അധ്യായം 11
അവർ “സന്തോഷത്തോടെ പരിശുദ്ധാത്മാവ് നിറഞ്ഞവരായി”
ശത്രുതയും നിസ്സംഗതയും കാണിച്ചവരോട് ഇടപെടുന്നതിൽ പൗലോസ് മാതൃകവെച്ചു
ആധാരം: പ്രവൃത്തികൾ 13:1-52
1, 2. ബർന്നബാസും ശൗലും നടത്താനിരുന്ന മിഷനറി പര്യടനത്തിന്റെ പ്രത്യേകത എന്തായിരുന്നു, പ്രവൃത്തികൾ 1:8-ന്റെ നിവൃത്തിയിൽ അവരുടെ പ്രവർത്തനം എന്തു പങ്കുവഹിക്കുമായിരുന്നു?
അന്ത്യോക്യ സഭയ്ക്ക് ആവേശജനകമായ ഒരു ദിവസമായിരുന്നു അത്. വിദൂരദേശങ്ങളിൽ സന്തോഷവാർത്ത എത്തിക്കുന്നതിന് സഭയിലെ പ്രവാചകന്മാരിൽനിന്നും അധ്യാപകരിൽനിന്നും ബർന്നബാസിനെയും ശൗലിനെയും പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തിരിക്കുന്നു! a (പ്രവൃ. 13:1, 2) സന്തോഷവാർത്ത അറിയിക്കുന്നതിന് യോഗ്യതയുള്ള പുരുഷന്മാരെ ഇതിനുമുമ്പും അയച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ ആ മിഷനറിമാർ പോയത് ക്രിസ്ത്യാനിത്വം അതിനോടകംതന്നെ വേരുപിടിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കായിരുന്നു. (പ്രവൃ. 8:14; 11:22) എന്നാൽ ബർന്നബാസും ശൗലും ഇപ്പോൾ പോകാനിരിക്കുന്നത് ഭൂരിപക്ഷം ആളുകളും സന്തോഷവാർത്ത കേട്ടിട്ടില്ലാത്ത ദേശങ്ങളിലേക്കാണ്. ഒരു സഹായിയെന്ന നിലയിൽ യോഹന്നാൻ മർക്കോസും അവരെ അനുഗമിക്കുന്നുണ്ട്.
2 ഏതാണ്ട് 14 വർഷംമുമ്പ് യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) ബർന്നബാസിനും ശൗലിനും ലഭിച്ച മിഷനറി നിയമനം യേശുവിന്റെ ഈ പ്രാവചനിക വാക്കുകളുടെ നിവൃത്തിയിൽ കൂടുതലായ ഒരു പങ്കുവഹിക്കുമായിരുന്നു. b
‘പ്രത്യേകപ്രവർത്തനത്തിനുവേണ്ടി മാറ്റിനിറുത്തുക’ (പ്രവൃ. 13:1-12)
3. ഒന്നാം നൂറ്റാണ്ടിൽ ദീർഘദൂരയാത്രകൾ ക്ലേശകരമായിരുന്നത് എന്തുകൊണ്ട്?
3 ഇന്ന് ധാരാളം വാഹനസൗകര്യമൊക്കെ ഉള്ളതിനാൽ വിദൂര സ്ഥലങ്ങളിൽപ്പോലും ആളുകൾക്ക് വേഗത്തിൽ എത്തിച്ചേരാനാകും. എന്നാൽ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ സ്ഥിതി അതായിരുന്നില്ല. അന്ന് സാധാരണമായി ആളുകൾ കാൽനടയായാണ് സഞ്ചരിച്ചിരുന്നത്, പലപ്പോഴും ദുർഘടംപിടിച്ച പാതകളിലൂടെ. ഒരു ദിവസംകൊണ്ട് ഏറിയാൽ 30 കിലോമീറ്ററേ പിന്നിടാനാകുമായിരുന്നുള്ളൂ; അതാകട്ടെ, അങ്ങേയറ്റം ക്ഷീണിപ്പിക്കുന്നതുമായിരുന്നു. c അതുകൊണ്ടുതന്നെ, തങ്ങളുടെ നിയമനത്തെക്കുറിച്ച് ആകാംക്ഷയുള്ളവരായിരുന്നെങ്കിലും, അത് ആത്മത്യാഗവും നല്ല ശ്രമവും ആവശ്യമാക്കിത്തീർക്കുന്ന ഒന്നാണെന്ന് പൗലോസിനും ബർന്നബാസിനും അറിയാമായിരുന്നു.—മത്താ. 16:24.
4. (എ) ബർന്നബാസും ശൗലും എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്, ആ നിയമനത്തെ സഹവിശ്വാസികൾ എങ്ങനെ കണ്ടു? (ബി) ദിവ്യാധിപത്യ നിയമനങ്ങൾ ലഭിക്കുന്നവരെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം?
