അധ്യായം 22
“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ”
ദൈവേഷ്ടം ചെയ്യാൻ ദൃഢചിത്തനായി പൗലോസ് യരുശലേമിലേക്കു പോകുന്നു
ആധാരം: പ്രവൃത്തികൾ 21:1-17
1-4. പൗലോസ് യരുശലേമിലേക്കു പോകുന്നത് എന്തിന്, അവിടെ അദ്ദേഹത്തിന് എന്തു സംഭവിക്കും?
അത്യന്തം വികാരസാന്ദ്രമായിരുന്നു മിലേത്തൊസിലെ ആ വിടവാങ്ങൽ. തങ്ങൾക്ക് ഏറെ പ്രിയങ്കരരായ എഫെസൊസിലെ മൂപ്പന്മാരെ പിരിഞ്ഞു പോകുന്നത് പൗലോസിനും ലൂക്കോസിനും അങ്ങേയറ്റം ഹൃദയഭേദകമായ ഒരു അനുഭവമാണ്. ആ രണ്ടു മിഷനറിമാർ കപ്പലിന്റെ മേൽത്തട്ടിൽ നിൽക്കുന്നു. യാത്രയ്ക്ക് ആവശ്യമായ സാധനങ്ങളൊക്കെ അവർ കൂടെ കരുതിയിട്ടുണ്ട്. യഹൂദ്യയിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി ശേഖരിച്ച സംഭാവനകളും അവരുടെ കൈവശമുണ്ട്. അത് എത്രയും പെട്ടെന്ന് യരുശലേമിൽ എത്തിക്കാൻ അവർ ആഗ്രഹിക്കുന്നു.
2 ശബ്ദമുഖരിതമായ ആ തുറമുഖത്തുനിന്ന് കപ്പൽ മെല്ലെ നീങ്ങിത്തുടങ്ങി. പൗലോസും സംഘവും തങ്ങളെ യാത്ര അയയ്ക്കാനായി വന്ന, ദുഃഖാർത്തരായ ആ സഹോദരന്മാരെത്തന്നെ നോക്കുകയാണ്. (പ്രവൃ. 20:4, 14, 15) അവർ ദൃഷ്ടിയിൽനിന്നു മറയുന്നതുവരെ ആ സഞ്ചാരികൾ കൈവീശി യാത്രാമൊഴി ചൊല്ലുന്നു.
3 ഏതാണ്ടു മൂന്നു വർഷം പൗലോസ് എഫെസൊസിലെ മൂപ്പന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പരിശുദ്ധാത്മാവിന്റെ നിർദേശപ്രകാരം അദ്ദേഹം യരുശലേമിലേക്കു പോകുകയാണ്. അവിടെ തനിക്ക് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു ഏകദേശ ധാരണയുണ്ട്; കാരണം, അതേക്കുറിച്ച് മുമ്പ് അദ്ദേഹം ആ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “പരിശുദ്ധാത്മാവ് നിർബന്ധിച്ചിട്ട് ഞാൻ യരുശലേമിലേക്കു പോകുകയാണ്. അവിടെ എനിക്ക് എന്തെല്ലാം സംഭവിക്കുമെന്ന് അറിയില്ല; ജയിൽവാസവും കഷ്ടതകളും എന്നെ കാത്തിരിക്കുന്നെന്നു പരിശുദ്ധാത്മാവ് ഓരോ നഗരത്തിലുംവെച്ച് എനിക്ക് മുന്നറിയിപ്പു തരുന്നു എന്നു മാത്രം അറിയാം.” (പ്രവൃ. 20:22, 23) “പരിശുദ്ധാത്മാവ് നിർബന്ധിച്ചിട്ട്” എന്ന പൗലോസിന്റെ വാക്കുകൾ അർഥമാക്കുന്നത്, അപകടങ്ങൾ മുന്നിലുണ്ടായിരുന്നെങ്കിലും യരുശലേമിലേക്കു പോകാനുള്ള പരിശുദ്ധാത്മാവിന്റെ നിർദേശം അനുസരിക്കാൻ അദ്ദേഹത്തിനു കടപ്പാടു തോന്നി, അതിന് അദ്ദേഹം മനസ്സൊരുക്കമുള്ളവനായിരുന്നു എന്നാണ്. പൗലോസ് തന്റെ ജീവനു വിലകല്പിക്കുന്നുണ്ടെങ്കിലും ദൈവേഷ്ടം ചെയ്യുന്നതാണ് അദ്ദേഹത്തിനു പരമപ്രധാനം.
4 പൗലോസിന്റെ അതേ മനോഭാവമാണോ നിങ്ങൾക്കുള്ളത്? നാം യഹോവയ്ക്കു നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ ദൈവേഷ്ടം ചെയ്യുന്നതായിരിക്കും നമ്മുടെ ജീവിതത്തിൽ പരമപ്രധാനമെന്ന് നാം ദൈവമുമ്പാകെ പ്രതിജ്ഞചെയ്യുന്നു. അപ്പോസ്തലനായ പൗലോസിന്റെ വിശ്വസ്ത മാതൃക പരിശോധിക്കുന്നത് നമുക്കു വളരെയധികം പ്രയോജനംചെയ്യും.
