വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 4

ഈ അതുല്യ ഗ്രന്ഥത്തി​ന്റെ രചയി​താവ്‌

ഈ അതുല്യ ഗ്രന്ഥത്തി​ന്റെ രചയി​താവ്‌

അമേരി​ക്ക​ക്കാ​രിൽ 96 ശതമാ​ന​ത്തോ​ളം ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും യൂറോ​പ്പി​ലും ഏഷ്യയി​ലും ദൈവ​വി​ശ്വാ​സം ഉള്ളവരു​ടെ എണ്ണം നന്നേ കുറവാണ്‌. എന്നാൽ, ബഹുഭൂ​രി​പക്ഷം ആളുക​ളും ആളത്വ​മുള്ള ഒരു ദൈവ​ത്തിൽ വിശ്വ​സി​ക്കാത്ത രാജ്യ​ങ്ങ​ളിൽപ്പോ​ലും അനേക​രും ഭൗതിക പ്രപഞ്ചം അസ്‌തി​ത്വ​ത്തിൽ വരാൻ ഇടയാ​ക്കി​യത്‌ ഒരു അജ്ഞാത ശക്തിയാ​ണെന്നു വിശ്വ​സി​ക്കു​ന്നു. ഒരു പ്രസിദ്ധ ജാപ്പനീസ്‌ വിദ്യാ​ഭ്യാ​സ വിദഗ്‌ധ​നായ യുക്കിച്ചി ഫുക്കു​സാ​വാ—10,000 യെൻ നോട്ടിൽ മുദ്രണം ചെയ്‌തി​രി​ക്കു​ന്നത്‌ ഇദ്ദേഹ​ത്തി​ന്റെ ചിത്ര​മാണ്‌—ഒരിക്കൽ ഇങ്ങനെ എഴുതി: “സ്വർഗം എല്ലാ വ്യക്തി​ക​ളെ​യും തുല്യ​രാ​യി​ട്ടാ​ണു സൃഷ്ടി​ക്കു​ന്നത്‌.” “സ്വർഗം” എന്ന പദം ഉപയോ​ഗി​ച്ച​പ്പോൾ ഫുക്കു​സാ​വാ മനുഷ്യർ അസ്‌തി​ത്വ​ത്തിൽ വരാൻ ഇടയാ​ക്കി​യ​തെന്ന്‌ താൻ കരുതുന്ന ഒരു അമൂർത്ത ശക്തിയെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു. അത്തരത്തി​ലുള്ള ഒരു അമൂർത്ത “സ്വർഗ”ത്തിൽ വിശ്വ​സി​ക്കുന്ന ആളുകൾ വേറെ​യു​മുണ്ട്‌. അവരിൽ ഒരാളാണ്‌ നോബൽ സമ്മാന ജേതാ​വായ കെനിച്ചി ഫൂക്കൂയി. മതങ്ങൾ “ദൈവം” എന്നു വിളി​ക്കു​ന്ന​തി​നു സമാന​മായ, പ്രപഞ്ചത്തെ നിയ​ന്ത്രി​ക്കു​ന്ന​താ​യി കരുതുന്ന ഒരു അജ്ഞാത ശക്തിയിൽ അദ്ദേഹം വിശ്വ​സി​ച്ചു. എന്നാൽ അദ്ദേഹം അതിനെ വിശേ​ഷി​പ്പി​ച്ചത്‌ “പ്രകൃ​തി​യു​ടെ വൈചി​ത്ര്യം” എന്നാണ്‌.

ഇടത്‌: യുക്കിച്ചി ഫുക്കു​സാ​വാ; വലത്‌: കെനിച്ചി ഫൂക്കൂയി

2 അനശ്വ​ര​മായ എന്തോ അല്ലെങ്കിൽ ആരോ പ്രപഞ്ച​ത്തി​ലുള്ള സകല വസ്‌തു​ക്ക​ളെ​യും പ്രവർത്ത​ന​ക്ഷ​മ​മാ​ക്കി എന്ന്‌ അങ്ങനെ​യുള്ള ബുദ്ധി​ജീ​വി​കൾ വിശ്വ​സി​ച്ചു. എന്തു​കൊണ്ട്‌? ഈ വസ്‌തു​തകൾ പരിചി​ന്തി​ക്കുക: ഒരു ദശലക്ഷം ഭൂമി​കളെ ഉൾക്കൊ​ള്ളാ​വു​ന്നത്ര വലിപ്പ​മുള്ള ഒരു നക്ഷത്ര​മാണ്‌ സൂര്യൻ. എന്നാൽ ഈ സൂര്യൻ ക്ഷീരപഥ താരാ​പം​ക്തി​യി​ലെ ഒരു കണിക മാത്ര​മാണ്‌. ക്ഷീരപഥ താരാ​പം​ക്തി​യാ​കട്ടെ പ്രപഞ്ച​ത്തി​ലെ ശതകോ​ടി​ക്ക​ണ​ക്കി​നു വരുന്ന താരാ​പം​ക്തി​ക​ളിൽ ഒന്നു മാത്ര​വും. ഈ താരാ​പം​ക്തി​ക​ളെ​ല്ലാം വളരെ വേഗത്തിൽ പരസ്‌പരം അകന്നു​പൊ​യ്‌ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അങ്ങനെ പ്രപഞ്ചം വികസി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ശാസ്‌ത്രീയ കണ്ടെത്ത​ലു​കൾ സൂചി​പ്പി​ക്കു​ന്നു. പ്രപഞ്ചത്തെ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തിൽ അതിബൃ​ഹ​ത്തായ അളവി​ലുള്ള ചലനാത്മക ഊർജം ഉൾപ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​രി​ക്കണം. ആ ഊർജ​ത്തി​ന്റെ ഉറവ്‌ ആരായി​രു​ന്നു, അല്ലെങ്കിൽ എന്തായി​രു​ന്നു? “നിങ്ങൾ കണ്ണുകൾ മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താ​രാണ്‌?” ബൈബിൾ ചോദി​ക്കു​ന്നു. “അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും അവയെ എല്ലാം പേർ ചൊല്ലി വിളി​ക്കു​ക​യും ചെയ്യു​ന്ന​വൻതന്നെ. ചലനാത്മക ഊർജ​ത്തി​ന്റെ സമൃദ്ധി നിമി​ത്ത​വും അവന്റെ ശക്തിയു​ടെ ആധിക്യം നിമി​ത്ത​വും അവയിൽ ഒന്നു​പോ​ലും നഷ്ടമാ​കു​ന്നില്ല.” (യെശയ്യാ​വു 40:25, 26, NW) പ്രപഞ്ചത്തെ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കിയ ഒരുവൻ ഉണ്ടെന്നും ചലനാത്മക ഊർജ​ത്തി​ന്റെ ഉറവിടം അവൻ ആണെന്നും ഈ വാക്യം കാണി​ക്കു​ന്നു.

സോം​ബ്രെ​റോ താരാപംക്തി

3 ഭൗമ ജീവനെ കുറി​ച്ചും ചിന്തി​ക്കുക. പരിണാ​മ​വാ​ദി​കൾ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ ജീവൻ തന്നെത്താൻ ഉത്ഭവി​ച്ച​താ​ണോ? ജൈവ​ര​സ​ത​ന്ത്ര​ജ്ഞ​നായ മൈക്കിൾ ബീഹി പറയുന്നു: “ജീവന്റെ രസത​ന്ത്രത്തെ കുറിച്ചു മനസ്സി​ലാ​ക്കു​ന്ന​തിൽ ശാസ്‌ത്രം വലിയ പുരോ​ഗതി കൈവ​രി​ച്ചി​ട്ടുണ്ട്‌. എന്നാൽ, തന്മാത്രാ തലത്തിലെ ജൈവ വ്യവസ്ഥ​ക​ളു​ടെ കൃത്യ​ത​യും സങ്കീർണ​ത​യും അവയുടെ ഉത്ഭവത്തെ വിശദീ​ക​രി​ക്കാ​നുള്ള ശാസ്‌ത്ര​ത്തി​ന്റെ ശ്രമത്തെ വിഫല​മാ​ക്കി​യി​രി​ക്കു​ന്നു. . . . അതിനുള്ള വിശദീ​ക​രണം ലഭിച്ചു​ക​ഴി​ഞ്ഞു​വെ​ന്നും, ഇന്നല്ലെ​ങ്കിൽ നാളെ ലഭിക്കു​മെ​ന്നു​മൊ​ക്കെ പല ശാസ്‌ത്ര​ജ്ഞ​രും തറപ്പി​ച്ചു​പ​റ​ഞ്ഞി​ട്ടുണ്ട്‌. എന്നാൽ ആധികാ​രി​ക​മായ ഒരു ശാസ്‌ത്ര പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലും അത്തരം പ്രസ്‌താ​വ​ന​കളെ പിന്തു​ണ​യ്‌ക്കുന്ന തെളി​വു​ക​ളൊ​ന്നും കണ്ടെത്താ​നാ​വില്ല. എന്നുമാ​ത്രമല്ല, [ജൈവ​ത​ന്മാ​ത്രാ] വ്യവസ്ഥ​ക​ളു​ടെ ഘടനയെ ആസ്‌പ​ദ​മാ​ക്കി വിലയി​രു​ത്തു​ക​യാ​ണെ​ങ്കിൽ, ജീവത്‌പ്ര​വർത്ത​ന​ങ്ങളെ കുറി​ച്ചുള്ള ഡാർവി​ന്റെ സിദ്ധാന്തം എന്നു​മെ​ന്നും അടിസ്ഥാ​ന​മി​ല്ലാത്ത ഒന്നായി അവശേ​ഷി​ക്കു​മെന്നു കരുതാൻ ഒട്ടനവധി കാരണ​ങ്ങ​ളു​ണ്ടു​താ​നും.”

“ഒരു സാധാരണ പ്രോ​ട്ടീൻശൃം​ഖല മടങ്ങി​യി​രി​ക്കുന്ന വിധത്തെ . . . ത്രിമാന ഘടനയുള്ള ഒരു ജിഗ്‌സോ പസിലി​നോട്‌ ഉപമി​ക്കാൻ കഴിയും” എന്ന്‌ മൈക്കിൾ ബീഹി പറയുന്നു. അത്തരം ലക്ഷക്കണ​ക്കി​നു ജിഗ്‌സോ പസിലു​ക​ളു​ടെ ഒരു സമാഹാ​ര​മാണ്‌ മനുഷ്യ​ശ​രീ​രം. മനുഷ്യ​ശ​രീ​ര​ത്തി​ലെ നിഗൂ​ഢ​ത​ക​ളു​ടെ ചുരു​ള​ഴി​ക്കാൻ ശാസ്‌ത്രജ്ഞർ പാടു​പെ​ടു​ക​യാണ്‌. എന്നാൽ അവയുടെ രൂപര​ച​യി​താവ്‌ ആരാണ്‌?

4 ബുദ്ധി​പ​ര​മായ പ്രവർത്ത​ന​മൊ​ന്നും കൂടാതെ വെറും യാദൃ​ച്ഛി​ക​മാ​യി​ട്ടാണ്‌ മനുഷ്യ​ജീ​വൻ അസ്‌തി​ത്വ​ത്തിൽ വന്നത്‌ എന്ന സിദ്ധാന്തം തൃപ്‌തി​ക​ര​മാ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? “പ്രപഞ്ച​ത്തി​ലെ ഏറ്റവും സങ്കീർണ​മായ വസ്‌തു” എന്നു ചിലർ വിശേ​ഷി​പ്പി​ച്ചി​ട്ടുള്ള മനുഷ്യ​മ​സ്‌തി​ഷ്‌കത്തെ കുറിച്ചു പരിചി​ന്തി​ച്ച​ശേഷം ഏതു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ കഴിയു​മെന്നു നമുക്കു നോക്കാം. “അതിനൂ​ത​ന​മായ ന്യൂറൽ നെറ്റ്‌വർക്ക്‌ കമ്പ്യൂ​ട്ട​റു​ക​ളു​ടെ പ്രവർത്ത​ന​ക്ഷമത പോലും ഒരു ഈച്ചയു​ടെ . . . മസ്‌തിഷ്‌ക പ്രാപ്‌തി​യു​ടെ ഏതാണ്ട്‌ പതിനാ​യി​ര​ത്തിൽ ഒന്നേ വരൂ” എന്ന്‌ ഡോ. റിച്ചാർഡ്‌ എം. റെസ്റ്റാക്ക്‌ പറയുന്നു. മനുഷ്യ​ന്റെ മസ്‌തി​ഷ്‌കം ഒരു ഈച്ചയു​ടേ​തി​നെ​ക്കാൾ വളരെ വളരെ മഹത്തര​മാണ്‌. ഭാഷകൾ പഠിക്കാൻ അത്‌ പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. അത്‌ സ്വയം കേടു​പോ​ക്കു​ന്നു, പ്രോ​ഗ്രാ​മു​കൾ തിരു​ത്തി​യെ​ഴു​തു​ന്നു, പ്രവർത്ത​ന​ക്ഷമത വർധി​പ്പി​ക്കു​ന്നു. ‘ഒരു ഈച്ചയു​ടെ മസ്‌തിഷ്‌ക പ്രാപ്‌തി​യു​ടെ പതിനാ​യി​ര​ത്തിൽ ഒന്നു മാത്രം ക്ഷമതയുള്ള’ ഒരു സൂപ്പർ കമ്പ്യൂ​ട്ട​റി​നു​പോ​ലും ബുദ്ധി​ശ​ക്തി​യുള്ള ഒരു രൂപര​ച​യി​താവ്‌ ആവശ്യ​മാ​ണെന്നു നിങ്ങൾ സമ്മതി​ക്കും. അപ്പോൾപ്പി​ന്നെ അതിലും വളരെ സങ്കീർണ​മായ മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​നോ? *

5 ഏതാണ്ട്‌ 3,000 വർഷങ്ങൾക്കു മുമ്പ്‌, മനുഷ്യൻ സ്വന്തം ശരീരത്തെ കുറി​ച്ചുള്ള അത്ഭുതങ്ങൾ പൂർണ​മാ​യും മനസ്സി​ലാ​ക്കി​യി​ട്ടി​ല്ലാ​യി​രുന്ന ഒരു കാലഘ​ട്ട​ത്തിൽ, മനുഷ്യ​ശ​രീ​ര​ത്തി​ന്റെ ഘടനയെ കുറിച്ചു ധ്യാനി​ച്ചു​കൊണ്ട്‌ ഒരു ബൈബിൾ എഴുത്തു​കാ​രൻ ഇപ്രകാ​രം പറഞ്ഞു: “ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു; നിന്റെ പ്രവൃ​ത്തി​കൾ അത്ഭുത​ക​ര​മാ​കു​ന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയു​ന്നു.” ഡിഎൻഎ തന്മാ​ത്ര​കളെ കുറിച്ച്‌ അറിയി​ല്ലാ​യി​രുന്ന ആ വ്യക്തി ഇങ്ങനെ എഴുതി: “ഞാൻ പിണ്ഡാ​കാ​ര​മാ​യി​രു​ന്ന​പ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെ​ല്ലാം [“അതിന്റെ ഭാഗങ്ങ​ളെ​ല്ലാം,” NW] നിന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രു​ന്നു.” (സങ്കീർത്തനം 139:14, 16) അദ്ദേഹം ആരെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു? “ചലനാത്മക ഊർജ​ത്തി​ന്റെ സമൃദ്ധി”യാൽ പ്രപഞ്ച​ത്തി​ലു​ള്ള​തെ​ല്ലാം സൃഷ്ടി​ച്ചവൻ ആരാണ്‌?

അതിനൂ​ത​ന​മായ ന്യൂറൽ-നെറ്റ്‌വർക്ക്‌ കമ്പ്യൂ​ട്ട​റു​കൾക്കോ അതോ ഒരു നിസ്സാര ഈച്ചയ്‌ക്കോ, ഏതിനാണ്‌ കൂടുതൽ പ്രവർത്ത​ന​ക്ഷമത?

6 ബൈബി​ളി​ലെ ആദ്യത്തെ വാക്യം ഇപ്രകാ​രം പറയുന്നു: “ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.” (ഉല്‌പത്തി 1:1) ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വും അവൻത​ന്നെ​യാണ്‌. അവനാണ്‌ അതിന്റെ ഉള്ളടക്കത്തെ നിശ്വ​സ്‌ത​മാ​ക്കി​യവൻ. നമുക്ക്‌ അർഥവ​ത്തായ ബന്ധം പുലർത്താൻ കഴിയുന്ന ഒരു വ്യക്തി​യാ​യി അവൻ തന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ന്നു.

^ ഖ. 4 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന നിങ്ങളെ കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 2 മുതൽ 4 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ ഇതു സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ നിങ്ങൾക്കു ലഭിക്കും.