വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 9

“ഞാൻ അവർക്ക്‌ ഒരേ മനസ്സു കൊടു​ക്കും”

“ഞാൻ അവർക്ക്‌ ഒരേ മനസ്സു കൊടു​ക്കും”

യഹസ്‌കേൽ 11:19

മുഖ്യവിഷയം: പുനഃ​സ്ഥാ​പ​ന​വും അതി​ലേക്കു വെളിച്ചം വീശുന്ന യഹസ്‌കേൽപ്ര​വ​ച​ന​ങ്ങ​ളും

1-3. ബാബി​ലോൺകാർ യഹോ​വ​യു​ടെ ആരാധ​കരെ പരിഹ​സി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

 നിങ്ങൾ ബാബി​ലോൺ നഗരത്തിൽ താമസി​ക്കുന്ന വിശ്വസ്‌ത​നായ ഒരു ജൂതനാ​ണെന്നു കരുതുക. നിങ്ങളും മറ്റു ജൂതന്മാ​രും പ്രവാ​സ​ജീ​വി​തം തുടങ്ങി​യിട്ട്‌ ഏകദേശം അര നൂറ്റാ​ണ്ടാ​യി. ശബത്തിലെ പതിവ​നു​സ​രിച്ച്‌ യഹോ​വയെ ആരാധി​ക്കാൻ സഹവി​ശ്വാ​സി​ക​ളു​ടെ അടു​ത്തേക്കു പോകു​ക​യാ​ണു നിങ്ങൾ. പ്രൗഢി​യോ​ടെ തലയു​യർത്തി നിൽക്കുന്ന ക്ഷേത്ര​ങ്ങ​ളും എണ്ണമറ്റ ദേവാ​ല​യ​ങ്ങ​ളും പിന്നിട്ട്‌ നിങ്ങൾ തിരക്കു​പി​ടിച്ച തെരു​വു​ക​ളി​ലൂ​ടെ നടന്നു​നീ​ങ്ങു​ക​യാണ്‌. മാർഡൂ​ക്കി​നെ​പ്പോ​ലുള്ള ദേവന്മാർക്കു ബലി അർപ്പി​ക്കാൻ ഒരു ജനസാ​ഗ​രം​തന്നെ അവിടെ എത്തിയി​ട്ടുണ്ട്‌. അവരുടെ കണ്‌ഠ​ങ്ങ​ളിൽനിന്ന്‌ ഉയരുന്ന കീർത്ത​നങ്ങൾ അന്തരീ​ക്ഷ​ത്തി​ലെ​ങ്ങും അലയടി​ക്കു​ന്നു.

2 ആ തിരക്കു​ക​ളിൽനി​ന്നെ​ല്ലാം അകലെ അതാ, നിങ്ങൾ തേടുന്ന ആ ചെറിയ കൂട്ടം. a ഒന്നിച്ചി​രുന്ന്‌ പ്രാർഥി​ക്കാ​നും സങ്കീർത്ത​നങ്ങൾ ആലപി​ക്കാ​നും ദൈവ​വ​ചനം ധ്യാനി​ക്കാ​നും പറ്റിയ ശാന്തമായ ഒരിടം നഗരത്തി​ലെ ഒരു നീർച്ചാ​ലി​ന്റെ അടുത്താ​യി നിങ്ങൾ കണ്ടെത്തു​ന്നു. അതിന്റെ ഓരത്ത്‌ അടുപ്പി​ച്ചി​രി​ക്കുന്ന തടിവ​ള്ള​ങ്ങ​ളു​ടെ പലകകൾ ഞെരി​ഞ്ഞ​മ​രുന്ന നേരിയ ശബ്ദം നിങ്ങൾക്കു കേൾക്കാം. ഒരുമി​ച്ചി​രുന്ന്‌ പ്രാർഥി​ക്കാൻ സ്വച്ഛമായ ഒരിടം കിട്ടി​യ​തിൽ നിങ്ങൾക്കെ​ല്ലാം സന്തോ​ഷ​മുണ്ട്‌, ഒപ്പം ഒരു ആകുല​ത​യും. മുമ്പും പല തവണ സംഭവി​ച്ചി​ട്ടു​ള്ള​തു​പോ​ലെ പരിസ​ര​വാ​സി​കൾ അവി​ടെ​യെത്തി എല്ലാം അലങ്കോ​ല​പ്പെ​ടു​ത്തി​യാ​ലോ? പക്ഷേ അവർ എന്തിന്‌ അങ്ങനെ ചെയ്യണം?

3 അനേകം യുദ്ധങ്ങൾ പോരാ​ടി ജയിച്ച​തി​ന്റെ നീണ്ട ചരിത്രം ബാബി​ലോ​ണി​നുണ്ട്‌. നഗരത്തി​ന്റെ ശക്തി തങ്ങളുടെ ദേവന്മാ​രാ​ണെ​ന്നാണ്‌ അവരുടെ വിശ്വാ​സം. മാർഡൂക്ക്‌ ദേവൻ യഹോ​വ​യെ​ക്കാൾ ശക്തനാ​യ​തു​കൊ​ണ്ടാണ്‌ യരുശ​ലേം തകർന്ന​ടി​ഞ്ഞ​തെ​ന്നു​പോ​ലും അവർ കരുതു​ന്നു. അവർ നിങ്ങ​ളെ​യും നിങ്ങളു​ടെ ദൈവ​ത്തെ​യും കളിയാ​ക്കു​ന്ന​തി​ന്റെ കാരണ​വും അതുതന്നെ. “ഒരു സീയോൻഗീ​തം പാടി​ക്കേൾപ്പിക്ക്‌” എന്ന്‌ ഒരു പരിഹാ​സ​ച്ചു​വ​യോ​ടെ അവർ ഇടയ്‌ക്കൊ​ക്കെ ആവശ്യ​പ്പെ​ടാ​റുണ്ട്‌. (സങ്കീ. 137:3) യഹോ​വ​യു​ടെ ശത്രു​ക്ക​ളു​ടെ മേൽ സീയോൻ അഥവാ യരുശ​ലേം നേടിയ ജയത്തെ പ്രകീർത്തി​ക്കുന്ന സങ്കീർത്ത​ന​ങ്ങ​ളെ​യാ​കാം ഒരുപക്ഷേ ബാബി​ലോൺകാർ കളിയാ​ക്കി​യത്‌. എന്നാൽ ബാബി​ലോൺകാ​രെ​ക്കു​റി​ച്ചു​തന്നെ പറയുന്ന ചില സങ്കീർത്ത​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. “അവർ യരുശ​ലേ​മി​നെ നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​ക്കി. . . . ചുറ്റു​മു​ള്ളവർ ഞങ്ങളെ കളിയാ​ക്കു​ന്നു, അവഹേ​ളി​ക്കു​ന്നു” എന്ന ഭാഗം അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌.​—സങ്കീ. 79:1, 3, 4.

4, 5. യഹസ്‌കേ​ലി​ന്റെ പ്രവചനം എന്തു പ്രത്യാശ പകർന്നു, ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

4 ഇതി​നൊ​ക്കെ പുറമേ, വിശ്വാ​സ​ത്യാ​ഗി​ക​ളായ ജൂതന്മാ​രു​മുണ്ട്‌. യഹോ​വ​യി​ലും പ്രവാ​ച​ക​ന്മാ​രി​ലും നിങ്ങൾക്കുള്ള വിശ്വാ​സത്തെ നിന്ദി​ക്കാൻ അവസരം തേടി നടക്കു​ക​യാണ്‌ അവർ. കാര്യങ്ങൾ ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ശുദ്ധാ​രാ​ധന നിങ്ങൾക്കും കുടും​ബ​ത്തി​നും നൽകുന്ന ആശ്വാസം ഒന്നു വേറെ​തന്നെ. ദൈവ​വ​ചനം വായി​ക്കു​ന്ന​തും ഒരുമിച്ച്‌ പ്രാർഥി​ക്കു​ന്ന​തും പാട്ടു പാടു​ന്ന​തും വലി​യൊ​രു സന്തോ​ഷ​മാണ്‌. (സങ്കീ. 94:19; റോമ. 15:4) ഇന്ന്‌ ആരാധ​നയ്‌ക്ക്‌ അവിടെ വന്നിരി​ക്കുന്ന ഒരാളു​ടെ കൈയിൽ വളരെ വിശേ​ഷ​പ്പെട്ട ഒരു സാധന​മുണ്ട്‌. യഹസ്‌കേ​ലി​ന്റെ പ്രവചനം അടങ്ങിയ ഒരു ചുരുൾ! യഹോവ തന്റെ ജനത്തെ മാതൃ​ദേ​ശ​ത്തേക്കു തിരികെ കൊണ്ടു​പോ​കു​മെ​ന്നുള്ള പ്രവചനം അതിൽനിന്ന്‌ വായി​ച്ചു​കേ​ട്ട​പ്പോൾ നിങ്ങളു​ടെ ഹൃദയ​ത്തിൽ ആവേശ​ത്തി​ര​ക​ളു​യർന്നു. ഇതു​പോ​ലൊ​രു വാർത്ത കേൾക്കാൻ എത്ര നാളായി കാത്തി​രി​ക്കു​ന്നു! ഒരുനാൾ നിങ്ങൾ കുടും​ബ​ത്തോ​ടൊ​പ്പം അവിടെ തിരികെ ചെല്ലു​ന്ന​തും ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ സഹായി​ക്കു​ന്ന​തും നിങ്ങൾ ഇപ്പോൾ ഭാവന​യിൽ കാണുന്നു. എത്ര ആവേശ​ക​ര​മായ ഒരു സമയമാ​യി​രി​ക്കും അത്‌!

5 യഹസ്‌കേൽ എന്ന ബൈബിൾപു​സ്‌തകം പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങ​ളാൽ സമ്പന്നമാണ്‌. പ്രത്യാശ പകരുന്ന ആ വാഗ്‌ദാ​ന​ങ്ങ​ളാ​ണു നമ്മൾ ഇപ്പോൾ ചർച്ച ചെയ്യാൻപോ​കു​ന്നത്‌. പ്രവാ​സി​ക​ളു​ടെ ജീവി​ത​ത്തിൽ അവ എങ്ങനെ നിറ​വേറി? അത്തരം പ്രവച​ന​ങ്ങ​ളു​ടെ ആധുനി​ക​കാ​ല​പ്ര​സക്തി എന്താണ്‌? അവയിൽ ചിലതി​നു ഭാവി​യിൽ ഉണ്ടാകാ​നി​രി​ക്കുന്ന അന്തിമ​നി​വൃ​ത്തി​യെ​ക്കു​റി​ച്ചും നമ്മൾ പഠിക്കും.

“അവരെ ബന്ദിക​ളാ​യി, അടിമ​ത്ത​ത്തി​ലേക്ക്‌, കൊണ്ടു​പോ​കും”

6. ധിക്കാ​രി​ക​ളായ തന്റെ ജനത്തിനു ദൈവം ആവർത്തിച്ച്‌ മുന്നറി​യി​പ്പു കൊടു​ത്തത്‌ എങ്ങനെ?