“സൈപ്രസ് ദ്വീപ്” പിന്നിടുന്നു (പ്രവൃ. 21:1-3)
5. പൗലോസും കൂടെയുള്ളവരും സോരിലേക്കു പോയത് ഏതു വഴിക്കാണ്?
5 പൗലോസും സഹകാരികളും യാത്രചെയ്യുന്ന കപ്പൽ “നേരെ” കോസിലേക്കു പോയി. കാറ്റ് അനുകൂലമായിരുന്നതിനാൽ അവർക്ക് കപ്പലിന്റെ ഗതി മാറ്റേണ്ടിവന്നില്ല. അങ്ങനെ, അവർക്ക് അന്നുതന്നെ അവിടെ എത്തിച്ചേരാൻ കഴിഞ്ഞു. (പ്രവൃ. 21:1) അന്നു രാത്രി കപ്പൽ അവിടെ നങ്കൂരമിട്ടിരിക്കണം. പിറ്റേന്ന് അവർ രൊദൊസിലേക്കും അവിടെനിന്ന് പത്തരയിലേക്കും പോയി. ഏഷ്യാമൈനറിന്റെ തെക്കൻ തീരത്തുള്ള പത്തരയിൽനിന്ന് ആ സഹോദരന്മാർ ഫൊയ്നിക്യയിലെ സോരിലേക്കു നേരിട്ടുപോകുന്ന വലിയൊരു ചരക്കുകപ്പലിൽ യാത്രതുടർന്നു. പോകുന്നവഴി അവർ ‘ഇടത്തുവശത്തായി കണ്ട സൈപ്രസ് ദ്വീപ് പിന്നിട്ടു’ എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. (പ്രവൃ. 21:3) പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരനായ ലൂക്കോസ് എന്തുകൊണ്ടാണ് അങ്ങനെയൊരു വിശദാംശം തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയത്?
6. (എ) സൈപ്രസ് ദ്വീപ് കണ്ടത് പൗലോസിനെ പ്രോത്സാഹിപ്പിച്ചിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളതിനെക്കുറിച്ചു ധ്യാനിക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
6 പോകുന്നവഴി സൈപ്രസ് ദ്വീപ് കാണിച്ച് അവിടെ തനിക്കുണ്ടായ അനുഭവങ്ങൾ പൗലോസ് വിവരിച്ചിരിക്കാം. ഏതാണ്ട് ഒൻപതു വർഷംമുമ്പ് തന്റെ ആദ്യ മിഷനറി പര്യടനത്തിന്റെ ഭാഗമായി പൗലോസ് ബർന്നബാസിനോടും യോഹന്നാൻ മർക്കോസിനോടും ഒപ്പം അവിടെ എത്തിയിരുന്നു. അപ്പോൾ, അവരുടെ പ്രസംഗപ്രവർത്തനത്തെ എതിർത്ത എലീമാസ് എന്നൊരു ആഭിചാരകനെ അവർക്ക് നേരിടേണ്ടിവന്നു. (പ്രവൃ. 13:4-12) ആ ദ്വീപ് കാണുകയും അവിടെയുണ്ടായ അനുഭവത്തെക്കുറിച്ച് ഓർക്കുകയും ചെയ്തത് പൗലോസിനെ പ്രോത്സാഹിപ്പിക്കുകയും നേരിടാൻപോകുന്ന കഷ്ടങ്ങൾ സഹിക്കുന്നതിന് അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കാം. സമാനമായി, ദൈവം നമ്മെ അനുഗ്രഹിക്കുകയും പരിശോധനകളിൽ സഹിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്തിട്ടുള്ളതിനെക്കുറിച്ചു ധ്യാനിക്കുന്നത് നമുക്കും പ്രയോജനംചെയ്യും. അങ്ങനെചെയ്യുമ്പോൾ, “നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു; അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു” എന്നെഴുതിയ ദാവീദിനെപ്പോലെ പറയാൻ നമുക്കും കഴിയും.—സങ്കീ. 34:19.
ഞങ്ങൾ ‘ശിഷ്യന്മാരെ കണ്ടുപിടിച്ചു’ (പ്രവൃ. 21:4-9)
7. സോരിൽ എത്തിയ പൗലോസും സംഘവും എന്തുചെയ്തു?
