വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 22

“ദൈവ​ത്തെ​യാണ്‌ ആരാധി​ക്കേ​ണ്ടത്‌”

“ദൈവ​ത്തെ​യാണ്‌ ആരാധി​ക്കേ​ണ്ടത്‌”

വെളി​പാട്‌ 22:9

മുഖ്യവിഷയം: യഹസ്‌കേൽ പുസ്‌ത​ക​ത്തി​ലെ പ്രധാന വിഷയങ്ങളുടെ പുനര​വ​ലോ​ക​ന​വും, ഇക്കാല​ത്തും ഭാവി​യി​ലും അതിനുള്ള പ്രസക്തി​യും

1, 2. (എ) ആരാധ​ന​യു​ടെ കാര്യ​ത്തിൽ നമ്മളെ​ല്ലാം ഏതു തീരു​മാ​ന​മെ​ടു​ക്കണം? (ബി) ആരാധന സ്വീക​രി​ക്കാൻ അവസരം കിട്ടി​യ​പ്പോൾ വിശ്വസ്‌ത​നായ ഒരു ദൈവ​ദൂ​തൻ എന്താണു പറഞ്ഞത്‌?

 ‘ഞാൻ ആരെയാണ്‌ ആരാധി​ക്കേ​ണ്ടത്‌?’ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും മുന്നി​ലുള്ള നിർണാ​യ​ക​മായ ഒരു ചോദ്യ​മാണ്‌ ഇത്‌. അതൊരു കുഴപ്പം​പി​ടിച്ച ചോദ്യ​മാ​ണെ​ന്നും അതിന്റെ ഉത്തരങ്ങൾ നമ്മളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കു​മെ​ന്നും പലരും പറഞ്ഞേ​ക്കാം. എന്നാൽ വാസ്‌തവം അതല്ല. കാരണം നമ്മുടെ മുന്നിൽ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകിൽ നമ്മൾ ദൈവ​മായ യഹോ​വയെ ആരാധി​ക്കണം, അല്ലെങ്കിൽ പിശാ​ചായ സാത്താനെ ആരാധി​ക്കണം.

2 ആരാധന കിട്ടാൻ ആർത്തി​പൂണ്ട്‌ നടക്കു​ന്ന​വ​നാ​ണു സാത്താൻ. അവൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അക്കാര്യം വളരെ വ്യക്തമാ​യി. ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 1-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ അസാധാ​ര​ണ​മായ ഒരു സമ്മാന​മാ​ണു സാത്താൻ യേശു​വി​നു വാഗ്‌ദാ​നം ചെയ്‌തത്‌​—ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളു​ടെ​യും മേലുള്ള അധികാ​രം! അതിനു പകരം സാത്താനു വേണ്ടി​യി​രു​ന്ന​തോ? ‘എന്നെ​യൊന്ന്‌ ആരാധി​ക്കുക’ എന്നാണു സാത്താൻ യേശു​വി​നോ​ടു പറഞ്ഞത്‌. (മത്താ. 4:9) എന്നാൽ യോഹ​ന്നാൻ അപ്പോസ്‌ത​ലനു കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ ഒരു ഉപാധി​യാ​യി വർത്തിച്ച ദൈവ​ദൂ​തൻ സാത്താ​നെ​പ്പോ​ലെ അല്ലായി​രു​ന്നു. ആ ദൂതൻ ആരാധന നിരസി​ക്കു​ക​യാ​ണു ചെയ്‌തത്‌. (വെളി​പാട്‌ 22:8, 9 വായി​ക്കുക.) തന്നെ ആരാധി​ക്കാൻ യോഹ​ന്നാൻ മുതിർന്ന​പ്പോൾ ദൈവ​ത്തി​ന്റെ ആ ആത്മപു​ത്രൻ, “അരുത്‌!” എന്നു താഴ്‌മ​യോ​ടെ പറഞ്ഞു. ‘എന്നെ ആരാധിക്ക്‌’ എന്നു പറയു​ന്ന​തി​നു പകരം ‘ദൈവത്തെ ആരാധി​ക്കുക’ എന്നാണു ദൂതൻ പറഞ്ഞത്‌.

3. (എ) എന്തു ലക്ഷ്യത്തി​ലാണ്‌ ഈ പ്രസി​ദ്ധീ​ക​രണം തയ്യാറാ​ക്കി​യത്‌? (ബി) ഇനി നമ്മൾ എന്തു പരിചി​ന്തി​ക്കും?

3 ദൈവ​മായ യഹോ​വയെ മാത്രം ആരാധി​ക്കുക! (ആവ. 10:20; മത്താ. 4:10) യഥാർഥ​ത്തിൽ, ദൈവ​ദൂ​തന്റെ വാക്കു​ക​ളി​ലെ ആ ആഹ്വാനം ശിരസ്സാ​വ​ഹി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ ബലപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ലക്ഷ്യം. യഹസ്‌കേ​ലി​ന്റെ പ്രവച​ന​ങ്ങ​ളിൽനി​ന്നും ദർശന​ങ്ങ​ളിൽനി​ന്നും ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ നമ്മൾ എന്തെല്ലാം പഠി​ച്ചെന്ന്‌ ഇപ്പോൾ ഹ്രസ്വ​മാ​യൊന്ന്‌ അവലോ​കനം ചെയ്യാം. തുടർന്ന്‌, ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രും ഒരു അന്തിമ​പ​രി​ശോ​ധന നേരി​ടുന്ന കാല​ത്തേക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ സഹായ​ത്തോ​ടെ നമു​ക്കൊ​ന്നു സഞ്ചരി​ക്കാം. പിന്നീ​ടൊ​രി​ക്ക​ലും കളങ്ക​മേൽക്കാത്ത വിധം യഹോവ ശുദ്ധാ​രാ​ധന പൂർണ​മാ​യി പുനഃ​സ്ഥാ​പി​ക്കു​ന്നതു കാണാൻ ആരെല്ലാം ജീവി​ച്ചി​രി​ക്കു​മെന്നു തീരു​മാ​നി​ക്കുന്ന ഒരു പരി​ശോ​ധ​ന​യാ​യി​രി​ക്കും അത്‌.

യഹസ്‌കേൽ പുസ്‌തകം ഊന്നൽ നൽകുന്ന മൂന്നു വിഷയങ്ങൾ

4. യഹസ്‌കേൽ പുസ്‌തകം ഊന്നൽ നൽകി​യി​രി​ക്കുന്ന മൂന്നു വിഷയങ്ങൾ ഏതൊ​ക്കെ​യാണ്‌?

