അധ്യായം 20
“യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തു”
സന്തോഷവാർത്തയുടെ കൂടുതലായ വ്യാപനത്തിൽ അപ്പൊല്ലോസും പൗലോസും പങ്കുവഹിക്കുന്നു
ആധാരം: പ്രവൃത്തികൾ 18:23–19:41
1, 2. (എ) എഫെസൊസിൽവെച്ച് പൗലോസിനും കൂട്ടാളികൾക്കും എന്തു പ്രശ്നം നേരിട്ടു? (ബി) ഈ അധ്യായത്തിൽ നാം എന്തു ചർച്ചചെയ്യും?
ആളുകളുടെ ആരവവും കൂക്കുവിളികളും കൊണ്ട് മുഖരിതമാണ് എഫെസൊസിലെ നഗരവീഥികൾ. പ്രക്ഷുബ്ധമായ അവസ്ഥ; ഒരു ലഹളയ്ക്കുള്ള എല്ലാ സാധ്യതയുമുണ്ട്. പൗലോസ് അപ്പോസ്തലന്റെ രണ്ടു സഹകാരികളെ വലിച്ചിഴച്ച് നഗരത്തിലെ പ്രദർശനശാലയിലേക്കു കൊണ്ടുപോകുകയാണ്. 25,000 കാണികളെ ഉൾക്കൊള്ളാനാകുന്ന ആ പ്രദർശനശാലയെ ലക്ഷ്യമാക്കി പിന്നാലെ അവിടെ ഉണ്ടായിരുന്ന ആളുകളും കുതിക്കുന്നു. നിമിഷനേരംകൊണ്ട് തെരുവുകളെല്ലാം ശൂന്യമായി. എന്താണ് നടക്കുന്നതെന്ന് അവരിൽ മിക്കവർക്കും വ്യക്തമായി അറിയില്ല. അവരുടെ ക്ഷേത്രത്തിനും അവരുടെ ഇഷ്ടദേവിയായ അർത്തെമിസിനും എന്തോ സംഭവിക്കാൻ പോകുന്നുവെന്നുമാത്രം അവർക്കറിയാം. അതുകൊണ്ട് “എഫെസ്യരുടെ അർത്തെമിസ് മഹോന്നതയാണ്!” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിക്കുന്നു.—പ്രവൃ. 19:34.
2 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയുടെ വ്യാപനത്തിനു തടയിടുന്നതിനായി സാത്താൻ അക്രമാസക്തരായ ജനത്തെ വീണ്ടും ആയുധമാക്കുന്നതാണ് നാം ഇവിടെ കാണുന്നത്. എന്നാൽ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ ഒന്നു മാത്രമാണിത്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ ഐക്യം തകർക്കാനും അവരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനും സാത്താൻ പ്രയോഗിച്ച നിരവധി തന്ത്രങ്ങളെക്കുറിച്ച് ഈ അധ്യായത്തിൽ നാം ചർച്ചചെയ്യും. എന്നാൽ അതിലും പ്രധാനമായി അവന്റെ തന്ത്രങ്ങളെല്ലാം എങ്ങനെ പരാജയപ്പെട്ടുവെന്ന് നാം കാണുന്നതായിരിക്കും; കാരണം, “യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും” ചെയ്തുവെന്ന് വിവരണം പറയുന്നു. (പ്രവൃ. 19:20) ആകട്ടെ, ആ ക്രിസ്ത്യാനികൾക്ക് എങ്ങനെയാണ് വിജയിക്കാനായത്? സ്വന്തം പ്രാപ്തിയാലല്ല, യഹോവയുടെ സഹായത്താൽ. ഇന്ന് നമുക്കു വിജയിക്കാനാകുന്നതും ദിവ്യസഹായത്താൽ മാത്രമാണ്. എന്നിരുന്നാലും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ നാമും നമ്മുടെ പങ്ക് നിർവഹിക്കേണ്ടതുണ്ട്. യഹോവയുടെ ആത്മാവിന്റെ സഹായത്താൽ നമുക്ക് ശുശ്രൂഷയിൽ വിജയിക്കാനാവശ്യമായ പ്രാപ്തികൾ നേടിയെടുക്കാനാകും. ആദ്യംതന്നെ നമുക്ക് അപ്പൊല്ലോസിന്റെ മാതൃക പരിചിന്തിക്കാം.
‘തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു’ (പ്രവൃ. 18:24-28)
3, 4. അക്വിലയും പ്രിസ്കില്ലയും അപ്പൊല്ലോസിൽ എന്തു കുറവാണ് കണ്ടത്, അതു സംബന്ധിച്ച് അവർ എന്തുചെയ്തു?
3 മൂന്നാം മിഷനറി പര്യടനത്തിന്റെ ഭാഗമായി പൗലോസ് എഫെസൊസിലേക്കുള്ള യാത്രയിലാണ്. ആ സമയത്ത് അപ്പൊല്ലോസ് എന്നൊരു ജൂതൻ ആ നഗരത്തിൽ എത്തുന്നു. അദ്ദേഹം ഈജിപ്തിലെ പ്രശസ്ത നഗരമായ അലക്സാൻഡ്രിയയിൽനിന്നുള്ളവനാണ്. അപ്പൊല്ലോസിന് സവിശേഷമായ പല പ്രാപ്തികളും ഉണ്ടായിരുന്നു. നല്ല വാക്സാമർഥ്യവും “തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവും” ഉണ്ടായിരുന്ന അദ്ദേഹം ‘ദൈവാത്മാവിനാൽ ജ്വലിച്ചിരുന്നുവെന്ന്’ തിരുവെഴുത്തുകൾ പറയുന്നു. അദ്ദേഹം സിനഗോഗിൽ കൂടിവന്ന ജൂതന്മാരോട് അതീവ തീക്ഷ്ണതയോടെ, സധൈര്യം പ്രസംഗിച്ചുപോന്നു.—പ്രവൃ. 18:24, 25.
