വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 8

വീണ്ടും ഒരു സംതൃപ്‌ത ജീവിതം

വീണ്ടും ഒരു സംതൃപ്‌ത ജീവിതം

ദിവ്യ ഭരണാ​ധി​പ​ത്യ​ത്തിന്‌ എതിരെ മത്സരി​ച്ച​തി​ന്റെ ഫലമായി മനുഷ്യ​വർഗ​ത്തിന്‌ വ്യർഥ​ത​യ്‌ക്കു കീഴ്‌പെട്ട ഒരു ജീവിതം നയി​ക്കേ​ണ്ട​താ​യി വന്നു. എന്നാൽ ദൈവം അവരെ ആശയറ്റ അവസ്ഥയിൽ വിട്ടില്ല. ബൈബിൾ വിശദീ​ക​രി​ക്കു​ന്നു: “ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്ക​പ്പെ​ടു​ക​യും ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കു​ക​യും ചെയ്യു​മെന്ന പ്രത്യാ​ശ​യു​ടെ അടിസ്ഥാ​ന​ത്തിൽ സൃഷ്ടി വ്യർഥ​ത​യ്‌ക്കു കീഴ്‌പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു, സ്വന്ത ഇഷ്ടത്താലല്ല പിന്നെ​യോ അതിനെ കീഴ്‌പെ​ടു​ത്തി​യവൻ മുഖാ​ന്തരം.” (റോമർ 8:20, 21, NW) അതേ, ദൈവം ആദ്യ മാനുഷ ജോഡി​യു​ടെ സന്താന​ങ്ങൾക്കു പ്രത്യാശ പ്രദാനം ചെയ്‌തു. അവകാ​ശ​പ്പെ​ടു​ത്തിയ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു മനുഷ്യ​വർഗം വിടു​വി​ക്ക​പ്പെ​ടു​മെ​ന്നുള്ള ഉറപ്പ്‌ അവൻ അവർക്കു നൽകി. യഹോ​വ​യാം ദൈവ​വു​മാ​യുള്ള ഒരു അടുത്ത ബന്ധത്തി​ലേക്ക്‌ അവർ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. എന്നാൽ എങ്ങനെ?

പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​മെന്ന പ്രത്യാശ ദൈവം മനുഷ്യർക്കു നൽകി

2 ആദാമും ഹവ്വായും പാപം ചെയ്‌ത​പ്പോൾ അവർ തങ്ങളുടെ പിൻഗാ​മി​കൾക്ക്‌ ഭൂമി​യിൽ എന്നേക്കും ഒരു സംതൃപ്‌ത ജീവിതം ആസ്വദി​ക്കു​ന്ന​തി​നുള്ള അവസരം നഷ്ടമാക്കി. ശരിയും തെറ്റും ഏതെന്നു സ്വയം തീരു​മാ​നി​ക്കാ​നുള്ള അവകാശം നേടി​യെ​ടു​ക്കു​ന്ന​തി​നു ശ്രമി​ക്കു​ക​വഴി അവർ തങ്ങളുടെ പിറക്കാ​നി​രുന്ന സന്തതി​കളെ പാപത്തി​നും മരണത്തി​നും അടിമ​ക​ളാ​യി വിറ്റു. അവരുടെ സന്താന​ങ്ങ​ളു​ടെ അവസ്ഥയെ, നിഷ്‌ഠു​ര​രായ ഭരണാ​ധി​പ​ന്മാ​രുള്ള ഒരു വിദൂര ദ്വീപിൽ രക്ഷപ്പെ​ടാ​നാ​കാ​തെ വലയുന്ന അടിമ​ക​ളു​ടേ​തി​നോട്‌ ഉപമി​ക്കാൻ കഴിയും. അതേ, മരണം എന്ന രാജാവ്‌, പാപം എന്ന മറ്റൊരു ഭരണാ​ധി​പന്റെ കീഴിൽ മനുഷ്യ​വർഗ​ത്തി​ന്മേൽ വാണി​രി​ക്കു​ന്നു. (റോമർ 5:14, 21, NW) അവരെ രക്ഷിക്കാ​നാ​യി ആരുമി​ല്ലാ​ത്ത​തു​പോ​ലെ കാണ​പ്പെട്ടു. അവരുടെ പൂർവ​പി​താവ്‌ തന്നെയാണ്‌ അവരെ അടിമ​ത്ത​ത്തി​ലേക്കു വിറ്റത്‌! എന്നാൽ ദയാലു​വായ ഒരു മനുഷ്യൻ, അടിമ​ത്ത​ത്തിൽ കഴിയുന്ന എല്ലാവർക്കും സ്വാത​ന്ത്ര്യം നേടി​ക്കൊ​ടു​ക്കാൻ ആവശ്യ​മായ വീണ്ടെ​ടു​പ്പു​വി​ല​യു​മാ​യി തന്റെ പുത്രനെ അയയ്‌ക്കു​ന്നു.—സങ്കീർത്തനം 51:5; 146:4; റോമർ 8:2.

3 ഈ ദൃഷ്ടാ​ന്ത​ത്തിൽ അടിമ​ക​ളു​ടെ രക്ഷയ്‌ക്കെ​ത്തിയ മനുഷ്യൻ യഹോ​വ​യാം ദൈവത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. സ്വാത​ന്ത്ര്യം നേടി​ക്കൊ​ടു​ക്കാൻ ആവശ്യ​മായ വീണ്ടെ​ടു​പ്പു​വി​ല​യു​മാ​യി വന്ന പുത്രൻ യേശു​ക്രി​സ്‌തു​വാണ്‌. ദൈവ​ത്തി​ന്റെ ഏകജാ​ത​നായ പുത്രൻ എന്ന നിലയിൽ അവന്‌ ഒരു മനുഷ്യ​പൂർവ അസ്‌തി​ത്വ​മു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 3:16) യഹോ​വ​യു​ടെ ആദ്യത്തെ സൃഷ്ടി അവനാണ്‌. പ്രപഞ്ച​ത്തി​ലുള്ള മറ്റെല്ലാം സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ ഈ പുത്രൻ മുഖാ​ന്ത​ര​മാണ്‌. (കൊ​ലൊ​സ്സ്യർ 1:15, 16) യഹോവ അത്ഭുത​ക​ര​മാ​യി തന്റെ ഈ ആത്മപു​ത്രന്റെ ജീവൻ ഒരു കന്യക​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്കു മാറ്റി. അങ്ങനെ ഒരു പൂർണ മനുഷ്യ​നാ​യി, ദിവ്യ നീതിയെ തൃപ്‌തി​പ്പെ​ടു​ത്താൻ ആവശ്യ​മായ വീണ്ടെ​ടു​പ്പു​വില നൽകാൻ പ്രാപ്‌ത​നായ വിധത്തിൽ അവൻ ജനിച്ചു.—ലൂക്കൊസ്‌ 1:26-31, 34, 35.

4 യേശു​വിന്‌ ഏതാണ്ട്‌ 30 വയസ്സു​ള്ള​പ്പോൾ അവൻ യോർദാൻ നദിയിൽ സ്‌നാ​പ​ന​മേറ്റു. സ്‌നാ​പ​ന​ത്തി​ങ്കൽ അവൻ പരിശു​ദ്ധാ​ത്മാ​വി​നാൽ അഥവാ ദൈവ​ത്തി​ന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയാൽ അഭി​ഷേകം ചെയ്യ​പ്പെട്ടു. അങ്ങനെ അവൻ “അഭിഷി​ക്തൻ” എന്ന്‌ അർഥമുള്ള ക്രിസ്‌തു ആയിത്തീർന്നു. (ലൂക്കൊസ്‌ 3:21, 22) യേശു​വി​ന്റെ ഭൗമിക ശുശ്രൂഷ മൂന്നര വർഷക്കാ​ലം നീണ്ടു​നി​ന്നു. ആ വർഷങ്ങ​ളിൽ അവൻ തന്റെ അനുഗാ​മി​കളെ “ദൈവ​രാ​ജ്യ”ത്തെ കുറിച്ചു പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. ആ സ്വർഗീയ ഗവൺമെ​ന്റിൻ കീഴി​ലാ​യി​രി​ക്കും മനുഷ്യ​വർഗം യഹോ​വ​യാം ദൈവ​വു​മാ​യി സമാധാ​ന​പൂർണ​മായ ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രു​ന്നത്‌. (ലൂക്കൊസ്‌ 4:43; മത്തായി 4:17) ഒരു സന്തുഷ്ട ജീവിതം നയിക്കാൻ മനുഷ്യർ എന്തു ചെയ്യണ​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. സന്തുഷ്ടി എങ്ങനെ നേടാം എന്നതിനെ കുറിച്ച്‌ അവൻ തന്റെ അനുഗാ​മി​കൾക്ക്‌ നിർദിഷ്ട മാർഗ​നിർദേ​ശങ്ങൾ നൽകി. അവന്റെ പഠിപ്പി​ക്ക​ലു​ക​ളിൽ ചിലത്‌ ബൈബി​ളി​ലെ മത്തായി 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ കാണാൻ കഴിയും.

അടിമത്തത്തിൽനിന്ന്‌ നിങ്ങൾക്കു സ്വാത​ന്ത്ര്യം നേടി​ത്ത​രുന്ന വ്യക്തി​യോട്‌ നിങ്ങൾ അതീവ കൃതജ്ഞ​ത​യു​ള്ളവൻ ആയിരി​ക്കു​ക​യി​ല്ലേ?

5 ആദാമിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി യേശു എല്ലാ അർഥത്തി​ലും ദൈവ​ത്തോട്‌ അനുസ​രണം പ്രകട​മാ​ക്കി. “അവൻ പാപം ചെയ്‌തി​ട്ടില്ല.” (1 പത്രൊസ്‌ 2:22; എബ്രായർ 7:26) അതു​കൊണ്ട്‌, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള അവകാശം അവന്‌ ഉണ്ടായി​രു​ന്നു. എന്നാൽ ആദാം നഷ്ടപ്പെ​ടു​ത്തി​യത്‌ ദൈവ​ത്തി​നു തിരിച്ചു നൽകാ​നാ​യി അവൻ ‘തന്റെ ജീവൻ കൊടു​ത്തു.’ ദണ്ഡനസ്‌തം​ഭ​ത്തിൽ യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ ജീവൻ ബലിയർപ്പി​ച്ചു. (യോഹ​ന്നാൻ 10:17; 19:17, 18, NW, 28-30; റോമർ 5:19, 21; ഫിലി​പ്പി​യർ 2:8, NW) അങ്ങനെ യേശു മറുവില, അതായത്‌, പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനിന്ന്‌ മനുഷ്യ​വർഗത്തെ തിരികെ വാങ്ങേ​ണ്ട​തിന്‌ ആവശ്യ​മായ വില, പ്രദാനം ചെയ്‌തു. (മത്തായി 20:28) നിങ്ങൾ ആരു​ടെ​യെ​ങ്കി​ലും കീഴിൽ അടിമ​വേല ചെയ്യു​ക​യാ​ണെന്നു വിചാ​രി​ക്കുക. ആ അടിമ​നു​ക​ത്തി​ന്റെ കീഴിൽനി​ന്നു നിങ്ങളെ സ്വത​ന്ത്ര​നാ​ക്കാൻ ആവശ്യ​മായ ക്രമീ​ക​രണം ചെയ്യുന്ന വ്യക്തി​യോ​ടും നിങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിക​ഴി​ക്കാൻ സന്നദ്ധനാ​യി വരുന്ന വ്യക്തി​യോ​ടും നിങ്ങൾ അതീവ കൃതജ്ഞ​ത​യു​ള്ള​വ​നാ​യി​രി​ക്കി​ല്ലേ? മറുവില ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ, ദൈവ​ത്തി​ന്റെ അഖിലാണ്ഡ കുടും​ബ​ത്തി​ലേക്കു മടങ്ങി​ച്ചെ​ല്ലാ​നും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു വിമു​ക്ത​നാ​യി ഒരു സംതൃപ്‌ത ജീവിതം നയിക്കാ​നും ഉള്ള വാതിൽ നിങ്ങൾക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 5:14, 15.

6 യഹോ​വ​യു​ടെ ഈ അനർഹ​ദ​യയെ കുറിച്ചു മനസ്സി​ലാ​ക്കു​ക​യും അതിനെ വിലമ​തി​ക്കു​ക​യും ചെയ്യു​മ്പോൾ ബൈബി​ളിൽ കാണ​പ്പെ​ടുന്ന ജ്ഞാന​മൊ​ഴി​കൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കാൻ കൂടു​ത​ലായ കാരണം ഉള്ളതായി നിങ്ങൾക്കു തോന്നും. ഉദാഹ​ര​ണ​ത്തിന്‌, ബാധക​മാ​ക്കാൻ ഏറ്റവും ബുദ്ധി​മു​ട്ടുള്ള തത്ത്വങ്ങ​ളിൽ ഒന്നിന്റെ കാര്യ​മെ​ടു​ക്കാം—നമുക്കു നീരസം തോന്നി​യേ​ക്കാ​വുന്ന വിധത്തിൽ മറ്റുള്ളവർ സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​മ്പോൾ അവരോ​ടു ക്ഷമിക്കുക എന്നുള്ള​താണ്‌ അത്‌. 2-ാമത്തെ പാഠത്തിൽ നാം പരിചി​ന്തിച്ച കൊ​ലൊ​സ്സ്യർ 3-ാം അധ്യാ​യ​ത്തി​ലെ 12 മുതൽ 14 വരെയുള്ള വാക്യങ്ങൾ നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? പരാതിക്ക്‌ കാരണ​മു​ണ്ടെ​ങ്കിൽപ്പോ​ലും മറ്റുള്ള​വ​രോ​ടു ക്ഷമിക്കു​ന്ന​തി​നുള്ള പ്രോ​ത്സാ​ഹ​ന​മാണ്‌ ആ വാക്യ​ങ്ങ​ളി​ലൂ​ടെ ലഭിച്ചത്‌. അതിനുള്ള കാരണം 13-ാം വാക്യം പറയുന്നു: “കർത്താവു നിങ്ങ​ളോ​ടു ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ചെയ്‌വിൻ.” യഹോ​വ​യും യേശു​ക്രി​സ്‌തു​വും മനുഷ്യ​വർഗ​ത്തി​നു വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങളെ നിങ്ങൾ അതിയാ​യി വിലമ​തി​ക്കു​ന്നു​വെ​ങ്കിൽ മറ്റുള്ളവർ ചെയ്യുന്ന തെറ്റു​ക​ളൊ​ക്കെ​യും ക്ഷമിക്കാൻ നിങ്ങൾ പ്രേരി​ത​രാ​യി​ത്തീ​രും, വിശേ​ഷി​ച്ചും അവർ പശ്ചാത്ത​പി​ക്കു​ക​യും ക്ഷമാപണം നടത്തു​ക​യും ചെയ്യു​ന്നെ​ങ്കിൽ.