അധ്യായം 8
“സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി”
സഭയെ നിർദയം ഉപദ്രവിച്ച ശൗൽ തീക്ഷ്ണതയുള്ള ഒരു ശുശ്രൂഷകനാകുന്നു
ആധാരം: പ്രവൃത്തികൾ 9:1-43
1, 2. എന്ത് ഉദ്ദേശ്യത്തോടെയാണ് ശൗൽ ദമസ്കൊസിലേക്കു പോകുന്നത്?
മനസ്സിൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ദുഷ്ടപദ്ധതി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരുകൂട്ടം ആളുകൾ ദമസ്കൊസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. യേശുവിന്റെ ശിഷ്യന്മാരെ അവരുടെ വീടുകളിൽനിന്നു വലിച്ചിറക്കി, അവഹേളിച്ച്, ബന്ധിതരാക്കി യരുശലേമിൽ കൊണ്ടുവന്ന് സൻഹെദ്രിനു മുമ്പാകെ ഹാജരാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
2 സംഘനേതാവായ ശൗൽ അതിനോടകംതന്നെ ഒരാളുടെ വധത്തിന് കൂട്ടുനിന്നയാളാണ്. a ജൂതമത തീവ്രവാദികൾ യേശുവിന്റെ അർപ്പിത ശിഷ്യനായിരുന്ന സ്തെഫാനൊസിനെ കല്ലെറിഞ്ഞുകൊല്ലവെ, അതിനു സമ്മതമേകിക്കൊണ്ട് ശൗലും അവിടെയുണ്ടായിരുന്നു. (പ്രവൃ. 7:57–8:1) യരുശലേമിലുള്ള ക്രിസ്തുശിഷ്യരെ ദ്രോഹിച്ചു മതിവരാതെ, പീഡനതരംഗം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഇപ്പോൾ ശൗൽ ശ്രമിക്കുന്നത്. അപകടകാരികളായ ഈ ‘മാർഗക്കാരായവരെ’ നിർമൂലമാക്കുക എന്നതാണ് ശൗലിന്റെ ഉദ്ദേശ്യം.—പ്രവൃ. 9:1, 2; “ ദമസ്കൊസിൽ ശൗലിനുണ്ടായിരുന്ന അധികാരം” എന്ന ചതുരം കാണുക.
3, 4. (എ) ശൗലിന് എന്തു സംഭവിച്ചു? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കും?
3 ദമസ്കൊസിനോട് അടുക്കവെ, പെട്ടെന്ന് ഒരു ഉജ്ജ്വലപ്രകാശം ശൗലിനു ചുറ്റും മിന്നുന്നു. ശൗലിന്റെകൂടെ യാത്രചെയ്യുന്ന പുരുഷന്മാർ ആ പ്രകാശം കണ്ട് സ്തബ്ധരാകുന്നു. കാഴ്ച നഷ്ടപ്പെട്ട് നിലത്തുവീഴുന്ന ശൗലിന് ഒന്നും കാണാൻ കഴിയുന്നില്ല. അപ്പോൾ സ്വർഗത്തിൽനിന്ന് ശൗൽ ഒരു സ്വരം കേൾക്കുന്നു: “ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്?” പരിഭ്രമത്തോടെ ശൗൽ ചോദിക്കുന്നു: “കർത്താവേ, അങ്ങ് ആരാണ്?” തന്റെ മനസ്സിനെ പിടിച്ചുലയ്ക്കാൻ പോന്ന ഒരു മറുപടിയാണ് ശൗലിനു ലഭിക്കുന്നത്: “നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ.”—പ്രവൃ. 9:3-5; 22:9.
4 ശൗലിനോടുള്ള യേശുവിന്റെ പ്രാരംഭ വാക്കുകൾ നമ്മെ എന്തു പഠിപ്പിക്കുന്നു? ശൗലിന്റെ പരിവർത്തനത്തോടു ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ അവലോകനംചെയ്യുന്നത് നമുക്ക് എങ്ങനെ പ്രയോജനംചെയ്യും? ശൗലിന്റെ പരിവർത്തനത്തെ തുടർന്നുണ്ടായ സമാധാനകാലം സഭകൾ പ്രയോജനപ്പെടുത്തിയതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
“നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്?” (പ്രവൃ. 9:1-5)
5, 6. ശൗലിനോടുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 ദമസ്കൊസിലേക്കു പോകുകയായിരുന്ന ശൗലിനോട് സംസാരിക്കുമ്പോൾ, “നീ എന്തിനാണ് എന്റെ ശിഷ്യന്മാരെ ഉപദ്രവിക്കുന്നത്?” എന്നല്ല, “നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്?” എന്നാണ് യേശു ചോദിച്ചത്. (പ്രവൃ. 9:4) അതെ, തന്റെ അനുഗാമികൾ നേരിടുന്ന പരിശോധനകളെ യേശു തനിക്കുതന്നെ നേരിടുന്ന പരിശോധനകളായി കണക്കാക്കുന്നു.—മത്താ. 25:34-40, 45.