4 ശുദ്ധാ​രാ​ധന എന്നാൽ ഔപചാ​രി​ക​മായ കുറെ ആചാരാ​നുഷ്‌ഠാ​ന​ങ്ങ​ള​ല്ലെന്ന്‌ യഹസ്‌കേൽ പുസ്‌തകം നമ്മളെ പഠിപ്പി​ക്കു​ന്നു. നമ്മു​ടേതു ശുദ്ധാ​രാ​ധന ആയിരി​ക്ക​ണ​മെ​ങ്കിൽ നമ്മൾ (1) യഹോ​വയ്‌ക്കു സമ്പൂർണ​ഭക്തി നൽകണം; (2) ഐക്യ​ത്തോ​ടെ ദൈവ​ത്തി​നു നിർമ​ല​മായ ആരാധന അർപ്പി​ക്കണം; (3) മറ്റുള്ള​വ​രോ​ടുള്ള സ്‌നേ​ഹ​ത്തി​നു തെളി​വേ​കണം. ഈ പുസ്‌ത​ക​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കുന്ന പ്രവച​ന​ങ്ങ​ളും ദർശന​ങ്ങ​ളും മേൽപ്പറഞ്ഞ മൂന്നു വിഷയ​ങ്ങൾക്ക്‌ ഊന്നൽ നൽകു​ന്നത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

ഒന്നാമത്തെ വിഷയം: യഹോ​വയ്‌ക്കു സമ്പൂർണ​ഭക്തി നൽകുക

5-9. യഹോ​വയ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മൾ എന്താണു പഠിച്ചത്‌?

5 അധ്യായം 3: a യഹോ​വയ്‌ക്കു ചുറ്റും ഒരു മഴവി​ല്ലു​ള്ള​താ​യും യഹോവ ശക്തരായ ആത്മജീ​വി​കളെ വാഹന​മാ​ക്കി സഞ്ചരി​ക്കു​ന്ന​താ​യും വർണി​ക്കുന്ന ഉജ്ജ്വല​മായ ദർശനം ഒരു അടിസ്ഥാ​ന​വസ്‌തു​തയ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു: സർവശക്തൻ മാത്ര​മാ​ണു നമ്മുടെ ആരാധ​നയ്‌ക്ക്‌ അർഹൻ!​—യഹ. 1:4, 15-28.

6 അധ്യായം 5: ആളുകൾ യഹോ​വ​യു​ടെ ആലയം അശുദ്ധ​മാ​ക്കു​ന്ന​താ​യി കണ്ട ദർശനം എത്ര ഞെട്ടി​ക്കു​ന്ന​താ​യി​രു​ന്നു! യഹോ​വ​യു​ടെ കണ്ണിനു മറഞ്ഞി​രി​ക്കു​ന്ന​താ​യി ഒന്നുമി​ല്ലെന്ന്‌ ഈ ദർശനം സൂചി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ ജനം തന്നെ ഉപേക്ഷിച്ച്‌ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു തിരി​ഞ്ഞത്‌ യഹോവ കണ്ടു. സമാന​മാ​യി ആളുകൾ തന്നോട്‌ അവിശ്വസ്‌തത കാട്ടു​ന്നതു മനുഷ്യ​രാ​രും കണ്ടി​ല്ലെ​ങ്കി​ലും യഹോ​വയ്‌ക്കു കാണാ​നാ​കും. അതെല്ലാം യഹോ​വയെ വേദനി​പ്പി​ക്കും; അത്തരം കാര്യങ്ങൾ ചെയ്യു​ന്ന​വരെ യഹോവ ശിക്ഷി​ക്കാ​തെ വിടില്ല.​—യഹ. 8:1-18.

7 അധ്യായം 7: ചുറ്റു​മുള്ള ജനതകൾ ഇസ്രാ​യേ​ല്യ​രോ​ടു “പരമപു​ച്ഛ​ത്തോ​ടെ” ഇടപെ​ട്ട​പ്പോൾ യഹോവ അവർക്കെ​തി​രെ ന്യായ​വി​ധി​കൾ ഉച്ചരി​ച്ചത്‌ ഒരു കാര്യം തെളി​യി​ക്കു​ന്നു: തന്റെ ജനത്തോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ന്ന​വ​രോട്‌ യഹോവ കണക്കു​ചോ​ദി​ക്കും. (യഹ. 25:6) ഇനി, ആ ജനതക​ളോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനി​ന്നും നമു​ക്കൊ​രു പാഠം പഠിക്കാ​നുണ്ട്‌: യഹോ​വ​യോ​ടുള്ള വിശ്വസ്‌ത​തയ്‌ക്കു നമ്മൾ മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രാധാ​ന്യം കൊടു​ക്കണം. യഹോ​വയെ ആരാധി​ക്കാത്ത ബന്ധുക്ക​ളു​മാ​യി ചേർന്നു​പോ​കാൻ നമ്മൾ ഒരിക്ക​ലും നമ്മുടെ നിലവാ​ര​ങ്ങ​ളിൽ വെള്ളം ചേർക്കില്ല. നമ്മൾ സമ്പത്തി​ലും ആശ്രയം വെക്കില്ല. ഇനി, യഹോ​വ​യോ​ടു മാത്രം കാണി​ക്കേണ്ട കൂറ്‌ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളോ​ടു കാണി​ച്ചു​കൊണ്ട്‌ നമ്മുടെ നിഷ്‌പ​ക്ഷ​ത​യി​ലും നമ്മൾ വിട്ടു​വീഴ്‌ച ചെയ്യില്ല.

8 അധ്യായം 13, 14: ദേവാ​ലയം ഉയരമുള്ള ഒരു മലയിൽ സ്ഥിതി​ചെ​യ്യു​ന്ന​താ​യി കണ്ട ദർശനം നമ്മളെ പഠിപ്പി​ക്കു​ന്നത്‌ എന്താണ്‌? നമ്മൾ യഹോ​വ​യു​ടെ ഉന്നതമായ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കണം, യഹോവ മറ്റെല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും ഉന്നതനാ​ണെന്ന്‌ അംഗീ​ക​രി​ക്കു​ക​യും വേണം.​—യഹ. 40:1–48:35.

9 അധ്യായം 15: ഇസ്രാ​യേ​ലി​നെ​യും യഹൂദ​യെ​യും വേശ്യ​ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള പ്രാവ​ച​നി​ക​വർണ​നകൾ, യഹോവ ആത്മീയ​വ്യ​ഭി​ചാ​രത്തെ എത്ര​യേറെ വെറു​ക്കു​ന്നെന്നു നമ്മളെ ഓർമി​പ്പി​ക്കു​ന്നു.​—യഹ., അധ്യാ. 16, 23.

