വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

“ഞാൻ . . . ഒരു ഇടയനെ എഴു​ന്നേൽപ്പി​ക്കും”

“ഞാൻ . . . ഒരു ഇടയനെ എഴു​ന്നേൽപ്പി​ക്കും”

യഹസ്‌കേൽ 34:23

മുഖ്യവിഷയം: മിശി​ഹ​യെ​ക്കു​റി​ച്ചുള്ള നാലു പ്രവച​നങ്ങൾ, ക്രിസ്‌തുവിലുള്ള അവയുടെ നിവൃത്തി

1-3. യഹസ്‌കേ​ലി​ന്റെ ഹൃദയം കലുഷി​ത​മാ​യത്‌ എന്തു​കൊണ്ട്‌, ദൈവ​പ്ര​ചോ​ദി​ത​നാ​യി അദ്ദേഹം എന്തു രേഖ​പ്പെ​ടു​ത്തി?

 യഹസ്‌കേ​ലി​നെ ബന്ദിയാ​യി കൊണ്ടു​പോ​യിട്ട്‌ ഇത്‌ ആറാം വർഷം. a അദ്ദേഹ​ത്തി​ന്റെ മനസ്സ്‌ ആകെ കലുഷി​ത​മാണ്‌. നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ അകലെ​യുള്ള തന്റെ മാതൃ​ദേ​ശ​ത്തെ​ക്കു​റി​ച്ചാണ്‌ അദ്ദേഹ​ത്തി​ന്റെ ചിന്ത മുഴുവൻ. യഹൂദ​യി​ലെ ഭരണസം​വി​ധാ​നം ആകെ തകർന്നി​രി​ക്കു​ന്നു. ഇക്കാല​യ​ള​വി​നു​ള്ളിൽ അനേകം ഭരണാ​ധി​കാ​രി​കൾ അധികാ​ര​ത്തി​ലേ​റു​ന്ന​തും സ്ഥാന​ഭ്ര​ഷ്ട​രാ​കു​ന്ന​തും അദ്ദേഹം കണ്ടു.

2 വിശ്വസ്‌ത​നായ യോശിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ മധ്യകാ​ല​ത്താണ്‌ യഹസ്‌കേൽ ജനിച്ചത്‌. യഹൂദ​യി​ലെ​ങ്ങു​മുള്ള കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ നശിപ്പിച്ച്‌ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ യോശിയ മുന്നി​ട്ടി​റ​ങ്ങി​യ​തി​നെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ യഹസ്‌കേ​ലിന്‌ എത്ര ആവേശം തോന്നി​ക്കാ​ണും! (2 ദിന. 34:1-8) പക്ഷേ സ്ഥായി​യായ ഒരു മാറ്റം ഉണ്ടാക്കാൻ ആ ശ്രമങ്ങൾക്കാ​യില്ല. കാരണം പിന്നീടു ഭരിച്ച മിക്ക രാജാ​ക്ക​ന്മാ​രും വിഗ്ര​ഹാ​രാ​ധ​ക​രാ​യി​രു​ന്നു. അത്തരം ഭരണാ​ധി​കാ​രി​ക​ളു​ടെ വാഴ്‌ച​ക്കാ​ലത്ത്‌ ജനത ഒന്നടങ്കം ആത്മീയ​വും ധാർമി​ക​വും ആയ ജീർണ​ത​യു​ടെ ചെളി​ക്കു​ണ്ടി​ലേക്കു മുങ്ങി​ത്താ​ണ​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. എന്നാൽ എല്ലാ പ്രതീ​ക്ഷ​ക​ളും അസ്‌ത​മി​ച്ചോ? ഒരിക്ക​ലു​മില്ല!

3 ഭാവി​ഭ​ര​ണാ​ധി​കാ​രി​യും ഇടയനും ആയ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ചില പ്രവച​നങ്ങൾ രേഖ​പ്പെ​ടു​ത്താൻ യഹോവ തന്റെ വിശ്വസ്‌ത​പ്ര​വാ​ച​കനെ പ്രചോ​ദി​പ്പി​ച്ചു. ശുദ്ധാ​രാ​ധന എന്നേക്കു​മാ​യി പുനഃ​സ്ഥാ​പി​ക്കു​ക​യും യഹോ​വ​യു​ടെ ആടുകളെ ആർദ്ര​ത​യോ​ടെ പരിപാ​ലി​ക്കു​ക​യും ചെയ്യു​മാ​യി​രുന്ന മിശി​ഹ​യെ​ക്കു​റി​ച്ചുള്ള അത്തരം നാലു പ്രവച​ന​ങ്ങ​ളാ​ണു നമ്മൾ ഇപ്പോൾ പഠിക്കാൻപോ​കു​ന്നത്‌. അവയുടെ നിവൃ​ത്തി​ക്കു നമ്മുടെ നിത്യ​ഭാ​വി​യു​മാ​യി ബന്ധമു​ള്ള​തു​കൊണ്ട്‌ നമുക്ക്‌ ഇപ്പോൾ അവ ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കാം.

“ഒരു ഇളംചില്ല” ‘വലി​യൊ​രു ദേവദാ​രു​വാ​കു​ന്നു’

4. യഹസ്‌കേൽ അറിയിച്ച പ്രവചനം എന്തിനെക്കുറിച്ചുള്ളതായിരുന്നു, അത്‌ എങ്ങനെ അറിയി​ക്കാ​നാണ്‌ യഹോവ യഹസ്‌കേലിനോടു പറഞ്ഞത്‌?

4 ഏതാണ്ട്‌ ബി.സി. 612-ൽ യഹസ്‌കേ​ലിന്‌ “യഹോ​വ​യു​ടെ സന്ദേശം കിട്ടി.” മിശി​ഹ​യു​ടെ ഭരണ​പ്ര​ദേ​ശ​ത്തി​ന്റെ വിസ്‌തൃ​തി​യും ആ ഭരണത്തിൽ വിശ്വാ​സ​മർപ്പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും വ്യക്തമാ​ക്കുന്ന ഒരു പ്രവച​ന​മാ​യി​രു​ന്നു അത്‌. അതിന്‌ ആമുഖ​മെ​ന്നോ​ണം, ഒരു പ്രാവ​ച​നി​ക​ക​ടങ്കഥ മറ്റു പ്രവാ​സി​കളെ അറിയി​ക്കാൻ യഹോവ യഹസ്‌കേ​ലി​നോ​ടു പറയുന്നു. യഹൂദ​യി​ലെ ഭരണാ​ധി​കാ​രി​ക​ളു​ടെ അവിശ്വ​സ്‌തത നന്നായി ചിത്രീ​ക​രിച്ച ആ കടങ്കഥ നീതി​മാ​നായ മിശി​ഹൈ​ക​രാ​ജാ​വി​ന്റെ ആവശ്യം എടുത്തു​കാ​ട്ടി.​—യഹ. 17:1, 2.

5. യഹസ്‌കേൽ വിവരിച്ച കടങ്കഥ​യു​ടെ ചുരുക്കം എന്താണ്‌?

