വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 19

“നദി ഒഴുകി​യെ​ത്തു​ന്നി​ട​ത്തെ​ല്ലാം ഏതു ജീവി​യും ജീവി​ക്കും”

“നദി ഒഴുകി​യെ​ത്തു​ന്നി​ട​ത്തെ​ല്ലാം ഏതു ജീവി​യും ജീവി​ക്കും”

യഹസ്‌കേൽ 47:9

മുഖ്യവിഷയം: ദേവാ​ല​യ​ത്തിൽനിന്ന്‌ ഒരു നദി ഒഴുകു​ന്ന​താ​യി കണ്ട ദർശന​ത്തി​നു പുരാതനകാലത്തും ഇന്നും ഭാവി​യി​ലും ഉള്ള നിവൃത്തി

1, 2. യഹസ്‌കേൽ 47:1-12 അനുസ​രിച്ച്‌ യഹസ്‌കേൽ എന്തെല്ലാം കാണു​ക​യും മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

 ദേവാ​ല​യ​ദർശനം കണ്ടു​കൊ​ണ്ടി​രുന്ന യഹസ്‌കേൽ ഇപ്പോൾ മറ്റൊരു അത്ഭുത​ദൃ​ശ്യ​ത്തി​നു സാക്ഷി​യാ​കു​ന്നു. പാവന​മായ ആ ദേവാ​ല​യ​ത്തിൽനിന്ന്‌ അതാ, ഒരു നദി ഒഴുകു​ന്നു! നല്ല കണ്ണീരു​പോ​ലെ തെളിഞ്ഞ ജലം! അത്‌ ഒഴുകുന്ന ദിശയിൽ അദ്ദേഹം അതിന്റെ ഓരത്തു​കൂ​ടെ നടന്നു​നീ​ങ്ങു​ന്നു. (യഹസ്‌കേൽ 47:1-12 വായി​ക്കുക.) വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ വാതിൽപ്പ​ടി​യു​ടെ അടിയിൽനിന്ന്‌ അല്‌പാല്‌പ​മാ​യി ഒഴുകി​വ​രുന്ന ആ വെള്ളം ആലയത്തി​ന്റെ കിഴക്കേ കവാട​ത്തിന്‌ അടുത്തു​കൂ​ടെ ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​നു പുറ​ത്തേക്ക്‌ ഒഴുകു​ക​യാണ്‌. ദേവാ​ലയം കൊണ്ടു​ന​ട​ന്നു​കാ​ണിച്ച ആ ദൈവ​ദൂ​തൻ ഇപ്പോൾ യഹസ്‌കേ​ലി​നെ​യും​കൊണ്ട്‌ ആലയത്തിൽനിന്ന്‌ ഇറങ്ങുന്നു. പിന്നി​ടുന്ന ദൂരം അളന്നള​ന്നാണ്‌ അവർ മുന്നോ​ട്ടു നീങ്ങു​ന്നത്‌. വെള്ളത്തി​ലൂ​ടെ അക്കര കടക്കാൻ ദൂതൻ ഇടയ്‌ക്കി​ടെ യഹസ്‌കേ​ലി​നോ​ടു പറയു​ന്നു​മുണ്ട്‌. അതിന്റെ ആഴം പെട്ടെന്നു കൂടു​ന്ന​താ​യി പ്രവാ​ചകൻ തിരി​ച്ച​റി​യു​ന്നു. ആ അരുവി ഒരു ജലപ്ര​വാ​ഹ​മാ​യി മാറു​ക​യാണ്‌. നീന്താതെ അക്കര കടക്കാൻ പറ്റാത്തത്ര വലി​യൊ​രു ജലപ്ര​വാ​ഹം!

2 നദി ചാവു​ക​ട​ലി​ലേ​ക്കാണ്‌ ഒഴുകു​ന്ന​തെന്ന്‌ യഹസ്‌കേ​ലി​നു മനസ്സി​ലാ​യി. ആ കടലി​ലേതു ജീവി​കൾക്കൊ​ന്നും വസിക്കാ​നാ​കാത്ത, ഉപ്പുര​സ​മുള്ള വെള്ളമാ​ണെ​ങ്കി​ലും നദിയി​ലെ ജലം ചെന്നു​ചേ​രുന്ന സ്ഥലങ്ങളി​ലെ ജലമ​ത്ര​യും ശുദ്ധമാ​കു​ന്ന​താ​യും അവിടെ അനേക​മ​നേകം മത്സ്യങ്ങ​ളു​ള്ള​താ​യും യഹസ്‌കേൽ കണ്ടു. നദീതീ​രത്ത്‌ എല്ലാ തരം വൃക്ഷങ്ങ​ളും ഇടതിങ്ങി വളരുന്നു. ഓരോ മാസവും പോഷ​ക​ഗു​ണ​മുള്ള പുതിയ കായ്‌കൾ അവയിൽ ഉണ്ടാകും. അവയുടെ ഇലകൾക്കു രോഗം ഭേദമാ​ക്കാൻ കഴിവുണ്ട്‌. ഇതെല്ലാം കണ്ടപ്പോൾ യഹസ്‌കേ​ലി​ന്റെ ഹൃദയ​ത്തിൽ ശാന്തി​യും പ്രത്യാ​ശ​യും നിറഞ്ഞു​കാ​ണും. പക്ഷേ ദേവാ​ല​യ​ദർശ​ന​ത്തി​ന്റെ ഈ ഭാഗത്തിന്‌ യഹസ്‌കേ​ലി​ന്റെ​യും മറ്റു പ്രവാ​സി​ക​ളു​ടെ​യും കാര്യ​ത്തിൽ എന്തു പ്രാധാ​ന്യ​മാ​ണു​ണ്ടാ​യി​രു​ന്നത്‌? അതിന്‌ ഇന്നു നമ്മുടെ നാളിൽ എന്തെങ്കി​ലും പ്രസക്തി​യു​ണ്ടോ?

ദർശന​ത്തി​ലെ നദിയും പ്രവാ​സി​ക​ളും

3. യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നദി അക്ഷരാർഥത്തിലുള്ളതാണെന്നു പുരാ​ത​ന​കാ​ലത്തെ ജൂതന്മാർ കരുതി​ക്കാ​ണി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 ദർശന​ത്തി​ലെ ആ നദി അക്ഷരാർഥ​ത്തി​ലു​ള്ള​താ​ണെന്ന്‌ എന്തായാ​ലും അന്നത്തെ ജൂതന്മാർ കരുതി​ക്കാ​ണില്ല. പകരം അവരുടെ മനസ്സി​ലേക്ക്‌ അപ്പോൾ വന്നതു ദൈവം വെളി​പ്പെ​ടു​ത്തി​ക്കൊ​ടുത്ത മറ്റൊരു പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​മാ​യി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌, ഇരുന്നൂ​റി​ല​ധി​കം വർഷം മുമ്പ്‌ യോവേൽ പ്രവാ​ചകൻ രേഖ​പ്പെ​ടു​ത്തിയ ഒരു പ്രവചനം! (യോവേൽ 3:18 വായി​ക്കുക.) യോ​വേ​ലി​ന്റെ ആ വാക്കുകൾ വായി​ച്ച​പ്പോൾ പർവത​ങ്ങ​ളിൽനിന്ന്‌ അക്ഷരാർഥ​ത്തിൽ “മധുര​മുള്ള വീഞ്ഞ്‌ ഇറ്റിറ്റു​വീ​ഴും” എന്നോ മലകളിൽനിന്ന്‌ അക്ഷരാർഥ​ത്തിൽ “പാൽ ഒഴുകും” എന്നോ ജൂത​പ്ര​വാ​സി​കൾ ഉറപ്പാ​യും കരുതി​യി​ട്ടു​ണ്ടാ​കില്ല. “യഹോ​വ​യു​ടെ ഭവനത്തിൽനിന്ന്‌” ഒരു അരുവി പുറ​പ്പെ​ടു​മെന്ന വാക്കു​ക​ളും അവർ അത്തരത്തിൽ എടുത്തു​കാ​ണില്ല. സമാന​മാ​യി, ദർശന​ത്തിൽ യഹസ്‌കേൽ കണ്ട നദിയും അക്ഷരാർഥ​ത്തി​ലെ​ടു​ക്കേ​ണ്ട​ത​ല്ലെന്നു മറ്റു പ്രവാ​സി​കൾക്കു മനസ്സി​ലാ​യി​ക്കാ​ണും. a അപ്പോൾപ്പി​ന്നെ യഹോവ ആ ദർശന​ത്തി​ലൂ​ടെ എന്തു സന്ദേശ​മാ​ണു നൽകി​യത്‌? മറ്റു ചില തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചാൽ ആ ദർശന​ത്തി​ലെ ചില ഭാഗങ്ങ​ളു​ടെ അർഥം എന്താ​ണെന്നു നമുക്കു മനസ്സി​ലാ​കും. അതിൽ മൂന്നെണ്ണം മാത്രം നമുക്ക്‌ ഇപ്പോൾ നോക്കാം. നമുക്കുള്ള സ്‌നേ​ഹ​നിർഭ​ര​മായ ചില ഉറപ്പു​ക​ളെ​ക്കു​റിച്ച്‌ വ്യക്തമാ​യൊ​രു ചിത്രം അതു വരച്ചു​കാ​ട്ടു​ന്നുണ്ട്‌.

4. (എ) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നദി, യഹോവയിൽനിന്നുള്ള എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ജൂതന്മാർക്കു പ്രതീക്ഷ പകർന്നു​കാ​ണും? (ബി) ബൈബി​ളിൽ കാണുന്ന “നദി,” “വെള്ളം” എന്നീ പദപ്ര​യോ​ഗങ്ങൾ യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ഉറപ്പേ​കു​ന്നത്‌ എങ്ങനെ? (“യഹോവയിൽനിന്നുള്ള അനു​ഗ്ര​ഹ​ന​ദി​കൾ” എന്ന ചതുരം കാണുക.)

4 അനു​ഗ്ര​ഹങ്ങൾ ചൊരി​യുന്ന ഒരു നദി. ബൈബി​ളിൽ “നദി,” “വെള്ളം” എന്നീ പദപ്ര​യോ​ഗങ്ങൾ യഹോ​വ​യിൽനി​ന്നുള്ള ജീവദാ​യ​ക​മായ അനു​ഗ്ര​ഹ​ങ്ങളെ ചിത്രീ​ക​രി​ക്കാ​നാ​ണു പലപ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അത്തര​മൊ​രു നദി ദേവാ​ല​യ​ത്തിൽനിന്ന്‌ പുറ​പ്പെ​ടു​ന്ന​താ​യി യഹസ്‌കേൽ ദർശന​ത്തിൽ കണ്ടതു​കൊണ്ട്‌ ദൈവ​ജ​ന​ത്തിന്‌ ഒരു കാര്യം മനസ്സി​ലാ​യി​ക്കാ​ണും: അവർ ശുദ്ധാ​രാ​ധ​ന​യോ​ടു പറ്റിനിൽക്കു​ന്നി​ട​ത്തോ​ളം കാലം യഹോ​വ​യു​ടെ ജീവദാ​യ​ക​മായ ആത്മീയാ​നു​ഗ്ര​ഹങ്ങൾ അവരി​ലേക്ക്‌ ഒഴുകി​യെ​ത്തും. എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ? പുരോ​ഹി​ത​ന്മാർ അവർക്കു വീണ്ടും ആത്മീയ​വി​ദ്യാ​ഭ്യാ​സം നൽകി​ത്തു​ട​ങ്ങും. ദേവാ​ല​യ​ത്തിൽ വീണ്ടും ബലിയർപ്പണം ആരംഭി​ക്കു​ന്ന​തോ​ടെ, തങ്ങളുടെ പാപങ്ങൾക്കു പരിഹാ​രം ലഭിക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. (യഹ. 44:15, 23; 45:17) വീണ്ടും ശുദ്ധരാ​കാ​നുള്ള അവസര​മാണ്‌ അവർക്ക്‌ അതിലൂ​ടെ ലഭിക്കു​മാ​യി​രു​ന്നത്‌. ദേവാ​ല​യ​ത്തിൽനിന്ന്‌ പുറ​പ്പെ​ടുന്ന ശുദ്ധജലം ഒരു ആലങ്കാ​രി​കാർഥ​ത്തിൽ അവരെ കഴുകി​വെ​ടി​പ്പാ​ക്കു​മാ​യി​രു​ന്നു.

5. നദി​യെ​ക്കു​റി​ച്ചുള്ള ദർശനം, എല്ലാവർക്കും വേണ്ടു​വോ​ളം അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മോ എന്ന ഉത്‌കണ്‌ഠയെ ദൂരീ​ക​രി​ച്ചത്‌ എങ്ങനെ?

5 എന്നാൽ എല്ലാവർക്കും വേണ്ടത്ര അനു​ഗ്ര​ഹങ്ങൾ എപ്പോ​ഴും ലഭിക്കു​മാ​യി​രു​ന്നോ? ആർക്കെ​ങ്കി​ലും അങ്ങനെ​യൊ​രു ഉത്‌കണ്‌ഠ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അതിനെ അസ്ഥാന​ത്താ​ക്കുന്ന ഒരു കാര്യം ആ ദർശന​ത്തിൽ കണ്ടിരു​ന്നു. നദിയു​ടെ ആഴവും പരപ്പും അത്ഭുത​ക​ര​മാ​യി കൂടി​ക്കൂ​ടി​വ​രു​ന്നത്‌ യഹസ്‌കേൽ ശ്രദ്ധിച്ചു. വെള്ളം ഒഴുകി​ത്തു​ട​ങ്ങി​യത്‌ അല്‌പാല്‌പ​മാ​യി​ട്ടാ​ണെ​ങ്കി​ലും വെറും ഒരു മൈൽ ദൂരം പിന്നി​ട്ട​പ്പോ​ഴേ​ക്കും അതൊരു വൻ ജലപ്ര​വാ​ഹ​മാ​യി മാറി. (യഹ. 47:3-5) എന്താണ്‌ അതു സൂചി​പ്പി​ച്ചത്‌? മാതൃ​ദേ​ശത്ത്‌ തിരികെ എത്തിയ ജൂതന്മാ​രു​ടെ ജനസംഖ്യ വർധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും അതനു​സ​രിച്ച്‌ യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹ​ങ്ങ​ളും വർധി​ച്ചു​വ​രു​മാ​യി​രു​ന്നു. അതെ, ആ നദി ചിത്രീ​ക​രി​ച്ചതു സമൃദ്ധി​യെ​യാണ്‌!

6. (എ) പ്രാവ​ച​നി​ക​ചി​ത്രം ഏത്‌ ഉറപ്പേകി? (ബി) എന്നാൽ ആ ദർശന​ത്തിൽ ഏതു മുന്നറി​യി​പ്പു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു? (അടിക്കു​റി​പ്പു കാണുക.)

6 ജീവൻ പകരുന്ന ജലം. ആ നദി ചാവു​ക​ട​ലിൽ ചെന്നു​ചേർന്ന​പ്പോൾ അതിന്റെ ഭൂരി​ഭാ​ഗ​വും ശുദ്ധമാ​കു​ന്ന​താ​യി യഹസ്‌കേൽ ദർശന​ത്തിൽ കണ്ടു. അപ്പോൾ, മഹാസ​മു​ദ്ര​ത്തി​ലെ (അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.) മത്സ്യ​വൈ​വി​ധ്യ​ത്തോ​ടു കിടപി​ടി​ക്കാൻപോന്ന മത്സ്യസ​മ്പത്ത്‌ അതിൽ ഉണ്ടായി. ചാവു​ക​ട​ലി​ന്റെ തീരത്ത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌, വളരെ അകലെ​യാ​യി സ്ഥിതി​ചെയ്‌തി​രുന്ന രണ്ടു പട്ടണങ്ങൾക്കി​ട​യി​ലുള്ള ദൂരമ​ത്ര​യും ഒരു വമ്പൻ മത്സ്യവ്യ​വ​സാ​യം തഴച്ചു​വ​ള​രാൻമാ​ത്രം സമൃദ്ധ​മാ​യി​രു​ന്നു അതിലെ മത്സ്യസ​മ്പത്ത്‌. “നദി ഒഴുകി​യെ​ത്തു​ന്നി​ട​ത്തെ​ല്ലാം ഏതു ജീവി​യും ജീവി​ക്കും” എന്ന്‌ ആ ദൂതൻ പറഞ്ഞു. എന്നാൽ അതിന്റെ അർഥം യഹോ​വ​യു​ടെ ഭവനത്തിൽനിന്ന്‌ ഒഴുകി​യെ​ത്തിയ വെള്ളം ചാവു​ക​ട​ലിൽ എല്ലായി​ട​ത്തും എത്തി​ച്ചേർന്നു എന്നാണോ? അല്ല. ജീവദാ​യ​ക​മായ ജലം ചെന്നെ​ത്താത്ത ചില ചതുപ്പു​നി​ലങ്ങൾ ഉണ്ടായി​രി​ക്കു​മെന്ന്‌ ആ ദൂതൻ വിശദീ​ക​രി​ച്ചു. അത്തരം സ്ഥലങ്ങളെ ‘ഉപ്പിനാ​യി ഉപേക്ഷി​ക്കും’ എന്നും ദൂതൻ പറഞ്ഞു. b (യഹ. 47:8-11) ഈ പ്രാവ​ച​നി​ക​ചി​ത്രം നൽകിയ ഒരു ഉറപ്പ്‌ ഇതായി​രു​ന്നു: ശുദ്ധാ​രാ​ധന ആളുകൾക്കു പുതു​ജീ​വൻ പകരു​ക​യും ആലങ്കാ​രി​കാർഥ​ത്തിൽ അവർ തഴച്ചു​വ​ള​രാൻ ഇടയാ​ക്കു​ക​യും ചെയ്യും. എന്നാൽ അതോ​ടൊ​പ്പം ഒരു മുന്നറി​യി​പ്പു​മു​ണ്ടാ​യി​രു​ന്നു: എല്ലാവ​രും യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ സ്വീക​രി​ക്കില്ല, എല്ലാവ​രും ശുദ്ധരാ​കു​ക​യു​മില്ല.

7. ദർശന​ത്തിൽ കണ്ട നദീതീ​രത്തെ വൃക്ഷങ്ങൾ പ്രവാ​സി​ക​ളായ ജൂതന്മാർക്ക്‌ എന്ത്‌ ഉറപ്പേകി?

7 ഭക്ഷണത്തി​നും രോഗ​ശാ​ന്തി​ക്കും ഉപകരി​ക്കുന്ന വൃക്ഷങ്ങൾ. നദീതീ​രത്ത്‌ മരങ്ങൾ നിൽക്കു​ന്ന​താ​യും യഹസ്‌കേൽ ദർശന​ത്തിൽ കണ്ടു. അത്‌ ആ പ്രാവ​ച​നി​ക​ചി​ത്ര​ത്തിന്‌ ഏറെ മനോ​ഹാ​രിത പകരു​ന്നുണ്ട്‌, അല്ലേ? എന്നാൽ അത്‌ ആ ദർശന​ത്തി​നു വളരെ​യ​ധി​കം അർഥവും പകരു​ന്നുണ്ട്‌. എല്ലാ മാസവും ആ വൃക്ഷങ്ങ​ളിൽ സ്വാദിഷ്‌ഠ​മായ പുതിയ കായ്‌കൾ ഉണ്ടാകു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ യഹസ്‌കേ​ലി​നും മറ്റു പ്രവാ​സി​കൾക്കും എത്ര സന്തോഷം തോന്നി​ക്കാ​ണും! യഹോവ അവരെ ആത്മീയ​മാ​യി പോഷി​പ്പി​ക്കു​മെന്നു പ്രവച​ന​ത്തി​ലെ ഈ ഭാഗവും അവർക്ക്‌ ഉറപ്പേകി. ആകർഷ​ക​മായ ആ പ്രാവ​ച​നി​ക​ചി​ത്രം അവർക്കു മറ്റ്‌ എന്ത്‌ ഉറപ്പു നൽകി​ക്കാ​ണും? ആ വൃക്ഷങ്ങ​ളു​ടെ ഇലകൾ ‘രോഗം ഭേദമാ​ക്കാൻ ഉപകരി​ക്കും’ എന്നു പറഞ്ഞി​രി​ക്കു​ന്നു. (യഹ. 47:12) പ്രവാ​സി​കൾ മാതൃ​ദേ​ശത്ത്‌ തിരികെ എത്തു​മ്പോൾ അവർക്ക്‌ ഏറ്റവും ആവശ്യം ആത്മീയ​മായ രോഗ​ശാ​ന്തി​യാ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അതുത​ന്നെ​യാണ്‌ യഹോവ വാഗ്‌ദാ​നം ചെയ്‌ത​തും. യഹോവ അത്‌ എങ്ങനെ​യാ​ണു ചെയ്‌ത​തെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌തി​ട്ടുള്ള മറ്റു പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​നങ്ങൾ വിശദീ​ക​രി​ക്കു​ന്നുണ്ട്‌.

8. യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​നു വലി​യൊ​രു നിവൃത്തിയുണ്ടായിരിക്കുമെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

8 എന്നാൽ തിരികെ എത്തിയ പ്രവാ​സി​കൾ ആ പ്രവച​ന​ങ്ങ​ളു​ടെ ഭാഗി​ക​മായ നിവൃ​ത്തി​യേ കണ്ടുള്ളൂ എന്നും 9-ാം അധ്യാ​യ​ത്തിൽ നമ്മൾ കണ്ടിരു​ന്നു. യഥാർഥ​ത്തിൽ അതിനു കാരണ​ക്കാർ ആ ജനംത​ന്നെ​യാ​യി​രു​ന്നു. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! ധാർമി​കാ​ധഃ​പ​ത​ന​വും അനുസ​ര​ണ​ക്കേ​ടും ശുദ്ധാ​രാ​ധ​ന​യോ​ടുള്ള അവഗണ​ന​യും അവരുടെ ഇടയിൽ ഇടയ്‌ക്കി​ടെ തലപൊ​ക്കു​മ്പോൾ യഹോ​വയ്‌ക്ക്‌ എങ്ങനെ അവരെ മുഴു​വ​നാ​യി അനു​ഗ്ര​ഹി​ക്കാ​നാ​കും? മറ്റു ജൂതന്മാ​രു​ടെ പെരു​മാ​റ്റം കണ്ടപ്പോൾ, വിശ്വസ്‌ത​രാ​യ​വർക്കു തീർച്ച​യാ​യും വേദന​യും നിരാ​ശ​യും തോന്നി​ക്കാ​ണും. എങ്കിലും യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ വെറു​തേ​യാ​കി​ല്ലെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. ആ വാഗ്‌ദാ​നങ്ങൾ എന്തായാ​ലും നിറ​വേ​റു​ക​തന്നെ ചെയ്യും. (യോശുവ 23:14 വായി​ക്കുക.) അതു​കൊണ്ട്‌ ന്യായ​മാ​യും യഹസ്‌കേ​ലി​ന്റെ ദർശന​ത്തിന്‌ ഒരിക്കൽ വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​കു​മാ​യി​രു​ന്നു. പക്ഷേ, എപ്പോൾ?

നദി ഇന്നും ഒഴുകു​ന്നു!

9. യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​നു വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​കു​ന്നത്‌ എപ്പോൾ?

9 ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 14-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തിന്‌ “അവസാ​ന​നാ​ളു​ക​ളിൽ” വലി​യൊ​രു നിവൃ​ത്തി​യുണ്ട്‌. ശുദ്ധാ​രാ​ധന മുമ്പെ​ന്ന​ത്തേ​തി​ലും ഉന്നതമായ ഒരു സ്ഥാന​ത്തേക്ക്‌ ഉയരുന്ന ഒരു സമയമാണ്‌ അത്‌. (യശ. 2:2) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ഈ ഭാഗം ഇക്കാലത്ത്‌ നിറ​വേ​റു​ന്നത്‌ എങ്ങനെ​യാണ്‌?

10, 11. (എ) ഇന്ന്‌ ഒരു നദിപോലെ നമ്മളി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന അനു​ഗ്ര​ഹങ്ങൾ ഏതെല്ലാ​മാണ്‌? (ബി) അവസാ​ന​നാ​ളു​ക​ളി​ലെ വർധി​ച്ചു​വ​രുന്ന ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ യഹോ​വ​യിൽനി​ന്നുള്ള അനുഗ്രഹങ്ങളുടെ ഒഴുക്കു വർധി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

10 അനു​ഗ്ര​ഹങ്ങൾ ചൊരി​യുന്ന ഒരു നദി. യഹോ​വ​യു​ടെ ഭവനത്തിൽനിന്ന്‌ ഒഴുകി​വ​രുന്ന വെള്ളം, ഇന്നത്തെ ഏതെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌? നമ്മുടെ ആത്മീയ ആരോ​ഗ്യ​ത്തി​നും പോഷ​ണ​ത്തി​നും ഉപകരി​ക്കുന്ന എല്ലാം അതിൽപ്പെ​ടും. അതിൽ ഏറ്റവും പ്രധാനം, യേശു മോച​ന​വി​ല​യാ​യി അർപ്പിച്ച ബലിയാണ്‌. ജലം നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്ന​തു​പോ​ലെ ആ ബലി നമ്മുടെ പാപങ്ങ​ളു​ടെ ക്ഷമ സാധ്യ​മാ​ക്കു​ന്നു. നമ്മളെ ശുദ്ധീ​ക​രി​ക്കാൻ കഴിവുള്ള ജീവദാ​യ​ക​മായ ജലത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റൊരു കാര്യം ദൈവ​വ​ച​ന​ത്തി​ലെ നിർമ​ല​മായ സത്യങ്ങ​ളാണ്‌. (എഫെ. 5:25-27) ഇക്കാലത്ത്‌ അത്തരം അനു​ഗ്ര​ഹങ്ങൾ നമ്മളി​ലേക്ക്‌ ഒഴുകി​യെ​ത്തു​ന്നത്‌ എങ്ങനെ​യാണ്‌?

11 1919-ൽ യഹോ​വ​യു​ടെ ദാസന്മാർ ഏതാനും ആയിരങ്ങൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ആവശ്യ​മായ ആത്മീയാ​ഹാ​രം അവർക്ക്‌ അന്നു ലഭിക്കു​ക​യും ചെയ്‌തു. പിന്നീ​ടുള്ള പതിറ്റാ​ണ്ടു​ക​ളിൽ അവരുടെ എണ്ണം അടിക്കടി വർധിച്ചു. ഇന്ന്‌, 80 ലക്ഷത്തി​ല​ധി​കം വരുന്ന വലി​യൊ​രു ജനസമൂ​ഹ​മാണ്‌ അവർ. എന്നാൽ അതിന​നു​സ​രിച്ച്‌ നിർമ​ല​മായ ജലത്തിന്റെ ഒഴുക്കു കൂടി​യോ? തീർച്ച​യാ​യും! ആത്മീയ​സ​ത്യ​ങ്ങ​ളു​ടെ അതിസ​മൃ​ദ്ധ​മായ ഒരു ഒഴുക്കു​തന്നെ ഇന്നു കാണാ​നാ​കും. കഴിഞ്ഞ നൂറ്റാ​ണ്ടിൽ മാത്രം ബൈബി​ളു​ക​ളും പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഘുപ​ത്രി​ക​ക​ളും ലഘു​ലേ​ഖ​ക​ളും ഒക്കെയാ​യി ശതകോ​ടി​ക്ക​ണ​ക്കി​നു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​ണു ദൈവ​ജ​ന​ത്തി​ന്റെ കൈക​ളി​ലേക്ക്‌ ഒഴുകി​യെ​ത്തി​യത്‌. യഹസ്‌കേൽ ദർശന​ത്തിൽ കണ്ട നദിയു​ടെ ആഴവും പരപ്പും പെട്ടെന്നു കൂടി​യ​തി​നോ​ടു സമാന​മാ​യൊ​രു കാര്യം ഇന്നും സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ലോക​മെ​ങ്ങും ആത്മീയ​ദാ​ഹ​മുള്ള ആളുക​ളു​ടെ എണ്ണം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ നിർമ​ല​മായ സത്യങ്ങ​ളു​ടെ ഒഴുക്കും അതിശീ​ഘ്രം വർധി​ക്കു​ക​യാണ്‌. കാലങ്ങ​ളാ​യി ബൈബി​ള​ധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അച്ചടിച്ച പ്രതികൾ ഉപയോ​ഗ​ത്തി​ലുണ്ട്‌. എന്നാൽ ഇപ്പോൾ, jw.org എന്ന വെബ്‌സൈ​റ്റിൽ ഇത്തരം പ്രസി​ദ്ധീ​ക​ര​ണങ്ങൾ 900-ത്തിലധി​കം ഭാഷക​ളിൽ ഇലക്‌ട്രോ​ണിക്‌ രൂപത്തിൽ ലഭ്യമാണ്‌. ശരിയായ ഹൃദയ​നി​ല​യുള്ള ആളുകളെ സത്യത്തി​ന്റെ ഈ ജലം എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്നത്‌?

12. (എ) ബൈബിൾസ​ത്യ​ങ്ങൾ ആളുകൾക്കു പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) കാലോ​ചി​ത​മായ ഏതു മുന്നറി​യി​പ്പാ​ണു ദർശനം നമുക്കു തരുന്നത്‌? (അടിക്കു​റി​പ്പും കാണുക.)

12 ജീവൻ പകരുന്ന ജലം. “നദി ഒഴുകി​യെ​ത്തു​ന്നി​ട​ത്തെ​ല്ലാം ഏതു ജീവി​യും ജീവി​ക്കും” എന്ന്‌ യഹസ്‌കേ​ലി​നോ​ടു പറഞ്ഞി​രു​ന്നു. നമ്മൾ ഉൾപ്പെടെ, പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ആത്മീയ​ദേ​ശത്ത്‌ കഴിയുന്ന എല്ലാവ​രി​ലേ​ക്കും സത്യത്തി​ന്റെ സന്ദേശം ഒഴുകി​യെ​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ. സ്വീകാ​ര്യ​ക്ഷ​മ​മായ ഹൃദയ​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്കു ബൈബിൾസ​ത്യ​ങ്ങൾ പുതു​ജീ​വ​നും ആത്മീയാ​രോ​ഗ്യ​വും പകർന്നി​രി​ക്കു​ന്നു. എന്നാൽ ആ ദർശന​ത്തിൽ കാലോ​ചി​ത​മായ ഒരു മുന്നറി​യി​പ്പു​മുണ്ട്‌: ചിലർ തുടക്ക​ത്തിൽ ബൈബിൾസ​ത്യ​ങ്ങൾ സ്വീക​രി​ച്ചേ​ക്കാ​മെ​ങ്കി​ലും പിന്നീട്‌ അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം വന്നേക്കാം. യഹസ്‌കേൽ ദർശന​ത്തിൽ കണ്ട ചാവു​ക​ട​ലി​ലെ ചതുപ്പു​നി​ല​ങ്ങ​ളും ചേറ്റു​നി​ല​ങ്ങ​ളും പോ​ലെ​യാ​യി​രി​ക്കും അവർ. ഹൃദയ​ത്തി​ന്റെ സ്വീകാ​ര്യ​ക്ഷമത നഷ്ടപ്പെ​ടു​ന്ന​തോ​ടെ അവർ ബൈബിൾസ​ത്യ​ങ്ങൾ അംഗീ​ക​രി​ക്കാ​നും ബാധക​മാ​ക്കാ​നും വിസമ്മ​തി​ക്കും. c നമുക്ക്‌ ഒരിക്ക​ലും അങ്ങനെ സംഭവി​ക്കാ​തി​രി​ക്കട്ടെ!​ആവർത്തനം 10:16-18 വായി​ക്കുക.

13. ദർശന​ത്തി​ലെ വൃക്ഷങ്ങൾ ഇന്നു നമ്മളെ എന്തെല്ലാം പാഠങ്ങ​ളാ​ണു പഠിപ്പി​ക്കു​ന്നത്‌?

13 ഭക്ഷണത്തി​നും രോഗ​ശാ​ന്തി​ക്കും ഉപകരി​ക്കുന്ന വൃക്ഷങ്ങൾ. ദർശന​ത്തിൽ നദീതീ​രത്ത്‌ നിൽക്കു​ന്ന​താ​യി കണ്ട വൃക്ഷങ്ങ​ളിൽനിന്ന്‌ ഇന്നു നമുക്ക്‌ എന്തെങ്കി​ലും പാഠങ്ങൾ പഠിക്കാ​നു​ണ്ടോ? തീർച്ച​യാ​യും! പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനേകം പാഠങ്ങൾ അതിലുണ്ട്‌. എല്ലാ മാസവും ആ വൃക്ഷങ്ങ​ളിൽ സ്വാദിഷ്‌ഠ​മായ പുതിയ കായ്‌കൾ ഉണ്ടാകു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നത്‌ ഓർക്കു​ന്നി​ല്ലേ? അതിലെ ഇലകൾക്കു രോഗം ഭേദമാ​ക്കാ​നുള്ള കഴിവു​മു​ണ്ടാ​യി​രു​ന്നു. (യഹ. 47:12) നമ്മൾ സേവി​ക്കുന്ന ദൈവം നമ്മളെ ആത്മീയാർഥ​ത്തിൽ സമൃദ്ധ​മാ​യി പോഷി​പ്പി​ക്കു​ക​യും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നെന്ന്‌ അതു പഠിപ്പി​ക്കു​ന്നു. യഥാർഥ​ത്തിൽ നമുക്ക്‌ ഏറ്റവും ആവശ്യ​മാ​യി​രി​ക്കു​ന്ന​തും അതുത​ന്നെ​യാണ്‌. ഇന്നത്തെ ലോകം ആത്മീയ​മായ രോഗാ​വ​സ്ഥ​യി​ലും പട്ടിണി​യി​ലും കഴിയു​മ്പോൾ യഹോവ നമുക്കാ​യി നൽകു​ന്നത്‌ എന്തെല്ലാ​മാ​ണെന്ന്‌ ഓർത്തു​നോ​ക്കൂ. നമ്മുടെ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ ഒരു ലേഖനം വായി​ച്ച​പ്പോ​ഴോ ഒരു സമ്മേള​ന​മോ കൺ​വെൻ​ഷ​നോ കൂടി​യ​പ്പോ​ഴോ ഒരു വീഡി​യോ​യോ പ്രക്ഷേ​പ​ണ​പ​രി​പാ​ടി​യോ കണ്ടുതീർന്ന​പ്പോ​ഴോ അതു ശരിക്കും ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നെന്നു നിങ്ങൾക്കു തോന്നി​യി​ട്ടി​ല്ലേ? അതെ, നമ്മൾ സുഭി​ക്ഷ​ത​യി​ലാണ്‌! (യശ. 65:13, 14) ഈ ആത്മീയ​ഭ​ക്ഷണം നമ്മുടെ ആത്മീയാ​രോ​ഗ്യം വർധി​പ്പി​ക്കു​ന്നു​ണ്ടോ? അധാർമി​കത, അത്യാ​ഗ്രഹം, വിശ്വാ​സ​രാ​ഹി​ത്യം എന്നിവ​പോ​ലുള്ള പാപങ്ങ​ളിൽനിന്ന്‌ അകന്നു​നിൽക്കാൻ ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മായ ഉപദേ​ശങ്ങൾ നമ്മളെ സഹായി​ക്കു​ന്നു. ഗുരു​ത​ര​മായ പാപം വരുത്തി​വെ​ക്കുന്ന ആത്മീയ​രോ​ഗാ​വ​സ്ഥ​യിൽനിന്ന്‌ കരകയ​റാൻ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കുന്ന ഒരു ക്രമീ​ക​ര​ണ​വും യഹോവ ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (യാക്കോബ്‌ 5:14 വായി​ക്കുക.) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ വൃക്ഷങ്ങൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ നമ്മൾ ശരിക്കും അനുഗൃ​ഹീ​ത​രാണ്‌!

14, 15. (എ) ശുദ്ധമാ​കാ​തെ കിടന്ന ചതുപ്പു​നി​ല​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ ഏതു പാഠമാ​ണു പഠിക്കാ​നു​ള്ളത്‌? (ബി) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നദി ഇന്നു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

14 എന്നാൽ ശുദ്ധമാ​കാ​തെ കിടന്ന ചതുപ്പു​നി​ല​ങ്ങ​ളിൽനി​ന്നും നമുക്ക്‌ ഒരു പാഠം പഠിക്കാ​നുണ്ട്‌. നമ്മുടെ ജീവി​ത​ത്തി​ലേക്കു യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ ഒഴുകി​യെ​ത്തു​ന്ന​തി​നു തടയി​ടാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കില്ല. രോഗാ​തു​ര​മായ ഈ ലോക​ത്തി​ലെ അനേക​രെ​പ്പോ​ലെ നമ്മളും രോഗാ​വ​സ്ഥ​യിൽത്തന്നെ തുടർന്നാൽ അത്‌ എത്ര ദയനീ​യ​മാ​യി​രി​ക്കും! (മത്താ. 13:15) വാസ്‌ത​വ​ത്തിൽ നമ്മുടെ ആഗ്രഹം ആ അനു​ഗ്ര​ഹ​ന​ദി​യിൽനിന്ന്‌ പ്രയോ​ജനം നേടാ​നാണ്‌. ദൈവ​വ​ച​ന​ത്തി​ലെ സത്യം എന്ന ശുദ്ധമായ ജലം ഉത്സാഹ​ത്തോ​ടെ കുടി​ക്കു​മ്പോ​ഴും അത്തരം സത്യങ്ങൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ മറ്റുള്ള​വരെ അറിയി​ക്കു​മ്പോ​ഴും വിശ്വസ്‌ത​നായ അടിമ​യിൽനിന്ന്‌ പരിശീ​ലനം ലഭിച്ച മൂപ്പന്മാർ സ്‌നേ​ഹ​പു​ര​സ്സരം നിർദേ​ശ​ങ്ങ​ളും ആശ്വാ​സ​വും സഹായ​വും തരു​മ്പോ​ഴും നമ്മൾ യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നദി​യെ​ക്കു​റിച്ച്‌ ഓർത്തേ​ക്കാം. ചെല്ലു​ന്നി​ട​ത്തെ​ല്ലാം ജീവനും സൗഖ്യ​വും പകരുന്ന ഒരു നദിയാണ്‌ അത്‌.

15 എന്നാൽ ദർശന​ത്തി​ലെ ആ നദിക്കു ഭാവി​യി​ലു​ണ്ടാ​കാ​നി​രി​ക്കുന്ന നിവൃ​ത്തി​യോ? നദി​യെ​ക്കു​റി​ച്ചുള്ള ദർശന​ഭാ​ഗ​ത്തി​നു പൂർണ​മായ അർഥത്തിൽ ഒരു നിവൃ​ത്തി​യു​ണ്ടാ​കു​ന്നതു വരാനി​രി​ക്കുന്ന പറുദീ​സ​യി​ലാ​യി​രി​ക്കും. നമ്മൾ ഇനി പഠിക്കാൻപോ​കു​ന്നത്‌ അതി​നെ​ക്കു​റി​ച്ചാണ്‌.

ദർശന​വും പറുദീ​സ​യി​ലെ അതിന്റെ നിവൃ​ത്തി​യും

16, 17. (എ) പറുദീ​സ​യിൽ ജീവജ​ല​ന​ദി​യു​ടെ ആഴവും പരപ്പും മുമ്പെ​ന്ന​ത്തേ​തി​ലും വർധി​ക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? (ബി) പറുദീ​സ​യിൽ ആ അനു​ഗ്ര​ഹ​ന​ദി​യിൽനിന്ന്‌ നമുക്ക്‌ എന്തു പ്രയോ​ജനം ലഭിക്കും?

16 പറുദീ​സ​യിൽ സുഹൃ​ത്തു​ക്ക​ളു​ടെ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും കൂടെ ജീവിതം പരമാ​വധി ആസ്വദി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ഭാവന​യിൽ കാണാ​റു​ണ്ടോ? യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നദി​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നിങ്ങളു​ടെ മനസ്സിലെ ആ ചിത്ര​ത്തി​നു കൂടുതൽ മിഴി​വേ​കും. എങ്ങനെ? ദർശന​ത്തി​ന്റെ സുവ്യ​ക്ത​മായ മൂന്നു സവി​ശേ​ഷ​തകൾ നമുക്ക്‌ ഇപ്പോൾ ഒന്നുകൂ​ടെ നോക്കാം. യഹോ​വയ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​നു തെളി​വേ​കുന്ന കാര്യ​ങ്ങ​ളാണ്‌ അവ ഓരോ​ന്നും.

17 അനു​ഗ്ര​ഹങ്ങൾ ചൊരി​യുന്ന ഒരു നദി. പറുദീ​സ​യിൽ ആ ആലങ്കാ​രി​ക​ന​ദി​യു​ടെ ആഴവും പരപ്പും മുമ്പെ​ന്ന​ത്തേ​തി​ലും വളരെ​യേറെ വർധി​ക്കും. കാരണം ആ നദി ആത്മീയ​മായ അനു​ഗ്ര​ഹ​ങ്ങൾക്കു പുറമേ ഭൗതി​കാ​നു​ഗ്ര​ഹ​ങ്ങ​ളും വർഷി​ക്കുന്ന ഒരു സമയമാ​യി​രി​ക്കും അത്‌. യേശു​വി​ന്റെ ആയിരം​വർഷ​വാഴ്‌ച​യു​ടെ സമയത്ത്‌, വിശ്വസ്‌ത​രാ​യവർ മോച​ന​വി​ല​യിൽനിന്ന്‌ ഇന്നത്തേ​തി​ലും വളരെ​യേറെ പ്രയോ​ജനം നേടും. ദൈവ​രാ​ജ്യ​ഗ​വൺമെ​ന്റി​ന്റെ സഹായ​ത്താൽ അങ്ങനെ അവർ ക്രമേണ പൂർണ​ത​യി​ലേക്കു നടന്നടു​ക്കും! മേലാൽ രോഗ​ങ്ങ​ളോ ഡോക്ടർമാ​രോ നഴ്‌സു​മാ​രോ ആശുപ​ത്രി​ക​ളോ ആരോഗ്യ ഇൻഷ്വ​റൻസോ ഉണ്ടായി​രി​ക്കില്ല! അർമ​ഗെ​ദോ​നെ അതിജീ​വി​ക്കുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളി​ലേക്കു ജീവജലം ഒഴുകി​യെ​ത്തും. “മഹാക​ഷ്ട​ത​യി​ലൂ​ടെ” കടന്നു​വ​രുന്ന അവരെ തിരു​വെ​ഴു​ത്തു​കൾ “മഹാപു​രു​ഷാ​രം” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (വെളി. 7:9, 14) എന്നാൽ അന്ന്‌ ആ അനു​ഗ്ര​ഹ​നദി ഒഴുകി​ത്തു​ട​ങ്ങു​മ്പോൾ അതിന്റെ ഒഴുക്കു നമ്മളെ അതിശ​യി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും പിന്നീട്‌ വരാനി​രി​ക്കുന്ന ഗംഭീ​ര​മായ ജലപ്ര​വാ​ഹ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ അതു വളരെ നേർത്ത ഒരു അരുവി മാത്ര​മാ​യി​രി​ക്കും. യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ കണ്ടതു​പോ​ലെ, ആവശ്യ​മ​നു​സ​രിച്ച്‌ നദിയു​ടെ ആഴവും പരപ്പും കൂടി​ക്കൂ​ടി​വ​രും.

പറുദീസയിൽ അനു​ഗ്ര​ഹ​നദി എല്ലാവർക്കും യുവത്വ​വും ആരോ​ഗ്യ​വും പകരും (17-ാം ഖണ്ഡിക കാണുക)

18. ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ “ജീവജ​ല​നദി” ഒരു വലിയ ജലപ്ര​വാ​ഹ​മാ​യി മാറു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

18 ജീവൻ പകരുന്ന ജലം. ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ “ജീവജ​ല​നദി” ഒരു വലിയ ജലപ്ര​വാ​ഹ​മാ​യി മാറും. (വെളി. 22:1) അന്നു പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​വ​രു​ടെ എണ്ണം ലക്ഷങ്ങളും കോടി​ക​ളും കവിഞ്ഞു​യ​രും. പറുദീ​സ​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള അവസര​മാ​യി​രി​ക്കും അവർക്കു തുറന്നു​കി​ട്ടുക! ഏറെ നാളു​ക​ളാ​യി, മരിച്ച്‌ മണ്ണോടു ചേർന്ന്‌ ‘ശക്തിയി​ല്ലാ​തെ’ കിടന്നി​രുന്ന അനേക​മ​നേകം ആളുക​ളു​ടെ ആ പുനരു​ത്ഥാ​നം ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ യഹോവ ചൊരി​യുന്ന ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും. (യശ. 26:19) എന്നാൽ പുനരു​ത്ഥാ​ന​പ്പെ​ടുന്ന എല്ലാവ​രും എന്നെന്നും ജീവി​ച്ചി​രി​ക്കു​മോ?

19. (എ) പറുദീ​സ​യിൽ ദൈവം സത്യത്തി​ന്റെ പുതു​ജലം ലഭ്യമാ​ക്കു​മെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) ചിലരെ ഭാവി​യിൽ ‘ഉപ്പിനാ​യി ഉപേക്ഷി​ക്കു​ന്നത്‌’ എങ്ങനെ​യാ​യി​രി​ക്കും?

19 അത്‌ ഓരോ​രു​ത്ത​രു​ടെ​യും തീരു​മാ​ന​മാണ്‌. അന്നു പുതിയ ചുരു​ളു​കൾ തുറക്കു​മെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ യഹോ​വ​യിൽനിന്ന്‌ വരുന്ന ഉന്മേഷ​പ്ര​ദ​മായ ജലത്തിൽ, പുതു​താ​യി വെളി​പ്പെ​ടു​ത്തിയ സത്യങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും. നമുക്ക്‌ അന്നു പുതിയ ആത്മീയ​നിർദേ​ശങ്ങൾ കിട്ടും. അതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾത്തന്നെ നിങ്ങൾക്ക്‌ ആവേശം തോന്നു​ന്നി​ല്ലേ? എന്നാൽ ചിലർ ആ നിർദേ​ശങ്ങൾ തള്ളിക്ക​ളഞ്ഞ്‌ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ തീരു​മാ​നി​ക്കും. ആയിരം​വർഷ​വാഴ്‌ച​യു​ടെ സമയത്ത്‌ ചില വ്യക്തികൾ യഹോ​വയെ ധിക്കരി​ച്ചേ​ക്കാം. എന്നാൽ പറുദീ​സ​യി​ലെ സ്വച്ഛമായ ജീവിതം താറു​മാ​റാ​ക്കാൻ അവരെ ഒരിക്ക​ലും അനുവ​ദി​ക്കില്ല. (യശ. 65:20) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ഏതു ഭാഗമാ​യി​രി​ക്കും അതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌? ഒന്നും വിളയാ​തെ, ‘ഉപ്പിനാ​യി ഉപേക്ഷി​ച്ചി​ട്ടി​രി​ക്കുന്ന’ ചതുപ്പു​നി​ലങ്ങൾ! വിലതീ​രാത്ത ജീവജലം കുടി​ക്കാൻ ധിക്കാ​ര​ത്തോ​ടെ വിസമ്മ​തി​ക്കു​ന്നത്‌ എത്ര ബുദ്ധി​മോ​ശ​മാ​യി​രി​ക്കും! ആയിരം​വർഷ​വാഴ്‌ചയ്‌ക്കു ശേഷം ധിക്കാ​രി​ക​ളു​ടെ ഒരു കൂട്ടം സാത്താന്റെ പക്ഷം ചേരും. എന്നാൽ യഹോ​വ​യു​ടെ നീതി​യുള്ള ഭരണം തള്ളിക്ക​ള​യുന്ന എല്ലാവ​രു​ടെ​യും ഗതി ഒന്നുത​ന്നെ​യാ​യി​രി​ക്കും: നിത്യ​നാ​ശം!​—വെളി. 20:7-12.

20. ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി ഏർപ്പെ​ടു​ത്തുന്ന ഏതു ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാണ്‌ യഹസ്‌കേൽ കണ്ട വൃക്ഷങ്ങൾ നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌?

20 ഭക്ഷണത്തി​നും രോഗ​ശാ​ന്തി​ക്കും ഉപകരി​ക്കുന്ന വൃക്ഷങ്ങൾ. നമ്മൾ ഓരോ​രു​ത്ത​രും നിത്യ​ജീ​വൻ നേടണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. ശരിക്കും യഹോവ വെച്ചു​നീ​ട്ടുന്ന അമൂല്യ​മായ ഒരു സമ്മാന​മാണ്‌ അത്‌. നമുക്ക്‌ ആർക്കും അതിനുള്ള അവസരം നഷ്ടമാ​ക​രു​തെന്ന്‌ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌, യഹസ്‌കേൽ കണ്ട വൃക്ഷങ്ങ​ളു​ടേ​തി​നോ​ടു സമാന​മായ ഒരു ക്രമീ​ക​രണം യഹോവ പറുദീ​സ​യി​ലും ഏർപ്പെ​ടു​ത്തും. എന്നാൽ യഹോ​വ​യിൽനിന്ന്‌ ആത്മീയാ​നു​ഗ്ര​ഹങ്ങൾ മാത്രമല്ല ഭൗതി​കാ​നു​ഗ്ര​ഹ​ങ്ങ​ളും ലഭിക്കുന്ന ഒരു സമയമാ​യി​രി​ക്കും അത്‌. യേശു​വും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രാ​യി ഭരണം നടത്തും. 1,44,000 പേർ അടങ്ങുന്ന ആ പുരോ​ഹി​ത​ഗണം ക്രിസ്‌തു മോച​ന​വി​ല​യാ​യി അർപ്പിച്ച ബലിയു​ടെ പ്രയോ​ജ​നങ്ങൾ മനുഷ്യർക്കു ലഭ്യമാ​ക്കും. അങ്ങനെ വിശ്വസ്‌ത​രായ മനുഷ്യ​രെ പൂർണ​ത​യി​ലേക്ക്‌ ഉയർത്താൻ അവർ സഹായി​ക്കും. (വെളി. 20:6) ആത്മീയ​വും ഭൗതി​ക​വും ആയ രോഗ​ശാ​ന്തിക്ക്‌ ഉപകരി​ക്കുന്ന ഈ ക്രമീ​ക​രണം നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌ യഹസ്‌കേൽ നദിക്ക​ര​യിൽ കണ്ട, സ്വാദിഷ്‌ഠ​മായ കായ്‌ക​ളും രോഗം ഭേദമാ​ക്കാൻ കഴിവുള്ള ഇലകളും നിറഞ്ഞ വൃക്ഷങ്ങ​ളെ​യാണ്‌. യഹസ്‌കേൽ കണ്ട ആ കാഴ്‌ചയ്‌ക്ക്‌ അപ്പോസ്‌ത​ല​നായ യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തിയ മറ്റൊരു പ്രവച​ന​ഭാ​ഗ​വു​മാ​യി സമാന​ത​യുണ്ട്‌. (വെളി​പാട്‌ 22:1, 2 വായി​ക്കുക.) യോഹ​ന്നാൻ കണ്ട വൃക്ഷങ്ങ​ളു​ടെ ഇലകൾ ‘ജനതകളെ സുഖ​പ്പെ​ടു​ത്താ​നു​ള്ള​താ​യി​രു​ന്നു.’ ആ 1,44,000 പേരുടെ പൗരോ​ഹി​ത്യ​സേ​വ​ന​ങ്ങ​ളിൽനിന്ന്‌ വിശ്വസ്‌ത​രായ ദശലക്ഷ​ക്ക​ണ​ക്കി​നു മനുഷ്യർ പ്രയോ​ജനം നേടും.

21. ദർശന​ത്തിൽ യഹസ്‌കേൽ കണ്ട നദി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌, അടുത്ത​താ​യി നമ്മൾ എന്താണു കാണാൻപോ​കു​ന്നത്‌? (“ഒരു അരുവി വൻ ജലപ്ര​വാ​ഹ​മാ​കു​ന്നു!” എന്ന ചതുരം കാണുക.)

21 ദർശന​ത്തിൽ യഹസ്‌കേൽ കണ്ട നദി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങളു​ടെ മനസ്സിൽ സമാധാ​ന​വും പ്രത്യാ​ശ​യും നിറയു​ന്നി​ല്ലേ? എത്ര വിസ്‌മ​യ​ക​ര​മായ ഒരു കാലമാ​ണു നമ്മളെ കാത്തി​രി​ക്കു​ന്നത്‌! യഹോ​വ​യാ​കട്ടെ ആ സമയ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പേ ഉജ്ജ്വല​മായ വാങ്‌മ​യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ വരച്ചു​കാ​ട്ടു​ക​യും ചെയ്‌തു. അവയുടെ വലിയ നിവൃത്തി കാണാൻ യഹോവ ക്ഷമയോ​ടെ നമ്മളെ ക്ഷണിക്കു​ക​യാ​യി​രു​ന്നു. ആ പ്രവച​നങ്ങൾ മുൻകൂ​ട്ടി സൂചി​പ്പിച്ച യാഥാർഥ്യ​ങ്ങൾ ഒന്നൊ​ന്നാ​യി നിറ​വേ​റു​മ്പോൾ അതു കാണാൻ നിങ്ങൾ അവിടെ ഉണ്ടായി​രി​ക്കു​മോ? എന്നാൽ പറുദീ​സ​യിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ഒരു ഇടമു​ണ്ടാ​യി​രി​ക്കു​മോ എന്നു നിങ്ങൾ ചില​പ്പോൾ സംശയി​ച്ചേ​ക്കാം. എങ്കിൽ യഹസ്‌കേൽ പ്രവച​ന​ത്തി​ന്റെ ഉപസം​ഹാ​ര​ഭാ​ഗങ്ങൾ നമ്മളെ സഹായി​ക്കും. അതി​നെ​ക്കു​റി​ച്ചാണ്‌ നമ്മൾ അടുത്ത​താ​യി കാണാൻപോ​കു​ന്നത്‌.

a ഇതിനു പുറമേ, തങ്ങളുടെ മാതൃ​ദേ​ശ​ത്തി​ന്റെ ഭൂപ്ര​കൃ​തി​യെ​ക്കു​റിച്ച്‌ ഓർക്കു​ന്നു​ണ്ടാ​യി​രുന്ന ജൂത​പ്ര​വാ​സി​കൾ, ഇത്‌ ഒരു അക്ഷരീ​യ​ന​ദി​യ​ല്ലെന്നു മനസ്സി​ലാ​ക്കി​യി​രി​ക്കാം. കാരണം ഈ നദി ഉത്ഭവി​ക്കു​ന്നത്‌ ഒരു ഉയർന്ന പർവത​ത്തിൽ ഇരിക്കുന്ന ആലയത്തിൽനി​ന്നാണ്‌. എന്നാൽ ദർശന​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രദേ​ശത്ത്‌ അങ്ങനെ​യൊ​രു പർവത​മോ ആലയമോ ഇല്ല. ഇനി, ദർശനം സാധ്യ​ത​യ​നു​സ​രിച്ച്‌ സൂചി​പ്പി​ക്കു​ന്നത്‌ ഈ നദി നേരെ, തടസ്സങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ചാവു​ക​ട​ലി​ലേക്ക്‌ ഒഴുകു​ന്നു എന്നാണ്‌. ഭൂമി​ശാ​സ്‌ത്ര​പ​ര​മാ​യി നോക്കി​യാൽ അതും അസാധ്യമാണ്‌.

b ഈ പദപ്ര​യോ​ഗം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു നല്ലൊരു അർഥത്തി​ലാ​ണെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഉപ്പു വേർതി​രി​ച്ചെ​ടു​ക്കു​ന്നതു ചാവു​ക​ടൽപ്ര​ദേ​ശത്ത്‌ ദീർഘ​കാ​ല​മാ​യി നിലനി​ന്നു​പോ​ന്നി​ട്ടുള്ള വളരെ ലാഭമുള്ള ഒരു വ്യവസാ​യ​മാണ്‌ എന്നതാണ്‌ അവർ അതിനു ചൂണ്ടി​ക്കാ​ട്ടുന്ന കാരണം. സാധനങ്ങൾ കേടാ​കാ​തെ സൂക്ഷി​ക്കാ​നാ​ണു പ്രധാ​ന​മാ​യും ഉപ്പ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. എന്നാൽ ആ ചതുപ്പു​നി​ലങ്ങൾ “ശുദ്ധമാ​കില്ല” എന്നു തിരു​വെ​ഴു​ത്തു​കൾ എടുത്തു​പ​റ​ഞ്ഞി​ട്ടു​ണ്ടെന്നു ശ്രദ്ധി​ക്കുക. യഹോ​വ​യു​ടെ ഭവനത്തിൽനി​ന്നുള്ള ജീവദാ​യ​ക​മായ ജലം എത്താത്ത​തു​കൊണ്ട്‌ അത്തരം സ്ഥലങ്ങൾ ജീവനി​ല്ലാ​തെ അശുദ്ധ​മാ​യി​ത്തന്നെ കിടക്കും എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ചതുപ്പു​നി​ലങ്ങൾ ‘ഉപ്പിനാ​യി ഉപേക്ഷി​ക്കും’ എന്നു പറഞ്ഞി​രി​ക്കു​ന്നതു സാധ്യ​ത​യ​നു​സ​രിച്ച്‌ മോശ​മായ ഒരർഥ​ത്തി​ലാണ്‌.​—സങ്കീ. 107:33, 34; യിരെ. 17:6.

c സമാന​മാ​യൊ​രു ആശയമാ​ണു വലയെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലു​മു​ള്ളത്‌. വലയിൽ ധാരാളം മീനുകൾ കുടു​ങ്ങു​ന്നെ​ങ്കി​ലും എല്ലാം ‘കൊള്ളാ​വു​ന്ന​വയല്ല.’ കൊള്ളാ​ത്ത​വയെ എറിഞ്ഞു​ക​ള​യും. യഹോ​വ​യു​ടെ സംഘട​ന​യു​മാ​യി സഹവസി​ക്കു​ന്ന​വ​രിൽ ഗണ്യമാ​യൊ​രു സംഖ്യ വിശ്വസ്‌ത​ര​ല്ലെന്നു പിൽക്കാ​ലത്ത്‌ തെളി​ഞ്ഞേ​ക്കാം എന്ന മുന്നറി​യി​പ്പാ​ണു യേശു ഇതിലൂ​ടെ നൽകി​യത്‌.​—മത്താ. 13:47-50; 2 തിമൊ. 2:20, 21.