ഭാഗം 8
ദുരന്തം ആഞ്ഞടിക്കുമ്പോൾ. . .
“ഇപ്പോൾ അൽപ്പകാലത്തേക്ക് പലവിധ പരീക്ഷകളാൽ ദുഃഖിക്കേണ്ടിവരുന്നെങ്കിലും, നിങ്ങൾ ആഹ്ലാദിക്കുന്നു.”—1 പത്രോസ് 1:6
സന്തോഷഭരിതമായ ഒരു ദാമ്പത്യജീവിതവും കുടുംബബന്ധങ്ങളും ആഗ്രഹിക്കാത്തതായി ആരാണുള്ളത്! അതിനുവേണ്ടി നമ്മൾ ആത്മാർഥമായി ശ്രമിക്കുന്നുമുണ്ടാകാം. പക്ഷേ, അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങൾ നമ്മുടെ സന്തോഷം കവർന്നെടുത്തേക്കാം. (സഭാപ്രസംഗി 9:11) എന്നാൽ പ്രതിസന്ധിഘട്ടങ്ങളിൽ നമുക്കുവേണ്ട സഹായം ദൈവം സ്നേഹപുരസ്സരം നൽകുന്നുണ്ട്. ഇനിപ്പറയുന്ന തിരുവെഴുത്തുതത്ത്വങ്ങൾ പ്രയോജനപ്പെടുത്തുന്നെങ്കിൽ, ജീവിതത്തിലുണ്ടാകുന്ന ഏതു പ്രതിസന്ധിയിലും, വൻദുരന്തങ്ങളിൽപ്പോലും പിടിച്ചുനിൽക്കാൻ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും കഴിയും!
1 യഹോവയെ ആശ്രയമാക്കുക
ബൈബിൾ പറയുന്നത്: “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.” (1 പത്രോസ് 5:7) നിങ്ങൾക്കു വന്നുഭവിക്കുന്ന ദുരവസ്ഥകൾക്ക് ദൈവത്തെയല്ല പഴിക്കേണ്ടതെന്ന് എല്ലായ്പോഴും ഓർക്കുക. (യാക്കോബ് 1:13) യഹോവയോട് അടുത്ത് ചെന്നാൽ നിങ്ങൾ നേരിടുന്ന വിഷമസ്ഥിതിയുമായി പൊരുത്തപ്പെട്ടുപോകാൻ ഏറ്റവും മെച്ചമായ വിധത്തിൽ അവൻ നിങ്ങളെ സഹായിക്കും. (യെശയ്യാവു 41:10) “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്നും ബൈബിൾ പറയുന്നു.—സങ്കീർത്തനം 62:8.
കൂടാതെ, ഓരോ ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ മനോവ്യസനത്തിനു ക്രമേണ ശമനം വരും. അങ്ങനെ, “നമ്മുടെ കഷ്ടതകളിലൊക്കെയും (യഹോവ) നമ്മെ ആശ്വസിപ്പിക്കു”ന്നത് എങ്ങനെയെന്ന് അനുഭവിച്ചറിയാനാകും! (2 കൊരിന്ത്യർ 1:3, 4; റോമർ 15:4) അതെ, “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാന”മാണ് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നത്!—ഫിലിപ്പിയർ 4:6, 7, 13.
ഇങ്ങനെ ചെയ്തുനോക്കൂ:
-
ശാന്തത പാലിക്കാനും ശരിയായി ചിന്തിക്കാനും ഉള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക
-
എല്ലാ പോംവഴികളും ആലോചിച്ചുനോക്കുക, ഉള്ളതിൽ ഏറ്റവും മെച്ചമായതു സ്വീകരിക്കുക
2 നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും കാര്യങ്ങൾ ശ്രദ്ധിക്കുക
ബൈബിൾ പറയുന്നത്: “ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.” (സദൃശവാക്യങ്ങൾ 18:15) സ്ഥിതിഗതികൾ മനസ്സിലാക്കുക. കുടുംബത്തിലെ ഓരോരുത്തരുടെയും ആവശ്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക. അവരോടു സംസാരിക്കുക, അവർ പറയുന്നതു കേൾക്കുക.—സദൃശവാക്യങ്ങൾ 20:5.
ഇനി, പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുന്നെങ്കിലോ? നിങ്ങളുടെ വിഷമം ഉള്ളിലൊതുക്കാൻ ശ്രമിക്കരുത്. ഇങ്ങനെയൊരു സാഹചര്യത്തിൽ യേശുപോലും “കണ്ണുനീർ വാർത്തു” എന്നോർക്കുക. (യോഹന്നാൻ 11:35; സഭാപ്രസംഗി 3:4) ഇത്തരം സന്ദർഭങ്ങളിൽ മതിയായ വിശ്രമവും ഉറക്കവും കൂടിയേ തീരൂ. (സഭാപ്രസംഗി 4:6) തളർന്നുപോകുന്ന അവസരങ്ങളിൽ മനോബലം വീണ്ടെടുക്കാൻ ഇതൊക്കെ നിങ്ങളെ സഹായിക്കും.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുടുംബാംഗങ്ങളുമായി ഹൃദയംതുറന്ന് സംസാരിക്കുന്ന ഒരു രീതി ഇപ്പോൾത്തന്നെ വളർത്തിയെടുക്കുക. അതാകുമ്പോൾ ദുരന്തസമയങ്ങളിൽ നിങ്ങളോടു സംസാരിക്കാൻ അവർക്കു മടി തോന്നുകയില്ല
-
നിങ്ങളുടേതുപോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരുമായി സംസാരിക്കുക
3 ആവശ്യമായ സഹായം സ്വീകരിക്കാൻ മടിക്കരുത്
ബൈബിൾ പറയുന്നത്: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ടെങ്കിലും എന്താണ് ചെയ്തുതരേണ്ടതെന്ന് അവർക്ക് അറിയില്ലായിരിക്കാം. അതുകൊണ്ട്, നിങ്ങളുടെ ആവശ്യങ്ങൾ വ്യക്തമായി അവരോടു പറയുക; അതിൽ മടി വിചാരിക്കരുത്. (സദൃശവാക്യങ്ങൾ 12:25) അതുപോലെ, ബൈബിളിൽനിന്നു നിങ്ങൾക്ക് ആശ്വാസവാക്കുകൾ പറഞ്ഞുതരാൻ കഴിവുള്ളവരുടെ സഹായവും തേടുക. ദുഃഖം മറികടന്ന് മുമ്പോട്ടുപോകാൻ ആ ബൈബിൾവചനങ്ങൾ നിങ്ങളെ സഹായിക്കും.—യാക്കോബ് 5:14.
ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന ആളുകളുമായി പതിവായി ഒത്തുചേരുക. നിങ്ങൾക്ക് ആവശ്യമായ പിന്തുണ അങ്ങനെ ലഭിക്കും. കൂടാതെ, പിന്തുണയും പരിഗണനയും ഒക്കെ ആവശ്യമുള്ള മറ്റാളുകളെ കണ്ടെത്തി അവരോട് യഹോവയിലും അവൻ ചെയ്യാൻപോകുന്ന കാര്യങ്ങളിലും ഉള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു പറയുക. അങ്ങനെ നിങ്ങൾക്ക് വലിയ ആശ്വാസം കണ്ടെത്താം. മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിൽ മുഴുകുക. നിങ്ങളെപ്പറ്റി ചിന്തയുള്ള, നിങ്ങളോടു സ്നേഹമുള്ള പ്രിയപ്പെട്ടവരിൽനിന്ന് ഒരിക്കലും അകന്നുനിൽക്കരുത്.—സദൃശവാക്യങ്ങൾ 18:1; 1 കൊരിന്ത്യർ 15:58.
ഇങ്ങനെ ചെയ്തുനോക്കൂ:
-
ഉറ്റസുഹൃത്തിനോടു സംസാരിക്കുക, ആ സുഹൃത്തിന്റെ സഹായം സ്വീകരിക്കുക
-
നിങ്ങൾക്കു വേണ്ടത് എന്താണെന്നു സത്യസന്ധമായി, കൃത്യമായി തിരിച്ചറിയുക