വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 2

അവരുടെ കാഴ്‌ചകൾ ‘ദൈവം സ്വീക​രി​ച്ചു’

അവരുടെ കാഴ്‌ചകൾ ‘ദൈവം സ്വീക​രി​ച്ചു’

എബ്രായർ 11:4

മുഖ്യവിഷയം: ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​രണം​—അതിന്റെ നാൾവ​ഴി​യി​ലൂ​ടെ

1-3. (എ) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരി​ശോ​ധി​ക്കും? (ബി) ശുദ്ധാ​രാ​ധ​ന​യു​ടെ ഏതു സുപ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്യും? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

 ഹാബേൽ താൻ ഓമനി​ച്ചു​വ​ളർത്തിയ ആടുകളെ ഒന്നൊ​ന്നാ​യി പരി​ശോ​ധി​ക്കു​ക​യാണ്‌. അവ ജനിച്ചു​വീണ നിമി​ഷം​മു​തൽ ഹാബേൽ അവയോ​ടൊ​പ്പ​മുണ്ട്‌. ഹാബേൽ ഇപ്പോൾ അവയിൽ ചിലതി​നെ തിര​ഞ്ഞെ​ടുത്ത്‌, അറുത്ത്‌ ദൈവ​ത്തി​നു കാഴ്‌ച​യാ​യി അർപ്പി​ക്കു​ന്നു. ഒരു അപൂർണ​മ​നു​ഷ്യൻ അർപ്പി​ക്കുന്ന ഈ ആരാധന യഹോവ സ്വീക​രി​ക്കു​മോ?

2 “ദൈവം ഹാബേ​ലി​ന്റെ കാഴ്‌ചകൾ സ്വീക​രി​ച്ചു” എന്ന്‌ അപ്പോസ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി എഴുതി. എന്നാൽ കയീന്റെ യാഗം യഹോവ സ്വീക​രി​ച്ചില്ല. (എബ്രായർ 11:4 വായി​ക്കുക.) ഇതു ചില ചോദ്യ​ങ്ങൾ ഉയർത്തു​ന്നു. ദൈവം ഹാബേ​ലി​ന്റെ ആരാധന സ്വീക​രി​ക്കു​ക​യും കയീ​ന്റേതു തള്ളിക്ക​ള​യു​ക​യും ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌? കയീൻ, ഹാബേൽ എന്നിവ​രു​ടെ​യും എബ്രായർ 11-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന മറ്റുള്ള​വ​രു​ടെ​യും മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌? ശുദ്ധാ​രാ​ധ​ന​യിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ അതിനുള്ള ഉത്തരങ്ങൾ നമ്മളെ സഹായി​ക്കും.

3 ഹാബേ​ലി​ന്റെ കാലം​മു​തൽ യഹസ്‌കേ​ലി​ന്റെ കാലം​വ​രെ​യുള്ള ചില സംഭവങ്ങൾ നമ്മൾ ഇപ്പോൾ ഹ്രസ്വ​മാ​യി അവലോ​കനം ചെയ്യാൻപോ​കു​ക​യാണ്‌. നമ്മുടെ ആരാധന ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​ക്കുന്ന നാലു സുപ്ര​ധാ​ന​ഘ​ട​കങ്ങൾ അതു വ്യക്തമാ​ക്കും: സ്വീകർത്താവ്‌ യഹോ​വ​യാ​യി​രി​ക്കണം, ഗുണനി​ല​വാ​രം ഏറ്റവും മികച്ച​താ​യി​രി​ക്കണം, ആരാധന അർപ്പി​ക്കുന്ന രീതി ദൈവം അംഗീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കണം, നമ്മുടെ ആന്തരം ശുദ്ധമാ​യി​രി​ക്കണം. ഇവയിൽ ഒന്നു​പോലും വിട്ടു​കളയാ​നാകില്ല.

കയീന്റെ ആരാധന തള്ളിക്ക​ള​ഞ്ഞത്‌ എന്തു​കൊണ്ട്‌?

4, 5. താൻ അർപ്പിച്ച കാഴ്‌ച​യു​ടെ സ്വീകർത്താവ്‌ യഹോ​വ​യാ​ണെന്നു കയീന്‌ അറിയാ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

4 ഉൽപത്തി 4:2-5 വായി​ക്കുക. താൻ അർപ്പിച്ച കാഴ്‌ച​യു​ടെ സ്വീകർത്താവ്‌ യഹോവയാണെന്നു കയീന്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ കയീനു ധാരാളം സമയവും സാഹച​ര്യ​വും ഉണ്ടായി​രു​ന്നു. ദൈവ​ത്തി​നു കാഴ്‌ച അർപ്പിച്ച സമയത്ത്‌ കയീനും അനിയൻ ഹാബേ​ലി​നും 100-നോട​ടുത്ത്‌ പ്രായ​മു​ണ്ടാ​യി​രു​ന്നി​രി​ക്കാം. a ഏദെൻ തോട്ട​ത്തെ​ക്കു​റി​ച്ചുള്ള കഥകൾ കേട്ടാണു രണ്ടു പേരും വളർന്നു​വ​ന്നത്‌. ഫലഭൂ​യിഷ്‌ഠ​മായ ആ തോട്ടം അവർ ദൂരെ​നിന്ന്‌ കണ്ടിട്ടു​മു​ണ്ടാ​കണം. അതി​ലേ​ക്കുള്ള പ്രവേ​ശനം തടയാ​നാ​യി നിൽക്കുന്ന കെരൂ​ബു​ക​ളെ​യും അവർ എന്തായാ​ലും കണ്ടിട്ടുണ്ട്‌. (ഉൽപ. 3:24) എല്ലാ ജീവജാ​ല​ങ്ങ​ളെ​യും സൃഷ്ടി​ച്ചത്‌ യഹോ​വ​യാ​ണെ​ന്നും, പതിയെ മരണത്തി​ലേക്കു നടന്നടു​ക്കുന്ന ഈ ജീവി​തമല്ല ദൈവം തങ്ങൾക്കു​വേണ്ടി ഉദ്ദേശി​ച്ചി​രു​ന്ന​തെ​ന്നും മാതാ​പി​താ​ക്കൾ അവരോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കും. (ഉൽപ. 1:24-28) ഇതെല്ലാം അറിയാ​വു​ന്ന​തു​കൊ​ണ്ടാ​കാം താൻ കാഴ്‌ച അർപ്പി​ക്കേ​ണ്ടതു ദൈവ​ത്തി​നാ​ണെന്നു കയീൻ നിഗമനം ചെയ്‌തത്‌.

5 ബലി അർപ്പി​ക്കാൻ കയീനെ മറ്റ്‌ എന്തെല്ലാം പ്രേരി​പ്പി​ച്ചി​ട്ടു​ണ്ടാ​കും? ഒരു “സന്തതി” വരു​മെ​ന്നും, ഹവ്വയെ വശീക​രിച്ച്‌ തെറ്റായ തീരു​മാ​ന​മെ​ടു​പ്പിച്ച ‘സർപ്പത്തി​ന്റെ’ തല ആ സന്തതി തകർക്കു​മെ​ന്നും യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (ഉൽപ. 3:4-6, 14, 15) മൂത്ത മകനാ​യ​തു​കൊണ്ട്‌ താനാ​യി​രി​ക്കും ആ “സന്തതി”യെന്നു കയീൻ ചിന്തി​ച്ചു​കാ​ണും. (ഉൽപ. 4:1) ഇനി, യഹോവ പാപി​ക​ളായ മനുഷ്യ​രു​മാ​യുള്ള ആശയവി​നി​മയം അപ്പോ​ഴും നിറു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നില്ല. ആദാം പാപം ചെയ്‌ത​തി​നു ശേഷവും ദൈവം ആദാമി​നോ​ടു സംസാ​രി​ച്ചു, സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ദൂതനി​ലൂ​ടെ. (ഉൽപ. 3:8-10) ബലി അർപ്പി​ച്ച​ശേഷം, യഹോവ കയീ​നോ​ടും സംസാ​രി​ച്ചു. (ഉൽപ. 4:6) അതെ, യഹോ​വ​യാണ്‌ ആരാധ​നയ്‌ക്കു യോഗ്യൻ എന്നു കയീനു തീർച്ച​യാ​യും അറിയാ​മാ​യി​രു​ന്നു.

6, 7. കയീന്റെ യാഗവ​സ്‌തുവിന്റെ ഗുണനി​ല​വാ​ര​ത്തി​നോ കയീൻ യാഗം അർപ്പിച്ച രീതി​ക്കോ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടാ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക.

