അധ്യായം 7
‘ഞാൻ യഹോവ ആണെന്നു ജനതകൾ അറിയേണ്ടിവരും’
മുഖ്യവിഷയം: യഹോവയുടെ നാമത്തെ അപകീർത്തിപ്പെടുത്തിയ ജനതകളുമായുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്ന് നമുക്കുള്ള പാഠങ്ങൾ
1, 2. (എ) ഇസ്രായേൽ ചെന്നായ്ക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയ ആടിനെപ്പോലെയായിരുന്നത് എങ്ങനെ? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) ഇസ്രായേല്യരും അവരുടെ രാജാക്കന്മാരും എന്തിനു വഴിപ്പെട്ടു?
ചെന്നായ്ക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയ ഒരു ആടിനെപ്പോലെയായിരുന്നു നൂറ്റാണ്ടുകളായി ഇസ്രായേല്യർ. അവർക്കൊരു ഭീഷണിയായി കിഴക്ക് അമ്മോന്യരും മോവാബ്യരും ഏദോമ്യരും ഉണ്ടായിരുന്നു. പടിഞ്ഞാറ്, ഇസ്രായേല്യരുടെ ബദ്ധശത്രുക്കളായ ഫെലിസ്ത്യർ വാസമുറപ്പിച്ചിരുന്നു. വിശാലമായൊരു വാണിജ്യസാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായ സോർ എന്ന ശക്തവും സമ്പന്നവും ആയ നഗരമായിരുന്നു വടക്ക്. തെക്കുവശത്താകട്ടെ, ഒരു പുരാതനരാഷ്ട്രമായ ഈജിപ്തായിരുന്നു. അവിടത്തുകാർ ദൈവമായി കണ്ടിരുന്ന ഫറവോനാണ് അവിടം ഭരിച്ചിരുന്നത്.
2 എന്നാൽ ഇസ്രായേല്യർ യഹോവയിൽ ആശ്രയിച്ചപ്പോൾ യഹോവ അവരെ ശത്രുക്കളിൽനിന്ന് സംരക്ഷിച്ചു. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അവരും അവരുടെ രാജാക്കന്മാരും വീണ്ടുംവീണ്ടും ചുറ്റുമുള്ള ജനതകളുടെ ദുഃസ്വാധീനത്തിനു വഴിപ്പെട്ടു. അതിനൊരു ഉദാഹരണമാണ് ആഹാബ് രാജാവ്. മറ്റുള്ളവരുടെ സ്വാധീനത്തിനു വഴങ്ങി അദ്ദേഹം യഹോവയോട് അവിശ്വസ്തത കാണിച്ചു. പത്തു-ഗോത്ര രാജ്യമായ ഇസ്രായേലിന്റെ ഭരണാധികാരിയായിരുന്ന അദ്ദേഹം യഹൂദയിലെ യഹോശാഫാത്ത് രാജാവിന്റെ സമകാലികനായിരുന്നു. സമ്പന്നനഗരമായ സോരിനെ നിയന്ത്രിച്ചിരുന്ന സീദോൻരാജാവിന്റെ മകളെ അദ്ദേഹം വിവാഹംകഴിച്ചു. ഇസബേൽ എന്ന ആ സ്ത്രീ അടങ്ങാത്ത ആവേശത്തോടെ ഇസ്രായേലിൽ ബാലാരാധന ഉന്നമിപ്പിച്ചു. അവളുടെ ദുഷിച്ച സ്വാധീനത്തിന് ആഹാബും വഴിപ്പെട്ടു. അങ്ങനെ ശുദ്ധാരാധന മുമ്പെന്നത്തെക്കാളും കളങ്കിതമായി.—1 രാജാ. 16:30-33; 18:4, 19.
3, 4. (എ) യഹസ്കേൽ ഇപ്പോൾ ആരിലേക്കു ശ്രദ്ധ തിരിക്കുന്നു? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
3 തന്നോട് അവിശ്വസ്തത കാണിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് യഹോവ നേരത്തേതന്നെ തന്റെ ജനത്തിനു മുന്നറിയിപ്പു കൊടുത്തിരുന്നതാണ്. ഒടുവിൽ യഹോവയുടെ ക്ഷമ നശിച്ചു. (യിരെ. 21:7, 10; യഹ. 5:7-9) ബി.സി. 609-ൽ ബാബിലോൺസേന വാഗ്ദത്തദേശത്തേക്കു മൂന്നാം തവണ മടങ്ങിവന്നു. കഴിഞ്ഞ ആക്രമണത്തിനുശേഷം ഏതാണ്ടു പത്തു വർഷം കടന്നുപോയിരുന്നു. ഇത്തവണ അവർ യരുശലേമിന്റെ മതിലുകൾ തകർക്കുകയും നെബൂഖദ്നേസറിനോടു ധിക്കാരം കാട്ടിയവരെ അടിച്ചമർത്തുകയും ചെയ്യുമായിരുന്നു. ഉപരോധം തുടങ്ങുകയും ദൈവം തന്നിലൂടെ അറിയിച്ച പ്രവചനങ്ങളുടെ ഭയാനകമായ നിവൃത്തി കണ്ടുതുടങ്ങുകയും ചെയ്തതോടെ പ്രവാചകൻ വാഗ്ദത്തദേശത്തിനു ചുറ്റുമുള്ള ജനതകളിലേക്കു ശ്രദ്ധ തിരിച്ചു.
യഹോവയുടെ നാമത്തെ അപകീർത്തിപ്പെടുത്തിയ ജനതകൾക്കു തങ്ങൾ ചെയ്തുകൂട്ടിയതിന്റെയെല്ലാം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമായിരുന്നു
4 യഹൂദയുടെ ശത്രുക്കൾ യരുശലേമിന്റെ നാശം കണ്ട് സന്തോഷിക്കുമെന്നും അതിജീവകരോടു മോശമായി പെരുമാറുമെന്നും യഹോവ യഹസ്കേലിനു വെളിപ്പെടുത്തിക്കൊടുത്തു. പക്ഷേ യഹോവയുടെ നാമത്തെ അപകീർത്തിപ്പെടുത്തിയ, ദൈവജനത്തെ ഉപദ്രവിക്കുകയും വഴിതെറ്റിക്കുകയും ചെയ്ത ആ ജനതകൾക്കു തങ്ങൾ ചെയ്തുകൂട്ടിയതിന്റെയെല്ലാം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമായിരുന്നു. ആ ജനതകളോടുള്ള ഇസ്രായേല്യരുടെ ഇടപെടലിൽനിന്ന് നമുക്കു പ്രായോഗികമായി എന്തെല്ലാം പഠിക്കാം? ജനതകളെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനങ്ങൾ ഇന്നു നമുക്കു പ്രത്യാശ പകരുന്നത് എങ്ങനെ?
