വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 14എ

യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തിൽനി​ന്നുള്ള പാഠങ്ങൾ

യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തിൽനി​ന്നുള്ള പാഠങ്ങൾ

ശുദ്ധാ​രാ​ധന ഉന്നതമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

ദർശന​ത്തി​ലെ ദേവാ​ലയം “വളരെ ഉയരമുള്ള ഒരു മലയിൽ,” (1) അതായത്‌ ഉന്നതമായ ഒരു സ്ഥാനത്ത്‌, ആയിരു​ന്നു. ശുദ്ധാ​രാ​ധ​നയ്‌ക്കു ജീവി​ത​ത്തിൽ ഏറ്റവും പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ നമ്മൾ അതിന്‌ ഉന്നതമായ ഒരു സ്ഥാനം നൽകു​ന്നു​ണ്ടോ?

ചുറ്റു​മ​തിൽ (2), ഒത്ത നടുക്കുള്ള ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​നും മതിലി​നും ഇടയ്‌ക്കുള്ള വിശാ​ല​മായ പ്രദേശം (3) എന്നിവ നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌, ഒരിക്ക​ലും യഹോ​വയ്‌ക്കുള്ള ആരാധ​നയെ മലിന​മാ​ക്കാൻ നമ്മൾ ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌ എന്നാണ്‌. ‘പൊതു​വായ ഉപയോ​ഗ​ത്തി​നുള്ള’ കാര്യങ്ങൾ വിശു​ദ്ധ​മാ​യ​തിൽനിന്ന്‌ വേർതി​രി​ക്കണം എന്നു പറഞ്ഞി​രി​ക്കു​ന്നു. ആരാധ​ന​യു​മാ​യി ബന്ധമി​ല്ലാത്ത അനുദി​ന​കാ​ര്യാ​ദി​കൾപോ​ലും ശുദ്ധാ​രാ​ധ​ന​യിൽനിന്ന്‌ അകറ്റി​നി​റു​ത്തണം എന്നാണ്‌ അതിന്റെ അർഥം. ആ സ്ഥിതിക്ക്‌ യഹോ​വ​യു​ടെ ഒരു ആരാധകൻ തന്റെ ജീവി​ത​ത്തിൽനിന്ന്‌ അശുദ്ധ​മോ അധാർമി​ക​മോ ആയ പ്രവൃ​ത്തി​കൾ ഒഴിവാ​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!​—യഹ. 42:20.

നിത്യ​മായ അനു​ഗ്ര​ഹ​ങ്ങൾ

ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ കുറേ​ശ്ശെ​യാ​യി ഒഴുകി​വ​രുന്ന അരുവി ഒരു ജലപ്ര​വാ​ഹ​മാ​യി മാറി ദേശത്തി​നു ജീവനും ഫലപു​ഷ്ടി​യും നൽകുന്നു. (4) ആ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 19-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്യും.

എല്ലാവർക്കും ഒരേ നിലവാ​ര​ങ്ങൾ

പുറത്തെ കവാട​ങ്ങ​ളു​ടെ​യും (5) അകത്തെ കവാട​ങ്ങ​ളു​ടെ​യും (9) ഉയരം സൂചി​പ്പി​ക്കു​ന്നത്‌, ശുദ്ധാ​രാ​ധന അർപ്പി​ക്കുന്ന എല്ലാവ​രും പെരു​മാ​റ്റ​ത്തി​ന്റെ കാര്യ​ത്തിൽ ഉയർന്ന നിലവാ​രങ്ങൾ പാലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു എന്നാണ്‌. പുറ​ത്തെ​യും അകത്തെ​യും കവാട​ങ്ങ​ളു​ടെ അളവുകൾ മൊത്ത​ത്തിൽ ഒരു​പോ​ലെ​യാ​ണെന്ന കാര്യ​വും ശ്രദ്ധി​ക്കുക. അത്‌ എന്തു​കൊ​ണ്ടും ചേരും, കാരണം തന്റെ എല്ലാ ദാസന്മാർക്കും യഹോവ വെച്ചി​രി​ക്കുന്ന നീതി​യുള്ള നിലവാ​രങ്ങൾ ഒന്നുത​ന്നെ​യാണ്‌. അവരുടെ സ്ഥാനമോ ഉത്തരവാ​ദി​ത്വ​മോ എന്തുത​ന്നെ​യാ​യാ​ലും അവർ ഒരേ നിലവാ​രങ്ങൾ പാലി​ക്കണം.

യഹോ​വ​യോ​ടൊ​പ്പം ഭക്ഷണം

പുരാ​ത​ന​കാ​ലത്ത്‌, തങ്ങൾ ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​വ​ന്നി​രുന്ന ചില ബലിവസ്‌തു​ക്ക​ളു​ടെ ഒരു ഭാഗം ജനവും കഴിച്ചി​രു​ന്നു എന്ന്‌ ഊണു​മു​റി​കൾ (8) നമ്മളെ ഓർമി​പ്പി​ക്കു​ന്നു. ഒരർഥ​ത്തിൽ അവർ യഹോ​വ​യു​ടെ​കൂ​ടെ ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌. എന്നാൽ ഇന്നു ക്രിസ്‌ത്യാ​നി​കൾ ആരാധന അർപ്പി​ക്കുന്ന ആത്മീയാ​ല​യ​ത്തി​ന്റെ കാര്യം അങ്ങനെയല്ല. കാരണം അവിടെ “ഒരേ ഒരു ബലി” ഇതി​നോ​ടകം അർപ്പി​ച്ചു​ക​ഴി​ഞ്ഞു. (എബ്രാ. 10:12) എങ്കിലും, സ്‌തു​തി​ക​ളാ​കുന്ന ബലികൾ നമ്മൾ ഇപ്പോ​ഴും അവിടെ അർപ്പി​ക്കു​ന്നുണ്ട്‌.​—എബ്രാ. 13:15.

ദൈവ​ത്തിൽനി​ന്നുള്ള ഒരു ഉറപ്പ്‌

ദർശന​ത്തിൽ അളവു​ക​ളെ​ക്കു​റിച്ച്‌ ഇത്ര​യേറെ വിശദാം​ശങ്ങൾ കാണു​മ്പോൾ നമ്മൾ അമ്പരന്നു​പോ​യേ​ക്കാം. പക്ഷേ അതു വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിപ്പി​ക്കു​ന്നു: ആ അളവു​ക​ളെ​ല്ലാം കൃത്യ​ത​യു​ള്ള​തും മാറ്റമി​ല്ലാ​ത്ത​തും ആയിരു​ന്ന​തു​പോ​ലെ​തന്നെ, ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നും ഒരു മാറ്റവും വരില്ല. ദർശന​ത്തിൽ ഏതെങ്കി​ലും മനുഷ്യ​രെ കണ്ടതായി യഹസ്‌കേൽ പറഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, പുരോ​ഹി​ത​ന്മാർക്കും തലവന്മാർക്കും ജനത്തി​നും യഹോവ നൽകുന്ന ശക്തമായ ബുദ്ധി​യു​പ​ദേശം അദ്ദേഹം രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എല്ലാ ദൈവ​ദാ​സ​ന്മാ​രും ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കണം.