അധ്യായം 15
“നിന്റെ വേശ്യാവൃത്തി ഞാൻ അവസാനിപ്പിക്കും”
മുഖ്യവിഷയം: യഹസ്കേലിലും വെളിപാടിലും വേശ്യമാരെക്കുറിച്ച് നൽകിയിരിക്കുന്ന വിവരണത്തിൽനിന്ന് നമുക്കുള്ള പാഠം
1, 2. എങ്ങനെയുള്ളൊരു വേശ്യയോടാണു നമുക്ക് അങ്ങേയറ്റം അറപ്പു തോന്നുന്നത്?
വേശ്യയായിത്തീർന്ന ഒരാളെ കാണുന്നതു ശരിക്കും വേദനിപ്പിക്കുന്ന ഒരു അനുഭവമാണ്. ഇത്ര മോശമായ ജീവിതത്തിലേക്ക് ആ വ്യക്തിയെ തള്ളിവിട്ടത് എന്താണെന്നു നമ്മൾ ചിന്തിച്ചേക്കാം. കുടുംബത്തിൽനിന്നുള്ള ഉപദ്രവവും പീഡനവും കാരണം നിൽക്കക്കള്ളിയില്ലാതെയാണോ അവൾക്ക് ഇത്ര ചെറുപ്രായത്തിലേ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത്? അതോ പട്ടിണി സഹിക്കവയ്യാതെ ഒടുവിൽ അവൾക്കു സ്വയം വിൽക്കേണ്ടിവന്നതാണോ? ഇനി, അവൾ നിർദയനായ ഭർത്താവിന്റെ ക്രൂരതയിൽനിന്ന് ഓടിരക്ഷപ്പെട്ടതാണോ? ഈ ദുഷ്ടലോകത്തിൽ ഇത്തരം കദനകഥകൾ ഒട്ടും വിരളമല്ല. അതുകൊണ്ടുതന്നെ യേശുക്രിസ്തു വേശ്യമാരായ ചില സ്ത്രീകളോടു പലപ്പോഴും വളരെ കരുണയോടെ ഇടപെട്ടു. പശ്ചാത്തപിച്ച് തങ്ങളുടെ ജീവിതരീതിക്കു മാറ്റം വരുത്തുന്നവർക്ക് ഒരു നല്ല ഭാവി പ്രതീക്ഷിക്കാമെന്നു യേശു ഊന്നിപ്പറഞ്ഞു.—മത്താ. 21:28-32; ലൂക്കോ. 7:36-50.
2 എന്നാൽ നമുക്ക് ഇപ്പോൾ മറ്റൊരു വേശ്യാസ്ത്രീയെക്കുറിച്ച് ചിന്തിക്കാം. അവൾ ആ ജീവിതരീതി മനഃപൂർവം തിരഞ്ഞെടുത്തതാണ്. ഇതൊരു മോശമായ ജീവിതമാണെന്ന് അവൾക്കു തോന്നുന്നതേ ഇല്ല. താൻ വിജയിച്ചു എന്നൊരു ഭാവമാണ് അവൾക്ക്! ഈ തൊഴിലിൽനിന്ന് കിട്ടുന്ന പണത്തോടും സ്വാധീനത്തോടും അവൾക്ക് അത്യാർത്തിയാണ്. ഇനി സ്നേഹമുള്ള, വിശ്വസ്തനായ ഒരു ഭർത്താവ് ഉണ്ടായിരിക്കെയാണ് അവൾ അദ്ദേഹത്തെ മനഃപൂർവം വഞ്ചിച്ച് ഇതിന് ഇറങ്ങിത്തിരിച്ചതെങ്കിലോ? ആ സ്ത്രീയോടും അവൾ തിരഞ്ഞെടുത്ത ജീവിതരീതിയോടും നമുക്ക് അങ്ങേയറ്റം അറപ്പു തോന്നും, അല്ലേ? വ്യാജമതത്തോടുള്ള തന്റെ മനോഭാവം വെളിപ്പെടുത്താൻ യഹോവ പലപ്പോഴും ഒരു വേശ്യയെക്കുറിച്ചുള്ള വർണന ഉപയോഗിച്ചതിന്റെ ഒരു പ്രധാനകാരണവും ഇതുതന്നെയാണ്.
3. ഈ അധ്യായത്തിൽ ഏതൊക്കെ ബൈബിൾവിവരണങ്ങൾ നമ്മൾ ചർച്ച ചെയ്യും?
3 ഇസ്രായേലിലെയും യഹൂദയിലെയും ദൈവജനത്തിന്റെ കടുത്ത അവിശ്വസ്തതയെ വേശ്യാവൃത്തിയോട് ഉപമിച്ചിരിക്കുന്ന ശ്രദ്ധേയമായ രണ്ടു ബൈബിൾവിവരണങ്ങൾ യഹസ്കേൽ പുസ്തകത്തിൽ കാണാം. (യഹ., അധ്യാ. 16-ഉം 23-ഉം) ആ വിവരണങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നതിനു മുമ്പ് മറ്റൊരു ആലങ്കാരികവേശ്യയെക്കുറിച്ച് നമുക്കു നോക്കാം. അവളുടെ വേശ്യാവൃത്തി യഹസ്കേൽ ജീവിച്ചിരുന്നതിനും ഏറെ നാൾ മുമ്പ് തുടങ്ങിയതാണ്, അന്ന് ഇസ്രായേൽ എന്നൊരു ജനതപോലുമില്ല. ആ വേശ്യാവൃത്തി ഇപ്പോഴും അവിരാമം തുടരുകയാണ്. ആരാണ് ആ വേശ്യ? ബൈബിളിലെ അവസാനപുസ്തകമായ വെളിപാടിൽ അതിനുള്ള ഉത്തരമുണ്ട്.
