വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവദ്‌ഭാഷകൾ “സംസാരിക്കുന്ന” ഒരു ഗ്രന്ഥം

ജീവദ്‌ഭാഷകൾ “സംസാരിക്കുന്ന” ഒരു ഗ്രന്ഥം

ജീവദ്‌ഭാ​ഷകൾ “സംസാ​രി​ക്കുന്ന” ഒരു ഗ്രന്ഥം

ഒരു ഗ്രന്ഥം എഴുത​പ്പെട്ട ഭാഷ മരിക്കു​മ്പോൾ, ഫലത്തിൽ ആ ഗ്രന്ഥവും മരിക്കു​ന്നു. ബൈബി​ളെ​ഴു​ത​പ്പെട്ട പുരാതന ഭാഷകൾ വായി​ക്കാ​ന​റി​യാ​വു​ന്ന​വ​രു​ടെ എണ്ണം ഇന്നു നന്നേ ചുരു​ങ്ങും. എന്നിട്ടും ആ ഗ്രന്ഥത്തി​നു പ്രഭാ​വ​മുണ്ട്‌. അത്‌ അതിജീ​വി​ച്ചി​രി​ക്കു​ന്നു. കാരണം, അതു മനുഷ്യ​വർഗ​ത്തി​ന്റെ ജീവദ്‌ഭാ​ഷകൾ “സംസാ​രി​ക്കാൻ പഠിച്ചി​രി​ക്കു​ന്നു.” മറ്റു ഭാഷകൾ സംസാ​രി​ക്കാൻ അതിനെ “പഠിപ്പിച്ച” വിവർത്തകർ അജയ്യ​മെന്നു തോന്നുന്ന പ്രതി​ബ​ന്ധ​ങ്ങളെ നേരി​ടു​ക​യു​ണ്ടാ​യി.

ബൈബിൾ—അതിലെ 1,100-ലധികം അധ്യാ​യ​ങ്ങ​ളും 31,000-ത്തിലധി​കം വാക്യ​ങ്ങ​ളും—വിവർത്തനം ചെയ്യു​ന്നതു ഭാരിച്ച ഒരു വേലയാണ്‌. എന്നിരു​ന്നാ​ലും, നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം അർപ്പി​ത​രായ വിവർത്തകർ സ്വമേ​ധയാ ആ വെല്ലു​വി​ളി ഏറ്റെടു​ത്തി​ട്ടുണ്ട്‌. അവരിൽ പലരും തങ്ങളുടെ ആ വേല​യെ​പ്രതി പ്രയാ​സങ്ങൾ സഹിക്കാൻ, മരിക്കാൻ പോലും, ഒരുക്ക​മു​ള്ള​വ​രാ​യി​രു​ന്നു. മനുഷ്യ​വർഗ​ത്തി​ന്റെ ഭാഷക​ളി​ലേക്കു ബൈബിൾ വിവർത്തനം ചെയ്യ​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന​തി​ന്റെ ചരിത്രം സ്ഥിരോ​ത്സാ​ഹ​ത്തി​ന്റെ​യും മാഹാ​ത്മ്യ​ത്തി​ന്റെ​യും തിളക്ക​മാർന്ന ഒരു വൃത്താ​ന്ത​മാണ്‌. ശ്രദ്ധാർഹ​മായ ആ വൃത്താ​ന്ത​ത്തി​ന്റെ ചെറി​യൊ​രം​ശം മാത്രം നോക്കാം.