5 യഹസ്‌കേൽ 17:3-10 വായി​ക്കുക. ആ കടങ്കഥ​യു​ടെ ചുരുക്കം ഇതാണ്‌: “ഒരു വലിയ കഴുകൻ” ഒരു ദേവദാ​രു​വി​ന്റെ “തുഞ്ചത്തെ ഇളംചില്ല” കൊത്തി​യെ​ടുത്ത്‌ “വ്യാപാ​രി​ക​ളു​ടെ ഒരു നഗരത്തിൽ” കൊണ്ടു​ചെന്ന്‌ നടുന്നു. പിന്നെ അത്‌ “ആ ദേശത്തു​നിന്ന്‌ കുറച്ച്‌ വിത്തുകൾ” എടുത്ത്‌ ‘നല്ല നീരോ​ട്ട​വും’ വളക്കൂ​റും ഉള്ള ഒരു നിലത്ത്‌ പാകുന്നു. ആ വിത്ത്‌ ഒരു ‘മുന്തി​രി​വ​ള്ളി​യാ​യി പടർന്ന്‌’ പന്തലി​ക്കു​ന്നു. തുടർന്ന്‌, “മറ്റൊരു വലിയ കഴുകൻ” വരുന്നു. തന്നെ ആ കഴുകൻ നല്ല നീരോ​ട്ട​മുള്ള മറ്റൊ​രി​ട​ത്തേക്കു മാറ്റി​ന​ടു​മെന്ന പ്രതീ​ക്ഷ​യിൽ മുന്തി​രി​വള്ളി അതിന്റെ വേരുകൾ കഴുകന്റെ നേരെ “ആർത്തി​യോ​ടെ” നീട്ടുന്നു. മുന്തി​രി​വള്ളി ചെയ്‌ത​തി​നെ യഹോവ കുറ്റം വിധി​ക്കു​ന്നു. അതിനെ വേരോ​ടെ പിഴു​തെ​ടു​ക്കു​മെ​ന്നും അതു “നിശ്ശേഷം കരിഞ്ഞു​പോ​കു”മെന്നും യഹോവ പറയുന്നു.

ആദ്യത്തെ വലിയ കഴുകൻ ബാബിലോണിലെ നെബൂഖദ്‌നേസർ രാജാ​വി​നെ ചിത്രീ​ക​രി​ച്ചു (6-ാം ഖണ്ഡിക കാണുക)

6. കടങ്കഥ​യു​ടെ അർഥം വിശദീ​ക​രി​ക്കുക.

6 ആ കടങ്കഥ​യു​ടെ അർഥം എന്തായി​രു​ന്നു? (യഹസ്‌കേൽ 17:11-15 വായി​ക്കുക.) ബി.സി. 617-ൽ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖദ്‌നേസർ (ആദ്യത്തെ “വലിയ കഴുകൻ”) യരുശ​ലേം ഉപരോ​ധി​ച്ചു. അദ്ദേഹം യഹൂദ​യി​ലെ യഹോ​യാ​ഖീൻ രാജാ​വി​നെ (‘തുഞ്ചത്തെ ഇളംചി​ല്ലയെ’) സിംഹാ​സ​ന​ത്തിൽനിന്ന്‌ “കൊത്തി​യെ​ടുത്ത്‌” ബാബി​ലോ​ണി​ലേക്കു (‘വ്യാപാ​രി​ക​ളു​ടെ നഗരത്തി​ലേക്കു’) കൊണ്ടു​പോ​യി. പകരം സിദെ​ക്കി​യയെ [‘ദേശത്തെ (രാജവം​ശ​ത്തിൽപ്പെട്ട) വിത്തു​ക​ളിൽ ഒന്നിനെ’] യരുശ​ലേ​മി​ലെ സിംഹാ​സ​ന​ത്തിൽ വാഴിച്ചു. എന്നിട്ട്‌ യഹൂദ​യി​ലെ ആ പുതിയ രാജാ​വി​നെ​ക്കൊണ്ട്‌, വിശ്വസ്‌ത​നായ ഒരു സാമന്ത​രാ​ജാ​വാ​യി​രു​ന്നു​കൊ​ള്ളാം എന്നു ദൈവ​നാ​മ​ത്തിൽ സത്യവും ചെയ്യിച്ചു. (2 ദിന. 36:13) പക്ഷേ സിദെ​ക്കിയ വാക്കു പാലി​ച്ചില്ല. ബാബി​ലോ​ണി​നെ ധിക്കരിച്ച സിദെ​ക്കിയ സൈനി​ക​സ​ഹാ​യം തേടി ഈജിപ്‌തി​ലെ ഫറവോ​നി​ലേക്കു (രണ്ടാമത്തെ ‘വലിയ കഴുക​നി​ലേക്കു’) തിരിഞ്ഞു. പക്ഷേ അതു ഫലം കണ്ടില്ല. വാക്കു​വ്യ​ത്യാ​സം കാണിച്ച സിദെ​ക്കി​യ​യു​ടെ അവിശ്വസ്‌ത​തയെ യഹോവ കുറ്റം വിധിച്ചു. (യഹ. 17:16-21) അങ്ങനെ സിദെ​ക്കി​യയ്‌ക്കു സിംഹാ​സനം നഷ്ടമായി; ഒടുവിൽ ബാബി​ലോ​ണി​ലെ തടവറ​യിൽവെച്ച്‌ അദ്ദേഹം മരിച്ചു.​—യിരെ. 52:6-11.

7. നമ്മൾ കണ്ട പ്രാവ​ച​നി​ക​ക​ട​ങ്ക​ഥ​യിൽനിന്ന്‌ എന്തെല്ലാം പാഠങ്ങ​ളാ​ണു പഠിക്കാ​നു​ള്ളത്‌?

7 ഈ പ്രാവ​ച​നി​ക​ക​ട​ങ്ക​ഥ​യിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങ​ളാ​ണു പഠിക്കാ​നു​ള്ളത്‌? ശുദ്ധാ​രാ​ധ​ക​രായ നമ്മൾ വാക്കു പാലി​ക്കു​ന്ന​വ​രാ​യി​രി​ക്കണം എന്നതാണ്‌ ആദ്യ​ത്തേത്‌. “നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം” എന്നു യേശു പറഞ്ഞു. (മത്താ. 5:37) കോട​തി​യിൽ മൊഴി കൊടു​ക്കു​ന്ന​തു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളിൽ, സത്യം മാത്രമേ പറയൂ എന്നു ദൈവ​മു​മ്പാ​കെ ആണയി​ടേ​ണ്ടി​വ​ന്നാൽ അതിനെ വളരെ ഗൗരവ​ത്തോ​ടെ​തന്നെ നമ്മൾ കാണും. രണ്ടാമ​താ​യി, നമ്മൾ ആശ്രയം വെക്കു​ന്നത്‌ ആരിലാണ്‌ എന്ന കാര്യ​ത്തി​ലും ശ്രദ്ധ വേണം. ബൈബിൾ ഈ മുന്നറി​യി​പ്പു തരുന്നു: “പ്രഭു​ക്ക​ന്മാ​രെ ആശ്രയി​ക്ക​രുത്‌; രക്ഷയേ​കാൻ കഴിയാത്ത മനുഷ്യ​മ​ക്ക​ളെ​യു​മ​രുത്‌.”​—സങ്കീ. 146:3.

8-10. വരാനി​രി​ക്കുന്ന മിശി​ഹൈ​ക​രാ​ജാ​വി​നെ​ക്കു​റിച്ച്‌ യഹോവ എന്താണു പ്രവചി​ച്ചത്‌, ആ പ്രവചനം എങ്ങനെ നിറ​വേറി? (“മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവചനം​—വലി​യൊ​രു ദേവദാ​രു” എന്ന ചതുര​വും കാണുക.)

8 എന്നാൽ നമുക്ക്‌ എല്ലാം​കൊ​ണ്ടും വിശ്വ​സി​ക്കാ​വുന്ന, നമുക്കു പൂർണ​മാ​യി ആശ്രയം വെക്കാ​വുന്ന ഒരു ഭരണാ​ധി​കാ​രി​യുണ്ട്‌. മാറ്റിനട്ട ഇളംചി​ല്ല​യെ​ക്കു​റി​ച്ചുള്ള പ്രാവ​ച​നി​ക​ക​ടങ്കഥ വിവരി​ച്ച​ശേഷം അതേ ആലങ്കാ​രി​ക​ചി​ത്രം ഉപയോ​ഗിച്ച്‌, വരാനി​രി​ക്കുന്ന മിശി​ഹൈ​ക​രാ​ജാ​വി​നെ​ക്കു​റിച്ച്‌ യഹോവ വിശദീ​ക​രി​ച്ചു.

