പഠനചതുരം 10സി
എഴുന്നേറ്റുനിൽക്കാൻ ഒരു കൈത്താങ്ങ്
നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ബാധകമാകുന്ന ഒരു പാഠം യഹസ്കേൽ 37:1-14-ൽ കാണുന്ന ഉജ്ജ്വലമായ ദർശനത്തിലുണ്ട്. അതെക്കുറിച്ച് ധ്യാനിക്കുന്നതു നമുക്കെല്ലാം കരുത്തേകും. ഏതാണ് ആ പാഠം?
ചിലപ്പോൾ ജീവിതത്തിലെ സമ്മർദങ്ങളും പ്രശ്നങ്ങളും വരിഞ്ഞുമുറുക്കിയിട്ട് നമ്മൾ ആകെ തളർന്നുപോയേക്കാം. ഒരു അടിപോലും മുന്നോട്ടുവെക്കാനാകാത്ത അവസ്ഥ! എന്നാൽ അത്തരം സമയങ്ങളിൽ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ ദർശനങ്ങളിലെ ആവേശോജ്ജ്വലമായ വിവരണം ധ്യാനിക്കുന്നതു നമുക്കു ശക്തി പകരും. എങ്ങനെ? ജീവനില്ലാത്ത അസ്ഥികൾക്കു ജീവൻ പകരാൻ ശക്തിയുള്ള ദൈവത്തിന്, നമുക്കുണ്ടായേക്കാവുന്ന ഏതൊരു പ്രശ്നത്തെയും തരണം ചെയ്യാൻ ആവശ്യമായ ശക്തി തരാനാകുമെന്ന് ഈ പ്രവചനം നമ്മളെ പഠിപ്പിക്കുന്നു. ഒരിക്കലും മറികടക്കാനാകില്ലെന്നു തോന്നുന്ന പ്രശ്നങ്ങൾപോലും നമുക്ക് അങ്ങനെ തരണം ചെയ്യാനാകും.—സങ്കീർത്തനം 18:29 വായിക്കുക; ഫിലി. 4:13.
യഹോവയ്ക്കു ശക്തിയുണ്ടെന്നു മാത്രമല്ല തന്റെ ജനത്തിനുവേണ്ടി അത് ഉപയോഗിക്കാനുള്ള ആഗ്രഹവും ഉണ്ടെന്ന് യഹസ്കേലിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവാചകനായ മോശ പറഞ്ഞതു നമുക്ക് ഓർക്കാനാകും. അദ്ദേഹം എഴുതി: “പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്. നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.” (ആവ. 33:27) അതെ, വേദനയും ദുരിതവും നിറഞ്ഞ സമയങ്ങളിൽ യഹോവ നമ്മളെ തന്റെ കൈകളിൽ താങ്ങി മെല്ലെ ഉയർത്തുമെന്നും അങ്ങനെ വീണ്ടും എഴുന്നേറ്റുനിൽക്കാൻ സഹായിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.—യഹ. 37:10.