വിവർത്തകർ അഭിമു​ഖീ​ക​രി​ക്കുന്ന വെല്ലു​വി​ളി​കൾ

ലിപി​യി​ല്ലാ​ത്തൊ​രു ഭാഷയി​ലേക്ക്‌ എങ്ങനെ​യാണ്‌ ഒരു ഗ്രന്ഥം വിവർത്തനം ചെയ്യുക? അത്തര​മൊ​രു വെല്ലു​വി​ളി​യെ അഭിമു​ഖീ​ക​രിച്ച ബൈബിൾ വിവർത്തകർ കുറ​ച്ചൊ​ന്നു​മല്ല ഉള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, പൊ.യു. നാലാം നൂറ്റാ​ണ്ടി​ലെ ഉൾഫി​ലാസ്‌, അന്ന്‌ ലിപി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഒരു ആധുനിക ഭാഷയാ​യി​രുന്ന ഗോഥി​ക്കി​ലേക്കു ബൈബിൾ വിവർത്തനം ചെയ്യാ​നാ​യി ഇറങ്ങി​ത്തി​രി​ച്ചു. പ്രാഥ​മി​ക​മാ​യി ഗ്രീക്ക്‌, ലത്തീൻ അക്ഷരമാ​ല​കളെ അധിക​രിച്ച്‌ 27 അക്ഷരങ്ങ​ളുള്ള ഗോഥിക്‌ അക്ഷരമാല ഉണ്ടാക്കി​ക്കൊണ്ട്‌ ഉൾഫി​ലാസ്‌ ആ വെല്ലു​വി​ളി തരണം ചെയ്‌തു. ഏറെക്കു​റെ മുഴു ബൈബി​ളി​ന്റെ​യും ഗോഥി​ക്കി​ലേ​ക്കുള്ള അദ്ദേഹ​ത്തി​ന്റെ വിവർത്തനം പൊ.യു. 381-നു മുമ്പ്‌ പൂർത്തി​യാ​യി.

ഒമ്പതാം നൂറ്റാ​ണ്ടിൽ, ഗ്രീക്കു​ഭാഷ സംസാ​രി​ക്കുന്ന രണ്ടു സഹോ​ദ​രങ്ങൾ സ്ലാവിക്ക്‌ ഭാഷ സംസാ​രി​ക്കു​ന്ന​വർക്കാ​യി ബൈബിൾ വിവർത്തനം ചെയ്യാ​നാ​ഗ്ര​ഹി​ച്ചു. സിറിൽ (ആദ്യ പേര്‌ കോൺസ്റ്റ​ന്റൈൻ) എന്നും മിതോ​ഡി​യാസ്‌ എന്നും പേരു​ണ്ടാ​യി​രുന്ന അവർ ശ്രേഷ്‌ഠ പണ്ഡിത​ന്മാ​രും ഭാഷാ​വി​ദ​ഗ്‌ധ​രു​മാ​യി​രു​ന്നു. എന്നാൽ, ഇന്നത്തെ സ്ലാവിക്ക്‌ ഭാഷക​ളു​ടെ മുന്നോ​ടി​യായ സ്ലാവോ​ണി​ക്കി​നു ലിപി​യി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ബൈബിൾ പ്രസ്‌തുത ഭാഷയി​ലേക്കു വിവർത്തനം ചെയ്യാ​നാ​യി ആ രണ്ടു സഹോ​ദ​ര​ന്മാർ ഒരു അക്ഷരമാല ഉണ്ടാക്കി. അങ്ങനെ ബൈബി​ളിന്‌, കൂടുതൽ ആളുക​ളോട്‌, സ്ലാവിക്ക്‌ ലോക​ത്തോ​ടു “സംസാ​രി​ക്കാ”മെന്നായി.

16-ാം നൂറ്റാ​ണ്ടിൽ, വില്യം ടിൻഡെയ്‌ൽ മൂല ഭാഷക​ളിൽനിന്ന്‌ ഇംഗ്ലീ​ഷി​ലേക്കു ബൈബിൾ വിവർത്തനം ചെയ്യാ​നാ​യി ഇറങ്ങി​ത്തി​രി​ച്ചു. എന്നാൽ അദ്ദേഹ​ത്തി​നു സഭയു​ടെ​യും ഭരണകൂ​ട​ത്തി​ന്റെ​യും കടുത്ത എതിർപ്പ്‌ നേരിട്ടു. ഓക്‌സ്‌ഫോർഡിൽ വിദ്യാ​ഭ്യാ​സം നേടിയ ടിൻഡെയ്‌ൽ ആഗ്രഹി​ച്ചത്‌ “കലപ്പ പിടി​ക്കുന്ന ഒരു ബാലനു​പോ​ലും” മനസ്സി​ലാ​കു​ന്ന​വി​ധം വിവർത്തനം നിർവ​ഹി​ക്കാ​നാ​യി​രു​ന്നു.1 എന്നാൽ തന്റെ ലക്ഷ്യ​പ്രാ​പ്‌തി​ക്കാ​യി, അദ്ദേഹ​ത്തി​നു ജർമനി​യി​ലേക്കു പലായനം ചെയ്യേ​ണ്ടി​വന്നു. 1526-ൽ, അവി​ടെ​വെ​ച്ചാണ്‌ അദ്ദേഹ​ത്തി​ന്റെ ഇംഗ്ലീഷ്‌ “പുതിയ നിയമം” അച്ചടി​ക്ക​പ്പെ​ട്ടത്‌. അതിന്റെ പ്രതികൾ ഇംഗ്ലണ്ടി​ലേക്ക്‌ ഒളിച്ചു​ക​ട​ത്തി​യ​പ്പോൾ കോപാ​കു​ല​രായ അധികാ​രി​കൾ അവ പരസ്യ​മാ​യി കത്തിക്കാൻ തുടങ്ങി. പിന്നീട്‌ ടിൻഡെയ്‌ൽ ഒറ്റി​ക്കൊ​ടു​ക്ക​പ്പെട്ടു. അദ്ദേഹത്തെ കഴുത്തു​ഞെ​രി​ച്ചു കൊല്ലു​ന്ന​തി​നു തൊട്ടു​മുമ്പ്‌, “കർത്താവേ, ഇംഗ്ലണ്ടി​ലെ രാജാ​വി​ന്റെ കണ്ണു തുറപ്പി​ക്കേ​ണമേ!” എന്ന്‌ അദ്ദേഹം ഉച്ചത്തിൽ ഉരുവി​ട്ടു.2 അദ്ദേഹ​ത്തി​ന്റെ ശരീരം പിന്നീടു കത്തിക്കു​ക​യാ​ണു ചെയ്‌തത്‌.

ബൈബിൾ വിവർത്തനം അനവരതം തുടർന്നു; വിവർത്ത​കരെ തടയാൻ കഴിയു​മാ​യി​രു​ന്നില്ല. 1800 ആയപ്പോ​ഴേ​ക്കും, ചുരു​ങ്ങി​യ​പക്ഷം ബൈബി​ളി​ന്റെ ചില ഭാഗങ്ങ​ളെ​ങ്കി​ലും 68 ഭാഷകൾ “സംസാ​രി​ക്കാൻ പഠിച്ചു.” പിന്നീട്‌ ബൈബിൾ സൊ​സൈ​റ്റി​കൾ രൂപീ​കൃ​ത​മാ​യ​തോ​ടെ—പ്രത്യേ​കി​ച്ചും, 1804-ൽ സ്ഥാപി​ത​മായ ബ്രിട്ടീഷ്‌-വിദേശ ബൈബിൾ സൊ​സൈറ്റി—ബൈബിൾ കൂടുതൽ പുതിയ ഭാഷകൾ “പഠിച്ചു.” നൂറു​ക​ണ​ക്കി​നു യുവാക്കൾ മിഷന​റി​മാ​രാ​യി വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേക്കു പോകാൻ സന്നദ്ധരാ​യി. അവരിൽ മിക്കവ​രു​ടെ​യും പ്രധാന ഉദ്ദേശ്യം ബൈബിൾ വിവർത്തനം ചെയ്യുക എന്നതാ​യി​രു​ന്നു.

ആഫ്രി​ക്ക​യി​ലെ ഭാഷകൾ പഠിക്കൽ

1800-ൽ ഏതാണ്ട്‌ ഒരു ഡസൻ ലിഖിത ഭാഷകളേ ആഫ്രി​ക്ക​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. നൂറു​ക​ണ​ക്കി​നു മറ്റു സംസാര ഭാഷകൾക്ക്‌ ലിപികൾ ആരെങ്കി​ലും കണ്ടുപി​ടി​ക്കു​ന്ന​തു​വരെ കാത്തി​രി​ക്കേ​ണ്ടി​യി​രു​ന്നു. മിഷന​റി​മാർ അവിടെ വന്ന്‌ ഭാഷാ​പു​സ്‌ത​ക​ങ്ങ​ളു​ടെ​യോ നിഘണ്ടു​ക്ക​ളു​ടെ​യോ സഹായ​മി​ല്ലാ​തെ ഭാഷകൾ പഠിച്ചു. ഒരു ലിഖി​ത​രൂ​പം വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി അവർ കഠിനാ​ധ്വാ​നം ചെയ്‌തു. എന്നിട്ട്‌ ആ ലിപി വായി​ക്കുന്ന വിധം അവർ ആളുകളെ പഠിപ്പി​ച്ചു. ഒരുകാ​ലത്തു മാതൃ​ഭാ​ഷ​യിൽ ആളുകൾക്കു ബൈബിൾ വായി​ക്കാൻ കഴിയു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു അവർ അങ്ങനെ ചെയ്‌തത്‌.3