4 എന്നാൽ എന്തുകൊണ്ടായിരിക്കും അവരെത്തന്നെ, അതായത് ബർന്നബാസിനെയും ശൗലിനെയും, ഈ ‘പ്രത്യേകപ്രവർത്തനത്തിനുവേണ്ടി മാറ്റിനിറുത്താൻ’ പരിശുദ്ധാത്മാവ് നിർദേശിച്ചത്? (പ്രവൃ. 13:2) അതേക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. ഈ പുരുഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ് ഉണ്ടായിരുന്നുവെന്നുമാത്രമേ നമുക്കറിയാവൂ. ബർന്നബാസിന്റെയും ശൗലിന്റെയും നിയമനത്തെ അന്ത്യോക്യ സഭയിലെ പ്രവാചകന്മാരും അധ്യാപകരും എതിർത്തതായി യാതൊരു സൂചനയുമില്ല. അവർ അതിനെ പൂർണമനസ്സോടെ പിന്തുണച്ചു. അവർ ബർന്നബാസിനും ശൗലിനും വേണ്ടി “ഉപവസിക്കുകയും പ്രാർഥിക്കുകയും” അതുപോലെ ‘അവരുടെ മേൽ കൈകൾ വെച്ച് അവരെ പറഞ്ഞയയ്ക്കുകയും’ ചെയ്തുവെന്ന് വിവരണം പറയുന്നു. തങ്ങളുടെ ക്രിസ്തീയ സഹോദരന്മാർ യാതൊരു അസൂയയും കൂടാതെ അങ്ങനെ പ്രവർത്തിച്ചതിൽ ബർന്നബാസിനും ശൗലിനും എത്ര സന്തോഷം തോന്നിയിരിക്കണം! (പ്രവൃ. 13:3) സഭയിൽ മേൽവിചാരകന്മാരായി നിയമിതരാകുന്നവർ ഉൾപ്പെടെ ദിവ്യാധിപത്യ നിയമനങ്ങൾ ലഭിക്കുന്നവരെ നാമും പിന്തുണയ്ക്കേണ്ടതുണ്ട്. അത്തരം പദവികൾ ലഭിക്കുന്നവരോട് അസൂയപ്പെടുന്നതിനു പകരം നാം ‘അവരുടെ അധ്വാനം ഓർത്ത് അവരോടു സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കണം.’—1 തെസ്സ. 5:13.
5. സൈപ്രസ് ദ്വീപിൽ പൗലോസും ബർന്നബാസും നടത്തിയ സാക്ഷീകരണത്തെക്കുറിച്ചു വിശദീകരിക്കുക.
5 അന്ത്യോക്യക്ക് അടുത്തുള്ള സെലൂക്യ തുറമുഖംവരെ കാൽനടയായി യാത്രചെയ്ത ബർന്നബാസും ശൗലും അവിടെനിന്ന് സൈപ്രസ് ദ്വീപിലേക്കു കപ്പൽകയറി. ഏതാണ്ട് 200 കിലോമീറ്റർ അകലെയായിരുന്നു സൈപ്രസ്. d ബർന്നബാസ് ആ നാട്ടുകാരനായിരുന്നതിനാൽ അവിടെ സന്തോഷവാർത്ത എത്തിക്കാൻ അദ്ദേഹം അത്യന്തം ആകാംക്ഷയുള്ളവനായിരുന്നിരിക്കണം. സൈപ്രസിന്റെ കിഴക്കൻ തീരത്തുള്ള സലമീസ് പട്ടണത്തിലെത്തിയ ബർന്നബാസും ശൗലും സമയം ഒട്ടും പാഴാക്കാതെ “ജൂതന്മാരുടെ സിനഗോഗുകളിൽ ചെന്ന് ദൈവവചനം പ്രസംഗിച്ചു.” e (പ്രവൃ. 13:5) ദ്വീപിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ അവർ സഞ്ചരിച്ചു. സാധ്യതയനുസരിച്ച് മാർഗമധ്യേയുള്ള പ്രധാന പട്ടണങ്ങളിലെല്ലാം അവർ സാക്ഷീകരിച്ചു. ബർന്നബാസും ശൗലും സന്ദർശിച്ച സ്ഥലങ്ങൾ കണക്കിലെടുക്കുമ്പോൾ അവർ ഏതാണ്ട് 160 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചെന്നുവേണം കരുതാൻ!
6, 7. (എ) സെർഗ്യൊസ് പൗലോസ് ആരായിരുന്നു, സന്തോഷവാർത്ത കേൾക്കുന്നതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ബർ-യേശു ശ്രമിച്ചത് എന്തുകൊണ്ട്? (ബി) ബർ-യേശുവിന്റെ എതിർപ്പിനെ ശൗൽ നേരിട്ടത് എങ്ങനെ?
