വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

സംതൃപ്‌ത ജീവിതം—വെറു​മൊ​രു സ്വപ്‌ന​മോ?

സംതൃപ്‌ത ജീവിതം—വെറു​മൊ​രു സ്വപ്‌ന​മോ?

സകലവിധ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും കൂടിയ വീട്‌. പുറമേ നിന്നു നോക്കി​യാൽ അവിടത്തെ താമസ​ക്കാർക്ക്‌ യാതൊ​ന്നി​ന്റെ​യും കുറവി​ല്ലെന്നു തോന്നും. എന്നാൽ അകത്തു കടന്നു നോക്കി​യാ​ലോ? അസന്തുഷ്ടി നിറഞ്ഞു​നിൽക്കുന്ന അന്തരീക്ഷം. മാതാ​പി​താ​ക്ക​ളു​ടെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ ഉള്ള രണ്ടക്ഷര​ത്തിൽ ഒതുക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രായ മക്കൾ. ഭർത്താ​വി​ന്റെ സ്‌നേ​ഹ​ത്തി​നാ​യി ദാഹി​ക്കുന്ന ഭാര്യ. ആരു​ടെ​യും ശല്യമി​ല്ലാ​തെ തന്റേതു മാത്ര​മായ ഒരു ലോക​ത്തിൽ ഒതുങ്ങി​ക്കൂ​ടാൻ ആഗ്രഹി​ക്കുന്ന ഭർത്താവ്‌. മാസങ്ങ​ളാ​യി തങ്ങളെ​യൊ​ന്നു തിരി​ഞ്ഞു​നോ​ക്കി​യി​ട്ടു​പോ​ലുമി​ല്ലാത്ത മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യു​മൊ​ക്കെ ഒരു നോക്കു കാണാ​നാ​യി ദൂരെ​യെ​വി​ടെ​യോ ആറ്റു​നോ​റ്റി​രി​ക്കുന്ന അവരുടെ വൃദ്ധമാ​താ​പി​താ​ക്കൾ. വികസിത രാജ്യ​ങ്ങ​ളി​ലെ പല കുടും​ബ​ങ്ങ​ളി​ലും നിലനിൽക്കുന്ന ഒരു സ്ഥിതി​വി​ശേ​ഷ​മാ​ണിത്‌. എന്നാൽ സമാന​മായ സാഹച​ര്യ​ങ്ങ​ളി​ലാ​യി​രുന്ന ചിലർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സന്തുഷ്ടി നിറഞ്ഞ ഒരു ജീവിതം നയിക്കാ​നും കഴിഞ്ഞി​ട്ടുണ്ട്‌. എങ്ങനെ​യാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌ എന്നു നിങ്ങൾക്ക​റി​യാ​മോ?

2 ഇനി, ലോക​ത്തി​ന്റെ മറ്റൊരു കോണിൽ ഒരു വികസ്വര രാജ്യത്ത്‌ താമസി​ക്കുന്ന ഒരു കുടും​ബ​ത്തി​ന്റെ കാര്യ​മെ​ടു​ക്കാം. ഏഴു​പേ​ര​ട​ങ്ങിയ ആ കുടും​ബം കഴിഞ്ഞു​കൂ​ടു​ന്നത്‌ എപ്പോൾ വേണ​മെ​ങ്കി​ലും നിലം​പൊ​ത്താം എന്ന അവസ്ഥയി​ലുള്ള ചെറി​യൊ​രു കുടി​ലി​ലാണ്‌. അടുത്ത ആഹാര​ത്തി​നുള്ള വക എങ്ങനെ കണ്ടെത്തണം എന്നറി​യാ​തെ വിഷമി​ക്കു​ക​യാ​ണവർ. ഭൂമു​ഖ​ത്തു​നിന്ന്‌ പട്ടിണി​യും ദാരി​ദ്ര്യ​വും തുടച്ചു നീക്കാൻ മനുഷ്യ​നു കഴിഞ്ഞി​ട്ടില്ല എന്ന ദുഃഖ​സ​ത്യ​ത്തെ അനുസ്‌മ​രി​പ്പി​ക്കുന്ന ഒരു സാഹച​ര്യ​മാണ്‌ ഇവരു​ടേത്‌. എന്നാൽ ദാരി​ദ്ര്യ​ത്തിൻ മധ്യേ​യും സന്തോഷം കൈവി​ടാത്ത ഒട്ടേറെ കുടും​ബങ്ങൾ ഇന്ന്‌ ലോക​ത്തി​ലുണ്ട്‌. എങ്ങനെ​യാണ്‌ അവർക്ക്‌ അതിനു കഴിയു​ന്നത്‌?

3 സമ്പന്ന രാജ്യ​ങ്ങ​ളിൽപ്പോ​ലും സാമ്പത്തിക പ്രശ്‌നങ്ങൾ വികാസം പ്രാപി​ച്ചേ​ക്കാം. പെട്ടെ​ന്നു​ണ്ടായ സാമ്പത്തിക പുരോ​ഗ​തി​യു​ടെ കാലത്ത്‌ ജപ്പാനി​ലെ ഒരു കുടും​ബം ഒരു വീടു വാങ്ങി. ശമ്പള വർധന ഉണ്ടാകു​മെന്ന ഉറച്ച വിശ്വാ​സ​ത്തിൽ വൻ തുക കടംവാ​ങ്ങി​യാണ്‌ അവർ അതു ചെയ്‌തത്‌. എന്നാൽ സമ്പദ്‌വ്യ​വസ്ഥ പെട്ടെന്നു തകിടം​മ​റി​ഞ്ഞ​പ്പോൾ കടം അടച്ചു തീർക്കാൻ അവർക്കു നിർവാ​ഹ​മി​ല്ലാ​താ​യി. ഒടുവിൽ, വാങ്ങി​യ​തി​നെ​ക്കാൾ വളരെ കുറഞ്ഞ ഒരു വിലയ്‌ക്ക്‌ അവർക്കു തങ്ങളുടെ വീടു വിൽക്കേ​ണ്ടി​വന്നു. ഇല്ലാത്ത വീടിന്റെ കടം വീട്ടി​ക്കൊ​ണ്ടി​രി​ക്കേണ്ട ഗതി​കേ​ടി​ലാണ്‌ അവരി​പ്പോൾ. കുടും​ബ​നാ​ഥ​നാ​ണെ​ങ്കിൽ ചൂതാ​ട്ട​ത്തിൽ പണം കളഞ്ഞു​കു​ളി​ക്കു​ന്നു. ക്രെഡിറ്റ്‌ കാർഡ്‌ തോന്നി​യ​തു​പോ​ലെ ഉപയോ​ഗി​ച്ചതു നിമിത്തം ഉണ്ടായ ബാധ്യത വേറെ​യും. അങ്ങനെ ആ കുടും​ബം കടക്കെ​ണി​യിൽനി​ന്നു രക്ഷപ്പെ​ടാ​നാ​കാ​തെ നട്ടംതി​രി​യു​ക​യാണ്‌. എന്നാൽ ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, സന്തുഷ്ട​മായ ഒരു ജീവിതം നയിക്കു​ന്ന​തിന്‌ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താൻ ഒട്ടേറെ കുടും​ബ​ങ്ങൾക്കു കഴിഞ്ഞി​രി​ക്കു​ന്നു. എങ്ങനെ​യെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

4 ഇനി, ഏതു ദേശത്തു​ള്ള​വ​രു​ടെ കാര്യ​ത്തി​ലാ​ണെ​ങ്കി​ലും മനുഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ ഉരസലു​കൾ നിരന്ത​ര​മായ മനോ​വി​ഷ​മ​ത്തി​നും അസംതൃ​പ്‌തി​ക്കും ഇടയാ​ക്കു​ന്നു. ഒരുപക്ഷേ ജോലി​സ്ഥ​ലത്ത്‌ ആരെങ്കി​ലും നിങ്ങളെ കുറിച്ച്‌ ഏഷണി പറഞ്ഞു​പ​ര​ത്തി​യേ​ക്കാം. നിങ്ങൾ കൈവ​രി​ക്കുന്ന നേട്ടങ്ങൾ മറ്റുള്ള​വ​രിൽ അസൂയ ജനിപ്പി​ക്കു​ക​യും അവർ നിങ്ങളെ വിമർശി​ക്കു​ക​യും ചെയ്‌തേ​ക്കാം. കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി​യു​ടെ സ്വഭാവം നിങ്ങളെ അലോ​സ​ര​പ്പെ​ടു​ത്തി​യേ​ക്കാം. സ്‌കൂ​ളിൽ നിങ്ങളു​ടെ മക്കൾ ഉപദ്ര​വ​ത്തി​നും അവഗണ​ന​യ്‌ക്കു​മൊ​ക്കെ പാത്ര​മാ​യേ​ക്കാം. ഇത്തരം പ്രശ്‌നങ്ങൾ അനേക​രു​ടെ​യും ജീവി​തത്തെ സമ്മർദ​പൂ​രി​ത​മാ​ക്കു​ന്നു. ഒറ്റയ്‌ക്കു കുടും​ബ​ഭാ​രം പേറുന്ന ഒരു മാതാ​വോ പിതാ​വോ ആണ്‌ നിങ്ങ​ളെ​ങ്കിൽ ഇതു വിശേ​ഷാൽ സത്യമാണ്‌.

5 നാളു​ക​ളാ​യി അനുഭ​വി​ക്കുന്ന സമ്മർദ​ത്തി​ന്റെ പ്രത്യാ​ഘാ​തങ്ങൾ, നിനച്ചി​രി​ക്കാത്ത നേരത്ത്‌ ചാടി​വീ​ഴുന്ന ഒരു കൊല​യാ​ളി​യെ​പ്പോ​ലെ പെട്ടെ​ന്നാ​യി​രി​ക്കും പ്രത്യ​ക്ഷ​പ്പെ​ടുക. അതു​കൊണ്ട്‌ സമ്മർദത്തെ നിശ്ശബ്ദ കൊല​യാ​ളി എന്നും, സ്ഥായി​യായ സമ്മർദത്തെ സാവധാ​നം പ്രവർത്തി​ക്കുന്ന വിഷം എന്നും വിളി​ച്ചി​രി​ക്കു​ന്നു. “സമ്മർദ​വും അതിന്റെ ഫലമാ​യി​ട്ടു​ണ്ടാ​കുന്ന രോഗ​ങ്ങ​ളും ലോക​ത്തിൽ ഏതാണ്ട്‌ എല്ലായി​ട​ത്തു​മുള്ള ജോലി​ക്കാ​രി​ലും ഇന്നു നിരീ​ക്ഷി​ക്കാൻ കഴിയും” എന്ന്‌ മിനെ​സോട്ട സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ റോബർട്ട്‌ എൽ. വെനിങ്ക പറയുന്നു. സമ്മർദ​ത്തി​ന്റെ ഫലമായ രോഗങ്ങൾ മൂലം ഐക്യ​നാ​ടു​ക​ളിൽ വർഷം​തോ​റും 200 ശതകോ​ടി ഡോള​റി​ന്റെ നഷ്ടം വരുന്ന​താ​യി പറയ​പ്പെ​ടു​ന്നു. അമേരി​ക്ക​യു​ടെ ഏറ്റവും പുതിയ കയറ്റു​മതി ഉത്‌പ​ന്ന​മെന്നു പോലും സമ്മർദത്തെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. ലോക​ത്തി​ലെ പല പ്രമുഖ ഭാഷക​ളി​ലും “സമ്മർദ്ദം” എന്ന പദം സ്ഥാനം​പി​ടി​ച്ചി​ട്ടുണ്ട്‌. സമ്മർദം അനുഭ​വ​പ്പെ​ടു​ക​യും തന്മൂലം ചെയ്യണ​മെന്നു വിചാ​രിച്ച പല കാര്യ​ങ്ങ​ളും ചെയ്‌തു തീർക്കാൻ സാധി​ക്കാ​തെ വരിക​യും ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ കുറ്റ​ബോ​ധം തോന്നി​യേ​ക്കാം. ഒരു ശരാശരി വ്യക്തി ദിവസ​ത്തിൽ രണ്ടു മണിക്കൂർ എങ്കിലും ഇത്തര​മൊ​രു മാനസി​കാ​വ​സ്ഥ​യി​ലൂ​ടെ കടന്നു​പോ​കു​ന്ന​താ​യി അടുത്ത​യി​ടെ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. എന്നാൽ സമ്മർദത്തെ തരണം ചെയ്യാ​നും ജീവി​ത​ത്തിൽ വിജയം കണ്ടെത്താ​നും ചിലർക്കു കഴിഞ്ഞി​ട്ടുണ്ട്‌.

6 ഇത്തരം ദൈനം​ദിന പ്രശ്‌ന​ങ്ങളെ തരണം​ചെ​യ്‌തു​കൊണ്ട്‌ ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധി​ക്കും? ചിലയാ​ളു​കൾ വിദഗ്‌ധർ തയ്യാറാ​ക്കിയ സ്വാശ്രയ പുസ്‌ത​ക​ങ്ങ​ളി​ലേ​ക്കും മാർഗ​നിർദേശക ഗ്രന്ഥങ്ങ​ളി​ലേ​ക്കും തിരി​യു​ന്നു. എന്നാൽ ഇങ്ങനെ​യുള്ള പുസ്‌ത​കങ്ങൾ വാസ്‌ത​വ​ത്തിൽ ആശ്രയ​യോ​ഗ്യ​മാ​ണോ? ഉദാഹ​ര​ണ​ത്തിന്‌, 42 വ്യത്യസ്‌ത ഭാഷക​ളി​ലാ​യി ഏതാണ്ട്‌ 5 കോടി പ്രതികൾ വിറ്റഴി​ക്ക​പ്പെ​ട്ടി​ട്ടുള്ള, കുട്ടി​കളെ വളർത്തു​ന്നതു സംബന്ധിച്ച ഒരു പുസ്‌ത​ക​ത്തി​ന്റെ രചയി​താ​വായ ഡോ. ബെഞ്ചമിൻ സ്‌പോക്ക്‌ ഇങ്ങനെ പറഞ്ഞു: “ഉറച്ച നിലപാ​ടു സ്വീക​രി​ക്കാ​നുള്ള അപ്രാ​പ്‌തി​യാണ്‌ . . . അമേരി​ക്ക​യി​ലെ മാതാ​പി​താ​ക്ക​ളു​ടെ​യി​ട​യിൽ കണ്ടുവ​രുന്ന ഏറ്റവും സാധാ​ര​ണ​മായ പ്രശ്‌നം.” വലി​യൊ​രു അളവു​വരെ അതിനു കാരണ​ക്കാർ തന്നെ​പ്പോ​ലെ​യുള്ള ഉപദേ​ശകർ ആണെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. “എല്ലാം അറിയാ​മെന്ന ഭാവത്തിൽ ഞങ്ങൾ നൽകിയ നിർദേ​ശ​ങ്ങ​ളെ​ല്ലാം വാസ്‌ത​വ​ത്തിൽ മാതാ​പി​താ​ക്ക​ളു​ടെ ആത്മവി​ശ്വാ​സത്തെ കെടു​ത്തി​ക്ക​ള​യു​ക​യാ​യി​രു​ന്നു എന്ന്‌ വളരെ വൈകി​യാണ്‌ ഞങ്ങൾ മനസ്സി​ലാ​ക്കി​യത്‌,” അദ്ദേഹം സമ്മതിച്ചു പറയുന്നു. അതു​കൊണ്ട്‌ നാം ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഇപ്പോ​ഴും ഭാവി​യി​ലും സംതൃ​പ്‌ത​മായ ഒരു ജീവിതം നയിക്കാൻ സഹായ​ക​മായ നിർദേ​ശങ്ങൾ എവി​ടെ​നി​ന്നു ലഭിക്കും?’