9 പ്രവചനം പറയു​ന്നത്‌. (യഹസ്‌കേൽ 17:22-24 വായി​ക്കുക.) ആ വലിയ കഴുക​ന്മാർക്കു പകരം യഹോ​വ​തന്നെ കാര്യങ്ങൾ ചെയ്യു​ന്ന​താ​യാ​ണു നമ്മൾ തുടർന്ന്‌ കാണു​ന്നത്‌. യഹോവ “ഉന്നതമായ ദേവദാ​രു​വി​ന്റെ തുഞ്ചത്തു​നിന്ന്‌ ഒരു ഇളംചില്ല എടുത്ത്‌ . . . ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ” നടുന്നു. ആ ഇളംചില്ല ‘വലി​യൊ​രു ദേവദാ​രു​വാ​യി’ വളർന്ന്‌ പന്തലിച്ച്‌ ‘എല്ലാ തരം പക്ഷികൾക്കും’ കൂടു കൂട്ടാൻ ഇടമേ​കു​മാ​യി​രു​ന്നു. അതു തഴച്ചു​വ​ള​രാൻ ഇടയാ​ക്കി​യത്‌ യഹോ​വ​ത​ന്നെ​യാ​ണെന്നു “ഭൂമി​യി​ലെ എല്ലാ മരങ്ങളും” അപ്പോൾ മനസ്സി​ലാ​ക്കും.

10 പ്രവച​ന​ത്തി​ന്റെ നിവൃത്തി. യഹോവ തന്റെ മകനായ യേശു​ക്രിസ്‌തു​വി​നെ ദാവീ​ദി​ന്റെ രാജപ​ര​മ്പ​ര​യിൽനിന്ന്‌ (‘ഉന്നതമായ ദേവദാ​രു​വിൽനിന്ന്‌’) എടുത്ത്‌ സ്വർഗീയ സീയോൻ മലയിൽ (“ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ”) നട്ടു. (സങ്കീ. 2:6; യിരെ. 23:5; വെളി. 14:1) അങ്ങനെ ‘മനുഷ്യ​രിൽ ഏറ്റവും താണവ​നാ​യി’ ശത്രുക്കൾ കണ്ട തന്റെ മകനു “പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം” നൽകി​ക്കൊണ്ട്‌ യഹോവ അവനെ ഉയർത്തി. (ദാനി. 4:17; ലൂക്കോ. 1:32, 33) മിശി​ഹൈ​ക​രാ​ജാ​വായ യേശു​ക്രിസ്‌തു വലി​യൊ​രു ദേവദാ​രു​വി​നെ​പ്പോ​ലെ മുഴു​ഭൂ​മി​ക്കും മീതെ പന്തലി​ച്ചു​നിൽക്കും, എല്ലാ പ്രജകൾക്കും ആ രാജാ​വിൽനിന്ന്‌ അനു​ഗ്രഹം ലഭിക്കും. അതെ, ഈ രാജാവ്‌ എന്തു​കൊ​ണ്ടും ആശ്രയ​യോ​ഗ്യ​നാണ്‌. യേശു​വി​ന്റെ രാജ്യ​ഭ​ര​ണ​മേ​കുന്ന തണലിൽ, അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം ഭൂമി​യി​ലെ​ങ്ങും ‘സുരക്ഷി​ത​രാ​യി വസിക്കും; അവർ ആപത്തിനെ പേടി​ക്കാ​തെ കഴിയും.’​—സുഭാ. 1:33.

11. ‘വലി​യൊ​രു ദേവദാ​രു​വാ​യി’ വളരുന്ന ‘ഇളംചി​ല്ല​യെ​ക്കു​റി​ച്ചുള്ള’ പ്രവചനം സുപ്ര​ധാ​ന​മായ ഏതു പാഠം പഠിപ്പി​ക്കു​ന്നു?

11 പ്രവച​ന​ത്തിൽനി​ന്നുള്ള പാഠം. ‘വലി​യൊ​രു ദേവദാ​രു​വാ​യി’ വളരുന്ന ‘ഇളംചി​ല്ല​യെ​ക്കു​റി​ച്ചുള്ള’ ആവേ​ശോ​ജ്ജ്വ​ല​മായ പ്രവചനം ഉത്തര​മേ​കുന്ന സുപ്ര​ധാ​ന​മായ ഒരു ചോദ്യ​മുണ്ട്‌: നമ്മൾ ആരിലാണ്‌ ആശ്രയ​മർപ്പി​ക്കേ​ണ്ടത്‌? മനുഷ്യ​ഗ​വൺമെ​ന്റു​ക​ളി​ലും അവരുടെ സൈനി​ക​ശ​ക്തി​യി​ലും ആശ്രയി​ക്കു​ന്നതു വിഡ്‌ഢി​ത്ത​മാണ്‌. യഥാർഥ​സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി മിശി​ഹൈ​ക​രാ​ജാ​വായ യേശു​ക്രിസ്‌തു​വി​ലാ​ണു നമ്മൾ വിശ്വാ​സ​വും ആശ്രയ​വും അർപ്പി​ക്കേ​ണ്ടത്‌. അതാണ്‌ എന്തു​കൊ​ണ്ടും ജ്ഞാനം. പ്രാപ്‌തി​യുള്ള ആ കരങ്ങളി​ലെ സ്വർഗീ​യ​ഗ​വൺമെ​ന്റാണ്‌ മനുഷ്യ​വർഗ​ത്തി​ന്റെ ഒരേ ഒരു പ്രത്യാശ.​—വെളി. 11:15.

“നിയമ​പ​ര​മാ​യി അവകാ​ശ​മു​ള്ളവൻ”

12. ദാവീ​ദു​മാ​യുള്ള ഉടമ്പടി താൻ ഉപേക്ഷി​ച്ചി​ട്ടി​ല്ലെന്ന്‌ യഹോവ വ്യക്തമാ​ക്കി​യത്‌ എങ്ങനെ?

12 രണ്ടു കഴുക​ന്മാ​രെ​ക്കു​റി​ച്ചുള്ള പ്രാവ​ച​നി​ക​ക​ടങ്കഥ ദൈവം വിശദീ​ക​രി​ച്ചതു കേട്ട​പ്പോൾ യഹസ്‌കേ​ലിന്‌ ഒരു കാര്യം മനസ്സി​ലാ​യി: ദാവീ​ദി​ന്റെ രാജപ​ര​മ്പ​ര​യിൽപ്പെട്ട അവിശ്വസ്‌ത​രാ​ജാ​വായ സിദെ​ക്കി​യയെ സ്ഥാന​ഭ്ര​ഷ്ട​നാ​ക്കി ബാബി​ലോ​ണി​ലേക്കു ബന്ദിയാ​യി കൊണ്ടു​പോ​കും. അപ്പോൾ യഹസ്‌കേൽ ഒരുപക്ഷേ ഇങ്ങനെ ചിന്തി​ച്ചു​കാ​ണും: ‘ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽപ്പെട്ട ഒരു രാജാവ്‌ എന്നേക്കും ഭരിക്കും എന്നു ദൈവം ദാവീ​ദി​നോട്‌ ഉടമ്പടി ചെയ്‌ത​താ​ണ​ല്ലോ, അതിന്‌ എന്തു സംഭവി​ക്കും?’ (2 ശമു. 7:12, 16) യഹസ്‌കേ​ലി​ന്റെ മനസ്സിൽ അങ്ങനെ​യൊ​രു ചോദ്യം വന്നെങ്കിൽ പെട്ടെ​ന്നു​തന്നെ അതിനുള്ള ഉത്തരവും ലഭിച്ചു. പ്രവാ​സ​ജീ​വി​ത​ത്തി​ന്റെ ഏഴാം വർഷം ഏകദേശം ബി.സി. 611-ൽ, സിദെ​ക്കിയ യഹൂദ​യിൽ ഭരണത്തി​ലി​രി​ക്കു​മ്പോൾത്തന്നെ യഹസ്‌കേ​ലിന്‌ “യഹോ​വ​യു​ടെ സന്ദേശം കിട്ടി.” (യഹ. 20:2) ദാവീ​ദു​മാ​യുള്ള ഉടമ്പടി ദൈവം ഉപേക്ഷി​ച്ചി​ട്ടി​ല്ലെന്നു വ്യക്തമാ​ക്കുന്ന മറ്റൊരു മിശി​ഹൈ​ക​പ്ര​വ​ച​ന​മാ​യി​രു​ന്നു അത്‌. വരാനി​രി​ക്കുന്ന മിശി​ഹൈ​ക​രാ​ജാ​വി​നു ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​യി ഭരിക്കാൻ നിയമ​പ​ര​മാ​യി അവകാ​ശ​മു​ണ്ടെന്ന്‌ അതു സൂചി​പ്പി​ച്ചു.

