അധ്യായം 20
‘ദേശം വീതംവെച്ച് അവകാശം കൊടുക്കുക’
മുഖ്യവിഷയം: ദേശം വിഭാഗിക്കുന്നതിന്റെ അർഥം
1, 2. (എ) യഹോവ യഹസ്കേലിന് എന്തു നിർദേശം കൊടുത്തു? (ബി) നമ്മൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
ആ ദർശനം കണ്ടപ്പോൾ യഹസ്കേലിന്റെ മനസ്സ് ഏതാണ്ട് 900 വർഷം പിന്നിലേക്ക്, മോശയുടെയും യോശുവയുടെയും കാലത്തേക്ക്, സഞ്ചരിച്ചുകാണും! അന്ന് യഹോവ മോശയ്ക്കു വാഗ്ദത്തദേശത്തിന്റെ അതിർത്തികൾ വിശദീകരിച്ചുകൊടുത്തതിനെക്കുറിച്ചും പിന്നീട് യോശുവയോട് ആ ദേശം ഓരോ ഇസ്രായേൽഗോത്രത്തിനും എങ്ങനെ വിഭാഗിച്ചുകൊടുക്കണമെന്നു പറഞ്ഞതിനെക്കുറിച്ചും യഹസ്കേൽ ഓർത്തിരിക്കാം. (സംഖ്യ 34:1-15; യോശു. 13:7; 22:4, 9) എന്നാൽ ഇപ്പോൾ വർഷം ബി.സി. 593! വീണ്ടും ഒരിക്കൽക്കൂടി വാഗ്ദത്തദേശം ഇസ്രായേൽഗോത്രങ്ങൾക്കു വിഭാഗിച്ചുകൊടുക്കാൻ യഹോവ യഹസ്കേലിനോടും മറ്റു പ്രവാസികളോടും ആവശ്യപ്പെടുകയാണ്.—യഹ. 45:1; 47:14; 48:29.
2 ഈ ദർശനം യഹസ്കേലിനും മറ്റു പ്രവാസികൾക്കും എന്തു സന്ദേശമാണു നൽകിയത്? ഇന്നത്തെ ദൈവജനത്തിന് അതു പ്രോത്സാഹനം പകരുന്നത് എങ്ങനെയാണ്? ഭാവിയിൽ ഈ ദർശനത്തിനു വലിയൊരു നിവൃത്തിയുണ്ടാകുമോ?
ദർശനവും നാല് ഉറപ്പുകളും
3, 4. (എ) യഹസ്കേലിന്റെ അവസാനദർശനം പ്രവാസികൾക്കു നൽകിയ നാല് ഉറപ്പുകൾ ഏതെല്ലാമാണ്? (ബി) ഏത് ഉറപ്പിനെക്കുറിച്ചാണ് ഈ അധ്യായത്തിൽ നമ്മൾ കാണാൻപോകുന്നത്?
3 യഹസ്കേലിനു ലഭിച്ച അവസാനദർശനമാണ് അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒൻപത് അധ്യായങ്ങളുടെ പ്രമേയം. (യഹ. 40:1–48:35) അതിൽ പ്രവാസികൾക്കു പ്രോത്സാഹനം പകരുന്ന നാല് ഉറപ്പുകളുണ്ടായിരുന്നു, മാതൃദേശത്ത് തിരികെ എത്തുന്ന ഇസ്രായേൽ ജനതയുടെ കാര്യത്തിൽ നിറവേറുന്ന നാല് ഉറപ്പുകൾ! ഏതെല്ലാമായിരുന്നു അവ? ഒന്ന്, ദേവാലയത്തിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടും. രണ്ട്, മടങ്ങിയെത്തിയ ഇസ്രായേൽ ജനതയെ നയിക്കാൻ നീതിമാന്മാരായ പുരോഹിതന്മാരും ഇടയന്മാരും ഉണ്ടായിരിക്കും. മൂന്ന്, ഇസ്രായേലിലേക്കു മടങ്ങിയെത്തുന്ന എല്ലാവർക്കും ആ ദേശത്ത് ഒരു ഓഹരി അവകാശമായി ലഭിക്കും. നാല്, യഹോവ വീണ്ടും അവരുടെകൂടെ കഴിയും, അഥവാ എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കും.