അത്തര​മൊ​രു മിഷന​റി​യാ​യി​രു​ന്നു റോബർട്ട്‌ മോഫറ്റ്‌ എന്ന സ്‌കോ​ട്ട്‌ലൻഡു​കാ​രൻ. 1821-ൽ, 25-ാമത്തെ വയസ്സിൽ തെക്കനാ​ഫ്രി​ക്ക​യി​ലെ റ്റ്‌സ്വാന സംസാ​രി​ക്കു​ന്ന​വ​രു​ടെ ഇടയിൽ ഒരു ദൗത്യം ഏറ്റെടു​ക്കു​ന്ന​തി​നാ​യി മോഫറ്റ്‌ ഇറങ്ങി​ത്തി​രി​ച്ചു. അവരുടെ അലിഖിത ഭാഷ പഠിക്കു​ന്ന​തിന്‌ അദ്ദേഹം ജനങ്ങളു​മാ​യി ഇടകലർന്നു ജീവിച്ചു. ചില​പ്പോൾ അവരുടെ ഇടയിൽ ജീവി​ക്കു​ന്ന​തി​നാ​യി, ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും അദ്ദേഹം യാത്ര ചെയ്‌തു. അദ്ദേഹം പിൽക്കാ​ലത്ത്‌ എഴുതി: “ആളുകൾ ദയയു​ള്ള​വ​രാ​യി​രു​ന്നു. ഞാൻ അവരുടെ ഭാഷയിൽ പൊട്ട​ത്തെ​റ്റു​കൾ പറഞ്ഞ​പ്പോൾ അതു പലപ്പോ​ഴും പൊട്ടി​ച്ചി​രി​ക്കുള്ള വക നൽകി. മറ്റുള്ള​വരെ വീണ്ടും ചിരി​പ്പി​ക്കാ​നാ​യി, ഞാൻ പറഞ്ഞത്‌ അതേ​പോ​ലെ പറഞ്ഞു​കേൾപ്പി​ക്കാ​തെ ഒരു വാക്കോ വാചക​മോ അവരി​ലാ​രും ഒരിക്കൽപോ​ലും തിരു​ത്തി​യി​രു​ന്നില്ല.”4 സ്ഥിരോ​ത്സാ​ഹം കൈ​വെ​ടി​യാഞ്ഞ മോഫറ്റ്‌ ഒടുവിൽ ആ ഭാഷ സ്വായ​ത്ത​മാ​ക്കി. അതിന്‌ ഒരു ലിഖി​ത​രൂ​പ​വും അദ്ദേഹം വികസി​പ്പി​ച്ചെ​ടു​ത്തു.

റ്റ്‌സ്വാ​ന​ക്കാർക്കി​ട​യിൽ എട്ടു വർഷം പ്രവർത്തി​ച്ച​തി​നു​ശേഷം, 1829-ൽ മോഫറ്റ്‌ ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ വിവർത്തനം പൂർത്തി​യാ​ക്കി. അത്‌ അച്ചടി​ക്കു​ന്ന​തി​നാ​യി, അദ്ദേഹം 900 കിലോ​മീ​റ്റർ കാളവ​ണ്ടി​യിൽ യാത്ര​ചെ​യ്‌ത്‌ കടൽത്തീ​ര​ത്തെത്തി, അവി​ടെ​നി​ന്നു കപ്പൽക​യറി കേപ്‌ടൗ​ണി​ലേക്കു പോയി. ഗവൺമെൻറ്‌ പ്രസ്സ്‌ ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള അനുമതി ഗവർണ​റിൽനി​ന്നു ലഭിച്ചു. എന്നാൽ അച്ചുക​ളു​ണ്ടാ​ക്കി മോഫറ്റ്‌ തന്നെ അച്ചടി നിർവ​ഹി​ക്കേ​ണ്ടി​യി​രു​ന്നു. ഒടുവിൽ 1830-ൽ അതു പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. അങ്ങനെ ആദ്യമാ​യി റ്റ്‌സ്വാ​ന​ക്കാർക്കു ബൈബി​ളി​ന്റെ ഒരു ഭാഗം മാതൃ​ഭാ​ഷ​യിൽ വായി​ക്കാ​മെ​ന്നാ​യി. 1857-ൽ മുഴു ബൈബി​ളി​ന്റെ​യും റ്റ്‌സ്വാ​ന​യി​ലേ​ക്കുള്ള വിവർത്തനം മോഫറ്റ്‌ പൂർത്തി​യാ​ക്കി.