“പരമപുച്ഛത്തോടെ” ഇസ്രായേല്യരോടു പെരുമാറിയ ബന്ധുക്കൾ
5, 6. അമ്മോന്യരും ഇസ്രായേല്യരും തമ്മിലുള്ള ബന്ധം എന്തായിരുന്നു?
5 അമ്മോന്യർ, മോവാബ്യർ, ഏദോമ്യർ എന്നിവർക്ക് ഇസ്രായേല്യരുമായി രക്തബന്ധമുണ്ടായിരുന്നെന്നു പറയാം. വംശപരമ്പരയും ചരിത്രവും അതിനു തെളിവ് നൽകുന്നെങ്കിലും, ദൈവജനത്തോടു കാലങ്ങളായി ശത്രുത പുലർത്തിപ്പോന്നവരായിരുന്നു അവരെല്ലാം. ‘പരമപുച്ഛത്തോടെയാണ്’ അവർ ഇസ്രായേല്യരോടു പെരുമാറിയത്.—യഹ. 25:6.
6 അമ്മോന്യരുടെ കാര്യമെടുക്കുക. അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിന് ഇളയ മകളിൽനിന്നുണ്ടായ സന്തതിപരമ്പരയിൽപ്പെട്ടവരായിരുന്നു ഇവർ. (ഉൽപ. 19:38) കൂടാതെ ഇവരുടെ ഭാഷയ്ക്ക് എബ്രായഭാഷയുമായി നല്ല സാമ്യവുമുണ്ടായിരുന്നു; അതുകൊണ്ടുതന്നെ ദൈവജനത്തിനു സാധ്യതയനുസരിച്ച് അതു മനസ്സിലായിരുന്നു. ഇവർ തമ്മിൽ ഇങ്ങനെയൊരു കുടുംബബന്ധമുണ്ടായിരുന്നതുകൊണ്ടാണ് അമ്മോന്യർക്കെതിരെ യുദ്ധം തുടങ്ങിവെക്കരുതെന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞത്. (ആവ. 2:19) എന്നാൽ അമ്മോന്യർ ന്യായാധിപന്മാരുടെ കാലത്ത് മോവാബ് രാജാവായ എഗ്ലോന്റെ കൂടെക്കൂടി ഇസ്രായേല്യരെ അടിച്ചമർത്തി. (ന്യായാ. 3:12-15, 27-30) പിന്നീട് ശൗൽ രാജാവായപ്പോഴും അമ്മോന്യർ ഇസ്രായേല്യരെ ആക്രമിച്ചു. (1 ശമു. 11:1-4) യഹോശാഫാത്ത് രാജാവിന്റെ കാലത്തും അവർ വാഗ്ദത്തദേശം ആക്രമിച്ചു. ഇത്തവണയും മോവാബുമായി സഖ്യം ചേർന്നാണ് അവർ വന്നത്.—2 ദിന. 20:1, 2.
7. തങ്ങളുടെ അടുത്ത ബന്ധുക്കളായ ഇസ്രായേല്യരോടു മോവാബ്യർ എങ്ങനെയാണു പെരുമാറിയത്?
7 മോവാബ്യരും ലോത്തിന്റെ സന്തതിപരമ്പരയിൽപ്പെട്ടവരായിരുന്നു, ലോത്തിനു തന്റെ മൂത്ത മകളിലൂടെ ഉത്ഭവിച്ചവർ. (ഉൽപ. 19:36, 37) മോവാബിനോടു യുദ്ധം ചെയ്യരുത് എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞിരുന്നു. (ആവ. 2:9) എന്നാൽ മോവാബ്യർ ഇസ്രായേല്യരോടു നിർദയമായിട്ടാണു പെരുമാറിയത്. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് രക്ഷപ്പെട്ട് വരുന്ന ഇസ്രായേല്യർ തങ്ങളുടെ അടുത്ത ബന്ധുക്കളായിട്ടും അവരെ സഹായിക്കുന്നതിനു പകരം വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിൽനിന്ന് തടയാനാണു മോവാബ്യർ നോക്കിയത്. ഇസ്രായേല്യരെ ശപിക്കാൻ മോവാബുരാജാവായ ബാലാക്ക് ബിലെയാമിനെ കൂലിക്കെടുത്തു. ഇസ്രായേല്യപുരുഷന്മാരെ അധാർമികതയിലേക്കും വിഗ്രഹാരാധനയിലേക്കും എങ്ങനെ വശീകരിക്കാമെന്ന് ബിലെയാം ബാലാക്കിനെ പഠിപ്പിച്ചു. (സംഖ്യ 22:1-8; 25:1-9; വെളി. 2:14 ) യഹസ്കേലിന്റെ കാലംവരെ മോവാബ്യർ നൂറ്റാണ്ടുകളോളം തങ്ങളുടെ സ്വന്തക്കാരായ ഇസ്രായേല്യരെ ദ്രോഹിച്ചുകൊണ്ടിരുന്നു.—2 രാജാ. 24:1, 2.
8. യഹോവ ഏദോമ്യരെ ഇസ്രായേല്യരുടെ സഹോദരന്മാർ എന്നു വിളിച്ചത് എന്തുകൊണ്ട്, പക്ഷേ ഏദോമ്യർ എങ്ങനെയാണു പെരുമാറിയത്?
8 ഏദോമ്യർ യാക്കോബിന്റെ ഇരട്ടസഹോദരനായ ഏശാവിന്റെ പിൻതലമുറക്കാരായിരുന്നു. ഏദോമ്യർ ഇസ്രായേല്യരുടെ അടുത്ത ബന്ധുക്കളായിരുന്നതുകൊണ്ട് യഹോവ അവരെ ഇസ്രായേല്യരുടെ സഹോദരന്മാർ എന്നാണു വിളിച്ചത്. (ആവ. 2:1-5; 23:7, 8) എന്നിട്ടും, ഇസ്രായേല്യരുടെ പ്രയാണകാലംമുതൽ ബി.സി. 607-ലെ യരുശലേമിന്റെ നാശംവരെ ഏദോമ്യർ ഇസ്രായേല്യരോടു ശത്രുതയോടെ പെരുമാറി. (സംഖ്യ 20:14, 18; യഹ. 25:12) യരുശലേം നശിപ്പിക്കാൻ ബാബിലോൺകാരെ പ്രോത്സാഹിപ്പിച്ച ഏദോമ്യർ ഇസ്രായേല്യരുടെ കഷ്ടപ്പാടുകൾ കണ്ട് ആഹ്ലാദിച്ചു; യരുശലേമിൽനിന്ന് ജീവനുംകൊണ്ട് ഓടുന്ന ഇസ്രായേല്യരെ പിടിച്ച് ശത്രുക്കൾക്കു കൈമാറുകയും ചെയ്തു.—സങ്കീ. 137:7; ഓബ. 11, 14.
9, 10. (എ) അമ്മോന്യർക്കും മോവാബ്യർക്കും ഏദോമ്യർക്കും എന്തു സംഭവിച്ചു? (ബി) ആ ജനതകളിൽപ്പെട്ട എല്ലാവരും ഇസ്രായേല്യരോടു ശത്രുതയുള്ളവരായിരുന്നില്ല എന്ന് ഏതെല്ലാം ഉദാഹരണങ്ങൾ തെളിയിക്കുന്നു?
9 ദൈവജനത്തോട് ഇങ്ങനെയൊക്കെ പെരുമാറിയതിന് ഇസ്രായേലിന്റെ ബന്ധുക്കളായ ആ ജനതകളോടു യഹോവ കണക്കു ചോദിച്ചു. യഹോവ പറഞ്ഞു: ‘അമ്മോന്യരെ ഞാൻ കിഴക്കുള്ളവർക്ക് അവകാശമായി കൊടുക്കും. അങ്ങനെ, അമ്മോന്യരെ ജനതകളുടെ ഇടയിൽ ആരും ഓർക്കാതാകും.’ യഹോവ ഇങ്ങനെയും പറഞ്ഞു: “മോവാബിന് എതിരെ ഞാൻ എന്റെ ന്യായവിധി നടപ്പാക്കും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.” (യഹ. 25:10, 11) യരുശലേം വീണ് ഏതാണ്ട് അഞ്ചു വർഷത്തിനു ശേഷം ബാബിലോൺകാർ അമ്മോന്യരെയും മോവാബ്യരെയും കീഴടക്കിയപ്പോൾ ആ പ്രവചനങ്ങൾ നിറവേറാൻതുടങ്ങി. ഏദോമിന്റെ കാര്യമോ? അവരെക്കുറിച്ച് യഹോവ പറഞ്ഞത് ഇതാണ്: “അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും കൊന്നുമുടിക്കും. ഏദോമിനെ ഞാൻ നശിപ്പിക്കും.” (യഹ. 25:13) മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ പിൽക്കാലത്ത് അമ്മോന്യരും മോവാബ്യരും ഏദോമ്യരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.—യിരെ. 9:25, 26; 48:42; 49:17, 18.
10 എന്നാൽ ആ ജനതകളിൽപ്പെട്ട എല്ലാവരും ദൈവജനത്തോടു ശത്രുതയുള്ളവരായിരുന്നില്ല. ഉദാഹരണത്തിന്, ദാവീദ് രാജാവിന്റെ വീരയോദ്ധാക്കളിൽപ്പെട്ട യിത്മ ഒരു മോവാബ്യനും, സേലെക്ക് അമ്മോന്യനും ആയിരുന്നു. (1 ദിന. 11:26, 39, 46; 12:1) യഹോവയുടെ ഒരു വിശ്വസ്താരാധികയായിത്തീർന്ന രൂത്തും മോവാബുകാരിയായിരുന്നു.—രൂത്ത് 1:4, 16, 17.
വിട്ടുവീഴ്ച ചെയ്യുന്നതു പാറയുടെ തുഞ്ചത്തുവെച്ച് ഒരൊറ്റ ചുവടു പിഴയ്ക്കുന്നതു പോലെയാണ്
11. അമ്മോന്യർ, മോവാബ്യർ, ഏദോമ്യർ എന്നിവരോടുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11 ആ ജനതകളോടുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? ഒന്നാമതായി, ഇസ്രായേല്യർ ജാഗ്രത വെടിഞ്ഞപ്പോൾ ബന്ധുക്കളുടെ വ്യാജമതാചാരങ്ങൾ അവരുടെ ഇടയിലേക്കും നുഴഞ്ഞുകയറി. ഉദാഹരണത്തിന്, അവർ മോവാബ്യരുടെ ദേവനായ പെയോരിലെ ബാലിനെയും അമ്മോന്യരുടെ ദൈവമായ മോലേക്കിനെയും ആരാധിക്കാൻതുടങ്ങി. (സംഖ്യ 25:1-3; 1 രാജാ. 11:7) സമാനമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും സംഭവിക്കാൻ ഇടയുണ്ട്. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അവിശ്വാസികളായ ബന്ധുക്കൾ നമ്മളെ നിർബന്ധിച്ചേക്കാം. ഉദാഹരണത്തിന്, നമ്മൾ ഈസ്റ്റർ ആഘോഷിക്കാത്തതോ പരസ്പരം ക്രിസ്തുമസ്സ് സമ്മാനങ്ങൾ കൈമാറാത്തതോ എന്തുകൊണ്ടാണെന്ന് അവർക്കു മനസ്സിലാകണമെന്നില്ല. ഇനി, വ്യാജമതവിശ്വാസങ്ങളുമായി ബന്ധമുള്ളതിന്റെ പേരിൽ ജനപ്രീതിയുള്ള ചില ആചാരങ്ങൾപോലും നമ്മൾ ഒഴിവാക്കുന്നതും അവരെ അത്ഭുതപ്പെടുത്തിയേക്കാം. അതുകൊണ്ട് നമ്മുടെ നിലവാരങ്ങളിൽ അല്പസ്വല്പം വിട്ടുവീഴ്ചയാകാമെന്നു സദുദ്ദേശ്യത്തോടെതന്നെ അവർ പറഞ്ഞേക്കാം. എന്നാൽ അത്തരം സമ്മർദങ്ങൾക്ക് ഒരിക്കലും വഴിപ്പെടരുതാത്തത് എത്ര പ്രധാനമാണ്! അതുതന്നെയാണ് ഇസ്രായേല്യരുടെ ചരിത്രവും തെളിയിക്കുന്നത്. അൽപ്പമെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നത്, കിഴുക്കാംതൂക്കായ ഒരു പാറയുടെ തുഞ്ചത്തുവെച്ച് ഒരൊറ്റ ചുവടു പിഴയ്ക്കുന്നതുപോലെയാണ്. അതു വലിയ ദുരന്തത്തിൽ കലാശിച്ചേക്കാം!
