാൻമാർ. നായ്‌ക്ക​ളും ക്ഷുദ്ര​ക്കാ​രും ദുർന്ന​ട​പ്പു​കാ​രും കുലപാ​ത​കൻമാ​രും ബിംബാ​രാ​ധി​ക​ളും ഭോഷ്‌കിൽ പ്രിയ​പ്പെ​ടു​ക​യും അതിനെ പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന ഏവനും പുറത്തു തന്നേ.”—വെളി​പ്പാ​ടു 22:12-15.

7. (എ) യഹോവ “വേഗം വരുന്ന”ത്‌ എന്തിനാണ്‌? (ബി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർക്കു പുതിയ യെരു​ശ​ലേ​മിൽ യാതൊ​രു പങ്കും ഉണ്ടായി​രി​ക്കു​ക​യി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

7 ഒരിക്കൽക്കൂ​ടെ, യഹോ​വ​യാം ദൈവം തന്റെ നിത്യ​പ​ര​മാ​ധി​കാ​ര​വും താൻ ആദ്യം ഉദ്ദേശി​ച്ച​തെ​ന്തോ അത്‌ ഒടുവിൽ നിറ​വേ​റ​റു​മെന്ന വസ്‌തു​ത​യും ഊന്നി​പ്പ​റ​യു​ന്നു. ന്യായ​വി​ധി നിർവ​ഹി​ക്കാൻ അവൻ “വേഗം വരുന്നു”, അവനെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം നൽകു​ക​യും ചെയ്യും. (എബ്രായർ 11:6) ആർക്കു പ്രതി​ഫലം ലഭിക്കും, ആർ ത്യജി​ക്ക​പ്പെ​ടും എന്ന്‌ അവന്റെ പ്രമാ​ണങ്ങൾ നിശ്ചയി​ക്കു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ യഹോവ ഇവിടെ വർണി​ക്കുന്ന ഹീനകാ​ര്യ​ങ്ങൾ കണ്ടി​ല്ലെന്നു നടിച്ചു​കൊണ്ട്‌ “ഊമനാ​യ്‌ക്കൾ” പോലെ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. (യെശയ്യാ​വു 56:10-12; ഇതുകൂ​ടെ കാണുക: ആവർത്ത​ന​പു​സ്‌തകം 23:18, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.) അവർ തീർച്ച​യാ​യും വ്യാജ ഉപദേ​ശ​ങ്ങ​ളും സിദ്ധാ​ന്ത​ങ്ങ​ളും ‘പ്രിയ​പ്പെട്ടു പ്രവർത്തി​ക്കു​ക​യും’ ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം തീർത്തും അവഗണി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർക്കു പുതിയ യെരു​ശ​ലേ​മിൽ ഒരു പങ്കുമില്ല.

8. (എ) ‘ജീവന്റെ വൃക്ഷത്തി​ലേക്കു’ പോകു​ന്നത്‌ ആരു മാത്ര​മാണ്‌, ഇത്‌ എന്തർഥ​മാ​ക്കു​ന്നു? (ബി) മഹാപു​രു​ഷാ​രം “തങ്ങളുടെ അങ്കി അലക്കി”യിരി​ക്കു​ന്ന​തെ​ങ്ങനെ, അവർ ശുദ്ധമായ ഒരു നില നിലനിർത്തു​ന്ന​തെ​ങ്ങനെ?

