അധ്യായം 6
സ്തെഫാനൊസ്—‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവൻ’
സൻഹെദ്രിന്റെ മുമ്പാകെയുള്ള സ്തെഫാനൊസിന്റെ ധീരസാക്ഷ്യം
ആധാരം: പ്രവൃത്തികൾ 6:8–8:3
1-3. (എ) സ്തെഫാനൊസ് ഭയാനകമായ ഏതു സാഹചര്യത്തിലാണ്, അദ്ദേഹം അതിനോട് എങ്ങനെ പ്രതികരിക്കുന്നു? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കും?
സ്തെഫാനൊസ് സൻഹെദ്രിന്റെ മുമ്പാകെ നിൽക്കുകയാണ്. അവർ കൂടിവന്നിരിക്കുന്ന ഗംഭീരമായ വലിയ മുറിയിൽ അർധവൃത്താകൃതിയിലാണ് ആ 71 പേരുടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച് യരുശലേം ദേവാലയത്തിനടുത്താണത്. ‘സൻഹെദ്രിൻ’ എന്ന് അറിയപ്പെടുന്ന ഈ കോടതി ഇപ്പോൾ സമ്മേളിച്ചിരിക്കുന്നത് സ്തെഫാനൊസിനെ വിചാരണ ചെയ്യാനാണ്. അധികാരവും സ്വാധീനവും ഉള്ള ഈ ന്യായാധിപന്മാരിൽ അധികംപേരും യേശുവിന്റെ ഈ അനുഗാമിയെ അവജ്ഞയോടെയാണ് വീക്ഷിക്കുന്നത്. പോരാത്തതിന്, ഏതാനും മാസംമുമ്പ് യേശുക്രിസ്തുവിനെ മരണത്തിനു വിധിച്ച സൻഹെദ്രിന് ആധ്യക്ഷ്യംവഹിച്ച മഹാപുരോഹിതനായ കയ്യഫതന്നെയാണ് ഈ സൻഹെദ്രിൻ വിളിച്ചുകൂട്ടിയിരിക്കുന്നതും. എന്നാൽ സ്തെഫാനൊസ് ഭയവിഹ്വലനാണോ?
2 ഈ സമയത്ത് സ്തെഫാനൊസിന്റെ മുഖത്ത് എന്തോ ഒരു പ്രത്യേകത ദൃശ്യമാകുന്നു. ന്യായാധിപന്മാർ സൂക്ഷിച്ചുനോക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം ‘ഒരു ദൈവദൂതന്റെ മുഖംപോലെ’ അവർക്കു തോന്നുന്നു. (പ്രവൃ. 6:15) ദൈവമായ യഹോവയിൽനിന്നുള്ള സന്ദേശങ്ങൾ കൈമാറുന്നവരെന്നനിലയിൽ ദൂതന്മാർ നിർഭയരും ശാന്തഭാവമുള്ളവരും ആണ്. അത്തരമൊരു പ്രശാന്തതയാണ് സ്തെഫാനൊസിലും കാണുന്നത്. പകയും വിദ്വേഷവും നിറഞ്ഞ ആ ന്യായാധിപന്മാർക്കുപോലും അതു കാണാനാകുന്നു. സ്തെഫാനൊസിന് എങ്ങനെയാണ് ഇത്ര ശാന്തതയോടെ നിലകൊള്ളാനാകുന്നത്?
3 അതു മനസ്സിലാക്കുന്നത് ഇന്ന് നമുക്ക് ഏറെ പ്രയോജനം ചെയ്യും. സ്തെഫാനൊസ് എങ്ങനെയാണ് സൻഹെദ്രിനു മുമ്പാകെ എത്താൻ ഇടയായത് എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്തെഫാനൊസ് തന്റെ വിശ്വാസത്തിനുവേണ്ടി മുമ്പ് എങ്ങനെയാണ് പ്രതിവാദംചെയ്തിട്ടുള്ളത്? ഏതെല്ലാം വിധങ്ങളിൽ നമുക്ക് സ്തെഫാനൊസിനെ അനുകരിക്കാനാകും?
‘അവർ ജനത്തെ ഇളക്കി’ (പ്രവൃ. 6:8-15)
4, 5. (എ) സ്തെഫാനൊസ് സഭയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നത് എന്തുകൊണ്ട്? (ബി) സ്തെഫാനൊസ് ‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനായിരുന്നത്’ എങ്ങനെ?
4 പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയ്ക്ക് സ്തെഫാനൊസ് ഒരു മുതൽക്കൂട്ടായിരുന്നുവെന്ന് മുൻ അധ്യായത്തിൽ നാം കണ്ടുകഴിഞ്ഞല്ലോ. അപ്പോസ്തലന്മാരെ സഹായിക്കാൻ സന്നദ്ധതകാണിച്ച താഴ്മയുള്ള ആ ഏഴു പേരിൽ ഒരാളായിരുന്നു അദ്ദേഹം. ദൈവത്തിൽനിന്ന് സ്തെഫാനൊസിനു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ താഴ്മ ഏറെ ശ്രദ്ധേയമാണ്. ചില അപ്പോസ്തലന്മാരെപ്പോലെ “വലിയ അത്ഭുതങ്ങളും അടയാളങ്ങളും” പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ പ്രാപ്തനാക്കിയെന്ന് പ്രവൃത്തികൾ 6:8-ൽ നാം വായിക്കുന്നു. സ്തെഫാനൊസ് ‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനായിരുന്നുവെന്നും’ അവിടെ നാം കാണുന്നു. എന്താണ് അതിന്റെ അർഥം?
5 “ദൈവികമായ ദയ” എന്നതിനുള്ള ഗ്രീക്ക് പദത്തെ “കൃപ” എന്നും പരിഭാഷപ്പെടുത്താം. സ്തെഫാനൊസിന്റെ പ്രകൃതം ദയയും സൗമ്യതയും ഒക്കെയുള്ള, ആർക്കും ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒന്നായിരുന്നു. തന്റെ ആത്മാർഥതയും താൻ പഠിപ്പിക്കുന്ന സത്യങ്ങളുടെ മൂല്യവും പലരെയും ബോധ്യപ്പെടുത്താനാകുംവിധമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. യഹോവയുടെ ആത്മാവ് സ്തെഫാനൊസിൽ പ്രവർത്തിച്ചതിനാൽ അദ്ദേഹം ശക്തി നിറഞ്ഞവനായിരുന്നു. പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിന് അദ്ദേഹം താഴ്മയോടെ കീഴ്പെട്ടു. തന്റെ കഴിവുകളിലും പ്രാപ്തികളിലും അഹങ്കരിക്കുന്നതിനു പകരം സ്തെഫാനൊസ് എല്ലാ ബഹുമതിയും യഹോവയിലേക്കു തിരിച്ചുവിട്ടു. കൂടാതെ താൻ സംസാരിച്ച ആളുകളോട് അദ്ദേഹം സ്നേഹവും പരിഗണനയും കാണിക്കുകയും ചെയ്തു. എതിരാളികൾ സ്തെഫാനൊസിനെ ഒരു ഭീഷണിയായി കണ്ടതിൽ അതിശയിക്കാനില്ല!
6-8. (എ) എതിരാളികൾ ഏതു രണ്ട് ആരോപണങ്ങളാണ് സ്തെഫാനൊസിനെതിരെ ഉന്നയിച്ചത്, എന്തുകൊണ്ട്? (ബി) സ്തെഫാനൊസിന്റെ മാതൃക ഇന്നു ക്രിസ്ത്യാനികൾക്ക് പ്രയോജനം ചെയ്തേക്കാവുന്നത് എന്തുകൊണ്ട്?
6 അക്കാലത്ത് ചിലർ സ്തെഫാനൊസിനോട് തർക്കിക്കാൻ വന്നു. “എന്നാൽ സ്തെഫാനൊസിന്റെ സംസാരത്തിൽ നിറഞ്ഞുനിന്ന ജ്ഞാനത്തെയും ദൈവാത്മാവിനെയും എതിർത്തുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല.” a അതിൽ അമർഷംപൂണ്ട് അവർ നിരപരാധിയായ ഈ ക്രിസ്തുശിഷ്യന് എതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ “രഹസ്യമായി ചിലരെ പ്രേരിപ്പിച്ചു.” കൂടാതെ അവർ ‘ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കിവിടുകയും’ ചെയ്തു. അവർ സ്തെഫാനൊസിനെ പിടിച്ച് ബലമായി സൻഹെദ്രിനു മുമ്പാകെ കൊണ്ടുവന്നു. (പ്രവൃ. 6:9-12) രണ്ട് ആരോപണങ്ങളാണ് എതിരാളികൾ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്: സ്തെഫാനൊസ് ദൈവദൂഷണം പറയുന്നു, മോശയ്ക്കു വിരോധമായി സംസാരിക്കുന്നു. ഏതു വിധത്തിൽ?
7 സ്തെഫാനൊസ്, ‘ഈ വിശുദ്ധസ്ഥലത്തിന്,’ അതായത് യരുശലേമിലെ ദേവാലയത്തിന് വിരോധമായി സംസാരിച്ചുകൊണ്ട് ദൈവദൂഷണം പറഞ്ഞതായി ആ എതിരാളികൾ വ്യാജമായി ആരോപിച്ചു. (പ്രവൃ. 6:13) മാത്രമല്ല, മോശ തങ്ങൾക്കു കൈമാറിയ ആചാരങ്ങൾ മാറ്റുമെന്നു പറഞ്ഞുകൊണ്ട് സ്തെഫാനൊസ് മോശയുടെ നിയമത്തിന് എതിരെ സംസാരിച്ചെന്നും അങ്ങനെ മോശയ്ക്കെതിരെ ദൂഷണവാക്കുകൾ പറഞ്ഞെന്നും അവർ ആരോപണം ഉന്നയിച്ചു. അവ ഗൗരവമേറിയ ആരോപണങ്ങളായിരുന്നു; കാരണം, അക്കാലത്തെ ജൂതന്മാർ ദേവാലയത്തിനും മോശയുടെ നിയമങ്ങൾക്കും മോശയുടെ നിയമങ്ങളോട് അവർതന്നെ കൂട്ടിച്ചേർത്ത നിരവധി പാരമ്പര്യങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിയിരുന്നു. സ്തെഫാനൊസിനെതിരെ പ്രസ്തുത ആരോപണങ്ങൾ ഉന്നയിക്കുകവഴി, അദ്ദേഹം മരണശിക്ഷ അർഹിക്കുന്ന അപകടകാരിയായ ഒരാളാണെന്ന് അവർ സൂചിപ്പിച്ചു.
8 ദൈവദാസർക്കെതിരെ മതഭ്രാന്തരായ എതിരാളികൾ ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുക ഇന്നും സാധാരണമാണ്. അത്തരത്തിലുള്ള ആളുകൾ പലപ്പോഴും യഹോവയുടെ സാക്ഷികളെ ഉപദ്രവിക്കുന്നതിനായി ഭരണാധികാരികളുടെമേൽ സമ്മർദം ചെലുത്തുന്നു. ആകട്ടെ, വളച്ചൊടിച്ചതോ അടിസ്ഥാനരഹിതമോ ആയ ആരോപണങ്ങൾക്കു വിധേയരാകുമ്പോൾ നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്? സ്തെഫാനൊസിന്റെ മാതൃകയിൽനിന്ന് നമുക്കു വളരെയധികം പഠിക്കാനാകും.
