ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഗ്രന്ഥം
ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഗ്രന്ഥം
“ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വായിച്ചിട്ടുള്ള ഗ്രന്ഥം ബൈബിളാണ്. . . . മറ്റേതു ഗ്രന്ഥത്തെക്കാളും കൂടുതൽ പ്രതികൾ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതു ബൈബിളിന്റേതാണ്. മറ്റേതു ഗ്രന്ഥത്തെക്കാളും കൂടുതൽ പ്രാവശ്യവും കൂടുതൽ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത് ബൈബിളാണ്.”—“ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ.”1
ചില വശങ്ങളെടുത്താൽ, മിക്ക ഗ്രന്ഥങ്ങളും ആളുകളെപ്പോലെയാണ്. അവയെല്ലാം പിറക്കുന്നു, പ്രസിദ്ധമാകുന്നു. ചുരുക്കം ചില ഉത്കൃഷ്ട കൃതികളൊഴികെ ബാക്കിയെല്ലാം കാലഹരണപ്പെടുന്നു, മരിക്കുന്നു. കാലഹരണപ്പെട്ട, ആരും വായിക്കാത്ത, ഫലത്തിൽ മരിച്ച എണ്ണമറ്റ ഗ്രന്ഥങ്ങളുടെ ശ്മശാനസ്ഥലങ്ങളായിമാറുന്നു ഗ്രന്ഥശാലകൾ.
എന്നിരുന്നാലും, ഉത്കൃഷ്ട കൃതികളുടെ ഇടയിൽപോലും സവിശേഷതയുള്ളതാണു ബൈബിൾ. അതിന്റെ എഴുത്തു തുടങ്ങിയത് 3,500 വർഷം മുമ്പാണെങ്കിലും അത് ഇന്നും വളരെ പ്രഭാവമുള്ളതാണ്. ഭൂമിയിൽ ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥം അതാണ്. a ഓരോ വർഷവും മുഴു ബൈബിളിന്റെ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളുടെ ആറ് കോടിയോളം പ്രതികൾ വിതരണം ചെയ്യപ്പെടുന്നു. കൈകൊണ്ടു നിരത്താവുന്ന അച്ചുപയോഗിക്കുന്ന ഒരു അച്ചടിയന്ത്രത്തിലായിരുന്നു അതിന്റെ ആദ്യ പതിപ്പിന്റെ മുദ്രണം. 1455-നോടടുത്ത് യോഹാനസ് ഗുട്ടൻബെർഗ് എന്ന ജർമൻകാരനായിരുന്നു ആ അച്ചടിയന്ത്രം കണ്ടുപിടിച്ചത്. അന്നുമുതൽ (മുഴുവനായോ ഭാഗികമായോ) 400 കോടിയിലധികം ബൈബിളുകൾ അച്ചടിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. മതപരമോ അല്ലാത്തതോ ആയ മറ്റു യാതൊരു ഗ്രന്ഥവും അതിന്റെ അടുത്തുപോലും എത്തുന്നില്ല.
ചരിത്രത്തിൽ ഏറ്റവും വ്യാപകമായി വിവർത്തനം ചെയ്തിരിക്കുന്ന ഗ്രന്ഥവും ബൈബിൾതന്നെയാണ്. ബൈബിൾ പൂർണമായോ ഭാഗികമായോ 2,100-ലധികം ഭാഷകളിലേക്കും ഉപഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. b മാനവരാശിയുടെ 90 ശതമാനത്തിലധികം പേർക്കും ബൈബിളിന്റെ ഒരു ഭാഗമെങ്കിലും മാതൃഭാഷയിൽ ലഭ്യമാണ്.2 അങ്ങനെ ഈ ഗ്രന്ഥം ദേശീയ അതിർത്തികൾക്കപ്പുറത്തേക്കു കടന്നുചെല്ലുകയും വർഗീയവും വംശീയവുമായ പ്രതിബന്ധങ്ങളെ മറികടക്കുകയും ചെയ്തിരിക്കുന്നു.
ഇത്തരം കണക്കുകൾ മാത്രം ബൈബിൾ പരിശോധിക്കുന്നതിനുള്ള ഒരു പ്രബല കാരണമായി നിങ്ങൾക്കു തോന്നുന്നില്ലായിരിക്കാം. എന്നിരുന്നാലും, അതിന്റെ വിതരണവും വിവർത്തനവും സംബന്ധിച്ച ഈ കണക്കുകൾ ബൈബിളിന്റെ സാർവത്രികതയ്ക്കു തെളിവു നൽകുന്നവയാണ്. മാനവചരിത്രത്തിൽ ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്നതും ഏറ്റവും വ്യാപകമായി വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതുമായ ഈ ഗ്രന്ഥം നിങ്ങൾ പരിശോധിക്കേണ്ട ഒന്നുതന്നെയാണ്.
[അടിക്കുറിപ്പുകൾ]
a അതു കഴിഞ്ഞാൽ മാവോ ത്സേതുങ്ങിന്റെ കൃതികളിൽനിന്നുള്ള ഉദ്ധരണികൾ (ഇംഗ്ലീഷ്) എന്ന ചുവന്ന പുറംചട്ടയുള്ള ചെറുഗ്രന്ഥമാണ് ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്നു. അതിന്റെ 80 കോടിയോളം പ്രതികൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.
b ഭാഷകളുടെ എണ്ണം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ് പ്രസിദ്ധീകരിച്ച വിവരങ്ങളെ അധികരിച്ചുള്ളതാണ്.
[6-ാം പേജിലെ ചിത്രം]
ലത്തീൻ ഭാഷയിലുള്ള ഗുട്ടൻബെർഗ് ബൈബിൾ, കൈകൊണ്ടു നിരത്താവുന്ന അച്ചുപയോഗിച്ച് മുദ്രണം ചെയ്ത ആദ്യത്തെ സമ്പൂർണ ഗ്രന്ഥമാണിത്