8 സത്യമാ​യും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശുദ്ധി​യു​ള​ള​വ​രാ​യി​രി​ക്കു​ന്ന​തി​നു “തങ്ങളുടെ വസ്‌ത്രം അലക്കുന്ന” അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു മാത്രം “ജീവന്റെ വൃക്ഷത്തി”ലേക്കു പോകാൻ പദവി നൽകുന്നു. അതായത്‌ അവർക്കു തങ്ങളുടെ സ്വർഗീയ സ്ഥാനത്ത്‌ അമർത്ത്യ​ജീ​വന്റെ അവകാ​ശ​വും പദവി​യും ലഭിക്കു​ന്നു. (താരത​മ്യം ചെയ്യുക: ഉല്‌പത്തി 3:22-24; വെളി​പ്പാ​ടു 2:7; 3:4, 5.) മനുഷ്യ​രെന്ന നിലയി​ലു​ളള അവരുടെ മരണത്തി​നു​ശേഷം പുനരു​ത്ഥാ​ന​ത്താൽ അവർ പുതിയ യെരു​ശ​ലേ​മി​ലേക്കു പ്രവേ​ശനം നേടുന്നു. പന്ത്രണ്ടു ദൂതൻമാർ അവരെ കടത്തി​വി​ടു​ന്നു, ഒരു സ്വർഗീയ പ്രത്യാ​ശ​യു​ണ്ടെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും ഭോഷ്‌കോ അശുദ്ധി​യോ പ്രവർത്തി​ക്കുന്ന ഏതൊ​രാ​ളെ​യും അതേസ​മയം പുറത്തു​നിർത്തു​ന്നു. ഭൂമി​യി​ലു​ളള മഹാപു​രു​ഷാ​ര​വും “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു.” അവർ തങ്ങളുടെ ശുദ്ധമായ നിലപാ​ടിൽ നിലനിൽക്കേ​ണ്ട​തു​മുണ്ട്‌. യഹോവ ഇവിടെ മുന്നറി​യി​പ്പു നൽകുന്ന ഹീനകാ​ര്യ​ങ്ങൾ ഒഴിവാ​ക്കി​ക്കൊ​ണ്ടും സഭകൾക്കു​ളള ഏഴു സന്ദേശ​ങ്ങ​ളി​ലെ യേശു​വി​ന്റെ പ്രബോ​ധനം ഗൗരവ​മാ​യി എടുത്തു​കൊ​ണ്ടും അവർക്ക്‌ ഇതു ചെയ്യാൻ കഴിയും.—വെളി​പ്പാ​ടു 7:14; അധ്യാ​യങ്ങൾ 2, 3.

9. യേശു ഏതു വാക്കുകൾ സംസാ​രി​ക്കു​ന്നു, അവന്റെ ദൂതും വെളി​പാ​ടു മുഴു​വ​നും ഒന്നാമ​താ​യി ആരി​ലേക്കു തിരി​ച്ചു​വി​ടു​ന്നു?

9 യഹോ​വ​ക്കു​ശേഷം യേശു സംസാ​രി​ക്കു​ന്നു. വെളി​പാട്‌ വായി​ക്കുന്ന ശരിയായ ഹൃദയ​നി​ല​യു​ളള ആളുക​ളോട്‌ അവൻ നേരിട്ടു പ്രോ​ത്സാ​ഹന വചനങ്ങൾ അറിയി​ക്കു​ന്നു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “യേശു എന്ന ഞാൻ സഭകൾക്കു​വേണ്ടി നിങ്ങ​ളോ​ടു ഇതു സാക്ഷീ​ക​രി​പ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീ​ദി​ന്റെ വേരും വംശവും ശുഭ്ര​മായ ഉദയന​ക്ഷ​ത്ര​വു​മാ​കു​ന്നു.” (വെളി​പ്പാ​ടു 22:16) അതെ, ഈ വചനങ്ങൾ മുഖ്യ​മാ​യും “സഭകൾക്കു​വേണ്ടി” ആണ്‌. ഒന്നാമ​താ​യി, ഇതു ഭൂമി​യി​ലു​ളള അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയ്‌ക്കു​വേ​ണ്ടി​യു​ളള ഒരു സന്ദേശ​മാണ്‌. വെളി​പാ​ടി​ലു​ളള സകലതും ഒന്നാമ​താ​യി പുതിയ യെരു​ശ​ലേ​മിൽ വസിക്കാ​നി​രി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ള​ള​താണ്‌. ആ സഭമു​ഖാ​ന്തരം ഈ വിലപ്പെട്ട പ്രവാചക സത്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യം നേടാൻ മഹാപു​രു​ഷാ​ര​ത്തി​നും പദവി ലഭിച്ചി​രി​ക്കു​ന്നു.—യോഹ​ന്നാൻ 17:18-21.