6 അക്കാലത്ത് വ്യാജാരാധനയിൽ ആണ്ടുകിടന്നിരുന്ന ഒരു സ്ഥലമായിരുന്നു സൈപ്രസ്. ബർന്നബാസും ശൗലും ആ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള പാഫൊസിൽ എത്തിയപ്പോൾ ഉണ്ടായ സംഭവത്തിൽനിന്ന് അതു വ്യക്തമാണ്. അവിടെ അവർ “ബർ-യേശു എന്നൊരു ജൂതനെ കണ്ടുമുട്ടി. ഒരു കള്ളപ്രവാചകനും ആഭിചാരകനും ആയിരുന്ന അയാൾ സെർഗ്യൊസ് പൗലോസ് എന്ന ബുദ്ധിമാനായ നാടുവാഴിയോടൊപ്പമായിരുന്നു.” f ഒന്നാം നൂറ്റാണ്ടിൽ അഭിജ്ഞരായ പല റോമാക്കാരും—സെർഗ്യൊസ് പൗലോസിനെപ്പോലെ ‘ബുദ്ധിമാന്മാരായവർപോലും’—സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനായി ആഭിചാരകന്മാരുടെയോ ജ്യോതിഷികളുടെയോ സഹായം തേടിയിരുന്നു. എന്നിരുന്നാലും സെർഗ്യൊസ് പൗലോസ് രാജ്യസന്ദേശത്തിൽ ആകൃഷ്ടനാകുകയും ‘ദൈവവചനം കേൾക്കാൻ അതിയായി ആഗ്രഹിക്കുകയും’ ചെയ്തു. എന്നാൽ എലീമാസ് (“എലീമാസ് എന്ന സ്ഥാനപ്പേരിന്റെ അർഥം ആഭിചാരകൻ എന്നാണ്”) എന്നും അറിയപ്പെട്ടിരുന്ന ബർ-യേശുവിന് അത് ഒട്ടും രസിച്ചില്ല.—പ്രവൃ. 13:6-8.
7 ബർ-യേശു രാജ്യസന്ദേശത്തെ ശക്തമായി എതിർത്തു. അയാളെ സംബന്ധിച്ചിടത്തോളം സെർഗ്യൊസ് പൗലോസിന്റെ ഉപദേഷ്ടാവ് എന്ന തന്റെ സ്ഥാനം കൈവിട്ടുപോകാതെ കാക്കുന്നതിനുള്ള ഏക മാർഗം ബർന്നബാസിനെയും ശൗലിനെയും ‘വിശ്വസിക്കുന്നതിൽനിന്ന് നാടുവാഴിയെ പിന്തിരിപ്പിക്കുകയായിരുന്നു.’ (പ്രവൃ. 13:8) എന്നാൽ സെർഗ്യൊസ് പൗലോസിന്റെ താത്പര്യം കെടുത്തിക്കളയാൻ ആ ആഭിചാരകനു കഴിഞ്ഞോ? വിവരണം തുടർന്നു പറയുന്നു: “പൗലോസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മാവ് നിറഞ്ഞ് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: ‘എല്ലാ തരം വഞ്ചനയും ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ സന്തതിയേ, നീതിയുടെ ശത്രുവേ, യഹോവയുടെ നേർവഴികൾ വളച്ചൊടിക്കുന്നതു മതിയാക്ക്! ഇതാ, യഹോവയുടെ കൈ നിനക്ക് എതിരെ വന്നിരിക്കുന്നു! കുറച്ച് സമയത്തേക്കു നീ അന്ധനായിരിക്കും, നീ സൂര്യപ്രകാശം കാണില്ല.’ ഉടനെ അയാൾക്കു കണ്ണിൽ കനത്ത മൂടലും ഇരുട്ടും അനുഭവപ്പെട്ടു. തന്നെ കൈപിടിച്ച് നടത്താൻ ആളുകളെ തിരഞ്ഞ് അയാൾ നടന്നു.” g ഈ അത്ഭുതപ്രവൃത്തിയുടെ ഫലം എന്തായിരുന്നു? “ഇതു കണ്ട് യഹോവയുടെ ഉപദേശത്തിൽ വിസ്മയിച്ച നാടുവാഴി ഒരു വിശ്വാസിയായിത്തീർന്നു.”—പ്രവൃ. 13:9-12.
8. നമുക്ക് എങ്ങനെ പൗലോസിന്റെ ധൈര്യം അനുകരിക്കാം?
8 ബർ-യേശുവിനെ പൗലോസ് ഭയപ്പെട്ടില്ല. സമാനമായി, രാജ്യസന്ദേശത്തിൽ താത്പര്യം കാണിക്കുന്നവരുടെ വിശ്വാസം കെടുത്തിക്കളയാൻ ശ്രമിക്കുന്നവരെ നാമും ഭയക്കേണ്ടതില്ല. നാം പറയുന്ന വാക്കുകൾ ‘ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കണം.’ (കൊലോ. 4:6) എന്നാൽ പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്നു വിചാരിച്ച് സന്തോഷവാർത്ത അറിയിക്കുന്നതിൽനിന്ന് നാം ഒഴിഞ്ഞുമാറി നിൽക്കില്ല. ‘യഹോവയുടെ നേർവഴികൾ വളച്ചൊടിക്കാൻ’ ശ്രമിച്ച ബർ-യേശുവിനെപ്പോലെയാണ് ഇന്നത്തെ വ്യാജമതങ്ങൾ. അവയെ തുറന്നുകാണിക്കാൻ നാം ഒരിക്കലും പേടിക്കേണ്ടതില്ല. (പ്രവൃ. 13:10) പൗലോസിനെപ്പോലെ നമുക്കും നിർഭയം സത്യം ഘോഷിക്കുകയും ആത്മാർഥഹൃദയരായവരുടെ പക്കൽ സന്തോഷവാർത്ത എത്തിക്കുകയും ചെയ്യാം. ദൈവിക പിന്തുണയുടെ ദൃശ്യമായ തെളിവുകൾ ഒരുപക്ഷേ പൗലോസിന്റെ കാര്യത്തിലെന്നപോലെ നമുക്കു കാണാനായില്ലെങ്കിലും, യോഗ്യരായവരെ സത്യത്തിലേക്ക് ആകർഷിക്കാൻ യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുമെന്നതിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—യോഹ. 6:44.
‘പ്രോത്സാഹനവാക്കുകൾ പറയാം’ (പ്രവൃ. 13:13-43)
9. ക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കുന്ന പുരുഷന്മാർക്ക് പൗലോസും ബർന്നബാസും നല്ലൊരു മാതൃകവെച്ചത് എങ്ങനെ?
9 ആ പുരുഷന്മാർ പാഫൊസിൽനിന്ന് ഏതാണ്ട് 250 കിലോമീറ്റർ അകലെ ഏഷ്യാമൈനറിന്റെ തീരത്തുള്ള പെർഗയിലേക്കു കപ്പൽകയറിയ സമയമായപ്പോഴേക്കും നേതൃത്വത്തിന്റെ കാര്യത്തിൽ ഒരു മാറ്റം സംഭവിച്ചിരുന്നു. പ്രവൃത്തികൾ 13:13-ൽ, “പൗലോസും കൂട്ടരും” എന്നാണ് അവരുടെ ആ സംഘത്തെ പരാമർശിക്കുന്നത്. ആ വാക്കുകൾ വ്യക്തമാക്കുന്നത്, സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് അപ്പോൾ നേതൃത്വം വഹിച്ചിരുന്നത് പൗലോസ് ആണെന്നാണ്. എന്നാൽ അതുനിമിത്തം ബർന്നബാസ് പൗലോസിനോട് അസൂയപ്പെട്ടതായി യാതൊരു സൂചനയുമില്ല. പകരം ഈ രണ്ടു പുരുഷന്മാരും ദൈവസേവനത്തിൽ തുടർന്നും ഒരുമിച്ചു പ്രവർത്തിച്ചു. ഇന്ന് ക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കുന്ന പുരുഷന്മാർക്ക് അനുകരണീയമായ എത്ര നല്ല മാതൃക! പ്രാമുഖ്യതയ്ക്കുവേണ്ടി മത്സരിക്കാതെ, യേശുവിന്റെ പിൻവരുന്ന വാക്കുകൾ ക്രിസ്ത്യാനികൾ മനസ്സിൽപ്പിടിക്കുന്നു: “നിങ്ങളോ എല്ലാവരും സഹോദരന്മാർ.” യേശു ഇങ്ങനെയും കൂട്ടിച്ചേർത്തു: “തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”—മത്താ. 23:8, 12.
10. പെർഗയിൽനിന്ന് പിസിദ്യയിലെ അന്ത്യോക്യയിലേക്കുള്ള യാത്രയെക്കുറിച്ചു വിവരിക്കുക.
10 പെർഗയിലെത്തിയപ്പോൾ യോഹന്നാൻ മർക്കോസ് പൗലോസിനെയും ബർന്നബാസിനെയും വിട്ട് യരുശലേമിലേക്കു മടങ്ങിപ്പോയി. മർക്കോസ് പെട്ടെന്ന് മടങ്ങിപ്പോയതിന്റെ കാരണം ബൈബിൾ വ്യക്തമാക്കുന്നില്ല. എന്നാൽ പൗലോസും ബർന്നബാസും അവരുടെ പര്യടനം തുടർന്നു. അവർ പെർഗയിൽനിന്ന് ഗലാത്യ സംസ്ഥാനത്തിലുള്ള പിസിദ്യയിലെ അന്ത്യോക്യ എന്ന പട്ടണത്തിലെത്തി. അത് ക്ലേശപൂർണമായ ഒരു യാത്രയായിരുന്നിരിക്കണം; കാരണം സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 3,600 അടി ഉയരത്തിലുള്ള ഒരു പട്ടണമായിരുന്നു അത്. അപകടംനിറഞ്ഞ മലമ്പാതകളിൽ കൊള്ളക്കാരുടെ ശല്യവും പതിവായിരുന്നു. പോരാത്തതിന് ഈ സമയത്ത് പൗലോസിന് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കണം. h
11, 12. പിസിദ്യയിലെ അന്ത്യോക്യയിലുള്ള സിനഗോഗിൽ പ്രസംഗിക്കവെ, പൗലോസ് തന്റെ ശ്രോതാക്കളുടെ താത്പര്യം ഉണർത്തിയത് എങ്ങനെ?
11 പിസിദ്യയിലെ അന്ത്യോക്യയിലെത്തിയ പൗലോസും ബർന്നബാസും ശബത്തുദിവസം സിനഗോഗിൽ ചെന്നു. വിവരണം പറയുന്നു: “നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും ഉള്ള വായനയ്ക്കു ശേഷം സിനഗോഗിന്റെ അധ്യക്ഷന്മാർ അവരോട്, ‘സഹോദരന്മാരേ, ജനത്തോട് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം’ എന്ന് അറിയിച്ചു.” (പ്രവൃ. 13:15) അങ്ങനെ, പൗലോസ് പ്രസംഗിക്കാനായി എഴുന്നേറ്റുനിന്നു.
12 “ഇസ്രായേൽപുരുഷന്മാരേ, ദൈവത്തെ ഭയപ്പെടുന്ന മറ്റുള്ളവരേ,” എന്ന സംബോധനയോടെയാണ് പൗലോസ് തന്റെ പ്രഭാഷണം ആരംഭിച്ചത്. (പ്രവൃ. 13:16) പൗലോസിന്റെ ശ്രോതാക്കളിൽ ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും ഉണ്ടായിരുന്നു. പൗലോസ് എങ്ങനെയാണ്, ദൈവോദ്ദേശ്യത്തിൽ യേശു വഹിക്കുന്ന പങ്കിനെക്കുറിച്ച് അജ്ഞരായിരുന്ന അവരുടെ താത്പര്യം ഉണർത്തിയത്? ആദ്യമായി പൗലോസ്, ജൂത ജനതയുടെ ചരിത്രം ചുരുക്കമായി വിവരിച്ചു. ‘ജനം ഈജിപ്ത് ദേശത്ത് പരദേശികളായി താമസിച്ചിരുന്ന കാലത്ത് ദൈവം അവരെ ഉയർത്തിയതിനെക്കുറിച്ചും’ അവരെ വിടുവിച്ചു കൊണ്ടുവന്നതിനുശേഷം ‘വിജനഭൂമിയിൽ 40 വർഷത്തോളം ദൈവം അവരെ സഹിച്ചതിനെക്കുറിച്ചും’ പൗലോസ് പറഞ്ഞു. വാഗ്ദത്തദേശം അവകാശമാക്കാൻ ഇസ്രായേല്യർക്കു കഴിഞ്ഞത് എങ്ങനെയെന്നും യഹോവ ‘ആ ദേശം അവർക്ക് ഒരു അവകാശമായി നിയമിച്ചുകൊടുത്തത്’ എങ്ങനെയെന്നും അദ്ദേഹം വിശദമാക്കി. (പ്രവൃ. 13:17-19) ശബത്താചരണത്തിന്റെ ഭാഗമായി അൽപ്പംമുമ്പ് അവിടെ വായിച്ചുകേട്ട ചില തിരുവെഴുത്തുഭാഗങ്ങളെ അധികരിച്ചായിരിക്കാം പൗലോസ് സംസാരിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കിൽ, ‘എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീരാൻ’ പൗലോസ് ശ്രമിച്ചിരുന്നു എന്നതിനുള്ള മറ്റൊരു ഉദാഹരണമാണത്.—1 കൊരി. 9:22.
13. രാജ്യസന്ദേശം ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുംവിധം നമുക്ക് എങ്ങനെ അവതരിപ്പിക്കാനാകും?
13 സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ നാമും നമ്മുടെ സന്ദേശം ആകർഷകമാക്കിത്തീർക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ആളുകളുടെ മതപശ്ചാത്തലം മനസ്സിലാക്കുന്നെങ്കിൽ അവർക്കു താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചു നമുക്കു സംസാരിക്കാനായേക്കും. അതുപോലെ, അവർക്കു പരിചിതമായ ബൈബിൾ ഭാഗങ്ങൾ ഉദ്ധരിക്കുന്നതും സഹായകമായിരിക്കും. ഇനി, സ്വന്തം ബൈബിളിൽനിന്ന് തിരുവെഴുത്തുകൾ വായിക്കാനും അവരോട് ആവശ്യപ്പെടാവുന്നതാണ്. രാജ്യസന്ദേശം ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുംവിധം അവതരിപ്പിക്കാനുള്ള വഴികൾ തേടുക.
14. (എ) പൗലോസ് എങ്ങനെയാണ് യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അവതരിപ്പിച്ചത്? (ബി) അദ്ദേഹത്തിന്റെ ശ്രോതാക്കൾ എങ്ങനെ പ്രതികരിച്ചു?
14 ഇസ്രായേലിന്റെ രാജപരമ്പരയിൽനിന്നാണ് ‘യേശു എന്ന രക്ഷകൻ’ വന്നതെന്നും യോഹന്നാൻ സ്നാപകൻ യേശുവിനെക്കുറിച്ചാണ് പ്രസംഗിച്ചതെന്നും ഉള്ള കാര്യം പൗലോസ് അടുത്തതായി തന്റെ ശ്രോതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. അതിനുശേഷം, യേശു വധിക്കപ്പെട്ടതിനെക്കുറിച്ചും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിനെക്കുറിച്ചും പൗലോസ് വിശദീകരിച്ചു. (പ്രവൃ. 13:20-37) തുടർന്ന് പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “ഇത് അറിഞ്ഞുകൊള്ളൂ. യേശുവിലൂടെ ലഭിക്കുന്ന പാപമോചനത്തെക്കുറിച്ചാണു ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്. . . . വിശ്വസിക്കുന്ന എല്ലാവരെയും ദൈവം യേശുവിലൂടെ കുറ്റവിമുക്തരാക്കും.” അതിനുശേഷം, അവിടെ കൂടിയിരുന്നവർക്ക് പൗലോസ് ഇങ്ങനെയൊരു മുന്നറിയിപ്പു നൽകി: “അതുകൊണ്ട് പ്രവാചകപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന ഇക്കാര്യം നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക: ‘നിന്ദിക്കുന്നവരേ, ഇതു കണ്ട് ആശ്ചര്യപ്പെടുക, നശിച്ചുപോകുക. നിങ്ങളുടെ കാലത്ത് ഞാൻ ഒരു കാര്യം ചെയ്യും. നിങ്ങൾക്കു വിവരിച്ചുതന്നാലും നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ലാത്ത ഒരു കാര്യംതന്നെ.’” അവിടെ കൂടിയിരുന്നവരുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു: “ഈ കാര്യങ്ങളെക്കുറിച്ച് അടുത്ത ശബത്തിലും സംസാരിക്കണം എന്ന് ആളുകൾ അവരോട് അപേക്ഷിച്ചു.” മാത്രമല്ല, സിനഗോഗിലെ കൂട്ടം പിരിഞ്ഞപ്പോൾ, ‘ജൂതന്മാരും ജൂതമതം സ്വീകരിച്ച് സത്യദൈവത്തെ ആരാധിച്ചിരുന്നവരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിക്കുകയും’ ചെയ്തു.—പ്രവൃ. 13:38-43.
“ഞങ്ങൾ ജനതകളിലേക്കു തിരിയുകയാണ്” (പ്രവൃ. 13:44-52)
15. ശബത്തിൽ പൗലോസിന്റെ പ്രസംഗത്തെ തുടർന്ന് എന്തു സംഭവിച്ചു?
15 പിറ്റേ ശബത്തിൽ “നഗരത്തിലെ എല്ലാവരുംതന്നെ” പൗലോസ് പറയുന്നത് കേൾക്കാനായി വന്നുചേർന്നു. എന്നാൽ ചില ജൂതന്മാർക്ക് അത് ഇഷ്ടമായില്ല. അവർ “പൗലോസ് പറയുന്ന കാര്യങ്ങളെ എതിർത്തുകൊണ്ട് ദൈവത്തെ നിന്ദിക്കാൻതുടങ്ങി.” അപ്പോൾ പൗലോസും ബർന്നബാസും സധൈര്യം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ജനതകളിലേക്കു തിരിയുകയാണ്. യഹോവ ഇങ്ങനെയൊരു കല്പന ഞങ്ങൾക്കു തന്നിരിക്കുന്നു: ‘ഭൂമിയുടെ അറ്റംവരെ നീ ഒരു രക്ഷയായിരിക്കേണ്ടതിനു ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നിയോഗിച്ചിരിക്കുന്നു.’”—പ്രവൃ. 13:44-47; യശ. 49:6.
16. പൗലോസിന്റെയും ബർന്നബാസിന്റെയും വാക്കുകളോടു ജൂതന്മാർ പ്രതികരിച്ചത് എങ്ങനെ, ജൂതന്മാരിൽനിന്ന് എതിർപ്പുണ്ടായപ്പോൾ പൗലോസും ബർന്നബാസും എന്തു ചെയ്തു?
16 ആ വാക്കുകൾ കേട്ട് ജനതകളിൽപ്പെട്ടവർ അത്യധികം സന്തോഷിച്ചു. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവരെല്ലാം വിശ്വാസികളായിത്തീരുകയും’ ചെയ്തു. (പ്രവൃ. 13:48) യഹോവയുടെ വചനം വൈകാതെതന്നെ ദേശമെങ്ങും വ്യാപിച്ചു. എന്നാൽ ജൂതന്മാരുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ദൈവവചനം ആദ്യമായി പ്രസംഗിക്കപ്പെട്ടത് ജൂതന്മാരോടാണെങ്കിലും അവർ മിശിഹയെ തള്ളിക്കളയുകയും അങ്ങനെ ദൈവത്തിന്റെ ന്യായവിധിക്ക് പാത്രമായിത്തീരുകയും ചെയ്തിരിക്കുന്നു എന്നാണല്ലോ ഫലത്തിൽ പൗലോസും ബർന്നബാസും അവരോടു പറഞ്ഞത്. കുപിതരായ ആ ജൂതന്മാർ, നഗരത്തിലെ പ്രമുഖസ്ത്രീകളെയും പ്രമാണികളെയും ഇളക്കുകയും അവർ ‘പൗലോസിനെയും ബർന്നബാസിനെയും ഉപദ്രവിച്ച് അവരുടെ നാട്ടിൽനിന്ന് പുറത്താക്കിക്കളയുകയും’ ചെയ്തു. അപ്പോൾ അവർ “കാലിലെ പൊടി അവർക്കു നേരെ തട്ടിക്കളഞ്ഞിട്ട് ഇക്കോന്യയിലേക്കു പോയി.” എന്നാൽ അതോടെ പിസിദ്യയിലെ അന്ത്യോക്യയിൽ ക്രിസ്തീയ പ്രവർത്തനങ്ങൾ നിലച്ചുപോയോ? ഇല്ല! അവിടെയുള്ള ശിഷ്യന്മാർ “സന്തോഷത്തോടെ പരിശുദ്ധാത്മാവ് നിറഞ്ഞവരായി” തങ്ങളുടെ പ്രവർത്തനം തുടർന്നു.—പ്രവൃ. 13:50-52.
17-19. പൗലോസിന്റെയും ബർന്നബാസിന്റെയും നല്ല മാതൃക നമുക്ക് എങ്ങനെ അനുകരിക്കാനാകും, അതു നമുക്ക് സന്തോഷം കൈവരുത്തുന്നത് എങ്ങനെ?
17 വിശ്വസ്തരായ ഈ ശിഷ്യന്മാർ എതിർപ്പിനോടു പ്രതികരിച്ച വിധത്തിൽനിന്ന് നമുക്ക് ഒരു സുപ്രധാന പാഠം ഉൾക്കൊള്ളാനാകും. സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ സമൂഹത്തിലെ പ്രമുഖരായ വ്യക്തികൾ സമ്മർദം ചെലുത്തിയാൽപ്പോലും നാം ഒരിക്കലും പ്രസംഗപ്രവർത്തനം നിറുത്തിക്കളയരുത്. ഇനി, അന്ത്യോക്യയിലെ ആളുകൾ സന്തോഷവാർത്ത തിരസ്കരിച്ചപ്പോൾ പൗലോസും ബർന്നബാസും ചെയ്തതെന്താണെന്നും ശ്രദ്ധിക്കുക. അവർ ‘കാലിലെ പൊടി അവർക്കു നേരെ തട്ടിക്കളഞ്ഞു.’ അത് ദേഷ്യത്തിന്റെ ഒരു പ്രകടനമായിരുന്നില്ല, മറിച്ച് ആ ആളുകൾക്ക് സംഭവിക്കാൻ പോകുന്നതിന് തങ്ങൾ ഉത്തരവാദികളല്ല എന്നതിന്റെ സൂചനയായിരുന്നു. മറ്റുള്ളവർ എങ്ങനെ പ്രതികരിക്കണമെന്നു നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്ന് പൗലോസിനും ബർന്നബാസിനും അറിയാമായിരുന്നു. അവർക്ക് ആകെക്കൂടി ചെയ്യാൻ കഴിയുമായിരുന്നത് പ്രസംഗപ്രവർത്തനം തുടരുക എന്നതായിരുന്നു. അതുതന്നെയാണ് അവർ ചെയ്തതും. ഇക്കോന്യയിലേക്കു പോയ അവർ അവിടെ പ്രസംഗപ്രവർത്തനം തുടർന്നു.
