വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഗ്രന്ഥം അതിജീവിച്ചതെങ്ങനെ?

ഈ ഗ്രന്ഥം അതിജീവിച്ചതെങ്ങനെ?

ഈ ഗ്രന്ഥം അതിജീ​വി​ച്ച​തെ​ങ്ങനെ?

പുരാതന ലിഖി​ത​ങ്ങൾക്കു പ്രകൃ​തി​ജന്യ ശത്രു​ക്ക​ളു​ണ്ടാ​യി​രു​ന്നു—തീ, ഈർപ്പം, പൂപ്പൽ തുടങ്ങി​യവ. അത്തരം കെടു​തി​കളെ ചെറു​ത്തു​നിൽക്കു​ന്ന​താ​യി​രു​ന്നില്ല ബൈബിൾ. അതു കാലത്തി​ന്റെ കെടു​തി​കളെ അതിജീ​വിച്ച്‌ പുരാതന ലിഖി​ത​ങ്ങ​ളിൽവെച്ച്‌ ലോക​ത്തിൽ ഏറ്റവും സുലഭ​മാ​യി​ത്തീർന്ന ചരിത്രം ശ്രദ്ധേ​യ​മാണ്‌. അനൽപ്പ​മായ ശ്രദ്ധ അർഹി​ക്കു​ന്ന​തു​ത​ന്നെ​യാണ്‌ ആ ചരിത്രം.

ബൈബി​ളെ​ഴു​ത്തു​കാർ തങ്ങളുടെ വാക്കുകൾ കല്ലിൽ കൊത്തി​വെ​ക്കു​കയല്ല ചെയ്‌തത്‌; അവർ അവ നശിച്ചു​പോ​കാത്ത കളിമൺഫ​ല​ക​ങ്ങ​ളിൽ ആലേഖനം ചെയ്‌തു​മില്ല. തെളി​വ​നു​സ​രിച്ച്‌, അവർ തങ്ങളുടെ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യതു നശ്വര വസ്‌തു​ക്ക​ളി​ലാണ്‌—പപ്പൈ​റ​സി​ലും (പപ്പൈ​റസ്‌ എന്നുതന്നെ പേരുള്ള ഈജി​പ്‌ഷ്യൻ ചെടി​യിൽനിന്ന്‌ ഉണ്ടാക്കി​യത്‌) കട്ടിയുള്ള ചർമപ​ത്ര​ത്തി​ലും (മൃഗങ്ങ​ളു​ടെ തോൽകൊണ്ട്‌ ഉണ്ടാക്കി​യത്‌).

മൂല ലിഖി​ത​ങ്ങൾക്ക്‌ എന്തു സംഭവി​ച്ചു? അവ ദീർഘ​കാ​ലം മുമ്പു ജീർണി​ച്ചു​പോ​യി​രി​ക്കാ​നാ​ണു സാധ്യത, മിക്കവ​യും പുരാതന ഇസ്രാ​യേ​ലിൽവെ​ച്ചു​തന്നെ. പണ്ഡിത​നായ ഓസ്‌കാർ പാരറ്റ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “എഴുതു​ന്ന​തി​നുള്ള ഈ രണ്ടു മാധ്യ​മ​ങ്ങ​ളും [പപ്പൈ​റ​സും തുകലും] ഈർപ്പം, പൂപ്പൽ, പലതരം കീടങ്ങൾ തുടങ്ങി​യ​വ​യാ​ലൊ​ക്കെ ഒരു​പോ​ലെ നശിച്ചു​പോ​കു​ന്ന​വ​യാണ്‌. കടലാസ്‌, ബലമുള്ള തുകൽപോ​ലും, വായു​സ​മ്പർക്ക​ത്തി​ലോ നനവുള്ള മുറി​യി​ലോ ഇരിക്കു​മ്പോൾ എത്ര പെട്ടെന്നു നശിച്ചു​പോ​കു​ന്നു​വെന്ന്‌ അനുദിന അനുഭ​വ​ത്തിൽനി​ന്നു നമുക്ക​റി​യാം.”1

മൂല ലിഖി​തങ്ങൾ നിലവി​ലി​ല്ലെ​ങ്കിൽ, ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ വാക്കുകൾ നമ്മുടെ കാലം​വരെ അതിജീ​വി​ച്ച​തെ​ങ്ങ​നെ​യാണ്‌?

അതിസൂക്ഷ്‌മ പകർപ്പെ​ഴു​ത്തു​കാ​രാൽ സംരക്ഷി​ക്ക​പ്പെ​ടു​ന്നു

മൂല ലിഖി​തങ്ങൾ എഴുത​പ്പെ​ട്ട​തി​നു​ശേഷം ഉടൻതന്നെ കൈ​കൊ​ണ്ടു പകർത്തി​യെ​ഴു​തിയ പ്രതികൾ ഉണ്ടാക്കി​ത്തു​ടങ്ങി. പുരാതന ഇസ്രാ​യേ​ലിൽ തിരു​വെ​ഴു​ത്തു​കൾ പകർത്തു​ന്നത്‌ ഒരു ജോലി​യാ​യി മാറി എന്നതാണു വാസ്‌തവം. (എസ്രാ 7:6; സങ്കീർത്തനം 45:1) എങ്കിലും, ആ പകർപ്പു​ക​ളും രേഖ​പ്പെ​ടു​ത്തി​യതു നശ്വര വസ്‌തു​ക്ക​ളി​ലാ​യി​രു​ന്നു. പിന്നീട്‌ അവയുടെ സ്ഥാനത്തു കൈ​കൊ​ണ്ടെ​ഴു​തിയ മറ്റു പ്രതികൾ വന്നു. മൂല ലിഖി​തങ്ങൾ തിരോ​ഭ​വി​ച്ച​തോ​ടെ, പിന്നീ​ടു​ണ്ടായ കയ്യെഴു​ത്തു​പ്ര​തി​കൾക്കുള്ള അടിസ്ഥാ​ന​മാ​യി​ത്തീർന്നു ആ പകർപ്പു​കൾ. പകർപ്പു​ക​ളിൽനി​ന്നു പകർപ്പെ​ടു​ക്കുന്ന രീതി അനേക നൂറ്റാ​ണ്ടു​ക​ളോ​ളം തുടർന്നു​പോ​ന്നു. നൂറ്റാ​ണ്ടു​ക​ളി​ലാ​യി പകർപ്പെ​ഴു​ത്തു​കാർക്കു​ണ്ടായ തെറ്റുകൾ ബൈബിൾപാ​ഠ​ത്തി​നു സാരമായ മാറ്റം വരുത്തി​യി​ട്ടു​ണ്ടോ? ഇല്ല എന്നാണു തെളിവു പറയു​ന്നത്‌.

വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാർ വളരെ അർപ്പി​ത​രാ​യി​രു​ന്നു. തങ്ങൾ പകർത്തി​യെ​ഴു​തിയ വാക്കു​ക​ളോട്‌ അവർക്ക്‌ ആഴമായ ആദരവു​ണ്ടാ​യി​രു​ന്നു. അവർ അതിസൂ​ക്ഷ്‌മ​ത​യും പുലർത്തി. “പകർപ്പെ​ഴു​ത്തു​കാ​രൻ” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന എബ്രായ പദം സോഫെർ ആണ്‌. എണ്ണി രേഖ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഒരു പരാമർശ​മാ​ണിത്‌. പകർപ്പെ​ഴു​ത്തു​കാ​രു​ടെ കൃത്യത ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​തി​നു മാസരി​റ്റു​കാ​രു​ടെ കാര്യം പരിചി​ന്തി​ക്കുക. a അവരെ​ക്കു​റിച്ച്‌ പണ്ഡിത​നായ തോമസ്‌ ഹാർട്ട്‌വെൽ ഹോൺ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “അവർ . . . പഞ്ചഗ്ര​ന്ഥ​ങ്ങ​ളു​ടെ [ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളു​ടെ] നടുവി​ലത്തെ അക്ഷര​മേ​തെ​ന്നും ഓരോ പുസ്‌ത​ക​ത്തി​ന്റെ​യും നടുവി​ലത്തെ അംഗി​വാ​ക്യ​മേ​തെ​ന്നും എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ [എബ്രായ] അക്ഷരമാ​ല​യി​ലെ ഓരോ അക്ഷരവും എത്ര പ്രാവ​ശ്യം വരുന്നു​ണ്ടെ​ന്നും തിട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.”3

അങ്ങനെ, വിദഗ്‌ധ​രായ പകർപ്പെ​ഴു​ത്തു​കാർ കൃത്യത പരി​ശോ​ധി​ക്കു​ന്ന​തി​നാ​യി അനേകം മാർഗങ്ങൾ അവലം​ബി​ച്ചി​രു​ന്നു. ബൈബിൾപാ​ഠ​ത്തി​ലെ ഒരക്ഷരം​പോ​ലും ഒഴിവാ​ക്കാ​തി​രി​ക്കാൻ പകർത്തി​യെ​ഴു​തിയ വാക്കുകൾ മാത്രമല്ല അക്ഷരങ്ങൾ പോലും അവർ എണ്ണി​നോ​ക്കി​യി​രു​ന്നു. ഉൾപ്പെ​ട്ടി​രുന്ന ദുഷ്‌ക​ര​മായ ദൗത്യ​ത്തെ​ക്കു​റിച്ച്‌ ഒന്നോർത്തു​നോ​ക്കൂ: റിപ്പോർട്ട​നു​സ​രിച്ച്‌, എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ 8,15,140 അക്ഷരങ്ങൾ അവർ എണ്ണുക​യു​ണ്ടാ​യി!4 ഉത്സുക​മായ അത്തരം ശ്രമത്തി​ന്റെ ഫലമോ, അങ്ങേയ​റ്റത്തെ കൃത്യ​ത​യും.

എന്നിരു​ന്നാ​ലും, പകർപ്പെ​ഴു​ത്തു​കാർ അപ്രമാ​ദി​ത്വ​മു​ള്ള​വ​രാ​യി​രു​ന്നില്ല. നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം പലവട്ടം പകർത്തി​യെ​ഴു​തി​യി​ട്ടും ആശ്രയ​യോ​ഗ്യ​മായ രൂപത്തിൽ ബൈബിൾ പാഠം അതിജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​തിന്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ?

ഉറപ്പിന്റെ ഈടുറ്റ അടിസ്ഥാ​നം

നമ്മുടെ കാലം​വരെ ബൈബിൾ തെറ്റു​കൂ​ടാ​തെ കൈമാ​റ്റം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു വിശ്വ​സി​ക്കു​ന്ന​തിന്‌ ഈടുറ്റ കാരണ​മുണ്ട്‌. ആ തെളി​വിൽ പെടു​ന്ന​താണ്‌ നിലവി​ലുള്ള കയ്യെഴു​ത്തു​പ്ര​തി​കൾ—മുഴു എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ അല്ലെങ്കിൽ അവയുടെ ഭാഗങ്ങ​ളു​ടെ 6,000-ത്തോളം പകർപ്പു​ക​ളും ഗ്രീക്കിൽ ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​ക​ളു​ടെ 5,000-ത്തോളം പകർപ്പു​ക​ളും ഇന്നുണ്ട്‌. അക്കൂട്ട​ത്തിൽ പെടു​ന്ന​താണ്‌ 1947-ൽ കണ്ടെത്തിയ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു പകർപ്പ്‌. തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർത്തൽ എത്ര കൃത്യ​ത​യു​ള്ള​താ​യി​രു​ന്നു​വെ​ന്ന​തി​ന്റെ ഒരു മാതൃ​ക​യാ​ണത്‌. “കയ്യെഴു​ത്തു​പ്ര​തി​ക​ളു​ടെ കാര്യ​ത്തിൽ ആധുനിക കാലത്തെ ഏറ്റവും വലിയ കണ്ടുപി​ടി​ത്തം” എന്നാണ്‌ അപ്പോൾ മുതൽ അതു വിശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നത്‌.5

ആ വർഷാ​രം​ഭ​ത്തിൽ ഒരുനാൾ ആടുകളെ മേയി​ച്ചു​കൊ​ണ്ടി​രി​ക്കെ അറബി​ക്കു​റ​വ​നായ ഒരു യുവ ഇടയൻ ചാവു​ക​ട​ലി​ന​ടു​ത്താ​യി ഒരു ഗുഹ കണ്ടെത്തി. അതിനു​ള്ളിൽ അനവധി മൺഭര​ണി​കൾ ഉള്ളതായി അവൻ കണ്ടു. അവ മിക്കതും ശൂന്യ​മാ​യി​രു​ന്നു. എന്നാൽ, മുറു​ക്കി​യ​ട​ച്ചി​രുന്ന ഒരു ഭരണി​ക്കു​ള്ളിൽ അവനൊ​രു തുകൽച്ചു​രുൾ കണ്ടെത്തി. തുണി​യിൽ ഭദ്രമാ​യി പൊതി​ഞ്ഞു​വെ​ച്ചി​രുന്ന അതിൽ യെശയ്യാ​വി​ന്റെ മുഴു ബൈബിൾപു​സ്‌ത​ക​വും അടങ്ങി​യി​രു​ന്നു. നന്നായി പരിര​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും തേയ്‌മാ​നം സംഭവിച്ച ആ ചുരു​ളിൽ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യ​തി​ന്റെ ലക്ഷണമു​ണ്ടാ​യി​രു​ന്നു. താൻ കയ്യിൽ പിടി​ച്ചി​രുന്ന ആ പുരാതന ചുരു​ളിന്‌ ഒടുവിൽ ലോക​വ്യാ​പക ശ്രദ്ധ ലഭിക്കു​മെന്ന്‌ ആ യുവ ഇടയൻ തിരി​ച്ച​റി​ഞ്ഞ​തേ​യില്ല.

ഈ പ്രത്യേക കയ്യെഴു​ത്തു​പ്ര​തി​യു​ടെ വിശേഷത എന്തായി​രു​ന്നു? 1947 വരെ സമ്പൂർണ എബ്രായ കയ്യെഴു​ത്തു​പ്ര​തി​ക​ളു​ടെ ഏറ്റവും പഴക്കമുള്ള പ്രതി ഏതാണ്ട്‌ പൊ.യു. പത്താം നൂറ്റാ​ണ്ടി​ലേ​താ​യി​രു​ന്നു. എന്നാൽ യെശയ്യാ​വി​ന്റെ ഈ ചുരുൾ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലേതായിരുന്നു b—ആദ്യ​ത്തേ​തി​നെ​ക്കാൾ ആയിര​ത്തി​ല​ധി​കം വർഷം പഴക്കമു​ള്ളത്‌. c ഈ ചുരു​ളി​നു വളരെ​ക്കാ​ല​ത്തി​നു​ശേഷം ഉണ്ടാക്കിയ കയ്യെഴു​ത്തു​പ്ര​തി​ക​ളു​മാ​യി ഇതിനുള്ള സാമ്യം മനസ്സി​ലാ​ക്കാൻ പണ്ഡിത​ന്മാർ വലിയ താത്‌പ​ര്യം കാട്ടി.

പഠനം നടത്തവേ, ചാവു​കടൽ ചുരു​ളി​ലെ യെശയ്യാ​വി​ന്റെ 53-ാം അധ്യായം ആയിരം വർഷത്തി​നു​ശേഷം നിർമിച്ച മാസരി​റ്റിക്‌ പാഠവു​മാ​യി പണ്ഡിത​ന്മാർ താരത​മ്യം ചെയ്യു​ക​യു​ണ്ടാ​യി. ബൈബി​ളിന്‌ ഒരു പൊതു ആമുഖം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ആ പഠനത്തി​ന്റെ ഫലങ്ങ​ളെ​ക്കു​റി​ച്ചു വിശദീ​ക​രി​ക്കു​ന്നുണ്ട്‌: “യെശയ്യാ​വു 53-ാം അധ്യാ​യ​ത്തി​ലുള്ള 166 വാക്കു​ക​ളിൽ സംശയാ​സ്‌പ​ദ​മാ​യി​ട്ടു​ള്ളത്‌ പതി​നേഴ്‌ അക്ഷരങ്ങൾ മാത്ര​മാണ്‌. അവയിൽ പത്ത്‌ അക്ഷരങ്ങ​ളും അക്ഷരവി​ന്യാ​സ​ത്തി​ലെ വ്യത്യാ​സ​ങ്ങ​ളാണ്‌, അത്‌ അർഥത്തെ ബാധി​ക്കു​ന്നില്ല. നാല്‌ അക്ഷരങ്ങൾ, കൂട്ടക്ഷ​രങ്ങൾ പോലു​ള്ള​തിൽ വന്ന ശൈലീ​മാ​റ്റ​ങ്ങ​ളാണ്‌. ശേഷി​ക്കുന്ന മൂന്ന്‌ അക്ഷരങ്ങൾ ‘പ്രകാശം’ എന്ന വാക്കി​ലു​ള്ള​താണ്‌. അതു 11-ാം വാക്യ​ത്തിൽ ചേർത്തി​രി​ക്കു​ന്നു. എന്നാൽ അത്‌ അർഥത്തെ കാര്യ​മാ​യി ബാധി​ക്കു​ന്നു​മില്ല. . . . അങ്ങനെ 166 വാക്കു​ക​ളുള്ള ഒരധ്യാ​യ​ത്തിൽ, സംശയാ​സ്‌പ​ദ​മാ​യി​ട്ടുള്ള ഒറ്റ വാക്കേ (മൂന്ന്‌ അക്ഷരങ്ങൾ) ഉള്ളൂ, അതും ആയിരം വർഷത്തെ കൈമാ​റ്റ​ത്തി​നു​ശേഷം—ആ വാക്ക്‌ പാഠഭാ​ഗ​ത്തി​ന്റെ അർഥത്തെ കാര്യ​മാ​യി ബാധി​ക്കു​ന്നി​ല്ല​താ​നും.”7

ഈ ചുരു​ളു​ക​ളും അവയിലെ ലിഖി​ത​ങ്ങ​ളും വിശക​ലനം ചെയ്യു​ന്ന​തിൽ നിരവധി വർഷങ്ങൾ ചെലവ​ഴിച്ച പ്രൊ​ഫസർ മില്ലർ ബറോസ്‌ സമാന​മായ നിഗമ​ന​ത്തി​ലെത്തി: “യെശയ്യാ​വി​ന്റെ ചുരു​ളും മാസരി​റ്റിക്‌ പാഠവും തമ്മിലുള്ള വ്യത്യാ​സങ്ങൾ പകർപ്പെ​ഴു​ത്തിൽ സംഭവിച്ച തെറ്റു​ക​ളാ​ണെന്നു വിശദീ​ക​രി​ക്കാ​നാ​കും. ഇവയൊ​ഴി​ച്ചാൽ, മൊത്ത​ത്തിൽ, മധ്യയു​ഗ​ങ്ങ​ളി​ലെ കയ്യെഴു​ത്തു​പ്ര​തി​ക​ളു​മാ​യി ശ്രദ്ധേ​യ​മായ യോജി​പ്പാ​ണു​ള്ളത്‌. വളരെ പഴക്കമുള്ള അത്തര​മൊ​രു കയ്യെഴു​ത്തു​പ്ര​തി​യി​ലുള്ള ആ യോജിപ്പ്‌ പരമ്പരാ​ഗത പാഠത്തി​ന്റെ പൊതു​വായ കൃത്യത സംബന്ധിച്ച്‌ ഉറപ്പേ​കുന്ന സാക്ഷ്യ​മാണ്‌.”8

ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പെ​ഴു​ത്തി​ന്റെ കാര്യ​ത്തി​ലും ‘ഉറപ്പേ​കുന്ന സാക്ഷ്യം’ നൽകാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, 19-ാം നൂറ്റാ​ണ്ടിൽ കണ്ടെത്തിയ കോഡ​ക്‌സ്‌ സൈ​നൈ​റ്റി​ക്ക​സി​ന്റെ കാര്യ​മെ​ടു​ക്കാം. പൊ.യു. നാലാം നൂറ്റാ​ണ്ടി​ലെ ഒരു നേർത്ത ചർമപത്ര കയ്യെഴു​ത്തു​പ്ര​തി​യാ​ണത്‌. അതിനു നൂറ്റാ​ണ്ടു​കൾക്കു​ശേഷം ഉത്‌പാ​ദി​പ്പിച്ച ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ കയ്യെഴു​ത്തു​പ്ര​തി​ക​ളു​ടെ കൃത്യത സ്ഥിരീ​ക​രി​ക്കാൻ അതു സഹായ​ക​മാ​യി. ഈജി​പ്‌തി​ലെ ഫേയൂം ജില്ലയിൽവെച്ചു കണ്ടെടുത്ത യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഒരു പപ്പൈ​റസ്‌ തുണ്ട്‌ പൊ.യു. രണ്ടാം നൂറ്റാ​ണ്ടി​ന്റെ ആദ്യ പകുതി​യി​ലേ​തെന്നു കാലനിർണയം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. മൂലരചന നടത്തി 50 വർഷത്തി​നു ശേഷമുള്ള പകർപ്പാ​ണത്‌. അതു നൂറ്റാ​ണ്ടു​ക​ളോ​ളം ഉണങ്ങിയ മണലിൽ കേടു​കൂ​ടാ​തെ കിടന്നി​രു​ന്നു. പിന്നീട്‌ കണ്ടെത്തിയ കയ്യെഴു​ത്തു​പ്ര​തി​ക​ളി​ലെ പാഠവു​മാ​യി യോജി​ക്കു​ന്ന​താണ്‌ അതിലെ പാഠം.9

വാസ്‌ത​വ​ത്തിൽ, പകർപ്പെ​ഴു​ത്തു​കാർ വളരെ സൂക്ഷ്‌മത പുലർത്തി​യെ​ന്നാ​ണു തെളിവു സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽത്ത​ന്നെ​യും, അവർ തെറ്റുകൾ വരുത്തു​ക​യു​ണ്ടാ​യി. യെശയ്യാ​വി​ന്റെ ചാവു​കടൽ ചുരുൾ ഉൾപ്പെ​ടെ​യുള്ള കയ്യെഴു​ത്തു​പ്ര​തി​ക​ളൊ​ന്നും തെറ്റി​ല്ലാ​ത്ത​വയല്ല. അപ്പോൾപോ​ലും, മൂലര​ച​ന​യിൽനി​ന്നുള്ള വ്യത്യാ​സങ്ങൾ കണ്ടെത്തി തിരു​ത്താൻ പണ്ഡിത​ന്മാർക്കു കഴിഞ്ഞി​ട്ടുണ്ട്‌.

പകർപ്പെ​ഴു​ത്തു​കാ​രു​ടെ തെറ്റുകൾ തിരുത്തൽ

ദീർഘ​മായ ഒരു രേഖയു​ടെ കയ്യെഴു​ത്തു​പ്രതി ഉണ്ടാക്കാൻ 100 വ്യക്തി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ക​യാ​ണെന്നു സങ്കൽപ്പി​ക്കുക. നിസ്സം​ശ​യ​മാ​യും അവരിൽ ചില​രെ​ങ്കി​ലും തെറ്റുകൾ വരുത്താ​തി​രി​ക്കു​ക​യില്ല. എന്നാൽ, അവരെ​ല്ലാം വരുത്തു​ന്നത്‌ ഒരേ തെറ്റു​ക​ളാ​യി​രി​ക്കു​ക​യില്ല. ആ 100 പ്രതി​ക​ളു​മെ​ടുത്ത്‌ അവ അവധാ​ന​പൂർവം താരത​മ്യം ചെയ്‌താൽ തെറ്റുകൾ വേർതി​രി​ക്കാ​നും മൂലരേഖ കണ്ടിട്ടി​ല്ലെ​ങ്കിൽ പോലും അതിലെ യഥാർഥ പാഠ​മേ​തെന്നു നിർണ​യി​ക്കാ​നും നിങ്ങൾക്കു സാധി​ക്കും.

സമാന​മാ​യി, ബൈബിൾ പകർപ്പെ​ഴു​ത്തു​കാർ എല്ലാവ​രും വരുത്തി​യത്‌ ഒരേ തെറ്റു​ക​ള​ല്ലാ​യി​രു​ന്നു. അക്ഷരീ​യ​മാ​യി​ത്തന്നെ ആയിര​ക്ക​ണ​ക്കി​നു ബൈബിൾ കയ്യെഴു​ത്തു​പ്ര​തി​കൾ താരത​മ്യ​പ​ഠ​ന​ത്തിന്‌ ഇപ്പോൾ ലഭ്യമാ​യ​തി​നാൽ, തെറ്റുകൾ കണ്ടെത്തി മൂലപാ​ഠ​ത്തി​ലേത്‌ ഏതെന്നു നിർണ​യി​ക്കാ​നും ആവശ്യ​മായ തിരു​ത്ത​ലു​കൾ രേഖ​പ്പെ​ടു​ത്താ​നും പാഠപ​ണ്ഡി​ത​ന്മാർക്കു കഴിഞ്ഞി​ട്ടുണ്ട്‌. അത്തരം അവധാ​ന​പൂർവ​മുള്ള പഠനത്തി​ന്റെ ഫലമായി, പാഠപ​ണ്ഡി​ത​ന്മാർ മൂലഭാ​ഷ​ക​ളി​ലെ ആധാര​പാ​ഠങ്ങൾ ഉത്‌പാ​ദി​പ്പി​ച്ചി​ട്ടുണ്ട്‌. എബ്രായ, ഗ്രീക്കു പാഠങ്ങ​ളു​ടെ ഈ സംശോ​ധിത പതിപ്പു​ക​ളിൽ, മൂലപാ​ഠ​ത്തി​ലു​ള്ള​തെന്നു പൊതു​വേ അംഗീ​ക​രി​ച്ചി​രി​ക്കുന്ന വാക്കു​ക​ളാ​ണു​ള്ളത്‌. ഇവയിൽ, ചില കയ്യെഴു​ത്തു​പ്ര​തി​ക​ളിൽ കണ്ടേക്കാ​വുന്ന വ്യത്യാ​സ​ങ്ങ​ളും പാഠ​ഭേ​ദ​ങ്ങ​ളും മിക്ക​പ്പോ​ഴും അടിക്കു​റി​പ്പു​ക​ളിൽ കൊടു​ത്തി​ട്ടുണ്ട്‌. പാഠപ​ണ്ഡി​ത​ന്മാർ തയ്യാറാ​ക്കിയ ഈ സംശോ​ധിത പതിപ്പു​ക​ളാണ്‌ ആധുനിക ഭാഷക​ളി​ലേക്കു ബൈബിൾ വിവർത്തനം ചെയ്യു​ന്ന​തി​നു ബൈബിൾ വിവർത്തകർ ഉപയോ​ഗി​ക്കു​ന്നത്‌.

അതു​കൊണ്ട്‌, ബൈബി​ളി​ന്റെ ഒരു ആധുനിക വിവർത്തനം നിങ്ങൾ വായി​ക്കു​മ്പോൾ, അതിന്‌ അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ, ഗ്രീക്കു പാഠങ്ങൾ ആദിമ എഴുത്തു​കാ​രു​ടെ വാക്കു​കളെ മുന്തിയ വിശ്വ​സ്‌ത​ത​യോ​ടെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു വിശ്വ​സി​ക്കു​ന്ന​തി​നുള്ള മതിയായ കാരണ​മുണ്ട്‌. d ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി കൈ​കൊ​ണ്ടു പലവട്ടം പകർത്തി​യെ​ഴു​തി​യി​ട്ടും ബൈബിൾ അതിജീ​വി​ച്ചി​രി​ക്കുന്ന ചരിത്രം തികച്ചും അസാധാ​ര​ണ​മാണ്‌. അതു​കൊണ്ട്‌, ദീർഘ​കാ​ലം ബ്രിട്ടീഷ്‌ മ്യൂസി​യ​ത്തി​ന്റെ മേൽനോ​ട്ടം വഹിച്ച സർ ഫ്രെഡ​റിക്‌ കെനി​യന്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കാൻ കഴിഞ്ഞു: “സാരാം​ശ​ത്തിൽ ബൈബിൾ പാഠത്തിന്‌ അശേഷം മാറ്റം വന്നിട്ടി​ല്ലെന്ന്‌ എത്ര ഉറപ്പിച്ചു പറഞ്ഞാ​ലും മതിയാ​വില്ല . . . ലോക​ത്തി​ലെ മറ്റൊരു പുരാതന ഗ്രന്ഥ​ത്തെ​ക്കു​റി​ച്ചും അങ്ങനെ പറയാൻ സാധി​ക്കില്ല.”10

[അടിക്കു​റി​പ്പു​കൾ]

a പൊ.യു. ആറാം നൂറ്റാ​ണ്ടി​നും പത്താം നൂറ്റാ​ണ്ടി​നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തിൽ ജീവി​ച്ചി​രുന്ന പകർപ്പെ​ഴു​ത്തു​കാ​രാ​യി​രു​ന്നു മാസരി​റ്റു​കാർ (“പാരമ്പ​ര്യ​വി​ദ​ഗ്‌ധർ” എന്നർഥം). അവർ ഉണ്ടാക്കിയ കയ്യെഴു​ത്തു​പ്ര​തി​കൾ മാസരി​റ്റിക്‌ പാഠങ്ങൾ എന്നറി​യ​പ്പെ​ടു​ന്നു.2

b പൊ.യു.മു. എന്നതിന്റെ അർഥം “പൊതു​യു​ഗ​ത്തി​നു മുമ്പ്‌” എന്നാണ്‌, പൊ.യു. എന്നതിന്റെ അർഥം “പൊതു​യു​ഗം” എന്നും. പൊ.യു. മിക്ക​പ്പോ​ഴും എ.ഡി. അതായത്‌ ആനോ ഡോമി​നി എന്നാണു വിളി​ക്ക​പ്പെ​ടു​ന്നത്‌, അർഥം “ക്രിസ്‌താ​ബ്ദം.”

c ഇമാനുവൽ ടോവി​ന്റെ കൃതി​യായ എബ്രായ ബൈബി​ളി​ന്റെ പാഠ്യ വിമർശനം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “കാർബൺ 14 ഉപയോ​ഗി​ച്ചുള്ള പരി​ശോ​ധ​ന​യു​ടെ ഫലമായി 1QIsaa [ചാവുകടൽ യെശയ്യാ​ച്ചു​രുൾ] പൊയു​മു 202-നും 107-നും ഇടയി​ലു​ള്ള​താ​ണെന്നു കണ്ടെത്തി​യി​രി​ക്കു​ന്നു (പുരാ​ജീ​വി​വി​ജ്ഞാ​ന​പ്ര​കാ​ര​മുള്ള തീയതി പൊയു​മു 125-100 ആണ്‌) . . . അക്ഷരങ്ങ​ളു​ടെ ആകൃതി​യും നിലയും, തീയതി​വെച്ച നാണയ​ങ്ങ​ളും ആലേഖ​ന​ങ്ങ​ളും പോ​ലെ​യുള്ള ബാഹ്യ ഉറവി​ട​ങ്ങ​ളു​മാ​യുള്ള താരത​മ്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ കേവല​തീ​യതി നിർണ​യി​ക്കാൻ സഹായി​ക്കു​ന്ന​താ​ണു പുരാ​ജീ​വി​വി​ജ്ഞാ​ന​പ്ര​കാ​ര​മുള്ള ഈ രീതി. സമീപ വർഷങ്ങ​ളിൽ പരിഷ്‌ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള ഈ രീതി താരത​മ്യേന ആശ്രയ​യോ​ഗ്യ​മായ ഒന്നാണ്‌.”6

d എബ്രായ, ഗ്രീക്കു പാഠങ്ങ​ളോ​ടു പറ്റിനിൽക്കുന്ന കാര്യ​ത്തിൽ വ്യക്തിഗത വിവർത്തകർ കടും​പി​ടി​ത്തം പിടി​ക്കു​ക​യോ ഉദാസീ​നത കാണി​ക്കു​ക​യോ ചെയ്‌തേ​ക്കാം.

[8-ാം പേജിലെ ചിത്രം]

വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാർ ബൈബിൾ പരിര​ക്ഷി​ച്ചു

[9-ാം പേജിലെ ചിത്രങ്ങൾ]

യെശയ്യാവിന്റെ ചാവു​കടൽ ചുരുൾ (കാണി​ച്ചി​രി​ക്കു​ന്നത്‌ യഥാർഥ പകർപ്പ്‌) ഫലത്തിൽ ആയിരം വർഷത്തി​നു​ശേഷം ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട മാസരി​റ്റിക്‌ പാഠ​ത്തോ​ടു സമമാണ്‌