10. യേശു തന്നെത്തന്നെ (എ) “ദാവീ​ദി​ന്റെ വേരും വംശവും” എന്നും (ബി) “ശുഭ്ര​മായ ഉദയന​ക്ഷത്ര”മെന്നും വിളി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

10 യോഹ​ന്നാ​നും അവനി​ലൂ​ടെ സഭയ്‌ക്കും വെളി​പാട്‌ എത്തിച്ചു​കൊ​ടു​ക്കാൻ യേശു​ക്രി​സ്‌തു​വി​നെ ഭരമേൽപ്പി​ച്ചു. യേശു “ദാവീ​ദി​ന്റെ വേരും വംശവും” ആകുന്നു. അവൻ ജഡപ്ര​കാ​രം ദാവീ​ദി​ന്റെ വംശത്തിൽ വരുക​യും അങ്ങനെ യഹോ​വ​യു​ടെ രാജ്യ​ത്തി​ന്റെ രാജാ​വാ​യി​രി​ക്കാൻ യോഗ്യത പ്രാപി​ക്കു​ക​യും ചെയ്‌തു. അവൻ ദാവീ​ദി​ന്റെ ‘നിത്യ​പി​താ​വും’ അങ്ങനെ ദാവീ​ദി​ന്റെ “വേരും” ആയിത്തീ​രും. (യെശയ്യാ​വു 9:6; 11:1, 10) അവൻ ദാവീ​ദി​നോ​ടു​ളള യഹോ​വ​യു​ടെ ഉടമ്പടി നിവർത്തി​ക്കുന്ന ദാവീ​ദി​ന്റെ വംശത്തി​ലെ എന്നേക്കു​മു​ളള അമർത്ത്യ രാജാ​വാണ്‌, മോശ​യു​ടെ നാളിൽ മുൻകൂ​ട്ടി​പ്പറഞ്ഞ ‘ശുഭ്ര​മായ ഉദയന​ക്ഷ​ത്ര​വും’ അവൻ തന്നെ. (സംഖ്യാ​പു​സ്‌തകം 24:17; സങ്കീർത്തനം 89:34-37) അവൻ പകൽ പൊട്ടി​വി​ട​രാൻ ഇടയാ​ക്കു​മാറ്‌ ഉദിച്ചു​യ​രുന്ന “ഉദയന​ക്ഷ​ത്രം” ആണ്‌. (2 പത്രൊസ്‌ 1:19) വലിയ ശത്രു​വായ മഹാബാ​ബി​ലോ​ന്റെ സകല ഉപായ​ങ്ങൾക്കും ഈ മഹത്ത്വ​പൂർണ​മായ ഉദയത്തെ തടുക്കാൻ കഴിഞ്ഞില്ല.

“വരിക” എന്നു പറയുക

11. യോഹ​ന്നാൻ ഇപ്പോൾ ഏതു തുറന്ന ക്ഷണം അവതരി​പ്പി​ക്കു​ന്നു, ആർക്ക്‌ അതി​നോ​ടു പ്രതി​ക​രി​ക്കാം?

