അധ്യായം 1
“പോയി . . . ശിഷ്യരാക്കുക”
അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്തകത്തിന്റെ അവലോകനം; ആധുനികകാല പ്രസക്തി
1-6. സാക്ഷികൾ വ്യത്യസ്ത സാഹചര്യങ്ങളിൽ സാക്ഷീകരിക്കുന്നതിന്റെ ഒരു ഉദാഹരണം പറയുക.
ഘാനയിലെ യഹോവയുടെ സാക്ഷികളിൽ ഒരാളാണ് റിബെക്ക. ഒരു വിദ്യാർഥിനിയായ അവൾ സ്കൂളിനെ തന്റെ വയൽസേവന പ്രദേശമായി കണക്കാക്കിയിരുന്നു. അവളുടെ സ്കൂൾബാഗിൽ എപ്പോഴും ബൈബിൾ പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. ഇടവേളകളിൽ സഹപാഠികളോട് സാക്ഷീകരിക്കാൻ റിബെക്ക നല്ല ശ്രമം ചെയ്തു. ക്ലാസിലെ പല കുട്ടികൾക്കും അവൾ ബൈബിൾപഠനം നടത്തിയിരുന്നു.
2 ആഫ്രിക്കയുടെ കിഴക്കേ തീരത്തിനടുത്ത് മഡഗാസ്കർ ദ്വീപിലുള്ള മുൻനിരസേവകരായ ഒരു ദമ്പതികളുടെ കാര്യമെടുക്കുക. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ അവർ സ്ഥിരമായി 25 കിലോമീറ്ററോളം നടന്നാണ് ഒരു ഉൾനാടൻ ഗ്രാമത്തിൽ എത്തിയിരുന്നത്. അവിടെ താത്പര്യക്കാരുമായി അവർ നിരവധി ബൈബിൾപഠനങ്ങൾ നടത്തിയിരുന്നു.
3 പരാഗ്വേ, പാരാനാ നദികളുടെ തീരത്തു താമസിക്കുന്ന ആളുകളെ സത്യം അറിയിക്കാൻ പരാഗ്വേയിലുള്ള സാക്ഷികളും മറ്റ് 15 രാജ്യങ്ങളിൽനിന്നുള്ള സ്വമേധാസേവകരും ചേർന്ന് ഒരു ബോട്ട് നിർമിച്ചു. 12 പേർക്ക് യാത്രചെയ്യാനാകുന്ന ആ ബോട്ടിന്റെ കേവുഭാരം 45 ടൺ ആയിരുന്നു. തീക്ഷ്ണരായ ആ രാജ്യഘോഷകർ ഈ ബോട്ട് ഉപയോഗിച്ച്, എത്തിപ്പെടാൻ മറ്റു മാർഗമൊന്നുമില്ലാത്ത പ്രദേശങ്ങളിൽ സുവിശേഷം എത്തിച്ചു.
4 അങ്ങു വടക്ക് അലാസ്കയിലുള്ള സഹോദരങ്ങൾ സാക്ഷീകരണത്തിനായി മറ്റൊരു രീതി ഉപയോഗിച്ചു. വേനൽക്കാലത്ത് പല ദേശങ്ങളിൽനിന്നുള്ള ധാരാളം സന്ദർശകർ കപ്പലിൽ അവിടെയെത്തിയിരുന്നു. അപ്പോൾ, അവിടെയുള്ള സാക്ഷികൾ പല ഭാഷകളിലുള്ള ബൈബിൾ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് തുറമുഖത്ത് കാത്തുനിന്നിരുന്നു. എന്നാൽ ആ രാജ്യത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ എത്തുന്നതിന് അവർ വിമാനത്തെ ആശ്രയിച്ചു. അങ്ങനെ അവർക്ക് അവിടെ താമസിക്കുന്ന അല്യൂട്ട്, അതബാസ്കൻ, ചിംഷ്യൻ, ട്ളിങ്കെറ്റ് എന്നീ ഗോത്രക്കാരോട് സന്തോഷവാർത്ത അറിയിക്കാൻ കഴിഞ്ഞു.
