അധ്യായം 5
‘അവർ ചെയ്തുകൂട്ടുന്ന ദുഷ്പ്രവൃത്തികളും വൃത്തികേടുകളും കാണൂ!’
മുഖ്യവിഷയം: വിശ്വാസത്യാഗിയായ യഹൂദ ആത്മീയമായും ധാർമികമായും അധഃപതിക്കുന്നു
1-3. യഹസ്കേൽ യരുശലേംദേവാലയത്തിലെ ഏതു സാഹചര്യം കാണാനാണ് യഹോവ ആഗ്രഹിച്ചത്, യഹസ്കേൽ തുടർന്ന് എന്തു ചെയ്യണമായിരുന്നു? (2-ാം ഭാഗത്തിന്റെ തുടക്കത്തിലെ ചിത്രവും വിവരങ്ങളും കാണുക.)
പുരോഹിതന്റെ മകനായതുകൊണ്ട് യഹസ്കേൽ പ്രവാചകന്, മോശയിലൂടെ ദൈവം കൊടുത്ത നിയമത്തിൽ ആഴമായ അറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യരുശലേമിലെ ആലയം, അവിടെ യഹോവയ്ക്ക് അർപ്പിക്കേണ്ട ശുദ്ധാരാധന എന്നിവയെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. (യഹ. 1:3; മലാ. 2:7) എന്നാൽ യഹസ്കേലിനെയും വിശ്വസ്തരായ മറ്റെല്ലാ ജൂതന്മാരെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ യഹോവയുടെ ആലയത്തിൽ നടക്കുന്നത്. വർഷം ബി.സി. 612!
2 യഹസ്കേലിനൊപ്പം ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ചില ജൂതന്മാർ ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ കൂടിയിരിക്കുകയാണ്. ‘യഹൂദാമൂപ്പന്മാരാണ്’ അവർ. യഹസ്കേൽ, ദേവാലയത്തിലെ പരിതാപകരമായ സാഹചര്യങ്ങൾ നേരിൽ കണ്ടിട്ട് അതെല്ലാം അവരോടു വിവരിക്കാൻ യഹോവ ഇപ്പോൾ ആഗ്രഹിക്കുന്നു. (യഹസ്കേൽ 8:1-4 വായിക്കുക; യഹ. 11:24, 25; 20:1-3) ബാബിലോണിലെ കെബാർ നദിക്ക് അടുത്തുള്ള തെൽ-അബീബിലെ വീട്ടിൽനിന്ന് യഹോവ ഇപ്പോൾ യഹസ്കേലിനെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ (ഒരു ദർശനത്തിൽ) പടിഞ്ഞാറേക്ക്, നൂറുകണക്കിനു കിലോമീറ്റർ അകലെയുള്ള യരുശലേമിലേക്ക്, കൊണ്ടുപോകുന്നു. എന്നിട്ട് ദേവാലയത്തിന്റെ അകത്തെ മുറ്റത്തിന്റെ വടക്കേ കവാടത്തിനു മുന്നിൽ നിറുത്തുന്നു. ഇനി, ഒരു ദർശനത്തിലൂടെത്തന്നെ യഹോവ അദ്ദേഹത്തിന് ആ ദേവാലയം കാണിച്ചുകൊടുക്കാൻപോകുകയാണ്.
3 ആ ജനത ആത്മീയമായി എത്രമാത്രം അധഃപതിച്ചെന്ന് തെളിയിക്കുന്നതായിരുന്നു യഹസ്കേൽ തുടർന്ന് കാണാൻപോകുന്ന, ഞെട്ടിക്കുന്ന നാലു രംഗങ്ങൾ. യഹോവയ്ക്ക് അർപ്പിച്ചിരുന്ന ശുദ്ധാരാധനയ്ക്ക് എന്തു സംഭവിച്ചു? ഈ ദിവ്യദർശനത്തിനു നമ്മുടെ ജീവിതത്തിൽ എന്തു പ്രാധാന്യമാണുള്ളത്? നമുക്കും ഇപ്പോൾ യഹസ്കേലിന്റെകൂടെ പോയി ആ രംഗങ്ങൾ ഒന്നു കാണാം. എന്നാൽ അതിനു മുമ്പ്, യഹോവയ്ക്കു തന്റെ ആരാധകരിൽനിന്ന് എന്തു പ്രതീക്ഷിക്കാൻ അവകാശമുണ്ടെന്നു നമുക്കു നോക്കാം.
“ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്”
4. യഹോവ തന്റെ ആരാധകരിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു?
4 യഹസ്കേൽ ജീവിച്ചിരുന്നതിന് ഏതാണ്ട് ഒൻപതു നൂറ്റാണ്ടു മുമ്പുതന്നെ, തന്റെ ആരാധകരിൽനിന്ന് താൻ എന്താണു പ്രതീക്ഷിക്കുന്നതെന്ന് യഹോവ വ്യക്തമാക്കിയിരുന്നു. യഹോവ ഇസ്രായേല്യർക്കു a കൊടുത്ത പത്തു കല്പനകളിൽ രണ്ടാമത്തേത് ഇതായിരുന്നു: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.” (പുറ. 20:5) മറ്റൊരു ദൈവത്തെയും ആരാധിക്കുന്നതു താൻ അനുവദിച്ചുകൊടുക്കില്ലെന്നാണു “സമ്പൂർണഭക്തി” എന്നു പറഞ്ഞതിലൂടെ യഹോവ സൂചിപ്പിച്ചത്. നമ്മുടെ ആരാധനയുടെ അഥവാ ഭക്തിയുടെ സ്വീകർത്താവ് യഹോവ മാത്രമായിരിക്കണമെന്നും അതാണു ശുദ്ധാരാധനയുടെ ആദ്യത്തെ വ്യവസ്ഥയെന്നും ഈ പുസ്തകത്തിന്റെ 2-ാം അധ്യായത്തിൽ നമ്മൾ കണ്ടല്ലോ. യഹോവയുടെ ആരാധകർ, യഹോവയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കണമെന്നാണ് അതിന് അർഥം. (പുറ. 20:3) ചുരുക്കിപ്പറഞ്ഞാൽ, തന്റെ ആരാധകർ ആത്മീയമായി ശുദ്ധിയുള്ളവരായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. ശുദ്ധാരാധനയും വ്യാജാരാധനയും കൂട്ടിക്കലർത്തുന്നത് യഹോവയ്ക്ക് ഇഷ്ടമല്ല. ബി.സി. 1513-ൽ പൂർണമനസ്സോടെ യഹോവയുമായി നിയമയുടമ്പടി ചെയ്തവരായിരുന്നു ഇസ്രായേല്യർ. യഹോവയ്ക്കു സമ്പൂർണഭക്തി കൊടുത്തുകൊള്ളാം എന്നാണ് അവർ അതിലൂടെ സമ്മതിച്ചത്. (പുറ. 24:3-8) യഹോവ എപ്പോഴും തന്റെ ഉടമ്പടികളോടു വിശ്വസ്തനായതുകൊണ്ട് തന്റെ ഉടമ്പടിജനതയിൽനിന്നും അതേ വിശ്വസ്തത തിരികെ പ്രതീക്ഷിച്ചു.—ആവ. 7:9, 10; 2 ശമു. 22:26.