6 ധിക്കാരം തുടർന്നാൽ തന്റെ ജനത്തെ ശിക്ഷി​ക്കു​മെന്ന്‌ യഹോവ യഹസ്‌കേ​ലി​ലൂ​ടെ വ്യക്തമാ​ക്കി​യി​രു​ന്നു. “അവരെ ബന്ദിക​ളാ​യി, അടിമ​ത്ത​ത്തി​ലേക്ക്‌, കൊണ്ടു​പോ​കും” എന്ന്‌ യഹോവ പറഞ്ഞു. (യഹ. 12:11) ഈ പുസ്‌ത​ക​ത്തി​ന്റെ 6-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യഹസ്‌കേൽ അത്‌ അഭിന​യി​ച്ചു​കാ​ണി​ക്കു​ക​പോ​ലും ചെയ്‌തു. പക്ഷേ ഈ മുന്നറി​യിപ്പ്‌ ആദ്യ​ത്തേ​താ​യി​രു​ന്നില്ല. ധിക്കാരം കാണി​ക്കു​ന്നത്‌ അവസാ​നി​പ്പി​ച്ചി​ല്ലെ​ങ്കിൽ തന്റെ ജനത്തിനു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വ​രു​മെന്ന്‌ ഏതാണ്ട്‌ ഒരു സഹസ്രാ​ബ്ദം മുമ്പ്‌, മോശ​യു​ടെ കാലം​മു​തലേ യഹോവ മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്ന​താണ്‌. (ആവ. 28:36, 37) ഇതിനു പുറമേ, യശയ്യയും യിരെ​മ്യ​യും സമാന​മായ മുന്നറി​യി​പ്പു​കൾ നൽകി​യി​രു​ന്നു.​—യശ. 39:5-7; യിരെ. 20:3-6.

7. യഹോവ തന്റെ ജനത്തെ ശിക്ഷി​ച്ചത്‌ എങ്ങനെ?

7 സങ്കടക​ര​മെന്നു പറയട്ടെ, മിക്കവ​രും ആ മുന്നറി​യി​പ്പു​കൾക്കു വില കല്‌പി​ച്ചില്ല. അവരുടെ ധിക്കാരം, വിഗ്ര​ഹാ​രാ​ധന, അവിശ്വ​സ്‌തത, അവിടത്തെ ഇടയന്മാ​രു​ടെ ദുസ്സ്വാ​ധീ​നം മൂലമു​ണ്ടായ ധാർമി​കാ​ധഃ​പ​തനം എന്നിവ​യൊ​ക്കെ കണ്ട്‌ യഹോ​വ​യു​ടെ ഹൃദയം വേദനി​ച്ചു. ഒടുവിൽ അവിടെ ക്ഷാമം ഉണ്ടാകാൻ യഹോവ അനുവ​ദി​ച്ചു. അവിടം “പാലും തേനും ഒഴുകുന്ന” ഒരു ദേശമാ​യി​രു​ന്ന​തു​കൊണ്ട്‌ ആ ക്ഷാമം ഒരു ദുരന്ത​ത്തെ​ക്കാൾ ഉപരി വലി​യൊ​രു അപമാ​ന​മാ​യി​രു​ന്നു. (യഹ. 20:6, 7) പിന്നീട്‌, കാലങ്ങൾക്കു മുമ്പേ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കാൻ യഹോവ അനുവ​ദി​ച്ചു. വഴി​തെ​റ്റി​പ്പോയ ആ ജനതയ്‌ക്കുള്ള ശിക്ഷയാ​യി​രു​ന്നു അത്‌. ബി.സി. 607-ൽ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ച്ചു​കൊണ്ട്‌ ബാബി​ലോ​ണി​ലെ നെബൂ​ഖദ്‌നേസർ രാജാവ്‌ അവരുടെ മേൽ അന്തിമ​പ്ര​ഹ​ര​മേൽപ്പി​ച്ചു. അതിനെ അതിജീ​വിച്ച ആയിര​ക്ക​ണ​ക്കി​നു ജൂതന്മാ​രെ ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​യി. ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടതു​പോ​ലെ അവർക്ക്‌ അവിടെ പരിഹാ​സ​ശ​ര​ങ്ങ​ളും എതിർപ്പു​ക​ളും സഹിച്ച്‌ കഴി​യേ​ണ്ടി​വന്നു.

8, 9. വിശ്വാ​സ​ത്യാ​ഗ​ത്തിന്‌ എതിരെ ദൈവം ക്രിസ്‌തീ​യ​സ​ഭയ്‌ക്കു മുന്നറി​യി​പ്പു കൊടു​ത്തത്‌ എങ്ങനെ?

8 അങ്ങനെ​യെ​ങ്കിൽ ക്രിസ്‌തീ​യ​സ​ഭ​യു​ടെ കാര്യ​മോ? ബാബി​ലോൺപ്ര​വാ​സ​ത്തോ​ടു സമാന​മായ എന്തെങ്കി​ലും അതിനു സംഭവി​ച്ചോ? സംഭവി​ച്ചു! പുരാ​ത​ന​കാ​ലത്തെ ജൂതന്മാ​രെ​പ്പോ​ലെ​തന്നെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കും നേര​ത്തേ​തന്നെ മുന്നറി​യി​പ്പു ലഭിച്ചി​രു​ന്ന​താണ്‌. തന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭ​കാ​ലത്ത്‌ യേശു ഇങ്ങനെ പറഞ്ഞി​രു​ന്നു: “കള്ളപ്ര​വാ​ച​ക​ന്മാ​രെ സൂക്ഷി​ച്ചു​കൊ​ള്ളുക. അവർ ചെമ്മരി​യാ​ടു​ക​ളു​ടെ വേഷത്തിൽ നിങ്ങളു​ടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചു​കീ​റുന്ന ചെന്നായ്‌ക്ക​ളാണ്‌.” (മത്താ. 7:15) വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പോസ്‌ത​ല​നും ദൈവ​പ്ര​ചോ​ദി​ത​നാ​യി സമാന​മായ ഒരു മുന്നറി​യി​പ്പു നൽകി: “ഞാൻ പോയ​ശേഷം, ആട്ടിൻകൂ​ട്ട​ത്തോട്‌ ആർദ്രത കാണി​ക്കാത്ത ക്രൂര​രായ ചെന്നാ​യ്‌ക്കൾ നിങ്ങൾക്കി​ട​യിൽ കടക്കു​മെന്ന്‌ എനിക്ക്‌ അറിയാം. നിങ്ങൾക്കി​ട​യിൽനി​ന്നു​തന്നെ ചിലർ എഴു​ന്നേറ്റ്‌, ശിഷ്യ​ന്മാ​രെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടു​പോ​കാൻവേണ്ടി ഉപദേ​ശ​ങ്ങളെ വളച്ചൊ​ടി​ക്കും.”​—പ്രവൃ. 20:29, 30.

9 അത്തരം അപകട​കാ​രി​കളെ എങ്ങനെ തിരി​ച്ച​റി​യാം, ഒഴിവാ​ക്കാം എന്നൊക്കെ ക്രിസ്‌ത്യാ​നി​കളെ പഠിപ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. വിശ്വാ​സ​ത്യാ​ഗി​കളെ സഭയിൽനിന്ന്‌ നീക്കി​ക്ക​ള​യാൻ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർക്കും നിർദേശം ലഭിച്ചി​രു​ന്നു. (1 തിമൊ. 1:19; 2 തിമൊ. 2:16-19; 2 പത്രോ. 2:1-3; 2 യോഹ. 10) എങ്കിലും ഇസ്രാ​യേ​ലും യഹൂദ​യും പണ്ടു ചെയ്‌ത​തു​പോ​ലെ​തന്നെ പല ക്രിസ്‌ത്യാ​നി​ക​ളും സ്‌നേഹം നിറഞ്ഞ ആ മുന്നറി​യി​പ്പു​കൾക്കു പതി​യെ​പ്പ​തി​യെ വില കല്‌പി​ക്കാ​താ​യി. ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും വിശ്വാ​സ​ത്യാ​ഗം സഭയിൽ വേരു​പി​ടി​ച്ചി​രു​ന്നു. ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഈ ധാർമി​കാ​ധഃ​പ​ത​ന​വും സഭയിൽ വ്യാപ​ക​മാ​യി​രുന്ന ധിക്കാ​ര​വും ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​നം​വരെ ജീവി​ച്ചി​രുന്ന അപ്പോസ്‌ത​ല​നായ യോഹ​ന്നാ​ന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ദുഷിച്ച പ്രവണ​തയ്‌ക്ക്‌ ഒരു തടസ്സമാ​യി അവശേ​ഷി​ച്ചി​രുന്ന ഒരേ ഒരാൾ അവസാ​നത്തെ ആ അപ്പോസ്‌ത​ല​നാ​യി​രു​ന്നു. (2 തെസ്സ. 2:6-8; 1 യോഹ. 2:18) എന്നാൽ യോഹ​ന്നാ​ന്റെ മരണ​ശേഷം എന്തു സംഭവി​ച്ചു?

10, 11. ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്തകഥ എ.ഡി. രണ്ടാം നൂറ്റാ​ണ്ടു​മു​തൽ നിറ​വേ​റി​യത്‌ എങ്ങനെ?

10 യോഹ​ന്നാൻ മരിച്ച​തോ​ടെ ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്തകഥ നിറ​വേ​റാൻതു​ടങ്ങി. (മത്തായി 13:24-30 വായി​ക്കുക.) യേശു മുൻകൂ​ട്ടി​ക്ക​ണ്ട​തു​പോ​ലെ​തന്നെ സാത്താൻ ക്രിസ്‌തീ​യ​സ​ഭ​യിൽ കപട​ക്രിസ്‌ത്യാ​നി​ക​ളായ “കളകൾ” വിതച്ചു. സഭയുടെ ധാർമി​കാ​ധഃ​പ​ത​ന​ത്തിന്‌ അത്‌ ആക്കം കൂട്ടി. തന്റെ മകൻ സ്ഥാപിച്ച സഭയെ വിഗ്ര​ഹാ​രാ​ധ​ന​യും വ്യാജ​മ​താ​ചാ​ര​ങ്ങ​ളും വിശേ​ഷ​ദി​വ​സ​ങ്ങ​ളും മലിന​മാ​ക്കു​ന്നതു കണ്ടപ്പോൾ യഹോ​വയ്‌ക്ക്‌ എത്രമാ​ത്രം ഹൃദയ​വേദന തോന്നി​ക്കാ​ണും! ദൈവ​വി​ശ്വാ​സ​മി​ല്ലാത്ത തത്ത്വചി​ന്ത​ക​രിൽനി​ന്നും സാത്താ​ന്യ​മ​ത​ങ്ങ​ളിൽനി​ന്നും കടം​കൊണ്ട വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളും അതിനെ കളങ്ക​പ്പെ​ടു​ത്തി. അതു​കൊണ്ട്‌ യഹോവ എന്തു ചെയ്‌തു? അവിശ്വസ്‌ത​രായ ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ​തന്നെ തന്റെ ഈ ജനത്തെ​യും പ്രവാ​സി​ക​ളാ​യി കൊണ്ടു​പോ​കാൻ യഹോവ അനുവ​ദി​ച്ചു. എപ്പോ​ഴാ​യി​രു​ന്നു അത്‌? എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലെ ഏതോ ഒരു ഘട്ടംമു​തൽ, അനേകം​വ​രുന്ന കപട​ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽനിന്ന്‌ ഗോത​മ്പു​തു​ല്യ​രായ ആളുകളെ കണ്ടെത്തു​ന്നതു പ്രയാ​സ​മാ​യി​ത്തീർന്നു. അതെ, സത്യ​ക്രിസ്‌തീ​യസഭ ആ സമയത്ത്‌ വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രു​ന്നെന്നു പറയാം. കപട​ക്രിസ്‌ത്യാ​നി​ക​ളാ​കട്ടെ ആ ദുഷിച്ച സാമ്രാ​ജ്യ​ത്തി​ന്റെ ഭാഗമാ​കു​ക​യും ചെയ്‌തു. കപട​ക്രിസ്‌ത്യാ​നി​കൾ തഴച്ചു​വ​ളർന്ന​തോ​ടെ ക്രൈസ്‌ത​വ​ലോ​കം ഉദയം​കൊ​ണ്ടു.

11 ക്രൈസ്‌ത​വ​ലോ​കം ആധിപ​ത്യം പുലർത്തിയ ഇരുണ്ട നൂറ്റാ​ണ്ടു​ക​ളിൽ ഉടനീളം യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ “ഗോതമ്പ്‌” ചിത്രീ​ക​രിച്ച ചില യഥാർഥ​ക്രിസ്‌ത്യാ​നി​ക​ളു​ണ്ടാ​യി​രു​ന്നു. യഹസ്‌കേൽ 6:9-ൽ വിവരി​ച്ചി​രി​ക്കുന്ന ജൂത​പ്ര​വാ​സി​ക​ളെ​പ്പോ​ലെ അവർ സത്യ​ദൈ​വത്തെ ഓർത്തു. ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്റെ വ്യാ​ജോ​പ​ദേ​ശ​ങ്ങളെ സധൈ​ര്യം എതിർത്ത​വ​രാ​യി​രു​ന്നു അവരിൽ ചിലർ. അവർക്കു പരിഹാ​സ​വും ക്രൂര​പീ​ഡ​ന​ങ്ങ​ളും സഹി​ക്കേ​ണ്ടി​വന്നു. തന്റെ ജനം എന്നെന്നും ആത്മീയാ​ന്ധ​കാ​രം നിറഞ്ഞ ലോകത്ത്‌ കഴിയ​ണ​മെ​ന്നാ​യി​രു​ന്നോ യഹോ​വ​യു​ടെ ഉദ്ദേശ്യം? അല്ല! ഇസ്രാ​യേ​ലി​ന്റെ ചരിത്രം വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ യഹോവ എന്നെന്നും കോപം വെച്ചു​കൊ​ണ്ടി​രി​ക്കുന്ന ദൈവമല്ല, അനിയ​ന്ത്രി​ത​മാ​യി കോപി​ക്കുന്ന ദൈവ​വു​മല്ല. (യിരെ. 46:28) ഇനി, യഹോവ തന്റെ ജനത്തിനു പ്രത്യാ​ശയ്‌ക്കു വക നൽകി എന്നതും ശ്രദ്ധേ​യ​മാണ്‌. പണ്ട്‌ ബാബി​ലോ​ണിൽ കഴിഞ്ഞി​രുന്ന ജൂത​പ്ര​വാ​സി​കൾക്കും അടിമത്തം അവസാ​നി​ക്കു​മെന്ന പ്രത്യാശ യഹോവ നൽകി​യി​രു​ന്നു. അത്‌ എങ്ങനെ​യാ​യി​രു​ന്നെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

നൂറ്റാണ്ടുകളോളം സത്യ​ക്രിസ്‌ത്യാ​നി​കൾക്കു ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ കടുത്ത ഉപദ്ര​വങ്ങൾ നേരിട്ടു (10, 11 ഖണ്ഡികകൾ കാണുക)

“അപ്പോൾ, എന്റെ കോപം തീരും”

12, 13. യഹസ്‌കേ​ലി​ന്റെ നാളിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ ക്രോധം എങ്ങനെ ശമിക്കു​മാ​യി​രു​ന്നു?

12 തന്റെ ജനത്തോ​ടു തോന്നിയ കോപം യഹോവ തുറന്നു​പ്ര​ക​ടി​പ്പി​ക്കു​ക​തന്നെ ചെയ്‌തു. പക്ഷേ നീതി​നിഷ്‌ഠ​മായ ആ ധർമ​രോ​ഷം എന്നെന്നും നീണ്ടു​നിൽക്കി​ല്ലെ​ന്നും യഹോവ അവർക്ക്‌ ഉറപ്പു​കൊ​ടു​ത്തു. അതിന്‌ ഉദാഹ​ര​ണ​മാണ്‌ ഈ വാക്കുകൾ: “എന്റെ കോപം തീരും. അവർക്കെ​തി​രെ​യുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്‌തി​യാ​കും. അവർക്കെ​തി​രെ എന്റെ ക്രോധം ചൊരി​ഞ്ഞു​തീ​രു​മ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാ​യ​തു​കൊണ്ട്‌ ആ എരിവി​ലാ​ണു ഞാൻ സംസാ​രി​ച്ച​തെന്ന്‌ അവർ മനസ്സി​ലാ​ക്കേ​ണ്ടി​വ​രും.” (യഹ. 5:13) എന്നാൽ യഹോ​വ​യു​ടെ ക്രോധം എങ്ങനെ​യാ​ണു ശമിക്കുക?

13 ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യ​വ​രു​ടെ കൂട്ടത്തിൽ അവിശ്വസ്‌ത​രായ ജൂതന്മാ​രോ​ടൊ​പ്പം വിശ്വസ്‌ത​രായ ജൂതന്മാ​രും ഉണ്ടായി​രു​ന്നു. ഇനി, പ്രവാ​സി​ക​ളാ​യി കഴിയുന്ന സമയത്ത്‌ തന്റെ ജനത്തിൽ ചിലർ പശ്ചാത്ത​പി​ക്കു​മെ​ന്നും യഹസ്‌കേ​ലി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. പശ്ചാത്താ​പ​മുള്ള ആ ജൂതന്മാർ, തങ്ങൾ ദൈവത്തെ ധിക്കരിച്ച്‌ കാട്ടി​ക്കൂ​ട്ടിയ നാണം​കെട്ട കാര്യങ്ങൾ ഓർത്ത്‌ യഹോ​വ​യു​ടെ ക്ഷമയ്‌ക്കാ​യും പ്രീതി​ക്കാ​യും യാചി​ക്കു​മാ​യി​രു​ന്നു. (യഹ. 6:8-10; 12:16) ബന്ദിക​ളാ​യി കൊണ്ടു​പോ​യ​വ​രിൽപ്പെട്ട വിശ്വസ്‌ത​രായ ചില ജൂതന്മാ​രാ​യി​രു​ന്നു യഹസ്‌കേ​ലും ദാനി​യേൽ പ്രവാ​ച​ക​നും അദ്ദേഹ​ത്തി​ന്റെ മൂന്നു കൂട്ടാ​ളി​ക​ളും. ദാനി​യേ​ലാ​കട്ടെ, പ്രവാ​സ​ജീ​വി​ത​ത്തി​ന്റെ തുടക്ക​വും ഒടുക്ക​വും കണ്ട ആളാണ്‌. ഇസ്രാ​യേ​ല്യ​രു​ടെ പാപങ്ങ​ളെ​ക്കു​റി​ച്ചുള്ള പശ്ചാത്താ​പം നിഴലി​ക്കുന്ന ഹൃദയസ്‌പർശി​യായ ഒരു പ്രാർഥന ദാനി​യേൽ പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യാ​യ​ത്തിൽ കാണാം. ദാനി​യേ​ലി​ന്റെ ആ പ്രാർഥ​ന​യിൽ പ്രതി​ഫ​ലി​ച്ചത്‌ യഹോ​വ​യു​ടെ ക്ഷമയ്‌ക്കാ​യി ദാഹിച്ച ആയിര​ക്ക​ണ​ക്കി​നു പ്രവാ​സി​ക​ളു​ടെ വികാ​ര​ങ്ങ​ളാ​യി​രു​ന്നു. വീണ്ടും യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ നേടാൻ അവർ അതിയാ​യി ആഗ്രഹി​ച്ചു. വിമോ​ച​ന​ത്തെ​യും പുനഃ​സ്ഥാ​പ​ന​ത്തെ​യും കുറിച്ച്‌ യഹോവ യഹസ്‌കേ​ലി​ലൂ​ടെ നൽകിയ വാഗ്‌ദാ​നങ്ങൾ അവരെ എത്രമാ​ത്രം ആവേശം​കൊ​ള്ളി​ച്ചി​രി​ക്കണം!

14. യഹോവ തന്റെ ജനത്തെ മാതൃ​ദേ​ശത്ത്‌ തിരികെ കൊണ്ടു​വ​രു​ന്ന​തി​ന്റെ കാരണം എന്താണ്‌?

14 എന്നാൽ യഹോ​വ​യു​ടെ ജനത്തിന്റെ വിമോ​ച​ന​വും അവരുടെ ഇടയിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​തും അതിലും പ്രധാ​ന​പ്പെട്ട മറ്റൊരു ഘടകത്തെ ആശ്രയി​ച്ചാ​ണി​രു​ന്നത്‌. അവരുടെ നീണ്ട പ്രവാസം അവസാ​നി​ക്കു​ന്നത്‌ അവർ സ്വാത​ന്ത്ര്യ​ത്തിന്‌ അർഹരാ​യ​തു​കൊ​ണ്ടല്ല, മറിച്ച്‌ എല്ലാ ജനതക​ളും കാൺകെ വീണ്ടും തന്റെ നാമം വിശു​ദ്ധീ​ക​രി​ക്കാ​നുള്ള യഹോ​വ​യു​ടെ സമയം വന്നിരു​ന്ന​തു​കൊ​ണ്ടാണ്‌. (യഹ. 36:22) മാർഡൂ​ക്കി​നെ​പ്പോ​ലുള്ള തങ്ങളുടെ ഭൂത​ദൈ​വങ്ങൾ പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ മുന്നിൽ ഒന്നുമ​ല്ലെന്നു ബാബി​ലോൺകാർക്കു സംശയ​ലേ​ശ​മെ​ന്യേ വ്യക്തമാ​കു​മാ​യി​രു​ന്നു. നമുക്ക്‌ ഇപ്പോൾ, യഹോവ യഹസ്‌കേ​ലി​ലൂ​ടെ ബാബി​ലോ​ണി​ലെ പ്രവാ​സി​കളെ അറിയിച്ച അഞ്ചു വാഗ്‌ദാ​നങ്ങൾ നോക്കാം. വിശ്വസ്‌ത​രായ അവരുടെ ജീവി​ത​ത്തിൽ ആ ഓരോ വാഗ്‌ദാ​ന​ത്തി​നും എന്തു പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു എന്നാണു നമ്മൾ ആദ്യം കാണാൻപോ​കു​ന്നത്‌. തുടർന്ന്‌ അവയുടെ വലിയ നിവൃ​ത്തി​യെ​ക്കു​റി​ച്ചും നമ്മൾ പഠിക്കും.

15. പ്രവാ​സ​ത്തിൽനിന്ന്‌ തിരി​ച്ചെ​ത്തു​ന്ന​വ​രു​ടെ മതാചാ​ര​ങ്ങൾക്ക്‌ എന്തു മാറ്റം വരുമാ​യി​രു​ന്നു?

15 1-ാം വാഗ്‌ദാ​നം. വിഗ്ര​ഹാ​രാ​ധ​ന​യോ വ്യാജ​മ​ത​വു​മാ​യി ബന്ധപ്പെട്ട ഹീനമായ മറ്റ്‌ ആചാര​ങ്ങ​ളോ ഉണ്ടാകില്ല. (യഹസ്‌കേൽ 11:18; 12:24 വായി​ക്കുക.) ഈ പുസ്‌ത​ക​ത്തി​ന്റെ 5-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും വിഗ്ര​ഹാ​രാ​ധ​ന​പോ​ലുള്ള വ്യാജ​മ​താ​ചാ​ര​ങ്ങ​ളാൽ മലിന​മാ​യി​ത്തീർന്നി​രു​ന്നു. ആളുകൾ അങ്ങനെ യഹോ​വ​യിൽനിന്ന്‌ അകന്ന്‌ ധാർമി​ക​മാ​യി അധഃപ​തി​ച്ചു​പോ​യി. എന്നാൽ ആ പ്രവാ​സി​കൾക്കു ശുദ്ധമായ ആരാധന അർപ്പി​ക്കാൻ കഴിയുന്ന ഒരു കാലം വീണ്ടും വരു​മെന്ന്‌ യഹോവ യഹസ്‌കേ​ലി​ലൂ​ടെ അവരോ​ടു മുൻകൂ​ട്ടി​പ്പ​റഞ്ഞു. അതെ, ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​രണം പുനഃ​സ്ഥാ​പി​ക്കു​ന്ന​താ​യി​രു​ന്നു ഏറ്റവും പ്രധാനം. പുനഃ​സ്ഥാ​പ​ന​വു​മാ​യി ബന്ധപ്പെട്ട മറ്റെല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും ഇതിനെ ആശ്രയി​ച്ചാ​ണി​രു​ന്നത്‌.

16. തന്റെ ജനത്തിന്റെ മാതൃ​ദേ​ശ​ത്തോ​ടു ബന്ധപ്പെട്ട്‌ യഹോവ എന്തു വാഗ്‌ദാ​ന​മാ​ണു നൽകി​യത്‌?

16 2-ാം വാഗ്‌ദാ​നം. മാതൃ​ദേ​ശ​ത്തേക്കു മടങ്ങി​വ​രും. “ഇസ്രാ​യേൽ ദേശം ഞാൻ നിങ്ങൾക്കു തരും” എന്ന്‌ യഹോവ പ്രവാ​സി​ക​ളോ​ടു പറഞ്ഞു. (യഹ. 11:17) ഇതൊരു ശ്രദ്ധേ​യ​മായ വാഗ്‌ദാ​ന​മാ​യി​രു​ന്നു. കാരണം തങ്ങളെ ബന്ദിക​ളാ​യി കൊണ്ടു​പോയ ആ ബാബി​ലോൺകാ​രു​ടെ ഇടയിൽ പരിഹാ​സ​മൊ​ക്കെ സഹിച്ച്‌ കഴിഞ്ഞി​രു​ന്ന​പ്പോൾ, പ്രിയ​പ്പെട്ട മാതൃ​ദേ​ശ​ത്തേക്കു മടങ്ങാ​മെന്ന നേരിയ പ്രതീ​ക്ഷ​പോ​ലും അവർക്കി​ല്ലാ​യി​രു​ന്നു. (യശ. 14:4, 17) ഇനി, അവിടെ തിരികെ ചെല്ലുന്ന അവർ വിശ്വസ്‌ത​രാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം ആ ദേശം ഫലപു​ഷ്ടി​യു​ള്ള​താ​യി ധാരാളം വിളവ്‌ നൽകു​മെ​ന്നും അവരുടെ അധ്വാനം പാഴാ​കി​ല്ലെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. ക്ഷാമം വരുത്തി​വെ​ക്കുന്ന അപമാ​ന​വും യാതന​ക​ളും ഒരു ഓർമ മാത്ര​മാ​കു​മാ​യി​രു​ന്നു.​യഹസ്‌കേൽ 36:30 വായി​ക്കുക.

17. യഹോ​വയ്‌ക്കുള്ള ബലിക​ളു​ടെ കാര്യ​ത്തിൽ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു?

17 3-ാം വാഗ്‌ദാ​നം. യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ വീണ്ടും കാഴ്‌ച​യാ​ഗങ്ങൾ അർപ്പി​ച്ചു​തു​ട​ങ്ങും. ഈ പുസ്‌ത​ക​ത്തി​ന്റെ 2-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൻകീ​ഴിൽ യാഗങ്ങ​ളും ബലിക​ളും ശുദ്ധാ​രാ​ധ​ന​യു​ടെ ഒരു അവിഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു. മാതൃ​ദേ​ശ​ത്തേക്കു മടങ്ങി​യെ​ത്തു​ന്നവർ അനുസ​ര​ണ​ത്തോ​ടെ യഹോ​വയെ മാത്രം ആരാധി​ക്കുന്ന കാല​ത്തോ​ളം, അവരുടെ യാഗങ്ങൾ യഹോവ സ്വീക​രി​ക്കു​മാ​യി​രു​ന്നു. പാപപ​രി​ഹാ​രം വരുത്തി ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ അവരെ സഹായി​ക്കുന്ന ഒരു ക്രമീ​ക​ര​ണ​മാ​യി​രു​ന്നു ഇത്‌. യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: ‘ദേശത്ത്‌ . . . ഇസ്രാ​യേൽഗൃ​ഹം മുഴുവൻ ഒന്നൊ​ഴി​യാ​തെ എന്നെ സേവി​ക്കും. അവരോട്‌ എനിക്കു പ്രീതി തോന്നും. നിങ്ങളു​ടെ വിശു​ദ്ധ​വസ്‌തു​ക്ക​ളായ സംഭാ​വ​ന​ക​ളും യാഗങ്ങ​ളു​ടെ ആദ്യഫ​ല​ങ്ങ​ളും മുഴുവൻ ഞാൻ പ്രതീ​ക്ഷി​ക്കും.’ (യഹ. 20:40) അതെ, ദൈവ​ജ​ന​ത്തി​ന്റെ മേൽ അനു​ഗ്ര​ഹങ്ങൾ ചൊരി​ഞ്ഞു​കൊണ്ട്‌ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.

18. തന്റെ ജനത്തെ മേയ്‌ക്കാൻ യഹോവ എന്തു ചെയ്യു​മാ​യി​രു​ന്നു?

18 4-ാം വാഗ്‌ദാ​നം. ദുഷിച്ച ഇടയന്മാ​രെ നീക്കും. നേതൃ​ത്വ​മെ​ടു​ത്തി​രു​ന്ന​വ​രു​ടെ ദുഷിച്ച സ്വാധീ​ന​മാ​യി​രു​ന്നു ദൈവ​ജനം ഇത്രയ​ധി​കം വഴി​തെ​റ്റി​പ്പോ​കാ​നുള്ള പ്രധാ​ന​കാ​രണം. പക്ഷേ അതിന്‌ ഒരു മാറ്റമു​ണ്ടാ​കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തു. ആ ദുഷിച്ച ഇടയന്മാ​രെ​ക്കു​റിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: “എന്റെ ആടുകളെ തീറ്റി​പ്പോ​റ്റുന്ന ജോലി​യിൽനിന്ന്‌ ഞാൻ അവരെ നീക്കും. . . . ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്ന്‌ രക്ഷിക്കും.” അതേസ​മയം യഹോവ തന്റെ വിശ്വസ്‌ത​ജ​ന​ത്തിന്‌ ഈ ഉറപ്പു കൊടു​ത്തു: “ഞാൻ എന്റെ ആടുകളെ പരിപാ​ലി​ക്കും.” (യഹ. 34:10, 12) യഹോവ എങ്ങനെ​യാ​യി​രി​ക്കും അതു ചെയ്യു​ന്നത്‌? ഇടയന്മാ​രാ​യി യഹോവ വിശ്വസ്‌ത​പു​രു​ഷ​ന്മാ​രെ നിയമി​ക്കു​മാ​യി​രു​ന്നു.

19. ഐക്യ​ത്തെ​ക്കു​റിച്ച്‌ യഹോവ എന്താണു വാഗ്‌ദാ​നം ചെയ്‌തത്‌?

19 5-ാം വാഗ്‌ദാ​നം. യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​ടെ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കും. ബന്ദിക​ളാ​യി കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ ദൈവ​ജ​ന​ത്തി​ന്റെ ഇടയി​ലു​ണ്ടാ​യി​രുന്ന അനൈ​ക്യം വിശ്വസ്‌താ​രാ​ധ​കരെ എത്രമാ​ത്രം വേദനി​പ്പി​ച്ചു​കാ​ണും. കള്ളപ്ര​വാ​ച​ക​ന്മാ​രു​ടെ​യും ദുഷിച്ച ഇടയന്മാ​രു​ടെ​യും സ്വാധീ​ന​ത്തിൽപ്പെട്ട്‌ ജനം യഹോ​വ​യു​ടെ പ്രതി​നി​ധി​ക​ളായ വിശ്വസ്‌ത​പ്ര​വാ​ച​ക​ന്മാ​രെ ധിക്കരി​ച്ചു. അവർ ചേരി​തി​രിഞ്ഞ്‌ തമ്മില​ടി​ക്കു​ക​പോ​ലും ചെയ്‌തു. അതു​കൊ​ണ്ടു​തന്നെ പുനഃ​സ്ഥാ​പ​ന​ത്തോ​ടു ബന്ധപ്പെട്ട്‌ യഹസ്‌കേ​ലി​ലൂ​ടെ അറിയിച്ച ഈ വാഗ്‌ദാ​നം അവർക്കു വളരെ ആകർഷ​ക​മാ​യി തോന്നി​ക്കാ​ണും: “ഞാൻ അവർക്ക്‌ ഒരേ മനസ്സു കൊടു​ക്കും. പുതി​യൊ​രു ആത്മാവ്‌ അവരുടെ ഉള്ളിൽ വെക്കും.” (യഹ. 11:19) തിരികെ എത്തുന്ന ജൂതന്മാർ യഹോ​വ​യോ​ടും സഹജൂ​ത​ന്മാ​രോ​ടും ഐക്യ​ത്തി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം എതിരാ​ളി​കൾക്കാർക്കും അവരെ തോൽപ്പി​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. യഹോ​വയ്‌ക്കു നിന്ദയും അപമാ​ന​വും വരുത്തി​വെ​ക്കു​ന്ന​തി​നു പകരം ഒരു ജനത എന്ന നിലയിൽ അവർ വീണ്ടും യഹോ​വയ്‌ക്കു മഹത്ത്വം കരേറ്റു​മാ​യി​രു​ന്നു.

20, 21. പ്രവാ​സ​ത്തിൽനിന്ന്‌ തിരികെ എത്തിയ ജൂതന്മാ​രു​ടെ കാര്യ​ത്തിൽ ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​യത്‌ എങ്ങനെ?

20 പ്രവാ​സ​ത്തിൽനിന്ന്‌ തിരികെ എത്തിയ ജൂതന്മാ​രു​ടെ കാര്യ​ത്തിൽ ആ അഞ്ചു വാഗ്‌ദാ​ന​വും നിറ​വേ​റി​യോ? പുരാ​ത​ന​കാ​ലത്തെ വിശ്വസ്‌ത​പു​രു​ഷ​നായ യോശു​വ​യു​ടെ വാക്കുകൾ ഓർക്കുക: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്‌ദാ​ന​ങ്ങ​ളി​ലെ​യും ഒറ്റ വാക്കു​പോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. അവയെ​ല്ലാം നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ​തന്നെ സംഭവി​ച്ചു, ഒന്നും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല.” (യോശു. 23:14) അതെ, യോശു​വ​യു​ടെ കാലത്ത്‌ യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ പാലിച്ചു. മാതൃ​ദേ​ശ​ത്തേക്കു തിരികെ വന്ന പ്രവാ​സി​ക​ളോ​ടുള്ള വാഗ്‌ദാ​ന​ങ്ങ​ളും യഹോവ ഒന്നൊ​ഴി​യാ​തെ പാലി​ക്കു​മാ​യി​രു​ന്നു.

21 യഹോ​വ​യിൽനിന്ന്‌ തങ്ങളെ അകറ്റി​ക്കളഞ്ഞ വിഗ്ര​ഹാ​രാ​ധ​ന​യും ഹീനമായ മറ്റു പല വ്യാജ​മ​താ​ചാ​ര​ങ്ങ​ളും ജൂതന്മാർ ഉപേക്ഷി​ച്ചു. അസംഭ​വ്യ​മെന്ന്‌ ഒരിക്കൽ തോന്നി​യി​രു​ന്നെ​ങ്കി​ലും അവർ വീണ്ടും തങ്ങളുടെ മാതൃ​ദേ​ശത്ത്‌ താമസം തുടങ്ങി. അവർ അവിടെ കൃഷി ചെയ്‌ത്‌ സംതൃപ്‌തി​ക​ര​മായ ജീവിതം നയിച്ചു. സ്വദേ​ശത്ത്‌ തിരികെ എത്തിയ അവർ ആദ്യം ചെയ്‌ത കാര്യ​ങ്ങ​ളി​ലൊന്ന്‌ യരുശ​ലേ​മിൽ യഹോ​വ​യു​ടെ യാഗപീ​ഠം വീണ്ടും പണിയുക എന്നതാ​യി​രു​ന്നു. അവർ അവിടെ ദൈവ​ത്തി​നു സ്വീകാ​ര്യ​മായ യാഗങ്ങൾ അർപ്പിച്ചു. (എസ്ര 3:2-6) നല്ല ആത്മീയ​യി​ട​യ​ന്മാ​രെ നൽകി യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. വിശ്വസ്‌ത​പു​രോ​ഹി​ത​നും പകർപ്പെ​ഴു​ത്തു​കാ​ര​നും ആയ എസ്രയും മഹാപു​രോ​ഹി​ത​നായ യോശു​വ​യും ധീര​പ്ര​വാ​ച​ക​ന്മാ​രായ ഹഗ്ഗായി​യും സെഖര്യ​യും മലാഖി​യും ഗവർണർമാ​രായ നെഹമ്യ​യും സെരു​ബ്ബാ​ബേ​ലും അവരിൽ ചിലരാ​യി​രു​ന്നു. ആ ജനം എത്ര നാൾ യഹോ​വ​യിൽനി​ന്നുള്ള മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ച്ചോ അത്രയും നാൾ അവരുടെ ഇടയിൽ ഐക്യം നിലനി​ന്നു. അത്തരം ഒരുമ​യു​ടെ മാധു​ര്യം അവർ രുചി​ച്ച​റി​ഞ്ഞിട്ട്‌ കാല​മേ​റെ​യാ​യി​രു​ന്നു.​—യശ. 61:1-4; യിരെമ്യ 3:15 വായി​ക്കുക.

22. പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​ന​ങ്ങ​ളു​ടെ ആദ്യനി​വൃ​ത്തി ഭാവി​യി​ലെ വലി​യൊ​രു നിവൃ​ത്തി​യു​ടെ വെറു​മൊ​രു സൂചന​യാ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

22 പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളു​ടെ ആദ്യനി​വൃ​ത്തി ശരിക്കും പ്രോ​ത്സാ​ഹനം പകരു​ന്ന​താ​യി​രു​ന്നു. എങ്കിലും ഭാവി​യി​ലെ വലി​യൊ​രു നിവൃ​ത്തി​യു​ടെ വെറു​മൊ​രു സൂചന​യാ​യി​രു​ന്നു അത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ആ വാഗ്‌ദാ​ന​ങ്ങൾക്കെ​ല്ലാം ഒരു വ്യവസ്ഥ വെച്ചി​രു​ന്നു എന്നതു ശ്രദ്ധി​ക്കുക. ജനം അനുസ​ര​ണ​മു​ള്ള​വ​രാ​യി​രു​ന്നാൽ മാത്രമേ യഹോവ വാഗ്‌ദാ​നങ്ങൾ പാലി​ക്കു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ കാല​ക്ര​മേണ ജൂതന്മാർ വീണ്ടും അനുസ​ര​ണ​ക്കേ​ടും ധിക്കാ​ര​വും കാണി​ക്കാൻതു​ടങ്ങി. പക്ഷേ യോശുവ പറഞ്ഞതു​പോ​ലെ, യഹോ​വ​യു​ടെ വാക്കുകൾ ഒരിക്ക​ലും നിറ​വേ​റാ​തി​രി​ക്കില്ല. അതു​കൊ​ണ്ടു​തന്നെ ആ വാഗ്‌ദാ​ന​ങ്ങൾക്ക്‌ അതിലും ഏറെ നാൾ നിലനിൽക്കുന്ന വലി​യൊ​രു നിവൃത്തി ഉണ്ടായി​രി​ക്കണം. നമുക്ക്‌ ഇപ്പോൾ അതെക്കു​റിച്ച്‌ നോക്കാം.

“എനിക്കു നിങ്ങ​ളോ​ടു പ്രീതി തോന്നും”

23, 24. “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” എപ്പോൾ തുടങ്ങി, എങ്ങനെ?

23 ഈ ദുഷ്ടവ്യ​വ​സ്ഥി​തി 1914-ൽ അതിന്റെ അന്ത്യപാ​ദ​ത്തി​ലേക്കു പ്രവേ​ശി​ച്ചെന്ന്‌, അത്‌ ഇപ്പോൾ അതിന്റെ അവസാ​ന​നാ​ളു​ക​ളി​ലാ​ണെന്ന്‌, ബൈബിൾവി​ദ്യാർഥി​ക​ളായ നമുക്ക്‌ അറിയാം. എന്നാൽ ദൈവ​ദാ​സർക്ക്‌ ഇതു ദുഃഖ​ത്തി​നുള്ള ഒരു കാരണമല്ല. വാസ്‌ത​വ​ത്തിൽ ബൈബിൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, 1914 മുതലുള്ള വർഷങ്ങൾ, “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന” ആവേ​ശോ​ജ്ജ്വ​ല​മായ ഒരു കാലഘ​ട്ട​മാണ്‌. (പ്രവൃ. 3:21) അങ്ങനെ പറയാ​നുള്ള കാരണം എന്താണ്‌? 1914-ൽ സ്വർഗ​ത്തിൽ എന്താണു സംഭവി​ച്ച​തെന്നു നോക്കുക. യേശു​ക്രിസ്‌തു അന്നു മിശി​ഹൈ​ക​രാ​ജാ​വാ​യി അവരോ​ധി​ക്ക​പ്പെട്ടു! പക്ഷേ ആ സംഭവ​ത്തോ​ടെ എന്തെങ്കി​ലും പൂർവ​സ്ഥി​തി​യി​ലാ​യോ അഥവാ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടോ? ഉവ്വ്‌. ദാവീദ്‌ രാജാ​വി​ന്റെ വംശപ​ര​മ്പ​ര​യിൽ രാജാ​ധി​കാ​രം എന്നെന്നും നിലനിൽക്കു​മെന്ന്‌ യഹോവ അദ്ദേഹ​ത്തോ​ടു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നെന്ന്‌ ഓർക്കുക. (1 ദിന. 17:11-14) ബി.സി. 607-ൽ ബാബി​ലോൺകാർ യരുശ​ലേം നശിപ്പിച്ച്‌ ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽപ്പെട്ട രാജാ​ക്ക​ന്മാ​രു​ടെ വാഴ്‌ച അവസാ​നി​പ്പി​ച്ച​പ്പോൾ ആ ഭരണത്തിന്‌ ഒരു തടസ്സം നേരിട്ടു.

24 യേശു “മനുഷ്യ​പു​ത്രൻ” ആയിരു​ന്ന​തു​കൊണ്ട്‌ ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽപ്പെ​ട്ട​വ​നും ദാവീ​ദി​ലൂ​ടെ​യുള്ള രാജത്വ​ത്തി​ന്റെ നിയമ​പ​ര​മായ അവകാ​ശി​യും ആയിരു​ന്നു. (മത്താ. 1:1; 16:13-16; ലൂക്കോ. 1:32, 33) 1914-ൽ യഹോവ യേശു​വി​നെ സ്വർഗീ​യ​സിം​ഹാ​സ​ന​ത്തിൽ വാഴി​ച്ച​പ്പോൾ “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” തുടങ്ങി! അതൊരു തുടക്കം മാത്ര​മാ​യി​രു​ന്നു. യഹോവ പൂർണ​നായ ആ രാജാ​വി​നെ ഉപയോ​ഗിച്ച്‌ പുനഃ​സ്ഥാ​പ​ന​ത്തോ​ടു ബന്ധപ്പെട്ട പല കാര്യ​ങ്ങ​ളും തുടർന്നും ചെയ്യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

25, 26. (എ) ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ ദൈവ​ജനം മോചി​ത​രാ​യത്‌ എപ്പോൾ, നമുക്ക്‌ അത്‌ എങ്ങനെ അറിയാം? (“എന്തു​കൊണ്ട്‌ 1919?” എന്ന ചതുര​വും കാണുക.) (ബി) 1919 മുതൽ എന്തു നിവൃ​ത്തി​യേ​റാൻ തുടങ്ങി?

25 രാജാ​വാ​യി അധികാ​ര​മേറ്റ യേശു ആദ്യം ചെയ്‌ത കാര്യ​ങ്ങ​ളി​ലൊന്ന്‌, തന്റെ പിതാ​വി​നോ​ടൊ​പ്പം ഭൂമി​യിൽ ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള ക്രമീ​ക​ര​ണത്തെ പരി​ശോ​ധി​ക്കുക എന്നതാ​യി​രു​ന്നു. (മലാ. 3:1-5) യേശു തന്റെ ദൃഷ്ടാ​ന്ത​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ ഗോത​മ്പി​നെ​യും കളക​ളെ​യും, അതായത്‌ യഥാർഥ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളെ​യും കപടനാ​ട്യ​ക്കാ​രെ​യും, വേർതി​രി​ച്ച​റി​യുക എന്നത്‌ ഏറെ നാളു​ക​ളാ​യി അസാധ്യ​മാ​യി​രു​ന്നു. b എന്നാൽ ഇപ്പോൾ 1914-ൽ കൊയ്‌ത്തു​കാ​ലം തുടങ്ങി​യ​തോ​ടെ വ്യത്യാ​സം വളരെ പ്രകട​മാ​യി​ത്തീർന്നു. 1914-നു മുമ്പുള്ള പതിറ്റാ​ണ്ടു​ക​ളിൽ വിശ്വസ്‌ത​രായ ബൈബിൾവി​ദ്യാർഥി​കൾ ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്റെ ഗുരു​ത​ര​മായ ചില പിഴവു​കൾ ഒന്നൊ​ന്നാ​യി തുറന്നു​കാ​ട്ടു​ക​യും ആ ദുഷിച്ച സംഘട​ന​യിൽനിന്ന്‌ തങ്ങളെ​ത്തന്നെ വേർപെ​ടു​ത്താൻ തുടങ്ങു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ ഇപ്പോൾ അവരെ പൂർണ​മാ​യും പുനഃ​സ്ഥി​തീ​ക​രി​ക്കാ​നുള്ള യഹോ​വ​യു​ടെ സമയം വന്നു. അങ്ങനെ ‘കൊയ്‌ത്തു​കാ​ലം’ തുടങ്ങി ഏതാനും വർഷങ്ങൾക്കു ശേഷം, 1919-ന്റെ ആദ്യഭാ​ഗത്ത്‌ ദൈവ​ജനം ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ പൂർണ​മാ​യും സ്വത​ന്ത്ര​രാ​യി. (മത്താ. 13:30) അതെ, അവരുടെ പ്രവാസം അവസാ​നി​ച്ചു!

26 അങ്ങനെ യഹസ്‌കേൽ പുസ്‌ത​ക​ത്തി​ലെ പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങൾക്കു പുരാ​ത​ന​കാ​ല​ത്തെ​ക്കാൾ വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​കാൻതു​ടങ്ങി. നമ്മൾ മുമ്പ്‌ ചർച്ച ചെയ്‌ത ആ അഞ്ചു വാഗ്‌ദാ​ന​ങ്ങൾക്കു വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​യത്‌ എങ്ങനെ​യെ​ന്നാ​ണു നമ്മൾ ഇപ്പോൾ കാണാൻപോ​കു​ന്നത്‌.

27. വിഗ്ര​ഹാ​രാ​ധ​ന​യിൽനിന്ന്‌ ദൈവം തന്റെ ജനത്തെ ശുദ്ധീ​ക​രി​ച്ചത്‌ എങ്ങനെ?

27 1-ാം വാഗ്‌ദാ​നം. വിഗ്ര​ഹാ​രാ​ധ​ന​യും വ്യാജ​മ​ത​വു​മാ​യി ബന്ധപ്പെട്ട ഹീനമായ മറ്റ്‌ ആചാര​ങ്ങ​ളും അവസാ​നി​ക്കും. 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​പാ​ദ​വും 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​വും ഒരു പ്രത്യേ​ക​കാ​ര്യ​ത്തി​നു സാക്ഷ്യം വഹിച്ചു. ആ സമയത്ത്‌ ചില വിശ്വസ്‌ത​ക്രിസ്‌ത്യാ​നി​കൾ ഒരുമി​ച്ചു​കൂ​ടി ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. അങ്ങനെ അവർ പല വ്യാജ​മ​താ​ചാ​ര​ങ്ങ​ളും ഉപേക്ഷി​ച്ചു​തു​ടങ്ങി. ത്രിത്വം, ആത്മാവി​ന്റെ അമർത്യത, നരകാഗ്നി എന്നിവ​യെ​ല്ലാം വ്യാജ​മ​ത​വേ​രു​ക​ളുള്ള, തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ഉപദേ​ശ​ങ്ങ​ളാ​ണെന്നു മനസ്സി​ലാ​ക്കി അവർ അവ തള്ളിക്ക​ളഞ്ഞു. രൂപങ്ങൾ വെച്ച്‌ ആരാധി​ക്കു​ന്നതു വിഗ്ര​ഹാ​രാ​ധ​ന​യാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കു​ന്ന​തും വിഗ്ര​ഹാ​രാ​ധ​ന​ത​ന്നെ​യാ​ണെന്നു ദൈവ​ജനം ക്രമേണ മനസ്സി​ലാ​ക്കി.​—യഹ. 14:6.

28. ഏത്‌ അർഥത്തി​ലാണ്‌ യഹോ​വ​യു​ടെ ജനത്തെ സ്വദേ​ശ​ത്തേക്കു തിരികെ കൊണ്ടു​വ​ന്നത്‌?

28 2-ാം വാഗ്‌ദാ​നം. ദൈവ​ജ​നത്തെ ആത്മീയ​ദേ​ശ​ത്തേക്കു തിരികെ കൊണ്ടു​വ​രും. ബാബി​ലോ​ണ്യ​മ​തത്തെ പിന്നിൽ ഉപേക്ഷി​ച്ച​തി​ലൂ​ടെ വിശ്വസ്‌ത​ക്രിസ്‌ത്യാ​നി​കൾ, അവർ യഥാർഥ​ത്തിൽ ആയിരി​ക്കേണ്ട ആത്മീയ​ദേ​ശത്ത്‌ തിരി​ച്ചെ​ത്തി​യെന്നു പറയാം. ഏതാണ്‌ ആ ദേശം? അത്‌ അവർ ആയിരി​ക്കുന്ന അനുഗൃ​ഹീ​ത​മായ അവസ്ഥയോ സാഹച​ര്യ​മോ ആണ്‌. അവിടെ അവർക്കു പിന്നീ​ടൊ​രി​ക്ക​ലും ആത്മീയ​ക്ഷാ​മം അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. (യഹസ്‌കേൽ 34:13, 14 വായി​ക്കുക.) ഈ പുസ്‌ത​ക​ത്തി​ന്റെ 19-ാം അധ്യാ​യ​ത്തിൽ കാണാൻപോ​കു​ന്ന​തു​പോ​ലെ, മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി ആത്മീയ​പോ​ഷണം നൽകി​ക്കൊണ്ട്‌ യഹോവ ആ ദേശത്തെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.​—യഹ. 11:17.

29. 1919-ൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഉത്തേജനം ലഭിച്ചത്‌ എങ്ങനെ?

29 3-ാം വാഗ്‌ദാ​നം. യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ വീണ്ടും കാഴ്‌ച​യാ​ഗങ്ങൾ അർപ്പി​ച്ചു​തു​ട​ങ്ങും. ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തിന്‌ അർപ്പി​ക്കേ​ണ്ടത്‌ അക്ഷരാർഥ​ത്തി​ലുള്ള മൃഗബ​ലി​കളല്ല അവയെ​ക്കാൾ ഏറെ മൂല്യ​മുള്ള മറ്റൊരു ബലിയാ​ണെന്ന്‌ എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ അവരെ പഠിപ്പി​ച്ചു. ഏതായി​രു​ന്നു ആ ബലി? യഹോ​വയെ സ്‌തു​തി​ക്കാ​നും യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാ​നും അവർ ഉപയോ​ഗിച്ച വാക്കു​ക​ളാ​യി​രു​ന്നു അത്‌. (എബ്രാ. 13:15) എന്നാൽ അവർ അടിമ​ത്ത​ത്തി​ലാ​യി​രുന്ന നൂറ്റാ​ണ്ടു​ക​ളിൽ അത്തരം യാഗങ്ങൾ അർപ്പി​ക്കാൻ സംഘടി​ത​മായ ക്രമീ​ക​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എങ്കിലും ആ അടിമത്തം അവസാ​നി​ക്കാ​റായ സമയത്ത്‌ ദൈവ​ജനം സ്‌തു​തി​ക​ളാ​കുന്ന അത്തരം ബലികൾ അർപ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അവർ തിര​ക്കോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ക​യും യോഗ​ങ്ങ​ളിൽ സന്തോ​ഷ​ത്തോ​ടെ ദൈവത്തെ സ്‌തു​തി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ 1919 മുതൽ “വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ” ആ വേലയ്‌ക്കു കൂടുതൽ പ്രാധാ​ന്യം നൽകി; അവർ ഏറെ സമഗ്ര​മാ​യി പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ച്ചു. (മത്താ. 24:45-47) യഹോ​വ​യു​ടെ വിശു​ദ്ധ​നാ​മ​ത്തി​നു സ്‌തുതി അർപ്പി​ക്കു​ന്ന​വ​രു​ടെ എണ്ണം അനുദി​നം വർധി​ച്ച​തോ​ടെ യഹോ​വ​യു​ടെ യാഗപീ​ഠം അവരുടെ ബലിക​ളാൽ നിറഞ്ഞു​ക​വി​യാൻ തുടങ്ങി!

30. തന്റെ ജനത്തിനു നല്ല ഇടയന്മാ​രു​ടെ പരിപാ​ലനം ലഭിക്കാൻ യേശു എന്തു ചെയ്‌തു?

30 4-ാം വാഗ്‌ദാ​നം. ദുഷിച്ച ഇടയന്മാ​രെ നീക്കും. ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ ദുഷി​ച്ച​വ​രും സ്വാർഥ​രും ആയ വ്യാജ​യി​ട​യ​ന്മാ​രിൽനിന്ന്‌ ക്രിസ്‌തു ദൈവ​ജ​നത്തെ സ്വത​ന്ത്ര​രാ​ക്കി. ആ വ്യാജ​യി​ട​യ​ന്മാ​രെ​പ്പോ​ലെ പ്രവർത്തി​ച്ചവർ ക്രിസ്‌തീ​യ​സ​ഭ​യി​ലു​മു​ണ്ടാ​യി​രു​ന്നു. അത്തരം ഇടയന്മാ​രെ ആ സ്ഥാനത്തു​നിന്ന്‌ നീക്കി​ക്ക​ളഞ്ഞു. (യഹ. 20:38) തന്റെ ആടുകൾക്കു വേണ്ട പരിപാ​ലനം കിട്ടു​ന്നു​ണ്ടെന്നു നല്ല ഇടയനായ യേശു ഉറപ്പു​വ​രു​ത്തി. അതിനാ​യി 1919-ൽ തന്റെ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ യേശു നിയമി​ച്ചു. വിശ്വസ്‌ത​രായ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളു​ടെ ആ ചെറിയ കൂട്ടം ആത്മീയ​ഭ​ക്ഷണം നൽകു​ന്ന​തിൽ നേതൃ​ത്വം വഹിച്ചു. അങ്ങനെ ദൈവ​ജ​ന​ത്തി​നു വളരെ നല്ല പരിപാ​ല​നം​തന്നെ കിട്ടി. പിൽക്കാ​ലത്ത്‌ മൂപ്പന്മാർക്ക്‌, “ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ” പരിപാ​ലി​ക്കു​ന്ന​തിൽ അടിമയെ സഹായി​ക്കു​ന്ന​തി​നു വേണ്ട പരിശീ​ല​ന​വും നൽകി. (1 പത്രോ. 5:1, 2) ക്രിസ്‌തീ​യ​യി​ട​യ​ന്മാർക്കാ​യി യഹോ​വ​യും യേശു​വും വെച്ചി​രി​ക്കുന്ന നിലവാ​ര​ത്തെ​ക്കു​റിച്ച്‌ അവരെ ഓർമി​പ്പി​ക്കാൻ യഹസ്‌കേൽ 34:15, 16-ലെ ദൈവ​പ്ര​ചോ​ദി​ത​മായ വിവരണം മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കാ​റുണ്ട്‌.

31. യഹസ്‌കേൽ 11:19-ലെ പ്രവചനം യഹോവ നിറ​വേ​റ്റി​യത്‌ എങ്ങനെ?

31 5-ാം വാഗ്‌ദാ​നം. യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​ടെ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കും. ക്രൈസ്‌ത​വ​ലോ​കം നൂറ്റാ​ണ്ടു​കൾകൊണ്ട്‌ പതിനാ​യി​ര​ക്ക​ണ​ക്കി​നു സഭകളാ​യി പിരിഞ്ഞു. അവയ്‌ക്കാ​ണെ​ങ്കിൽ തമ്മിൽ ഇടഞ്ഞു​നിൽക്കുന്ന എണ്ണമറ്റ ഉപവി​ഭാ​ഗ​ങ്ങ​ളു​മുണ്ട്‌. എന്നാൽ ദൈവ​ജ​ന​ത്തി​ന്റെ കാര്യ​മോ? പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ആ ജനത്തിന്റെ കാര്യ​ത്തിൽ തികച്ചും അത്ഭുത​ക​ര​മായ ഒരു കാര്യം യഹോവ ചെയ്‌തു. “ഞാൻ അവർക്ക്‌ ഒരേ മനസ്സു കൊടു​ക്കും” എന്ന്‌ യഹസ്‌കേ​ലി​ലൂ​ടെ യഹോവ നൽകിയ വാഗ്‌ദാ​ന​ത്തിന്‌ മഹത്തായ ഒരു നിവൃ​ത്തി​യു​ണ്ടാ​യി​രി​ക്കു​ന്നു. (യഹ. 11:19) വ്യത്യസ്‌ത വംശീയ-മത-സാമ്പത്തിക-സാമൂ​ഹിക പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ദശലക്ഷ​ങ്ങ​ളാണ്‌ ഇന്നു ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യി ലോക​മെ​ങ്ങു​മു​ള്ളത്‌. എന്നിട്ടും അവരെ​ല്ലാം തികഞ്ഞ ഒരുമ​യോ​ടെ ഒരേ സത്യം പഠിക്കു​ന്നു, ഒരേ വേല ചെയ്യുന്നു. തന്റെ അനുഗാ​മി​ക​ളു​ടെ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കാൻവേണ്ടി ഭൂമി​യി​ലെ തന്റെ അവസാ​ന​രാ​ത്രി​യിൽ യേശു ആത്മാർഥ​മാ​യി പ്രാർഥി​ച്ചു. (യോഹ​ന്നാൻ 17:11, 20-23 വായി​ക്കുക.) നമ്മുടെ ഈ നാളു​ക​ളിൽ യഹോവ ആ അപേക്ഷ​യ്‌ക്ക്‌ അതിമ​ഹ​നീ​യ​മായ രീതി​യിൽ ഉത്തരം കൊടു​ത്തി​രി​ക്കു​ന്നു.

32. പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? (“അടിമ​ത്ത​ത്തെ​യും പുനഃ​സ്ഥാ​പ​ന​ത്തെ​യും കുറി​ച്ചുള്ള പ്രവച​നങ്ങൾ” എന്ന ചതുര​വും കാണുക.)

32 ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന ആവേ​ശോ​ജ്ജ്വ​ല​മായ ഈ സമയത്ത്‌ ജീവി​ച്ചി​രി​ക്കാ​നാ​യ​തിൽ നിങ്ങൾക്കു സന്തോഷം തോന്നു​ന്നി​ല്ലേ? ഇന്നു നമ്മുടെ ആരാധ​ന​യു​ടെ എല്ലാ വശങ്ങളി​ലും യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ നിറ​വേ​റു​ന്നതു നമുക്കു കാണാ​നാ​കു​ന്നു. “എനിക്കു നിങ്ങ​ളോ​ടു പ്രീതി തോന്നും” എന്ന്‌ യഹസ്‌കേ​ലി​ലൂ​ടെ മുൻകൂ​ട്ടി​പ്പറഞ്ഞ യഹോവ ഇപ്പോൾ തന്റെ ജനത്തിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നെന്നു നമുക്ക്‌ ഉറച്ചു​വി​ശ്വ​സി​ക്കാം. (യഹ. 20:41) നൂറ്റാ​ണ്ടു​കൾ നീണ്ട ആത്മീയാ​ടി​മ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രായ ദൈവ​ജനം ഇന്നു ലോക​മെ​ങ്ങു​മാ​യി യഹോ​വയ്‌ക്കു സ്‌തുതി അർപ്പി​ക്കു​ന്നു. ആത്മീയ​മാ​യി നന്നായി പോഷി​പ്പി​ക്ക​പ്പെ​ടുന്ന, ഐക്യ​മുള്ള ആ ജനത്തിന്റെ ഭാഗമാ​യി​രി​ക്കാ​നാ​കു​ന്നത്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌! എന്നാൽ യഹസ്‌കേ​ലി​ന്റെ ചില പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങൾക്കു വലി​യൊ​രു നിവൃത്തി ഉണ്ടാകാ​നി​രി​ക്കു​ന്നതേ ഉള്ളൂ!

“ഏദെൻ തോട്ടം​പോ​ലെ”

33-35. (എ) പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ജൂതന്മാർ യഹസ്‌കേൽ 36:35-ലെ പ്രവചനം എങ്ങനെ മനസ്സി​ലാ​ക്കി​ക്കാ​ണും? (ബി) ആ പ്രവച​ന​ത്തിന്‌ ഇന്നു ദൈവ​ജ​ന​ത്തി​ന്റെ കാര്യ​ത്തിൽ എന്ത്‌ അർഥമാ​ണു​ള്ളത്‌? (“എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” എന്ന ചതുര​വും കാണുക.)

33 1914-ൽ യേശു ഭരണം തുടങ്ങി​യ​പ്പോൾ ദാവീ​ദി​ലൂ​ടെ​യുള്ള രാജപ​രമ്പര പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടെ​ന്നും “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” ആരംഭി​ച്ചെ​ന്നും നമ്മൾ പഠിച്ചു. (യഹ. 37:24) തുടർന്ന്‌, തന്റെ ജനത്തിന്‌ ഇടയിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ യഹോവ ക്രിസ്‌തു​വി​നെ അധികാ​ര​പ്പെ​ടു​ത്തി. നൂറ്റാ​ണ്ടു​കൾ നീണ്ട ആത്മീയാ​ടി​മ​ത്ത​ത്തി​നാണ്‌ അതു വിരാ​മ​മി​ട്ടത്‌. എന്നാൽ പുനഃ​സ്ഥാ​പ​ന​ത്തോ​ടു ബന്ധപ്പെട്ട്‌ ക്രിസ്‌തു ചെയ്യുന്ന കാര്യങ്ങൾ അവിടം​കൊണ്ട്‌ അവസാ​നി​ക്കു​മോ? ഒരിക്ക​ലു​മില്ല! അതിശ​യ​ക​ര​മായ വിധത്തിൽ അതു ഭാവി​യി​ലും തുടരും. അതി​നെ​ക്കു​റി​ച്ചുള്ള ആവേശ​ജ​ന​ക​മായ വിശദാം​ശങ്ങൾ യഹസ്‌കേൽപ്ര​വ​ച​ന​ങ്ങ​ളി​ലുണ്ട്‌.

34 അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ ദൈവ​പ്ര​ചോ​ദി​ത​മാ​യി രേഖ​പ്പെ​ടു​ത്തിയ ഈ വാക്കുകൾ: “ആളുകൾ പറയും: ‘പാഴാ​യി​ക്കി​ടന്ന ദേശം ഏദെൻ തോട്ടം​പോ​ലെ​യാ​യി.’” (യഹ. 36:35) യഹസ്‌കേ​ലും മറ്റു പ്രവാ​സി​ക​ളും ആ വാഗ്‌ദാ​നം എങ്ങനെ മനസ്സി​ലാ​ക്കി​ക്കാ​ണും? തങ്ങളുടെ ദേശം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടാ​ലും അത്‌ അക്ഷരാർഥ​ത്തിൽ യഹോവ നട്ടുണ്ടാ​ക്കിയ ഏദെൻ തോട്ടം​പോ​ലെ ഒരു പറുദീ​സ​യാ​യി മാറു​മെന്ന്‌ അവർ എന്തായാ​ലും പ്രതീ​ക്ഷി​ച്ചി​രി​ക്കില്ല. (ഉൽപ. 2:8) പിന്നെ​യോ ആ ദേശം മനോ​ഹ​ര​വും ഫലസമൃ​ദ്ധ​വും ആയിരി​ക്കു​മെ​ന്നാണ്‌ യഹോവ ഉദ്ദേശി​ച്ച​തെന്ന്‌ അവർക്കു മനസ്സി​ലാ​യി​ക്കാ​ണും.

35 അതേ വാഗ്‌ദാ​നം നമ്മുടെ കാലത്ത്‌ എങ്ങനെ​യാ​യി​രി​ക്കും നിറ​വേ​റു​ന്നത്‌? ഇന്നു പിശാ​ചായ സാത്താൻ ഭരിക്കുന്ന ഈ ദുഷിച്ച ലോക​ത്തിൽ ആ വാക്കു​കൾക്ക്‌ അക്ഷരാർഥ​ത്തി​ലുള്ള ഒരു നിവൃ​ത്തി​യു​ണ്ടാ​കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നില്ല. ആ വാഗ്‌ദാ​ന​ത്തിന്‌ ഇന്ന്‌ ഒരു ആത്മീയ​നി​വൃ​ത്തി​യാണ്‌ ഉള്ളതെന്നു നമുക്ക്‌ അറിയാം. യഹോ​വ​യു​ടെ സേവക​രായ നമ്മൾ ഇപ്പോൾ പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഒരു ആത്മീയ​ദേ​ശത്ത്‌ കഴിയു​ക​യാണ്‌. ആ ദേശം, (അതായത്‌ യഹോ​വ​യു​ടെ സേവകർ ഇപ്പോൾ ആയിരി​ക്കുന്ന അവസ്ഥയോ സാഹച​ര്യ​മോ) ഫലകര​മാ​യി ദൈവ​സേ​വനം ചെയ്യാ​നും ദൈവ​ത്തി​നുള്ള വിശു​ദ്ധ​സേ​വ​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകാ​നും അവസര​മൊ​രു​ക്കു​ന്നു. ഈ ആലങ്കാ​രി​ക​ദേ​ശത്തെ അവസ്ഥകൾ അനുദി​നം മെച്ച​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നാൽ ഭാവി​യി​ലെ കാര്യ​മോ?

36, 37. വരാനി​രി​ക്കുന്ന പറുദീ​സ​യിൽ ഏതെല്ലാം വാഗ്‌ദാ​നങ്ങൾ നിറ​വേ​റും?

36 മഹായു​ദ്ധ​മായ അർമ​ഗെ​ദോ​നെ​ത്തു​ടർന്ന്‌ യേശു ഈ ഭൂമി​യെ​യും പൂർവ​സ്ഥി​തി​യി​ലാ​ക്കാൻ നടപടി​ക​ളെ​ടു​ക്കും. ആയിരം​വർഷ വാഴ്‌ച​ക്കാ​ലത്ത്‌ യേശു​വി​ന്റെ നേതൃ​ത്വ​ത്തിൽ മനുഷ്യർ ഈ ഭൂഗ്ര​ഹത്തെ ഏദെൻ തോട്ടം​പോ​ലുള്ള ഒരു പറുദീ​സ​യാ​ക്കും. അങ്ങനെ ഭൂമി​യെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രുന്ന ഉദ്ദേശ്യം ഒടുവിൽ നിറ​വേ​റും! (ലൂക്കോ. 23:43) അന്ന്‌ ആളുകൾ തമ്മിൽ നല്ല യോജി​പ്പി​ലാ​യി​രി​ക്കും, ഭൂമി​യു​മാ​യും അവർ ഇണങ്ങി​ച്ചേർന്ന്‌ ജീവി​ക്കും. ഭയാശ​ങ്ക​കൾക്ക്‌ ഇടമി​ല്ലാത്ത, അപകട​ഭീ​ഷ​ണി​ക​ളേ​തു​മി​ല്ലാത്ത ഒരു കാലം! ഒടുവിൽ തിരു​വെ​ഴു​ത്തു​ക​ളി​ലെ ഈ വാഗ്‌ദാ​നം​പോ​ലും നിറ​വേ​റും: “ഞാൻ അവരു​മാ​യി ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കും. ഞാൻ ദേശത്തു​നിന്ന്‌ ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ തുരത്തി​യോ​ടി​ക്കും. അങ്ങനെ, അവർ വിജന​ഭൂ​മി​യിൽ സുരക്ഷി​ത​രാ​യി കഴിയും, വനാന്ത​ര​ങ്ങ​ളിൽ കിടന്നു​റ​ങ്ങും.”​—യഹ. 34:25.

37 നിങ്ങൾക്ക്‌ അതു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? പേടി​യൊ​ന്നും കൂടാതെ വിശാ​ല​മായ ഭൂമി​യു​ടെ ഏതു കോണി​ലും യഥേഷ്ടം സഞ്ചരി​ക്കാം. ഒരു മൃഗവും നിങ്ങളെ ഉപദ്ര​വി​ക്കില്ല. നിങ്ങളു​ടെ സമാധാ​നം കെടു​ത്തുന്ന അപകട​ഭീ​ഷ​ണി​ക​ളൊ​ന്നു​മു​ണ്ടാ​യി​രി​ക്കില്ല. കാടിന്റെ മാസ്‌മ​രി​ക​സൗ​ന്ദ​ര്യം നുകർന്ന്‌ വനാന്ത​ര​ങ്ങ​ളി​ലൂ​ടെ​പോ​ലും ഒറ്റയ്‌ക്കു നടന്നു​നീ​ങ്ങാൻ നിങ്ങൾക്കു ഭയം തോന്നില്ല. കൊടു​ങ്കാ​ട്ടിൽപ്പോ​ലും സ്വസ്ഥമാ​യി ഉറങ്ങി ക്ഷീണമ​ക​റ്റാം; ഒരു പോറ​ലു​മേൽക്കാ​തെ ഉണർന്നെ​ണീ​ക്കാം!

‘വനാന്ത​ര​ങ്ങ​ളിൽപ്പോ​ലും കിടന്നു​റ​ങ്ങാൻ’ ഭയക്കേ​ണ്ട​തി​ല്ലാത്ത ഒരു കാലം ഭാവന​യിൽ കാണുക (36, 37 ഖണ്ഡികകൾ കാണുക)

38. യഹസ്‌കേൽ 28:26-ലെ വാഗ്‌ദാ​നം നിറ​വേ​റി​ക്കാ​ണു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

38 ഈ വാഗ്‌ദാ​ന​വും നമ്മുടെ കൺമു​ന്നിൽ നിറ​വേ​റും: “അവർ (ദേശത്ത്‌) സുരക്ഷി​ത​രാ​യി കഴിയും. വീടുകൾ പണിത്‌ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കും. അവരോ​ടു നിന്ദ​യോ​ടെ പെരു​മാ​റുന്ന അവരുടെ ചുറ്റു​മുള്ള എല്ലാവ​രു​ടെ​യും മേൽ ഞാൻ വിധി നടപ്പാ​ക്കു​മ്പോൾ അവർ സുരക്ഷി​ത​രാ​യി താമസി​ക്കും. അങ്ങനെ, അവരുടെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ എന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.” (യഹ. 28:26) യഹോ​വ​യു​ടെ ശത്രു​ക്ക​ളെ​ല്ലാം ഇല്ലാതാ​യി​ക്ക​ഴി​യു​മ്പോൾ ഭൂമി​യി​ലെ​ങ്ങും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കളിയാ​ടും. നമ്മൾ ഭൂമിയെ പരിപാ​ലി​ക്കും, ഒപ്പം മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കു​ക​യും സുഖക​ര​മാ​യി താമസി​ക്കാൻ പറ്റിയ വീടുകൾ പണിയു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്കു​വേ​ണ്ടി​യും പ്രിയ​പ്പെ​ട്ട​വർക്കു​വേ​ണ്ടി​യും കരുതും.

39. പറുദീ​സ​യെ​ക്കു​റിച്ച്‌ യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ പ്രവച​നങ്ങൾ നിറ​വേ​റു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

39 ഈ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം വെറും സ്വപ്‌ന​ങ്ങ​ളാ​യാ​ണോ നിങ്ങൾക്കു തോന്നു​ന്നത്‌? അങ്ങനെ​യെ​ങ്കിൽ “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന” ഇക്കാലത്ത്‌ എന്തെല്ലാം കാര്യ​ങ്ങൾക്കു നിങ്ങൾ ഇപ്പോൾത്തന്നെ സാക്ഷ്യം വഹി​ച്ചെന്ന്‌ ഓർക്കുക. ലോകം ഇത്ര​യേറെ വഷളായ ഈ സമയത്ത്‌ സാത്താന്റെ കടുത്ത എതിർപ്പു​ക​ളു​ണ്ടാ​യി​ട്ടും ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ യേശു​വി​നു കഴിഞ്ഞി​രി​ക്കു​ന്നു. യഹസ്‌കേ​ലി​ലൂ​ടെ ദൈവം നൽകിയ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റു​മെ​ന്ന​തി​ന്റെ എത്ര ശക്തമായ തെളിവ്‌!

a ജൂതന്മാ​രായ പ്രവാ​സി​ക​ളിൽ പലരും ബാബി​ലോൺ നഗരത്തിൽനിന്ന്‌ കുറച്ച്‌ മാറി​യുള്ള സ്ഥലങ്ങളി​ലാ​ണു താമസ​മാ​ക്കി​യി​രു​ന്നത്‌. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ യഹസ്‌കേൽ. കെബാർ നദീതീ​രത്ത്‌ താമസി​ച്ചി​രുന്ന ജൂതന്മാ​രു​ടെ ഇടയി​ലാണ്‌ അദ്ദേഹം കഴിഞ്ഞി​രു​ന്നത്‌. (യഹ. 3:15) എന്നാൽ ചില ജൂത​പ്ര​വാ​സി​കൾ താമസി​ച്ചി​രു​ന്നത്‌ ബാബി​ലോൺ നഗരത്തിൽത്ത​ന്നെ​യാണ്‌. ‘രാജകു​ടും​ബ​ത്തി​ലും കുലീ​ന​കു​ടും​ബ​ങ്ങ​ളി​ലും നിന്നു​ള്ളവർ’ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.​—ദാനി. 1:3, 6; 2 രാജാ. 24:15.

b ഉദാഹ​ര​ണ​ത്തിന്‌, 16-ാം നൂറ്റാ​ണ്ടി​ലെ മതനവീ​ക​ര​ണ​പ്ര​സ്ഥാ​ന​ക്കാ​രിൽ ആരെങ്കി​ലും അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നോ എന്നു നമുക്ക്‌ ഉറപ്പിച്ച്‌ പറയാ​നാ​കില്ല.