4 ഇതിൽ, ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും നീതിമാന്മാരായ ഇടയന്മാരുടെ നേതൃത്വത്തെക്കുറിച്ചും ഉള്ള ആദ്യത്തെ രണ്ട് ഉറപ്പുകൾ നിറവേറുന്നത് എങ്ങനെയെന്ന് ഈ പ്രസിദ്ധീകരണത്തിന്റെ 13-ഉം 14-ഉം അധ്യായങ്ങളിൽ നമ്മൾ കണ്ടിരുന്നു. ഈ അധ്യായത്തിൽ, ദേശം അവകാശമായി നൽകുന്നതിനെക്കുറിച്ചുള്ള മൂന്നാമത്തെ ഉറപ്പിനെപ്പറ്റിയാണു കാണാൻപോകുന്നത്. അടുത്ത അധ്യായത്തിൽ യഹോവയുടെ സാന്നിധ്യത്തെ സംബന്ധിച്ച വാഗ്ദാനത്തെക്കുറിച്ചും നമ്മൾ പഠിക്കും.—യഹ. 47:13-21; 48:1-7, 23-29.
‘ഈ ദേശം നിങ്ങൾക്ക് അവകാശമായി വീതിച്ചുകിട്ടിയിരിക്കുന്നു’
5, 6. (എ) ഏതു പ്രദേശം വീതിച്ചുകൊടുക്കുന്നതിനെക്കുറിച്ചാണ് യഹസ്കേലിന്റെ ദർശനത്തിൽ പറഞ്ഞത്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) ദേശം വീതിച്ചുകൊടുക്കുന്നതിനെക്കുറിച്ചുള്ള ദർശനം നൽകിയത് എന്തിനായിരുന്നു?
5 യഹസ്കേൽ 47:14 വായിക്കുക. പെട്ടെന്നുതന്നെ “ഏദെൻ തോട്ടംപോലെ” ആകാനിരിക്കുന്ന ഒരു പ്രദേശം, യഹോവ ആ ദർശനത്തിൽ യഹസ്കേലിനു കാണിച്ചുകൊടുത്തു. (യഹ. 36:35) എന്നിട്ട് പറഞ്ഞു: “ഈ പ്രദേശമാണ് 12 ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശഭൂമിയായി നിങ്ങൾ വീതിച്ചുകൊടുക്കേണ്ടത്.” (യഹ. 47:13) ‘ഈ പ്രദേശം’ എന്ന് യഹോവ പറഞ്ഞത്, പ്രവാസികൾ മടങ്ങിച്ചെല്ലാനിരിക്കുന്ന ഇസ്രായേൽദേശത്തെക്കുറിച്ചായിരുന്നു. തുടർന്ന്, യഹസ്കേൽ 47:15-21 വരെയുള്ള വാക്യങ്ങളിൽ ആ ദേശത്തിന്റെ നാല് അതിരിന്റെയും സൂക്ഷ്മമായ വിശദാംശങ്ങൾ യഹോവ വിവരിക്കുന്നതു കാണാം.
6 ദേശം വീതിച്ചുകൊടുക്കുന്നതിനെക്കുറിച്ചുള്ള ദർശനം നൽകിയത് എന്തിനായിരുന്നു? കൃത്യമായി അളന്നുതിരിച്ച അതിർത്തികളെക്കുറിച്ചുള്ള വിവരണം യഹസ്കേലിനും മറ്റു പ്രവാസികൾക്കും ഒരു ഉറപ്പേകി: അവരുടെ പ്രിയപ്പെട്ട മാതൃദേശം അവർക്ക് എന്തായാലും തിരികെ കിട്ടും! ഒന്ന് ആലോചിച്ചുനോക്കൂ, ഇത്രയേറെ വിശദാംശങ്ങൾ അടങ്ങിയ യഹോവയുടെ ആ വാക്കുകൾ പ്രവാസികൾക്ക് എത്ര പ്രോത്സാഹനം പകർന്നുകാണും! എന്നാൽ പുരാതനകാലത്തെ ദൈവജനത്തിനു ശരിക്കും ആ ദേശത്ത് ഒരു ഓഹരി അവകാശമായി കിട്ടിയോ? തീർച്ചയായും!