രണ്ടാമത്തെ വിഷയം: ഐക്യ​ത്തോ​ടെ ദൈവ​ത്തി​നു നിർമ​ലാ​രാ​ധന അർപ്പി​ക്കു​ക

10-14. ഐക്യ​ത്തോ​ടെ ദൈവ​ത്തി​നു നിർമ​ലാ​രാ​ധന അർപ്പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തിന്‌ ഊന്നൽ നൽകിയിരിക്കുന്നത്‌ എങ്ങനെ?

10 അധ്യായം 8: തന്റെ ജനത്തെ പരിപാ​ലി​ക്കാൻ യഹോവ ‘ഒറ്റ ഇടയനെ’ എഴു​ന്നേൽപ്പി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്യുന്ന പ്രവച​നങ്ങൾ ഒരു കാര്യ​ത്തിന്‌ ഊന്നൽ നൽകുന്നു: നമ്മളെ​ല്ലാ​വ​രും യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ഐക്യ​ത്തോ​ടെ​യും സമാധാ​ന​ത്തോ​ടെ​യും പ്രവർത്തി​ക്കണം.​—യഹ. 34:23, 24; 37:24-28.

11 അധ്യായം 9: ദൈവ​ജനം ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രാ​യി മാതൃ​ദേ​ശ​ത്തേക്കു തിരികെ എത്തുന്ന​തി​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ പ്രവച​ന​ങ്ങ​ളിൽ, ഇന്നു ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കു​മുള്ള ഒരു സന്ദേശ​മുണ്ട്‌. യഹോ​വയ്‌ക്കു നിർമ​ല​മായ ആരാധന അർപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ വ്യാജ​മതം വിട്ടു​പോ​രു​ക​യും അതിന്റെ ദുഷിച്ച സ്വാധീ​ന​ത്തിൽനിന്ന്‌ അകലം പാലി​ക്കു​ക​യും വേണം. നമ്മു​ടെ​യെ​ല്ലാം മത-സാമ്പത്തിക-വംശീയ പശ്ചാത്ത​ലങ്ങൾ വളരെ​വ​ളരെ വ്യത്യസ്‌ത​മാ​ണെ​ങ്കി​ലും നമ്മളെ​ല്ലാ​വ​രും ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കണം. നമ്മൾ ദൈവ​ജ​ന​മാ​ണെ​ന്ന​തിന്‌ ആ ഐക്യം തെളി​വേ​കും.​—യഹ. 11:17, 18; 12:24; യോഹ. 17:20-23.

12 അധ്യായം 10: ഉണങ്ങിയ അസ്ഥികൾ ജീവനി​ലേക്കു വരുന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രവച​ന​വും ഐക്യ​ത്തി​നാണ്‌ ഊന്നൽ നൽകി​യത്‌. പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട നിർമ​ലാ​രാ​ധ​ക​രു​ടെ ഇടയിൽ നമുക്കു കഴിയാ​നാ​കു​ന്ന​തും ഒരൊറ്റ സൈന്യ​മാ​യി അവരോ​ടൊ​പ്പം പ്രവർത്തി​ക്കാ​നാ​കു​ന്ന​തും എത്ര വലി​യൊ​രു പദവി​യാണ്‌!​—യഹ. 37:1-14.

13 അധ്യായം 12: രണ്ടു വടി ഒന്നാകു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രവചനം, ഐക്യം എന്ന വിഷയ​ത്തി​നു പ്രത്യേ​ക​പ്രാ​ധാ​ന്യം നൽകി. അഭിഷി​ക്ത​രു​ടെ​യും വേറെ ആടുക​ളു​ടെ​യും കാര്യ​ത്തിൽ ആ പ്രവചനം നിറ​വേ​റു​ന്നതു കാണു​മ്പോൾ നമ്മുടെ വിശ്വാ​സം ശക്തമാ​കു​ന്നി​ല്ലേ? ഈ ലോകത്ത്‌ മത-രാഷ്‌ട്രീയ വിദ്വേ​ഷ​ങ്ങ​ളു​ടെ പേരിൽ ആളുകൾ തമ്മില​ടി​ക്കു​മ്പോ​ഴും സ്‌നേ​ഹ​വും വിശ്വസ്‌ത​ത​യും നമ്മളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ന്നു.​—യഹ. 37:15-23.

14 അധ്യായം 16: എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നെ​ക്കു​റി​ച്ചും തകർക്കാ​നുള്ള ആയുധങ്ങൾ കൈയിൽപ്പി​ടിച്ച പുരു​ഷ​ന്മാ​രെ​ക്കു​റി​ച്ചും ഉള്ള ദിവ്യ​ദർശനം വളരെ ഗൗരവ​മേ​റിയ ഒരു മുന്നറി​യി​പ്പു തരുന്നു: “മഹാകഷ്ടത” തുടങ്ങു​മ്പോൾ ഒരാൾ ശുദ്ധാ​രാ​ധ​ക​നാ​യി​രു​ന്നാൽ മാത്രമേ അതിജീ​വ​ന​ത്തി​നുള്ള അടയാളം ലഭിക്കൂ!—മത്താ. 24:21; യഹ. 9:1-11.

മൂന്നാ​മത്തെ വിഷയം: മറ്റുള്ള​വ​രോ​ടുള്ള സ്‌നേ​ഹ​ത്തി​നു തെളി​വേ​കു​ക

15-18. മറ്റുള്ള​വ​രോ​ടുള്ള സ്‌നേഹം തെളി​യി​ക്കാൻ നമ്മൾ തുടർന്നും ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

15 അധ്യായം 4: നാലു ജീവി​ക​ളെ​ക്കു​റി​ച്ചുള്ള ദർശനം യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നമ്മളെ പഠിപ്പി​ച്ചു. അതിൽ ഏറ്റവും പ്രധാനം സ്‌നേ​ഹ​മാണ്‌. നമ്മുടെ സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേഹം നിറഞ്ഞു​നിൽക്കു​ന്നെ​ങ്കിൽ യഹോ​വ​യാ​ണു നമ്മുടെ ദൈവ​മെന്നു നമ്മൾ തെളി​യി​ക്കു​ക​യാ​യി​രി​ക്കും!​—യഹ. 1:5-14; 1 യോഹ. 4:8.