12, 13. നമുക്ക് എന്ത് എതിർപ്പുണ്ടായേക്കാം, പക്ഷേ വിശ്വസ്തരായി നിന്നാൽ എന്തു പ്രയോജനമുണ്ടാകാം?
12 അമ്മോന്യർ, മോവാബ്യർ, ഏദോമ്യർ എന്നിവരിൽനിന്ന് ഇസ്രായേല്യർക്കുണ്ടായ അനുഭവങ്ങൾ നമ്മളെ മറ്റൊരു പാഠവും പഠിപ്പിക്കുന്നു. അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്ന് നമുക്കു ശക്തമായ എതിർപ്പുണ്ടായേക്കാം. നമ്മൾ അറിയിക്കുന്ന സന്ദേശം ചിലപ്പോഴൊക്കെ ‘മകനെ അപ്പനോടും മകളെ അമ്മയോടും ഭിന്നിപ്പിക്കുമെന്ന്’ യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 10:35, 36) നമ്മൾ കണ്ടതുപോലെ, ബന്ധുക്കളോടു കലഹത്തിനു ചെല്ലരുതെന്ന് യഹോവ ഇസ്രായേല്യർക്കു നിർദേശം കൊടുത്തിരുന്നു. സമാനമായി, അവിശ്വാസികളായ കുടുംബാംഗങ്ങളുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണു നമ്മളും ശ്രമിക്കുക. എന്നാൽ അത്തരമൊരു സാഹചര്യത്തിലും എതിർപ്പുകളുണ്ടായേക്കാം. അതിൽ അത്ഭുതപ്പെടേണ്ടതില്ല.—2 തിമൊ. 3:12.
13 നമ്മൾ യഹോവയെ ആരാധിക്കുന്നതിനെ ചിലപ്പോൾ ബന്ധുക്കൾ നേരിട്ട് എതിർക്കുന്നില്ലായിരിക്കാം. എന്നാൽ അവർ നമ്മുടെ മേൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നെങ്കിലോ? അതിന് അനുവദിക്കരുത്. എന്തുകൊണ്ട്? കാരണം നമ്മുടെ ഹൃദയത്തിലെ ഏറ്റവും പ്രമുഖസ്ഥാനം യഹോവയ്ക്ക് അർഹതപ്പെട്ടതാണ്. (മത്തായി 10:37 വായിക്കുക.) ഇനി, നമ്മൾ യഹോവയോടു വിശ്വസ്തരായിരുന്നാൽ സേലെക്ക്, യിത്മ, രൂത്ത് എന്നിവരെപ്പോലെ നമ്മുടെ ചില ബന്ധുക്കൾ ശുദ്ധാരാധനയിൽ നമ്മളോടൊപ്പം പങ്കുചേരാനും സാധ്യതയുണ്ട്. (1 തിമൊ. 4:16) അങ്ങനെ അവർക്കും ഏകസത്യദൈവത്തെ സേവിക്കുന്നതിന്റെയും യഹോവയുടെ സ്നേഹവും സംരക്ഷണവും രുചിച്ചറിയുന്നതിന്റെയും സന്തോഷം ആസ്വദിക്കാനാകും.
യഹോവയുടെ ശത്രുക്കൾ ‘ഉഗ്രകോപത്തോടെയുള്ള ശിക്ഷകൾ’ ഏറ്റുവാങ്ങുന്നു
14, 15. ഫെലിസ്ത്യർ ഇസ്രായേല്യരോട് എങ്ങനെയാണു പെരുമാറിയത്?
14 ഇനി ഫെലിസ്ത്യരുടെ കാര്യം നോക്കാം. അബ്രാഹാമിനും പിൻതലമുറക്കാർക്കും കനാൻദേശം നൽകുമെന്ന് യഹോവ വാഗ്ദാനം ചെയ്തതിനു മുമ്പുതന്നെ ക്രേത്തദ്വീപിൽനിന്ന് കനാനിലേക്കു കുടിയേറിപ്പാർത്തവരായിരുന്നു ഫെലിസ്ത്യർ. അബ്രാഹാമിനും യിസ്ഹാക്കിനും ഫെലിസ്ത്യരുമായി ഇടപാടുകളുണ്ടായിരുന്നു. (ഉൽപ. 21:29-32; 26:1) ഇസ്രായേല്യർ വാഗ്ദത്തദേശത്ത് പ്രവേശിച്ച സമയമായപ്പോഴേക്കും ഫെലിസ്ത്യർ അതിശക്തമായ സൈന്യമുള്ള ഒരു പ്രബലജനതയായി മാറിയിരുന്നു. ബാൽസെബൂബ്, ദാഗോൻ എന്നിങ്ങനെയുള്ള വ്യാജദൈവങ്ങളെയാണ് അവർ ആരാധിച്ചിരുന്നത്. (1 ശമു. 5:1-4; 2 രാജാ. 1:2, 3) ചിലപ്പോഴൊക്കെ ഇസ്രായേല്യരും ആ ദൈവങ്ങളെ ആരാധിക്കുന്നതിൽ പങ്കുചേർന്നു.—ന്യായാ. 10:6.
15 ഇസ്രായേല്യരുടെ അവിശ്വസ്തത കാരണം, അവരെ അടിച്ചമർത്താൻ വർഷങ്ങളോളം യഹോവ ഫെലിസ്ത്യരെ അനുവദിച്ചു. (ന്യായാ. 10:7, 8; യഹ. 25:15) അവർ ഇസ്രായേല്യരെ ദുരിതത്തിലാക്കുന്ന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും a അവരിൽ അനേകരെ കൊന്നൊടുക്കുകയും ചെയ്തു. (1 ശമു. 4:10) എന്നാൽ ഇസ്രായേല്യർ പശ്ചാത്തപിച്ച് യഹോവയിലേക്കു മടങ്ങിവന്നപ്പോൾ യഹോവ അവരെ രക്ഷിച്ചു. അതിനായി ശിംശോൻ, ശൗൽ, ദാവീദ് എന്നിവരെ യഹോവ ഉപയോഗിച്ചു. (ന്യായാ. 13:5, 24; 1 ശമു. 9:15-17; 18:6, 7) പിൽക്കാലത്ത് ബാബിലോൺകാരും പിന്നീടു ഗ്രീക്കുകാരും ഫെലിസ്ത്യദേശം ആക്രമിച്ചപ്പോൾ യഹസ്കേൽ മുൻകൂട്ടിപ്പറഞ്ഞ ‘ഉഗ്രകോപത്തോടെയുള്ള ശിക്ഷകൾ’ എന്താണെന്ന് ഫെലിസ്ത്യർ അറിഞ്ഞു.—യഹ. 25:15-17.