5, 6. ഇസ്രായേല്യർ യഹോവയ്ക്കു സമ്പൂർണഭക്തി നൽകേണ്ടിയിരുന്നത് എന്തുകൊണ്ട്?
5 യഹോവ ഇസ്രായേല്യരിൽനിന്ന് സമ്പൂർണഭക്തി ആഗ്രഹിച്ചതു ന്യായമായിരുന്നോ? തീർച്ചയായും! കാരണം യഹോവ സർവശക്തനായ ദൈവമാണ്, അഖിലാണ്ഡപരമാധികാരിയാണ്, ജീവന്റെ ഉറവും പരിപാലകനും ആണ്. (സങ്കീ. 36:9; പ്രവൃ. 17:28) യഹോവ ഇസ്രായേല്യരുടെ വിമോചകനും ആയിരുന്നു. പത്തു കല്പന നൽകുന്ന സമയത്ത് യഹോവ ആ ജനത്തെ ഇങ്ങനെ ഓർമിപ്പിച്ചിരുന്നു: “അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ വിടുവിച്ച് കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയാണു ഞാൻ.” (പുറ. 20:2) അതെ, ഇസ്രായേല്യർ അവരുടെ ഹൃദയങ്ങളിൽ യഹോവയ്ക്ക് അതുല്യമായ ഒരു സ്ഥാനം നൽകണമായിരുന്നു.
6 യഹോവ മാറ്റമില്ലാത്തവനാണ്. (മലാ. 3:6) സമ്പൂർണഭക്തി ആവശ്യപ്പെടുന്ന കാര്യത്തിൽ യഹോവയ്ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയെങ്കിൽ യഹസ്കേലിനെ കാണിക്കാനിരുന്ന, അസ്വസ്ഥത ഉളവാക്കുന്ന ആ നാലു രംഗങ്ങൾ യഹോവയുടെ ഹൃദയത്തെ എങ്ങനെ ബാധിച്ചുകാണുമെന്നു ചിന്തിക്കുക!
രംഗം ഒന്ന്: രോഷത്തിന്റെ പ്രതീകമായ വിഗ്രഹം
7. (എ) ദേവാലയത്തിന്റെ വടക്കേ കവാടത്തിനു മുന്നിൽ വിശ്വാസത്യാഗികളായ ജൂതന്മാർ എന്തു ചെയ്യുകയായിരുന്നു, യഹോവയുടെ പ്രതികരണം എന്തായിരുന്നു? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) അത് യഹോവയിൽ രോഷം ജനിപ്പിച്ചു എന്നു പറയുന്നത് ഏത് അർഥത്തിലാണ്? (അടിക്കുറിപ്പു കാണുക.)
7 യഹസ്കേൽ 8:5, 6 വായിക്കുക. യഹസ്കേൽ ഞെട്ടിത്തരിച്ച് നിന്നുകാണും! ദേവാലയത്തിന്റെ വടക്കേ കവാടത്തിനു മുന്നിൽ വിശ്വാസത്യാഗികളായ ജൂതന്മാർ അതാ, ഒരു വിഗ്രഹത്തെ ആരാധിക്കുന്നു! ഒരുപക്ഷേ അതു കനാന്യർ ബാലിന്റെ ഭാര്യയായി കരുതിയിരുന്ന അശേര എന്ന വ്യാജദേവതയുടെ ഒരു പൂജാസ്തൂപമായിരുന്നു. അത് എന്തുതന്നെയായാലും, വിഗ്രഹാരാധികളായ ആ ഇസ്രായേല്യർ തങ്ങൾ യഹോവയുമായി ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിച്ചു. യഹോവയ്ക്ക് അവകാശപ്പെട്ട, യഹോവയ്ക്കു മാത്രം അർഹതപ്പെട്ട ഭക്തി അവർ ഒരു വിഗ്രഹത്തിനു നൽകിയപ്പോൾ യഹോവയ്ക്കു രോഷം തോന്നി. യഹോവയ്ക്ക് അങ്ങനെ തോന്നിയതു തികച്ചും ന്യായമായിരുന്നുതാനും. b (ആവ. 32:16; യഹ. 5:13) ഒന്നു ചിന്തിച്ചുനോക്കൂ: 400-ലധികം വർഷമായി ദേവാലയത്തിലെ വിശുദ്ധമന്ദിരത്തിന് യഹോവയുടെ സാന്നിധ്യവുമായി അടുത്ത ഒരു ബന്ധമുണ്ടായിരുന്നതാണ്. (1 രാജാ. 8:10-13) പക്ഷേ ആ വിഗ്രഹാരാധകർ ഇപ്പോൾ ഇതാ, ദേവാലയവളപ്പിനുള്ളിൽത്തന്നെ വിഗ്രഹങ്ങളെ ആരാധിക്കുന്നു! ഒടുവിൽ അവർ കാരണം യഹോവ തന്റെ ‘വിശുദ്ധമന്ദിരം വിട്ട് അകന്നുപോയി.’