7. (എ) ബി.സി. 537-ൽ എന്തു സംഭവിക്കാൻതുടങ്ങി, അതിന് എന്തുമായി സമാനതയുണ്ട്? (ബി) ഏതു ചോദ്യമാണു നമ്മൾ ആദ്യം പരിചിന്തിക്കാൻപോകുന്നത്?
7 യഹസ്കേലിന് ഈ ദർശനം കിട്ടി ഏതാണ്ട് 56 വർഷത്തിനു ശേഷം, ബി.സി. 537-ൽ ആയിരക്കണക്കിനു പ്രവാസികൾ ഇസ്രായേൽ ദേശത്തേക്കു മടങ്ങിവന്ന് അവിടെ താമസമാക്കാൻതുടങ്ങി. പണ്ടു നടന്ന ശ്രദ്ധേയമായ ആ സംഭവങ്ങൾക്ക്, ആധുനികകാലത്തെ ദൈവജനത്തിന് ഇടയിൽ നടക്കുന്ന ഒരു സംഭവവികാസവുമായി സമാനതയുണ്ട്. കാരണം, ഒരർഥത്തിൽ അവർക്കും ഒരു ദേശം അവകാശമായി കിട്ടി. എങ്ങനെ? ഒരു ആത്മീയദേശത്ത് പ്രവേശിച്ച് അവിടെ താമസമാക്കാൻ യഹോവ തന്റെ ദാസന്മാരെ അനുവദിച്ചിരിക്കുന്നു. ഇങ്ങനെയൊരു സമാനതയുള്ളതുകൊണ്ടുതന്നെ, പുരാതനകാലത്ത് ഇസ്രായേല്യർ വാഗ്ദത്തദേശത്ത് തിരികെ എത്തിയ സംഭവത്തെക്കുറിച്ച് പഠിച്ചാൽ, ഇക്കാലത്തെ ആത്മീയദേശത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചും നമുക്കു ധാരാളം കാര്യങ്ങൾ മനസ്സിലാക്കാനാകും. എന്നാൽ അതെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു മുമ്പ് നമുക്കു മറ്റൊരു ചോദ്യത്തിന് ഉത്തരം കിട്ടണം: “അങ്ങനെയൊരു ആത്മീയദേശം ഇന്നു ശരിക്കും നിലവിലുണ്ടോ?”
8. (എ) യഹോവ ജഡിക ഇസ്രായേൽ ജനതയ്ക്കു പകരം ഏതു ജനതയെ തിരഞ്ഞെടുത്തു? (ബി) ആത്മീയദേശം അഥവാ ആത്മീയപറുദീസ എന്നാൽ എന്താണ്? (സി) അതു നിലവിൽ വന്നത് എന്നാണ്, അവിടെ താമസിക്കുന്നത് ആരാണ്?
8 ഇസ്രായേല്യർ മാതൃദേശത്ത് തിരികെ എത്തുന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾക്കു ഭാവിയിൽ വലിയൊരു നിവൃത്തിയുണ്ടാകുമെന്ന്, മുമ്പ് യഹസ്കേലിനു നൽകിയ ഒരു ദർശനത്തിൽ യഹോവ സൂചിപ്പിച്ചിരുന്നു. തന്റെ ‘ദാസനായ ദാവീദ്,’ അഥവാ യേശുക്രിസ്തു രാജാവായി ഭരിക്കാൻ തുടങ്ങിയശേഷമായിരിക്കും അതു സംഭവിക്കുകയെന്നാണ് യഹോവയുടെ വാക്കുകൾ സൂചിപ്പിച്ചത്. (യഹ. 37:24) എ.ഡി. 1914-ലാണു യേശു ഭരണം തുടങ്ങിയത്. അതിന് ഏറെ മുമ്പുതന്നെ യഹോവ ജഡിക ഇസ്രായേലിനു പകരം ആത്മീയ ഇസ്രായേലിനെ ദൈവജനമായി തിരഞ്ഞെടുത്തിരുന്നു. ആത്മാഭിഷിക്തക്രിസ്ത്യാനികളായിരുന്നു അതിലെ അംഗങ്ങൾ. (മത്തായി 21:43; 1 പത്രോസ് 2:9 വായിക്കുക.) എന്നാൽ യഹോവ ജഡിക ഇസ്രായേൽ ജനതയ്ക്കു പകരം ആത്മീയ ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതുപോലെതന്നെ പുരാതന ഇസ്രായേൽ ദേശത്തിനു പകരം പുതിയൊരു ആത്മീയദേശം (അഥവാ ഒരു ആത്മീയപറുദീസ) സ്ഥാപിച്ചു. (യശ. 66:8) ഈ ആത്മീയദേശം എന്താണെന്ന് നമ്മൾ ഈ പ്രസിദ്ധീകരണത്തിന്റെ 17-ാം അധ്യായത്തിൽ കണ്ടിരുന്നല്ലോ. ആത്മീയാർഥത്തിൽ സുരക്ഷിതത്വമുള്ള ഒരു അവസ്ഥ അഥവാ പ്രവർത്തനമണ്ഡലം ആണ് അത്. ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്തർ 1919 മുതൽ ഈ ആത്മീയദേശത്ത് യഹോവയെ ആരാധിച്ചുപോരുന്നു. (“എന്തുകൊണ്ട് 1919?” എന്ന ചതുരം 9ബി കാണുക.) കാലം കടന്നുപോയതോടെ ഭൗമികപ്രത്യാശയുള്ള “വേറെ ആടുകളും” ഈ ആത്മീയദേശത്ത് താമസമാക്കാൻതുടങ്ങി. (യോഹ. 10:16) ആത്മീയപറുദീസ ഇന്നും വളർന്നുവികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അതിന്റെ അനുഗ്രഹങ്ങൾ നമുക്കു മുഴുവനായി ലഭ്യമാകുന്നത് അർമഗെദോനു ശേഷം മാത്രമായിരിക്കും.
ദേശം തുല്യമായി കൃത്യതയോടെ അളന്നുതിരിക്കുന്നു
9. ദേശം വീതംവെക്കുന്നതിനെക്കുറിച്ച് യഹോവ വിശദമായ എന്തെല്ലാം നിർദേശങ്ങൾ നൽകി?
9 യഹസ്കേൽ 48:1, 28 വായിക്കുക. ദേശത്തിന്റെ നാല് അതിരുകളും നിർണയിച്ചശേഷം ആ ദേശം 12 ഗോത്രങ്ങൾക്ക് എങ്ങനെ വീതംവെക്കണമെന്ന് യഹോവ വിശദമായി പറഞ്ഞുകൊടുത്തു. ഓരോ ഗോത്രത്തിനും തുല്യമായ ഓഹരി കിട്ടുന്ന വിധത്തിൽ, ദേശം വടക്കുമുതൽ തെക്കുവരെ കൃത്യതയോടെ അളന്നുതിരിക്കാൻ യഹോവ നിർദേശിച്ചു. വടക്കേ അറ്റത്ത് ദാൻ ഗോത്രത്തിനും തെക്കേ അറ്റത്ത് ഗാദ് ഗോത്രത്തിനും ഓഹരി ലഭിക്കുന്ന വിധത്തിൽ വേണമായിരുന്നു ദേശം വീതിക്കാൻ. ഓരോ ഗോത്രത്തിന്റെയും ഓഹരി ദേശത്തിന്റെ കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിരായ മഹാസമുദ്രം അഥവാ മെഡിറ്ററേനിയൻ കടൽവരെ നീണ്ടുകിടന്നു.—യഹ. 47:20.
10. ദർശനത്തിന്റെ ഈ ഭാഗം പ്രവാസികൾക്ക് എന്തെല്ലാം ഉറപ്പേകിയിരിക്കാം?
10 ദർശനത്തിന്റെ ഈ ഭാഗം പ്രവാസികൾക്ക് എന്തെല്ലാം ഉറപ്പേകിയിരിക്കാം? ദേശം വീതംവെക്കുന്നതിനെക്കുറിച്ച് യഹസ്കേൽ നൽകിയ വിശദമായ വർണനയിൽനിന്ന് പ്രവാസികൾക്ക് ഒരു കാര്യം വ്യക്തമായിക്കാണും: ദേശം അളന്നുതിരിക്കുന്നതു വളരെ സുസംഘടിതമായ ഒരു പരിപാടിയായിരിക്കും. 12 ഗോത്രങ്ങൾക്കും ദേശം കൃത്യമായി വീതിച്ചുകൊടുത്തു എന്ന വിശദാംശം അവർക്കു മറ്റൊരു കാര്യത്തിലും ഉറപ്പു നൽകി: സ്വന്തദേശത്ത് തിരികെ എത്തുന്ന എല്ലാ പ്രവാസികൾക്കും അവിടെ തീർച്ചയായും ഒരു ഓഹരി ലഭിക്കും. മടങ്ങിവരുന്ന ആർക്കും ഭൂരഹിതരോ ഭവനരഹിതരോ ആയി കഴിയേണ്ടിവരില്ല.
