അധ്യായം 21
”ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല”
പൗലോസ് ശുശ്രൂഷയിൽ കാണിച്ച തീക്ഷ്ണത; അദ്ദേഹം മൂപ്പന്മാർക്കു നൽകുന്ന ഉപദേശം
ആധാരം: പ്രവൃത്തികൾ 20:1-38
1-3. (എ) യൂത്തിക്കൊസ് മരിച്ച രാത്രിയിലെ സംഭവങ്ങൾ വിവരിക്കുക. (ബി) പൗലോസ് എന്തു ചെയ്തു, ഈ സംഭവം അദ്ദേഹത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
ത്രോവാസിൽ ഒരു വീടിന്റെ മുകളിലത്തെ മുറിയിൽ പൗലോസ് പ്രസംഗിക്കുകയാണ്. ധാരാളം സഹോദരങ്ങൾ അവിടെ കൂടിവന്നിട്ടുണ്ട്. പൗലോസ് അവരോടൊപ്പം ചെലവഴിക്കുന്ന അവസാന രാത്രിയാണത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ നീണ്ടുപോകുന്നു. സമയം അർധരാത്രിയായി. മുറിയിൽ പലയിടത്തും വിളക്കുകൾ കത്തിച്ചുവെച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച് ചൂടും പുകയും ഒക്കെ നിറഞ്ഞ ഒരു അന്തരീക്ഷം. യൂത്തിക്കൊസ് എന്നൊരു യുവാവ് അവിടെ ഒരു ജനൽപ്പടിയിലിരുന്ന് പ്രസംഗം കേൾക്കുകയാണ്. അതിനിടെ യൂത്തിക്കൊസ് ഉറക്കംതൂങ്ങി മൂന്നാം നിലയിൽനിന്ന് താഴേക്കു വീഴുന്നു.
2 ആ ചെറുപ്പക്കാരന്റെ അടുത്ത് ആദ്യം ഓടിയെത്തുന്നവരുടെ കൂട്ടത്തിൽ, ഒരു വൈദ്യനെന്നനിലയിൽ ലൂക്കോസും ഉണ്ടായിരുന്നിരിക്കണം. അവർ യൂത്തിക്കൊസിനെ എടുക്കുമ്പോഴേക്കും “അവൻ മരിച്ചിരുന്നു.” (പ്രവൃ. 20:9) എന്നാൽ പെട്ടെന്ന് ഒരു അത്ഭുതം സംഭവിക്കുന്നു. പൗലോസ് യൂത്തിക്കൊസിന്റെമേൽ കിടന്ന് അവനെ കെട്ടിപ്പിടിച്ചിട്ട് “പേടിക്കേണ്ടാ, ഇവന് ഇപ്പോൾ ജീവനുണ്ട്” എന്ന് അവരോടു പറയുന്നു. പൗലോസ് യൂത്തിക്കൊസിനെ തിരികെ ജീവനിലേക്കു കൊണ്ടുവന്നു!—പ്രവൃ. 20:10.
3 ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി വെളിവാക്കുന്നതായിരുന്നു ഈ സംഭവം. യൂത്തിക്കൊസിന്റെ മരണത്തിന് പൗലോസിനെ കുറ്റപ്പെടുത്താനാകുമായിരുന്നില്ല. എന്നിരുന്നാലും, ആ ചെറുപ്പക്കാരന്റെ മരണം വളരെ പ്രധാനപ്പെട്ട ആ സന്ദർഭത്തിന് കളങ്കമേൽപ്പിക്കാനോ ആരെയെങ്കിലും ഇടറിക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. യൂത്തിക്കൊസിനെ ഉയിർപ്പിച്ചുകൊണ്ട് പൗലോസ് സഭയിലുള്ളവരെ ആശ്വസിപ്പിക്കുകയും ഉത്സാഹത്തോടെ ശുശ്രൂഷ നിർവഹിക്കാൻ സജ്ജരാക്കുകയും ചെയ്തു. ആളുകളുടെ ജീവന് പൗലോസ് വളരെ മൂല്യം കൽപ്പിച്ചിരുന്നുവെന്നു വ്യക്തം. “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല” എന്ന് പൗലോസ് പറഞ്ഞുവെന്നും ഓർക്കുക. (പ്രവൃ. 20:26) ആകട്ടെ, പൗലോസിന്റെ ഈ മാതൃകയ്ക്ക് നമ്മെ എങ്ങനെ സഹായിക്കാനാകും? നമുക്കു നോക്കാം.
“പൗലോസ് . . . മാസിഡോണിയയിലേക്കു പോയി” (പ്രവൃ. 20:1, 2)
4. പ്രയാസകരമായ ഏത് അനുഭവത്തിലൂടെയാണ് പൗലോസ് കടന്നുപോയത്?
4 എഫെസൊസിലെ ശുശ്രൂഷയ്ക്കിടയിൽ പൗലോസ് പ്രയാസകരമായ ഒരനുഭവത്തിലൂടെ കടന്നുപോയതായി കഴിഞ്ഞ അധ്യായത്തിൽ നാം കണ്ടിരുന്നല്ലോ. അർത്തെമിസ് ദേവിയുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി വിറ്റ് ഉപജീവനംകഴിച്ചിരുന്ന വെള്ളിപ്പണിക്കാർ ഒരു ലഹളയ്ക്ക് തിരികൊളുത്തുകയും തത്ഫലമായി പ്രക്ഷുബ്ധമായ ഒരു സാഹചര്യം ഉടലെടുക്കുകയും ചെയ്തു. എന്നാൽ കലഹം ശമിച്ചപ്പോൾ പൗലോസ് എന്തു ചെയ്തെന്ന് പ്രവൃത്തികൾ -ൽ നാം വായിക്കുന്നു. അദ്ദേഹം “ശിഷ്യന്മാരെ വിളിപ്പിച്ചു. അവർക്കു ധൈര്യം പകർന്നശേഷം അവരോടു യാത്ര പറഞ്ഞ് മാസിഡോണിയയിലേക്കു പോയി.” 20:1
5, 6. (എ) പൗലോസ് എത്രകാലം മാസിഡോണിയയിൽ തങ്ങിയിരിക്കാം, അവിടെയുള്ള സഹോദരങ്ങൾക്കുവേണ്ടി അദ്ദേഹം എന്തുചെയ്തു? (ബി) സഹവിശ്വാസികളോട് പൗലോസ് എന്തു മനോഭാവം വെച്ചുപുലർത്തി?
5 മാസിഡോണിയയിലേക്കുള്ള യാത്രാമധ്യേ പൗലോസ് ത്രോവാസിൽ ഇറങ്ങി അവിടെ കുറച്ചു സമയം ചെലവഴിച്ചു. കൊരിന്തിലേക്ക് അയച്ചിരുന്ന തീത്തോസ് അവിടെവെച്ച് തന്നോടൊപ്പം ചേരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. (2 കൊരി. 2:12, 13) എന്നാൽ തീത്തോസ് വരില്ലെന്ന് അറിഞ്ഞപ്പോൾ പൗലോസ് മാസിഡോണിയയിലേക്കുള്ള യാത്ര തുടർന്നു. ‘അവിടെയുള്ളവരെയെല്ലാം പ്രോത്സാഹിപ്പിച്ചുകൊണ്ട്’ അദ്ദേഹം ഏതാണ്ട് ഒരു വർഷത്തോളം അവിടെ ചെലവഴിച്ചിരിക്കണം. a (പ്രവൃ. 20:2) ഒടുവിൽ മാസിഡോണിയയിൽ പൗലോസിന്റെ അടുക്കലേക്ക് തീത്തോസ് മടങ്ങിയെത്തി. കൊരിന്തിലുള്ളവർക്ക് പൗലോസ് എഴുതിയ ആദ്യ കത്തിനോട് അവർ നല്ല രീതിയിൽ പ്രതികരിച്ചുവെന്ന സന്തോഷവാർത്ത അദ്ദേഹം പൗലോസിനെ അറിയിച്ചു. (2 കൊരി. 7:5-7) അത് മറ്റൊരു കത്തുകൂടെ അവർക്ക് എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചു. അതാണ് 2 കൊരിന്ത്യർ എന്ന പേരിൽ അറിയപ്പെടുന്നത്.
6 പൗലോസിന്റെ സന്ദർശനം എഫെസൊസിലും മാസിഡോണിയയിലുമുള്ള സഹോദരങ്ങൾക്ക് ‘ധൈര്യം പകർന്നു,’ അവരെ ‘പ്രോത്സാഹിപ്പിച്ചു’ എന്നൊക്കെ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത വാക്കുകൾ സഹവിശ്വാസികളോടുള്ള പൗലോസിന്റെ മനോഭാവത്തിലേക്കു വെളിച്ചംവീശുന്നു. പുച്ഛത്തോടെ മറ്റുള്ളവരെ വീക്ഷിച്ചിരുന്ന പരീശന്മാരിൽനിന്നു വ്യത്യസ്തമായി പൗലോസ് ആടുകളെ കൂട്ടുവേലക്കാരായാണ് കണക്കാക്കിയത്. (യോഹ. 7:47-49; 1 കൊരി. 3:9) ശക്തമായ ബുദ്ധിയുപദേശം നൽകേണ്ട സാഹചര്യങ്ങളിൽപ്പോലും പൗലോസ് അതേ മനോഭാവം വെച്ചുപുലർത്തി.—2 കൊരി. 2:4.
7. ഇന്നത്തെ ക്രിസ്തീയ മേൽവിചാരകന്മാർക്ക് പൗലോസിന്റെ മാതൃക എങ്ങനെ അനുകരിക്കാം?
7 ഇന്ന് സഭാ മൂപ്പന്മാരും സർക്കിട്ട് മേൽവിചാരകന്മാരും പൗലോസിന്റെ മാതൃക അനുകരിക്കാൻ ശ്രമിക്കുന്നു. ശാസന നൽകുമ്പോൾപ്പോലും സഹായം ആവശ്യമുള്ളവരെ ബലപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കുറ്റംവിധിക്കുന്നതിനു പകരം സഹോദരങ്ങളെ സഹാനുഭൂതിയോടെ പ്രോത്സാഹിപ്പിക്കാൻ മേൽവിചാരകന്മാർ ശ്രമിക്കുന്നു. അനുഭവസമ്പന്നനായ ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “നമ്മുടെ സഹോദരീസഹോദരന്മാരിൽ മിക്കവരും ശരിചെയ്യാൻ ആഗ്രഹിക്കുന്നവരാണ്; പക്ഷേ, മിക്കപ്പോഴും അവർക്ക് ഇച്ഛാഭംഗം, ഭയം, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തങ്ങളെക്കൊണ്ട് അവ തരണംചെയ്യാനാവില്ലെന്ന ചിന്ത എന്നിവയോടെല്ലാം പോരാടേണ്ടിവരുന്നു.” അത്തരം സഹവിശ്വാസികൾക്ക് ശക്തിയുടെ ഒരു ഉറവായിരിക്കാൻ മേൽവിചാരകന്മാർക്കു കഴിയും.—എബ്രാ. 12:12, 13.
പൗലോസിനെതിരെ ‘ഒരു ഗൂഢാലോചന നടത്തി’ (പ്രവൃ. 20:3, 4)
8, 9. (എ) സിറിയയിലേക്കു കപ്പൽ കയറാനുള്ള പൗലോസിന്റെ പദ്ധതി നടക്കാതെ പോയത് എന്തുകൊണ്ട്? (ബി) ജൂതന്മാർ പൗലോസിനോട് വിദ്വേഷം വെച്ചുപുലർത്തിയതിന്റെ കാരണമെന്തായിരിക്കാം?
8 മാസിഡോണിയയിൽനിന്ന് പൗലോസ് കൊരിന്തിലേക്കു പോയി. b അവിടെ മൂന്നു മാസം ചെലവഴിച്ചശേഷം, കെംക്രെയയിൽ ചെന്നിട്ട് സിറിയയിലേക്കു കപ്പൽ കയറാൻ അദ്ദേഹം പദ്ധതിയിട്ടു. അവിടെനിന്ന് യരുശലേമിലേക്കു പോകാനും അങ്ങനെ ബുദ്ധിമുട്ടിലായിരിക്കുന്ന സഹോദരങ്ങൾക്കുള്ള സംഭാവനകൾ അവിടെ എത്തിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. c (പ്രവൃ. 24:17; റോമ. 15:25, 26) എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങൾ പൗലോസിന്റെ പദ്ധതികളെല്ലാം മാറ്റിമറിച്ചു. ‘ജൂതന്മാർ (പൗലോസിന്) എതിരെ ഒരു ഗൂഢാലോചന നടത്തിയെന്ന്’ പ്രവൃത്തികൾ 20:3-ൽ നാം വായിക്കുന്നു.
9 ജൂതന്മാർ പൗലോസിനോട് വിദ്വേഷം വെച്ചുപുലർത്തിയതിൽ അതിശയിക്കാനില്ല. ഒരു വിശ്വാസത്യാഗിയായാണ് അവർ അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. കൊരിന്തിൽ, പൗലോസിന്റെ ശുശ്രൂഷയുടെ ഫലമായി അവിടത്തെ സിനഗോഗിലെ അധ്യക്ഷനായിരുന്ന ക്രിസ്പൊസ് ഒരു ക്രിസ്ത്യാനിയായിത്തീർന്നിരുന്നു. (പ്രവൃ. 18:7, 8; 1 കൊരി. 1:14) മറ്റൊരവസരത്തിൽ അഖായയിലെ നാടുവാഴിയായ ഗല്ലിയോന്റെ മുമ്പാകെ പൗലോസിനെതിരെയുള്ള ആരോപണങ്ങളുമായി ജൂതന്മാർ എത്തുകയുണ്ടായി. എന്നാൽ ഗല്ലിയോൻ അടിസ്ഥാനരഹിതമെന്നു പറഞ്ഞ് അവയെല്ലാം തള്ളിക്കളഞ്ഞത് പൗലോസിന്റെ ശത്രുക്കളെ പ്രകോപിപ്പിച്ചിരുന്നു. (പ്രവൃ. 18:12-17) പൗലോസ് വൈകാതെതന്നെ അടുത്തുള്ള കെംക്രെയയിൽവന്ന് കപ്പൽ കയറുമെന്ന് കൊരിന്തിലെ ജൂതന്മാർക്ക് അറിയാമായിരുന്നിരിക്കണം അല്ലെങ്കിൽ അവർ ഊഹിച്ചിരിക്കണം. അതുകൊണ്ട് പതിയിരുന്ന് ആക്രമിച്ച് അദ്ദേഹത്തെ വകവരുത്താൻ അവർ ഗൂഢാലോചന നടത്തി. ഇപ്പോൾ പൗലോസ് എന്തു ചെയ്യും?
10. കെംക്രെയയിലേക്കു പോകേണ്ടെന്നു പൗലോസ് തീരുമാനിച്ചത് ഭീരുത്വമായിരുന്നോ? വിവരിക്കുക.
10 ജീവന്റെയും തന്നെ ഏൽപ്പിച്ചിരുന്ന സംഭാവനയുടെയും സുരക്ഷയെ കരുതി, കെംക്രെയവഴി പോകാതെ മാസിഡോണിയയിലേക്കു തിരികെ ചെന്നിട്ട് കരമാർഗം യരുശലേമിലേക്കു പോകാൻ പൗലോസ് തീരുമാനിച്ചു. എന്നാൽ കരയിലൂടെയുള്ള യാത്രയും അപകടംപിടിച്ചതായിരുന്നു. മാർഗമധ്യേ കൊള്ളക്കാരുടെ കൈയിൽ അകപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. സത്രങ്ങൾപോലും അത്ര സുരക്ഷിതമല്ലായിരുന്നു. എന്നാൽ കെംക്രെയയിൽ ചെന്ന് ആപത്തിൽ അകപ്പെടുന്നതിനെക്കാൾ നല്ലത് കരയിലൂടെയുള്ള യാത്രയാണെന്ന് പൗലോസ് കരുതി. ഏതായാലും ഈ യാത്രയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല. പൗലോസിന്റെ മിഷനറി പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം ഈ സമയത്ത് അരിസ്തർഹോസും ഗായൊസും തിമൊഥെയൊസും തിഹിക്കൊസും ത്രൊഫിമൊസും സെക്കുന്തൊസും സോപത്രൊസും ഉണ്ടായിരുന്നു.—പ്രവൃ. 20:3, 4.
11. സ്വയരക്ഷയ്ക്കായി ക്രിസ്ത്യാനികൾ ഇന്ന് ന്യായമായ നടപടികൾ സ്വീകരിക്കുന്നത് എങ്ങനെ, യേശു ഇക്കാര്യത്തിൽ എന്തു മാതൃകവെച്ചു?
11 ശുശ്രൂഷയിലായിരിക്കെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൗലോസിനെപ്പോലെ ഇന്നത്തെ ക്രിസ്ത്യാനികളും മുൻകരുതലുകൾ എടുക്കാറുണ്ട്. ചില പ്രദേശങ്ങളിൽ ഒറ്റയ്ക്കു പോകുന്നതിനു പകരം അവർ കൂട്ടത്തോടെയോ കുറഞ്ഞപക്ഷം ഈരണ്ടുപേരായോ പോയി പ്രവർത്തിക്കാറുണ്ട്. ഉപദ്രവങ്ങളുടെ കാര്യത്തിലോ? അത് ഒഴിവാക്കാനാവില്ലെന്ന് ക്രിസ്ത്യാനികൾക്ക് അറിയാം. (യോഹ. 15:20; 2 തിമൊ. 3:12) എന്നിരുന്നാലും അവർ അറിഞ്ഞുകൊണ്ട് അപകടങ്ങളിൽ ചെന്നു ചാടുന്നില്ല. യേശുവിന്റെ കാര്യംതന്നെ എടുക്കുക. ഒരിക്കൽ യരുശലേമിൽവെച്ച് എതിരാളികൾ യേശുവിനെ കല്ലെറിയാൻ ഒരുങ്ങിയപ്പോൾ, “യേശു ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന് പോയി.” (യോഹ. 8:59) പിന്നീട് ജൂതന്മാർ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നറിഞ്ഞ യേശു “ജൂതന്മാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതായി. യേശു അവിടം വിട്ട് വിജനഭൂമിക്കരികെയുള്ള എഫ്രയീം എന്ന നഗരത്തിൽ ചെന്ന് ശിഷ്യന്മാരുടെകൂടെ അവിടെ താമസിച്ചു.” (യോഹ. 11:54) തന്നെ സംബന്ധിച്ച ദൈവേഷ്ടത്തിനു വിരുദ്ധമാകാത്തിടത്തോളം സ്വയരക്ഷയ്ക്കായി യേശു ന്യായമായ നടപടികൾ സ്വീകരിച്ചു. ഇന്ന് ക്രിസ്ത്യാനികളും അതുതന്നെ ചെയ്യുന്നു.—മത്താ. 10:16.
“എല്ലാവർക്കും വലിയ ആശ്വാസമായി” (പ്രവൃ. 20:5-12)
12, 13. (എ) യൂത്തിക്കൊസിന്റെ പുനരുത്ഥാനം സഭയുടെമേൽ എന്തു ഫലമുളവാക്കി? (ബി) പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകുന്നത് ഏതു ബൈബിളധിഷ്ഠിത പ്രത്യാശയാണ്?