13, 14. യഹസ്‌കേൽ 21:25-27-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​ത്തി​ന്റെ ചുരുക്കം എന്താണ്‌, ആ പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

13 പ്രവചനം പറയു​ന്നത്‌. (യഹസ്‌കേൽ 21:25-27 വായി​ക്കുക.) ‘ദുഷ്ടനായ ഇസ്രാ​യേൽത​ല​വ​നോട്‌’ യഹോവ യഹസ്‌കേ​ലി​ലൂ​ടെ ശക്തമായ ഭാഷയിൽത്തന്നെ സംസാ​രി​ക്കു​ന്നു. ആ ദുഷ്ടഭ​ര​ണാ​ധി​കാ​രി​ക്കു ശിക്ഷ ലഭിക്കേണ്ട സമയം അടുത്തി​രു​ന്നു. അയാളു​ടെ ‘തലപ്പാ​വും’ ‘കിരീ​ട​വും,’ അഥവാ രാജമു​ടി​യും (രാജകീ​യാ​ധി​കാ​ര​ത്തി​ന്റെ ചിഹ്നങ്ങൾ) എടുത്തു​മാ​റ്റു​മെന്ന്‌ യഹോവ അദ്ദേഹ​ത്തോ​ടു പറയുന്നു. ‘താഴ്‌ന്ന’ രാഷ്‌ട്രീ​യ​ശ​ക്തി​കളെ ഉയർത്തു​മെ​ന്നും ‘ഉയർന്ന​വയെ’ താഴ്‌ത്തു​മെ​ന്നും ദൈവം മുൻകൂ​ട്ടി​പ്പ​റഞ്ഞു. എന്നാൽ ഉയർത്ത​പ്പെട്ട ആ രാഷ്‌ട്രീ​യ​ശ​ക്തി​കൾ, “നിയമ​പ​ര​മാ​യി അവകാ​ശ​മു​ള്ളവൻ വരുന്ന​തു​വരെ” മാത്രമേ ഭരിക്കു​മാ​യി​രു​ന്നു​ള്ളൂ. ‘അവകാ​ശ​മു​ള്ളവൻ വരു​മ്പോൾ’ യഹോവ രാജ്യം അദ്ദേഹത്തെ ഏൽപ്പി​ക്കു​മാ​യി​രു​ന്നു.

14 പ്രവച​ന​ത്തി​ന്റെ നിവൃത്തി. ബി.സി. 607-ൽ ബാബി​ലോൺകാർ യഹൂദ​യു​ടെ തലസ്ഥാ​ന​മായ യരുശ​ലേം നശിപ്പിച്ച്‌, സ്ഥാന​ഭ്ര​ഷ്ട​നായ സിദെ​ക്കിയ രാജാ​വി​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യ​പ്പോൾ യഹൂദ ‘ഉയർന്ന’ നിലയിൽനിന്ന്‌ താഴ്‌ത്ത​പ്പെട്ടു. യരുശ​ലേ​മിൽ ഭരണം നടത്താൻ ദാവീ​ദി​ന്റെ രാജപ​ര​മ്പ​ര​യിൽപ്പെട്ട ഒരു രാജാവ്‌ ഇല്ലാതാ​യ​പ്പോൾ ജനതക​ളിൽപ്പെട്ട രാഷ്‌ട്രീ​യ​ശ​ക്തി​കൾ ‘താഴ്‌ന്ന’ നിലയിൽനിന്ന്‌ ഉയർത്ത​പ്പെ​ടു​ക​യും അങ്ങനെ മുഴു​ഭൂ​മി​യു​ടെ​യും അധികാ​രം അവരുടെ കൈക​ളി​ലാ​കു​ക​യും ചെയ്‌തു. പക്ഷേ അത്‌ എന്നും അങ്ങനെ തുടരി​ല്ലാ​യി​രു​ന്നു, അതിന്‌ ഒരു സമയപ​രി​ധി നിശ്ചയി​ച്ചി​രു​ന്നു. 1914-ൽ യഹോവ യേശു​ക്രിസ്‌തു​വി​നെ രാജാ​വാ​യി വാഴി​ച്ച​പ്പോൾ “ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം” അവസാ​നി​ച്ചു. (ലൂക്കോ. 21:24) ദാവീദ്‌ രാജാ​വി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വി​നു മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാൻ ‘നിയമ​പ​ര​മായ അവകാശം’ ഉണ്ടായി​രു​ന്നു. b (ഉൽപ. 49:10) അങ്ങനെ എന്നെന്നും നിലനിൽക്കുന്ന ഭരണം നടത്താൻ എന്നേക്കു​മുള്ള ഒരു അനന്തരാ​വ​കാ​ശി​യെ നൽകു​മെന്നു ദാവീ​ദി​നു കൊടുത്ത വാക്ക്‌ യഹോവ യേശു​വി​ലൂ​ടെ പാലിച്ചു.​—ലൂക്കോ. 1:32, 33.

ദൈവരാജ്യത്തിന്റെ രാജാ​വാ​യി​രി​ക്കാൻ നിയമ​പ​ര​മാ​യി അവകാശമുള്ളവനാണു യേശു (15-ാം ഖണ്ഡിക കാണുക)

15. രാജാ​വായ യേശു​ക്രിസ്‌തു​വിൽ നമുക്കു പൂർണ​മാ​യി ആശ്രയി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

15 പ്രവച​ന​ത്തിൽനി​ന്നുള്ള പാഠം. യേശു​ക്രിസ്‌തു എന്ന രാജാ​വിൽ നമുക്കു പൂർണ​മാ​യി ആശ്രയ​മർപ്പി​ക്കാ​നാ​കും. എന്തു​കൊണ്ട്‌? മനുഷ്യർ തെര​ഞ്ഞെ​ടു​ക്കു​ക​യോ ഭരണം അട്ടിമ​റിച്ച്‌ അധികാ​ര​ത്തി​ലേ​റു​ക​യോ ചെയ്യുന്ന ലോക​നേ​താ​ക്ക​ളെ​പ്പോ​ലെയല്ല യേശു. കാരണം യഹോ​വ​യാ​ണു യേശു​വി​നെ തിര​ഞ്ഞെ​ടു​ത്തത്‌. ഇനി, തനിക്കു നിയമ​പ​ര​മായ അവകാ​ശ​മു​ണ്ടാ​യി​രുന്ന ആ രാജ്യം യേശു​വി​നു ‘നൽകി​യ​താണ്‌’ അല്ലാതെ യേശു അതു തട്ടി​യെ​ടു​ത്തതല്ല. (ദാനി. 7:13, 14) അതെ, യഹോവ നേരിട്ട്‌ നിയമിച്ച ആ രാജാവ്‌ എന്തു​കൊ​ണ്ടും ആശ്രയ​യോ​ഗ്യൻതന്നെ!

‘എന്റെ ദാസനായ ദാവീദ്‌’ “അവയുടെ ഇടയനാ​കും”

16. തന്റെ ആടുകളെ യഹോവ എങ്ങനെ കാണുന്നു, യഹസ്‌കേ​ലി​ന്റെ കാലത്തെ ‘ഇസ്രായേലിന്റെ ഇടയന്മാർ’ ആടുക​ളോട്‌ എങ്ങനെ​യാ​ണു പെരു​മാ​റി​യത്‌?