‘വേശ്യകളുടെ മാതാവ്’
4, 5. “ബാബിലോൺ എന്ന മഹതി” ആരാണ്, അങ്ങനെ പറയാനുള്ള കാരണം എന്താണ്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
4 യേശു, ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്ത് അപ്പോസ്തലനായ യോഹന്നാനു നൽകിയ ദർശനത്തിൽ ഒരു അസാധാരണകഥാപാത്രം രംഗത്ത് എത്തുന്നതായി കാണാം. ആ സ്ത്രീയെ “മഹാവേശ്യ” എന്നും “ബാബിലോൺ എന്ന മഹതി—വേശ്യകളുടെ . . . മാതാവ്” എന്നും വിളിച്ചിരിക്കുന്നു. (വെളി. 17:1, 5) വാസ്തവത്തിൽ അവൾ ആരാണ്? നൂറ്റാണ്ടുകളോളം ഈ ചോദ്യം മതനേതാക്കളെയും ബൈബിൾപണ്ഡിതന്മാരെയും ഒരുപോലെ കുഴപ്പിച്ചിട്ടുണ്ട്. അവൾ ബാബിലോൺ ആണെന്നോ റോം ആണെന്നോ റോമൻകത്തോലിക്കാ സഭയാണെന്നോ ഒക്കെ കരുതുന്നവരുണ്ട്. ഇത്തരം പല അഭിപ്രായങ്ങൾ നിലവിലുണ്ടെങ്കിലും ആ “മഹാവേശ്യ” വാസ്തവത്തിൽ ആരാണെന്ന് യഹോവയുടെ സാക്ഷികൾ പതിറ്റാണ്ടുകൾക്കു മുമ്പേ മനസ്സിലാക്കിയിരുന്നു. വ്യാജമതലോകസാമ്രാജ്യത്തെയാണ് അവൾ ചിത്രീകരിച്ചത്. അങ്ങനെ പറയാനുള്ള കാരണം എന്താണ്?
5 ഈ വേശ്യയെ, “ഭൂമിയിലെ രാജാക്കന്മാരുമായി” അഥവാ രാഷ്ട്രീയശക്തികളുമായി അവിഹിതബന്ധം പുലർത്തുന്നതിന്റെ പേരിൽ കുറ്റം വിധിച്ചിട്ടുണ്ട്. അതിൽനിന്ന് അവൾ ഒരു രാഷ്ട്രീയശക്തി അല്ലെന്നു വ്യക്തം. ഇനി, ബാബിലോൺ എന്ന മഹതി മരണമടയുമ്പോൾ ‘ഭൂമിയിലെ വ്യാപാരികൾ,’ അഥവാ ഈ ലോകത്തിലെ ബിസിനെസ്സ്-വാണിജ്യ ഘടകങ്ങൾ ദുഃഖിക്കുന്നതായും വെളിപാട് പുസ്തകം പറയുന്നു. അതുകൊണ്ട് ബാബിലോൺ എന്ന മഹതി കുറിക്കുന്നതു വാണിജ്യമേഖലയെയും അല്ല. എങ്കിൽപ്പിന്നെ അവൾ ആരാണ്? അവൾ ‘ഭൂതവിദ്യയുടെയും’ വിഗ്രഹാരാധനയുടെയും വഞ്ചനയുടെയും കുറ്റം പേറുന്നതായി പറഞ്ഞിട്ടുണ്ടെന്നു ശ്രദ്ധിക്കുക. ഈ ആരോപണങ്ങൾ ശരിക്കും ചേരുന്നത് ഇന്നത്തെ ദുഷിച്ച മതസംഘടനകൾക്കല്ലേ? ആ വേശ്യ ഇത്തരം മതസംഘടനകളാണെന്നു പറയാൻ മറ്റു ചില കാരണങ്ങളുമുണ്ട്. അവൾ ഈ ലോകത്തിലെ രാഷ്ട്രീയഘടകങ്ങളുടെ മേൽ സവാരി ചെയ്യുന്നതായി, അഥവാ അവയുടെ മേൽ ഒരളവോളം സ്വാധീനം ചെലുത്തുന്നതായി, വർണിച്ചിരിക്കുന്നു. അവൾ ദൈവമായ യഹോവയുടെ വിശ്വസ്തദാസരെ ക്രൂരമായി ഉപദ്രവിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (വെളി. 17:2, 3; 18:11, 23, 24) വാസ്തവത്തിൽ, വ്യാജമതസംഘടനകൾ നമ്മുടെ ഈ കാലംവരെ ചെയ്തിരിക്കുന്നതും ഇതൊക്കെത്തന്നെയല്ലേ?
6. ബാബിലോൺ എന്ന മഹതിയെ ‘വേശ്യകളുടെ മാതാവ്’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
6 ബാബിലോൺ എന്ന മഹതിയെ “മഹാവേശ്യ” എന്നു മാത്രമല്ല ‘വേശ്യകളുടെ മാതാവ്’ എന്നും വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? വ്യാജമതത്തിന് അസംഖ്യം ഉപവിഭാഗങ്ങളുണ്ട് എന്നതാണു കാരണം. എണ്ണിയാൽ തീരാത്തത്ര അവാന്തരവിഭാഗങ്ങളും മതശാഖകളും അതിനുണ്ട്. ബാബേൽ അഥവാ ബാബിലോൺ എന്ന പുരാതനനഗരത്തിൽവെച്ച് ഭാഷ കലക്കിയതിനെത്തുടർന്ന് അവിടെനിന്ന് അനേകം വ്യാജമതോപദേശങ്ങൾ ലോകമെങ്ങും പരക്കാൻതുടങ്ങി. ഭൂമിയിലെമ്പാടും ഒന്നിനുപുറകേ ഒന്നായി അനേകം മതവിഭാഗങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങി. ബാബിലോൺ നഗരം വ്യാജമതങ്ങളുടെ കളിത്തൊട്ടിലായതുകൊണ്ട് മഹാവേശ്യയെ, “ബാബിലോൺ എന്ന മഹതി” എന്നു വിളിക്കുന്നത് എന്തുകൊണ്ടും ചേരും! (ഉൽപ. 11:1-9) അതെ, ഒരർഥത്തിൽ ഇന്നത്തെ വ്യാജമതങ്ങളെല്ലാം ഒരു മഹാവേശ്യയുടെ, അഥവാ ഒരൊറ്റ സംഘടനയുടെ ‘പുത്രിമാരാണ്.’ ആളുകളെ ഭൂതവിദ്യയിലേക്കും വിഗ്രഹാരാധനയിലേക്കും ദൈവനിന്ദാകരമായ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും വശീകരിക്കാൻ സാത്താൻ ഉപയോഗിക്കുന്ന ഒരു കെണിയാണ് അത്തരം മതങ്ങൾ. അതുകൊണ്ടുതന്നെ ലോകം മുഴുവൻ പടർന്നുപന്തലിച്ചിരിക്കുന്ന ആ ദുഷിച്ച സംഘടനയെക്കുറിച്ച് ദൈവജനത്തിന് ഇങ്ങനെയൊരു മുന്നറിയിപ്പു നൽകിയിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല: ‘എന്റെ ജനമേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽനിന്ന് പുറത്ത് കടക്ക്.’—വെളിപാട് 18:4, 5 വായിക്കുക.
7. ബാബിലോൺ എന്ന മഹതിയിൽനിന്ന് ‘പുറത്ത് കടക്കാനുള്ള’ മുന്നറിയിപ്പിനു നമ്മൾ ചെവി കൊടുക്കേണ്ടത് എന്തുകൊണ്ട്?
7 നിങ്ങൾ ആ മുന്നറിയിപ്പിനു ചെവി കൊടുത്തിട്ടുണ്ടോ? ഓർക്കുക, മനുഷ്യരെ ‘ആത്മീയകാര്യങ്ങൾക്കായുള്ള ദാഹത്തോടെ’ സൃഷ്ടിച്ചത് യഹോവയാണ്. (മത്താ. 5:3) അതുകൊണ്ടുതന്നെ യഹോവയ്ക്കു ശുദ്ധാരാധന അർപ്പിച്ചാൽ മാത്രമേ ആ ദാഹം ശരിയായി ശമിപ്പിക്കാൻ നമുക്കാകൂ. ആത്മീയവേശ്യാവൃത്തിയിൽനിന്ന് കഴിയുന്നിടത്തോളം അകലം പാലിക്കാനാണ് യഹോവയുടെ ദാസന്മാർ സ്വാഭാവികമായും ആഗ്രഹിക്കുന്നത്. പക്ഷേ പിശാചായ സാത്താന്റെ ലക്ഷ്യമോ? ഇത്തരം ആത്മീയവേശ്യാവൃത്തിയിലേക്കു ദൈവജനത്തെ വശീകരിക്കാൻ സാത്താനു വലിയ ഇഷ്ടമാണ്. മിക്കപ്പോഴും അവൻ അതിൽ വിജയിച്ചിട്ടുമുണ്ട്. യഹസ്കേലിന്റെ കാലമായപ്പോഴേക്കും ദൈവജനം ആത്മീയവേശ്യാവൃത്തി തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. അവരുടെ ആ ചരിത്രം പരിശോധിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. കാരണം യഹോവയുടെ നിലവാരങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും കരുണയെക്കുറിച്ചും നമ്മളോട് അതിന് ഏറെ പറയാനുണ്ട്!
‘നീ വേശ്യാവൃത്തിയിൽ മുഴുകി’
8-10. ശുദ്ധാരാധനയ്ക്കുള്ള ഏതു സുപ്രധാനവ്യവസ്ഥയാണു വ്യാജമതകാര്യങ്ങളിൽ ഉൾപ്പെടുന്നതിനെക്കുറിച്ചുള്ള യഹോവയുടെ വികാരം വെളിപ്പെടുത്തുന്നത്? ഒരു ഉദാഹരണം പറയുക.
8 യഹസ്കേൽ പുസ്തകത്തിൽ യഹോവ വേശ്യയെക്കുറിച്ചുള്ള ദൃഷ്ടാന്തം ഉപയോഗിച്ചത്, ചില സംഭവങ്ങൾ തന്നെ എത്രമാത്രം ബാധിച്ചെന്നു കാണിക്കാനാണ്. തന്റെ ജനം അവിശ്വസ്തതയിലും വഷളത്തത്തിലും മുഴുകി തന്നെ വഞ്ചിച്ചപ്പോൾ തന്റെ മനസ്സ് എത്രത്തോളം വേദനിച്ചെന്ന് യഹോവ അതിലൂടെ വ്യക്തമാക്കി. ദൈവം യഹസ്കേലിനെക്കൊണ്ട് എഴുതിച്ച രണ്ടു വിവരണങ്ങളിൽനിന്ന് ആ ഹൃദയവികാരങ്ങൾ നമുക്കു വിശദമായി വായിച്ചെടുക്കാം. എന്നാൽ യഹോവ എന്തുകൊണ്ടാണു തന്റെ ജനത്തെ വേശ്യകളോട് ഉപമിച്ചത്?
9 അതിന്റെ ഉത്തരം, ശുദ്ധാരാധന അർപ്പിക്കാൻ നമ്മൾ പാലിക്കേണ്ട ഒരു വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. സുപ്രധാനമായ ആ വ്യവസ്ഥയെക്കുറിച്ച് ഈ പുസ്തകത്തിന്റെ 5-ാം അധ്യായത്തിൽ നമ്മൾ പഠിച്ചിരുന്നു. ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്. . . . നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.” (പുറ. 20:3, 5) മറ്റൊരിക്കൽ യഹോവ അതേ സത്യം ഇങ്ങനെ ഊന്നിപ്പറഞ്ഞു: “മറ്റൊരു ദൈവത്തിനു മുന്നിൽ നിങ്ങൾ കുമ്പിടാൻ പാടില്ല. കാരണം സമ്പൂർണഭക്തി ആഗ്രഹിക്കുന്നവൻ എന്നൊരു പേരാണ് യഹോവയ്ക്കുള്ളത്. അതെ, ദൈവം സമ്പൂർണഭക്തി ആഗ്രഹിക്കുന്നു.” (പുറ. 34:14) ഇക്കാര്യം ഇതിലും വ്യക്തമായി എങ്ങനെ പറയാനാണ്? നമ്മുടെ ആരാധന യഹോവ സ്വീകരിക്കണമെങ്കിൽ നമ്മൾ ആരാധിക്കുന്നത് യഹോവയെ മാത്രമായിരിക്കണം.
10 ഇതു മനസ്സിലാക്കാൻ ഒരു വിവാഹബന്ധത്തെ ഉദാഹരണമായി എടുക്കാം. തന്റെ ഇണ തന്റേതുമാത്രമായിരിക്കണം എന്നു പ്രതീക്ഷിക്കാനുള്ള അവകാശം ഒരു പരിധിവരെ ഭാര്യക്കും ഭർത്താവിനും ഉണ്ട്. ഇവരിൽ ഒരാൾ മറ്റാരോടെങ്കിലും പ്രേമാത്മകമോ ലൈംഗികമോ ആയ താത്പര്യം കാണിച്ചാൽ മറ്റേ ഇണയ്ക്ക് അസൂയ തോന്നാൻ സാധ്യതയുണ്ട്, താൻ വഞ്ചിക്കപ്പെട്ടതായും ആ വ്യക്തിക്കു തോന്നാം. അതു ന്യായമാണുതാനും! (എബ്രായർ 13:4 വായിക്കുക.) ആരാധനയുടെ കാര്യവും ഇതുപോലെയാണ്. തനിക്കുവേണ്ടി സമ്പൂർണമായി സമർപ്പിച്ച ഒരു ജനത, അഥവാ തന്റെ സ്വന്തജനം, വ്യാജദൈവങ്ങളിലേക്കു തിരിയുമ്പോൾ താൻ വഞ്ചിക്കപ്പെട്ടതായി യഹോവയ്ക്കു തോന്നുന്നതും തികച്ചും ന്യായമാണ്. വഞ്ചിക്കപ്പെട്ടെന്ന ആ ചിന്ത, തന്നെ എത്രമാത്രം ബാധിച്ചെന്ന് യഹസ്കേൽ 16-ാം അധ്യായത്തിൽ യഹോവ ശക്തമായ ഭാഷയിൽ വിവരിച്ചിട്ടുണ്ട്.
11. യരുശലേമിനെക്കുറിച്ചും അവളുടെ ഉത്ഭവത്തെക്കുറിച്ചും യഹോവ വർണിച്ചത് എങ്ങനെയാണ്?
11 16-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകളാണ് യഹസ്കേൽ പുസ്തകത്തിൽ യഹോവയുടേതായി രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും നീളമുള്ള സംഭാഷണം. എബ്രായതിരുവെഴുത്തുകളിൽ കാണുന്ന ഏറ്റവും ദൈർഘ്യമുള്ള പ്രവചനങ്ങളിൽ ഒന്നുമാണ് ഇത്. അവിശ്വസ്തയഹൂദയുടെ പ്രതീകമായ യരുശലേം നഗരത്തെക്കുറിച്ചാണ് യഹോവ പ്രധാനമായും ഇവിടെ സംസാരിക്കുന്നത്. അവളുടെ ഉത്ഭവത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചും വർണിക്കുന്ന ആ ദുരന്തകഥ ആരിലും ഞെട്ടലുളവാക്കും! പിറന്നുവീണപ്പോൾ, വേണ്ട പരിചരണം നൽകാനോ കുളിപ്പിച്ചുവൃത്തിയാക്കാനോ ആരുമില്ലാതെ നിസ്സഹായാവസ്ഥയിലായിരുന്നു അവൾ. ആ ദേശത്തുണ്ടായിരുന്ന, വ്യാജമതവിശ്വാസികളായ കനാന്യരായിരുന്നു അവളുടെ മാതാപിതാക്കൾ. അതെ, ദാവീദ് യരുശലേം നഗരം കീഴടക്കുന്നതിനു മുമ്പ് ഏറെക്കാലം അതു കനാന്യഗോത്രക്കാരായ യബൂസ്യരുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ ആ അനാഥക്കുഞ്ഞിനോട് അഥവാ യരുശലേമിനോട് അലിവ് തോന്നിയിട്ട് യഹോവ അവളെ കുളിപ്പിച്ചുവൃത്തിയാക്കി, വേണ്ട പരിചരണം നൽകി. കാലാന്തരത്തിൽ അവൾ യഹോവയ്ക്കു ഭാര്യയെപ്പോലെയായി. അത് എങ്ങനെ? ഇസ്രായേല്യർ യരുശലേമിൽ താമസമാക്കിയപ്പോഴാണ് ആ നഗരം യഹോവയ്ക്കു ഭാര്യയെപ്പോലെയായത്. കാരണം, മുമ്പ് മോശയുടെ കാലത്ത് സ്വമനസ്സാലെ യഹോവയുമായി ഒരു ഉടമ്പടിബന്ധത്തിലേക്കു വന്നവരായിരുന്നു അവർ. (പുറ. 24:7, 8) യരുശലേം ആ ദേശത്തിന്റെ തലസ്ഥാനനഗരിയായി മാറിയപ്പോൾ, ധനികനും പ്രതാപശാലിയും ആയ ഒരു ഭർത്താവ് അതിമനോഹരമായ ആഭരണങ്ങൾ അണിയിച്ച് തന്റെ ഭാര്യയോടു സ്നേഹം പ്രകടിപ്പിക്കുന്നതുപോലെ യഹോവ ആ നഗരത്തെ അനുഗ്രഹിക്കുകയും ഐശ്വര്യസമൃദ്ധമാക്കുകയും മനോഹരമാക്കുകയും ചെയ്തു.—യഹ. 16:1-14.
12. യരുശലേമിൽ അവിശ്വസ്തത തലപൊക്കിയത് എങ്ങനെ?