12 പൗലോസും കൂടെയുള്ളവരും മാസിഡോണിയയിലൂടെ ഒരുമിച്ച് സഞ്ചരിച്ചു. അതിനുശേഷം അവർ പല വഴിക്കു പിരിഞ്ഞു. സാധ്യതയനുസരിച്ച് ത്രോവാസിൽവെച്ച് അവരെല്ലാം വീണ്ടും ഒന്നിച്ചു. d “ഞങ്ങൾ . . . അഞ്ചു ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുത്ത് എത്തി” എന്നു നാം വായിക്കുന്നു. e (പ്രവൃ. 20:6) ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ യൂത്തിക്കൊസ് എന്ന ചെറുപ്പക്കാരനെ പൗലോസ് ഉയിർപ്പിച്ചത് അവിടെവെച്ചാണ്. യൂത്തിക്കൊസ് തിരികെ ജീവനിലേക്കു വന്നപ്പോൾ സഹവിശ്വാസികൾക്കെല്ലാം “വലിയ ആശ്വാസമായി” എന്ന് വിവരണം പറയുന്നു.—പ്രവൃ. 20:12.
13 ഇത്തരം അത്ഭുതങ്ങൾ ഇന്ന് നടക്കുന്നില്ല എന്നതു ശരിയാണ്. എന്നിരുന്നാലും മരണത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പുനരുത്ഥാനമെന്ന ബൈബിളധിഷ്ഠിത പ്രത്യാശ ‘വലിയ ആശ്വാസമേകുന്നു.’ (യോഹ. 5:28, 29) അപൂർണ മനുഷ്യനായിരുന്നതിനാൽ യൂത്തിക്കൊസ് വീണ്ടും മരിച്ചു. (റോമ. 6:23) എന്നാൽ ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് പുനരുത്ഥാനംചെയ്തു വരുന്നവർക്ക് എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണുള്ളത്! കൂടാതെ സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ ഉയിർപ്പിക്കപ്പെടുന്നവർക്ക് അമർത്യതയും ലഭിക്കുന്നു. (1 കൊരി. 15:51-53) ഇന്ന് ക്രിസ്ത്യാനികൾക്ക്—അഭിഷിക്തരോ ‘വേറെ ആടുകളോ’ ആയിരുന്നാലും—‘വലിയ ആശ്വാസത്തിനുള്ള’ കാരണമുണ്ട്.—യോഹ. 10:16.
പ്രവൃ. 20:13-24)
“പരസ്യമായും വീടുതോറും” (14. മിലേത്തൊസിൽവെച്ച് എഫെസൊസിലെ മൂപ്പന്മാരെ കണ്ടപ്പോൾ പൗലോസ് അവരോട് എന്തു പറഞ്ഞു?
14 പൗലോസും സംഘവും ത്രോവാസിൽനിന്ന് അസ്സൊസിലേക്കും അവിടെനിന്ന് മിതുലേന, ഖിയൊസ്, സാമൊസ്, മിലേത്തൊസ് എന്നിവിടങ്ങളിലേക്കും പോയി. എങ്ങനെയും പെന്തിക്കോസ്ത് പെരുന്നാളിന്റെ സമയത്ത് യരുശലേമിൽ എത്താൻ അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ മടക്കയാത്രയിൽ എഫെസൊസുവഴി പോകാത്ത ഒരു കപ്പലിൽ യാത്രചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ എഫെസൊസിലെ മൂപ്പന്മാരോട് സംസാരിക്കാൻ ആഗ്രഹിച്ചതിനാൽ മിലേത്തൊസിൽവന്ന് തന്നെ കാണാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. (പ്രവൃ. 20:13-17) അവർ വന്നപ്പോൾ പൗലോസ് അവരോടു പറഞ്ഞു: “ഏഷ്യ സംസ്ഥാനത്ത് കാലുകുത്തിയ അന്നുമുതൽ, നിങ്ങൾക്കിടയിൽ ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. താഴ്മയോടും കണ്ണീരോടും കൂടെ ഞാൻ കർത്താവിനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുത്തു. എനിക്ക് എതിരെ ഗൂഢാലോചന നടത്തിയ ജൂതന്മാരിൽനിന്നുള്ള കഷ്ടതകളും ഞാൻ സഹിച്ചു. പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ എല്ലാം ഞാൻ നിങ്ങളെ അറിയിച്ചു; പരസ്യമായും വീടുതോറും നിങ്ങളെ പഠിപ്പിച്ചു. മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുന്നതിനെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കുന്നതിനെക്കുറിച്ചും ഞാൻ ജൂതന്മാരോടും ഗ്രീക്കുകാരോടും നന്നായി വിശദീകരിച്ചു.”—പ്രവൃ. 20:18-21.
15. വീടുതോറുമുള്ള സാക്ഷീകരണത്തിന്റെ ചില പ്രയോജനങ്ങൾ ഏവ?
15 ആളുകളുടെ പക്കൽ സന്തോഷവാർത്ത എത്തിക്കുന്നതിന് നാം ഇന്ന് പല മാർഗങ്ങളും സ്വീകരിക്കുന്നു. പൗലോസിനെപ്പോലെ ആളുകളെ കണ്ടെത്താവുന്ന സ്ഥലങ്ങളിലെല്ലാം —ബസ്സ് സ്റ്റോപ്പുകളിലും തെരുവുകളിലും വ്യാപാരസ്ഥലങ്ങളിലും—നാം പ്രസംഗിക്കുന്നു. എന്നിരുന്നാലും ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സ്വീകരിച്ചിരിക്കുന്ന പ്രമുഖ മാർഗം വീടുതോറുമുള്ള പ്രവർത്തനമാണ്. എന്തുകൊണ്ട്? ഒരു സംഗതി, വീടുതോറുമുള്ള സാക്ഷീകരണം എല്ലാ ആളുകൾക്കും ക്രമമായ അടിസ്ഥാനത്തിൽ സന്തോഷവാർത്ത കേൾക്കാൻ വേണ്ടത്ര അവസരം പ്രദാനംചെയ്യുന്നു; ദൈവത്തിന്റെ മുഖപക്ഷമില്ലായ്മയാണ് അതിലൂടെ പ്രകടമാക്കപ്പെടുന്നത്. രണ്ടാമതായി, ആത്മാർഥഹൃദയരായ ആളുകൾക്ക് വ്യക്തിഗത സഹായം ലഭ്യമാക്കാനും വീടുതോറുമുള്ള സാക്ഷീകരണം അവസരമൊരുക്കുന്നു. മൂന്നാമതായി, സാക്ഷീകരണ വേലയിൽ ഏർപ്പെടുന്നവരുടെതന്നെ വിശ്വാസവും സഹിഷ്ണുതയും വർധിക്കാനും അതിടയാക്കുന്നു. അതെ, “പരസ്യമായും വീടുതോറും” സാക്ഷീകരിക്കുന്നതിലെ തീക്ഷ്ണത സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളമാണ്.
16, 17. പൗലോസ് നിർഭയനാണെന്നു തെളിയിച്ചത് എങ്ങനെ, ഇന്ന് ക്രിസ്ത്യാനികൾ അദ്ദേഹത്തിന്റെ മാതൃക എങ്ങനെ അനുകരിക്കുന്നു?
16 യരുശലേമിലേക്കു മടങ്ങിച്ചെല്ലുമ്പോൾ എന്തെല്ലാം അപകടങ്ങൾ നേരിടേണ്ടിവന്നേക്കാമെന്നു തനിക്കറിയില്ലെന്ന് പൗലോസ് എഫെസൊസിലെ മൂപ്പന്മാരോടു വിവരിച്ചു. “എന്നാൽ എന്റെ ജീവനു ഞാൻ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല,” അദ്ദേഹം അവരോടു പറഞ്ഞു. “എന്റെ ഓട്ടം പൂർത്തിയാക്കണമെന്നും കർത്താവായ യേശു എന്നെ ഏൽപ്പിച്ച ശുശ്രൂഷ ചെയ്തുതീർക്കണമെന്നും മാത്രമേ എനിക്കുള്ളൂ,” അദ്ദേഹം കൂട്ടിച്ചേർത്തു. (പ്രവൃ. 20:24) അതെ, നിർഭയം തന്റെ നിയോഗം പൂർത്തിയാക്കുന്നതിൽ പൗലോസ് ശ്രദ്ധകേന്ദ്രീകരിച്ചു. അതിൽനിന്നു തന്നെ തടയാൻ മോശമായ ആരോഗ്യത്തെയോ കടുത്ത ഉപദ്രവത്തെയോ ഒന്നും അദ്ദേഹം അനുവദിച്ചില്ല.
17 സമാനമായി, ഇന്നത്തെ ക്രിസ്ത്യാനികൾക്കും പല ബുദ്ധിമുട്ടുകളും നേരിടേണ്ടതായിവരുന്നു. ചിലർക്ക് നിരോധനമോ ഉപദ്രവമോ സഹിക്കേണ്ടിവരുന്നു. മറ്റു ചിലർ ശാരീരികമോ വൈകാരികമോ ആയി തളർത്തിക്കളയുന്നതരം രോഗങ്ങളുമായി മല്ലിടുന്നു. കുട്ടികൾക്ക് സഹപാഠികളിൽനിന്നുള്ള സമ്മർദത്തെ നേരിടേണ്ടതുണ്ട്. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും യഹോവയുടെ സാക്ഷികൾ പൗലോസിനെപ്പോലെ വിശ്വാസത്തിൽ അചഞ്ചലരായി നിലകൊള്ളുന്നു. ‘സന്തോഷവാർത്ത സമഗ്രമായി അറിയിക്കാൻ’ അവർ ദൃഢചിത്തരാണ്.
“നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക” (പ്രവൃ. 20:25-38)
18. പൗലോസിന് രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് ഒഴിവുള്ളവനായിരിക്കാൻ കഴിഞ്ഞത് എങ്ങനെ, എഫെസൊസിലെ മൂപ്പന്മാർക്ക് എങ്ങനെ അതിനു കഴിയുമായിരുന്നു?
18 പൗലോസ് അടുത്തതായി, തന്റെതന്നെ മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ട് എഫെസൊസിലെ മൂപ്പന്മാർക്ക് വ്യക്തമായ ചില ഉദ്ബോധനങ്ങൾ നൽകി. ആദ്യംതന്നെ, അവരുമായുള്ള തന്റെ അവസാന കൂടിക്കാഴ്ചയായിരിക്കാം അതെന്ന് അദ്ദേഹം അവരെ അറിയിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല. ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്.” പൗലോസിനെ അനുകരിച്ചുകൊണ്ട് എഫെസൊസിലെ മൂപ്പന്മാർക്ക് എങ്ങനെ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കാൻ കഴിയുമായിരുന്നു? അദ്ദേഹം പറഞ്ഞു: “നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക. സ്വന്തം പുത്രന്റെ രക്തംകൊണ്ട് ദൈവം വിലയ്ക്കു വാങ്ങിയ തന്റെ സഭയെ മേയ്ക്കാനായി പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാരായി നിയമിച്ചിരിക്കുകയാണല്ലോ.” (പ്രവൃ. 20:26-28) “ക്രൂരരായ ചെന്നായ്ക്കൾ” ആട്ടിൻകൂട്ടത്തിന്റെ ഇടയിലേക്ക് നുഴഞ്ഞുകയറുമെന്നും അവർ ‘ശിഷ്യന്മാരെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻവേണ്ടി ഉപദേശങ്ങളെ വളച്ചൊടിക്കുമെന്നും’ പൗലോസ് അവർക്ക് മുന്നറിയിപ്പു നൽകി. അതുകൊണ്ട് മൂപ്പന്മാർ എന്തു ചെയ്യേണ്ടിയിരുന്നു? “ജാഗ്രത പാലിക്കുക” എന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു. “മൂന്നു വർഷം രാവും പകലും നിറുത്താതെ നിങ്ങൾ ഓരോരുത്തരെയും ഞാൻ കണ്ണീരോടെ ഉപദേശിച്ചതു മറക്കരുത്” എന്നും അദ്ദേഹം അവരോടു പറഞ്ഞു.—പ്രവൃ. 20:29-31.
19. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിശ്വാസത്യാഗം ഉരുത്തിരിഞ്ഞത് എങ്ങനെ, തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ഇത് എന്തിനു വഴിതെളിച്ചു?
19 ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും “ക്രൂരരായ ചെന്നായ്ക്കൾ” പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ഏതാണ്ട് എ.ഡി. 98-ൽ അപ്പോസ്തലനായ യോഹന്നാൻ എഴുതി: ‘അനേകം ക്രിസ്തുവിരുദ്ധർ വന്നിരിക്കുന്നു. അവർ നമുക്കിടയിൽനിന്ന് പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല. നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ.’ (1 യോഹ. 2:18, 19) മൂന്നാം നൂറ്റാണ്ടോടെ വിശ്വാസത്യാഗം ക്രൈസ്തവ ലോകത്തിലെ പുരോഹിതവർഗത്തിന്റെ ആവിർഭാവത്തിനു വഴിതെളിച്ചു. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ഈ ദുഷിച്ച ‘ക്രിസ്ത്യാനിത്വത്തിന്’ ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. മതനേതാക്കന്മാർ പുറജാതീയ ആചാരങ്ങൾ കടമെടുത്ത് അവയ്ക്ക് ‘ക്രിസ്തീയ’ പരിവേഷം നൽകിയപ്പോൾ വാസ്തവത്തിൽ അവർ ‘ഉപദേശങ്ങളെ വളച്ചൊടിക്കുകയായിരുന്നു.’ ക്രൈസ്തവ ലോകത്തിന്റെ പഠിപ്പിക്കലുകളിലും ആചാരങ്ങളിലും ആ വിശ്വാസത്യാഗത്തിന്റെ സ്വാധീനം ഇന്നും ദൃശ്യമാണ്.
20, 21. പൗലോസ് ആത്മത്യാഗ മനോഭാവം കാണിച്ചത് എങ്ങനെ, ക്രിസ്തീയ മൂപ്പന്മാർക്ക് അദ്ദേഹത്തെ എങ്ങനെ അനുകരിക്കാം?
20 ഈ നൂറ്റാണ്ടുകളിലുടനീളം പലരും ആട്ടിൻകൂട്ടത്തെ മുതലെടുത്തിട്ടുണ്ട്. എന്നാൽ അതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു പൗലോസിന്റെ ജീവിതം. സഭയ്ക്ക് ഒരു ഭാരമാകാതെ, തന്റെ ഉപജീവനത്തിനായി അദ്ദേഹം അധ്വാനിച്ചു. പൗലോസ് സഹവിശ്വാസികൾക്കായി പ്രവർത്തിച്ചത് സ്വാർഥ നേട്ടങ്ങൾ ലാക്കാക്കി ആയിരുന്നില്ല. ആത്മത്യാഗപരമായ ഒരു മനോഭാവം കാണിക്കാൻ എഫെസൊസിലെ മൂപ്പന്മാരെ അദ്ദേഹം ആഹ്വാനംചെയ്തു. ‘ബലഹീനരെ സഹായിക്കണമെന്നും’ “‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളണമെന്നും” അദ്ദേഹം അവരോടു പറഞ്ഞു.—പ്രവൃ. 20:35.
21 പൗലോസിനെപ്പോലെ ഇന്നത്തെ ക്രിസ്തീയ മൂപ്പന്മാരും ആത്മത്യാഗ മനോഭാവം ഉള്ളവരാണ്. ‘ദൈവത്തിന്റെ സഭയെ’ മേയ്ക്കാൻ ചുമതലയുള്ള ഈ മേൽവിചാരകന്മാർ ആട്ടിൻകൂട്ടത്തെ ചൂഷണംചെയ്യുന്ന ക്രൈസ്തവ ലോകത്തിലെ പുരോഹിതവർഗത്തിൽനിന്നു തികച്ചും വ്യത്യസ്തരാണ്. അവർ നിസ്സ്വാർഥമായി തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു. അഹങ്കാരത്തിനും സ്ഥാനമോഹത്തിനും ക്രിസ്തീയ സഭയിൽ ഒരു സ്ഥാനവുമില്ല. “സ്വന്തം മഹത്ത്വത്തിനായി പ്രവർത്തിക്കുന്നത്” ആത്യന്തികമായി ദോഷത്തിലേ കലാശിക്കൂ. (സുഭാ. 25:27) അഹംഭാവം, അപമാനം വരുത്തുമെന്നതിനു സംശയമില്ല.—സുഭാ. 11:2.
22. എഫെസൊസിലെ മൂപ്പന്മാർക്ക് പൗലോസ് പ്രിയങ്കരനായിരുന്നത് എന്തുകൊണ്ട്?
22 സഹോദരന്മാരോട് പൗലോസിന് ആത്മാർഥ സ്നേഹം ഉണ്ടായിരുന്നതിനാൽ അദ്ദേഹം അവർക്കു പ്രിയങ്കരനായിരുന്നു. പൗലോസ് അവരെ വിട്ട് പോകുമ്പോൾ, “എല്ലാവരും കുറെ നേരം കരഞ്ഞു; അവർ പൗലോസിനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു” എന്നു നാം കാണുന്നു. (പ്രവൃ. 20:37, 38) പൗലോസിനെപ്പോലെ, ആട്ടിൻകൂട്ടത്തിനുവേണ്ടി സ്വയം ഉഴിഞ്ഞുവെക്കാൻ മനസ്സുകാണിക്കുന്നവരെ സഹോദരങ്ങൾ അങ്ങേയറ്റം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. പൗലോസിന്റെ ഉത്കൃഷ്ടമാതൃക പരിചിന്തിച്ചശേഷം നിങ്ങൾക്ക് എന്തു തോന്നുന്നു? “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് അതിശയോക്തിയോ വീമ്പിളക്കലോ ആയിരുന്നില്ല എന്നതിനോടു നിങ്ങൾ യോജിക്കില്ലേ?—പ്രവൃ. 20:26.
a “ മാസിഡോണിയയിൽവെച്ച് പൗലോസ് എഴുതിയ കത്തുകൾ” എന്ന ചതുരം കാണുക.
b കൊരിന്തിലെ ഈ സന്ദർശനത്തിനിടയിലായിരിക്കാം പൗലോസ് റോമിലുള്ളവർക്കു കത്ത് എഴുതിയത്.
c “ പൗലോസ് ദുരിതാശ്വാസം എത്തിച്ചുകൊടുക്കുന്നു” എന്ന ചതുരം കാണുക.
d പ്രവൃത്തികൾ 20:5, 6-ൽ ലൂക്കോസ് ഉത്തമപുരുഷ സർവനാമം ഉപയോഗിച്ചിരിക്കുന്നു. അതു കാണിക്കുന്നത്, കുറച്ചുകാലത്തേക്ക് പൗലോസ് അദ്ദേഹത്തെ ഫിലിപ്പിയിൽ വിട്ടിട്ടുപോയിരുന്നെങ്കിലും, അവിടെവെച്ച് അവർ വീണ്ടും ഒന്നിച്ചിരിക്കാമെന്നാണ്.—പ്രവൃ. 16:10-17, 40.
e കാറ്റ് അനുകൂലമല്ലാതിരുന്നതുകൊണ്ടായിരിക്കാം, ഫിലിപ്പിയിൽനിന്ന് ത്രോവാസിൽ എത്താൻ ഇത്തവണ അഞ്ചു ദിവസമെടുത്തു. മുമ്പ് ഇതേ യാത്രയ്ക്ക് വെറും രണ്ടു ദിവസമേ വേണ്ടിവന്നിട്ടുള്ളൂ.—പ്രവൃ. 16:11.