8. രോഷത്തിന്റെ പ്രതീകത്തെക്കുറിച്ച് യഹസ്കേൽ കണ്ട ദർശനത്തിന് ഇന്നു നമ്മുടെ കാലത്ത് എന്ത് അർഥമാണുള്ളത്?
8 രോഷത്തിന്റെ ആ പ്രതീകത്തെക്കുറിച്ച് യഹസ്കേൽ കണ്ട ദർശനത്തിന് ഇന്നു നമ്മുടെ കാലത്ത് എന്ത് അർഥമാണുള്ളത്? വിശ്വാസത്യാഗിയായ യഹൂദ, ക്രൈസ്തവലോകത്തെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ക്രൈസ്തവസഭകളിൽ വിഗ്രഹാരാധന വ്യാപകമാണ്. അതുകൊണ്ടുതന്നെ ആളുകൾ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്നെങ്കിലും ദൈവം അതു സ്വീകരിക്കുന്നില്ല. യഹോവ മാറ്റമില്ലാത്തവനായതുകൊണ്ട് ക്രൈസ്തവലോകവും വിശ്വാസത്യാഗിയായ യഹൂദയെപ്പോലെ യഹോവയിൽ ധാർമികരോഷം ജനിപ്പിച്ചിട്ടുണ്ട്, സംശയമില്ല. (യാക്കോ. 1:17) തീർച്ചയായും ക്രിസ്ത്യാനിത്വത്തിന്റെ വികലരൂപമായ ക്രൈസ്തവലോകത്തിൽനിന്ന് യഹോവ ഏറെ അകലെയാണ്!
9, 10. ദേവാലയത്തിലെ വിഗ്രഹാരാധകരിൽനിന്ന് എന്തു പാഠമാണു നമുക്കു പഠിക്കാനുള്ളത്?
9 ദേവാലയത്തിലെ ആ വിഗ്രഹാരാധകരിൽനിന്ന് എന്തു പാഠമാണു നമുക്കു പഠിക്കാനുള്ളത്? യഹോവയ്ക്കു സമ്പൂർണഭക്തി നൽകാൻ നമ്മൾ ‘വിഗ്രഹാരാധന വിട്ട് ഓടണം.’ (1 കൊരി. 10:14) എന്നാൽ ‘ഞാൻ യഹോവയെ ആരാധിക്കുമ്പോൾ വിഗ്രഹങ്ങളോ മറ്റു പ്രതീകങ്ങളോ ഒരിക്കലും ഉപയോഗിക്കില്ല’ എന്നായിരിക്കാം നമ്മൾ ചിന്തിക്കുന്നത്. പക്ഷേ വിഗ്രഹാരാധനയ്ക്കു പല രൂപങ്ങളുണ്ട്. അവയിൽ ചിലത് ഒറ്റ നോട്ടത്തിൽ വിഗ്രഹാരാധനയാണെന്നു തോന്നുകയേ ഇല്ല. ഒരു ഗ്രന്ഥം അതെക്കുറിച്ച് പറയുന്നത് ഇതാണ്: “വിലയോ മൂല്യമോ അധികാരമോ ഉള്ള എന്തെങ്കിലും, നമുക്കു ദൈവത്തെക്കാൾ പ്രാധാന്യമുള്ളതായി മാറിയാൽ അതിനെ വിഗ്രഹാരാധന എന്നു വിളിക്കാം.” വസ്തുവകകളോ പണമോ ലൈംഗികതയോ വിനോദമോ പോലെ എന്തും അതിൽ ഉൾപ്പെടാം എന്നാണ് അതിന് അർഥം. അവ നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കവർന്നെടുക്കുകയും അങ്ങനെ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കുന്നതിൽനിന്ന് നമ്മളെ തടയുകയും ചെയ്താൽ അതു വിഗ്രഹാരാധനയാണ്. (മത്താ. 6:19-21, 24; എഫെ. 5:5; കൊലോ. 3:5) അതുകൊണ്ട് എല്ലാ തരം വിഗ്രഹാരാധനയ്ക്കും എതിരെ നമ്മൾ ജാഗ്രത പാലിക്കണം. കാരണം യഹോവ നമ്മുടെ ഹൃദയങ്ങളിൽ അതുല്യമായ ഒരു സ്ഥാനം അർഹിക്കുന്നു, യഹോവ മാത്രമാണു നമ്മുടെ ആരാധനയ്ക്ക് അർഹൻ!—1 യോഹ. 5:21.
10 ഈ ഒന്നാം രംഗത്തിൽ യഹോവ യഹസ്കേലിനു കാണിച്ചുകൊടുത്ത കാര്യങ്ങളെ, ‘ഭയങ്കരമായ വൃത്തികേടുകൾ’ എന്നുതന്നെ വിശേഷിപ്പിക്കാം. എന്നാൽ “ഇതിലും ഭയങ്കരമായ വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ” എന്നാണ് യഹോവ ആ വിശ്വസ്തപ്രവാചകനോടു തുടർന്ന് പറഞ്ഞത്. പക്ഷേ ദേവാലയവളപ്പിനുള്ളിൽവെച്ച് രോഷത്തിന്റെ വിഗ്രഹപ്രതീകത്തെ ആരാധിക്കുന്നതിനെക്കാൾ ഭയങ്കരമായി വേറെ എന്താണുള്ളത്?
രംഗം രണ്ട്: 70 മൂപ്പന്മാർ വ്യാജദൈവങ്ങൾക്കു സുഗന്ധക്കൂട്ട് അർപ്പിക്കുന്നു
11. ദേവാലയത്തിന്റെ അകത്തെ മുറ്റത്തുള്ള യാഗപീഠത്തിന് അടുത്ത് എത്തിയ യഹസ്കേൽ അസ്വസ്ഥജനകമായ എന്തെല്ലാം കാഴ്ചകളാണു കണ്ടത്?