4 അപ്പൊല്ലോസ് പ്രസംഗിക്കുന്നത് അക്വിലയും പ്രിസ്കില്ലയും കേട്ടു. അദ്ദേഹം ‘യേശുവിനെക്കുറിച്ച് കൃത്യതയോടെ പ്രസംഗിക്കുന്നത്’ കേട്ടപ്പോൾ അവർക്ക് എത്ര സന്തോഷം തോന്നിയിരിക്കണം! യേശുവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതത്രയും കൃത്യമായിരുന്നു. എന്നാൽ സുപ്രധാനമായ ഒരു കാര്യം അദ്ദേഹത്തിന് അറിയില്ല എന്ന വസ്തുത ആ ക്രിസ്തീയ ദമ്പതികൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അപ്പൊല്ലോസിന് ‘യോഹന്നാന്റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിയാമായിരുന്നുള്ളൂ.’ അക്വിലയും പ്രിസ്കില്ലയും പാവപ്പെട്ട കൂടാരപ്പണിക്കാരായിരുന്നെങ്കിലും, അപ്പൊല്ലോസിന്റെ വാക്ചാതുര്യമോ വിദ്യാഭ്യാസമോ അദ്ദേഹത്തോട് സംസാരിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിച്ചില്ല. അവർ “അപ്പൊല്ലോസിനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗത്തെക്കുറിച്ച് കൂടുതൽ കൃത്യമായി വിവരിച്ചുകൊടുത്തു.” (പ്രവൃ. 18:25, 26) വിദ്യാസമ്പന്നനും വാക്ചാതുര്യമുള്ളവനും ആയ അപ്പൊല്ലോസ് അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? ഒരു ക്രിസ്ത്യാനി വളർത്തിയെടുക്കേണ്ട താഴ്മ എന്ന സുപ്രധാന ഗുണം അദ്ദേഹം കാണിച്ചുവെന്നതിനു സംശയമില്ല.
5, 6. യഹോവയുടെ സേവനത്തിൽ ഏറെ ഫലപ്രദനായിത്തീരാൻ അപ്പൊല്ലോസിനെ പ്രാപ്തനാക്കിയത് എന്ത്, അപ്പൊല്ലോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 അക്വിലയുടെയും പ്രിസ്കില്ലയുടെയും സഹായം സ്വീകരിച്ച അപ്പൊല്ലോസ് യഹോവയുടെ സേവനത്തിൽ ഏറെ ഫലപ്രദനായിത്തീർന്നു. അദ്ദേഹം അഖായയിലേക്കു പോകുകയും അവിടെയുള്ള വിശ്വാസികളെ ‘ഒരുപാടു സഹായിക്കുകയും’ ചെയ്തു. ആ പ്രദേശത്തെ ജൂതന്മാരോടും അദ്ദേഹം ഫലകരമായി സാക്ഷീകരിച്ചു; യേശു വാഗ്ദത്തമിശിഹ അല്ലെന്ന് വാദിച്ചിരുന്നവരായിരുന്നു അവർ. അപ്പൊല്ലോസ് “ജൂതന്മാരുടെ പഠിപ്പിക്കലുകൾ തെറ്റാണെന്ന് ഉത്സാഹത്തോടെ പരസ്യമായി തെളിയിക്കുകയും യേശുതന്നെയാണു ക്രിസ്തു എന്നു തിരുവെഴുത്തുകളിൽനിന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു” എന്ന് ലൂക്കോസ് എഴുതിയിരിക്കുന്നു. (പ്രവൃ. 18:27, 28) സഭയ്ക്ക് എത്ര വലിയൊരു അനുഗ്രഹമായിരുന്നു അപ്പൊല്ലോസ്! അദ്ദേഹത്തിന്റെ ആ പ്രവർത്തനമായിരുന്നു “യഹോവയുടെ വചനം” ശക്തിയോടെ പ്രചരിച്ചതിനുള്ള മറ്റൊരു കാരണം. അപ്പൊല്ലോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്താണു പഠിക്കാനാകുന്നത്?
6 എല്ലാ ക്രിസ്ത്യാനികളും വളർത്തിയെടുക്കേണ്ട ഒരു ഗുണമാണ് താഴ്മ. നമുക്കെല്ലാവർക്കും ദൈവദത്തമായ പല കഴിവുകളുമുണ്ട്—അത് ജന്മസിദ്ധമായ പ്രാപ്തികളോ അനുഭവപരിചയമോ നാം നേടിയെടുത്ത അറിവോ ഒക്കെ ആകാം. എന്നാൽ ഇവയെക്കാളെല്ലാം നമ്മിൽ വിളങ്ങിനിൽക്കേണ്ടത് നമ്മുടെ താഴ്മയാണ്. അല്ലാത്തപക്ഷം നമ്മുടെ കഴിവുകൾ ഗുണത്തെക്കാളേറെ ദോഷംചെയ്തേക്കാം—നാം അഹങ്കാരികളായി മാറിയേക്കാം. (1 കൊരി. 4:7; യാക്കോ. 4:6) യഥാർഥത്തിൽ താഴ്മയുള്ളവരാണെങ്കിൽ നാം മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായി കരുതും. (ഫിലി. 2:3) തിരുത്തൽ ലഭിക്കുമ്പോൾ നാം നീരസപ്പെടുകയോ മറ്റുള്ളവർ നമ്മെ പഠിപ്പിക്കുമ്പോൾ നാം അത് തിരസ്കരിക്കുകയോ ഇല്ല. നമ്മുടെ വീക്ഷണങ്ങൾ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിലല്ലെന്ന് അറിഞ്ഞശേഷവും നാം അഹങ്കാരപൂർവം അവയിൽ കടിച്ചുതൂങ്ങുകയില്ല. നാം താഴ്മയുള്ളവരായിരിക്കുന്നിടത്തോളം യഹോവയ്ക്കും യേശുവിനും ഉപയോഗപ്രദരായിരിക്കാൻ നമുക്കാകും.—ലൂക്കോ. 1:51, 52.