5 യു.എസ്.എ.-യിലെ ടെക്സസിലുള്ള ലെറിയുടെ പ്രസംഗപ്രദേശമാകട്ടെ ഒരു ആതുരാലയമായിരുന്നു. ഒരു അപകടത്തെത്തുടർന്ന് വീൽച്ചെയറിൽ ആയതോടെയാണ് ലെറി അവിടെ എത്തിയത്. ആ അവസ്ഥയിലും അദ്ദേഹം തിരക്കോടെ മറ്റുള്ളവരുമായി രാജ്യസന്ദേശം പങ്കുവെച്ചു. ദൈവരാജ്യ ഭരണത്തിൻകീഴിൽ തനിക്കും മറ്റുള്ളവരെപ്പോലെ നടക്കാനാകുമെന്ന് ലെറി ആവേശപൂർവം അവരോടു പറയുമായിരുന്നു.—യശ. 35:5, 6.
6 വടക്കൻ മ്യാൻമറിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ മാൺഡലേയിൽനിന്നുള്ള സാക്ഷികൾക്ക് മൂന്നു ദിവസം ബോട്ടിൽ യാത്രചെയ്യണമായിരുന്നു. സന്തോഷവാർത്ത തീക്ഷ്ണതയോടെ ഘോഷിച്ചിരുന്ന അവർ ബൈബിൾപ്രസിദ്ധീകരണങ്ങൾ കൂടെക്കരുതി. അവയിൽ ചിലത് അവർ സഹയാത്രികർക്ക് സമർപ്പിച്ചു. മാത്രമല്ല, ഓരോ പട്ടണത്തിലും ഗ്രാമത്തിലും ബോട്ട് നിറുത്തുമ്പോൾ പെട്ടെന്നുതന്നെ അവർ ബോട്ടിൽനിന്നിറങ്ങി സമീപത്തുള്ള വീടുകളിലും പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുമായിരുന്നു. ആ സമയംകൊണ്ട് ബോട്ടിൽ പുതിയ യാത്രക്കാർ കയറിയിട്ടുണ്ടാകും. അങ്ങനെ ആ സഹോദരങ്ങൾക്ക് പ്രവർത്തിക്കാൻ വീണ്ടും ‘പുതിയ പ്രദേശം’ ലഭിക്കുകയായി!
7. ദൈവരാജ്യത്തെക്കുറിച്ചു സാക്ഷ്യം നൽകാൻ യഹോവയുടെ ആരാധകർ ഏതെല്ലാം മാർഗങ്ങളാണ് അവലംബിക്കുന്നത്, അവരുടെ ലക്ഷ്യം എന്താണ്?
7 ഈ ഉദാഹരണങ്ങളിൽ നമ്മൾ കണ്ട സഹോദരീസഹോദരന്മാരെപ്പോലെ, ലോകമെമ്പാടുമുള്ള തീക്ഷ്ണരായ രാജ്യഘോഷകർ ‘ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം നൽകിക്കൊണ്ടാണിരിക്കുന്നത്.’ (പ്രവൃ. 28:23, സത്യവേദപുസ്തകം) അവർ വീടുതോറും പോകുന്നു; തെരുവുകളിൽ സാക്ഷീകരിക്കുന്നു; കത്തുകൾ എഴുതുന്നു; ടെലിഫോണിലൂടെ സന്തോഷവാർത്ത അറിയിക്കുന്നു; ബസ്സിൽ യാത്രചെയ്യുമ്പോഴും പാർക്കിൽവെച്ചും ജോലിസമയത്തെ ഇടവേളകളിലും ഒക്കെ ദൈവരാജ്യത്തെക്കുറിച്ചു സാക്ഷീകരിക്കാൻ അവർ അവസരങ്ങൾ തേടുന്നു. സാക്ഷീകരിക്കാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ പലതാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ—ആളുകളെ കണ്ടെത്താവുന്ന ഇടങ്ങളിലെല്ലാം സന്തോഷവാർത്ത പ്രസംഗിക്കുക.—മത്താ. 10:11.
