വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

‘നാലു മുഖമുള്ള ആ ജീവികൾ’ ആരാണ്‌?

‘നാലു മുഖമുള്ള ആ ജീവികൾ’ ആരാണ്‌?

യഹസ്‌കേൽ 1:15

മുഖ്യവിഷയം: നാലു ജീവി​ക​ളും അവയിൽനി​ന്നുള്ള പാഠവും

1, 2. ചില സത്യങ്ങൾ മനസ്സി​ലാ​ക്കാൻ ഭൂമി​യി​ലെ തന്റെ ദാസന്മാ​രെ സഹായി​ക്കു​ന്ന​തിന്‌ യഹോവ ദൃശ്യ​സ​ഹാ​യി​കൾ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌ എന്തു​കൊണ്ട്‌?

 ഊണു​മേ​ശയ്‌ക്കു ചുറ്റും ഇരുന്ന്‌ ബൈബിൾ പഠിക്കു​ക​യാണ്‌ ഒരു കുടും​ബം. തന്റെ കുഞ്ഞു​മ​ക്കൾക്ക്‌ ഒരു ബൈബിൾസ​ത്യം മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ പിതാവ്‌ അവരെ ചില ചിത്രങ്ങൾ കാണി​ക്കു​ന്നുണ്ട്‌. കുട്ടി​ക​ളു​ടെ മുഖത്ത്‌ വിരി​യുന്ന ചിരി​യും ആവേശ​ത്തോ​ടെ​യുള്ള ഉത്തരങ്ങ​ളും കണ്ടാൽ അറിയാം അദ്ദേഹ​ത്തി​ന്റെ ശ്രമം ഫലിക്കു​ന്നു​ണ്ടെന്ന്‌. യഹോ​വ​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടുള്ള കാര്യ​ങ്ങൾപോ​ലും ചിത്ര​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ വിശദീ​ക​രി​ച്ച​പ്പോൾ ആ കുരു​ന്നു​കൾക്ക്‌ എളുപ്പം മനസ്സി​ലാ​യി.

2 കാണാത്ത യാഥാർഥ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ തന്റെ മനുഷ്യ​മ​ക്കളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യും അതു​പോ​ലെ ദൃശ്യ​സ​ഹാ​യി​കൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അത്തരം സഹായ​മി​ല്ലാ​തെ അവർക്ക്‌ അതു മനസ്സി​ലാ​കി​ല്ലെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. തന്നെക്കു​റി​ച്ചുള്ള ആഴമേ​റിയ സത്യങ്ങൾ വിശദീ​ക​രി​ക്കാൻ ഉജ്ജ്വല​ചി​ത്രങ്ങൾ നിറഞ്ഞ ഒരു ദർശനം യഹോവ യഹസ്‌കേ​ലി​നെ കാണി​ച്ചത്‌ അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. അതിൽ ഒരു ചിത്ര​ത്തെ​ക്കു​റി​ച്ചാണ്‌ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ കഴിഞ്ഞ അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ചത്‌. ശ്രദ്ധേ​യ​മായ ആ ദർശന​ത്തി​ന്റെ ഒരു ഭാഗം നമുക്ക്‌ ഇപ്പോൾ അടുത്ത്‌ പരി​ശോ​ധി​ക്കാം. അതിന്റെ അർഥം മനസ്സി​ലാ​ക്കു​ന്നത്‌ യഹോ​വ​യോട്‌ അടുക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ കാണും.

‘നാലു ജീവി​ക​ളു​ടേ​തു​പോ​ലുള്ള രൂപങ്ങൾ’

3. (എ) യഹസ്‌കേൽ 1:4, 5 പറയുന്നത​നു​സ​രിച്ച്‌ യഹസ്‌കേൽ ദർശന​ത്തിൽ എന്താണു കണ്ടത്‌? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.) (ബി) യഹസ്‌കേൽ ദർശനം രേഖ​പ്പെടുത്തിയ രീതി​യു​ടെ പ്രത്യേ​കത എന്താണ്‌?

3 യഹസ്‌കേൽ 1:4, 5 വായി​ക്കുക. ‘നാലു ജീവി​ക​ളു​ടേ​തു​പോ​ലുള്ള ആ രൂപങ്ങൾക്കു’ ദൈവ​ദൂ​ത​ന്മാ​രു​ടെ​യും മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും സവി​ശേ​ഷ​തകൾ ഉണ്ടായി​രു​ന്നെന്ന്‌ യഹസ്‌കേൽ വർണി​ക്കു​ന്നു. താൻ കണ്ട കാര്യങ്ങൾ യഹസ്‌കേൽ വളരെ കൃത്യ​ത​യോ​ടെ, അങ്ങനെ​തന്നെ രേഖ​പ്പെ​ടു​ത്തി എന്നാണു “ജീവി​ക​ളു​ടേ​തു​പോ​ലുള്ള” എന്ന പദപ്ര​യോ​ഗ​ത്തി​ലെ, “പോലുള്ള” എന്ന ഭാഗം സൂചി​പ്പി​ക്കു​ന്നത്‌. യഹസ്‌കേൽ 1-ാം അധ്യാ​യ​ത്തി​ലെ ദർശനം മുഴു​വ​നാ​യി വായി​ക്കു​മ്പോൾ, “പോലെ,” “പോലെ . . . തോന്നി,” “പോലെ തോന്നി​ച്ചു” എന്നീ പദപ്ര​യോ​ഗങ്ങൾ പ്രവാ​ചകൻ ആവർത്തിച്ച്‌ ഉപയോ​ഗി​ക്കു​ന്ന​താ​യി കാണാം. (യഹ. 1:13, 24, 26) താൻ കണ്ടതെ​ല്ലാം സ്വർഗ​ത്തി​ലെ അദൃശ്യ​മായ യാഥാർഥ്യ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യുന്ന ചിത്രീ​ക​ര​ണങ്ങൾ മാത്ര​മാ​ണെന്ന്‌ യഹസ്‌കേൽ തിരി​ച്ച​റി​ഞ്ഞു എന്നു വ്യക്തം.