‘തേജോമയനായ ദൈവത്തെക്കുറിച്ച്’ ധീരമായി സാക്ഷീകരിക്കുന്നു (പ്രവൃ. 7:1-53)
9, 10. സ്തെഫാനൊസ് സൻഹെദ്രിനു മുമ്പാകെ നടത്തിയ പ്രസംഗത്തെക്കുറിച്ച് വിമർശകരുടെ അഭിപ്രായമെന്ത്, നാം എന്ത് ഓർക്കണം?
9 ഈ അധ്യായത്തിന്റെ തുടക്കത്തിൽ നാം കണ്ടതുപോലെ, എതിരാളികൾ സ്തെഫാനൊസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും അദ്ദേഹത്തിന്റെ മുഖം പ്രശാന്തമായിരുന്നു, ഒരു ദൈവദൂതന്റേതുപോലെ. ഇപ്പോൾ കയ്യഫ സ്തെഫാനൊസിനുനേരെ തിരിഞ്ഞ് ചോദിക്കുന്നു: “ഇതെല്ലാം സത്യമാണോ?” (പ്രവൃ. 7:1) അങ്ങനെ സ്തെഫാനൊസിന് തന്റെ ഭാഗം വിശദീകരിക്കാൻ ഒരവസരം ലഭിക്കുന്നു. സുദീർഘമായ ഒരു പ്രഭാഷണംതന്നെ സ്തെഫാനൊസ് നടത്തുന്നു.
10 സ്തെഫാനൊസ് വളരെ ദീർഘമായ ഒരു പ്രസംഗം നടത്തിയെങ്കിലും തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തൃപ്തികരമായ ഒരു മറുപടി കൊടുത്തില്ലെന്നാണ് പല വിമർശകരുടെയും പക്ഷം. എന്നാൽ വാസ്തവം അതല്ല. നമ്മുടെ വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്നവരോട് എങ്ങനെ ‘മറുപടി കൊടുക്കണം’ എന്നതിന്റെ ഒരു ഉത്തമ മാതൃകയാണ് സ്തെഫാനൊസിന്റെ പ്രഭാഷണം. (1 പത്രോ. 3:15) ദേവാലയത്തിനെതിരെ സംസാരിച്ചുകൊണ്ട് സ്തെഫാനൊസ് ദൈവദൂഷണം പറഞ്ഞുവെന്നും മോശയുടെ നിയമത്തിന് എതിരെ സംസാരിച്ചുകൊണ്ട് മോശയ്ക്കെതിരെ ദൂഷണവാക്കുകൾ ഉച്ചരിച്ചുവെന്നും ആയിരുന്നല്ലോ സ്തെഫാനൊസിന് എതിരെയുള്ള ആരോപണങ്ങൾ. ഇസ്രായേലിന്റെ ചരിത്രത്തിലെ മൂന്നു കാലഘട്ടങ്ങളുടെ ഒരു ഹ്രസ്വവിവരണം ഉൾപ്പെടുത്തിക്കൊണ്ട് സ്തെഫാനൊസ് അതിനു മറുപടി പറയുന്നു. പ്രസ്തുത കാലഘട്ടങ്ങളിലെ ചില കാര്യങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു ആ മറുപടി. നമുക്കിപ്പോൾ ആ വിവരണങ്ങൾ ഓരോന്നായി പരിചിന്തിക്കാം.
11, 12. (എ) അബ്രാഹാമിന്റെ ദൃഷ്ടാന്തം സ്തെഫാനൊസ് ഫലകരമായി ഉപയോഗിച്ചത് എങ്ങനെ? (ബി) സ്തെഫാനൊസ് യോസേഫിനെക്കുറിച്ച് തന്റെ പ്രസംഗത്തിൽ പരാമർശിച്ചത് എന്തുകൊണ്ട്?
11 ഗോത്രപിതാക്കന്മാരുടെ കാലം. (പ്രവൃ. 7:1-16) വിശ്വാസത്തെപ്രതി ജൂതന്മാർ ആദരിച്ചുപോന്നിരുന്ന അബ്രാഹാമിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് സ്തെഫാനൊസ് തന്റെ പ്രഭാഷണം ആരംഭിച്ചത്. ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന ഒരു വിഷയത്തെക്കുറിച്ചു സംസാരിച്ചുതുടങ്ങിയ സ്തെഫാനൊസ്, ‘തേജോമയനായ ദൈവമായ’ യഹോവ അബ്രാഹാമിന് ആദ്യമായി പ്രത്യക്ഷനായത് മെസൊപ്പൊത്താമ്യയിൽവെച്ചാണ് എന്ന കാര്യം ഊന്നിപ്പറഞ്ഞു. (പ്രവൃ. 7:2) വാസ്തവത്തിൽ, വാഗ്ദത്തദേശത്ത് അബ്രാഹാം ഒരു പരദേശിയായിരുന്നു. ദേവാലയമോ മോശയുടെ നിയമമോ ഒന്നും അബ്രാഹാമിനില്ലായിരുന്നു. ആ സ്ഥിതിക്ക്, ദൈവത്തോടു വിശ്വസ്തനായിരിക്കാൻ ഒരുവൻ അവശ്യം ഇത്തരം ക്രമീകരണങ്ങളോടു പറ്റിനിൽക്കേണ്ടതുണ്ടെന്ന് എങ്ങനെ പറയാനാകും?
12 സ്തെഫാനൊസിന്റെ ശ്രോതാക്കൾ അങ്ങേയറ്റം മാനിച്ചിരുന്ന മറ്റൊരു വ്യക്തിയായിരുന്നു അബ്രാഹാമിന്റെ പിൻഗാമിയായിരുന്ന യോസേഫ്. യോസേഫിന്റെ സ്വന്തം സഹോദരന്മാർ—ഇസ്രായേൽ ഗോത്രങ്ങളുടെ പിതാക്കന്മാർ—യോസേഫിനോടു ദ്രോഹം പ്രവർത്തിക്കുകയും നീതിമാനായ യോസേഫിനെ അടിമയായി വിൽക്കുകയും ചെയ്തുവെന്ന് സ്തെഫാനൊസ് അവരെ ഓർമിപ്പിച്ചു. എന്നിരുന്നാലും ഇസ്രായേലിനെ ക്ഷാമത്തിൽനിന്നു രക്ഷിക്കാൻ ദൈവം ഉപയോഗിച്ചത് യോസേഫിനെയാണ്. യോസേഫും യേശുക്രിസ്തുവും തമ്മിൽ പ്രകടമായ സമാനതകൾ ഉണ്ടെന്ന് സ്തെഫാനൊസിന് അറിയാമായിരുന്നെങ്കിലും ഈ ഘട്ടത്തിൽ ഒരു താരതമ്യത്തിന് സ്തെഫാനൊസ് മുതിർന്നില്ല; കഴിയുന്നത്ര സമയം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുനിറുത്തുക എന്നതായിരുന്നു സ്തെഫാനൊസിന്റെ ലക്ഷ്യം.
13. മോശയെക്കുറിച്ചുള്ള ചർച്ച, സ്തെഫാനൊസിന് എതിരെയുള്ള ആരോപണത്തിന് നേരിട്ടുള്ള മറുപടിയായിരുന്നത് എങ്ങനെ, അതിലൂടെ സ്തെഫാനൊസ് ഏതു വസ്തുതയാണ് അവതരിപ്പിച്ചത്?
13 മോശയുടെ കാലം. (പ്രവൃ. 7:17-43) സ്തെഫാനൊസ് മോശയെക്കുറിച്ചും വളരെയധികം സംസാരിച്ചു. അതിനു കാരണമുണ്ടായിരുന്നു. സൻഹെദ്രിനിലെ അംഗങ്ങളിൽ പലരും സദൂക്യരായിരുന്നു. മോശ എഴുതിയത് ഒഴികെയുള്ള ബൈബിൾ പുസ്തകങ്ങളെല്ലാം നിരാകരിച്ചിരുന്നവരായിരുന്നു അവർ. സ്തെഫാനൊസ് മോശയ്ക്കെതിരെ ദൂഷണവാക്കുകൾ പറഞ്ഞുവെന്ന ആരോപണവും ഉണ്ടായിരുന്നുവെന്ന് ഓർക്കുക. സ്തെഫാനൊസിന്റെ വാക്കുകൾ ആ ആരോപണത്തിന് നേരിട്ടുള്ള ഒരു മറുപടിയായിരുന്നു; മോശയെയും മോശയുടെ നിയമത്തെയും താൻ അങ്ങേയറ്റം ആദരിക്കുന്നുവെന്ന് സ്തെഫാനൊസ് തന്റെ വാക്കുകളിലൂടെ പ്രകടമാക്കി. (പ്രവൃ. 7:38) മോശയ്ക്കും താൻ രക്ഷിക്കാൻ ശ്രമിച്ച ആളുകളിൽനിന്ന് തിരസ്കരണം സഹിക്കേണ്ടിവന്നുവെന്ന കാര്യവും സ്തെഫാനൊസ് എടുത്തുപറഞ്ഞു. ആദ്യമായി മോശയ്ക്ക് അങ്ങനെയൊരു അനുഭവമുണ്ടായത് 40-ാം വയസ്സിലാണ്. പിന്നീട് 40-ലേറെ വർഷത്തിനുശേഷം, പല തവണ ആ ജനം മോശയുടെ നേതൃത്വത്തെ ചോദ്യംചെയ്തു. b അങ്ങനെ, തങ്ങളെ നയിക്കാൻ യഹോവ നിയോഗിച്ചവരെ ദൈവജനം ആവർത്തിച്ച് നിരാകരിച്ചിട്ടുണ്ടെന്ന സുപ്രധാനമായ വസ്തുത സ്തെഫാനൊസ് പടിപടിയായി അവരുടെ മുമ്പാകെ അവതരിപ്പിച്ചു.
14. മോശയെക്കുറിച്ചു സംസാരിച്ചുകൊണ്ട് സ്തെഫാനൊസ് ഏതെല്ലാം ആശയങ്ങൾ വ്യക്തമാക്കി?
14 തന്നെപ്പോലൊരു പ്രവാചകൻ ഇസ്രായേലിൽനിന്ന് എഴുന്നേൽക്കുമെന്ന് മോശ മുൻകൂട്ടിപ്പറഞ്ഞിരുന്നതായി സ്തെഫാനൊസ് തന്റെ ശ്രോതാക്കളെ ഓർമിപ്പിച്ചു. എന്നാൽ അദ്ദേഹം ആരായിരിക്കുമായിരുന്നു? അദ്ദേഹത്തോടുള്ള ആളുകളുടെ പ്രതികരണം എന്തായിരിക്കുമായിരുന്നു? തത്കാലം സ്തെഫാനൊസ് അത്തരം കാര്യങ്ങളൊന്നും വിശദീകരിക്കാൻ ശ്രമിച്ചില്ല. പകരം, മോശതന്നെ മനസ്സിലാക്കിയ സുപ്രധാനമായ ഒരാശയം സ്തെഫാനൊസ് ഊന്നിപ്പറഞ്ഞു: ഏതൊരു സ്ഥലത്തെയും വിശുദ്ധമാക്കാൻ യഹോവയ്ക്കു കഴിയും, യഹോവ മോശയോടു സംസാരിച്ച കത്തുന്ന മുൾച്ചെടി നിന്നിരുന്ന സ്ഥലത്തിന്റെ കാര്യത്തിലെന്നപോലെ. അതുകൊണ്ട് യരുശലേം ദേവാലയംപോലുള്ള ഒരു മന്ദിരത്തിൽമാത്രമേ യഹോവയ്ക്ക് ആരാധന അർപ്പിക്കാവൂ എന്നു പറയാനാകുമോ? നമുക്കു നോക്കാം.
15, 16. (എ) സ്തെഫാനൊസിന്റെ വാദഗതിയിൽ വിശുദ്ധകൂടാരത്തിന്റെ പ്രസക്തി എന്തായിരുന്നു? (ബി) ശലോമോന്റെ ആലയത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് സ്തെഫാനൊസ് തന്റെ ചർച്ച മുന്നോട്ടുകൊണ്ടുപോയത് എങ്ങനെ?
15 വിശുദ്ധകൂടാരവും ദേവാലയവും. (പ്രവൃ. 7:44-50) യരുശലേമിൽ ഒരു ദേവാലയം പണിയപ്പെടുന്നതിനുമുമ്പ് ആരാധനയ്ക്കായി ഒരു വിശുദ്ധകൂടാരമാണ് ഉണ്ടായിരുന്നതെന്ന കാര്യം സ്തെഫാനൊസ് സൻഹെദ്രിനെ ഓർമപ്പെടുത്തി. യഹോവയുടെ നിർദേശപ്രകാരം നിർമിക്കപ്പെട്ട, മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ആ കൂടാരത്തിലാണ് മോശതന്നെ ആരാധന നടത്തിയത്. ആ സ്ഥിതിക്ക് അത് ദേവാലയത്തെക്കാൾ താഴ്ന്നതാണെന്ന് എങ്ങനെ പറയാനാകുമായിരുന്നു?
16 പിന്നീട്, യരുശലേമിലെ ദേവാലയം പണിതശേഷം അതിന്റെ സമർപ്പണവേളയിൽ പ്രാർഥിക്കവെ, ദൈവപ്രചോദിതനായി ശലോമോൻ ഒരു സുപ്രധാന വസ്തുത വ്യക്തമാക്കി. ശലോമോന്റെ ആ വാക്കുകൾ മനസ്സിൽപ്പിടിച്ചുകൊണ്ട് സ്തെഫാനൊസ് ഇങ്ങനെ പറഞ്ഞു: “മനുഷ്യകരങ്ങൾ നിർമിച്ച ദേവാലയങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല.” (പ്രവൃ. 7:48; 2 ദിന. 6:18) തന്റെ ഉദ്ദേശ്യസാക്ഷാത്കാരത്തോടുള്ള ബന്ധത്തിൽ യഹോവ ഒരു ദേവാലയം ഉപയോഗിച്ചേക്കാമെങ്കിലും, ദൈവം അതിൽ “വസിക്കുന്നില്ല.” അങ്ങനെയെങ്കിൽ, സത്യാരാധനയ്ക്ക് മനുഷ്യകരങ്ങളാൽ നിർമിതമായ ഒരു കെട്ടിടം അനിവാര്യമാണെന്ന് എങ്ങനെ പറയാനാകും? തന്റെ ഈ വാദത്തിന് ശക്തമായ ഒരു ഉപസംഹാരം എന്നനിലയിൽ സ്തെഫാനൊസ് യശയ്യയുടെ പുസ്തകത്തിൽനിന്ന് ഉദ്ധരിച്ചു: “സ്വർഗം എന്റെ സിംഹാസനമാണ്; ഭൂമി എന്റെ പാദപീഠവും. പിന്നെ ഏതുതരം ഭവനമാണു നിങ്ങൾ എനിക്കുവേണ്ടി പണിയുക? എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക? എന്റെ കൈയല്ലേ ഇതെല്ലാം സൃഷ്ടിച്ചത്?”—പ്രവൃ. 7:49, 50; യശ. 66:1, 2.
17. സ്തെഫാനൊസിന്റെ പ്രഭാഷണം (എ) ശ്രോതാക്കളുടെ തെറ്റായ വീക്ഷണത്തെ വിദഗ്ധമായി തുറന്നുകാണിച്ചത് എങ്ങനെ? (ബി) സ്തെഫാനൊസിന് എതിരെയുള്ള ആരോപണങ്ങൾക്ക് തക്ക മറുപടി ആയിരുന്നത് എങ്ങനെ?
17 സൻഹെദ്രിന്റെ മുമ്പാകെ സ്തെഫാനൊസ് ഇതുവരെ പറഞ്ഞ കാര്യങ്ങൾ അവലോകനം ചെയ്യുമ്പോൾ, എതിരാളികളുടെ തെറ്റായ വീക്ഷണത്തെ സ്തെഫാനൊസ് വിദഗ്ധമായി തുറന്നുകാണിച്ചുവെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? യഹോവ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനായി കാലാകാലങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നവനും വഴക്കമുള്ളവനും ആണ്, അല്ലാതെ കടുംപിടുത്തക്കാരനല്ല; പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായല്ല യഹോവ കാര്യങ്ങൾ ചെയ്യുന്നത് എന്ന് സ്തെഫാനൊസ് വ്യക്തമാക്കി. യരുശലേമിലെ ഗംഭീരമായ ദേവാലയത്തിനും മോശയുടെ നിയമത്തോടു ബന്ധപ്പെട്ടു നിലവിൽവന്ന ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും അമിതമായ പ്രാധാന്യം കൽപ്പിച്ചിരുന്നവർ മോശയുടെ നിയമത്തിന്റെയും ദേവാലയത്തിന്റെയും യഥാർഥ ഉദ്ദേശ്യം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. പരോക്ഷമായാണെങ്കിലും സ്തെഫാനൊസിന്റെ പ്രഭാഷണത്തിലൂടെ പിൻവരുന്ന ചോദ്യം ഉയർന്നുവന്നു: മോശയുടെ നിയമത്തെയും ദേവാലയത്തെയും ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം യഹോവയെ അനുസരിക്കുന്നതല്ലേ? അതാണ് സ്തെഫാനൊസ് ചെയ്തത്. തന്റെ കഴിവിന്റെ പരമാവധി സ്തെഫാനൊസ് യഹോവയെ അനുസരിച്ചു. അതിനു പിൻബലമേകുന്ന ഈടുറ്റ ന്യായവാദങ്ങളാണ് സ്തെഫാനൊസ് തന്റെ പ്രഭാഷണത്തിൽ നിരത്തിയത്.
18. ഏതെല്ലാം വിധങ്ങളിൽ നമുക്ക് സ്തെഫാനൊസിനെ അനുകരിക്കാം?
18 സ്തെഫാനൊസിന്റെ പ്രഭാഷണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? സ്തെഫാനൊസിനു തിരുവെഴുത്തുകളെക്കുറിച്ച് ആഴമായ ഗ്രാഹ്യമുണ്ടായിരുന്നു. സമാനമായി, “സത്യവചനം ശരിയായ വിധത്തിൽ കൈകാര്യം” ചെയ്യാൻ കഴിയണമെങ്കിൽ നാം ദൈവവചനം ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്. (2 തിമൊ. 2:15) ദയയോടും നയത്തോടുംകൂടെ എങ്ങനെ സംസാരിക്കണമെന്നും നമുക്ക് സ്തെഫാനൊസിൽനിന്നു പഠിക്കാനാകും. സ്തെഫാനൊസിനോട് അങ്ങേയറ്റം വിദ്വേഷമുള്ളവരായിരുന്നു അദ്ദേഹത്തിന്റെ ശ്രോതാക്കൾ. എന്നിട്ടും അവരുമായി പരമാവധി യോജിപ്പിൽപ്പോകുക എന്ന ലക്ഷ്യത്തിൽ, അവർ അങ്ങേയറ്റം മൂല്യവത്തായി കരുതിയിരുന്ന കാര്യങ്ങളെക്കുറിച്ച് സ്തെഫാനൊസ് സംസാരിച്ചു. കൂടാതെ, പ്രായമായ പുരുഷന്മാരെ ‘പിതാക്കന്മാരേ’ എന്നു സംബോധന ചെയ്തുകൊണ്ട് സ്തെഫാനൊസ് അവരോട് ആദരവു കാണിക്കുകയും ചെയ്തു. (പ്രവൃ. 7:2) ‘സൗമ്യമായും ആഴമായ ബഹുമാനത്തോടുംകൂടി’ ആയിരിക്കണം നാമും ദൈവവചനത്തിലെ സത്യങ്ങൾ അവതരിപ്പിക്കേണ്ടത്.—1 പത്രോ. 3:15.
19. സൻഹെദ്രിന് എതിരെയുള്ള യഹോവയുടെ ന്യായവിധിദൂത് സ്തെഫാനൊസ് ധൈര്യസമേതം അറിയിച്ചത് എങ്ങനെ?
19 എന്നിരുന്നാലും, ആളുകളെ അപ്രീതിപ്പെടുത്തിയേക്കുമോ എന്ന ഭയത്താൽ നാം ദൈവവചനത്തിലെ സത്യങ്ങൾ പങ്കുവെക്കുന്നതിൽനിന്ന് പിന്മാറി നിൽക്കുകയോ യഹോവയുടെ ന്യായവിധിസന്ദേശം മയപ്പെടുത്തുകയോ ചെയ്യില്ല. സ്തെഫാനൊസ് ഇക്കാര്യത്തിൽ നല്ലൊരു മാതൃകയാണ്. സൻഹെദ്രിനു മുമ്പാകെ താൻ അവതരിപ്പിച്ച വാദമുഖങ്ങൾ കഠിനഹൃദയരായ ന്യായാധിപന്മാരിൽ ഒട്ടും പ്രഭാവം ചെലുത്തിയില്ലെന്ന് സ്തെഫാനൊസിനു മനസ്സിലായി. അതുകൊണ്ട് അദ്ദേഹം പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, യോസേഫിനെയും മോശയെയും മറ്റു പ്രവാചകന്മാരെയും തള്ളിക്കളഞ്ഞ പൂർവികരെപ്പോലെതന്നെയാണ് അവരും എന്ന് ധൈര്യസമേതം ചൂണ്ടിക്കാണിച്ചുകൊണ്ട് തന്റെ പ്രസംഗം ഉപസംഹരിച്ചു. (പ്രവൃ. 7:51-53) മോശയും മറ്റു പ്രവാചകന്മാരും മുൻകൂട്ടിപ്പറഞ്ഞ മിശിഹയെ കൊന്നുകളഞ്ഞവരാണ് വാസ്തവത്തിൽ ഈ സൻഹെദ്രിനിലെ അംഗങ്ങൾ. മോശയുടെ നിയമത്തിന്റെ എത്ര കടുത്ത ലംഘനമായിരുന്നു അത്.
“കർത്താവായ യേശുവേ, എന്റെ ജീവൻ സ്വീകരിക്കേണമേ” (പ്രവൃ. 7:54–8:3)
20, 21. സ്തെഫാനൊസിന്റെ വാക്കുകളോട് സൻഹെദ്രിൻ പ്രതികരിച്ചത് എങ്ങനെ, യഹോവ സ്തെഫാനൊസിനെ എങ്ങനെ ശക്തീകരിച്ചു?
20 ന്യായാധിപന്മാർക്ക് ഒരുതരത്തിലും നിഷേധിക്കാനാകാത്ത സത്യങ്ങളാണ് സ്തെഫാനൊസ് പറഞ്ഞത്. അത് അവരെ അത്യന്തം പ്രകോപിപ്പിച്ചു. മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് അവർ സ്തെഫാനൊസിനു നേരെ പല്ലിറുമ്മി. തന്റെ ഗുരുവായ യേശുവിനു ലഭിക്കാത്ത കരുണ തനിക്കും ലഭിക്കാൻ പോകുന്നില്ലെന്ന് വിശ്വസ്തനായ ആ മനുഷ്യന് അപ്പോൾ ബോധ്യമായി.
21 തനിക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരിടാൻ സ്തെഫാനൊസിന് ധൈര്യം ആവശ്യമായിരുന്നു. ആ സമയത്ത് യഹോവയിൽനിന്നു ലഭിച്ച ദർശനം സ്തെഫാനൊസിനു വളരെയധികം പ്രോത്സാഹനം പകർന്നു എന്നതിനു സംശയമില്ല. യഹോവയുടെ മഹത്ത്വവും യേശു യഹോവയുടെ വലത്തുഭാഗത്ത് നിൽക്കുന്നതും സ്തെഫാനൊസ് കാണുന്നു! സ്തെഫാനൊസ് തനിക്കു ലഭിച്ച ദർശനത്തെക്കുറിച്ചു വിവരിച്ചപ്പോൾ ന്യായാധിപന്മാർ ചെവിപൊത്തി. കാരണം? താൻ മിശിഹ ആണെന്നും വൈകാതെ പിതാവിന്റെ വലത്തുഭാഗത്തിരിക്കുമെന്നും ഇതേ സൻഹെദ്രിനോടു യേശു മുമ്പ് പറഞ്ഞിരുന്നു. (മർക്കോ. 14:62) യേശു പറഞ്ഞത് സത്യമായിരുന്നുവെന്ന് സ്തെഫാനൊസിനു ലഭിച്ച ദർശനം തെളിയിച്ചു. വാസ്തവത്തിൽ ഈ കോടതിതന്നെയായിരുന്നു മിശിഹയെ തള്ളിപ്പറയുകയും വധിക്കുകയും ചെയ്തത്! സ്തെഫാനൊസിന്റെ വാക്കുകൾ കേട്ട് രോഷാകുലരായ അവർ, അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലേണ്ടതിന് ഒന്നടങ്കം അദ്ദേഹത്തിനുനേരെ പാഞ്ഞുചെന്നു. c
22, 23. സ്തെഫാനൊസിന്റെ മരണത്തിന് യേശുവിന്റേതുമായി എന്തെല്ലാം സമാനതകളുണ്ടായിരുന്നു, സ്തെഫാനൊസിനെപ്പോലെ അചഞ്ചലരായി നിലകൊള്ളാൻ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എന്തു കാരണമുണ്ട്?
22 സ്തെഫാനൊസിന്റെ മരണത്തിന് യേശുവിന്റേതുമായി സമാനതകളുണ്ട്: ശാന്തമായ മനസ്സോടെയാണ് സ്തെഫാനൊസ് മരണം വരിച്ചത്; സ്തെഫാനൊസ് യഹോവയിൽ പൂർണമായി ആശ്രയിച്ചു; തന്റെ കൊലയാളികളോടു ക്ഷമിക്കാനും സ്തെഫാനൊസ് തയ്യാറായി. എതിരാളികൾ സ്തെഫാനൊസിനെ കല്ലെറിയവെ, “കർത്താവായ യേശുവേ, എന്റെ ജീവൻ സ്വീകരിക്കേണമേ” എന്ന് അദ്ദേഹം അപേക്ഷിച്ചു; മനുഷ്യപുത്രൻ യഹോവയോടൊപ്പം നിൽക്കുന്നത് അപ്പോഴും സ്തെഫാനൊസിനു കാണാൻ കഴിയുന്നുണ്ടായിരുന്നിരിക്കാം; അതുകൊണ്ടാകണം സ്തെഫാനൊസ് അങ്ങനെ അപേക്ഷിച്ചത്. “ഞാനാണു പുനരുത്ഥാനവും ജീവനും” എന്ന യേശുവിന്റെ പ്രോത്സാഹജനകമായ വാക്കുകളും തീർച്ചയായും സ്തെഫാനൊസിന്റെ മനസ്സിലുണ്ടായിരുന്നു. (യോഹ. 11:25) ഒടുവിൽ സ്തെഫാനൊസ് “യഹോവേ, ഈ പാപത്തിന് ഇവരെ ശിക്ഷിക്കരുതേ” എന്ന് ദൈവത്തോട് ഉറച്ച ശബ്ദത്തിൽ അപേക്ഷിച്ചു. ഇത്രയും പറഞ്ഞശേഷം സ്തെഫാനൊസ് മരിച്ചു.—പ്രവൃ. 7:59, 60.
23 അങ്ങനെ, ക്രിസ്തുശിഷ്യന്മാരിൽ ആദ്യത്തെ രക്തസാക്ഷിയായി സ്തെഫാനൊസിന്റെ പേര് രേഖകളിൽ കാണുന്നു. (“ സ്തെഫാനൊസ്—ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷി” എന്ന ചതുരം കാണുക.) എന്നാൽ പിന്നീട് പലരും സ്തെഫാനൊസിനെപ്പോലെ രക്തസാക്ഷികളാകുമായിരുന്നു. നമ്മുടെ ഈ നാളുകളിലും വിശ്വസ്തരായ ദൈവദാസന്മാരിൽ ചിലർ മത-രാഷ്ട്രീയ തീവ്രവാദികളുടെയും നിഷ്ഠുരന്മാരായ മറ്റ് എതിരാളികളുടെയും കയ്യാൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ സ്തെഫാനൊസിനെപ്പോലെ അചഞ്ചലരായി നിലകൊള്ളാൻ നമുക്ക് കാരണമുണ്ട്: യേശു ഇപ്പോൾ രാജാവായി വാഴുന്നു; പിതാവിൽനിന്ന് യേശുവിനു വലിയ അധികാരം ലഭിച്ചിരിക്കുന്നു. വിശ്വസ്തരായ തന്റെ അനുഗാമികളെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരുന്നതിൽനിന്ന് യേശുവിനെ തടയാൻ യാതൊന്നിനും കഴിയില്ല.—യോഹ. 5:28, 29.
24. സ്തെഫാനൊസിന്റെ വധത്തിൽ ശൗൽ എന്തു പങ്കുവഹിച്ചു, ആ വിശ്വസ്ത ദൈവദാസന്റെ മരണം എന്തെല്ലാം ദൂരവ്യാപക ഫലങ്ങൾ ഉളവാക്കി?
24 ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഒരു യുവാവ് അവിടെ നിൽപ്പുണ്ടായിരുന്നു—ശൗൽ. സ്തെഫാനൊസിനെ കൊല്ലുന്നത് ശൗലിനു സമ്മതമായിരുന്നു; കല്ലെറിയുന്നവരുടെ വസ്ത്രങ്ങൾ സൂക്ഷിച്ചത് ശൗലായിരുന്നു. അധികം വൈകാതെ ക്രിസ്ത്യാനികൾക്കെതിരെ ഉഗ്രമായ ഉപദ്രവം ആഞ്ഞടിച്ചു. ശൗലാണ് അതിനു ചുക്കാൻപിടിച്ചത്. എന്നാൽ സ്തെഫാനൊസിന്റെ മരണം ക്രിസ്ത്യാനികളുടെമേൽ ക്രിയാത്മകമായ സ്വാധീനംചെലുത്തി. വിശ്വസ്തരായിരുന്നുകൊണ്ട് സമാനമായി വിജയംവരിക്കാൻ ക്രിസ്ത്യാനികൾക്ക് പ്രോത്സാഹനമേകുന്നതായിരുന്നു സ്തെഫാനൊസിന്റെ മാതൃക. കൂടാതെ, പിൽക്കാലത്ത് പൗലോസ് എന്നറിയപ്പെട്ട ശൗൽ, സ്തെഫാനൊസിന്റെ വധത്തിൽ തനിക്കുള്ള പങ്കിനെക്കുറിച്ചോർത്ത് അതിയായി ഖേദിക്കുകപോലും ചെയ്തു. (പ്രവൃ. 22:20) സ്തെഫാനൊസിന്റെ വധത്തിനു കൂട്ടുനിന്ന ശൗൽ, താൻ ‘ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും ആയിരുന്നെന്ന്’ പിന്നീട് തിരിച്ചറിഞ്ഞു. (1 തിമൊ. 1:13) സ്തെഫാനൊസും അദ്ദേഹം നടത്തിയ ശക്തമായ ആ പ്രഭാഷണവും പൗലോസിന്റെ മനസ്സിൽ മായാതെനിന്നുവെന്നു വ്യക്തം. പൗലോസിന്റെ ചില പ്രസംഗങ്ങളിലും കത്തുകളിലും സ്തെഫാനൊസിന്റെ പ്രഭാഷണത്തിലെ ചില വിഷയങ്ങൾ കടന്നുവരുന്നുണ്ട്. (പ്രവൃ. 7:48; 17:24; എബ്രാ. 9:24) “ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനായ” സ്തെഫാനൊസ് വെച്ച വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മാതൃക പൂർണമായി അനുകരിക്കാൻ കാലക്രമേണ പൗലോസ് പഠിച്ചു. ആകട്ടെ, ആ മാതൃക നാം അനുകരിക്കുമോ?
a ഈ എതിരാളികളിൽ ചിലർ “വിമോചിതരുടെ സിനഗോഗ്” എന്നു വിളിക്കപ്പെട്ടിരുന്ന സംഘത്തിൽനിന്നുള്ളവരായിരുന്നു. ഒരു കാലത്ത് റോമാക്കാർ ബന്ദികളാക്കിയവരും പിന്നീട് മോചിപ്പിക്കപ്പെട്ടവരും ആയ ആളുകളോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്ത വിമോചിത അടിമകളോ ആയിരുന്നിരിക്കാം അവർ. ചിലർ തർസൊസിലെ ശൗലിനെപ്പോലെ കിലിക്യയിൽ നിന്നുള്ളവരായിരുന്നു. സ്തെഫാനൊസിനോട് എതിർത്തുനിൽക്കാൻ കഴിയാതിരുന്ന കിലിക്യക്കാരുടെ കൂട്ടത്തിൽ ശൗലും ഉണ്ടായിരുന്നോ എന്ന് വിവരണം പറയുന്നില്ല.
b ബൈബിളിൽ മറ്റൊരിടത്തും കാണാത്ത പല വിശദാംശങ്ങളും സ്തെഫാനൊസിന്റെ പ്രഭാഷണത്തിൽ ഉണ്ട്. ഈജിപ്തിൽവെച്ച് മോശയ്ക്ക് ലഭിച്ച വിദ്യാഭ്യാസത്തെക്കുറിച്ചും അവിടെനിന്ന് ഓടിപ്പോയപ്പോൾ അദ്ദേഹത്തിന് എത്ര വയസ്സുണ്ടായിരുന്നുവെന്നും മിദ്യാനിൽ മോശ എത്ര കാലം ചെലവഴിച്ചെന്നുമെല്ലാം അതിൽനിന്നാണ് നാം മനസ്സിലാക്കുന്നത്.
c വധശിക്ഷ വിധിക്കാൻ റോമാക്കാരുടെ നിയമം സൻഹെദ്രിനു അധികാരം നൽകിയിരുന്നോ എന്ന കാര്യം സംശയമാണ്. (യോഹ. 18:31) അത് എന്തുതന്നെയായാലും സ്തെഫാനൊസിന്റെ മരണം, സൻഹെദ്രിൻ നടപ്പിലാക്കിയ ശിക്ഷ എന്നതിനെക്കാൾ, ക്ഷുഭിതരായ ജനക്കൂട്ടം നടത്തിയ ഒരു കൊലപാതകം ആയിരിക്കാനാണു സാധ്യത.