പഠനചതുരം 2എ
യഹസ്കേലിന്റെ പ്രവചനങ്ങൾ—ഒരു അവലോകനം
നിർവചനം: എന്താണു പ്രവചനം?
ബൈബിളിൽ “പ്രവചിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന നാവേ എന്ന എബ്രായക്രിയ പ്രധാനമായും ദൈവപ്രചോദിതമായ ഒരു സന്ദേശമോ ദൈവത്തിൽനിന്നുള്ള ന്യായവിധിയോ സന്മാർഗപാഠമോ കല്പനയോ അറിയിക്കുന്നതിനെ കുറിക്കുന്നു. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ദിവ്യപ്രഖ്യാപനവുമാകാം അത്. യഹസ്കേലിന്റെ പ്രവചനങ്ങളിൽ മേൽപ്പറഞ്ഞവയെല്ലാം ഉൾപ്പെടുന്നുണ്ട്.—യഹ. 3:10, 11; 11:4-8; 14:6, 7; 37:9,10; 38:1-4.
അറിയിച്ച വിധം
-
ദർശനങ്ങൾ
-
ഉദാഹരണങ്ങൾ
-
അഭിനയം
യഹസ്കേൽ പുസ്തകത്തിൽ ദിവ്യദർശനങ്ങളും ഉദാഹരണങ്ങളും ദൃഷ്ടാന്തകഥകളും ഉണ്ട്. പ്രാവചനികസന്ദേശങ്ങൾ അഭിനയിച്ചുകാണിച്ച സന്ദർഭങ്ങളും അതിലുണ്ട്.
നിവൃത്തികൾ
യഹസ്കേൽ രേഖപ്പെടുത്തിയ പ്രവചനങ്ങൾക്കു ചിലപ്പോഴൊക്കെ ഒന്നിലധികം നിവൃത്തികളുണ്ട്. പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇതിനൊരു ഉദാഹരണമാണ്. ദൈവജനം വാഗ്ദത്തദേശത്തേക്കു മടങ്ങിയത് അവയുടെ ചെറിയൊരു നിവൃത്തി മാത്രമായിരുന്നു. എന്നാൽ 9-ാം അധ്യായത്തിൽ കാണാൻപോകുന്നതുപോലെ അതിലെ പല പ്രവചനങ്ങൾക്കും ഇന്നൊരു നിവൃത്തിയുണ്ട്, ഭാവിയിലും അവ നിറവേറാനിരിക്കുകയാണ്.
മുമ്പ് യഹസ്കേലിന്റെ പ്രവചനങ്ങളിലെ നിരവധി ഘടകങ്ങൾക്കു മാതൃക-പ്രതിമാതൃക നിവൃത്തിയുള്ളതായി നമ്മൾ കണക്കാക്കിയിരുന്നു. എന്നാൽ ശക്തമായ തിരുവെഴുത്തടിസ്ഥാനം ഇല്ലാത്തിടത്തോളം ഈ പ്രസിദ്ധീകരണം ഏതെങ്കിലും വ്യക്തിയെയോ വസ്തുവിനെയോ സ്ഥലത്തെയോ സംഭവത്തെയോ പ്രാവചനികമാതൃകകളായി കണക്കാക്കുകയോ അവയ്ക്ക് ആധുനികകാലത്ത് ഏതെങ്കിലും പ്രതിമാതൃകകളുള്ളതായി വിശദീകരിക്കുകയോ ചെയ്തിട്ടില്ല. a എന്നാൽ യഹസ്കേലിന്റെ പല പ്രവചനങ്ങളുടെയും വലിയ നിവൃത്തിയെക്കുറിച്ച് ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. യഹസ്കേലിന്റെ സന്ദേശത്തിൽനിന്നും അതിൽ പരാമർശിച്ചിരിക്കുന്ന ആളുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവയിൽനിന്നും എന്തെല്ലാം പാഠങ്ങൾ പഠിക്കാമെന്നും നമ്മൾ കാണും.
a മാതൃകകളെക്കുറിച്ചും പ്രതിമാതൃകകളെക്കുറിച്ചും ഉള്ള വിശദീകരണത്തിനായി 2015 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 9-11 പേജുകളിലെ 7-12 ഖണ്ഡികകളും അതേ ലക്കത്തിന്റെ 17-18 പേജുകളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗവും കാണുക.