ഭരണസംഘത്തിൽനിന്നുള്ള കത്ത്
യഹോവയെ സ്നേഹിക്കുന്ന പ്രിയരേ:
വർഷം 1971. ആ വർഷം നടന്ന “ദിവ്യനാമം” ഡിസ്ട്രിക്റ്റ് സമ്മേളനത്തിൽ, ഹാജരായവരെയെല്ലാം ആവേശഭരിതരാക്കിക്കൊണ്ട് പല പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു. ‘ആരെയും അതിശയിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾ’ എന്നാണ് അവയെ വിശേഷിപ്പിച്ചത്. അതിൽ ഒന്നിനെക്കുറിച്ച് ഒരു സഹോദരൻ പറഞ്ഞത്, “വരാനിരിക്കുന്ന സംഭവങ്ങൾ ഇത്ര ആവേശോജ്ജ്വലമായി വരച്ചുകാട്ടുന്ന ഒരു പ്രസിദ്ധീകരണം ഇതേവരെ കണ്ടിട്ടില്ല!” എന്നാണ്. ഏതായിരുന്നു ആ പുസ്തകം? “ഞാൻ യഹോവ ആകുന്നു എന്ന് ജനതകൾ അറിയും”—എങ്ങനെ? (ഇംഗ്ലീഷ്) എന്നായിരുന്നു അതിന്റെ പേര്. എന്നാൽ ഈ പുസ്തകം ഇത്രയേറെ ആവേശമുണർത്താനുള്ള കാരണം എന്തായിരുന്നു? യഹസ്കേൽ പുസ്തകത്തിലെ പ്രവചനങ്ങളെക്കുറിച്ചുള്ള പുതുക്കിയ ചില വിശദീകരണങ്ങൾ അതിലുണ്ടായിരുന്നു. മുഴുമനുഷ്യസമൂഹത്തിന്റെയും ഭാവിയെ ബാധിക്കുന്ന പ്രവചനങ്ങളായിരുന്നു അവ.
‘യഹോവയെന്ന് അറിയും’ പുസ്തകം പ്രകാശനം ചെയ്തപ്പോൾ ദൈവജനത്തിന്റെ സംഖ്യ ഏകദേശം 15 ലക്ഷമായിരുന്നെങ്കിൽ ഇന്ന് അത് 80 ലക്ഷത്തിലധികമായി കുതിച്ചുയർന്നിരിക്കുന്നു. (യശ. 60:22) അവർ സംസാരിക്കുന്ന ഭാഷകളുടെ എണ്ണമോ? അത് ഇപ്പോൾ 900-ത്തിലധികം വരും. (സെഖ. 8:23) യഹസ്കേൽ പ്രവാചകൻ ദൈവപ്രചോദിതനായി രേഖപ്പെടുത്തിയ പ്രവചനങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന ഒരു പുസ്തകം പഠിക്കാൻ അവരിൽ പലർക്കും ഇതേവരെ അവസരം കിട്ടിയിട്ടില്ല.
അതിനു പുറമേ, 1971-നു ശേഷമുള്ള പതിറ്റാണ്ടുകളിൽ വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവന്നതോടെ പല ബൈബിൾസത്യങ്ങളെക്കുറിച്ചുമുള്ള അറിവിന് ഏറെ വ്യക്തത ലഭിച്ചു. (സുഭാ. 4:18) ‘വേറെ ആടുകളെ’ ദൈവത്തിന്റെ സ്നേഹിതരായി കണക്കാക്കി നീതിമാന്മാരായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് 1985-ൽ നമുക്കു വ്യക്തമായി. (യോഹ. 10:16; റോമ. 5:18; യാക്കോ. 2:23) ഇനി, ആളുകളെ ‘ചെമ്മരിയാടുകളായും’ ‘കോലാടുകളായും’ അന്തിമമായി ന്യായം വിധിക്കുന്നത്, വരാനിരിക്കുന്ന ‘മഹാകഷ്ടതയുടെ’ സമയത്തായിരിക്കുമെന്ന് 1995-ൽ നമ്മൾ മനസ്സിലാക്കി. (മത്താ. 24:21; 25:31, 32) നമ്മുടെ ഗ്രാഹ്യത്തിൽ ഇത്തരം ചില മാറ്റങ്ങൾ വന്നപ്പോൾ യഹസ്കേൽ പുസ്തകത്തിലെ പല ഭാഗങ്ങളെക്കുറിച്ചുമുള്ള നമ്മുടെ അറിവിനും മാറ്റം വന്നു.
“മനുഷ്യപുത്രാ, സശ്രദ്ധം നിരീക്ഷിക്കൂ! ശ്രദ്ധിച്ചുകേൾക്കൂ! ഞാൻ കാണിച്ചുതരുന്നതെല്ലാം നന്നായി ശ്രദ്ധിക്കൂ! കാരണം, നിന്നെ ഇവിടെ കൊണ്ടുവന്നതുതന്നെ ഇതിനുവേണ്ടിയാണ്.”—യഹസ്കേൽ 40:4
സമീപവർഷങ്ങളിൽ ആ വെളിച്ചത്തിന്റെ ശോഭ കൂടുതൽക്കൂടുതൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്നുള്ള പാഠങ്ങൾതന്നെ ഉദാഹരണമായി എടുക്കുക. അത്തരം പല പാഠങ്ങളും ഇന്നു മുമ്പെന്നത്തേതിലും വ്യക്തമാണ്. അതിവേഗം പാഞ്ഞടുക്കുന്ന മഹാകഷ്ടതയുടെ സമയത്ത് അരങ്ങേറാനിരിക്കുന്ന സംഭവങ്ങളിലേക്കാണ് ആ ദൃഷ്ടാന്തങ്ങളിൽ പലതും വിരൽ ചൂണ്ടുന്നത്. യഹസ്കേൽ പുസ്തകത്തിലെ ചില പ്രവചനങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവിനും സമാനമായി മാറ്റം വന്നിട്ടുണ്ട്. മാഗോഗിലെ ഗോഗ് (38, 39 അധ്യായങ്ങൾ), സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യൻ (അധ്യായം 9) എന്നിവരെക്കുറിച്ചും ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ താഴ്വര, ഒന്നായിത്തീരുന്ന രണ്ടു വടി (അധ്യായം 37) എന്നിവയെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ അവയിൽ ചിലതാണ്. നമ്മുടെ ഗ്രാഹ്യത്തിൽ ഇത്തരം ചില മാറ്റങ്ങൾ വന്നതുകൊണ്ട്, ‘യഹോവയെന്ന് അറിയും’ പുസ്തകത്തിൽ വർഷങ്ങൾക്കു മുമ്പ് വിശദീകരിച്ച പല കാര്യങ്ങൾക്കും മാറ്റം വന്നിരിക്കുന്നു.
അതുകൊണ്ടുതന്നെ, “യഹസ്കേലിന്റെ പ്രവചനങ്ങളുടെ പുതുക്കിയ വിശദീകരണങ്ങളുള്ള ഒരു പുസ്തകം എപ്പോഴായിരിക്കും കിട്ടുന്നത്” എന്ന് യഹോവയുടെ ജനത്തിൽ പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന ഈ പുസ്തകം. ഇതിൽ 22 അധ്യായങ്ങളുണ്ട്. അവ വായിച്ച്, അതിലെ അതിമനോഹരമായ ചിത്രങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ ഈ പ്രസിദ്ധീകരണം എത്രമാത്രം ഗവേഷണം ചെയ്താണു തയ്യാറാക്കിയിരിക്കുന്നതെന്നു നിങ്ങൾക്കു ബോധ്യമാകും. ഹൃദയഹാരിയായ ഒരു ബൈബിൾപുസ്തകമാണ് യഹസ്കേൽ. യഹോവ അതു നമുക്കു നൽകിയത് എന്തിനാണെന്നു മനസ്സിലാക്കാൻ ഞങ്ങൾ പ്രാർഥനാപൂർവം വളരെയേറെ ചിന്തിച്ചു. അതിനു സഹായിച്ച ചില ചോദ്യങ്ങൾ ഇതാണ്: യഹസ്കേലിന്റെ കാലത്ത് ജീവിച്ചിരുന്നവർക്ക് യഹസ്കേൽ പുസ്തകം എന്തെല്ലാം പാഠങ്ങൾ പകർന്നുനൽകി? ഇന്നു നമുക്ക് ആ ബൈബിൾപുസ്തകത്തിൽനിന്ന് എന്തെല്ലാം പഠിക്കാം? ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പറയുന്ന പ്രവചനങ്ങൾ ഏതൊക്കെയാണ്? യഹസ്കേലിന്റെ പ്രവചനങ്ങൾക്കു മാതൃക-പ്രതിമാതൃക വിശദീകരണങ്ങൾ
കണ്ടെത്താൻ നമ്മൾ ശ്രമിക്കേണ്ടതുണ്ടോ? ഇവയുടെ ഉത്തരങ്ങൾ, നമ്മൾ വളരെ പ്രിയപ്പെടുന്ന യഹസ്കേൽ പുസ്തകത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനു മുമ്പെന്നത്തേതിലും വ്യക്തത പകർന്നിരിക്കുന്നു.യഹസ്കേൽ പുസ്തകം ആദിയോടന്തം വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തോടു ഭയാദരവ് തോന്നും. ആരാധനയുടെ കാര്യത്തിൽ, സ്വർഗത്തിലും ഭൂമിയിലും ഉള്ളവർക്കായി യഹോവ വെച്ചിരിക്കുന്ന ഉന്നതമായ നിലവാരങ്ങളും നിങ്ങളെ അതിശയിപ്പിച്ചേക്കാം. ആ നിലവാരങ്ങൾ പാലിച്ചാൽ മാത്രമേ യഹോവ ആരാധന സ്വീകരിക്കുകയുള്ളൂ. യഹോവ ഇതിനോടകം തന്റെ ജനത്തിനായി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും വളരെ പെട്ടെന്ന് അവർക്കുവേണ്ടി ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ശുദ്ധാരാധന പുസ്തകത്തിൽനിന്ന് പഠിക്കുമ്പോൾ നിങ്ങൾക്ക് യഹോവയോടു കൂടുതൽ നന്ദി തോന്നും. ഈ പുസ്തകം ആവർത്തിച്ചാവർത്തിച്ച് ഊന്നിപ്പറയുന്ന രണ്ടു വിഷയങ്ങളുണ്ട്: ഒന്ന്, യഹോവയെ പ്രസാദിപ്പിക്കണമെങ്കിൽ യഹോവയാണു പ്രപഞ്ചത്തിന്റെ പരമാധികാരിയെന്നു നമ്മൾ അറിയുകയും അംഗീകരിക്കുകയും വേണം. രണ്ട്, നമ്മുടെ ആരാധന യഹോവ അംഗീകരിക്കണമെങ്കിൽ യഹോവയുടെ ഉന്നതമായ നിലവാരങ്ങളനുസരിച്ച് നമ്മൾ ജീവിക്കണം.
യഹോവയുടെ മഹത്ത്വമേറിയ, പരിശുദ്ധനാമത്തെ ആദരിക്കുംവിധം യഹോവയെ ആരാധിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിന് ഈ പ്രസിദ്ധീകരണം കരുത്തേകട്ടെ എന്നാണു ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹം. ഒപ്പം, “ഞാൻ യഹോവയാണെന്നു ജനതകൾ അറിയേണ്ടിവരും” എന്ന വാക്കുകൾ നിറവേറുന്ന കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാനും ഈ പുസ്തകം നിങ്ങളെ സഹായിക്കട്ടെ!—യഹ. 36:23; 38:23.
നമ്മുടെ സ്നേഹവാനായ പിതാവ് യഹസ്കേൽ പ്രവാചകനെക്കൊണ്ട് എഴുതിച്ച പുസ്തകം പഠിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ അതിന്മേൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹമുണ്ടാകട്ടെ!
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം