വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 7

“യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” പ്രസം​ഗി​ക്കു​ന്നു

“യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” പ്രസം​ഗി​ക്കു​ന്നു

സുവി​ശേ​ഷ​ക​നായ ഫിലി​പ്പോ​സി​നെ അനുക​രി​ക്കുക

ആധാരം: പ്രവൃ​ത്തി​കൾ 8:4-40

1, 2. ഒന്നാം നൂറ്റാ​ണ്ടിൽ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിന്‌ തടയി​ടാൻ നടത്തിയ ശ്രമങ്ങൾക്ക്‌ വിപരീ​ത​ഫലം ഉണ്ടായത്‌ എങ്ങനെ?

 ക്രിസ്‌തീയ സഭയ്‌ക്ക്‌ എതി​രെ​യുള്ള ഉപദ്രവം അതിശ​ക്ത​മാ​യി. ശൗൽ ക്രിസ്‌ത്യാ​നി​കളെ “ക്രൂര​മാ​യി ദ്രോ​ഹി​ക്കാൻതു​ടങ്ങി”—മൂലഭാ​ഷ​യിൽ മൃഗീ​യ​മായ പീഡന​ത്തെ​യാണ്‌ അതർഥ​മാ​ക്കു​ന്നത്‌. (പ്രവൃ. 8:3) ശിഷ്യ​ന്മാർ പല ദിക്കു​ക​ളി​ലേക്ക്‌ ചിതറി​പ്പോ​യി. ക്രിസ്‌ത്യാ​നി​കളെ നിർമൂ​ല​മാ​ക്കാ​നുള്ള ശൗലിന്റെ ശ്രമങ്ങൾ വിജയി​ക്കു​മെന്ന്‌ ചില​രെ​ങ്കി​ലും വിചാ​രി​ച്ചി​രു​ന്നി​രി​ക്കാം. എന്നാൽ ആരും പ്രതീ​ക്ഷി​ക്കാത്ത ചിലതാ​ണു സംഭവി​ച്ചത്‌. എന്താ​ണെന്നു നമുക്കു നോക്കാം.

2 ചിതറി​പ്പോയ ക്രിസ്‌ത്യാ​നി​കൾ തങ്ങൾ പോയ സ്ഥലങ്ങളി​ലെ​ല്ലാം “സന്തോ​ഷ​വാർത്ത അറിയി​ച്ചു.” (പ്രവൃ. 8:4) വാസ്‌ത​വ​ത്തിൽ, സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിന്‌ തടയി​ടുക എന്ന ഉദ്ദേശ്യ​ത്തിൽ അഴിച്ചു​വിട്ട ഉപദ്ര​വങ്ങൾ, അതിന്റെ വ്യാപ​ന​ത്തി​നാണ്‌ സഹായി​ച്ചത്‌. അതെ, സന്തോ​ഷ​വാർത്ത ദൂരദി​ക്കു​ക​ളിൽപ്പോ​ലും എത്തുന്ന​തിന്‌ അറിയാ​തെ​യാ​ണെ​ങ്കി​ലും ആ പീഡകർ വഴി​യൊ​രു​ക്കി. ഇക്കാല​ത്തും സമാന​മായ അനുഭ​വങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. അതേക്കു​റി​ച്ചു നാം ഈ അധ്യാ​യ​ത്തി​ലൂ​ടെ മനസ്സി​ലാ​ക്കു​ന്ന​താ​യി​രി​ക്കും.

“ചിതറി​പ്പോ​യവർ” (പ്രവൃ. 8:4-8)

3. (എ) ഫിലി​പ്പോസ്‌ ആരായി​രു​ന്നു? (ബി) ശമര്യ​യിൽ പ്രസം​ഗ​പ്ര​വർത്തനം അധിക​മൊ​ന്നും നടന്നി​ട്ടി​ല്ലാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ യേശു എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു?

3 ഉപദ്ര​വ​ത്തെ​ത്തു​ടർന്ന്‌ ‘ചിതറി​പ്പോ​യ​വ​രിൽ’ ഒരാളാ​യി​രു​ന്നു ഫിലി​പ്പോസ്‌. a (പ്രവൃ. 8:4; “ ‘സുവി​ശേ​ഷ​ക​നായ’ ഫിലി​പ്പോസ്‌” എന്ന ചതുരം കാണുക.) ഫിലി​പ്പോസ്‌ പോയത്‌ ശമര്യ എന്ന പട്ടണത്തി​ലേ​ക്കാണ്‌. അവിടെ പ്രസം​ഗ​പ്ര​വർത്തനം അധിക​മൊ​ന്നും നടന്നി​ട്ടി​ല്ലാ​യി​രു​ന്നു; കാരണം, ഒരിക്കൽ യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌, ‘ശമര്യ​യി​ലെ ഏതെങ്കി​ലും നഗരത്തിൽ കടക്കരുത്‌; പകരം ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടുത്ത്‌ മാത്രം പോകുക’ എന്ന്‌ നിർദേ​ശി​ച്ചി​രു​ന്നു. (മത്താ. 10:5, 6) എന്നിരു​ന്നാ​ലും കാല​ക്ര​മ​ത്തിൽ ശമര്യ​ക്കാ​രെ​യും സന്തോ​ഷ​വാർത്ത സമഗ്ര​മാ​യി അറിയി​ക്കു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ സ്വർഗാ​രോ​ഹ​ണ​ത്തി​നു തൊട്ടു​മുമ്പ്‌ യേശു ഇപ്രകാ​രം പറഞ്ഞത്‌: “നിങ്ങൾ യരുശ​ലേ​മി​ലും യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.”—പ്രവൃ. 1:8.

4. ഫിലി​പ്പോ​സി​ന്റെ പ്രസം​ഗ​ത്തോട്‌ ശമര്യ​ക്കാർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ, എന്താണ്‌ അവരെ അതിനു പ്രേരി​പ്പി​ച്ചത്‌?

4 ശമര്യ ‘കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്ന​താ​യി’ ഫിലി​പ്പോസ്‌ കണ്ടെത്തി. (യോഹ. 4:35) അവി​ടെ​യു​ള്ള​വർക്ക്‌ അദ്ദേഹ​ത്തി​ന്റെ സന്ദേശം നവോ​ന്മേ​ഷ​ദാ​യ​ക​മാ​യി​രു​ന്നു. എന്തായി​രി​ക്കാം കാരണം? ജൂതന്മാർ ശമര്യ​ക്കാ​രു​മാ​യി യാതൊ​രു സമ്പർക്ക​വും പുലർത്തി​യി​രു​ന്നില്ല; പലരും അവരോ​ടു പുച്ഛ​ത്തോ​ടെ​യാണ്‌ പെരു​മാ​റി​യി​രു​ന്നത്‌. എന്നാൽ സന്തോ​ഷ​വാർത്ത​യാ​കട്ടെ, വർഗവ്യ​ത്യാ​സ​ങ്ങ​ളേ​തു​മി​ല്ലാ​തെ എല്ലാവർക്കും പ്രത്യാശ പകർന്നു​കൊ​ടു​ക്കു​ന്ന​താ​യി ശമര്യ​ക്കാർ തിരി​ച്ച​റി​ഞ്ഞു. അതെ, പരീശ​ന്മാ​രു​ടെ സങ്കുചിത ചിന്താ​ഗ​തി​യിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു അത്‌. ശമര്യ​ക്കാ​രോട്‌ പക്ഷാ​ഭേദം കൂടാതെ തീക്ഷ്‌ണ​ത​യോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​വഴി ഫിലി​പ്പോസ്‌, അന്ന്‌ ജൂതന്മാർ പൊതു​വെ വെച്ചു​പു​ലർത്തി​യി​രുന്ന മുൻവി​ധി ഒരുത​ര​ത്തി​ലും തന്നെ ബാധി​ച്ചി​ട്ടി​ല്ലെന്ന്‌ തെളി​യി​ച്ചു. അദ്ദേഹം പറഞ്ഞകാ​ര്യ​ങ്ങൾ ശമര്യ​യി​ലെ ജനക്കൂട്ടം “ഏകമന​സ്സോ​ടെ” ശ്രദ്ധി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല.—പ്രവൃ. 8:6.

5-7. ക്രിസ്‌ത്യാ​നി​കൾ ‘ചിതറി​പ്പോ​യത്‌’ സന്തോ​ഷ​വാർത്ത​യു​ടെ വ്യാപ​ന​ത്തിന്‌ ഇടയാ​ക്കി​യ​തി​ന്റെ ഉദാഹ​ര​ണങ്ങൾ പറയുക.

5 ഒന്നാം നൂറ്റാ​ണ്ടി​ലേ​തു​പോ​ലെ ഇന്നും ദൈവ​ജ​ന​ത്തി​ന്റെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തടയി​ടാൻ ഉപദ്ര​വ​ങ്ങൾക്കു കഴിഞ്ഞി​ട്ടില്ല. ക്രിസ്‌ത്യാ​നി​കളെ നാടു​ക​ട​ത്തു​ന്ന​തും തടവി​ലാ​ക്കു​ന്ന​തും മിക്ക​പ്പോ​ഴും രാജ്യ​സ​ന്ദേശം പുതി​യ​പു​തിയ സ്ഥലങ്ങളിൽ എത്തി​ച്ചേ​രു​ന്ന​തി​നേ ഇടയാ​ക്കി​യി​ട്ടു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ എത്തിയ യഹോ​വ​യു​ടെ സാക്ഷികൾ അവി​ടെ​യുള്ള മറ്റുള്ള​വർക്ക്‌ നല്ലൊരു സാക്ഷ്യം നൽകി. അവി​ടെ​വെച്ച്‌ സാക്ഷി​കളെ കണ്ടുമു​ട്ടിയ ഒരു ജൂതൻ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രുന്ന തടവു​പു​ള്ളി​ക​ളു​ടെ ഉൾക്കരുത്ത്‌, അവരുടെ വിശ്വാ​സം തിരു​വെ​ഴു​ത്തു​ക​ളിൽ അധിഷ്‌ഠി​ത​മാ​ണെന്ന്‌ എന്നെ ബോധ്യ​പ്പെ​ടു​ത്തി; ഞാനും ഒരു സാക്ഷി​യാ​യി.”

6 ചില സന്ദർഭ​ങ്ങ​ളിൽ എതിരാ​ളി​കൾക്കു​തന്നെ സന്തോ​ഷ​വാർത്ത അറിയാൻ അവസരം ലഭിച്ചി​ട്ടുണ്ട്‌, അവർ നന്നായി പ്രതി​ക​രി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഫ്രാന്റ്‌സ്‌ ഡെഷ്‌ എന്ന ഒരു സാക്ഷിയെ ഓസ്‌ട്രി​യ​യി​ലെ ഗൂസൻ തടങ്കൽപ്പാ​ള​യ​ത്തി​ലേക്കു മാറ്റി​യ​പ്പോൾ അദ്ദേഹ​ത്തിന്‌ അവി​ടെ​യുള്ള ഒരു നാസി പട്ടാള ഉദ്യോ​ഗ​സ്ഥനെ ബൈബിൾ പഠിപ്പി​ക്കാൻ കഴിഞ്ഞു. വർഷങ്ങൾക്കു​ശേഷം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷൻ സ്ഥലത്തു​വെച്ചു കണ്ടുമു​ട്ടി​യ​പ്പോൾ അവർക്കു​ണ്ടായ ആ സന്തോഷം ഒന്നോർത്തു​നോ​ക്കൂ; ആ ഉദ്യോ​ഗ​സ്ഥ​നും ഒരു രാജ്യ​ഘോ​ഷ​ക​നാ​യി​ത്തീർന്നി​രു​ന്നു!

7 ഉപദ്ര​വം​നി​മി​ത്തം ക്രിസ്‌ത്യാ​നി​കൾക്ക്‌ മറ്റൊരു രാജ്യ​ത്തേക്കു പലായ​നം​ചെ​യ്യേ​ണ്ടി​വ​ന്ന​പ്പോ​ഴും ഇത്തരം അനുഭ​വങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 1970-കളിൽ മലാവി​യിൽനി​ന്നുള്ള സാക്ഷി​കൾക്ക്‌ മൊസാ​മ്പി​ക്കി​ലേക്ക്‌ ഓടി​പ്പോ​കേ​ണ്ടി​വ​ന്ന​പ്പോൾ അവിടെ നല്ലൊരു സാക്ഷ്യം കൊടു​ക്കാ​നാ​യി. പിന്നീട്‌ മൊസാ​മ്പി​ക്കിൽ എതിർപ്പു​കൾ നേരി​ട്ട​പ്പോ​ഴും അവിടെ രാജ്യ​പ്ര​സം​ഗ​വേല അവിരാ​മം തുടർന്നു. “പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പേരിൽ ഞങ്ങളിൽ ചിലരെ പല പ്രാവ​ശ്യം അറസ്റ്റു​ചെ​യ്‌തി​ട്ടുണ്ട്‌ എന്നതു സത്യമാണ്‌. എന്നാൽ രാജ്യ​സ​ന്ദേ​ശ​ത്തോട്‌ അനേകർ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ച​പ്പോൾ ദൈവം ഞങ്ങൾക്കു സഹായ​മേ​കു​ക​യാ​ണെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ച​തു​പോ​ലെ​തന്നെ” എന്ന്‌ ഫ്രാൻസി​സ്‌കോ കോവാ​നാ പറയുന്നു.

8. രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങ​ളി​ലു​ണ്ടായ മാറ്റങ്ങൾ പ്രസം​ഗ​വേ​ല​യു​ടെ വളർച്ചയെ എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു?

8 എന്നാൽ ക്രിസ്‌ത്യാ​നി​ത്വം വ്യാപി​ക്കു​ന്ന​തിന്‌ ഉപദ്രവം മാത്രമല്ല ഇടയാ​ക്കി​യി​ട്ടു​ള്ളത്‌. സമീപ​ദ​ശ​ക​ങ്ങ​ളിൽ രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങ​ളി​ലു​ണ്ടായ മാറ്റങ്ങൾ വ്യത്യസ്‌ത ദേശക്കാ​രും ഭാഷക്കാ​രും ആയ ആളുക​ളു​ടെ പക്കൽ രാജ്യ​സ​ന്ദേശം എത്തി​ച്ചേ​രു​ന്ന​തിന്‌ അവസര​മൊ​രു​ക്കി. യുദ്ധബാ​ധിത പ്രദേ​ശ​ങ്ങ​ളിൽനി​ന്നും ദരി​ദ്ര​രാ​ജ്യ​ങ്ങ​ളിൽനി​ന്നും കൂടുതൽ രാഷ്‌ട്രീയ-സാമ്പത്തിക സ്ഥിരത​യുള്ള സ്ഥലങ്ങളി​ലേക്ക്‌ കുടി​യേ​റി​യി​ട്ടുള്ള ചിലർ അവി​ടെ​വെച്ച്‌ ബൈബിൾ പഠിക്കാൻ ഇടയാ​യി​ട്ടുണ്ട്‌. ഇത്തരം അഭയാർഥി പ്രവാഹം, വിദേ​ശ​ഭാ​ഷാ വയലുകൾ രൂപീ​കൃ​ത​മാ​കു​ന്ന​തിന്‌ വഴി​യൊ​രു​ക്കി. ആകട്ടെ, “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും” നിന്നു​ള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ നിങ്ങൾ ശ്രമി​ക്കാ​റു​ണ്ടോ?—വെളി. 7:9.

“അധികാ​രം എനിക്കു തരണം” (പ്രവൃ. 8:9-25)

“അപ്പോ​സ്‌ത​ല​ന്മാർ കൈകൾ വെക്കു​മ്പോൾ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു എന്നു മനസ്സി​ലാ​ക്കിയ ശിമോൻ അവർക്കു പണം വാഗ്‌ദാ​നം ചെയ്‌തു.”—പ്രവൃ​ത്തി​കൾ 8:18

9. ആരായി​രു​ന്നു ശിമോൻ, അയാളെ ഫിലി​പ്പോ​സി​ലേക്ക്‌ ആകർഷി​ച്ചത്‌ എന്തായി​രി​ക്കാം?

9 ഫിലി​പ്പോസ്‌ ശമര്യ​യിൽ പല അടയാ​ള​ങ്ങ​ളും പ്രവർത്തി​ച്ചു. അദ്ദേഹം വൈക​ല്യ​മു​ള്ള​വരെ സൗഖ്യ​മാ​ക്കു​ക​യും അശുദ്ധാ​ത്മാ​ക്കളെ പുറത്താ​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 8:6-8) മാന്ത്രിക വിദ്യകൾ കാണിച്ച്‌ ആളുകളെ വിസ്‌മ​യി​പ്പി​ച്ചി​രുന്ന ശിമോൻ എന്നൊ​രാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. “മഹാൻ എന്ന്‌ അറിയ​പ്പെ​ടുന്ന ദൈവ​ശ​ക്തി​യാണ്‌ ഇദ്ദേഹം” എന്നാണ്‌ ആളുകൾ അയാ​ളെ​ക്കു​റി​ച്ചു പറഞ്ഞി​രു​ന്നത്‌. ഫിലി​പ്പോ​സി​ന്റെ അത്ഭുത​വ​രങ്ങൾ അയാളെ തികച്ചും വിസ്‌മ​യ​ഭ​രി​ത​നാ​ക്കി. ഫിലി​പ്പോസ്‌ പ്രവർത്തിച്ച അത്ഭുത​ങ്ങൾക്കു പിന്നിൽ യഥാർഥ ദൈവ​ശ​ക്തി​യു​ണ്ടെന്നു മനസ്സി​ലാ​ക്കിയ അയാൾ ഒരു വിശ്വാ​സി​യാ​യി​ത്തീർന്നു. (പ്രവൃ. 8:9-13) എന്നിരു​ന്നാ​ലും പിന്നീട്‌ ശിമോ​ന്റെ ആന്തരം വെളി​പ്പെ​ടു​ത്തുന്ന ഒരു സംഭവം ഉണ്ടായി. എന്താണത്‌?

10. (എ) ശമര്യ​യിൽ എത്തിയ പത്രോ​സും യോഹ​ന്നാ​നും എന്തു ചെയ്‌തു? (ബി) പത്രോ​സും യോഹ​ന്നാ​നും കൈകൾ വെച്ച​പ്പോൾ പുതിയ ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നതു കണ്ട ശിമോൻ എന്തു ചെയ്‌തു?

10 ശമര്യ​യി​ലെ പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അവി​ടേക്ക്‌ അയച്ചു. (“ പത്രോസ്‌ ‘രാജ്യ​ത്തി​ന്റെ താക്കോ​ലു​കൾ’ ഉപയോ​ഗി​ക്കു​ന്നു” എന്ന ചതുരം കാണുക.) ശമര്യ​യി​ലെ​ത്തിയ ആ രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ പുതിയ ശിഷ്യ​ന്മാ​രു​ടെ​മേൽ കൈകൾ വെക്കു​ക​യും അങ്ങനെ അവർക്കെ​ല്ലാം പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ക​യും ചെയ്‌തു. b അതു കണ്ടപ്പോൾ ശിമോന്‌ ആകാംക്ഷ അടക്കാ​നാ​യില്ല. “ഞാൻ ഒരാളു​ടെ മേൽ കൈകൾ വെച്ചാൽ അയാൾക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കണം, അതിനുള്ള അധികാ​രം എനിക്കു തരണം” എന്ന്‌ അയാൾ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു. ദൈവ​ദ​ത്ത​മായ ഈ പ്രാപ്‌തി വിലയ്‌ക്കു വാങ്ങാ​മെന്നു മോഹിച്ച്‌ ശിമോൻ അവർക്കു പണം വാഗ്‌ദാ​നം​ചെ​യ്യാൻപോ​ലും മുതിർന്നു!—പ്രവൃ. 8:14-19.

11. പത്രോസ്‌ എന്ത്‌ ഉദ്‌ബോ​ധ​ന​മാണ്‌ ശിമോ​നു നൽകി​യത്‌, അയാൾ എങ്ങനെ പ്രതി​ക​രി​ച്ചു?

11 പത്രോസ്‌ കടുത്ത ഭാഷയിൽത്തന്നെ ശിമോ​നു മറുപടി കൊടു​ത്തു. “ദൈവം സൗജന്യ​മാ​യി കൊടു​ക്കുന്ന സമ്മാനം പണം കൊടുത്ത്‌ വാങ്ങാ​മെന്നു വ്യാ​മോ​ഹി​ച്ച​തു​കൊണ്ട്‌ നിന്റെ വെള്ളി​പ്പണം നിന്റെ​കൂ​ടെ നശിക്കട്ടെ. ദൈവ​മു​മ്പാ​കെ നിന്റെ ഹൃദയം ശരിയ​ല്ലാ​ത്ത​തു​കൊണ്ട്‌ ഈ ശുശ്രൂ​ഷ​യിൽ നിനക്ക്‌ ഒരു ഓഹരി​യു​മില്ല.” പശ്ചാത്ത​പി​ക്കാ​നും ക്ഷമയ്‌ക്കാ​യി ദൈവ​ത്തോ​ടു യാചി​ക്കാ​നും പത്രോസ്‌ ശിമോ​നെ ഉദ്‌ബോ​ധി​പ്പി​ച്ചു. “നിന്റെ ഈ തെറ്റി​നെ​ക്കു​റിച്ച്‌ പശ്ചാത്ത​പിച്ച്‌ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ക്കുക; നിന്റെ ഹൃദയ​ത്തി​ലെ ദുഷ്ടവി​ചാ​ര​ത്തിന്‌ ഒരുപക്ഷേ, നിനക്കു മാപ്പു ലഭി​ച്ചേ​ക്കാം” എന്ന്‌ പത്രോസ്‌ പറഞ്ഞു. ശിമോൻ ഒരു ദുഷ്ടനാ​യി​രു​ന്നില്ല; ശരി ചെയ്യണ​മെന്ന്‌ ആഗ്രഹ​മുള്ള ആളായി​രു​ന്നു; കാര്യങ്ങൾ സംബന്ധിച്ച്‌ ശരിയായ ധാരണ ഇല്ലാത്ത​താ​യി​രു​ന്നു അയാളു​ടെ പ്രശ്‌നം. അതു​കൊണ്ട്‌ അയാൾ അപ്പോ​സ്‌ത​ല​ന്മാ​രോട്‌, “നിങ്ങൾ പറഞ്ഞതു​പോ​ലെ എനിക്കു സംഭവി​ക്കാ​തി​രി​ക്കാൻ എനിക്കു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കണേ” എന്നു യാചിച്ചു.—പ്രവൃ. 8:20-24.

12. ക്രൈ​സ്‌തവ ലോക​ത്തിൽ സ്ഥാനമാ​നങ്ങൾ വിലയ്‌ക്കു​വാ​ങ്ങു​ക​യും വിൽക്കു​ക​യും ചെയ്യുന്ന രീതി എത്ര വ്യാപ​ക​മാണ്‌?

12 ശിമോ​നു പത്രോസ്‌ നൽകിയ ശാസന ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മുന്നറി​യി​പ്പാണ്‌. പ്രസ്‌തുത സംഭവ​ത്തിൽനി​ന്നാണ്‌ സ്ഥാനമാ​നങ്ങൾ—വിശേ​ഷിച്ച്‌ മതപര​മാ​യവ—വിലയ്‌ക്കു​വാ​ങ്ങു​ക​യും വിൽക്കു​ക​യും ചെയ്യു​ന്ന​തി​നെ കുറി​ക്കാ​നുള്ള ഒരു പദംതന്നെ ചില ഭാഷക​ളിൽ നിലവിൽവ​ന്നത്‌. വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രൈ​സ്‌തവ ലോക​ത്തി​ന്റെ ചരി​ത്ര​മെ​ടു​ത്താൽ ഇങ്ങനെ ചെയ്‌തി​ട്ടു​ള്ള​തി​ന്റെ നിരവധി ഉദാഹ​ര​ണങ്ങൾ കാണാ​നാ​കും. പാപ്പായെ തിര​ഞ്ഞെ​ടു​ക്കുന്ന യോഗ​ങ്ങ​ളു​ടെ ചരിത്രം പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ, ഇതിനാൽ പങ്കില​മാ​കാത്ത ഒരു തിര​ഞ്ഞെ​ടു​പ്പും ഇതുവരെ ഉണ്ടായി​ട്ടി​ല്ലെ​ന്നും പലപ്പോ​ഴും ഒരു മറയു​മി​ല്ലാ​തെ അങ്ങേയറ്റം നികൃ​ഷ്ട​വും ലജ്ജാക​ര​വും ആയ വിധത്തി​ലാണ്‌ അവർ ഇത്‌ ചെയ്‌തി​ട്ടു​ള്ള​തെ​ന്നും ഒരു വിദ്യാർഥി​ക്കു ബോധ്യ​മാ​കും എന്ന്‌ ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നി​ക്ക​യു​ടെ 9-ാം പതിപ്പ്‌ (1878) പറയുന്നു.

13. സ്ഥാനമാ​നങ്ങൾ വിലയ്‌ക്കു​വാ​ങ്ങു​ക​യും വിൽക്കു​ക​യും ചെയ്യുന്ന പാപത്തി​നെ​തി​രെ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ ജാഗ്ര​ത​പാ​ലി​ക്കണം?

13 സഭയിൽ സ്ഥാനമാ​ന​ങ്ങ​ളോ പദവി​ക​ളോ വിലയ്‌ക്കു​വാ​ങ്ങു​ക​യും വിൽക്കു​ക​യും ചെയ്യുന്ന പാപത്തി​നെ​തി​രെ ക്രിസ്‌ത്യാ​നി​കൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, മേൽവി​ചാ​ര​ക​സ്ഥാ​നത്ത്‌ ആയിരി​ക്കു​ന്ന​വർക്കു സമ്മാനങ്ങൾ വാരി​ക്കോ​രി നൽകു​ക​യോ അവരോ​ടു മുഖസ്‌തു​തി പറയു​ക​യോ ചെയ്‌തു​കൊണ്ട്‌ അവരുടെ പ്രീതി പിടി​ച്ചു​പ​റ്റാ​നോ സേവന​പ​ദ​വി​കൾ നേടി​യെ​ടു​ക്കാ​നോ ക്രിസ്‌ത്യാ​നി​കൾ ശ്രമി​ക്ക​രുത്‌. അതു​പോ​ലെ​തന്നെ മേൽവി​ചാ​ര​ക​സ്ഥാ​ന​ത്തു​ള്ളവർ സമ്പന്നരാ​യ​വ​രോട്‌ പക്ഷപാതം കാണി​ക്കാ​തി​രി​ക്കാ​നും ശ്രദ്ധി​ക്കണം. ഈ രണ്ടു സാഹച​ര്യ​ങ്ങ​ളി​ലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ ശിമോൻ ചെയ്‌ത​തു​പോ​ലുള്ള ഒരു പാപമാണ്‌. യഹോവ തന്റെ ആത്മാവി​നാൽ ഒരാളെ സേവന​പ​ദ​വി​യിൽ നിയമി​ക്കുന്ന സമയത്തി​നാ​യി കാത്തി​രു​ന്നു​കൊണ്ട്‌ ഓരോ​രു​ത്ത​രും തങ്ങളെ​ത്തന്നെ “ചെറി​യ​വ​നാ​യി” കണക്കാ​ക്കേ​ണ്ട​തുണ്ട്‌. (ലൂക്കോ. 9:48) ‘സ്വന്തം മഹത്ത്വ​ത്തി​നാ​യി പ്രവർത്തി​ക്കു​ന്ന​വർക്ക്‌’ ദൈവ​ത്തി​ന്റെ സംഘട​ന​യിൽ ഒരു സ്ഥാനവു​മില്ല.—സുഭാ. 25:27.