7 ക്രിസ്തീയ സഹവാസത്തിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്ന പൗലോസ് സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ അതിയായി ആഗ്രഹിച്ചു. തങ്ങൾ സോരിൽ എത്തിയ ഉടനെ ‘ശിഷ്യന്മാരെ കണ്ടുപിടിച്ചു’ എന്ന് ലൂക്കോസ് എഴുതിയിരിക്കുന്നു. (പ്രവൃ. 21:4) സോരിൽ സഹവിശ്വാസികൾ ഉണ്ടെന്ന് അറിയാമായിരുന്ന ആ സഞ്ചാരികൾ അവരെ തേടി കണ്ടുപിടിക്കുകയും അവിടെ താമസിക്കുകയും ചെയ്തു. സാധ്യതയനുസരിച്ച് ആ സഹോദരങ്ങളോടൊപ്പം ആയിരിക്കണം അവർ താമസിച്ചത്. നാം സത്യത്തിലായിരിക്കുന്നതിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്, ലോകത്തിൽ എവിടെ പോയാലും നമ്മെ സന്തോഷപൂർവം സ്വാഗതംചെയ്യുന്ന സഹവിശ്വാസികളെ കണ്ടെത്താനാകും എന്നത്. അതെ, ദൈവത്തെ സ്നേഹിക്കുന്ന സത്യാരാധകർക്ക് ലോകമെമ്പാടും സുഹൃത്തുക്കളുണ്ട്.
8. പ്രവൃത്തികൾ 21:4 നാം എങ്ങനെ മനസ്സിലാക്കണം?
8 സോരിൽ താമസിച്ച ഏഴു ദിവസത്തെക്കുറിച്ചു വിവരിക്കവെ, ഒറ്റനോട്ടത്തിൽ അൽപ്പം ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാവുന്ന ഒരു കാര്യം ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു: “യരുശലേമിലേക്കു പോകരുതെന്ന് അവർ (സോരിലെ സഹോദരന്മാർ) പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലോസിനോട് ആവർത്തിച്ചുപറഞ്ഞു.” (പ്രവൃ. 21:4) യഹോവ ഇപ്പോൾ മനസ്സുമാറ്റിയോ? പൗലോസ് ഇപ്പോൾ യരുശലേമിലേക്കു പോകേണ്ടെന്ന് യഹോവ പറയുകയായിരുന്നോ? അല്ല. അവിടെ അദ്ദേഹത്തിന് കഷ്ടങ്ങൾ നേരിടേണ്ടിവരുമെന്ന് പരിശുദ്ധാത്മാവ് പൗലോസിന് സൂചന നൽകിയിരുന്നെങ്കിലും അദ്ദേഹം അങ്ങോട്ടു പോകരുതെന്ന് പരിശുദ്ധാത്മാവ് പറഞ്ഞിരുന്നില്ല. പൗലോസിന് യരുശലേമിൽ കഷ്ടങ്ങൾ സഹിക്കേണ്ടിവരുമെന്ന് പരിശുദ്ധാത്മാവിന്റെ സഹായത്താൽ സോരിലെ സഹോദരന്മാർ കൃത്യമായി മനസ്സിലാക്കിയെന്നു തോന്നുന്നു. അതുകൊണ്ട് പൗലോസിനോടുള്ള താത്പര്യംനിമിത്തം അങ്ങോട്ടു പോകരുതെന്ന് അവർ അദ്ദേഹത്തോട് അപേക്ഷിച്ചു. സംഭവിക്കാവുന്ന അപകടത്തിൽനിന്ന് പൗലോസിനെ സംരക്ഷിക്കാനുള്ള അവരുടെ ആഗ്രഹം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും യഹോവയുടെ ഇഷ്ടംചെയ്യാൻ ദൃഢചിത്തനായി പൗലോസ് യരുശലേമിലേക്കുള്ള തന്റെ യാത്ര തുടർന്നു.—പ്രവൃ. 21:12.
9, 10. (എ) സോരിലെ സഹോദരന്മാരുടെ ആശങ്കനിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പൗലോസ് എന്ത് ഓർത്തിരിക്കാം? (ബി) ഇന്ന് ആളുകൾ പൊതുവെ എന്തു വീക്ഷണം വെച്ചുപുലർത്തുന്നു, അത് യേശു പഠിപ്പിച്ചതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
9 സഹോദരന്മാരുടെ ആശങ്കനിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പൗലോസ് ഒരുപക്ഷേ, യേശുവിനുണ്ടായ അനുഭവം ഓർത്തിരിക്കണം. താൻ യരുശലേമിലേക്കു പോകുമെന്നും അവിടെ പലതും സഹിച്ച് കൊല്ലപ്പെടുമെന്നും യേശു പറഞ്ഞപ്പോൾ സമാനമായൊരു വിധത്തിലാണ് യേശുവിന്റെ ശിഷ്യന്മാർ പ്രതികരിച്ചത്. യേശുവിന്റെ വാക്കുകൾ കേട്ട് വികാരാധീനനായ പത്രോസ് യേശുവിനോട്, “കർത്താവേ, അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല” എന്നു പറഞ്ഞു. അപ്പോൾ, “സാത്താനേ, എന്റെ മുന്നിൽനിന്ന് മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്” എന്നായിരുന്നു യേശുവിന്റെ മറുപടി. (മത്താ. 16:21-23) ദൈവം തനിക്കായി നിശ്ചയിച്ചിരുന്ന ആത്മത്യാഗത്തിന്റെതായ ആ ജീവിതഗതി പൂർത്തിയാക്കാൻ യേശു ദൃഢചിത്തനായിരുന്നു. പൗലോസിനും അതേ മനോഭാവമാണുള്ളത്. അപ്പോസ്തലനായ പത്രോസിനെപ്പോലെ, സോരിലെ സഹോദരന്മാർ പൗലോസിനോട് അങ്ങനെ പറഞ്ഞതും സദുദ്ദേശ്യത്തോടെതന്നെ ആയിരുന്നിരിക്കണം. എന്നാൽ അവർ ദൈവഹിതം മനസ്സിലാക്കാൻ പരാജയപ്പെട്ടിരുന്നു.
10 എളുപ്പമുള്ള ഒരു ഗതി സ്വീകരിക്കാനാണ് ഇന്ന് അനേകരും ഇഷ്ടപ്പെടുന്നത്, അത് ഒരുപക്ഷേ, അത്ര നല്ലതല്ലായിരിക്കാമെങ്കിലും. അധികം നിബന്ധനകളൊന്നും വെക്കാത്ത, ആയാസരഹിതമായി പിൻപറ്റിപ്പോകാൻ കഴിയുന്ന ഒരു മതത്തിലായിരിക്കാൻ ആളുകൾ പൊതുവെ ആഗ്രഹിക്കുന്നു. എന്നാൽ അതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു മനോഭാവം ഉണ്ടായിരിക്കാനാണ് യേശു പഠിപ്പിച്ചത്. തന്റെ ശിഷ്യന്മാരോട് യേശു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ.” (മത്താ. 16:24) യേശുവിനെ അനുഗമിക്കുന്നതാണ് ജ്ഞാനപൂർവകവും ഉചിതവും ആയ ജീവിതഗതി. എന്നാൽ അതത്ര എളുപ്പമുള്ള ഒന്നല്ല.
11. സോരിലെ ശിഷ്യന്മാർ പൗലോസിനോടുള്ള പ്രിയവും അദ്ദേഹത്തിന്റെ വേലയോടുള്ള പിന്തുണയും പ്രകടമാക്കിയത് എങ്ങനെ?
11 പൗലോസിനും സംഘത്തിനും സോരിൽനിന്ന് യാത്ര തുടരാനുള്ള സമയമായി. അവരുടെ വിടവാങ്ങലിനെക്കുറിച്ചുള്ള വിവരണം വളരെ ഹൃദയസ്പർശിയായ ഒന്നാണ്. സോരിലെ സഹോദരങ്ങൾക്ക് പൗലോസിനോടുള്ള പ്രിയവും അദ്ദേഹത്തിന്റെ വേലയ്ക്ക് അവർ നൽകിയിരുന്ന പിന്തുണയും എത്രയധികമായിരുന്നുവെന്ന് അതു വെളിവാക്കുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവരെ കടൽത്തീരംവരെ അനുഗമിച്ചു. അവരെല്ലാവരും മുട്ടുകുത്തി പ്രാർഥിച്ച് പൗലോസിനെയും കൂട്ടാളികളെയും യാത്രയാക്കി. അങ്ങനെ, പൗലോസും ലൂക്കോസും സഞ്ചാരകൂട്ടാളികളും കപ്പലിൽ കയറി പ്തൊലെമായിസിലേക്കു പോയി. അവിടെ അവർ സഹോദരന്മാരെ കണ്ടുമുട്ടുകയും അവരോടൊപ്പം ഒരു ദിവസം താമസിക്കുകയും ചെയ്തു.—പ്രവൃ. 21:5-7.
12, 13. (എ) ഫിലിപ്പോസ് വിശ്വസ്ത സേവനത്തിന്റെ എന്തു മാതൃകവെച്ചു? (ബി) ഇന്നത്തെ ക്രിസ്തീയ പിതാക്കന്മാർക്ക് ഫിലിപ്പോസ് നല്ലൊരു മാതൃകയായിരിക്കുന്നത് എങ്ങനെ?
12 അടുത്തതായി, പൗലോസും കൂടെയുള്ളവരും കൈസര്യയിലേക്കു പോകുന്നതായി ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. അവിടെ എത്തിയ അവർ “ഫിലിപ്പോസ് എന്ന സുവിശേഷകന്റെ വീട്ടിൽ” ചെന്നു. a (പ്രവൃ. 21:8) ഫിലിപ്പോസിനെ കണ്ടപ്പോൾ അവർക്ക് എത്ര സന്തോഷം തോന്നിയിരിക്കണം! ഏതാണ്ട് 20 വർഷംമുമ്പ് യരുശലേമിൽ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയിൽ ഭക്ഷ്യവിതരണത്തിനു സഹായിക്കുന്നതിനായി അപ്പോസ്തലന്മാർ നിയമിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. ദീർഘകാലമായി തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിച്ചതിന്റെ നല്ലൊരു രേഖയും അദ്ദേഹത്തിനുണ്ട്. ഉപദ്രവം പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി ശിഷ്യന്മാർ പലയിടങ്ങളിലേക്കും ചിതറിപ്പോയപ്പോൾ ഫിലിപ്പോസ് ശമര്യയിലേക്കു പോയി അവിടെ പ്രസംഗിച്ചു. പിന്നീട് ഫിലിപ്പോസ് എത്യോപ്യക്കാരനായ കൊട്ടാരോദ്യോഗസ്ഥനോടു പ്രസംഗിക്കുകയും അദ്ദേഹത്തെ സ്നാനപ്പെടുത്തുകയും ചെയ്തു. (പ്രവൃ. 6:2-6; 8:4-13, 26-38) വിശ്വസ്ത സേവനത്തിന്റെ എത്ര നല്ല മാതൃക!
13 ശുശ്രൂഷയിലെ ഫിലിപ്പോസിന്റെ തീക്ഷ്ണതയ്ക്ക് ഈ സമയത്തും ഒട്ടും കുറവു സംഭവിച്ചിട്ടില്ലായിരുന്നു. കൈസര്യയിൽ താമസമാക്കിയ അദ്ദേഹം അവിടെ പ്രസംഗവേലയിൽ തിരക്കോടെ ഏർപ്പെട്ടിരുന്നു. ‘സുവിശേഷകൻ’ എന്ന് ലൂക്കോസ് അദ്ദേഹത്തെ വിളിച്ചിരിക്കുന്നതിൽനിന്നും അതു വ്യക്തമാണ്. ആ സമയത്ത് അദ്ദേഹത്തിന് പ്രവചിക്കുന്നവരായ നാലു പെൺമക്കളുണ്ടായിരുന്നു എന്നും വിവരണം പറയുന്നു. പിതാവിന്റെ മാതൃക അവർ പിന്തുടർന്നുവെന്നാണ് അതു സൂചിപ്പിക്കുന്നത്. b (പ്രവൃ. 21:9) വ്യക്തമായും, തന്റെ കുടുംബത്തിന്റെ ആത്മീയത വർധിപ്പിക്കുന്നതിന് ഫിലിപ്പോസ് ആവുന്നതെല്ലാം ചെയ്തിരിക്കണം. ശുശ്രൂഷയിൽ നേതൃത്വമെടുത്തുകൊണ്ടും പ്രസംഗവേലയോട് സ്നേഹം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിച്ചുകൊണ്ടും ഇന്ന് ക്രിസ്തീയ പിതാക്കന്മാർക്ക് ആ മാതൃക അനുകരിക്കാനാകും.
14. പൗലോസ് സഹവിശ്വാസികളെ സന്ദർശിച്ചത് എന്തിന് ഇടയാക്കി, സമാനമായ എന്ത് അവസരങ്ങൾ ഇന്ന് നമുക്കുണ്ട്?
14 താൻ പോയ ഇടങ്ങളിലെല്ലാം പൗലോസ് സഹവിശ്വാസികളെ തേടി കണ്ടെത്തുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഈ സഞ്ചാര മിഷനറിക്കും കൂട്ടാളികൾക്കും ആതിഥ്യമരുളാൻ ആ സഹോദരങ്ങളെല്ലാം തീർച്ചയായും അതീവ തത്പരരായിരുന്നിരിക്കണം. അത്തരം സന്ദർശനങ്ങൾ “പരസ്പരം പ്രോത്സാഹനം” ലഭിക്കുന്നതിന് ഇടയാക്കി എന്നതിനു സംശയമില്ല. (റോമ. 1:11, 12) സമാനമായ അവസരങ്ങൾ ഇന്ന് നമുക്കുമുണ്ട്. സർക്കിട്ട് മേൽവിചാരകനെയും ഭാര്യയെയും നിങ്ങളുടെ വീട്ടിൽ താമസിപ്പിക്കാൻ കഴിയുമോ? വീട് എത്രതന്നെ ചെറുതാണെങ്കിലും അങ്ങനെ ചെയ്യുന്നത് അനവധി പ്രയോജനങ്ങൾ കൈവരുത്തും.—റോമ. 12:13.
“മരിക്കാനും ഞാൻ തയ്യാറാണ്” (പ്രവൃ. 21:10-14)
15, 16. അഗബൊസ് എന്തു സന്ദേശമാണ് അറിയിച്ചത്, അതു കേട്ടപ്പോൾ അവിടെ കൂടിയിരുന്നവരുടെ പ്രതികരണം എന്തായിരുന്നു?
15 പൗലോസ് ഫിലിപ്പോസിന്റെ വീട്ടിൽ താമസിക്കുമ്പോൾ ആദരണീയനായ മറ്റൊരാൾ അവിടെ എത്തുന്നു. അഗബൊസ് ആണത്. ഫിലിപ്പോസിന്റെ വീട്ടിൽ കൂടിയിരിക്കുന്നവർക്ക് അഗബൊസ് ഒരു പ്രവാചകനാണെന്ന് അറിയാം. ക്ലൗദ്യൊസിന്റെ കാലത്തുണ്ടായ വലിയ ക്ഷാമത്തെക്കുറിച്ചു പ്രവചിച്ചത് അദ്ദേഹമായിരുന്നു. (പ്രവൃ. 11:27, 28) ‘എന്നാൽ ഇപ്പോൾ അഗബൊസ് വന്നിരിക്കുന്നത് എന്തിനായിരിക്കും? അദ്ദേഹം എന്തായിരിക്കും പറയാൻ പോകുന്നത്’ എന്നൊക്കെ അവിടെയുള്ളവർ ചിന്തിച്ചിരിക്കാം. അവർ അദ്ദേഹത്തെ നോക്കിക്കൊണ്ടിരിക്കെ, അദ്ദേഹം പൗലോസിന്റെ അരക്കച്ച കൈയിലെടുക്കുന്നു. പണവും മറ്റു സാധനങ്ങളും സൂക്ഷിക്കാനായി അരയിൽ കെട്ടുന്ന, ഒരു നീണ്ട തുണിയാണത്. ആ തുണികൊണ്ട് അഗബൊസ് തന്റെ കൈയും കാലും ബന്ധിക്കുന്നു. തുടർന്ന് ഗൗരവമേറിയ ഒരു സന്ദേശം അദ്ദേഹം അറിയിക്കുന്നു: “‘ഈ അരക്കച്ചയുടെ ഉടമസ്ഥനെ ജൂതന്മാർ യരുശലേമിൽവെച്ച് ഇങ്ങനെ കെട്ടി ജനതകളിൽപ്പെട്ടവരുടെ കൈകളിൽ ഏൽപ്പിക്കും’ എന്നു പരിശുദ്ധാത്മാവ് പറയുന്നു.”—പ്രവൃ. 21:11.
16 പൗലോസ് യരുശലേമിലേക്കു പോകുമെന്ന് ഈ പ്രവചനം വ്യക്തമാക്കി. അവിടെ ജൂതന്മാരോടു പ്രസംഗിക്കുന്നതിന്റെ ഫലമായി അദ്ദേഹം ‘ജനതകളിൽപ്പെട്ടവരുടെ കൈകളിൽ ഏൽപ്പിക്കപ്പെടുമെന്നും’ അതു സൂചിപ്പിച്ചു. ആ പ്രവചനം അവിടെ കൂടിയിരുന്നവരെ ഏറെ വിഷമിപ്പിച്ചു. അതേക്കുറിച്ച് ലൂക്കോസ് എഴുതുന്നു: “ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന എല്ലാവരും, യരുശലേമിലേക്കു പോകരുതെന്നു പൗലോസിനോട് അപേക്ഷിച്ചു. അപ്പോൾ പൗലോസ് പറഞ്ഞു: ‘നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കരഞ്ഞ് എന്റെ മനസ്സു മാറ്റാൻ നോക്കുകയാണോ? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി യരുശലേമിൽവെച്ച് ബന്ധനസ്ഥനാകാൻ മാത്രമല്ല, മരിക്കാനും ഞാൻ തയ്യാറാണ്.’”—പ്രവൃ. 21:12, 13.
17, 18. ദൈവേഷ്ടം ചെയ്യാനുള്ള തന്റെ തീരുമാനം ഉറച്ചതാണെന്ന് പൗലോസ് തെളിയിച്ചത് എങ്ങനെ, സഹോദരന്മാർ അതിനോട് എങ്ങനെ പ്രതികരിച്ചു?
17 ആ രംഗം ഒന്നു ഭാവനയിൽ കാണുക. ലൂക്കോസ് ഉൾപ്പെടെയുള്ള സഹോദരന്മാർ പൗലോസിനോട് യരുശലേമിലേക്കു പോകരുതെന്ന് കേണപേക്ഷിക്കുന്നു. ചിലർ കരയുന്നുണ്ട്. അവരുടെ സ്നേഹവും കരുതലും കാണുമ്പോൾ അദ്ദേഹം ആർദ്രതയോടെ, ‘നിങ്ങൾ എന്റെ മനസ്സു മാറ്റാൻ നോക്കുകയാണ്’ എന്നു പറയുന്നു. മറ്റു ചില ഭാഷാന്തരങ്ങളിൽ, ‘ഹൃദയം തകർക്കുന്നു’ എന്നാണ് ആ ഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്തായാലും പൗലോസിന്റെ തീരുമാനം വളരെ ഉറച്ചതാണ്. സോരിലെപ്പോലെതന്നെ ഇവിടെയും അപേക്ഷകളുടെയോ കണ്ണീരിന്റെയോ മുമ്പിൽ അദ്ദേഹം കുലുങ്ങിപ്പോകുന്നില്ല. അതിനുപകരം, താൻ യരുശലേമിലേക്കു പോയേ മതിയാകൂ എന്ന് അദ്ദേഹം അവരോടു വിശദീകരിക്കുന്നു. ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും എത്ര നല്ല മാതൃക! യേശുവിനെപ്പോലെതന്നെ ഇപ്പോൾ പൗലോസും യരുശലേമിലേക്കു പോകാൻ ദൃഢചിത്തനാണ്. (എബ്രാ. 12:2) രക്തസാക്ഷിയാകണമെന്ന ആഗ്രഹമൊന്നും പൗലോസിന് ഉണ്ടായിരുന്നില്ല. എന്നാൽ അങ്ങനെ സംഭവിക്കുന്നപക്ഷം, ക്രിസ്തുയേശുവിന്റെ അനുഗാമിയായി മരിക്കുന്നതിനെ പൗലോസ് ഒരു പദവിയായി കാണുമായിരുന്നു.
18 പൗലോസിന്റെ വാക്കുകളോട് സഹോദരന്മാർ എങ്ങനെയാണു പ്രതികരിച്ചത്? ലളിതമായി പറഞ്ഞാൽ വളരെ ആദരവോടെ. അതേക്കുറിച്ചു നാം വായിക്കുന്നു: “പൗലോസിനെ പിന്തിരിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോൾ, ‘എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ’ എന്നു പറഞ്ഞ് ഞങ്ങൾ പൗലോസിനെ നിർബന്ധിക്കുന്നതു നിറുത്തി.” (പ്രവൃ. 21:14) യരുശലേമിലേക്കു പോകുന്നതിൽനിന്ന് ആ സഹോദരന്മാർ പൗലോസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തങ്ങളുടെ താത്പര്യം അദ്ദേഹത്തിന്റെമേൽ അടിച്ചേൽപ്പിക്കാൻ അവർ തുനിഞ്ഞില്ല. യഹോവയുടെ ഹിതം തിരിച്ചറിഞ്ഞ, അത് അംഗീകരിക്കേണ്ടതാണെന്നു മനസ്സിലാക്കിയ അവർ, പൗലോസിന്റെ വാക്കുകൾക്കു ചെവികൊടുക്കുകയും അതിനോടു യോജിക്കുകയും ചെയ്തു, അതത്ര എളുപ്പമല്ലായിരുന്നെങ്കിലും. അങ്ങനെ, പൗലോസ് യാത്ര പുറപ്പെട്ടു—കാലാന്തരത്തിൽ അദ്ദേഹത്തിന്റെ മരണത്തിൽ അവസാനിക്കുമായിരുന്ന ഒരു യാത്ര! എന്തായാലും പൗലോസിനെ പിന്തിരിപ്പിക്കാനുള്ള സ്നേഹിതരുടെ ശ്രമങ്ങൾ അദ്ദേഹത്തെ കുറച്ചൊക്കെ ബുദ്ധിമുട്ടിലാക്കിക്കാണും. അവർ അതു ചെയ്യാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
19. പൗലോസിന്റെ അനുഭവത്തിൽനിന്ന് ഏതു സുപ്രധാന പാഠം നാം പഠിക്കുന്നു?
19 പൗലോസിന്റെ അനുഭവം സുപ്രധാനമായ ഒരു പാഠമാണു നമ്മെ പഠിപ്പിക്കുന്നത്: ദൈവസേവനത്തിനായി ആത്മത്യാഗപരമായ ജീവിതഗതി തിരഞ്ഞെടുക്കുന്നവരെ നാം അതിൽനിന്നു പിന്തിരിപ്പിക്കാതിരിക്കുന്നത് എത്ര നന്നായിരിക്കും! പൗലോസിന്റെ കാര്യത്തിലെന്നപോലെ, ജീവനോ മരണമോ ഉൾപ്പെട്ടിരിക്കുമ്പോൾ മാത്രമല്ല, മറ്റു പല സാഹചര്യങ്ങളിലും ഈ വിലയേറിയ പാഠം നമുക്ക് ബാധകമാക്കാനാകും. ഉദാഹരണത്തിന് മക്കൾ ദൈവസേവനത്തിനായി ദൂരദേശങ്ങളിലേക്കു പോകുമ്പോൾ അത് പല മാതാപിതാക്കൾക്കും വേദനയുളവാക്കുന്നെങ്കിലും മക്കളെ അതിൽനിന്നു പിന്തിരിപ്പിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. ഇംഗ്ലണ്ടിൽ താമസിക്കുന്ന ഫിലിസിന്റെ കാര്യംതന്നെ എടുക്കുക. അവരുടെ ഏക മകൾ ആഫ്രിക്കയിൽ മിഷനറിസേവനത്തിനായി പോയ സാഹചര്യം അവർ ഓർക്കുന്നു: “എനിക്കു വളരെ വിഷമം തോന്നി. അവൾ വളരെ ദൂരേക്കു പോകുന്നുവെന്ന കാര്യം എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഒരു വശത്ത് എനിക്കു സങ്കടം ഉണ്ടായിരുന്നെങ്കിലും, അവളെപ്രതി ഞാൻ അതിയായി അഭിമാനിച്ചു. അതേക്കുറിച്ച് ഞാൻ വളരെയധികം പ്രാർഥിച്ചു. അവൾ എടുത്ത ആ തീരുമാനത്തിൽനിന്ന് അവളെ പിന്തിരിപ്പിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ ഞാൻതന്നെ അവളെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ! അവൾ മിഷനറിസേവനം ഏറ്റെടുത്തിട്ട് ഇപ്പോൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഇത്രയും കാലം അവൾ അതിൽ വിശ്വസ്തതയോടെ തുടർന്നതിനെപ്രതി ഞാൻ എന്നും യഹോവയോട് നന്ദി പറയാറുണ്ട്.” ആത്മത്യാഗ മനോഭാവം കാണിക്കുന്ന സഹവിശ്വാസികളെ നാം പ്രോത്സാഹിപ്പിക്കുന്നത് എത്ര നല്ലതാണ്!
പ്രവൃ. 21:15-17)
“സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു” (20, 21. പൗലോസ് സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം, സഹവിശ്വാസികളോടൊപ്പം ആയിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചതിന്റെ കാരണം എന്താണ്?
20 യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പൗലോസിനോടൊപ്പം പോകാൻ തയ്യാറായിക്കൊണ്ട് അദ്ദേഹത്തിന്റെ തീരുമാനത്തെ തങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് സഹോദരന്മാർ തെളിയിച്ചു. യരുശലേമിലേക്കുള്ള യാത്രയിൽ ഉടനീളം പൗലോസും കൂടെയുള്ളവരും ക്രിസ്തീയ സഹോദരങ്ങളെ കാണാനും അവരോടു സഹവസിക്കാനും താത്പര്യമെടുത്തു. സോരിൽ അവർ ശിഷ്യന്മാരെ തേടി കണ്ടെത്തുകയും അവരോടൊപ്പം ഏഴു ദിവസം ചെലവഴിക്കുകയും ചെയ്തിരുന്നു. പ്തൊലെമായിസിൽ അവർ സഹോദരീസഹോദരന്മാരെ വന്ദനം ചെയ്യുകയും ഒരു ദിവസം അവരോടൊപ്പം താമസിക്കുകയും ചെയ്തു. കൈസര്യയിൽ ഫിലിപ്പോസിന്റെ വീട്ടിൽ അവർ കുറെ ദിവസം തങ്ങി. അവിടെനിന്ന് അവർ പുറപ്പെട്ടപ്പോൾ കൈസര്യയിൽനിന്നുള്ള ചില സഹോദരന്മാരും പൗലോസിനോടും സംഘത്തോടും ഒപ്പം ചേർന്നു. അവർ യരുശലേമിൽ എത്തിയപ്പോൾ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ മ്നാസോൻ അവർക്കു തന്റെ ഭവനത്തിൽ ഇടംനൽകി. “സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു” എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു.—പ്രവൃ. 21:17.
21 സഹവിശ്വാസികളോടൊപ്പം ആയിരിക്കാനാണ് പൗലോസ് എപ്പോഴും ആഗ്രഹിച്ചത്. സഹോദരീസഹോദരന്മാരിൽനിന്ന് പ്രോത്സാഹനം ഉൾക്കൊള്ളാൻ ആ അപ്പോസ്തലനു കഴിഞ്ഞു, ഇന്നു നമ്മുടെ കാര്യത്തിലെന്നതുപോലെതന്നെ. പൗലോസിനെ കൊല്ലാൻ തക്കംപാർത്തു കഴിഞ്ഞിരുന്ന ക്രൂരരായ എതിരാളികളെ നേരിടാൻ അത്തരം പ്രോത്സാഹനങ്ങൾ അദ്ദേഹത്തെ ബലപ്പെടുത്തിയെന്നതിനു സംശയമില്ല.
a “ കൈസര്യ—റോമൻ സംസ്ഥാനമായ യഹൂദ്യയുടെ തലസ്ഥാനം” എന്ന ചതുരം കാണുക.
b “ സ്ത്രീകൾക്ക് ക്രിസ്തീയ ശുശ്രൂഷകരാകാൻ കഴിയുമോ?” എന്ന ചതുരം കാണുക.