സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!
സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!
ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ ഇങ്ങനെ ചോദിച്ചിട്ടുണ്ടായിരിക്കും: ‘ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ടാണ്?’ മാനവ കുടുംബം ആയിരക്കണക്കിനു വർഷങ്ങളായി യുദ്ധം, ദാരിദ്ര്യം, വിപത്തുകൾ, കുറ്റകൃത്യം, അനീതി, രോഗം, മരണം എന്നിവയാൽ വലയുകയാണ്. കഴിഞ്ഞ നൂറു വർഷങ്ങൾ മുമ്പെന്നത്തെക്കാൾ കഷ്ടപ്പാടു നിറഞ്ഞവയായിരുന്നു. ഇതിനെല്ലാം എന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ?
ഉത്തരം ആശ്വാസദായകമാണ്: അവസാനം ഉണ്ടാകുമെന്നു മാത്രമല്ല അതു വളരെ പെട്ടെന്നു സംഭവിക്കുകയും ചെയ്യും! ദൈവവചനമായ ബൈബിൾ പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” എത്ര കാലത്തേക്ക്? “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:10, 11, 29.
ദൈവം ദുഷ്ടതയും കഷ്ടപ്പാടും നീക്കംചെയ്യുന്നതിനെ തുടർന്ന്, ഭൂമി ഒരു പറുദീസയായി മാറ്റപ്പെടും. അപ്പോൾ സമ്പൂർണ ആരോഗ്യത്തിലും സന്തോഷത്തിലും എന്നേക്കും ജീവിക്കാൻ ആളുകൾക്കു കഴിയും. ദൈവവചനം മുൻകൂട്ടിപ്പറയുന്നു: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:4, 5എ.
ആ പുതിയ ലോകത്തിലെ അനുഗ്രഹങ്ങളിൽ പങ്കുചേരാൻ ദൈവം, മരണമടഞ്ഞവരെപ്പോലും തിരികെ വരുത്തും: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) അതുകൊണ്ടാണ് യേശുക്രിസ്തുവിന്, തന്നിൽ വിശ്വാസം പ്രകടമാക്കിയ അനുതാപമുണ്ടായിരുന്ന ദുഷ്പ്രവൃത്തിക്കാരനോട് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കൊസ് 23:43, NW.
കഷ്ടപ്പാടുകൾ ആരംഭിച്ചത് എന്തുകൊണ്ട്?
മനുഷ്യർക്ക് വിസ്മയാവഹമായ അത്തരമൊരു ഭാവി ഉണ്ടായിരിക്കാൻ ഉദ്ദേശിച്ച ദൈവം, കഷ്ടപ്പാടുകൾ ആരംഭിക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണ്? എന്തു കാരണത്താലാണ് ഇത്ര സുദീർഘമായ ഒരു കാലയളവിലേക്ക് അവൻ ദുരിതങ്ങൾ അനുവദിച്ചിരിക്കുന്നത്?
ദൈവം ആദ്യമനുഷ്യജോഡിയായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോൾ അവർ ശാരീരികമായും മാനസികമായും പൂർണരായിരുന്നു. അവൻ അവരെ മനോഹരമായ ഒരു തോട്ടത്തിൽ ആക്കുകയും അവർക്കു സംതൃപ്തിദായകമായ വേല നിയമിച്ചുകൊടുക്കുകയും ചെയ്തു. ബൈബിൾ പ്രസ്താവിക്കുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്പത്തി 1:31) ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ ആദാമും ഹവ്വായും പൂർണതയുള്ള മക്കൾക്കു ജന്മംകൊടുക്കുമായിരുന്നു. മാത്രമല്ല, ഭൂമി ഒരു ആഗോള പറുദീസയായിത്തീരുകയും ആളുകൾ അവിടെ സമാധാനത്തിലും സന്തോഷത്തിലും നിത്യം ജീവിക്കുകയും ചെയ്യുമായിരുന്നു.
ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോൾ, ദൈവം അവർക്ക് ഇച്ഛാസ്വാതന്ത്ര്യമെന്ന അത്ഭുതകരമായ ദാനം നൽകി. തന്നിമിത്തം അവർ, തീരുമാനങ്ങളെടുക്കാനോ തിരഞ്ഞെടുപ്പു നടത്താനോ സ്വാതന്ത്ര്യമില്ലാത്ത യന്ത്രമനുഷ്യരെപ്പോലെ ആയിരിക്കുമായിരുന്നില്ല. എന്നിരുന്നാലും നിലനിൽക്കുന്ന സന്തുഷ്ടി ആസ്വദിക്കുന്നതിന് അവർ ഇച്ഛാസ്വാതന്ത്ര്യം ശരിയായ വിധത്തിൽ അതായത് ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതിന് ഉപയോഗിക്കണമായിരുന്നു. ദൈവം പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17) ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് വിപത്കരമായിരിക്കുമായിരുന്നു, കാരണം ദൈവത്തിൽനിന്നു സ്വതന്ത്രമായിനിന്നുകൊണ്ട് വിജയകരമായി ജീവിക്കാൻ പര്യാപ്തമായ വിധത്തിലല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. ബൈബിൾ പ്രസ്താവിക്കുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.”—യിരെമ്യാവു 10:23.