“വായി​ക്കു​ന്ന​തി​ന്റെ അർഥം മനസ്സി​ലാ​കു​ന്നു​ണ്ടോ?” (പ്രവൃ. 8:26-40)

14, 15. (എ) ‘എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡൻ’ ആരായി​രു​ന്നു, ഫിലി​പ്പോസ്‌ അദ്ദേഹത്തെ കണ്ടുമു​ട്ടി​യത്‌ എങ്ങനെ? (ബി) ഫിലി​പ്പോസ്‌ കാര്യങ്ങൾ വിശദീ​ക​രി​ച്ച​പ്പോൾ ഷണ്ഡൻ എങ്ങനെ പ്രതി​ക​രി​ച്ചു, അത്‌ ചിന്തി​ക്കാ​തെ പെട്ടെ​ന്നെ​ടുത്ത ഒരു തീരു​മാ​ന​മ​ല്ലാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (അടിക്കു​റിപ്പ്‌ കാണുക.)

14 യരുശ​ലേ​മിൽനിന്ന്‌ ഗസ്സയി​ലേ​ക്കുള്ള വഴിയി​ലൂ​ടെ പോകാൻ യഹോ​വ​യു​ടെ ദൂതൻ ഫിലി​പ്പോ​സി​നോ​ടു നിർദേ​ശി​ച്ചു. തന്നെ അങ്ങോട്ട്‌ അയയ്‌ക്കു​ന്ന​തി​ന്റെ കാരണം ഫിലി​പ്പോ​സിന്‌ അപ്പോൾ അറിയി​ല്ലാ​യി​രു​ന്നി​രി​ക്കാം. എത്യോ​പ്യ​ക്കാ​ര​നായ ഒരു ഷണ്ഡൻ യാത്ര​ചെ​യ്‌തി​രുന്ന രഥത്തി​ന​ടു​ത്തേക്ക്‌ യഹോ​വ​യു​ടെ ആത്മാവ്‌ ഫിലി​പ്പോ​സി​നെ നയിച്ചു. (“ എത്യോ​പ്യ​ക്കാ​ര​നായ ‘ഷണ്ഡൻ’ ആരായി​രു​ന്നു?” എന്ന ചതുരം കാണുക.) ആ ഷണ്ഡൻ “യശയ്യ പ്രവാ​ച​കന്റെ പുസ്‌തകം ഉറക്കെ വായി​ക്കു​ക​യാ​യി​രു​ന്നു.” രഥത്തി​നൊ​പ്പം ഓടി​ക്കൊണ്ട്‌ ഫിലി​പ്പോസ്‌ അദ്ദേഹ​ത്തോട്‌, “വായി​ക്കു​ന്ന​തി​ന്റെ അർഥം മനസ്സി​ലാ​കു​ന്നു​ണ്ടോ?” എന്നു ചോദി​ച്ചു. “ആരെങ്കി​ലും അർഥം പറഞ്ഞു​ത​രാ​തെ ഞാൻ എങ്ങനെ മനസ്സി​ലാ​ക്കാ​നാണ്‌” എന്നായി​രു​ന്നു അപ്പോൾ അദ്ദേഹ​ത്തി​ന്റെ മറുപടി.—പ്രവൃ. 8:26-31.

15 രഥത്തിൽ കയറി തന്നോ​ടൊ​പ്പം ഇരിക്കാൻ ഷണ്ഡൻ ഫിലി​പ്പോ​സി​നെ ക്ഷണിച്ചു. തുടർന്നുള്ള അവരുടെ സംഭാ​ഷണം എത്ര ആവേശ​ഭ​രി​ത​മാ​യി​രു​ന്നി​രി​ക്കണം! യശയ്യയു​ടെ പ്രവച​ന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘ആട്‌’ അല്ലെങ്കിൽ “ദാസൻ” ആരാ​ണെ​ന്നു​ള്ളത്‌ കാലങ്ങ​ളാ​യി ഒരു രഹസ്യ​മാ​യി​രു​ന്നു. (യശ. 53:1-12) യാത്ര തുടരവെ, യശയ്യയു​ടെ ഈ പ്രവചനം യേശു​ക്രി​സ്‌തു​വിൽ നിവൃ​ത്തി​യേ​റി​യെന്ന കാര്യം ഫിലി​പ്പോസ്‌ അദ്ദേഹ​ത്തി​നു വിവരി​ച്ചു​കൊ​ടു​ത്തു. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ സ്‌നാ​ന​മേ​റ്റ​വ​രെ​പ്പോ​ലെ​തന്നെ, ജൂതമതം സ്വീക​രി​ച്ചി​രുന്ന ഈ എത്യോ​പ്യ​ക്കാ​ര​നും താൻ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. “ദാ, വെള്ളം! സ്‌നാ​ന​മേൽക്കാൻ ഇനി എനിക്ക്‌ എന്താണു തടസ്സം” എന്ന്‌ അദ്ദേഹം ഫിലി​പ്പോ​സി​നോ​ടു ചോദി​ച്ചു. അദ്ദേഹത്തെ സ്‌നാ​ന​പ്പെ​ടു​ത്താൻ ഫിലി​പ്പോസ്‌ പിന്നെ ഒട്ടും വൈകി​യില്ല. c (“ ക്രിസ്‌തീയ സ്‌നാനം—ഏതു വിധത്തിൽ?” എന്ന ചതുരം കാണുക.) പിന്നീട്‌ ദൈവാ​ത്മാവ്‌ ഫിലി​പ്പോ​സി​നെ അസ്‌തോ​ദി​ലേക്ക്‌ നയിച്ചു; അവിടെ ഫിലി​പ്പോസ്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ തുടർന്നു.—പ്രവൃ. 8:32-40.