ലൂക്കൊ​സി​ന്റെ സുവി​ശേഷം റ്റ്‌സ്വാ​ന​ക്കാർക്ക്‌ ആദ്യമാ​യി ലഭ്യമാ​ക്കി​യ​പ്പോ​ഴത്തെ പ്രതി​ക​ര​ണ​ത്തെ​ക്കു​റി​ച്ചു മോഫറ്റ്‌ പിന്നീടു വർണിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ പ്രതി​കൾക്കാ​യി ആളുകൾ നൂറു​ക​ണ​ക്കി​നു മൈൽ അകലെ​നി​ന്നു വന്നതായി ഞാനോർക്കു​ന്നു. . . . അവർ ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഭാഗങ്ങൾ വാങ്ങി, അതി​നെ​പ്രതി കരഞ്ഞു. അവരതു മാറോ​ട​ണച്ച്‌ നന്ദിസൂ​ച​ക​മാ​യി കണ്ണീർ പൊഴി​ച്ചു. ‘കണ്ണീരു​കൊ​ണ്ടു നിങ്ങൾ പുസ്‌ത​കങ്ങൾ ചീത്തയാ​ക്കും’ എന്ന്‌ എനിക്ക്‌ ഒടുവിൽ പലരോ​ടും പറയേ​ണ്ടി​വന്നു.”5

മോഫ​റ്റി​നെ​പ്പോ​ലുള്ള അർപ്പി​ത​രായ വിവർത്തകർ പല ആഫ്രി​ക്ക​ക്കാർക്കും—അവരിൽ പലരും ആദ്യം ലിഖി​ത​ഭാ​ഷ​യു​ടെ ആവശ്യം മനസ്സി​ലാ​ക്കി​യി​രു​ന്നില്ല—ലിഖി​ത​മാർഗ​ത്തി​ലൂ​ടെ ആശയവി​നി​യമം നടത്തു​ന്ന​തി​നുള്ള ആദ്യത്തെ അവസരം പ്രദാനം ചെയ്‌തു. എന്നാൽ അതിലു​മേറെ വിലയുള്ള ഒരു സമ്മാനം തങ്ങൾ ആഫ്രി​ക്ക​ക്കാർക്കു നൽകു​ന്ന​താ​യി ആ വിവർത്തകർ വിശ്വ​സി​ച്ചു—അവരുടെ മാതൃ​ഭാ​ഷ​യി​ലുള്ള ബൈബിൾ. ഇന്ന്‌ ബൈബിൾ, മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ, 600-ലധികം ആഫ്രിക്കൻ ഭാഷകൾ “സംസാ​രി​ക്കു​ന്നു.”

ഏഷ്യയി​ലെ ഭാഷകൾ പഠിക്കു​ന്നു

സംസാ​ര​ഭാ​ഷ​കൾക്കു ലിഖി​ത​രൂ​പം ഉണ്ടാക്കി​യെ​ടു​ക്കാൻ ആഫ്രി​ക്ക​യി​ലെ വിവർത്തകർ ബുദ്ധി​മു​ട്ടി​യ​പ്പോൾ, ലോക​ത്തി​ന്റെ മറുഭാ​ഗത്ത്‌, മറ്റു വിവർത്തകർ ഏറെ വ്യത്യ​സ്‌ത​മായ ഒരു പ്രതി​ബ​ന്ധ​മാ​ണു നേരി​ട്ടത്‌—സങ്കീർണ ലിപി​ക​ളുള്ള ഭാഷക​ളി​ലേ​ക്കാണ്‌ അവർക്കു ബൈബിൾ വിവർത്തനം ചെയ്യേ​ണ്ടി​യി​രു​ന്നത്‌. ഏഷ്യയി​ലെ ഭാഷക​ളി​ലേക്കു ബൈബിൾ വിവർത്തനം ചെയ്‌തവർ അഭിമു​ഖീ​ക​രിച്ച വെല്ലു​വി​ളി അത്തരത്തി​ലു​ള്ള​താ​യി​രു​ന്നു.