11 യഹസ്കേൽ 8:7-12 വായിക്കുക. യഹസ്കേൽ ഒരു ചുവർ കുത്തിത്തുരന്ന് ദേവാലയത്തിന്റെ അകത്തെ മുറ്റത്ത് പ്രവേശിക്കുന്നു. അദ്ദേഹം ഇപ്പോൾ യാഗപീഠത്തിന് അടുത്താണ്. അവിടെ ചുവരിൽ നിറയെ ‘ഇഴജന്തുക്കളുടെയും അറപ്പു തോന്നുന്ന മൃഗങ്ങളുടെയും രൂപങ്ങളും’ “എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും” c കൊത്തിവെച്ചിരിക്കുന്നു. വ്യാജദൈവങ്ങളുടെ പ്രതീകങ്ങളായിരുന്നു അവ. അതിനെക്കാൾ അസ്വസ്ഥത ജനിപ്പിക്കുന്ന കാഴ്ചയാണ് അടുത്തതായി യഹസ്കേൽ കണ്ടത്. “ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ” “ഇരുട്ടത്ത്” വ്യാജദൈവങ്ങൾക്കു സുഗന്ധക്കൂട്ട് അർപ്പിക്കുന്നു! ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൻകീഴിൽ, ഇത്തരം സുഗന്ധക്കൂട്ടു കത്തിക്കുന്നതു വിശ്വസ്താരാധകർ അർപ്പിക്കുന്ന സ്വീകാര്യമായ പ്രാർഥനകളെയാണു പ്രതീകപ്പെടുത്തിയത്. (സങ്കീ. 141:2) പക്ഷേ ആ 70 മൂപ്പന്മാർ വ്യാജദൈവങ്ങൾക്കു സുഗന്ധക്കൂട്ട് അർപ്പിച്ചപ്പോൾ ഉയർന്ന പുക, മനംമടുപ്പിക്കുന്ന രൂക്ഷഗന്ധമായാണു ദൈവത്തിനു തോന്നിയത്. അതെ, അവരുടെ പ്രാർഥനകൾ ദൈവത്തിന് അസഹ്യമായ ദുർഗന്ധംപോലെയായിരുന്നു. (സുഭാ. 15:8) ‘യഹോവ തങ്ങളെ കാണുന്നില്ല’ എന്നു കരുതിയ ആ മൂപ്പന്മാർക്കു തെറ്റി! യഹോവ അവരെ കാണുന്നുണ്ടായിരുന്നു! തന്റെ ആലയത്തിൽ അവർ ചെയ്തുകൂട്ടുന്ന കാര്യങ്ങളെല്ലാം ഒന്നും വിടാതെ യഹോവ യഹസ്കേലിനു കാണിച്ചുകൊടുക്കുകയും ചെയ്തു.
12. ‘ഇരുട്ടത്തുപോലും’ നമ്മൾ വിശ്വസ്തരായിരിക്കേണ്ടത് എന്തുകൊണ്ട്, ഇക്കാര്യത്തിൽ പ്രത്യേകിച്ച് ആരാണു മാതൃക വെക്കേണ്ടത്?
12 വ്യാജദൈവങ്ങൾക്കു സുഗന്ധക്കൂട്ട് അർപ്പിച്ച 70 ഇസ്രായേല്യമൂപ്പന്മാരെക്കുറിച്ചുള്ള യഹസ്കേലിന്റെ വിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ, നമ്മുടെ ആരാധന ദൈവദൃഷ്ടിയിൽ ശുദ്ധമായിരിക്കണമെങ്കിൽ, നമ്മൾ ‘ഇരുട്ടത്തുപോലും’ വിശ്വസ്തരായിരിക്കണം. (സുഭാ. 15:29) എല്ലാം കാണുന്ന യഹോവയുടെ കണ്ണുകൾ എപ്പോഴും നമ്മുടെ മേൽ ഉണ്ടെന്ന് ഓർക്കുക. യഹോവയെ ഒരു യഥാർഥവ്യക്തിയായിട്ടാണു നമ്മൾ കാണുന്നതെങ്കിൽ മറ്റാരും കാണാത്തപ്പോൾപ്പോലും യഹോവയ്ക്ക് ഇഷ്ടമല്ലാത്തതൊന്നും നമ്മൾ ചെയ്യില്ല. (എബ്രാ. 4:13) ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കുന്നതിൽ പ്രത്യേകിച്ച് സഭാമൂപ്പന്മാർ നല്ലൊരു മാതൃകയായിരിക്കണം. (1 പത്രോ. 5:2, 3) ക്രിസ്തീയയോഗങ്ങളിൽ സഭയുടെ മുന്നിൽ നിന്ന് ആരാധനയ്ക്കു നേതൃത്വമെടുക്കുന്ന മൂപ്പന്മാർ ‘ഇരുട്ടത്തുപോലും,’ അതായത് മറ്റുള്ളവർ കാണാത്തപ്പോൾപ്പോലും, ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാൻ സഭയിലുള്ളവർ ന്യായമായും പ്രതീക്ഷിക്കും.—സങ്കീ. 101:2, 3.
രംഗം മൂന്ന്: “സ്ത്രീകൾ . . . തമ്മൂസ് ദേവനെച്ചൊല്ലി വിലപിക്കുന്നു!”
13. ദേവാലയകവാടങ്ങളിൽ ഒന്നിന്റെ മുന്നിൽവെച്ച് വിശ്വാസത്യാഗികളായ സ്ത്രീകൾ എന്തു ചെയ്യുന്നതായാണ് യഹസ്കേൽ കണ്ടത്?
13 യഹസ്കേൽ 8:13, 14 വായിക്കുക. അവരുടെ വൃത്തികെട്ട ആചാരങ്ങൾ വെളിപ്പെടുത്തിയ ആ രണ്ടു രംഗങ്ങൾക്കു ശേഷം യഹോവ യഹസ്കേലിനോടു വീണ്ടും പറഞ്ഞു: “അവർ ഇതിലും ഭയങ്കരമായ വൃത്തികേടുകൾ ചെയ്തുകൂട്ടുന്നതു നീ കാണാനിരിക്കുന്നതേ ഉള്ളൂ.” പ്രവാചകൻ അടുത്തതായി എന്താണു കണ്ടത്? “യഹോവയുടെ ഭവനത്തിന്റെ വടക്കേ കവാടത്തിന്റെ മുന്നിൽ . . . സ്ത്രീകൾ ഇരുന്ന് തമ്മൂസ് ദേവനെച്ചൊല്ലി വിലപിക്കുന്നു.” മെസൊപ്പൊത്താമ്യയിലെ ഒരു ദേവനായിരുന്നു തമ്മൂസ്. സുമേറിയൻ ഗ്രന്ഥങ്ങളിൽ ഡുമുസി എന്നു വിളിച്ചിരിക്കുന്ന തമ്മൂസ്, പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ദേവതയായ ഇഷ്താറിന്റെ ഭർത്താവോ കാമുകനോ ആണെന്നു കരുതപ്പെടുന്നു. d തെളിവനുസരിച്ച്, തമ്മൂസിന്റെ മരണത്തോടു ബന്ധപ്പെട്ട ഏതോ മതാചാരത്തിന്റെ ഭാഗമായാണ് ആ ഇസ്രായേല്യസ്ത്രീകൾ കരഞ്ഞുകൊണ്ടിരുന്നത്. യഹോവയുടെ ആലയത്തിൽവെച്ച് തമ്മൂസിനെച്ചൊല്ലി വിലപിച്ചപ്പോൾ ആ സ്ത്രീകൾ ശുദ്ധാരാധനയുടെ കേന്ദ്രത്തിൽവെച്ച് ഒരു വ്യാജമതാചാരം അനുഷ്ഠിക്കുകയായിരുന്നു. എന്നാൽ അതെല്ലാം ദേവാലയത്തിൽവെച്ചാണ് ചെയ്തത് എന്നതുകൊണ്ട് ദൈവം അതു സ്വീകരിച്ചെന്നാണോ? ഒരിക്കലുമല്ല. വാസ്തവത്തിൽ, വിശ്വാസത്യാഗികളായ ആ സ്ത്രീകൾ ചെയ്തുകൊണ്ടിരുന്നത് ‘വൃത്തികേടുകളാണ്’ എന്നാണ് യഹോവ പറഞ്ഞത്.
14. വിശ്വാസത്യാഗികളായ സ്ത്രീകൾ ചെയ്ത കാര്യങ്ങളെ യഹോവ വീക്ഷിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 ആ സ്ത്രീകൾ ചെയ്ത കാര്യങ്ങളെ യഹോവ വീക്ഷിച്ച വിധത്തിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? നമ്മുടെ ആരാധന ശുദ്ധമായിരിക്കണമെങ്കിൽ നമ്മൾ ഒരിക്കലും ശുദ്ധാരാധനയെ അശുദ്ധമായ വ്യാജമതാചാരങ്ങളുമായി ഇടകലർത്തരുത്. അതുകൊണ്ടുതന്നെ വ്യാജമത ഉത്ഭവങ്ങളുള്ള ആചരണങ്ങളിൽനിന്നും ആഘോഷങ്ങളിൽനിന്നും നമ്മൾ പൂർണമായി വിട്ടുനിൽക്കണം. അവയുടെ ഉത്ഭവത്തെക്കുറിച്ച് നമ്മൾ അത്രയേറെ ചിന്തിക്കണോ? വേണം! ഇന്നു ക്രിസ്തുമസ്, ഈസ്റ്റർ എന്നിവപോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾക്കു പ്രത്യക്ഷത്തിൽ ഒരു കുഴപ്പവുമില്ല എന്നു തോന്നിയേക്കാം. പക്ഷേ ഇതുപോലുള്ള ആഘോഷങ്ങളെല്ലാം ഏതൊക്കെ വ്യാജമതാചാരങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്ന് യഹോവയ്ക്കു നന്നായി അറിയാം. കാലം കുറെ കടന്നുപോയതുകൊണ്ടോ വ്യാജമതാചാരങ്ങളെ ശുദ്ധാരാധനയുമായി ഇടകലർത്താൻ ശ്രമിച്ചതുകൊണ്ടോ യഹോവയ്ക്ക് അവയോടുള്ള വെറുപ്പു കുറയില്ല.—2 കൊരി. 6:17; വെളി. 18:2, 4.
രംഗം നാല്: 25 പുരുഷന്മാർ ‘സൂര്യനെ കുമ്പിടുന്നു’
15, 16. ദേവാലയത്തിന്റെ അകത്തെ മുറ്റത്ത് 25 പുരുഷന്മാർ എന്തു ചെയ്യുകയായിരുന്നു, അവർ ചെയ്ത കാര്യങ്ങൾ യഹോവയെ അങ്ങേയറ്റം അപമാനിച്ചത് എങ്ങനെ?