11. ദേശം വീതംവെക്കുന്നതിനെക്കുറിച്ചുള്ള പ്രാവചനികദർശനത്തിൽനിന്ന് എന്തെല്ലാം പാഠങ്ങളാണു നമുക്കു പഠിക്കാനുള്ളത്? (“ദേശം വിഭാഗിക്കുന്നു” എന്ന ചതുരം കാണുക.)
11 ഈ ദർശനത്തിൽനിന്ന് ബലപ്പെടുത്തുന്ന എന്തെല്ലാം പാഠങ്ങളാണ് ഇന്നു നമുക്കു പഠിക്കാനുള്ളത്? പുനഃസ്ഥാപിക്കപ്പെട്ട വാഗ്ദത്തദേശത്ത് ഓഹരി ലഭിച്ചതു പുരോഹിതന്മാർക്കും ലേവ്യർക്കും തലവന്മാർക്കും മാത്രമായിരുന്നില്ല. 12 ഗോത്രങ്ങളിലെ മറ്റെല്ലാവർക്കും അവിടെ ഓഹരി ലഭിച്ചു. (യഹ. 45:4, 5, 7, 8) സമാനമായി ഇന്നും ആത്മീയപറുദീസയിൽ ഓഹരി ലഭിക്കുന്നത് അഭിഷിക്തശേഷിപ്പിനും ‘മഹാപുരുഷാരത്തിലെ’ അംഗങ്ങളിൽ ഉത്തരവാദിത്വസ്ഥാനത്തുള്ളവർക്കും മാത്രമല്ല. മഹാപുരുഷാരത്തിൽപ്പെട്ട എല്ലാവർക്കും അവിടെ ഒരു ഓഹരിയുണ്ട്. a (വെളി. 7:9) സംഘടനയിൽ നമുക്കുള്ള ഉത്തരവാദിത്വം എത്ര എളിയതാണെങ്കിലും ഈ ആത്മീയദേശത്ത് നമുക്ക് ഓരോരുത്തർക്കും അമൂല്യമായ ഒരു സ്ഥാനമുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. എത്ര ഹൃദയസ്പർശിയായ ഒരു ഉറപ്പാണ് അത്!
ശ്രദ്ധേയമായ രണ്ടു വ്യത്യാസം—നമ്മുടെ നാളിൽ അതിന്റെ പ്രസക്തി
12, 13. ഗോത്രങ്ങൾക്കു ദേശം വീതിച്ചുകൊടുക്കുന്നതിനെക്കുറിച്ച് യഹോവ എന്തെല്ലാം നിർദേശങ്ങളാണു നൽകിയത്?
12 ദേശം വീതിച്ചുകൊടുക്കുന്നതിനെക്കുറിച്ച് യഹോവ നൽകിയ ചില നിർദേശങ്ങൾ കേട്ടപ്പോൾ യഹസ്കേലിന് അതിശയം തോന്നിക്കാണും. കാരണം ദൈവം മോശയ്ക്കു കൊടുത്ത നിർദേശങ്ങളിൽനിന്ന് അവയ്ക്കു ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അവയിൽ രണ്ടെണ്ണത്തെക്കുറിച്ച് നമുക്കു നോക്കാം. ഒന്ന് ആ ദേശത്തോടു ബന്ധപ്പെട്ടതും മറ്റേത് അതിലെ ആളുകളോടു ബന്ധപ്പെട്ടതും ആയിരുന്നു.
13 ആദ്യം, ദേശത്തെക്കുറിച്ച്. വലിയ ഗോത്രങ്ങൾക്കു ചെറിയവയെക്കാൾ കൂടുതൽ പ്രദേശം നിയമിച്ചുകൊടുക്കാനാണു മോശയോടു നിർദേശിച്ചത്. (സംഖ്യ 26:52-54) എന്നാൽ എല്ലാ ഗോത്രങ്ങൾക്കും “തുല്യമായ ഓഹരി (“തന്റെ സഹോദരനു ലഭിക്കുന്നതുപോലെതന്നെ,” അടിക്കുറിപ്പ്.)” കൊടുക്കാനായിരുന്നു യഹസ്കേലിന്റെ ദർശനത്തിൽ യഹോവ നൽകിയ നിർദേശം. (യഹ. 47:14) 12 ഗോത്രങ്ങളിൽ ഓരോന്നിനും കിട്ടിയ ഓഹരിയുടെ വടക്കേ അതിർമുതൽ തെക്കേ അതിർവരെയുള്ള ദൂരം ഒരേപോലെയായിരിക്കണമായിരുന്നു. ഇസ്രായേല്യർ 12 ഗോത്രങ്ങളിൽ ഏതിൽപ്പെട്ടവരായാലും അവർക്കെല്ലാം വാഗ്ദത്തദേശത്തെ നീരോട്ടമുള്ള മണ്ണിൽ വിളയുന്ന വിളവുകൾ ഒരേപോലെ ലഭിക്കുന്ന ഒരു ക്രമീകരണമായിരുന്നു ഇത്.
14. വിദേശികളെക്കുറിച്ച് യഹോവ നൽകിയ നിർദേശങ്ങൾ, അവരെക്കുറിച്ച് മോശയിലൂടെ കൊടുത്ത നിയമത്തെക്കാൾ ശ്രേഷ്ഠമായിരുന്നത് എങ്ങനെ?
14 രണ്ടാമത്, അതിലെ ആളുകളെക്കുറിച്ച്. മോശയിലൂടെ കൊടുത്ത നിയമം, വിദേശികളെ സംരക്ഷിക്കുകയും ഇസ്രായേൽ ജനത്തോടൊപ്പം യഹോവയെ ആരാധിക്കാൻ അവരെ അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും അവർക്ക് ആ ദേശത്ത് ഓഹരി ലഭിച്ചിരുന്നില്ല. (ലേവ്യ 19:33, 34) എന്നാൽ ആ നിയമത്തിൽ പറഞ്ഞിരുന്നതിനെക്കാൾ ശ്രേഷ്ഠമായ ഒരു കാര്യം യഹോവ ഇപ്പോൾ യഹസ്കേലിനോടു പറയുന്നു: “വിദേശി താമസിക്കുന്നത് ഏതു ഗോത്രത്തിന്റെ പ്രദേശത്താണോ അവിടെത്തന്നെ നിങ്ങൾ അവന് അവകാശം നൽകണം.” വാസ്തവത്തിൽ, ‘ഇസ്രായേല്യരായി ജനിച്ചവരുടെയും’ ആ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളുടെയും ഇടയിലുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ് യഹോവ ആ കല്പനയിലൂടെ തുടച്ചുനീക്കിയത്. (യഹ. 47:22, 23) പുനഃസ്ഥാപിക്കപ്പെട്ട ദേശത്ത് യഹോവയ്ക്ക് ആരാധന അർപ്പിക്കുന്നവരുടെ ഇടയിൽ സമത്വവും ഐക്യവും കളിയാടുന്നത് യഹസ്കേൽ ദർശനത്തിൽ കണ്ടു.—ലേവ്യ 25:23.
15. ദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും യഹോവ നൽകിയ നിർദേശങ്ങൾ യഹോവയെക്കുറിച്ചുള്ള മാറ്റം വരാത്ത ഏതു സത്യത്തിന് അടിവരയിടുന്നു?
15 ദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും യഹസ്കേലിനു കിട്ടിയ ശ്രദ്ധേയമായ ആ രണ്ടു നിർദേശങ്ങൾ പ്രവാസികൾക്ക് എത്ര വലിയൊരു പ്രോത്സാഹനമായിരുന്നിരിക്കും. തങ്ങൾ ഇസ്രായേല്യരായി ജനിച്ചവരായാലും യഹോവയെ ആരാധിക്കുന്ന വിദേശികളായാലും യഹോവ തങ്ങൾക്കെല്ലാം തുല്യമായൊരു ഓഹരി തരുമെന്ന് അവർക്ക് ഉറപ്പായിരുന്നു. (എസ്ര 8:20; നെഹ. 3:26; 7:6, 25; യശ. 56:3, 8) യഹോവ തന്റെ എല്ലാ ദാസന്മാരെയും ഒരേപോലെയാണു കാണുന്നതെന്നും അവരെല്ലാം യഹോവയുടെ കണ്ണിൽ വിലയുള്ളവരാണെന്നും ഈ നിർദേശങ്ങൾ അവരെ പഠിപ്പിച്ചു. ഒരിക്കലും മാറ്റം വരാത്ത ഈ സത്യം അവർക്ക് എത്ര ഉത്സാഹം പകർന്നുകാണും! (ഹഗ്ഗായി 2:7 വായിക്കുക.) നമുക്കുള്ളതു സ്വർഗീയപ്രത്യാശയാണെങ്കിലും ഭൗമികപ്രത്യാശയാണെങ്കിലും അതേ സത്യം ഇന്നു നമ്മളും നെഞ്ചോടു ചേർക്കുന്നു.
16, 17. (എ) ദേശത്തെക്കുറിച്ചും അവിടത്തെ ആളുകളെക്കുറിച്ചും ദർശനത്തിൽ കണ്ട കാര്യങ്ങൾ നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുക? (ബി) അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
16 ദേശത്തെക്കുറിച്ചും അവിടത്തെ ആളുകളെക്കുറിച്ചും ദർശനത്തിൽ കണ്ട കാര്യങ്ങൾ പഠിക്കുന്നതു നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുക? സമത്വവും ഐക്യവും ഇന്നു നമ്മുടെ ലോകവ്യാപകസഹോദരകുടുംബത്തിന്റെ മുഖമുദ്രയായിരിക്കണമെന്ന് അതു നമ്മളെ ഓർമിപ്പിച്ചു. യഹോവ പക്ഷപാതമില്ലാത്തവനാണ്. അതുകൊണ്ട് നമ്മൾ നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘യഹോവയെപ്പോലെ ഞാനും പക്ഷപാതമില്ലാത്തവനാണോ? എന്റെ സഹാരാധകരുടെ വംശീയപശ്ചാത്തലമോ ജീവിതസാഹചര്യമോ നോക്കാതെയാണോ ഞാൻ ഓരോരുത്തരോടും ഇടപെടുന്നത്? അവരോടുള്ള എന്റെ ആദരവ് ഉള്ളിന്റെ ഉള്ളിൽനിന്നുള്ളതാണോ?’ (റോമ. 12:10) യഹോവ ഇന്ന് ആത്മീയപറുദീസയിലെ അനുഗ്രഹങ്ങൾ നമുക്കെല്ലാം ഒരുപോലെ ലഭ്യമാക്കിയിരിക്കുകയാണ്! നമുക്ക് അവിടെ നമ്മുടെ സ്വർഗീയപിതാവിനെ മുഴുദേഹിയോടെ സേവിച്ച്, ആ പിതാവിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകുന്നു. അത്തരമൊരു പദവി ലഭിച്ചതിൽ നമുക്കു വളരെ സന്തോഷം തോന്നുന്നില്ലേ?—ഗലാ. 3:26-29; വെളി. 7:9.
17 യഹസ്കേൽ കണ്ട ഒടുവിലത്തെ ദർശനത്തിന്റെ അവസാനഭാഗത്ത് നൽകിയിരിക്കുന്ന നാലാമത്തെ ഉറപ്പിനെക്കുറിച്ച് നമുക്ക് ഇനി നോക്കാം. യഹോവ ആ പ്രവാസികളുടെകൂടെയുണ്ടായിരിക്കും എന്ന വാഗ്ദാനമായിരുന്നു അത്. ആ വാഗ്ദാനത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? അടുത്ത അധ്യായത്തിൽ അതിനുള്ള ഉത്തരമുണ്ട്.
a ആത്മീയദേശത്ത് യഹോവ പുരോഹിതന്മാർക്കും തലവന്മാർക്കും നൽകിയിരിക്കുന്ന പ്രത്യേകമായ സ്ഥാനത്തെക്കുറിച്ചും നിയമനത്തെക്കുറിച്ചും അറിയാൻ ഈ പ്രസിദ്ധീകരണത്തിന്റെ 14-ാം അധ്യായം കാണുക.