6 ക്രിസ്തുവിലുള്ള വിശ്വാസംനിമിത്തം എതിർപ്പുകളും പ്രശ്നങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ ഒന്നോർക്കുക, യഹോവയും യേശുവും നിങ്ങളുടെ സാഹചര്യം മനസ്സിലാക്കുന്നുണ്ട്. (മത്താ. 10:22, 28-31) എന്നാൽ യഹോവ ഉടനടി ആ പരിശോധന നീക്കിയെന്നുവരില്ല. ശൗൽ സ്തെഫാനൊസിന്റെ വധത്തിന് കൂട്ടുനിൽക്കുന്നതും അതുപോലെ യരുശലേമിൽ താമസിച്ചിരുന്ന വിശ്വസ്ത ശിഷ്യന്മാരെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോകുന്നതുമെല്ലാം യേശു ശ്രദ്ധിച്ചിരുന്നു. (പ്രവൃ. 8:3) ആ സമയത്ത് യേശു പക്ഷേ, അതിൽ ഇടപെട്ടില്ല. എന്നിരുന്നാലും, വിശ്വസ്തരായി നിലനിൽക്കുന്നതിന് ആവശ്യമായ ശക്തി യഹോവ യേശുക്രിസ്തുവിലൂടെ സ്തെഫാനൊസിനും മറ്റു ശിഷ്യന്മാർക്കും നൽകി.
7. ഉപദ്രവത്തിന്മധ്യേ സഹിച്ചുനിൽക്കാൻ നിങ്ങൾ എന്തു ചെയ്യണം?
7 പിൻവരുന്ന കാര്യങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾക്കും ഉപദ്രവത്തിന്മധ്യേ സഹിച്ചുനിൽക്കാനാകും: (1) എന്തുതന്നെ വന്നാലും, വിശ്വസ്തരായി നിലകൊള്ളുമെന്ന് ദൃഢനിശ്ചയംചെയ്യുക. (2) സഹായത്തിനായി യഹോവയോട് യാചിക്കുക. (ഫിലി. 4:6, 7) (3) പ്രതികാരം യഹോവയ്ക്ക് വിട്ടുകൊടുക്കുക. (റോമ. 12:17-21) (4) യഹോവ പരിശോധനകൾ നീക്കംചെയ്യുന്ന ആ സമയംവരെയും സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നൽകുമെന്ന് ഉറച്ചു വിശ്വസിക്കുക.—ഫിലി. 4:12, 13.
“ശൗലേ, സഹോദരാ, . . . കർത്താവായ യേശുവാണ് എന്നെ അയച്ചത്” (പ്രവൃ. 9:6-17)
8, 9. തനിക്കു ലഭിച്ച നിയമനത്തെക്കുറിച്ച് അനന്യാസിന് എന്തു തോന്നിയിരിക്കണം?
8 “കർത്താവേ, അങ്ങ് ആരാണ്?” എന്ന ശൗലിന്റെ ചോദ്യത്തിന് മറുപടി നൽകിയശേഷം യേശു ശൗലിനോടു പറഞ്ഞു: “എഴുന്നേറ്റ് നഗരത്തിലേക്കു ചെല്ലുക; നീ എന്തു ചെയ്യണമെന്ന് അവിടെവെച്ച് നിനക്കു പറഞ്ഞുതരും.” (പ്രവൃ. 9:6) കാഴ്ച നഷ്ടപ്പെട്ട ശൗലിനെ കൂടെയുണ്ടായിരുന്നവർ ദമസ്കൊസിലുള്ള ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ ശൗൽ മൂന്നു ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. അതിനിടെ, ആ പട്ടണത്തിലുള്ള ‘ജൂതന്മാർക്കൊക്കെ വളരെ നല്ല അഭിപ്രായമായിരുന്ന’ അനന്യാസ് എന്നു പേരുള്ള ഒരു ശിഷ്യനോട് യേശു ശൗലിനെക്കുറിച്ചു സംസാരിച്ചു.—പ്രവൃ. 22:12.
9 അനന്യാസിന് അപ്പോൾ എന്തു തോന്നിയിരിക്കണം എന്നൊന്നു ചിന്തിച്ചുനോക്കുക. സഭയുടെ തലയായ, പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവാണ് അദ്ദേഹത്തോടു സംസാരിച്ചിരിക്കുന്നത്! ഒരു പ്രത്യേക ദൗത്യത്തിനായി യേശു അനന്യാസിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. എത്ര വലിയൊരു പദവി! അതേസമയം എത്ര വെല്ലുവിളി നിറഞ്ഞ ഒരു നിയമനം! ശൗലിനോടു പോയി സംസാരിക്കുക എന്ന തന്റെ നിയമനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അനന്യാസ് ഇങ്ങനെ പറഞ്ഞു: “കർത്താവേ, അയാൾ യരുശലേമിലുള്ള അങ്ങയുടെ വിശുദ്ധരെ വളരെയധികം ദ്രോഹിച്ചതായി പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഈ പ്രദേശത്ത് അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അറസ്റ്റു ചെയ്യാൻ അയാൾക്കു മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരവും കിട്ടിയിട്ടുണ്ട്.”—പ്രവൃ. 9:13, 14.
10. യേശു അനന്യാസിനോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 തന്റെ ആശങ്ക തുറന്നു പ്രകടിപ്പിച്ചതിന് യേശു അനന്യാസിനെ കുറ്റപ്പെടുത്തിയില്ല. പകരം, എന്തുചെയ്യണം എന്നതു സംബന്ധിച്ച് യേശു അനന്യാസിന് വ്യക്തമായ നിർദേശം നൽകി. ബുദ്ധിമുട്ടേറിയ ഈ നിയമനം നിർവഹിക്കാൻ ആവശ്യപ്പെട്ടതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് യേശു അനന്യാസിനെ മാനിക്കുകയും ചെയ്തു. യേശു ശൗലിനെക്കുറിച്ചു പറഞ്ഞത് ഇതാണ്: “ജനതകളുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ പേര് വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ് ആ മനുഷ്യൻ. എന്റെ പേരിനുവേണ്ടി അവൻ എന്തെല്ലാം സഹിക്കേണ്ടതാണെന്നു ഞാൻ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.” (പ്രവൃ. 9:15, 16) അനന്യാസ് യേശു പറഞ്ഞത് അനുസരിക്കാൻ ഒട്ടും വൈകിയില്ല; അദ്ദേഹം പീഡകനായ ശൗലിനെ തേടി കണ്ടുപിടിച്ചു. “ശൗലേ, സഹോദരാ, ഇങ്ങോട്ടു വരുന്ന വഴിക്കു നിനക്കു പ്രത്യക്ഷനായ, കർത്താവായ യേശുവാണ് എന്നെ അയച്ചത്. നിനക്കു കാഴ്ച തിരിച്ചുകിട്ടാനും നിന്നിൽ പരിശുദ്ധാത്മാവ് നിറയാനും വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്” എന്ന് ശൗലിനോടു പറഞ്ഞു.—പ്രവൃ. 9:17.
11, 12. യേശുവും അനന്യാസും ശൗലും ഉൾപ്പെട്ട സംഭവത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാകും?
11 യേശുവും അനന്യാസും ശൗലും ഉൾപ്പെട്ട സംഭവത്തിൽനിന്ന് പല കാര്യങ്ങളും നമുക്കു മനസ്സിലാക്കാനാകും. തന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ യേശു സജീവമായി പ്രസംഗപ്രവർത്തനത്തെ നയിക്കുന്നു എന്നതാണ് ഒരു കാര്യം. (മത്താ. 28:20) യേശു ഇന്ന് ആളുകളോട് നേരിട്ടു സംസാരിക്കുന്നില്ലെങ്കിലും, തന്റെ വീട്ടുജോലിക്കാരുടെമേൽ വിചാരകനായി നിയമിച്ചിരിക്കുന്ന വിശ്വസ്ത അടിമ മുഖാന്തരം പ്രസംഗവേലയെ നയിച്ചുകൊണ്ടാണിരിക്കുന്നത്. (മത്താ. 24:45-47) ഭരണസംഘത്തിന്റെ നിർദേശത്തിൻ കീഴിൽ, ക്രിസ്തുവിനെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രചാരകരെയും മുൻനിരസേവകരെയും അയയ്ക്കുന്നു. മുൻ അധ്യായത്തിൽ കണ്ടതുപോലെ ദൈവിക മാർഗനിർദേശത്തിനായി പ്രാർഥിച്ച പലരെയും യഹോവയുടെ സാക്ഷികൾക്കു കണ്ടെത്താനായിട്ടുണ്ട്.—പ്രവൃ. 9:11.
12 യേശു നൽകിയ നിയമനം അനന്യാസ് അനുസരണപൂർവം സ്വീകരിക്കുകയും അത് അദ്ദേഹത്തിന് അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്തു. സന്തോഷവാർത്ത സമഗ്രമായി അറിയിക്കാനുള്ള കല്പന നിങ്ങൾ അനുസരിക്കുന്നുണ്ടോ? അതോ ഭയം അതിനൊരു തടസ്സമാകാറുണ്ടോ? വീടുതോറും പോകാനും അപരിചിതരോടു സംസാരിക്കാനും ചിലർക്കു പേടിയാണ്. വ്യാപാരസ്ഥലങ്ങളിലും തെരുവിലും ടെലിഫോണിലൂടെയും കത്തിലൂടെയും മറ്റും സാക്ഷീകരിക്കുന്നത് വേറെ ചിലർക്ക് വെല്ലുവിളിയായി തോന്നുന്നു. അനന്യാസ് തനിക്കുണ്ടായിരുന്ന ഭയത്തെ മറികടന്നു; പരിശുദ്ധാത്മാവിനാൽ നിറയാൻ ശൗലിനെ സഹായിക്കാനും അദ്ദേഹത്തിനു പദവി ലഭിച്ചു. b യേശുവിൽ വിശ്വാസമർപ്പിക്കുകയും ശൗലിനെ ഒരു സഹോദരനായി കണക്കാക്കുകയും ചെയ്തതുകൊണ്ട് അനന്യാസിന് തന്റെ ദൗത്യത്തിൽ വിജയിക്കാനായി. അനന്യാസിനെപ്പോലെ, പ്രസംഗവേലയെ നയിക്കുന്നത് യേശുവാണെന്ന ബോധ്യം ഉണ്ടായിരിക്കുകയും ആളുകളെ സമാനുഭാവത്തോടെ വീക്ഷിക്കുകയും ഉഗ്രസ്വഭാവമുള്ളവരെപ്പോലും ഭാവിസഹോദരന്മാരായി കാണുകയും ചെയ്യുന്നെങ്കിൽ നമുക്കും ഭയത്തെ മറികടക്കാനാകും.—മത്താ. 9:36.
“ശൗൽ . . . യേശു ദൈവപുത്രനാണെന്നു പ്രസംഗിക്കാൻതുടങ്ങി” (പ്രവൃ. 9:18-30)
13, 14. നിങ്ങൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇതുവരെ സ്നാനമേൽക്കുകയും ചെയ്തിട്ടില്ലെങ്കിൽ ശൗലിന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പഠിക്കാം?
13 ശൗൽ പെട്ടെന്നുതന്നെ താൻ മനസ്സിലാക്കിയ കാര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചു. കാഴ്ച തിരിച്ചുകിട്ടിയ ശൗൽ സ്നാനമേൽക്കുകയും ദമസ്കൊസിലെ ശിഷ്യന്മാരോട് അടുത്തു സഹവസിക്കുകയും ചെയ്തു. “വൈകാതെതന്നെ, ശൗൽ സിനഗോഗുകളിൽ ചെന്ന് യേശു ദൈവപുത്രനാണെന്നു പ്രസംഗിക്കാൻതുടങ്ങി” എന്നും തിരുവെഴുത്തുകൾ പറയുന്നു.—പ്രവൃ. 9:20.
14 നിങ്ങൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇതുവരെ സ്നാനമേൽക്കുകയും ചെയ്തിട്ടില്ലാത്ത ഒരാളാണോ? എങ്കിൽ ശൗലിനെപ്പോലെ, പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ നിർണായക നടപടികൾ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാകുമോ? ശൗലിനോടുള്ള ബന്ധത്തിൽ ക്രിസ്തു അത്ഭുതം പ്രവർത്തിച്ചിട്ടുണ്ടെന്നും അത് നിർണായക നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ഉള്ളത് ശരിതന്നെ. എന്നാൽ ശൗൽ മാത്രമല്ല, മറ്റു പലരും യേശു ചെയ്ത അത്ഭുതങ്ങൾ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു കൂട്ടം പരീശന്മാർ കണ്ടുനിൽക്കെയാണ് യേശു കൈ ശോഷിച്ച ഒരു മനുഷ്യനെ സുഖപ്പെടുത്തിയത്. യേശു ലാസറിനെ ഉയിർപ്പിച്ച കാര്യവും നല്ലൊരു ശതമാനം ജൂതന്മാർക്ക് അറിയാമായിരുന്നു. എന്നിട്ടും അവരിൽ മിക്കവരും നിസ്സംഗ മനോഭാവം പ്രകടമാക്കി. ചിലർ യേശുവിനെ എതിർക്കുകപോലും ചെയ്തു. (മർക്കോ. 3:1-6; യോഹ. 12:9-11) എന്നാൽ അവരിൽനിന്നു വ്യത്യസ്തമായി ശൗൽ പരിവർത്തനം വരുത്തി. എന്തായിരുന്നു കാരണം? ശൗൽ മനുഷ്യരെക്കാൾ ദൈവത്തെ ഭയപ്പെടുകയും ക്രിസ്തു തന്നോടു കാണിച്ച കരുണ അങ്ങേയറ്റം വിലമതിക്കുകയും ചെയ്തു. (ഫിലി. 3:8) ഇതേ മനോഭാവം ഉണ്ടെങ്കിൽ, പ്രസംഗവേലയിൽ പങ്കെടുക്കുന്നതിൽനിന്നും അതുപോലെ സ്നാനത്തിനായി യോഗ്യത നേടുന്നതിൽനിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ നിങ്ങൾ യാതൊന്നിനെയും അനുവദിക്കില്ല.
15, 16. സിനഗോഗുകളിൽ ചെന്ന് ശൗൽ എന്തു ചെയ്തു, ദമസ്കൊസിലെ ജൂതന്മാർ അതിനോട് എങ്ങനെ പ്രതികരിച്ചു?
15 ശൗൽ സിനഗോഗുകളിൽ പോയി യേശുവിനെക്കുറിച്ചു പ്രസംഗിച്ചപ്പോൾ ആളുകൾക്ക് എത്രമാത്രം അമ്പരപ്പും വിസ്മയവും ദേഷ്യവും തോന്നിയിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! “യരുശലേമിൽ ഈ പേര് വിളിച്ചപേക്ഷിച്ചവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നത് ഇയാളല്ലേ?” എന്നവർ ആശ്ചര്യപ്പെട്ടു. (പ്രവൃ. 9:21) ശൗലാകട്ടെ, താൻ യേശുവിനെക്കുറിച്ചുള്ള വീക്ഷണത്തിനു മാറ്റംവരുത്തിയതിന്റെ കാരണം വിശദീകരിക്കുകയും ‘യേശുതന്നെയാണു ക്രിസ്തുവെന്നു യുക്തിസഹമായി തെളിയിക്കുകയും’ ചെയ്തു. (പ്രവൃ. 9:22) എന്നാൽ എത്ര യുക്തിസഹമായി കാര്യങ്ങൾ അവതരിപ്പിച്ചാലും എല്ലാവരും അത് അംഗീകരിച്ചുകൊള്ളണമെന്നില്ല. പാരമ്പര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയോ അഹങ്കാരംകൊണ്ട് മനസ്സടഞ്ഞുപോകുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ ഇത് പലപ്പോഴും സത്യമാണ്. പക്ഷേ, അതൊന്നും ശൗലിനെ പിന്തിരിപ്പിച്ചില്ല.
16 മൂന്നു വർഷം പിന്നിട്ടിട്ടും ശൗലിനോടുള്ള ദമസ്കൊസിലെ ജൂതന്മാരുടെ എതിർപ്പിനു യാതൊരു മാറ്റവുംവന്നില്ല. ഒടുവിൽ അവർ ശൗലിനെ കൊല്ലാൻ പദ്ധതിയിട്ടു. (പ്രവൃ. 9:23; 2 കൊരി. 11:32, 33; ഗലാ. 1:13-18) ആ ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞപ്പോൾ, നഗരം വിടാൻ ശൗൽ ബുദ്ധിപൂർവം തീരുമാനിച്ചു. നഗരമതിലിന്റെ കിളിവാതിലിലൂടെ ശൗൽ രക്ഷപ്പെട്ടു. ആ രാത്രിയിൽ ശൗലിനെ ഒരു കൊട്ടയിലാക്കി രക്ഷപ്പെടുത്തിയത് “ശൗലിന്റെ ശിഷ്യന്മാർ” ആയിരുന്നെന്ന് ലൂക്കോസ് രേഖപ്പെടുത്തുന്നു. (പ്രവൃ. 9:25) ദമസ്കൊസിൽ ശൗൽ പ്രസംഗിക്കുന്നതു കേട്ട ചിലരെങ്കിലും ക്രിസ്തുവിന്റെ അനുഗാമികളായിത്തീർന്നിരിക്കാമെന്നാണ് അത് സൂചിപ്പിക്കുന്നത്.
17. (എ) ഏതെല്ലാം വിധങ്ങളിൽ ആളുകൾ ബൈബിൾസത്യത്തോടു പ്രതികരിച്ചേക്കാം? (ബി) നാം എന്തു ചെയ്യേണ്ടതുണ്ട്, എന്തുകൊണ്ട്?
17 ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മറ്റും പറഞ്ഞുതുടങ്ങിയപ്പോൾ, യുക്തിസഹമായ ആ സത്യങ്ങൾ എല്ലാവരും അംഗീകരിക്കുമെന്ന് നിങ്ങൾ വിചാരിച്ചിരിക്കാം. ചിലരൊക്കെ നിങ്ങൾ പറയുന്നതിനോടു യോജിച്ചിരിക്കാമെങ്കിലും അധികംപേരും നിങ്ങളെ ശ്രദ്ധിക്കാൻ മനസ്സുകാണിച്ചിട്ടുണ്ടാവില്ല. നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങൾപോലും നിങ്ങളോടു ശത്രുത കാണിച്ചിട്ടുണ്ടായിരിക്കാം. (മത്താ. 10:32-38) തിരുവെഴുത്തുകളെ ആധാരമാക്കി ന്യായവാദം ചെയ്യാനുള്ള പ്രാപ്തി മെച്ചപ്പെടുത്തുകയും ക്രിസ്തീയ വ്യക്തിത്വം നിലനിറുത്തുകയും ചെയ്യുന്നെങ്കിൽ നിങ്ങളെ എതിർക്കുന്നവരുടെപോലും മനോഭാവത്തിൽ ക്രമേണ മാറ്റംവന്നേക്കാം.—പ്രവൃ. 17:2; 1 പത്രോ. 2:12; 3:1, 2, 7.
18, 19. (എ) ബർന്നബാസ് ശൗലിന്റെ സഹായത്തിനെത്തിയതുകൊണ്ട് എന്തു പ്രയോജനമുണ്ടായി? (ബി) ബർന്നബാസിനെയും ശൗലിനെയും നമുക്ക് എങ്ങനെ അനുകരിക്കാം?
18 ശൗൽ യരുശലേമിൽ എത്തി. എന്നാൽ അദ്ദേഹത്തെ ഒരു ക്രിസ്തുശിഷ്യനായി അംഗീകരിക്കാൻ അവിടെയുള്ള ശിഷ്യന്മാർ ആദ്യം തയ്യാറായില്ല. എന്നിരുന്നാലും ശൗൽ ഒരു ശിഷ്യനായിത്തീർന്നിരിക്കുന്നുവെന്ന കാര്യം ബർന്നബാസ് സാക്ഷ്യപ്പെടുത്തിയപ്പോൾ അപ്പോസ്തലന്മാർ ശൗലിനെ കൂടെ ചേർത്തു. തുടർന്ന്, ശൗൽ കുറച്ചുകാലം അവരോടൊപ്പം താമസിച്ചു. (പ്രവൃ. 9:26-28) ശൗൽ സന്തോഷവാർത്ത പ്രസംഗിച്ചത് വളരെ ജാഗ്രതയോടെയാണ്. അതേസമയം ശൗൽ ഒരിക്കലും അതേക്കുറിച്ച് ലജ്ജിച്ചിട്ടുമില്ല. (റോമ. 1:16) മുമ്പ് താൻ ക്രിസ്തുശിഷ്യന്മാർക്കെതിരെ ഉഗ്രമായ ഉപദ്രവം അഴിച്ചുവിട്ട യരുശലേമിൽത്തന്നെ ശൗൽ ധൈര്യപൂർവം പ്രസംഗിച്ചു. ക്രിസ്തുശിഷ്യരെ ഒടുക്കിക്കളയുന്നതിനു നേതൃത്വംവഹിച്ച ആൾതന്നെ ഇപ്പോൾ അവരിൽ ഒരാളായിത്തീർന്നിരിക്കുന്നുവെന്നു കണ്ടപ്പോൾ യരുശലേമിലെ ജൂതന്മാർക്ക് സഹിക്കാനായില്ല. അവർ ശൗലിനെ കൊല്ലാൻ പദ്ധതിയിട്ടു. “ഇക്കാര്യം അറിഞ്ഞ സഹോദരന്മാർ ശൗലിനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുവന്നിട്ട് തർസൊസിലേക്ക് അയച്ചു” എന്ന് വിവരണം പറയുന്നു. (പ്രവൃ. 9:30) സഭമുഖാന്തരം യേശു നൽകിയ നിർദേശം ശൗൽ അനുസരിച്ചു. അത് ശൗലിനും സഭയ്ക്കും അനുഗ്രഹങ്ങൾ കൈവരുത്തി.
19 ശൗലിനെ സഹായിക്കാൻ ബർന്നബാസ് മുൻകൈയെടുത്തുവെന്ന കാര്യം ശ്രദ്ധിക്കുക. തീക്ഷ്ണതയുള്ള ഈ ദൈവദാസന്മാർ തമ്മിൽ ഒരു ഉറ്റബന്ധം വളർന്നുവരുന്നതിന് അത് ഇടയാക്കി. ബർന്നബാസിനെപ്പോലെ നിങ്ങൾ സഭയിലെ പുതിയവരെ സഹായിക്കാൻ മനസ്സൊരുക്കം കാണിക്കാറുണ്ടോ? അവരോടൊപ്പം വയൽസേവനത്തിൽ ഏർപ്പെട്ടുകൊണ്ടും ആത്മീയപുരോഗതി കൈവരിക്കാൻ അവരെ സഹായിച്ചുകൊണ്ടും നിങ്ങൾക്ക് അങ്ങനെ ചെയ്യാവുന്നതാണ്. അതുവഴി നിങ്ങൾക്കും സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരും. ഇനി, നിങ്ങൾ ഒരു പുതിയ പ്രചാരകനാണെങ്കിൽ മറ്റുള്ളവർ നൽകുന്ന സഹായം സ്വീകരിക്കാൻ ശൗലിനെപ്പോലെ നിങ്ങൾ തയ്യാറാകുമോ? അനുഭവപരിചയമുള്ള പ്രചാരകരോടൊപ്പം പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് ശുശ്രൂഷയിലെ കഴിവുകൾ മെച്ചപ്പെടുത്താനാകും; നിങ്ങളുടെ സന്തോഷം വർധിക്കും; ആജീവനാന്തം നിലനിൽക്കുന്ന സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കാനും നിങ്ങൾക്കു കഴിയും.
“ധാരാളം പേർ കർത്താവിൽ വിശ്വസിച്ചു” (പ്രവൃ. 9:31-43)
20, 21. പുരാതന കാലത്തെയും ആധുനിക കാലത്തെയും ദൈവദാസന്മാർ ‘സമാധാനകാലം’ പ്രയോജനപ്പെടുത്തിയത് എങ്ങനെ?
20 ശൗൽ ക്രിസ്തുശിഷ്യനാകുകയും പിന്നീട് സുരക്ഷിതനായി തർസൊസിലേക്കു മടങ്ങിപ്പോകുകയും ചെയ്തശേഷം, “യഹൂദ്യ, ഗലീല, ശമര്യ എന്നിവിടങ്ങളിലെല്ലാം സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി.” ശിഷ്യന്മാർ ഈ അനുകൂലകാലം എങ്ങനെയാണ് പ്രയോജനപ്പെടുത്തിയത്? (2 തിമൊ. 4:2) സഭ “ശക്തിപ്പെട്ടു” എന്ന് വിവരണം പറയുന്നു. അപ്പോസ്തലന്മാരും ഉത്തരവാദിത്വസ്ഥാനത്തുള്ള മറ്റു സഹോദരന്മാരും ശിഷ്യന്മാരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും സഭയെ നയിക്കുകയും ചെയ്തു. അങ്ങനെ, സഭ “യഹോവയുടെ വഴിയിൽ നടക്കുകയും പരിശുദ്ധാത്മാവിൽനിന്നുള്ള ആശ്വാസം സ്വീകരിക്കുകയും” ചെയ്തു. (പ്രവൃ. 9:31) ഉദാഹരണത്തിന്, ശാരോൻ സമതലത്തിലെ ലുദ്ദ പട്ടണത്തിലുള്ള ശിഷ്യന്മാരെ ബലപ്പെടുത്താനായി പത്രോസ് ആ സമയം വിനിയോഗിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ആ പ്രദേശത്തുള്ള പലരും “കർത്താവിലേക്കു തിരിഞ്ഞു.” (പ്രവൃ. 9:32-35) ശിഷ്യന്മാർ ലൗകിക കാര്യാദികളിൽ ആമഗ്നരാകാതെ, പരസ്പരം പിന്തുണയ്ക്കുന്നതിലും സന്തോഷവാർത്ത പ്രസംഗിക്കുന്നതിലും കഴിവിന്റെ പരമാവധി യത്നിച്ചു. ഫലമോ? സഭയുടെ “അംഗസംഖ്യ വർധിച്ചുവന്നു.”
21 ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾക്കു സമാനമായ ഒരു ‘സമാധാനകാലം ഉണ്ടായി.’ ദശകങ്ങളോളം ദൈവജനത്തെ അടിച്ചമർത്തിയിരുന്ന ഭരണകൂടങ്ങൾക്ക് പൊടുന്നനെ അധികാരം നഷ്ടപ്പെട്ടു. അങ്ങനെ, പ്രസംഗവേലയുടെമേൽ ഉണ്ടായിരുന്ന നിരോധനങ്ങൾക്ക് അയവുവരുകയോ അവ പൂർണമായി പിൻവലിക്കപ്പെടുകയോ ചെയ്തു. ആയിരക്കണക്കിനു സാക്ഷികൾ ആ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് പരസ്യമായി സാക്ഷീകരിക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.
22. ഇപ്പോഴുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് എങ്ങനെ നന്നായി പ്രയോജനപ്പെടുത്താം?
22 ഇപ്പോഴുള്ള സ്വാതന്ത്ര്യം നിങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ? മതസ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ, രാജ്യതാത്പര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം, ഭൗതികനേട്ടങ്ങളുടെ പിന്നാലെ പോകാനായിരിക്കും സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നത്. (മത്താ. 13:22) യഹോവയുടെ സേവനത്തിൽനിന്ന് നമ്മെ വ്യതിചലിപ്പിക്കാൻ യാതൊന്നിനെയും അനുവദിക്കരുത്. ഇപ്പോൾ താരതമ്യേന ‘സമാധാനകാല’മാണെങ്കിൽ അത് ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുക. സന്തോഷവാർത്ത സമഗ്രമായി അറിയിക്കാനും ആത്മീയ അഭിവൃദ്ധിപ്രാപിക്കാൻ സഭയെ സഹായിക്കാനും ഉള്ള അവസരമായി ഈ ‘സമാധാനകാലത്തെ’ വീക്ഷിക്കുക. തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കാം നിങ്ങളുടെ സാഹചര്യങ്ങൾക്കു മാറ്റംവരുന്നത്.
23, 24. (എ) തബീഥയെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാനാകും? (ബി) നമ്മുടെ തീരുമാനം എന്തായിരിക്കണം?
23 ക്രിസ്തുശിഷ്യയായിരുന്ന തബീഥയുടെ (ഡോർക്കസ്) കാര്യംതന്നെയെടുക്കുക. ലുദ്ദയുടെ സമീപപട്ടണമായ യോപ്പയിലാണ് തബീഥ താമസിച്ചിരുന്നത്. “ധാരാളം നല്ല കാര്യങ്ങളും ദാനധർമങ്ങളും” ചെയ്യുന്നതിനായി ഈ വിശ്വസ്ത സഹോദരി തന്റെ സമയവും ആസ്തികളും ജ്ഞാനപൂർവം ഉപയോഗിച്ചു. എന്നാൽ പെട്ടെന്നാണ് തബീഥ രോഗം ബാധിച്ചു മരണമടഞ്ഞത്. c തബീഥയുടെ മരണം യോപ്പയിലെ ശിഷ്യന്മാരെ ദുഃഖത്തിലാഴ്ത്തി; തബീഥ സഹായിച്ചിരുന്ന വിധവമാർക്ക് താങ്ങാവുന്നതിലധികമായിരുന്നു ആ വേർപാട്. പത്രോസ് തബീഥയുടെ വീട്ടിലെത്തിയപ്പോൾ അവിടെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. അപ്പോസ്തലന്മാർ ആരും അതുവരെ ചെയ്തിട്ടില്ലാത്ത ഒരു അത്ഭുതം പത്രോസ് പ്രവർത്തിച്ചു: പ്രാർഥിച്ചശേഷം പത്രോസ് തബീഥയെ ജീവനിലേക്കു കൊണ്ടുവന്നു! പത്രോസ് അവിടെ കൂടിയിരുന്ന വിധവമാരെയും മറ്റു ശിഷ്യന്മാരെയും വിളിച്ച് ജീവനുള്ളവളായി തബീഥയെ അവർക്ക് ഏൽപ്പിച്ചുകൊടുത്തപ്പോൾ അവർക്കുണ്ടായ ആ സന്തോഷം ഒന്നോർത്തുനോക്കൂ! ഭാവിയിൽ ഉണ്ടാകാനിരുന്ന പരിശോധനകളെ നേരിടാൻ ഇതെല്ലാം അവർക്ക് എത്രമാത്രം കരുത്തുപകർന്നിരിക്കണം! ഈ അത്ഭുതം “യോപ്പ മുഴുവൻ . . . അറിഞ്ഞു; ധാരാളം പേർ കർത്താവിൽ വിശ്വസിച്ചു.”—പ്രവൃ. 9:36-42.
24 തബീഥയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഈ വിവരണത്തിൽനിന്ന് സുപ്രധാനമായ രണ്ടു കാര്യങ്ങൾ നമുക്കു പഠിക്കാനാകും: (1) ജീവിതം ക്ഷണികമാണ്. അതുകൊണ്ട് ഇപ്പോൾ ദൈവമുമ്പാകെ ഒരു നല്ല പേര് സമ്പാദിക്കുന്നത് എത്ര പ്രധാനമാണ്! (സഭാ. 7:1) (2) പുനരുത്ഥാനപ്രത്യാശ ഒരു യാഥാർഥ്യമാണ്. തബീഥ ചെയ്ത ധാരാളം നല്ല കാര്യങ്ങളും ദാനധർമങ്ങളും യഹോവ ശ്രദ്ധിക്കുകയും പ്രതിഫലം നൽകുകയും ചെയ്തു. നമ്മുടെ പ്രയത്നവും യഹോവ മറന്നുകളയില്ല. അർമഗെദോനു മുമ്പ് മരിക്കുകയാണെങ്കിൽ യഹോവ നമ്മെയും ജീവനിലേക്കു കൊണ്ടുവരും. (എബ്രാ. 6:10) അതുകൊണ്ട് ‘പ്രതികൂലകാലത്തായാലും’ ‘സമാധാനകാലത്തായാലും’ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി അറിയിക്കുന്നതിൽ നമുക്കു സ്ഥിരോത്സാഹം കാണിക്കാം.—2 തിമൊ. 4:2.
a “ പരീശനായ ശൗൽ” എന്ന ചതുരം കാണുക.
b സാധാരണഗതിയിൽ പരിശുദ്ധാത്മാവിൽനിന്നുള്ള കഴിവുകൾ അപ്പോസ്തലന്മാർ മുഖാന്തരമാണ് മറ്റുള്ളവർക്കു ലഭിച്ചിരുന്നത്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ, ശൗലിന് അത്തരം കഴിവുകൾ കൈമാറാൻ യേശു അനന്യാസിനെ അധികാരപ്പെടുത്തിയെന്നുവേണം കരുതാൻ. ശൗലിന് പരിവർത്തനം സംഭവിച്ച് കുറെക്കാലത്തിനുശേഷമാണ് അദ്ദേഹം 12 അപ്പോസ്തലന്മാരുമായി സമ്പർക്കത്തിൽ വരുന്നത്. എന്നാൽ ആ കാലത്തുടനീളം ശൗൽ ശുഷ്കാന്തിയോടെ പ്രവർത്തിച്ചിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, സാധ്യതയനുസരിച്ച് ശൗലിന് തന്റെ പ്രസംഗനിയമനം നിറവേറ്റുന്നതിന് ആവശ്യമായ ശക്തി യേശു അനന്യാസിലൂടെ പകർന്നുകൊടുത്തു.
c “ തബീഥ—‘ധാരാളം നല്ല കാര്യങ്ങൾ ചെയ്തുപോന്നു’” എന്ന ചതുരം കാണുക.