7. പൗലോസും അപ്പൊല്ലോസും താഴ്മയുടെ കാര്യത്തിൽ എന്തു മാതൃകവെച്ചു?
7 താഴ്മയുള്ളവർക്കിടയിൽ മത്സരമനോഭാവം ഉണ്ടായിരിക്കില്ല. ആ ആദിമകാല ക്രിസ്ത്യാനികളുടെ ഇടയിൽ വിഭാഗീയത സൃഷ്ടിക്കാൻ സാത്താൻ കിണഞ്ഞുശ്രമിച്ചുവെന്നതിനു സംശയമില്ല. അപ്പൊല്ലോസിനെയും പൗലോസ് അപ്പോസ്തലനെയും പോലെ പ്രഗത്ഭരായ രണ്ടു പേർ, സഭയിൽ പ്രാമുഖ്യത നേടാനോ മറ്റോ ആഗ്രഹിച്ചുകൊണ്ട് അസൂയയോടെ പരസ്പരം മത്സരിച്ചിരുന്നെങ്കിൽ അവൻ എത്രമാത്രം സന്തോഷിക്കുമായിരുന്നു! അത്തരമൊരു ഗതിയിൽ വഴുതിവീഴുക അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു; കാരണം, കൊരിന്തിലെ സഭയിലുള്ള ചില ക്രിസ്ത്യാനികൾ, “ഞാൻ പൗലോസിന്റെ പക്ഷത്താണ്” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ പക്ഷത്താണ്” എന്നും പറഞ്ഞുതുടങ്ങിയിരുന്നു. ആകട്ടെ, പൗലോസും അപ്പൊല്ലോസും അത്തരം വിഭാഗീയ ചിന്താഗതിയെ പ്രോത്സാഹിപ്പിച്ചോ? ഒരിക്കലുമില്ല! വാസ്തവത്തിൽ, പൗലോസ് താഴ്മയോടെ അപ്പൊല്ലോസിന് കൂടുതലായ ചുമതലകൾ ഏൽപ്പിച്ചുകൊടുത്തുകൊണ്ട് പ്രസംഗവേലയ്ക്ക് അദ്ദേഹം നൽകിയ പിന്തുണയെ വിലമതിക്കുന്നുവെന്ന് കാണിച്ചു. അപ്പൊല്ലോസാകട്ടെ, പൗലോസിന്റെ നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും തയ്യാറായി. (1 കൊരി. 1:10-12; 3:6, 9; തീത്തോ. 3:12, 13) താഴ്മയോടെ സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ എത്ര നല്ല മാതൃക!
‘ദൈവരാജ്യത്തെക്കുറിച്ച് ബോധ്യം വരുത്തുന്ന രീതിയിൽ ന്യായവാദം ചെയ്തു’ (പ്രവൃ. 18:23; 19:1-10)
8. പൗലോസ് ഏതു വഴിക്കാണ് എഫെസൊസിലേക്കു മടങ്ങിയത്, എന്തുകൊണ്ട്?
8 എഫെസൊസിലെ ക്രിസ്ത്യാനികളോട് നേരത്തേ പറഞ്ഞിരുന്നതുപോലെതന്നെ പൗലോസ് അവിടേക്കു മടങ്ങിച്ചെന്നു. a (പ്രവൃ. 18:20, 21) എന്നാൽ ഏതു വഴിക്കാണ് അദ്ദേഹം അങ്ങോട്ടു പോയത്? അദ്ദേഹം സിറിയയിലെ അന്ത്യോക്യയിൽ ആയിരിക്കുന്നതായാണ് അവസാനമായി നാം കണ്ടത്. അന്ത്യോക്യയിൽനിന്ന് നേരെ സെലൂക്യയിൽ വന്നിട്ട് കപ്പൽ കയറി അദ്ദേഹത്തിന് എളുപ്പത്തിൽ എഫെസൊസിൽ എത്താമായിരുന്നു. എന്നാൽ അതിനുപകരം പൗലോസ് “ഉൾപ്രദേശങ്ങളിലൂടെ” യാത്രചെയ്തു. പ്രവൃത്തികൾ 18:23-ലും 19:1-ലും പറഞ്ഞിരിക്കുന്നപ്രകാരം എഫെസൊസിൽ എത്തുന്നതിന് പൗലോസ് 1,600 കിലോമീറ്റർ യാത്രചെയ്തിരിക്കാം എന്ന് കണക്കാക്കപ്പെടുന്നു. എന്തുകൊണ്ടായിരിക്കാം പൗലോസ് ഉൾപ്രദേശങ്ങളിലൂടെയുള്ള ക്ലേശപൂർണമായ ഒരു യാത്ര തിരഞ്ഞെടുത്തത്? ‘ശിഷ്യന്മാരെയെല്ലാം ബലപ്പെടുത്താൻ’ അദ്ദേഹം ആഗ്രഹിച്ചു. (പ്രവൃ. 18:23) ആദ്യത്തെ രണ്ടു മിഷനറി പര്യടനങ്ങളെപ്പോലെതന്നെ മൂന്നാമത്തേതും അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു; എങ്കിലും തന്റെ ശ്രമങ്ങൾക്ക് തക്ക പ്രയോജനമുണ്ടെന്ന് പൗലോസ് തിരിച്ചറിഞ്ഞു. സമാനമായ ഒരു മനോഭാവമാണ് ഇന്നത്തെ സർക്കിട്ട് മേൽവിചാരകന്മാരും അവരുടെ ഭാര്യമാരും പ്രകടമാക്കുന്നത്. അവർ കാണിക്കുന്ന ആത്മത്യാഗപരമായ സ്നേഹം നാം വിലമതിക്കുന്നില്ലേ?
9. ചില ശിഷ്യന്മാർക്ക് വീണ്ടും സ്നാനമേൽക്കേണ്ടിവന്നത് എന്തുകൊണ്ട്, അവരിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 പൗലോസ് എഫെസൊസിൽ എത്തിയപ്പോൾ, യോഹന്നാൻ സ്നാപകന്റെ ചില ശിഷ്യന്മാരെ കണ്ടുമുട്ടി. അവർ ഏതാണ്ട് പന്ത്രണ്ടു പേരുണ്ടായിരുന്നു. അതിനോടകം സാധുത നഷ്ടപ്പെട്ടിരുന്ന “യോഹന്നാന്റെ സ്നാനം” ഏറ്റവരായിരുന്നു അവർ. പരിശുദ്ധാത്മാവിനെക്കുറിച്ചും അവർക്ക് ഒന്നുംതന്നെ അറിയില്ലായിരുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുന്നതിന്റെ പ്രാധാന്യം പൗലോസ് അവർക്കു വിശദീകരിച്ചുകൊടുത്തു. അപ്പൊല്ലോസിനെപ്പോലെതന്നെ ഇവരും താഴ്മയുള്ളവരും പഠിക്കാൻ ഉത്സാഹമുള്ളവരും ആയിരുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റശേഷം അവർക്ക് പരിശുദ്ധാത്മാവും അത്ഭുതകരമായ ചില കഴിവുകളും ലഭിച്ചു. പുരോഗതിയുടെ പാതയിൽ സദാ മുന്നേറിക്കൊണ്ടിരിക്കുന്ന യഹോവയുടെ സംഘടനയോട് ഒപ്പം നീങ്ങുന്നത് തീർച്ചയായും അനുഗ്രഹങ്ങൾ കൈവരുത്തും.—പ്രവൃ. 19:1-7.
10. സിനഗോഗിൽ പോകുന്നതിനു പകരം പൗലോസ് ഒരു സ്കൂളിലെ ഹാളിൽ പോയി പ്രസംഗിച്ചത് എന്തുകൊണ്ട്, അത് ശുശ്രൂഷയിൽ നമുക്ക് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ?
10 സംഘടനാപരവും വ്യക്തിഗതവുമായ പുരോഗതിയുടെ ഉദാഹരണങ്ങളാണ് തുടർന്നുണ്ടായ സംഭവങ്ങളിൽ നാം കാണുന്നത്. പൗലോസ് മൂന്നു മാസം സിനഗോഗിൽ ധൈര്യത്തോടെ പ്രസംഗിച്ചു. അവിടെ അദ്ദേഹം ‘ദൈവരാജ്യത്തെക്കുറിച്ച് ബോധ്യം വരുത്തുന്ന രീതിയിൽ ന്യായവാദം ചെയ്തെങ്കിലും’ ചിലർ കഠിനഹൃദയരായിത്തീർന്ന് അദ്ദേഹത്തെ എതിർക്കാൻ തുടങ്ങി. “ഈ മാർഗത്തെക്കുറിച്ച് അപവാദം” പറഞ്ഞ അവരോടു ന്യായവാദം ചെയ്ത് സമയം പാഴാക്കുന്നതിനു പകരം പൗലോസ് ഒരു സ്കൂളിലെ ഹാളിൽ പ്രസംഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾചെയ്തു. (പ്രവൃ. 19:8, 9) ആത്മീയ പുരോഗതി വരുത്താൻ ആഗ്രഹിച്ചവർ ഇപ്പോൾ സിനഗോഗിൽ പോകുന്നതിനു പകരം ആ സ്കൂളിലെ ഹാളിൽ വരണമായിരുന്നു. പൗലോസിനെപ്പോലെതന്നെ നാമും ചിലപ്പോൾ, ശ്രദ്ധിക്കാൻ മനസ്സുകാണിക്കാതെ തർക്കിക്കാൻമാത്രം താത്പര്യപ്പെടുന്ന വീട്ടുകാരുമായുള്ള സംഭാഷണം അവസാനിപ്പിക്കേണ്ടതുണ്ടായിരിക്കാം. നമ്മുടെ പ്രോത്സാഹജനകമായ സന്ദേശം കേൾക്കേണ്ടവരായി ചെമ്മരിയാടുതുല്യരായ അനേകർ ഇനിയുമുണ്ട്!
11, 12. (എ) കഠിനാധ്വാനംചെയ്യുന്നതിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റംവരുത്തുന്നതിലും പൗലോസ് എന്തു മാതൃകവെച്ചു? (ബി) ശുശ്രൂഷയിൽ പൗലോസിന്റെ മാതൃക യഹോവയുടെ സാക്ഷികൾ അനുകരിച്ചിരിക്കുന്നത് എങ്ങനെ?
11 ദിവസവും രാവിലെ ഏതാണ്ട് 11 മണിമുതൽ വൈകുന്നേരം ഏതാണ്ട് 4 മണിവരെ പൗലോസ് ആ ഹാളിൽ പ്രസംഗിച്ചിരിക്കാം. (പ്രവൃ. 19:9-ന്റെ പഠനക്കുറിപ്പ് കാണുക, nwtsty) കടുത്ത ചൂടുള്ള ആ സമയത്ത് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ആയി പലരും ജോലി നിറുത്തിയിരുന്നു. അതുകൊണ്ടുതന്നെ ആ സമയം വളരെ ശാന്തമായിരുന്നു. രണ്ടു വർഷം മുഴുവൻ പൗലോസ് അങ്ങനെയൊരു പട്ടിക പിൻപറ്റിയിട്ടുണ്ടെങ്കിൽ, പഠിപ്പിക്കാനായി അദ്ദേഹം 3,000-ത്തിലേറെ മണിക്കൂർ—മാസം 125 മണിക്കൂർവീതം—ചെലവഴിച്ചിട്ടുണ്ടാകണം. b യഹോവയുടെ വചനം പ്രചരിച്ച് ശക്തിയാർജിച്ചതിന്റെ മറ്റൊരു കാരണമാണത്. കഠിനാധ്വാനിയും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റംവരുത്താൻ മനസ്സൊരുക്കമുള്ളവനും ആയിരുന്നു പൗലോസ്. അവിടെയുള്ള ആളുകൾക്ക് തന്റെ ശുശ്രൂഷയിലൂടെ പ്രയോജനം ലഭിക്കേണ്ടതിന് പൗലോസ് തന്റെ പട്ടികയിൽ പൊരുത്തപ്പെടുത്തൽ വരുത്തി. എന്തായിരുന്നു ഫലം? “ഏഷ്യ സംസ്ഥാനത്ത് താമസിച്ചിരുന്ന ജൂതന്മാരും ഗ്രീക്കുകാരും എല്ലാം കർത്താവിന്റെ വചനം കേട്ടു.” (പ്രവൃ. 19:10) സമഗ്രമായി സാക്ഷീകരിച്ചതിന്റെ എത്ര നല്ല മാതൃക!