8, 9. (എ) രാജ്യപ്രസംഗവേലയിലെ വർധന ഒരു അത്ഭുതമാണെന്നു പറയാവുന്നത് എന്തുകൊണ്ട്? (ബി) താത്പര്യജനകമായ ഏതു ചോദ്യം ഉയർന്നുവരുന്നു, ഉത്തരം കണ്ടെത്താൻ നാം എന്തു ചെയ്യണം?
8 പ്രിയപ്പെട്ട വായനക്കാരാ, ഇന്ന് 235-ലേറെ ദേശങ്ങളിലായി സതീക്ഷ്ണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യഘോഷകരിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ, രാജ്യപ്രസംഗവേലയുടെ വിസ്മയാവഹമായ വർധനയിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്! ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന വയലിൽ യഹോവയുടെ ആരാധകർ കൈവരിച്ചിരിക്കുന്ന നേട്ടം ഒരു അത്ഭുതംതന്നെയാണ്! നിരോധനങ്ങളും കടുത്ത ഉപദ്രവങ്ങളും ഉൾപ്പെടെ അനവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും യഹോവയുടെ സാക്ഷികൾ സകല ജനതകൾക്കും ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം നൽകിക്കൊണ്ടിരിക്കുന്നു.
9 ഇപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നുവരുന്നു: രാജ്യപ്രസംഗവേലയുടെ മുന്നേറ്റത്തെ തടയാൻ ഒരു പ്രതിബന്ധത്തിനും, സാത്താനിൽനിന്നുള്ള എതിർപ്പിനുപോലും സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം കണ്ടെത്താൻ നാം എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ചില സംഭവങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ട്. അന്നത്തെ ക്രിസ്ത്യാനികൾ തുടങ്ങിവെച്ച വേലയാണല്ലോ നാം ഇന്നു തുടരുന്നത്!
അന്ത്യത്തോളം നീളുന്ന ബൃഹത്തായ ഒരു നിയമനം
10. യേശു ഏതു വേലയ്ക്കുവേണ്ടി അർപ്പിതനായിരുന്നു, ആ വേലയെക്കുറിച്ച് യേശുവിന് എന്ത് അറിയാമായിരുന്നു?
10 ക്രിസ്തീയ സഭയുടെ സ്ഥാപകനായ യേശുക്രിസ്തു തന്റെ ജീവിതം രാജ്യപ്രസംഗവേലയ്ക്കായി ഉഴിഞ്ഞുവെച്ചു. യേശു ജീവിച്ചതുതന്നെ അതിനായിട്ടാണ്. “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്” എന്ന് യേശു ഒരിക്കൽ പറഞ്ഞു. (ലൂക്കോ. 4:43) എന്നാൽ തനിക്ക് ഒറ്റയ്ക്കു ചെയ്തുതീർക്കാനാവാത്ത ഒരു വേലയാണ് താൻ തുടങ്ങിവെച്ചിരിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു; ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത “സകല ജനതകളോടും” പ്രസംഗിക്കപ്പെടുമെന്ന് മരിക്കുന്നതിനുമുമ്പ് യേശു പറയുകയുണ്ടായി. (മർക്കോ. 13:10) അത് എങ്ങനെ സാധിക്കുമായിരുന്നു? ആരായിരിക്കും അത് ചെയ്യുക?
11. യേശു ശിഷ്യന്മാർക്ക് സുപ്രധാനമായ എന്തു നിയമനമാണ് നൽകിയത്, അതു നിറവേറ്റാൻ അവർക്ക് എന്തെല്ലാം സഹായങ്ങൾ ലഭ്യമായിരുന്നു?
11 മരിച്ച് ഉയിർത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി സുപ്രധാനമായ ഒരു നിയമനം നൽകി: “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം. വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.” (മത്താ. 28:19, 20) പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ശിഷ്യന്മാർക്ക് യേശുവിന്റെ പിന്തുണയുണ്ടാകുമെന്നാണ്, “ഞാൻ നിങ്ങളുടെകൂടെയുണ്ട്” എന്ന വാക്കുകൾ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, അവർക്ക് ആ പിന്തുണ ആവശ്യമായിരുന്നു; കാരണം, “എല്ലാ ജനതകളും നിങ്ങളെ വെറുക്കും” എന്ന് യേശു അവർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. (മത്താ. 24:9) ശിഷ്യന്മാർക്ക് ആശ്രയിക്കാൻ കഴിയുന്ന മറ്റൊന്നുകൂടെ ഉണ്ടായിരുന്നു—പരിശുദ്ധാത്മാവ്. “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” സാക്ഷികൾ ആയിരിക്കാൻ പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുമെന്ന് സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു അവരോടു പറഞ്ഞു.—പ്രവൃ. 1:8.
12. പ്രധാനപ്പെട്ട ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു, അവയ്ക്കുള്ള ഉത്തരം അറിയുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇപ്പോൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം: യേശുവിന്റെ അപ്പോസ്തലന്മാരും ഒന്നാം നൂറ്റാണ്ടിലെ മറ്റു ശിഷ്യന്മാരും തങ്ങളുടെ നിയമനം ഗൗരവമായെടുത്തോ? കടുത്ത ഉപദ്രവത്തിന്മധ്യേയും ക്രിസ്തീയ സ്ത്രീപുരുഷന്മാരുടെ ഈ ചെറിയ കൂട്ടം ദൈവരാജ്യത്തിന് സമഗ്രസാക്ഷ്യം നൽകിയോ? ശിഷ്യരാക്കൽ വേലയിൽ അവർക്ക് സ്വർഗീയ പിന്തുണയും യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായവും ലഭിച്ചോ? ഇവയ്ക്കും ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രവൃത്തികളുടെ പുസ്തകത്തിൽ കാണാനാകും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നത് പ്രധാനമാണ്. എന്തുകൊണ്ട്? താൻ ഭരമേൽപ്പിച്ച വേല “വ്യവസ്ഥിതിയുടെ അവസാനകാലംവരെ” തുടരേണ്ടതാണെന്ന് യേശു പറഞ്ഞു. അതുകൊണ്ട് ആ നിയമനം സകല ക്രിസ്ത്യാനികളും, ഈ അവസാനകാലത്ത് ജീവിക്കുന്ന നാം ഉൾപ്പെടെയുള്ളവർ നിറവേറ്റേണ്ടതാണ്. ഇക്കാരണത്താൽ പ്രവൃത്തികളുടെ പുസ്തകത്തിൽ കാണുന്ന ചരിത്ര വിവരണത്തിൽ നാം അത്യന്തം തത്പരരായിരിക്കണം.
പ്രവൃത്തികളുടെ പുസ്തകം—ഒരു ആകമാന വീക്ഷണം
13, 14. (എ) പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ ആരാണ്, എഴുത്തിന് ആവശ്യമായ വിശദാംശങ്ങൾ എവിടെനിന്ന് ലഭിച്ചു? (ബി) പ്രവൃത്തികളുടെ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണ്?
13 പ്രവൃത്തികളുടെ പുസ്തകം എഴുതിയത് ആരാണ്? ഈ പുസ്തകത്തിൽ എഴുത്തുകാരന്റെ പേര് പറയുന്നില്ല. പക്ഷേ, ഇതിന്റെ പ്രാരംഭവാക്കുകൾ വായിച്ചാൽ ഒരു കാര്യം വ്യക്തമാകും: പ്രവൃത്തികളുടെ പുസ്തകവും ലൂക്കോസിന്റെ സുവിശേഷവും എഴുതിയത് ഒരാൾതന്നെയാണ്. (ലൂക്കോ. 1:1-4; പ്രവൃ. 1:1, 2) അതുകൊണ്ടുതന്നെ, ‘വൈദ്യനും’ സമർഥനായ ഒരു ചരിത്രകാരനും ആയ ലൂക്കോസാണ് ഇതിന്റെ എഴുത്തുകാരനെന്ന് ആദ്യകാലംമുതൽ കണക്കാക്കിപ്പോരുന്നു. (കൊലോ. 4:14) എ.ഡി. 33-ൽ യേശുവിന്റെ സ്വർഗാരോഹണംമുതൽ എ.ഡി. 61-ൽ പൗലോസിന്റെ റോമിലെ ജയിൽവാസംവരെയുള്ള ഏതാണ്ട് 28 വർഷത്തെ സംഭവങ്ങളാണ് പ്രവൃത്തികളുടെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. വിവരണത്തിൽ ചിലയിടങ്ങളിൽ, “അവർ” എന്നു പറഞ്ഞുതുടങ്ങിയിട്ട് പിന്നീട് “ഞങ്ങൾ” എന്നു പറയുന്നതായി കാണാം. പല സംഭവങ്ങളും നടക്കുന്ന സമയത്ത് ലൂക്കോസും അവിടെ ഉണ്ടായിരുന്നു എന്നാണ് അതു കാണിക്കുന്നത്. (പ്രവൃ. 16:8-10; 20:5; 27:1) കാര്യങ്ങൾ സൂക്ഷ്മതയോടെ വിശകലനം ചെയ്തിരുന്ന ഒരു ചരിത്രകാരനെന്നനിലയിൽ ലൂക്കോസ് തന്റെ വിവരണം എഴുതാൻ ആവശ്യമായ വിശദാംശങ്ങൾ, പ്രവൃത്തികളുടെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന പൗലോസ്, ബർന്നബാസ്, ഫിലിപ്പോസ് തുടങ്ങിയ വ്യക്തികളിൽനിന്ന് ശേഖരിച്ചിരിക്കാം.
14 ആകട്ടെ, പ്രവൃത്തികളുടെ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണ്? യേശു ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങളാണ് സുവിശേഷത്തിൽ ലൂക്കോസ് രേഖപ്പെടുത്തിയത്. എന്നാൽ പ്രവൃത്തികളുടെ പുസ്തകത്തിൽ, യേശുവിന്റെ അനുയായികൾ ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങളാണ് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവേ, “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” എന്ന് ലോകം കരുതിയ ഒരുകൂട്ടം ആളുകൾ അസാമാന്യമായ ഒരു നിയമനം നിറവേറ്റിയതിനെക്കുറിച്ചുള്ള വിവരണമാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്. (പ്രവൃ. 4:13) ചുരുക്കത്തിൽ, ക്രിസ്തീയ സഭ സ്ഥാപിതമായതിനെയും അതു വളർച്ചപ്രാപിച്ചതിനെയും കുറിച്ചുള്ളതാണ് ദൈവപ്രചോദിതമായ ഈ വിവരണം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച്, അതായത് അതിന് അവർ അവലംബിച്ച മാർഗങ്ങളെയും അവരുടെ മനോഭാവത്തെയും കുറിച്ച് അത് നമ്മോടു പറയുന്നു. (പ്രവൃ. 4:31; 5:42) സന്തോഷവാർത്തയുടെ വ്യാപനത്തിൽ പരിശുദ്ധാത്മാവിനുള്ള പങ്ക് അതു വ്യക്തമാക്കുന്നു. (പ്രവൃ. 8:29, 39, 40; 13:1-3; 16:6; 18:24, 25) ക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള ദൈവരാജ്യത്തിലൂടെ ദൈവത്തിന്റെ പേര് പരിശുദ്ധമാക്കുക എന്ന ബൈബിളിന്റെ പ്രതിപാദ്യവിഷയം അത് എടുത്തുകാണിക്കുന്നു. മാത്രമല്ല, കടുത്ത എതിർപ്പിനെ അതിജീവിച്ചുകൊണ്ടുള്ള, രാജ്യസന്ദേശത്തിന്റെ വ്യാപനത്തെക്കുറിച്ചും അത് പറയുന്നു.—പ്രവൃ. 8:12; 19:8; 28:30, 31.