4. (എ) ദർശനം യഹസ്‌കേ​ലി​നെ എങ്ങനെ ബാധിച്ചു? (ബി) കെരൂ​ബു​ക​ളെ​ക്കു​റിച്ച്‌ യഹസ്‌കേ​ലി​നു നിശ്ചയ​മാ​യും എന്ത്‌ അറിയാ​മാ​യി​രു​ന്നു?

4 ആ ദിവ്യ​ദർശ​ന​ത്തി​ലെ കാഴ്‌ച​ക​ളും ശബ്ദങ്ങളും യഹസ്‌കേ​ലി​നെ ശരിക്കും അമ്പരപ്പി​ച്ചു​കാ​ണും. കാരണം ആ നാലു ജീവികൾ കാഴ്‌ച​യ്‌ക്കു “തീക്കനൽപോ​ലി​രു​ന്നു;” സഞ്ചാര​ത്തി​ന്റെ വേഗമോ ‘മിന്നൽപ്പി​ണർപോ​ലെ​യും.’ “ആർത്തി​ര​മ്പി​വ​രുന്ന വെള്ളത്തി​ന്റെ ശബ്ദം​പോ​ലെ”യായി​രു​ന്നു അവയുടെ ചിറക​ടി​ശബ്ദം. അവ നീങ്ങു​മ്പോൾ “സൈന്യ​ത്തി​ന്റെ ആരവം​പോ​ലെ” ഒരു ശബ്ദം ഉയർന്നു. (യഹ. 1:13, 14, 24-28; “ഞാൻ ആ ജീവി​കളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ . . . ” എന്ന ചതുരം കാണുക.) ശക്തി​യേ​റിയ ദൈവ​ദൂ​ത​ന്മാ​രായ ‘കെരൂ​ബു​ക​ളാണ്‌’ ആ നാലു ജീവികൾ എന്നു പിന്നീടു കണ്ട ഒരു ദർശന​ത്തിൽനിന്ന്‌ യഹസ്‌കേൽ മനസ്സി​ലാ​ക്കി. (യഹ. 10:2) കെരൂ​ബു​കൾക്കു ദൈവ​സ​ന്നി​ധി​യു​മാ​യി അടുത്ത ബന്ധമു​ണ്ടെ​ന്നും അവർ ദൈവ​ത്തി​ന്റെ സേവക​ന്മാ​രാ​യി പ്രവർത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും പുരോ​ഹി​ത​കു​ടും​ബ​ത്തിൽ വളർന്നു​വന്ന യഹസ്‌കേ​ലി​നു നിശ്ചയ​മാ​യും അറിയാ​മാ​യി​രു​ന്നു.​—1 ദിന. 28:18; സങ്കീ. 18:10.

‘ഓരോ​ന്നി​നും നാലു മുഖം’

5. (എ) കെരൂ​ബു​ക​ളും അവയുടെ നാലു മുഖവും യഹോ​വ​യു​ടെ അപാര​മായ ശക്തിയും മഹത്ത്വ​വും പ്രതി​ഫ​ലി​പ്പി​ച്ചത്‌ എങ്ങനെ? (ബി) ദർശന​ത്തി​ന്റെ ഈ ഭാഗം, ദൈവ​നാ​മ​ത്തി​ന്റെ അർഥവു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? (അടിക്കു​റി​പ്പു കാണുക.)

5 യഹസ്‌കേൽ 1:6, 10 വായി​ക്കുക. യഹസ്‌കേൽ കണ്ട ആ കെരൂ​ബു​ക​ളിൽ ഓരോ​ന്നി​നും നാലു മുഖം ഉണ്ടായി​രു​ന്നു​—മനുഷ്യ​ന്റെ മുഖം, സിംഹ​ത്തി​ന്റെ മുഖം, കാളയു​ടെ മുഖം, കഴുകന്റെ മുഖം. ഈ നാലു മുഖം കണ്ടപ്പോൾ യഹോവ എത്രയ​ധി​കം ശക്തിയും മഹത്ത്വ​വും ഉള്ളവനാ​ണെന്ന കാര്യം യഹസ്‌കേ​ലി​ന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു​കാ​ണും. എങ്ങനെ? ആ ഓരോ മുഖവും പ്രതാ​പ​ത്തെ​യും ശക്തി​യെ​യും സൂചി​പ്പി​ക്കുന്ന ജീവി​ക​ളു​ടേ​താ​യി​രു​ന്നു. സിംഹം പ്രതാ​പ​ശാ​ലി​യായ ഒരു വന്യമൃ​ഗ​മാണ്‌; ആരിലും മതിപ്പു​ള​വാ​ക്കുന്ന ഒരു വളർത്തു​മൃ​ഗ​മാ​ണു കാള; ശക്തി​യേ​റിയ ഒരു പക്ഷിയാ​ണു കഴുകൻ; ദൈവ​ത്തി​ന്റെ ഭൗമി​ക​സൃ​ഷ്ടി​കൾക്കു മകുടം ചാർത്തുന്ന മനുഷ്യ​നാ​കട്ടെ, ഭൂമി​യി​ലെ മറ്റെല്ലാ ജീവി​ക​ളെ​യും ഭരിക്കു​ന്ന​വ​നു​മാണ്‌. (സങ്കീ. 8:4-6) എന്നാൽ ഒരു കാര്യം ശ്രദ്ധേ​യ​മാണ്‌: ഓരോ കെരൂ​ബി​ന്റെ​യും നാലു മുഖങ്ങൾ സൂചി​പ്പിച്ച, സൃഷ്ടി​ക​ളു​ടെ ഈ നാലു പ്രതി​നി​ധി​ക​ളും ശക്തരാ​ണെ​ങ്കി​ലും അവ അത്യു​ന്ന​ത​പ​ര​മാ​ധി​കാ​രി​യായ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു കീഴെ നിൽക്കു​ന്ന​താ​യാണ്‌ യഹസ്‌കേൽ ആ ദർശന​ത്തിൽ കണ്ടത്‌. തന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ യഹോ​വയ്‌ക്കു തന്റെ സൃഷ്ടി​കളെ ഉപയോ​ഗി​ക്കാ​നാ​കും എന്നതിന്റെ എത്ര നല്ല ഒരു ചിത്രീ​ക​രണം! a അതെ, “ദൈവ​മ​ഹ​ത്ത്വം ഭൂമി​യെ​ക്കാ​ളും സ്വർഗ​ത്തെ​ക്കാ​ളും ഉന്നതം” എന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞ സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ എത്ര സത്യമാണ്‌!​—സങ്കീ. 148:13.

നാലു ജീവി​ക​ളും അവയുടെ നാലു മുഖവും യഹോ​വ​യു​ടെ ശക്തിമാ​ഹാ​ത്മ്യ​ങ്ങ​ളെ​യും ഗുണങ്ങ​ളെ​യും കുറിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (5, 13 ഖണ്ഡികകൾ കാണുക)

6. ആ നാലു മുഖം മറ്റു ഗുണങ്ങ​ളെ​യും പ്രതീ​ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ ന്നു മനസ്സി​ലാ​ക്കാൻ യഹസ്‌കേ​ലി​നെ എന്തു സഹായി​ച്ചി​രി​ക്കാം?

6 താൻ കണ്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹസ്‌കേൽ പിന്നീടു സമയ​മെ​ടുത്ത്‌ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. മുൻകാ​ല​ങ്ങ​ളിൽ ദൈവ​ദാ​സ​ന്മാർ മൃഗങ്ങളെ താരത​മ്യ​ങ്ങ​ളാ​യി ഉപയോ​ഗി​ച്ച​തി​നെ​ക്കു​റിച്ച്‌ അപ്പോൾ അദ്ദേഹ​ത്തി​ന്റെ മനസ്സി​ലേക്കു വന്നിരി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഗോ​ത്ര​പി​താ​വായ യാക്കോബ്‌ തന്റെ മകനായ യഹൂദയെ ഒരു സിംഹ​ത്തോ​ടും മറ്റൊരു മകനായ ബന്യാ​മീ​നെ ചെന്നാ​യോ​ടും താരത​മ്യം ചെയ്‌തു. (ഉൽപ. 49:9, 27) എന്തു​കൊണ്ട്‌? കാരണം, സിംഹ​വും ചെന്നാ​യും പ്രതീ​ക​പ്പെ​ടു​ത്തുന്ന ചില ഗുണങ്ങൾ ഭാവി​യിൽ ഇവരു​ടെ​യും ഇവരുടെ പിൻത​ല​മു​റ​ക്കാ​രു​ടെ​യും ഒരു മുഖ്യ​സ​വി​ശേഷത ആയിത്തീ​രു​മാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു​ക​ളിൽ മോശ രേഖ​പ്പെ​ടു​ത്തിയ ഇത്തരം ഉദാഹ​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ, ആ കെരൂ​ബു​ക​ളു​ടെ മുഖങ്ങ​ളും സവി​ശേ​ഷ​മായ ചില ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​ണെന്ന്‌ യഹസ്‌കേൽ നിഗമനം ചെയ്‌തു​കാ​ണും. ഏതെല്ലാം ഗുണങ്ങൾ?

യഹോ​വ​യു​ടെ​യും സ്വർഗീ​യ​കു​ടും​ബ​ത്തി​ന്റെ​യും ഗുണങ്ങൾ

7, 8. കെരൂ​ബു​ക​ളു​ടെ നാലു മുഖം ഏതെല്ലാം ഗുണങ്ങളെ പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​താ​യി വിശദീ​ക​രി​ക്കാ​റുണ്ട്‌?

7 യഹസ്‌കേ​ലി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന ബൈബി​ളെ​ഴു​ത്തു​കാർ സിംഹം, കഴുകൻ, കാള എന്നിവയെ ഏതെല്ലാം ഗുണങ്ങ​ളു​മാ​യാ​ണു ബന്ധിപ്പി​ച്ചത്‌? “സിംഹ​ത്തെ​പ്പോ​ലെ ധീരനായ ഒരാളു​ടെ ഹൃദയം” എന്നു ബൈബിൾ പറയുന്നു. (2 ശമു. 17:10; സുഭാ. 28:1) ‘കഴുകൻ പറന്നു​യ​രു​ന്നു,’ “അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കു​ന്നു” എന്നും (ഇയ്യോ. 39:27, 29) “കാളയു​ടെ കരുത്തു ധാരാളം വിളവ്‌ നൽകും” എന്നും (സുഭാ. 14:4) അതിൽ കാണു​ന്നുണ്ട്‌. ഇത്തരം തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ, സിംഹത്തിന്റെ മുഖം ധീരത​യോ​ടെ നടപ്പാ​ക്കുന്ന നീതി​യെ​യും കഴുകന്റെ മുഖം ദീർഘ​ദൃ​ഷ്ടി​യുള്ള ജ്ഞാന​ത്തെ​യും കാളയു​ടെ മുഖം തടുക്കാ​നാ​കാത്ത ശക്തി​യെ​യും കുറി​ക്കു​ന്ന​താ​യി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിശദീ​ക​രി​ക്കാ​റുണ്ട്‌.

8 അപ്പോൾ ‘മനുഷ്യ​മു​ഖ​മോ?’ (യഹ. 10:14) ന്യായ​മാ​യും അതു ദൈവ​ത്തി​ന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യർക്ക​ല്ലാ​തെ മൃഗങ്ങൾക്കൊ​ന്നി​നും പ്രതീ​ക​പ്പെ​ടു​ത്താൻ പറ്റാത്ത ഒരു ഗുണ​ത്തെ​യാ​യി​രി​ക്കണം കുറി​ക്കു​ന്നത്‌. (ഉൽപ. 1:27) ഭൂമി​യി​ലെ മറ്റെല്ലാ സൃഷ്ടി​ക​ളിൽനി​ന്നും മനുഷ്യ​നെ വ്യത്യസ്‌ത​നാ​ക്കുന്ന ആ ഗുണം ഏതാണ്‌? ‘നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കണം,’ “നിന്റെ സഹമനു​ഷ്യ​നെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്നീ ദൈവ​കല്‌പ​നകൾ ഊന്നൽ നൽകു​ന്നത്‌ ആ ഗുണത്തി​നാണ്‌. (ആവ. 6:5; ലേവ്യ 19:18) നിസ്സ്വാർഥ​സ്‌നേഹം കാണി​ച്ചു​കൊണ്ട്‌ ഈ കല്‌പ​നകൾ അനുസ​രി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ സ്‌നേ​ഹ​മാ​ണു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. അപ്പോസ്‌ത​ല​നായ യോഹ​ന്നാൻ എഴുതി​യ​തു​പോ​ലെ, “ദൈവം ആദ്യം നമ്മളെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടാ​ണു നമ്മൾ സ്‌നേ​ഹി​ക്കു​ന്നത്‌.” (1 യോഹ. 4:8, 19) അതെ, ‘മനുഷ്യ​മു​ഖം’ പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു സ്‌നേ​ഹ​ത്തെ​യാണ്‌.

9. കെരൂ​ബു​ക​ളു​ടെ മുഖങ്ങൾ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ ആരുടെ ഗുണങ്ങ​ളാണ്‌?

9 ഇതെല്ലാം ആരുടെ ഗുണങ്ങ​ളാണ്‌? ആ മുഖങ്ങൾ കെരൂ​ബു​ക​ളു​ടേ​താ​യി​രു​ന്ന​ല്ലോ. ആ കെരൂ​ബു​ക​ളാ​കട്ടെ യഹോ​വ​യു​ടെ സ്വർഗീ​യ​കു​ടും​ബ​ത്തി​ലെ വിശ്വസ്‌ത​രായ എല്ലാ ആത്മവ്യ​ക്തി​ക​ളെ​യു​മാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. അതു​കൊണ്ട്‌ അവർക്കെ​ല്ലാം ആ ഗുണങ്ങ​ളുണ്ട്‌. (വെളി. 5:11) ഇനി, കെരൂ​ബു​ക​ളു​ടെ ജീവന്റെ ഉറവ്‌ യഹോ​വ​യാ​യ​തു​കൊണ്ട്‌ അവർക്കുള്ള ഗുണങ്ങ​ളു​ടെ ഉറവും യഹോ​വ​യാണ്‌. (സങ്കീ. 36:9) അതു​കൊണ്ട്‌ ആ കെരൂ​ബു​ക​ളു​ടെ മുഖങ്ങൾ യഹോ​വ​യു​ടെ​തന്നെ ഗുണങ്ങളെ ചിത്രീ​ക​രി​ക്കു​ന്നു എന്നു പറയാം. (ഇയ്യോ. 37:23; സങ്കീ. 99:4; സുഭാ. 2:6; മീഖ 7:18) അങ്ങനെ​യെ​ങ്കിൽ യഹോവ ഈ സവി​ശേ​ഷ​ഗു​ണങ്ങൾ പ്രകടി​പ്പി​ക്കുന്ന ചില വിധങ്ങൾ ഏതെല്ലാ​മാണ്‌?

10, 11. യഹോ​വ​യു​ടെ നാലു പ്രമു​ഖ​ഗു​ണങ്ങൾ ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു പ്രയോ​ജനം ചെയ്യു​ന്നുണ്ട്‌?

10 നീതി. ‘നീതിയെ സ്‌നേ​ഹി​ക്കുന്ന’ ദൈവ​മാ​യ​തു​കൊണ്ട്‌ യഹോവ ആരോ​ടും ‘പക്ഷപാതം കാണി​ക്കില്ല.’ (സങ്കീ. 37:28; ആവ. 10:17) അതു​കൊ​ണ്ടു​തന്നെ സമൂഹ​ത്തിൽ നമുക്കുള്ള സ്ഥാനവും നമ്മുടെ പശ്ചാത്ത​ല​വും എന്തുമാ​കട്ടെ, നമു​ക്കെ​ല്ലാ​വർക്കും യഹോ​വ​യു​ടെ സേവക​രാ​കാ​നും ആ നിലയിൽ തുടരാ​നും നിത്യാ​നു​ഗ്ര​ഹങ്ങൾ നേടാ​നും അവസര​മുണ്ട്‌. ജ്ഞാനം. ‘ജ്ഞാനി​യായ’ ദൈവം ‘പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തി​ന്റെ’ കലവറ​യായ ഒരു പുസ്‌തകം നമുക്കു തന്നിരി​ക്കു​ന്നു. (ഇയ്യോ. 9:4; സുഭാ. 2:7, അടിക്കു​റിപ്പ്‌) ബൈബി​ളി​ലെ ജ്ഞാനോ​പ​ദേ​ശങ്ങൾ അനുസ​രി​ക്കു​ന്നതു നിത്യ​ജീ​വി​ത​ത്തി​ലെ വെല്ലു​വി​ളി​കൾ നേരി​ടാ​നും അർഥപൂർണ​മായ ഒരു ജീവിതം നയിക്കാ​നും നമ്മളെ സഹായി​ക്കും. ശക്തി. ‘അതിശ​ക്ത​നായ’ യഹോവ നമുക്ക്‌ “അസാധാ​ര​ണ​ശക്തി” തരാൻ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നു. എത്ര കഠിന​വും വേദനാ​ജ​ന​ക​വും ആയ പരി​ശോ​ധ​നകൾ നേരി​ട്ടാ​ലും പിടി​ച്ചു​നിൽക്കാൻ അതു നമ്മളെ സഹായി​ക്കും.​—നഹൂം 1:3; 2 കൊരി. 4:7; സങ്കീ. 46:1.

11 സ്‌നേഹം. ‘അചഞ്ചല​സ്‌നേഹം നിറഞ്ഞ​വ​നായ’ യഹോവ വിശ്വസ്‌ത​രായ തന്റെ ആരാധ​കരെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. (സങ്കീ. 103:8; 2 ശമു. 22:26) അതു​കൊണ്ട്‌ ആരോ​ഗ്യ​പ്രശ്‌ന​ങ്ങ​ളോ പ്രായാ​ധി​ക്യ​മോ കാരണം യഹോ​വ​യു​ടെ സേവന​ത്തിൽ മുമ്പത്തെ അത്രയും ചെയ്യാ​നാ​കു​ന്നില്ല എന്നൊരു ദുഃഖ​മു​ണ്ടെ​ങ്കിൽ ഓർക്കുക: കഴിഞ്ഞ കാലങ്ങ​ളിൽ നമ്മൾ ദൈവ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും നമ്മൾ ചെയ്‌ത കഠിനാ​ധ്വാ​ന​വും യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല. (എബ്രാ. 6:10) എന്തൊരു ആശ്വാ​സ​മാണ്‌ അത്‌! അതെ, യഹോ​വ​യു​ടെ പ്രമു​ഖ​ഗു​ണ​ങ്ങ​ളായ നീതി, ജ്ഞാനം, ശക്തി, സ്‌നേഹം എന്നിവ നമുക്ക്‌ ഇപ്പോൾത്തന്നെ വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യു​ന്നുണ്ട്‌; ഭാവി​യി​ലും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.

12. യഹോ​വ​യു​ടെ ഗുണങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള നമ്മുടെ കഴിവി​നെ​ക്കു​റിച്ച്‌ നമ്മൾ എന്ത്‌ ഓർക്കണം?

12 മനുഷ്യ​രായ നമ്മൾ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ എത്രതന്നെ മനസ്സി​ലാ​ക്കി​യാ​ലും, അതു ‘ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളു​ടെ ഒരു അറ്റം മാത്ര​മാ​യി​രി​ക്കും’ എന്ന്‌ ഓർക്കുക. (ഇയ്യോ. 26:14) ‘ദൈവ​മാ​ഹാ​ത്മ്യം നമ്മുടെ ഗ്രാഹ്യ​ത്തിന്‌ അതീത​മാ​യ​തു​കൊണ്ട്‌’ “സർവശ​ക്തനെ മനസ്സി​ലാ​ക്കാൻ നമുക്കാ​കില്ല.” (ഇയ്യോ. 37:23; സങ്കീ. 145:3) അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ല്ലാം എണ്ണിത്തീർക്കാ​നോ തരംതി​രി​ക്കാ​നോ നമുക്കു കഴിയു​ക​യു​മില്ല. (റോമർ 11:33, 34 വായി​ക്കുക.) വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ ഗുണങ്ങൾ അസംഖ്യ​മാ​ണെ​ന്നും അവയുടെ അർഥത​ലങ്ങൾ തിട്ട​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും യഹസ്‌കേ​ലി​ന്റെ ദർശനം​തന്നെ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. (സങ്കീ. 139:17, 18) അങ്ങനെ​യെ​ങ്കിൽ ദർശന​ത്തി​ലെ ഏതു ഭാഗമാണ്‌ ആ സുപ്ര​ധാ​ന​സ​ത്യം വെളി​പ്പെ​ടു​ത്തു​ന്നത്‌?

‘നാലു മുഖം, നാലു ചിറക്‌, നാലു വശം’

13, 14. കെരൂ​ബു​ക​ളു​ടെ നാലു മുഖം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു, നമുക്ക്‌ എങ്ങനെ ആ നിഗമ​ന​ത്തി​ലെ​ത്താം?

13 ഓരോ കെരൂ​ബി​നും ഓരോ മുഖമല്ല, നാലു മുഖം ഉള്ളതാ​യാണ്‌ യഹസ്‌കേൽ ദിവ്യ​ദർശ​ന​ത്തിൽ കണ്ടത്‌. അത്‌ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? നമ്മൾ മുമ്പ്‌ കണ്ടതു​പോ​ലെ ദൈവ​വ​ച​ന​ത്തിൽ നാല്‌ എന്ന സംഖ്യ മിക്ക​പ്പോ​ഴും തികവി​നെ​യാ​ണു കുറി​ക്കു​ന്നത്‌, അതായത്‌ ഒന്നും ഒഴിവാ​ക്കാ​തെ എല്ലാം ഉൾപ്പെ​ടു​ത്തു​ന്നു എന്ന്‌ അർഥം. (യശ. 11:12; മത്താ. 24:31; വെളി. 7:1) നാല്‌ എന്ന സംഖ്യ​യെ​ക്കു​റിച്ച്‌ ഈ ദർശന​ത്തിൽത്തന്നെ യഹസ്‌കേൽ 11 പ്രാവ​ശ്യം പരാമർശി​ക്കു​ന്നുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. (യഹ. 1:5-18) ഇതിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? ആ നാലു കെരൂ​ബു​കൾ വിശ്വസ്‌ത​രായ എല്ലാ ആത്മവ്യ​ക്തി​ക​ളെ​യും പ്രതി​നി​ധാ​നം ചെയ്‌ത​തു​പോ​ലെ കെരൂ​ബു​ക​ളു​ടെ നാലു മുഖവും​കൂ​ടി ഒന്നി​ച്ചെ​ടു​ത്താൽ അതു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ എല്ലാ ഗുണങ്ങ​ളെ​യു​മാണ്‌. b

14 കെരൂ​ബു​ക​ളു​ടെ നാലു മുഖം പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു നാലു ഗുണങ്ങളെ മാത്രമല്ല എന്നതു ദൃഷ്ടാ​ന്തീ​ക​രി​ക്കാൻ അവയെ ഈ ദർശന​ത്തി​ലെ നാലു ചക്രവു​മാ​യി ഒന്നു താരത​മ്യം ചെയ്യാം. ഓരോ ചക്രവും അതിഗം​ഭീ​ര​മാ​ണെ​ങ്കി​ലും അവയെ ഒന്നി​ച്ചെ​ടു​ത്താൽ ഒറ്റപ്പെട്ട നാലു ചക്രങ്ങ​ളാ​യല്ല പകരം ആ രഥത്തെ താങ്ങി​നി​റു​ത്തുന്ന, അതിന്റെ അവിഭാ​ജ്യ​ഘ​ട​ക​മാ​യാ​ണു നമ്മൾ കാണു​ന്നത്‌. സമാന​മാ​യി, ആ നാലു മുഖവും ഒന്നി​ച്ചെ​ടു​ത്താൽ, അവ ഒറ്റപ്പെട്ട നാലു ഗുണങ്ങളല്ല, പകരം യഹോ​വ​യു​ടെ ഭയാദ​രവ്‌ ഉണർത്തുന്ന വ്യക്തി​ത്വ​ത്തി​ന്റെ അടിസ്ഥാ​ന​മാണ്‌.

യഹോവ തന്റെ എല്ലാ വിശ്വസ്‌ത​ദാ​സ​ന്മാർക്കും സമീപസ്ഥൻ

15. യഹസ്‌കേൽ കണ്ട ആദ്യദർശനം അദ്ദേഹ​ത്തി​നു പ്രോ​ത്സാ​ഹനം പകർന്നത്‌ എങ്ങനെ?

15 യഹോ​വ​യു​മാ​യി തനിക്കുള്ള ബന്ധത്തെ​ക്കു​റിച്ച്‌ ഈ ആദ്യദർശനം യഹസ്‌കേ​ലി​നെ സുപ്ര​ധാ​ന​മായ ഒരു കാര്യം പഠിപ്പി​ച്ചു. അദ്ദേഹത്തെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പിച്ച അക്കാര്യം എന്തായി​രു​ന്നു? യഹസ്‌കേൽ പുസ്‌ത​ക​ത്തി​ന്റെ പ്രാരം​ഭ​വാ​ക്കു​ക​ളിൽ അതിനുള്ള ഉത്തരമുണ്ട്‌. താൻ ‘കൽദയ​ദേ​ശത്ത്‌’ കഴിയു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞിട്ട്‌ അവി​ടെ​വെച്ച്‌ തനിക്കു​ണ്ടായ ഒരു അനുഭ​വ​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ പറഞ്ഞു: “അവി​ടെ​യാ​യി​രി​ക്കെ യഹോ​വ​യു​ടെ കൈ അവന്റെ മേൽ വന്നു.” (യഹ. 1:3) ഒരു കാര്യം ശ്രദ്ധി​ച്ചോ? തനിക്ക്‌ ആ ദർശനം കിട്ടി​യത്‌ യരുശ​ലേ​മിൽ ആയിരി​ക്കു​മ്പോ​ഴല്ല, മറിച്ച്‌ അവി​ടെ​യാ​യി​രി​ക്കെ, അതായത്‌ ബാബി​ലോ​ണിൽ ആയിരി​ക്കെ, ആണെന്നാണ്‌ യഹസ്‌കേൽ പറഞ്ഞത്‌. c അത്‌ യഹസ്‌കേ​ലി​നെ എന്താണു പഠിപ്പി​ച്ചത്‌? താൻ യരുശ​ലേ​മിൽനി​ന്നും അവിടത്തെ ദേവാ​ല​യ​ത്തിൽനി​ന്നും വളരെ അകലെ വെറു​മൊ​രു പ്രവാ​സി​യാ​യി കഴിയു​ക​യാ​ണെ​ങ്കി​ലും യഹോ​വ​യിൽനി​ന്നും യഹോ​വ​യു​ടെ ആരാധ​ന​യിൽനി​ന്നും തന്നെ അകറ്റാൻ അതിനാ​കില്ല. ബാബി​ലോ​ണിൽവെച്ച്‌ യഹോവ യഹസ്‌കേ​ലി​നു പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ യഹസ്‌കേ​ലിന്‌ ഒരു കാര്യം വ്യക്തമാ​യി: ദൈവ​ത്തി​നു ശുദ്ധാ​രാ​ധന അർപ്പി​ക്കു​ന്ന​തിന്‌, ഒരാൾ എവിടെ ആയിരി​ക്കു​ന്നു എന്നതോ സമൂഹ​ത്തിൽ അയാൾക്കുള്ള നിലയോ വിലയോ ഒന്നും ഒരു തടസ്സമല്ല. ഒരാളു​ടെ ഹൃദയ​നി​ല​യും യഹോ​വയെ സേവി​ക്കാ​നുള്ള അയാളു​ടെ ആഗ്രഹ​വും ആണ്‌ പ്രധാനം.

16. (എ) യഹസ്‌കേ​ലി​ന്റെ ദർശനം, നമ്മളെ ആശ്വസി​പ്പി​ക്കുന്ന എന്ത്‌ ഉറപ്പാണു തരുന്നത്‌? (ബി) യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

16 യഹസ്‌കേൽ മനസ്സി​ലാ​ക്കിയ ആ സത്യം ഇന്നു നമുക്കു വലി​യൊ​രു ആശ്വാ​സ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? നമ്മൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ച്ചാൽ യഹോവ എപ്പോ​ഴും നമ്മുടെ അരികിൽത്ത​ന്നെ​യു​ണ്ടാ​കും എന്നൊരു ഉറപ്പാണ്‌ അതു തരുന്നത്‌. നമ്മൾ ജീവി​ക്കു​ന്നത്‌ എവി​ടെ​യാ​ണെ​ങ്കി​ലും, നമ്മൾ എത്ര മനംത​കർന്ന അവസ്ഥയി​ലാ​ണെ​ങ്കി​ലും, നമ്മുടെ സാഹച​ര്യം എത്ര മോശ​മാ​ണെ​ങ്കി​ലും അതിന്‌ ഒരു മാറ്റവു​മില്ല. (സങ്കീ. 25:14; പ്രവൃ. 17:27) അചഞ്ചല​സ്‌നേഹം നിറഞ്ഞ​വ​നാ​യ​തു​കൊണ്ട്‌ യഹോ​വയ്‌ക്ക്‌ തന്റെ ഒരു ദാസ​നെ​യും അത്ര പെട്ടെന്ന്‌ ഉപേക്ഷി​ക്കാ​നാ​കില്ല. (പുറ. 34:6) അതു​കൊ​ണ്ടു​തന്നെ നമ്മളാ​രും ഒരിക്ക​ലും യഹോ​വ​യു​ടെ അചഞ്ചലസ്‌നേ​ഹ​ത്തി​ന്റെ എത്തുപാ​ടിന്‌ അതീതരല്ല. (സങ്കീ. 100:5; റോമ. 8:35-39) യഹോ​വ​യു​ടെ വിശു​ദ്ധി​യും അപാര​മായ ശക്തിയും വെളി​പ്പെ​ടു​ത്തിയ ആ ഗംഭീ​ര​ദർശനം നമ്മളെ മറ്റൊരു കാര്യ​വും ഓർമി​പ്പി​ച്ചു: യഹോ​വ​യാ​ണു നമ്മുടെ ആരാധ​നയ്‌ക്കു യോഗ്യൻ! (വെളി. 4:9-11) വാസ്‌ത​വ​ത്തിൽ തന്നെക്കു​റി​ച്ചും തന്റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള സുപ്ര​ധാ​ന​മായ ചില സത്യങ്ങൾ പഠിപ്പി​ക്കാൻ യഹോവ ഇത്തരം ദർശനങ്ങൾ ഉപയോ​ഗി​ച്ച​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! യഹോ​വ​യു​ടെ ആകർഷ​ക​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കും​തോ​റും നമുക്ക്‌ യഹോ​വ​യോട്‌ അടുപ്പം തോന്നും. മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ശ​ക്തി​യോ​ടും കൂടെ യഹോ​വയെ സ്‌തു​തി​ക്കാ​നും സേവി​ക്കാ​നും അതു നമ്മളെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യും.​—ലൂക്കോ. 10:27.

നമ്മൾ ഒരിക്ക​ലും യഹോ​വ​യു​ടെ അചഞ്ചലസ്‌നേ​ഹ​ത്തി​ന്റെ എത്തുപാ​ടിന്‌ അതീതരല്ല (16-ാം ഖണ്ഡിക കാണുക)

17. തുടർന്നുള്ള അധ്യാ​യ​ങ്ങ​ളിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ കാണും?

17 എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, യഹസ്‌കേ​ലി​ന്റെ കാലത്ത്‌ ശുദ്ധാ​രാ​ധ​നയ്‌ക്കു കളങ്കം തട്ടി. അത്‌ എങ്ങനെ സംഭവി​ച്ചു? യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ആ സംഭവ​ങ്ങൾക്കു നമ്മുടെ ജീവി​ത​ത്തിൽ എന്തു പ്രാധാ​ന്യ​മാ​ണു​ള്ളത്‌? ഇതി​നെ​ല്ലാ​മുള്ള ഉത്തരങ്ങൾ തുടർന്നുള്ള അധ്യാ​യ​ങ്ങ​ളിൽ നമ്മൾ കാണും.

a ജീവി​ക​ളെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ഈ വിവരണം യഹോവ എന്ന ദൈവ​നാ​മ​ത്തി​ന്റെ അർഥം നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു. “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌ ആ പേരിന്റെ അർഥ​മെന്നു കരുത​പ്പെ​ടു​ന്നു. തന്റെ ഉദ്ദേശ്യം സാക്ഷാത്‌ക​രി​ക്കാൻവേണ്ടി തന്റെ സൃഷ്ടികൾ എന്ത്‌ ആയിത്തീ​ര​ണ​മോ അവയെ അങ്ങനെ ആക്കിത്തീർക്കാൻ യഹോ​വയ്‌ക്കാ​കും എന്നൊരു ആശയവും യഹോവ എന്ന പേരിൽ അടങ്ങി​യി​ട്ടുണ്ട്‌.​—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ അനുബന്ധം എ4 കാണുക.

b കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ യഹോ​വ​യു​ടെ 50-ഓളം ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച ചെയ്‌തി​ട്ടുണ്ട്‌.​—യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യിൽ “ദൈവ​മായ യഹോവ” എന്നതിനു കീഴിലെ “യഹോ​വ​യു​ടെ ഗുണങ്ങൾ” എന്ന ഉപതല​ക്കെട്ടു കാണുക.

c പ്രവാ​ച​കന്റെ “ആവേശം ഇത്ര മനോ​ഹ​ര​മാ​യി ഒപ്പി​യെ​ടു​ക്കാൻപോന്ന മറ്റൊരു വാക്കില്ല” എന്നാണ്‌ “അവി​ടെ​യാ​യി​രി​ക്കെ” എന്ന പദത്തെ​ക്കു​റിച്ച്‌ ഒരു ബൈബിൾപ​ണ്ഡി​തൻ പറഞ്ഞത്‌. “ദൈവം അവിടെ ബാബി​ലോ​ണിൽ ഉണ്ടായി​രു​ന്നു! എത്ര വലിയ ആശ്വാസം!”