16, 17. ഇസ്രായേല്യരെയും ഫെലിസ്ത്യരെയും കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
16 ഇസ്രായേല്യരെയും ഫെലിസ്ത്യരെയും കുറിച്ചുള്ള ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? മനുഷ്യരെ ഭരിച്ചിട്ടുള്ള ഏറ്റവും പ്രബലമായ ചില രാഷ്ട്രങ്ങളിൽനിന്ന് യഹോവയുടെ ആധുനികകാല ജനത്തിന് എതിർപ്പുകൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഇസ്രായേല്യരെപ്പോലെയായിരുന്നില്ല നമ്മൾ. എതിർപ്പുകളിന്മധ്യേയും യഹോവയോടുള്ള അചഞ്ചലമായ വിശ്വസ്തത നമ്മൾ തെളിയിച്ചിട്ടുണ്ട്. എങ്കിൽപ്പോലും ചിലപ്പോഴൊക്കെ ശുദ്ധാരാധനയുടെ എതിരാളികൾ വിജയിക്കുന്നതായി നമുക്കു തോന്നിയേക്കാം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഐക്യനാടുകളിൽ നടന്ന ഒരു സംഭവം അതിന് ഉദാഹരണമാണ്. യഹോവയുടെ സംഘടനയിൽ നേതൃത്വമെടുത്തിരുന്നവരെ വർഷങ്ങൾ നീണ്ട ജയിൽശിക്ഷയ്ക്കു വിധിച്ചുകൊണ്ട് അവിടത്തെ ഗവൺമെന്റ് ദൈവജനത്തിന്റെ പ്രവർത്തനത്തിനു തടയിടാൻ നോക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിലെ നാസി പാർട്ടി ദൈവജനത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു. ആയിരങ്ങളെ അവർ തുറുങ്കിലടച്ചു, നൂറുകണക്കിനു സഹോദരങ്ങളെ കൊന്നൊടുക്കി. ആ യുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയൻ യഹോവയുടെ സാക്ഷികൾക്കെതിരെ രംഗത്തെത്തി. ആ എതിർപ്പ് വർഷങ്ങളോളം തുടർന്നു. അവർ നമ്മുടെ അനേകം സഹോദരങ്ങളെ, കഠിനമായി പണിയെടുപ്പിക്കാനായി തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചു. മറ്റനേകരെ രാജ്യത്തിന്റെ അതിവിദൂരഭാഗങ്ങളിലേക്കു നാടുകടത്തി.
17 ഗവൺമെന്റുകൾ നമ്മുടെ പ്രസംഗപ്രവർത്തനത്തിനു തുടർന്നും നിരോധനം ഏർപ്പെടുത്തിയേക്കാം. അവർ ഇനിയും ദൈവജനത്തെ തടവിലാക്കുകയോ നമ്മളിൽ ചിലരെ കൊല്ലുകപോലുമോ ചെയ്തേക്കാം. ഇതെല്ലാം കണ്ട് നമ്മൾ ഭയത്തിന് അടിമപ്പെടേണ്ടതുണ്ടോ, നമ്മുടെ വിശ്വാസം നഷ്ടമാകേണ്ടതുണ്ടോ? ഇല്ല! തന്റെ വിശ്വസ്തജനത്തെ യഹോവ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. (മത്തായി 10:28-31 വായിക്കുക.) അതിശക്തമായ മർദകഗവൺമെന്റുകൾ ഒന്നൊന്നായി ലോകരംഗത്തുനിന്ന് അപ്രത്യക്ഷമായപ്പോഴും യഹോവയുടെ ജനം തഴച്ചുവളർന്നു എന്നതിനു ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഫെലിസ്ത്യരുടേതിനു സമാനമായൊരു ഗതിയാണ് എല്ലാ മാനുഷഗവൺമെന്റുകളെയും കാത്തിരിക്കുന്നത്. ഉടൻതന്നെ യഹോവ ആരാണെന്ന് അവർ അറിയേണ്ടിവരും. ഫെലിസ്ത്യരെപ്പോലെ അവരും നാമാവശേഷമാകും!
നിലനിൽക്കുന്ന സംരക്ഷണമേകാൻ ‘വൻസമ്പത്തിനായില്ല’
18. സോരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സാമ്രാജ്യം ഏതുതരത്തിലുള്ളതായിരുന്നു?
18 സോർ b എന്ന പൗരാണികനഗരം അന്നത്തെ വമ്പൻ വാണിജ്യസാമ്രാജ്യങ്ങളിൽ ഒന്നിന്റെ സിരാകേന്ദ്രമായിരുന്നു. അവളുടെ ചരക്കുകപ്പലുകൾ പടിഞ്ഞാറ് വിശാലമായ മെഡിറ്ററേനിയൻ സമുദ്രത്തിന് അപ്പുറത്തേക്കുപോലും യാത്ര ചെയ്ത് അനേകം വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചു. അവളുടെ വാണിജ്യശൃംഖല കരമാർഗമുള്ള പാതകളിലൂടെ കിഴക്കുള്ള വിദൂരസാമ്രാജ്യങ്ങളിലേക്കും വ്യാപിച്ചു. നൂറ്റാണ്ടുകളോളം അവിടങ്ങളിൽനിന്ന് ഒഴുകിയെത്തിയ സമ്പത്ത് അവളെ അതിസമ്പന്നയാക്കി. സമ്പദ്സമൃദ്ധിയിൽ ആറാടിയ അവിടത്തെ വ്യാപാരികളും കച്ചവടക്കാരും തങ്ങളെത്തന്നെ പ്രഭുക്കന്മാരായാണു കണ്ടത്.—യശ. 23:8.
19, 20. സോർനിവാസികളും ഗിബെയോന്യരും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു?