19-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ വില്യം കാരി​യും ജോഷു​വാ മാർഷ്‌മാ​നും ഇന്ത്യയിൽ വന്ന്‌ ഇവിടത്തെ അനേകം ലിഖിത ഭാഷകൾ വശമാക്കി. അച്ചടി​ക്കാ​ര​നായ വില്യം വാർഡി​ന്റെ സഹായ​ത്തോ​ടെ, 40-ഓളം ഭാഷക​ളിൽ ബൈബി​ളി​ന്റെ ഭാഗങ്ങ​ളെ​ങ്കി​ലും വിവർത്തനം ചെയ്‌ത്‌ അച്ചടി​ക്കാൻ അവർക്കു കഴിഞ്ഞു.6 വില്യം കാരി​യെ​ക്കു​റിച്ച്‌ ഗ്രന്ഥകർത്താ​വായ ജെ. ഹെർബർട്ട്‌ കെയ്‌ൻ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “[ബംഗാളി ഭാഷയു​ടെ] മനോ​ഹ​ര​മായ, ഒഴുക്കുള്ള സംസാ​ര​ശൈലി അദ്ദേഹം വികസി​പ്പി​ച്ചെ​ടു​ത്തു, പ്രാചീന സാഹി​ത്യ​ശൈ​ലി​യു​ടെ സ്ഥാനത്ത്‌ അതു വന്നു. അങ്ങനെ അദ്ദേഹം ആ ഭാഷയെ ആധുനിക വായന​ക്കാർക്ക്‌ എളുപ്പം ഗ്രഹി​ക്കാ​വു​ന്ന​തും ആകർഷ​ക​വു​മാ​ക്കി​ത്തീർത്തു.”7

അഡോ​ണി​രാം ജഡ്‌സൻ ഐക്യ​നാ​ടു​ക​ളിൽ ജനിച്ചു​വ​ളർന്ന​യാ​ളാണ്‌. അദ്ദേഹം ബർമയിൽ ചെന്ന്‌ 1817-ൽ ബർമീസ്‌ ഭാഷയി​ലേക്കു ബൈബിൾ വിവർത്തനം ചെയ്യാൻ തുടങ്ങി. ബൈബിൾ വിവർത്തനം ചെയ്യാ​നാ​കുന്ന ഘട്ടത്തോ​ളം ഒരു പൗരസ്‌ത്യ ഭാഷയിൽ പ്രാവീ​ണ്യം നേടു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടി​നെ​ക്കു​റിച്ച്‌ അദ്ദേഹ​മെ​ഴു​തി: ‘നമ്മു​ടേ​തിൽനി​ന്നു വിഭി​ന്ന​മായ ചിന്താ​ധാ​ര​ക​ളുള്ള, തത്‌ഫ​ല​മാ​യി നമുക്കു തികച്ചും അപരി​ചി​ത​മായ ഭാഷാ​പ്ര​യോ​ഗ​രീ​തി​ക​ളുള്ള, നമുക്കു പരിചി​ത​മായ ഒരു ഭാഷയു​മാ​യും യാതൊ​രു സാമ്യ​വു​മി​ല്ലാത്ത അക്ഷരങ്ങ​ളും വാക്കു​ക​ളു​മുള്ള, ലോക​ത്തി​ന്റെ മറുഭാ​ഗത്തെ ആളുകൾ സംസാ​രി​ക്കുന്ന ഒരു ഭാഷ നാം പഠിക്കു​മ്പോൾ; സഹായ​ത്തി​നാ​യി നിഘണ്ടു​വോ ദ്വിഭാ​ഷി​യോ ഇല്ലാതെ, പ്രാ​ദേ​ശിക അധ്യാ​പ​കന്റെ സഹായം തേടു​ന്ന​തി​നു മുമ്പ്‌ ആ ഭാഷ നാം കുറ​ച്ചെ​ങ്കി​ലും മനസ്സി​ലാ​ക്കി​യി​രി​ക്കു​ക​യോ ചെയ്യേ​ണ്ട​തു​ള്ള​പ്പോൾ, നാം കഠിന​മാ​യി ശ്രമി​ക്കേ​ണ്ട​തുണ്ട്‌!’8