15. പ്രവൃത്തികളുടെ പുസ്തകം പരിശോധിക്കുന്നതിലൂടെ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
15 പ്രവൃത്തികളുടെ പുസ്തകത്തിന്റെ പഠനം വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന, ആവേശജനകമായ ഒരനുഭവമാണ്. നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കാൻ പോന്നതാണ് ക്രിസ്തുവിന്റെ ആദ്യകാല അനുയായികളുടെ ധൈര്യവും തീക്ഷ്ണതയും. നമ്മുടെ ആ പ്രിയസഹോദരങ്ങളുടെ വിശ്വാസം അനുകരിക്കാൻ ഈ പഠനം നമ്മെ പ്രചോദിപ്പിക്കും. അങ്ങനെ, “പോയി . . . ശിഷ്യരാക്കുക” എന്ന നമ്മുടെ നിയമനം നിറവേറ്റാൻ നാം ഏറെ സജ്ജരായിത്തീരും. പ്രവൃത്തികളുടെ പുസ്തകം വിശദമായി പഠിക്കാൻ നിങ്ങളെ സഹായിക്കുന്ന വിധത്തിലാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്.
ഒരു ബൈബിൾപഠന സഹായി
16. ഈ പ്രസിദ്ധീകരണത്തിന്റെ മൂന്നു ലക്ഷ്യങ്ങൾ എന്തെല്ലാം?
16 ഈ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യം എന്താണ്? മൂന്നു ലക്ഷ്യങ്ങളാണ് ഈ പുസ്തകത്തിനുള്ളത്: (1) യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയെ പിന്തുണയ്ക്കുന്നുണ്ട് എന്ന നമ്മുടെ ബോധ്യം ശക്തമാക്കുക; (2) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ മാതൃകയിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണത വർധിപ്പിക്കുക; (3) യഹോവയുടെ സംഘടനയോടും അതുപോലെ പ്രസംഗവേലയിലും സഭയിലും നേതൃത്വം വഹിക്കുന്നവരോടും ഉള്ള ആദരവ് വർധിപ്പിക്കുക.
17, 18. ഈ പുസ്തകത്തിന്റെ അവതരണശൈലിയെക്കുറിച്ച് എന്തു പറയാനാകും, വ്യക്തിപരമായ ബൈബിൾപഠനത്തിനു സഹായകമായ എന്തു സവിശേഷതകളാണ് ഇതിനുള്ളത്?
17 ഈ പുസ്തകത്തിൽ വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെയാണ്? ഈ പുസ്തകത്തെ എട്ടു ഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോന്നും, പ്രവൃത്തികളുടെ പുസ്തകത്തിന്റെ ഒരു ഭാഗത്തെ അധികരിച്ചുള്ളതാണ്. പ്രവൃത്തികളുടെ പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ചയല്ല ഈ പുസ്തകം. മറിച്ച്, അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ടുകൊണ്ട് വ്യക്തിപരമായി നമുക്ക് അതെങ്ങനെ ബാധകമാക്കാം എന്നാണ് ഈ പുസ്തകം കാണിച്ചുതരുന്നത്. ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽ ശീർഷകത്തിനു താഴെയായി അധ്യായത്തിന്റെ മുഖ്യ ആശയം കൊടുത്തിട്ടുണ്ട്. ആ അധ്യായത്തിൽ ചർച്ചചെയ്യുന്നത് പ്രവൃത്തികളുടെ പുസ്തകത്തിലെ ഏതു ഭാഗമാണെന്നു കാണിക്കുന്ന തിരുവെഴുത്തു പരാമർശവും കാണാം.
18 വ്യക്തിപരമായ ബൈബിൾപഠനത്തിനു സഹായിക്കുന്ന മറ്റു ചില സവിശേഷതകളും ഈ പുസ്തകത്തിനുണ്ട്. പ്രവൃത്തികളുടെ പുസ്തകത്തിലെ വികാരോജ്ജ്വലമായ സംഭവങ്ങൾ, ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ നമുക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. ബൈബിൾ വിവരണങ്ങൾ വായിക്കുമ്പോൾ, നടന്ന സംഭവങ്ങൾ ഭാവനയിൽ കാണാൻ ഈ ചിത്രങ്ങൾ നിങ്ങളെ സഹായിക്കും. പല അധ്യായങ്ങളിലും, കൂടുതലായ വിവരങ്ങൾ പ്രദാനംചെയ്യുന്ന ചതുരങ്ങളുമുണ്ട്. വിശ്വാസത്തിന്റെ അനുകരണാർഹമായ മാതൃകവെച്ച ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ചില ചതുരങ്ങളിൽ. പ്രവൃത്തികളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെയും സംഭവങ്ങളെയും സമ്പ്രദായങ്ങളെയും മറ്റ് കഥാപാത്രങ്ങളെയും കുറിച്ചുള്ളതാണ് വേറെ ചില ചതുരങ്ങൾ.
19. ഇടയ്ക്കിടെ നാം എന്ത് ആത്മപരിശോധന നടത്തണം?
19 സത്യസന്ധമായ ഒരു ആത്മപരിശോധന നടത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. നിങ്ങൾ രാജ്യഘോഷകനായി സേവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെങ്കിലും നിങ്ങളുടെ മുൻഗണനകളും ശുശ്രൂഷയോടുള്ള മനോഭാവവും ഇടയ്ക്കൊക്കെ പരിശോധിക്കുന്നതു നല്ലതാണ്. (2 കൊരി. 13:5) നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘കാലത്തിന്റെ അടിയന്തിരത മനസ്സിൽപ്പിടിച്ചുകൊണ്ടാണോ ഞാൻ ഇപ്പോഴും ശുശ്രൂഷ നിർവഹിക്കുന്നത്? (1 കൊരി. 7:29-31) ബോധ്യത്തോടും തീക്ഷ്ണതയോടും കൂടെയാണോ ഞാൻ സന്തോഷവാർത്ത പ്രസംഗിക്കുന്നത്? (1 തെസ്സ. 1:5, 6) പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കഴിവിന്റെ പരമാവധി ഞാൻ പങ്കെടുക്കുന്നുണ്ടോ?’—കൊലോ. 3:23.
20, 21. നമ്മുടെ നിയമനം ഇത്ര അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്, നമ്മുടെ തീരുമാനം എന്തായിരിക്കണം?
20 പ്രസംഗ-ശിഷ്യരാക്കൽ വേലയെന്ന സുപ്രധാനമായ ഒരു നിയോഗം നമ്മെ ഏൽപ്പിച്ചിട്ടുണ്ടെന്ന കാര്യം നാം എപ്പോഴും മനസ്സിൽപ്പിടിക്കണം. ഓരോ ദിവസം കഴിയുന്തോറും ആ വേലയുടെ അടിയന്തിരത വർധിക്കുകയാണ്. ഈ വ്യവസ്ഥിതിയുടെ അന്ത്യം അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. മുമ്പെന്നത്തെക്കാൾ ആളുകളുടെ ജീവൻ ഇന്ന് അപകടത്തിലാണ്. ആത്മാർഥഹൃദയമുള്ള എത്ര പേർ ഇനിയും സന്തോഷവാർത്ത സ്വീകരിക്കാനുണ്ടെന്ന് നമുക്കറിയില്ല. (പ്രവൃ. 13:48) ഏറെ വൈകിപ്പോകുംമുമ്പ് അവരെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.—1 തിമൊ. 4:16.
21 അതുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ തീക്ഷ്ണരായ രാജ്യഘോഷകരുടെ മാതൃക അനുകരിക്കേണ്ടത് ഇന്ന് ഏറെ പ്രധാനമാണ്. ആ സ്ഥിതിക്ക്, കൂടുതൽ തീക്ഷ്ണതയോടും ധൈര്യത്തോടും കൂടെ പ്രസംഗിക്കാൻ ഈ പുസ്തകത്തിന്റെ പഠനം നിങ്ങളെ പ്രചോദിപ്പിക്കട്ടെ. അങ്ങനെ ‘ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കാനുള്ള’ നിങ്ങളുടെ നിശ്ചയദാർഢ്യം ഒന്നിനൊന്നു ബലിഷ്ഠമായിത്തീരട്ടെ.—പ്രവൃ. 28:23.
a ‘ഏ.’ ഏകദേശം എന്നതിന്റെ ചുരുക്കെഴുത്താണ്.