16, 17. ഇന്ന്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ദൂതന്മാർ എന്തു പങ്കുവ​ഹി​ക്കു​ന്നു?

16 ഫിലി​പ്പോസ്‌ ചെയ്‌ത​തു​പോ​ലുള്ള വേലയിൽ പങ്കെടു​ക്കാ​നുള്ള പദവി ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്കുണ്ട്‌. യാത്ര​യി​ലാ​യി​രി​ക്കു​മ്പോ​ഴും മറ്റും അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കാ​നുള്ള ധാരാളം അവസരങ്ങൾ അവർക്കു ലഭിക്കു​ന്നു. എന്നാൽ പലപ്പോ​ഴും ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ ഇത്തരത്തിൽ കണ്ടുമു​ട്ടു​ന്നത്‌ കേവലം യാദൃ​ച്ഛി​ക​മായ ഒരു സംഗതി​യല്ല; കാരണം ‘എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും’ ഉള്ള ആളുക​ളു​ടെ പക്കൽ രാജ്യ​സ​ന്ദേശം എത്തുന്ന​തി​നാ​യി ദൂതന്മാർ പ്രസം​ഗ​വേ​ലയെ നയിക്കു​ന്നു​വെന്ന്‌ വെളി​പാട്‌ പുസ്‌തകം വ്യക്തമാ​ക്കു​ന്നു. (വെളി. 14:6) പ്രസം​ഗ​വേ​ല​യിൽ ദൂതന്മാ​രു​ടെ വഴിന​ട​ത്തിപ്പ്‌ ഉണ്ടായി​രി​ക്കു​മെന്ന്‌ യേശു​വും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തിൽ കൊയ്‌ത്തു​കാ​ലത്ത്‌, അതായത്‌ ‘വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലത്ത്‌,’ കൊയ്യു​ന്നത്‌ ദൂതന്മാ​രാ​യി​രി​ക്കു​മെന്ന്‌ യേശു വ്യക്തമാ​ക്കി. ഈ ആത്മവ്യ​ക്തി​കൾ, ‘ആളുകളെ പാപത്തിൽ വീഴി​ക്കുന്ന എല്ലാത്തി​നെ​യും നിയമ​ലം​ഘ​ക​രെ​യും തന്റെ രാജ്യ​ത്തു​നിന്ന്‌ ശേഖരി​ക്കു​മെന്ന്‌’ യേശു പറഞ്ഞു. (മത്താ. 13:37-41) അതോ​ടൊ​പ്പം, യഹോവ തന്റെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ—രാജ്യ​ത്തി​ന്റെ സ്വർഗീയ അവകാ​ശി​ക​ളാ​കാ​നു​ള്ള​വ​രെ​യും ‘വേറെ ആടുക​ളു​ടെ’ ‘മഹാപു​രു​ഷാ​ര​ത്തെ​യും’—അവർ കൂട്ടി​ച്ചേർക്കു​മെ​ന്നും യേശു സൂചി​പ്പി​ച്ചു.—വെളി. 7:9; യോഹ. 6:44, 65; 10:16.

17 ആത്മീയ മാർഗ​നിർദേ​ശ​ത്തി​നാ​യി തങ്ങൾ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു എന്നു പറയുന്ന ചില​രെ​യെ​ങ്കി​ലും നാം ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്നത്‌ ദൂതവ​ഴി​ന​ട​ത്തി​പ്പി​ന്റെ തെളി​വാ​യി കാണാ​വു​ന്ന​താണ്‌. പിൻവ​രുന്ന അനുഭ​വം​തന്നെ അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. രണ്ടു പ്രചാ​ര​ക​രും ഒരു കൊച്ചു​കു​ട്ടി​യും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഉച്ചയോ​ടെ അവർ ശുശ്രൂഷ നിറുത്തി പോകാ​നൊ​രു​ങ്ങി. എന്നാൽ അടുത്ത വീട്ടി​ലും​കൂ​ടെ പോക​ണ​മെന്നു കുട്ടി നിർബ​ന്ധം​പി​ടി​ച്ചു. കൂടെ​യു​ള്ള​വർക്കു​വേണ്ടി കാത്തു​നിൽക്കാ​തെ അവൻ നേരെ ആ വീട്ടിൽച്ചെന്ന്‌ കതകിൽ മുട്ടി. ഒരു ചെറു​പ്പ​ക്കാ​രി വന്ന്‌ വാതിൽ തുറന്ന​പ്പോൾ സംസാ​രി​ക്കാ​നാ​യി ആ പ്രചാ​രകർ അങ്ങോട്ടു ചെന്നു. ബൈബിൾ മനസ്സി​ലാ​ക്കാൻ തന്നെ സഹായി​ക്കു​ന്ന​തിന്‌ ആരെ​യെ​ങ്കി​ലും അയയ്‌ക്കേ​ണ​മേ​യെന്നു പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു​വെന്ന്‌ ആ സ്‌ത്രീ പറഞ്ഞ​പ്പോൾ അവർക്ക്‌ അതിശയം തോന്നി. അങ്ങനെ ഒരു ബൈബിൾപ​ഠനം ആരംഭി​ക്കാ​നാ​യി!

