വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഗ്രന്ഥം ശാസ്‌ത്രത്തോടു യോജിക്കുന്നുവോ?

ഈ ഗ്രന്ഥം ശാസ്‌ത്രത്തോടു യോജിക്കുന്നുവോ?

ഈ ഗ്രന്ഥം ശാസ്‌ത്ര​ത്തോ​ടു യോജി​ക്കു​ന്നു​വോ?

മതം ശാസ്‌ത്രത്തെ എപ്പോ​ഴും അതിന്റെ സുഹൃ​ത്താ​യി വീക്ഷി​ച്ചി​ട്ടില്ല. മുൻ നൂറ്റാ​ണ്ടു​ക​ളിൽ ചില ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർ ബൈബി​ളി​നു നൽകിയ വ്യാഖ്യാ​നത്തെ ശാസ്‌ത്രീയ കണ്ടെത്ത​ലു​കൾ ഭീഷണി​പ്പെ​ടു​ത്തു​ന്ന​താ​യി അവർക്കു തോന്നി​യ​പ്പോൾ ആ ശാസ്‌ത്രീയ കണ്ടെത്ത​ലു​കളെ എതിർക്കു​ക​യാണ്‌ അവർ ചെയ്‌തത്‌. എന്നാൽ യഥാർഥ​ത്തിൽ ശാസ്‌ത്രം ബൈബി​ളി​ന്റെ ശത്രു​വാ​ണോ?

ബൈബി​ളെ​ഴു​ത്തു​കാർ അവരുടെ കാലത്തു വളരെ പ്രചാ​ര​ത്തി​ലി​രുന്ന ശാസ്‌ത്രീയ വീക്ഷണ​ങ്ങളെ അംഗീ​ക​രി​ച്ചി​രു​ന്നെ​ങ്കിൽ, ശാസ്‌ത്രീയ തെറ്റുകൾ മുഴച്ചു​നിൽക്കുന്ന ഒരു ഗ്രന്ഥമാ​യി​രി​ക്കു​മാ​യി​രു​ന്നു അവരുടെ എഴുത്തി​ന്റെ ഫലം. എന്നാൽ അത്തരം അശാസ്‌ത്രീയ അബദ്ധസ​ങ്കൽപ്പ​ങ്ങളെ അവർ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല. നേരേ​മ​റിച്ച്‌, അവരെ​ഴു​തിയ അനേകം പ്രസ്‌താ​വ​നകൾ ശാസ്‌ത്രീ​യ​മാ​യി ശരിയാ​ണെന്നു മാത്രമല്ല, അക്കാലത്തു സ്വീകാ​ര്യ​മായ ആശയഗ​തി​കൾക്കു വിരു​ദ്ധ​വു​മാ​യി​രു​ന്നു.

ഭൂമി​യു​ടെ ആകൃതി എന്താണ്‌?

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ആ ചോദ്യം മമനു​ഷ്യ​ന്റെ ജിജ്ഞാസ ഉണർത്തി​യി​ട്ടുണ്ട്‌. പുരാതന കാലങ്ങ​ളിൽ പൊതു​വാ​യു​ണ്ടാ​യി​രുന്ന വീക്ഷണം ഭൂമി പരന്നതാ​ണെ​ന്നാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, പ്രപഞ്ചം ഒരു പെട്ടി അഥവാ അറ ആണെന്നും അതിന്റെ തറയാണു ഭൂമി​യെ​ന്നു​മാ​യി​രു​ന്നു ബാബി​ലോ​ന്യ​രു​ടെ വിശ്വാ​സം. ഇന്ത്യയി​ലെ വേദമ​ഹർഷി​മാ​രു​ടെ സങ്കൽപ്പ​മാ​കട്ടെ, ഭൂമി പരന്നതാണ്‌, അതിന്റെ ഒരു വശം മാത്രമേ നിവാ​സ​യോ​ഗ്യ​മാ​യി​രി​ക്കു​ന്നു​ള്ളു എന്നായി​രു​ന്നു. ഒരു കൂറ്റൻ ചായത്തട്ടം പോ​ലെ​യാ​ണു ഭൂമി​യെന്ന സങ്കൽപ്പ​മാ​യി​രുന്ന ഏഷ്യയി​ലെ ഒരു പ്രാകൃ​ത​വർഗ​ത്തി​നു​ണ്ടാ​യി​രു​ന്നത്‌.

സൂര്യ​നും ചന്ദ്രനും ഗോളാ​കാ​ര​ത്തി​ലാ​യ​തി​നാൽ ഭൂമി​യും ഗോളാ​കാ​ര​ത്തി​ലു​ള്ള​താ​യി​രി​ക്കണ​മെന്നു പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ഗ്രീക്കു തത്ത്വചി​ന്ത​ക​നായ പൈത​ഗോ​റസ്‌ സിദ്ധാ​ന്തീ​ക​രി​ച്ചി​രു​ന്നു. പിന്നീട്‌ അരി​സ്റ്റോ​ട്ടിൽ (പൊ.യു.മു. നാലാം നൂറ്റാണ്ട്‌) അതി​നോ​ടു യോജി​ച്ചു, ഭൂമി​യു​ടെ ഗോളാ​കാ​ര​ത്തി​നു തെളി​വാ​ണു ചന്ദ്ര​ഗ്ര​ഹ​ണ​ങ്ങ​ളെ​ന്നും അദ്ദേഹം വിശദീ​ക​രി​ച്ചു. ചന്ദ്രനിൽ പതിക്കുന്ന ഭൂമി​യു​ടെ നിഴൽ വളഞ്ഞാ​ണി​രി​ക്കു​ന്നത്‌.

എന്നിരു​ന്നാ​ലും, (മുകൾഭാ​ഗം മാത്രം നിവാ​സ​യോ​ഗ്യ​മായ) ഭൂമി പരന്നതാ​ണെന്ന ആശയം പാടേ തിരോ​ഭ​വി​ച്ചില്ല. ഉരുണ്ട ഭൂമി​യു​ടെ യുക്തി​സ​ഹ​മായ പ്രയുക്തത—ഭൂഗോ​ള​ത്തി​ന്റെ എതിർഭാ​ഗങ്ങൾ (antipodes) സംബന്ധിച്ച ആശയം—ചിലർക്ക്‌ അംഗീ​ക​രി​ക്കാൻ കഴിഞ്ഞില്ല. a പൊ.യു. നാലാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സിദ്ധാ​ന്താ​നു​കൂ​ല​വാ​ദി​യായ ലാക്‌റ്റാൻറി​യസ്‌ ആ ആശയത്തെ പരിഹ​സി​ക്കു​ക​യാ​ണു ചെയ്‌തത്‌. അദ്ദേഹം ഇങ്ങനെ വാദിച്ചു: “തലകൾ താഴെ​യും കാലുകൾ മുകളി​ലു​മുള്ള മനുഷ്യ​രു​ണ്ടെ​ന്നും . . . വിളക​ളും വൃക്ഷങ്ങ​ളും താഴേക്കു വളരു​ന്നു​വെ​ന്നും മഴയും മഞ്ഞും താഴെ​നി​ന്നു മുകളി​ലേക്കു വീഴു​ന്നു​വെ​ന്നും വിശ്വ​സി​ക്ക​ത്ത​ക്ക​വണ്ണം വിവര​ക്കേ​ടുള്ള ആരെങ്കി​ലു​മു​ണ്ടോ?”2

ഭൂഗോ​ള​ത്തി​ന്റെ എതിർവ​ശ​ത്തെ​ക്കു​റി​ച്ചുള്ള ധാരണ ഏതാനും ദൈവ​ശാ​സ്‌ത്ര​ജ്ഞർക്കു പ്രശ്‌ന​മു​ണ്ടാ​ക്കി. ഭൂമി​യു​ടെ എതിർവ​ശ​ങ്ങ​ളിൽ ജീവി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കിൽതന്നെ അറിയ​പ്പെ​ട്ടി​ട്ടുള്ള മനുഷ്യ​രു​മാ​യി അവർക്കു യാതൊ​രു ബന്ധവും സാധ്യമല്ല, കാരണം കുറുകെ സമു​ദ്ര​യാ​ത്ര ചെയ്യാ​നാ​കാ​ത്ത​വി​ധം സമുദ്രം വളരെ വിശാ​ല​മാണ്‌, അല്ലെങ്കിൽ ഭൂമധ്യ​രേ​ഖ​യ്‌ക്കു ചുറ്റു​മുള്ള പ്രദേശം കുറുകെ കടക്കാ​നാ​കാ​ത്ത​വി​ധം അത്യു​ഷ്‌ണ​മാണ്‌ എന്നൊ​ക്കെ​യാ​യി​രു​ന്നു ചില സിദ്ധാ​ന്തങ്ങൾ. അപ്പോൾപ്പി​ന്നെ ഭൂഗോ​ള​ത്തി​ന്റെ എതിർവ​ശ​ങ്ങ​ളിൽ ജീവി​ക്കു​ന്നവർ എവി​ടെ​നി​ന്നു വന്നതാ​യി​രി​ക്കണം? ഭൂഗോ​ള​ത്തി​ന്റെ മറുവ​ശത്തു ജീവി​ക്കു​ന്ന​വ​രില്ല, അല്ലെങ്കിൽതന്നെ ലാക്‌റ്റാൻറി​യസ്‌ വാദി​ച്ച​തു​പോ​ലെ ഭൂമി ഗോളാ​കാ​ര​മു​ള്ള​താ​യി​രി​ക്കില്ല എന്നു വിശ്വ​സി​ക്കാ​നാ​യി​രു​ന്നു ആശയക്കു​ഴ​പ്പ​ത്തി​ലായ ചില ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർക്കി​ഷ്ടം!

എന്നുവ​രി​കി​ലും, ഗോളാ​കാ​ര​ത്തി​ലുള്ള ഭൂമി​യെ​ക്കു​റി​ച്ചുള്ള ആശയഗതി നിലനി​ന്നു, ഒടുവിൽ അതു പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. വേണ്ടത്ര ദൂരം ബഹിരാ​കാ​ശ​ത്തി​ലേക്കു പോയി നേരി​ട്ടുള്ള നിരീ​ക്ഷ​ണ​ത്തി​ലൂ​ടെ ഭൂമി ഒരു ഗോള​മാ​ണെന്ന്‌ ഉറപ്പാ​ക്കാൻ മനുഷ്യർക്കു കഴിഞ്ഞത്‌ 20-ാം നൂറ്റാ​ണ്ടി​ലെ ബഹിരാ​കാശ യുഗത്തി​ന്റെ പിറവി​യോ​ടെ മാത്ര​മാണ്‌. b

ഇക്കാര്യ​ത്തിൽ ബൈബി​ളി​ന്റെ നിലപാട്‌ എന്താണ്‌? പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടിൽ, ഭൂമി പരന്നതാ​ണെന്ന വീക്ഷണം നിലവി​ലി​രുന്ന കാലത്ത്‌, ഭൂമിക്ക്‌ ഗോളാ​കാ​ര​മു​ണ്ടാ​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെന്നു ഗ്രീക്കു തത്ത്വചി​ന്ത​ക​ന്മാർ സിദ്ധാ​ന്തീ​ക​രി​ച്ച​തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌, മനുഷ്യർ ബഹിരാ​കാ​ശ​ത്തു​നി​ന്നു ഭൂമിയെ ഒരു ഗോള​മാ​യി കാണു​ന്ന​തിന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌, ശ്രദ്ധേ​യ​മായ ലാളി​ത്യ​ത്തോ​ടെ എബ്രായ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അവൻ ഭൂമണ്ഡ​ല​ത്തി​ന്മീ​തെ അധിവ​സി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (യെശയ്യാ​വു 40:22) ‘മണ്ഡലം’ (വൃത്തം) എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന എബ്രായ പദമായ ചുഗ്‌ “ഗോളം” എന്നും വിവർത്തനം ചെയ്യാ​വു​ന്ന​താണ്‌.3 മറ്റു ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളിൽ “ഭൂഗോ​ളം,” (ഡൂവേ ഭാഷാ​ന്തരം) “ഉരുണ്ട ഭൂമി” (മോഫറ്റ്‌) എന്നൊ​ക്കെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌. c

ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യെശയ്യാവ്‌ ഭൂമി​യെ​ക്കു​റി​ച്ചുള്ള പൊതു​വായ സങ്കൽപ്പങ്ങൾ ഒഴിവാ​ക്കു​ക​യാ​ണു ചെയ്‌തത്‌. പകരം, ശാസ്‌ത്രീയ കണ്ടുപി​ടി​ത്ത​ത്തി​ന്റെ മുന്നേ​റ്റങ്ങൾ ഭീഷണി ഉയർത്താത്ത തരത്തി​ലുള്ള ഒരു പ്രസ്‌താ​വ​ന​യാണ്‌ അവൻ എഴുതി​യത്‌.

എന്താണു ഭൂമിയെ താങ്ങി​നിർത്തു​ന്നത്‌?

പുരാതന കാലങ്ങ​ളിൽ പ്രപഞ്ച​ത്തെ​ക്കു​റി​ച്ചുള്ള വേറേ ചോദ്യ​ങ്ങ​ളും മനുഷ്യ​രെ അലട്ടി​യി​രു​ന്നു: ഭൂമി എന്തി​ന്മേ​ലാ​ണു നിൽക്കു​ന്നത്‌? സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും പിടി​ച്ചു​നിർത്തു​ന്നത്‌ എന്താണ്‌? ഐസക്ക്‌ ന്യൂട്ടൻ രൂപീ​ക​രിച്ച്‌ 1687-ൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ സാർവ​ത്രിക ഗുരു​ത്വാ​കർഷണ നിയമ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ യാതൊ​ര​റി​വു​മി​ല്ലാ​യി​രു​ന്നു. ആകാശ​ഗോ​ളങ്ങൾ ഫലത്തിൽ ഒന്നുമി​ല്ലാ​യ്‌മ​യിൽ തൂക്കി​യി​ട്ടി​രി​ക്കു​ക​യാ​ണെന്ന ആശയം അവർക്ക്‌ അജ്ഞാത​മാ​യി​രു​ന്നു. മൂർത്ത വസ്‌തു​ക്ക​ളോ പദാർഥ​ങ്ങ​ളോ ഭൂമി​യെ​യും മറ്റ്‌ ആകാശ​ഗോ​ള​ങ്ങ​ളെ​യും ഉയർത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്നു​വെന്ന ധ്വനി​യു​ള്ള​താ​യി​രു​ന്നു മിക്ക​പ്പോ​ഴും അവരുടെ വിശദീ​ക​ര​ണങ്ങൾ.

ഉദാഹ​ര​ണ​ത്തിന്‌, ഒരു പുരാതന സിദ്ധാന്തം നോക്കൂ. അതിന്റെ ഉപജ്ഞാ​താ​ക്കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ദ്വീപിൽ വസിച്ചി​രുന്ന ആളുക​ളാ​യി​രു​ന്നു. ആ സിദ്ധാ​ന്ത​മ​നു​സ​രിച്ച്‌, ഭൂമി വെള്ളത്താൽ ചുറ്റ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ആ വെള്ളത്തിൽ അതു പൊങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നും അവർ വിശ്വ​സി​ച്ചി​രു​ന്നു. ഒന്നിനു മുകളിൽ മറ്റൊ​ന്നുള്ള അനവധി അടിസ്ഥാ​നങ്ങൾ ഭൂമി​ക്കു​ണ്ടെ​ന്നാ​യി​രു​ന്നു ഹിന്ദു​ക്ക​ളു​ടെ സങ്കൽപ്പം. അതു നിന്നി​രു​ന്നത്‌ നാല്‌ ആനകളു​ടെ പുറത്ത്‌, ആനകൾ ഒരു ഭീമൻ ആമയുടെ പുറത്ത്‌, ആമ ഒരു കൂറ്റൻ സർപ്പത്തി​ന്റെ പുറത്ത്‌. ചുരു​ണ്ടു​കൂ​ടി​യി​രി​ക്കുന്ന ആ സർപ്പം പ്രാപ​ഞ്ചിക വെള്ളങ്ങ​ളിൽ പൊങ്ങി​ക്കി​ട​ക്കു​ന്നു. പൊ.യു.മു. അഞ്ചാം നൂറ്റാ​ണ്ടി​ലെ ഒരു ഗ്രീക്കു തത്ത്വചി​ന്ത​ക​നാ​യി​രു​ന്നു എംപി​ഡോ​ക്ലിസ്‌. ഒരു വലിയ ചുഴലി​ക്കാ​റ്റി​ലാ​ണു ഭൂമി സ്ഥിതി​ചെ​യ്‌തി​രി​ക്കു​ന്ന​തെ​ന്നും ആകാശ​ഗോ​ള​ങ്ങ​ളു​ടെ ചലനത്തി​നു നിദാനം ഈ ചുഴലി​ക്കാ​റ്റാ​ണെ​ന്നും അദ്ദേഹം വിശ്വ​സി​ച്ചി​രു​ന്നു.

ഏറ്റവും സ്വാധീ​ന​മു​ണ്ടാ​യി​രുന്ന വീക്ഷണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അരി​സ്റ്റോ​ട്ടി​ലി​ന്റേത്‌. ഭൂമി ഗോള​മാ​ണെന്ന്‌ അദ്ദേഹം സിദ്ധാ​ന്തീ​ക​രി​ച്ചെ​ങ്കി​ലും, അതിനു ശൂന്യ​സ്ഥ​ലത്ത്‌ ഒരിക്ക​ലും തൂങ്ങി​നിൽക്കാ​നാ​വി​ല്ലെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചി​രു​ന്നു. ഭൂമി വെള്ളത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​വെന്ന ആശയത്തെ ഖണ്ഡിച്ചു​കൊണ്ട്‌ ആകാശ​ങ്ങ​ളെ​ക്കു​റിച്ച്‌ (ഇംഗ്ലീഷ്‌) എന്ന ഉപന്യാ​സ​ത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “മധ്യാ​കാ​ശ​ത്തിൽ നിലനിൽക്കു​ക​യെന്ന സ്വഭാവം വെള്ളത്തി​നി​ല്ലാ​ത്ത​തു​പോ​ലെ ഭൂമി​ക്കു​മില്ല. അത്‌ എന്തി​ന്റെ​യെ​ങ്കി​ലും മേലാ​യി​രി​ക്കണം സ്ഥിതി​ചെ​യ്യു​ന്നത്‌.”4 അപ്പോൾ ഭൂമി ‘എന്തി​ന്മേ​ലാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌’? ഉറച്ച​തെ​ങ്കി​ലും സുതാ​ര്യ​മായ ഗോള​ങ്ങ​ളു​ടെ ഉപരി​ത​ല​ത്തിൽ സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും ബന്ധിപ്പി​ച്ചി​രി​ക്കു​ന്ന​താ​യി അരി​സ്റ്റോ​ട്ടിൽ പഠിപ്പി​ച്ചു. ഒന്നി​ന്റെ​യു​ള്ളിൽ മറ്റൊ​ന്നാ​യി ഈ ഗോളങ്ങൾ സ്ഥിതി​ചെ​യ്‌തി​രു​ന്നു, ചലിക്കാ​നാ​കാത്ത അവസ്ഥയിൽ ഭൂമി അതിന്റെ കേന്ദ്ര​മാ​യി​രു​ന്നു. ഗോളങ്ങൾ ഒന്നിനു​ള്ളിൽ മറ്റൊ​ന്നാ​യി കറങ്ങി​ത്തി​രി​ഞ്ഞ​പ്പോൾ, അവയ്‌ക്കു മേലുള്ള വസ്‌തു​ക്കൾ—സൂര്യ​നും ചന്ദ്രനും ഗ്രഹങ്ങ​ളും—ആകാശ​ത്തി​നു കുറുകെ സഞ്ചരി​ക്കാൻ തുടങ്ങി.

അരി​സ്റ്റോ​ട്ടി​ലി​ന്റെ വിശദീ​ക​രണം യുക്തി​സ​ഹ​മെന്നു തോന്നി. ആകാശ​ഗോ​ളങ്ങൾ ഒന്നി​ന്റെ​മേൽ ദൃഢമാ​യി ബന്ധിപ്പി​ച്ചി​ട്ടി​ല്ലെ​ങ്കിൽപ്പി​ന്നെ എങ്ങനെ​യാണ്‌ അവ ഉയർന്നു​നിൽക്കുക? ആദരണീ​യ​നായ അരി​സ്റ്റോ​ട്ടി​ലി​ന്റെ വിശ്വാ​സങ്ങൾ 2,000 വർഷ​ത്തോ​ളം വസ്‌തു​ത​യാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. 16-ഉം 17-ഉം നൂറ്റാ​ണ്ടു​ക​ളിൽ അദ്ദേഹ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​കൾ സഭയുടെ ദൃഷ്ടി​യിൽ “മതോ​പ​ദേ​ശ​ത്തി​ന്റെ പദവി​യി​ലേ​ക്കു​യർന്നു” എന്ന്‌ ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു.5

ദൂരദർശി​നി​യു​ടെ ആവിർഭാ​വ​ത്തോ​ടെ, ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർ അരി​സ്റ്റോ​ട്ടി​ലി​ന്റെ സിദ്ധാ​ന്തത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നിരു​ന്നാ​ലും, ഗ്രഹങ്ങളെ ശൂന്യ​സ്ഥ​ലത്ത്‌ വെറുതേ തൂക്കി​യി​ട്ടി​രി​ക്കു​ക​യാ​ണെന്ന്‌—അദൃശ്യ ശക്തിയാൽ, അതായത്‌ ഗുരു​ത്വാ​കർഷ​ണ​ത്താൽ അവയുടെ ഭ്രമണ​പ​ഥ​ങ്ങ​ളിൽ പിടി​ച്ചു​നിർത്തി​യി​രി​ക്കു​ക​യാ​ണെന്ന്‌—സർ ഐസക്ക്‌ ന്യൂട്ടൻ വിശദീ​ക​രി​ക്കു​ന്ന​തു​വരെ ഉത്തരം അവർക്ക്‌ അജ്ഞാത​മാ​യി​രു​ന്നു. അത്‌ അവിശ്വ​സ​നീ​യ​മാ​യി തോന്നി, പദാർഥ​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ശൂന്യ​മാ​യി​ക്കി​ട​ക്കുന്ന സ്ഥലമാണ്‌ അതെന്നു വിശ്വ​സി​ക്കാൻ ന്യൂട്ടന്റെ സഹപ്ര​വർത്ത​ക​രിൽ ചിലർക്കു പ്രയാ​സ​മാ​യി​രു​ന്നു. d6

ഈ പ്രശ്‌നം സംബന്ധി​ച്ചു ബൈബി​ളിന്‌ എന്താണു പറയാ​നു​ള്ളത്‌? ഏതാണ്ട്‌ 3,500 വർഷം മുമ്പ്‌ അസാധാ​ര​ണ​മായ വ്യക്തത​യോ​ടെ ബൈബിൾ പ്രസ്‌താ​വി​ച്ചത്‌ ഭൂമി “നാസ്‌തി​ത്വ​ത്തി​ന്മേൽ” തൂങ്ങി​നിൽക്കു​ന്നു​വെ​ന്നാണ്‌. (ഇയ്യോബ്‌ 26:7) ‘നാസ്‌തി​ത്വം’ (ബെലിമാ) എന്നതിനു വേണ്ടി ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മൂല എബ്രായ പദത്തിന്റെ അക്ഷരീയ അർഥം “ഒന്നുമി​ല്ലാത്ത” എന്നാണ്‌.7സമകാ​ലീന ഇംഗ്ലീഷ്‌ ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) “ശൂന്യാ​കാ​ശ​ത്തിൽ” എന്ന പദപ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌.

അക്കാലത്തു മിക്കയാ​ളു​കൾക്കും “ശൂന്യാ​കാ​ശ​ത്തിൽ” തൂങ്ങി​ക്കി​ട​ക്കുന്ന ഒരു ഗ്രഹമാ​ണു ഭൂമി​യെന്ന ആശയം അശേഷ​മു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ, ദീർഘ​കാ​ലം മുമ്പേ ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യുള്ള ഒരു പ്രസ്‌താ​വന ബൈബി​ളെ​ഴു​ത്തു​കാ​രൻ രേഖ​പ്പെ​ടു​ത്തി.

ബൈബി​ളും വൈദ്യ​ശാ​സ്‌ത്ര​വും—അവ യോജി​ക്കു​ന്നു​വോ?

രോഗ​ങ്ങ​ളു​ടെ വ്യാപ​ന​വും പ്രതി​രോ​ധ​വും സംബന്ധി​ച്ചു വളരെ കാര്യങ്ങൾ ആധുനിക വൈദ്യ​ശാ​സ്‌ത്രം നമ്മെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. 19-ാം നൂറ്റാ​ണ്ടി​ലെ വൈദ്യ​ശാ​സ്‌ത്ര പുരോ​ഗ​തി​കൾ ആൻറി​സെ​പ്‌സി​സിന്‌—ശുചി​ത്വ​ത്തി​ലൂ​ടെ രോഗ​ബാധ കുറയ്‌ക്കുന്ന രീതിക്ക്‌—വഴി​തെ​ളി​ച്ചു. ഫലം വളരെ വലുതാ​യി​രു​ന്നു. പകർച്ച​വ്യാ​ധി​ക​ളി​ലും അകാല മരണങ്ങ​ളി​ലും കാര്യ​മായ കുറവു​ണ്ടാ​യി.

പുരാതന കാലത്തെ ഭിഷഗ്വ​ര​ന്മാർക്കു രോഗം എങ്ങനെ​യാ​ണു പകരു​ന്ന​തെന്നു പൂർണ​മാ​യി മനസ്സി​ലാ​യി​രു​ന്നില്ല. രോഗം തടയു​ന്ന​തിൽ ശുചി​ത്വം പാലി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും അവർക്ക​റി​യി​ല്ലാ​യി​രു​ന്നു. ആധുനിക നിലവാ​ര​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ അവരുടെ ചികി​ത്സാ​ന​ട​പ​ടി​കൾ പലതും പ്രാകൃ​ത​മാ​യി​രു​ന്നു​വെ​ന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല.

ഏറ്റവും പഴക്കമുള്ള വൈദ്യ​ശാ​സ്‌ത്ര പാഠപു​സ്‌ത​ക​ങ്ങ​ളി​ലൊന്ന്‌ ഏബേഴ്‌സ്‌ പപ്പൈ​റസ്‌ ആണ്‌. പൊ.യു.മു. 1550 മുതലുള്ള ഈജി​പ്‌ഷ്യൻ വൈദ്യ​ശാ​സ്‌ത്ര വിജ്ഞാന സമാഹാ​ര​മാ​ണത്‌. “മുതല​ക​ടി​മു​തൽ കാൽന​ഖ​ത്തി​ലെ വേദന​വരെ” നാനാ​ത​ര​ത്തി​ലുള്ള ബുദ്ധി​മു​ട്ടു​കൾക്കുള്ള 700 പ്രതി​വി​ധി​കൾ ആ ചുരു​ളിൽ അടങ്ങുന്നു.8ദി ഇൻറർനാ​ഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഈ ഭിഷഗ്വ​ര​ന്മാ​രു​ടെ വൈദ്യ​ജ്ഞാ​നം നിരീ​ക്ഷ​ണത്തെ മാത്രം അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു, കൂടു​ത​ലും മന്ത്രവാ​ദ​വും തികച്ചും അശാസ്‌ത്രീ​യ​വു​മായ കാര്യ​ങ്ങ​ളാ​യി​രു​ന്നു അവ.”9 പ്രതി​വി​ധി​ക​ളിൽ മിക്കതും ഫലപ്ര​ദ​മ​ല്ലാ​യി​രു​ന്നു. തന്നെയു​മല്ല, അവയിൽ ചിലത്‌ അങ്ങേയറ്റം അപകട​ക​ര​വു​മാ​യി​രു​ന്നു. മനുഷ്യ​മ​ല​വും മറ്റു പദാർഥ​ങ്ങ​ളും കൂട്ടി​ക്ക​ലർത്തി​യു​ണ്ടാ​ക്കിയ മിശ്രി​തം പുരട്ടുക എന്നതാ​യി​രു​ന്നു മുറി​വി​നു ശുപാർശ ചെയ്‌തി​രുന്ന ചികി​ത്സാ​രീ​തി​ക​ളി​ലൊന്ന്‌.10

ഈ ഈജി​പ്‌ഷ്യൻ ചികി​ത്സാ​വി​ധി​കൾ എഴുത​പ്പെട്ട ഏതാണ്ട്‌ അതേ കാലത്തു​ത​ന്നെ​യാ​ണു ബൈബി​ളി​ലെ ആദ്യത്തെ പുസ്‌ത​ക​ങ്ങ​ളും എഴുത​പ്പെ​ട്ടത്‌, അതിൽ മോ​ശൈക ന്യായ​പ്ര​മാ​ണ​വും ഉൾപ്പെ​ട്ടി​രു​ന്നു. പൊ.യു.മു. 1593-ൽ ജനിച്ച മോശ ഈജി​പ്‌തി​ലാ​ണു വളർന്നു​വ​ന്നത്‌. (പുറപ്പാ​ടു 2:1-10) ഫറവോ​ന്റെ ഭവനത്തി​ലെ ഒരംഗ​മെന്ന നിലയ്‌ക്ക്‌ അവൻ “മിസ്ര​യീ​മ്യ​രു​ടെ [ഈജി​പ്‌തു​കാ​രു​ടെ] സകല ജ്ഞാനവും അഭ്യസി​ച്ചു.” (പ്രവൃ​ത്തി​കൾ 7:22) ഈജി​പ്‌തി​ലെ ‘വൈദ്യ​ന്മാ​രെ’ അവനു പരിച​യ​മു​ണ്ടാ​യി​രു​ന്നു. (ഉല്‌പത്തി 50:1-3) അവരുടെ ഫലപ്ര​ദ​മ​ല്ലാ​ത്ത​തോ അപകട​ക​ര​മോ ആയ ചികി​ത്സാ​രീ​തി​കൾ അവന്റെ എഴുത്തി​നെ സ്വാധീ​നി​ച്ചോ?

ഇല്ല. നേരേ​മ​റിച്ച്‌, അക്കാല​ത്തേ​ക്കും​വെച്ച്‌ ഏറെ ശ്രേഷ്‌ഠ​മായ ശുചിത്വ നിർദേ​ശങ്ങൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സൈനി​ക​പാ​ള​യ​ങ്ങളെ സംബന്ധി​ച്ചുള്ള ഒരു നിയമ​ത്തിൽ പാളയ​ത്തിൽനിന്ന്‌ അകലെ മലം കുഴി​ച്ചു​മൂ​ടു​ന്നത്‌ അനിവാ​ര്യ​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 23:13) ഇതു വളരെ മികച്ച ഒരു പ്രതി​രോ​ധ​മാർഗ​മാ​യി​രു​ന്നു. വെള്ളം മലിന​മാ​കാ​തി​രി​ക്കാൻ മാത്രമല്ല, ഈച്ചകൾവഴി പകരുന്ന ഷിഗ​ല്ലോ​സി​സും വയറി​ള​ക്ക​സം​ബ​ന്ധ​മായ മറ്റു രോഗ​ങ്ങ​ളും ഉണ്ടാകു​ന്ന​തിൽനിന്ന്‌ അതു സംരക്ഷണം പ്രദാനം ചെയ്‌തു. അത്തരം രോഗങ്ങൾ ശുചി​ത്വ​സം​ബ​ന്ധ​മായ അവസ്ഥകൾ വളരെ മോശ​മാ​യി​രി​ക്കുന്ന ദേശങ്ങ​ളിൽ ഇപ്പോ​ഴും ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീവൻ അപഹരി​ക്കു​ന്നു.

ശുചി​ത്വ​സം​ബ​ന്ധ​മായ മറ്റു നിയമ​ങ്ങ​ളും മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. പകർച്ച​വ്യാ​ധി​ക​ളു​ടെ വ്യാപ​ന​ത്തിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രെ കാത്തു​സം​ര​ക്ഷി​ച്ച​വ​യാ​യി​രു​ന്നു ആ നിയമങ്ങൾ. പകർച്ച​വ്യാ​ധി​യു​ണ്ടാ​യി​രുന്ന അല്ലെങ്കിൽ ഉണ്ടെന്നു സംശയ​മുള്ള വ്യക്തിയെ മാറ്റി​പ്പാർപ്പി​ച്ചി​രു​ന്നു. (ലേവ്യ​പു​സ്‌തകം 13:1-5) ചത്ത (ഒരുപക്ഷേ രോഗ​ത്താൽ) മൃഗവു​മാ​യി സമ്പർക്ക​ത്തിൽ വന്ന തുണി​ക​ളോ പാത്ര​ങ്ങ​ളോ വീണ്ടും ഉപയോ​ഗി​ക്കു​ന്ന​തി​നു മുമ്പ്‌ കഴുക​ണ​മാ​യി​രു​ന്നു, അല്ലെങ്കിൽ അവ നശിപ്പി​ച്ചു​ക​ള​യ​ണ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 11:27, 28, 32, 33) ശവശരീ​രത്തെ സ്‌പർശിച്ച ഏതു വ്യക്തി​യെ​യും അശുദ്ധ​നാ​യി കണക്കാ​ക്കി​യി​രു​ന്നു. അയാൾ ശുദ്ധീ​ക​ര​ണ​പ്ര​ക്രി​യ​യു​ടെ ഭാഗമാ​യി തന്റെ തുണികൾ കഴുകി കുളി​ക്ക​ണ​മാ​യി​രു​ന്നു. അശുദ്ധി​യു​ടെ ഈ ഏഴുദി​വസ കാലയ​ള​വിൽ, അയാൾ മറ്റുള്ള​വ​രു​മാ​യി ശാരീ​രിക സമ്പർക്കം പുലർത്താൻ പാടി​ല്ലാ​യി​രു​ന്നു.—സംഖ്യാ​പു​സ്‌തകം 19:1-13.

അക്കാലത്ത്‌ അവർക്കു ചുറ്റു​മുള്ള ജനതക​ളി​ലെ വൈദ്യ​ന്മാർക്കി​ല്ലാ​തി​രുന്ന ജ്ഞാനമാണ്‌ ഈ ശുചി​ത്വ​സം​ഹിത വെളി​പ്പെ​ടു​ത്തു​ന്നത്‌. രോഗം പകരുന്ന വിധ​ത്തെ​ക്കു​റി​ച്ചു വൈദ്യ​ശാ​സ്‌ത്രം മനസ്സി​ലാ​ക്കു​ന്ന​തിന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പു രോഗ​ത്തി​നെ​തി​രെ​യുള്ള സംരക്ഷ​ണ​മാർഗ​മാ​യി ഉതകിയ ന്യായ​മായ പ്രതി​രോധ നടപടി​കൾ ബൈബിൾ ശുപാർശ ചെയ്‌തി​രു​ന്നു. തന്റെ നാളിൽ ഇസ്രാ​യേ​ല്യർ പൊതു​വേ 70-ഓ 80-ഓ വർഷം ജീവി​ച്ചി​രു​ന്ന​താ​യി മോശ​യ്‌ക്ക്‌ എഴുതാൻ കഴിഞ്ഞ​തിൽ അതിശ​യി​ക്കാ​നില്ല. eസങ്കീർത്തനം 90:10.

മുമ്പു പറഞ്ഞ പ്രസ്‌താ​വ​നകൾ ശാസ്‌ത്രീ​യ​മാ​യി കൃത്യ​മാ​ണെന്നു നിങ്ങൾ സമ്മതി​ച്ചേ​ക്കാം. എന്നാൽ ശാസ്‌ത്രീ​യ​മാ​യി തെളി​യി​ക്കാൻ സാധി​ക്കാത്ത പ്രസ്‌താ​വ​ന​ക​ളും ബൈബി​ളി​ലുണ്ട്‌. അതിന്റെ അർഥം ബൈബിൾ ശാസ്‌ത്ര​ത്തി​നു വിരു​ദ്ധ​മാ​ണെ​ന്നാ​ണോ?

തെളി​യി​ക്കാ​നാ​കാ​ത്തത്‌ അംഗീ​ക​രി​ക്കൽ

തെളി​യി​ക്കാ​നാ​കാത്ത ഒരു പ്രസ്‌താ​വന അവശ്യം അസത്യ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. വേണ്ടത്ര തെളിവു കണ്ടെത്താ​നും വിവരങ്ങൾ കൃത്യ​മാ​യി വ്യാഖ്യാ​നി​ക്കാ​നു​മുള്ള മമനു​ഷ്യ​ന്റെ പ്രാപ്‌തി​യെ ആശ്രയി​ച്ചു പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നു ശാസ്‌ത്രീയ തെളിവ്‌. ചില സത്യങ്ങൾ തെളി​യി​ക്കാ​നാ​കാ​ത്ത​താണ്‌. കാരണം, അവയുടെ തെളിവു പരിര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടില്ല; അല്ലെങ്കിൽ തെളിവ്‌ ഗുപ്‌ത​മാ​യോ കണ്ടുപി​ടി​ക്ക​പ്പെ​ടാ​തെ​യോ കിടക്കു​ന്നു. അതുമ​ല്ലെ​ങ്കിൽ അഖണ്ഡി​ത​മായ ഒരു നിഗമ​ന​ത്തി​ലെ​ത്താൻ അപര്യാ​പ്‌ത​മാ​ണു ശാസ്‌ത്രീയ കഴിവു​ക​ളും വൈദ​ഗ്‌ധ്യ​വും. വ്യതി​രി​ക്ത​മായ ഭൗതിക തെളിവ്‌ ഇല്ലാത്ത ബൈബി​ളി​ലെ ചില പ്രസ്‌താ​വ​ന​ക​ളു​ടെ കാര്യ​ത്തിൽ ഇതു സത്യമാ​യി​രു​ന്നേ​ക്കാ​മോ?

ഉദാഹ​ര​ണ​ത്തിന്‌, ആത്മവ്യ​ക്തി​കൾ വസിക്കുന്ന ഒരു അദൃശ്യ​മ​ണ്ഡലം സ്ഥിതി​ചെ​യ്യു​ന്നു​വെന്ന ബൈബി​ളി​ന്റെ പരാമർശം ശാസ്‌ത്രീ​യ​മാ​യി തെളി​യി​ക്കാ​നോ തള്ളിക്ക​ള​യാ​നോ സാധ്യമല്ല. ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന അത്ഭുത കൃത്യ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും അതുതന്നെ പറയാ​വു​ന്ന​താണ്‌. നോഹ​യു​ടെ നാളിൽ ആഗോള ജലപ്ര​ളയം ഉണ്ടായി എന്നതിനു ചിലരെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മായ വ്യക്തമായ ഭൂമി​ശാ​സ്‌ത്ര തെളി​വില്ല. (ഉല്‌പത്തി 7-ാം അധ്യായം) അതു സംഭവി​ച്ചില്ല എന്നു നാം നിഗമനം ചെയ്യണ​മോ? കാലപ്പ​ഴ​ക്ക​ത്തി​ലൂ​ടെ ഉണ്ടാകുന്ന പരിവർത്ത​നങ്ങൾ ചരി​ത്ര​സം​ഭ​വ​ങ്ങളെ ഗുപ്‌ത​മാ​ക്കി​യേ​ക്കാം. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ഭൂമി​യിൽ നടന്ന പ്രവർത്ത​നങ്ങൾ ജലപ്ര​ള​യത്തെ സംബന്ധിച്ച തെളി​വി​ല​ധി​ക​വും തുടച്ചു​മാ​റ്റി​യ​താ​യി​ക്കൂ​ടേ?

ലഭ്യമായ ഭൗതിക തെളി​വു​പ​യോ​ഗിച്ച്‌ തെളി​യി​ക്കാ​നോ തള്ളിക്ക​ള​യാ​നോ കഴിയാത്ത പ്രസ്‌താ​വ​നകൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു എന്നതു സത്യമാണ്‌. എന്നാൽ അതു നമ്മെ അതിശ​യി​പ്പി​ക്ക​ണ​മോ? ബൈബിൾ ഒരു ശാസ്‌ത്ര പാഠപു​സ്‌ത​കമല്ല. എന്നിരു​ന്നാ​ലും, അതു സത്യമ​ട​ങ്ങി​യി​രി​ക്കുന്ന ഒരു ഗ്രന്ഥമാണ്‌. അതെഴു​തിയ മനുഷ്യർ നിർമ​ല​ത​യും സത്യസ​ന്ധ​ത​യു​മുള്ള ആളുക​ളാ​യി​രു​ന്നു​വെ​ന്ന​തി​നു നാം ഇതി​നോ​ടകം ശക്തമായ തെളിവു കണ്ടുക​ഴി​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ അവർ ശാസ്‌ത്ര​സം​ബ​ന്ധ​മായ കാര്യ​ങ്ങളെ പരാമർശി​ക്കു​മ്പോൾ, അവരുടെ വാക്കുകൾ കൃത്യ​മാ​ണെന്നു മാത്രമല്ല, അവയ്‌ക്കു കേവലം കെട്ടു​ക​ഥ​ക​ളാ​യി മാറിയ പുരാതന “ശാസ്‌ത്രീയ” സിദ്ധാ​ന്ത​ങ്ങ​ളു​മാ​യി ഒരു ബന്ധവു​മി​ല്ല​താ​നും. അതു​കൊണ്ട്‌, ശാസ്‌ത്രം ബൈബി​ളി​ന്റെ ശത്രുവല്ല. ബൈബിൾ പറയുന്ന കാര്യങ്ങൾ തുറന്ന മനസ്സോ​ടെ വിലയി​രു​ത്തു​ന്ന​തി​നു സകല കാരണ​വു​മുണ്ട്‌.

[അടിക്കു​റി​പ്പു​കൾ]

a “ഭൂഗോ​ള​ത്തി​ന്റെ എതിർവ​ശങ്ങൾ . . . ഗോള​ത്തി​ന്റെ ഓരോ വശത്തു​മാ​യി നേരേ എതിരാ​യി വരുന്ന രണ്ടു സ്ഥലങ്ങളാണ്‌. അവയി​ലൂ​ടെ​യുള്ള ഒരു നേർരേഖ ഭൂമി​യു​ടെ മധ്യത്തി​ലൂ​ടെ കടന്നു​പോ​കും. ഭൂഗോ​ള​ത്തി​ന്റെ എതിർവ​ശങ്ങൾ എന്ന പദപ്ര​യോ​ഗ​ത്തി​നു ഗ്രീക്കിൽ പാദ​ത്തോ​ടു പാദം എന്നാണർഥം. ഭൂഗോ​ള​ത്തി​ന്റെ എതിർവ​ശ​ങ്ങ​ളിൽ നിൽക്കുന്ന രണ്ടു മനുഷ്യ​രു​ടെ കാൽപ്പാ​ദ​ങ്ങ​ളാ​യി​രി​ക്കും ഏറ്റവു​മ​ടു​ത്തത്‌.”1ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

b സാങ്കേതികമായി പറഞ്ഞാൽ, രണ്ടു വശങ്ങൾ, അതായത്‌ ധ്രുവങ്ങൾ, അൽപ്പം പരന്നി​രി​ക്കുന്ന ഗോളാ​കാ​ര​വ​സ്‌തു​വാണ്‌ ഭൂമി.

c തന്നെയുമല്ല, ഏതു കോണ​ത്തിൽനി​ന്നു നോക്കി​യാ​ലും ഗോളാ​കാ​ര​ത്തി​ലുള്ള വസ്‌തു മാത്രമേ വൃത്തമാ​യി കാണ​പ്പെ​ടു​ക​യു​ള്ളൂ. ഒരു പരന്ന ഫലകം മിക്ക​പ്പോ​ഴും കാണ​പ്പെ​ടു​ന്നത്‌ വൃത്തമാ​യി​ട്ടാ​യി​രി​ക്കു​ക​യില്ല, അണ്ഡാകൃ​തി​യി​ലാ​യി​രി​ക്കും.

d പ്രപഞ്ചം ദ്രാവ​കം​കൊണ്ട്‌—ഒരു പ്രപഞ്ച “സൂപ്പു”കൊണ്ട്‌—നിറഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അതിലു​ണ്ടാ​കുന്ന ചുഴി​ക​ളാ​ണു ഗ്രഹങ്ങൾ ഭ്രമണം ചെയ്യാൻ ഇടയാ​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ന്യൂട്ടന്റെ കാലത്തു പ്രബല​മാ​യി​രുന്ന ഒരു വീക്ഷണം.

e 1900-ങ്ങളിൽ പല യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലും ഐക്യ​നാ​ടു​ക​ളി​ലു​മു​ണ്ടാ​യി​രുന്ന ആയുർപ്ര​തീക്ഷ 50-ലും കുറവാ​യി​രു​ന്നു. അന്നുമു​തൽ അതു വർധി​ച്ചി​ട്ടുണ്ട്‌, രോഗത്തെ നിയ​ന്ത്രി​ക്കു​ന്ന​തി​ലുള്ള വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ പുരോ​ഗതി മാത്രമല്ല അതിനു നിദാനം, മെച്ചമായ ശുചി​ത്വ​വും നല്ല ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും അതിൽ ഒരു പങ്കു വഹിക്കു​ന്നു.

[21-ാം പേജിലെ ആകർഷ​ക​വാ​ക്യം]

തെളിയിക്കാനാകാത്ത ഒരു പ്രസ്‌താ​വന അവശ്യം അസത്യ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല

[18-ാം പേജിലെ ചിത്രം]

ഭൂമി ഒരു ഗോള​മാ​ണെന്നു ബഹിരാ​കാ​ശ​ത്തിൽനി​ന്നു മനുഷ്യൻ കാണു​ന്ന​തിന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ “ഭൂമണ്ഡല”ത്തെക്കു​റി​ച്ചു ബൈബിൾ പരാമർശി​ക്കു​ക​യു​ണ്ടാ​യി

[20-ാം പേജിലെ ചിത്രം]

ഗുരുത്വാകർഷണബലം ഗ്രഹങ്ങളെ അതിന്റെ ഭ്രമണ​പ​ഥ​ങ്ങ​ളിൽ പിടി​ച്ചു​നിർത്തി​യി​രി​ക്കു​ക​യാ​ണെന്ന്‌ സർ ഐസക്ക്‌ ന്യൂട്ടൻ വിശദീ​ക​രി​ച്ചു