16 അധ്യായം 6, 11: മുൻകാ​ല​ങ്ങ​ളിൽ യഹസ്‌കേ​ലി​നെ​പ്പോ​ലുള്ള കാവൽക്കാ​രെ നിയമി​ക്കാൻ ദൈവത്തെ പ്രചോ​ദി​പ്പി​ച്ചതു സ്‌നേ​ഹ​മാണ്‌. സാത്താൻ ഭരിക്കുന്ന ഈ ലോക​ത്തിന്‌ അന്ത്യം കുറി​ക്കു​മ്പോൾ ആരും നശിച്ചു​പോ​ക​രു​തെന്നു ദൈവം ആഗ്രഹി​ക്കു​ന്ന​തും ദൈവം സ്‌നേ​ഹ​മാ​യ​തു​കൊ​ണ്ടാണ്‌. (2 പത്രോ. 3:9) ആധുനി​ക​കാല കാവൽക്കാ​രനെ പിന്തു​ണയ്‌ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിറ​വേ​റ്റി​ക്കൊണ്ട്‌ നമുക്കും ദൈവ​ത്തി​ന്റെ ആ സ്‌നേഹം പ്രതി​ഫ​ലി​പ്പി​ക്കാം.​—യഹ. 33:1-9.

17 അധ്യായം 17, 18: പലരും തന്റെ കരുണയ്‌ക്കു പുറം​തി​രി​യു​മെ​ന്നും തന്റെ വിശ്വസ്‌താ​രാ​ധ​കരെ തുടച്ചു​നീ​ക്കാൻ ശ്രമി​ക്കു​മെ​ന്നും യഹോ​വയ്‌ക്ക്‌ അറിയാം. ‘മാഗോഗ്‌ ദേശത്തെ ഗോഗ്‌’ യഹോ​വ​യു​ടെ വിശ്വസ്‌തർക്കെ​തി​രെ ആക്രമണം അഴിച്ചു​വി​ടു​മ്പോൾ അവരുടെ തുണയ്‌ക്കെ​ത്താൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നതു സ്‌നേ​ഹ​മാ​യി​രി​ക്കും. തന്റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വരെ യഹോവ നശിപ്പി​ക്കു​മെന്നു കഴിയു​ന്നത്ര ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്ന​തും സ്‌നേ​ഹ​മാണ്‌.​—യഹ. 38:1–39:20; 2 തെസ്സ. 1:6, 7.

18 അധ്യായം 19, 20, 21: ജീവദാ​യ​ക​മായ ജലത്തിന്റെ അരുവി​യെ​ക്കു​റി​ച്ചും ദേശം വിഭാ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വർണി​ക്കുന്ന ദർശന​ങ്ങ​ളിൽ തെളി​ഞ്ഞു​നിൽക്കു​ന്ന​തും ആളുക​ളോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​മാണ്‌. ദൈവ​ത്തി​ന്റെ ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​വൃ​ത്തി​യു​ടെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ആ ദർശനങ്ങൾ വർണി​ക്കു​ന്നത്‌. സ്വന്തം പുത്രനെ നമുക്കാ​യി നൽകി​ക്കൊണ്ട്‌ ദൈവം കാണിച്ച ആ സ്‌നേഹം, നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാ​നും പൂർണ​മ​നു​ഷ്യ​രെന്ന നിലയിൽ ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി ജീവി​ക്കാ​നും നമുക്കു വഴിതു​റന്നു. നമുക്ക്‌ എങ്ങനെ മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കാ​നാ​കും? അതിനുള്ള ഏറ്റവും നല്ല മാർഗം, ദൈവ​പു​ത്ര​നിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വർക്കാ​യി ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന മനോ​ഹ​ര​മായ ഭാവി​യെ​ക്കു​റിച്ച്‌ അവരോ​ടു പറയുക എന്നതാണ്‌.​—യഹ. 45:1-7; 47:1–48:35; വെളി. 21:1-4; 22:17.

അസാധാ​ര​ണ​മായ താഴ്‌മ​—ആയിരം​വർഷ​വാഴ്‌ചയ്‌ക്കു ശേഷം

19. ആയിരം​വർഷ ഭരണകാ​ലത്ത്‌ യേശു എന്തു ചെയ്യും? (“അന്തിമ​പ​രി​ശോ​ധന നേരി​ടു​മ്പോൾ” എന്ന ചതുര​വും കാണുക.)

19 മരിച്ചു​പോയ ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകളെ യേശു ആയിരം​വർഷ ഭരണകാ​ലത്ത്‌ ജീവനി​ലേക്കു കൊണ്ടു​വ​രും. അങ്ങനെ നമ്മുടെ ‘ശത്രു​വായ മരണം’ വരുത്തി​വെച്ച വേദന​ക​ളെ​ല്ലാം ഇല്ലാതാ​ക്കും. (1 കൊരി. 15:26; മർക്കോ. 5:38-42; പ്രവൃ. 24:15) കഷ്ടനഷ്ട​ങ്ങ​ളു​ടെ​യും തീരാ​ദുഃ​ഖ​ങ്ങ​ളു​ടെ​യും കണക്കുകൾ മാത്ര​മുള്ള ഹൃദയ​ഭേ​ദ​ക​മായ ഒരു കഥയാണു മനുഷ്യ​ച​രി​ത്രം. എന്നാൽ മനുഷ്യ​ത​ല​മു​റ​കളെ ഒന്നൊ​ന്നാ​യി ജീവനി​ലേക്കു വരുത്തി​ക്കൊണ്ട്‌, യേശു ആ കദനക​ഥ​യു​ടെ അധ്യാ​യങ്ങൾ ഓരോ​ന്നാ​യി മായ്‌ച്ചു​ക​ള​യും. പുനരു​ത്ഥാ​ന​പ്പെ​ടു​ന്നവർ സന്തോ​ഷ​ക​ര​മായ പുതി​യൊ​രു അധ്യാ​യ​ത്തി​നു തുടക്ക​മി​ടും. മോച​ന​വി​ല​യാ​യി അർപ്പിച്ച ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യേശു, അനാ​രോ​ഗ്യ​വും യുദ്ധവും രോഗ​വും പട്ടിണി​യും വരുത്തി​വെച്ച മുറി​വു​ക​ളെ​ല്ലാം ഇല്ലായ്‌മ ചെയ്യും. എല്ലാറ്റി​ലും ഉപരി, നമ്മുടെ കഷ്ടപ്പാ​ടു​ക​ളു​ടെ മൂലകാ​രണം​—ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ പാപം​—വേരോ​ടെ പിഴു​തെ​റി​യാൻ യേശു നമ്മളെ സഹായി​ക്കും. (റോമ. 5:18, 19) “പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ” യേശു സമ്പൂർണ​മാ​യി ‘തകർത്തു​ക​ള​യും.’ (1 യോഹ. 3:8) പിന്നീട്‌ എന്തു സംഭവി​ക്കും?

പുനരുത്ഥാനപ്പെടുന്നവർ സന്തോ​ഷ​ക​ര​മായ പുതി​യൊ​രു അധ്യാ​യ​ത്തി​നു തുടക്ക​മി​ടും

20. യേശു​വും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും അസാധാ​ര​ണ​മായ താഴ്‌മ കാണിക്കുന്നത്‌ എങ്ങനെ? വിശദീ​ക​രി​ക്കുക. (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

20 1 കൊരി​ന്ത്യർ 15:24-28 വായി​ക്കുക. എല്ലാ മനുഷ്യ​രും പൂർണ​ത​യി​ലെ​ത്തു​ക​യും യഹോവ തുടക്ക​ത്തിൽ ഉദ്ദേശി​ച്ച​തു​പോ​ലെ ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​യി​ത്തീ​രു​ക​യും ചെയ്യു​മ്പോൾ യേശു​വും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും വളരെ ശ്രദ്ധേ​യ​മായ ഒരു കാര്യം ചെയ്യും. രാജ്യ​ഭ​രണം യഹോ​വയ്‌ക്കു കൈമാ​റി​ക്കൊണ്ട്‌ അവർ അസാധാ​ര​ണ​മായ താഴ്‌മ കാണി​ക്കും. ആയിരം വർഷം ഭരണം നടത്തി​യെ​ങ്കി​ലും അവർ ഇപ്പോൾ പൂർണ​മ​ന​സ്സോ​ടെ, തികച്ചും സമാധാ​ന​പ​ര​മാ​യി ആ അധികാ​രം വെച്ചൊ​ഴി​യും. അതി​നോ​ടകം അവരുടെ ഭരണം കൈവ​രിച്ച നേട്ടങ്ങൾ എന്നെന്നും നിലനിൽക്കും.

അന്തിമ​പ​രി​ശോ​ധന

21, 22. (എ) ആയിരം വർഷത്തി​ന്റെ ഒടുവിൽ ഈ ലോകം എങ്ങനെ​യാ​യി​രി​ക്കും? (ബി) യഹോവ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും തുറന്നു​വി​ടാ​നുള്ള കാരണം എന്തായി​രി​ക്കും?

21 അടുത്ത​താ​യി, വളരെ അസാധാ​ര​ണ​മായ ഒരു കാര്യം യഹോവ ചെയ്യും. ഭൂമി​യി​ലെ തന്റെ പ്രജക​ളിൽ തനിക്കു തികഞ്ഞ ആത്മവി​ശ്വാ​സ​മു​ണ്ടെന്നു തെളി​യി​ക്കുന്ന ഒരു നടപടി​യാ​യി​രി​ക്കും അത്‌. ആയിരം വർഷമാ​യി അഗാധ​ത്തിൽ ബന്ധനത്തി​ലാ​യി​രുന്ന സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വത​ന്ത്ര​രാ​ക്കാൻ യഹോവ ഉത്തരവി​ടും. (വെളി​പാട്‌ 20:1-3 വായി​ക്കുക.) അവർ കണ്ടുപ​രി​ച​യിച്ച ആ പഴയ ലോക​ത്തിൽനിന്ന്‌ തികച്ചും വ്യത്യസ്‌ത​മാ​യൊ​രു ലോക​മാ​യി​രി​ക്കും അന്ന്‌ അവരെ സ്വാഗതം ചെയ്യു​ന്നത്‌. അർമ​ഗെ​ദോ​നു മുമ്പ്‌ ഭൂമി​യി​ലെ ഭൂരി​ഭാ​ഗം മനുഷ്യ​രും സാത്താന്റെ ചൊൽപ്പ​ടി​യി​ലാ​യി​രു​ന്നു. വിദ്വേ​ഷ​വും മുൻവി​ധി​യും മാനവ​കു​ല​ത്തി​ന്റെ ഐക്യം തകർത്തെ​റിഞ്ഞ ഒരു കാലം! (വെളി. 12:9) പക്ഷേ ആയിരം​വർഷ​ഭ​ര​ണ​ത്തി​ന്റെ ഒടുവിൽ മനുഷ്യ​രെ​ല്ലാം സ്‌നേ​ഹ​ത്തോ​ടെ​യും ഐക്യ​ത്തോ​ടെ​യും യഹോ​വയെ ആരാധി​ക്കുന്ന ഒരൊറ്റ കുടും​ബ​മാ​യി​ട്ടു​ണ്ടാ​കും. മുഴു​ഭൂ​മി​യും സമാധാ​നം കളിയാ​ടുന്ന ഒരു പറുദീ​സ​യാ​യി മാറി​യി​രി​ക്കും!

22 കൊടും​കു​റ്റ​വാ​ളി​ക​ളായ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഇത്ര നല്ലൊരു ചുറ്റു​പാ​ടി​ലേക്കു തുറന്നു​വി​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? ആയിരം​വർഷ​ഭ​ര​ണ​ത്തി​ന്റെ ഒടുവിൽ ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന ഭൂരി​പക്ഷം പേർക്കും യഹോ​വ​യോട്‌ എത്രമാ​ത്രം കൂറു​ണ്ടെന്ന്‌ അന്നേവരെ പരി​ശോ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​കില്ല. കാരണം പറുദീ​സ​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​ന്ന​വ​രിൽ മിക്കവ​രും യഹോ​വയെ അറിയാൻ അവസരം കിട്ടാതെ മരിച്ചു​പോ​യ​വ​രാ​യി​രു​ന്നു. എന്നാൽ യഹോവ അവർക്കു ജീവൻ കൊടു​ക്കുക മാത്രമല്ല, അവരുടെ ശാരീ​രി​ക​വും ആത്മീയ​വും ആയ എല്ലാ ആവശ്യ​ങ്ങ​ളും നിറ​വേ​റ്റു​ക​യും ചെയ്‌തു. പുനരു​ത്ഥാ​ന​ശേഷം നല്ലവരായ ആളുക​ളു​ടെ ഇടയിൽ മാത്രം ജീവി​ച്ചു​പ​രി​ച​യിച്ച അവർ ദുഃസ്വാ​ധീ​നം എന്തെന്ന്‌ അറിഞ്ഞി​ട്ടു​ണ്ടാ​കില്ല. കാരണം യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന ആളുക​ളോ​ടൊ​പ്പ​മാ​ണ​ല്ലോ അവർ പിന്നീടു ജീവി​ച്ചി​ട്ടു​ള്ളത്‌. ഇയ്യോ​ബിന്‌ എതിരെ ഉന്നയിച്ച അതേ ആരോ​പണം ഇവർക്കെ​തി​രെ​യും ഉന്നയി​ക്കാൻ സാത്താ​നാ​കും. ദൈവം സംരക്ഷി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊ​ണ്ടു മാത്ര​മാണ്‌ ഇവർ ദൈവത്തെ സേവി​ക്കു​ന്ന​തെന്നു സാത്താൻ വാദി​ച്ചേ​ക്കാം. (ഇയ്യോ. 1:9, 10) അതു​കൊണ്ട്‌ നമ്മു​ടെ​യെ​ല്ലാം പേരുകൾ ജീവന്റെ പുസ്‌ത​ക​ത്തിൽ എന്നേക്കു​മാ​യി എഴുതി​ച്ചേർക്കു​ന്ന​തി​നു മുമ്പ്‌ വിശ്വസ്‌തത തെളി​യി​ക്കാ​നുള്ള ഒരു അവസരം ദൈവം നമുക്കു തരും: ദൈവത്തെ നമ്മുടെ പിതാ​വും പരമാ​ധി​കാ​രി​യും ആയി അംഗീ​ക​രി​ക്കു​ന്നെന്നു സംശയ​ലേ​ശ​മെ​ന്യേ തെളി​യി​ക്കാ​നുള്ള ഒരു അവസരം!​—വെളി. 20:12, 15.

23. ഓരോ മനുഷ്യ​ന്റെ​യും മുന്നിൽ ഏതു ചോദ്യം ഉയർന്നു​വ​രും?

23 ദൈവത്തെ സേവി​ക്കു​ന്ന​തിൽനിന്ന്‌ മനുഷ്യ​സ​മൂ​ഹത്തെ വശീക​രി​ച്ച​ക​റ്റാ​നുള്ള ഒരു അവസരം സാത്താന്‌ അൽപ്പകാ​ല​ത്തേക്കു ലഭിക്കും. എന്നാൽ എന്തായി​രി​ക്കും ആ പരി​ശോ​ധന? ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മുന്നിൽ ഉയർന്നു​വ​ന്ന​തു​പോ​ലൊ​രു ചോദ്യം അപ്പോൾ ഓരോ വ്യക്തി​യും നേരി​ടും: യഹോ​വ​യു​ടെ നിലവാ​രങ്ങൾ അംഗീ​ക​രിച്ച്‌, ആ ഭരണത്തി​നു പിന്തു​ണ​യേകി, യഹോ​വയ്‌ക്ക്‌ ആരാധന നൽകണോ അതോ ദൈവത്തെ ധിക്കരിച്ച്‌ സാത്താ​നോ​ടൊ​പ്പം ചേരണോ?

24. ധിക്കാ​രി​കളെ ഗോഗും മാഗോ​ഗും എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

24 വെളി​പാട്‌ 20:7-10 വായി​ക്കുക. ആയിരം വർഷത്തി​ന്റെ ഒടുവിൽ ധിക്കാരം കാട്ടു​ന്ന​വരെ ഗോഗും മാഗോ​ഗും എന്നു വിളി​ച്ചി​രി​ക്കു​ന്നതു വളരെ ശ്രദ്ധേ​യ​മാണ്‌. കാരണം മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ധിക്കാ​ര​ത്തോ​ടെ ദൈവ​ജ​നത്തെ ആക്രമി​ക്കു​മെന്ന്‌ യഹസ്‌കേൽ മുൻകൂ​ട്ടി​പ്പറഞ്ഞ ‘മാഗോഗ്‌ ദേശത്തെ ഗോഗി​ന്റെ’ ചില സ്വഭാ​വ​സ​വി​ശേ​ഷ​ത​കൾക്ക്‌ ഇവരു​ടേ​തി​നോ​ടു സമാന​ത​യുണ്ട്‌. (യഹ. 38:2) ഇനി, യഹോ​വ​യു​ടെ ഭരണത്തെ എതിർക്കുന്ന ‘മാഗോഗ്‌ ദേശത്തെ ഗോഗ്‌’ പല രാഷ്‌ട്രങ്ങൾ അഥവാ ജനതകൾ ചേർന്ന​താണ്‌ എന്ന കാര്യ​വും ശ്രദ്ധി​ക്കുക. സമാന​മാ​യി, ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ​ഭ​ര​ണ​ത്തിന്‌ ഒടുവിൽ ധിക്കാരം കാണി​ക്കു​ന്ന​വ​രെ​യും ‘ജനതകൾ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ആ വിശേ​ഷണം വളരെ ശ്രദ്ധേ​യ​മാണ്‌. എന്തു​കൊണ്ട്‌? കാരണം ആയിരം​വർഷ​ഭ​ര​ണം​കൊണ്ട്‌ ദേശീ​യ​ത​യു​ടെ വേലി​ക്കെ​ട്ടു​ക​ളെ​ല്ലാം ഇല്ലാതാ​യി​ട്ടു​ണ്ടാ​കും. ഭൂമി​യി​ലെ എല്ലാ മനുഷ്യ​രും അന്നു ദൈവ​രാ​ജ്യം എന്ന ഏകഗവൺമെ​ന്റി​ന്റെ പ്രജക​ളാ​യി​രി​ക്കും. ഒരൊറ്റ ആത്മീയ​ജ​ന​ത​യു​ടെ ഭാഗമാ​യി​രി​ക്കും നമ്മളെ​ല്ലാം. ആ സമയത്ത്‌ ധിക്കാരം കാട്ടു​ന്ന​വരെ ബൈബിൾപ്ര​വ​ചനം, ഗോഗും മാഗോ​ഗും എന്നു വിളി​ച്ചി​രി​ക്കു​ന്ന​തും അവരെ ‘ജനതകൾ’ എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​തും ഒരു കാര്യം സൂചി​പ്പി​ക്കു​ന്നു: ദൈവ​ജ​ന​ത്തിൽപ്പെട്ട ചിലരു​ടെ ഇടയിൽ വിഭാ​ഗീ​യ​ത​യു​ടെ വിത്തുകൾ വിതയ്‌ക്കു​ന്ന​തിൽ സാത്താൻ വിജയി​ക്കും. എന്നാൽ അന്നു സാത്താന്റെ പക്ഷം ചേരാ​നോ യഹോ​വ​യു​ടെ പക്ഷം ചേരാ​നോ ആരെയും നിർബ​ന്ധി​ക്കില്ല. അതു പൂർണ​ത​യുള്ള ഓരോ മനുഷ്യ​ന്റെ​യും സ്വന്തതീ​രു​മാ​ന​മാ​യി​രി​ക്കും.

ധിക്കാരികളായിത്തീരുന്നവരെ ഗോഗും മാഗോ​ഗും എന്നു വിളി​ച്ചി​രി​ക്കു​ന്നു (24-ാം ഖണ്ഡിക കാണുക)

25, 26. എത്ര പേർ സാത്താന്റെ പക്ഷം ചേരും, അവർക്ക്‌ എന്തു സംഭവി​ക്കും?

25 എത്ര പേർ സാത്താന്റെ പക്ഷം ചേരും? ധിക്കാ​രി​ക​ളു​ടെ എണ്ണം “കടലിലെ മണൽപോ​ലെ​യാ​യി​രി​ക്കും” എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. മനുഷ്യ​സ​മൂ​ഹ​ത്തി​ന്റെ വലി​യൊ​രു ശതമാനം ധിക്കാ​രി​ക​ളാ​കു​മെ​ന്നാ​ണോ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌? അങ്ങനെ കരു​തേ​ണ്ട​തില്ല. എന്തു​കൊണ്ട്‌? അബ്രാ​ഹാ​മി​നു കൊടുത്ത വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അബ്രാ​ഹാ​മി​ന്റെ സന്തതി “കടൽത്തീ​രത്തെ മണൽത്ത​രി​കൾപോ​ലെ” വർധി​ക്കു​മെന്ന്‌ യഹോവ പറഞ്ഞു. (ഉൽപ. 22:17, 18) എന്നാൽ ആ സന്തതി​യിൽപ്പെ​ട്ട​വ​രു​ടെ എണ്ണം 1,44,001 മാത്ര​മാ​യി​രു​ന്നു. (ഗലാ. 3:16, 29) അതു വലി​യൊ​രു സംഖ്യ​യാ​ണെ​ങ്കി​ലും മനുഷ്യ​കു​ല​ത്തി​ന്റെ മൊത്തം സംഖ്യ​യോ​ടുള്ള താരത​മ്യ​ത്തിൽ അതു തീരെ നിസ്സാ​ര​മാണ്‌. സമാന​മാ​യി, സാത്താന്റെ പക്ഷം ചേരു​ന്ന​വ​രു​ടെ സംഖ്യ വലുതാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും അതു നമ്മളെ ഞെട്ടി​ക്കാൻപോന്ന ഒരു സംഖ്യ​യാ​യി​രി​ക്കില്ല. ധിക്കാ​രി​കൾ ഒരിക്ക​ലും യഹോ​വ​യു​ടെ വിശ്വസ്‌ത​ദാ​സർക്കു വലി​യൊ​രു ഭീഷണി​യാ​കില്ല.

26 അന്നു ധിക്കാ​ര​ത്തോ​ടെ സാത്താന്റെ പക്ഷം ചേരു​ന്ന​വ​രെ​യെ​ല്ലാം പെട്ടെ​ന്നു​തന്നെ നിഗ്ര​ഹി​ക്കും. സാത്താ​നും ഭൂതങ്ങൾക്കും ഒപ്പം അവരും ഇല്ലാതാ​കും. പിന്നീട്‌ ഒരിക്ക​ലും അവർ ജീവനി​ലേക്കു വരില്ല. അവരുടെ തെറ്റായ തീരു​മാ​ന​ങ്ങ​ളും അതിന്റെ ഭവിഷ്യ​ത്തു​ക​ളും മാത്രം എന്നെന്നും ആളുക​ളു​ടെ ഓർമ​യി​ലു​ണ്ടാ​യി​രി​ക്കും.​—വെളി. 20:10.

27-29. അന്തിമ​പ​രി​ശോ​ധ​ന​യിൽ വിജയി​ക്കു​ന്ന​വരെ കാത്തി​രി​ക്കു​ന്നത്‌ എന്താണ്‌?

27 എന്നാൽ അന്തിമ​പ​രി​ശോ​ധ​ന​യിൽ വിജയി​ക്കു​ന്ന​വ​രു​ടെ പേരുകൾ എന്നേക്കു​മാ​യി “ജീവന്റെ പുസ്‌ത​ക​ത്തിൽ” രേഖ​പ്പെ​ടു​ത്തും. (വെളി. 20:15) വിശ്വസ്‌ത​രാ​യി​നിന്ന ദൈവ​മ​ക്ക​ളെ​ല്ലാം തുടർന്ന്‌, ഐക്യ​മുള്ള ഒരൊറ്റ കുടും​ബ​മാ​യി ദൈവത്തെ ആരാധി​ക്കും. ആരാധന സ്വീക​രി​ക്കാൻ എന്തു​കൊ​ണ്ടും അർഹനായ യഹോ​വയ്‌ക്ക്‌ അവർ എന്നെന്നും ആരാധന അർപ്പി​ക്കും!

28 ശോഭ​ന​മായ ആ ഭാവി​കാ​ല​ത്തെ​ക്കു​റിച്ച്‌ ഒന്ന്‌ ഓർത്തു​നോ​ക്കൂ. സംതൃപ്‌തി​യേ​കുന്ന ജോലി​ക​ളും നല്ലനല്ല സുഹൃദ്‌ബ​ന്ധ​ങ്ങ​ളും ആസ്വദി​ക്കാ​നാ​കുന്ന ഒരു കാലം! നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും പിന്നീ​ടൊ​രി​ക്ക​ലും യാതനകൾ സഹി​ക്കേ​ണ്ടി​വ​രില്ല. നിങ്ങളിൽ പാപത്തി​ന്റെ ഒരു കണിക​പോ​ലും അവശേ​ഷി​ക്കാ​ത്ത​തു​കൊണ്ട്‌ അന്നു നിങ്ങൾക്കു നേരിട്ട്‌ യഹോ​വയെ സമീപി​ക്കാ​നാ​കും. ഓരോ മനുഷ്യ​നും യഹോ​വ​യു​മാ​യി നല്ലൊരു സുഹൃദ്‌ബ​ന്ധ​മു​ണ്ടാ​യി​രി​ക്കും, അതിനു പ്രതി​ബ​ന്ധ​മാ​യി ഒന്നുമു​ണ്ടാ​യി​രി​ക്കില്ല. ഏറ്റവും പ്രധാ​ന​മാ​യി, സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാ സൃഷ്ടി​ക​ളും തികവുറ്റ രീതി​യിൽ യഹോ​വയ്‌ക്കു ശുദ്ധാ​രാ​ധന അർപ്പി​ക്കും. അതെ, ശുദ്ധാ​രാ​ധന എല്ലാ അർഥത്തി​ലും പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന ഒരു കാലമാ​യി​രി​ക്കും അത്‌!

