ഭാഗം 3
ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ ഗ്രന്ഥം
“മാനവ സംസ്കാരത്തെയും ജീവിത അനുഭവങ്ങളെയും സംയോജിപ്പിച്ചു തയ്യാറാക്കിയ ഒരു അതുല്യ ഗ്രന്ഥമാണ് ബൈബിൾ” എന്ന് ചൈനയിലെ ഗ്വേങ്ജോയിലുള്ള ചോങ് ഷാങ് സർവകലാശാല തയ്യാറാക്കിയ ഒരു പത്രിക പറയുന്നു. 18-ാം നൂറ്റാണ്ടിൽ ആളുകളെ വളരെയധികം സ്വാധീനിച്ച ഇമ്മാനുവേൽ കാന്റ് എന്ന തത്ത്വശാസ്ത്രജ്ഞൻ ഇപ്രകാരം പറഞ്ഞു: “സകല മനുഷ്യർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥമാണ് ബൈബിൾ. അതുകൊണ്ടുതന്നെ മനുഷ്യവർഗത്തിനു ലഭിച്ചിരിക്കുന്ന ഏറ്റവും മഹത്തായ സമ്മാനമാണ് അത്. ബൈബിളിന്റെ മൂല്യത്തെ കുറച്ചുകാണിക്കാനുള്ള . . . ഏതൊരു ശ്രമവും മനുഷ്യരാശിയോടു ചെയ്യുന്ന അപരാധമാണ്.” ദി എൻസൈക്ലോപീഡിയ അമേരിക്കാന ഇങ്ങനെ പറയുന്നു: “ബൈബിൾ യഹൂദന്മാർക്കും ക്രിസ്ത്യാനികൾക്കും വേണ്ടി മാത്രമുള്ളതല്ല. . . . സദാചാരപരവും മതപരവുമായ മൂല്യങ്ങളുടെ ഒരു അക്ഷയഖനിയായിട്ടാണ് അതിപ്പോൾ വീക്ഷിക്കപ്പെടുന്നത്. ഒരു ആഗോള സംസ്കാരം നിലവിൽ വരുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അതിന്റെ പഠിപ്പിക്കലുകൾ ഏറെ മൂല്യവത്താണെന്നു തെളിഞ്ഞിരിക്കുന്നു.”
2 നിങ്ങൾ ഏതു മതത്തിൽപ്പെട്ട ആളാണെങ്കിലും ശരി, അത്തരമൊരു ഗ്രന്ഥത്തെ കുറിച്ച് അറിയാൻ നിങ്ങൾ താത്പര്യപ്പെടുകയില്ലേ? 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബൈബിൾ പൂർണമായോ ഭാഗികമായോ 2,200-ലധികം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിക്കഴിഞ്ഞിരുന്നു. മിക്ക ആളുകൾക്കും സ്വന്തമായി വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഭാഷയിൽ അത് ഇന്നു ലഭ്യമാണ്. മൂവബിൾ ടൈപ്പ് അച്ചടി സംവിധാനം (പെറുക്കി വെക്കാവുന്ന തരത്തിലുള്ള അച്ച്) ഉപയോഗിച്ചുള്ള അച്ചടി സംവിധാനം നിലവിൽ വന്നതിനുശേഷം തന്നെ ബൈബിളിന്റെ ഏതാണ്ട് നാനൂറുകോടി പ്രതികൾ ലോകവ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.
3 ഇനി, നമുക്കു ബൈബിൾ തുറന്ന് അതിന്റെ വിഷയസൂചിക ഒന്നു പരിശോധിക്കാം. ഉല്പത്തി മുതൽ വെളിപ്പാടു വരെയുള്ള പുസ്തകങ്ങളുടെ പേരുകൾ നിങ്ങൾക്ക് അതിൽ കാണാൻ കഴിയും. വാസ്തവത്തിൽ ബൈബിൾ 66 പുസ്തകങ്ങളുടെ ഒരു ശേഖരമാണ്. അതിന്റെ എഴുത്തിൽ 40-ഓളം വ്യക്തികൾ പങ്കെടുത്തിട്ടുണ്ട്. പലരും പഴയ നിയമം എന്നു വിളിക്കുന്ന ആദ്യത്തെ ഭാഗം 39 പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഈ ഭാഗം മുഖ്യമായും എബ്രായ ഭാഷയിൽ എഴുതപ്പെട്ടതിനാൽ അതിനെ ഉചിതമായി എബ്രായ തിരുവെഴുത്തുകൾ എന്നു
വിളിച്ചിരിക്കുന്നു. രണ്ടാമത്തെ ഭാഗത്തിൽ 27 പുസ്തകങ്ങളാണുള്ളത്. പുതിയ നിയമം എന്ന് പൊതുവെ അറിയപ്പെടുന്ന ഈ ബൈബിൾ ഭാഗത്തിന്റെ എഴുത്ത് നിർവഹിച്ചത് ക്രിസ്ത്യാനികളായ എഴുത്തുകാരാണ്. ഗ്രീക്ക് ഭാഷയിലാണ് അത് എഴുതപ്പെട്ടത്. അതുകൊണ്ടുതന്നെ അതിനെ ഉചിതമായി ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ എന്നു വിളിച്ചിരിക്കുന്നു. പൊ.യു.മു. 1513 മുതൽ പൊ.യു. 98 വരെയുള്ള 1,600-ലധികം വർഷങ്ങൾകൊണ്ടാണ് ബൈബിളിന്റെ എഴുത്ത് പൂർത്തിയായത്. ബൈബിൾ എഴുത്തുകാർ ഒരിക്കലും കൂടിവന്ന് ആലോചന കഴിച്ചിട്ടില്ല. അതിലെ ചില പുസ്തകങ്ങൾ പരസ്പരം ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽവെച്ച് ഒരേ സമയത്താണ് എഴുതപ്പെട്ടത്. എങ്കിൽപ്പോലും ബൈബിൾ പുസ്തകങ്ങളെല്ലാം പരസ്പര യോജിപ്പുള്ളവയാണ്. ബൈബിളിൽ ഉടനീളം ഒരേ പ്രതിപാദ്യ വിഷയമാണ് ഉള്ളത്. ‘പതിനാറു നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന 40-ലേറെ വ്യത്യസ്ത മനുഷ്യർക്ക് ഇത്ര പൂർവാപര യോജിപ്പുള്ള ഒരു ഗ്രന്ഥം തയ്യാറാക്കാൻ കഴിഞ്ഞത് എങ്ങനെ?’ എന്നു നാം അതിശയിച്ചേക്കാം.4 ബൈബിളിന്റെ എഴുത്ത് 1,900-ത്തിലധികം വർഷം മുമ്പാണ് പൂർത്തിയാക്കപ്പെട്ടതെങ്കിലും അതിന്റെ ഉള്ളടക്കം ഈ ആധുനിക യുഗത്തിലുള്ളവരെ വിസ്മയഭരിതരാക്കാൻ പോന്നതാണ്. ഉദാഹരണത്തിന് ബൈബിൾ തുറന്ന് ഇയ്യോബ് 26:7 വായിക്കുക. അത് എഴുതിയത് പൊ.യു.മു. 15-ാം നൂറ്റാണ്ടിലാണെന്ന കാര്യം ഓർക്കണം. അവിടെ ഇപ്രകാരം വായിക്കുന്നു: “ഉത്തരദിക്കിനെ [ദൈവം] ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അടുത്തതായി യെശയ്യാവു 40:22, 23 വാക്യങ്ങൾ എടുക്കുക. പൊ.യു.മു. 8-ാം നൂറ്റാണ്ടിലാണ് പ്രസ്തുത ബൈബിൾ പുസ്തകം എഴുതപ്പെട്ടത്. അവിടെ നാം ഇങ്ങനെ കാണുന്നു: “അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും . . . ചെയ്യുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) ഈ രണ്ടു വിവരണങ്ങൾ വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്ന ചിത്രം എന്താണ്? ബഹിരാകാശത്തിൽ ‘തൂക്കിയിട്ടിരിക്കുന്ന’ ഗോളാകൃതിയിലുള്ള ഒരു വസ്തുവിന്റെ രൂപമല്ലേ? ഈ ആധുനിക കാലത്ത് ബഹിരാകാശപേടകങ്ങളിൽനിന്ന് എടുത്തിരിക്കുന്ന ചിത്രങ്ങളിലും നിങ്ങൾ അതുതന്നെ കണ്ടിട്ടുണ്ടാവാം. ‘നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന വ്യക്തികൾ ശാസ്ത്രപരമായി ഇത്രത്തോളം കൃത്യതയുള്ള പ്രസ്താവനകൾ നടത്തിയത് എങ്ങനെയാണ്?’ നിങ്ങൾക്ക് അതിശയം തോന്നുന്നുവോ?
5 അടുത്തതായി, ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതാണോ എന്നു നോക്കാം. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത, ഐതിഹ്യങ്ങളുടെ ഒരു സമാഹാരം മാത്രമാണ് ബൈബിൾ എന്നു ചിലർ കരുതിയേക്കാം. എന്നാൽ, ദാവീദ് എന്നു പേരുള്ള പ്രശസ്തനായ ഇസ്രായേല്യ രാജാവിന്റെ കാര്യമെടുക്കുക. ഈ അടുത്ത കാലംവരെ അദ്ദേഹം ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ് ബൈബിൾ മാത്രമായിരുന്നു. പ്രമുഖരായ ചരിത്രകാരന്മാർ അദ്ദേഹം യഥാർഥത്തിൽ ജീവിച്ചിരുന്നതായി അംഗീകരിക്കുന്നുണ്ടെങ്കിലും ചില സന്ദേഹവാദികൾ
അദ്ദേഹം യഹൂദമത പ്രചാരകരുടെ സൃഷ്ടി മാത്രമാണെന്ന് അവകാശപ്പെടുന്നു. എന്നാൽ വസ്തുതകൾ എന്താണു വെളിപ്പെടുത്തുന്നത്?6 ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നിൽ, പുരാതന ഇസ്രായേല്യ നഗരമായ ദാനിന്റെ ശൂന്യശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ, ഒരു സ്മാരകത്തിൽ “ദാവീദ് ഗൃഹ”ത്തെ കുറിച്ചു പരാമർശിക്കുന്ന ഒരു ലിഖിതം ഉണ്ടായിരുന്നു. ഇസ്രായേല്യരുടെമേൽ അവരുടെ ശത്രുക്കൾ നേടിയ ഒരു യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിൽ നിർമിച്ചതായിരുന്നു ആ സ്മാരകം. അങ്ങനെ, ദാവീദിനെ കുറിച്ചുള്ള പരാമർശം ബൈബിളിനു പുറമേ മറ്റൊരു ഉറവിൽനിന്നു കൂടെ ലഭ്യമായി! ഇത് പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയായിരുന്നോ? ഈ കണ്ടെത്തലിനെ കുറിച്ച് ടെൽ അവീവ് സർവകലാശാലയിലെ ഇസ്രിയെൽ ഫിങ്കൽസ്റ്റൈൻ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ദാവീദ് ഗൃഹത്തെ കുറിച്ചു പരാമർശിക്കുന്ന ഈ ലിഖിതം കണ്ടെടുക്കപ്പെട്ടതോടെ ബൈബിൾ കെട്ടുകഥയാണെന്നുള്ള അവകാശവാദം ഒറ്റ രാത്രികൊണ്ടു തറപറ്റി.” പാലസ്തീനിൽ ദശകങ്ങളോളം പുരാവസ്തു ഗവേഷണത്തിൽ ഏർപ്പെട്ട പ്രൊഫസർ വില്യം എഫ്. ഓൾബ്രൈറ്റ് എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഒന്നിനു പുറകെ ഒന്നായി കണ്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന തെളിവുകൾ ബൈബിളിലെ അസംഖ്യങ്ങളായ വിശദാംശങ്ങളുടെ കൃത്യതയെ സ്ഥിരീകരിക്കുന്നു. കൂടാതെ അവ, ചരിത്രപരമായ വിവരങ്ങളുടെ ഉറവിടമെന്ന നിലയിലുള്ള ബൈബിളിന്റെ മൂല്യത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.” ‘ഇതിഹാസങ്ങളിൽനിന്നും ഐതിഹ്യങ്ങളിൽനിന്നും വ്യത്യസ്തമായി ഈ പുരാതന ഗ്രന്ഥം ചരിത്രപരമായി ഇത്ര കൃത്യതയുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ടാണ്?’ എന്നു നാം ചോദിച്ചേക്കാം. എന്നാൽ ബൈബിളിന്റെ ആധികാരികതയെ സ്ഥിരീകരിക്കുന്ന തെളിവുകൾ ഇവ മാത്രമല്ല.
7 പ്രവചനങ്ങളുടെ ഒരു ഗ്രന്ഥം കൂടെയാണ് ബൈബിൾ. (2 പത്രൊസ് 1:20, 21) “പ്രവചനം” എന്ന വാക്ക് ഒരുപക്ഷേ, പ്രവാചകരായി ചമഞ്ഞ ചിലരുടെ നിവൃത്തിക്കപ്പെടാഞ്ഞ വാക്കുകളെയായിരിക്കാം നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. എന്നാൽ മുൻവിധികൾ മാറ്റിനിറുത്തിക്കൊണ്ട്, നിങ്ങളുടെ ബൈബിൾ ദാനീയേൽ 8-ാം അധ്യായത്തിലേക്കു തുറക്കുക. അവിടെ ദാനീയേൽ, താൻ കണ്ട ഒരു ദർശനം വിവരിക്കുന്നു. രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റനും “വിശേഷമായൊരു കൊമ്പു”ള്ള പരുപരുത്ത ഒരു കോലാട്ടുകൊറ്റനും തമ്മിലുള്ള പോരാട്ടത്തെ കുറിച്ചുള്ളതാണ് അത്. പോരാട്ടത്തിൽ കോലാട്ടുകൊറ്റൻ വിജയിക്കുന്നുവെങ്കിലും അതിന്റെ വലിയ കൊമ്പ് തകർന്നുപോകുന്നു. ആ സ്ഥാനത്ത് വേറെ നാലു കൊമ്പുകൾ മുളച്ചുവരുന്നു. ഈ ദർശനത്തിന്റെ അർഥം എന്താണ്? ദാനീയേലിന്റെ വിവരണം ഇപ്രകാരം തുടരുന്നു: “രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊററൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു. പരുപരുത്ത കോലാട്ടുകൊററൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു. അതു തകർന്നശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.”—ദാനീയേൽ 8:3-22.
“ഒന്നിനു പുറകെ ഒന്നായി കണ്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന തെളിവുകൾ ബൈബിളിലെ അസംഖ്യങ്ങളായ വിശദാംശങ്ങളുടെ കൃത്യതയെ സ്ഥിരീകരിക്കുന്നു. കൂടാതെ അവ, ചരിത്രപരമായ വിവരങ്ങളുടെ ഉറവിടമെന്ന നിലയിലുള്ള ബൈബിളിന്റെ മൂല്യത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.”—പ്രൊഫസർ വില്യം എഫ്. ഓൾബ്രൈറ്റ്
8 ഈ പ്രവചനം നിവൃത്തിയായോ? ദാനീയേൽ പുസ്തകത്തിന്റെ എഴുത്ത് പൂർത്തിയാക്കപ്പെട്ടത് ഏതാണ്ട് പൊ.യു.മു. 536-ലാണ്. 180 വർഷങ്ങൾക്കു ശേഷം, അതായത് പൊ.യു.മു. 356-ൽ ജനിച്ച മാസിഡോണിയൻ രാജാവായിരുന്ന മഹാനായ അലക്സാണ്ടർ, പേർഷ്യൻ സാമ്രാജ്യം പിടിച്ചടക്കി. ‘പരുപരുത്ത കോലാട്ടുകൊററന്റെ’ കണ്ണുകളുടെ നടുവിലുള്ള ‘വലിയ കൊമ്പ്’ അലക്സാണ്ടർ ആയിരുന്നു. യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നപ്രകാരം, പേർഷ്യൻ സാമ്രാജ്യത്തിന്മേൽ ജയം നേടുന്നതിനു മുമ്പ് യെരൂശലേമിലെത്തിയ അലക്സാണ്ടർ അവിടെവെച്ച് ദാനീയേൽ പുസ്തകത്തിലെ ഈ വിവരണം കണ്ടിരുന്നു. അത്, പേർഷ്യയിലെ തന്റെ പടനീക്കത്തെ പരാമർശിക്കുന്നതായി അദ്ദേഹം അനുമാനിക്കുകയും ചെയ്തു. പൊ.യു.മു. 323-ൽ അലക്സാണ്ടർ മരിച്ചശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ചരിത്ര പാഠപുസ്തകങ്ങളിൽ നിങ്ങൾക്കു വായിക്കാൻ കഴിയും. അദ്ദേഹത്തിന്റെ നാലു ജനറൽമാർ ആ സാമ്രാജ്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു. പൊ.യു.മു. 301-ഓടെ ‘വലിയ കൊമ്പിന്റെ’ സ്ഥാനത്തു മുളച്ചു വന്ന ആ ‘നാലു കൊമ്പുകൾ’ അലക്സാണ്ടർ പടുത്തുയർത്തിയ സാമ്രാജ്യത്തെ നാലു ഭാഗങ്ങളായി വിഭജിച്ചു. ‘ഏതാണ്ട് 200 വർഷങ്ങൾക്കു ശേഷം സംഭവിക്കാനിരുന്ന ഒരു കാര്യത്തെ ഇത്ര വ്യക്തതയോടും കൃത്യതയോടും കൂടെ ഒരു ഗ്രന്ഥത്തിനു മുൻകൂട്ടി പറയാൻ സാധിച്ചത് എങ്ങനെയാണ്?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
9 മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ബൈബിൾതന്നെ ഉത്തരം നൽകുന്നു. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) ‘ദൈവശ്വാസീയം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരീയ അർഥം “ദൈവം നിശ്വസിച്ചത്” എന്നാണ്. ബൈബിൾ പുസ്തകങ്ങളിൽ നാം ഇന്ന് കാണുന്ന വിവരങ്ങൾ 40-ഓളം എഴുത്തുകാരുടെ മനസ്സിലേക്ക് ദൈവം “നിശ്വസിച്ചു.” നാം പരിചിന്തിച്ചു കഴിഞ്ഞ ശാസ്ത്രീയവും ചരിത്രപരവും പ്രാവചനികവുമായ വിവരണങ്ങൾ ഇതിന്റെ സത്യതയിലേക്കു വിരൽ ചൂണ്ടുന്നു: ബൈബിൾ എന്ന ഈ അതുല്യ ഗ്രന്ഥം മാനുഷിക ജ്ഞാനത്തിന്റെ ഒരു ഉത്പന്നമല്ല, പിന്നെയോ അത് ദിവ്യ ഉറവിൽനിന്നുള്ളതാണ്. എന്നാൽ പലരും ഇന്ന് അതിന്റെ ഗ്രന്ഥകർത്താവിന്റെ—ദൈവത്തിന്റെ—അസ്തിത്വത്തെ സംശയിക്കുന്നു. നിങ്ങളോ?