6 അങ്ങനെ​യെ​ങ്കിൽ കയീന്റെ യാഗത്തിൽ യഹോവ ഒട്ടും പ്രസാ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഗുണനി​ല​വാ​രം കുറഞ്ഞ ഒരു കാഴ്‌ച​യാ​യി​രു​ന്നോ അത്‌? ബൈബിൾ അതെക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല. കയീൻ ‘കൃഷി​യി​ട​ത്തി​ലെ വിളവു​കൾ’ കൊണ്ടു​വന്നു എന്നു മാത്രമേ ബൈബിൾ പറയു​ന്നു​ള്ളൂ. എന്നാൽ ഇത്തരം ഒരു ബലി സ്വീകാ​ര്യ​മാ​ണെ​ന്നാ​ണു പിൽക്കാ​ലത്ത്‌ മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ യഹോവ സൂചി​പ്പി​ച്ചത്‌. (സംഖ്യ 15:8, 9) അന്നത്തെ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചും ഒന്നു ചിന്തി​ക്കുക. അക്കാലത്ത്‌ മനുഷ്യർ സസ്യാ​ഹാ​രം മാത്രമേ കഴിച്ചി​രു​ന്നു​ള്ളൂ. (ഉൽപ. 1:29) ഏദെൻ തോട്ട​ത്തി​നു വെളി​യി​ലുള്ള നിലത്തെ യഹോവ ശപിച്ചി​രു​ന്ന​തു​കൊണ്ട്‌ ഈ യാഗവസ്‌തു​ക്കൾ കൃഷി ചെയ്‌തു​ണ്ടാ​ക്കാൻ കയീനു നന്നായി അധ്വാ​നി​ക്കേ​ണ്ടി​വ​ന്നു​കാ​ണും. (ഉൽപ. 3:17-19) അങ്ങനെ എല്ലു മുറിയെ പണിത്‌ വിളയിച്ച സ്വന്തം അന്നമാണു കയീൻ അർപ്പി​ച്ചത്‌! എന്നിട്ടും കയീന്റെ യാഗത്തിൽ യഹോവ പ്രസാ​ദി​ച്ചില്ല.

7 ഇനി, ആ കാഴ്‌ച അർപ്പിച്ച രീതിക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടാ​യി​രു​ന്നോ? സ്വീകാ​ര്യ​മായ ഒരു രീതി​യിൽ അത്‌ അർപ്പി​ക്കു​ന്ന​തിൽ കയീൻ പരാജ​യ​പ്പെ​ട്ടോ? അതിനു സാധ്യ​ത​യില്ല. കാരണം കയീന്റെ യാഗം തള്ളിക്ക​ള​ഞ്ഞ​പ്പോൾ അത്‌ അർപ്പിച്ച രീതിയെ യഹോവ കുറ്റം വിധി​ച്ചില്ല. വാസ്‌ത​വ​ത്തിൽ കയീനോ ഹാബേ​ലോ യാഗം അർപ്പിച്ച രീതി​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ ഒരു പരാമർശ​വു​മില്ല. എങ്കിൽപ്പി​ന്നെ എന്തായി​രു​ന്നു പ്രശ്‌നം?

കയീന്റെ ആന്തരം ശുദ്ധമ​ല്ലാ​യി​രു​ന്നു (8, 9 ഖണ്ഡികകൾ കാണുക)

8, 9. (എ) കയീനി​ലും കയീന്റെ യാഗത്തി​ലും യഹോവ പ്രസാ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) കയീ​നെ​ക്കു​റി​ച്ചും ഹാബേ​ലി​നെ​ക്കു​റി​ച്ചും ഉള്ള ബൈബിൾരേഖ താരത​മ്യം ചെയ്യു​മ്പോൾ ശ്രദ്ധേ​യ​മാ​യി നിങ്ങൾ കണ്ടത്‌ എന്താണ്‌?

8 യാഗം അർപ്പി​ച്ച​തി​നു പിന്നിലെ കയീന്റെ ആന്തരം ശുദ്ധമാ​യി​രു​ന്നി​ല്ലെന്നു ദൈവ​പ്ര​ചോ​ദി​ത​നാ​യി പൗലോസ്‌ എബ്രാ​യർക്ക്‌ എഴുതിയ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു. കയീനു വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. (എബ്രാ. 11:4; 1 യോഹ. 3:11, 12) അതു​കൊ​ണ്ടാണ്‌ യഹോവ കയീന്റെ യാഗത്തിൽ മാത്രമല്ല കയീൻ എന്ന വ്യക്തി​യിൽത്ത​ന്നെ​യും പ്രസാ​ദി​ക്കാ​തി​രു​ന്നത്‌. (ഉൽപ. 4:5-8) സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​യ​തു​കൊണ്ട്‌ യഹോവ ദയയോ​ടെ തന്റെ മകനെ തിരു​ത്താൻ ശ്രമിച്ചു. എന്നാൽ യഹോ​വ​യു​ടെ സഹായ​ഹസ്‌തം കയീൻ ഒരർഥ​ത്തിൽ തട്ടി​ത്തെ​റി​പ്പി​ക്കു​ക​യാ​ണു ചെയ്‌തത്‌. അപൂർണ​ജ​ഡ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളായ “ശത്രുത, വഴക്ക്‌, അസൂയ” എന്നിവ നുരഞ്ഞു​പൊ​ന്തുന്ന ഹൃദയ​മാ​യി​രു​ന്നു കയീ​ന്റേത്‌. (ഗലാ. 5:19, 20) ആ ദുഷിച്ച ഹൃദയം കയീന്റെ ആരാധ​ന​യു​ടെ മറ്റെല്ലാ നല്ല വശങ്ങ​ളെ​യും വില​കെ​ട്ട​താ​ക്കി. കയീന്റെ ദൃഷ്ടാന്തം നമ്മളെ വില​യേ​റിയ ഒരു പാഠം പഠിപ്പി​ക്കു​ന്നുണ്ട്‌: ശുദ്ധാ​രാ​ധന അർപ്പി​ക്കാൻ, ദൈവ​ഭ​ക്തി​യു​ള്ള​താ​യി പുറമേ നടിച്ചാൽ പോരാ!

9 ബൈബിൾ കയീ​നെ​ക്കു​റിച്ച്‌ പല കാര്യ​ങ്ങ​ളും പറയു​ന്നുണ്ട്‌. യഹോവ കയീ​നോ​ടു സംസാ​രി​ച്ച​തി​നെ​ക്കു​റി​ച്ചും അതി​നൊ​ക്കെ കയീൻ നൽകിയ മറുപ​ടി​യെ​ക്കു​റി​ച്ചും അതിലുണ്ട്‌. എന്തിന്‌, കയീന്റെ മക്കളുടെ പേരും അവർ ചെയ്‌ത ചില കാര്യ​ങ്ങ​ളും അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (ഉൽപ. 4:17-24) എന്നാൽ ഹാബേ​ലി​നെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ, ഹാബേ​ലി​നു മക്കളു​ണ്ടാ​യി​രു​ന്നോ ഇല്ലയോ എന്നൊ​ന്നും ബൈബിൾ പറയു​ന്നില്ല. ഹാബേൽ പറഞ്ഞ കാര്യ​ങ്ങ​ളിൽ ഒന്നു​പോ​ലും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല. എന്നിട്ടും ഹാബേ​ലി​ന്റെ പ്രവൃ​ത്തി​കൾ ഇന്നും നമ്മളോ​ടു സംസാ​രി​ക്കു​ന്നു. എങ്ങനെ?

ഹാബേൽ​—ശുദ്ധാ​രാ​ധ​നയ്‌ക്ക്‌ ഒരു മാതൃക

10. ഹാബേൽ ശുദ്ധാ​രാ​ധ​നയ്‌ക്ക്‌ ഒരു മാതൃക വെച്ചത്‌ എങ്ങനെ?

10 ഹാബേൽ യഹോ​വയ്‌ക്കാ​ണു യാഗം അർപ്പി​ച്ചത്‌. തന്റെ യാഗത്തി​ന്റെ സ്വീകർത്താവ്‌ ആയിരിക്കാൻ അർഹൻ യഹോവ മാത്ര​മാ​ണെന്നു ഹാബേ​ലി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. ഗുണനി​ല​വാ​ര​ത്തി​ന്റെ കാര്യ​ത്തി​ലും ആ കാഴ്‌ച ഏറ്റവും മികച്ച​താ​യി​രു​ന്നു. കാരണം, ബൈബിൾ പറയു​ന്നതു ഹാബേൽ “ആട്ടിൻപ​റ്റ​ത്തി​ലെ കടിഞ്ഞൂ​ലു​ക​ളിൽ ചിലതി​നെ” തിര​ഞ്ഞെ​ടു​ത്തു എന്നാണ്‌. ഹാബേൽ അവയെ അർപ്പി​ച്ചത്‌ ഒരു യാഗപീ​ഠ​ത്തിൽ ആണോ അല്ലയോ എന്നൊ​ന്നും ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും ഹാബേൽ യാഗം അർപ്പിച്ച രീതി തീർച്ച​യാ​യും യഹോ​വയ്‌ക്കു സ്വീകാ​ര്യ​മാ​യി​രു​ന്നു. എന്നാൽ ഹാബേ​ലി​ന്റെ യാഗത്തെ ഏറെ മൂല്യ​മു​ള്ള​താ​ക്കി​യതു മറ്റൊ​ന്നാണ്‌​—ഹാബേ​ലി​ന്റെ ആന്തരം! 6,000-ത്തോളം വർഷം കടന്നു​പോ​യി​ട്ടും അത്‌ ഇന്നും നമു​ക്കൊ​രു മാതൃ​ക​യാണ്‌. ദൈവ​ത്തി​ലുള്ള വിശ്വാ​സ​വും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും ആയിരു​ന്നു ഹാബേ​ലി​ന്റെ പ്രേര​ക​ശക്തി എന്നതിനു സംശയ​മില്ല. നമുക്ക്‌ അത്‌ എങ്ങനെ അറിയാം?

ശുദ്ധാരാധനയുടെ നാലു സുപ്ര​ധാ​ന​വ്യ​വ​സ്ഥ​ക​ളും ഹാബേൽ പാലിച്ചു (10-ാം ഖണ്ഡിക കാണുക)

11. യേശു ഹാബേ​ലി​നെ നീതി​മാ​നെന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌?

11 ആദ്യം​തന്നെ, ഹാബേ​ലി​നെ അടുത്ത്‌ അറിയാ​മാ​യി​രുന്ന യേശു അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ എന്താണു പറഞ്ഞ​തെന്നു നോക്കുക. ഹാബേൽ ജീവി​ച്ചി​രുന്ന സമയത്ത്‌ സ്വർഗ​ത്തി​ലു​ണ്ടാ​യി​രുന്ന യേശു​വിന്‌ ആദാമി​ന്റെ ഈ മകന്റെ കാര്യ​ത്തിൽ പ്രത്യേ​ക​താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. (സുഭാ. 8:22, 30, 31; യോഹ. 8:58; കൊലോ. 1:15, 16) അതു​കൊ​ണ്ടു​തന്നെ നേരിട്ട്‌ കണ്ടുമ​ന​സ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണു യേശു ഹാബേ​ലി​നെ നീതി​മാ​നെന്നു വിളി​ച്ചത്‌. (മത്താ. 23:35) നീതി​മാ​നായ ഒരാൾ, ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള നിലവാ​രങ്ങൾ വെക്കേ​ണ്ടത്‌ യഹോ​വ​യാ​ണെന്ന്‌ അംഗീ​ക​രി​ക്കുക മാത്രമല്ല തന്റെ സംസാ​ര​ത്തി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും ആ നിലവാ​ര​ങ്ങ​ളോ​ടു യോജി​ക്കു​ന്നു എന്നു തെളി​യി​ക്കു​ക​യും ചെയ്യും. (ലൂക്കോസ്‌ 1:5, 6 താരത​മ്യം ചെയ്യുക.) നീതി​മാൻ എന്നൊരു സത്‌പേര്‌ നേടാൻ തീർച്ച​യാ​യും സമയ​മെ​ടു​ക്കും. അതിൽനിന്ന്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം: ദൈവ​ത്തി​നു ബലി അർപ്പി​ക്കു​ന്ന​തി​നു മുമ്പു​തന്നെ, താൻ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വ​നാണ്‌ എന്നൊരു പേര്‌ ഹാബേൽ സമ്പാദി​ച്ചി​രു​ന്നു. പക്ഷേ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നി​രി​ക്കില്ല. ചേട്ടനായ കയീൻ സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു നല്ല സ്വാധീ​ന​മാ​യി​രു​ന്നില്ല. കാരണം കയീന്റെ ഹൃദയം ദുഷ്ടമാ​യി​ത്തീർന്നി​രു​ന്നു. (1 യോഹ. 3:12) ദൈവം നേരിട്ട്‌ നൽകിയ ഒരു കല്‌പന ലംഘി​ച്ച​വ​ളാ​യി​രു​ന്നു ഹാബേ​ലി​ന്റെ അമ്മ. അപ്പനാ​കട്ടെ, ശരി​തെ​റ്റു​കൾ സ്വയം തീരു​മാ​നി​ക്കാൻ ആഗ്രഹിച്ച്‌ ദൈവത്തെ ധിക്കരി​ച്ച​യാ​ളും. (ഉൽപ. 2:16, 17; 3:6) തന്റെ വീട്ടു​കാ​രിൽനിന്ന്‌ തികച്ചും വ്യത്യസ്‌ത​നാ​യി നിൽക്കാൻ ഹാബേ​ലിന്‌ എത്രമാ​ത്രം ധൈര്യം വേണമാ​യി​രു​ന്നു!

12. കയീനും ഹാബേ​ലും തമ്മിലുള്ള പ്രധാ​ന​വ്യ​ത്യാ​സം എന്തായി​രു​ന്നു?

12 അടുത്ത​താ​യി, അപ്പോസ്‌ത​ല​നായ പൗലോസ്‌ വിശ്വാ​സം, നീതി എന്നീ ഗുണങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാ​ക്കി​യത്‌ എങ്ങനെ​യെന്നു നോക്കുക. പൗലോസ്‌ എഴുതി: “വിശ്വാ​സ​ത്താൽ ഹാബേൽ, ദൈവ​ത്തി​നു കയീ​ന്റേ​തി​നെ​ക്കാൾ ഏറെ മൂല്യ​മുള്ള ഒരു ബലി അർപ്പിച്ചു. ആ വിശ്വാ​സം കാരണം . . . ഹാബേ​ലി​നു താൻ നീതി​മാ​നാ​ണെന്ന്‌ ഉറപ്പു ലഭിക്കു​ക​യും ചെയ്‌തു.” (എബ്രാ. 11:4) ഹാബേൽ കയീ​നെ​പ്പോ​ലെ അല്ലായി​രു​ന്നു എന്നാണ്‌ പൗലോ​സി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. ജീവി​ത​കാ​ലത്ത്‌ ഉടനീളം, യഹോ​വ​യി​ലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തി​ലും ഹാബേ​ലി​നു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. കറയറ്റ ആ വിശ്വാ​സ​മാ​യി​രു​ന്നു ഹാബേ​ലി​ന്റെ പ്രേര​ക​ശക്തി.

13. ഹാബേ​ലി​ന്റെ ദൃഷ്ടാന്തം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

13 ശുദ്ധമായ ആന്തരമു​ണ്ടെ​ങ്കി​ലേ ശുദ്ധമായ ആരാധന അർപ്പി​ക്കാ​നാ​കൂ എന്നാണു ഹാബേ​ലി​ന്റെ ദൃഷ്ടാന്തം നമ്മളെ പഠിപ്പി​ക്കു​ന്നത്‌. അതിനു നമുക്കു ദൈവ​ത്തിൽ പൂർണ​വി​ശ്വാ​സ​മുള്ള, ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളു​മാ​യി പൂർണ​മാ​യി യോജി​ക്കുന്ന ഒരു ഹൃദയം വേണം. ശുദ്ധാ​രാ​ധ​ന​യിൽ ഭക്തിയു​ടെ ഒരൊറ്റ പ്രവൃത്തി മാത്രമല്ല നമ്മുടെ മുഴു​ജീ​വി​ത​വും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നും നമ്മൾ പഠിച്ചു.

ഗോ​ത്ര​പി​താ​ക്ക​ന്മാർ ആ മാതൃക അനുക​രി​ക്കു​ന്നു

14. നോഹ, അബ്രാ​ഹാം, യാക്കോബ്‌ എന്നിവ​രു​ടെ കാഴ്‌ചകൾ യഹോവ സ്വീക​രി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

14 യഹോ​വയ്‌ക്കു ശുദ്ധാ​രാ​ധന അർപ്പിച്ച ആദ്യത്തെ അപൂർണ​മ​നു​ഷ്യ​നാ​യി​രു​ന്നു ഹാബേൽ. എന്നാൽ ആ നിരയി​ലെ അവസാ​നത്തെ ആളായി​രു​ന്നില്ല അദ്ദേഹം. സ്വീകാ​ര്യ​മായ വിധത്തിൽ യഹോ​വയെ ആരാധിച്ച നോഹ, അബ്രാ​ഹാം, യാക്കോബ്‌ എന്നിവ​രെ​ക്കു​റി​ച്ചെ​ല്ലാം പൗലോസ്‌ അപ്പോ​സ്‌തലൻ പറയു​ന്നുണ്ട്‌. (എബ്രായർ 11:7, 8, 17-21 വായി​ക്കുക.) ഗോ​ത്ര​പി​താ​ക്ക​ന്മാ​രായ ഇവരെ​ല്ലാം യഹോ​വയ്‌ക്കു ബലി അർപ്പി​ച്ച​വ​രാണ്‌. യഹോവ അവരുടെ കാഴ്‌ചകൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു. എന്തു​കൊണ്ട്‌? അവരു​ടേതു ഭക്തിയു​ടെ വെറും ഔപചാ​രി​ക​പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നില്ല എന്നതാണു കാരണം. ശുദ്ധാ​രാ​ധ​ന​യു​ടെ എല്ലാ സുപ്ര​ധാ​ന​വ്യ​വ​സ്ഥ​ക​ളും അവർ പാലിച്ചു. നമുക്ക്‌ ഇപ്പോൾ അവരുടെ മാതൃ​കകൾ നോക്കാം.

നോഹയുടെ ബലികൾ വ്യക്തമായ ഒരു സന്ദേശം നൽകി (15, 16 ഖണ്ഡികകൾ കാണുക)

15, 16. ശുദ്ധാ​രാ​ധ​ന​യു​ടെ നാലു സുപ്ര​ധാ​ന​വ്യ​വ​സ്ഥ​ക​ളും നോഹ പാലി​ച്ചത്‌ എങ്ങനെ?

15 ആദാം മരിച്ച്‌ വെറും 126 വർഷത്തി​നു ശേഷമാ​യി​രു​ന്നു നോഹ​യു​ടെ ജനനം. പക്ഷേ അത്രയും കാലം​കൊണ്ട്‌ ലോകം വ്യാജാ​രാ​ധ​ന​യിൽ മുങ്ങി​പ്പോ​യി​രു​ന്നു. നോഹ വളർന്നു​വ​ന്നത്‌ അങ്ങനെ​യൊ​രു ചുറ്റു​പാ​ടി​ലാണ്‌. b (ഉൽപ. 6:11) പ്രളയം തുടങ്ങിയ സമയത്താ​കട്ടെ, ഭൂമി​യി​ലു​ണ്ടാ​യി​രുന്ന കുടും​ബ​ങ്ങ​ളിൽ നോഹ​യും കുടും​ബ​വും മാത്ര​മാ​ണു സ്വീകാ​ര്യ​മായ വിധത്തിൽ യഹോ​വയെ സേവി​ച്ചി​രു​ന്നത്‌. (2 പത്രോ. 2:5) പ്രളയ​ത്തി​നു ശേഷം, ഒരു യാഗപീ​ഠം നിർമിച്ച്‌ യഹോ​വയ്‌ക്കു ബലികൾ അർപ്പി​ക്കാൻ നോഹ​യ്‌ക്കു പ്രേരണ തോന്നി. ആദ്യമാ​യി ഒരു യാഗപീ​ഠ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ ഇവി​ടെ​യാണ്‌. നോഹ​യു​ടെ ആത്മാർഥ​ത​യോ​ടെ​യുള്ള ഈ പ്രവൃത്തി സ്വന്തം കുടും​ബ​ത്തി​നും പിൻത​ല​മു​റ​ക്കാ​രായ മുഴു​മാ​ന​വ​കു​ല​ത്തി​നും വ്യക്തമായ ഒരു സന്ദേശം നൽകി​—ആരാധ​ന​യു​ടെ സ്വീകർത്താവ്‌ ആയിരി​ക്കാൻ അർഹൻ യഹോവ മാത്ര​മാണ്‌! ഇനി നോഹ ബലി അർപ്പി​ച്ച​തോ? അവിടെ അനേകം മൃഗങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും “ശുദ്ധി​യുള്ള എല്ലാ മൃഗങ്ങ​ളിൽനി​ന്നും ശുദ്ധി​യുള്ള എല്ലാ പറവക​ളിൽനി​ന്നും ചിലതി​നെ” ആണ്‌ നോഹ തിര​ഞ്ഞെ​ടു​ത്തത്‌. (ഉൽപ. 8:20) ഗുണനി​ല​വാ​ര​ത്തി​ന്റെ കാര്യ​ത്തിൽ അവ ഏറ്റവും മികച്ച​താ​യി​രു​ന്നു. കാരണം ശുദ്ധി​യു​ള്ള​തെന്ന്‌ യഹോ​വ​തന്നെ പ്രഖ്യാ​പിച്ച മൃഗങ്ങ​ളാ​യി​രു​ന്നു അവ.​—ഉൽപ. 7:2.

16 നോഹ ആ മൃഗങ്ങളെ താൻ നിർമിച്ച യാഗപീ​ഠ​ത്തിൽ ദഹനബ​ലി​ക​ളാ​യി അർപ്പിച്ചു. ഈ രീതി​യിൽ ആരാധി​ക്കു​ന്നതു ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രു​ന്നോ? അതെ. യഹോവ ബലിവസ്‌തു​വിൽനി​ന്നുള്ള പ്രസാ​ദ​ക​ര​മായ സുഗന്ധം ആസ്വദി​ച്ചെ​ന്നും നോഹ​യെ​യും മക്കളെ​യും അനു​ഗ്ര​ഹി​ച്ചെ​ന്നും വിവരണം പറയുന്നു. (ഉൽപ. 8:21; 9:1) എന്നാൽ ആ യാഗം അർപ്പി​ച്ച​തി​നു പിന്നിലെ നോഹ​യു​ടെ ആന്തരം ആയിരു​ന്നു യഹോവ അതു സ്വീക​രി​ക്കാ​നുള്ള പ്രധാ​ന​കാ​രണം. യഹോ​വ​യി​ലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തി​ലും നോഹയ്‌ക്കു​ണ്ടാ​യി​രുന്ന ശക്തമായ വിശ്വാ​സ​ത്തി​ന്റെ മറ്റൊരു തെളി​വാ​യി​രു​ന്നു ആ ബലികൾ. യഹോ​വയെ അനുസ​രി​ക്കു​ക​യും യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ “നോഹ സത്യ​ദൈ​വ​ത്തോ​ടു​കൂ​ടെ നടന്നു” എന്നു ബൈബിൾ പറയുന്നു. അങ്ങനെ നോഹ, നീതി​മാൻ എന്ന നിലനിൽക്കുന്ന സത്‌പേര്‌ നേടി.​—ഉൽപ. 6:9; യഹ. 14:14; എബ്രാ. 11:7.

17, 18. ശുദ്ധാ​രാ​ധ​ന​യു​ടെ നാലു സുപ്ര​ധാ​ന​വ്യ​വ​സ്ഥ​ക​ളും അബ്രാ​ഹാം പാലി​ച്ചത്‌ എങ്ങനെ?

17 അബ്രാ​ഹാം ജീവി​ച്ചതു വ്യാജാ​രാ​ധ​ന​യു​ടെ നടുവി​ലാ​യി​രു​ന്നു. അബ്രാ​ഹാ​മി​ന്റെ സ്വദേ​ശ​മായ ഊർ നഗരത്തി​ന്റെ ഒരു പ്രമു​ഖ​സ​വി​ശേ​ഷ​ത​തന്നെ, ചന്ദ്ര​ദേ​വ​നായ നാന്നായ്‌ക്കു​വേ​ണ്ടി​യുള്ള ഒരു ക്ഷേത്ര​മാ​യി​രു​ന്നു. c അബ്രാ​ഹാ​മി​ന്റെ അപ്പൻപോ​ലും ഒരുകാ​ലത്ത്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചി​രു​ന്നു. (യോശു. 24:2) എന്നിട്ടും യഹോ​വയെ ആരാധി​ക്കാ​നാ​യി​രു​ന്നു അബ്രാ​ഹാ​മി​ന്റെ തീരു​മാ​നം. നോഹ​യു​ടെ ഒരു മകനും തന്റെ പൂർവ​പി​താ​വും ആയ ശേമിൽനി​ന്നാ​യി​രി​ക്കാം അദ്ദേഹം സത്യ​ദൈ​വ​ത്തെ​ക്കു​റിച്ച്‌ പഠിച്ചത്‌. അബ്രാ​ഹാം ജനിച്ച്‌ 150 വർഷം കഴിഞ്ഞാ​ണു ശേം മരിക്കു​ന്നത്‌.

18 അബ്രാ​ഹാം തന്റെ നീണ്ട ജീവി​ത​കാ​ല​ത്തു​ട​നീ​ളം ധാരാളം ബലികൾ അർപ്പിച്ചു. എന്നാൽ ആരാധ​ന​യു​ടെ ഭാഗമായ ഈ ബലികൾ അബ്രാ​ഹാം എല്ലായ്‌പോ​ഴും അർപ്പി​ച്ചത്‌ യഹോ​വയ്‌ക്കാണ്‌. ആരാധ​നയ്‌ക്ക്‌ അർഹനായ യഹോ​വ​യാ​യി​രു​ന്നു അതിന്റെ സ്വീകർത്താവ്‌. (ഉൽപ. 12:8; 13:18; 15:8-10) ഇനി, ഏറ്റവും ഗുണനി​ല​വാ​ര​മുള്ള യാഗം അർപ്പി​ക്കാൻ അബ്രാ​ഹാം തയ്യാറാ​യി​രു​ന്നോ? അതിനുള്ള വ്യക്തമായ ഉത്തരമാ​യി​രു​ന്നു, പ്രിയ​മ​ക​നായ യിസ്‌ഹാ​ക്കി​നെ ബലി അർപ്പി​ക്കാൻ അദ്ദേഹം കാണിച്ച മനസ്സൊ​രു​ക്കം. ബലി അർപ്പി​ക്കേണ്ട രീതി​യോ? ആ സന്ദർഭ​ത്തിൽ യഹോവ അബ്രാ​ഹാ​മിന്‌ അതു വ്യക്തമാ​യി പറഞ്ഞു​കൊ​ടു​ത്തു. (ഉൽപ. 22:1, 2) അബ്രാ​ഹാ​മാ​കട്ടെ, അതിലെ എല്ലാ വിശദാം​ശ​ങ്ങ​ളും അതേപടി അനുസ​രിച്ച്‌ ബലി അർപ്പി​ക്കാൻ തയ്യാറാ​യ​താണ്‌. പക്ഷേ, അവസാനം യഹോ​വ​യാണ്‌ അതിനു സമ്മതി​ക്കാ​തി​രു​ന്നത്‌. (ഉൽപ. 22:9-12) അബ്രാ​ഹാ​മി​ന്റെ ആന്തരവും ശുദ്ധമാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യഹോവ ആ ആരാധന സ്വീക​രി​ച്ചത്‌. പൗലോസ്‌ അതെക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “അബ്രാ​ഹാം യഹോ​വ​യിൽ വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി.”​—റോമ. 4:3.

യാക്കോബ്‌ തന്റെ കുടും​ബ​ത്തിന്‌ ഒരു മാതൃ​ക​വെ​ച്ചു (19, 20 ഖണ്ഡികകൾ കാണുക)

19, 20. ശുദ്ധാ​രാ​ധ​ന​യു​ടെ നാലു സുപ്ര​ധാ​ന​വ്യ​വ​സ്ഥ​ക​ളും യാക്കോബ്‌ പാലി​ച്ചത്‌ എങ്ങനെ?

19 യാക്കോബ്‌ ജീവി​ത​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും ചെലവ​ഴി​ച്ചത്‌, യഹോവ അബ്രാ​ഹാ​മി​നും പിൻത​ല​മു​റ​ക്കാർക്കും കൊടു​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌ത കനാൻ ദേശത്താണ്‌. (ഉൽപ. 17:1, 8) അവി​ടെ​യു​ള്ളവർ അധമമായ ആരാധ​നാ​രീ​തി​ക​ളിൽ മുഴു​കി​യി​രു​ന്നു. ‘ദേശം അതിലെ നിവാ​സി​കളെ ഛർദി​ച്ചു​ക​ള​യും’ എന്ന്‌ യഹോ​വയ്‌ക്കു പറയാൻ തോന്നു​ന്നത്ര വഷളാ​യി​രു​ന്നു അവിടത്തെ സ്ഥിതി. (ലേവ്യ 18:24, 25) 77 വയസ്സു​ള്ള​പ്പോൾ കനാൻ വിട്ട യാക്കോബ്‌, വിവാ​ഹ​മൊ​ക്കെ കഴിഞ്ഞ്‌ വലി​യൊ​രു കുടും​ബ​വു​മാ​യി പിൽക്കാ​ലത്ത്‌ അവിടെ തിരികെ എത്തി. (ഉൽപ. 28:1, 2; 33:18) യാക്കോ​ബി​ന്റെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലരെ പക്ഷേ വ്യാജാ​രാ​ധന സ്വാധീ​നി​ച്ചി​രു​ന്നു. എന്നാൽ ബഥേലി​ലേക്കു പോകാ​നും അവിടെ യാഗപീ​ഠം പണിയാ​നും യഹോവ ക്ഷണിച്ച​പ്പോൾ യാക്കോബ്‌ ഉറച്ച ഒരു തീരു​മാ​ന​മെ​ടു​ത്തു. ആദ്യം​തന്നെ അദ്ദേഹം കുടും​ബ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്കി​ട​യി​ലെ അന്യ​ദൈ​വ​ങ്ങ​ളെ​യെ​ല്ലാം നീക്കി​ക്ക​ള​ഞ്ഞിട്ട്‌ നിങ്ങ​ളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കുക.’ തുടർന്ന്‌, കിട്ടിയ നിർദേ​ശ​ങ്ങ​ളെ​ല്ലാം യാക്കോബ്‌ വിശ്വസ്‌ത​മാ​യി അനുസ​രി​ച്ചു.​—ഉൽപ. 35:1-7.

20 വാഗ്‌ദ​ത്ത​ദേ​ശത്ത്‌ യാക്കോബ്‌ അനവധി യാഗപീ​ഠങ്ങൾ പണിതു. എന്നാൽ എപ്പോ​ഴും ആ ആരാധ​ന​യു​ടെ സ്വീകർത്താവ്‌ യഹോ​വ​ത​ന്നെ​യാ​യി​രു​ന്നു. (ഉൽപ. 35:14; 46:1) ഇനി, യാക്കോ​ബി​ന്റെ ബലിക​ളു​ടെ ഗുണനി​ല​വാ​ര​വും അദ്ദേഹം ദൈവത്തെ ആരാധിച്ച രീതി​യും അതിനു പിന്നിലെ ആന്തരവും എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? ബൈബിൾ യാക്കോ​ബി​നെ ‘കുറ്റമ​റ്റവൻ’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ അതെല്ലാം ഏറ്റവും നല്ലതാ​യി​രു​ന്നു എന്നു വ്യക്തം. കാരണം യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ള്ള​വ​രെ​യാ​ണു സാധാരണ ഇങ്ങനെ വിശേ​ഷി​പ്പി​ക്കാ​റു​ള്ളത്‌. (ഉൽപ. 25:27, അടിക്കു​റിപ്പ്‌) യാക്കോ​ബി​ന്റെ മുഴു​ജീ​വി​ത​വും അദ്ദേഹ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കാ​നി​രുന്ന ഇസ്രാ​യേൽ ജനതയ്‌ക്ക്‌ ഒരു ഉത്‌കൃ​ഷ്ട​മാ​തൃ​ക​യാ​യി​രു​ന്നു.​—ഉൽപ. 35:9-12.

21. ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

21 ഈ ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം? അവരുടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ​തന്നെ ചില​പ്പോൾ യഹോ​വയ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്ന​തിൽനിന്ന്‌ നമ്മുടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കുന്ന ആളുക​ളാ​യി​രി​ക്കാം നമുക്കു ചുറ്റും, ചില​പ്പോൾ അതു സ്വന്തം കുടും​ബാം​ഗ​ങ്ങൾത​ന്നെ​യാ​കാം. അത്തരം സമ്മർദ​ങ്ങളെ ചെറു​ത്തു​നിൽക്ക​ണ​മെ​ങ്കിൽ നമ്മൾ യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​വും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ ഏറ്റവും നല്ലതാ​ണെന്ന ബോധ്യ​വും വളർത്തി​യെ​ടു​ക്കണം. യഹോ​വയെ അനുസ​രി​ച്ചു​കൊ​ണ്ടും നമ്മുടെ സമയവും ഊർജ​വും വിഭവ​ങ്ങ​ളും യഹോ​വയെ സേവി​ക്കാ​നാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടും ആ വിശ്വാ​സം നമുക്കു തെളി​യി​ക്കാം. (മത്താ. 22:37-40; 1 കൊരി. 10:31) അതെ, യഹോവ ആവശ്യ​പ്പെ​ടുന്ന രീതി​യിൽ, ശുദ്ധമായ ആന്തര​ത്തോ​ടെ യഹോ​വയെ ആരാധി​ക്കു​മ്പോൾ, അതിനാ​യി നമ്മുടെ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കു​മ്പോൾ യഹോവ നമ്മളെ നീതി​മാ​ന്മാ​രാ​യി കണക്കാ​ക്കും എന്നത്‌ എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌!​—യാക്കോബ്‌ 2:18-24 വായി​ക്കുക.

ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി തിര​ഞ്ഞെ​ടുത്ത ഒരു ജനത

22-24. ഇസ്രാ​യേ​ല്യ​രു​ടെ ബലിക​ളു​ടെ സ്വീകർത്താവ്‌, ഗുണനി​ല​വാ​രം, രീതി എന്നിവ​യു​ടെ പ്രാധാ​ന്യം നിയമ​സം​ഹിത ഊന്നി​പ്പ​റ​ഞ്ഞത്‌ എങ്ങനെ?

22 യാക്കോ​ബി​ന്റെ പിൻത​ല​മു​റ​ക്കാർക്കു നിയമ​സം​ഹിത കൊടു​ത്ത​പ്പോൾ താൻ അവരിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ യഹോവ വ്യക്തമാ​ക്കി. യഹോ​വയെ അനുസ​രി​ച്ചാൽ അവർ, യഹോ​വ​യു​ടെ ‘പ്രത്യേ​ക​സ്വ​ത്തും,’ ഒരു “വിശു​ദ്ധ​ജ​ന​ത​യും” ആകുമാ​യി​രു​ന്നു. (പുറ. 19:5, 6) ശുദ്ധാ​രാ​ധ​ന​യു​ടെ നാലു സുപ്ര​ധാ​ന​ഘ​ട​ക​ങ്ങൾക്ക്‌ ആ നിയമ​സം​ഹിത ഊന്നൽ നൽകി​യത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

23 ഇസ്രായേല്യർ ആർക്കാണ്‌ ആരാധന അർപ്പി​ക്കേ​ണ്ട​തെന്ന്‌, അതായത്‌ അവരുടെ ആരാധ​ന​യു​ടെ സ്വീകർത്താവ്‌ ആരായി​രി​ക്ക​ണ​മെന്ന്‌, യഹോവ വ്യക്തമാ​ക്കി​യി​രു​ന്നു. “ഞാനല്ലാ​തെ മറ്റു ദൈവങ്ങൾ നിനക്കു​ണ്ടാ​ക​രുത്‌” എന്നാണ്‌ യഹോവ പറഞ്ഞത്‌. (പുറ. 20:3-5) അവർ യഹോ​വയ്‌ക്ക്‌ അർപ്പി​ക്കുന്ന ബലിക​ളു​ടെ ഗുണനി​ല​വാ​ര​വും ഏറ്റവും മികച്ച​താ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ന്യൂന​ത​യും വൈക​ല്യ​വും ഇല്ലാത്ത മൃഗങ്ങളെ വേണമാ​യി​രു​ന്നു ബലി അർപ്പി​ക്കാൻ. (ലേവ്യ 1:3; ആവ. 15:21; മലാഖി 1:6-8 താരത​മ്യം ചെയ്യുക.) യഹോ​വയ്‌ക്ക്‌ അർപ്പി​ക്കുന്ന കാഴ്‌ച​ക​ളു​ടെ ഒരു വിഹിതം കിട്ടി​യി​രുന്ന ലേവ്യർപോ​ലും വ്യക്തി​ക​ളെന്ന നിലയിൽ യാഗങ്ങൾ അർപ്പി​ച്ചി​രു​ന്നു. ‘ലഭിക്കുന്ന സമ്മാന​ങ്ങ​ളിൽവെച്ച്‌ ഏറ്റവും നല്ലത്‌’ ആയിരി​ക്ക​ണ​മാ​യി​രു​ന്നു അവയും. (സംഖ്യ 18:29) ഇസ്രാ​യേ​ല്യർ ആരാധന നടത്തിയ രീതി​യോ? യഹോ​വയ്‌ക്കു ബലിയാ​യി എന്ത്‌ അർപ്പി​ക്ക​ണ​മെ​ന്നും, അത്‌ എവി​ടെ​വെച്ച്‌, എങ്ങനെ ചെയ്യണ​മെ​ന്നും വിശദ​മായ നിർദേ​ശങ്ങൾ കൊടു​ത്തി​രു​ന്നു. ഇത്തരത്തിൽ ദൈനം​ദിന ജീവി​തത്തെ ബാധി​ക്കുന്ന 600-ലേറെ നിയമ​ങ്ങ​ളാണ്‌ അവർക്കു നൽകി​യി​രു​ന്നത്‌. ഇങ്ങനെ​യൊ​രു നിർദേ​ശ​വും അവർക്കു ലഭിച്ചു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അതേപടി ചെയ്യാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക; അതിൽനിന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരുത്‌.”​—ആവ. 5:32.

24 ഇസ്രാ​യേ​ല്യർ എവി​ടെ​യാ​ണു ബലികൾ അർപ്പി​ക്കേ​ണ്ടി​യി​രു​ന്നത്‌, അതിന്‌ എന്തെങ്കി​ലും പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നോ? തീർച്ച​യാ​യും. ഒരു വിശു​ദ്ധ​കൂ​ടാ​രം നിർമി​ക്കാൻ യഹോവ തന്റെ ജനത്തിനു നിർദേശം കൊടു​ത്തു. അതു ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​ത്തീർന്നു. (പുറ. 40:1-3, 29, 34) ആ സമയത്ത്‌, ഇസ്രാ​യേ​ല്യർ അർപ്പി​ച്ചി​രുന്ന യാഗങ്ങൾ യഹോവ സ്വീക​രി​ക്ക​ണ​മെ​ങ്കിൽ അവർ അതു വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേക്കു കൊണ്ടു​വ​ര​ണ​മാ​യി​രു​ന്നു. d​—ആവ. 12:17, 18.

25. ബലിയർപ്പ​ണ​ത്തി​ന്റെ കാര്യ​ത്തിൽ ഏറ്റവും പ്രാധാ​ന്യം എന്തിനാ​യി​രു​ന്നു? വിശദീ​ക​രി​ക്കുക.

25 എന്നാൽ അതി​നെ​ക്കാ​ളെ​ല്ലാം പ്രധാനം, കാഴ്‌ച അർപ്പി​ക്കുന്ന വ്യക്തി​യു​ടെ ആന്തരം ആയിരു​ന്നു. യഹോ​വ​യോ​ടും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടും ഉള്ള ആത്മാർഥ​മായ സ്‌നേഹം ആയിരി​ക്കേ​ണ്ടി​യി​രു​ന്നു അയാളു​ടെ പ്രേര​ക​ശക്തി. (ആവർത്തനം 6:4-6 വായി​ക്കുക.) എന്നാൽ ഇസ്രാ​യേ​ല്യ​രു​ടെ ആരാധന വെറും യാന്ത്രി​ക​മാ​യ​പ്പോൾ യഹോവ അവരുടെ ബലികൾ തള്ളിക്ക​ളഞ്ഞു. (യശ. 1:10-13) യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ പറഞ്ഞു: “ഈ ജനം . . . വായ്‌കൊണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന്‌ വളരെ അകലെ​യാണ്‌.” ഭക്തിയു​ടെ പുറം​മോ​ടി കാണിച്ച്‌ യഹോ​വയെ കബളി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നാണ്‌ ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.​—യശ. 29:13.

ദേവാ​ല​യ​ത്തി​ലെ ആരാധന

26. ശലോ​മോൻ നിർമിച്ച ദേവാ​ല​യ​ത്തി​നു ശുദ്ധാ​രാ​ധ​ന​യിൽ എന്തു സ്ഥാനമു​ണ്ടാ​യി​രു​ന്നു?

26 ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ താമസ​മു​റ​പ്പിച്ച്‌ നൂറ്റാ​ണ്ടു​കൾക്കു ശേഷം ശലോ​മോൻ രാജാവ്‌ ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി ഒരു ദേവാ​ലയം നിർമി​ച്ചു. മഹത്ത്വ​ത്തി​ന്റെ കാര്യ​ത്തിൽ വിശു​ദ്ധ​കൂ​ടാ​രത്തെ വെല്ലുന്ന ഒന്നായി​രു​ന്നു അത്‌. (1 രാജാ. 7:51; 2 ദിന. 3:1, 6, 7) തുടക്ക​ത്തിൽ ഈ ദേവാ​ല​യ​ത്തിൽ അർപ്പി​ച്ചി​രുന്ന ബലിക​ളെ​ല്ലാം യഹോ​വയ്‌ക്കു​ള്ള​താ​യി​രു​ന്നു, അതിന്റെ സ്വീകർത്താവ്‌ യഹോവ മാത്ര​മാ​യി​രു​ന്നു. ദൈവ​നി​യ​മ​ത്തിൽ പറഞ്ഞി​രുന്ന അതേ രീതി​യിൽ ശലോ​മോ​നും പ്രജക​ളും അവിടെ അസംഖ്യം ബലികൾ അർപ്പിച്ചു. അവയാ​കട്ടെ, ഗുണനി​ല​വാ​ര​ത്തി​ന്റെ കാര്യ​ത്തിൽ ഏറ്റവും മികച്ച​വ​യും. (1 രാജാ. 8:63) എന്നാൽ ആ ദേവാ​ല​യ​ത്തി​ലെ ആരാധന യഹോവ സ്വീക​രി​ച്ച​തി​ന്റെ കാരണം, ഗംഭീ​ര​മായ ആ കെട്ടി​ട​ത്തി​ന്റെ നിർമാ​ണ​ച്ചെ​ല​വോ അവിടെ അർപ്പിച്ച ബലിക​ളു​ടെ എണ്ണമോ ആയിരു​ന്നില്ല. കാഴ്‌ചകൾ അർപ്പി​ച്ച​വ​രു​ടെ ആന്തരം ആയിരു​ന്നു പ്രധാനം. ദേവാ​ല​യ​ത്തി​ന്റെ സമർപ്പ​ണ​വേ​ള​യിൽ ശലോ​മോൻ പറഞ്ഞ ഈ വാക്കു​ക​ളും അതിന്റെ പ്രാധാ​ന്യം എടുത്തു​കാ​ട്ടി: “ഇന്നു ചെയ്യു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ ചട്ടങ്ങൾ അനുസ​രിച്ച്‌ നടന്നു​കൊ​ണ്ടും ദൈവ​ത്തി​ന്റെ കല്‌പ​നകൾ പാലി​ച്ചു​കൊ​ണ്ടും നിങ്ങളു​ടെ ഹൃദയം നമ്മുടെ ദൈവ​മായ യഹോ​വ​യിൽ പൂർണ​മാ​യി​രി​ക്കട്ടെ.”​—1 രാജാ. 8:57-61.

27. ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രും പ്രജക​ളും എന്താണു ചെയ്‌തത്‌, യഹോ​വ​യു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

27 സങ്കടക​ര​മെന്നു പറയട്ടെ, കാലാ​ന്ത​ര​ത്തിൽ ഇസ്രാ​യേ​ല്യർ ആ രാജാ​വി​ന്റെ ജ്ഞാന​മൊ​ഴി​കൾക്കു ചെവി​കൊ​ടു​ക്കാ​താ​യി. ശുദ്ധാ​രാ​ധ​ന​യു​ടെ സുപ്ര​ധാ​ന​വ്യ​വ​സ്ഥ​ക​ളിൽ ഒന്നോ അതില​ധി​ക​മോ പാലി​ക്കു​ന്ന​തിൽ അവർ പരാജ​യ​പ്പെട്ടു. തങ്ങളുടെ ഹൃദയം ദുഷി​ച്ചു​പോ​കാൻ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രും അവരുടെ പ്രജക​ളും അനുവ​ദി​ച്ചു; അവർക്ക്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം നഷ്ടമായി; യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ അവർ തള്ളിക്ക​ളഞ്ഞു. എന്നാൽ അവരെ തിരു​ത്താ​നും അവരുടെ ചെയ്‌തി​ക​ളു​ടെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു കൊടു​ക്കാ​നും യഹോവ പ്രവാ​ച​ക​ന്മാ​രെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. അവരോ​ടുള്ള സ്‌നേഹം നിമിത്തം യഹോവ വീണ്ടും​വീ​ണ്ടും അങ്ങനെ ചെയ്‌തു. (യിരെ. 7:13-15, 23-26) അവരിൽ വളരെ ശ്രദ്ധേ​യ​നായ ഒരാളാ​യി​രു​ന്നു വിശ്വസ്‌ത​പു​രു​ഷ​നായ യഹസ്‌കേൽ. ശുദ്ധാ​രാ​ധ​ന​യു​ടെ ചരി​ത്ര​ത്തി​ലെ ഒരു നിർണാ​യ​ക​ഘ​ട്ട​ത്തി​ലാണ്‌ യഹസ്‌കേൽ ജീവി​ച്ചി​രു​ന്നത്‌.

ശുദ്ധാ​രാ​ധന ദുഷി​ച്ച​താ​യി യഹസ്‌കേൽ കാണുന്നു

28, 29. യഹസ്‌കേ​ലി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തെല്ലാം അറിയാം? (“യഹസ്‌കേൽ​—ജീവി​ത​വും കാലഘ​ട്ട​വും” എന്ന ചതുരം കാണുക.)

28 ശലോ​മോൻ നിർമിച്ച ദേവാ​ല​യ​ത്തി​ലെ ആരാധ​നാ​രീ​തി​കൾ യഹസ്‌കേ​ലി​നു നല്ല പരിച​യ​മാ​യി​രു​ന്നു. യഹസ്‌കേ​ലി​ന്റെ പിതാവ്‌ ഒരു പുരോ​ഹി​ത​നാ​യി​രു​ന്ന​തു​കൊണ്ട്‌ തന്റെ ഊഴമ​നു​സ​രിച്ച്‌ അദ്ദേഹം ദേവാ​ല​യ​ത്തിൽ സേവി​ച്ചി​രി​ക്കണം. (യഹ. 1:3) യഹസ്‌കേ​ലി​ന്റെ കുട്ടി​ക്കാ​ലം സന്തോഷം നിറഞ്ഞ​താ​യി​രു​ന്നെന്നു വേണം കരുതാൻ. യഹോ​വ​യെ​ക്കു​റി​ച്ചും മോശ​യി​ലൂ​ടെ നൽകിയ നിയമ​ത്തെ​ക്കു​റി​ച്ചും പിതാവ്‌ അവനെ പഠിപ്പി​ച്ചു എന്നതിനു സംശയ​മില്ല. ദേവാ​ല​യ​ത്തിൽനിന്ന്‌ “നിയമ​പുസ്‌തകം” കണ്ടുകി​ട്ടിയ സമയ​ത്തോട്‌ അടുത്താ​ണു യഹസ്‌കേൽ ജനിച്ചത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. e അന്നു ഭരണം നടത്തി​യി​രുന്ന നല്ല രാജാ​വായ യോശി​യയെ നിയമ​പുസ്‌ത​ക​ത്തി​ലെ വാക്കുകൾ ആഴത്തിൽ സ്‌പർശി​ച്ച​തു​കൊണ്ട്‌ അദ്ദേഹം ശുദ്ധാ​രാ​ധ​നയെ ഉന്നമി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടി.​—2 രാജാ. 22:8-13.

യഹോവയെക്കുറിച്ചും നിയമ​ത്തെ​ക്കു​റി​ച്ചും പിതാവ്‌ യഹസ്‌കേ​ലി​നെ പഠിപ്പി​ച്ചു എന്നതിനു സംശയ​മി​ല്ല (28-ാം ഖണ്ഡിക കാണുക)

29 തനിക്കു മുമ്പ്‌ ജീവി​ച്ചി​രുന്ന വിശ്വസ്‌ത​പു​രു​ഷ​ന്മാ​രെ​പ്പോ​ലെ ശുദ്ധാ​രാ​ധ​ന​യു​ടെ നാലു വ്യവസ്ഥ​ക​ളും പാലി​ച്ച​വ​നാ​യി​രു​ന്നു യഹസ്‌കേ​ലും. യഹസ്‌കേൽ യഹോ​വയെ മാത്രം സേവി​ക്കു​ക​യും എപ്പോ​ഴും തന്റെ ഏറ്റവും നല്ലത്‌ യഹോ​വയ്‌ക്കു നൽകു​ക​യും യഹോവ ആവശ്യ​പ്പെ​ട്ട​തെ​ല്ലാം അതേ രീതി​യിൽത്തന്നെ അനുസ​രി​ക്കു​ക​യും ചെയ്‌ത വ്യക്തി​യാ​ണെന്ന്‌ യഹസ്‌കേൽ എന്ന ബൈബിൾപു​സ്‌തകം കാണി​ക്കു​ന്നു. അദ്ദേഹത്തെ അതിനു പ്രേരി​പ്പി​ച്ച​തോ? യഥാർഥ​വി​ശ്വാ​സ​വും! എന്നാൽ യഹസ്‌കേ​ലി​ന്റെ സമകാ​ലി​ക​രിൽ മിക്കവ​രും അങ്ങനെ​യാ​യി​രു​ന്നില്ല. കുട്ടി​ക്കാ​ലം​മു​തലേ യഹസ്‌കേൽ യിരെ​മ്യ​യു​ടെ പ്രവച​നങ്ങൾ കേട്ടാണു വളർന്നത്‌. ബി.സി. 647-ൽ പ്രവാ​ച​ക​വേല തുടങ്ങിയ യിരെമ്യ, യഹോ​വ​യു​ടെ വരാനി​രി​ക്കുന്ന ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ തീക്ഷ്‌ണ​ത​യോ​ടെ മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു.

30. (എ) യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ പ്രവച​നങ്ങൾ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (ബി) പ്രവചനം എന്നാൽ എന്താണ്‌, യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? (“യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ​—ഒരു അവലോ​കനം” എന്ന ചതുരം കാണുക.)

30 ദൈവ​ജനം സത്യാ​രാ​ധ​ന​യിൽനിന്ന്‌ എത്രയ​ധി​കം അകന്നു​പോ​യെന്ന്‌ യഹസ്‌കേൽ എന്ന ബൈബിൾപു​സ്‌തകം കാണി​ച്ചു​ത​രു​ന്നു. (യഹസ്‌കേൽ 8:6 വായി​ക്കുക.) യഹോവ യഹൂദ​യ്‌ക്കു ശിക്ഷണം കൊടു​ത്തു​തു​ട​ങ്ങിയ സമയത്ത്‌ അവി​ടെ​നിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യ​വ​രു​ടെ കൂട്ടത്തിൽ യഹസ്‌കേ​ലു​മു​ണ്ടാ​യി​രു​ന്നു. (2 രാജാ. 24:11-17) തടവു​കാ​ര​നാ​യി പോ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും യഹസ്‌കേ​ലി​നുള്ള ശിക്ഷയ​ല്ലാ​യി​രു​ന്നു അത്‌. ബന്ദിക​ളാ​യി കൊണ്ടു​പോയ ദൈവ​ജ​ന​ത്തി​നി​ട​യിൽ അദ്ദേഹ​ത്തിന്‌ യഹോ​വ​യിൽനി​ന്നുള്ള ഒരു നിയോ​ഗം നിറ​വേ​റ്റാ​നു​ണ്ടാ​യി​രു​ന്നു. യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ അത്ഭുത​ക​ര​മായ ദർശന​ങ്ങ​ളും പ്രവച​ന​ങ്ങ​ളും യരുശ​ലേ​മിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ച്ചു. ആ ദിവ്യ​രേ​ഖ​യു​ടെ നിവൃത്തി പക്ഷേ അവിടം​കൊണ്ട്‌ തീരു​ന്നില്ല. ഭൂമി​യി​ലെ​ങ്ങു​മുള്ള, യഹോ​വയെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രും യഹോ​വയ്‌ക്ക്‌ ശുദ്ധാ​രാ​ധന അർപ്പി​ക്കുന്ന ഒരു കാലം വരു​മെ​ന്നും അതു വെളി​പ്പെ​ടു​ത്തു​ന്നു.

31. ഈ പുസ്‌തകം നമ്മളെ എന്തിനു സഹായി​ക്കും?

31 ഈ പുസ്‌ത​ക​ത്തി​ന്റെ തുടർന്നുള്ള ഭാഗങ്ങ​ളിൽ നമ്മൾ എന്തെല്ലാ​മാ​ണു കാണാൻപോ​കു​ന്നത്‌? യഹോവ വസിക്കുന്ന സ്വർഗീ​യ​മ​ണ്ഡ​ല​ത്തി​ന്റെ വിസ്‌മ​യ​ക​ര​മായ ഒരു ദൃശ്യം നമ്മൾ കാണും, ഒരു ഘട്ടത്തിൽ ശുദ്ധാ​രാ​ധന എത്രമാ​ത്രം ദുഷി​ച്ചു​പോ​യെന്നു നമ്മൾ മനസ്സി​ലാ​ക്കും, യഹോവ തന്റെ ജനത്തി​നു​വേണ്ടി പ്രവർത്തി​ച്ച​തും അവരെ സ്വദേ​ശ​ത്തേക്കു തിരി​ച്ചു​കൊ​ണ്ടു​വ​ന്ന​തും എങ്ങനെ​യെന്നു നമ്മൾ പഠിക്കും. ഇനി, ഭാവി​യിൽ എല്ലാ മനുഷ്യ​രും യഹോ​വയെ ആരാധി​ക്കുന്ന ഒരു കാല​ത്തേ​ക്കും അതു നമ്മളെ കൊണ്ടു​പോ​കും. യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ ആദ്യദർശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള​താണ്‌ അടുത്ത അധ്യായം. യഹോ​വ​യു​ടെ​യും യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തി​ന്റെ​യും മായാത്ത ഒരു ചിത്രം അതു നമ്മുടെ മനസ്സിൽ പതിപ്പി​ക്കും. ശുദ്ധാ​രാ​ധ​നയ്‌ക്ക്‌ അർഹൻ യഹോവ മാത്ര​മാ​ണെന്ന ബോധ്യ​ത്തിന്‌ അതു കൂടുതൽ കരു​ത്തേ​കും!

a സാധ്യ​ത​യ​നു​സ​രിച്ച്‌, ആദാമി​നെ​യും ഹവ്വയെ​യും ഏദെൻ തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി​യിട്ട്‌ അധികം വൈകാ​തെ​തന്നെ ഹവ്വ ഹാബേ​ലി​നെ​യും ഗർഭം ധരിച്ചു. (ഉൽപ. 4:1, 2) ദൈവം ശേത്തിനെ ‘ഹാബേ​ലി​ന്റെ സ്ഥാനത്ത്‌ നിയമി​ച്ചു’ എന്നാണ്‌ ഉൽപത്തി 4:25 പറയു​ന്നത്‌. ഹാബേ​ലി​ന്റെ മരണ​ശേഷം ശേത്ത്‌ ജനിക്കു​മ്പോൾ ആദാമി​നു 130 വയസ്സാ​യി​രു​ന്നു. (ഉൽപ. 5:3) അതിൽനിന്ന്‌, ഹാബേ​ലിന്‌ ഏതാണ്ട്‌ 100 വയസ്സു​ള്ള​പ്പോ​ഴാ​യി​രി​ക്കാം കയീൻ അദ്ദേഹത്തെ കൊന്നത്‌ എന്ന്‌ അനുമാ​നി​ക്കാം.

b ആദാമി​ന്റെ കൊച്ചു​മ​ക​നായ എനോ​ശി​ന്റെ കാലത്ത്‌ “ആളുകൾ യഹോ​വ​യു​ടെ പേര്‌ വിളി​ച്ചു​തു​ടങ്ങി” എന്ന്‌ ഉൽപത്തി 4:26 പറയുന്നു. എന്നാൽ തെളി​വ​നു​സ​രിച്ച്‌ അവർ ഇത്‌ ആദരവി​ല്ലാത്ത വിധത്തി​ലാണ്‌ ഉപയോ​ഗി​ച്ചത്‌. അവർ യഹോ​വ​യു​ടെ പേര്‌ വിഗ്ര​ഹ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടു​ത്തി ഉപയോ​ഗി​ച്ചി​രി​ക്കാ​നാ​ണു സാധ്യത.

c നാന്നാ ദേവനു സീൻ എന്നൊരു പേരു​മു​ണ്ടാ​യി​രു​ന്നു. ഊർ നഗരവാ​സി​കൾ ധാരാളം ദൈവ​ങ്ങളെ ആരാധി​ച്ചി​രു​ന്നെ​ങ്കി​ലും നഗരത്തി​ലെ മിക്ക ക്ഷേത്ര​ങ്ങ​ളും ബലിപീ​ഠ​ങ്ങ​ളും നാന്നാ​യു​ടെ പേരി​ലു​ള്ള​താ​യി​രു​ന്നു.

d വിശു​ദ്ധ​കൂ​ടാ​ര​ത്തിൽനിന്ന്‌ ഉടമ്പടി​പ്പെ​ട്ടകം നീക്കം ചെയ്യ​പ്പെ​ട്ട​തോ​ടെ, മറ്റു സ്ഥലങ്ങളിൽ അർപ്പി​ക്കുന്ന ബലിക​ളും യഹോവ സ്വീക​രി​ക്കാൻതു​ടങ്ങി എന്നാണു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌.​—1 ശമു. 4:3, 11; 7:7-9; 10:8; 11:14, 15; 16:4, 5; 1 ദിന. 21:26-30.

e ബി.സി. 613-ൽ യഹസ്‌കേൽ പ്രവാ​ച​ക​വേല തുടങ്ങി​യ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അദ്ദേഹ​ത്തിന്‌ 30 വയസ്സാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ജനനം ഏകദേശം ബി.സി. 643-ലായി​രി​ക്കണം. (യഹ. 1:1) യോശിയ രാജാവ്‌ ഭരണം തുടങ്ങി​യത്‌ ബി.സി. 659-ലാണ്‌. അദ്ദേഹ​ത്തി​ന്റെ ഭരണത്തി​ന്റെ 18-ാം വർഷ​ത്തോട്‌ അടുത്ത്‌, ബി.സി. 642-641 കാലയ​ള​വി​ലാ​യി​രി​ക്കാം നിയമ​പുസ്‌തകം (സാധ്യ​ത​യ​നു​സ​രിച്ച്‌ അതിന്റെ മൂല​പ്രതി.) കണ്ടുകി​ട്ടി​യത്‌.