12 പക്ഷേ പിന്നീട് എന്തു സംഭവിച്ചു? യഹോവ പറയുന്നു: “നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിക്കാൻതുടങ്ങി. നിന്റെ പ്രശസ്തി നിന്നെ ഒരു വേശ്യയാക്കി. എല്ലാ വഴിപോക്കരുമായും നീ തോന്നിയതുപോലെ വേശ്യാവൃത്തിയിൽ മുഴുകി. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായി.”(യഹ. 16:15) ശലോമോന്റെ കാലത്ത് യഹോവ തന്റെ ജനത്തിന്മേൽ അനുഗ്രഹങ്ങൾ കോരിച്ചൊരിഞ്ഞതുകൊണ്ട് യരുശലേം വളരെ പ്രതാപമുള്ള, ഐശ്വര്യസമ്പൂർണമായ ഒരു നഗരമായി മാറി. അതിനോടു കിടപിടിക്കാൻപോന്ന നഗരങ്ങൾ വേറെ ഇല്ലായിരുന്നെന്നുതന്നെ പറയാം. (1 രാജാ. 10:23, 27) എന്നാൽ പതിയെപ്പതിയെ അവിശ്വസ്തത തലപൊക്കി. അന്യദേശക്കാരായ അനേകം ഭാര്യമാരുണ്ടായിരുന്ന ശലോമോൻ അവരെ സന്തോഷിപ്പിക്കാൻ, വ്യാജദൈവങ്ങളുടെ ആരാധനയാൽ യരുശലേമിനെ മലിനമാക്കാൻതുടങ്ങി. (1 രാജാ. 11:1-8) അദ്ദേഹത്തിന്റെ പിൻഗാമികളായി സിംഹാസനമേറിയ പലരും അതിലും മോശമായിരുന്നു. അവർ വ്യാജാരാധനയാൽ ആ ദേശം മുഴുവൻ മലിനമാക്കി. അത്തരം വേശ്യാവൃത്തിയും വഞ്ചനയും യഹോവയെ എങ്ങനെയാണു ബാധിച്ചത്? “ഇത്തരം കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്. ഇനി ഒരിക്കലും ഇങ്ങനെ നടക്കാൻ പാടില്ല” എന്നാണ് യഹോവ പറഞ്ഞത്. (യഹ. 16:16) എന്നാൽ വഴിതെറ്റിപ്പോയ ആ ജനം വഷളത്തത്തിന്റെ ചെളിക്കുണ്ടിലേക്ക് ആണ്ടുപൊയ്ക്കൊണ്ടിരുന്നു!
ചില ഇസ്രായേല്യർ തങ്ങളുടെ മക്കളെ മോലേക്കിനെപ്പോലുള്ള വ്യാജദൈവങ്ങൾക്കു ബലി അർപ്പിച്ചു
13. യരുശലേമിലെ ദൈവജനം കാണിച്ച ദുഷ്ടത എന്തായിരുന്നു?
13 താൻ തിരഞ്ഞെടുത്ത ജനത്തിന്റെ ദുഷ്ടത തുറന്നുകാട്ടിക്കൊണ്ട് യഹോവ പറഞ്ഞു: “എനിക്കു നിന്നിലുണ്ടായ നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചു. നിന്റെ വേശ്യാവൃത്തികൊണ്ട് മതിയാകാഞ്ഞിട്ടാണോ നീ ഇതുംകൂടെ ചെയ്തത്? നീ എന്റെ പുത്രന്മാരെ കശാപ്പു ചെയ്തു. നീ അവരെ തീയിൽ ബലി അർപ്പിച്ചു.” (യഹ. 16:20, 21) ഇതു പറഞ്ഞപ്പോൾ യഹോവയ്ക്കു തോന്നിയ വേദനയും അറപ്പും എത്രയായിരിക്കുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ! നമ്മൾ പറയാൻപോലും അറയ്ക്കുന്ന ആ ക്രൂരതകൾ സാത്താൻ എത്ര ദുഷ്ടനാണെന്നാണു തെളിയിക്കുന്നത്. യഹോവയുടെ ജനത്തെക്കൊണ്ട് ഇത്തരം മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവനാണ് അവൻ. പക്ഷേ യഹോവ എല്ലാം കാണുന്നുണ്ട്. സാത്താന്റെ അതിഹീനമായ ക്രൂരകൃത്യങ്ങളുടെ തിക്തഫലങ്ങൾപോലും ഇല്ലായ്മ ചെയ്യാൻ ദൈവത്തിനാകും. യഹോവ നീതി നടപ്പാക്കുകതന്നെ ചെയ്യും.—ഇയ്യോബ് 34:24 വായിക്കുക.
14. യഹോവയുടെ ദൃഷ്ടാന്തത്തിൽ യരുശലേമിന്റെ രണ്ടു സഹോദരിമാർ ആരൊക്കെയായിരുന്നു, മൂവരിൽ ഏറ്റവും ദുഷിച്ചവൾ ആരായിരുന്നു?
14 ഇത്രയെല്ലാം ചെയ്തുകൂട്ടിയിട്ടും യരുശലേമിന് ഒരു കൂസലുമില്ലായിരുന്നു. അവൾ അവളുടെ വേശ്യാവൃത്തി തുടർന്നു. അവൾ മറ്റു വേശ്യമാരെക്കാൾ നാണംകെട്ടവളാണെന്നുപോലും യഹോവ പറഞ്ഞു. കാരണം, ആളുകൾക്ക് അങ്ങോട്ടു പണം കൊടുത്താണ് അവൾ അവരുമായി അവിഹിതബന്ധം പുലർത്തിയിരുന്നത്. (യഹ. 16:34) ഇനി, യരുശലേം അവളുടെ ‘അമ്മയെപ്പോലെതന്നെയാണ്’ എന്നും ദൈവം പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോൾ ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നത്, മുമ്പ് ആ ദേശത്ത് വാണിരുന്ന വ്യാജാരാധകരായ ജനതകളായിരുന്നു. (യഹ. 16:44, 45) കുടുംബബന്ധങ്ങൾ ദൃഷ്ടാന്തമാക്കി കാര്യങ്ങൾ അവതരിപ്പിച്ച യഹോവ തുടർന്ന് പറഞ്ഞതു ശമര്യയെക്കുറിച്ചാണ്. യരുശലേമിനും മുമ്പേ മതപരമായ വേശ്യാവൃത്തിയിലേക്കു തിരിഞ്ഞ ശമര്യ യരുശലേമിന്റെ മൂത്ത സഹോദരിയാണെന്നു ദൈവം പറഞ്ഞു. സൊദോം എന്ന മറ്റൊരു സഹോദരിയെക്കുറിച്ചും ദൈവം പരാമർശിച്ചു. എന്നാൽ തീർത്തും വഴിപിഴച്ചവളും അഹങ്കാരിയും ആയിരുന്ന അവൾ പണ്ടുതന്നെ നാശത്തിന് ഇരയായതുകൊണ്ട് യഹോവ ഇവിടെ സൊദോമിന്റെ കാര്യം ഒരു പഴഞ്ചൊല്ലായിട്ടാണ് അവതരിപ്പിച്ചത്. ചുരുക്കത്തിൽ, യരുശലേം ദുഷ്ടതയുടെ കാര്യത്തിൽ ശമര്യയെ മാത്രമല്ല സൊദോമിനെപ്പോലും കടത്തിവെട്ടി എന്നു പറയുകയായിരുന്നു യഹോവ. (യഹ. 16:46-50) ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പു കിട്ടിയിട്ടും അതെല്ലാം അവഗണിച്ച ദൈവജനം അവരുടെ മോശമായ വഴികൾ വിട്ടുമാറിയതേ ഇല്ല.
15. യഹോവ യരുശലേമിന് എതിരെ ന്യായവിധി നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു, യഹോവ പ്രത്യാശയ്ക്കു വക നൽകിയത് എങ്ങനെ?
15 യഹോവ ഇപ്പോൾ എന്തു ചെയ്യുമായിരുന്നു? യരുശലേമിനോടു യഹോവ പറഞ്ഞു: ‘നീ സുഖിപ്പിച്ച നിന്റെ കാമുകന്മാരെയെല്ലാം ഞാൻ നിനക്ക് എതിരെ ഒന്നിച്ചുകൂട്ടും. ഞാൻ നിന്നെ അവരുടെ കൈയിൽ ഏൽപ്പിക്കും.’ മുമ്പ് ആ ജനത്തിന്റെ സഖ്യകക്ഷികളായിരുന്ന വ്യാജാരാധകരായ ജനതകൾ അവളുടെ സൗന്ദര്യം ഇല്ലാതാക്കി, അമൂല്യവസ്തുക്കൾ കൊള്ളയടിച്ച്, അവളെ നശിപ്പിക്കുമായിരുന്നു. “അവർ നിന്നെ കല്ലെറിയും. നിന്നെ അവർ വാളുകൊണ്ട് വെട്ടിനുറുക്കും” എന്നും യഹോവ പറഞ്ഞു. യഹോവ ഇങ്ങനെയൊരു ന്യായവിധി നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യമോ? തന്റെ ജനത്തെ ഒന്നടങ്കം നശിപ്പിക്കുക എന്നതല്ല മറിച്ച് അവരുടെ ‘വേശ്യാവൃത്തി അവസാനിപ്പിക്കുക’ എന്നതായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. ദൈവം ഇങ്ങനെയും പറഞ്ഞു: “അങ്ങനെ നിനക്ക് എതിരെയുള്ള എന്റെ ഉഗ്രകോപം ശമിക്കും. നിനക്ക് എതിരെയുള്ള എന്റെ രോഷം ഇല്ലാതാകും. ഞാൻ ശാന്തനാകും. എനിക്കു മേലാൽ കോപം തോന്നില്ല.” ഈ പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽ കണ്ടതുപോലെ, പ്രവാസികളായ തന്റെ ജനത്തെ മാതൃദേശത്തേക്കു തിരിച്ചുകൊണ്ടുവന്ന് ശുദ്ധാരാധന പുനഃസ്ഥാപിക്കുക എന്നതായിരുന്നു ആത്യന്തികമായി യഹോവയുടെ ഉദ്ദേശ്യം. അതിന്റെ കാരണമോ? “നിന്റെ ചെറുപ്പകാലത്ത് നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും” എന്നാണ് യഹോവ അതെക്കുറിച്ച് പറഞ്ഞത്. (യഹ. 16:37-42, 60) ആ ജനം അവിശ്വസ്തത കാണിച്ചെങ്കിലും യഹോവ അവരോടു കറയറ്റ വിശ്വസ്തത കാണിക്കുമായിരുന്നു!—വെളിപാട് 15:4 വായിക്കുക.
16, 17. (എ) ഒഹൊലയും ഒഹൊലീബയും ക്രൈസ്തവലോകത്തിന്റെ പ്രാവചനികമാതൃകകളാണെന്നു നമ്മൾ ഇപ്പോൾ പറയാത്തത് എന്തുകൊണ്ട്? (“വേശ്യകളായ സഹോദരിമാർ” എന്ന ചതുരം കാണുക.) (ബി) യഹസ്കേൽ 16, 23 അധ്യായങ്ങളിൽനിന്ന് പ്രായോഗികമായ എന്തെല്ലാം പാഠങ്ങളാണു നമ്മൾ പഠിക്കുന്നത്?
16 അതെ, യഹോവ ശക്തമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്ന യഹസ്കേൽ 16-ാം അധ്യായത്തിലെ ആ ദൈർഘ്യമേറിയ വിവരണം, യഹോവയുടെ നീതിയുള്ള നിലവാരങ്ങളെക്കുറിച്ചും നീതിബോധത്തെക്കുറിച്ചും ആഴമായ കരുണയെക്കുറിച്ചും എത്രയെത്ര കാര്യങ്ങളാണു നമ്മളെ പഠിപ്പിക്കുന്നത്! യഹസ്കേൽ 23-ാം അധ്യായവും ഏതാണ്ട് അതുപോലെയാണെന്നു പറയാം. തന്റെ ജനത്തിന്റെ വേശ്യാവൃത്തിയെക്കുറിച്ച് ഒരു വളച്ചുകെട്ടുമില്ലാതെ തുറന്നടിച്ച യഹോവയുടെ വാക്കുകൾ സത്യക്രിസ്ത്യാനികളും ഇന്നു വളരെ ഗൗരവത്തോടെയാണു കാണുന്നത്. യഹോവയുടെ ഹൃദയത്തെ വേദനിപ്പിച്ച യഹൂദയെയും യരുശലേമിനെയും പോലെയാകാൻ നമുക്ക് ഒട്ടും ആഗ്രഹമില്ല. അതുകൊണ്ടുതന്നെ നമ്മൾ എല്ലാ തരം വിഗ്രഹാരാധനയും തീർത്തും ഒഴിവാക്കുന്നു. അത്യാഗ്രഹവും, പണത്തോടും വസ്തുവകകളോടും ഉള്ള അമിതസ്നേഹവും ഇതിൽപ്പെടും. കാരണം അവയെയും വിഗ്രഹാരാധനയുടെ രൂപങ്ങളായി കണക്കാക്കാം. (മത്താ. 6:24; കൊലോ. 3:5) ഈ അവസാനനാളുകളിൽ കരുണാമയനായ ദൈവം ശുദ്ധാരാധന പുനഃസ്ഥാപിച്ചിരിക്കുന്നതിൽ നമ്മളെല്ലാം ശരിക്കും നന്ദിയുള്ളവരാണ്! അതിനു കളങ്കമേൽക്കാൻ യഹോവ ഇനി ഒരിക്കലും അനുവദിക്കില്ല! ആത്മീയ ഇസ്രായേലുമായി യഹോവ ചെയ്തിരിക്കുന്നതു “നിത്യമായ ഒരു ഉടമ്പടി” ആണ്. ഒരിക്കലും അവിശ്വസ്തത അഥവാ ആത്മീയവേശ്യാവൃത്തി അതിനു തുരങ്കം വെക്കില്ല. (യഹ. 16:60) അതുകൊണ്ട് ശുദ്ധിയുള്ള ദൈവജനത്തിന്റെ ഭാഗമായിരിക്കാൻ അവസരം കിട്ടിയതിൽ നമുക്കെല്ലാം നന്ദിയുള്ളവരായിരിക്കാം.
17 എന്നാൽ യഹസ്കേലിൽ വർണിച്ചിരിക്കുന്ന വേശ്യകൾക്കെതിരെയുള്ള യഹോവയുടെ വാക്കുകൾ ‘മഹാവേശ്യയെക്കുറിച്ച്’ അഥവാ ‘ബാബിലോൺ എന്ന മഹതിയെക്കുറിച്ച്’ നമ്മളെ എന്താണു പഠിപ്പിക്കുന്നത്? നമുക്കു നോക്കാം.
“പിന്നെ ആരും അവളെ കാണില്ല”
18, 19. യഹസ്കേൽ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന വേശ്യകളുടെയും വെളിപാടിലെ വേശ്യയുടെയും കാര്യത്തിൽ എന്തെല്ലാം സമാനതകൾ കാണാം?
18 യഹോവ മാറ്റമില്ലാത്തവനാണ്. (യാക്കോ. 1:17) വ്യാജമതം എന്ന മഹാവേശ്യയോടുള്ള യഹോവയുടെ മനോഭാവത്തിന് ഒരിക്കലും മാറ്റം വന്നിട്ടില്ല. അതുകൊണ്ടുതന്നെ യഹസ്കേൽ പുസ്തകത്തിലെ വേശ്യകൾക്കെതിരെയുള്ള യഹോവയുടെ ന്യായവിധിയും വെളിപാട് പുസ്തകത്തിലെ ‘മഹാവേശ്യയെ’ കാത്തിരിക്കുന്ന സംഭവങ്ങളും തമ്മിൽ അനേകം സമാനതകളുള്ളതിൽ അതിശയിക്കാനില്ല.
19 ഒരു ഉദാഹരണം നോക്കാം. യഹസ്കേലിന്റെ പ്രവചനങ്ങളിലെ വേശ്യമാർക്കുള്ള ശിക്ഷ യഹോവ നേരിട്ട് നടപ്പാക്കുകയായിരുന്നില്ല. അവിശ്വസ്തരായ ദൈവജനവുമായി ആത്മീയവേശ്യാവൃത്തിയിൽ മുഴുകിയ അതേ ജനതകൾതന്നെയാണ് അവരെ ശിക്ഷിച്ചത്. വ്യാജമതലോകസാമ്രാജ്യത്തിന്റെ കാര്യവും ഇതിനോടു സമാനമാണ്. “ഭൂമിയിലെ രാജാക്കന്മാരുമായി” ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് അവളെ കുറ്റം വിധിച്ചിരിക്കുന്നതായി കാണാം. അവളുടെ ശിക്ഷ നടപ്പാക്കുന്നതോ? ആ രാഷ്ട്രീയഘടകങ്ങൾതന്നെ “വേശ്യയെ വെറുത്ത് അവളെ നശിപ്പിക്കുകയും നഗ്നയാക്കുകയും ചെയ്യും” എന്നും “അവ അവളുടെ മാംസം തിന്നിട്ട് അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും” എന്നും നമ്മൾ വായിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവമായിരിക്കും അത്! എന്നാൽ ലോകഗവൺമെന്റുകൾ ഇത്തരമൊരു നീക്കത്തിനു മുതിരാനുള്ള കാരണം എന്തായിരിക്കും? ‘ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കുന്നത്’ ദൈവമായിരിക്കും എന്നാണു തിരുവെഴുത്തുകൾ പറയുന്നത്.—വെളി. 17:1-3, 15-17.
20. ബാബിലോണിന്റെ ന്യായവിധി അന്തിമമായിരിക്കും എന്ന് എങ്ങനെ അറിയാം?
20 അതെ, ക്രൈസ്തവലോകത്തിലെ അനേകം മതവിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ വ്യാജമതങ്ങൾക്കും എതിരെയുള്ള തന്റെ ന്യായവിധി നടപ്പാക്കാൻ യഹോവ ഈ ലോകരാഷ്ട്രങ്ങളെ ഉപയോഗിക്കും. ആ ന്യായവിധി അന്തിമമായിരിക്കും. ഒരു കാരണവശാലും അവളോടു ക്ഷമിക്കില്ല; തന്റെ വഴികൾ വിട്ടുമാറാൻ പിന്നീട് അവൾക്ക് അവസരം കിട്ടില്ല. “പിന്നെ ആരും അവളെ കാണില്ല” എന്നാണു ബാബിലോണിനെക്കുറിച്ച് വെളിപാട് പുസ്തകത്തിൽ പറയുന്നത്. (വെളി. 18:21) അവൾ മരണമടയുമ്പോൾ ദൈവദൂതന്മാർ അതീവസന്തോഷത്തോടെ ഇങ്ങനെ പറയും: “യാഹിനെ സ്തുതിപ്പിൻ! അവളിൽനിന്നുള്ള പുക എന്നുമെന്നേക്കും ഉയരും.” (വെളി. 19:3) നിത്യതയിലുടനീളം പ്രാബല്യത്തിലിരിക്കുന്ന ഒരു വിധിയായിരിക്കും അത്. പിന്നീട് ഒരിക്കലും ഒരു വ്യാജമതവും തലപൊക്കില്ല, ശുദ്ധാരാധനയെ കളങ്കപ്പെടുത്താൻ അതു മേലാൽ ഉണ്ടായിരിക്കില്ല! ബാബിലോണിന് എതിരെയുള്ള ഉഗ്രമായ ന്യായവിധിയും തീകൊണ്ടുള്ള നാശവും ഉയർത്തുന്ന പുക ഒരു ആലങ്കാരികാർഥത്തിൽ എന്നുമെന്നേക്കും ഉയരും!
21. വ്യാജമതത്തിന്റെ നാശം ഏതു കാലഘട്ടത്തിനു തുടക്കം കുറിക്കും, അതിനു സമാപനം കുറിക്കുന്നത് ഏതു സംഭവമായിരിക്കും?
21 ഈ ലോകഗവൺമെന്റുകൾ ബാബിലോൺ എന്ന മഹതിക്കെതിരെ തിരിയുമ്പോൾ അവർ നടപ്പാക്കുന്നതു ദൈവത്തിന്റെ ന്യായവിധിയായിരിക്കും. യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിലെ ഒരു സുപ്രധാനനാഴികക്കല്ലായിരിക്കും അത്. ഈ സംഭവം മഹാകഷ്ടതയ്ക്കു തുടക്കമിടും. അതാകട്ടെ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര പ്രശ്നങ്ങൾ നിറഞ്ഞ ഒരു കാലമായിരിക്കും. (മത്താ. 24:21) മഹാകഷ്ടതയ്ക്കു സമാപനം കുറിക്കുന്ന സംഭവമായിരിക്കും അർമഗെദോൻ. ഈ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള യഹോവയുടെ യുദ്ധമാണ് അത്. (വെളി. 16:14, 16) മഹാകഷ്ടതയുടെ സമയത്ത് നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് യഹസ്കേൽ പുസ്തകത്തിനു നമ്മളോടു ധാരാളം കാര്യങ്ങൾ പറയാനുണ്ട്. അതെക്കുറിച്ച് ഈ പ്രസിദ്ധീകരണത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ പഠിക്കും. എന്നാൽ നമ്മൾ ഓർത്തിരുന്ന്, പ്രാവർത്തികമാക്കേണ്ട ഏതെല്ലാം പ്രായോഗികപാഠങ്ങളാണ് യഹസ്കേൽ 16-ഉം 23-ഉം അധ്യായങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്?
22, 23. യഹസ്കേലിലെയും വെളിപാടിലെയും വേശ്യമാരെക്കുറിച്ചുള്ള വിവരണങ്ങൾ പഠിച്ചതു നമ്മുടെ വിശുദ്ധസേവനത്തെ എങ്ങനെ സ്വാധീനിക്കണം?
22 ശുദ്ധാരാധന അർപ്പിക്കുന്നവരെ വഴിതെറ്റിക്കാൻ സാത്താനു വലിയ ഇഷ്ടമാണ്. നമ്മളെ ശുദ്ധാരാധനയിൽനിന്ന് അകറ്റി, യഹസ്കേൽ പുസ്തകത്തിലെ ആ വേശ്യമാരുടേതുപോലുള്ള ഒരു ജീവിതഗതിയിലേക്കു തള്ളിവിടുന്നതിനെക്കാൾ സന്തോഷമുള്ള ഒരു കാര്യം സാത്താനു വേറെയില്ല. എന്നാൽ നമ്മുടെ ആരാധനയെക്കുറിച്ച് നമ്മൾ ഒരു കാര്യം എപ്പോഴും ഓർക്കണം: യഹോവ ഒരിക്കലും തന്നോടുള്ള അവിശ്വസ്തത വെച്ചുപൊറുപ്പിക്കില്ല! (സംഖ്യ 25:11) അതുകൊണ്ടുതന്നെ വ്യാജമതത്തോടു പരമാവധി അകലം പാലിക്കാൻ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കും. അതെ, ദൈവദൃഷ്ടിയിൽ ‘അശുദ്ധമായത് ഒന്നും നമ്മൾ തൊടില്ല.’ (യശ. 52:11) ഇനി, അനൈക്യം മുഖമുദ്രയായ ഈ ലോകത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിലും കലഹങ്ങളിലും ഉൾപ്പെടാതെ നമ്മൾ നിഷ്പക്ഷരായിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. (യോഹ. 15:19) കാരണം, സാത്താൻ ഉന്നമിപ്പിക്കുന്ന മറ്റൊരു വ്യാജമതമായിത്തന്നെയാണു ദേശീയതാവാദത്തെയും നമ്മൾ കാണുന്നത്. അതിൽനിന്ന് അകലം പാലിച്ചുകൊണ്ടും നമ്മൾ വിശ്വസ്തരാണെന്നു തെളിയിക്കുന്നു!
23 പരിപാവനമായ ആ ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാനാകുന്നത് എത്ര വലിയൊരു പദവിയാണെന്നു നമുക്ക് എപ്പോഴും ഓർക്കാം. അനുഗൃഹീതമായ ആ ക്രമീകരണത്തെ വളരെ അമൂല്യമായി കാണുന്നതുകൊണ്ട് വ്യാജമതത്തിൽനിന്നും അവളുടെ വേശ്യാവൃത്തിയിൽനിന്നും പരമാവധി അകലം പാലിക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം!