വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 17

“ഗോഗേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌”

“ഗോഗേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌”

യഹസ്‌കേൽ 38:3

മുഖ്യവിഷയം: “ഗോഗ്‌” ആരാണ്‌, ഗോഗ്‌ ആക്രമി​ക്കുന്ന “ദേശം” ഏതാണ്‌?

1, 2. ഏതു മഹായു​ദ്ധ​മാണ്‌ ഉടൻ നടക്കാ​നി​രി​ക്കു​ന്നത്‌, അതി​നെ​ക്കു​റിച്ച്‌ ഏതെല്ലാം ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യർ നടത്തി​യി​ട്ടുള്ള യുദ്ധങ്ങ​ളിൽ എത്ര​യെത്ര മനുഷ്യ​ജീ​വ​നാ​ണു പൊലി​ഞ്ഞി​രി​ക്കു​ന്നത്‌! 20-ാം നൂറ്റാ​ണ്ടിൽ മാത്രം നടന്ന രണ്ടു ലോക​യു​ദ്ധങ്ങൾ ഈ ഭൂമി​യിൽ ചോര​പ്പു​ഴ​യൊ​ഴു​ക്കി. എന്നാൽ മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ യുദ്ധം വരാനി​രി​ക്കു​ന്നതേ ഉള്ളൂ! അതു വെറും സ്വാർഥ​ല​ക്ഷ്യ​ങ്ങൾക്കു​വേണ്ടി പരസ്‌പരം കൊമ്പു കോർക്കുന്ന ലോക​രാഷ്‌ട്രങ്ങൾ തമ്മിലുള്ള ഒരു പോരാ​ട്ടമല്ല, മറിച്ച്‌ ‘സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധമാണ്‌.’ (വെളി. 16:14) അതിനു തിരി കൊളു​ത്തു​ന്നത്‌, ദൈവം അമൂല്യ​മാ​യി കാണുന്ന ഒരു ദേശത്തിന്‌ എതിരെ ധിക്കാ​രി​യായ ഒരു ശത്രു നടത്തുന്ന ആക്രമ​ണ​മാ​യി​രി​ക്കും. ആ സമയത്ത്‌ പരമാ​ധി​കാ​രി​യായ യഹോവ തന്റെ സംഹാ​ര​ശക്തി അഴിച്ചു​വി​ടും. ഭൂമി ഇതുവരെ സാക്ഷ്യം വഹിച്ചി​ട്ടി​ല്ലാത്ത ഒരു മഹാസം​ഭ​വ​മാ​യി​രി​ക്കും അത്‌.

2 സ്വാഭാ​വി​ക​മാ​യും ചില സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾ ഇപ്പോൾ ഉയർന്നു​വ​ന്നേ​ക്കാം: ആരാണ്‌ ആ ശത്രു? അവൻ ആക്രമി​ക്കുന്ന ദേശം ഏതാണ്‌? അവൻ ആ ദേശം ആക്രമി​ക്കു​ന്നത്‌ എപ്പോൾ, എന്തു​കൊണ്ട്‌, എങ്ങനെ? ഭൂമി​യിൽ യഹോ​വയ്‌ക്കു ശുദ്ധാ​രാ​ധന അർപ്പി​ക്കുന്ന നമ്മളെ​യെ​ല്ലാം ഈ ഭാവി​സം​ഭ​വങ്ങൾ ബാധി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ അവയുടെ ഉത്തരങ്ങൾ അറി​യേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. യഹസ്‌കേൽ 38-ഉം 39-ഉം അധ്യാ​യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആവേ​ശോ​ജ്ജ്വ​ല​മായ ഒരു പ്രവച​ന​ത്തിൽ അവയ്‌ക്കുള്ള ഉത്തരമുണ്ട്‌.

ആ ശത്രു​—മാഗോ​ഗി​ലെ ഗോഗ്‌

3. മാഗോ​ഗി​ലെ ഗോഗി​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ പ്രവച​ന​ത്തി​ന്റെ ചുരുക്കം എന്താണ്‌?

 3 യഹസ്‌കേൽ 38:1, 2, 8, 18; 39:4, 11 വായി​ക്കുക. പ്രവച​ന​ത്തി​ന്റെ ചുരുക്കം ഇതാണ്‌: “അവസാ​ന​വർഷ​ങ്ങ​ളിൽ” ‘മാഗോ​ഗി​ലെ ഗോഗ്‌’ എന്നൊരു ശത്രു ദൈവ​ജ​ന​ത്തി​ന്റെ “ദേശത്തെ” ആക്രമി​ക്കും. പക്ഷേ അതി​ക്രൂ​ര​മായ ആ ആക്രമണം കാണു​മ്പോൾ യഹോ​വ​യു​ടെ “ഉഗ്ര​കോ​പം കത്തിക്കാ​ളും.” അപ്പോൾ യഹോവ ഇടപെട്ട്‌ ഗോഗി​നെ പരാജ​യ​പ്പെ​ടു​ത്തും. a വിജയ​ശ്രീ​ലാ​ളി​ത​നായ യഹോവ, പരാജി​ത​നായ ശത്രു​വി​നെ​യും അവന്റെ കൂടെ​യുള്ള എല്ലാവ​രെ​യും “സകല ഇരപി​ടി​യൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാര​മാ​യി കൊടു​ക്കും.” ഒടുവിൽ, യഹോവ ഗോഗിന്‌ ഒരു “ശ്‌മശാ​ന​സ്ഥലം ഒരുക്കും.” ഈ പ്രവചനം എങ്ങനെ​യാ​യി​രി​ക്കും നിറ​വേ​റുക? സമീപ​ഭാ​വി​യിൽ അരങ്ങേ​റാ​നി​രി​ക്കുന്ന ആ നിവൃ​ത്തി​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ആദ്യം​തന്നെ ഗോഗ്‌ ആരാ​ണെന്നു നമ്മൾ കണ്ടെത്തണം.

4. മാഗോ​ഗി​ലെ ഗോഗി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു നിഗമനം ചെയ്യാം?

4 അങ്ങനെ​യെ​ങ്കിൽ മാഗോ​ഗി​ലെ ഗോഗ്‌ ആരാണ്‌? ഗോഗ്‌ ശുദ്ധാ​രാ​ധ​ക​രു​ടെ ഒരു ശത്രു​വാ​ണെന്ന്‌ യഹസ്‌കേ​ലി​ന്റെ വിവരണം സൂചി​പ്പി​ക്കു​ന്നുണ്ട്‌. അപ്പോൾ ഗോഗ്‌ എന്നതു സത്യാ​രാ​ധ​ന​യു​ടെ ഏറ്റവും വലിയ ശത്രു​വായ സാത്താനു നൽകി​യി​രി​ക്കുന്ന പ്രാവ​ച​നി​ക​നാ​മ​മാ​ണോ? പതിറ്റാ​ണ്ടു​ക​ളോ​ളം നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അങ്ങനെ​യാ​ണു വിശദീ​ക​രി​ച്ചി​രു​ന്നത്‌. എന്നാൽ യഹസ്‌കേ​ലി​ന്റെ പ്രവചനം കൂടു​ത​ലാ​യി പഠിച്ച​പ്പോൾ നമ്മുടെ ഗ്രാഹ്യ​ത്തിന്‌ ഒരു പൊരു​ത്ത​പ്പെ​ടു​ത്തൽ വരു​ത്തേ​ണ്ടി​വന്നു. മാഗോ​ഗി​ലെ ഗോഗ്‌ എന്ന പേര്‌ കുറി​ക്കു​ന്നത്‌ അദൃശ്യ​നായ ഒരു ആത്മവ്യ​ക്തി​യെ അല്ല, മറിച്ച്‌ മനുഷ്യ​നേ​ത്ര​ങ്ങൾക്കു കാണാ​വുന്ന ഒരു മനുഷ്യ​ശ​ത്രു​വി​നെ​യാ​ണെന്നു വീക്ഷാ​ഗോ​പു​രം വിശദീ​ക​രി​ച്ചു; ശുദ്ധാ​രാ​ധ​നയ്‌ക്കെ​തി​രെ പോരാ​ടുന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു സഖ്യമാണ്‌ അത്‌! b അങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള കാരണ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യു​ന്ന​തി​നു മുമ്പ്‌, ഗോഗ്‌ ഒരു ആത്മവ്യ​ക്തി​യ​ല്ലെന്നു സൂചി​പ്പി​ക്കുന്ന രണ്ടു കാര്യങ്ങൾ യഹസ്‌കേൽ പ്രവച​ന​ത്തിൽനിന്ന്‌ നമുക്കു നോക്കാം.

5, 6. മാഗോ​ഗി​ലെ ഗോഗ്‌ ഒരു ആത്മവ്യ​ക്തി​യ​ല്ലെന്ന്‌ യഹസ്‌കേൽപ്ര​വ​ചനം സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

5 ‘ഞാൻ നിന്നെ സകല ഇരപി​ടി​യൻ പക്ഷികൾക്കും ആഹാര​മാ​യി കൊടു​ക്കും.’ (യഹ. 39:4) ഇരപി​ടി​യൻ പക്ഷികൾ ശവശരീ​രം തിന്നു​ന്ന​തി​നെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്നതു മിക്ക​പ്പോ​ഴും ഒരു ദിവ്യ​ന്യാ​യ​വി​ധി​യെ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പാ​യി​ട്ടാണ്‌. ഇസ്രാ​യേൽ ജനതയ്‌ക്കും മറ്റു ജനതക​ളിൽപ്പെ​ട്ട​വർക്കും ദൈവം അത്തരം മുന്നറി​യി​പ്പു​കൾ കൊടു​ത്തി​ട്ടുണ്ട്‌. (ആവ. 28:26; യിരെ. 7:33; യഹ. 29:3, 5) ഇവിടെ ഒരു കാര്യം ശ്രദ്ധി​ച്ചോ? ദൈവം ആ മുന്നറി​യി​പ്പു​കൾ നൽകി​യത്‌ ആത്മവ്യ​ക്തി​കൾക്കല്ല, മറിച്ച്‌ മാംസ​വും രക്തവും ഒക്കെയുള്ള മനുഷ്യർക്കാണ്‌. അല്ലെങ്കി​ലും, ഇരപി​ടി​യൻ പക്ഷികൾക്കും കാട്ടു​മൃ​ഗ​ങ്ങൾക്കും മാംസ​മല്ലേ കഴിക്കാ​നാ​കൂ, ആത്മാവി​നെ ഭക്ഷിക്കാ​നാ​കി​ല്ല​ല്ലോ. അതു​കൊണ്ട്‌ യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ലെ ഈ ദിവ്യ​മു​ന്ന​റി​യിപ്പ്‌, ഗോഗ്‌ ഒരു ആത്മവ്യ​ക്തി​യ​ല്ലെന്നു സൂചി​പ്പി​ക്കു​ന്നു.

6 “ഞാൻ ഗോഗിന്‌ ഇസ്രാ​യേ​ലിൽ ഒരു ശ്‌മശാ​ന​സ്ഥലം ഒരുക്കും.” (യഹ. 39:11) ആത്മവ്യ​ക്തി​കളെ ഭൂമി​യിൽ അടക്കു​ന്ന​താ​യി തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും പറയു​ന്നില്ല. സാത്താ​നെ​യും ഭൂതങ്ങ​ളെ​യും 1,000 വർഷ​ത്തേക്ക്‌ അഗാധ​ത്തിൽ അടയ്‌ക്കു​മെ​ന്നും, അവരുടെ നിത്യ​നാ​ശത്തെ സൂചി​പ്പി​ക്കുന്ന ആലങ്കാ​രിക തീത്തടാ​ക​ത്തി​ലേക്കു പിന്നീട്‌ അവരെ എറിയു​മെ​ന്നും ആണ്‌ അതിൽ പറഞ്ഞി​രി​ക്കു​ന്നത്‌. (ലൂക്കോ. 8:31; വെളി. 20:1-3, 10) ഗോഗി​നു ഭൂമി​യിൽ “ഒരു ശ്‌മശാ​ന​സ്ഥലം” ഒരുക്കി​യി​രി​ക്കു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഗോഗ്‌ ഒരു ആത്മവ്യ​ക്തി​യ​ല്ലെന്നു നമുക്കു നിഗമനം ചെയ്യാം.

7, 8. “വടക്കേ രാജാവ്‌” അന്തരി​ക്കു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും, മാഗോ​ഗി​ലെ ഗോഗി​നു സംഭവി​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യി ഇതിന്‌ എന്തു സമാന​ത​യുണ്ട്‌?

7 ശുദ്ധാ​രാ​ധ​ക​രു​ടെ മേൽ അന്തിമ​മായ ആക്രമണം അഴിച്ചു​വി​ടുന്ന ഗോഗ്‌ എന്ന ആ ശത്രു ഒരു ആത്മവ്യ​ക്തി​യ​ല്ലെ​ങ്കിൽപ്പി​ന്നെ ആരാണ്‌ അല്ലെങ്കിൽ എന്താണ്‌? മാഗോ​ഗി​ലെ ഗോഗി​നെ തിരി​ച്ച​റി​യാൻ സഹായി​ക്കുന്ന രണ്ടു ബൈബിൾപ്ര​വ​ച​നങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

8 “വടക്കേ രാജാവ്‌.” (ദാനി​യേൽ 11:40-45 വായി​ക്കുക.) ദാനി​യേ​ലി​ന്റെ കാലം​മു​തൽ നമ്മുടെ കാലം​വരെ ഏതെല്ലാം ലോക​ശ​ക്തി​കൾ ഉദയം ചെയ്യു​മെന്നു ദാനി​യേൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ദാനി​യേൽപ്ര​വ​ച​ന​ത്തിൽ, രാഷ്‌ട്രീ​യ​ശ​ത്രുത പുലർത്തുന്ന ‘തെക്കേ രാജാ​വി​നെ​ക്കു​റി​ച്ചും’ ‘വടക്കേ രാജാ​വി​നെ​ക്കു​റി​ച്ചും’ ഉള്ള പരാമർശം കാണാം. ആധിപ​ത്യ​ത്തി​നാ​യി രാഷ്‌ട്രങ്ങൾ പരസ്‌പരം പോര​ടിച്ച നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം തെക്കേ രാജാ​വി​ന്റെ​യും വടക്കേ രാജാ​വി​ന്റെ​യും സ്ഥാനം പലരും മാറി​മാ​റി അലങ്കരി​ച്ചി​ട്ടുണ്ട്‌. “അവസാ​ന​കാ​ലത്ത്‌” വടക്കേ രാജാവ്‌ നടത്തുന്ന അന്തിമ​മായ സൈനി​ക​നീ​ക്ക​ത്തെ​ക്കു​റിച്ച്‌ ദാനി​യേൽ പറയുന്നു: “അവൻ, സമ്പൂർണ​നാ​ശം വിതയ്‌ക്കാ​നും അനേകരെ കൊന്നു​മു​ടി​ക്കാ​നും മഹാ​ക്രോ​ധ​ത്തോ​ടെ ഇറങ്ങി​ത്തി​രി​ക്കും.” വടക്കേ രാജാ​വി​ന്റെ മുഖ്യ​ല​ക്ഷ്യം യഹോ​വ​യു​ടെ ആരാധ​ക​രാണ്‌. c പക്ഷേ മാഗോ​ഗി​ലെ ഗോഗി​നെ​പ്പോ​ലെ​തന്നെ വടക്കേ രാജാ​വും ദൈവ​ജ​ന​ത്തിന്‌ എതി​രെ​യുള്ള ആക്രമ​ണ​ത്തിൽ പരാജയം രുചിച്ച്‌ ഒടുവിൽ “അന്തരി​ക്കും.”

9. മാഗോ​ഗി​ലെ ഗോഗി​നു സംഭവി​ക്കാ​നി​രി​ക്കു​ന്ന​തും ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാർക്കു’ സംഭവിക്കാനിരിക്കുന്നതും തമ്മിൽ എന്തു സമാന​ത​യാ​ണു​ള്ളത്‌?

9 ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാർ.’ (വെളി​പാട്‌ 16:14, 16; 17:14; 19:19, 20 വായി​ക്കുക.) ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ,’ ‘രാജാ​ക്ക​ന്മാ​രു​ടെ രാജാ​വായ’ യേശു​വിന്‌ എതിരെ നടത്തുന്ന ആക്രമ​ണ​ത്തെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌തകം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. എന്നാൽ സ്വർഗ​ത്തി​ലുള്ള യേശു​വി​നെ ആക്രമി​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ അവർ, ഭൂമി​യിൽ ആ രാജ്യത്തെ അനുകൂ​ലി​ക്കു​ന്ന​വരെ ആക്രമി​ക്കും. അർമ​ഗെ​ദോൻ യുദ്ധത്തിൽ ഭൂമി​യി​ലെ ആ രാജാ​ക്ക​ന്മാർ അമ്പേ പരാജ​യ​പ്പെ​ടും. യഹോ​വ​യു​ടെ ജനത്തിനു നേരെ ആക്രമ​ണ​ത്തി​നു മുതിർന്ന ശേഷമാ​യി​രി​ക്കും അവർ നശിക്കു​ന്ന​തെന്ന കാര്യം ശ്രദ്ധി​ക്കുക. മാഗോ​ഗി​ലെ ഗോഗി​നെ​ക്കു​റി​ച്ചും ഇതു​പോ​ലൊ​രു കാര്യ​മാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. d

10. മാഗോ​ഗി​ലെ ഗോഗി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​യി?

10 ഇതുവരെ ചർച്ച ചെയ്‌ത​തിൽനിന്ന്‌ ഗോഗി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​യി? ഒന്നാമ​താ​യി, ഗോഗ്‌ ഒരു ആത്മവ്യ​ക്തി​യല്ല. രണ്ടാമ​താ​യി, ഗോഗ്‌ എന്നതു പെട്ടെ​ന്നു​തന്നെ ദൈവ​ജ​നത്തെ ആക്രമി​ക്കാ​നി​രി​ക്കുന്ന ഭൂരാഷ്‌ട്ര​ങ്ങ​ളാണ്‌. സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ ആ രാഷ്‌ട്രങ്ങൾ സഖ്യം ചേർന്നാ​യി​രി​ക്കും ആക്രമണം നടത്തുക. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ദൈവ​ജനം ഭൂമി​യിൽ എല്ലായി​ട​ത്തു​മു​ള്ള​തു​കൊണ്ട്‌, ഒരേ ലക്ഷ്യത്തിൽ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ച്ചാ​ലേ രാഷ്‌ട്ര​ങ്ങൾക്ക്‌ അവരെ ആക്രമി​ക്കാ​നാ​കൂ. (മത്താ. 24:9) സംശയം വേണ്ടാ, സാത്താ​നാ​യി​രി​ക്കും ഈ ആക്രമ​ണ​ത്തി​ന്റെ സൂത്ര​ധാ​രൻ. സത്യാ​രാ​ധ​നയെ എതിർക്കാൻ അവൻ ലോക​രാഷ്‌ട്ര​ങ്ങളെ ഉപയോ​ഗി​ക്കാൻ തുടങ്ങി​യിട്ട്‌ നാളുകൾ ഏറെയാ​യി. (1 യോഹ. 5:19; വെളി. 12:17) എന്നാൽ മാഗോ​ഗി​ലെ ഗോഗി​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ പ്രാവ​ച​നി​ക​വാ​ക്കു​കൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നതു സാത്താ​നി​ലല്ല, മറിച്ച്‌ യഹോ​വ​യു​ടെ ജനത്തെ ആക്രമി​ക്കാ​നി​രി​ക്കുന്ന ഭൂരാഷ്‌ട്ര​ങ്ങ​ളിൽ ആണ്‌. e

“ദേശം”​—എന്താണ്‌ അത്‌?

11. ഗോഗ്‌ ആക്രമി​ക്കുന്ന ‘ദേശത്തെ’ യഹസ്‌കേൽപ്ര​വ​ചനം വർണി​ക്കു​ന്നത്‌ എങ്ങനെ?

11 യഹോവ അമൂല്യ​മാ​യി കാണുന്ന ഒരു ദേശം മാഗോ​ഗി​ലെ ഗോഗ്‌ ആക്രമി​ക്കു​മ്പോൾ യഹോ​വ​യു​ടെ ഉഗ്ര​കോ​പം ആളിക്ക​ത്തു​മെന്ന്‌  3-ാം ഖണ്ഡിക​യിൽ നമ്മൾ കണ്ടു. ഏതാണ്‌ ആ ദേശം? അത്‌ അറിയാൻ നമുക്ക്‌ യഹസ്‌കേൽ പ്രവച​ന​ത്തി​ലേക്ക്‌ ഒന്നു തിരികെ പോകാം. (യഹസ്‌കേൽ 38:8-12 വായി​ക്കുക.) ‘മടങ്ങി​വ​ന്ന​വ​രു​ടെ​യും’ ‘ജനതക​ളു​ടെ ഇടയിൽനിന്ന്‌ തിരികെ കൊണ്ടു​വ​ന്ന​വ​രു​ടെ​യും’ ദേശം ഗോഗ്‌ ആക്രമി​ക്കു​ന്ന​താ​യാണ്‌ അവിടെ പറയു​ന്നത്‌. ഇനി, ആ ദേശത്ത്‌ കഴിയുന്ന ശുദ്ധാ​രാ​ധ​ക​രെ​ക്കു​റിച്ച്‌ അത്‌ എന്താണു പറയു​ന്ന​തെന്നു ശ്രദ്ധി​ച്ചോ? അവർ “സുരക്ഷി​ത​രാ​യി കഴിയു​ന്നു” എന്നും “അവരുടെ ഗ്രാമ​ങ്ങൾക്കു മതിലു​ക​ളു​ടെ​യോ ഓടാ​മ്പ​ലു​ക​ളു​ടെ​യോ കവാട​ങ്ങ​ളു​ടെ​യോ സംരക്ഷ​ണ​മില്ല” എന്നും അവർ ‘ധനം സമ്പാദി​ച്ചു​കൂ​ട്ടു​ന്നു’ എന്നും ആണ്‌ അവിടെ കാണു​ന്നത്‌. ഭൂമി​യി​ലെ​ങ്ങും യഹോ​വയ്‌ക്കു ശുദ്ധാ​രാ​ധന അർപ്പി​ക്കു​ന്നവർ കഴിയുന്ന ഒരു ദേശമാണ്‌ അത്‌. എന്തു​കൊ​ണ്ടാ​ണു നമ്മൾ അങ്ങനെ പറയു​ന്നത്‌?

12. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഇസ്രാ​യേൽദേ​ശത്ത്‌ ഏതു പുനഃ​സ്ഥാ​പനം നടന്നു?

12 ദൈവം തിര​ഞ്ഞെ​ടുത്ത ജനം ഇസ്രാ​യേൽ ദേശ​ത്തേക്കു തിരികെ വന്ന സംഭവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ അതു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. നൂറ്റാ​ണ്ടു​ക​ളോ​ളം ഇസ്രാ​യേ​ല്യർ ആ ദേശത്ത്‌ താമസി​ക്കു​ക​യും ജോലി ചെയ്യു​ക​യും ആരാധന നടത്തു​ക​യും ചെയ്‌തി​രു​ന്ന​താണ്‌. എന്നാൽ പിന്നീട്‌ അവർ അവിശ്വസ്‌ത​രാ​യി​ത്തീർന്നു. അതു​കൊണ്ട്‌ അവരുടെ ദേശം നശിച്ച്‌, പാഴാ​യി​ക്കി​ട​ക്കു​മെന്ന്‌ യഹോവ യഹസ്‌കേ​ലി​ലൂ​ടെ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യഹ. 33:27-29) എന്നാൽ പശ്ചാത്താ​പ​മുള്ള ഒരു ശേഷിപ്പ്‌ പിൽക്കാ​ലത്ത്‌ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽനിന്ന്‌ തിരികെ എത്തു​മെ​ന്നും അവർ ആ ദേശത്ത്‌ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​മെ​ന്നും യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഇസ്രാ​യേൽദേശം “ഏദെൻ തോട്ടം​പോ​ലെ” ഫലപു​ഷ്ടി​യു​ള്ള​താ​കു​മാ​യി​രു​ന്നു. (യഹ. 36:34-36) ബി.സി. 537-ൽ ജൂത​പ്ര​വാ​സി​കൾ യരുശ​ലേ​മി​ലേക്കു മടങ്ങി​യെ​ത്തി​യ​പ്പോൾ ആ പുനഃ​സ്ഥാ​പ​ന​ത്തി​നു തുടക്ക​മാ​യി. തങ്ങൾ ഏറെ പ്രിയ​പ്പെ​ട്ടി​രുന്ന മാതൃ​ദേ​ശത്ത്‌ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം.

13, 14. (എ) എന്താണ്‌ ആത്മീയ​ദേശം? (ബി) ആ ദേശം യഹോ​വയ്‌ക്ക്‌ അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 ആധുനി​ക​കാ​ല​ത്തും യഹോ​വ​യു​ടെ ശുദ്ധാ​രാ​ധകർ സമാന​മായ ഒരു പുനഃ​സ്ഥാ​പ​ന​ത്തി​നു സാക്ഷ്യം വഹിച്ചി​ട്ടുണ്ട്‌. ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 9-ാം അധ്യാ​യ​ത്തിൽ പഠിച്ച​തു​പോ​ലെ, ഏറെ നാളു​ക​ളാ​യി ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തി​ലാ​യി​രുന്ന ദൈവ​ജനം 1919-ഓടെ സ്വത​ന്ത്ര​രാ​യി. തന്റെ ആരാധ​കരെ യഹോവ ആ വർഷം ഒരു ആത്മീയ​ദേ​ശ​ത്തേക്കു കൊണ്ടു​വന്നു. ആത്മീയ​പ​റു​ദീ​സ​യാണ്‌ ആ ദേശം. നമ്മൾ സത്യ​ദൈ​വത്തെ ആരാധി​ക്കുന്ന, ആത്മീയ​സ​മൃ​ദ്ധി​യും സുരക്ഷി​ത​ത്വ​വും ഉള്ള ഒരു അവസ്ഥ അഥവാ പ്രവർത്ത​ന​മ​ണ്ഡലം ആണ്‌ അത്‌. നമ്മൾ ഈ ദേശത്ത്‌, പ്രശാ​ന്ത​മായ മനസ്സോ​ടെ സുരക്ഷി​ത​രാ​യി ഒരുമിച്ച്‌ കഴിയു​ന്നു. (സുഭാ. 1:33) ഈ ദേശത്ത്‌ നമുക്കു സമൃദ്ധ​മായ ആത്മീയ​ഭ​ക്ഷണം ലഭിക്കു​ന്നുണ്ട്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ അറിയി​ക്കുക എന്ന സംതൃപ്‌തി​ക​ര​മായ ജോലി​യും നമുക്കുണ്ട്‌. “യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാണ്‌ ഒരാളെ സമ്പന്നനാ​ക്കു​ന്നത്‌; ദൈവം അതോ​ടൊ​പ്പം വേദന നൽകു​ന്നില്ല” എന്ന ജ്ഞാന​മൊ​ഴി എത്ര സത്യമാ​ണെന്നു നമ്മൾ ഓരോ​രു​ത്ത​രും അനുഭ​വി​ച്ച​റി​യു​ന്നു. (സുഭാ. 10:22) ഭൂമു​ഖത്ത്‌ എവി​ടെ​യാ​യി​രു​ന്നാ​ലും, വാക്കു​കൊ​ണ്ടും പ്രവൃ​ത്തി​കൊ​ണ്ടും ശുദ്ധാ​രാ​ധ​നയെ സജീവ​മാ​യി പിന്തു​ണയ്‌ക്കു​ന്നെ​ങ്കിൽ നമ്മൾ കഴിയു​ന്നത്‌ ആത്മീയ​പ​റു​ദീസ എന്ന ‘ദേശത്താ​ണെന്നു’ പറയാം.

14 ഈ ആത്മീയ​ദേശം യഹോ​വയ്‌ക്കു വളരെ അമൂല്യ​മാണ്‌. എന്താണു കാരണം? ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ ആ ദേശത്തെ ആളുകൾ ‘സകല ജനതക​ളിൽനി​ന്നു​മുള്ള അമൂല്യ​വസ്‌തു​ക്കൾ’ ആണ്‌, ശുദ്ധാ​രാ​ധ​ന​യി​ലേക്കു ദൈവം​തന്നെ ആകർഷി​ച്ചവർ. (ഹഗ്ഗാ. 2:7; യോഹ. 6:44) കൂടാതെ, ദൈവ​ത്തി​ന്റെ മഹനീ​യ​ഗു​ണ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കുന്ന പുതിയ വ്യക്തി​ത്വം ധരിക്കാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്ന​വ​രാണ്‌ അവർ. (എഫെ. 4:23, 24; 5:1, 2) ഇനി, ശുദ്ധാ​രാ​ധ​ക​രായ അവർ ദൈവ​സേ​വ​ന​ത്തി​നാ​യി തങ്ങളെ​ത്തന്നെ മുഴു​വ​നാ​യി വിട്ടു​കൊ​ടു​ക്കു​ന്ന​വ​രു​മാണ്‌. അതിലൂ​ടെ അവർ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ദൈവ​ത്തോ​ടുള്ള സ്‌നേഹം തെളി​യി​ക്കു​ക​യും ചെയ്യുന്നു. (റോമ. 12:1, 2; 1 യോഹ. 5:3) ഈ ആത്മീയ​ദേശം കൂടുതൽ മനോ​ഹ​ര​മാ​ക്കാൻ തന്റെ ആരാധകർ ആത്മാർഥ​മാ​യി പരി​ശ്ര​മി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വയ്‌ക്ക്‌ എത്രമാ​ത്രം സന്തോഷം തോന്നു​മെ​ന്നോ! ഓർക്കുക: ശുദ്ധാ​രാ​ധ​നയ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​മ്പോൾ നിങ്ങൾ ആത്മീയ​പ​റു​ദീ​സ​യു​ടെ മനോ​ഹാ​രിത വർധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യു​മാണ്‌.​—സുഭാ. 27:11.

ഭൂമുഖത്ത്‌ എവി​ടെ​യാ​യി​രു​ന്നാ​ലും, ശുദ്ധാ​രാ​ധ​നയെ സജീവ​മാ​യി പിന്തു​ണയ്‌ക്കു​ന്നെ​ങ്കിൽ നമ്മൾ ആത്മീയ​ദേ​ശ​ത്താണ്‌ (13, 14 ഖണ്ഡികകൾ കാണുക)

ആ ദേശം​—ഗോഗ്‌ അതിനെ ആക്രമി​ക്കു​ന്നത്‌ എപ്പോൾ, എന്തു​കൊണ്ട്‌, എങ്ങനെ?

15, 16. മാഗോ​ഗി​ലെ ഗോഗ്‌ നമ്മുടെ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ആത്മീയ​ദേശം ആക്രമി​ക്കു​ന്നത്‌ എപ്പോൾ?

15 പെട്ടെ​ന്നു​തന്നെ ഭൂമി​യി​ലെ രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു സഖ്യം നമ്മുടെ അമൂല്യ​മായ ആത്മീയ​ദേ​ശത്തെ ആക്രമി​ക്കും. വളരെ ഗൗരവ​മുള്ള ഒരു കാര്യ​മാണ്‌ അത്‌. യഹോ​വയ്‌ക്കു ശുദ്ധാ​രാ​ധന അർപ്പി​ക്കുന്ന നമ്മളെ ഈ ആക്രമണം ബാധി​ക്കു​ന്ന​തു​കൊണ്ട്‌ അതി​നെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ നമ്മൾ അറി​യേ​ണ്ട​തുണ്ട്‌. ഇതെക്കു​റിച്ച്‌ നമ്മുടെ മനസ്സിൽ ഉയർന്നു​വ​ന്നേ​ക്കാ​വുന്ന മൂന്നു ചോദ്യ​ങ്ങൾ ഇപ്പോൾ നോക്കാം.

16 മാഗോ​ഗി​ലെ ഗോഗ്‌ നമ്മുടെ ആത്മീയ​ദേശം ആക്രമി​ക്കു​ന്നത്‌ എപ്പോ​ഴാണ്‌? “അവസാ​ന​വർഷ​ങ്ങ​ളിൽ (നീ) ആക്രമി​ക്കും” എന്നാണു പ്രവചനം പറയു​ന്നത്‌. (യഹ. 38:8) അതു നടക്കു​ന്നത്‌ ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തോട്‌ അടുത്ത ഒരു സമയത്താ​യി​രി​ക്കും എന്ന്‌ ഈ തിരു​വെ​ഴു​ത്തു സൂചി​പ്പി​ക്കു​ന്നു. വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ ബാബി​ലോൺ എന്ന മഹതി​യു​ടെ നാശ​ത്തോ​ടെ​യാ​യി​രി​ക്കും മഹാകഷ്ടത തുടങ്ങു​ന്നത്‌ എന്ന്‌ ഓർക്കുക. അതു​കൊണ്ട്‌, വ്യാജ​മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ നാശത്തി​നും അർമ​ഗെ​ദോൻ തുടങ്ങു​ന്ന​തി​നും ഇടയ്‌ക്കുള്ള ഒരു സമയത്താ​യി​രി​ക്കും ഗോഗ്‌ സത്യാ​രാ​ധ​ക​രു​ടെ നേരെ സർവശ​ക്തി​യു​മെ​ടുത്ത്‌ അന്തിമ​മായ ആക്രമണം അഴിച്ചു​വി​ടു​ന്നത്‌.

17, 18. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ കൈ കാര്യ​ങ്ങളെ നയിക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

17 ശുദ്ധാ​രാ​ധ​ക​രു​ടെ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ദേശം ഗോഗ്‌ ആക്രമി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹസ്‌കേൽപ്ര​വ​ചനം രണ്ടു കാരണങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു: ഒന്നാമ​ത്തേത്‌, യഹോ​വ​യു​ടെ കൈ; രണ്ടാമ​ത്തേത്‌, ഗോഗി​ന്റെ ദുഷ്ടല​ക്ഷ്യം.

18 യഹോ​വ​യു​ടെ കൈ. (യഹസ്‌കേൽ 38:4, 16 വായി​ക്കുക.) “ഞാൻ നിന്നെ . . . താടി​യെ​ല്ലിൽ കൊളു​ത്തിട്ട്‌,” “എന്റെ ദേശത്തിന്‌ എതിരെ വരുത്തും” എന്ന്‌ യഹോവ ഗോഗി​നോ​ടു പറയു​ന്നതു ശ്രദ്ധി​ച്ചോ? തന്റെ ആരാധ​കരെ ആക്രമി​ക്കാൻ യഹോവ രാഷ്‌ട്ര​ങ്ങ​ളു​ടെ മേൽ സമ്മർദം ചെലു​ത്തു​മെ​ന്നാ​ണോ ഇതിന്റെ അർഥം? ഒരിക്ക​ലു​മല്ല! തന്റെ ജനത്തിന്‌ യഹോവ ഒരിക്ക​ലും ഒരു അനർഥ​വും വരുത്തില്ല. (ഇയ്യോ. 34:12) പക്ഷേ തന്റെ ശത്രു​ക്കളെ നന്നായി അറിയാ​വു​ന്ന​വ​നാണ്‌ യഹോവ. അവർ ശുദ്ധാ​രാ​ധ​കരെ വെറു​ക്കു​മെ​ന്നും അവരെ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കാൻ കിട്ടുന്ന ഒരു അവസര​വും പാഴാ​ക്കാൻ അവർക്കു തോന്നി​ല്ലെ​ന്നും യഹോ​വയ്‌ക്ക്‌ അറിയാം. (1 യോഹ. 3:13) തന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലും തന്റെ സമയപ്പ​ട്ടി​ക​യ​നു​സ​രി​ച്ചും സംഭവങ്ങൾ ഉരുത്തി​രി​യാൻ യഹോവ കാര്യ​ങ്ങളെ നയിക്കും. ഇത്‌ ഒരു ആലങ്കാ​രി​കാർഥ​ത്തിൽ യഹോവ ഗോഗി​ന്റെ താടി​യെ​ല്ലിൽ കൊളു​ത്തിട്ട്‌ കൊണ്ടു​പോ​കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. ബാബി​ലോൺ എന്ന മഹതി​യു​ടെ നാശത്തി​നു ശേഷമുള്ള ഒരു സമയത്താ​യി​രി​ക്കും ഇതു സംഭവി​ക്കുക. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ സമയത്ത്‌, രാഷ്‌ട്ര​ങ്ങ​ളു​ടെ മനസ്സിൽ അപ്പോൾത്തന്നെ ഉള്ള ഒരു കുടി​ല​പ​ദ്ധതി നടപ്പാ​ക്കാൻ യഹോവ ഏതോ ഒരു വിധത്തിൽ അവരെ പ്രലോ​ഭി​പ്പി​ക്കും. അങ്ങനെ ഭൂമി കണ്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധമായ അർമ​ഗെ​ദോ​നു തിരി കൊളു​ത്തുന്ന ഒരു ആക്രമ​ണ​ത്തിന്‌ യഹോവ കളമൊ​രു​ക്കും. ഒടുവിൽ യഹോവ തന്റെ ജനത്തെ വിടു​വി​ക്കു​ക​യും തന്റെ പരമാ​ധി​കാ​രത്തെ മഹത്ത്വീ​ക​രി​ക്കു​ക​യും തന്റെ പരിശു​ദ്ധ​നാ​മത്തെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യും.​—യഹ. 38:23.

ശുദ്ധാരാധനയോടും അതിനെ പിന്തു​ണയ്‌ക്കു​ന്ന​വ​രോ​ടും ഉള്ള വെറുപ്പുകൊണ്ട്‌ രാഷ്‌ട്രങ്ങൾ ശുദ്ധാരാധനയ്‌ക്കു തടയിടാൻ ശ്രമി​ക്കും

19. നമ്മളിൽനിന്ന്‌ ശുദ്ധാ​രാ​ധന കവർന്നെ​ടു​ക്കാൻ ഗോഗി​നെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

19 ഗോഗി​ന്റെ ദുഷ്ടല​ക്ഷ്യം. രാഷ്‌ട്രങ്ങൾ “ഒരു കുതന്ത്രം മനയും.” ഏറെ നാളു​ക​ളാ​യി യഹോ​വ​യു​ടെ ആരാധ​കർക്കെ​തി​രെ അവർ മനസ്സിൽ കൊണ്ടു​നടന്ന പകയും വെറു​പ്പും അന്നു പുറത്ത്‌ വരും. യഹോ​വ​യു​ടെ ആരാധകർ ‘മതിലു​ക​ളു​ടെ​യോ ഓടാ​മ്പ​ലു​ക​ളു​ടെ​യോ കവാട​ങ്ങ​ളു​ടെ​യോ സംരക്ഷ​ണ​മി​ല്ലാ​തെ’ കഴിയു​ന്ന​തു​കൊണ്ട്‌ അവരെ എളുപ്പം കീഴട​ക്കാ​മെ​ന്നാ​യി​രി​ക്കും അവരുടെ ചിന്ത. വളരെ​യ​ധി​കം ‘ധനം സമ്പാദി​ച്ചു​കൂ​ട്ടുന്ന’ അവരുടെ സ്വത്ത്‌ ‘ഒരു വൻകൊള്ള നടത്തി’ കവർന്നെ​ടു​ക്കാൻ രാഷ്‌ട്രങ്ങൾ വ്യഗ്രത കാട്ടും. (യഹ. 38:10-12) അവർ കവരാൻ നോക്കുന്ന ആ ധനം ഏതാണ്‌? യഹോ​വ​യു​ടെ ജനത്തിന്റെ അളവറ്റ ആത്മീയ​ധനം! നമ്മൾ യഹോ​വയ്‌ക്കു മാത്രം അർപ്പി​ക്കുന്ന ശുദ്ധാ​രാ​ധ​ന​യാ​ണു നമ്മുടെ ഏറ്റവും വില​യേ​റിയ സ്വത്ത്‌. രാഷ്‌ട്രങ്ങൾ നമ്മളിൽനിന്ന്‌ ശുദ്ധാ​രാ​ധന കവർന്നെ​ടു​ക്കാൻ നോക്കു​ന്നത്‌ അവർ അതിനെ അമൂല്യ​മാ​യി കാണു​ന്ന​തു​കൊ​ണ്ടല്ല, മറിച്ച്‌ ശുദ്ധാ​രാ​ധ​ന​യോ​ടും അതിനെ പിന്തു​ണയ്‌ക്കു​ന്ന​വ​രോ​ടും ഉള്ള വെറു​പ്പു​കൊ​ണ്ടാണ്‌.

ശുദ്ധാരാധനയെ തുടച്ചു​നീ​ക്കാ​നുള്ള ഗോഗി​ന്റെ “കുതന്ത്രം” വിഫല​മാ​കും (19-ാം ഖണ്ഡിക കാണുക)

20. ഗോഗ്‌, ആത്മീയ​ദേശം അഥവാ ആത്മീയ​പ​റു​ദീസ ആക്രമി​ക്കു​ന്നത്‌ എങ്ങനെ?

20 ഗോഗ്‌, ആത്മീയ​ദേശം അഥവാ ആത്മീയ​പ​റു​ദീസ ആക്രമി​ക്കു​ന്നത്‌ എങ്ങനെ? നമ്മുടെ ക്രിസ്‌തീയ ജീവി​ത​രീ​തി​യെ താറു​മാ​റാ​ക്കാ​നും നമ്മുടെ ആരാധ​നയ്‌ക്കു തടയി​ടാ​നും രാഷ്‌ട്രങ്ങൾ തുനി​ഞ്ഞേ​ക്കാം. അതിനാ​യി അവർ, ആത്മീയ​ഭ​ക്ഷ​ണ​ത്തി​ന്റെ ഒഴുക്കു തടയാ​നും ആരാധ​നയ്‌ക്കാ​യി ഒരുമി​ച്ചു​കൂ​ടു​ന്ന​തി​നു തടസ്സം സൃഷ്ടി​ക്കാ​നും നമ്മുടെ ഇടയിലെ ഐക്യം തകർക്കാ​നും ദൈവ​ത്തിൽനി​ന്നുള്ള സന്ദേശം ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ക്കു​ന്നതു നിറു​ത്ത​ലാ​ക്കാ​നും ശ്രമി​ച്ചേ​ക്കാം. ഇവയൊ​ക്കെ ആത്മീയ​പ​റു​ദീ​സ​യു​ടെ ഘടകങ്ങ​ളാ​ണെന്ന്‌ ഓർക്കുക. സാത്താന്റെ പ്രലോ​ഭ​ന​ത്തി​നു വശംവ​ദ​രാ​യി സത്യാ​രാ​ധ​ക​രെ​യും സത്യാ​രാ​ധ​ന​യെ​യും ഈ ഭൂമി​യിൽനിന്ന്‌ ഉന്മൂലനം ചെയ്യാൻ രാഷ്‌ട്രങ്ങൾ ശ്രമി​ക്കും.

21. തൊട്ടു​മു​ന്നിൽ അരങ്ങേ​റാ​നി​രി​ക്കുന്ന സംഭവ​ത്തെ​ക്കു​റിച്ച്‌ യഹോവ മുന്നറി​യി​പ്പു തന്നിരി​ക്കു​ന്ന​തിൽ നമുക്ക്‌ നന്ദിയു​ള്ളത്‌ എന്തു​കൊണ്ട്‌?

21 മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമണം, ദൈവം തന്നിരി​ക്കുന്ന ആത്മീയ​ദേ​ശത്ത്‌ കഴിയുന്ന എല്ലാ സത്യാ​രാ​ധ​ക​രെ​യും ബാധി​ക്കും. തൊട്ടു​മു​ന്നിൽ അരങ്ങേ​റാ​നി​രി​ക്കുന്ന ആ സംഭവ​ത്തെ​ക്കു​റിച്ച്‌ യഹോവ മുന്നറി​യി​പ്പു തന്നിരി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! മഹാക​ഷ്ട​തയെ കാത്തി​രി​ക്കുന്ന നമുക്ക്‌, ശുദ്ധാ​രാ​ധ​നയെ പിന്തു​ണയ്‌ക്കാ​നും അതിനു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാ​നും ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. അതുവഴി, പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഈ ആത്മീയ​ദേ​ശ​ത്തി​ന്റെ മനോ​ഹാ​രിത നമ്മൾ വർധി​പ്പി​ക്കു​ക​യാ​യി​രി​ക്കും. സമീപ​ഭാ​വി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന അത്യത്ഭു​ത​ക​ര​മായ ഒരു കാര്യ​ത്തി​നു സാക്ഷ്യം വഹിക്കാ​നും നമുക്ക്‌ അവസരം കിട്ടും. എന്താണ്‌ അത്‌? അർമ​ഗെ​ദോൻ യുദ്ധത്തിൽ യഹോവ തന്റെ ജനത്തി​നു​വേ​ണ്ടി​യും തന്റെ പരിശു​ദ്ധ​നാ​മ​ത്തി​നു വേണ്ടി​യും നില​കൊ​ള്ളു​ന്നതു നമ്മൾ സ്വന്തക​ണ്ണാൽ കാണും. അതി​നെ​ക്കു​റി​ച്ചാണ്‌ അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ പഠിക്കു​ന്നത്‌.

a മാഗോ​ഗി​ലെ ഗോഗിന്‌ എതിരെ യഹോ​വ​യു​ടെ ഉഗ്ര​കോ​പം കത്തിക്കാ​ളു​ന്നത്‌ എപ്പോൾ, എങ്ങനെ ആയിരി​ക്കു​മെ​ന്നും ശുദ്ധാ​രാ​ധ​കരെ അത്‌ എങ്ങനെ ബാധി​ക്കു​മെ​ന്നും ഈ പുസ്‌ത​ക​ത്തി​ന്റെ അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

b 2015 മെയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 29-30 പേജു​ക​ളി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

c ദാനി​യേൽ 11:45-ൽ വടക്കേ രാജാവ്‌ “മഹാസ​മു​ദ്ര​ത്തി​നും (മെഡി​റ്റ​റേ​നി​യൻ) അലങ്കാ​ര​മായ വിശു​ദ്ധ​പർവ​ത​ത്തി​നും (ദേവാ​ലയം സ്ഥിതി​ചെയ്‌തി​രു​ന്ന​തും ദൈവ​ജനം ആരാധന നടത്തി​യി​രു​ന്ന​തും ഇവി​ടെ​യാണ്‌.) ഇടയിൽ . . . തന്റെ രാജകീ​യ​കൂ​ടാ​രങ്ങൾ സ്ഥാപി​ക്കും” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അവൻ ദൈവ​ജ​നത്തെ ലക്ഷ്യം വെക്കു​മെന്നു സൂചി​പ്പി​ക്കു​ന്നു.

d ദൈവ​ജ​നത്തെ തുടച്ചു​നീ​ക്കുക എന്ന ലക്ഷ്യത്തിൽ ആധുനി​ക​കാല “അസീറി​യ​ക്കാർ” നടത്തുന്ന ആക്രമ​ണ​ത്തെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. (മീഖ 5:5) ദൈവ​ജ​ന​ത്തിന്‌ എതിരെ മാഗോ​ഗി​ലെ ഗോഗ്‌, വടക്കേ രാജാവ്‌, ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ, അസീറി​യ​ക്കാർ എന്നിവർ നടത്തു​ന്ന​താ​യി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന നാല്‌ ആക്രമ​ണ​ങ്ങ​ളും വാസ്‌ത​വ​ത്തിൽ ഒരേ ആക്രമ​ണ​ത്തി​ന്റെ​തന്നെ പല പേരു​ക​ളാ​യി​രി​ക്കാം.

e വെളി​പാട്‌ 20:7-9-ൽ പറഞ്ഞി​രി​ക്കുന്ന ‘ഗോഗും മാഗോ​ഗും’ ആരാ​ണെന്ന്‌ അറിയാൻ ഈ പുസ്‌ത​ക​ത്തി​ന്റെ 22-ാം അധ്യായം കാണുക.