18 അന്ത്യോക്യയിലുള്ള ശിഷ്യന്മാരുടെ കാര്യമോ? അവർക്കും എതിർപ്പുകൾ നേരിടേണ്ടിവന്നു. എന്നാൽ അവരുടെ സന്തോഷം ആളുകൾ സന്തോഷവാർത്ത സ്വീകരിക്കുന്നതിനെ ആശ്രയിച്ചായിരുന്നില്ല. “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ” എന്ന് യേശു പറഞ്ഞിരുന്നു. (ലൂക്കോ. 11:28) അതെ, പിസിദ്യയിലെ അന്ത്യോക്യയിലുള്ള ശിഷ്യന്മാർ യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ ദൃഢചിത്തരായിരുന്നു.
19 പൗലോസിനെയും ബർന്നബാസിനെയുംപോലെ, സന്തോഷവാർത്ത പ്രസംഗിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്ന് നമുക്ക് എല്ലായ്പോഴും ഓർക്കാം. നമ്മുടെ സന്ദേശം സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നമ്മുടെ ശ്രോതാക്കളാണ്. ഇനി, നാം പ്രസംഗിക്കുന്ന ആളുകൾ നിസ്സംഗ മനോഭാവം ഉള്ളവരാണെങ്കിൽ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരിൽനിന്നു പഠിച്ച പാഠം നമുക്ക് മനസ്സിൽപ്പിടിക്കാം. സത്യത്തെ വിലമതിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്പെടുകയും ചെയ്യുന്നെങ്കിൽ എതിർപ്പുകൾക്കുമധ്യേ നമുക്കും സന്തോഷിക്കാനാകും.—ഗലാ. 5:18, 22.
a “ ബർന്നബാസ്—‘ആശ്വാസപുത്രൻ’” എന്ന ചതുരം കാണുക.
b ഈ സമയമായപ്പോഴേക്ക്, യരുശലേമിനു വടക്ക് ഏതാണ്ട് 550 കിലോമീറ്റർ അകലെയുള്ള സിറിയയിലെ അന്ത്യോക്യവരെപ്പോലും സഭകൾ സ്ഥാപിതമായിരുന്നു.
c “ കാൽനട യാത്ര” എന്ന ചതുരം കാണുക.
d അന്നൊക്കെ അനുകൂല കാലാവസ്ഥയിൽ കപ്പലിന് ഒരു ദിവസം ഏതാണ്ട് 150 കിലോമീറ്റർ പിന്നിടാനാകുമായിരുന്നു. എന്നാൽ കാറ്റ് പ്രതികൂലമാണെങ്കിൽ യാത്രയുടെ സമയം വീണ്ടും ദീർഘിക്കുമായിരുന്നു.
e “ ജൂതന്മാരുടെ സിനഗോഗുകൾ” എന്ന ചതുരം കാണുക.
f റോമൻ സെനറ്റിന്റെ അഥവാ ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്നു സൈപ്രസ്. ആ ദ്വീപിന്റെ മുഖ്യ ഭരണാധിപൻ സംസ്ഥാനാധിപതിയായിരുന്നെങ്കിലും അയാൾക്ക് നാടുവാഴിയുടെ എല്ലാ അധികാരവും ഉണ്ടായിരുന്നു.
g ഈ ഘട്ടംമുതൽ ശൗൽ, പൗലോസ് എന്നാണ് അറിയപ്പെടുന്നത്. അതിന്റെ കാരണത്തെക്കുറിച്ച് പല വിശദീകരണങ്ങളുണ്ട്. അദ്ദേഹം ആ റോമൻ പേര് സ്വീകരിച്ചത് സെർഗ്യൊസ് പൗലോസിന്റെ ബഹുമാനാർഥമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ സൈപ്രസിൽനിന്നു പോയശേഷവും പൗലോസ് എന്ന പേര് അദ്ദേഹം നിലനിറുത്തി എന്ന വസ്തുത, “ജനതകളുടെ അപ്പോസ്തലൻ” എന്ന നിലയിൽ അദ്ദേഹം തന്റെ റോമൻ പേര് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കാം എന്ന മറ്റൊരു വിശദീകരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇനി, ശൗൽ എന്ന എബ്രായ പേരിന്റെ ഗ്രീക്ക് ഉച്ചാരണത്തിന് മോശമായ അർഥമുള്ള ഒരു ഗ്രീക്ക് പദവുമായി വളരെയേറേ സമാനതയുണ്ടായിരുന്നു എന്നതായിരിക്കാം അദ്ദേഹം പൗലോസ് എന്ന പേര് ഉപയോഗിച്ചതിന്റെ മറ്റൊരു കാരണം.—റോമ. 11:13.