വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഗ്രന്ഥം

തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഗ്രന്ഥം

തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടുന്ന ഒരു ഗ്രന്ഥം

“ഭൂമി അതിന്റെ അച്ചുത​ണ്ടിൽ കറങ്ങു​ന്ന​തോ​ടൊ​പ്പം സൂര്യനെ ഭ്രമണം ചെയ്യു​ന്നു​വെന്ന ഇരട്ട ഭ്രമണ സിദ്ധാന്തം വ്യാജ​മാ​ണെന്നു മാത്രമല്ല, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾക്കു കടകവി​രു​ദ്ധ​വു​മാണ്‌.” നിഷിദ്ധ ഗ്രന്ഥങ്ങ​ളേ​വ​യെന്നു നിർണ​യി​ക്കുന്ന റോമൻ കത്തോ​ലി​ക്കാ സഭാസ​മി​തി 1616-ലെ ഒരു കൽപ്പന​യിൽ പ്രസ്‌താ​വി​ച്ച​താ​ണത്‌.1 യഥാർഥ​ത്തിൽ ബൈബിൾ ശാസ്‌ത്രീയ വസ്‌തു​ത​ക​ളോ​ടു വിയോ​ജി​ക്കു​ന്നു​ണ്ടോ? അതോ അതു തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന​താ​ണോ?

ഗലീലി​യോ ഗലീലി പുതു​താ​യി രൂപകൽപ്പന ചെയ്‌ത തന്റെ ദൂരദർശി​നി 1609/10-ലെ ശിശി​ര​ത്തിൽ ആകാശ​ത്തി​ലേക്കു തിരിച്ചു. വ്യാഴം എന്ന ഗ്രഹത്തെ ചുറ്റുന്ന നാലു ചന്ദ്രന്മാ​രെ അദ്ദേഹം കണ്ടെത്തി. അദ്ദേഹം കണ്ടെത്തിയ കാര്യം, എല്ലാ ജ്യോ​തിർഗോ​ള​ങ്ങ​ളും ഭൂമിയെ ഭ്രമണം ചെയ്യേ​ണ്ട​താ​ണെന്ന അന്നുവരെ നിലവി​ലി​രുന്ന വിശ്വാ​സത്തെ തകർത്തു. അതിനും മുമ്പ്‌, അതായത്‌ 1543-ൽ, എല്ലാ ഗ്രഹങ്ങ​ളും സൂര്യനെ ഭ്രമണം ചെയ്യു​ന്ന​താ​യി നിക്കോ​ളാസ്‌ കോപ്പർനി​ക്കസ്‌ സിദ്ധാ​ന്തീ​ക​രി​ച്ചി​രു​ന്നു. അതു ശാസ്‌ത്രീയ സത്യമാ​ണെന്നു ഗലീലി​യോ സ്ഥിരീ​ക​രി​ക്കു​ക​യാ​ണു ചെയ്‌തത്‌.

എന്നാൽ, കത്തോ​ലി​ക്കാ ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാ​രു​ടെ വീക്ഷണ​ത്തിൽ അതു മതവി​ശ്വാ​സ​ത്തി​നു വിരു​ദ്ധ​മാ​യി​രു​ന്നു. ദീർഘ​കാ​ലം സഭയ്‌ക്കു​ണ്ടാ​യി​രുന്ന വീക്ഷണം പ്രപഞ്ച​ത്തി​ന്റെ കേന്ദ്ര​സ്ഥാ​നം ഭൂമി​യാ​ണെ​ന്നാ​യി​രു​ന്നു.2 ഈ വീക്ഷണ​ത്തി​ന്റെ അടിസ്ഥാ​നം, ഭൂമിയെ “അതൊ​രി​ക്ക​ലും ഇളകി​പ്പോ​കാ​ത​വണ്ണം അതിന്റെ അടിസ്ഥാ​ന​ത്തി​ന്മേൽ” ഉറപ്പി​ച്ചി​രി​ക്കു​ന്നു​വെന്നു ചിത്രീ​ക​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളു​ടെ അക്ഷരീയ വ്യാഖ്യാ​ന​മാ​യി​രു​ന്നു. (സങ്കീർത്തനം 104:5) റോമി​ലേക്കു വരുത്ത​പ്പെട്ട ഗലീലി​യോ മതവി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ മുമ്പാകെ ഹാജരാ​യി. കടുത്ത വിസ്‌താ​ര​ത്തി​നു വിധേ​യ​നായ അദ്ദേഹം തന്റെ കണ്ടെത്ത​ലു​കൾ തള്ളിപ്പ​റ​യാൻ നിർബ​ന്ധി​ത​നാ​യി. അദ്ദേഹം ശിഷ്ടാ​യുസ്സ്‌ വീട്ടു​ത​ട​ങ്ക​ലിൽ കഴിച്ചു​കൂ​ട്ടി.

കത്തോ​ലി​ക്കാ സഭ ഒടുവിൽ, ഏതാണ്ട്‌ 350 വർഷത്തി​നു​ശേഷം, അതായത്‌ 1992-ൽ, ഗലീലി​യോ പറഞ്ഞതാ​യി​രു​ന്നു ശരി​യെന്ന്‌ അംഗീ​ക​രി​ച്ചു.3 ഗലീലി​യോ പറഞ്ഞതു ശരിയാ​യി​രു​ന്നെ​ങ്കിൽ ബൈബിൾ പറഞ്ഞതു തെറ്റാ​യി​രു​ന്നു​വെ​ന്നാ​ണോ?

ബൈബിൾ ഭാഗങ്ങ​ളു​ടെ യഥാർഥ അർഥം കണ്ടെത്തൽ

ബൈബിൾ സത്യമാ​ണെന്നു ഗലീലി​യോ വിശ്വ​സി​ച്ചി​രു​ന്നു. ശാസ്‌ത്രീയ കണ്ടെത്ത​ലു​കൾ ചില ബൈബിൾ വാക്യ​ങ്ങൾക്ക്‌ അക്കാലത്തു നിലവി​ലി​രുന്ന വ്യാഖ്യാ​ന​ത്തി​നു വിരു​ദ്ധ​മാ​യി വന്നപ്പോൾ, ആ ഭാഗങ്ങ​ളു​ടെ യഥാർഥ അർഥം ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർക്കു മനസ്സി​ലാ​കാ​ത്ത​താ​ണെ​ന്നാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ന്യായ​വാ​ദം. എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, “രണ്ടു സത്യങ്ങൾ ഒരിക്ക​ലും പരസ്‌പ​ര​വി​രു​ദ്ധ​മാ​യി​രി​ക്കില്ല” എന്ന്‌ അദ്ദേഹ​മെ​ഴു​തി.4 ശാസ്‌ത്ര​ത്തി​ന്റെ സൂക്ഷ്‌മ​മായ പദപ്ര​യോ​ഗങ്ങൾ ബൈബി​ളി​ന്റെ സാധാരണ പദങ്ങൾക്കു വിരു​ദ്ധ​മ​ല്ലെന്ന്‌ അദ്ദേഹം സൂചി​പ്പി​ച്ചു. പക്ഷേ ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർ അതംഗീ​ക​രി​ക്കാൻ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. ഭൂമിയെ സംബന്ധിച്ച എല്ലാ ബൈബിൾ പ്രസ്‌താ​വ​ന​ക​ളും അക്ഷരീ​യ​മാ​യി​ത്തന്നെ എടുക്ക​ണ​മെന്ന്‌ അവർ ശഠിച്ചു. തത്‌ഫ​ല​മാ​യി, അവർ ഗലീലി​യോ​യു​ടെ കണ്ടെത്ത​ലു​കൾ നിരസി​ച്ചു​വെന്നു മാത്രമല്ല, അത്തരം തിരു​വെ​ഴു​ത്തു പദപ്ര​യോ​ഗ​ങ്ങ​ളു​ടെ യഥാർഥ അർഥം മനസ്സി​ലാ​ക്കി​യു​മില്ല.

വാസ്‌ത​വ​ത്തിൽ, ‘ഭൂമി​യു​ടെ നാലു കോണു​കൾ’ എന്നു ബൈബിൾ പരാമർശി​ക്കു​മ്പോൾ അത്‌ അക്ഷരാർഥ​ത്തിൽ ഒരു സമചതു​ര​മാ​ണെന്ന ധാരണ ബൈബി​ളെ​ഴു​ത്തു​കാർക്ക്‌ ഇല്ലായി​രു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ സാമാ​ന്യ​ബോ​ധം മാത്രം മതി. (വെളി​പ്പാ​ടു 7:1) ബൈബിൾ എഴുത​പ്പെ​ട്ടത്‌ സാധാ​ര​ണ​ക്കാ​രന്റെ ഭാഷയി​ലാണ്‌, അതു മിക്ക​പ്പോ​ഴും വ്യക്തമായ അലങ്കാ​ര​പ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌, ഭൂമിക്ക്‌ ‘നാലു കോണു​ക​ളും’ ഒരു സ്ഥായി​യായ ‘അടിസ്ഥാ​ന​വും’ ‘മൂലക്കല്ലു’മൊ​ക്കെ​യു​ണ്ടെന്നു പറയു​മ്പോൾ ബൈബിൾ ഭൂമി​യെ​ക്കു​റി​ച്ചുള്ള ഒരു ശാസ്‌ത്രീയ വർണന തരുകയല്ല ചെയ്യു​ന്നത്‌; വ്യക്തമാ​യും നാം അനുദിന സംഭാ​ഷ​ണ​ത്തിൽ ചെയ്യാ​റു​ള്ള​തു​പോ​ലെ അത്‌ അലങ്കാ​ര​രൂ​പ​ത്തിൽ സംസാ​രി​ക്കു​ന്നു​വെ​ന്നേ​യു​ള്ളൂ. aയെശയ്യാ​വു 51:13; ഇയ്യോബ്‌ 38:6.

ഗലീലി​യോ ഗലീലി (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ ജീവച​രി​ത്ര​ര​ച​യി​താ​വായ എൽ. ഗേയ്‌മോ​ണാട്ട്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ബൈബിൾ ചിന്താ​ധാ​ര​യു​ടെ അടിസ്ഥാ​ന​ത്തിൽ ശാസ്‌ത്രത്തെ ഒതുക്കി​നിർത്താ​നാ​ഗ്ര​ഹിച്ച സങ്കുചി​ത​മ​ന​സ്‌ക​രായ ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർ ബൈബി​ളി​നെ അപമാ​നി​ക്കു​ക​യ​ല്ലാ​തെ മറ്റൊ​ന്നു​മല്ല ചെയ്യു​ന്നത്‌.”5 അവർ ബൈബി​ളി​നെ അപമാ​നി​ക്കു​ക​തന്നെ ചെയ്‌തു. വാസ്‌ത​വ​ത്തിൽ, ശാസ്‌ത്ര​ത്തി​ന്മേൽ ന്യായ​ര​ഹി​ത​മായ വിലക്കു​കൾ വെച്ചത്‌ ബൈബി​ളല്ല, ബൈബി​ളി​നു ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർ നൽകിയ വ്യാഖ്യാ​ന​മാണ്‌.

സമാന​മാ​യി, 24 മണിക്കൂ​റുള്ള ആറ്‌ ദിവസ​ങ്ങൾകൊ​ണ്ടാ​ണു ഭൂമി സൃഷ്ടി​ക്ക​പ്പെ​ട്ട​തെന്ന്‌ ഇന്നു മതമൗ​ലി​ക​വാ​ദി​കൾ ശഠിക്കു​മ്പോൾ അവർ ബൈബി​ളി​നെ വളച്ചൊ​ടി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. (ഉല്‌പത്തി 1:3-31) അത്തര​മൊ​രു വീക്ഷണം ശാസ്‌ത്ര​ത്തോ​ടോ ബൈബി​ളി​നോ​ടോ യോജി​പ്പു​ള്ളതല്ല. അനുദിന സംഭാ​ഷ​ണ​ത്തി​ലെ​ന്ന​പോ​ലെ ബൈബി​ളി​ലും വ്യത്യസ്‌ത ദൈർഘ്യ​മുള്ള സമയഘ​ട​ക​ങ്ങളെ സൂചി​പ്പി​ക്കുന്ന ഭിന്നാർഥ​മുള്ള ഒരു പ്രയോ​ഗ​മാണ്‌ “ദിവസം” എന്ന പദം. ഉല്‌പത്തി 2:4-ൽ ആറ്‌ സൃഷ്ടി​ദി​വ​സ​ങ്ങ​ളെ​യും ചേർത്ത്‌ ഒരു സമസ്‌ത “ദിവസ”മായി പരാമർശി​ച്ചി​രി​ക്കു​ന്നു. ബൈബി​ളിൽ “ദിവസം” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന എബ്രായ പദം കേവലം “ദീർഘ​മായ സമയം” എന്ന്‌ അർഥമാ​ക്കാ​വു​ന്ന​താണ്‌.6 അതു​കൊണ്ട്‌, സൃഷ്ടി​ദി​വ​സ​ങ്ങ​ളോ​രോ​ന്നും 24 മണിക്കൂർ അടങ്ങു​ന്ന​താ​ണെന്നു നിർബന്ധം പിടി​ക്കു​ന്ന​തി​നു ബൈബിൾപ​ര​മായ യാതൊ​രു കാരണ​വു​മില്ല. മറിച്ചു പഠിപ്പി​ക്കു​ന്ന​തി​നാൽ മൗലി​ക​വാ​ദി​കൾ ബൈബി​ളി​നെ​ക്കു​റി​ച്ചു തെറ്റായ ധാരണ നൽകു​ക​യാണ്‌.—2 പത്രൊസ്‌ 3:8 കൂടെ കാണുക.

ചരി​ത്ര​ത്തി​ലു​ട​നീ​ളം ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർ ബൈബി​ളി​നെ വളച്ചൊ​ടി​ച്ചി​ട്ടുണ്ട്‌. ബൈബിൾ പറയു​ന്ന​തി​നെ​ക്കു​റി​ച്ചു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങൾ തെറ്റായ ധാരണ നൽകി​യി​രി​ക്കുന്ന മറ്റു ചില വിധങ്ങൾ പരിചി​ന്തി​ക്കുക.

മതം തെറ്റി​ദ്ധ​രി​പ്പി​ക്കു​ന്നു

ബൈബി​ള​നു​സ​രി​ക്കു​ന്നു​വെന്നു പറയു​ന്ന​വ​രു​ടെ പ്രവർത്ത​നങ്ങൾ, അവർ ആദരി​ക്കു​ന്നു​വെന്നു മിക്ക​പ്പോ​ഴും അവകാ​ശ​പ്പെ​ടുന്ന ആ ഗ്രന്ഥത്തി​ന്റെ സത്‌പേ​രി​നു കളങ്കം ചാർത്തു​ക​യാ​ണു ചെയ്യു​ന്നത്‌. ക്രിസ്‌ത്യാ​നി​ക​ളെന്നു വിളി​ക്ക​പ്പെ​ടു​ന്നവർ ദൈവ​ത്തി​ന്റെ പേരിൽ പരസ്‌പരം രക്തം ചിന്തി​യി​രി​ക്കു​ന്നു. എന്നാൽ “തമ്മിൽ തമ്മിൽ” സ്‌നേ​ഹി​ക്കാ​നാ​ണു ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു ബൈബിൾ നൽകുന്ന ഉദ്‌ബോ​ധനം.—യോഹ​ന്നാൻ 13:34, 35; മത്തായി 26:52.

ഇടവക​ക്കാർ കഷ്ടപ്പെ​ട്ടു​ണ്ടാ​ക്കിയ പണം ചില പുരോ​ഹി​ത​ന്മാർ പാട്ടി​ലാ​ക്കി അവരിൽനി​ന്നു പിടു​ങ്ങു​ന്നു—‘സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു സൗജന്യ​മാ​യി കൊടു​പ്പിൻ’ എന്ന തിരു​വെ​ഴുത്ത്‌ ഉദ്‌ബോ​ധ​ന​ത്തിൽനി​ന്നും എത്രയോ വിഭി​ന്ന​മാ​ണത്‌.—മത്തായി 10:8; 1 പത്രൊസ്‌ 5:2, 3.

കേവലം ബൈബിൾ ഉദ്ധരി​ക്കു​ക​യോ അതനു​സ​രിച്ച്‌ ജീവി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യോ ചെയ്യു​ന്ന​വ​രു​ടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളു​മ​നു​സ​രി​ച്ചു ബൈബി​ളി​നെ വിധി​ക്കാ​നാ​വില്ല എന്നതു വ്യക്തം. അതു​കൊണ്ട്‌, ബൈബിൾ എന്താ​ണെ​ന്നും അതു ശ്രദ്ധേ​യ​മായ ഒരു ഗ്രന്ഥമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും തുറന്ന മനസ്സുള്ള ഒരു വ്യക്തി കണ്ടെത്താ​നാ​ഗ്ര​ഹി​ച്ചേ​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a ഉദാഹരണത്തിന്‌, അങ്ങേയറ്റം അക്ഷരീ​യ​മാ​യി ചിന്തി​ക്കുന്ന ഇന്നത്തെ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർ പോലും സൂര്യ​നും നക്ഷത്ര​ങ്ങ​ളും നക്ഷത്ര​രാ​ശി​ക​ളും “ഉദിക്കു​ക​യും” “അസ്‌ത​മി​ക്കു​ക​യും” ചെയ്യു​ന്ന​താ​യി പറയാ​റുണ്ട്‌—എന്നാൽ, വാസ്‌ത​വ​ത്തിൽ അവ ഭൂമി​യു​ടെ ഭ്രമണം നിമിത്തം ചലിക്കു​ന്ന​താ​യി തോന്നു​ന്ന​തേ​യു​ള്ളൂ.

[4-ാം പേജിലെ ചിത്രം]

ഗലീലിയോയുടെ രണ്ടു ദൂരദർശി​നി​കൾ

[5-ാം പേജിലെ ചിത്രം]

ഗലീലിയോ മതവി​ചാ​ര​ണ​ക്കാ​രെ അഭിമു​ഖീ​ക​രി​ക്കു​ന്നു