സങ്കടകരമെന്നുപറയട്ടെ, ദൈവത്തിൽനിന്നു സ്വതന്ത്രരായാലും വിജയകരമായി ജീവിക്കാൻ കഴിയുമെന്ന് നമ്മുടെ ആദ്യമാതാപിതാക്കൾ വിചാരിച്ചു. റോമർ 5:12.
എന്നാൽ അവർ ദൈവത്തിന്റെ ഭരണാധികാരത്തെ നിഷേധിച്ചപ്പോൾ അവർക്ക് അവന്റെ പിന്തുണ ഇല്ലാതാകുകയും പൂർണത നഷ്ടമാകുകയും ചെയ്തു. അങ്ങനെ അവർ ക്ഷയോന്മുഖരായിത്തീർന്ന് ക്രമേണ വാർധക്യത്തിനും മരണത്തിനും അധീനരായി. നാം അവരുടെ സന്തതികളായതിനാൽ നമുക്ക് അപൂർണതയും മരണവും പാരമ്പര്യമായി കിട്ടിയിരിക്കുന്നു.—മുഖ്യ വിവാദവിഷയം—പരമാധികാരം
ദൈവം ആദാമിനെയും ഹവ്വായെയും നശിപ്പിച്ചുകളഞ്ഞ് മറ്റൊരു മനുഷ്യജോഡിയെ സൃഷ്ടിക്കാതിരുന്നത് എന്തുകൊണ്ടാണ്? ദൈവത്തിന്റെ സാർവത്രിക പരമാധികാരം അതായത്, ഭരിക്കാനുള്ള അവന്റെ അധികാരം വെല്ലുവിളിക്കപ്പെട്ടു എന്നതാണു കാരണം. ആ വെല്ലുവിളിയിൽ ഈ ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു: ഭരിക്കാൻ അധികാരമുള്ളത് ആർക്കാണ്, ആരുടേതാണു ശരിയായ ഭരണം? വിപുലമായ അർഥത്തിൽ, ദൈവത്തിന്റെ ഭരണത്തിൽനിന്നു വിമുക്തരായി മനുഷ്യർക്കു മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കുമോ? ഈ സംഗതി പരീക്ഷിച്ചുനോക്കാൻ മതിയായ സമയവും തികഞ്ഞ സ്വാതന്ത്ര്യവും അനുവദിക്കുകവഴി, തന്റെ ഭരണമാണോ അതോ മാനുഷ ഭരണമാണോ മനുഷ്യർക്കു കൂടുതൽ മെച്ചമെന്ന് എന്നെന്നേക്കുമായി സ്ഥാപിക്കാൻ ദൈവത്തിനു സാധിക്കുമായിരുന്നു. അനുവദിക്കപ്പെടുന്ന സമയം, ദൈവത്തിന്റെ മാർഗനിർദേശമില്ലാതെ മനുഷ്യർക്ക് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും മതപരവും ആയ എല്ലാത്തരം സമ്പ്രദായങ്ങളും പരീക്ഷിച്ചുനോക്കാൻ മതിയായത് ആയിരിക്കണമായിരുന്നു.
പരീക്ഷണങ്ങൾ എന്തു തെളിയിച്ചിരിക്കുന്നു? ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷ ചരിത്രം ഒന്നിനൊന്നു വർധിച്ചുവന്നിട്ടുള്ള കഷ്ടപ്പാടുകളുടെ കഥയാണ് നമ്മോടു പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ, മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള കടുത്ത യാതനകളാണ് മനുഷ്യകുടുംബം അനുഭവിച്ചത്. നാസികൾ നടത്തിയ കൂട്ടക്കൊല ദശലക്ഷങ്ങളുടെ ജീവൻ അപഹരിച്ചു. 10 കോടിയിലേറെ ആളുകളുടെ ജീവനാണ് യുദ്ധങ്ങൾ കവർന്നെടുത്തിട്ടുള്ളത്. കുറ്റകൃത്യങ്ങളും അക്രമവും തേർവാഴ്ച നടത്തുന്നു. മയക്കുമരുന്നു ദുരുപയോഗം ലോകവ്യാപകമാണ്. ലൈംഗികമായി പകരുന്ന രോഗങ്ങൾ കാട്ടുതീപോലെ പടരുകയാണ്. ഓരോ വർഷവും കോടിക്കണക്കിന് ആളുകൾ പട്ടിണിയും രോഗങ്ങളും നിമിത്തം മരിക്കുന്നു. കുടുംബജീവിതവും
ധാർമിക മൂല്യങ്ങളും എവിടെയും ജീർണാവസ്ഥയിലാണ്. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഒരു മാനുഷ ഭരണകൂടത്തിന്റെയും പക്കൽ ഇല്ല. അവയ്ക്കൊന്നിനും വാർധക്യത്തെയോ രോഗങ്ങളെയോ മരണത്തെയോ തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ല.നമ്മുടെ കാലത്തേക്ക് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ അതേ അവസ്ഥയിലാണ് ഇന്നു മനുഷ്യവർഗം. ദൈവവചനം നമ്മുടെ കാലഘട്ടത്തെ, ഈ വ്യവസ്ഥിതിയുടെ “അന്ത്യനാളുകൾ” [NW] ആയി തിരിച്ചറിയിക്കുന്നു, അന്ത്യനാളുകളിൽ “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും” [NW] എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. മാത്രമല്ല, ബൈബിൾ പ്രവചിച്ചതുപോലെ, “ദുഷ്ടമനുഷ്യരും മായാവികളും . . . മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു”വന്നിരിക്കുകയാണ്.—2 തിമൊഥെയൊസ് 3:1-5, 13, 14.
കഷ്ടപ്പാടുകൾ പെട്ടെന്നുതന്നെ അവസാനിക്കും
ദൈവത്തിൽനിന്നു സ്വതന്ത്രനായിനിന്നുകൊണ്ട് മനുഷ്യൻ നടത്തിയ ദാരുണമായ പരീക്ഷണത്തിന്റെ അവസാനത്തോടു നാം അടുത്തുകൊണ്ടിരിക്കുകയാണെന്ന് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നു. ദൈവത്തിൽനിന്നു സ്വതന്ത്രരായിനിന്നുള്ള മാനുഷ ഭരണം ഒരിക്കലും വിജയിക്കുകയില്ലെന്നു സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞു. ദൈവത്തിന്റെ ഭരണത്തിനു മാത്രമേ സമാധാനവും സന്തോഷവും പൂർണ ആരോഗ്യവും നിത്യജീവനും പ്രദാനംചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ട്, ദുഷ്ടതയും കഷ്ടപ്പാടും യഹോവ ഇനി ഏറെ നാൾ വെച്ചുപൊറുപ്പിക്കുകയില്ല. സംതൃപ്തികരമല്ലാത്ത ഈ മുഴു വ്യവസ്ഥിതിയെയും നശിപ്പിച്ചുകൊണ്ട് ദൈവം പെട്ടെന്നുതന്നെ മാനുഷ കാര്യാദികളിൽ ഇടപെടും.
ബൈബിൾ പ്രവചനം പറയുന്നു: “ഈ രാജാക്കന്മാരുടെ [ഇപ്പോഴത്തെ മാനുഷ ഭരണകൂടങ്ങളുടെ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗത്തിൽ] സ്ഥാപിക്കും; . . . അതു ഈ രാജത്വങ്ങളെ [ഇപ്പോഴുള്ള ഭരണകൂടങ്ങളെ] ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) തന്റെ സ്വർഗീയ രാജ്യം മുഖാന്തരമുള്ള യഹോവയുടെ പരമാധികാരത്തിന്റെ, അതായത് ഭരിക്കാനുള്ള അവന്റെ അധികാരത്തിന്റെ സംസ്ഥാപനമാണ് ബൈബിളിന്റെ മുഖ്യ പഠിപ്പിക്കൽ. ‘അന്ത്യനാളുകളുടെ’ അടയാളത്തിന്റെ ഒരു പ്രധാന സവിശേഷത മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യേശു പ്രഖ്യാപിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14.
അന്ത്യം വരുമ്പോൾ ആർ അതിജീവിക്കും? ബൈബിൾ ഉത്തരം നൽകുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും.” (സദൃശവാക്യങ്ങൾ 2:21, 22) യഹോവയുടെ ഇഷ്ടം മനസ്സിലാക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നേരുള്ളവർ. യേശുക്രിസ്തു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, ‘ലോകം ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.’—1 യോഹന്നാൻ 2:17.
മറ്റു പ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്ന് ഉള്ളതാണ്. NW വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്നത് ആധുനിക ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ആണ്.