19 ദാവീദിന്റെയും ശലോമോന്റെയും ഭരണകാലത്ത് ഇസ്രായേല്യർക്കു സോർനിവാസികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദാവീദിന്റെ കൊട്ടാരവും പിൽക്കാലത്ത് ശലോമോന്റെ ദേവാലയവും പണിയാൻ, അവർ നൽകിയ നിർമാണവസ്തുക്കൾ ഉപകരിച്ചു. വിദഗ്ധരായ ജോലിക്കാരെയും അവർ ഇസ്രായേലിലേക്ക് അയച്ചു. (2 ദിന. 2:1, 3, 7-16) ഇസ്രായേല്യർ യഹോവയോട് ഏറ്റവും വിശ്വസ്തരായിരിക്കുകയും യഹോവ അവരെ അനുഗ്രഹിക്കുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. (1 രാജാ. 3:10-12; 10:4-9) ഒന്നു ചിന്തിച്ചുനോക്കൂ! അന്നു സോരിൽനിന്ന് എത്തിയ ആയിരങ്ങൾക്കു ശുദ്ധാരാധനയെക്കുറിച്ച് മനസ്സിലാക്കാനും യഹോവയെ അറിയാനും ഒരു സുവർണാവസരം കിട്ടി. സത്യദൈവത്തെ സേവിക്കുന്നതിന്റെ പ്രയോജനങ്ങൾ അന്ന് അവർ നേരിട്ട് കണ്ടു.
20 അങ്ങനെയൊരു അവസരം കിട്ടിയിട്ടും സോർനിവാസികളുടെ ഭൗതികചിന്താഗതിക്ക് ഒരു മാറ്റവും വന്നില്ല. അതിശക്തമായ ഗിബെയോൻ എന്ന കനാന്യനഗരത്തിലെ ആളുകളെപ്പോലെയായിരുന്നില്ല അവർ. യഹോവയുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ചുള്ള വെറുമൊരു കേട്ടറിവുവെച്ച് യഹോവയെ സേവിക്കാൻ തുടങ്ങിയവരായിരുന്നു ഗിബെയോന്യർ. (യോശു. 9:2, 3, 22–10:2) പക്ഷേ സോർനിവാസികൾ ദൈവജനത്തിന്റെ എതിരാളികളായിത്തീർന്നു. ദൈവജനത്തിൽ ചിലരെ അവർ അടിമകളായി വിൽക്കുകപോലും ചെയ്തു.—സങ്കീ. 83:2, 7; യോവേ. 3:4, 6; ആമോ. 1:9.
വസ്തുവകകൾ ഒരു സംരക്ഷകമതിലാണെന്നു ധരിക്കരുത്
21, 22. സോരിന് എന്തു സംഭവിച്ചു, എന്തുകൊണ്ട്?
21 യഹസ്കേലിലൂടെ യഹോവ ആ എതിരാളികളോടു പറഞ്ഞു: “സോരേ, ഞാൻ നിനക്ക് എതിരാണ്. കടലിൽ തിര അടിക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിനക്ക് എതിരെ വരുത്തും. അവർ സോരിന്റെ മതിലുകൾ തകർക്കും; അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളയും. ഞാൻ അവളുടെ മണ്ണു മുഴുവൻ ചുരണ്ടിക്കോരി അവളെ വെറുമൊരു പാറക്കെട്ടാക്കും.” (യഹ. 26:1-5) 150 അടി ഉയരത്തിൽ തല ഉയർത്തിനിൽക്കുന്ന നഗരമതിലുകൾക്കുള്ളിൽ ആ ദ്വീപുനിവാസികൾക്കു സുരക്ഷിതത്വം തോന്നിയിരുന്നു. അതേ സുരക്ഷിതത്വം നൽകാൻ തങ്ങളുടെ സമ്പത്തിനുമാകും എന്ന ആത്മവിശ്വാസമായിരുന്നു അവർക്ക്. “ധനികന്റെ സമ്പത്ത് അവനു കോട്ടമതിലുള്ള ഒരു നഗരം; അത് ഒരു ഉയർന്ന മതിലാണെന്ന് അവനു തോന്നുന്നു” എന്ന വാക്കുകളിലൂടെ ശലോമോൻ നൽകിയ മുന്നറിയിപ്പിന് അവർ ചെവി കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു!—സുഭാ. 18:11.
22 യഹസ്കേലിന്റെ ആ പ്രവചനം പിൽക്കാലത്ത് ബാബിലോൺകാരിലൂടെയും പിന്നീടു ഗ്രീക്കുകാരിലൂടെയും നിറവേറിയപ്പോൾ സോർനിവാസികൾ ഒരു കാര്യം മനസ്സിലാക്കി: തങ്ങൾക്കു സംരക്ഷണമേകാൻ കൂറ്റൻ നഗരമതിലുകൾക്കോ സമ്പത്തിനോ കഴിയില്ല! യരുശലേമിനെ നശിപ്പിച്ചതിനു ശേഷം ബാബിലോൺകാർ സോരിന് എതിരെ തിരിഞ്ഞു. ആ സൈനികനടപടി 13 വർഷം നീണ്ടുനിന്നു. (യഹ. 29:17, 18) യഹസ്കേൽപ്രവചനത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം പിന്നീട് ബി.സി. 332-ൽ മഹാനായ അലക്സാണ്ടറിലൂടെ നിറവേറി. c അദ്ദേഹത്തിന്റെ സൈന്യം സോർനഗരത്തിന്റെ മുഖ്യകരഭാഗത്തിന്റെ നാശാവശിഷ്ടങ്ങൾ കല്ലും തടിയും മണ്ണും സഹിതം ചുരണ്ടിക്കോരി വെള്ളത്തിലിട്ട് ദ്വീപനഗരത്തിലേക്ക് ഒരു പാത നിർമിച്ചു. (യഹ. 26:4, 12) അലക്സാണ്ടർ അതിന്റെ മതിലുകൾ തകർത്ത് നഗരം കൊള്ളയടിച്ചു. ആയിരക്കണക്കിനു പടയാളികളെയും പൗരന്മാരെയും കൊന്നൊടുക്കിയ അദ്ദേഹം പതിനായിരങ്ങളെയാണ് അടിമകളായി വിറ്റത്. നിലനിൽക്കുന്ന സംരക്ഷണമേകാൻ ‘വൻസമ്പത്തിനാകില്ല’ എന്നു കയ്പേറിയ ആ അനുഭവങ്ങൾ അവരെ പഠിപ്പിച്ചു. അങ്ങനെ യഹോവ ആരാണെന്നു സോർനിവാസികൾ ഒടുവിൽ അറിഞ്ഞു!—യഹ. 27:33, 34.
23. സോർനിവാസികളിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം?
23 സോർനിവാസികളിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം? “ധനത്തിന്റെ വഞ്ചകശക്തിയിൽ” മയങ്ങിപ്പോയാൽ വസ്തുവകകൾ ഒരു സംരക്ഷകമതിലാണെന്നു നമുക്കു തോന്നിയേക്കാം. ഒരിക്കലും അതിന് അനുവദിക്കരുത്. (മത്താ. 13:22) നമുക്ക് “ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” (മത്തായി 6:24 വായിക്കുക.) യഹോവയെ മുഴുദേഹിയോടെ സേവിക്കുന്നവർക്കു മാത്രമാണ് യഥാർഥ സുരക്ഷിതത്വമുള്ളത്. (മത്താ. 6:31-33; യോഹ. 10:27-29) സോരിന് എതിരെയുള്ള പ്രവചനങ്ങളെല്ലാം നിറവേറിയതുപോലെതന്നെ ഈ വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും കിറുകൃത്യമായി നിറവേറും. സ്വാർഥത മുഖമുദ്രയായുള്ള, അത്യാർത്തിപൂണ്ട ഇന്നത്തെ വാണിജ്യവ്യവസ്ഥിതി യഹോവയുടെ കൈയാൽ അന്നു നശിക്കും. സമ്പത്തിൽ ആശ്രയം വെച്ചിരിക്കുന്നവരെല്ലാം യഹോവ ആരാണെന്ന് അപ്പോൾ അറിയും.
രാഷ്ട്രീയശക്തി “വെറുമൊരു വയ്ക്കോൽകഷണമായിരുന്നു”
24-26. (എ) യഹോവ ഈജിപ്തിനെ ഒരു ‘വയ്ക്കോൽകഷണം’ എന്നു വിളിച്ചത് എന്തുകൊണ്ട്? (ബി) സിദെക്കിയ രാജാവ് യഹോവയുടെ നിർദേശം അവഗണിച്ചത് എങ്ങനെ, എന്തായിരുന്നു ഫലം?
24 യോസേഫിന്റെ കാലത്തിനു മുമ്പുമുതലേ വാഗ്ദത്തദേശത്തും സമീപപ്രദേശങ്ങളിലും ഈജിപ്തിനു വലിയ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നു; ബാബിലോൺകാർ യരുശലേം ആക്രമിച്ച സമയംവരെ അതു തുടർന്നു. ലോകചരിത്രത്തിൽ ദീർഘകാലമായി ഇടംപിടിച്ചിരുന്ന ആ പുരാതനരാഷ്ട്രം ആഴത്തിൽ വേരോട്ടമുള്ള ഒരു പടുകൂറ്റൻ വൃക്ഷംപോലെ കാണപ്പെട്ടു. കാഴ്ചയ്ക്കു ശക്തമെന്നു തോന്നിയെങ്കിലും യഹോവയോടുള്ള താരതമ്യത്തിൽ അവൾ ‘വെറുമൊരു വയ്ക്കോൽകഷണംപോലെ’ ദുർബലയായിരുന്നു.—യഹ. 29:6.
25 വിശ്വാസത്യാഗിയായ സിദെക്കിയ രാജാവ് പക്ഷേ ഈ വസ്തുത മനസ്സിലാക്കിയില്ല. ബാബിലോൺരാജാവിനു കീഴ്പെട്ടിരിക്കാൻ യഹോവ യിരെമ്യപ്രവാചകനിലൂടെ സിദെക്കിയയോടു പറഞ്ഞിരുന്നതാണ്. (യിരെ. 27:12) നെബൂഖദ്നേസറിനെ ധിക്കരിക്കില്ലെന്നു സിദെക്കിയ യഹോവയുടെ നാമത്തിൽ ആണയിടുകപോലും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം പിന്നീട് യഹോവയുടെ നിർദേശം അവഗണിച്ചു. നെബൂഖദ്നേസറിനു കൊടുത്ത വാക്കു തെറ്റിച്ചുകൊണ്ട് ബാബിലോണിന് എതിരെ പോരാടാൻ അദ്ദേഹം ഈജിപ്തിന്റെ സഹായം തേടി. (2 ദിന. 36:13; യഹ. 17:12-20) എന്നാൽ ഈജിപ്തിന്റെ രാഷ്ട്രീയശക്തിയിൽ ആശ്രയിച്ച ഇസ്രായേല്യർ തങ്ങൾക്കുതന്നെ വലിയ ദുരന്തം വരുത്തിവെച്ചു. (യഹ. 29:7) ഈജിപ്ത് ‘ഭീമാകാരനായ സമുദ്രജീവിയെപ്പോലെ’ വളരെ ശക്തിയുള്ളതായി കാണപ്പെട്ടിരിക്കാം. പക്ഷേ വേട്ടക്കാർ നൈലിലെ മുതലകളെ പിടിക്കുന്നതുപോലെ ‘താടിയെല്ലിൽ ചൂണ്ട കൊളുത്തി’ താൻ അവളെ നാശത്തിലേക്കു വലിച്ചിടുമെന്ന് യഹോവ പറഞ്ഞു. ആ പുരാതനദേശത്തെ നശിപ്പിക്കാൻ യഹോവ ബാബിലോൺസേനയെ അയച്ചപ്പോൾ ആ വാക്കുകൾ നിറവേറി.—യഹ. 29:3, 4, 9-12, 19.
26 അവിശ്വസ്തനായ സിദെക്കിയയുടെ കാര്യമോ? യഹോവയെ ധിക്കരിച്ചതുകൊണ്ട് ‘ദുഷ്ടനായ ആ ഇസ്രായേൽതലവനു’ കിരീടം നഷ്ടമാകുമെന്നും അദ്ദേഹത്തിന്റെ ഭരണത്തെ കാത്തിരിക്കുന്നതു നാശമാണെന്നും യഹസ്കേൽ മുൻകൂട്ടിപ്പറഞ്ഞു. പക്ഷേ യഹസ്കേൽ പ്രതീക്ഷയ്ക്കും വക നൽകി. (യഹ. 21:25-27) ദാവീദിന്റെ രാജവംശത്തിൽപ്പെട്ട, “നിയമപരമായി” അവകാശമുള്ള ഒരു രാജാവ് പിന്നീട് ആ സിംഹാസനത്തിലിരുന്ന് ഭരിക്കുമെന്ന് യഹോവ യഹസ്കേലിലൂടെ മുൻകൂട്ടിപ്പറഞ്ഞു. അത് ആരായിരിക്കുമെന്ന് ഈ പുസ്തകത്തിന്റെ അടുത്ത അധ്യായത്തിൽ നമ്മൾ കാണും.
27. ഈജിപ്തിനോടുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം?
27 ഈജിപ്തിനോടുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം? നിലനിൽക്കുന്ന സുരക്ഷിതത്വമേകാൻ കഴിയാത്ത രാഷ്ട്രീയശക്തികളിൽ യഹോവയുടെ ജനം ഇന്ന് ആശ്രയിക്കരുത്. മനസ്സുകൊണ്ടുപോലും നമ്മൾ ‘ലോകത്തിന്റെ ഭാഗമാകരുത്.’ (യോഹ. 15:19; യാക്കോ. 4:4) ഇന്നത്തെ രാഷ്ട്രീയസംവിധാനം അതിശക്തമെന്നു തോന്നിയേക്കാമെങ്കിലും അതു പുരാതന ഈജിപ്തിനെപ്പോലെയാണ്; വെറുമൊരു വയ്ക്കോൽകഷണത്തിന്റെ ബലമേ അതിനുള്ളൂ. സർവശക്തനായ അഖിലാണ്ഡപരമാധികാരിയിൽ ആശ്രയിക്കുന്നതിനു പകരം നശ്വരനായ മനുഷ്യനിൽ ആശ്രയിക്കുന്നത് എത്ര ബുദ്ധിശൂന്യമായിരിക്കും!—സങ്കീർത്തനം 146:3-6 വായിക്കുക.
ജനതകൾ “അറിയേണ്ടിവരും”
28-30. ജനതകൾ ‘യഹോവയെ അറിയേണ്ടിവരുന്നതും’ നമ്മൾ യഹോവയെ അറിയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
28 “ഞാൻ യഹോവയാണെന്ന് (ജനതകൾ) അറിയേണ്ടിവരും” എന്ന് യഹസ്കേൽ പുസ്തകത്തിൽ നിരവധി തവണ യഹോവ പറഞ്ഞിട്ടുണ്ട്. (യഹ. 25:17) പുരാതനകാലത്ത് തന്റെ ജനത്തിന്റെ ശത്രുക്കളുടെ മേൽ യഹോവ ന്യായവിധി നടപ്പാക്കിയപ്പോൾ ആ വാക്കുകൾ നിറവേറി എന്നതു ശരിയാണ്. എന്നാൽ നമ്മുടെ കാലത്ത് ആ വാക്കുകൾക്ക് അതിലും വലിയ ഒരു നിവൃത്തിയുണ്ടാകും. എങ്ങനെ?
29 പുരാതനകാലത്തെ ദൈവജനത്തെപ്പോലെയാണ് ഇന്നു നമ്മളും. ചുറ്റുമുള്ള ജനതകൾ നമ്മളെ കാണുന്നത് ഒറ്റപ്പെട്ടുപോയ ഒരു ആടിനെപ്പോലെയാണ്. അവരുടെ നോട്ടത്തിൽ നമ്മൾ തീർത്തും നിസ്സഹായരാണ്. (യഹ. 38:10-13) ഈ പുസ്തകത്തിലെ 17-ഉം 18-ഉം അധ്യായങ്ങളിൽ കാണാൻപോകുന്നതുപോലെ ആ രാഷ്ട്രങ്ങൾ ഉടൻതന്നെ ദൈവജനത്തിന് എതിരെ സർവശക്തിയുമെടുത്ത് ഒരാക്രമണം അഴിച്ചുവിടും. അപ്പോൾ എന്തു സംഭവിക്കും? യഹോവ ആരാണെന്നും യഹോവയുടെ ശക്തി എന്താണെന്നും അവർ അറിയേണ്ടിവരും. അർമഗെദോൻ യുദ്ധത്തിൽ ദൈവം അവരെ നശിപ്പിക്കുമ്പോൾ യഹോവയുടെ പരമാധികാരം അംഗീകരിക്കാൻ അവർ നിർബന്ധിതരാകും.—വെളി. 16:16; 19:17-21.
30 എന്നാൽ നമ്മുടെ കാര്യമോ? യഹോവ നമ്മുടെ ജീവനെ കാക്കുകയും നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും. കാരണം നമ്മൾ ഇപ്പോൾത്തന്നെ യഹോവയിൽ ആശ്രയിച്ചുകൊണ്ടും യഹോവയെ അനുസരിച്ചുകൊണ്ടും യഹോവ അർഹിക്കുന്ന ശുദ്ധാരാധന അർപ്പിച്ചുകൊണ്ടും യഹോവയെ അറിയുന്നു എന്നു തെളിയിച്ചിരിക്കുന്നു.—യഹസ്കേൽ 28:26 വായിക്കുക.
a ഉദാഹരണത്തിന്, ഇസ്രായേലിൽ ലോഹപ്പണി ചെയ്യുന്നതിനു ഫെലിസ്ത്യർ വിലക്ക് ഏർപ്പെടുത്തി. കൃഷിയായുധങ്ങൾക്കു മൂർച്ചവരുത്താൻ ഇസ്രായേല്യർ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലണമായിരുന്നു. അതിന് ഈടാക്കിയിരുന്ന തുക ഒരു ഇസ്രായേല്യന്റെ ശരാശരി ദിവസക്കൂലിയുടെ പല മടങ്ങു വരുമായിരുന്നു.—1 ശമു. 13:19-22.
b സോർ നഗരം ആദ്യം പണിതതു സമുദ്രത്തിലെ ഒരു പാറക്കെട്ടിലാണ്. സമുദ്രതീരത്തോടു വളരെ അടുത്ത് സ്ഥിതി ചെയ്തിരുന്ന അതിന്റെ സ്ഥാനം കർമേൽ പർവതത്തിന് ഏകദേശം 50 കിലോമീറ്റർ വടക്കായിരുന്നു. പിൽക്കാലത്ത് ആ ദ്വീപനഗരത്തിനു പുറമേ മുഖ്യകരഭാഗത്ത് അതിന്റെ ഒരു അനുബന്ധനഗരവും പണിതീർത്തു. സോരിന്റെ എബ്രായപേരായ സുർ എന്നതിന്റെ അർഥം “പാറ” എന്നാണ്.
c യശയ്യ, യിരെമ്യ, യോവേൽ, ആമോസ്, സെഖര്യ എന്നിവരും സോരിന് എതിരെ പ്രവചനങ്ങൾ ഉച്ചരിച്ചു. അവയിലെ ചെറിയ വിശദാംശങ്ങൾപോലും കൃത്യമായി നിറവേറി.—യശ. 23:1-8; യിരെ. 25:15, 22, 27; യോവേ. 3:4; ആമോ. 1:10; സെഖ. 9:3, 4.