12 ഇന്ന് യഹോവയുടെ സാക്ഷികളും പൗലോസിനെപ്പോലെ കഠിനാധ്വാനംചെയ്യാനും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റംവരുത്താനും മനസ്സൊരുക്കമുള്ളവരാണ്. ആളുകളെ കണ്ടെത്താൻ കഴിയുന്ന സ്ഥലത്തും സമയത്തും സന്തോഷവാർത്ത പ്രസംഗിക്കാൻ നാം ശ്രമിക്കുന്നു. തെരുവുകളിലും വ്യാപാരസ്ഥലങ്ങളിലും വാഹനങ്ങൾ പാർക്കുചെയ്യുന്നിടത്തും ഒക്കെ നാം സാക്ഷീകരിക്കുന്നു. ടെലിഫോണിലൂടെയും കത്തിലൂടെയും ആളുകളുമായി ബന്ധപ്പെടാൻ നാം ശ്രമിക്കുന്നു. ആളുകൾ വീട്ടിലുണ്ടാകാൻ ഏറെ സാധ്യതയുള്ള സമയത്ത് വീടുതോറുമുള്ള വേലയിൽ ഏർപ്പെടാനും നാം ക്രമീകരിക്കുന്നു.
ദുഷ്ടാത്മസ്വാധീനത്തിന്മധ്യേയും യഹോവയുടെ വചനം ‘പ്രചരിച്ച് ശക്തിയാർജിച്ചു’ (പ്രവൃ. 19:11-22)
13, 14. (എ) യഹോവ പൗലോസിനെ എന്തു ചെയ്യാൻ പ്രാപ്തനാക്കി? (ബി) സ്കേവയുടെ പുത്രന്മാർ എന്തു ചെയ്തു, സമാനമായി ഇന്ന് ക്രൈസ്തവ ലോകത്തിലെ അനേകർ പ്രവർത്തിക്കുന്നത് എങ്ങനെ?
13 “അസാധാരണമായ അത്ഭുതങ്ങൾ” ചെയ്യാൻ യഹോവ പൗലോസിനെ പ്രാപ്തനാക്കിയതോടെ നിർണായകമായ പല സംഭവങ്ങളും ഉണ്ടായതായി ലൂക്കോസ് വിവരിക്കുന്നു. പൗലോസ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും തൂവാലകളും പോലും രോഗികളുടെമേൽ ഇട്ടപ്പോൾ അവർ സുഖംപ്രാപിച്ചു. ഈ വിധത്തിൽ ദുഷ്ടാത്മാക്കളെ പുറത്താക്കാൻപോലും കഴിഞ്ഞു. c (പ്രവൃ. 19:11, 12) ദുഷ്ടാത്മശക്തികളുടെമേലുള്ള ഇത്തരം വിജയങ്ങൾ പലരുടെയും ശ്രദ്ധയാകർഷിച്ചു. എന്നാൽ അത് ചില പ്രശ്നങ്ങൾക്കും വഴിവെച്ചു.
14 ‘ഭൂതങ്ങളെ പുറത്താക്കിക്കൊണ്ട് ചുറ്റിസഞ്ചരിച്ച ചില ജൂതന്മാർ’ പൗലോസ് ചെയ്ത അത്ഭുതങ്ങൾ അനുകരിക്കാൻനോക്കി. ആ ജൂതന്മാരിൽ ചിലർ യേശുവിന്റെയും പൗലോസിന്റെയും നാമത്തിൽ ഭൂതങ്ങളെ പുറത്താക്കാൻ ശ്രമിച്ചു. ഉദാഹരണത്തിന്, പുരോഹിത കുടുംബത്തിൽപ്പെട്ട സ്കേവ എന്നു പേരുള്ള ഒരു ജൂതന്റെ ഏഴ് പുത്രന്മാരെക്കുറിച്ച് ലൂക്കോസ് പറയുന്നു. അവർ ഭൂതത്തെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ, “യേശുവിനെ എനിക്ക് അറിയാം, പൗലോസിനെയും അറിയാം, എന്നാൽ നിങ്ങൾ ആരാണ്” എന്ന് ഭൂതം അവരോടു ചോദിച്ചു. ഭൂതബാധിതനായ ആ മനുഷ്യൻ ഒരു കാട്ടുമൃഗത്തെപ്പോലെ അവരുടെമേൽ ചാടിവീണു. അങ്ങനെ അവർ മുറിവേറ്റവരും നഗ്നരുമായി അവിടെനിന്ന് ഓടിപ്പോയി. (പ്രവൃ. 19:13-16) ഈ സംഭവത്തിലൂടെ, പൗലോസിനു ലഭിച്ച ശക്തിയുടെ മാഹാത്മ്യവും വ്യാജമതം ആചരിച്ചിരുന്ന ആ ജൂതന്മാരുടെ നിസ്സഹായാവസ്ഥയും വളരെ പ്രകടമായി. ‘യഹോവയുടെ വചനത്തിന്റെ’ എത്ര മഹത്തായ വിജയം! യേശുവിന്റെ നാമം വെറുതെ വിളിച്ചപേക്ഷിക്കുകയോ ഒരു ‘ക്രിസ്ത്യാനിയായി’ അറിയപ്പെടുകയോ ചെയ്താൽ മതിയെന്നാണ് അനേകരും ഇന്നു കരുതുന്നത്. എന്നാൽ യേശു സൂചിപ്പിച്ചതുപോലെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർക്കുമാത്രമാണ് യഥാർഥ പ്രത്യാശയുള്ളത്.—മത്താ. 7:21-23.
15. ഭൂതവിദ്യയുടെയും അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും കാര്യത്തിൽ എഫെസൊസിലുള്ളവരുടെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
15 സ്കേവയുടെ പുത്രന്മാർക്കുണ്ടായ അനുഭവംനിമിത്തം അനേകരിലും ദൈവഭയം നിറഞ്ഞു. പലരും വിശ്വാസികളായിത്തീരുകയും ഭൂതവിദ്യാപരമായ നടപടികൾ ഉപേക്ഷിക്കുകയും ചെയ്തു. മന്ത്രപ്രയോഗങ്ങളിൽ മുഴുകിയിരുന്ന ഒരു ജനതയായിരുന്നു എഫെസ്യർ. ആഭിചാരവും ഏലസ്സുകൾ ധരിക്കുന്ന രീതിയും മന്ത്രോച്ചാരണവും മന്ത്രങ്ങൾ ആലേഖനംചെയ്ത് സൂക്ഷിക്കുന്ന സമ്പ്രദായവും അവരുടെ ഇടയിൽ സർവസാധാരണമായിരുന്നു. എന്നാൽ ഇപ്പോൾ എഫെസൊസിലെ അനേകർ ഭൂതവിദ്യയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ കൊണ്ടുവന്ന് എല്ലാവരുടെയും മുമ്പാകെ ചുട്ടുകളഞ്ഞു. ഇന്നത്തെ കണക്കനുസരിച്ച് അവയ്ക്ക് ലക്ഷക്കണക്കിനു രൂപ വില വരുമായിരുന്നു. d “ഇങ്ങനെ യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തു” എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. (പ്രവൃ. 19:17-20) വ്യാജോപദേശങ്ങളുടെയും ഭൂതവിദ്യയുടെയും മേൽ സത്യം എത്ര മഹത്തായ വിജയമാണ് നേടിയത്! വിശ്വസ്തരായ ആ ആളുകൾ നമുക്ക് എത്ര നല്ലൊരു മാതൃകയാണ്! ഭൂതവിദ്യ ഇന്നും വളരെ വ്യാപകമാണ്. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും നമ്മുടെ കൈവശം ഉണ്ടെങ്കിൽ എഫെസൊസിൽ ഉള്ളവരെപ്പോലെ നാമും എത്രയും വേഗം അവ നശിപ്പിച്ചുകളയണം. മ്ലേച്ഛമായ അത്തരം ആചാരങ്ങളിൽനിന്ന് നമുക്ക് ഓടിയകലാം, അതിനായി എത്രതന്നെ നഷ്ടങ്ങൾ സഹിക്കേണ്ടിവന്നാലും.
“വലിയ കലഹം ഉണ്ടായി” (പ്രവൃ. 19:23-41)
16, 17. (എ) ദമേത്രിയൊസ് എഫെസൊസിലെ കലഹത്തിന് തുടക്കമിട്ടത് എങ്ങനെയെന്നു വിവരിക്കുക. (ബി) എഫെസൊസിലുള്ളവർ മതഭ്രാന്ത് കാണിച്ചത് എങ്ങനെ?
16 സാത്താന്റെ മറ്റൊരു തന്ത്രം വെളിച്ചത്തുകൊണ്ടുവരുന്നതാണ് തുടർന്നുണ്ടായ സംഭവം. “ഈ മാർഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി” എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു. e (പ്രവൃ. 19:23) ദമേത്രിയൊസ് എന്നു പേരുള്ള ഒരു വെള്ളിപ്പണിക്കാരനാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ആദ്യംതന്നെ അയാൾ, തങ്ങളുടെ സമ്പാദ്യമെല്ലാം വിഗ്രഹങ്ങൾ വിറ്റ് ലഭിച്ചതാണെന്ന് കൂടെയുള്ള ശില്പികളെ ഓർമിപ്പിച്ചു. ക്രിസ്ത്യാനികൾ വിഗ്രഹങ്ങളെ ആരാധിക്കാത്തവരായതിനാൽ പൗലോസ് പ്രസംഗിക്കുന്ന സന്ദേശം തങ്ങളുടെ കച്ചവടത്തിന് നഷ്ടം ഉണ്ടാക്കുമെന്നും അയാൾ പറഞ്ഞു. തുടർന്ന് അവരുടെ അർത്തെമിസ് മഹാദേവിയും ലോകപ്രശസ്തമായ ക്ഷേത്രവും ‘ഒന്നുമല്ലാതാകാനുള്ള’ സാധ്യതയുണ്ടെന്നു പറഞ്ഞ് ആ എഫെസൊസ് പൗരന്മാരുടെ ദേശാഭിമാനവും ദേശീയവികാരവും ഉണർത്താനും അയാൾ ശ്രമിച്ചു.—പ്രവൃ. 19:24-27.
17 ദമേത്രിയൊസിന്റെ വാക്കുകൾ ഫലംകണ്ടു. ആ വെള്ളിപ്പണിക്കാരെല്ലാംകൂടി, “എഫെസ്യരുടെ അർത്തെമിസ് മഹോന്നതയാണ്!” എന്ന് ആർത്തുവിളിക്കാൻ തുടങ്ങി. അങ്ങനെ, എഫെസൊസ് പട്ടണം ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ട പ്രക്ഷുബ്ധമായ അവസ്ഥയിൽ എത്തിച്ചേർന്നു. f ആത്മത്യാഗ മനോഭാവത്തിന് ഉടമയായ പൗലോസ് പ്രദർശനശാലയിൽ ചെന്ന് ജനങ്ങളോടു സംസാരിക്കാൻ തുനിഞ്ഞെങ്കിലും അപകടം തിരിച്ചറിഞ്ഞ ശിഷ്യന്മാർ അതിന് അദ്ദേഹത്തെ അനുവദിച്ചില്ല. അലക്സാണ്ടർ എന്നൊരാൾ അപ്പോൾ ജനത്തിന്റെ മുമ്പാകെവന്ന് സംസാരിക്കാൻ ഒരുങ്ങി. ഒരു ജൂതൻ ആയിരുന്നതിനാൽ ജൂതന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള അന്തരം അവരെ ബോധ്യപ്പെടുത്താൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരിക്കണം. പക്ഷേ, അതൊന്നും കേൾക്കാൻ അവിടെ കൂടിയിരുന്നവർക്കു മനസ്സില്ലായിരുന്നു. അദ്ദേഹം ഒരു ജൂതനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരെല്ലാം ബഹളംവെച്ച് അദ്ദേഹത്തെ മിണ്ടാതാക്കുകയും “എഫെസ്യരുടെ അർത്തെമിസ് മഹോന്നതയാണ്!” എന്ന് രണ്ടു മണിക്കൂറോളം തുടർച്ചയായി ആർത്തുവിളിക്കുകയും ചെയ്തു. ഇക്കാലത്തും മതഭ്രാന്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സകല ന്യായബോധവും വിട്ട് പ്രവർത്തിക്കാൻ അത് ഇന്നും ആളുകളെ പ്രേരിപ്പിക്കുന്നു.—പ്രവൃ. 19:28-34.
18, 19. (എ) നഗരാധികാരി എഫെസൊസിലെ ജനത്തെ ശാന്തരാക്കിയത് എങ്ങനെ? (ബി) യഹോവയുടെ സാക്ഷികളെ ചിലപ്പോഴെല്ലാം അധികാരികൾ സംരക്ഷിച്ചിട്ടുള്ളത് എങ്ങനെ, അത്തരം സംരക്ഷണം ലഭിക്കാൻ നാം എന്തു ചെയ്യണം?
18 ഒടുവിൽ, നഗരാധികാരി ജനത്തെ ശാന്തരാക്കി. ക്രിസ്ത്യാനികൾ അവരുടെ ക്ഷേത്രത്തിനും ദേവിക്കും ഒരു ഭീഷണിയല്ലെന്നും അർത്തെമിസ് ദേവിയുടെ ക്ഷേത്രത്തിനു വിരോധമായി പൗലോസും കൂട്ടാളികളും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇത്തരം പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിന് ഒരു നടപടിക്രമം ഉണ്ടെന്നും വളരെ സമചിത്തതയോടെ സമർഥനായ ആ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. മാത്രമല്ല, നിയമവിരുദ്ധമായി ഇത്തരത്തിൽ കൂട്ടംചേർന്ന് ലഹളയുണ്ടാക്കുന്നത് റോമിന്റെ കോപം വിളിച്ചുവരുത്തുമെന്നും അയാൾ അവരെ ഓർമിപ്പിച്ചു. അവരെ ശാന്തരാക്കാൻപോന്ന ഒരു പ്രസ്താവനയായിരുന്നു അത്. തുടർന്ന് അദ്ദേഹം ആ ജനത്തെ പിരിച്ചുവിട്ടു. അവരുടെ കോപം, ആളിക്കത്തിയ അതേ വേഗത്തിൽത്തന്നെ കെട്ടടങ്ങാൻ അയാളുടെ ബുദ്ധിപൂർവകവും പ്രായോഗികവും ആയ വാക്കുകൾ ഇടയാക്കി.—പ്രവൃ. 19:35-41.
19 അധികാരസ്ഥാനത്തുള്ള, സമചിത്തതയോടെ കാര്യങ്ങൾ വീക്ഷിക്കാനാകുന്ന ആരെങ്കിലും ഇത്തരത്തിൽ യേശുവിന്റെ അനുഗാമികളെ സംരക്ഷിക്കുന്നത് ഇതാദ്യമായിട്ടല്ല. സമാനമായ അനുഭവങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാനുമാകുമായിരുന്നു. അവസാനകാലത്ത് യേശുവിന്റെ അനുഗാമികൾക്കെതിരെ സാത്താൻ അഴിച്ചുവിടുന്ന ഉപദ്രവങ്ങളുടെ ഒരു പ്രളയത്തെ ഭൂമി, അഥവാ ഈ ലോകത്തിലെ സുസ്ഥിരഘടകങ്ങൾ, വിഴുങ്ങിക്കളയുന്നതായി യോഹന്നാൻ അപ്പോസ്തലൻ ദർശനത്തിൽ കണ്ടു. (വെളി. 12:15, 16) അതിന്റെ നിവൃത്തി നാം കണ്ടിരിക്കുന്നു. ആരാധനയ്ക്കായി കൂടിവരാനും മറ്റുള്ളവരോട് സന്തോഷവാർത്ത പങ്കുവെക്കാനും ഉള്ള യഹോവയുടെ സാക്ഷികളുടെ അവകാശത്തെ പലപ്പോഴും ധർമിഷ്ഠരായ ന്യായാധിപന്മാർ സംരക്ഷിച്ചിട്ടുണ്ട്. അത്തരം വിജയങ്ങളെ നമ്മുടെ നല്ല പെരുമാറ്റം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. പൗലോസിന്റെ നല്ല പെരുമാറ്റം അദ്ദേഹത്തിന് എഫെസൊസിലെ ചില അധികാരികളുടെ ആദരവ് നേടിക്കൊടുത്തതുകൊണ്ടായിരിക്കാം, അദ്ദേഹത്തെ സംരക്ഷിക്കാൻ അവർ താത്പര്യം കാണിച്ചു. (പ്രവൃ. 19:31) മറ്റുള്ളവരിൽ മതിപ്പുളവാക്കുന്നവിധത്തിൽ സത്യസന്ധവും ആദരണീയവും ആയിരിക്കട്ടെ നമ്മുടെ പെരുമാറ്റം. നാം ഒട്ടും വിചാരിക്കാത്ത രീതിയിലുള്ള സത്ഫലങ്ങളായിരിക്കും അത് ഉളവാക്കുന്നത്.
20. (എ) യഹോവയുടെ വചനത്തിന്റെ ഒന്നാം നൂറ്റാണ്ടിലെയും ഇന്നത്തെയും വളർച്ചയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? (ബി) യഹോവയുടെ ജനത്തിന് ഇന്നു ലഭിക്കുന്ന വിജയങ്ങളോടുള്ള ബന്ധത്തിൽ നിങ്ങളുടെ ദൃഢതീരുമാനം എന്താണ്?
20 ഒന്നാം നൂറ്റാണ്ടിൽ ‘യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തതിനെക്കുറിച്ച്’ പരിചിന്തിക്കുന്നത് തികച്ചും പ്രോത്സാഹജനകമാണ്. ഇന്ന് നമുക്കു ലഭിക്കുന്ന വിജയങ്ങളിലും യഹോവയുടെ കരം ദർശിക്കാനാകുന്നത് എത്ര സന്തോഷമേകുന്നു! അത്തരം വിജയങ്ങളിൽ, ചെറുതാണെങ്കിൽപ്പോലും ഒരു പങ്കുവഹിക്കാനാകുന്നത് ഒരു വലിയ പദവിയല്ലേ? അങ്ങനെയെങ്കിൽ നാം കണ്ട ദൃഷ്ടാന്തങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. താഴ്മയുള്ളവരായിരിക്കുക, ആത്മീയ പുരോഗതിയുടെ പാതയിൽ സദാ മുന്നേറിക്കൊണ്ടിരിക്കുന്ന യഹോവയുടെ സംഘടനയോടൊപ്പം നീങ്ങുക, കഠിനാധ്വാനംചെയ്യുക, ഒരുപ്രകാരത്തിലും ഭൂതവിദ്യയിൽ ഉൾപ്പെടാതിരിക്കുക, സത്യസന്ധവും ആദരണീയവും ആയ പെരുമാറ്റത്തിലൂടെ നല്ലൊരു സാക്ഷ്യം നൽകാൻ പരമാവധി ശ്രമിക്കുക.
a “ എഫെസൊസ്—ഏഷ്യയുടെ തലസ്ഥാനം” എന്ന ചതുരം കാണുക.
b എഫെസൊസിൽ ആയിരിക്കെ പൗലോസ് കൊരിന്തിലുള്ളവർക്കുള്ള ഒന്നാമത്തെ കത്തും എഴുതി.
c വിയർപ്പ് കണ്ണിലേക്ക് ഒഴുകിവീഴാതിരിക്കാൻ നെറ്റിയിൽ കെട്ടിയിരുന്നതായിരിക്കാം ഈ തൂവാലകൾ. ഇവിടെ ‘വസ്ത്രം’ എന്നു പറഞ്ഞിരിക്കുന്നത്, ജോലിക്കിടെ അഴുക്ക് പറ്റാതിരിക്കാൻ പണിക്കാർ ധരിക്കുന്ന മേൽവസ്ത്രത്തെക്കുറിച്ചായിരിക്കാം (apron). അതു കാണിക്കുന്നത് അദ്ദേഹം തന്റെ ഒഴിവുസമയത്ത്, ഒരുപക്ഷേ അതിരാവിലെ, കൂടാരപ്പണി ചെയ്യാറുണ്ടായിരുന്നുവെന്നാണ്.—പ്രവൃ. 20:34, 35.
d ആ ഗ്രന്ഥങ്ങളുടെ വില 50,000 വെള്ളിക്കാശു എന്നു കണക്കാക്കിയതായി ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ഉദ്ദേശിച്ചത് ദിനാറെ ആയിരുന്നെങ്കിൽ, ആ തുക സമ്പാദിക്കാൻ അക്കാലത്ത് ഒരു തൊഴിലാളിക്ക് 50,000 ദിവസം—ആഴ്ചയിൽ ഏഴു ദിവസവും ജോലിചെയ്താൽ ഏതാണ്ട് 137 വർഷം—ജോലി ചെയ്യേണ്ടിവരുമായിരുന്നു.
e ഈ സംഭവമാണ്, ‘ജീവനോടിരിക്കുമോ എന്നുപോലും ആശങ്ക തോന്നിയതായി’ കൊരിന്തിലുള്ളവർക്ക് എഴുതിയപ്പോൾ പൗലോസ് ഉദ്ദേശിച്ചതെന്ന് ചിലർ പറയുന്നു. (2 കൊരി. 1:8) എന്നാൽ ഇതിലും ഭീകരമായ ഒരു സംഭവം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്. ‘എഫെസൊസിൽവെച്ച് വന്യമൃഗങ്ങളുമായി മല്ലിട്ടു’ എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. പോർക്കളത്തിൽ ക്രൂരമൃഗങ്ങളുമായി പോരാടിയതിനെയോ മനുഷ്യരിൽനിന്നുള്ള എതിർപ്പു നേരിട്ടതിനെയോ ആയിരിക്കാം അദ്ദേഹം അപ്പോൾ അർഥമാക്കിയത്.—1 കൊരി. 15:32.
f ശില്പികളുടെ ഇത്തരം സംഘടനകൾ അഥവാ യൂണിയനുകൾ വളരെ ശക്തമായിരുന്നു. ഉദാഹരണത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം അപ്പക്കാരുടെ സംഘടന എഫെസൊസിൽ സമാനമായൊരു ലഹളയ്ക്ക് തുടക്കമിടുകയുണ്ടായി.