“ദൈവമേ, അങ്ങ്‌ ആരുതന്നെ ആയാലും, എന്നെ സഹായി​ക്കേ​ണമേ”

18. ശുശ്രൂ​ഷയെ നാം ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

18 മുമ്പെ​ന്ന​ത്തെ​ക്കാൾ വലിയ അളവിൽ ഇന്ന്‌ പ്രസം​ഗ​പ്ര​വർത്തനം നടക്കു​മ്പോൾ, ക്രിസ്‌തീയ സഭയുടെ ഭാഗം എന്ന നിലയിൽ ദൂതന്മാർക്കൊ​പ്പം പ്രവർത്തി​ക്കാ​നുള്ള പദവി​യാണ്‌ നിങ്ങൾക്കു​ള്ളത്‌. ആ പദവിയെ ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരുത്‌. “യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” പ്രസം​ഗി​ക്കു​ന്ന​തിൽ സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ തുടരു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അളവറ്റ സന്തോഷം ആസ്വദി​ക്കാ​നാ​കും.—പ്രവൃ. 8:35.

a ഇത്‌ അപ്പോ​സ്‌ത​ല​നായ ഫിലി​പ്പോസ്‌ അല്ല. 5-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, യരുശ​ലേ​മി​ലെ ഗ്രീക്കു​ഭാ​ഷ​ക്കാ​രും എബ്രാ​യ​ഭാ​ഷ​ക്കാ​രു​മായ ക്രിസ്‌തീയ വിധവ​മാ​രു​ടെ​യി​ട​യിൽ ദിന​ന്തോ​റു​മുള്ള ഭക്ഷ്യവി​ത​ര​ണ​ത്തി​ന്റെ ചുമത​ല​വ​ഹി​ച്ചി​രുന്ന, ‘സത്‌പേ​രുള്ള ഏഴു പുരു​ഷ​ന്മാ​രിൽ’ ഒരാളാ​യി​രുന്ന ഫിലി​പ്പോ​സാണ്‌ ഇത്‌.—പ്രവൃ. 6:1-6.

b അക്കാലത്ത്‌ സ്‌നാ​ന​മേൽക്കു​മ്പോൾത്തന്നെ സാധാ​ര​ണ​ഗ​തി​യിൽ പുതിയ ശിഷ്യ​ന്മാർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം​ചെ​യ്യ​പ്പെ​ട്ടി​രു​ന്നു, അഥവാ അവർക്ക്‌ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചി​രു​ന്നു. അതോടെ, സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി വാഴാ​നുള്ള പ്രത്യാശ അവർക്കു ലഭിക്കു​മാ​യി​രു​ന്നു. (2 കൊരി. 1:21, 22; വെളി. 5:9, 10; 20:6) എന്നാൽ ഈ പുതിയ ശിഷ്യ​ന്മാ​രു​ടെ കാര്യ​ത്തിൽ, സ്‌നാ​ന​മേറ്റ സമയത്ത്‌ അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചില്ല. പുതു​താ​യി സ്‌നാ​ന​മേറ്റ ഈ ക്രിസ്‌ത്യാ​നി​കൾക്ക്‌ പരിശു​ദ്ധാ​ത്മാ​വും ആത്മാവി​നാ​ലുള്ള കഴിവു​ക​ളും ലഭിച്ചത്‌ പത്രോ​സും യോഹ​ന്നാ​നും അവരു​ടെ​മേൽ കൈകൾ വെച്ച​ശേഷം മാത്ര​മാണ്‌.

c സ്‌നാനപ്പെടാനുള്ള ഈ തീരു​മാ​നം ചിന്തി​ക്കാ​തെ പെട്ടെ​ന്നെ​ടുത്ത ഒന്നല്ലാ​യി​രു​ന്നു. ജൂതമ​ത​ത്തി​ലേക്കു പരിവർത്ത​നം​ചെ​യ്‌തി​രുന്ന ഒരു വ്യക്തി​യെ​ന്ന​നി​ല​യിൽ ആ ഷണ്ഡന്‌ മിശി​ഹൈക പ്രവച​നങ്ങൾ ഉൾപ്പെ​ടെ​യുള്ള തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അറിവു​ണ്ടാ​യി​രു​ന്നു. ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ യേശു​വി​നുള്ള പങ്കി​നെ​ക്കു​റിച്ച്‌ ഇപ്പോൾ മനസ്സി​ലാ​ക്കിയ സ്ഥിതിക്ക്‌ അദ്ദേഹ​ത്തി​നു തന്റെ സ്‌നാനം ഒട്ടും വൈകി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു.