വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഗ്രന്ഥം വിശ്വാസയോഗ്യമാണോ?

ഈ ഗ്രന്ഥം വിശ്വാസയോഗ്യമാണോ?

ഈ ഗ്രന്ഥം വിശ്വാ​സ​യോ​ഗ്യ​മാ​ണോ?

“ഏതു ലൗകിക [മതേതര] ചരി​ത്ര​ത്തി​ലു​മു​ള്ള​തി​നെ​ക്കാൾ ആധികാ​രി​ക​ത​യു​ടെ കൂടുതൽ ഉറച്ച അടയാ​ളങ്ങൾ ഞാൻ ബൈബി​ളിൽ കണ്ടെത്തു​ന്നു.”—സർ ഐസക്ക്‌ ന്യൂട്ടൻ, വിഖ്യാത ഇംഗ്ലീഷ്‌ ശാസ്‌ത്രജ്ഞൻ.1

ഈ ഗ്രന്ഥം, ബൈബിൾ, വിശ്വാ​സ​യോ​ഗ്യ​മാ​ണോ? അതു പ്രതി​പാ​ദി​ക്കു​ന്നത്‌ യഥാർഥ​ത്തിൽ ജീവി​ച്ചി​രുന്ന ആളുക​ളെ​യും വാസ്‌ത​വ​ത്തിൽ സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലങ്ങ​ളെ​യും വാസ്‌ത​വ​മാ​യും നടന്ന സംഭവ​ങ്ങ​ളെ​യു​മാ​ണോ? എങ്കിൽ, അത്‌ എഴുതി​യതു സൂക്ഷ്‌മ​ത​യുള്ള, സത്യസ​ന്ധ​രായ എഴുത്തു​കാ​രാ​ണെ​ന്ന​തി​നു തെളി​വു​ണ്ടാ​യി​രി​ക്കണം. തീർച്ച​യാ​യും തെളി​വുണ്ട്‌. അതില​ധി​ക​വും മണ്ണിന​ടി​യിൽ മൂട​പ്പെട്ടു കിടക്കു​ന്ന​താ​യി കണ്ടെത്തി​യി​ട്ടുണ്ട്‌. എന്നാൽ, അതി​ലേറെ തെളി​വു​കൾ ആ ഗ്രന്ഥത്തി​നു​ള്ളിൽതന്നെ അടങ്ങി​യി​ട്ടുണ്ട്‌.

തെളിവു കുഴി​ച്ചെ​ടു​ക്കൽ

ബൈബിൾ നാടു​ക​ളിൽനി​ന്നു കണ്ടെടുത്ത പുരാ​വ​സ്‌തു​ക്കൾ ബൈബി​ളി​ന്റെ ചരി​ത്ര​പ​ര​വും ഭൂമി​ശാ​സ്‌ത്ര​പ​ര​വു​മായ കൃത്യ​തയെ പിന്താ​ങ്ങു​ന്നു. പുരാ​വ​സ്‌തു​ഗ​വേ​ഷകർ കുഴി​ച്ചെ​ടു​ത്തി​ട്ടുള്ള ചില തെളി​വു​കൾ പരി​ശോ​ധി​ക്കുക.

ബൈബിൾ വായന​ക്കാർക്കു സുപരി​ചി​ത​നായ ഒരു കഥാപാ​ത്ര​മാണ്‌ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി​ത്തീർന്ന ധീരനായ യുവ ആട്ടിടയൻ ദാവീദ്‌. അവന്റെ പേര്‌ ബൈബി​ളിൽ 1,138 പ്രാവ​ശ്യം കാണാം. അവന്റെ രാജവം​ശത്തെ പരാമർശി​ക്കുന്ന ‘ദാവീദ്‌ ഗൃഹം’ എന്ന പ്രയോ​ഗം 25 പ്രാവ​ശ്യ​വു​മുണ്ട്‌. (1 ശമൂവേൽ 16:13; 20:16) എന്നാൽ അടുത്ത​കാ​ലം​വരെ, ദാവീദ്‌ ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു​വെ​ന്ന​തി​നു ബൈബി​ളി​ല​ല്ലാ​തെ തെളി​വൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ദാവീദ്‌ കേവല​മൊ​രു സങ്കൽപ്പ കഥാപാ​ത്ര​മാ​യി​രു​ന്നോ?

1993-ൽ അവ്‌റാം ബിരാന്റെ നേതൃ​ത്വ​ത്തി​ലുള്ള ഒരു സംഘം പുരാ​വ​സ്‌തു​ഗ​വേ​ഷകർ അമ്പരപ്പി​ക്കുന്ന ഒരു കണ്ടുപി​ടി​ത്തം നടത്തി. അത്‌ ഇസ്രാ​യേൽ എക്‌സ്‌പ്ലൊ​റേഷൻ ജേർണ​ലിൽ റിപ്പോർട്ടു ചെയ്‌തി​രു​ന്നു. ഇസ്രാ​യേ​ലി​ന്റെ വടക്കു​ഭാ​ഗ​ത്താ​യി ടെൽ ദാൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പുരാതന മൊട്ട​ക്കു​ന്നുള്ള സ്ഥലത്ത്‌ അവർ ഒരു കറുത്ത കല്ല്‌ കണ്ടെത്തി. ആ കല്ലിൽ “ദാവീദ്‌ ഗൃഹം,” “ഇസ്രാ​യേൽ രാജാവ്‌” എന്നീ വാക്കുകൾ കൊത്തി​യി​രു​ന്നു.2 പൊ.യു.മു. ഒമ്പതാം നൂറ്റാ​ണ്ടി​ലേ​തെന്നു കാലനിർണയം ചെയ്‌ത ആ ആലേഖനം, കിഴക്കു പാർത്തി​രുന്ന ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്ക​ളായ അരാമ്യർ പണിതു​യർത്തിയ ഒരു വിജയ​സ്‌മാ​രക സ്‌തം​ഭ​ത്തി​ന്റെ ഭാഗമാ​ണെന്നു പറയ​പ്പെ​ടു​ന്നു. ഈ പുരാതന ആലേഖ​ന​ത്തിന്‌ ഇത്ര പ്രസക്തി​യു​ള്ള​തെ​ന്തു​കൊണ്ട്‌?

പ്രൊ​ഫ​സർ ബിരാ​ന്റെ​യും അദ്ദേഹ​ത്തി​ന്റെ സഹപ്ര​വർത്ത​ക​നായ പ്രൊ​ഫസർ യോസഫ്‌ നാവേ​യു​ടെ​യും ഒരു റിപ്പോർട്ടി​നെ അധിക​രിച്ച്‌ ബിബ്ലിക്കൽ ആർക്കി​യോ​ളജി റിവ്യു​വിൽ വന്ന ഒരു ലേഖനം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ബൈബി​ളി​ല​ല്ലാ​തെ ഒരു പുരാതന ആലേഖ​ന​ത്തിൽ ഇതാദ്യ​മാ​യാ​ണു ദാവീ​ദി​ന്റെ പേര്‌ കാണു​ന്നത്‌.”3 a ആ ആലേഖനം സംബന്ധി​ച്ചു ശ്രദ്ധേ​യ​മായ മറ്റൊരു സംഗതി​യുണ്ട്‌. “ദാവീദ്‌ ഗൃഹം” എന്ന പദപ്ര​യോ​ഗം ഒറ്റവാ​ക്കാ​യാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. ഭാഷാ​വി​ദ​ഗ്‌ധ​നായ പ്രൊ​ഫസർ ആൻസൺ റെയ്‌നി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഒരു സംയു​ക്ത​പദം സുസ്ഥാ​പി​ത​മായ ഒരു സംജ്ഞാ​നാ​മ​മാ​ണെ​ങ്കിൽ പ്രത്യേ​കി​ച്ചും . . . ഒരു പദവി​ഭാ​ജകം മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കാ​റില്ല. ‘ദാവീദ്‌ ഗൃഹം’ പൊ.യു.മു. ഒമ്പതാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ രാഷ്‌ട്രീ​യ​മാ​യും ഭൂമി​ശാ​സ്‌ത്ര​പ​ര​മാ​യു​മുള്ള ഒരു സംജ്ഞാ​നാ​മ​മാ​യി​രു​ന്നു.”5 അതു​കൊണ്ട്‌ പുരാതന ലോക​ത്തിൽ ദാവീദ്‌ രാജാ​വും അവന്റെ രാജവം​ശ​വും പരക്കെ അറിയ​പ്പെ​ട്ടി​രു​ന്നു.

ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന അസീറി​യ​യി​ലെ വലിയ നഗരമായ നീനെവേ യഥാർഥ​ത്തിൽ സ്ഥിതി​ചെ​യ്‌തി​രു​ന്ന​താ​ണോ? അടുത്ത​കാ​ലം​വരെ, അതായത്‌ 19-ാം നൂറ്റാ​ണ്ടു​വരെ, അതു വിശ്വ​സി​ക്കാൻ ചില ബൈബിൾ വിമർശകർ വിസമ്മ​തി​ച്ചി​രു​ന്നു. എന്നാൽ 1849-ൽ സർ ഓസ്റ്റൺ ഹെൻട്രി ലേയാർഡ്‌, കൂയഞ്ചിക്ക്‌ എന്ന സ്ഥലത്ത്‌ സൻഹേ​രീബ്‌ രാജാ​വി​നു​ണ്ടാ​യി​രുന്ന കൊട്ടാ​ര​ത്തി​ന്റെ അവശി​ഷ്ടങ്ങൾ കുഴി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. പുരാതന നീനെ​വേ​യു​ടെ ഭാഗമാ​ണെന്നു തെളിഞ്ഞു ആ സ്ഥലം. ആ തെളിവു ലഭിച്ച​പ്പോൾ വിമർശ​കർക്കു നാവി​റ​ങ്ങി​പ്പോ​യ​തു​പോ​ലെ​യാ​യി. അതിലു​മേ​റെ​ക്കാ​ര്യ​ങ്ങൾ ഈ നാശശി​ഷ്ട​ങ്ങൾക്കു പറയാ​നു​ണ്ടാ​യി​രു​ന്നു. നന്നായി സംരക്ഷി​ച്ചി​രി​ക്കുന്ന ഒരു അറയുടെ ചുവരു​ക​ളിൽ, കോട്ട​കെ​ട്ടി​യു​റ​പ്പി​ച്ചി​രി​ക്കുന്ന ഒരു നഗരത്തെ പിടി​ച്ച​ട​ക്കു​ന്ന​തും പോരാ​ളി​യായ രാജാ​വി​ന്റെ മുമ്പി​ലൂ​ടെ ബന്ദികളെ നടത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തും ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. രാജാ​വി​നു മുകളി​ലാ​യി ഇങ്ങനെ​യൊ​രു ആലേഖ​ന​മുണ്ട്‌: “ലോക​ത്തി​ന്റെ രാജാ​വായ, അസീറി​യ​യു​ടെ രാജാ​വായ സൻഹേ​രീബ്‌ നിമെഡു-സിംഹാ​സ​ന​ത്തി​ലി​രു​ന്നു ലാഖീ​ശിൽനി​ന്നു (ലാക്കിസു) (കൊണ്ടു​വന്ന) കൊള്ള​മു​തൽ പരി​ശോ​ധി​ച്ചു.”6

ബ്രിട്ടീഷ്‌ മ്യൂസി​യ​ത്തിൽ കാണാ​വുന്ന അതിന്റെ പ്രദർശ​ന​വും ആലേഖ​ന​വും ലാഖീശ്‌ എന്ന യഹൂദ​ന​ഗ​രത്തെ സൻഹേ​രീബ്‌ പിടി​ച്ച​ട​ക്കി​യ​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവര​ണ​വു​മാ​യി യോജി​ക്കു​ന്നു. 2 രാജാ​ക്ക​ന്മാർ 18:13, 14-ലാണ്‌ അതു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഈ കണ്ടെത്ത​ലി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ ലേയാർഡ്‌ ഇങ്ങനെ എഴുതി: “ഈ കണ്ടെത്ത​ലു​കൾ നടത്തു​ന്ന​തി​നു മുമ്പ്‌, നീനെ​വേ​യു​ടെ സ്ഥാനത്തെ അടയാ​ള​പ്പെ​ടു​ത്തിയ മണ്ണി​ന്റെ​യും ചപ്പുച​വ​റി​ന്റെ​യും കൂനയ്‌ക്ക്‌ അടിയി​ലാ​യി, [യഹൂദ​രാ​ജാ​വായ] ഹിസ്‌കീ​യാ​വും സൻഹേ​രീ​ബും തമ്മിൽ നടന്ന യുദ്ധങ്ങ​ളെ​ക്കു​റി​ച്ചുള്ള, അവ നടന്ന സമയത്തു സൻഹേ​രീബ്‌ തന്നെ എഴുതിയ, ബൈബിൾ വിവര​ണത്തെ അതിസൂക്ഷ്‌മ വിശദാം​ശ​ങ്ങ​ളോ​ടെ സ്ഥിരീ​ക​രി​ക്കുന്ന, ചരിത്രം കണ്ടെത്തി​യേ​ക്കാ​മെ​ന്നോ കണ്ടെത്താ​നാ​കു​മെ​ന്നോ ആരാണു വിശ്വ​സി​ച്ചി​രി​ക്കാ​നി​ട​യു​ള്ളത്‌?”7

ബൈബി​ളി​ന്റെ കൃത്യ​തയെ സ്ഥിരീ​ക​രി​ക്കുന്ന മറ്റു പല വസ്‌തു​ക്ക​ളും—മൺപാ​ത്ര​ങ്ങ​ളും കെട്ടിട അവശി​ഷ്ട​ങ്ങ​ളും കളിമൺഫ​ല​ക​ങ്ങ​ളും നാണയ​ങ്ങ​ളും രേഖക​ളും സ്‌മാ​ര​ക​സ്‌തൂ​പ​ങ്ങ​ളും ആലേഖിത വസ്‌തു​ക്ക​ളും—പുരാ​വ​സ്‌തു​ഗ​വേ​ഷകർ കുഴി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. അബ്രാ​ഹാം ജീവി​ച്ചി​രുന്ന ഒരു വാണിജ്യ-മത കേന്ദ്ര​മാ​യി​രുന്ന ഊർ എന്ന കൽദയ നഗരം ഖനകർ കണ്ടെത്തി​യി​ട്ടുണ്ട്‌.8 (ഉല്‌പത്തി 11:27-31) 19-ാം നൂറ്റാ​ണ്ടിൽ കുഴി​ച്ചെ​ടുത്ത നബോ​ണി​ഡസ്‌ ക്രോ​ണി​ക്കിൾ, പൊ.യു.മു. 539-ൽ മഹാനായ കോ​രെ​ശി​ന്റെ മുമ്പാ​കെ​യുള്ള ബാബി​ലോ​ന്റെ പതനത്തെ വിവരി​ക്കു​ന്നു. ദാനീ​യേൽ 5-ാം അധ്യാ​യ​ത്തിൽ വർണി​ച്ചി​രി​ക്കുന്ന ഒരു സംഭവ​മാ​ണിത്‌.9 പുരാതന തെസ്സ​ലൊ​നീ​ക്യ​യി​ലുള്ള ഒരു കമാന​ത്തിൽ “പൊളി​റ്റാർക്ക്‌സ്‌” എന്നു വർണി​ച്ചി​രി​ക്കുന്ന ഒരു ആലേഖനം (അതിന്റെ ഏതാനും ഭാഗങ്ങൾ ബ്രിട്ടീഷ്‌ മ്യൂസി​യ​ത്തിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു) കാണാം. പ്രാചീന യവന സാഹി​ത്യ​ത്തിന്‌ അജ്ഞാത​മാ​യി​രുന്ന ഈ പദം ബൈബി​ളെ​ഴു​ത്തു​കാ​ര​നായ ലൂക്കൊസ്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.10 (പ്രവൃ​ത്തി​കൾ 17:6, NW അടിക്കു​റിപ്പ്‌) അങ്ങനെ ലൂക്കൊ​സി​ന്റെ കൃത്യത സത്യ​മെന്നു തെളിഞ്ഞു—മറ്റു വിശദാം​ശ​ങ്ങ​ളിൽ അതു സത്യ​മെന്നു നേരത്തേ തെളി​ഞ്ഞി​രു​ന്നു.—ലൂക്കൊസ്‌ 1:1, 4 താരത​മ്യം ചെയ്യുക.

എന്നിരു​ന്നാ​ലും, പുരാ​വ​സ്‌തു​ഗ​വേ​ഷകർ എപ്പോ​ഴും പരസ്‌പരം യോജി​പ്പി​ലെ​ത്താ​റില്ല. ബൈബി​ളി​നോ​ടുള്ള ബന്ധത്തി​ലൊ​ട്ടു പറയാ​നു​മില്ല. എന്നിരു​ന്നാ​ലും, ബൈബിൾ ആശ്രയ​യോ​ഗ്യ​മായ ഗ്രന്ഥമാ​ണെ​ന്ന​തി​ന്റെ തെളിവ്‌ അതിൽത​ന്നെ​യുണ്ട്‌.

നിഷ്‌ക​പ​ട​ത​യോ​ടെ അവതരി​പ്പി​ച്ചി​രി​ക്കു​ന്നു

സത്യസ​ന്ധ​രായ ചരി​ത്ര​കാ​ര​ന്മാർ (സൻഹേ​രീബ്‌, ലാഖീശ്‌ പിടി​ച്ച​ട​ക്കി​യതു സംബന്ധിച്ച വിവരങ്ങൾ പോലുള്ള) വിജയ​ഗാ​ഥകൾ മാത്രമല്ല പരാജ​യ​ങ്ങ​ളും, നേട്ടങ്ങൾ മാത്രമല്ല കോട്ട​ങ്ങ​ളും, ശക്തി മാത്രമല്ല ബലഹീ​ന​ത​ക​ളും രേഖ​പ്പെ​ടു​ത്തും. അത്തരം സത്യസന്ധത പുലർത്തുന്ന മതേതര ചരി​ത്രങ്ങൾ ചുരു​ങ്ങും.

അസീറി​യൻ ചരി​ത്ര​കാ​ര​ന്മാ​രെ​ക്കു​റി​ച്ചു ഡാനി​യേൽ ഡി. ലക്കൻബിൽ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ചരി​ത്ര​കൃ​ത്യത വളച്ചൊ​ടി​ക്കു​ന്ന​തിൽ രാജകീയ പൊങ്ങച്ചം മിക്ക​പ്പോ​ഴും ഒരു പങ്കുവ​ഹി​ച്ചി​രു​ന്നു​വെ​ന്നതു വ്യക്തമാണ്‌.”11 അത്തരം “രാജകീയ പൊങ്ങച്ച”ത്തെ ദൃഷ്ടാ​ന്തീ​ക​രി​ച്ചു​കൊണ്ട്‌ അസീറി​യൻ രാജാ​വായ അഷൂർനാ​സിർപാ​ലി​ന്റെ ദിനവൃ​ത്താ​ന്തങ്ങൾ ഇങ്ങനെ വീമ്പി​ള​ക്കു​ന്നു: “ഞാൻ ശ്രേഷ്‌ഠ​നാണ്‌, മഹാനാണ്‌, ഉന്നതനാണ്‌, ശക്തനാണ്‌, ആദരണീ​യ​നാണ്‌, മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​വ​നാണ്‌, സർവ​ശ്രേ​ഷ്‌ഠ​നാണ്‌, പ്രബല​നാണ്‌, നിർഭ​യ​നാണ്‌, സിംഹ​ത്തെ​പ്പോ​ലെ ധൈര്യ​മു​ള്ള​വ​നാണ്‌, വീരനാ​യ​ക​നാണ്‌!”12 അത്തരം വൃത്താ​ന്ത​ങ്ങ​ളിൽ വായി​ക്കുന്ന സകല കാര്യ​ങ്ങ​ളും യഥാർഥ ചരി​ത്ര​മാ​ണെന്നു നിങ്ങൾ അംഗീ​ക​രി​ക്കു​മോ?

അതിനു വിപരീ​ത​മാ​യി, ബൈബി​ളെ​ഴു​ത്തു​കാർ നിഷ്‌ക​പടത കാണി​ച്ചു​വെ​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. ഇസ്രാ​യേ​ലി​ന്റെ നായക​നായ മോശ, തന്റെ സഹോ​ദ​ര​നായ അഹരോ​ന്റെ​യും സഹോ​ദ​രി​യായ മിര്യാ​മി​ന്റെ​യും മാതു​ല​ന്മാ​രായ നാദാ​ബി​ന്റെ​യും അബീഹൂ​വി​ന്റെ​യും തന്റെ ജനത്തി​ന്റെ​യും തന്റെത​ന്നെ​യും തെറ്റു​ക​ളെ​ക്കു​റി​ച്ചു തുറന്നു പറയു​ക​യു​ണ്ടാ​യി. (പുറപ്പാ​ടു 14:11, 12; 32:1-6; ലേവ്യ​പു​സ്‌തകം 10:1, 2; സംഖ്യാ​പു​സ്‌തകം 12:1-3; 20:9-12; 27:12-14) ദാവീദ്‌ രാജാ​വി​ന്റെ ഗുരു​ത​ര​മായ തെറ്റുകൾ മൂടി​വെ​ക്കു​കയല്ല, എഴുതി​വെ​ക്കു​ക​യാ​ണു ചെയ്‌തത്‌—അതും ദാവീദ്‌ രാജാ​വാ​യി ഭരിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ. (2 ശമൂവേൽ 11-ഉം 24-ഉം അധ്യാ​യങ്ങൾ) മത്തായി എന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നായ മത്തായി, വ്യക്തി​പ്രാ​ധാ​ന്യ​ത്തെ​ച്ചൊ​ല്ലി അപ്പോ​സ്‌ത​ല​ന്മാർ (താനുൾപ്പെടെ) വഴക്കടി​ച്ച​തെ​ങ്ങ​നെ​യെ​ന്നും യേശു അറസ്റ്റ്‌ ചെയ്യപ്പെട്ട രാത്രി​യിൽ അവർ അവനെ വിട്ടു​പോ​യ​തെ​ങ്ങ​നെ​യെ​ന്നും പറയുന്നു. (മത്തായി 20:20-24; 26:56) ചില ആദിമ ക്രിസ്‌തീയ സഭകളി​ലു​ണ്ടാ​യി​രുന്ന ലൈം​ഗിക അധാർമി​കത, ഭിന്നതകൾ എന്നിവ​യുൾപ്പെ​ടെ​യുള്ള പ്രശ്‌നങ്ങൾ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലെ ലേഖന​ങ്ങ​ളു​ടെ എഴുത്തു​കാർ തുറന്നു സമ്മതി​ച്ചി​ട്ടുണ്ട്‌. ആ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ച്ച​പ്പോൾ അവർ കാര്യങ്ങൾ വെട്ടി​ത്തു​റന്നു സംസാ​രി​ച്ചു.—1 കൊരി​ന്ത്യർ 1:10-13; 5:1-13.

തുറന്ന​തും വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തു​മായ വിധത്തിൽ കാര്യങ്ങൾ റിപ്പോർട്ടു ചെയ്‌ത ആ രീതി സത്യ​ത്തോ​ടുള്ള യഥാർഥ താത്‌പ​ര്യ​ത്തെ സൂചി​പ്പി​ക്കു​ന്നു. തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചും തങ്ങളുടെ ആളുക​ളെ​ക്കു​റി​ച്ചും തങ്ങളെ​ക്കു​റി​ച്ചു​പോ​ലും അത്ര നല്ലതല്ലാത്ത വിവരങ്ങൾ റിപ്പോർട്ടു ചെയ്യാൻ ബൈബി​ളെ​ഴു​ത്തു​കാർ സന്നദ്ധരാ​യി​രു​ന്ന​തി​നാൽ, അവരെ​ഴു​തിയ കാര്യങ്ങൾ വിശ്വ​സി​ക്കു​ന്ന​തി​നു തക്കതായ കാരണ​മി​ല്ലേ?

വിശദാം​ശ​ങ്ങ​ളി​ലുള്ള കൃത്യത

കോട​തി​വി​ചാ​ര​ണ​ക​ളിൽ, ചെറിയ വസ്‌തു​ത​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഒരു സാക്ഷി നൽകുന്ന മൊഴി​യു​ടെ ആശ്രയ​യോ​ഗ്യത നിർണ​യി​ക്കാൻ സാധി​ക്കും. ചെറിയ വിശദാം​ശ​ങ്ങ​ളി​ലുള്ള പൊരു​ത്തം ആ മൊഴി കൃത്യ​ത​യു​ള്ള​തും സത്യസ​ന്ധ​വു​മാ​ണെന്നു തെളി​യി​ച്ചേ​ക്കാം. എന്നാൽ, വലിയ പൊരു​ത്ത​ക്കേ​ടു​കൾ വെളി​വാ​ക്കു​ന്നത്‌ ആ സാക്ഷ്യം കെട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാണ്‌. നേരേ​മ​റിച്ച്‌, എല്ലാ വശങ്ങളും ഭംഗി​യാ​യി കോർത്തി​ണ​ക്കി​യി​രി​ക്കുന്ന അതിസൂ​ക്ഷ്‌മ​മായ ഒരു വിവര​ണ​വും വ്യാജ​മെന്നു തെളി​ഞ്ഞേ​ക്കാം.

ഇക്കാര്യ​ത്തിൽ ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ “മൊഴി” പ്രസക്ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? ബൈബി​ളെ​ഴു​ത്തു​കാർ ശ്രദ്ധേ​യ​മായ പൊരു​ത്തം പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. അതിസൂ​ക്ഷ്‌മ​വി​ശ​ദാം​ശങ്ങൾ സംബന്ധി​ച്ചു​പോ​ലും പരസ്‌പര പൊരു​ത്ത​മുണ്ട്‌. എന്നിരു​ന്നാ​ലും, വഞ്ചന നടന്നി​ട്ടു​ണ്ടോ എന്നു സംശയങ്ങൾ ഉണർത്തി​വി​ടും​വി​ധം സൂക്ഷ്‌മ​മാ​യി കോർത്തി​ണ​ക്കി​യ​തൊ​ന്നു​മല്ല ഈ പൊരു​ത്തം. കാര്യങ്ങൾ ഒത്തുവ​ര​ത്ത​ക്ക​വി​ധം ആസൂ​ത്രണം ചെയ്‌ത​ത​ല്ലെ​ന്നു​ള്ളതു വളരെ വ്യക്തമാണ്‌. മിക്ക​പ്പോ​ഴും അതിന്റെ എഴുത്തു​കാർ എഴുതിയ കാര്യങ്ങൾ യോജി​ച്ചു​വ​ന്നത്‌ അവിചാ​രി​ത​മാ​യാണ്‌. ചില ഉദാഹ​ര​ണങ്ങൾ പരി​ശോ​ധി​ക്കുക.

ബൈബി​ളെ​ഴു​ത്തു​കാ​ര​നായ മത്തായി ഇപ്രകാ​ര​മെ​ഴു​തി: ‘യേശു പത്രൊ​സി​ന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മായി​യമ്മ പനിപി​ടി​ച്ചു കിടക്കു​ന്നതു കണ്ടു.’ (മത്തായി 8:14) മത്തായി ഇവിടെ രസകര​മെ​ങ്കി​ലും അത്ര പ്രസക്ത​മ​ല്ലാത്ത ഒരു വിശദാം​ശം നൽകി: പത്രൊസ്‌ വിവാ​ഹി​ത​നാ​യി​രു​ന്നു. ഈ നിസ്സാര വസ്‌തു​തയെ പൗലൊ​സും പിന്താ​ങ്ങു​ന്നുണ്ട്‌, അവനെ​ഴു​തി: “ശേഷം അപ്പൊ​സ്‌ത​ലൻമാ​രും . . . കേഫാ​വും ചെയ്യു​ന്ന​തു​പോ​ലെ ഭാര്യ​യാ​യോ​രു സഹോ​ദ​രി​യു​മാ​യി സഞ്ചരി​പ്പാൻ ഞങ്ങൾക്കു അധികാ​ര​മി​ല്ല​യോ?” b (1 കൊരി​ന്ത്യർ 9:5) അനുചി​ത​മായ വിമർശ​ന​ത്തി​നെ​തി​രെ പൗലൊസ്‌ വാദി​ക്കു​ക​യാ​യി​രു​ന്നു​വെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 9:1-4) പൗലൊസ്‌ ഈ നിസ്സാര വസ്‌തുത—പത്രൊസ്‌ വിവാ​ഹി​ത​നാ​യി​രു​ന്നു​വെന്ന കാര്യം—അവതരി​പ്പി​ച്ചത്‌ മത്തായി​യു​ടെ വിവര​ണ​ത്തി​ന്റെ കൃത്യ​തയെ പിന്താ​ങ്ങാ​നാ​യി​രു​ന്നില്ല, പിന്നെ​യോ അവിചാ​രി​ത​മാ​യി അതു പറയു​ക​യാ​യി​രു​ന്നു.

യേശു​വി​നെ അറസ്റ്റു​ചെയ്‌ത രാത്രി​യിൽ, അവന്റെ ശിഷ്യ​ന്മാ​രി​ലൊ​രു​വൻ വാളെ​ടുത്ത്‌ മഹാപു​രോ​ഹി​തന്റെ ദാസനെ വെട്ടി അയാളു​ടെ ചെവി അറുത്തു​ക​ള​ഞ്ഞ​താ​യി നാലു സുവി​ശേഷ എഴുത്തു​കാ​രും—മത്തായി​യും മർക്കൊ​സും ലൂക്കൊ​സും യോഹ​ന്നാ​നും—രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. യോഹ​ന്നാ​ന്റെ സുവി​ശേഷം മാത്രമേ അത്ര അനിവാ​ര്യ​മ​ല്ലാ​ത്ത​തെന്നു തോന്നുന്ന ഒരു വിശദാം​ശം നൽകു​ന്നു​ള്ളൂ: “ആ ദാസന്നു മല്‌ക്കൊസ്‌ എന്നു പേർ.” (യോഹ​ന്നാൻ 18:10, 26) യോഹ​ന്നാൻ മാത്രം ആ മമനു​ഷ്യ​ന്റെ പേരു നൽകു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഏതാനും വാക്യ​ങ്ങൾക്കു​ശേഷം മറ്റെവി​ടെ​യും കാണാത്ത ഒരു നിസ്സാര വസ്‌തുത ആ വിവര​ണ​ത്തിൽ കാണാം: യോഹ​ന്നാൻ “മഹാപു​രോ​ഹി​തന്നു പരിച​യ​മു​ള​ളവൻ” ആയിരു​ന്നു. മഹാപു​രോ​ഹി​തന്റെ വീട്ടി​ലു​ള്ള​വർക്കും അവനെ അറിയാ​മാ​യി​രു​ന്നു; അവിടത്തെ ദാസന്മാ​രും അവനും തമ്മിൽ പരിച​യ​മു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 18:15, 16) അതു​കൊണ്ട്‌, മുറി​വേറ്റ വ്യക്തി​യു​ടെ പേര്‌ യോഹ​ന്നാൻ പരാമർശി​ക്കു​ന്നതു തികച്ചും സ്വാഭാ​വി​ക​മാ​യി​രു​ന്നു. എന്നാൽ മറ്റു സുവി​ശേഷ എഴുത്തു​കാർക്ക്‌ ആ മനുഷ്യൻ അപരി​ചി​ത​നാ​യി​രു​ന്നു, അതു​കൊണ്ട്‌ അവർ അയാളു​ടെ പേരു നൽകു​ന്നില്ല.

ചില​പ്പോൾ, സവിസ്‌തര വിശദീ​ക​ര​ണങ്ങൾ ഒരു വിവര​ണ​ത്തിൽ കാണാ​തി​രു​ന്നേ​ക്കാം. എന്നാൽ മറ്റിട​ങ്ങ​ളി​ലുള്ള പ്രസ്‌താ​വ​നകൾ യാദൃ​ച്ഛി​ക​മാ​യി അവ നൽകു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യഹൂദ സൻഹെ​ദ്രീ​മി​ന്റെ മുമ്പാകെ നടന്ന യേശു​വി​ന്റെ വിചാ​ര​ണ​യെ​ക്കു​റി​ച്ചുള്ള മത്തായി​യു​ടെ വിവര​ണ​ത്തിൽ, അവിടെ സന്നിഹി​ത​രാ​യി​രുന്ന ചിലർ ‘അവന്റെ കന്നത്തടി​ച്ചു: ഹേ, ക്രിസ്‌തു​വേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോ​ടു പ്രവചിക്ക എന്നു പറഞ്ഞ’തായി വിവരി​ക്കു​ന്നു. (മത്തായി 26:67, 68) അടിച്ച​യാൾ യേശു​വി​ന്റെ മുമ്പിൽതന്നെ നിൽക്കു​മ്പോൾ അവനെ അടിച്ചവൻ ആരാ​ണെന്നു ‘പ്രവചി​ക്കാൻ’ അവർ അവനോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മത്തായി അതു വിശദീ​ക​രി​ക്കു​ന്നില്ല. എന്നാൽ വിട്ടു​പോയ ആ വിശദാം​ശം മറ്റു രണ്ടു സുവി​ശേഷ എഴുത്തു​കാർ പ്രദാനം ചെയ്യു​ന്നുണ്ട്‌: അടിക്കു​ന്ന​തി​നു മുമ്പ്‌ അവർ യേശു​വി​ന്റെ മുഖം തുണി​കൊ​ണ്ടു മൂടി. (മർക്കൊസ്‌ 14:65; ലൂക്കൊസ്‌ 22:64) എല്ലാ വിശദാം​ശ​ങ്ങ​ളു​മു​ണ്ടോ എന്ന ഉത്‌കണ്‌ഠ കൂടാ​തെ​യാ​ണു മത്തായി തന്റെ വിവരങ്ങൾ അവതരി​പ്പി​ക്കു​ന്നത്‌.

ഒരു സന്ദർഭ​ത്തിൽ യേശു പഠിപ്പി​ക്കു​ന്നതു കേൾക്കാ​നാ​യി വലി​യൊ​രു ജനക്കൂട്ടം കൂടി​വ​ന്ന​താ​യി യോഹ​ന്നാ​ന്റെ സുവി​ശേഷം പറയുന്നു. ആ വിവരണം പറയു​ന്ന​ത​നു​സ​രിച്ച്‌, യേശു ജനക്കൂ​ട്ടത്തെ നിരീ​ക്ഷി​ച്ചിട്ട്‌ ‘ഫിലി​പ്പൊ​സി​നോ​ടു: ഇവർക്കു തിന്നു​വാൻ നാം എവി​ടെ​നി​ന്നു അപ്പം വാങ്ങും?’ എന്നു ചോദി​ച്ചു. (യോഹ​ന്നാൻ 6:5) ശിഷ്യ​ന്മാ​രെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും, എവി​ടെ​നിന്ന്‌ അപ്പം വാങ്ങു​മെന്നു യേശു ഫിലി​പ്പോ​സി​നോ​ടു ചോദി​ക്കാൻ എന്താണു കാരണം? എഴുത്തു​കാ​രൻ അതു പറയു​ന്നില്ല. സമാന്ത​ര​മായ വിവര​ണ​ത്തിൽ, പ്രസ്‌തുത സംഭവം ബേത്ത്‌സ​യി​ദ​യ്‌ക്ക​ടു​ത്തു നടന്നതാ​യി ലൂക്കൊസ്‌ റിപ്പോർട്ടു ചെയ്യു​ന്നുണ്ട്‌. ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരത്തുള്ള ഒരു നഗരമാ​യി​രു​ന്നു അത്‌. “ഫിലി​പ്പോ​സോ . . . ബേത്ത്‌സ​യി​ദ​യിൽനി​ന്നു​ള​ളവൻ ആയിരു​ന്നു”വെന്നു യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ നേരത്തേ പറഞ്ഞി​രു​ന്നു. (യോഹ​ന്നാൻ 1:44; ലൂക്കൊസ്‌ 9:10) അതു​കൊണ്ട്‌, സ്വന്തപ​ട്ടണം അടുത്തുള്ള ഒരുവ​നോ​ടു യേശു അതു ചോദി​ക്കു​ന്നതു ന്യായ​മാ​യി​രു​ന്നു. വിശദാം​ശങ്ങൾ തമ്മിലുള്ള ഈ പൊരു​ത്തം ശ്രദ്ധേ​യ​മാണ്‌, എന്നാൽ അവ മനപ്പൂർവം കോർത്തി​ണ​ക്കി​യതല്ല.

ചില​പ്പോൾ ചില വിശദാം​ശങ്ങൾ വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നത്‌ ബൈബി​ളെ​ഴു​ത്തു​കാ​രന്റെ വിശ്വാ​സ്യത വർധി​പ്പി​ക്കു​കയേ ഉള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ലി​ലു​ണ്ടായ ഒരു കൊടിയ വരൾച്ച​യെ​ക്കു​റിച്ച്‌ 1 രാജാ​ക്ക​ന്മാ​രു​ടെ എഴുത്തു​കാ​രൻ പറയുന്നു. രാജാ​വി​ന്റെ കുതി​ര​ക​ളും കോവർക്ക​ഴു​ത​ക​ളും ചത്തു​പോ​കാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം വേണ്ടത്ര വെള്ളവും പുല്ലും കണ്ടെത്തുക ദുഷ്‌ക​ര​മാ​യി​രി​ക്കും​വി​ധം അത്‌ അത്രകണ്ടു രൂക്ഷമാ​യി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 17:7; 18:5) എന്നാൽ അതേ വിവര​ണം​തന്നെ, ഒരുപക്ഷേ 1,000 ചതുരശ്ര മീറ്റർ വിസ്‌താ​ര​മുള്ള ഒരു പ്രദേ​ശ​ത്തി​നു ചുറ്റു​മു​ണ്ടാ​ക്കിയ തോട്ടിൽ നിറയ്‌ക്കു​ന്ന​തി​നാ​യി കർമ്മേൽ പർവത​ത്തി​ലേക്കു വെള്ളം കൊണ്ടു​വ​രാൻ (യാഗ​ത്തോ​ടു ബന്ധപ്പെട്ട്‌ ഉപയോ​ഗി​ക്കു​ന്ന​തി​നാ​യി) ഏലീയാ പ്രവാ​ചകൻ കൽപ്പി​ച്ച​താ​യി റിപ്പോർട്ടു ചെയ്യുന്നു. (1 രാജാ​ക്ക​ന്മാർ 18:33-35) വരൾച്ച​ക്കാ​ലത്ത്‌ ആ വെള്ള​മെ​ല്ലാം എവി​ടെ​നി​ന്നാ​ണു ലഭിച്ചത്‌? 1 രാജാ​ക്ക​ന്മാ​രു​ടെ എഴുത്തു​കാ​രൻ അതു വിശദീ​ക​രി​ക്കാൻ മിന​ക്കെ​ട്ടില്ല. എന്നിരു​ന്നാ​ലും, പിന്നീട്‌ വിവര​ണ​ത്തിൽ അവിചാ​രി​ത​മാ​യി സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, കർമ്മേൽ പർവതം മെഡി​റ്റ​റേ​നി​യൻ സമു​ദ്ര​തീ​ര​ത്താ​യി​രു​ന്നു​വെന്ന്‌ ഇസ്രാ​യേ​ലിൽ താമസി​ക്കുന്ന ആർക്കും അറിയാ​മാ​യി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 18:43) അങ്ങനെ സമു​ദ്ര​ജലം സുലഭ​മാ​യി ലഭ്യമാ​യി​രു​ന്നു. മറ്റു വിശദാം​ശങ്ങൾ സംബന്ധി​ച്ചു സവിസ്‌തര വിവരങ്ങൾ നൽകുന്ന ഈ പുസ്‌തകം വസ്‌തു​ത​യാ​യി കെട്ടി​ച്ചമച്ച ഒരു കൽപ്പി​ത​ക​ഥ​യാ​യി​രു​ന്നെ​ങ്കിൽ, കഥ കെട്ടി​ച്ച​മ​യ്‌ക്കാൻ വിദഗ്‌ധ​നാ​കു​മാ​യി​രുന്ന അതിന്റെ എഴുത്തു​കാ​രൻ പാഠത്തി​ലെ അത്തര​മൊ​രു പൊരു​ത്ത​മി​ല്ലായ്‌മ പ്രത്യ​ക്ഷ​ത്തിൽ വിശദീ​ക​രി​ക്കാ​തി​രി​ക്കു​മാ​യിരു​ന്നോ?

അങ്ങനെ​യെ​ങ്കിൽ ബൈബിൾ വിശ്വാ​സ​യോ​ഗ്യ​മാ​ണോ? ബൈബിൾ പരാമർശി​ക്കു​ന്നത്‌ യഥാർഥ ആളുക​ളെ​യും യഥാർഥ സ്ഥലങ്ങ​ളെ​യും യഥാർഥ സംഭവ​ങ്ങ​ളെ​യു​മാ​ണെന്നു സ്ഥിരീ​ക​രി​ക്കുന്ന അനേകം വസ്‌തു​ക്കൾ പുരാ​വ​സ്‌തു​ഗ​വേ​ഷകർ കുഴി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. അതിലു​മേറെ പ്രസക്ത​മാ​യതു ബൈബി​ളിൽതന്നെ കാണുന്ന തെളി​വാണ്‌. രുചി​ക​ര​മ​ല്ലാത്ത വസ്‌തു​തകൾ രേഖ​പ്പെ​ടു​ത്തി​യ​പ്പോൾ നിഷ്‌ക​പ​ട​രായ എഴുത്തു​കാർ ആരെയും ഒഴിവാ​ക്കി​യില്ല, തങ്ങളെ​പ്പോ​ലും. മനപ്പൂർവം കോർത്തി​ണ​ക്കി​യെ​ടു​ക്കാത്ത, ആകസ്‌മി​ക​മാ​യി ഒത്തുവ​രുന്ന സംഭവങ്ങൾ ഉൾപ്പെടെ എഴുത്തു​കൾക്കുള്ള ആന്തരിക പൊരു​ത്തം, ആ “മൊഴി” സത്യമാ​ണെ​ന്ന​തി​ന്റെ വ്യക്തമായ തെളിവു നൽകുന്നു. അത്തരം “ആധികാ​രി​ക​ത​യു​ടെ ഉറച്ച അടയാ​ളങ്ങൾ” ഉള്ളതി​നാൽ, തീർച്ച​യാ​യും നിങ്ങൾക്കു വിശ്വ​സി​ക്കാൻ കഴിയുന്ന ഒരു ഗ്രന്ഥമാ​ണു ബൈബിൾ.

[അടിക്കു​റി​പ്പു​കൾ]

a ആ കണ്ടെത്ത​ലി​നു​ശേഷം, 1868-ൽ കണ്ടെത്തിയ മേഷാ സ്റ്റെല്ലയി​ലെ (മോവാ​ബ്യ​ശില എന്നും വിളി​ക്ക​പ്പെ​ടു​ന്നു) നശിച്ചു​പോയ ഒരു വരി പുതു​താ​യി പുനഃ​സൃ​ഷ്ടി​ച്ച​പ്പോൾ അതിലും “ദാവീദ്‌ ഗൃഹ”ത്തെക്കു​റി​ച്ചുള്ള പരാമർശം ഉണ്ടായി​രു​ന്ന​താ​യി പ്രൊ​ഫസർ ആൻഡ്രെ ലെമെർ റിപ്പോർട്ടു ചെയ്‌തു.4

b ‘പത്രൊസ്‌’ എന്നതിന്റെ തത്തുല്യ സെമി​റ്റിക്‌ പദമാണ്‌ ‘കേഫാവ്‌.’—യോഹ​ന്നാൻ 1:42.

[15-ാം പേജിലെ ചിത്രം]

ടെൽ ദാൻ ശകലം

[16, 17 പേജു​ക​ളി​ലെ ചിത്രം]

2 രാജാ​ക്ക​ന്മാർ 18:13, 14-ൽ പരാമർശി​ച്ചി​രി​ക്കുന്ന ലാഖീ​ശി​ന്റെ​മേ​ലുള്ള ഉപരോ​ധത്തെ ചിത്രീ​ക​രി​ക്കുന്ന അസീറി​യൻ ചുവർശിൽപ്പം