16 ഏറ്റവും വലിയ ഇടയനായ യഹോ​വയ്‌ക്കു തന്റെ ആടുക​ളു​ടെ, അതായത്‌ ഭൂമി​യി​ലെ തന്റെ ആരാധ​ക​രു​ടെ, ക്ഷേമത്തിൽ അതിയായ താത്‌പ​ര്യ​മുണ്ട്‌. (സങ്കീ. 100:3) തന്റെ ആടുകളെ പരിപാ​ലി​ക്കാൻ താൻ ചുമത​ല​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മനുഷ്യ​രായ കീഴി​ട​യ​ന്മാർ, അഥവാ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ളവർ, അവരോട്‌ എങ്ങനെ​യാ​ണു പെരു​മാ​റു​ന്ന​തെന്ന്‌ യഹോവ ശ്രദ്ധ​യോ​ടെ നിരീ​ക്ഷി​ക്കു​ന്നുണ്ട്‌. അങ്ങനെ​യെ​ങ്കിൽ യഹസ്‌കേ​ലി​ന്റെ കാലത്തെ ‘ഇസ്രാ​യേ​ലി​ന്റെ ഇടയന്മാ​രെ’ക്കുറിച്ച്‌ യഹോ​വയ്‌ക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! ഒരു ലജ്ജയു​മി​ല്ലാ​തെ അവർ ആടുകളെ “ക്രൂര​ത​യോ​ടെ അടിച്ച​മർത്തി ഭരിച്ചു.” ഫലമോ? ഇതു സഹിക്ക​വ​യ്യാ​തെ അവരിൽ പലരും ശുദ്ധാ​രാ​ധന ഉപേക്ഷി​ച്ചു.​—യഹ. 34:1-6.

17. യഹോവ തന്റെ ആടുകളെ രക്ഷിച്ചത്‌ എങ്ങനെ?

17 യഹോവ എന്തു ചെയ്യു​മാ​യി​രു​ന്നു? ഇസ്രാ​യേ​ലി​ലെ ആ ദുഷ്ടഭ​ര​ണാ​ധി​കാ​രി​കൾ തന്നോടു “കണക്കു പറയേ​ണ്ടി​വ​രും” എന്ന്‌ യഹോവ പറഞ്ഞു. എന്നാൽ “ഞാൻ എന്റെ ആടുകളെ . . . രക്ഷിക്കും” എന്നൊരു വാഗ്‌ദാ​ന​വും യഹോവ നൽകി. (യഹ. 34:10) യഹോവ ഒരിക്ക​ലും വാക്കു മാറ്റില്ല. (യോശു. 21:45) ബി.സി. 607-ൽ ബാബി​ലോൺസേ​നയെ ഉപയോ​ഗിച്ച്‌ സ്വാർഥ​രായ ആ ഇടയന്മാ​രു​ടെ ദുർഭ​രണം അവസാ​നി​പ്പി​ച്ചു​കൊണ്ട്‌ യഹോവ തന്റെ ആടുകൾക്കു രക്ഷയേകി. 70 വർഷത്തി​നു ശേഷം യഹോവ ബാബി​ലോ​ണിൽനി​ന്നും തന്റെ ആടുകളെ രക്ഷിച്ചു; ചെമ്മരി​യാ​ടു​തു​ല്യ​രായ തന്റെ ആരാധ​കർക്കു സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ അവരെ മാതൃ​ദേ​ശ​ത്തേക്കു മടക്കി​ക്കൊ​ണ്ടു​വന്നു. പക്ഷേ, പിന്നീ​ടും വിവിധ രാഷ്‌ട്രീ​യ​ശ​ക്തി​ക​ളു​ടെ അധീന​ത​യിൽ കഴി​യേ​ണ്ടി​വ​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ആടുകൾ അപകട​ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. “ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം” തീരാൻ ഇനിയും അനേകം നൂറ്റാ​ണ്ടു​ക​ളെ​ടു​ക്കു​മാ​യി​രു​ന്നു.​—ലൂക്കോ. 21:24.

18, 19. ബി.സി. 606-ൽ യഹസ്‌കേൽ അറിയിച്ച പ്രവചനം ഏത്‌? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

18 വർഷം ബി.സി. 606. യരുശ​ലേം നശിപ്പി​ക്ക​പ്പെ​ട്ടിട്ട്‌ ഏകദേശം ഒരു വർഷം കഴിഞ്ഞി​രു​ന്നു. ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്ന ഇസ്രാ​യേ​ല്യർക്ക്‌ അവി​ടെ​നിന്ന്‌ വിടു​വി​ക്ക​പ്പെ​ടാൻ ഇനിയും പതിറ്റാ​ണ്ടു​കൾ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ ഏറ്റവും വലിയ ഇടയനായ യഹോവ, തന്റെ ആടുക​ളു​ടെ നിത്യ​മായ ക്ഷേമത്തിൽ തനിക്ക്‌ എത്ര​ത്തോ​ളം താത്‌പ​ര്യ​മു​ണ്ടെന്നു തെളി​യി​ക്കുന്ന ഒരു പ്രവചനം രേഖ​പ്പെ​ടു​ത്താൻ ആ സമയത്ത്‌ യഹസ്‌കേ​ലി​നെ പ്രചോ​ദി​പ്പി​ച്ചു. മിശി​ഹൈ​ക​രാ​ജാവ്‌ ഒരു ഇടയ​നെ​പ്പോ​ലെ യഹോ​വ​യു​ടെ ആടുകളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള​താണ്‌ ആ പ്രവചനം.

19 പ്രവചനം പറയു​ന്നത്‌. (യഹസ്‌കേൽ 34:22-24 വായി​ക്കുക.) ‘എന്റെ ദാസനായ ദാവീദ്‌’ എന്നു വിളി​ക്കുന്ന “ഒരു ഇടയനെ (ദൈവം) എഴു​ന്നേൽപ്പി​ക്കും” എന്നു നമ്മൾ വായി​ക്കു​ന്നു. ഇവിടെ കാണുന്ന ‘ഒരു ഇടയൻ’ എന്ന പദപ്ര​യോ​ഗ​വും ‘ദാസൻ’ എന്ന ഏകവച​ന​രൂ​പ​വും സൂചി​പ്പി​ക്കു​ന്നത്‌ ആ ഭരണാ​ധി​കാ​രി ദാവീ​ദി​ന്റെ ഒരേ ഒരു അനന്തരാ​വ​കാ​ശി​യാ​യി​രി​ക്കും എന്നാണ്‌. അദ്ദേഹം എന്നേക്കു​മുള്ള ഭരണാ​ധി​കാ​രി​യാ​യ​തു​കൊണ്ട്‌ ദാവീ​ദി​ന്റെ വംശത്തിൽ ഒരു രാജപ​രമ്പര മേലാൽ ആവശ്യ​മില്ല. ആ ഇടയ-ഭരണാ​ധി​കാ​രി ദൈവ​ത്തി​ന്റെ ആടുകളെ തീറ്റി​പ്പോ​റ്റു​ക​യും അവരുടെ ‘തലവനാ​കു​ക​യും’ ചെയ്യും. യഹോവ തന്റെ ആടുക​ളു​മാ​യി “ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കും.” അവരുടെ മേൽ ‘അനു​ഗ്ര​ഹങ്ങൾ മഴപോ​ലെ പെയ്‌തി​റ​ങ്ങുന്ന’ ആ കാലത്ത്‌ അവർ സുരക്ഷി​ത​ത്വ​വും ഐശ്വ​ര്യ​സ​മൃ​ദ്ധി​യും ഫലപു​ഷ്ടി​യും ആസ്വദിച്ച്‌ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കും. മനുഷ്യ​രു​ടെ ഇടയിൽ മാത്രമല്ല മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും ഇടയിൽപ്പോ​ലും സമാധാ​നം കളിയാ​ടുന്ന ഒരു കാലമാ​യി​രി​ക്കും അത്‌!​—യഹ. 34:25-28.

20, 21. (എ) ‘എന്റെ ദാസനായ ദാവീ​ദി​നെ​ക്കു​റി​ച്ചുള്ള’ പ്രവചനം എങ്ങനെ നിറ​വേറി? (ബി) “സമാധാ​ന​യു​ട​മ്പടി”യെക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ വാക്കുകൾ ഭാവി​യിൽ എങ്ങനെ നിറ​വേ​റും?

20 പ്രവച​ന​ത്തി​ന്റെ നിവൃത്തി. ആ ഭരണാ​ധി​കാ​രി​യെ “എന്റെ ദാസനായ ദാവീദ്‌” എന്നു വിളി​ച്ച​പ്പോൾ ദൈവം പ്രാവ​ച​നി​ക​മാ​യി യേശു​വി​ലേ​ക്കാ​ണു വിരൽചൂ​ണ്ടി​യത്‌. ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വി​നു ഭരിക്കാൻ നിയമ​പ​ര​മാ​യി അവകാ​ശ​മു​ണ്ടാ​യി​രു​ന്നു. (സങ്കീ. 89:35, 36) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ‘ആടുകൾക്കു​വേണ്ടി ജീവൻ കൊടു​ത്തു​കൊണ്ട്‌’ താൻ ‘നല്ല ഇടയനാ​ണെന്നു’ യേശു തെളി​യി​ച്ചു. (യോഹ. 10:14, 15) എന്നാൽ ആ ഇടയൻ ഇപ്പോൾ സ്വർഗ​ത്തി​ലാണ്‌. (എബ്രാ. 13:20) 1914-ൽ ദൈവം യേശു​വി​നെ രാജാ​വാ​യി അവരോ​ധി​ക്കു​ക​യും ഭൂമി​യി​ലെ തന്റെ ആടുകളെ മേയ്‌ക്കാ​നും തീറ്റി​പ്പോ​റ്റാ​നും ഉള്ള ഉത്തരവാ​ദി​ത്വം ഏൽപ്പി​ക്കു​ക​യും ചെയ്‌തു. സിംഹാ​സ​ന​സ്ഥ​നാ​യി അധികം വൈകാ​തെ 1919-ൽ, ആ രാജാവ്‌ “വീട്ടു​ജോ​ലി​ക്കാർക്കു . . . ഭക്ഷണം കൊടു​ക്കാൻ” “വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ”യെ നിയമി​ച്ചു. സ്വർഗീ​യ​പ്ര​ത്യാ​ശ​യോ ഭൗമി​ക​പ്ര​ത്യാ​ശ​യോ ഉള്ള, ദൈവ​ത്തി​ന്റെ വിശ്വസ്‌താ​രാ​ധ​ക​രെ​ല്ലാം ആ ‘വീട്ടു​ജോ​ലി​ക്കാ​രിൽ’പ്പെടും. (മത്താ. 24:45-47) വിശ്വസ്‌ത​നായ ആ അടിമ ക്രിസ്‌തു​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ നൽകുന്ന ആത്മീയ​ഭ​ക്ഷണം ദൈവ​ത്തി​ന്റെ ആടുകളെ ഇന്നോളം സമൃദ്ധ​മാ​യി പോഷി​പ്പി​ച്ചി​ട്ടുണ്ട്‌. ഇന്നും വളർന്നു​വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ആത്മീയ​പ​റു​ദീ​സ​യിൽ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉന്നമി​പ്പി​ക്കാൻ ആ ഭക്ഷണം അവരെ സഹായി​ച്ചി​രി​ക്കു​ന്നു.

21 “സമാധാ​ന​യു​ട​മ്പടി”യെക്കു​റി​ച്ചും ‘അനു​ഗ്രഹം മഴപോ​ലെ പെയ്‌തി​റ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും’ ഉള്ള യഹസ്‌കേ​ലി​ന്റെ വാക്കുകൾ ഭാവി​യിൽ എങ്ങനെ നിറ​വേ​റും? വരാനി​രി​ക്കുന്ന പുതിയ ലോക​ത്തിൽ യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​ക​രാ​യി ഭൂമി​യി​ലുള്ള എല്ലാവ​രും “സമാധാ​ന​യു​ട​മ്പടി”യുടെ അനു​ഗ്ര​ഹങ്ങൾ മുഴു​വ​നാ​യി ആസ്വദി​ക്കും. ഭൂമി അക്ഷരാർഥ​ത്തിൽ ഒരു പറുദീ​സ​യാ​യി​ത്തീ​രു​മ്പോൾ യുദ്ധം, കുറ്റകൃ​ത്യം, ക്ഷാമം, രോഗം, വന്യമൃ​ഗങ്ങൾ എന്നിവ​യൊ​ന്നും വിശ്വസ്‌ത​രായ മനുഷ്യർക്കു മേലാൽ ഭീഷണി ഉയർത്തില്ല. (യശ. 11:6-9; 35:5, 6; 65:21-23) ദൈവ​ത്തി​ന്റെ ആടുക​ളെ​ല്ലാം ‘സുരക്ഷി​ത​രാ​യി കഴിയുന്ന’ പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​മായ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഓർക്കു​ന്നത്‌ നിങ്ങളെ കോരി​ത്ത​രി​പ്പി​ക്കു​ന്നി​ല്ലേ? അന്ന്‌ “ആരും അവരെ പേടി​പ്പി​ക്കില്ല.”​—യഹ. 34:28.

ദൈവത്തിന്റെ ആടുക​ളോ​ടുള്ള മറ്റുള്ള​വ​രു​ടെ പെരു​മാ​റ്റം സ്വർഗീയ ഇടയനായ യേശു നിരീ​ക്ഷി​ക്കു​ന്നുണ്ട്‌ (22-ാം ഖണ്ഡിക കാണുക)

22. ആടുക​ളോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം എന്താണ്‌, കീഴി​ട​യ​ന്മാ​രാ​യി സേവി​ക്കു​ന്ന​വർക്കു യേശു​വി​ന്റെ ഈ മനോ​ഭാ​വം എങ്ങനെ അനുക​രി​ക്കാം?

22 പ്രവച​ന​ത്തിൽനി​ന്നുള്ള പാഠം. പിതാ​വി​നെ​പ്പോ​ലെ​തന്നെ യേശു​വി​നും ആടുക​ളു​ടെ ക്ഷേമത്തിൽ അതിയായ താത്‌പ​ര്യ​മുണ്ട്‌. തന്റെ പിതാ​വി​ന്റെ ആടുകൾ ആത്മീയ​മാ​യി നന്നായി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നെ​ന്നും അവർ ആത്മീയ​പ​റു​ദീ​സ​യിൽ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ആസ്വദി​ക്കു​ന്നെ​ന്നും ആ ഇടയ-രാജാവ്‌ ഉറപ്പു​വ​രു​ത്തു​ന്നു. അങ്ങനെ​യൊ​രു ഭരണാ​ധി​കാ​രി​യു​ടെ പരിപാ​ല​ന​യിൽ കഴിയു​ന്നത്‌ എന്തൊ​രാ​ശ്വാ​സ​മാണ്‌! ആടുക​ളു​ടെ കാര്യ​ത്തിൽ യേശു​വി​നുള്ള അതേ താത്‌പ​ര്യം കീഴി​ട​യ​ന്മാ​രാ​യി സേവി​ക്കു​ന്ന​വർക്കും ഉണ്ടായി​രി​ക്കണം. മൂപ്പന്മാർ ആടുകളെ മേയ്‌ക്കു​ന്നത്‌ “മനസ്സോ​ടെ​യും” “അതീവ​താത്‌പ​ര്യ​ത്തോ​ടെ​യും” ആയിരി​ക്കണം. ആടുകൾക്ക്‌ അനുക​രി​ക്കാൻ പറ്റുന്ന മാതൃ​ക​ക​ളു​മാ​യി​രി​ക്കണം അവർ. (1 പത്രോ. 5:2, 3) യഹോ​വ​യു​ടെ ഒരു ആടിനെ ദ്രോ​ഹി​ക്കുന്ന എന്തെങ്കി​ലും ചെയ്യാൻ ഒരു മൂപ്പൻ ഒരിക്ക​ലും മുതി​രില്ല. യഹസ്‌കേ​ലി​ന്റെ നാളിലെ ദുഷ്ടരായ ഇടയന്മാർ “എന്നോടു കണക്കു പറയേ​ണ്ടി​വ​രും” എന്നു പറഞ്ഞ യഹോ​വ​യു​ടെ വാക്കുകൾ എപ്പോ​ഴും ഓർക്കുക. (യഹ. 34:10) ഏറ്റവും വലിയ ഇടയനായ യഹോവ, തന്റെ ആടുക​ളോ​ടുള്ള പെരു​മാ​റ്റം എപ്പോ​ഴും നിരീ​ക്ഷി​ക്കു​ന്നുണ്ട്‌. യേശു​വും അങ്ങനെ​ത​ന്നെ​യാണ്‌.

“എന്റെ ദാസനായ ദാവീദ്‌ എന്നെന്നും അവരുടെ തലവനാ​യി​രി​ക്കും”

23. ഇസ്രാ​യേൽ ജനതയെ ഒന്നിപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം എന്തായി​രു​ന്നു, അത്‌ എങ്ങനെ നിറ​വേറി?

23 തന്റെ ആരാധകർ ഒരുമ​യോ​ടെ സേവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള ഒരു പ്രവച​ന​ത്തിൽ തന്റെ ജനത്തെ ഒന്നിച്ചു​കൂ​ട്ടി വീണ്ടും “ഒറ്റ ജനതയാ​ക്കും” എന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തു. രണ്ടു-ഗോത്ര യഹൂദ​യി​ലും പത്തു-ഗോത്ര ഇസ്രാ​യേ​ലി​ലും പെട്ട ചിലരെ അത്തരത്തിൽ ഒന്നിച്ചു​കൂ​ട്ടു​ന്ന​തി​നെ, രണ്ടു “വടി” ദൈവ​ത്തി​ന്റെ കൈയിൽ “ഒറ്റ വടിയാ​യി” മാറു​ന്ന​തി​നോ​ടാ​ണു താരത​മ്യം ചെയ്‌തത്‌. (യഹ. 37:15-23) ബി.സി. 537-ൽ ദൈവം ഇസ്രാ​യേ​ലി​നെ ഒറ്റ ജനതയാ​യി വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു തിരികെ കൊണ്ടു​വ​ന്ന​പ്പോൾ ആ പ്രവചനം നിറ​വേറി. c എന്നാൽ അതു ഭാവി​യിൽ വരാനി​രുന്ന ഏറെ മഹത്താ​യ​തും നിലനിൽക്കു​ന്ന​തും ആയ ഐക്യ​ത്തി​ന്റെ ഒരു സൂചന മാത്ര​മാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രെ വീണ്ടും ഒന്നിപ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ വാഗ്‌ദാ​നം ചെയ്‌ത​ശേഷം, ഒരു ഭാവി​ഭ​ര​ണാ​ധി​കാ​രി ഭൂമി​യി​ലെ​ങ്ങു​മുള്ള സത്യാ​രാ​ധ​കരെ ഒന്നിപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഒരു പ്രവചനം യഹോവ യഹസ്‌കേ​ലി​നെ അറിയി​ച്ചു. അവരുടെ ഐക്യ​ത്തിന്‌ ഒരിക്ക​ലും കോട്ടം​ത​ട്ടി​ല്ലാ​യി​രു​ന്നു.

24. യഹോവ മിശി​ഹൈ​ക​രാ​ജാ​വി​നെ വിശേ​ഷി​പ്പി​ച്ചത്‌ എങ്ങനെ, ആ രാജാ​വി​ന്റെ ഭരണം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

24 പ്രവചനം പറയു​ന്നത്‌. (യഹസ്‌കേൽ 37:24-28 വായി​ക്കുക.) താൻ വാഗ്‌ദാ​നം ചെയ്‌ത മിശി​ഹൈ​ക​രാ​ജാ​വി​നെ യഹോവ വീണ്ടും ‘എന്റെ ദാസനായ ദാവീദ്‌’ എന്നും ‘ഒറ്റ ഇടയൻ’ എന്നും ‘തലവൻ’ എന്നും വിളി​ക്കു​ന്ന​താ​യി നമ്മൾ വായി​ക്കു​ന്നു. എന്നാൽ ഇത്തവണ യഹോവ അദ്ദേഹത്തെ “രാജാവ്‌” എന്നും വിളി​ക്കു​ന്നുണ്ട്‌. (യഹ. 37:22) ആ രാജാ​വി​ന്റെ ഭരണം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? അത്‌ ഇളകി​പ്പോ​കാത്ത ഒരു ഭരണമാ​യി​രി​ക്കും. “എന്നേക്കു​മുള്ള,” “എന്നെന്നും” എന്നീ പദപ്ര​യോ​ഗങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌ അത്‌ ഒരിക്ക​ലും നിലയ്‌ക്കാത്ത അനു​ഗ്ര​ഹങ്ങൾ ചൊരി​യും എന്നാണ്‌. d ഐക്യം ആ ഭരണത്തി​ന്റെ മുഖമു​ദ്ര​യാ​യി​രി​ക്കും. കൂറുള്ള പ്രജകൾ ആ ‘ഒറ്റ രാജാ​വി​നു’ കീഴിൽ ഒരേ “ന്യായ​ത്തീർപ്പു​കൾ” പിൻപ​റ്റു​ക​യും ഒരുമ​യോ​ടെ ‘ദേശത്ത്‌ കഴിയു​ക​യും’ ചെയ്യും. ആ ഭരണം പ്രജകളെ ദൈവ​മായ യഹോ​വ​യോ​ടു കൂടുതൽ അടുപ്പി​ക്കും. അവരു​മാ​യി യഹോവ “സമാധാ​ന​ത്തി​ന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.” യഹോവ അവരുടെ ദൈവ​വും അവർ യഹോ​വ​യു​ടെ ജനവും ആയിരി​ക്കും. ദൈവ​ത്തി​ന്റെ ‘വിശു​ദ്ധ​മ​ന്ദി​രം എന്നെന്നും അവരുടെ മധ്യേ ഇരിക്കും.’

25. മിശി​ഹൈ​ക​രാ​ജാ​വി​നെ​ക്കു​റി​ച്ചുള്ള പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

25 പ്രവച​ന​ത്തി​ന്റെ നിവൃത്തി. 1919-ൽ, വിശ്വസ്‌ത​രായ അഭിഷി​ക്തരെ മിശി​ഹൈ​ക​രാ​ജാ​വായ യേശു​ക്രിസ്‌തു എന്ന “ഒറ്റ ഇടയന്റെ” കീഴിൽ ഒന്നിച്ചു​കൂ​ട്ടി. പിന്നീട്‌ “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള” “ഒരു മഹാപു​രു​ഷാ​രം” അഭിഷി​ക്ത​രായ ആ സഹവി​ശ്വാ​സി​ക​ളോ​ടു ചേർന്നു. (വെളി. 7:9) അങ്ങനെ ഇരുകൂ​ട്ട​രും ‘ഒരു ഇടയന്റെ’ കീഴിൽ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി.’ (യോഹ. 10:16) അവരുടെ പ്രത്യാശ സ്വർഗീ​യ​മാ​യാ​ലും ഭൗമി​ക​മാ​യാ​ലും അവരെ​ല്ലാം യഹോ​വ​യു​ടെ ന്യായ​ത്തീർപ്പു​കൾ അഥവാ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​വ​രാണ്‌. ഫലമോ? ഒരു ലോക​വ്യാ​പക സഹോ​ദ​ര​കു​ടും​ബ​മാ​യി അവർ ഒരുമ​യോ​ടെ ആത്മീയ​പ​റു​ദീ​സ​യിൽ കഴിയു​ന്നു. യഹോവ സമാധാ​നം നൽകി അവരെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. കൂടാതെ, ശുദ്ധാ​രാ​ധ​നയെ പ്രതീ​ക​പ്പെ​ടു​ത്തുന്ന ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം ആലങ്കാ​രി​കാർഥ​ത്തിൽ അവരുടെ ഇടയി​ലുണ്ട്‌. ഇന്നും എന്നെന്നും യഹോ​വ​യാണ്‌ അവരുടെ ദൈവം, അവർ യഹോ​വ​യു​ടെ ആരാധ​ക​രും. അതിൽ അവർ അഭിമാ​നം​കൊ​ള്ളു​ന്നു!

26. ആത്മീയ​പ​റു​ദീ​സ​യി​ലെ ഐക്യം ഊട്ടി​യു​റ​പ്പി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

26 പ്രവച​ന​ത്തിൽനി​ന്നുള്ള പാഠം. ഒരു ലോക​വ്യാ​പക സഹോ​ദ​ര​കു​ടും​ബ​മാ​യി ഐക്യ​ത്തോ​ടെ യഹോ​വയ്‌ക്കു ശുദ്ധാ​രാ​ധന അർപ്പി​ക്കാ​നാ​കു​ന്നത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌! എന്നാൽ അതോ​ടൊ​പ്പം നമുക്ക്‌ ഒരു ഉത്തരവാ​ദി​ത്വ​വു​മുണ്ട്‌​—ആ ഐക്യം ഊട്ടി​യു​റ​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം! അതു​കൊ​ണ്ടു​തന്നെ നമ്മൾ വിശ്വ​സി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളി​ലും നമ്മുടെ പ്രവർത്ത​ന​ങ്ങ​ളി​ലും ഇന്നുള്ള സ്വരുമ നഷ്ടപ്പെ​ടാ​തി​രി​ക്കാൻ നമുക്ക്‌ ഓരോ​രു​ത്തർക്കും ചിലതു ചെയ്യാ​നുണ്ട്‌. (1 കൊരി. 1:10) അതിനാ​യി നമ്മളെ​ല്ലാ​വ​രും ഉത്സാഹ​ത്തോ​ടെ ഒരേ ആത്മീയാ​ഹാ​രം കഴിക്കു​ന്നു, പെരു​മാ​റ്റ​ത്തെ​ക്കു​റി​ച്ചുള്ള ഒരേ തിരു​വെ​ഴു​ത്തു​നി​ല​വാ​രങ്ങൾ പാലി​ക്കു​ന്നു, തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രസംഗ-ശിഷ്യ​രാ​ക്കൽ വേല എന്ന അതി​പ്ര​ധാ​ന​മായ പ്രവർത്തനം നടത്തുന്നു. എന്നാൽ നമ്മുടെ ഐക്യം നിലനി​റു​ത്താൻ ഏറ്റവും ആവശ്യം സ്‌നേ​ഹ​മാണ്‌. സഹാനു​ഭൂ​തി, അനുകമ്പ, ക്ഷമിക്കാ​നുള്ള സന്നദ്ധത എന്നിവ​യെ​ല്ലാം ആ അമൂല്യ​ഗു​ണ​ത്തി​ന്റെ വിവി​ധ​വ​ശ​ങ്ങ​ളാണ്‌. അവയൊ​ക്കെ വളർത്താ​നും പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രാ​നും ആത്മാർഥ​മാ​യി ശ്രമി​ക്കു​മ്പോൾ നമ്മൾ ആ ഐക്യം ഊട്ടി​യു​റ​പ്പി​ക്കു​ന്നു. ബൈബിൾ പറയു​ന്ന​തു​പോ​ലെ ‘സ്‌നേ​ഹ​ത്തിന്‌’ ‘ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുണ്ട്‌.’​—കൊലോ. 3:12-14; 1 കൊരി. 13:4-7.

സ്‌നേഹമുള്ള ആഗോള സഹോ​ദ​ര​കു​ടും​ബത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു (26-ാം ഖണ്ഡിക കാണുക)

27. (എ) യഹസ്‌കേൽപുസ്‌ത​ക​ത്തി​ലെ മിശിഹൈകപ്രവചനങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? (ബി) ഈ പുസ്‌ത​ക​ത്തി​ന്റെ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ എന്തു പഠിക്കും?

27 യഹസ്‌കേൽ പുസ്‌ത​ക​ത്തിൽ ഈ മിശി​ഹൈ​ക​പ്ര​വ​ച​നങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! അവ വായി​ക്കു​ന്ന​തും അവയെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്ന​തും നമ്മുടെ പ്രിയ​ങ്ക​ര​നായ രാജാ​വി​നെ​ക്കു​റിച്ച്‌ എത്ര​യെത്ര കാര്യ​ങ്ങ​ളാ​ണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌! അതെ, യേശു​ക്രിസ്‌തു എന്തു​കൊ​ണ്ടും ആശ്രയ​യോ​ഗ്യ​നാണ്‌, ഭരിക്കാൻ നിയമ​പ​ര​മാ​യി അവകാ​ശ​മു​ള്ള​വ​നാണ്‌, നമ്മളെ ആർദ്ര​ത​യോ​ടെ മേയ്‌ക്കുന്ന ഇടയനാണ്‌, തകർക്കാ​നാ​കാത്ത ഐക്യ​ബ​ന്ധ​ത്തിൽ നമ്മളെ എന്നെന്നും ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ന്ന​വ​നാണ്‌. ആ മിശി​ഹൈ​ക​രാ​ജാ​വി​ന്റെ പ്രജയാ​യി​രി​ക്കു​ന്നതു ശരിക്കും ഒരു അനു​ഗ്ര​ഹം​തന്നെ! മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ഈ പ്രവച​ന​ങ്ങൾക്കെ​ല്ലാം യഹസ്‌കേൽപുസ്‌ത​ക​ത്തി​ന്റെ കേന്ദ്ര​വി​ഷ​യ​മായ പുനഃ​സ്ഥാ​പ​ന​വു​മാ​യി ബന്ധമു​ണ്ടെന്ന്‌ ഓർക്കുക. തന്റെ ജനത്തെ ഒരുമി​ച്ചു​കൂ​ട്ടാ​നും അവരു​ടെ​യി​ട​യിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും യഹോവ യേശു​വി​നെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. (യഹ. 20:41) ആവേശ​ജ​ന​ക​മായ ആ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ പുസ്‌തകം എന്തെല്ലാം വെളി​പ്പെ​ടു​ത്തു​ന്നെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ തുടർന്നുള്ള അധ്യാ​യ​ങ്ങ​ളിൽ നമ്മൾ കാണും.

a ജൂതന്മാ​രു​ടെ ആദ്യസം​ഘത്തെ ബന്ദിക​ളാ​യി കൊണ്ടു​പോയ ബി.സി. 617-ലാണ്‌ അദ്ദേഹ​ത്തി​ന്റെ പ്രവാ​സ​ജീ​വി​തം തുടങ്ങി​യത്‌. ഇതിൽനിന്ന്‌ ആറാം വർഷം തുടങ്ങി​യതു ബി.സി. 612-ലാണെന്നു മനസ്സി​ലാ​ക്കാം.

b യേശു ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​ണെന്നു സൂചി​പ്പി​ക്കുന്ന വംശാ​വലി, ദൈവ​പ്ര​ചോ​ദി​ത​മായ സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ വളരെ വിശദ​മാ​യി​ത്തന്നെ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—മത്താ. 1:1-16; ലൂക്കോ. 3:23-31.

c രണ്ടു വടി​യെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ പ്രവച​ന​വും അതിന്റെ നിവൃ​ത്തി​യും ഈ പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യാ​യ​ത്തിൽ വിശദ​മാ​യി ചർച്ച ചെയ്യും.

d “എന്നേക്കു​മുള്ള,” “എന്നെന്നും” എന്നിങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തെ​ക്കു​റിച്ച്‌ ഒരു ആധികാ​രി​ക​ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഈ പദം കാല​ദൈർഘ്യ​ത്തെ മാത്രമല്ല സൂചി​പ്പി​ക്കു​ന്നത്‌. സ്ഥിരത​യുള്ള, ഈടു​നിൽക്കുന്ന, തടസ്സ​പ്പെ​ടു​ത്താ​നാ​കാത്ത, മാറ്റം വരുത്താ​നാ​കാത്ത തുടങ്ങിയ അർഥങ്ങ​ളും അതിനുണ്ട്‌.”