11 ഇപ്പോൾ യോഹ​ന്നാ​നു​തന്നെ സംസാ​രി​ക്കാ​നു​ളള ഊഴമാണ്‌. താൻ കണ്ടതും കേട്ടതു​മായ സകലതി​നോ​ടു​മു​ളള വിലമ​തി​പ്പു നിറഞ്ഞ ഒരു ഹൃദയ​ത്തിൽനിന്ന്‌ അവൻ ഇപ്രകാ​രം ഉദ്‌ഘോ​ഷി​ക്കു​ന്നു: “വരിക എന്നു ആത്മാവും മണവാ​ട്ടി​യും പറയുന്നു; കേൾക്കു​ന്ന​വ​നും: വരിക എന്നു പറയട്ടെ; ദാഹി​ക്കു​ന്നവൻ വരട്ടെ; ഇച്ഛിക്കു​ന്നവൻ ജീവജലം സൌജ​ന്യ​മാ​യി വാങ്ങട്ടെ.” (വെളി​പ്പാ​ടു 22:17) യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ 1,44,000-ത്തിനു മാത്ര​മാ​യി​രി​ക്കു​ക​യില്ല. എന്തെന്നാൽ ഇവിടെ ഒരു തുറന്ന ക്ഷണമാ​ണു​ള​ളത്‌. “ജീവജലം സൌജ​ന്യ​മാ​യി വാങ്ങട്ടെ” എന്ന ദൂതു സകല വ്യക്തത​യോ​ടും കൂടെ തുടർന്നും മുഴക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യു​ടെ ഉത്തേജ​ക​മായ ആത്മാവ്‌ മണവാ​ട്ടി​വർഗ​ത്തി​ലൂ​ടെ പ്രവർത്തി​ക്കു​ന്നു. (ഇവകൂടെ കാണുക: യെശയ്യാ​വു 55:1; 59:21.) നീതി​ക്കു​വേണ്ടി ദാഹി​ക്കുന്ന ഏവനും ‘വരാനും’ യഹോ​വ​യു​ടെ ഔദാ​ര്യം സ്വീക​രി​ക്കാ​നും ക്ഷണിക്ക​പ്പെ​ടു​ന്നു. (മത്തായി 5:3, 6) അഭിഷിക്ത യോഹ​ന്നാൻവർഗ​ത്തി​ന്റെ ഈ ക്ഷണത്തോ​ടു പ്രതി​ക​രി​ക്കുന്ന ഭൗമിക വർഗത്തി​ലെ ഭാവി അംഗങ്ങ​ളെ​ല്ലാം എത്ര ധന്യമായ പദവി​യു​ള​ള​വ​രാണ്‌!

12. മഹാപു​രു​ഷാ​രം വെളി​പ്പാ​ടു 22:17-ലെ ക്ഷണത്തോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

12 വർധി​ച്ചു​വ​രുന്ന ഒരു മഹാപു​രു​ഷാ​രം 1930-കളുടെ ആദ്യഘട്ടം മുതൽ ‘കേട്ടു​കൊ​ണ്ടി​രി​ക്കു​ന്നു’—ക്ഷണത്തിനു ശ്രദ്ധ നൽകി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അഭിഷി​ക്ത​രായ തങ്ങളുടെ സഹ അടിമ​ക​ളെ​പ്പോ​ലെ അവർ യഹോ​വ​യു​ടെ മുമ്പാകെ ഒരു ശുദ്ധമായ നില സമ്പാദി​ച്ചി​രി​ക്കു​ന്നു. മനുഷ്യ​വർഗ​ത്തി​ലേക്ക്‌ അനു​ഗ്ര​ഹങ്ങൾ പ്രവഹി​പ്പി​ക്കാൻ പുതിയ യെരു​ശ​ലേം സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രുന്ന സമയത്തി​നു​വേണ്ടി അവർ പ്രതീ​ക്ഷ​യോ​ടെ ഇരിക്കു​ന്നു. വെളി​പാ​ടി​ലെ ഉത്തേജ​ക​മായ ദൂതു കേട്ട​ശേഷം മഹാപു​രു​ഷാ​രം, “വരിക” എന്നു പറയുക മാത്രമല്ല, യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലേക്കു മററു​ള​ള​വരെ ഉത്സാഹ​ത്തോ​ടെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു, “ദാഹി​ക്കു​ന്നവൻ വരട്ടെ” എന്നു ഘോഷി​ക്കാൻ ഇവരെ​യും അവർ പരിശീ​ലി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, ഭൂമി​യി​ലെ​മ്പാ​ടും 230-ലധികം രാജ്യ​ങ്ങ​ളി​ലാ​യി 8,700-ൽ താഴെ വരുന്ന അഭിഷിക്ത മണവാ​ട്ടി​വർഗ​ത്തോ​ടു​കൂ​ടെ ‘ജീവജലം സൌജ​ന്യ​മാ​യി വാങ്ങാ​നു​ളള’ ക്ഷണം നീട്ടി​ക്കൊ​ടു​ക്കു​ന്ന​തിൽ 44,00,000-ത്തിലധി​കം വരുന്ന മഹാപു​രു​ഷാ​രം പങ്കെടു​ക്കവേ അവരുടെ എണ്ണം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

13. യേശു എന്തു മുന്നറി​യി​പ്പു പുറ​പ്പെ​ടു​വി​ക്കു​ന്നു?

13 അടുത്ത​താ​യി, യേശു​വാണ്‌ വീണ്ടും സംസാ​രി​ക്കു​ന്നത്‌, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “ഈ പുസ്‌ത​ക​ത്തി​ലെ പ്രവചനം കേൾക്കുന്ന ഏവനോ​ടും ഞാൻ സാക്ഷീ​ക​രി​ക്കു​ന്ന​തെ​ന്തെ​ന്നാൽ: അതി​നോ​ടു ആരെങ്കി​ലും കൂട്ടി​യാൽ ഈ പുസ്‌ത​ക​ത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്‌ത​ക​ത്തി​ലെ വചനത്തിൽനി​ന്നു ആരെങ്കി​ലും വല്ലതും നീക്കി​ക്ക​ള​ഞ്ഞാൽ ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന ജീവവൃ​ക്ഷ​ത്തി​ലും വിശു​ദ്ധ​ന​ഗ​ര​ത്തി​ലും അവന്നുളള അംശം ദൈവം നീക്കി​ക്ക​ള​യും.”—വെളി​പ്പാ​ടു 22:18, 19.

14. വെളി​പാ​ടി​ലെ ‘പ്രവച​നത്തെ’ യോഹ​ന്നാൻവർഗം എങ്ങനെ വീക്ഷി​ക്കു​ന്നു?

14 യോഹ​ന്നാൻവർഗ​ത്തിൽ പെടു​ന്നവർ വെളി​പാ​ടി​ലെ “പ്രവചന”ത്തിലേക്ക്‌ ശ്രദ്ധ ആകർഷി​ക്കണം. അവർ അതു മറച്ചു​വെ​ക്കു​ക​യോ അതി​നോ​ടു കൂട്ടി​ച്ചേർക്കു​ക​യോ ചെയ്യരുത്‌. അതിലെ സന്ദേശം വെട്ടി​ത്തു​റന്നു “പുരമു​ക​ളിൽനി​ന്നു” പ്രസം​ഗി​ക്ക​പ്പെ​ടണം. (മത്തായി 10:27) വെളി​പാട്‌ ദൈവ​നി​ശ്വ​സ്‌ത​മാണ്‌. ദൈവം​തന്നെ സംസാ​രി​ച്ച​തും ഇപ്പോൾ വാഴ്‌ച നടത്തുന്ന രാജാ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം പകർന്നു​കൊ​ടു​ത്ത​തും ആയതിൽനിന്ന്‌ ഒരു വാക്കു മാററാൻ ആർ ധൈര്യ​പ്പെ​ടും? തീർച്ച​യാ​യും, അത്തരം ഒരു വ്യക്തി ജീവനു​വേ​ണ്ടി​യു​ളള അന്വേ​ഷ​ണ​ത്തിൽ പരാജ​യ​മ​ട​യാ​നും, മഹാബാ​ബി​ലോ​ന്റെ​മേ​ലും മുഴു​ലോ​ക​ത്തിൻമേ​ലും വരാനി​രി​ക്കുന്ന ബാധകൾ അനുഭ​വി​ക്കാ​നും അർഹനാണ്‌.

15. താൻ ‘സാക്ഷീ​ക​രി​ക്കു​ന്നു’, “ഞാൻ വേഗം വരുന്നു” എന്നുളള യേശു​വി​ന്റെ വാക്കു​ക​ളു​ടെ പ്രാധാ​ന്യം എന്താണ്‌?

15 യേശു ഇപ്പോൾ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു അന്തിമ​വ​ചനം കൂട്ടി​ച്ചേർക്കു​ന്നു: “ഇതു സാക്ഷീ​ക​രി​ക്കു​ന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളി​ച്ചെ​യ്യു​ന്നു.” (വെളി​പ്പാ​ടു 22:20എ) യേശു “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി”യാണ്‌. (വെളി​പ്പാ​ടു 3:14) അവൻ വെളി​പാ​ടി​ലെ ദർശന​ങ്ങൾക്കു സാക്ഷ്യം വഹിക്കു​ന്നെ​ങ്കിൽ അവ സത്യമാ​യി​രി​ക്കണം. അവനും യഹോ​വ​യാം ദൈവം​ത​ന്നെ​യും അവർ “വേഗം” അഥവാ ഉടൻതന്നെ വരുന്നു​വെന്ന വസ്‌തുത ആവർത്തിച്ച്‌ ഊന്നി​പ്പ​റ​യു​ന്നു, യേശു ഇവിടെ അത്‌ അഞ്ചാമത്തെ പ്രാവ​ശ്യ​മാ​ണു പറയു​ന്നത്‌. (വെളി​പ്പാ​ടു 2:16; 3:11; 22:7, 12, 20) ആ ‘വരവ്‌’ മഹാ​വേ​ശ്യ​യു​ടെ മേലും രാഷ്‌ട്രീയ ‘രാജാ​ക്കൻമാ​രു​ടെ’ മേലും ‘നമ്മുടെ കർത്താ​വി​ന്റെ​യും [യഹോ​വ​യു​ടെ] അവന്റെ ക്രിസ്‌തു​വി​ന്റെ​യും രാജ്യത്തെ’ എതിർക്കുന്ന മററ്‌ എല്ലാവ​രു​ടെ​മേ​ലും ന്യായ​വി​ധി നടപ്പാ​ക്കാ​നാണ്‌.—വെളി​പ്പാ​ടു 11:15; 16:14, 16; 17:1, 12-14.

16. യഹോ​വ​യാം ദൈവ​വും യേശു​ക്രി​സ്‌തു​വും വേഗം വരുന്നു എന്നറി​ഞ്ഞു​കൊ​ണ്ടു നിങ്ങൾ ഏത്‌ ഉറച്ച നടപടി സ്വീക​രി​ക്കണം?

16 യഹോ​വ​യാം ദൈവ​വും യേശു​ക്രി​സ്‌തു​വും വേഗം വരുന്നു എന്നുളള നിങ്ങളു​ടെ അറിവ്‌ “യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ സാന്നി​ധ്യം മനസ്സിൽ അടുപ്പി​ച്ചു” നിർത്താൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താണ്‌. (2 പത്രോസ്‌ 3:12, NW) സാത്താന്റെ വ്യവസ്ഥി​തി​യാ​കുന്ന ഭൂമി​യു​ടെ പ്രത്യ​ക്ഷ​ത്തി​ലു​ളള ഏതു സ്ഥിരത​യും മിഥ്യ​യാണ്‌. സാത്താന്റെ കീഴി​ലു​ളള ലൗകിക ഭരണാ​ധി​കാ​രി​ക​ളാ​കുന്ന ആകാശം നേടി​യേ​ക്കാ​വുന്ന പ്രത്യ​ക്ഷ​ത്തി​ലു​ളള ഏതു വിജയ​വും ക്ഷണിക​മാണ്‌. ഇവ നീങ്ങി​പ്പോ​വു​ക​യാണ്‌. (വെളി​പ്പാ​ടു 21:1) യഹോ​വ​യി​ലും യേശു​ക്രി​സ്‌തു​വിൻ കീഴി​ലു​ളള അവന്റെ രാജ്യ​ത്തി​ലും വാഗ്‌ദത്തം ചെയ്യപ്പെട്ട അവന്റെ പുതിയ ലോക​ത്തി​ലും മാത്രമേ സ്ഥിരത കണ്ടെത്താൻ കഴിയു​ക​യു​ളളൂ. അത്‌ ഒരിക്ക​ലും ദൃഷ്ടി​യിൽനിന്ന്‌ മാഞ്ഞു​പോ​ക​രുത്‌!—1 യോഹ​ന്നാൻ 2:15-17.

17. യഹോ​വ​യു​ടെ വിശു​ദ്ധി​യോ​ടു​ളള വിലമ​തി​പ്പു നിങ്ങളെ എങ്ങനെ ബാധി​ക്കണം?

17 അപ്പോൾ നിങ്ങൾ വെളി​പാ​ടി​ന്റെ പഠനത്തിൽനി​ന്നു മനസ്സി​ലാ​ക്കിയ കാര്യങ്ങൾ നിങ്ങളു​ടെ ജീവി​തത്തെ ഗാഢമാ​യി സ്വാധീ​നി​ക്കാൻ അനുവ​ദി​ക്കുക. യഹോ​വ​യു​ടെ സ്വർഗീയ സന്നിധാ​ന​ത്തി​ലേ​ക്കു​ളള ഒരു എത്തി​നോ​ട്ടം നമ്മുടെ സ്രഷ്ടാ​വി​ന്റെ സർവാ​തി​ശാ​യി​യായ മഹത്ത്വ​വും വിശു​ദ്ധി​യും നിങ്ങളു​ടെ മനസ്സിൽ പതിയാൻ ഇടയാ​ക്കു​ന്നി​ല്ലേ? (വെളി​പ്പാ​ടു 4:1–5:14) അത്തരം ഒരു ദൈവത്തെ സേവി​ക്കു​ന്നത്‌ എന്തൊരു പദവി​യാണ്‌! അവന്റെ വിശു​ദ്ധി​യോ​ടു​ളള നിങ്ങളു​ടെ വിലമ​തിപ്പ്‌ ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം വളരെ ഗൗരവ​മാ​യെ​ടു​ക്കു​ന്ന​തി​നും ഭൗതി​ക​ത്വ​വും വിഗ്ര​ഹാ​രാ​ധ​ന​യും ദുർമാർഗ​വും മിതശീ​തോഷ്‌ണ സ്ഥിതി​യും വിശ്വാ​സ​ത്യാ​ഗ​ത്തി​ന്റെ വിഭാ​ഗീ​യ​ത​യും അല്ലെങ്കിൽ നിങ്ങളു​ടെ സേവനം യഹോ​വക്ക്‌ അസ്വീ​കാ​ര്യ​മാ​ക്കി​യേ​ക്കാ​വുന്ന മറെറ​ന്തും ഒഴിവാ​ക്കു​ന്ന​തി​നും നിങ്ങളെ പ്രേരി​പ്പി​ക്കാൻ ഇടയാ​കട്ടെ. (വെളി​പ്പാ​ടു 2:1–3:22) യോഹ​ന്നാൻവർഗ​ത്തി​നു​ളള അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ വചനങ്ങൾ തത്ത്വത്തിൽ മഹാപു​രു​ഷാ​ര​ത്തി​നും ബാധക​മാ​കു​ന്നു: “നിങ്ങളെ വിളിച്ച വിശു​ദ്ധന്നു ഒത്തവണ്ണം . . . എല്ലാന​ട​പ്പി​ലും വിശു​ദ്ധ​രാ​കു​വിൻ.”—1 പത്രൊസ്‌ 1:15, 16.

18. എന്തിൽ നിങ്ങൾ സാധ്യ​മാ​കു​വോ​ളം പൂർണ​മായ ഒരു പങ്കു നിർവ​ഹി​ക്കണം, ഈ വേല ഇന്ന്‌ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

18 അതിനു​പു​റമേ, നിങ്ങൾ “യഹോ​വ​യു​ടെ പ്രസാ​ദ​വർഷ​വും നമ്മുടെ ദൈവ​ത്തി​ന്റെ പ്രതി​കാ​ര​ദി​വ​സ​വും” പ്രഖ്യാ​പി​ക്കു​മ്പോൾ പുതു​ക്കിയ ഒരു തീക്ഷ്‌ണ​ത​യി​ലേക്കു പ്രവേ​ശി​ക്കാൻ ഇടയാ​കട്ടെ. (യെശയ്യാ​വു 35:4; 61:2) ചെറിയ ആട്ടിൻകൂ​ട്ട​ത്തിൽ ഉൾപ്പെ​ട്ടാ​ലും മഹാപു​രു​ഷാ​ര​ത്തിൽ ഉൾപ്പെ​ട്ടാ​ലും സാത്താന്റെ ലോക​ത്തിൻമേ​ലു​ളള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ കോപ​ത്തി​ന്റെ ഏഴു കലശങ്ങ​ളു​ടെ ഒഴിക്കൽ പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ നിങ്ങൾക്കു സാധ്യ​മാ​കു​വോ​ളം പൂർണ​മായ ഒരു പങ്കുണ്ടാ​യി​രി​ക്കട്ടെ. അതേസ​മയം യഹോ​വ​യു​ടെ​യും അവന്റെ ക്രിസ്‌തു​വി​ന്റെ​യും സ്ഥാപി​ത​രാ​ജ്യ​ത്തെ സംബന്ധിച്ച നിത്യ​സു​വാർത്ത​യു​ടെ സന്തോ​ഷ​ക​ര​മായ പ്രഘോ​ഷ​ണ​ത്തിൽ നിങ്ങളു​ടെ ശബ്ദവും കൂട്ടുക. (വെളി​പ്പാ​ടു 11:15; 14:6, 7) ഈ വേലയിൽ അടിയ​ന്തി​ര​മാ​യി ഏർപ്പെ​ടുക. നാം കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​ണെ​ന്നു​ളള തിരി​ച്ച​റിവ്‌ ഇതുവരെ യഹോ​വയെ സേവി​ക്കാത്ത അനേകരെ സുവാർത്ത​യു​ടെ പ്രഘോ​ഷ​ണ​വേ​ല​യിൽ പങ്കു​ചേ​രാൻ പ്രേരി​പ്പി​ക്കട്ടെ. സ്‌നാ​പനം സ്വീക​രി​ക്കാൻ ലക്ഷ്യം വെച്ചു​കൊണ്ട്‌ ഇവരും തങ്ങളുടെ ജീവിതം യഹോ​വക്കു സമർപ്പി​ക്കു​ന്ന​തി​ലേക്കു പുരോ​ഗ​മി​ക്കാൻ ഇടയാ​കട്ടെ. ഓർക്കുക, “സമയം അടുത്തി​രി​ക്കു​ന്നു”!—വെളി​പ്പാ​ടു 1:3.

19. പ്രായം​ചെന്ന അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ ഉപസം​ഹാ​ര​വാ​ക്കു​കൾ ഏവയാണ്‌, നിങ്ങൾ അവയോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

19 അങ്ങനെ, യോഹ​ന്നാ​നോ​ടൊ​പ്പം നാം ആവേശ​ത്തോ​ടെ ആവശ്യ​പ്പെ​ടു​ന്നു: “ആമേൻ, കർത്താ​വായ യേശുവേ, വരേണമേ.” പ്രായം​ചെന്ന അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ കൂട്ടി​ച്ചേർക്കു​ന്നു: “കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കൃപ നിങ്ങ​ളോ​ടെ​ല്ലാ​വ​രോ​ടും കൂടെ ഇരിക്കു​മാ​റാ​കട്ടെ”. (വെളി​പ്പാ​ടു 22:20ബി, 21) ഈ പ്രസി​ദ്ധീ​ക​രണം വായി​ക്കുന്ന നിങ്ങൾ എല്ലാവ​രോ​ടു കൂടെ​യും അതു വസിക്കട്ടെ. നിങ്ങൾക്കും ഞങ്ങളോ​ടൊ​പ്പം ഹൃദയം​ഗ​മ​മാ​യി “ആമേൻ” പറയാൻ കഴി​യേ​ണ്ട​തി​നു വെളി​പാ​ടി​ന്റെ മഹത്തായ പാരമ്യം ആസന്നമാ​യി​രി​ക്കു​ന്നു​വെന്നു നിങ്ങൾക്കു വിശ്വാ​സം ഉണ്ടായി​രി​ക്കട്ടെ!

[അധ്യയന ചോദ്യ​ങ്ങൾ]

[314-ാം പേജിലെ ചിത്രം]

“നായ്‌ക്ക​ളും . . . പുറത്തു തന്നേ”

[315-ാം പേജിലെ ചിത്രം]

‘ഗോപു​ര​ങ്ങ​ളിൽകൂ​ടി നഗരത്തിൽ കടക്കു​ന്നവർ . . . സന്തുഷ്ട​രാ​കു​ന്നു’