15 യഹസ്കേൽ 8:15-18 വായിക്കുക. “ഇവയെക്കാൾ മോശമായ ഭയങ്കര വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ” എന്ന പരിചിതമായ വാക്കുകളോടെയാണു നാലാമത്തേതും അവസാനത്തേതും ആയ രംഗം യഹോവ യഹസ്കേലിനു കാണിച്ചുകൊടുക്കുന്നത്. അതു കേട്ടപ്പോൾ, ‘ഇതുവരെ കണ്ടതിലും ഭയങ്കരമായ എന്താണ് ഇനി കാണാനുള്ളത്’ എന്നു പ്രവാചകൻ ചിന്തിച്ചുകാണും. യഹസ്കേൽ ഇപ്പോൾ ദേവാലയത്തിന്റെ അകത്തെ മുറ്റത്താണ്. അവിടെ അതാ, ദേവാലയത്തിന്റെ വാതിലിന് അടുത്ത് 25 പുരുഷന്മാർ ‘കിഴക്കോട്ടു നോക്കി സൂര്യനെ കുമ്പിട്ട്’ ആരാധിക്കുന്നു. മറ്റൊരു കാര്യത്തിനും യഹോവയെ ഇത്രത്തോളം അപമാനിക്കാനാകില്ലായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
16 ആ രംഗമൊന്നു ഭാവനയിൽ കാണുക: ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. ആലയത്തിലേക്കു വരുന്നവർ കിഴക്കുള്ള ഉദയസൂര്യനു പുറംതിരിഞ്ഞ്, പടിഞ്ഞാറുവശത്തിന് അഭിമുഖമായാണ് അതിലേക്കു പ്രവേശിച്ചിരുന്നത്. പക്ഷേ ദർശനത്തിലെ 25 പുരുഷന്മാർ “യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞ്,” കിഴക്കോട്ടു നോക്കി സൂര്യനെ ആരാധിക്കുകയാണ്. അതുവഴി അവർ യഹോവയ്ക്കാണു പുറംതിരിഞ്ഞത്. കാരണം ആ ദേവാലയം ‘യഹോവയുടെ ഭവനമായിരുന്നു.’ (1 രാജാ. 8:10-13) ആ 25 പുരുഷന്മാർ വിശ്വാസത്യാഗികളായിരുന്നു. യഹോവയെ തീർത്തും അവഗണിച്ച അവർ ആവർത്തനം 4:15-19-ലെ കല്പനയാണു ലംഘിച്ചത്. സമ്പൂർണഭക്തിക്ക് അർഹനായ ദൈവത്തെ ശരിക്കും അസ്വസ്ഥനാക്കുന്ന ഒരു നടപടി!
യഹോവ തന്റെ ആരാധകരുടെ സമ്പൂർണഭക്തിക്ക് അർഹനാണ്
17, 18. (എ) ദേവാലയത്തിലെ സൂര്യാരാധകരെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? (ബി) ഇസ്രായേല്യരുടെ വിശ്വാസത്യാഗം അവരുടെ ഏതെല്ലാം ബന്ധങ്ങളെ അപകടത്തിലാക്കി, എങ്ങനെ?
17 ആ സൂര്യാരാധകരെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? നമ്മുടെ ആരാധന ശുദ്ധമായിരിക്കണമെങ്കിൽ ആത്മീയവെളിച്ചത്തിനായി നമ്മൾ യഹോവയിലേക്കു നോക്കണം. ഓർക്കുക: “യഹോവ ഒരു സൂര്യനും” യഹോവയുടെ വചനം നമ്മുടെ “വഴികൾക്ക് ഒരു വെളിച്ചവും ആണ്.” (സങ്കീ. 84:11; 119:105) ദൈവവചനത്തിലൂടെയും തന്റെ സംഘടനയിൽനിന്നുള്ള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും യഹോവ നമ്മുടെ ഹൃദയവും മനസ്സും പ്രകാശിപ്പിക്കുന്നു. ഇപ്പോൾത്തന്നെ സംതൃപ്തിയോടെ ജീവിക്കാനും ഭാവിയിൽ നിത്യജീവൻ സ്വന്തമാക്കാനും ആ മാർഗദീപം നമ്മളെ സഹായിക്കും. എന്നാൽ നമ്മുടെ ജീവിതത്തിനു വഴി കാട്ടാൻ നമ്മൾ ലോകത്തിലേക്കാണു നോക്കുന്നതെങ്കിൽ അത് യഹോവയ്ക്കു പുറംതിരിയുന്നതുപോലെയാണ്. യഹോവയെ അപമാനിക്കുന്നതിനു തുല്യമായ ആ പ്രവൃത്തി യഹോവയുടെ ഹൃദയത്തെ എത്രമാത്രം വേദനിപ്പിക്കുമെന്നോ! നമ്മുടെ ദൈവത്തോട് അങ്ങനെ ചെയ്യാൻ നമ്മൾ ഒട്ടും ആഗ്രഹിക്കില്ല. സത്യത്തിനു പുറംതിരിയുന്ന വിശ്വാസത്യാഗികളെ ഒഴിവാക്കണം എന്നൊരു മുന്നറിയിപ്പും ഈ ദർശനത്തിലുണ്ട്.—സുഭാ. 11:9.
18 നമ്മൾ ഇതുവരെ കണ്ടതുപോലെ, വിഗ്രഹാരാധനയുടെയും വ്യാജാരാധനയുടെയും ഞെട്ടിക്കുന്ന നാലു രംഗങ്ങൾക്കാണ് യഹസ്കേൽ സാക്ഷ്യം വഹിച്ചത്. വിശ്വാസത്യാഗിയായ യഹൂദ ആത്മീയമായി എത്രത്തോളം അധഃപതിച്ചെന്ന് അതു വെളിപ്പെടുത്തി. ആ ഇസ്രായേല്യർ ആത്മീയമായി അശുദ്ധരായപ്പോൾ ദൈവവുമായി ആ ജനതയ്ക്കുണ്ടായിരുന്ന ബന്ധം തകർന്നു. സ്വാഭാവികമായും, ആളുകൾ അത്തരത്തിൽ ആത്മീയമായി അശുദ്ധരായാൽ അവിടെ ധാർമികമായ അധഃപതനവും ഉണ്ടാകും. അതുകൊണ്ടുതന്നെ വിശ്വാസത്യാഗികളായ ആ ഇസ്രായേല്യർ എല്ലാ ധാർമികമൂല്യങ്ങളും കാറ്റിൽപ്പറത്തിയതിൽ അതിശയിക്കാനില്ല. അതു ദൈവവുമായുള്ള അവരുടെ ബന്ധത്തെ മാത്രമല്ല സഹമനുഷ്യരുമായുള്ള ബന്ധത്തെയും അപകടത്തിലാക്കി. വിശ്വാസത്യാഗിയായ യഹൂദയുടെ ധാർമികാധഃപതനം ദൈവം പ്രവാചകനിലൂടെ വർണിച്ചതിനെക്കുറിച്ചാണു നമ്മൾ ഇനി കാണാൻപോകുന്നത്.
ധാർമികമായ അശുദ്ധി—‘അവർ നിന്റെ നടുവിൽ വഷളത്തം കാട്ടുന്നു’
19. യഹോവയുടെ ഉടമ്പടിജനത്തിന്റെ ധാർമികമായ അധഃപതനത്തെ യഹസ്കേൽ എങ്ങനെയാണു വർണിച്ചത്?
19 യഹസ്കേൽ 22:3-12 വായിക്കുക. രാജാവുമുതൽ പ്രജകൾവരെ, ആ ജനത മുഴുവൻ ധാർമികമായി അധഃപതിച്ചുപോയി. നിരപരാധികളുടെ രക്തം ചൊരിഞ്ഞുകൊണ്ട് അവരുടെ നേതാക്കന്മാരായ ‘തലവന്മാർ’ അധികാരദുർവിനിയോഗം നടത്തി. ഇവരെ കണ്ടുപഠിച്ചതുകൊണ്ടായിരിക്കാം, ജനങ്ങളും പൊതുവേ ദൈവനിയമങ്ങൾക്ക് ഒരു വിലയും കല്പിക്കാതെയാണു ജീവിച്ചത്. കുടുംബങ്ങളുടെ കാര്യമോ? കുട്ടികൾ മാതാപിതാക്കളോടു ‘നിന്ദയോടെ പെരുമാറി;’ നിഷിദ്ധ ബന്ധുവേഴ്ചയും സർവസാധാരണമായിരുന്നു. ഇനി ആ ദേശത്തിന്റെ അവസ്ഥയോ? ധിക്കാരികളായ ഇസ്രായേല്യർ അവർക്കിടയിൽ വന്നുതാമസിക്കുന്ന വിദേശികളെ ചൂഷണം ചെയ്തു. അനാഥരെയും വിധവമാരെയും അവർ ദ്രോഹിച്ചു. ഇസ്രായേല്യപുരുഷന്മാർ തങ്ങളുടെ അയൽക്കാരന്റെ ഭാര്യയുമായി ശാരീരികബന്ധത്തിലേർപ്പെട്ടു. കൈക്കൂലിയും പിടിച്ചുപറിയും കൊള്ളപ്പലിശയും അവരുടെ കടുത്ത അത്യാഗ്രഹം തുറന്നുകാട്ടി. അതെ, ദൈവത്തിന്റെ ഉടമ്പടിജനം ദൈവനിയമങ്ങളെ തീരെ വകവെച്ചില്ല; ആ നിയമങ്ങൾക്കു പിന്നിലെ സ്നേഹം കാണാൻ അവർക്കായില്ല. അവരുടെ ഈ ധാർമികാധഃപതനം യഹോവയുടെ ഹൃദയത്തെ എത്രമാത്രം വേദനിപ്പിച്ചുകാണും! “നീ എന്നെ പാടേ മറന്നു” എന്ന് അവരോടു പറയാൻ യഹോവ യഹസ്കേലിനോടു നിർദേശിച്ചതിൽനിന്ന് ആ വേദനയുടെ ആഴം വായിച്ചെടുക്കാം.
20. യഹൂദയുടെ ധാർമികാശുദ്ധിയെക്കുറിച്ചുള്ള യഹസ്കേലിന്റെ വിവരണത്തിന് ഇന്നു പ്രസക്തിയുള്ളത് എന്തുകൊണ്ടാണ്?
20 യഹൂദയുടെ ധാർമികാശുദ്ധിയെക്കുറിച്ചുള്ള യഹസ്കേലിന്റെ വിവരണത്തിനു നമ്മുടെ നാളിൽ പ്രസക്തിയുള്ളത് എന്തുകൊണ്ടാണ്? വിശ്വാസത്യാഗിയായ യഹൂദയുടെ ധാർമികാധഃപതനം, ഇന്നത്തെ ലോകത്തിന്റെ ധാർമികമായി ജീർണിച്ച അവസ്ഥയാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. രാഷ്ട്രീയഭരണാധികാരികൾ അധികാരം ദുരുപയോഗം ചെയ്ത് സാധാരണജനങ്ങളെ അടിച്ചമർത്തുന്നു. ഇനി മതനേതാക്കന്മാരുടെ, പ്രത്യേകിച്ച് ക്രൈസ്തവലോകത്തെ പുരോഹിതന്മാരുടെ, അനുഗ്രഹാശിസ്സുകളോടെ നടക്കുന്ന യുദ്ധങ്ങളിൽ ദശലക്ഷങ്ങളുടെ ജീവനാണു പൊലിയുന്നത്. ലൈംഗിക ധാർമികതയെക്കുറിച്ചുള്ള ബൈബിളിന്റെ ശുദ്ധവും വ്യക്തവും ആയ നിലവാരങ്ങളിൽ ഈ പുരോഹിതന്മാർ വെള്ളം ചേർത്തിരിക്കുന്നു. ഫലമോ? നമുക്കു ചുറ്റുമുള്ള ലോകം അധാർമികതയുടെ നിലയില്ലാക്കയങ്ങളിലേക്കു മുങ്ങിത്താഴുകയാണ്. വിശ്വാസത്യാഗിയായ യഹൂദയോടു പറഞ്ഞതുതന്നെ യഹോവ ക്രൈസ്തവലോകത്തോടും പറയും: “നീ എന്നെ പാടേ മറന്നു.”
21. പുരാതനയഹൂദയുടെ ധാർമികാശുദ്ധിയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
21 പുരാതനയഹൂദയുടെ ധാർമികാശുദ്ധിയിൽനിന്ന് യഹോവയുടെ ജനമായ നമുക്ക് എന്തു പഠിക്കാം? നമ്മുടെ ആരാധന യഹോവ സ്വീകരിക്കണമെങ്കിൽ, നമ്മുടെ പെരുമാറ്റം എല്ലാ വിധത്തിലും ശുദ്ധമായിരിക്കണം. ധാർമികമായി അധഃപതിച്ച ഈ ലോകത്തിൽ അതു പക്ഷേ അത്ര എളുപ്പമല്ല. (2 തിമൊ. 3:1-5) എന്നാൽ, ധാർമികാശുദ്ധിയുടെ ഏതൊരു രൂപത്തെയും യഹോവ എങ്ങനെയാണു കാണുന്നതെന്നു നമുക്ക് അറിയാം. (1 കൊരി. 6:9, 10) ദൈവത്തെയും ദൈവനിയമങ്ങളെയും സ്നേഹിക്കുന്നതുകൊണ്ടാണു നമ്മൾ യഹോവ വെച്ചിരിക്കുന്ന ധാർമികനിലവാരങ്ങളനുസരിച്ച് ജീവിക്കുന്നത്. (സങ്കീ. 119:97; 1 യോഹ. 5:3) ധാർമികമായി അശുദ്ധരാകുന്നതു പരിശുദ്ധനായ ദൈവത്തോടുള്ള സ്നേഹമില്ലായ്മയാണ്. “നീ എന്നെ പാടേ മറന്നു” എന്ന് യഹോവ നമ്മളോടു പറയാൻ നമ്മൾ ഒരിക്കലും ഇടവരുത്തില്ല.
22. (എ) പുരാതനയഹൂദയെക്കുറിച്ച് യഹോവ പറഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്ത നിങ്ങൾ എന്തു തീരുമാനിച്ചിരിക്കുന്നു? (ബി) അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
22 പുരാതനയഹൂദയുടെ ആത്മീയവും ധാർമികവും ആയ അധഃപതനത്തെക്കുറിച്ച് യഹോവ പറഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്തതിലൂടെ മൂല്യവത്തായ പല പാഠങ്ങളും നമ്മൾ പഠിച്ചു. നമ്മുടെ സമ്പൂർണഭക്തിക്ക് എന്തുകൊണ്ടും അർഹനായ യഹോവയെ മാത്രം ആരാധിക്കാനുള്ള തീരുമാനത്തെ ഈ വിവരണം ശക്തിപ്പെടുത്തി. അതിനായി നമ്മൾ വിഗ്രഹാരാധനയുടെ എല്ലാ രൂപങ്ങളിൽനിന്നും വിട്ടുനിൽക്കണം, ധാർമികമായി എപ്പോഴും ശുദ്ധരായിരിക്കണം. എന്നാൽ അവിശ്വസ്തരായിത്തീർന്ന തന്റെ ജനത്തെ യഹോവ എന്തു ചെയ്തു? “ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും” എന്നാണു ദേവാലയദർശനത്തിന്റെ അവസാനഭാഗത്ത് യഹോവ പ്രവാചകനോടു പറഞ്ഞത്. (യഹ. 8:17, 18) അവിശ്വസ്തയഹൂദയെ യഹോവ എന്തു ചെയ്തെന്ന് അറിയാൻ നമുക്ക് ആകാംക്ഷയുണ്ട്. കാരണം സമാനമായ ഒരു ന്യായവിധിയാണ് ഈ ദുഷ്ടലോകത്തെയും കാത്തിരിക്കുന്നത്. യഹൂദയ്ക്ക് എതിരെയുള്ള യഹോവയുടെ ന്യായവിധി എങ്ങനെ നിറവേറിയെന്ന് അടുത്ത അധ്യായത്തിൽ നമ്മൾ കാണും.
a യഹസ്കേൽ പുസ്തകത്തിൽ “ഇസ്രായേൽ” എന്ന പദം യഹൂദയിലും യരുശലേമിലും താമസിച്ചിരുന്നവരെയാണു പൊതുവേ കുറിക്കുന്നത്.—യഹ. 12:19, 22; 18:2; 21:2, 3.
b ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘രോഷം’ എന്ന പദം സൂചിപ്പിക്കുന്നതു തന്നോടുള്ള അവിശ്വസ്തതയെ യഹോവ എത്ര ഗൗരവത്തോടെ കാണുന്നു എന്നാണ്. ഭാര്യ അവിശ്വസ്തത കാണിച്ചാൽ ഒരു ഭർത്താവിനു ന്യായമായും തോന്നുന്ന ധാർമികരോഷത്തോട് ഇതിനെ താരതമ്യം ചെയ്യാം. (സുഭാ. 6:34) തന്റെ ഉടമ്പടിജനത വിഗ്രഹാരാധകരായി തന്നോട് അവിശ്വസ്തത കാണിച്ചപ്പോൾ യഹോവയ്ക്കും അതുപോലെ രോഷം തോന്നി. അതു തികച്ചും ന്യായമായിരുന്നു! ഒരു ആധികാരികഗ്രന്ഥം പറയുന്നു: “ദൈവത്തിന് അത്തരത്തിലുള്ള രോഷം തോന്നുന്നത് . . . ദൈവം വിശുദ്ധനായതുകൊണ്ടാണ്. യഹോവ മാത്രമാണു പരിശുദ്ധൻ എന്നതുകൊണ്ടുതന്നെ തന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ യഹോവ അനുവദിക്കില്ല.”—പുറ. 34:14.
c ‘മ്ലേച്ഛവിഗ്രഹം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു “കാഷ്ഠം” എന്നതിന്റെ എബ്രായപദവുമായി ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
d തമ്മൂസ് എന്നതു നിമ്രോദിന്റെ മറ്റൊരു പേരാണ് എന്നു ചിലർ കരുതുന്നെങ്കിലും ആ വാദത്തിനു പിൻബലമേകാൻ തെളിവുകളൊന്നുമില്ല.