പൂർണരായിത്തീരുമ്പോൾ നിങ്ങളിൽ പാപത്തി​ന്റെ ഒരു കണിക​പോ​ലു​മി​ല്ലാ​ത്ത​തു​കൊണ്ട്‌ നിങ്ങൾക്കു നേരിട്ട്‌ യഹോ​വയെ സമീപി​ക്കാ​നാ​കും (28-ാം ഖണ്ഡിക കാണുക)

29 ആ സുദിനം കാണാൻ നിങ്ങൾ അവിടെ ഉണ്ടായി​രി​ക്കു​മോ? യഹസ്‌കേൽ പുസ്‌തകം പകർന്നു​ത​രുന്ന ആ മൂന്നു പാഠങ്ങൾ തുടർന്നും പ്രാവർത്തി​ക​മാ​ക്കി​യാൽ നിങ്ങൾക്ക്‌ അതിനു കഴിയും. ഏതെല്ലാ​മാ​യി​രു​ന്നു അവ? യഹോ​വയ്‌ക്കു സമ്പൂർണ​ഭക്തി നൽകുക, ഐക്യ​ത്തോ​ടെ ദൈവ​ത്തി​നു നിർമ​ല​മായ ആരാധന അർപ്പി​ക്കുക, മറ്റുള്ള​വ​രോ​ടുള്ള സ്‌നേ​ഹ​ത്തി​നു തെളി​വേ​കുക. യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ പഠിപ്പി​ക്കുന്ന ഒരു അടിസ്ഥാ​ന​പാ​ഠം​കൂ​ടെ നമുക്ക്‌ ഇപ്പോൾ നോക്കാം. എന്താണ്‌ അത്‌?

സ്വർഗത്തിലും ഭൂമി​യി​ലും ഉള്ള സൃഷ്ടി​ക​ളെ​ല്ലാം ഒത്തൊ​രു​മിച്ച്‌ ശുദ്ധാ​രാ​ധന അർപ്പി​ക്കു​ന്ന​തി​ന്റെ സന്തോഷം ഒന്നു ഭാവന​യിൽ കാണുക (27-29 ഖണ്ഡികകൾ കാണുക)

“ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും”

30, 31. “ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും” എന്ന പ്രഖ്യാ​പനം (എ) ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌, (ബി) ദൈവജനത്തിന്‌ എന്ത്‌ അർഥമാ​ക്കും?

30 “ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും” എന്ന പ്രഖ്യാ​പനം യഹസ്‌കേൽ പുസ്‌ത​ക​ത്തി​ലു​ട​നീ​ളം പലയാ​വർത്തി പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. (യഹ. 6:10; 39:28) ആ പ്രഖ്യാ​പനം ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കു യുദ്ധവും മരണവും വരുത്തി​വെ​ക്കും. യഹോവ യഥാർഥ​ത്തി​ലുള്ള വ്യക്തി​യാ​ണെന്ന്‌ അവർ അംഗീ​ക​രി​ക്കേ​ണ്ടി​വ​രും. പക്ഷേ അവിടം​കൊണ്ട്‌ തീരില്ല. യഹോ​വ​യു​ടെ മഹനീ​യ​നാ​മ​ത്തി​ന്റെ അർഥം, “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണെന്ന വസ്‌തുത അവർ വേദന​യോ​ടെ തിരി​ച്ച​റി​യും. “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ” ഒരു ‘യുദ്ധവീ​ര​നാ​യി​ത്തീർന്ന്‌’ അവർക്കെ​തി​രെ പോരാ​ടും. (1 ശമു. 17:45; പുറ. 15:3) അങ്ങനെ, വളരെ വൈകി​യാ​ണെ​ങ്കി​ലും യഹോ​വ​യെ​ക്കു​റി​ച്ചുള്ള ഒരു അടിസ്ഥാ​ന​സ​ത്യം അവർ അന്ന്‌ തിരി​ച്ച​റി​യും: തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ ഒന്നിനു​മാ​കില്ല!

31 എന്നാൽ “ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും” എന്ന പ്രഖ്യാ​പനം ദൈവ​ജ​ന​ത്തി​നു സമാധാ​ന​വും ജീവനും കൈവ​രു​ത്തും. നമ്മളെ​ക്കു​റിച്ച്‌ യഹോ​വയ്‌ക്കു തുടക്ക​ത്തി​ലു​ണ്ടാ​യി​രുന്ന ഉദ്ദേശ്യം അന്നു നടപ്പാ​കും​—നമ്മളെ​ല്ലാം തന്റെ ഗുണങ്ങൾ അതേപടി പ്രതി​ഫ​ലി​പ്പി​ക്കുന്ന മക്കൾ ആയിത്തീ​രാൻ യഹോവ ഇടയാ​ക്കും. (ഉൽപ. 1:26) യഹോവ ഇപ്പോൾത്തന്നെ നമ്മുടെ സ്‌നേ​ഹ​നി​ധി​യായ പിതാ​വും നമ്മളെ സംരക്ഷി​ക്കുന്ന ഇടയനും ആണ്‌. എന്നാൽ വളരെ പെട്ടെ​ന്നു​തന്നെ യഹോവ നമുക്കു​വേണ്ടി ജയിച്ചു​മു​ന്നേ​റുന്ന ഒരു രാജാ​വാ​യി മാറും. ആ ദിവസം വന്നെത്തു​ന്ന​തി​നു മുമ്പ്‌ നമുക്ക്‌ യഹസ്‌കേൽ പുസ്‌ത​ക​ത്തി​ലെ ആ പ്രഖ്യാ​പനം മനസ്സിൽ കുറി​ച്ചി​ടാം. യഹോവ ആരാ​ണെ​ന്നും യഹോ​വ​യു​ടെ നിലവാ​രങ്ങൾ എന്താ​ണെ​ന്നും അറിയാ​മെന്നു നമുക്കു വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും എപ്പോ​ഴും തെളി​യി​ക്കാം. എങ്കിൽ മഹാകഷ്ടത സംഹാ​ര​ശ​ക്തി​യോ​ടെ ആഞ്ഞടി​ക്കു​മ്പോൾ നമ്മൾ ഭയന്നു​പോ​കില്ല. പകരം മോചനം അടുത്തു​വ​രു​ന്നു എന്നു മനസ്സി​ലാ​ക്കി നമ്മൾ തല ഉയർത്തി​പ്പി​ടി​ക്കും. (ലൂക്കോ. 21:28) അതുവരെ, ആരാധ​നയ്‌ക്ക്‌ അർഹനായ ഒരേ ഒരു ദൈവത്തെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും നമുക്ക്‌ എല്ലാ മനുഷ്യ​രെ​യും സഹായി​ക്കാം. അങ്ങനെ, എല്ലാ നാമങ്ങ​ളി​ലും​വെച്ച്‌ ഏറ്റവും ഉന്നതമായ നാമം വഹിക്കുന്ന ആ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ എല്ലാവ​രും അറിയട്ടെ!​—യഹ. 28:26.

a അധ്യാ​യ​ന​മ്പ​റു​കൾ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ അധ്യാ​യ​ങ്ങ​ളെ​യാ​ണു കുറി​ക്കു​ന്നത്‌.