ജഡ്‌സന്റെ കാര്യ​ത്തിൽ, 18 വർഷത്തെ ക്ലേശക​ര​മായ വേല അതിനു വേണ്ടി​വന്നു. ബർമീസ്‌ ബൈബി​ളി​ന്റെ അവസാന ഭാഗം അച്ചടി​ച്ചത്‌ 1835-ലാണ്‌. എങ്കിലും, ബർമയിൽ താമസിച്ച സമയത്ത്‌ അദ്ദേഹ​ത്തിന്‌ ഒരുപാ​ടു പ്രയാ​സങ്ങൾ സഹി​ക്കേ​ണ്ട​താ​യി​വന്നു. വിവർത്ത​ന​വേ​ല​യിൽ വ്യാപൃ​ത​നാ​യി​രി​ക്കെ, ചാരവൃ​ത്തി ആരോ​പിച്ച്‌ അദ്ദേഹത്തെ രണ്ടു വർഷ​ത്തോ​ളം കൊതു​കു നിറഞ്ഞ ജയിലിൽ പിടി​ച്ചി​ട്ടു. അദ്ദേഹം ജയിൽവി​മോ​ചി​ത​നാ​യി അധിക​നാൾ കഴിയു​ന്ന​തി​നു മുമ്പ്‌ ഭാര്യ​യും ഇളയ മകളും പനിപി​ടി​ച്ചു മരിച്ചു.

25 വയസ്സുള്ള റോബർട്ട്‌ മോറി​സൺ ചൈന​യി​ലെ​ത്തി​യത്‌ 1807-ലായി​രു​ന്നു. ലിഖി​ത​ഭാ​ഷ​ക​ളിൽ ഏറ്റവും സങ്കീർണ​ത​യുള്ള ചൈനീസ്‌ ഭാഷയി​ലേക്കു ബൈബിൾ വിവർത്തനം ചെയ്യു​ക​യെന്ന അതിദു​ഷ്‌ക​ര​മായ ദൗത്യം അദ്ദേഹം ഏറ്റെടു​ത്തു. ചൈനീസ്‌ അദ്ദേഹ​ത്തി​നു വളരെ കുറച്ചേ അറിയാ​മാ​യി​രു​ന്നു​ള്ളൂ. അവിടെ വരുന്ന​തി​നു രണ്ടു വർഷം മുമ്പാണ്‌ അദ്ദേഹം അതു പഠിക്കാൻ തുടങ്ങി​യത്‌. മറ്റുള്ള രാജ്യ​ങ്ങ​ളിൽനി​ന്നു ചൈന അകന്നു​നിൽക്കു​ന്ന​തി​നു വേണ്ടി ഉണ്ടാക്കിയ ചൈനീസ്‌ നിയമ​ത്തി​നെ​തി​രെ​യും അദ്ദേഹ​ത്തി​നു പോരാ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. വിദേ​ശീ​യരെ ചൈനീസ്‌ ഭാഷ പഠിപ്പി​ക്കു​ന്ന​തിൽനി​ന്നു ചൈന​ക്കാ​രെ വിലക്കി​യി​രു​ന്നു. ആരെങ്കി​ലും അങ്ങനെ ചെയ്‌താൽ മരണശി​ക്ഷ​യാ​യി​രു​ന്നു ഫലം. ഒരു വിദേശി ബൈബിൾ ചൈനീ​സി​ലേക്കു വിവർത്തനം ചെയ്യു​ന്ന​തും മരണശിക്ഷ അർഹി​ക്കു​ന്ന​താ​യി​രു​ന്നു.

അചഞ്ചല​നെ​ങ്കി​ലും ജാഗ്രത പുലർത്തിയ മോറി​സൺ ഭാഷാ​പ​ഠനം തുടർന്നു, ത്വരി​ത​ഗ​തി​യിൽ അദ്ദേഹ​മതു പഠിച്ചു. രണ്ടു വർഷത്തി​നു​ള്ളിൽ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി​യു​ടെ വിവർത്ത​ക​നാ​യി അദ്ദേഹ​ത്തി​നു ജോലി കിട്ടി. പകൽസ​മ​യത്ത്‌ അദ്ദേഹം കമ്പനിക്കു വേണ്ടി ജോലി ചെയ്‌തു. എന്നാൽ രഹസ്യ​മാ​യി, പിടി​ക്ക​പ്പെ​ടാ​നുള്ള നിരന്തര സാധ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും, അദ്ദേഹം ബൈബിൾ വിവർത്ത​ന​ത്തി​ലേർപ്പെട്ടു. ചൈന​യി​ലെത്തി ഏഴു വർഷത്തി​നു​ശേഷം, അതായത്‌ 1814-ൽ, ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ അച്ചടി​ക്കു​ന്ന​തി​നു വേണ്ടി അദ്ദേഹം തയ്യാറാ​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു.9 അഞ്ചു വർഷത്തി​നു​ശേഷം, വില്യം മിൽനെ​യു​ടെ സഹായ​ത്തോ​ടെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളും അദ്ദേഹം പൂർത്തി​യാ​ക്കി.

അതൊരു വമ്പിച്ച നേട്ടമാ​യി​രു​ന്നു—ബൈബി​ളി​നു ലോക​ത്തി​ലെ മറ്റേതു ഭാഷ ഉപയോ​ഗി​ക്കു​ന്ന​വ​രെ​ക്കാ​ളും കൂടുതൽ ആളുകൾ ഉപയോ​ഗി​ക്കുന്ന ഭാഷ “സംസാ​രി​ക്കാ”മെന്നായി. പ്രാപ്‌ത​രായ മറ്റു വിവർത്ത​ക​രു​ടെ സഹായ​ത്തോ​ടെ ഇതര ഏഷ്യൻ ഭാഷക​ളി​ലേ​ക്കും ബൈബിൾ വിവർത്തനം ചെയ്യു​ക​യു​ണ്ടാ​യി. ഇന്നു ബൈബി​ളി​ന്റെ ഭാഗങ്ങൾ ഏഷ്യയി​ലെ 500-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌.

ടിൻഡെ​യ്‌ൽ, മോഫറ്റ്‌, ജഡ്‌സൻ, മോറി​സൺ എന്നിവ​രെ​പ്പോ​ലെ​യു​ള്ളവർ, തങ്ങൾ അറിയാത്ത ആളുകൾക്കു വേണ്ടി, ചില കേസു​ക​ളിൽ ഒരു ലിഖി​ത​ഭാഷ ഇല്ലാത്ത ആളുകൾക്കു വേണ്ടി, തങ്ങളുടെ ജീവൻ തൃണവ​ത്‌ഗ​ണി​ച്ചു​കൊ​ണ്ടു​പോ​ലും ഒരു ഗ്രന്ഥം വിവർത്തനം ചെയ്യാൻ ഉദ്യമി​ച്ചത്‌ എന്തിനാ​യി​രു​ന്നു? തീർച്ച​യാ​യും, പെരു​മ​യ്‌ക്കോ സാമ്പത്തിക നേട്ടത്തി​നോ വേണ്ടി​യാ​യി​രു​ന്നില്ല. ബൈബിൾ ദൈവ​വ​ച​ന​മാ​ണെ​ന്നും അത്‌ ആളുക​ളോട്‌, എല്ലാ ആളുക​ളോ​ടും, അവരുടെ മാതൃ​ഭാ​ഷ​യിൽ “സംസാ​രി​ക്കേ”ണ്ടതാ​ണെ​ന്നും അവർ വിശ്വ​സി​ച്ചി​രു​ന്നു.

ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്നു നിങ്ങൾ വിചാ​രി​ച്ചാ​ലും ഇല്ലെങ്കി​ലും, ആ അർപ്പിത വിവർത്തകർ പ്രകട​മാ​ക്കി​യ​തു​പോ​ലുള്ള ആത്മത്യാഗ മനോ​ഭാ​വം ഇന്നത്തെ ലോക​ത്തിൽ വളരെ വിരള​മാ​ണെന്ന്‌ ഒരുപക്ഷേ നിങ്ങൾ സമ്മതി​ക്കും. അത്തരം നിസ്വാർഥത ഉൾനടുന്ന ഒരു ഗ്രന്ഥം പരി​ശോ​ധി​ച്ചു​നോ​ക്കത്തക്ക മൂല്യ​മു​ള്ള​താ​യി​രി​ക്കി​ല്ലേ?

[12-ാം പേജിലെ ചാർട്ട്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

1800 മുതൽ ബൈബി​ളി​ന്റെ ഭാഗങ്ങൾ അച്ചടി​ച്ചി​രി​ക്കുന്ന ഭാഷക​ളു​ടെ എണ്ണം

68 107 171 269 367 522 729 971 1,199 1,762 2,123

1800 1900 1995

[10-ാം പേജിലെ ചിത്രം]

ടിൻഡെയ്‌ൽ ബൈബിൾ വിവർത്തനം ചെയ്യുന്നു

[11-ാം പേജിലെ ചിത്രം]

റോബർട്ട്‌ മോഫറ്റ്‌

[12-ാം പേജിലെ ചിത്രം]

അഡോണിരാം ജഡ്‌സൻ

[13-ാം പേജിലെ ചിത്രം]

റോബർട്ട്‌ മോറി​സൺ